Friday, February 8, 2008

വൈലത്തൂര്‍ പെണ്‍വാണിഭം

പേരറിയാത്തൊരു പെണ്‍കിടാവേ, നിന്റെ നേരറിയുന്നു ഞാന്‍...
പ്രിയപ്പെട്ട പെണ്‍കുട്ടി, അറിയില്ലാ നിന്റെ പേരെനിക്ക്‌. കവി പാടിയതുപോലെ ഗൗരിയോ ലക്ഷ്മിയോ സീതയോ രാധയോ അതുമല്ലെങ്കില്‍ മൈമൂനയോ സുഹ്‌റയോ ആരായാലും നീ ഇന്ന്‌ എന്റെ മനസില്‍ ഭയാശങ്കകളുടെ നീര്‍പെയ്തുപോകുന്ന കാര്‍മേഘമാണ്‌.
അസ്ഥിവാരമില്ലാത്ത ഒരു ജീവിതസാഹചര്യത്തില്‍ പിറക്കുന്ന ഏതൊരു കൗമാരക്കാരിക്കും സംഭവിക്കാവുന്ന തെറ്റേ നിനക്ക്‌ സംഭവിച്ചിട്ടുള്ളു. ഇല്ലായ്മകളുടെ നടുവില്‍നിന്നുള്ള മോചനവും ഭാസുരമായ ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളുമൊക്കെയായിരിക്കാം സുധീറിന്റെ വാക്കുകള്‍ വിശ്വസിക്കാന്‍ നിന്നെ പ്രേരിപ്പിച്ചത്‌. അതുകൊണ്ടാണ്‌ അയാള്‍ വാഗ്ദാനം ചെയ്ത ജോലി പ്രതീക്ഷിച്ച്‌ 2006 ഓഗസ്റ്റില്‍ കോഴിക്കോട്‌ എത്തിയത്‌. എന്നാല്‍ വൈലത്തൂരുകാരനായ, ഫൈനാന്‍സ്‌ ഇടപാടുകാരനും ഗുണ്ടയുമായ അയാളുടെ മനസില്‍ നിന്റെ കിളുന്തുദേഹം കടിച്ചുകീറിത്തിന്നാനുള്ള കാമപിശാചായിരുന്നു ചുരമാന്തിയിരുന്നതെന്ന്‌ നിനക്കറിയാമായിരുന്നില്ലല്ലോ.

അയാളുടെ ചാടുവാക്കുകളില്‍ നീ അതുവരെ കരുതിവച്ചിരുന്ന, ഏതൊരു പെണ്‍കുട്ടിയും സ്വന്തം ഭര്‍ത്താവിനുമാത്രം സമര്‍പ്പിക്കാന്‍ സൂക്ഷിക്കുന്ന നിന്റെ വ്രതശുദ്ധി ഹോട്ടല്‍ മുറികളില്‍ പിച്ചിചീന്തപ്പെട്ടപ്പോള്‍ രതിനിര്‍വേദത്തിലല്ല നിന്റെ മിഴികള്‍ ഈറനായത്‌ മറിച്ച്‌ ശപിക്കപ്പെട്ട ഒരു ജന്മം നല്‍കിയ ഈശ്വരനോടുള്ള പ്രതിഷേധമായിരുന്നു ആ കണ്ണുനീര്‍ മുത്തുകള്‍ എന്നു ഞാന്‍ അറിയുന്നു.

ആ ദിവസങ്ങളില്‍, എനിക്കറിയാം നീ ഹൃദയം നുറുങ്ങി ഈശ്വരനോട്‌ പ്രാര്‍ത്ഥിച്ചിട്ടുണ്ടാകാം. എങ്ങനെയെങ്കിലും സുധീറിന്റെ സ്വാധീനത്തില്‍ നിന്ന്‌ രക്ഷപ്പെടുത്തണമേ എന്ന്‌. പക്ഷെ ഒരീശ്വരനും നിന്റെ പ്രാര്‍ത്ഥന കേട്ടില്ല. എന്നാല്‍ ഹോട്ടല്‍ മുറികളില്‍ മാറിമാറി നിന്നെ പീഡിപ്പിച്ച്‌ രസിക്കാന്‍ സുധീറും അവന്റെ സുഹൃത്തുക്കളായ ശ്രീലക്ഷ്മി ഫൈനാന്‍സിയേഴ്സ്‌ ഉടമ പത്തുകണ്ടംനിലം സാജന്‍, മുക്കം പ്ലാസ ടെക്സ്റ്റെയില്‍സ്‌ ഉടമ കാരശേരി സുബൈര്‍, കക്കാട്‌ ആരിഫ്‌, മുക്കം തെക്കേരിച്ചാലില്‍ അബ്ദുള്‍ റഷീദ്‌, കോട്ടയ്ക്കല്‍ പുന്നകോടന്‍ ഷെറിന്‍, തിരൂര്‍ ഫൈസല്‍ ജുവല്ലറി ഉടമ ഫൈസല്‍ എന്നീ കാമപിശാചുക്കളെ ഉണ്ടായിരുന്നുള്ളു. അവര്‍ക്ക്‌ മടുത്തപ്പോള്‍ അവര്‍ നിന്നെ മലപ്പുറത്തിറക്കിവിട്ടു.

അവിടെവച്ചാണല്ലോ നാട്ടുകാര്‍ അസ്വഭാവിക സാഹചര്യത്തില്‍ നിന്നെ കണ്ടെത്തിയതും പോലീസിലേല്‍പ്പിച്ചതും വൈലത്തൂര്‍ പെണ്‍വാണിഭകേസെന്ന വിവാദ സംഭവം പുറംലോകമറിഞ്ഞത്‌.

ഒരു മത്സ്യത്തൊഴിലാളി കുടുംബത്തില്‍ പിറന്ന നീ ഒരിക്കലും ഇത്തരമൊരു സാഹചര്യത്തില്‍ എത്തിപ്പെടണമെന്നാഗ്രഹിച്ചിട്ടുണ്ടായിരുന്നില്ല, അറിയാം. ജീവിതത്തിന്റെ കഷ്ടപ്പാടുകളില്‍നിന്നും രക്ഷപെടാനൊരു ജോലി, അതിലൂടെ പിതാവിന്റെ അത്യധ്വാനത്തിന്‌ ഇത്തിരി ആശ്വാസം താഴെയുള്ള ഇളയ കിടാങ്ങള്‍ക്കും അമ്മയ്ക്കും അല്‍പ്പം കൂടി മെച്ചപ്പെട്ട സാഹചര്യം. ആ പ്രതീക്ഷയില്‍ വീടുവിട്ടിറങ്ങിയ നീ പിന്നെ ചെന്നുപറ്റിയത്‌ പെണ്‍വാണിഭകേസിലുള്‍പ്പെട്ട്‌ പോലീസ്‌ സ്റ്റേഷനിലും ജയിലിലുമായിരുന്നു.

നീ അന്ന്‌ അനുഭവിച്ചിരുന്ന മാനസികപീഡ ഇന്നുമെനിക്ക്‌ ബോധ്യമാവുന്നുണ്ട്‌. നിന്റെ കുടുംബത്തിന്റെ അഭിമാനക്ഷതം ഇപ്പോഴും തിരിച്ചറിയാനാവുന്നുണ്ട്‌. കേസും ചോദ്യം ചെയ്യലുമൊക്കെയായി പോലീസും വക്കീലന്മാരും നിന്നെ കടിച്ചുകുടഞ്ഞപ്പോള്‍ നീ തിന്ന തീക്കനല്‍ പൊള്ളലുകള്‍ ഇപ്പോഴും ബോധ്യമാകുന്നുണ്ട്‌. നിന്നെ സംരക്ഷിക്കാന്‍ കഴിയാതിരുന്നതുകൊണ്ടും സുധീര്‍ നേതൃത്വം നല്‍കുന്ന ഗുണ്ടാപ്പടയെ ഭയന്നുമാണല്ലോ നിന്റെ പിതാവ്‌ നിന്നെ വീട്ടിലേക്ക്‌ കൊണ്ടുപോകാതെ തന്റെ സുഹൃത്തായ കാരിയുടെ മകന്‍ വിജയന്റെ വീട്ടില്‍ താല്‍ക്കാലികമായി താമസിപ്പിച്ചത്‌.

പക്ഷെ വിധി അവിടെയും നിന്നെ വെറുതെവിട്ടില്ല. നിന്നെ മാത്രമല്ല, നിനക്ക്‌ അഭയംതന്ന വിജയനെയും സഹോദരന്‍ ദാമോദരനെയും വിധി (അതോ ഈശ്വരനോ-അങ്ങനെ ഒരു ശക്തിയുണ്ടെന്ന്‌ നീ ഇപ്പോള്‍ വിശ്വസിക്കുന്നുണ്ടോ?) ക്രൂരമായാണല്ലോ ചവിട്ടിക്കുഴച്ചത്‌. 2006 സെപ്റ്റംബര്‍ 21ന്‌ പുലര്‍ച്ചെ രണ്ടുമണിയോടെ സുധീറിന്റെ ഗുണ്ടകള്‍ വിജയനെയും ദാമോദരനെയും വടിവാളിന്‌ വെട്ടിവീഴ്ത്തിയത്‌ ദുഃസ്വപ്നങ്ങളായി ഇന്നും നിന്റെ നിദ്രയ്ക്ക്‌ ഭംഗംവരുത്തുന്നുണ്ടെന്നെനിക്കറിയാം. ഈ ദുരന്താനുഭവങ്ങളെല്ലാമാണ്‌ നിന്റെ മാനസികവ്യാപാരങ്ങളില്‍ ഇടയ്ക്കിടെ അനിയന്ത്രിതമായ ചില ചലനങ്ങള്‍ സൃഷ്ടിക്കുന്നതെന്നും മനസിലാക്കാന്‍ കഴിയുന്നുണ്ട്‌.

കൊടും പീഡനത്തിന്റെ ആ നാളുകളില്‍ നിന്ന്‌ എങ്ങനെയാണ്‌ കുട്ടി നീ രക്ഷപ്പെട്ടത്‌? ഓര്‍ക്കുമ്പോള്‍ ഭയം തോന്നുന്നു. ജീവിക്കാനുള്ള നിന്റെ വ്യഗ്രതയും നിശ്ചയദാര്‍ഢ്യവും ആരിലും മതിപ്പുളവാക്കുകയും ചെയ്യും.

ശരീരത്തിലും ആത്മാവിലും മനസിലും ഏറ്റ വടുക്കളുമായി എറണാകുളത്ത്‌ ഒരു ടെക്സ്റ്റെയില്‍ സ്ഥാപനത്തില്‍ ജോലിയെടുത്ത്‌ ജീവിതത്തെ മെല്ലെമെല്ലെ മെരുക്കിയെടുക്കുന്നതിനിടയിലാണല്ലോ തിരൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വൈ.ആര്‍. റസ്റ്റം എന്ന തെമ്മാടിയുടെ രൂപത്തില്‍ വീണ്ടും വിധിയുടെ വിളയാട്ടം നിന്റെ ജീവിതത്തിന്റെ താളംതെറ്റിച്ചത്‌. സിനിമ കണ്ടുകൊണ്ടിരുന്ന നിന്നെ അനാശാസ്യപ്രവര്‍ത്തനത്തിന്‌ അറസ്റ്റ്ചെയ്തു എന്നു രേഖയുണ്ടാക്കി. അക്കാര്യം പത്രസമ്മേളനം വിളിച്ച്‌ പ്രസ്താവിച്ച്‌ റസ്റ്റം, സുധീര്‍ എന്ന ഗുണ്ടാത്തലവനോടുള്ള തന്റെ വിധേയത്വം വ്യക്തമാക്കിയപ്പോള്‍ നീ തകര്‍ന്നുതരിപ്പണമായി എന്നും മനസിലാക്കുന്നു. അതുകൊണ്ടാണ്‌ ജയിലില്‍വച്ച്‌ ആത്മഹത്യക്കൊരുങ്ങിയതെന്നും ഞാന്‍ അറിയുന്നു. പക്ഷെ നിന്റെ മനസുകാണാന്‍ ഈ ലോകം ഇനിയും തയ്യാറായിട്ടില്ല.

അനാശാസ്യ പ്രവര്‍ത്തനത്തിന്‌ അറസ്റ്റ്‌ ചെയ്യുകവഴി പീഡനക്കേസ്‌ ദുര്‍ബലമാക്കാനായിരുന്നു സുധീറും റെസ്റ്റവും അടങ്ങുന്ന ഗൂഢസംഘം ശ്രമിച്ചത്‌. അതില്‍ അവര്‍ വിജയിച്ചു എന്നു ബോധ്യമായതുകൊണ്ടാണ്‌ നിന്നെ അറസ്റ്റ്‌ ചെയ്ത വാര്‍ത്ത പുറത്തുവന്നയുടനെ സുധീറും കൂട്ടരും ആദ്യ കേസിലെ സാക്ഷികളുടെ വീട്ടുമുറ്റത്ത്‌ പടക്കം പൊട്ടിച്ച്‌ ആഹ്ലാദം പ്രകടിപ്പിച്ചത്‌.

ഏത്‌ മാനസികാവസ്ഥയിലാണ്‌ നീ ഇപ്പോള്‍ എന്നെനിക്കറിയില്ല. കേരളത്തിലെ വിവാദമുണ്ടാക്കിയ പെണ്‍വാണിഭകേസിലെ ഇരകളുടെ ദാരുണാന്ത്യമാണ്‌ എന്റെ മനസിലിപ്പോള്‍. കിളിരൂരിലെ ശാരി, കവിയൂരിലെ അനഘ, കൊട്ടിയത്തെ ഷൈനി...... അങ്ങനെ എത്രയെത്ര നിസ്സഹായരായ ഇരകള്‍. അവരെയെല്ലാം ഉന്മൂലനം ചെയ്തുകൊണ്ടാണ്‌ പീഡകരും അവരുടെ സംരക്ഷകരായ പോലീസുകാരും കേസ്‌ ദുര്‍ബലമാക്കിയത്‌. എന്റെ കുട്ടി സുധീറും റെസ്റ്റവും അടങ്ങുന്ന പീഡകസംഘം ഇനി അതിനും മടിക്കുകയില്ലയെന്നാണ്‌ ഇപ്പോള്‍ നിനക്കുണ്ടായിട്ടുള്ള അനുഭവം വ്യക്തമാക്കുന്നത്‌. അതല്ലെങ്കില്‍ ഈ അനുഭവങ്ങളുടെയെല്ലാം ദുഃഖഭാരം താങ്ങാനാവാതെ നീ ജീവിതം അവസാനിപ്പിക്കാനും മതി. ഇനി ഒരാളുടെയും ആശ്വാസവാക്ക്‌ നിന്റെ മനസിനെ തണുപ്പിക്കുകയില്ല എന്നെനിക്കറിയാം. എങ്കിലും പറയട്ടെ ജീവിക്കാന്‍ ശ്രമിക്കുക, പോരാടുക, വേട്ടക്കാരെ നിയമത്തിന്റെ കൈയിലെത്തിക്കാന്‍ പരിശ്രമിക്കുക. ഒരു മാതൃക ഞാന്‍ പറയട്ടെ: സൂര്യനെല്ലി കേസിലെ രഞ്ജിതയും ആ കുട്ടിയുടെ അമ്മയും സ്വീകരിച്ച ധൈര്യമായിരുന്നല്ലോ അഡ്വ. ധര്‍മരാജന്‍ അടക്കമുള്ള പ്രതികളെ കോടതിക്കുമുന്‍പില്‍ കൊണ്ടുവരാനും ശിക്ഷ വാങ്ങികൊടുക്കാന്‍ ഇടയാക്കിയത്‌. കഴിയുമോ ആ മാനസികഭാവം ആര്‍ജിക്കാന്‍. അല്ല പുറത്തിറങ്ങിയാല്‍ മരിക്കാനാണ്‌ തീരുമാനമെങ്കില്‍ 'ഇനിയും മരിക്കാത്ത പെണ്‍കുട്ടി നിന്നാസന്നമൃത്യുവില്‍ നിനക്കാത്മശാന്തി' നേര്‍ന്നുകൊണ്ട്‌ ഞാന്‍ പിന്‍വാങ്ങട്ടെ!















വൈലത്തൂര്‍ പെണ്‍വാണിഭക്കേസിലെ ഒന്നാംപ്രതി സുധീര്‍
സുധീറിനെ സംരക്ഷിക്കാന്‍ പെണ്‍കുട്ടിയെ കള്ളക്കേസില്‍ കുടുക്കിയതിരൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വൈ.ആര്‍.റെസ്റ്റം

1 comment:

താരാപഥം said...

ഇത്‌ കഥയോ സത്യമോ. സാധാരണക്കാരനു നീതി നിഷേധിക്കുന്ന വ്യവസ്ഥിതി നിലനിര്‍ത്താന്‍ വ്യഗ്രത കാണിക്കുന്ന സമൂഹത്തില്‍ ഇതിനെക്കാള്‍ കൂടുതല്‍ എന്താണ്‌ പ്രതീക്ഷിക്കുക.