Thursday, May 17, 2012

വേലിക്കകത്ത്‌ നിന്ന്‌ അച്യുതാനന്ദന്‍ പുറത്ത്‌ വരണം

പാര്‍ട്ടിയുമായി തന്നെ ബന്ധിപ്പിക്കുന്ന വേലിക്കകത്തു നിന്ന്‌ അദ്ദേഹം പുറത്തു വരണം. എന്നിട്ട്‌ 64-ലേതുപോലെ വിപ്ലവവീര്യത്തിന്റെയും വര്‍ഗ്ഗപ്രതിബദ്ധതയുടെയും പുതിയ സമര സന്നദ്ധതയ്ക്ക്‌ നേതൃത്വം കൊടുത്ത്‌ കമ്യൂണിസ്റ്റ്‌ മൂല്യ ബോധങ്ങളുടെ കൊലയാളികളായ പിണറായി വിജയന്‍ അടക്കമുള്ളവര്‍ക്ക്‌ കാലം ആവശ്യപ്പെടുന്ന പ്രഹരമേല്‍പ്പിക്കുകയും വേണം. ഇത്‌ ഉപരിവിപ്ലവവും വൈകാരികവുമായ സമീപനത്തില്‍ നിന്നുള്ള വിലയിരുത്തലല്ല. മറിച്ച്‌, കമ്യൂണിസ്റ്റ്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ അപചയത്തില്‍ മനംനൊന്ത്‌ വിങ്ങി നീറി നില്‍ക്കുന്ന ലക്ഷക്കണക്കിന്‌ അണികളുടെ ആശയും അഭിലാഷവുമാണ്‌.
ആതിരേ,ജയരാജ, ജയരാജ, ജയരാജ-വിജയന്മാരോ ഉത്തരദക്ഷിണാ മൂര്‍ത്തികളോ പോളിറ്റ്‌ ബ്യൂറോയിലെ ബേബിമാരോ അവയ്‌ലബിള്‍ പിബിയിലെ സ്ഥിരം കഥാപാത്രം എസ്‌.ആര്‍.പിയോ എന്തിനധികം ദേശീയ ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ടോ അല്ല സിപിഐ(എം) എന്നും അത്‌ വി.എസ്‌.അച്യുതാനന്ദന്‍ എന്ന ഒറ്റയാന്റെ വ്യക്തിപ്രഭാവത്താല്‍ അണികള്‍ ഒപ്പം നില്‍ക്കുന്നത്‌ കൊണ്ട്‌ രൂപീകൃതമാകുന്ന പാര്‍ട്ടിയാണെന്ന്‌ തെളിഞ്ഞു കഴിഞ്ഞു. റവല്യൂഷണറി മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി നേതാവ്‌ ഒഞ്ചിയത്തെ ടി.പി.ചന്ദ്രശേഖരനെ ബീഭത്സമായി ഉന്മൂലനം നടത്തിയിട്ടും പിണറായി അടക്കമുള്ള ഔദ്യോഗിക പക്ഷ നേതാക്കളുടെ ക്ഷോഭം തീര്‍ന്നിട്ടില്ലെന്ന്‌ വ്യക്തമാക്കുന്നതാണ്‌ ഇപ്പോഴും അവര്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രസ്താവനകളും പ്രഖ്യാപനങ്ങളും. കുലംകുത്തിയായി മാത്രം ചന്ദ്രശേഖരനെ വിലയിരുത്തുന്ന ധാര്‍ഷ്ട്യവും കുലംകുത്തികള്‍ പാര്‍ട്ടിയുടെ ശത്രുക്കളാണെന്നും അതുകൊണ്ടു തന്നെ ഉന്മൂലനം ചെയ്യപ്പെടേണ്ടവരാണെന്നുള്ള മാടമ്പിത്തെമ്മാടിത്തവുമാണ്‌ പിണറായി അടക്കമുള്ളവരുടെ തലയ്ക്ക്‌ പിടിച്ചിരിക്കുന്നത്‌. അതിനീചമായി വെട്ടിക്കൊലപ്പെടുത്തിയ ആ നേതാവിന്റെ ദാരുണാന്ത്യത്തില്‍ ഒന്ന്‌ അനുശോചിക്കാന്‍ പോലുമുള്ള മനുഷ്യത്വമില്ലാത്ത അധികാര ദുര്‍മദത്തിന്റെയും സ്റ്റാലിനിസ്റ്റ്‌-ഫാസിസ്റ്റ്‌ സംപൂര്‍ത്തീകരണത്തിന്റെയും വക്താക്കളായി പിണറായി മുതല്‍ ദക്ഷിണാമൂര്‍ത്തിവരെയുള്ളവര്‍ നില്‍ക്കുമ്പോള്‍,ആതിരേ, മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയിലെ അണികളും കേരളത്തിലെ പൊതുസമൂഹവും പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്‌ വി.എസ്‌.അച്യുതാനന്ദനിലേയ്ക്കാണ്‌. ടി.പി.രാജശേഖരനും കൂട്ടരും സിപിഎമ്മില്‍ നിന്ന്‌ പുറത്തുപോയതിനെ അവിഭക്ത കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ 1964-ലെ പിളര്‍പ്പിനോട്‌ സമീകരിച്ച്‌ വി.എസ്‌.അച്യുതാനന്ദന്‍ പിണറായി അടക്കമുള്ള നേതൃത്വത്തെ വെല്ലുവിളിച്ചപ്പോള്‍ കേരളം യഥാര്‍ത്ഥത്തില്‍ കോരിത്തരിക്കുകയായിരുന്നു. ഔദ്യോഗിക പക്ഷത്തിന്റെ പ്രത്യയശാസ്ത്രപരമായ നെറികേടുകള്‍ക്കും അധോലോക ബന്ധങ്ങള്‍ക്കും ആര്‍ഭാട ജീവിതത്വരകള്‍ക്കും വര്‍ഗ്ഗവഞ്ചനയ്ക്കുമെതിരെ പാര്‍ട്ടിക്കുള്ളില്‍ വി.എസ്‌.അച്യുതാനന്ദന്‍ ഉയര്‍ത്തിയ മൂല്യബോധവിപ്ലവത്തിനൊപ്പം നിന്നവരായിരുന്നു ചന്ദ്രശേഖരനും കൂട്ടരും. ആ ഒറ്റക്കാരണം കൊണ്ടാണ്‌ ചന്ദ്രശേഖരന്‍ അതിക്രൂരമായി പെരുവഴിയില്‍ വെട്ടേറ്റുവീണ്‌ പിടഞ്ഞുപിടഞ്ഞ്‌ ഒടുങ്ങിയത്‌. ഇത്‌ വി.എസിന്‌ സഹിക്കാവുന്നതിലും അപ്പുറമായിരുന്നു എന്ന കാര്യം എല്ലാവര്‍ക്കുമറിയാം. ആ അസഹനീയതയ്ക്കുപരി മനുഷ്യത്വത്തോടുള്ള ഒരു യഥാര്‍ത്ഥ കമ്യൂണിസ്റ്റിന്റെ തന്മയീഭാവവും ഏകീകരണവുമാണ്‌ വി.എസിന്റെ വെല്ലുവിളിയില്‍ ഞാന്‍ കാണുന്നത്‌. മാനവീകത തൊട്ടു തെറിച്ചിട്ടില്ലാത്ത സ്റ്റാലിനിസത്തിന്റെ കിരാത വേതാളങ്ങളായിമാറി കേരളത്തില്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ ഉദകക്രിയയ്ക്ക്‌ ഒരുങ്ങുന്നവരാണ്‌ ഔദ്യോഗിക നേതൃത്വമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. തങ്ങള്‍ക്ക്‌ ശേഷം പ്രളയമെന്ന തെമ്മാടിത്തം നിറഞ്ഞ അഹങ്കാരവും കറതീര്‍ന്ന ഗുണ്ടായിസവും ക്വട്ടേഷന്‍ ബന്ധങ്ങളുടെ കരുത്തും അതിന്റെ പണം നല്‍കുന്ന ആവേശവുമൊക്കെയാണ്‌ ആതിരേ ജയരാജന്മാര്‍ക്കും പിണറായിക്കും ഇപ്പോഴുള്ളത്‌. ആതിരേ,രാജാവ്‌ നഗ്നനാണെന്ന്‌ രാജ്യഭക്തന്മാര്‍ നടുങ്ങുമാറുച്ചത്തില്‍ വിളിച്ചു പറഞ്ഞ ചന്ദ്രശേഖരനെ ഉന്മൂലനം ചെയ്തവരോട്‌ ഇനി ആശയപരമായ അനുരഞ്ജനം സാധ്യമല്ല എന്നിരിക്കെ വി.എസില്‍ നിക്ഷിപ്തമായിരിക്കുന്ന ധര്‍മ്മം ഈ സ്റ്റാലിനിസ്റ്റ്‌ ശക്തികളെ തള്ളിപ്പറഞ്ഞ്‌ പാര്‍ട്ടിക്കു പുറത്തെത്തി കേരളമെമ്പാടും കരുത്താര്‍ജിച്ചു കൊണ്ടിരിക്കുന്ന നീതിക്കുവേണ്ടിയും കമ്യൂണിസ്റ്റ്‌ മൂല്യങ്ങളുടെ സംസ്ഥാപനത്തിനുവേണ്ടിയുമുള്ള മുറവിളികള്‍ ഏറ്റെടുത്ത്‌ സമാന്തരമായ ഒരു സംവിധാനത്തിന്‌ നേതൃത്വം കൊടുക്കുക എന്നതാണ്‌. ടി.പി.ചന്ദ്രശേഖരനെ വിശേഷിപ്പിക്കാന്‍ പിണറായി ഉപയോഗിച്ച പദപ്രയോഗം ശ്രദ്ധിക്കണം. സാധാരണ ഗതിയില്‍ ഒരു കമ്യൂണിസ്റ്റ്‌ പ്രവര്‍ത്തകന്റെ നാവില്‍ നിന്ന്‌ പാര്‍ട്ടി വിരുദ്ധരെ വിശേഷിപ്പിക്കാന്‍ വര്‍ഗ്ഗ വഞ്ചകന്‍ എന്ന പദങ്ങളാണ്‌ ഉണ്ടാകേണ്ടിയിരുന്നത്‌. അതിനുപകരം ഉത്തരമലബാറിലെ മാടമ്പി തെമ്മാടിത്തരത്തിന്റെ ഭാഷാപ്രയോഗം പിണറായി സ്വീകരിച്ചത്‌ പരിണാമം കൊണ്ടിരിക്കുന്ന അദ്ദേഹത്തിന്റെയും അദ്ദേഹത്തിന്റെ ഒപ്പമുള്ളവരുടെയും വര്‍ഗ്ഗവഞ്ചനയുടെ സൂചനയാണ്‌. ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകത്തെ ബാക്കി എല്ലാവരും രാഷ്ട്രീയത്തിന്‌ അതീതമായി അപലപിക്കുകയും ആ നഷ്ടത്തില്‍ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തിട്ടും അത്തരം ഒരു മാനസികാവസ്ഥയിലേക്ക്‌ തിരിച്ചു വരാന്‍ പിണറായി ഇനിയും തയ്യാറായിട്ടില്ലെന്നോര്‍ക്കണം.ഔദ്യോഗിക പക്ഷവും പാര്‍ട്ടിയും അതെ അഹന്തയിലാണഭിരമിക്കുന്നതും. അതുകൊണ്ടാണ്‌ ,ആതിരേ, കുലംകുത്തി എന്ന പ്രയോഗം പാര്‍ട്ടിയുടേതല്ലെന്നും വിജയന്റേതുമാത്രമാണെന്നും അച്യുതാനന്ദന്‍ പറഞ്ഞപ്പോള്‍ അതിന്‌ കയ്യടി ലഭിച്ചത്‌. എന്നാല്‍, പിണറായി പറഞ്ഞതാണ്‌ പാര്‍ട്ടിയുടെ അഭിപ്രായമെന്ന്‌ സ്ഥാപിച്ചുകൊണ്ട്‌ ദക്ഷിണാമൂര്‍ത്തിയെപ്പോലെയും വിശ്വനാഥ മേനോനെയും പോലെയുള്ള പാര്‍ശ്വവര്‍ത്തികള്‍ രംഗത്തെത്തുമ്പോള്‍ ഞാനാണ്‌ സ്റ്റേറ്റ്‌ എന്ന്‌ അഹങ്കരിച്ച ലൂയി പതിനാലാമനേയും ഇന്ത്യയാണ്‌ ഇന്ദിര ഇന്ദിരയാണ്‌ ഇന്ത്യ എന്ന്‌ പ്രഖ്യാപിച്ച ഡി.