Wednesday, January 21, 2009

ആനപ്പുറത്തുകയറിയാല്‍ മാത്രം പ്രസാദിക്കുന്ന ദൈവങ്ങളെയാണ്‌ തളയ്ക്കേണ്ടത്‌


ആതിരേ,
എന്നുമുതലാണ്‌ ദൈവങ്ങള്‍ ആനപ്പുറത്തു കയറാന്‍ തുടങ്ങിയത്‌...?
ദൈവങ്ങള്‍ക്കും പട്ടിയെ പേടിയാണോ?
ചോദ്യങ്ങള്‍ കേട്ട്‌ മുഖം വക്രിക്കാന്‍ വരട്ടെ
കേരളത്തില്‍ ഉത്സവകാലം ആരംഭിച്ചിരിക്കുകയാണ്‌. കൊട്ടും കുരവയും ആനയും അമ്പാരിയും കരിമരുന്നുപ്രയോഗവുമൊക്കെയായി 'ജഗപൊഹ'യായിട്ടാണ്‌ ഉത്സവങ്ങളും പെരുന്നാളുകളും കൊണ്ടാടുന്നത്‌. നല്ലകാര്യമാണ്‌. ജനങ്ങള്‍ക്കിടയിലെ സ്നേഹവും സഹകരണവും സൗമനസ്യവും ദൃഢമാക്കാന്‍ ഇത്തരം കൂടിച്ചേരലുകള്‍ ഉപകരിക്കും. വര്‍ഗീയതയുടെ വിഷം ഉള്ളില്‍ക്കൊണ്ടു നടക്കുന്നവര്‍ പോലും ഈ ദിവസങ്ങളിലെങ്കിലും അതുള്ളിലൊതുക്കിവെച്ച്‌ ആഘോഷങ്ങളില്‍ പങ്കെടുക്കാറുണ്ടല്ലോ. ഈ ഒത്തുചേരലിനുവേണ്ടി മുന്‍ഗാമികള്‍ കണ്ടെത്തിയ ഒരു ഉപായം മാത്രമായിരുന്നു ഉത്സവങ്ങളും പെരുന്നാളുകളും ചന്ദനക്കുടവും മറ്റുമൊക്കെ.
അക്കാലങ്ങളില്‍ മതപരമായ ഈ ആഘോഷങ്ങള്‍ക്ക്‌ കര്‍ശനമായ ചിട്ടയും വ്രതാനുഷ്ഠാനങ്ങളില്‍ അടിസ്ഥാനമിട്ട ആചാരങ്ങളുമൊക്കെ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഇത്തരം കൂടിച്ചേരലുകള്‍ ആശ്വാസവും ആഹ്ലാദവും ജനങ്ങള്‍ക്ക്‌ പകര്‍ന്നുനല്‍കിയിരുന്നു. എന്നാല്‍, ആതിരേ, സന്യസ്തരെ ബലാല്‍സംഗം ചെയ്തുകൊല്ലുന്ന പുരോഹിതന്മാരുടേയും ശ്രീകോവിലിലിരുന്ന്‌ മാംസം കൂട്ടി മദ്യം കഴിക്കുന്ന സന്യാസിമാരുടേയും തീവ്രവാദപ്രസ്ഥാനങ്ങളിലേക്ക്‌ യുവാക്കളെ റിക്രൂട്ട്‌ ചെയ്യുന്ന മൊല്ലക്കമാരുടേയും കാലമായപ്പോള്‍ഈ ഉത്സവങ്ങളും പെരുന്നാളുകളും ചന്ദനക്കുട ആഘോഷങ്ങളുമെല്ലാം പൊതുജനങ്ങള്‍ക്ക്‌ സഹിക്കാനാവാത്ത ശല്യമായി തീര്‍ന്നിരിക്കുകയാണ്‌. മുമ്പ്‌ ഉത്സവം-പെരുന്നാള്‍ എന്നു കേട്ടാല്‍ ആഹ്ലാദം കൊണ്ട്‌ തുള്ളിച്ചാടുന്ന കുഞ്ഞുങ്ങള്‍ക്കുപോലും ആ വാക്കുകള്‍ കേള്‍ക്കുന്നത്‌ കടുത്ത ഭയത്തിന്റെ നിമിഷങ്ങളാണ്‌ സമ്മാനിക്കുക. കാരണം അവരുടെയടക്കം സാധാരണ ജനങ്ങളുടെ മനസ്സിലേക്ക്‌ ഓടിയെത്തുന്നത്‌ മദംപൊട്ടി നില്‍ക്കുന്ന ആനയും ആ ആന വരുത്തിക്കൂട്ടുന്ന വിനയും ആനക്കൊമ്പില്‍ തൂങ്ങിയാടുന്ന പാപ്പാനും അടങ്ങുന്ന ബീഭത്സ ചിത്രങ്ങളാണ്‌ .
ഓരോ ഉത്സവവും പെരുന്നാളും ആനകള്‍ സൃഷ്ടിക്കുന്ന ഭയത്തോടെയല്ലാതെ ഇപ്പോള്‍ അവസാനിപ്പിക്കുന്നില്ല, അതിരേ. എഴുന്നള്ളിപ്പിന്‌ കൊണ്ടുവരുന്ന ആന വിരളാതെ തൃശ്ശൂര്‍ പൂരം പോലും ഇന്ന്‌ അവസാനിക്കുന്നില്ല.
ഇവിടെയാണ്‌ ആദ്യം ഉന്നയിച്ച ചോദ്യത്തിന്റെ പ്രസക്തി. ആനപ്പുറത്ത്‌ കയറിയെങ്കില്‍ മാത്രമേ ദൈവങ്ങള്‍ പ്രസാദിക്കുകയുള്ളോ?
എന്ന്‌ ഏതു ദൈവമാണ്‌ എഴുന്നള്ളപ്പിന്‌ ആന കൂടിയേ തീരു എന്ന്‌ മനുഷ്യനോട്‌ പറഞ്ഞത്‌..?
ഇല്ല ഉത്തരങ്ങള്‍ ഇല്ലാത്ത ചോദ്യങ്ങളാണ്‌ ഇവ. കാരണം ഭക്തിയുടെ മറവില്‍ നടത്തുന്ന തട്ടിപ്പുകളിലൊന്നായി മാറിയിരിക്കുന്നു എഴുന്നള്ളത്തും അതിനുള്ള ആനയെ സജ്ജമാക്കലും.
തെക്കന്‍ കേരളത്തില്‍ ഉത്സവസീസണ്‍ ആരംഭിച്ചുകഴിഞ്ഞു. തലയെടുപ്പുള്ള ആനകളെ എഴുന്നള്ളത്തിന്‌ എത്തിക്കാന്‍ ഓരോ കരക്കാരും മത്സരിക്കുന്നത്‌ സ്വഭാവികം. കരക്കാരുടെ സാമ്പത്തിക ശേഷി പ്രകടിപ്പിക്കാനുള്ള കുറുക്കുവഴിയാണ്‌ എഴുന്നള്ളിപ്പിന്‌ എത്തിക്കുന്ന ആന. എന്നാല്‍ കേരളത്തില്‍ തലയെടുപ്പുള്ള ആനകള്‍കളെയെല്ലാം രണ്ടു വര്‍ഷം മുമ്പേ കാശുള്ള കരക്കാര്‍ ബുക്കു ചെയ്തു കഴിഞ്ഞിരിക്കും. ഇവിടെയാണ്‌ ആനകളുമായി ബന്ധപ്പെട്ട ലോബി ദേവാലയ മതില്‍ക്കെട്ടുകള്‍ക്കകത്ത്‌ എത്തുന്നത്‌.അറിയുക ആതിരേ വടക്കന്‍ കേരളത്തില്‍ കൂപ്പുകളില്‍ തടിപിടിക്കുന്ന ആനകളെയാണ്‌ പലയിടത്തും എഴുന്നള്ളത്തിന്‌ ഇപ്പോള്‍ കൊണ്ടുവരുന്നത്‌. പകല്‍ മുഴുവന്‍ കൂപ്പിലെ പണി കഴിഞ്ഞ്‌ വിശ്രമിക്കേണ്ട ആനകളെയാണ്‌ മണിക്കൂറുകളോളം നടത്തി ഉത്സവ സ്ഥലത്തെത്തിച്ച്‌ കൃത്യമായി ആഹാരമോ വെള്ളമോ കൊടുക്കാതെ, മണിക്കൂറുകളോളം നിര്‍ത്തി പീഡിപ്പിക്കുന്നത്‌. ഈ ആനപ്പുറത്തു കയറണമെന്ന്‌ വാശിപിടിക്കുന്ന ദൈവങ്ങളെയും കരക്കാരെയും പെരുന്നാള്‍ കമ്മിറ്റിക്കാരെയും കൂച്ചുവിലങ്ങിടാത്ത കാലത്തോളം ഉത്സവങ്ങളും പെരുന്നാളുകളും ആനപ്പകയില്‍ നിന്ന്‌ മോചിതമാവുമോ ആതിരേ.
കേള്‍ എഴുന്നള്ളത്തിന്‌ എത്തിക്കുന്ന ആനകള്‍ സൃഷ്ടിച്ച ഭയാന്തരിക്ഷം പരിഗണിച്ചാണ്‌ ആനകള്‍ക്ക്‌ മൈക്രോചിപ്പ്‌ പിടിപ്പിക്കാന്‍ വനം വകുപ്പും മൃഗസംരക്ഷണ വകുപ്പും ചേര്‍ന്ന്‌ തീരുമാനിച്ചതും തീരുമാനം നടപ്പിലാക്കിയതും. കൊട്ടിഘോഷിച്ച്‌ നടത്തിയ ചിപ്പുപിടിപ്പിക്കല്‍ പക്ഷേ ഫലവത്തായിട്ടില്ല എന്നാണ്‌ ഓരോ ആനവിരളലും വ്യക്തമാക്കുന്നത്‌. ഇതിന്‌ കാരണം ആനയ്ക്കു പിടിപ്പിച്ചിട്ടുള്ള ചിപ്പുകളില്‍ രേഖപ്പെടുത്തിയ വിവരങ്ങള്‍ ഡികോഡ്‌ ചെയ്യാനുള്ള ചിപ്പ്‌ സെന്‍സറുകള്‍ വനംവകുപ്പിന്റെയോ മൃഗസംരക്ഷണ വകുപ്പിന്റെയോ കൈയ്യിലില്ലത്തതാണ്‌. 35,000 രൂപയാണ്‌ ചിപ്പ്‌ സെന്‍സറുകളുടെ വില. ആനയെ വാങ്ങിയിട്ട്‌ തോട്ടി വാങ്ങന്‍ കഴിഞ്ഞില്ല എന്നു പറയുന്നത്‌ ഇവിടെയാണ്‌ അന്വര്‍ത്ഥമാകുന്നത്‌, ആതിരേ.
നാട്ടാന പരിപാലനത്തില്‍ കൃത്യമായ നിയമം നിര്‍വ്വചിച്ച സംസ്ഥാനമാണ്‌ കേരളം. എഴുതപ്പെട്ട എല്ലാ നിയമങ്ങളും ലംഘിക്കാനുള്ളതാണെന്ന സാമുഹിക വിരുദ്ധ ചിന്ത തന്നെയാണ്‌ നാട്ടാന പരിപാലന നിയമം നടപ്പിലാക്കുന്ന കാര്യത്തില്‍ അധികൃതരും ആന ഉടമകളും പുലര്‍ത്തുന്നത്‌.
രാവിലെ 11 മണിമുതല്‍ 5 മണിവരെ ആനയെ റോഡിലൂടെ നടത്തിക്കൊണ്ടുപോകരുത്‌. 11 മണിമുതല്‍ 3 മണിവരെ എഴുന്നള്ളിപ്പിന്‌ ഉപയോഗിക്കരുത്‌. വാഹനങ്ങളില്‍ മാത്രമേ ഒരു സ്ഥലത്തുനിന്ന്‌ മറ്റൊരു സ്ഥലത്തേക്ക്‌ കൊണ്ടുപോകാവു. ഇങ്ങനെ കൊണ്ടുപോകുന്ന വാഹനത്തിനും ആനയ്ക്കും മതിയായ സുരക്ഷ ഉണ്ടായിരിക്കണം. മദപ്പാട്‌ കാലത്ത്‌ ആനയെ തടിപ്പണിക്കോ എഴുന്നള്ളത്തിനോ ഉപയോഗിക്കരുത്‌. കൃത്യമായി വിശ്രമവും ഭക്ഷണവും നല്‍കിയശേഷമേ എഴുന്നള്ളത്തിന്‌ ഉപയോഗിക്കാവൂ, പാപ്പന്‍ മദ്യപിക്കരുത്‌ എന്നിങ്ങനെ പോകുന്നു നിയമത്തിലെ ചട്ടങ്ങള്‍.
ആതിരേ, ഈ ചട്ടങ്ങളും എല്ലാം തെറ്റിച്ച്‌ പകല്‍പ്പൂരം നടത്താത്ത ക്ഷേത്രങ്ങളും പെരുന്നാളുകളും നടത്താത്ത പള്ളികളും മോസ്ക്കുകളും കേരളത്തില്‍ എത്രയെണ്ണമുണ്ടെന്ന്‌ അന്വേഷിക്കാതിരിക്കുന്നതാണ്‌ ഭേദം. ആനപ്പകയില്‍ ഓരോ ജീവിതങ്ങള്‍ വലിച്ചു കീറപ്പെടുമ്പോള്‍ ഓര്‍മ്മിക്കാന്‍ മാത്രമായി ഈ നിയമം നമ്മള്‍ സംവരണം ചെയ്തുകഴിഞ്ഞു. ലാഭം, പണം എന്നീ വാക്കുകള്‍ മാത്രം ജീവിതവ്രതമാക്കിയിരിക്കുന്ന മലയാളികള്‍ തന്നെയാണ്‌ ആന ഉടമകളും. അതുകൊണ്ടാണ്‌ ഈ സാധുമൃഗങ്ങളെ ഇങ്ങനെ പീഡിപ്പിച്ച്‌ മനുഷ്യന്‍ ലാഭം ഉണ്ടാക്കുന്നതും ദൈവങ്ങളെ പ്രീണിപ്പിക്കുന്നതും.
നിയമം കര്‍ശനമായി നടപ്പിലാക്കണം എന്നു പറയുന്നതിലൊന്നും ഇക്കാര്യത്തില്‍ വലിയ പ്രയോജനമുണ്ടാകുമെന്ന്‌ ഞങ്ങള്‍ക്കു തോന്നുന്നില്ല. മദം പൊട്ടിയ ആനയേയും മദ്യം മൂത്ത പാപ്പനേയും തളയ്ക്കാന്‍ മയക്കുവെടിമുതല്‍ പോലീസ്‌ വരെയുള്ള സംവിധാനങ്ങള്‍ ഉണ്ട്‌.എന്നാല്‍ ആനപ്പുറത്തു കയറിയാല്‍ മാത്രമേ പ്രസാദിക്കു എന്നു ശഠിക്കുന്ന ദൈവങ്ങളെ തളയ്ക്കാനാണ്‌ മാര്‍ഗ്ഗങ്ങളില്ലാത്തത്‌.
അതു സാധിച്ചാല്‍ ഉത്സവക്കാലവും പെരുന്നാള്‍ദിനങ്ങളും ആനപ്പകയില്ലാത്ത സന്തോഷത്തിന്റേതായിരിക്കും ആതിരേ , സംശയമില്ല.

(ക്ഷമിക്കണ്ട:മലയാളം ഫോണ്ട്സിനെ യൂണിക്കോഡിലേയ്ക്ക്‌ മതപരിവര്‍ത്തനം നടത്തുമ്പോള്‍ ജനിക്കുന്ന പുതിയ ' പദങ്ങള്‍ക്ക്‌' ഞാന്‍ ഉത്തരവാദിയല്ല)

No comments: