
ആതിരേ,
അഭയക്കേസ്സുമായി ബന്ധപ്പെട്ട് കഴിഞ്ഞമാസം 18-ാം തീയതി ഒന്നാം പേജില്‍ 'നീതിദേവതയുടെ മൂടപ്പെട്ട കണ്ണുകളുടെ സുഖം? എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച എഡിറ്റോറിയലിന്റെ പേരില്‍ സ്വമേധയാ ക്രിമിനല്‍ കോടതിയലക്ഷ്യക്കേസെടുക്കാനുള്ള പ്രാരംഭനടപടികള്‍ ഹൈക്കോടതി ആരംഭിച്ചിരിക്കുകയാണ്.
ഈ വര്‍ഷത്തെ ആദ്യ ക്രിമിനല്‍ കോടതിയലക്ഷ്യക്കേസ്സായി നമ്പരിട്ട് ജസ്റ്റീസുമാരായ കെ.ബാലകൃഷ്ണന്‍ നായരും കെ. സുരേന്ദ്രമോഹനും അടങ്ങുന്ന ഡിവിഷന്‍ ബഞ്ചാണ് കേസെടുക്കാനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചത്. കേസ്സില്‍ തിങ്കളാഴ്ച വിധി പറയും.
കോടതികളുടെ നടപടികളില്‍ കണ്ട അണ്ടനും അടകോടനും കയറി നിരങ്ങാനോ അഭിപ്രായം പറയാനോ പാടില്ലാ എന്നാണ് നിയമം. അങ്ങനെ ചെയ്താല്‍ കോടതി അലക്ഷ്യത്തിന് കേസെടുത്ത് ശിക്ഷിക്കുകയെന്നതാണ് ചട്ടം. നിലവിലിരിക്കുന്ന രാഷ്ട്രീയ സാമ്പത്തിക സാഹചര്യത്തില്‍ ഇന്ത്യയിലെ സാധാരണക്കാര്‍ക്ക് നീതി ലഭിക്കാന്‍ അവശേഷിക്കുന്ന സ്രോതസ്സാണ് ജുഡീഷ്യറി. അതുകൊണ്ടുതന്നെ ജുഡീഷ്യറിയുടെ പ്രവര്‍ത്തനങ്ങളില്‍ ആരും കൈകടത്താന്‍ പാടില്ല, കൈ കടത്തിയാല്‍ ശിക്ഷിക്കുകയും വേണം.
നീതി നിര്‍വ്വഹണത്തിന്റെയും ന്യായപാലനത്തിന്റെയും സുതാര്യതയ്ക്ക് സമ്മര്‍ദ്ദരഹിതമായ സാഹചര്യം സൃഷ്ടിച്ചെടുക്കാനാണ് ഇങ്ങനെ ഒരു ഇമ്മ്യൂണിറ്റി ജുഡീഷ്യറിക്ക് ഇന്ത്യയുടെ ഭരണഘടനാ നിര്‍മ്മാതാക്കള്‍ സംവരണം ചെയ്തത്.
എന്നാല്‍ ഈ ഇമ്മ്യൂണിറ്റിയുടെ ഉള്ളില്‍ നിന്നുകൊണ്ട് പൊതുജനങ്ങളെയും നീതിനിര്‍വ്വഹണത്തെയും ന്യായവ്യവസ്ഥയേയും ജുഡീഷ്യല്‍ ഡിസിപ്ലിനേയും അവഹേളിക്കുന്ന അണ്ടന്മാരും അടകോടന്മാരുമായി ന്യായാധിപന്മാര്‍ മാറിയാലോ ആതിരേ? ബാംഗ്ലൂരില്‍ ഒരു റിസോര്‍ട്ടില്‍ അവിഹിതബന്ധത്തിലേര്‍പ്പെട്ടിരുന്ന കര്‍ണ്ണാടക ഹൈക്കോടതിയിലെ ബഹുമാന്യരായ ജഡ്ജിമാര്‍ അറസ്റ്റിലായപ്പോള്‍ ആ വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തതിന്റെ പേരില്‍ മാധ്യമങ്ങള്‍ക്കുനേരെ കോടതിയലക്ഷ്യത്തിന്റെ ഖഡ്ഗം വീശപ്പെട്ടത് അങ്ങനെയാണ്. അതായത് ബഹുമാന്യരും വിജ്ഞനരും ,പ്രശ്നങ്ങളെ നിലവിലിരിക്കുന്ന ന്യായവ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ സമചിത്തതയോടെ വിശകലനം ചെയ്ത് വിധി പ്രഖ്യാപിക്കുമെന്ന് നാമൊക്കെ കരുതന്നവരില്‍ ചിലരെങ്കിലും ഇത്തരം അണ്ടന്മാരും അടകോടന്മാരുമാണെന്ന് സാരം. അവരുടെ നടപടി കോടതി അലക്ഷ്യമായാല്‍ പോലും ശിക്ഷ ലഭിക്കുന്നില്ലായെന്നത് ഇന്ത്യന്‍ ന്യായവ്യവസ്ഥയുടെ ശാപവുമാണ്.
സമാനസ്വഭാവമുള്ളതല്ലെങ്കിലും അഭയക്കേസിലും , ഇപ്പോള്‍ , കോടതിയുടെ ഭാഗത്തുനിന്നുതന്നെ കോടതി അലക്ഷ്യ നടപടികളുണ്ടായിട്ടുണ്ടെന്ന് പറയേണ്ടിവരുന്നു. കേസ്സിലെ ജാമ്യാപേക്ഷയില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ ജസ്റ്റിസ് കെ.ഹേമ തുറന്ന കോടതിയില്‍ നടത്തിയ കേസ് ഡയറിയുടെ പരിശോധനയും നിരീക്ഷണങ്ങളും പിന്നീട് ജാമ്യാപേക്ഷയില്‍ നല്‍കിയ ഉത്തരവിലെ പരാമര്‍ശങ്ങളുമെല്ലാം, കീഴ് വഴക്കങ്ങളുടെ അടിസ്ഥാനത്തിലും സുപ്രിംകോടതിയുടെ നിര്‍ദ്ദേശങ്ങളുടെ പശ്ചാത്തലത്തിലും വിലയിരുത്തുമ്പോള്‍ കോടതിയലക്ഷ്യനടപടിയാണെന്ന് പറയേണ്ടിവരുന്നു ,ആതിരേ.
ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ കേസ് ഡയറി പരിശോധിക്കേണ്ടത് അനുപേക്ഷണിയവും അനിവാര്യവുമാണ്. എന്നാല്‍ കേസ് ഡയറിയിലെ വിവരങ്ങള്‍ തുറന്നകോടതിയില്‍ ചര്‍ച്ചയ്ക്ക് വിഷയമാക്കുന്നതും അതിലെ വിവരങ്ങള്‍ പ്രതിഭാഗത്തിന് ലഭ്യമാക്കുന്നതും കീഴ് വഴക്കങ്ങളുടെ ലംഘനമാണ്. അഭയക്കേസ്സില്‍ അറസ്റ്റിലായ രണ്ടു പുരോഹിതന്മാരുടെയും ഒരു കന്യാസ്ത്രീയുടെയും ജാമ്യാപേക്ഷയില്‍ വാദം കേട്ട ജസ്റ്റീസ് ഹേമ കേസ് ഡയറിയിലെ കാര്യങ്ങള്‍ തുറന്ന കോടതിയില്‍ പരസ്യമായി വിശകലനം ചെയ്യുകയും ഇതുവരെ സിബിഐ ശേഖരിച്ച തെളിവുകള്‍ കൃത്രിമവും അവിശ്വസനീയവുമാണെന്ന് വ്യാഖ്യാനിക്കുന്ന തരത്തില്‍ നിരീക്ഷണം നടത്തുകയും ചെയ്തപ്പോള്‍ അത് കേസ്സിന്റെ അന്തിമവിധിക്ക് തുല്യമായി മാറിയിരിക്കുകയാണ്. ഒരിക്കലും ഒരു ജാമ്യാപേക്ഷയുടെ ഉത്തരവ് കേസ്സിന്റെ തുടര്‍ന്നുള്ള അന്വേഷണത്തെയോ നടക്കാനിരിക്കുന്ന വിചാരണയെയോ സ്വാധിനിക്കാന്‍ പാടില്ല എന്നാണ് തുടര്‍ന്നുപോരുന്ന നിയമം. ആ നിയമത്തെ, കീഴ്‌വഴക്കത്തെ അട്ടിമറിച്ചിരിക്കുകയാണ് ജസ്റ്റീസ് ഹേമ.
എന്നു മാത്രമല്ല, കേസ് ഡയറിയിലെ വിവരങ്ങള്‍ പരസ്യമായി കോടതിയില്‍ വായിച്ച് വിശകലനം ചെയ്യുകയും ജാമ്യപേക്ഷയുടെ തീര്‍പ്പില്‍ കേസ് ഡയറിയിലെ കണ്ടെത്തലുകള്‍ എല്ലാം അടിസ്ഥാനരഹിതമാണെന്ന് പ്രതിപാദിക്കുകയും ചെയ്തതോടെ പ്രതികള്‍ കുറ്റക്കാരല്ല എന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു ജസ്റ്റീസ് ഹേമ. ഓര്‍ക്കണം ഈ കേസ്സിന്റെ വിചാരണ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ ആരംഭിക്കാനിരിക്കുന്നതേയുള്ളു. അതിനുമുമ്പുതന്നെ ഹൈക്കോടതിയിലെ സമുന്നതയും ബഹുമാന്യയുമായ ഒരു ജസ്റ്റീസ് അന്വേഷണം കൃത്രിമമവും മാധ്യമങ്ങളുടെ നിര്‍ദ്ദേശാനുസരണവുമാണെന്ന് പ്രഖ്യാപിക്കുകയും സിബിഐ നിഴലിനു പിന്നാലെ പായുകയാണെന്ന് വില യിരുത്തുകയും ചെയ്തു. മാത്രമല്ല, അഭയ കൊല്ലപ്പെട്ടതല്ല ആത്മഹത്യ ചെയ്തതാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ആ നിലയ്ക്കുവേണം അന്വേഷണം നടത്തേണ്ടതെന്ന് ചൂണ്ടിക്കാട്ടി പത്തു നിര്‍ദ്ദേശങ്ങളും സിബിഐയ്ക്കു നല്‍കി.
അഭയക്കേസ്സിന്റെ തുടക്കം മുതല്‍ തെളിവുകള്‍ നശിപ്പിച്ചും പ്രധാനമന്ത്രിയുടെ ഓഫീസിനെപ്പോലും സ്വാധിനിച്ചും കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചപ്പോള്‍ കോടതികളും മാധ്യമങ്ങളുമായിരുന്നു നിയമവാഴ്ചയുടെ പ്രതിരോധത്തിനെത്തിയത്. നീതിബോധവും സാമൂഹിക പ്രതിബദ്ധതയുമുള്ള ന്യായാധിപന്മാരുടെയും മാധ്യമങ്ങളുടെയും ജാഗ്രത്തായ പ്രവര്‍ത്തനം മൂലമാണ് നിര്‍ണ്ണായക തെളിവുകള്‍ എല്ലാം നശിപ്പിക്കപ്പെട്ട ഈ കേസില്‍ 16 വര്‍ഷത്തിനുശേഷമെങ്കിലും പ്രതികളെന്നു സംശയമുള്ളവരെ കസ്റ്റഡിയിലെടുക്കാന്‍ കഴിഞ്ഞത്.
അപ്പോള്‍ തീര്‍ച്ചയായും കേസ്സന്വേഷണവും വിചാരണവും നീതിപൂര്‍വ്വകമാകാനും പ്രതികള്‍ ശിക്ഷിക്കപ്പെടാനുമുള്ള സാഹചര്യം ഒരുക്കേണ്ട ഹൈക്കോടതിയിലെ ഒരു ജഡ്ജി തന്നെ കേസ്സിന്റെ അന്വേഷണം അട്ടിമറിക്കാന്‍ അല്ലെങ്കില്‍ മരവിപ്പിക്കാന്‍ നിയമം വ്യാഖാനിക്കുകയും കീഴ്‌വഴക്കങ്ങള്‍ ലംഘിക്കുകയും ചെയ്യുമ്പോള്‍ അതിനെ കോടതിയലക്ഷ്യമായിട്ടല്ലേ വിലയിരുത്തേണ്ടെതെന്നാണ് പൊതുസമൂഹത്തിന്റെ ചോദ്യം.
ജാമ്യപേക്ഷയില്‍ തീര്‍പ്പുകല്‍പിക്കുമ്പോള്‍ അനുവര്‍ത്തിക്കേണ്ട കാര്യങ്ങള്‍ സുപ്രിംകോടതി അക്കമിട്ട് വ്യക്തമാക്കിയിട്ടുണ്ട് ആതിരേ.. ഹൈക്കോടതികള്‍ ഉള്‍പ്പെടെയുള്ള മറ്റു കോടതികള്‍ അതു പാലിക്കാന്‍ ബാദ്ധ്യസ്ഥവുമാണ്. ഈ അടിസ്ഥാന തത്വങ്ങളില്‍ നിന്നുള്ള വ്യതിയാനത്തെ ജുഡീഷ്യന്‍ അച്ചടക്കലംഘനം എന്നാണ് വിശേഷിപ്പിക്കുന്നത്. അത് നിയമവിരുദ്ധവുമാണ്.
സതീഷ ജഗ്ഗി v/s സ്റ്റേറ്റ് ഓഫ് ഛത്തീസ്ഗഡ് & അദേഴ്സ് (2008) 1 സുപ്രിംകോടതി കേസ് (സിആര്‍എഫ്) 660 എന്ന കേസിലാണ്, ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ പാലിക്കേണ്ട നടപടി ക്രമങ്ങളും പ്രതിപാദിക്കേണ്ട വിഷയങ്ങളും വിശകലനം ചെയ്യേണ്ട തെളിവുകളും കണ്ടെത്തലുകളും ഇവയെ അടിസ്ഥാനമാക്കിയുള്ള പരമാര്‍ശനങ്ങളും എങ്ങനെയായിരിക്കണം എന്ന് വിശദമാക്കിയിട്ടുള്ളത്.
അതില്‍ ഏറ്റവും പ്രധാനം പ്രോസിക്യൂഷന്‍ ശേഖരിച്ച സാക്ഷി തെളിവുകളുടെ വിശ്വസനീയതയെക്കുറിച്ച് ഛത്തീസ്ഗഡ് ഹൈക്കോടതി നടത്തിയ വിശദമായ വിലയിരത്തലുകള്‍ക്കെതിരെ നടത്തിയ പരാമര്‍ശമാണ്. ഇത്തരം വിലയിരുത്തലുകളും നിരീക്ഷണങ്ങളും അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ പ്രതിയെ കുറ്റവിചാരണയ്ക്കു മുമ്പുതന്നെ കുറ്റവിമുക്തനാക്കിയിരിക്കുകയാണെന്നും ഹൈക്കോടതിയുടെ അനുചിതവും നിയമവിരുദ്ധവുമായ ഇത്തരം നിഗമനങ്ങളും കണ്ടെത്തലുകളും നിലനില്‍ക്കാനിടയായാല്‍ അതു നടക്കാനിരിക്കുന്ന വിചാരണയെത്തന്നെ പ്രതികൂലമായി ബാധിക്കുമെന്നുള്ളതുകൊണ്ട് അനുചിതവും നിയമവിരുദ്ധവുമായ ഹൈക്കോടതിയുടെ കണ്ടെത്തലുകള്‍ റദ്ദാക്കി പ്രതിയുടെ ജാമ്യം സുപ്രിം കോടതി റദ്ദു ചെയ്യുകയാണുണ്ടായത്.
ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ എന്തു ചെയ്യാന്‍ പാടില്ലഎന്ന് സുപ്രിം കോടതി നിര്‍ബ്ബന്ധപൂര്‍വ്വം ചൂണ്ടിക്കാണിച്ചിട്ടുണ്ടോ അതാണ് ആതിരേ , അഭയക്കേസ്സിലെ ജാമ്യാപേക്ഷയുടെ പരിഗണനയില്‍ ജസ്റ്റീസ് കെ. ഹേമ ചെയ്തിട്ടുള്ളത്. അതുകൊണ്ടുതന്നെ അവരുടെ നടപടികള്‍ നിയമവിരുദ്ധവും സുപ്രിംകോടതിയോടുള്ള ധിക്കാരവുമാകുന്നു. ഇത്തരം നടപടികള്‍ക്കാണല്ലോ സാമന്യമായി കോടതിയലക്ഷ്യം എന്നു പറയുന്നത്. കോടതിയലക്ഷ്യം കാണിച്ചാല്‍ ശിക്ഷ ഉറപ്പുമാണ്.
അങ്ങനെയാണെങ്കില്‍ ജസ്റ്റീസ് ഹേമയുടെ കോടതി അലക്ഷ്യത്തിന് എന്തു ശിക്ഷയാണ് ബന്ധപ്പെട്ടവരില്‍ നിന്ന് ഉണ്ടാകുന്നതെന്ന് അറിയാന്‍ മാധ്യമങ്ങള്‍ക്കും പൊതുസമൂഹത്തിനും ഒരു പോലെ താല്‍പര്യമുണ്ട്. വേലിക്കുവേണമെങ്കില്‍ വിളവുതിന്നാം, പക്ഷേ കോടതിക്ക് കോടതിയലക്ഷ്യം നടത്താന്‍ അനുവാദം ഇല്ല.അങ്ങനെ സംഭവിച്ചാല്‍ ശിക്ഷിക്കപ്പെടുക തന്നെ വേണം ആതിരേ .കാരണം ന്യായാധിപവൃത്തിയും അഭിഭാഷകവൃത്തിയും ഉപജീവന മാര്‍ഗ്ഗം കൂടിയായതു കൊണ്ട്, അതില്‍ ഏര്‍പ്പെടുന്നവര്‍, അതിജീവനത്തിനു വേണ്ടി അഡ്ജസ്റ്റുമെന്റുകള്‍ക്ക് വഴങ്ങിയേക്കാം.എന്നാല്‍ ന്യായാസനങ്ങള്‍ പൗരന്മാരുടെ നീതിയും ന്യായവും മാന്യതയും സംരക്ഷിക്കാനുള്ള സംവിധാനമാകയാല്‍ ഇത്തരത്തിലുള്ള വീഴ്ചകള്‍ ശിക്ഷിക്കപ്പെടാതെ പോയാല്‍ അത് ജുഡിഷ്യറിയിലുള്ള പൊതുസമൂഹത്തിന്റെ വിശ്വാസത്തേയും ആദരത്തേയുമാണ് നശിപ്പിക്കുക.
3 comments:
good.....
contempt of court എന്നതിനെ കോടതി “അലക്ഷ്യം” എന്ന് തര്‍ജ്ജമ ചെയ്തത് ആരായാലും അറം പറ്റി.
“വിധി”യുടെ വിളയാട്ടം! :)
Post a Comment