കെ.ബറുവയെയുമൊക്കെ ഓര്‍ത്തു പോകുന്നത്‌ സ്വാഭാവികം. പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയോ സംസ്ഥാന കമ്മിറ്റിയോ അല്ലെങ്കില്‍ അതിന്റെ നയരൂപീകരണ സംവിധാനമോ ആലോചിച്ചെടുത്ത പദപ്രയോഗമല്ല കുലം കുത്തികളെന്നത്‌. ഏതോ ഒരു ആള്‍ക്കൂട്ടം കണ്ടപ്പോള്‍ ആവേശം കൊണ്ട്‌ പിണറായിയുടെ വായില്‍ നിന്ന്‌ വീണു പോയതാണ്‌ ആ വാക്ക്‌. അതാണ്‌ പാര്‍ട്ടിയുടെ അഭിപ്രായമെന്ന്‌ ദക്ഷിണാമൂര്‍ത്തിയൊക്കെ പറയുമ്പോള്‍ എം.വി.ജയരാജന്റെ ശുംഭന്‍ എന്ന പ്രയോഗവും പാര്‍ട്ടിയുടെ അഭിപ്രായമാണെന്ന്‌ സമ്മതിക്കേണ്ടി വരും. ആതിരേ,ഭാഷാ പ്രയോഗത്തില്‍ പോലും സഭ്യത വെടിഞ്ഞ്‌ തെരുവു തെമ്മാടിയുടെ തലത്തിലേക്ക്‌ താഴ്‌ന്ന്‌ അഴിമതിയിലൂടെയും അധോലോക പ്രവര്‍ത്തകരിലൂടെയും ലഭിച്ച ആസ്തികളില്‍ അഹങ്കരിച്ച്‌ ഔദ്യോഗികവിഭാഗം അണികളെയും പൊതുസമൂഹത്തെയും കമ്യൂണിസ്റ്റ്‌ പ്രത്യയശാസ്ത്രത്തെയും കുളിപ്പിച്ച്‌ കിടത്തുമ്പോള്‍ തീര്‍ച്ചയായും അവരെ പ്രതിരോധിക്കാനും അവരില്‍ നിന്ന്‌ പാര്‍ട്ടിയെയും അണികളെയും രക്ഷിക്കാനുമുള്ള ചുമതല വി.എസ്‌.അച്യുതാനന്ദനുണ്ട്‌. അച്യുതാനന്ദന്‍ അത്തരം ഒരു ദൗത്യം ഏറ്റെടുത്താല്‍ ഇന്ന്‌ കേരളം ഒറ്റക്കെട്ടായി അദ്ദേഹത്തോടൊപ്പം നില്‍ക്കുമെന്ന കാര്യത്തില്‍ ആരും സന്ദേഹിക്കേണ്ടതില്ല.എന്നാല്‍ ആ ദൗത്യനിര്‍വ്വഹണത്തിന്റെ സൂചനയാണ്‌ 64-ലെ പിളപ്പിനെ അനുസ്മരിപ്പിച്ച പ്രസ്താവനയെന്ന്‌ വിശ്വസിക്കാന്‍ പറ്റാത്ത വൈരുദ്ധ്യമാണ്‌ ഇപ്പോള്‍ അച്യുതാനന്ദനില്‍ കാണുന്നത്‌. കഴിഞ്ഞദിവസം ഒഞ്ചിയത്തെ പ്രവര്‍ത്തകരെ വീണ്ടും ഒറ്റപ്പെടുത്താന്‍ സ്റ്റേറ്റ്‌ കമ്മിറ്റി കൂടിയപ്പോള്‍ അര്‍ത്ഥഗര്‍ഭമായ മൗനം ദീക്ഷിച്ച അച്യുതാനന്ദന്‍ പലരുടെയും മനസ്സില്‍ സംശയത്തിന്റെ വന്‍മലയാവുകയാണ്‌. പാര്‍ട്ടിക്കുള്ളില്‍ തനിക്കുള്ള ഇടം ഉറപ്പിക്കാനുള്ള തന്ത്രം മാത്രമാണോ ഈ പ്രസ്താവനയെന്ന്‌ ചിന്തിക്കാന്‍ തുടങ്ങിയിട്ടുണ്ട്‌ പൊതുസമൂഹവും. അതേസമയം, സ്റ്റേറ്റ്‌ കമ്മിറ്റി കൂടിയ ദിവസം തന്നെ പാര്‍ട്ടിയുടെ എല്ലാ വിലക്കുകളും