Wednesday, January 28, 2009

സേന ശ്രീരാമന്റേത്‌; സമീപനം താലിബാന്റേയും

മംഗലാപുരത്തെ ഒരു പബ്ബില്‍ കഴിഞ്ഞ ഇരുപത്തിയഞ്ചാം തീയതി രാത്രി അതിക്രമിച്ചു കയറി പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ ഓടിച്ചിട്ട്‌ മര്‍ദിച്ച ശ്രീരാമസേനയുടെ നടപടി, ആതിരേ ഏറ്റവും മിതമായി പറഞ്ഞാല്‍ ' ഹൈന്ദവ-താലിബാനിസത്തിന്റെ' അഹന്തയായിരുന്നു..
മദ്യപാനവും അനാശാസ്യപ്രവര്‍ത്തനങ്ങളും നടക്കുന്നു എന്നാരോപിച്ചാണ്‌ നാല്‍പ്പതോളം വരുന്ന ശ്രീരാമ സേനാ സംഘാംഗങ്ങള്‍ പബ്ബ്‌ ആക്രമിച്ചതും പെണ്‍കുട്ടികളെയും പബ്ബ്‌ ജീവനക്കാരെയും മര്‍ദ്ദിച്ചതും.
ആതിരേ സദാചാര പൊലീസ്‌ ചമഞ്ഞ്‌ ആക്രമണം അഴിച്ചു വിട്ടവര്‍ അവകാശപ്പെടുന്നത്‌ ഭാരതീയ സംസ്കാരത്തിന്‌ നിരക്കാത്ത നടപടികളെയാണ്‌ തങ്ങള്‍ എതിര്‍ത്തതെന്നും തങ്ങളുടെ സഹോദരിമാര്‍ ഇങ്ങനെ ചെയ്താലും നിലപാടില്‍ മാറ്റമുണ്ടാവില്ല എന്നുമൊക്കെയാണ്‌ ഭാരതീയ സംസ്കാരത്തിന്റെ മറവില്‍ സവര്‍ണ ഹൈന്ദവാധിപത്യവും സംഘ പരിവാര്‍ സംഘങ്ങളും ഇന്ത്യയില്‍ കുറച്ചൊന്നുമല്ല സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്നത്കുട്ടി!. മതപരവും സാമൂഹികവുമായ ആഘോഷങ്ങളെയും ആചാരങ്ങളെയും പോലും ബ്രോക്കസ്റ്ററുടെ ഈ കട്ടിലില്‍ക്കിടത്തി സംഘട്ടനത്തിനും സംഘര്‍ഷത്തിനും അവസരമൊരുക്കുന്നത്‌ ഇവരുടെ കൗശലമാണ്‌. ഒറീസ്സയില്‍ ഗ്രഹാം സ്റ്റുവര്‍ട്ട്‌ സ്റ്റെയിന്‍സി നെയും കുഞ്ഞുങ്ങളെയും തീയിലിട്ട്‌ ചുട്ടതും അടുത്ത കാലത്ത്‌ കന്യാസ്ത്രീകളേയും ക്രൈസ്തവ ദേവാലയങ്ങള്‍ അടക്കമുള്ള സ്ഥാപനങ്ങളേയും ആക്രമിച്ചതെല്ലാം ഇത്തരത്തില്‍ ഭാരതീയ മൂല്യങ്ങള്‍ സംരക്ഷിക്കാനുള്ള ശ്രമമായിട്ടാണ്‌ ഹിന്ദു സംഘടനകള്‍ അവകാശപ്പെടുന്നതും ഉയര്‍ത്തിക്കാട്ടുന്നതും. നിര്‍ദോഷമായ വാലന്റൈന്‍ ആഘോഷത്തിനു മുകളില്‍ പോലും കാവിക്കൊടി പാറിക്കാനും വാലന്റൈന്‍ ദിനം ആഘോഷിക്കുന്നവര്‍ന്നവരെ തൃശൂലത്തുമ്പില്‍ കൊരുത്തുയര്‍ത്താനും ഈ സംഘടനകള്‍ പ്രദര്‍ശിപ്പിക്കുന്ന മൃഗീയ താല്‍പര്യം നാം വായിച്ചെങ്കിലും അറിഞ്ഞിട്ടുള്ളതാണ്‌,അല്ലേ ആതിരേ?കാവിവത്ക്കരണത്തിന്റെ ദുര്‍ഭൂതങ്ങള്‍ നടത്തുന്ന ദുര്‍മദനൃത്തങ്ങള്‍.വിവേകത്തിന്റെ സൗമ്യതകളെ തച്ചു തകര്‍ത്ത്‌ തങ്ങളുടെ നിലപാടാണ്‍ശരി യെന്ന്‌ ശഠിച്ചുകൊണ്ട്‌ രാഷ്ട്രീയ പിന്തുണയും ഭരണസൗകര്യവും മറയാക്കി രാജ്യത്ത്‌ നിലവിലിരിക്കുന്ന സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും സാഹോദാര്യത്തിന്റെയും അന്തരിക്ഷം തകര്‍ക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ്‌ ഈ ഛിദ്രശക്തികള്‍.
ഈ മാരണത്തിന്റെ മറ്റൊരു രൂപമാണ്‌ മംഗലാപുരത്ത്‌ അരങ്ങേ റിയത്‌. മദ്യപാനവും അനുബന്ധമായ അനാശാസ്യ നടപടികളും സമൂഹ വിരുദ്ധ പ്രവര്‍ത്തികളായി തന്നെയാണ്‌ ആതിരേ . എന്നാല്‍ ഒരു വിഭാഗത്തിന്‌ ഇപ്പറഞ്ഞ സാമൂഹിക വിരുദ്ധത പ്രവര്‍ത്തിക്കാന്‍ എല്ലായ്പ്പോഴും സ്വാതന്ത്ര്യമുണ്ടായിരിക്കുകയും മറ്റൊരുവിഭാഗത്തിന്‌ അത്‌ നിഷേധിക്കപ്പെടൂകയും ചെയ്യുമ്പോഴുമാണ്‌ സമീപനത്തിലെ നിക്ഷിപ്ത താല്‍പ്പര്യങ്ങളും ലക്ഷ്യങ്ങളുടെ ശുഷ്കതയും വ്യക്തമാകുന്നത്‌.
മദ്യപാനത്തിലും അനുബന്ധമായ അനാശാസ്യനടപടികളിലും ഏറ്റവും അധികം വ്യാപരിക്കുന്നത്‌ പുരുഷന്മാരാണ്‌. പുരുഷന്മാര്‍ക്ക്‌ അത്‌ ചെയ്യാമെങ്കില്‍ സ്ത്രീകള്‍ക്കും അതിനുള്ള സ്വാതന്ത്ര്യവും അവകാശവും ഉണ്ട്‌. അത്‌ അംഗീകരിച്ചുകൊടുക്കാതെയുള്ള ഏതൊരു സദാചാര സംരക്ഷണ പ്രവര്‍ത്തനവും നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ക്ക്‌ വേണ്ടിയാണെന്ന്പറഞ്ഞേ തീരൂ ആതിരേ. ഇന്ത്യയില്‍ മദ്യപാനം നിഷിദ്ധമല്ല. അപ്പോള്‍ സ്ത്രീകള്‍ മദ്യപിക്കുന്നതില്‍ എന്തിനാണിത്ര ധാര്‍മീക രോഷം കൊള്ളുന്നത്‌.
മദ്യപാനം സൃഷ്ടിക്കുന്ന സാമ്പത്തികവും സാമൂഹികവും കുടുംബപരവുമായ പ്രശ്നങ്ങള്‍ വിസ്മരിച്ചുകൊണ്ടല്ല ഈ ചോദ്യങ്ങള്‍ ഉന്നയിക്കുന്നത്‌. സമൂഹത്തെ കാര്‍ന്നു തിന്നുന്ന ദോഷങ്ങളിലൊന്നാണ്‌ മദ്യപാനം എന്നും ആവര്‍ത്തിക്കട്ടേ. . എന്നാല്‍, ആതിരേ, ഇന്ത്യയില്‍ നിയമം മൂലം നിരോധിച്ചിട്ടില്ലാത്ത മദ്യപാന സ്വാതന്ത്ര്യം പുരുഷനുള്ളതുപോലെ സ്ത്രീക്കുമുണ്ട്‌ എന്നുതന്നെയാണ്‌ പറഞ്ഞുവെയ്ക്കുന്നത്‌. ഈ സ്വാതന്ത്ര്യം നിഷേധിക്കുമ്പോഴാണ്‌ അതിനെ ചൂഷണമെന്നും അടിച്ചമര്‍ത്തലെന്നും വിശേഷിപ്പിക്കേണ്ടിവരുന്നത്‌.
മദ്യപാനവും അനുബന്ധമായ അനാശാസ്യ നടപടികളും പരസ്യമായി അരങ്ങേറുന്ന സ്ഥലങ്ങളും സ്ഥാപനങ്ങളും ഇന്ത്യയിലെ കുഗ്രാമങ്ങളിലും വന്‍ നഗരങ്ങളിലുമുണ്ട്‌. കൂലിപ്പണിക്കാര്‍ മുതല്‍ ഉന്നത രാഷ്ട്രീയ നേതാക്കന്മാര്‍ വരെ ഇതിലഭിരമിക്കുന്നുമുണ്ട്‌. അപ്പോഴൊന്നും അവരോടൊന്നും തോന്നാത്ത ദേഷ്യവും പ്രതിഷേ ധവും മംഗലാപുരത്തെ ചില പെണ്‍കുട്ടികളോട്‌ പ്രദര്‍ശിപ്പിച്ചത്‌ തീര്‍ച്ച യായും സദുദ്ദേശ്യപരമായിരുന്നില്ല. സ്ത്രീകളെ അടിച്ചമര്‍ത്താനുള്ള പുരുഷന്റെ മൃഗീയസക്തിയുടെ കെട്ടഴിക്കലായിരുന്നു അവിടെ കണ്ടത്‌. ഇതിനെയാണ്‌ താലിബാനൈസേഷന്‍ എന്ന്‌ വിശേഷിപ്പിക്കുന്നത്‌.
എന്തുകൊണ്ടാണ്‌ നമ്മുടെ യുവജനങ്ങള്‍ ഇത്തരം സാമൂഹിക തിന്മകളിലേക്ക്‌ ആകൃഷ്ടരാകുന്നത്‌? എന്തുകൊണ്ടാണ്‌ ലഹരി മാഫിയ സാമൂഹിക ജീവിതത്തില്‍ പിടിമുറുക്കുന്നത്‌? ഈ സമസ്യകളുടെ പൂരണം തിരയുമ്പോഴാണ്‌ ആതിരേ, കുറ്റവാളികള്‍ ഇപ്പോള്‍ പ്രതികളാക്കപ്പെട്ടവരെല്ലന്നും മറിച്ച്‌ സദാചാര - സംസ്കാര സംരക്ഷണത്തിന്‌ ആഹ്വാനം ചെയ്യുന്ന സംഘടനകളും നേതാക്കളുമാണെന്നുമുള്ള തിരിച്ചറിവുണ്ടാകുക.
സമൂഹിക വിരുദ്ധപ്രവര്‍ത്തികളില്‍ നിന്ന്‌ മനുഷ്യനെ തടയാനാണ്‌ മതവും കലയും രാഷ്ട്രീയവും നിയമവും ഉള്ളത്‌. എന്നാല്‍, ഈ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ബഹുമാന്യരായ വ്യക്തികളേയും സംഘടനകളേയും വിശകലനത്തിന്‌ വിധേയരാക്കുമ്പോഴാണ്‌ ഇന്ത്യയിലെ ചെറുപ്പക്കാര്‍ അനുവര്‍ത്തിക്കുന്നതെന്ന്‌ ആരോപിക്ക പ്പെടുന്ന അനാശാസ്യ നടപടികളെ ലജ്ജിപ്പിക്കുന്ന തരത്തിലുള്ള തെളിവുകള്‍ ലഭിക്കുക. ആശ്രമങ്ങളുടെയും ധ്യാനകേന്ദ്രങ്ങളുടെയും ദര്‍ഗകളുടെയും മറവില്‍ മയക്കുമരുന്നു വ്യാപാരവും ആയുധ വ്യാപാരവും പെണ്‍വാണിഭവും നടത്തുന്നവരും അതിന്റെ ലാഭം എണ്ണിവാങ്ങുന്നവരുമാണ്‌ സദാചാരത്തിന്റെ അപ്പോസ്തലന്മാരായും സംരക്ഷകരായും സദാചാര പൊലീസായും രംഗത്തെത്തുന്നത്‌. ഈ കള്ളക്കളിയാണ്‌ ആതിരേ,ആദ്യം അവസാനിപ്പിക്കേണ്ടത്‌. ക്രിസ്തു പറഞ്ഞതു പോലെ സ്വന്തം കണ്ണിലെ കോലെടുത്തിട്ട്‌ മതി അന്യന്റെ കണ്ണിലെ കരടെടുക്കാനുള്ള ശ്രമം.
സ്ത്രീകള്‍ക്കെതിരായുള്ള അതിക്രമവും ചൂഷണവും ലൈംഗീകമുതലെടുപ്പും സമൂഹത്തിന്റെ എല്ലാ തലങ്ങളിലും ഇന്ന്‌ ഭയാനകമായ വിധത്തില്‍ ശക്തമാണ്‌. വീടുകളില്‍ നിന്ന്‌ ,രക്ത ബന്ധങ്ങളില്‍ നിന്നുപോലും ഏല്‍ക്കുന്ന ഈ പീഡന പരമ്പരകളില്‍ നിന്ന്‌ അവര്‍ക്ക്‌ മോചനമില്ല. ലഭിക്കുന്ന അവസരങ്ങളെല്ലാം സ്ത്രീപീഡനത്തിനായി സംവരണം ചെയ്യാന്‍ കൊതിക്കുന്ന പുരുഷമേധാവിത്വത്തിന്റെ പൊട്ടിയൊലിക്കലുകളാണ്‌ ആതിരേ, മംഗലാപുരത്തേതുപോലുള്ള ആക്രമണങ്ങള്‍ക്ക്‌ കാരണം. ഈ ക്രിമിനല്‍ സ്വഭാവത്തില്‍ നിന്ന്‌ പുരുഷവര്‍ഗം മോചിതമാവാതെ ഈ പറയുന്ന ലഹരി ആസക്തിയും അനാശാസ്യ പ്രവണതയൊന്നും മര്‍ദ്ദനം കൊണ്ട്‌ അവസാനിപ്പിക്കാന്‍ കഴിയുകയില്ല. നിയമം കൈയിലെടുക്കാന്‍ ആര്‍ക്കും ഇന്ത്യന്‍ ഭരണഘടന അധികാരം നല്‍കുന്നില്ല. അതേസമയം, ചൂഷണത്തിനും പീഡനത്തിനും വിധേയമാകുന്ന സ്ത്രീസംരക്ഷണത്തിന്‌ നിരവധി പുതിയ നിയമങ്ങള്‍ രൂപം കൊടുത്തിട്ടുമുണ്ട്‌.എന്നാല്‍ അത്‌ നിടപ്പിലാക്കേണ്ട ഉത്തരവാദിത്തവും അത്‌ നടപ്പിലാക്കുന്നതിന്റെ മേല്‍ നോട്ടവും പുരുഷന്മാര്‍ക്കായതു കൊണ്ട്‌ ഈ നിയമങ്ങള്‍ പോലും സ്ത്രീ പീഡനങ്ങള്‍ക്കുവേണ്ടി ദുരുപയോഗം ചെയ്യുന്ന അവസ്ഥയാണ്‌ ഇന്ത്യയിലുള്ളത്‌. എന്തുകൊ ണ്ടാണ്‌ ഈ ഇരുണ്ട മേഖലകളിലേയ്ക്കൊന്നും ശ്രീരാമസേനകളെ പ്പോലെയുള്ള സംസ്കാര-സദാചാര സംരക്ഷകരുടെ നോട്ടം പതിയാത്തത്‌ ആതിരേ? ശ്രദ്ധയെത്താത്തത്കുട്ടി?.
അപ്പോള്‍ ഒരു കാര്യം വ്യക്തം. സ്ത്രീയെ അടിച്ചമര്‍ത്താനുള്ള കൊതിയും സ്ത്രീ പുരുഷനോടൊപ്പം സ്വതന്ത്രയായാലുണ്ടാകാവുന്ന അപകര്‍ഷവുമൊക്കെയാണ്‌ ഇത്തരം സദാചാര-സംസ്കാര സങ്കല്‍പ്പനങ്ങളായി രൂപം കൊള്ളുന്നതും അതിന്റെ മറവില്‍ സ്ത്രീപീഡനം ചങ്ങലക്കെട്ടഴിച്ച്‌ തെരുവിലെത്തുന്നതും.
നിരോധിക്കേണ്ടത്പുരുഷ മൃഗീയതകളെ ശാശ്വതീകരിക്കുന്ന ഇത്തരം സംഘടനകളേയും അവരുടെ പ്രവര്‍ത്തനങ്ങളേയുമാണ്‌ .ആതിരേ ,നിയമപരമായി ഇന്ത്യയില്‍ ഇന്ത്യന്‍ ഭരണഘടന ഇന്ത്യന്‍ പൗരനായ പുരുഷന്‌ അനുവദിച്ചിട്ടുള്ള എല്ലാ സ്വാതന്ത്ര്യവും സ്ത്രീകള്‍ക്കുകൂടി അനുഭവിക്കാനുള്ളതാണെന്ന്‌ ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുന്നു. അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലും മതതീവ്രവാദത്തിന്റെ ദുഷ്ടമുനകളോടെ സ്ത്രീകളെയും സ്ത്രീ സ്വാത ന്ത്ര്യത്തെയും അടിച്ചമര്‍ത്തുന്ന ഇസ്ലാമിക താലിബാനിസം സവര്‍ണ ഹൈന്ദവ ചിന്തകളിലൂടെ ഭാരതത്തിലേക്ക്‌ വ്യാപിക്കുന്നതിന്റെ അപായകരമായ സൂചനയായിട്ടു വേണം ആതിരേ, മംഗലാപുരം സംഭവത്തെ വിലയിരുത്തേണ്ടത്‌.. ജാഗ്രത്തായി ഇരുന്നില്ലെങ്കില്‍ ഇതേ അനുഭവ ങ്ങള്‍ സാക്ഷരകേരളത്തിലും അരങ്ങേറാന്‍ നാളുകള്‍ അധികം വേണ്ടിവരില്ല.

Monday, January 26, 2009

പിണറായി അഴിമതി നടത്തിയിട്ടില്ലെന്നു പറഞ്ഞാല്‍......

സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും പരീക്ഷണങ്ങള്‍ നിറഞ്ഞ നാളുകളായിരിക്കും ,ആതിരേ ഇനിയുള്ളവ. കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കേസിലെ ഒമ്പതാം പ്രതിയായി സിബിഐ വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന്റെ പേരാണ്‌ ചേര്‍ത്തിട്ടുള്ളത്‌.
മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെ ചരിത്രത്തിലും ഇതൊരു അപൂര്‍വ്വമായ കറുത്ത ഏടാവുകയാണ്‌. പോളീറ്റ്‌ ബ്യൂറോ മെമ്പറും പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയുമായ വ്യക്തിയുടെപേരിലാണ്‌ അഴിമതി ആരോപണം ഉന്നയിക്കപ്പെട്ടിരിക്കുന്നത്‌. മുന്‍കാലങ്ങളില്‍ രാഷ്ട്രീയക്കാര്‍ക്കെതിരെ റിപ്പോര്‍ട്ടു ചെയ്തിരുന്ന അഴിമതി കേസുകളില്‍ നിന്ന്‌ പലതുകൊണ്ടും സവിശേഷമാണ്‌ എസ്‌എന്‍സി ലാവ്ലിന്‍ അഴിമതി കേസ്‌. രണ്ടു രാഷ്ട്രങ്ങള്‍ അതിലൊന്ന്‌ വിദേശം, രണ്ട്‌ പൊതുമേഖലാ സ്ഥാപനവും ഒരു സ്വകാര്യസ്ഥാപനവും അതിലൊന്ന്‌ വിദേശം, ഇടപാടെല്ലാം വിദേശത്തുവെച്ച്‌ പണമിടപാടില്‍ കടുത്ത ദുര്‍ഗ്രാഹ്യതയും ദുരൂഹതയും. നിര്‍ണ്ണായകമായ വിവരങ്ങള്‍ മന്ത്രിസഭയില്‍ നിന്ന്‌ മറച്ചുവെച്ചുകൊണ്ടുള്ള കരാര്‍ ഏര്‍പ്പെടല്‍, കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ചട്ടങ്ങള്‍ നഗ്നമായി ലംഘിക്കല്‍, ഇതിനായി ക്രിമിനല്‍ ഗൂഢാലോചന എന്നിവയെല്ലാമാണ്‌ എസ്‌എന്‍സി ലാവ്ലിന്‍ കേസ്സിലെ പ്രത്യേകതകള്‍. ശിക്ഷാര്‍ഹമായത്‌ ജാമ്യം ലഭിക്കാന്‍ അര്‍ഹതയില്ലാത്തതുമായ ഈ കുറ്റങ്ങളെല്ലാം പിണറായി വിജയന്‍ ചെയ്തിരിക്കുന്നു എന്നാണ്‌ സിബിഐ കണ്ടെത്തിയിരിക്കുന്നത്‌.
സാധാരണഗതിയില്‍ ഇത്തരം വിവാദവിഷയങ്ങളും അഴിമതി ആരോപണങ്ങളും ഉണ്ടാകുമ്പോള്‍ നിയമം അതിന്റെ വഴിക്കുപോകും എന്ന നിലപാടായിരുന്നു മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി സ്വീകരിച്ചിരുന്നത്‌. എസ്‌എന്‍സി ലാവ്ലിന്‍ പ്രശ്നം നിയമസഭയില്‍ കോളിളക്കം സൃഷ്ടിച്ചപ്പോള്‍ പിണറായി വിജയന്‍ തന്നെ ഏതന്വേഷണവും നേരിടാന്‍ താനും പാര്‍ട്ടിയും സന്നദ്ധമാണെന്ന്‌ പ്രതിപക്ഷത്തെ വെല്ലുവിളിക്കുന്ന മട്ടില്‍ അംഗീകരിച്ചിട്ടുള്ളതാണ്‌. സഭയ്ക്കു പുറത്ത്‌ മാര്‍ക്സിസ്റ്റ്‌ നേതാക്കള്‍ ഇതേ നിലപാട്‌ തന്നെയാണ്‌ സ്വീകരിച്ചിരുന്നത്‌.
എന്നാല്‍ , ആതിരേ കേസിന്റെ അന്വേഷണം സിബിഐയ്ക്ക്‌ വിടാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തീരുമാനിച്ചതോടെ അതിശയകരമായ മലക്കം മറിച്ചിലാണ്‌ പിണറായി വിജയനും പാര്‍ട്ടിയും നടത്തിയത്‌. ഹൈക്കോടതിയില്‍ ഇതു സംബന്ധിച്ച ഹര്‍ജി തീര്‍പ്പിനു വന്നപ്പോള്‍ സര്‍ക്കാര്‍ ചിലവില്‍ ലക്ഷങ്ങള്‍ മുടക്കി സുപ്രിംകോടതിയില്‍ നിന്ന്‌ അഭിഭാഷകരെ കൊണ്ടുവന്നാണ്‌ പാര്‍ട്ടി നിയമ യുദ്ധം നടത്തിയത്‌. എന്നാല്‍ വാദം കേട്ട അന്നത്തെ കേരള ഹൈക്കോടതി ചീഫ്‌ ജസ്റ്റീസ്‌ വി.കെ.ബാലിയും ജസ്റ്റീസ്‌ കെ.ജി. കോശിയും അടങ്ങുന്ന ഡിവിഷന്‍ ബഞ്ച്‌ സിബിഐ അന്വേഷണത്തിന്‌ ഉത്തരവിടുകയായിരുന്നു.അന്നു ഡിവൈഎഫ്‌ഐസഖാക്കള്‍ ഉറഞ്ഞു തുള്ളിയതും ജസ്റ്റിസ്‌ വി.കെ ബാലിയെ പ്രതീകാത്മകമായി നാടുകടത്തിയതും ഇവിടെ ഓര്‍മ്മിക്കുക
മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെ സമുന്നതരായ നേതാക്കളില്‍ ഒരാളാണ്‌ പിണറായി വിജയന്‍. കഠിനജീവിതപാതകള്‍ താണ്ടിയും കടുത്ത പോരാട്ടം നടത്തിയുമാണ്‌ അദ്ദേഹം ഉന്നതമായ സ്ഥാനത്തെത്തിയത്‌. താന്‍ വിശ്വസിക്കുന്ന ആശയസംഹിതകള്‍ക്ക്‌ എതിരായി ഉയരുന്ന ഒരു നിലപാടിനോടും അനുരജ്ഞനപ്പെടാതെ കറതീര്‍ന്ന കമ്യൂണിസ്റ്റ്‌ മൂല്യങ്ങള്‍ മുറുകിപ്പിടിച്ച്‌ സമരപഥങ്ങളില്‍ തീപ്പന്തമായി ജ്വലിച്ച്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെയും അണികളുടെയും കണ്ണിലെ കൃഷ്ണമണിയായ സഖാവാണ്‌ അദ്ദേഹം. നായനാര്‍ മന്ത്രിസഭയില്‍ വിദ്യുഛക്തി മന്ത്രിയായി ഭരണരംഗത്തും തനിക്കുള്ള മികവ്‌ തെളിയിച്ച്‌ ശത്രുക്കളുടെ വരെ ആദരം നേടിയ പരിണതപ്രജ്ഞകൂടിയാണ്‌ പിണറായി വിജയന്‍. കേരളം വൈദ്യുതി ദൗര്‍ലഭ്യത്തില്‍ ദുരിതമനുഭവിച്ചപ്പോള്‍ അതില്‍ നിന്ന്‌ സംസ്ഥാനത്തെ മോചിപ്പിച്ച്‌ വെളിച്ചം എല്ലായിടത്തും എത്തിച്ച ആധുനിക പ്രൊമിത്യൂസ്‌ ആയിട്ട്‌ വിശേഷിപ്പിക്കപ്പെടാവുന്ന വ്യക്തികൂടിയാണ്‌ പിണറായി വിജയന്‍.
എന്നാല്‍ ഈ വിശേഷണങ്ങളും മികവുകളും ആത്മര്‍ത്ഥതയുമൊന്നും ഇപ്പോള്‍ അദ്ദേഹം പതിച്ചിരിക്കുന്ന ഗര്‍ത്തത്തില്‍ നിന്ന്‌ അദ്ദേഹത്തെ രക്ഷിക്കാന്‍ പര്യാപതമേയല്ല, കാരണം ക്രിമിനല്‍ ഗൂഢാലോചനയും വഞ്ചനയും നടത്തി കോടികളുടെ നഷ്ടം സംസ്ഥാനഖജനാവിന്‌ വരുത്തിവെച്ച വ്യക്തിയായിട്ടാണ്‌ സിബിഐയുടെ കുറ്റപത്രത്തില്‍ പിണറായിയുടെ സ്ഥാനം.
ആതിരേ ഈ വിവരം പുറത്തുവന്നതോടെ ആഭ്യന്തരമന്ത്രിയും പോളിറ്റ്ബ്യൂറോയും അടക്കമുള്ളവര്‍ പ്രകടിപ്പിച്ച അസഹിഷ്ണുതയും സ്വീകരിച്ച നിലപാടും പൊതുസമൂഹത്തെക്കൊണ്ട്‌ സിബിഐ പറയുന്നതില്‍ സത്യമില്ലേ എന്ന്‌ ചിന്തിപ്പിക്കാനാണ്‌ സഹായകമായത്‌. മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയെ തകര്‍ക്കാനുള്ള യുപിഎ സര്‍ക്കാരിന്റെയും കോണ്‍ഗ്രസിന്റെയും കമ്യുണിസ്റ്റ്‌ വിരുദ്ധശക്തികളുടെയും ഗൂഢാലോചനയാണ്‌ ഈ കേസിലെ കുറ്റപത്രമെന്ന്‌ നേതാക്കന്മാര്‍ അവകാശപ്പെടുമ്പോള്‍ ഗ്രൂപ്പ്‌ വ്യത്യാസമില്ലാതെ അണികള്‍ പോലും ഊറിച്ചിരിക്കുകയാണ്‌. ഇവിടെ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയെയല്ല എസ്‌എന്‍സി ലാവ്ലിന്‍ കേസില്‍പ്രതിയാക്കിയിട്ടുള്ളത്‌. എസ്‌എന്‍സി ലാവ്ലിന്‍ കമ്പനിയുമായി കരാറില്‍ ഒപ്പിട്ട വിദ്യുച്ഛക്തി മന്ത്രിയായിരുന്ന പിണറായി വിജയനാണ്‌ പ്രതിസ്ഥാനത്ത്‌ നില്‍ക്കുന്നത്‌. തികച്ചും വ്യക്തിപരമാണ്‌ സംഭവം. അതിനെ പാര്‍ട്ടിയുമായി ബന്ധിപ്പിച്ച്‌ പ്രതിരോധ തന്ത്രങ്ങള്‍ ആവിഷ്ക്കരിക്കുന്നത്‌ നിലനില്‍പിന്‌ ഉതകിയേക്കും. പക്ഷേ പിണറായി വിജയനെന്ന കമ്യൂണിസ്റ്റ്‌ നേതാവിന്റെ വിശ്വാസ്യത വീണ്ടെടുക്കാന്‍ ഒരിക്കലും ഈ നിലപാട്‌ സഹായകമാവുകയില്ല.
തെരഞ്ഞെടുപ്പ്‌ അടുത്തപ്പോള്‍ പിണറായിയേയും പാര്‍ട്ടിയേയും ഒറ്റപ്പെടുത്താനും ഒതുക്കാനും പാര്‍ട്ടി വിരുദ്ധ ശക്തികള്‍ കണ്ടെത്തിയ കുതന്ത്രമാണ്‌ ഇതെന്ന ആരോപണവും ഇതിലും മൗഢ്യമാണ്‌ . ഹൈക്കോടതി നിര്‍ദ്ദേശിച്ച പ്രകാരമാണ്‌ സിബിഐ അന്വേഷണം നടത്തി റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചത്‌. അത്‌ തെരഞ്ഞെടുപ്പു കാലത്ത്‌ ആയതിന്‌ അവര്‍ കുറ്റക്കാരല്ല. തെരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തി അഴിമതി ആരോപണങ്ങളെയും അന്വേഷണങ്ങളെയും സമീപിച്ചാല്‍,ആതിരേ കേരളത്തില്‍ 2011 കഴിയാതെ ഇത്തരം കേസുകളില്‍ ഒരന്വേഷണവും നടത്താന്‍ ഒരു ഏജന്‍സിക്കും കഴിയുകയില്ല. അടുത്തുവരുന്ന ലോകസഭ ഇലക്ഷന്‍ കഴിഞ്ഞാല്‍ പഞ്ചായത്ത്‌ ഇലക്ഷന്‍. പിന്നെ നിയമസഭാ ഇലക്ഷന്‍. അങ്ങനെ തെരഞ്ഞെടുപ്പുകള്‍ക്കുവേണ്ടി അഴിമതി ആരോപണങ്ങളും അന്വേഷണങ്ങളും മാറ്റിവെയ്ക്കേണ്ടി വരുന്നത്‌ കുറ്റവാളികളെ ശിക്ഷിക്കാനാല്ല, രക്ഷിക്കാനുള്ള നടപടിയായി തീരുമെന്ന കാര്യത്തില്‍ മാര്‍ക്സിസ്റ്റ്‌ അണികള്‍ക്കുപോലും സംശയമുണ്ടാകില്ല, ആതിരേ
പിണറായിക്കെതിരെ ഉയര്‍ന്നിട്ടുള്ള അഴിമതി ആരോപണത്തെ രാഷ്ട്രിയമായി നേരിടുമെന്നാണ്‌ പോളീറ്റ്ബ്യൂറോയും സംസ്ഥാന നേതൃത്വവും ഔദ്ധത്യത്തോടെ അവകാശപ്പെടുന്നത്‌. ഇതിനായി പ്രചണ്ഡമായ പ്രചാരണപരിപാടികള്‍ക്കാണ്‌ ബ്രാഞ്ച്‌ തലം മുതല്‍ രൂപം കൊടുത്തിട്ടുള്ളത്‌. ഈ പ്രചാരണങ്ങള്‍ കേരളീയരുടെ സ്വസ്ഥത തകര്‍ക്കുന്ന നാളുകളാണ്‌ ഇനിവരാനിരിക്കുന്നത്‌. ഒപ്പം അഴിമതിവീരനായ പിണറായി വിജയന്‍ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട്‌ യുഡിഎഫിലെ ഘടകകക്ഷികളും ബിജെപിയും പ്രത്യക്ഷസമരപരിപാടികള്‍ക്ക്‌ തയ്യാറെടുക്കുകയാണ്‌. ഭരണ പ്രതിപക്ഷപാര്‍ട്ടികളുടെ ഈ പ്രക്ഷോഭങ്ങള്‍ സാധാരണക്കാരുടെ സഞ്ചാരസ്വാതന്ത്ര്യം ഉള്‍പ്പെടെയുള്ള പൗരവകാശങ്ങളില്‍ കടന്നുകയറ്റം നടത്താന്‍ പോവുകയാണ്‌. ഒരു നേതാവിനെതിരെ രാജ്യത്തെ പരമോന്നത അന്വേഷണ ഏജന്‍സി, ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ കുറ്റപത്രം തയ്യാറാക്കിയാല്‍ അതിനെ പാര്‍ട്ടി അണികളെ തെരുവിലിറക്കി പ്രക്ഷോഭം സംഘടിപ്പിക്കുന്നത്‌ ഒരു കീഴ്‌വഴക്കമായാല്‍ എന്തായിരിക്കും സ്ഥിതി.
ആതിരേ, പാമോയില്‍ കേസ്സില്‍ കരുണാകരനേയും, ബ്രഹ്മപുരം അഴിമതിയില്‍ സി.വി പദ്മരാജനേയും, ഇടമലയാര്‍ കേസ്സില്‍ ആര്‍.ബാലകൃഷ്ണപിള്ളയേയും കരിയാര്‍കുറ്റി-കാരപ്പാറ കേസ്സില്‍ ടി.എം ജേക്കബിനേയും എത്രയോ കാലം നിറുത്തിപ്പൊരിച്ചതാണ്‌ പിണറായി വിജയനും കൂട്ടരും ആതിരേ..അവരാരും അന്ന്‌ ആ ആരോപണങ്ങളെ നേരിടാന്‍ അണികളെ തെരുവിലിറക്കിയിട്ടില്ല.എന്നാല്‍ ആത്മഹത്യാപരമായ കീഴ്‌വഴക്കം സൃഷ്ടിക്കാനൊരുങ്ങുകയാണ്‍പിണറായിയും പോളിറ്റ്ബ്യൂറോയും.ഇപ്പോള്‍ തന്നെ പോലിസ്‌ സ്റ്റേഷന്‍ ആക്രമിച്ച്‌ പ്രതിക ളെ രക്ഷിക്കുന്ന തെമ്മാടിത്തത്തിന്‌ പാര്‍ട്ടിയും യുവജന സംഘടനയും തുടക്കമിട്ടിട്ടുണ്ടെന്ന്‌ ഒര്‍ക്കണം.ഇനി അഴിമതിക്കാരനായ ഒരു രാഷ്ട്രീയ നേതാവിനെതിരെ ഒരന്വേഷണവും നടത്തരുതെന്നും നടത്താന്‍ അനുവദിക്കില്ലെന്നുമുള്ള ബീഭത്സതയ്ക്ക്‌ ആരംഭം കുറിക്കുകയാണ്‌ പിണറായിയും അണികളും
ഇതൊന്നും തന്നെ പിണറായി വിജയന്റെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കാന്‍ സഹായകമായ നടപടികളല്ല. ഇവിടെ തനിക്കെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ എം.പി. സ്ഥാനം രാജിവെയക്കുകയും ആരോപണമുക്തനാകുന്നതുവരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയില്ലെന്ന്‌ പ്രതിജ്ഞയെടുത്ത ബിജെപി നേതാവ്‌ ലാല്‍കൃഷ്ണ അഡ്വാനിയുടെ മാതൃകയാണ്‌ ആദരമര്‍ഹിക്കുന്നത്‌. ഇക്കാര്യം ചൂണ്ടിക്കാട്ടുന്നവരെ അബ്ദുള്ളക്കുട്ടിയാക്കാനുള്ള ശ്രമം മാര്‍ക്സിസ്റ്റ്പാര്‍ട്ടിക്കോ പിണറായി വിജയനോ ഭൂഷണമല്ല. മാന്യമായി, ഇപ്പോള്‍ വഹിക്കുന്ന പദവി രാജിവെച്ച്‌ കേസ്‌ അന്വേഷണത്തെ നേരിട്ട്‌ തന്റെ നിരപരാധിത്വം തെളിക്കാനാണ്‌ പിണറായി വിജയന്‍ തയ്യാറാകേണ്ടത്‌. അല്ലാത്തപക്ഷം പാര്‍ട്ടിക്കുള്ളില്‍ നിന്നും പൊതുസമൂഹത്തില്‍ നിന്നും ഉയരുന്ന സമ്മര്‍ദ്ദത്തിനുവഴങ്ങി, പാര്‍ട്ടിയുടെ പഞ്ചാബ്‌ സംസ്ഥന സെക്രട്ടറി ബല്‍വന്ത്‌ സിംഗിനെ പുറത്താക്കിയതുപോലെ കടുത്ത നടപടിയെടുക്കാന്‍ പോളിറ്റ്‌ ബ്യൂറോ നിര്‍ബ്ബന്ധിതമായാല്‍ പിണറായി വിജയന്‌ ഈ ആരോപണങ്ങള്‍ക്കിടയില്‍ പോലും ലഭിച്ചുകൊണ്ടിരിക്കുന്ന അംഗീകാരവും ബഹുമാനവും എന്നേയ്ക്കുമായി നഷ്ടപ്പെടും.
അങ്ങനെ തള്ളിക്കളയാനുള്ള വ്യക്തിത്വമോ സഖാവോ അല്ല പിണറായി വിജയന്‍ എന്ന്‌ വിശ്വസിക്കുന്ന പതിനായിരങ്ങള്‍ കേരളത്തിലും കേരളത്തിനു പുറത്തുമുണ്ട്‌.എന്നാല്‍ സമ്പദ്‌ സമാഹരണത്തിനിടയില്‍ കമ്മ്യൂണിസ്റ്റ്‌ മൂല്യങ്ങള്‍ പരണത്തു വച്ച അതേ ഔദ്ധത്യത്തോടെയാണ്‌ വിജയന്‍ സഖാവിനോടുള്ള ഈ ആദരത്തേയും അദ്ദേഹം പുച്ഛിക്കുന്നത്‌..
പക്ഷെ ആതിരേ ഉപ്പു തിന്നവന്‍ വെള്ളം കുടിച്ചേ മതിയാകൂ.
ഈ സമരാഭാസത്തിനൊന്നും ആ തീര്‍പ്പിനെ മറികടക്കാനാവുകയില്ല..!

Wednesday, January 21, 2009

ആനപ്പുറത്തുകയറിയാല്‍ മാത്രം പ്രസാദിക്കുന്ന ദൈവങ്ങളെയാണ്‌ തളയ്ക്കേണ്ടത്‌


ആതിരേ,
എന്നുമുതലാണ്‌ ദൈവങ്ങള്‍ ആനപ്പുറത്തു കയറാന്‍ തുടങ്ങിയത്‌...?
ദൈവങ്ങള്‍ക്കും പട്ടിയെ പേടിയാണോ?
ചോദ്യങ്ങള്‍ കേട്ട്‌ മുഖം വക്രിക്കാന്‍ വരട്ടെ
കേരളത്തില്‍ ഉത്സവകാലം ആരംഭിച്ചിരിക്കുകയാണ്‌. കൊട്ടും കുരവയും ആനയും അമ്പാരിയും കരിമരുന്നുപ്രയോഗവുമൊക്കെയായി 'ജഗപൊഹ'യായിട്ടാണ്‌ ഉത്സവങ്ങളും പെരുന്നാളുകളും കൊണ്ടാടുന്നത്‌. നല്ലകാര്യമാണ്‌. ജനങ്ങള്‍ക്കിടയിലെ സ്നേഹവും സഹകരണവും സൗമനസ്യവും ദൃഢമാക്കാന്‍ ഇത്തരം കൂടിച്ചേരലുകള്‍ ഉപകരിക്കും. വര്‍ഗീയതയുടെ വിഷം ഉള്ളില്‍ക്കൊണ്ടു നടക്കുന്നവര്‍ പോലും ഈ ദിവസങ്ങളിലെങ്കിലും അതുള്ളിലൊതുക്കിവെച്ച്‌ ആഘോഷങ്ങളില്‍ പങ്കെടുക്കാറുണ്ടല്ലോ. ഈ ഒത്തുചേരലിനുവേണ്ടി മുന്‍ഗാമികള്‍ കണ്ടെത്തിയ ഒരു ഉപായം മാത്രമായിരുന്നു ഉത്സവങ്ങളും പെരുന്നാളുകളും ചന്ദനക്കുടവും മറ്റുമൊക്കെ.
അക്കാലങ്ങളില്‍ മതപരമായ ഈ ആഘോഷങ്ങള്‍ക്ക്‌ കര്‍ശനമായ ചിട്ടയും വ്രതാനുഷ്ഠാനങ്ങളില്‍ അടിസ്ഥാനമിട്ട ആചാരങ്ങളുമൊക്കെ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഇത്തരം കൂടിച്ചേരലുകള്‍ ആശ്വാസവും ആഹ്ലാദവും ജനങ്ങള്‍ക്ക്‌ പകര്‍ന്നുനല്‍കിയിരുന്നു. എന്നാല്‍, ആതിരേ, സന്യസ്തരെ ബലാല്‍സംഗം ചെയ്തുകൊല്ലുന്ന പുരോഹിതന്മാരുടേയും ശ്രീകോവിലിലിരുന്ന്‌ മാംസം കൂട്ടി മദ്യം കഴിക്കുന്ന സന്യാസിമാരുടേയും തീവ്രവാദപ്രസ്ഥാനങ്ങളിലേക്ക്‌ യുവാക്കളെ റിക്രൂട്ട്‌ ചെയ്യുന്ന മൊല്ലക്കമാരുടേയും കാലമായപ്പോള്‍ഈ ഉത്സവങ്ങളും പെരുന്നാളുകളും ചന്ദനക്കുട ആഘോഷങ്ങളുമെല്ലാം പൊതുജനങ്ങള്‍ക്ക്‌ സഹിക്കാനാവാത്ത ശല്യമായി തീര്‍ന്നിരിക്കുകയാണ്‌. മുമ്പ്‌ ഉത്സവം-പെരുന്നാള്‍ എന്നു കേട്ടാല്‍ ആഹ്ലാദം കൊണ്ട്‌ തുള്ളിച്ചാടുന്ന കുഞ്ഞുങ്ങള്‍ക്കുപോലും ആ വാക്കുകള്‍ കേള്‍ക്കുന്നത്‌ കടുത്ത ഭയത്തിന്റെ നിമിഷങ്ങളാണ്‌ സമ്മാനിക്കുക. കാരണം അവരുടെയടക്കം സാധാരണ ജനങ്ങളുടെ മനസ്സിലേക്ക്‌ ഓടിയെത്തുന്നത്‌ മദംപൊട്ടി നില്‍ക്കുന്ന ആനയും ആ ആന വരുത്തിക്കൂട്ടുന്ന വിനയും ആനക്കൊമ്പില്‍ തൂങ്ങിയാടുന്ന പാപ്പാനും അടങ്ങുന്ന ബീഭത്സ ചിത്രങ്ങളാണ്‌ .
ഓരോ ഉത്സവവും പെരുന്നാളും ആനകള്‍ സൃഷ്ടിക്കുന്ന ഭയത്തോടെയല്ലാതെ ഇപ്പോള്‍ അവസാനിപ്പിക്കുന്നില്ല, അതിരേ. എഴുന്നള്ളിപ്പിന്‌ കൊണ്ടുവരുന്ന ആന വിരളാതെ തൃശ്ശൂര്‍ പൂരം പോലും ഇന്ന്‌ അവസാനിക്കുന്നില്ല.
ഇവിടെയാണ്‌ ആദ്യം ഉന്നയിച്ച ചോദ്യത്തിന്റെ പ്രസക്തി. ആനപ്പുറത്ത്‌ കയറിയെങ്കില്‍ മാത്രമേ ദൈവങ്ങള്‍ പ്രസാദിക്കുകയുള്ളോ?
എന്ന്‌ ഏതു ദൈവമാണ്‌ എഴുന്നള്ളപ്പിന്‌ ആന കൂടിയേ തീരു എന്ന്‌ മനുഷ്യനോട്‌ പറഞ്ഞത്‌..?
ഇല്ല ഉത്തരങ്ങള്‍ ഇല്ലാത്ത ചോദ്യങ്ങളാണ്‌ ഇവ. കാരണം ഭക്തിയുടെ മറവില്‍ നടത്തുന്ന തട്ടിപ്പുകളിലൊന്നായി മാറിയിരിക്കുന്നു എഴുന്നള്ളത്തും അതിനുള്ള ആനയെ സജ്ജമാക്കലും.
തെക്കന്‍ കേരളത്തില്‍ ഉത്സവസീസണ്‍ ആരംഭിച്ചുകഴിഞ്ഞു. തലയെടുപ്പുള്ള ആനകളെ എഴുന്നള്ളത്തിന്‌ എത്തിക്കാന്‍ ഓരോ കരക്കാരും മത്സരിക്കുന്നത്‌ സ്വഭാവികം. കരക്കാരുടെ സാമ്പത്തിക ശേഷി പ്രകടിപ്പിക്കാനുള്ള കുറുക്കുവഴിയാണ്‌ എഴുന്നള്ളിപ്പിന്‌ എത്തിക്കുന്ന ആന. എന്നാല്‍ കേരളത്തില്‍ തലയെടുപ്പുള്ള ആനകള്‍കളെയെല്ലാം രണ്ടു വര്‍ഷം മുമ്പേ കാശുള്ള കരക്കാര്‍ ബുക്കു ചെയ്തു കഴിഞ്ഞിരിക്കും. ഇവിടെയാണ്‌ ആനകളുമായി ബന്ധപ്പെട്ട ലോബി ദേവാലയ മതില്‍ക്കെട്ടുകള്‍ക്കകത്ത്‌ എത്തുന്നത്‌.അറിയുക ആതിരേ വടക്കന്‍ കേരളത്തില്‍ കൂപ്പുകളില്‍ തടിപിടിക്കുന്ന ആനകളെയാണ്‌ പലയിടത്തും എഴുന്നള്ളത്തിന്‌ ഇപ്പോള്‍ കൊണ്ടുവരുന്നത്‌. പകല്‍ മുഴുവന്‍ കൂപ്പിലെ പണി കഴിഞ്ഞ്‌ വിശ്രമിക്കേണ്ട ആനകളെയാണ്‌ മണിക്കൂറുകളോളം നടത്തി ഉത്സവ സ്ഥലത്തെത്തിച്ച്‌ കൃത്യമായി ആഹാരമോ വെള്ളമോ കൊടുക്കാതെ, മണിക്കൂറുകളോളം നിര്‍ത്തി പീഡിപ്പിക്കുന്നത്‌. ഈ ആനപ്പുറത്തു കയറണമെന്ന്‌ വാശിപിടിക്കുന്ന ദൈവങ്ങളെയും കരക്കാരെയും പെരുന്നാള്‍ കമ്മിറ്റിക്കാരെയും കൂച്ചുവിലങ്ങിടാത്ത കാലത്തോളം ഉത്സവങ്ങളും പെരുന്നാളുകളും ആനപ്പകയില്‍ നിന്ന്‌ മോചിതമാവുമോ ആതിരേ.
കേള്‍ എഴുന്നള്ളത്തിന്‌ എത്തിക്കുന്ന ആനകള്‍ സൃഷ്ടിച്ച ഭയാന്തരിക്ഷം പരിഗണിച്ചാണ്‌ ആനകള്‍ക്ക്‌ മൈക്രോചിപ്പ്‌ പിടിപ്പിക്കാന്‍ വനം വകുപ്പും മൃഗസംരക്ഷണ വകുപ്പും ചേര്‍ന്ന്‌ തീരുമാനിച്ചതും തീരുമാനം നടപ്പിലാക്കിയതും. കൊട്ടിഘോഷിച്ച്‌ നടത്തിയ ചിപ്പുപിടിപ്പിക്കല്‍ പക്ഷേ ഫലവത്തായിട്ടില്ല എന്നാണ്‌ ഓരോ ആനവിരളലും വ്യക്തമാക്കുന്നത്‌. ഇതിന്‌ കാരണം ആനയ്ക്കു പിടിപ്പിച്ചിട്ടുള്ള ചിപ്പുകളില്‍ രേഖപ്പെടുത്തിയ വിവരങ്ങള്‍ ഡികോഡ്‌ ചെയ്യാനുള്ള ചിപ്പ്‌ സെന്‍സറുകള്‍ വനംവകുപ്പിന്റെയോ മൃഗസംരക്ഷണ വകുപ്പിന്റെയോ കൈയ്യിലില്ലത്തതാണ്‌. 35,000 രൂപയാണ്‌ ചിപ്പ്‌ സെന്‍സറുകളുടെ വില. ആനയെ വാങ്ങിയിട്ട്‌ തോട്ടി വാങ്ങന്‍ കഴിഞ്ഞില്ല എന്നു പറയുന്നത്‌ ഇവിടെയാണ്‌ അന്വര്‍ത്ഥമാകുന്നത്‌, ആതിരേ.
നാട്ടാന പരിപാലനത്തില്‍ കൃത്യമായ നിയമം നിര്‍വ്വചിച്ച സംസ്ഥാനമാണ്‌ കേരളം. എഴുതപ്പെട്ട എല്ലാ നിയമങ്ങളും ലംഘിക്കാനുള്ളതാണെന്ന സാമുഹിക വിരുദ്ധ ചിന്ത തന്നെയാണ്‌ നാട്ടാന പരിപാലന നിയമം നടപ്പിലാക്കുന്ന കാര്യത്തില്‍ അധികൃതരും ആന ഉടമകളും പുലര്‍ത്തുന്നത്‌.
രാവിലെ 11 മണിമുതല്‍ 5 മണിവരെ ആനയെ റോഡിലൂടെ നടത്തിക്കൊണ്ടുപോകരുത്‌. 11 മണിമുതല്‍ 3 മണിവരെ എഴുന്നള്ളിപ്പിന്‌ ഉപയോഗിക്കരുത്‌. വാഹനങ്ങളില്‍ മാത്രമേ ഒരു സ്ഥലത്തുനിന്ന്‌ മറ്റൊരു സ്ഥലത്തേക്ക്‌ കൊണ്ടുപോകാവു. ഇങ്ങനെ കൊണ്ടുപോകുന്ന വാഹനത്തിനും ആനയ്ക്കും മതിയായ സുരക്ഷ ഉണ്ടായിരിക്കണം. മദപ്പാട്‌ കാലത്ത്‌ ആനയെ തടിപ്പണിക്കോ എഴുന്നള്ളത്തിനോ ഉപയോഗിക്കരുത്‌. കൃത്യമായി വിശ്രമവും ഭക്ഷണവും നല്‍കിയശേഷമേ എഴുന്നള്ളത്തിന്‌ ഉപയോഗിക്കാവൂ, പാപ്പന്‍ മദ്യപിക്കരുത്‌ എന്നിങ്ങനെ പോകുന്നു നിയമത്തിലെ ചട്ടങ്ങള്‍.
ആതിരേ, ഈ ചട്ടങ്ങളും എല്ലാം തെറ്റിച്ച്‌ പകല്‍പ്പൂരം നടത്താത്ത ക്ഷേത്രങ്ങളും പെരുന്നാളുകളും നടത്താത്ത പള്ളികളും മോസ്ക്കുകളും കേരളത്തില്‍ എത്രയെണ്ണമുണ്ടെന്ന്‌ അന്വേഷിക്കാതിരിക്കുന്നതാണ്‌ ഭേദം. ആനപ്പകയില്‍ ഓരോ ജീവിതങ്ങള്‍ വലിച്ചു കീറപ്പെടുമ്പോള്‍ ഓര്‍മ്മിക്കാന്‍ മാത്രമായി ഈ നിയമം നമ്മള്‍ സംവരണം ചെയ്തുകഴിഞ്ഞു. ലാഭം, പണം എന്നീ വാക്കുകള്‍ മാത്രം ജീവിതവ്രതമാക്കിയിരിക്കുന്ന മലയാളികള്‍ തന്നെയാണ്‌ ആന ഉടമകളും. അതുകൊണ്ടാണ്‌ ഈ സാധുമൃഗങ്ങളെ ഇങ്ങനെ പീഡിപ്പിച്ച്‌ മനുഷ്യന്‍ ലാഭം ഉണ്ടാക്കുന്നതും ദൈവങ്ങളെ പ്രീണിപ്പിക്കുന്നതും.
നിയമം കര്‍ശനമായി നടപ്പിലാക്കണം എന്നു പറയുന്നതിലൊന്നും ഇക്കാര്യത്തില്‍ വലിയ പ്രയോജനമുണ്ടാകുമെന്ന്‌ ഞങ്ങള്‍ക്കു തോന്നുന്നില്ല. മദം പൊട്ടിയ ആനയേയും മദ്യം മൂത്ത പാപ്പനേയും തളയ്ക്കാന്‍ മയക്കുവെടിമുതല്‍ പോലീസ്‌ വരെയുള്ള സംവിധാനങ്ങള്‍ ഉണ്ട്‌.എന്നാല്‍ ആനപ്പുറത്തു കയറിയാല്‍ മാത്രമേ പ്രസാദിക്കു എന്നു ശഠിക്കുന്ന ദൈവങ്ങളെ തളയ്ക്കാനാണ്‌ മാര്‍ഗ്ഗങ്ങളില്ലാത്തത്‌.
അതു സാധിച്ചാല്‍ ഉത്സവക്കാലവും പെരുന്നാള്‍ദിനങ്ങളും ആനപ്പകയില്ലാത്ത സന്തോഷത്തിന്റേതായിരിക്കും ആതിരേ , സംശയമില്ല.

(ക്ഷമിക്കണ്ട:മലയാളം ഫോണ്ട്സിനെ യൂണിക്കോഡിലേയ്ക്ക്‌ മതപരിവര്‍ത്തനം നടത്തുമ്പോള്‍ ജനിക്കുന്ന പുതിയ ' പദങ്ങള്‍ക്ക്‌' ഞാന്‍ ഉത്തരവാദിയല്ല)

Friday, January 16, 2009

ജസ്റ്റിസ്‌ ഹേമയുടെ കോടതിയലക്ഷ്യത്തിന്‌ ആര്‌ ശിക്ഷ നല്‍കും?


ആതിരേ,
അഭയക്കേസ്സുമായി ബന്ധപ്പെട്ട്‌ കഴിഞ്ഞമാസം 18-ാ‍ം തീയതി ഒന്നാം പേജില്‍ 'നീതിദേവതയുടെ മൂടപ്പെട്ട കണ്ണുകളുടെ സുഖം? എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച എഡിറ്റോറിയലിന്റെ പേരില്‍ സ്വമേധയാ ക്രിമിനല്‍ കോടതിയലക്ഷ്യക്കേസെടുക്കാനുള്ള പ്രാരംഭനടപടികള്‍ ഹൈക്കോടതി ആരംഭിച്ചിരിക്കുകയാണ്‌.
ഈ വര്‍ഷത്തെ ആദ്യ ക്രിമിനല്‍ കോടതിയലക്ഷ്യക്കേസ്സായി നമ്പരിട്ട്‌ ജസ്റ്റീസുമാരായ കെ.ബാലകൃഷ്ണന്‍ നായരും കെ. സുരേന്ദ്രമോഹനും അടങ്ങുന്ന ഡിവിഷന്‍ ബഞ്ചാണ്‌ കേസെടുക്കാനുള്ള നടപടികള്‍ക്ക്‌ തുടക്കം കുറിച്ചത്‌. കേസ്സില്‍ തിങ്കളാഴ്ച വിധി പറയും.
കോടതികളുടെ നടപടികളില്‍ കണ്ട അണ്ടനും അടകോടനും കയറി നിരങ്ങാനോ അഭിപ്രായം പറയാനോ പാടില്ലാ എന്നാണ്‌ നിയമം. അങ്ങനെ ചെയ്താല്‍ കോടതി അലക്ഷ്യത്തിന്‌ കേസെടുത്ത്‌ ശിക്ഷിക്കുകയെന്നതാണ്‌ ചട്ടം. നിലവിലിരിക്കുന്ന രാഷ്ട്രീയ സാമ്പത്തിക സാഹചര്യത്തില്‍ ഇന്ത്യയിലെ സാധാരണക്കാര്‍ക്ക്‌ നീതി ലഭിക്കാന്‍ അവശേഷിക്കുന്ന സ്രോതസ്സാണ്‌ ജുഡീഷ്യറി. അതുകൊണ്ടുതന്നെ ജുഡീഷ്യറിയുടെ പ്രവര്‍ത്തനങ്ങളില്‍ ആരും കൈകടത്താന്‍ പാടില്ല, കൈ കടത്തിയാല്‍ ശിക്ഷിക്കുകയും വേണം.
നീതി നിര്‍വ്വഹണത്തിന്റെയും ന്യായപാലനത്തിന്റെയും സുതാര്യതയ്ക്ക്‌ സമ്മര്‍ദ്ദരഹിതമായ സാഹചര്യം സൃഷ്ടിച്ചെടുക്കാനാണ്‌ ഇങ്ങനെ ഒരു ഇമ്മ്യൂണിറ്റി ജുഡീഷ്യറിക്ക്‌ ഇന്ത്യയുടെ ഭരണഘടനാ നിര്‍മ്മാതാക്കള്‍ സംവരണം ചെയ്തത്‌.
എന്നാല്‍ ഈ ഇമ്മ്യൂണിറ്റിയുടെ ഉള്ളില്‍ നിന്നുകൊണ്ട്‌ പൊതുജനങ്ങളെയും നീതിനിര്‍വ്വഹണത്തെയും ന്യായവ്യവസ്ഥയേയും ജുഡീഷ്യല്‍ ഡിസിപ്ലിനേയും അവഹേളിക്കുന്ന അണ്ടന്മാരും അടകോടന്മാരുമായി ന്യായാധിപന്മാര്‍ മാറിയാലോ ആതിരേ? ബാംഗ്ലൂരില്‍ ഒരു റിസോര്‍ട്ടില്‍ അവിഹിതബന്ധത്തിലേര്‍പ്പെട്ടിരുന്ന കര്‍ണ്ണാടക ഹൈക്കോടതിയിലെ ബഹുമാന്യരായ ജഡ്ജിമാര്‍ അറസ്റ്റിലായപ്പോള്‍ ആ വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തതിന്റെ പേരില്‍ മാധ്യമങ്ങള്‍ക്കുനേരെ കോടതിയലക്ഷ്യത്തിന്റെ ഖഡ്ഗം വീശപ്പെട്ടത്‌ അങ്ങനെയാണ്‌. അതായത്‌ ബഹുമാന്യരും വിജ്ഞനരും ,പ്രശ്നങ്ങളെ നിലവിലിരിക്കുന്ന ന്യായവ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ സമചിത്തതയോടെ വിശകലനം ചെയ്ത്‌ വിധി പ്രഖ്യാപിക്കുമെന്ന്‌ നാമൊക്കെ കരുതന്നവരില്‍ ചിലരെങ്കിലും ഇത്തരം അണ്ടന്മാരും അടകോടന്മാരുമാണെന്ന്‌ സാരം. അവരുടെ നടപടി കോടതി അലക്ഷ്യമായാല്‍ പോലും ശിക്ഷ ലഭിക്കുന്നില്ലായെന്നത്‌ ഇന്ത്യന്‍ ന്യായവ്യവസ്ഥയുടെ ശാപവുമാണ്‌.
സമാനസ്വഭാവമുള്ളതല്ലെങ്കിലും അഭയക്കേസിലും , ഇപ്പോള്‍ , കോടതിയുടെ ഭാഗത്തുനിന്നുതന്നെ കോടതി അലക്ഷ്യ നടപടികളുണ്ടായിട്ടുണ്ടെന്ന്‌ പറയേണ്ടിവരുന്നു. കേസ്സിലെ ജാമ്യാപേക്ഷയില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ ജസ്റ്റിസ്‌ കെ.ഹേമ തുറന്ന കോടതിയില്‍ നടത്തിയ കേസ്‌ ഡയറിയുടെ പരിശോധനയും നിരീക്ഷണങ്ങളും പിന്നീട്‌ ജാമ്യാപേക്ഷയില്‍ നല്‍കിയ ഉത്തരവിലെ പരാമര്‍ശങ്ങളുമെല്ലാം, കീഴ്‌ വഴക്കങ്ങളുടെ അടിസ്ഥാനത്തിലും സുപ്രിംകോടതിയുടെ നിര്‍ദ്ദേശങ്ങളുടെ പശ്ചാത്തലത്തിലും വിലയിരുത്തുമ്പോള്‍ കോടതിയലക്ഷ്യനടപടിയാണെന്ന്‌ പറയേണ്ടിവരുന്നു ,ആതിരേ.
ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ കേസ്‌ ഡയറി പരിശോധിക്കേണ്ടത്‌ അനുപേക്ഷണിയവും അനിവാര്യവുമാണ്‌. എന്നാല്‍ കേസ്‌ ഡയറിയിലെ വിവരങ്ങള്‍ തുറന്നകോടതിയില്‍ ചര്‍ച്ചയ്ക്ക്‌ വിഷയമാക്കുന്നതും അതിലെ വിവരങ്ങള്‍ പ്രതിഭാഗത്തിന്‌ ലഭ്യമാക്കുന്നതും കീഴ്‌ വഴക്കങ്ങളുടെ ലംഘനമാണ്‌. അഭയക്കേസ്സില്‍ അറസ്റ്റിലായ രണ്ടു പുരോഹിതന്മാരുടെയും ഒരു കന്യാസ്ത്രീയുടെയും ജാമ്യാപേക്ഷയില്‍ വാദം കേട്ട ജസ്റ്റീസ്‌ ഹേമ കേസ്‌ ഡയറിയിലെ കാര്യങ്ങള്‍ തുറന്ന കോടതിയില്‍ പരസ്യമായി വിശകലനം ചെയ്യുകയും ഇതുവരെ സിബിഐ ശേഖരിച്ച തെളിവുകള്‍ കൃത്രിമവും അവിശ്വസനീയവുമാണെന്ന്‌ വ്യാഖ്യാനിക്കുന്ന തരത്തില്‍ നിരീക്ഷണം നടത്തുകയും ചെയ്തപ്പോള്‍ അത്‌ കേസ്സിന്റെ അന്തിമവിധിക്ക്‌ തുല്യമായി മാറിയിരിക്കുകയാണ്‌. ഒരിക്കലും ഒരു ജാമ്യാപേക്ഷയുടെ ഉത്തരവ്‌ കേസ്സിന്റെ തുടര്‍ന്നുള്ള അന്വേഷണത്തെയോ നടക്കാനിരിക്കുന്ന വിചാരണയെയോ സ്വാധിനിക്കാന്‍ പാടില്ല എന്നാണ്‌ തുടര്‍ന്നുപോരുന്ന നിയമം. ആ നിയമത്തെ, കീഴ്‌വഴക്കത്തെ അട്ടിമറിച്ചിരിക്കുകയാണ്‌ ജസ്റ്റീസ്‌ ഹേമ.
എന്നു മാത്രമല്ല, കേസ്‌ ഡയറിയിലെ വിവരങ്ങള്‍ പരസ്യമായി കോടതിയില്‍ വായിച്ച്‌ വിശകലനം ചെയ്യുകയും ജാമ്യപേക്ഷയുടെ തീര്‍പ്പില്‍ കേസ്‌ ഡയറിയിലെ കണ്ടെത്തലുകള്‍ എല്ലാം അടിസ്ഥാനരഹിതമാണെന്ന്‌ പ്രതിപാദിക്കുകയും ചെയ്തതോടെ പ്രതികള്‍ കുറ്റക്കാരല്ല എന്ന്‌ വരുത്തിത്തീര്‍ക്കുകയായിരുന്നു ജസ്റ്റീസ്‌ ഹേമ. ഓര്‍ക്കണം ഈ കേസ്സിന്റെ വിചാരണ ചീഫ്‌ ജുഡീഷ്യല്‍ മജിസ്ട്രേട്ട്‌ കോടതിയില്‍ ആരംഭിക്കാനിരിക്കുന്നതേയുള്ളു. അതിനുമുമ്പുതന്നെ ഹൈക്കോടതിയിലെ സമുന്നതയും ബഹുമാന്യയുമായ ഒരു ജസ്റ്റീസ്‌ അന്വേഷണം കൃത്രിമമവും മാധ്യമങ്ങളുടെ നിര്‍ദ്ദേശാനുസരണവുമാണെന്ന്‌ പ്രഖ്യാപിക്കുകയും സിബിഐ നിഴലിനു പിന്നാലെ പായുകയാണെന്ന്‌ വില യിരുത്തുകയും ചെയ്തു. മാത്രമല്ല, അഭയ കൊല്ലപ്പെട്ടതല്ല ആത്മഹത്യ ചെയ്തതാണെന്ന്‌ സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ആ നിലയ്ക്കുവേണം അന്വേഷണം നടത്തേണ്ടതെന്ന്‌ ചൂണ്ടിക്കാട്ടി പത്തു നിര്‍ദ്ദേശങ്ങളും സിബിഐയ്ക്കു നല്‍കി.
അഭയക്കേസ്സിന്റെ തുടക്കം മുതല്‍ തെളിവുകള്‍ നശിപ്പിച്ചും പ്രധാനമന്ത്രിയുടെ ഓഫീസിനെപ്പോലും സ്വാധിനിച്ചും കേസ്‌ അട്ടിമറിക്കാന്‍ ശ്രമിച്ചപ്പോള്‍ കോടതികളും മാധ്യമങ്ങളുമായിരുന്നു നിയമവാഴ്ചയുടെ പ്രതിരോധത്തിനെത്തിയത്‌. നീതിബോധവും സാമൂഹിക പ്രതിബദ്ധതയുമുള്ള ന്യായാധിപന്മാരുടെയും മാധ്യമങ്ങളുടെയും ജാഗ്രത്തായ പ്രവര്‍ത്തനം മൂലമാണ്‌ നിര്‍ണ്ണായക തെളിവുകള്‍ എല്ലാം നശിപ്പിക്കപ്പെട്ട ഈ കേസില്‍ 16 വര്‍ഷത്തിനുശേഷമെങ്കിലും പ്രതികളെന്നു സംശയമുള്ളവരെ കസ്റ്റഡിയിലെടുക്കാന്‍ കഴിഞ്ഞത്‌.
അപ്പോള്‍ തീര്‍ച്ചയായും കേസ്സന്വേഷണവും വിചാരണവും നീതിപൂര്‍വ്വകമാകാനും പ്രതികള്‍ ശിക്ഷിക്കപ്പെടാനുമുള്ള സാഹചര്യം ഒരുക്കേണ്ട ഹൈക്കോടതിയിലെ ഒരു ജഡ്ജി തന്നെ കേസ്സിന്റെ അന്വേഷണം അട്ടിമറിക്കാന്‍ അല്ലെങ്കില്‍ മരവിപ്പിക്കാന്‍ നിയമം വ്യാഖാനിക്കുകയും കീഴ്‌വഴക്കങ്ങള്‍ ലംഘിക്കുകയും ചെയ്യുമ്പോള്‍ അതിനെ കോടതിയലക്ഷ്യമായിട്ടല്ലേ വിലയിരുത്തേണ്ടെതെന്നാണ്‌ പൊതുസമൂഹത്തിന്റെ ചോദ്യം.
ജാമ്യപേക്ഷയില്‍ തീര്‍പ്പുകല്‍പിക്കുമ്പോള്‍ അനുവര്‍ത്തിക്കേണ്ട കാര്യങ്ങള്‍ സുപ്രിംകോടതി അക്കമിട്ട്‌ വ്യക്തമാക്കിയിട്ടുണ്ട്‌ ആതിരേ.. ഹൈക്കോടതികള്‍ ഉള്‍പ്പെടെയുള്ള മറ്റു കോടതികള്‍ അതു പാലിക്കാന്‍ ബാദ്ധ്യസ്ഥവുമാണ്‌. ഈ അടിസ്ഥാന തത്വങ്ങളില്‍ നിന്നുള്ള വ്യതിയാനത്തെ ജുഡീഷ്യന്‍ അച്ചടക്കലംഘനം എന്നാണ്‌ വിശേഷിപ്പിക്കുന്നത്‌. അത്‌ നിയമവിരുദ്ധവുമാണ്‌.
സതീഷ ജഗ്ഗി v/s സ്റ്റേറ്റ്‌ ഓഫ്‌ ഛത്തീസ്ഗഡ്‌ & അദേഴ്സ്‌ (2008) 1 സുപ്രിംകോടതി കേസ്‌ (സിആര്‍എഫ്‌) 660 എന്ന കേസിലാണ്‌, ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ പാലിക്കേണ്ട നടപടി ക്രമങ്ങളും പ്രതിപാദിക്കേണ്ട വിഷയങ്ങളും വിശകലനം ചെയ്യേണ്ട തെളിവുകളും കണ്ടെത്തലുകളും ഇവയെ അടിസ്ഥാനമാക്കിയുള്ള പരമാര്‍ശനങ്ങളും എങ്ങനെയായിരിക്കണം എന്ന്‌ വിശദമാക്കിയിട്ടുള്ളത്‌.
അതില്‍ ഏറ്റവും പ്രധാനം പ്രോസിക്യൂഷന്‍ ശേഖരിച്ച സാക്ഷി തെളിവുകളുടെ വിശ്വസനീയതയെക്കുറിച്ച്‌ ഛത്തീസ്ഗഡ്‌ ഹൈക്കോടതി നടത്തിയ വിശദമായ വിലയിരത്തലുകള്‍ക്കെതിരെ നടത്തിയ പരാമര്‍ശമാണ്‌. ഇത്തരം വിലയിരുത്തലുകളും നിരീക്ഷണങ്ങളും അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ പ്രതിയെ കുറ്റവിചാരണയ്ക്കു മുമ്പുതന്നെ കുറ്റവിമുക്തനാക്കിയിരിക്കുകയാണെന്നും ഹൈക്കോടതിയുടെ അനുചിതവും നിയമവിരുദ്ധവുമായ ഇത്തരം നിഗമനങ്ങളും കണ്ടെത്തലുകളും നിലനില്‍ക്കാനിടയായാല്‍ അതു നടക്കാനിരിക്കുന്ന വിചാരണയെത്തന്നെ പ്രതികൂലമായി ബാധിക്കുമെന്നുള്ളതുകൊണ്ട്‌ അനുചിതവും നിയമവിരുദ്ധവുമായ ഹൈക്കോടതിയുടെ കണ്ടെത്തലുകള്‍ റദ്ദാക്കി പ്രതിയുടെ ജാമ്യം സുപ്രിം കോടതി റദ്ദു ചെയ്യുകയാണുണ്ടായത്‌.
ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ എന്തു ചെയ്യാന്‍ പാടില്ലഎന്ന്‌ സുപ്രിം കോടതി നിര്‍ബ്ബന്ധപൂര്‍വ്വം ചൂണ്ടിക്കാണിച്ചിട്ടുണ്ടോ അതാണ്‌ ആതിരേ , അഭയക്കേസ്സിലെ ജാമ്യാപേക്ഷയുടെ പരിഗണനയില്‍ ജസ്റ്റീസ്‌ കെ. ഹേമ ചെയ്തിട്ടുള്ളത്‌. അതുകൊണ്ടുതന്നെ അവരുടെ നടപടികള്‍ നിയമവിരുദ്ധവും സുപ്രിംകോടതിയോടുള്ള ധിക്കാരവുമാകുന്നു. ഇത്തരം നടപടികള്‍ക്കാണല്ലോ സാമന്യമായി കോടതിയലക്ഷ്യം എന്നു പറയുന്നത്‌. കോടതിയലക്ഷ്യം കാണിച്ചാല്‍ ശിക്ഷ ഉറപ്പുമാണ്‌.
അങ്ങനെയാണെങ്കില്‍ ജസ്റ്റീസ്‌ ഹേമയുടെ കോടതി അലക്ഷ്യത്തിന്‌ എന്തു ശിക്ഷയാണ്‌ ബന്ധപ്പെട്ടവരില്‍ നിന്ന്‌ ഉണ്ടാകുന്നതെന്ന്‌ അറിയാന്‍ മാധ്യമങ്ങള്‍ക്കും പൊതുസമൂഹത്തിനും ഒരു പോലെ താല്‍പര്യമുണ്ട്‌. വേലിക്കുവേണമെങ്കില്‍ വിളവുതിന്നാം, പക്ഷേ കോടതിക്ക്‌ കോടതിയലക്ഷ്യം നടത്താന്‍ അനുവാദം ഇല്ല.അങ്ങനെ സംഭവിച്ചാല്‍ ശിക്ഷിക്കപ്പെടുക തന്നെ വേണം ആതിരേ .കാരണം ന്യായാധിപവൃത്തിയും അഭിഭാഷകവൃത്തിയും ഉപജീവന മാര്‍ഗ്ഗം കൂടിയായതു കൊണ്ട്‌, അതില്‍ ഏര്‍പ്പെടുന്നവര്‍, അതിജീവനത്തിനു വേണ്ടി അഡ്ജസ്റ്റുമെന്റുകള്‍ക്ക്‌ വഴങ്ങിയേക്കാം.എന്നാല്‍ ന്യായാസനങ്ങള്‍ പൗരന്മാരുടെ നീതിയും ന്യായവും മാന്യതയും സംരക്ഷിക്കാനുള്ള സംവിധാനമാകയാല്‍ ഇത്തരത്തിലുള്ള വീഴ്ചകള്‍ ശിക്ഷിക്കപ്പെടാതെ പോയാല്‍ അത്‌ ജുഡിഷ്യറിയിലുള്ള പൊതുസമൂഹത്തിന്റെ വിശ്വാസത്തേയും ആദരത്തേയുമാണ്‌ നശിപ്പിക്കുക.