Wednesday, February 27, 2008

ചോര ഞെരമ്പുകളില്‍ തിളയ്ക്കുന്ന ടീചേഴ്സ്‌ സ്പെഷല്‍-ഗുരുവായൂര്‍ സ്പെഷല്‍ ചുരിദാറുകള്‍


ആതിരേ
ഏതാണ്ട്‌ ആറു മാസങ്ങള്‍ക്ക്‌ ശേഷമാണ്‌ കുട്ടി ഞാന്‍
അസ്തമന സൂര്യനെ കണ്ടത്‌.ഞാനും ഡെയ്നും ഒരു ഔദ്യോഗിക യാത്രയുടെ മടക്കത്തിലായിരുന്നു അപ്പോള്‍ .ഡെയ്ന്റെ ബൈക്കിനു പിറകിലിരുന്ന്‌ നെടുമ്പാശ്ശേരി വിമാനത്താവളത്തിനു മുന്നിലൂടെയുള്ള നാഷണല്‍ ഹൈവേയിലൂടെ എണ്‍പതില്‍ പാഞ്ഞു വരുമ്പോഴായിരുന്നു അതു കണ്ടത്‌.
കുട്ടിയുടെ നെറ്റിയില്‍ മാസത്തില്‍ ചില ദിവസങ്ങളൊഴിച്ചാല്‍ കാണുന്ന സിന്ദൂരക്കുറിപോലെ..
ആ സിന്ദൂരപ്പൊട്ടിന്റെ തരളസ്മരണക്കുളിരില്‍ യാത്രാക്ഷീണമെല്ലാം മറന്ന്‌, പാനിയചികില്‍സയിലൂടെ
കുടലില്‍ അള്ളിപ്പിടിച്ചു കിടന്ന്‌
20-ട്വന്റി കളിച്ചുകൊണ്ടിരുന്ന
അള്‍സറിന്റെ ഞണ്ടുകളെ മയക്കി
ഓഫീസിലേക്ക്‌ മടങ്ങുമ്പോഴയിരുന്നു
വടക്കന്‍പാട്ടുമട്ടില്‍ "മാനത്തൂന്നെങ്ങാനും പൊട്ടി വിണോ, ഭൂമീന്ന്‌ തനിയെ മുളച്ചു വന്നോ" എന്ന്‌ അപ്പോള്‍ എന്നില്‍ സംശയം മുളപ്പിച്ച്‌
രണ്ട്‌ ചുരിദാറികള്‍ മുന്നിലെത്തിയത്‌.
ഒന്നൊരു അസിന്‍ മോഡല്‍ സ്ലിം.
മറ്റേതൊരു ' പയ്ന്റ്‌ 'ഷക്കീല.
രണ്ടും ടീച്ചറികള്‍..!
ആ സന്ധ്യക്ക്‌ അഭിമാനപൂരിതം അന്തരംഗത്തോടെ
അവര്‍ മൊഴിഞ്ഞ ചുരിദാര്‍പുരാണം
കുട്ടിയും കേള്‍ക്കുക, വെറുതെ ഒരു നേരമ്പോക്കിന്‌, ഓക്കേ.
(മൊഴിമാറ്റം ന്റെ വഹ )
" വര്‍ഷങ്ങളായി മനസ്സില്‍ കൊണ്ടുനടന്ന ആഗ്രഹങ്ങള്‍ സഫലമായതിന്റെ ആഘോഷത്തിലാണ്‌ ചുരിദാറുകളും ചുരിദാറികളും.
സുപ്രീം കോടതി വരെ പോയെങ്കിലെന്താ ഗുരുവായൂരമ്പലത്തില്‍ കയറാന്‍ പറ്റീലേ ? പഠിക്കാനല്ലാതെ പഠിപ്പിക്കാനായി സ്കൂളുകളില്‍ ഒന്നു കയറണമെന്നുണ്ടായിരുന്നു. ഇപ്പോ, ദാ അതും സാധിച്ചു. സാരീടെ അഹങ്കാരം കുറച്ചതിന്റെ ഗ്ലാമര്‍ വേറെയും.