ലംഘിച്ച്‌ കോഴിക്കോട്‌ ചന്ദ്രശേഖരനെ അഭിവാദ്യം അര്‍പ്പിക്കാന്‍ കൂടിയത്‌ ആയിരക്കണക്കിന്‌ പ്രവര്‍ത്തകരായിരുന്നു. അമര്‍ഷവും പ്രതിഷേധവും കൊണ്ട്‌ കത്തുന്ന ആ പന്തങ്ങള്‍ പറയുന്നത്‌ പിണറായി നേതൃത്വം നല്‍കുന്ന മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിക്ക്‌ തീ വയ്ക്കാന്‍ ഞങ്ങള്‍ തയ്യാറാണ്‌ എന്നാണ്‌. ഇതൊരു പുതിയ സൃഷ്ടിയുടെയും കമ്യൂണിസ്റ്റ്‌ മൂല്യബോധങ്ങളുടെയും മാനവിക സമീപനങ്ങളുടെയും പുനഃസൃഷ്ടിയുടെയും നിമിഷമാവുകയാണ്‌. കുലംകുത്തികള്‍ എന്ന്‌ വിളിച്ച്‌ ഒഞ്ചിയത്തെ സമര സഖാക്കളെ ആക്ഷേപിച്ച അഹങ്കാരത്തിന്റെ മാടമ്പി രൂപങ്ങള്‍ക്ക്‌ പൊതുസമൂഹവും അണികളും അര്‍ഹിച്ച ശിക്ഷ കൊടുക്കുന്ന നാള്‍ വിദൂരമല്ല എന്ന ചുവരെഴുത്ത്‌ എങ്ങും പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. കാലത്തിന്റെ ചരിത്രത്തിന്റെ ചുവരെഴുത്താണിത്‌. ഇത്‌ ഉള്‍ക്കൊള്ളാന്‍ അച്യുതാനന്ദന്‌ കഴിയണം. പാര്‍ട്ടിയുമായി തന്നെ ബന്ധിപ്പിക്കുന്ന വേലിക്കകത്തു നിന്ന്‌ അദ്ദേഹം പുറത്തു വരണം. എന്നിട്ട്‌ 64-ലേതുപോലെ വിപ്ലവവീര്യത്തിന്റെയും വര്‍ഗ്ഗപ്രതിബദ്ധതയുടെയും പുതിയ സമര സന്നദ്ധതയ്ക്ക്‌ നേതൃത്വം കൊടുത്ത്‌ കമ്യൂണിസ്റ്റ്‌ മൂല്യ ബോധങ്ങളുടെ കൊലയാളികളായ പിണറായി വിജയന്‍ അടക്കമുള്ളവര്‍ക്ക്‌ കാലം ആവശ്യപ്പെടുന്ന പ്രഹരമേല്‍പ്പിക്കുകയും വേണം. ഇത്‌ ഉപരിവിപ്ലവവും വൈകാരികവുമായ സമീപനത്തില്‍ നിന്നുള്ള വിലയിരുത്തലല്ല. മറിച്ച്‌, കമ്യൂണിസ്റ്റ്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ അപചയത്തില്‍ മനംനൊന്ത്‌ വിങ്ങി നീറി നില്‍ക്കുന്ന ലക്ഷക്കണക്കിന്‌ അണികളുടെ ആശയും അഭിലാഷവുമാണ്‌. അതിന്‌ അച്യുതാനന്ദന്‍ തയ്യാറാകണം. മൗനം ഭഞ്ജിച്ച്‌ വാല്‍മീകങ്ങളെല്ലാം ഉടച്ച്‌ തകര്‍ത്ത്‌ ആര്‍ക്കും കീഴടക്കാനാവാത്ത പോരാളിയായി അച്യുതാനന്ദന്‍ പുറത്തു വരുന്നതാണ്‌ കേരളത്തിന്റെ സ്വപ്നം. ആ സ്വപ്നത്തിനൊപ്പം നില്‍ക്കാനുള്ള ആര്‍ജവം ആത്മാര്‍ത്ഥത കമ്യൂണിസ്റ്റ്‌ മൂല്യബോധം അച്യുതാനന്ദനുണ്ടോ? അതാണ്‌ ആതിരെ,രാഷ്ട്രീയ കേരളത്തിന്‌ അറിയേണ്ടത്‌.

No comments: