Monday, February 23, 2015

`ജനകീയ ഇടത്‌പക്ഷത്തിന്‌ നേതൃത്വം നല്‍കുക എന്നതാണ്‌ വിഎസില്‍ നിന്ന്‌ കേരളം പ്രതീക്ഷിക്കുന്നത്‌

ഫാസിസത്തിന്റെ ചൂരുമണക്കുന്ന ആ രാഷ്ട്രീയ വഞ്ചനയ്‌ക്കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ച്‌ പാര്‍ട്ടിയില്‍ നിന്ന്‌ പുറത്തുവന്ന്‌ ജനകീയ ഇടതുപക്ഷ ശക്തികളെ ഏകോപിപ്പിക്കുകയാണ്‌ കാലം വിഎസില്‍ നിന്ന്‌ പ്രതീക്ഷിക്കുന്ന സമകാലീന ദൗത്യം.യൂറോപ്പിലെങ്ങും ഗ്രീസിലും ഉയര്‍ന്നുവന്നിട്ടുള്ള ജനകീയ ഇടതുപക്ഷ മുന്നേറ്റം പോലെ ,ഡല്‍ഹിയില്‍ രൂപം കൊണ്ട ജനപക്ഷ പ്രതിഷേധം പോലെ ഒന്ന്‌ കേരളത്തില്‍ പുഷ്‌കലമാകാന്‍ വിഎസ്‌ സംഘടനാപരമായ `വേലി'ക്കെട്ടുകളെല്ലാം പൊട്ടിച്ചെറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.രാഷ്ട്രീയ നിഷ്‌ക്രിയത്വത്തില്‍ നിന്നും വര്‍ഗീയ ചേരിതിരിവില്‍ നിന്നും കേരളത്തെ രക്ഷിക്കാന്‍ അത്തരമൊരു ദൗത്യം അനിവാര്യമാണ്‌.വിഎസിന്‌ മാത്രമേ അതിന്‌ വഴിമരുന്നിടാന്‍ കഴിയൂ.അതിന്‌ വിഎസ്‌ സന്നദ്ധമാകുന്ന മുഹൂര്‍ത്തത്തിനായാണ്‌ കേരളീയ പൊതുസമൂഹം വെമ്പലോടെ കാത്തിരിക്കുന്നത്‌.അല്ലാതെ പുതിയ പാര്‍ട്ടി സെക്രട്ടറിയുടെ നേതൃത്വത്തില്‍ സിപിഎം ജനകീയ പ്രശ്‌നങ്ങളെ എങ്ങനെ അഭിസംബോധന ചെയ്യുമെന്ന്‌ അറിയാനല്ല.
ഇന്ത്യയിലെ ഇടതുപക്ഷ പാര്‍ട്ടികള്‍ ,പ്രത്യേകിച്ച്‌ സിപിഎം അതിന്റെ ഏറ്റവും `ഭീകരമായ' പ്രത്യയശാസ്‌ത്ര ജീര്‍ണതയെ അഭിമുഖീകരിക്കുമ്പോള്‍ ഒരുവശത്ത്‌ അച്യുതാനന്ദനും മറുവശത്ത്‌ പിണറായിയും നിന്നുകൊണ്ട്‌ ഉത്‌പാദിപ്പിക്കുന്ന വിഭാഗിയതയുടെ രീതിശാസ്‌ത്രങ്ങളാണ്‌,ആതിരേ, സിപിഎമ്മിനേയും അതിന്റെ വര്‍ത്തമനകാല ദൗത്യത്തേയും ദശാബ്ദങ്ങള്‍ പിറകോട്ടടിച്ചു കൊണ്ടിരിക്കുന്നത്‌.ഇത്‌ തിരിച്ചറിയാനും സ്വയം തിരുത്താനും തയ്യാറാകാതെ പാര്‍ട്ടി അണികളുടെയും അനുഭാവികളുടെയും മനസ്സ്‌ കലുഷമാക്കുന്നതിലാണ്‌ ഈ രണ്ട്‌ നേതാക്കള്‍ക്കും ഔത്സുക്യം. അതേസമയം സിപിഎം ഒരു ഫാസിസ്റ്റ്‌ പാര്‍ട്ടിയായി അധഃപതിച്ചു എന്ന വിഎസിന്റെ ആരോപണം അക്ഷരാര്‍ത്ഥത്തില്‍ വസ്‌തവമാണെന്ന്‌ തെളിയിക്കുന്നതാണ്‌ കഴിഞ്ഞ ഒന്നര ദശാബ്ദത്തിലധികമായുള്ള പാര്‍ട്ടിയുടെ നയങ്ങളും നിലപാടുകളും.