മുമ്പൊക്കെ ടീച്ചര്‍മാര്‍ തുണിക്കടേന്ന്‌ സാരി വാങ്ങിപ്പോകുമ്പോ കണ്ണാടി അലമാരയിലിരുന്ന്‌ ചുരിദാറുകള്‍ ഒരുപാട്‌ കരഞ്ഞിട്ടൊണ്ട്‌.
ഇപ്പം കാലം മാറി. നിയമോം മാറി.
ഏതാണ്ട്‌ 50% ടീച്ചര്‍മാരും സാരീന്ന്‌ കൂറുമാറി ചുരിദാറിലെത്തി!
അന്തരംഗം അഭിമാനപൂരിതമാകാന്‍,
ചോര ഞെരമ്പുകളില്‍ തിളയ്ക്കാന്‍ ഇതൊക്കെ പോരെ മാഷേ ?.
ടീച്ചര്‍മാരോട്‌ മാതൃത്വം കലര്‍ന്ന സ്നേഹവും ബഹുമാനവും തോന്നണോങ്കീ
സാരിതന്നെ വേണോമ്ന്ന്‌ വാദിക്കുന്ന പഴഞ്ചന്മാരിന്നുമുണ്ട്‌! നശ്ശൂലങ്ങള്‍ !!
അവര്‍ക്ക്‌ വേറെ പണീല്ലെല്ലോ-അതോണ്ട്‌ വാദിക്വോ തര്‍ക്കിക്വോ എന്തുവേണേലും ചെയ്തോട്ടേ-നമ്മളിനി ആ വഴിക്കേയില്ല മാഷേ.. .
തന്നേമല്ല ആ പിന്തിരിപ്പന്മാരും( മാരികളും) പതുക്കെ പതുക്കെ മാറിക്കോളുംന്നേ . ഇന്ന്‌ ഞങ്ങളോടൊപ്പം വരാന്‍ മടിക്കുന്ന ടീച്ചര്‍മാര്‍ക്ക്‌ നാളെ ഞങ്ങള്‍ക്കൊപ്പം വന്നല്ലേതീരൂ മാഷേ ?
ഒന്നൂല്ലേലും വസ്ത്രത്തിന്റേം ആഭരണത്തിന്റേം വിഷയം വരുമ്പോ
സ്ത്രീശാക്തീകരണം ഉത്തരോത്തരം വര്‍ദ്ധിക്കൂലേ മാഷേ ?
സമ്മതിച്ചല്ലോ ?
അതാ പറഞ്ഞത്‌ പെണ്ണൊരുമ്പെട്ടാ സാരിക്കും തടയാമ്പറ്റൂലാന്ന്‌ !
കൈയ്യീ നുള്ളിക്കോ മാഷേ ,
സാരിയെ തോപ്പിക്കാനൊള്ള വാട്ടര്‍ലൂ യുദ്ധത്തിനൊരുങ്ങ്വാ ചുരിദാറുകള്‍ ( ചുരിദാറികള്‍!.)
അറിഞ്ഞില്ലേല്‍ അറിഞ്ഞോളൂ ,
'ടീച്ചേഴ്സ്‌ സ്പെഷല്‍' എന്ന പേരില്‍ ചുരിദാറുകള്‍ വരാമ്പോക്വാ.
സാരീടെ ബഹുമാനമൊക്കെ വിദ്യാര്‍ഥികള്‍ക്ക്‌ തോന്നിപ്പിക്കുന്ന ചുരിദാറുകളുടെ ഡിസൈനുകള്‍ തയാറായിക്കഴിഞ്ഞു ...
ങാഹാ..കാണിച്ചു തരാം, കളിയെവിടംവരെയെത്തൂംന്ന്‌..
ഒള്ളത്‌ പറയണോല്ലോ മാഷേ, ടീച്ചര്‍മാര്‍ക്കായി രംഗത്തിറക്കിയ വിലകുറഞ്ഞ കോട്ടണ്‍ സാരികളുടെ കാര്യം വല്ല്യ കഷ്ടത്തിലായീട്ടോ...
ടീച്ചര്‍മാരെ വളയ്ക്കാന്‍ തയാറായി മോടിയുള്ളതും വിലകുറഞ്ഞതുമായ ചുരിദാറുകള്‍ രംഗത്തുവരുന്നതോടെ ഈ പാവം സാരികള്‍ക്ക്‌ വല്ല കുണ്ടിലും പോയി ഒളിക്കുകയേ ഇനി തരമുള്ളു ; നോ ഡൗട്ട്‌
ങാഹാ,പറഞ്ഞില്ലെന്നു വേണ്ട,
' ഗുരുവായൂര്‍ സ്പെഷലും' ഉടനെ കടകളിലെത്തും.
ഗുരുവായൂര്‍ സ്പെഷലും ടീച്ചേഴ്സ്‌ സ്പെഷലുമൊക്കെ എത്തുമ്പോ മാവേലിനാട്‌വാണിടും കാലമല്ലേ മാഷേ വരാമ്പോകുന്നേ.!.ടീച്ചറും കുട്ട്യോളും ഒന്നുപോലെ.!!.കള്ളവുമില്ല ചതിയുമില്ല എള്ളോളമില്ല ഡിസൈന്‍ വിത്യാസം.!!!
( പറയുമ്പോ എല്ലാം പറയണമല്ലോ, സ്ലിറ്റിന്റെ കാര്യത്തിലിത്തിരി തര്‍ക്കം ബാക്കിയൊണ്ട്‌.അത്‌...അത്‌... സാരമില്ലന്നേ....ചര്‍ച്ച ചെയ്താല്‍ പരിഹരിക്കാമ്പറ്റാത്ത സ്ലിറ്റ്‌ ഏതാ ഉള്ളത്‌.?.ഉം ം ം ! മാഷെന്തിനാ ചിരിക്കുന്നേ ? വേണ്ടാട്ടോ , ഇനിയത്തരം നാട്യമൊന്നും ഞങ്ങടടുത്ത്‌ ചെലവാകില്ലാട്ടോ ...)
' നിയമോം കോടതി വിധീമൊക്കെ വന്നതല്ലേ. ആയിക്കോ.. ആയിക്കോ ... പക്ഷേ ഇപ്പോഴത്തെ കോളജ്‌ കുട്ട്യോളിടുന്നതുപോലെ 'ഞെട്ടിക്കുന്ന' ഡിസൈനുകള്‍ ഇട്ട്‌ ടീച്ചര്‍മാര്‍ സ്കൂളുകളിലേക്കു പോകരുതെന്നു ശഠിക്കുന്ന ശപ്പന്മാരും ശപ്പത്തികളും നമ്മുടെ കൂട്ടത്തിലൊണ്ട്‌..
വിവരം കെട്ടവര്‍ഗ്ഗം ! അല്ലാതെന്തു പറയാനാ.?.മാഷ്‌ പറ..
പിന്നെ മറ്റൊരു രഹസ്യം പറയട്ടെ, മാഷാരോടും പറയാമ്പോകേണ്ട
'ടീച്ചറെ കണ്ടാല്‍ പ്രായം തോന്നുകയേയില്ല' എന്ന്‌ ക്ലാസിലെ ചില വിരുതന്‍മാരുടെ കമന്റൊക്കെ കേള്‍ക്കുമ്പോള്‍ ഒരൊരു ഉള്‍ക്കുളീര്‌ തോന്നറുണ്ടെന്നത്‌ സത്യം - സാരിചുറ്റുമ്പോള്ളുള്ളതിലും പാതി പ്രായമേ ഇപ്പോള്‍ തോന്നിക്കൂ!
അതത്ര ചില്ലാറക്കാര്യമല്ലെല്ലോ..നേട്ടം തന്നെയല്ലേ.മാഷേ..?
സാരിയുടുക്കുമ്പോ ചെറുപ്പം തോന്നിപ്പിക്കാന്‍
എന്തെല്ലാം എവിടെയെല്ലാം കുത്തിത്തിരുകി വയ്ക്കണോന്നറിയ്‌വോ , പുരുഷന്മാര്‍ക്ക്‌ ?
'ദര്‍ശന സുഖം സര്‍വ സുഖാല്‍ പ്രധാനം 'എന്നുരുവിട്ട്‌ വായീനോക്കി നടന്നാപ്പോരെ നിങ്ങള്‍ക്ക്‌..?
എന്നാല്‍ ചുരിദാര്‍ ചില വീടുകളില്‍ ചില ആഭ്യന്തര പ്രശ്നങ്ങള്‍ക്ക്‌ കളമൊരുക്കിയിട്ടില്ലെന്നും പറയാനുമ്പറ്റൂലാട്ടോ. .
സാരിയായിരുന്നേല്‍ വീട്ടിലെ സ്ത്രീജനങ്ങള്‍ക്കെല്ലാം മാറിമാറി ഉടുക്കാമായിരുന്നു.
ചുരിദാറിന്റെ കാര്യത്തില്‍ അത്തരം അഡ്ജസ്റ്റുമെന്റൊന്നും പറ്റില്ല .
അമ്മേടെ ചുരിദാര്‍ മോളും മോള്‍ടെ ചുരിദാര്‍ അമ്മേം ഇടുന്ന സമ്പ്രദായം തല്‍ക്കാലം നടപ്പില്ല.
ആ ഒരു പ്രശ്നം , പ്രശ്നം തന്നെയാണെങ്കിലും ചുരിദാറിനെ വിട്ടൊരുകളിക്കും ഞങ്ങളില്ല-
പറഞ്ഞില്ലെന്നു വേണ്ട..
എന്തൊക്കെ ആരോപണം ഉന്നയിച്ചാലും
ആകെ- മൊത്തം-ടോട്ടല്‍ നോക്കുമ്പോള്‍ ചുരിദാര്‍ ലാഭം തന്നെയാ മാഷെ.. ഉത്തരേന്ത്യയില്‍നിന്നെത്തി ദക്ഷിണേന്ത്യയെയാകെ കീഴടക്കിയ
ഒരു വസ്ത്രമല്ലേ നമുക്കുള്ളൂ.
അതു ചുരിദാറാല്ലേ?.
ചുരിദാര്‍ തന്റെ പഴുതടച്ച തന്ത്രങ്ങളിലൂടെ
കേരളത്തെ പിടിച്ചടക്കാന്‍ ഒരുങ്ങുമ്പോള്‍
നമ്മളെന്തിന്‌ മുഖം തിരിച്ചു നില്‍ക്കണം?
അങ്ങനെ ചെയ്യുമ്പോ ,
അതല്ലേ വിഭാഗിയത ?
അതല്ലേ ഫെഡറല്‍ സെറ്റപ്പിനെതിരായ രാഷ്ട്രവിരുദ്ധ നീക്കം ?
ഇന്ത്യ എന്റെ രാജ്യമല്ലേ, എല്ലാ ചുരിദാറികളും സഹോദരിമാരല്ലേ..?
അപ്പോ 'ചുരിദാര്‍ തുഛേ സലാം '
എന്നുപറയുന്നതല്ലെ
കാലഘട്ടത്തിന്റെ ആവശ്യം...?
ല്ലേ....മാഷേ..?

1 comment:

simy nazareth said...

അതന്നെ. ചുരിദാര്‍ കീ ജയ്.