Thursday, February 12, 2015

കല്യാണ്‍ പട്ടുസാരികള്‍ വനിതാ നേതാക്കളുടെ കണ്ണുകെട്ടുമ്പോള്‍

5000 രൂപയാണ്‌ കല്യാണ്‍ സാരീസിലെ തൊഴിലാളികളുടെ മാസ ശമ്പളം . പലരും കുടുംബം പോറ്റുന്നത്‌ കല്യാണ്‍ നല്‍കുന്ന തുച്ഛമായ ഈ ശമ്പളം കൊണ്ടാണ്‌. ഇങ്ങനെ ഗതികേടിലായ ഒരു തൊഴിലാളി മാനേജുമെന്റിനോട്‌ ശമ്പളം കൂട്ടിച്ചോദിച്ചു. ശമ്പളം ആവശ്യമുള്ളയാള്‍ ഓഫീസിലേയ്‌ക്കു വരു എന്നായിരുന്നു മാനേജ്‌മെന്റിന്റെ മറുപടി. എന്നാല്‍ ആരും ചെല്ലില്ലെന്നു പ്രതീക്ഷിച്ചിരുന്ന മാനേജ്‌മെന്റിനുമുന്നില്‍ ഒരു ഫ്‌ളോറിലെ തൊഴിലാളി സ്‌ത്രീകള്‍ ഒന്നടങ്കം ശമ്പളം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യവുമായി ചെന്നു. തൊഴിലാളികള്‍ക്കു മുന്നില്‍ മുതലാളി സാക്ഷാല്‍ രാമചന്ദ്രന്‍ സ്വാമി നേരിട്ടെത്തി. ഗവണ്‍മെന്റ്‌ തലത്തില്‍ ശമ്പളം ഏഴായിരം ആക്കിയിട്ടുണ്ടെന്നും സാമ്പത്തിക പ്രതിസന്ധിമൂലമാണ്‌ ഇതുവരെ കൂട്ടാതിരുന്നതെന്നും രണ്ടുമാസത്തിനകം അടിസ്ഥാന ശമ്പളം വര്‍ദ്ധിപ്പിക്കാമെന്നും വാക്കുനല്‍കി. (കേരളത്തില്‍ കൂണുപോലെ വസ്‌ത്ര സാമ്രാജ്യം കെട്ടിപ്പൊക്കുന്ന ബ്രാന്റിനാണ്‌ സാമ്പത്തിക പ്രതിസന്ധി! )
കേരളത്തിലെ തൊഴിലാളി സംഘടനാ നേതൃത്വങ്ങള്‍ എത്രമാത്രം തൊഴിലാളി വിരുദ്ധവും എത്രത്തോളം സ്‌ത്രീ വിരുദ്ധവുമാണ്‌ എന്നതിന്റെ സുചകങ്ങളാണ്‌,ആതിരേ, വസ്‌ത്രവ്യാപാരസ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന സ്‌ത്രീകളുടെ ദുരവസ്ഥകളും അവരനുഭവിക്കുന്ന അവകാശ നിഷേധങ്ങളും. ദിവസേന ശരാശരി 10 മണിക്കൂര്‍ ജോലിചെയ്യാന്‍ നിര്‍ബന്ധിതരായിട്ടുള്ള ഈ വിഭാഗത്തിലെ ജോലിക്കാര്‍ക്ക്‌ മറ്റ്‌ സംഘടിത തൊഴിലാളികള്‍ക്കുള്ള അവകാശങ്ങളെല്ലാം നിഷേധിക്കുന്നതിലുപരി ജോലി സമയത്ത്‌ ഇരിക്കാന്‍ പോലും അനുവാദമില്ലെന്ന ക്രൂരത പുറത്ത്‌ വന്നിട്ടും സിഐടിയുവും ഐഎന്‍ടിയുസിയും എഐടിയുസിയും,യുടിയുസിയും ബിഎംഎസ്സും അടക്കമുള്ള സംഘടനകള്‍ അറിഞ്ഞ ഭാവം പോലും കാണിക്കാത്തത്‌ കൊണ്ടാണ്‌ തൊഴില്‍ദാതാക്കള്‍ ഇത്തരം സ്ഥാപനങ്ങളിലെ സ്‌ത്രീ തൊഴിലാളികളെ നിരന്തര ചൂഷണത്തിന്‌ വിധേയമാക്കുന്നത്‌. ആതിരേ,അതിന്റെ ഏറ്റവും നീചമായ അശ്ലീലതയാണ്‌ തൃശൂര്‍ കല്യാണ്‍ സാരീസില്‍ കണ്ടുകൊണ്ടിരിക്കുന്നത്‌. കേരളത്തിലെ പ്രമുഖ വസ്‌ത്രവ്യാപാര സ്ഥാപനമാണ്‌ കല്യാണ്‍ സാരീസ്‌. പത്രദൃശ്യമാധ്യമ പരസ്യങ്ങളിലെ കുത്തകക്കാര്‍. നൂലിഴകളില്‍ പോലും വിശ്വസ്ഥത അവകാശപ്പെടുന്ന കല്യാണിന്‌ മനുഷ്യത്വം തൊട്ടു തെറിച്ചിട്ടില്ല.അവരുടെ ആത്മാര്‍ത്ഥതയും വിശ്വസ്ഥതയും കച്ചവടത്തില്‍ മാത്രമെയുള്ളു. തൊഴിലാളികളെ പീഡിപ്പിച്ചും, അടിമപ്പണി ചെയ്യിച്ചുമാണ്‌ ഈ കുത്തക വ്യാപാര സ്ഥാപനം വളര്‍ച്ചയുടെ പടവുകള്‍ താണ്ടുന്നത്‌. കല്യാണില്‍ ജോലി ചെയ്‌തിരുന്ന ആറു വനിത ജീവനക്കാര്‍ തൃശ്ശൂര്‍ കല്യാണ്‍ സാരീസിന്റെ മുന്നില്‍ പന്തല്‍ കെട്ടി `ഇരിക്കല്‍ സമരം 'തുടങ്ങിയിട്ട്‌ നാളുകളായി. തങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിയ്‌ക്കുന്നതിനായി തൊഴിലാളി സംഘടനയായ എഐഎംടിയുവില്‍ ചേര്‍ന്നതാണ്‌ ഇവര്‍ ചെയ്‌ത കുറ്റം.ഇതിന്റെ പേരില്‍ ട്രാന്‍സ്‌ഫര്‍ ചെയ്‌തു കൊണ്ട്‌ മാനേജ്‌മന്റ്‌ നടത്തിയ പ്രതികാര നടപടിക്കെതിരായാണ്‌ പദ്‌മിനി, രജനി, മായ, ദേവി, അല്‍ഫോന്‍സ, ബീന എന്നിവര്‍ `ഇരിക്കല്‍ സമര'വുമായ്‌ രംഗത്തെത്തിയത്‌.
5000 രൂപയാണ്‌,ആതിരേ, കല്യാണ്‍ സാരീസിലെ തൊഴിലാളികളുടെ മാസ ശമ്പളം . പലരും കുടുംബം പോറ്റുന്നത്‌ കല്യാണ്‍ നല്‍കുന്ന തുച്ഛമായ ഈ ശമ്പളം കൊണ്ടാണ്‌. ഇങ്ങനെ ഗതികേടിലായ ഒരു തൊഴിലാളി മാനേജുമെന്റിനോട്‌ ശമ്പളം കൂട്ടിച്ചോദിച്ചു. ശമ്പളം ആവശ്യമുള്ളയാള്‍ ഓഫീസിലേയ്‌ക്കു വരു എന്നായിരുന്നു മാനേജ്‌മെന്റിന്റെ മറുപടി. എന്നാല്‍ ആരും ചെല്ലില്ലെന്നു പ്രതീക്ഷിച്ചിരുന്ന മാനേജ്‌മെന്റിനുമുന്നില്‍ ഒരു ഫ്‌ളോറിലെ തൊഴിലാള്‍ സ്‌ത്രീകള്‍ ഒന്നടങ്കം ശമ്പളം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യവുമായ്‌ ചെന്നു. തൊഴിലാളികള്‍ക്കു മുന്നില്‍ മുതലാളി സാക്ഷാല്‍ രാമചന്ദ്രന്‍ സ്വാമി നേരിട്ടെത്തി. ഗവണ്‍മെന്റ്‌ തലത്തില്‍ ശമ്പളം ഏഴായിരം ആക്കിയിട്ടുണ്ടെന്നും സാമ്പത്തിക പ്രതിസന്ധിമൂലമാണ്‌ ഇതുവരെ കൂട്ടാതിരുന്നതെന്നും രണ്ടുമാസത്തിനകം അടിസ്ഥാന ശമ്പളം വര്‍ദ്ധിപ്പിക്കാമെന്നും വാക്കുനല്‍കി. (കേരളത്തില്‍ കൂണുപോലെ വസ്‌ത്ര സാമ്രാജ്യം കെട്ടിപ്പൊക്കുന്ന ബ്രാന്റിനാണ്‌,ആതിരേ, സാമ്പത്തിക പ്രതിസന്ധി! ) 7000 ശമ്പളം നല്‍കുന്നവര്‍ക്കു പത്തുശതമാനം കൂട്ടാമെന്നും പറഞ്ഞു. കല്യാണ്‍ വാക്കുപാലിച്ചു വെറും രണ്ടുമാസം മാത്രം. അതിനു ശേഷം ചങ്കരന്‍ വീണ്ടും തെങ്ങില്‍ തന്നെ. ഈ സാഹചര്യത്തിലാണ്‌,ആതിരേ, തൊഴിലാളികള്‍ എഎംടിയുവില്‍ ചേര്‍ന്നത്‌. ഇത്‌ എങ്ങനെയോ മാനേജ്‌മെന്റ്‌ അറിഞ്ഞു. ഒരു സംഘടനയില്‍ ചേര്‍ന്നതിന്റെ പേരില്‍ ഇവര്‍ക്കു കല്യാണ്‍ നല്‍കിയ ശിക്ഷ തിരുവനന്തപുരത്തേക്ക്‌ ട്രാന്‍സ്‌ഫര്‍ ഓര്‍ഡര്‍ ആയിരുന്നു. പ്രതികരിക്കുന്നവരെ പിരിച്ചുവിടുകയാണ്‌ കല്യാണിന്റെ നയം.ഈ ഭീഷണിക്കിടയിലും കല്യാണില്‍ നിന്നും 30 ഓളം തൊഴിലാളികളെ സംഘടനയില്‍ ചേര്‍ത്തു. ഇതിനിടെയായിരുന്നു ആറുപേര്‍ക്കെതിരെ മാനേജ്‌മെന്റിന്റെ നടപടി. ആതിരേ, ജോലി പോകാതിരിക്കാനാണിവര്‍ സംഘടനയില്‍ ചേര്‍ന്നത്‌.അതോടെ ഉള്ള ജോലിയും പോയി. ``തിരിച്ചു കല്യാണില്‍ തന്നെ ജോലിയ്‌ക്കു കയറണം എങ്കില്‍ മാത്രമെ ഞങ്ങള്‍ ചെയ്‌തതിനു എന്തെങ്കിലും അര്‍ത്ഥമുണ്ടാകു. ഇതു ഞങ്ങള്‍ക്കുവേണ്ടിയല്ല ഒരോ തൊഴിലാളികള്‍ക്കും വേണ്ടിയാണ്‌. ഞങ്ങള്‍ തിരികെ ജോലിക്കു കയറിയില്ലെങ്കില്‍ വീട്ടിലെ അടുപ്പു പുകയില്ല. വലിയ വിദ്യാഭ്യാസമുള്ളവരല്ല ഞങ്ങള്‍ പക്ഷേ ഒരു മനുഷ്യനു വേണ്ട ആവകാശങ്ങളെന്താണെന്നറിയാം'' സമരം ചെയ്യുന്നവര്‍ പറയുന്ന സംഘബോധത്തിന്റെ ,മനുഷ്യത്തത്തിന്റെ കണിക പോലും നമ്മുടെ സംഘടിത തൊഴിലാളി യൂണിയന്‍ നേതാക്കള്‍ക്കില്ലാതെ പോയല്ലോ!
കല്യാണിന്റെ നടപടിയില്‍ പ്രതിഷേധിച്ചു ലേബര്‍ ഓഫീസില്‍ പരാതിയുമായി ഇവര്‍ ചെന്നപ്പോള്‍ ട്രാന്‍സ്‌ഫര്‍ പ്രക്രിയ കല്യാണിന്റെ എല്ലാ കേന്ദ്രങ്ങളിലും നടന്നുകൊണ്ടിരിക്കുകയാണെന്നും അതുകൊണ്ടാണ്‌ ഇവരെ സ്ഥലം മാറ്റുന്നതെന്നുമായിരുന്നു മാനേജ്‌മെന്റിന്റെ നിലപാട്‌. തങ്ങള്‍ ജോലിക്കു ചേര്‍ന്ന സമയത്ത്‌ ട്രാന്‍സ്‌ഫറിന്റെ കാര്യം പറഞ്ഞിരുന്നില്ലെന്നും കുടുംബവും കുട്ടികളുമുള്ള തങ്ങള്‍ എങ്ങനെ തിരുവനന്തപുരത്തു പോയി ജോലിചെയ്യുമെന്നും സ്‌ത്രീകള്‍ ചോദിക്കുന്നു. പിരിച്ചു വിടാന്‍ വേണ്ടിയുള്ള ട്രാന്‍സര്‍ ഓഡറാണെന്നും തെളിലാളികളെ തിരിച്ചെടുക്കണമെന്നും ലേബര്‍ ഓഫീസര്‍ ആവശ്യപ്പെട്ടെങ്കിലും കല്യാണ്‍ ചെവികൊണ്ടില്ല. ഈ സാഹചര്യത്തിലാണ്‌ ആറു പേരടങ്ങുന്ന സ്‌ത്രീ തൊഴിലാളികള്‍ അശ്വനി ജംഗ്‌ഷനു സമീപമുള്ള കല്യാണിനു മുന്നില്‍ സമരം ആരംഭിച്ചത്‌. പുരുഷകേന്ദ്രീകൃതമായ ട്രേഡ്‌ യൂണിയന്‍ നേതാക്കള്‍ കല്യാണ്‍ മുതലാളി രാമചന്ദ്രന്‍ സ്വാമിയുടെ സാമദാനങ്ങളില്‍ മയങ്ങി വര്‍ഗ വഞ്ചകരായത്‌ സ്വാഭാവികം.അവര്‍ ആദ്യാവസാനം അതു മാത്രമാണല്ലോ.ഇവരുടെയൊക്കെ തലയില്‍ ഇടിത്തീ വീഴാത്തത്‌ ഈശ്വരന്റെ നോട്ടപ്പിശകല്ലെന്ന്‌ എങ്ങനെ പറയും,ആതിരേ? കേരളത്തിലെ സ്‌ത്രീകളുടെ അവകാശസംരക്ഷണത്തിന്റെ കുത്തക അവകാശപ്പെടുന്ന ,പി.കെ ശ്രീമതി ടീച്ചര്‍ ഇത്‌ കാണുന്നില്ല.ഡോ.സീമ ഇതു കാണുന്നില്ല,അഡ്വ.ബിന്ദു കൃഷ്‌ണ ഇത്‌ കാണുന്നില്ല,ശോഭാ സുരേന്ദ്രനും ഇത്‌ കാണുന്നില്ല കല്യാണിന്റെ പട്ടുസാരികള്‍ക്ക്‌ വനിതാനേതാക്കളുടെ കണ്ണ്‌ മഞ്ഞളിപ്പിക്കാന്‍ മാത്രമല്ല,ആതിരേ, ചുറ്റുപാടും നടക്കുന്ന വാസ്‌തവങ്ങള്‍ കാണാതിരിക്കാന്‍ അവരുടെ കണ്ണുകെട്ടാനും കഴിയുമെന്ന്‌ ബോദ്ധ്യമായി.

No comments: