Friday, May 18, 2012
കാവ്യ മാധവനും സംവൃത സുനിലിനും എതിരെ കേസെടുക്കണം
കാവ്യാമാധവനെ പോലെയുള്ള കലാകാരന്മാര്‍ പണത്തിനുവേണ്ടി ഏതുവേഷം കെട്ടാനും തയ്യാറാകുന്നതാണ് ഇത്തരം തട്ടിപ്പു കമ്പനികള്‍ക്ക് കോടികള്‍ അടിച്ചു മാറ്റാന്‍ മറയാകുന്നത്. താന്‍ പറയുന്ന കാര്യത്തില്‍ യാതൊരു ഉറപ്പും ഇല്ല എന്ന് അറിഞ്ഞിട്ടും സമൂഹത്തില്‍ റോള്‍ മോഡല്‍ ആകേണ്ട സിനിമാ താരങ്ങള്‍ അടക്കമുള്ളവര്‍ സൗന്ദര്യം സംബന്ധിച്ച് പൊതുജനത്തിനുള്ള അബദ്ധ ധാരണയെ മുതലെടുക്കാനും വഞ്ചിക്കാനും കൂട്ടുനിന്നത് ഒരു വിധത്തിലും ന്യായീകരിക്കാനാവാത്ത കുറ്റമാണ്. ബോധപൂര്‍വ്വം പൊതുസമൂഹത്തെ വഞ്ചിച്ചതിന് ഇവര്‍ക്കെതിരെ നിയമനടപടികള്‍ കൈക്കൊള്ളേണ്ടതാണ്.
ആതിരെ,സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ ധാത്രി ശ്രീധരീയം, ഇന്ദുലേഖ തുടങ്ങിയ കമ്പനികള്‍ മാര്‍ക്കറ്റില്‍ ഇറക്കിയ സൗന്ദര്യ സംവര്‍ദ്ധക വസ്തുക്കള്‍ കറതീര്‍ന്ന തട്ടിപ്പായിരുന്നുവെന്നും കേരളീയര്‍ അടക്കമുള്ളവരുടെ പോക്കറ്റില്‍ നിന്ന് കോടികള്‍ ഈ കമ്പനികള്‍ അടിച്ചു മാറ്റിയെന്നും വൈകിയാണെങ്കിലും വ്യക്തമായിരിക്കുന്നു.
ഡ്രഗ് കണ്‍ട്രോളര്‍ നടത്തിയ റെയ്ഡിലാണ് ഈ കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍, അവര്‍ അവകാശപ്പെടുന്ന ഗുണം ഒന്നുമില്ലാത്ത തട്ടിപ്പുവസ്തുക്കളാണെന്ന് വ്യക്തമായത്. അതിന്റെ അടിസ്ഥാനത്തില്‍ ഈ മൂന്ന് കമ്പനികളും മാര്‍ക്കറ്റില്‍ ഇറക്കിയ സൗന്ദര്യ സംവര്‍ദ്ധക വസ്തുക്കള്‍ പിടിച്ചെടുക്കുകയും അവയ്ക്ക് നിരോധനം ഏല്‍പ്പെടുത്തുകയം ചെയ്തിട്ടുണ്ട്. പൊതുജനത്തെ കബളിപ്പിച്ച് ശാസ്ത്രീയ അടിത്തറയില്ലാത്ത വസ്തുക്കള്‍ വിറ്റഴിച്ച് കോടികള്‍ സമ്പാദിച്ച ഇവരുടെ ലൈസന്‍സ് റദ്ദാക്കുമെന്നാണ് കേള്‍ക്കുന്നത്.
ആതിരേ,ഈ തട്ടിപ്പു വസ്തുക്കള്‍ പൊതുജനങ്ങളിലേക്ക് എത്തിച്ചത് കാവ്യമാധവനും സംവൃത സുനിലും സംയുക്ത വര്‍മ്മയും നവ്യ നായരും അനൂപ് മേനോനും ദീപക് ദേവുമൊക്കെയാണ്. ഇവരെയൊക്കെ കോടികള്‍ കൊടുത്ത് ബ്രാന്‍ഡ് അംബാസഡറാക്കി കോടികള്‍ മുടക്കി ജനങ്ങളെ പ്രലോഭിപ്പിക്കുന്ന പരസ്യങ്ങള്‍ ഷൂട്ട് ചെയ്ത് ദൃശ്യമാധ്യമങ്ങളിലും അച്ചടി മാധ്യമങ്ങളിലും നല്‍കിയാണ് വ്യാപകമായ മുതലെടുപ്പ് നടത്തിയത്. കാവ്യാമാധവനെപ്പോലെയും സംവൃത സുനിലിനെപ്പോലെയും ഉള്ളവര്‍ മെയ്ക്കപ്പിട്ട് അതിന് അനുസൃതമായ ലൈറ്റ് അപ്പില്‍ ഫോട്ടോയും വീഡിയോ ഒക്കെ എടുത്ത് തങ്ങളുടെ സൗന്ദര്യത്തിന്റെയും നിറത്തിന്റെയും അടിസ്ഥാനം ഈ സൗന്ദര്യ സംവര്‍ദ്ധക വസ്തുക്കളാണെന്ന് പറയുമ്പോള്‍ അവരെ ആരാധിക്കുന്ന ജനങ്ങള്‍ അത് വിശ്വസിക്കുക സ്വാഭാവികം. വെളുത്ത ത്വക്കിനോടുള്ള ഇന്ത്യക്കാരന്റെ ഇന്‍ഫീരിയോരിറ്റി കോംപ്ലക്സ് കലര്‍ന്ന ധാരണയാണ് ഈ സുന്ദരികളെയും സുന്ദരന്മാരെയും പരസ്യത്തില്‍ അവതരിപ്പിച്ച് ധാത്രിയും ഇന്ദുലേഖയും ശ്രീധരീയവും മുതലെടുത്തുകൊണ്ടിരുന്നത്.
ആതിരേ,സമൂഹത്തോട് കൂറും പ്രതിപത്തിയും കാണിക്കേണ്ട കലാകാരന്മാരും സിനിമാ പ്രവര്‍ത്തകരും സാഹിത്യ നായകരുമൊക്കെ പണം എന്ന ഒറ്റ ലക്ഷ്യത്തോടെ മുന്നോട്ടു പോകുമ്പോള്‍ അവര്‍ പ്രതിനിധീകരിക്കുന്ന സമൂഹവും അവരെ പിന്തുടര്‍ന്ന് ചിന്താശൂന്യരായി മാറുമെന്ന് അറിഞ്ഞാണ് ധാത്രി ശ്രീധരീയം, ഇന്ദുലേഖ തുടങ്ങിയ കമ്പനികള്‍ കോടികള്‍ മുടക്കി ഇവരെ ബ്രാന്‍ഡ് അംബാസഡര്‍മാരാക്കിയതും പരസ്യങ്ങള്‍ തുടര്‍ച്ചയായി മാധ്യമങ്ങളില്‍ നല്‍കിയതും.
കഴിഞ്ഞയാഴ്ച ഗുണനിലവാര പരിശോധനയുടെ ഭാഗമായി പരസ്യം ചെയ്യുന്ന യാതൊരു ഗുണവും ഇല്ലെന്ന് ആരോപിച്ച് കോടികള്‍ വിലവരുന്ന സൗന്ദര്യ വര്‍ദ്ധക ഉല്‍പന്നങ്ങള്‍ ഡ്രഗ് കണ്‍ട്രോളര്‍ പിടിച്ചെടുത്തിരുന്നു. ഇതുസംബന്ധിച്ച വാര്‍ത്ത മുഖ്യധാരാ മാധ്യമങ്ങള്‍ മുക്കി. ന്യൂസ് റിപ്പോര്‍ട്ടര്‍ അടക്കമുള്ള ചില പത്രങ്ങളും ഓണ്‍ലൈന്‍ പോര്‍ട്ടലുകളും മാത്രമാണ് വിവരം റിപ്പോര്‍ട്ട് ചെയ്തത്. കാവ്യാമാധവനെ പോലെയുള്ള കലാകാരന്മാര്‍ പണത്തിനുവേണ്ടി ഏതുവേഷം കെട്ടാനും തയ്യാറാകുന്നതാണ് ഇത്തരം തട്ടിപ്പു കമ്പനികള്‍ക്ക് കോടികള്‍ അടിച്ചു മാറ്റാന്‍ മറയാകുന്നത്. താന്‍ പറയുന്ന കാര്യത്തില്‍ യാതൊരു ഉറപ്പും ഇല്ല എന്ന് അറിഞ്ഞിട്ടും സമൂഹത്തില്‍ റോള്‍ മോഡല്‍ ആകേണ്ട സിനിമാ താരങ്ങള്‍ അടക്കമുള്ളവര്‍ സൗന്ദര്യം സംബന്ധിച്ച് പൊതുജനത്തിനുള്ള അബദ്ധ ധാരണയെ മുതലെടുക്കാനും വഞ്ചിക്കാനും കൂട്ടുനിന്നത് ഒരു വിധത്തിലും ന്യായീകരിക്കാനാവാത്ത കുറ്റമാണ്. ബോധപൂര്‍വ്വം പൊതുസമൂഹത്തെ വഞ്ചിച്ചതിന് ഇവര്‍ക്കെതിരെ നിയമനടപടികള്‍ കൈക്കൊള്ളേണ്ടതാണ്.
അതിന് ഇന്ത്യന്‍ നിയമ വ്യവസ്ഥ അനുവാദം നല്‍കുന്നുണ്ട്. ഉത്പന്നം ഗുണനിലവാരമില്ലാത്തതാണ് എന്ന് തെളിഞ്ഞാല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ആക്ടിലെ അണ്‍ഫെയര്‍ ട്രേഡ് പ്രൊട്ടക്ഷന്‍ വകുപ്പുകളുടെ അടിസ്ഥാനത്തില്‍ പരസ്യം ചെയ്ത സ്ഥാപനം, ഡിസൈന്‍ ചെയ്ത ആര്‍ട്ടിസ്റ്റുകള്‍, അഭിനയിച്ച മോഡലുകള്‍, പ്രസിദ്ധപ്പെടുത്തിയ മാധ്യമങ്ങള്‍ എന്നിവരെല്ലാം കുറ്റക്കാരാണ്. അവര്‍ക്കെതിരെ ശിക്ഷണ നടപടികള്‍ സ്വീകരിക്കാവുന്നതുമാണ്.
ഇങ്ങനെ ഒരു നിയമം ഉണ്ടായിട്ടും വര്‍ഷങ്ങളായി ധാത്രി, ഇന്ദുലേഖ, ശ്രീധരിയം എന്നീ ബ്രാന്‍ഡുകള്‍ ഈ വഞ്ചന ചെയ്തു കൂട്ടിയപ്പോള്‍ അതൊന്നും നമ്മുടെ ഭരണകൂടം അറിഞ്ഞില്ലെന്നു വിശ്വസിക്കാന്‍ മാത്രം വിഡ്ഢികളാണോ മലയാളികള്‍? കോടികളാണ് ഈ കമ്പനികള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ഫണ്ട് പിരിവ് സമയത്ത് നല്‍കിയിട്ടുള്ളത്. അതിന്റെ പ്രതിഫലമായിട്ടാണ് ജനങ്ങളെ വഞ്ചിക്കാനുള്ള നിശബ്ദാനുവാദം ഭരണകൂടം ഇവര്‍ക്ക് നല്‍കിയതും.
അറിയുക, കാവ്യമാധവന്‍, സംവൃത സുനില്‍, സംയുക്ത വര്‍മ്മ, നവ്യാ നായര്‍ തുടങ്ങിയവര്‍ സിനിമാ നടികളാകുന്നത് ഇത്തരം വൈറ്റ്‌വാഷ് വഴിയാണ്. ഈ വൈറ്റ്‌വാഷ് കഴുകിയാല്‍ ഇവരും നമ്മുടെ നാട്ടിലെ ഒരു സാധാരണ മലയാളി പെണ്‍കുട്ടിയാകും. വരകളും പാടുകളും മാറ്റി മുഖകാന്തി വര്‍ദ്ധിപ്പിക്കുന്ന ഈ ഉല്‍പന്നങ്ങളില്‍ മുങ്ങിക്കുളിക്കുന്ന നടിമാരുടെ സൗന്ദര്യം, ഇവയുടെ ഉപയോഗം കൊണ്ട് അല്‍പമെങ്കിലും വര്‍ദ്ധിക്കേണ്ടതല്ലേ? എന്തുകൊണ്ട് മുഖം കഴുകി കഴിയുമ്പോള്‍ ലോകത്തെ മോഹിപ്പിക്കുന്ന സൗന്ദര്യം നഷ്ടമായി ഇവരൊക്കെ സാധാരണ മലയാളി യുവതികളായി മാറുന്നു?
ആതിരേ,ഈ ചോദ്യത്തിനുള്ള ഉത്തരം അതില്‍ തന്നെയുണ്ട്. അതായത് ഇത്തരം ഉല്‍പ്പന്നങ്ങള്‍ അവര്‍ പറയുന്ന അല്ലെങ്കില്‍ അവകാശപ്പെടുന്ന യാതൊരു ഗുണനിലവാരവും പുലര്‍ത്തുന്നില്ല എന്നു തന്നെ. നന്നായി മെയ്ക്കപ്പിട്ടാല്‍ സിനിമാക്കാരിയാകും. മെയ്ക്കപ്പ് കഴുകി കഴിഞ്ഞാല്‍ സാധാരണക്കാരിയാകും. അത് അറിഞ്ഞുകൊണ്ടാണ് ഇവരെല്ലാം വിവിധ സൗന്ദര്യ സംവര്‍ദ്ധക ഉത്പാദകരുടെ ബ്രാന്‍ഡ് അംബാസഡറന്മാരായത്.