ചാത്തുണ്ണി മാസ്റ്റര്‍ക്ക്‌ ശേഷം പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തേയ്‌ക്ക്‌ അച്യുതാനന്ദന്‍ കൈപിടിച്ചുയര്‍ത്തിയ പിണറായി വിജയന്‍,വര്‍ഗബഹുജന തത്‌പര്യങ്ങളില്‍ നിന്ന്‌ പാര്‍ട്ടിയെ ഹൈജാക്ക്‌ ചെയ്‌ത്‌ നവമൂലധന ശക്തികളുടെ പിന്നാമ്പുറത്ത്‌ കൊണ്ട്‌ കെട്ടിയിട്ടതിന്റെ തികട്ടിവരലുകളും തിരിച്ചടികളും അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിയിരിക്കുന്നു എന്നാണ്‌,ആതിരേ, ആലപ്പുഴ സമ്മേളനം വ്യക്തമാക്കുന്നത്‌. സിപിഎം കെട്ടിപ്പടുത്തതില്‍ ജീവിച്ചിരിക്കുന്ന ഏക വ്യക്തിക്ക്‌,ഹൃദയവ്യഥയോടെ അന്‍പതാം സംസ്ഥാന സമ്മേളന വേദിയില്‍ നിന്നിറങ്ങിപ്പോകേണ്ട ഗതികേടുണ്ടായത്‌,ഇന്നത്തെ പാര്‍ട്ടി നേതൃത്വം പിന്തുടരുന്ന അഹങ്കാരത്തിന്റേയും ഡംഭിന്റേയും മുഷ്‌ക്കിന്റേയും ദുര്‍മദം കൊണ്ടു തന്നെയാണ്‌.ഒറ്റപോയിന്റ്‌ അജണ്ടയില്‍ 600 പ്രതിനിധികള്‍ 92വയസുള്ള ആ വൃദ്ധ കമ്യൂണിസ്‌റ്റിനെ വളഞ്ഞിട്ടാക്രമിച്ചത്‌ എന്തിന്‌ വേണ്ടി,ആര്‍ക്ക്‌ വേണ്ടിയായിരുന്നു?ആ കൂട്ടായ ആക്രമണം മുന്നോട്ടു വയ്‌ക്കുന്ന സ്വാര്‍ത്ഥലിപ്‌ത നിലപാടുകള്‍ എന്തെല്ലാമാണ്‌?
ആതിരേ,അധികം ചോദ്യങ്ങള്‍ ചോദിക്കേണ്ടതില്ല.പിണറായി വിജയന്‍ എന്ന സ്റ്റാലിനിസ്റ്റിന്റെ നീചമായ ലിക്വിഡേഷന്‍ തന്ത്രങ്ങള്‍ക്ക്‌ രാസത്വരകങ്ങളാകുകയായിരുന്നു സമ്മേളനത്തില്‍ പങ്കെടുത്ത 600 പ്രതിനിധികളും.എം.സ്വരാജിനേയും ചിന്ത ജെറോമിനേയും പോലെ മഞ്ഞളുമാറത്ത പിള്ളേരെ ഇറക്കി അച്യുതാനന്ദനെ തലങ്ങും വിലങ്ങും വെട്ടിച്ചപ്പോള്‍ സ്ഥാനം ഒഴിയുന്ന പാര്‍ട്ടി സെക്രട്ടറിയുടെ ഡംഭും ഏകാധിപത്യത്വരയും എത്ര ഹീനമായിരുന്നു എന്ന്‌ കേരളം തിരിച്ചറിയുകയാണ്‌. അച്യുതാനന്ദന്‍-പിണറായി പോരിന്‌ പ്രത്യയശാത്രപരമായ അടിസ്ഥാനമൊന്നുമില്ലെന്ന്‌ ആര്‍ക്കാണ്‌,ആതിരേ, അറിഞ്ഞു കൂടാത്തത്‌!പാര്‍ട്ടിയില്‍ അധികാരം സ്ഥാപിക്കാനുള്ള അധമമായ ലക്ഷ്യമേ രണ്ട്‌ കൂട്ടര്‍ക്കുമുള്ളു.പക്ഷേ അത്‌ പറയുമ്പോഴും ഒരു കമ്യൂണിസ്റ്റുകാരനായി ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത്‌ അഴിമതിക്കും അനീതിക്കുമെതിരെ പോരാടാനുള്ള ആര്‍ജവം വിഎസ്‌ മാത്രമാണ്‌ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്‌ എന്ന്‌ കാണാതിരുന്നു കൂട.കഴിഞ്ഞ 16 വര്‍ഷത്തിനിടെ പിണറായി വിജയനും സിപിഎമ്മും ഏറ്റെടുത്തു വിജയിപ്പിച്ച ജനകീയ പോരാട്ടം ഏതാണുള്ളത്‌?പാര്‍ട്ടിയുടെതെന്ന പേരില്‍ ചൂണ്ടിക്കാണിക്കാന്‍ അച്യുതാനന്ദന്‍ നയിച്ച പോരാട്ടങ്ങള്‍ മാത്രമല്ലേ ഉള്ളത്‌?ഇക്കലയളവില്‍ നിസ്വ ജനതയ്‌ക്കും പാര്‍ശ്വവത്‌ക്കരിക്കപ്പെട്ടവര്‍ക്കും ചൂഷിതര്‍ക്കും വേണ്ടി ഉയര്‍ന്നിട്ടുള്ള ഏകസ്വരം വിഎസിന്റേത്‌ മാത്രമാണ്‌.അതു കൊണ്ടാണ്‌ തെരെഞ്ഞെടുപ്പില്‍ വിഎസിന്‌ പാര്‍ട്ടി സീറ്റ്‌ നിഷേധിച്ചപ്പോള്‍ കേരളം പാര്‍ട്ടിക്കതീതമായി രണ്ട്‌ വട്ടവും പൊട്ടിത്തെറിച്ചത്‌.ആ വിഎസിനെ പുകച്ചു പുറത്ത്‌ ചാടിക്കാനാണ്‌,ആതിരേ, ബ്രാഞ്ച്‌ സമ്മേളങ്ങള്‍ മുതല്‍ പിണറായിയും കണ്ണൂര്‍ ലോബിയും ചരട്‌ വലിച്ചത്‌.അതിന്റെ അശ്ലീലപരിണതിയാണ്‌ കേരളമിപ്പോള്‍ കണ്ടു കൊണ്ടിരിക്കുന്നത്‌. പോരാട്ടങ്ങളുടെ നിണമണമുള്ള ആലപ്പുഴയില്‍ സംസ്ഥാന സമ്മേളനം ആരംഭിച്ചത്‌ വിവാദങ്ങളോടെയായത്‌ അതു കൊണ്ടു മാത്രമാണ്‌. വി.എസ്സിന്റെ വിയോജന രേഖയോട്‌ പാര്‍ട്ടി സെക്രട്ടറി പരസ്യമായി പ്രതികരിച്ചത്‌,കീഴ്‌വഴക്കങ്ങളെല്ലാം ലംഘിച്ചും സിപിഎമ്മിന്റെ സംഘടനാതത്വങ്ങളെല്ലാം കടപുഴക്കി എറിഞ്ഞു കൊണ്ടുമായിരുന്നു.ശത്രുവിന്റെ ചോരയ്‌ക്ക്‌ വേണ്ടി ചുരമാന്തുന്ന ഒരു ചെന്നായയുടെ ശൗര്യമായിരുന്നു പിണറായിയുടെ വാക്കിലും നോക്കിലുമുണ്ടായിരുന്നത്‌.അമാന്യവും അധികാര ഗര്‍വ്‌ തിളച്ചതുമായ ആ നീക്കമുണ്ടായിരുന്നില്ലെങ്കില്‍,ആതിരേ, പുതിയ പ്രതിസന്ധി രൂപം കൊള്ളില്ലുകയില്ലായിരുന്നു; സംസ്ഥാനസമ്മേളനത്തിന്റെ ശോഭ കെടുകയുമില്ലായിരുന്നു.
കേരളത്തില്‍ പാര്‍ട്ടിയെ കൂടുതല്‍ ശക്തീകരിക്കാനും സമരസജ്ജമാക്കാനും ഉതകുന്ന സമൂര്‍ത്തമായ പരിപാടികള്‍ ആസൂത്രണം ചെയ്യാനുള്ള ചര്‍ച്ചകള്‍ നടക്കേണ്ടിടത്താണ്‌ വിഎസ്‌-പിണറായി പോര്‌ വേദി കീഴടക്കിയത്‌......ജനകീയ പ്രക്ഷോഭങ്ങള്‍ക്ക്‌ സമര്‍പ്പിതരായ ചുണയുള്ള അണികളെ വാര്‍ത്തെടുക്കുന്നതിന്‌ പുറമെ സാമൂഹിക സേവന രംഗത്തേയ്‌ക്കിറങ്ങുന്ന സന്നദ്ധതയായി പാര്‍ട്ടിയെ ഉടച്ചു വാര്‍ക്കേണ്ട സമയത്താണ്‌,സ്ഥാനമൊഴിയുന്ന സെക്രട്ടറിയുടെ ബീഭത്സ വൈര്യനിര്യാതന ബുദ്ധിയില്‍ പാര്‍ട്ടി സമ്മേളനം അലങ്കോലമായത്‌. ദേശീയ രാഷ്ട്രീയത്തില്‍ ഉരുത്തിരിഞ്ഞ വര്‍ഗീയ ഫാസിസത്തേയും അത്‌ നിയന്ത്രിക്കുന്ന കേന്ദ്രഭരണത്തേയും ചെറുക്കാന്‍ ഇടത്‌-മതനിരപേക്ഷ-ജനാധിപത്യ മുന്നണിയെ ശക്തിപ്പെടുത്താനുള്ള വിശാല നിലപാട്‌ സ്വീകരിച്ച്‌ കേരളത്തില്‍ പോലും 40 ശതമാനത്തോളം മധ്യവര്‍ഗ കുടുംബങ്ങളില്‍ പാര്‍ട്ടിക്ക്‌ സ്വാധീനമില്ലെന്ന വസ്‌തുതയുടെ അടിസ്ഥാനത്തില്‍ പുതിയ കര്‍മരേഖ മുന്നോട്ട്‌ വെച്ച്‌ ന്യൂനപക്ഷ, പിന്നാക്ക, അധ:സ്ഥിത വിഭാഗങ്ങളിലേക്ക്‌ എത്തിച്ചേരുന്ന സംഘടനാ ശീലങ്ങള്‍ക്ക്‌ രൂപം കൊടുക്കേണ്ട സമയമാണ്‌ ആലപ്പുഴ സമ്മേളനത്തില്‍ ദുര്‍വ്യയം ചെയ്യപ്പെട്ടത്‌.ആതിരേ,ഇതില്‍ അണികള്‍ക്കും അനുഭാവികള്‍ക്കും കേരളത്തിലെ പൊതുസമൂഹത്തിനും തീര്‍ത്താല്‍ തീരത്ത പകയുണ്ട്‌. ഒരു വശത്ത്‌ അഴിമതിയില്‍ മുങ്ങിക്കുളിച്ച യുഡിഎഫ്‌ ഭരണം.മറുവശത്ത്‌ എങ്ങനേയും കേരള പൊതുമണ്ഡലത്തില്‍ നുഴഞ്ഞു കയറാന്‍ തക്കം പാര്‍ത്തിരിക്കുന്ന വര്‍ഗീയ-മത വാദങ്ങള്‍.ഇവയ്‌ക്കിടയില്‍ മതനിരപേക്ഷ-ജനാധിപത്യ ശക്തികളെ ഒന്നിപ്പിച്ച്‌ ഇടതു ബദലായി ഉയരേണ്ട സിപിഎം ചില നേതൃമ്മന്യന്മാരുടെ നെറികെട്ട അധികാര ഗര്‍വിന്റെ സംരക്ഷണത്തിനും സാക്ഷാത്‌കാരത്തിനുമാണ്‌ ആര്‍ജ്ജിത ഊര്‍ജ്ജം ചെലവാക്കുന്നത്‌. കൊലയാളികളെ സംരക്ഷിക്കുന്ന,മൂലധനശക്തികള്‍ക്ക്‌ വഴങ്ങുന്ന,ഫാസിസ്റ്റ്‌ നുഴഞ്ഞുകയറ്റത്തിന്‌ അവസരമൊരുക്കുന്ന അവസരവാദവും അതിനിണങ്ങുന്ന അതിജീവനരാഷ്ട്രീയവുമാണ്‌,ആതിരേ, സിപിഎമ്മിന്റെ ഇന്നത്തെ മുഖം.ഈ കാപട്യത്തിനെതിരായ പോരാട്ടമാണ്‌ വിഎസിനെ ഔദ്യോഗിക പക്ഷത്തിന്‌ അനഭിമതനാക്കിയത്‌,പൊതു സമൂഹത്തിന്‌ സ്വീകാര്യനാക്കിയത്‌.പാര്‍ട്ടി വിരുദ്ധനെന്ന്‌ സംസ്ഥാന സമ്മേളനക്കാലത്ത്‌ പത്രസമ്മേളനം നടത്തി പിണറായി പ്രഖ്യാപിക്കുകയും,പ്രവര്‍ത്തന റിപ്പോര്‍ട്ടിന്റെ 56 പേജ്‌ വിഎസ്‌ വധത്തിനായി നീക്കിവയ്‌ക്കുകയും ചെയ്‌ത സ്റ്റാലിനിസ്റ്റ്‌ മുന്‍വിധിയാണ്‌ സിപിഎമ്മിന്റെ ശാപം. ഫാസിസത്തിന്റെ ചൂരുമണക്കുന്ന ആ രാഷ്ട്രീയ വഞ്ചനയ്‌ക്കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ച്‌ പാര്‍ട്ടിയില്‍ നിന്ന്‌ പുറത്തുവന്ന്‌ ജനകീയ ഇടതുപക്ഷ ശക്തികളെ ഏകോപിപ്പിക്കുകയാണ്‌ കാലം വിഎസില്‍ നിന്ന്‌ പ്രതീക്ഷിക്കുന്ന സമകാലീന ദൗത്യം.യൂറോപ്പിലെങ്ങും ഗ്രീസിലും ഉയര്‍ന്നുവന്നിട്ടുള്ള ജനകീയ ഇടതുപക്ഷ മുന്നേറ്റം പോലെ ,ഡല്‍ഹിയില്‍ രൂപം കൊണ്ട ജനപക്ഷ പ്രതിഷേധം പോലെ ഒന്ന്‌ കേരളത്തില്‍ പുഷ്‌കലമാകാന്‍ വിഎസ്‌ സംഘടനാപരമായ `വേലി'ക്കെട്ടുകളെല്ലാം പൊട്ടിച്ചെറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.രാഷ്ട്രീയ നിഷ്‌ക്രിയത്വത്തില്‍ നിന്നും വര്‍ഗീയ ചേരിതിരിവില്‍ നിന്നും കേരളത്തെ രക്ഷിക്കാന്‍ അത്തരമൊരു ദൗത്യം അനിവാര്യമാണ്‌.വിഎസിന്‌ മാത്രമേ അതിന്‌ വഴിമരുന്നിടാന്‍ കഴിയൂ.അതിന്‌ വിഎസ്‌ സന്നദ്ധമാകുന്ന മുഹൂര്‍ത്തത്തിനായാണ്‌,ആതിരേ, കേരളീയ പൊതുസമൂഹം വെമ്പലോടെ കാത്തിരിക്കുന്നത്‌.അല്ലാതെ പുതിയ പാര്‍ട്ടി സെക്രട്ടറിയുടെ നേതൃത്വത്തില്‍ സിപിഎം ജനകീയ പ്രശ്‌നങ്ങളെ എങ്ങനെ അഭിസംബോധന ചെയ്യുമെന്ന്‌ അറിയാനല്ല.

No comments: