Monday, January 26, 2009

പിണറായി അഴിമതി നടത്തിയിട്ടില്ലെന്നു പറഞ്ഞാല്‍......

സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും പരീക്ഷണങ്ങള്‍ നിറഞ്ഞ നാളുകളായിരിക്കും ,ആതിരേ ഇനിയുള്ളവ. കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കേസിലെ ഒമ്പതാം പ്രതിയായി സിബിഐ വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന്റെ പേരാണ്‌ ചേര്‍ത്തിട്ടുള്ളത്‌.
മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെ ചരിത്രത്തിലും ഇതൊരു അപൂര്‍വ്വമായ കറുത്ത ഏടാവുകയാണ്‌. പോളീറ്റ്‌ ബ്യൂറോ മെമ്പറും പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയുമായ വ്യക്തിയുടെപേരിലാണ്‌ അഴിമതി ആരോപണം ഉന്നയിക്കപ്പെട്ടിരിക്കുന്നത്‌. മുന്‍കാലങ്ങളില്‍ രാഷ്ട്രീയക്കാര്‍ക്കെതിരെ റിപ്പോര്‍ട്ടു ചെയ്തിരുന്ന അഴിമതി കേസുകളില്‍ നിന്ന്‌ പലതുകൊണ്ടും സവിശേഷമാണ്‌ എസ്‌എന്‍സി ലാവ്ലിന്‍ അഴിമതി കേസ്‌. രണ്ടു രാഷ്ട്രങ്ങള്‍ അതിലൊന്ന്‌ വിദേശം, രണ്ട്‌ പൊതുമേഖലാ സ്ഥാപനവും ഒരു സ്വകാര്യസ്ഥാപനവും അതിലൊന്ന്‌ വിദേശം, ഇടപാടെല്ലാം വിദേശത്തുവെച്ച്‌ പണമിടപാടില്‍ കടുത്ത ദുര്‍ഗ്രാഹ്യതയും ദുരൂഹതയും. നിര്‍ണ്ണായകമായ വിവരങ്ങള്‍ മന്ത്രിസഭയില്‍ നിന്ന്‌ മറച്ചുവെച്ചുകൊണ്ടുള്ള കരാര്‍ ഏര്‍പ്പെടല്‍, കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ചട്ടങ്ങള്‍ നഗ്നമായി ലംഘിക്കല്‍, ഇതിനായി ക്രിമിനല്‍ ഗൂഢാലോചന എന്നിവയെല്ലാമാണ്‌ എസ്‌എന്‍സി ലാവ്ലിന്‍ കേസ്സിലെ പ്രത്യേകതകള്‍. ശിക്ഷാര്‍ഹമായത്‌ ജാമ്യം ലഭിക്കാന്‍ അര്‍ഹതയില്ലാത്തതുമായ ഈ കുറ്റങ്ങളെല്ലാം പിണറായി വിജയന്‍ ചെയ്തിരിക്കുന്നു എന്നാണ്‌ സിബിഐ കണ്ടെത്തിയിരിക്കുന്നത്‌.
സാധാരണഗതിയില്‍ ഇത്തരം വിവാദവിഷയങ്ങളും അഴിമതി ആരോപണങ്ങളും ഉണ്ടാകുമ്പോള്‍ നിയമം അതിന്റെ വഴിക്കുപോകും എന്ന നിലപാടായിരുന്നു മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി സ്വീകരിച്ചിരുന്നത്‌. എസ്‌എന്‍സി ലാവ്ലിന്‍ പ്രശ്നം നിയമസഭയില്‍ കോളിളക്കം സൃഷ്ടിച്ചപ്പോള്‍ പിണറായി വിജയന്‍ തന്നെ ഏതന്വേഷണവും നേരിടാന്‍ താനും പാര്‍ട്ടിയും സന്നദ്ധമാണെന്ന്‌ പ്രതിപക്ഷത്തെ വെല്ലുവിളിക്കുന്ന മട്ടില്‍ അംഗീകരിച്ചിട്ടുള്ളതാണ്‌. സഭയ്ക്കു പുറത്ത്‌ മാര്‍ക്സിസ്റ്റ്‌ നേതാക്കള്‍ ഇതേ നിലപാട്‌ തന്നെയാണ്‌ സ്വീകരിച്ചിരുന്നത്‌.
എന്നാല്‍ , ആതിരേ കേസിന്റെ അന്വേഷണം സിബിഐയ്ക്ക്‌ വിടാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തീരുമാനിച്ചതോടെ അതിശയകരമായ മലക്കം മറിച്ചിലാണ്‌ പിണറായി വിജയനും പാര്‍ട്ടിയും നടത്തിയത്‌. ഹൈക്കോടതിയില്‍ ഇതു സംബന്ധിച്ച ഹര്‍ജി തീര്‍പ്പിനു വന്നപ്പോള്‍ സര്‍ക്കാര്‍ ചിലവില്‍ ലക്ഷങ്ങള്‍ മുടക്കി സുപ്രിംകോടതിയില്‍ നിന്ന്‌ അഭിഭാഷകരെ കൊണ്ടുവന്നാണ്‌ പാര്‍ട്ടി നിയമ യുദ്ധം നടത്തിയത്‌. എന്നാല്‍ വാദം കേട്ട അന്നത്തെ കേരള ഹൈക്കോടതി ചീഫ്‌ ജസ്റ്റീസ്‌ വി.കെ.ബാലിയും ജസ്റ്റീസ്‌ കെ.ജി. കോശിയും അടങ്ങുന്ന ഡിവിഷന്‍ ബഞ്ച്‌ സിബിഐ അന്വേഷണത്തിന്‌ ഉത്തരവിടുകയായിരുന്നു.അന്നു ഡിവൈഎഫ്‌ഐസഖാക്കള്‍ ഉറഞ്ഞു തുള്ളിയതും ജസ്റ്റിസ്‌ വി.കെ ബാലിയെ പ്രതീകാത്മകമായി നാടുകടത്തിയതും ഇവിടെ ഓര്‍മ്മിക്കുക
മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെ സമുന്നതരായ നേതാക്കളില്‍ ഒരാളാണ്‌ പിണറായി വിജയന്‍. കഠിനജീവിതപാതകള്‍ താണ്ടിയും കടുത്ത പോരാട്ടം നടത്തിയുമാണ്‌ അദ്ദേഹം ഉന്നതമായ സ്ഥാനത്തെത്തിയത്‌. താന്‍ വിശ്വസിക്കുന്ന ആശയസംഹിതകള്‍ക്ക്‌ എതിരായി ഉയരുന്ന ഒരു നിലപാടിനോടും അനുരജ്ഞനപ്പെടാതെ കറതീര്‍ന്ന കമ്യൂണിസ്റ്റ്‌ മൂല്യങ്ങള്‍ മുറുകിപ്പിടിച്ച്‌ സമരപഥങ്ങളില്‍ തീപ്പന്തമായി ജ്വലിച്ച്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെയും അണികളുടെയും കണ്ണിലെ കൃഷ്ണമണിയായ സഖാവാണ്‌ അദ്ദേഹം. നായനാര്‍ മന്ത്രിസഭയില്‍ വിദ്യുഛക്തി മന്ത്രിയായി ഭരണരംഗത്തും തനിക്കുള്ള മികവ്‌ തെളിയിച്ച്‌ ശത്രുക്കളുടെ വരെ ആദരം നേടിയ പരിണതപ്രജ്ഞകൂടിയാണ്‌ പിണറായി വിജയന്‍. കേരളം വൈദ്യുതി ദൗര്‍ലഭ്യത്തില്‍ ദുരിതമനുഭവിച്ചപ്പോള്‍ അതില്‍ നിന്ന്‌ സംസ്ഥാനത്തെ മോചിപ്പിച്ച്‌ വെളിച്ചം എല്ലായിടത്തും എത്തിച്ച ആധുനിക പ്രൊമിത്യൂസ്‌ ആയിട്ട്‌ വിശേഷിപ്പിക്കപ്പെടാവുന്ന വ്യക്തികൂടിയാണ്‌ പിണറായി വിജയന്‍.
എന്നാല്‍ ഈ വിശേഷണങ്ങളും മികവുകളും ആത്മര്‍ത്ഥതയുമൊന്നും ഇപ്പോള്‍ അദ്ദേഹം പതിച്ചിരിക്കുന്ന ഗര്‍ത്തത്തില്‍ നിന്ന്‌ അദ്ദേഹത്തെ രക്ഷിക്കാന്‍ പര്യാപതമേയല്ല, കാരണം ക്രിമിനല്‍ ഗൂഢാലോചനയും വഞ്ചനയും നടത്തി കോടികളുടെ നഷ്ടം സംസ്ഥാനഖജനാവിന്‌ വരുത്തിവെച്ച വ്യക്തിയായിട്ടാണ്‌ സിബിഐയുടെ കുറ്റപത്രത്തില്‍ പിണറായിയുടെ സ്ഥാനം.
ആതിരേ ഈ വിവരം പുറത്തുവന്നതോടെ ആഭ്യന്തരമന്ത്രിയും പോളിറ്റ്ബ്യൂറോയും അടക്കമുള്ളവര്‍ പ്രകടിപ്പിച്ച അസഹിഷ്ണുതയും സ്വീകരിച്ച നിലപാടും പൊതുസമൂഹത്തെക്കൊണ്ട്‌ സിബിഐ പറയുന്നതില്‍ സത്യമില്ലേ എന്ന്‌ ചിന്തിപ്പിക്കാനാണ്‌ സഹായകമായത്‌. മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയെ തകര്‍ക്കാനുള്ള യുപിഎ സര്‍ക്കാരിന്റെയും കോണ്‍ഗ്രസിന്റെയും കമ്യുണിസ്റ്റ്‌ വിരുദ്ധശക്തികളുടെയും ഗൂഢാലോചനയാണ്‌ ഈ കേസിലെ കുറ്റപത്രമെന്ന്‌ നേതാക്കന്മാര്‍ അവകാശപ്പെടുമ്പോള്‍ ഗ്രൂപ്പ്‌ വ്യത്യാസമില്ലാതെ അണികള്‍ പോലും ഊറിച്ചിരിക്കുകയാണ്‌. ഇവിടെ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയെയല്ല എസ്‌എന്‍സി ലാവ്ലിന്‍ കേസില്‍പ്രതിയാക്കിയിട്ടുള്ളത്‌. എസ്‌എന്‍സി ലാവ്ലിന്‍ കമ്പനിയുമായി കരാറില്‍ ഒപ്പിട്ട വിദ്യുച്ഛക്തി മന്ത്രിയായിരുന്ന പിണറായി വിജയനാണ്‌ പ്രതിസ്ഥാനത്ത്‌ നില്‍ക്കുന്നത്‌. തികച്ചും വ്യക്തിപരമാണ്‌ സംഭവം. അതിനെ പാര്‍ട്ടിയുമായി ബന്ധിപ്പിച്ച്‌ പ്രതിരോധ തന്ത്രങ്ങള്‍ ആവിഷ്ക്കരിക്കുന്നത്‌ നിലനില്‍പിന്‌ ഉതകിയേക്കും. പക്ഷേ പിണറായി വിജയനെന്ന കമ്യൂണിസ്റ്റ്‌ നേതാവിന്റെ വിശ്വാസ്യത വീണ്ടെടുക്കാന്‍ ഒരിക്കലും ഈ നിലപാട്‌ സഹായകമാവുകയില്ല.
തെരഞ്ഞെടുപ്പ്‌ അടുത്തപ്പോള്‍ പിണറായിയേയും പാര്‍ട്ടിയേയും ഒറ്റപ്പെടുത്താനും ഒതുക്കാനും പാര്‍ട്ടി വിരുദ്ധ ശക്തികള്‍ കണ്ടെത്തിയ കുതന്ത്രമാണ്‌ ഇതെന്ന ആരോപണവും ഇതിലും മൗഢ്യമാണ്‌ . ഹൈക്കോടതി നിര്‍ദ്ദേശിച്ച പ്രകാരമാണ്‌ സിബിഐ അന്വേഷണം നടത്തി റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചത്‌. അത്‌ തെരഞ്ഞെടുപ്പു കാലത്ത്‌ ആയതിന്‌ അവര്‍ കുറ്റക്കാരല്ല. തെരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തി അഴിമതി ആരോപണങ്ങളെയും അന്വേഷണങ്ങളെയും സമീപിച്ചാല്‍,ആതിരേ കേരളത്തില്‍ 2011 കഴിയാതെ ഇത്തരം കേസുകളില്‍ ഒരന്വേഷണവും നടത്താന്‍ ഒരു ഏജന്‍സിക്കും കഴിയുകയില്ല. അടുത്തുവരുന്ന ലോകസഭ ഇലക്ഷന്‍ കഴിഞ്ഞാല്‍ പഞ്ചായത്ത്‌ ഇലക്ഷന്‍. പിന്നെ നിയമസഭാ ഇലക്ഷന്‍. അങ്ങനെ തെരഞ്ഞെടുപ്പുകള്‍ക്കുവേണ്ടി അഴിമതി ആരോപണങ്ങളും അന്വേഷണങ്ങളും മാറ്റിവെയ്ക്കേണ്ടി വരുന്നത്‌ കുറ്റവാളികളെ ശിക്ഷിക്കാനാല്ല, രക്ഷിക്കാനുള്ള നടപടിയായി തീരുമെന്ന കാര്യത്തില്‍ മാര്‍ക്സിസ്റ്റ്‌ അണികള്‍ക്കുപോലും സംശയമുണ്ടാകില്ല, ആതിരേ
പിണറായിക്കെതിരെ ഉയര്‍ന്നിട്ടുള്ള അഴിമതി ആരോപണത്തെ രാഷ്ട്രിയമായി നേരിടുമെന്നാണ്‌ പോളീറ്റ്ബ്യൂറോയും സംസ്ഥാന നേതൃത്വവും ഔദ്ധത്യത്തോടെ അവകാശപ്പെടുന്നത്‌. ഇതിനായി പ്രചണ്ഡമായ പ്രചാരണപരിപാടികള്‍ക്കാണ്‌ ബ്രാഞ്ച്‌ തലം മുതല്‍ രൂപം കൊടുത്തിട്ടുള്ളത്‌. ഈ പ്രചാരണങ്ങള്‍ കേരളീയരുടെ സ്വസ്ഥത തകര്‍ക്കുന്ന നാളുകളാണ്‌ ഇനിവരാനിരിക്കുന്നത്‌. ഒപ്പം അഴിമതിവീരനായ പിണറായി വിജയന്‍ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട്‌ യുഡിഎഫിലെ ഘടകകക്ഷികളും ബിജെപിയും പ്രത്യക്ഷസമരപരിപാടികള്‍ക്ക്‌ തയ്യാറെടുക്കുകയാണ്‌. ഭരണ പ്രതിപക്ഷപാര്‍ട്ടികളുടെ ഈ പ്രക്ഷോഭങ്ങള്‍ സാധാരണക്കാരുടെ സഞ്ചാരസ്വാതന്ത്ര്യം ഉള്‍പ്പെടെയുള്ള പൗരവകാശങ്ങളില്‍ കടന്നുകയറ്റം നടത്താന്‍ പോവുകയാണ്‌. ഒരു നേതാവിനെതിരെ രാജ്യത്തെ പരമോന്നത അന്വേഷണ ഏജന്‍സി, ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ കുറ്റപത്രം തയ്യാറാക്കിയാല്‍ അതിനെ പാര്‍ട്ടി അണികളെ തെരുവിലിറക്കി പ്രക്ഷോഭം സംഘടിപ്പിക്കുന്നത്‌ ഒരു കീഴ്‌വഴക്കമായാല്‍ എന്തായിരിക്കും സ്ഥിതി.
ആതിരേ, പാമോയില്‍ കേസ്സില്‍ കരുണാകരനേയും, ബ്രഹ്മപുരം അഴിമതിയില്‍ സി.വി പദ്മരാജനേയും, ഇടമലയാര്‍ കേസ്സില്‍ ആര്‍.ബാലകൃഷ്ണപിള്ളയേയും കരിയാര്‍കുറ്റി-കാരപ്പാറ കേസ്സില്‍ ടി.എം ജേക്കബിനേയും എത്രയോ കാലം നിറുത്തിപ്പൊരിച്ചതാണ്‌ പിണറായി വിജയനും കൂട്ടരും ആതിരേ..അവരാരും അന്ന്‌ ആ ആരോപണങ്ങളെ നേരിടാന്‍ അണികളെ തെരുവിലിറക്കിയിട്ടില്ല.എന്നാല്‍ ആത്മഹത്യാപരമായ കീഴ്‌വഴക്കം സൃഷ്ടിക്കാനൊരുങ്ങുകയാണ്‍പിണറായിയും പോളിറ്റ്ബ്യൂറോയും.ഇപ്പോള്‍ തന്നെ പോലിസ്‌ സ്റ്റേഷന്‍ ആക്രമിച്ച്‌ പ്രതിക ളെ രക്ഷിക്കുന്ന തെമ്മാടിത്തത്തിന്‌ പാര്‍ട്ടിയും യുവജന സംഘടനയും തുടക്കമിട്ടിട്ടുണ്ടെന്ന്‌ ഒര്‍ക്കണം.ഇനി അഴിമതിക്കാരനായ ഒരു രാഷ്ട്രീയ നേതാവിനെതിരെ ഒരന്വേഷണവും നടത്തരുതെന്നും നടത്താന്‍ അനുവദിക്കില്ലെന്നുമുള്ള ബീഭത്സതയ്ക്ക്‌ ആരംഭം കുറിക്കുകയാണ്‌ പിണറായിയും അണികളും
ഇതൊന്നും തന്നെ പിണറായി വിജയന്റെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കാന്‍ സഹായകമായ നടപടികളല്ല. ഇവിടെ തനിക്കെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ എം.പി. സ്ഥാനം രാജിവെയക്കുകയും ആരോപണമുക്തനാകുന്നതുവരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയില്ലെന്ന്‌ പ്രതിജ്ഞയെടുത്ത ബിജെപി നേതാവ്‌ ലാല്‍കൃഷ്ണ അഡ്വാനിയുടെ മാതൃകയാണ്‌ ആദരമര്‍ഹിക്കുന്നത്‌. ഇക്കാര്യം ചൂണ്ടിക്കാട്ടുന്നവരെ അബ്ദുള്ളക്കുട്ടിയാക്കാനുള്ള ശ്രമം മാര്‍ക്സിസ്റ്റ്പാര്‍ട്ടിക്കോ പിണറായി വിജയനോ ഭൂഷണമല്ല. മാന്യമായി, ഇപ്പോള്‍ വഹിക്കുന്ന പദവി രാജിവെച്ച്‌ കേസ്‌ അന്വേഷണത്തെ നേരിട്ട്‌ തന്റെ നിരപരാധിത്വം തെളിക്കാനാണ്‌ പിണറായി വിജയന്‍ തയ്യാറാകേണ്ടത്‌. അല്ലാത്തപക്ഷം പാര്‍ട്ടിക്കുള്ളില്‍ നിന്നും പൊതുസമൂഹത്തില്‍ നിന്നും ഉയരുന്ന സമ്മര്‍ദ്ദത്തിനുവഴങ്ങി, പാര്‍ട്ടിയുടെ പഞ്ചാബ്‌ സംസ്ഥന സെക്രട്ടറി ബല്‍വന്ത്‌ സിംഗിനെ പുറത്താക്കിയതുപോലെ കടുത്ത നടപടിയെടുക്കാന്‍ പോളിറ്റ്‌ ബ്യൂറോ നിര്‍ബ്ബന്ധിതമായാല്‍ പിണറായി വിജയന്‌ ഈ ആരോപണങ്ങള്‍ക്കിടയില്‍ പോലും ലഭിച്ചുകൊണ്ടിരിക്കുന്ന അംഗീകാരവും ബഹുമാനവും എന്നേയ്ക്കുമായി നഷ്ടപ്പെടും.
അങ്ങനെ തള്ളിക്കളയാനുള്ള വ്യക്തിത്വമോ സഖാവോ അല്ല പിണറായി വിജയന്‍ എന്ന്‌ വിശ്വസിക്കുന്ന പതിനായിരങ്ങള്‍ കേരളത്തിലും കേരളത്തിനു പുറത്തുമുണ്ട്‌.എന്നാല്‍ സമ്പദ്‌ സമാഹരണത്തിനിടയില്‍ കമ്മ്യൂണിസ്റ്റ്‌ മൂല്യങ്ങള്‍ പരണത്തു വച്ച അതേ ഔദ്ധത്യത്തോടെയാണ്‌ വിജയന്‍ സഖാവിനോടുള്ള ഈ ആദരത്തേയും അദ്ദേഹം പുച്ഛിക്കുന്നത്‌..
പക്ഷെ ആതിരേ ഉപ്പു തിന്നവന്‍ വെള്ളം കുടിച്ചേ മതിയാകൂ.
ഈ സമരാഭാസത്തിനൊന്നും ആ തീര്‍പ്പിനെ മറികടക്കാനാവുകയില്ല..!

2 comments:

ajeeshmathew karukayil said...

ഉപ്പു തിന്നവന്‍ വെള്ളം കുടിച്ചേ മതിയാകൂ

abhilash attelil said...

1)ലാവലിനുമായി കരാര്‍ ഒപ്പിടാന്‍ രണ്ടു വര്‍ഷമെടുത്തു. അത് ക്യാന്‍സല്‍ ചെയ്തു ഭെലുമായ് കരാര്‍ ഒപ്പിടാന്‍ വീണ്ടും എത്ര വര്ഷം എടുക്കും?
2)മൂന്നര മണിക്കൂര്‍ പവര്‍ കട്ടുണ്ടായിരുന്ന നാട്ടില്‍ വെറുതെ സമയം കളയുവാന്‍ പറ്റുമായിരുന്നോ
3)ലാവലിനുമായി യു ഡി ഫ് ഒപ്പിട്ട കരാര്‍ പ്രകാരം സര്‍ക്കാര്‍ പിന്‍മാറിയാല്‍ പാരീസില്‍ പോയി കേസ് പറയണം എന്നൊരു ക്ലോസ് ഉണ്ടായിരുന്നോ
3)സി ബി ഐ പ്രതി പട്ടികയില്‍ കോണ്ഗ്രസ് നേതാവ് സാവിത്രി ലക്ഷ്മണനടെ സഹോദരന്‍ ഉണ്ടോ
4)ഉണ്ടെങ്കില്‍ മാധ്യമങ്ങള്‍ അക്കാരിയം പരയാതത്തെന്തുകൊണ്ട്
5)ആന്റണി സര്‍ക്കാര്‍ ലാവലിനുമായി മലബാര്‍ ക്യാന്‍സര്‍ സെന്റെരിനു വേണ്ടിയുള്ള എം ഓ യു പുതുക്കതത്ത്തെന്തു കൊണ്ടു
6)പിണറായി മന്ത്രി സ്ഥാനം രാജി വച്ചപ്പോള്‍ കേരളം കണ്ട ഏറ്റവും നല്ല വൈദ്യുദ്ധി മന്ത്രി എന്ന് മനോരമ മുഖ പ്രസംഗം എഴുതിയത് എന്തുകൊണ്ട്
7)ഇ കരാറിനെ കുറിച്ചു പി ബി യില്‍ നടന്ന ചര്‍ച്ചയില്‍ അന്ന് പി ബി മെമ്പര്‍ അല്ലായിരുന്ന പിണറായി ഈ കരാറില്‍ ഒപ്പിടണമെന്ന് കാര്യകാരണങ്ങള്‍ നിരത്തി വാധിച്ചതും അന്നത്തെ തന്‍റെ എതിര്‍ ഗ്രൂപുകാരനും അയിരു‌ന്ന ബാലാനന്ദനെ ഉയര്‍ത്തിയ വാദങ്ങളെ എതിര്‍ത്തതും വി യെസ് ആയിരുന്നോ

4)കാര്‍ത്തികേയന്‍ ഇ കരാറിന് മുമ്പു ഒപ്പിട്ട കുറ്റ്യാടി എക്സ്റ്റെന്ശഷന്‍ കരാറിന് അദ്ധേഹം തന്നെ ഒപ്പിട്ട കണ്സട്ടന്‍സി കരാറുമായി എന്തെല്ലാം വിത്യാസം ഉണ്ടായിരുന്നു.ആ കരാറിന് ടെണ്ടര്‍ വിളിച്ചിരുന്നോ
5)പിണറായ ഒപ്പിട്ടപ്പോള്‍ കണ്സട്ടന്‍സി കരാറില്‍ നിന്നു 40കോടി രൂപ കുറവ് ഉണ്ടായിരുന്നോ
6)സി ഐ ജി റിപ്പോര്‍ട്ട് തെറ്റാണെന്നും പിണറായി നടത്തിയ നവീകരണ പ്രവര്‍ത്തനങ്ങള്‍ കാരണം കൂടുതല്‍ വൈദ്യുദ്ധി ഉല്പാധിപിച്ചു എന്ന് ആര്യാടന്‍ റിപ്പോര്‍ട്ട് കൊടുത്തത് തെറ്റായിരുന്നോ .ആണെങ്കില്‍ എന്തുകൊണ്ട്?
7)ഉമ്മന്‍ ചാണ്ടിയുടെ വിജിലന്‍സ്‌ പിണറായിയെ കുറ്റവിമുക്തനാക്കിയത് എന്തുകൊണ്ട്?