അതുകൊണ്ട് സാക്ഷര കേരളത്തെ, വിദ്യാസമ്പന്നരായ യുവതി യുവാക്കളെ വര്‍ഷങ്ങളായി വഞ്ചിക്കാന്‍ കൂട്ടുനിന്ന കാവ്യാമാധവനും സംവൃത സുനിലിനും സംയുക്ത വര്‍മ്മയ്ക്കും നവ്യാനായര്‍ക്കുമൊക്കെ എതിരെ വഞ്ചനയ്ക്ക് കേസ് എടുത്തേ മതിയാകൂ. ഉപഭോക്തൃ നിയമം അനുസരിച്ച് പരാതി ലഭിച്ചെങ്കില്‍ മാത്രമേ നടപടി ഉണ്ടാകൂ. ഞങ്ങള്‍ ഈ പറയുന്നത് വഞ്ചിക്കപ്പെട്ട പൊതുസമൂഹത്തിന്റെ വികാരമായതുകൊണ്ട് ഇത് പരാതിയായി സ്വീകരിച്ചിട്ടെങ്കിലും ഇവര്‍ക്കെതിരെയും നടപടി എടുത്തെങ്കില്‍ മാത്രമേ ഇനി ഒരാളും ഇത്തരം തന്ത്രങ്ങള്‍ ഉപയോഗിച്ച് പൊതുസമൂഹത്തിന്റെ പോക്കറ്റടിക്കാതിരിക്കുകയുള്ളൂ.
ഈ വിഷയത്തില്‍ കേരളത്തിലെ പത്രങ്ങളും ചാനലുകളും പുലര്‍ത്തിയ ചതിയും കാണാതിരുന്നുകൂട.ധാത്രിയുടേയും ഇന്ദുലേഖയുടേയും സ്രീധരീയത്തിന്റേയും പരസ്യങ്ങളിലൂടെ ഇവരും കോടികള്‍ സ്വന്തമാക്കിയവരാണ്.പരസ്യദാതാക്കള്‍ തങ്ങളുടെ ഉത്പന്നങ്ങളെക്കുറിച്ച് നടത്തുന്ന അവകാശവാദത്തിന്റെ ശാസ്ത്രീയ അടിത്തറ പരീക്ഷിച്ചറിഞ്ഞ ശേഷം പരസ്യം പ്രസിദ്ധീകരിക്കുന്നതും,സംപ്രേക്ഷണം ചെയ്യുന്നതും പ്രായോഗികമല്ല.എന്നാല്‍ പരസ്യദാതാക്കള്‍ ഉപഭോക്താക്കളെ കബളിപ്പിക്കുകയായിരുന്നെന്ന് ബന്ധപ്പെട്ട വകുപ്പ് രേഖാമൂലം അറിയിക്കുമ്പോള്‍ അതംഗീകരിക്കേണ്ടതാണ്.ധാത്രിയുടേയും ഇന്ദുലേഖയുടേയും ശ്രീധരീയത്തിന്റേയും സൗന്ദര്യസംവര്‍ദ്ധകാത്പന്നങ്ങള്‍ വ്യാജമാണെന്നും റെയ്ഡ് നടത്തി അവ പിടിച്ചെടുത്തെന്നും ഡ്രഗ്സ് കണ്ട്രോളറുടെ ഓഫീസില്‍ നിന്ന് ഔദ്യോഗിക അറിയിപ്പ് എല്ലാ പത്രങ്ങള്‍ക്കും ചാനലുകള്‍ക്കും ലഭിച്ചതാണ്.ന്യൂസ് റിപ്പോര്‍ട്ടര്‍,തേജസ്,സിറാജ് എന്നീ മൂന്ന് പത്രങ്ങളും പിന്നെ കുറേ ന്യൂസ് പോര്‍ട്ടലുകളും മാത്രമാണ് ഈ വാര്‍ത്ത് പ്രസിദ്ധീകരിക്കാന്‍ ആര്‍ജവം കാണിച്ചത്.അതേസമയം റെയ്ഡിനെതിരെ ധാത്രി ഉള്‍പ്പെടെയുള്ള കമ്പനികളുടെ വിശദീകരണം പരസ്യരൂപത്തില്‍ ഇവരെല്ലാം പ്രസിദ്ധീകരിക്കുകയും ചെയ്തു.നീതിക്കും സത്യത്തിനും ന്യായത്തിനും വേണ്ടിയാണ് മാധ്യമപ്രവര്‍ത്തനം നടത്തുന്നതെന്ന് അവകാശപ്പെടുന്നവരാണ് വായനക്കാരും പ്രേക്ഷകരും അടങ്ങുന്ന വഞ്ചിതരെ വിസ്മരിച്ച് വഞ്ചകര്‍ക്ക് ഒപ്പം നിന്നത്.ഇതിനെ മാധ്യമാധോലോക പ്രവര്‍ത്തനമായി,ആതിരേ, ഞാന്‍ വിലയിരുത്തുന്നു;സമൂഹിക തിന്മയായി അധിക്ഷേപിക്കുന്നു
Subscribe to:
Post Comments (Atom)
No comments:
Post a Comment