Friday, March 6, 2015
`നിര്‍ഭയ'യെ വീണ്ടും വീണ്ടും ബലാത്സംഗം ചെയ്യാന്‍ അനുവദിക്കുമ്പോള്‍
സ്‌ത്രീ ഒരു ഉപഭോഗവസ്‌തു മാത്രം. ആണിന്റെ സുഖത്തിനു വേണ്ടി മാത്രമുള്ള വസ്‌തു. അവന്റെ എല്ലാ കൊള്ളരുതായ്‌മക്കും കൂട്ടുനില്‍ക്കേണ്ടവള്‍..ഇതാണ് ഇന്നും പുരുഷമേധാവിത്വത്തിന്റെ ഹുങ്ക്.നമ്മുടെ നിയമങ്ങളും നീതിപാലന രീതികളും ഈ മെയ്‌ല്‍ ഷുവനിസ്റ്റുകളെ സംരക്ഷിക്കുന്നത് കൊണ്ട് കൂടിയാണ് തെമ്മാടിത്തത്തിന്റെ ഭാഷയില്‍ ഒരു പരിഷ്‌കൃത സമൂഹത്തെ തന്നെ വെല്ലുവിളിച്ച് മുള്‍മുനയില്‍ നിര്‍ത്താന്‍ സ്‌ത്രീപീഡകര്‍ക്ക് കഴിയുന്നത്. ചെയ്‌ത തെറ്റിന് ന്യായീകരണം കണ്ടെത്തി,പെണ്ണിനെ കുറ്റപ്പെടുത്തി ധാര്‍മികതയേയും നിയമവാഴചയേയും വെല്ലുവിളിക്കുന്ന ഈ കാടന്മാരെ സുഖസൗകര്യങ്ങളോടെ പരിപാലിക്കാനാണ് നീതിപീഠങ്ങളും ഭരണകൂടവും മനുഷ്യാവകാശ പ്രവര്‍ത്തകരും മത്സരിക്കുന്നതെന്ന് പറഞ്ഞേ മതിയാകൂ.പീഡകര്‍ക്ക് രക്ഷപ്പെടാനുള്ള പഴുതുകള്‍ ഒരുക്കുന്ന നമ്മുടെനിയമ സംവിധാനം ബോംബ് വച്ച് തകര്‍ക്കേണ്ടതല്ലേ?
``അവള്‍ ഒന്നു മിണ്ടാതെ സഹകരിച്ചാല്‍ മതിയായിരുന്നു, എന്നാല്‍ അവളെ കൊല്ലാതെ വിട്ടേനെ, കാര്യം കഴിഞ്ഞാല്‍ അവളെ ഇറക്കിവിടുമായിരുന്നു.'' ഇന്ത്യയില്‍ പെണ്‍കുട്ടികള്‍ സുരക്ഷിതരല്ല എന്ന് നമ്മെ മനസ്സിലാക്കിയ ഡല്‍ഹി സംഭവത്തിലെ മുഖ്യപ്രതി മുകേഷ് സിങ്ങിന്റേതാണ്,ആതിരേ, തെമ്മാടിത്തത്തിന്റെ ചൂരുള്ള ഈ വാക്കുകള്‍. ബലാത്സംഗങ്ങളുടെ സ്വന്തം നാടായി ഇന്ത്യ പരിണമിച്ചിരിക്കുന്ന സാഹചര്യത്തില്‍ കൊലയാളിയുടെ ഈ വാക്കുകളുടെ പ്രഹരശേഷി ഊഹങ്ങള്‍ക്കപ്പുറമാണ്
പീഡന വീരന്മാര്‍ക്കും കുറ്റവാളികള്‍ക്കും മാത്രമേ ഇന്ത്യയില്‍ നീതി ലഭിക്കുകയുള്ളൂ എന്നും , ഇരകള്‍ക്ക് ഇവിടെ ഒരിക്കലും നീതി ലഭിക്കില്ല എന്നുമുള്ള വാസ്‌തവത്തിന്റെ നെറുകില്‍ കയറിയിരുന്ന് കടവിടങ്ങുകായായിരുന്നു മുകേഷ് സിംഗ്.എന്നിട്ടും ബന്ധപ്പെട്ടവരാരും ഈ മനോഭാവത്തിനെതിരെ ചെറുവിരല്‍ പോലും അനക്കുന്നില്ല എന്നിടത്താണ് മുകേഷ് സിംഗുമാര്‍ക്ക് നെഞ്ചു വിരിച്ചു നിന്ന് ഇങ്ങനെയൊക്കെ വെല്ലുവിളിക്കാന്‍ കരുത്തുകിട്ടുന്നത്
``ബലാത്സംഗം ഉണ്ടാകുന്നതിന് കാരണക്കാര്‍ ആണുങ്ങള്‍ അല്ല. ബലാത്സംഗം ചെയ്യപ്പെടാതിരിക്കാന്‍ ഉത്തരവാദിത്തം പെണ്ണുങ്ങളുടേതാണ്.മാന്യരായ പെമ്പിള്ളേര് രാത്രി 9 മണിക്ക് ശേഷം റോഡില്‍ കറങ്ങി നടക്കില്ല. ആണ്‍കുട്ടികളും പെണ്‍കുട്ടികളും തുല്യരല്ല. പെണ്‍കുട്ടികള്‍ വീട്ടിലിരുന്ന് പണിയെടുക്കുകയാണ് വേണ്ടത് . അവര്‍ രാത്രി ഡിസ്‌കോ ബാറുകളിലും മറ്റും മാന്യമല്ലാത്ത വസ്‌ത്രമണിഞ്ഞ് കറങ്ങി നടക്കരുത്. ബലാത്സംഗക്കേസിലെ കുറ്റവാളികളെ വധശിക്ഷയ്‌ക്ക് വിധിക്കുന്നത് കൂടുതല്‍ കുഴപ്പമുണ്ടാക്കുകയേ ഉള്ളൂ. ശിക്ഷ വിധിക്കുന്നതുകൊണ്ട് പീഡിപ്പിച്ച് കൊലപ്പെടുത്തുകയെയുള്ളു. പണ്ടാണെങ്കില്‍ ആരും ഒന്നും അറിയാതെ പോയേനെ. വധശിക്ഷ പീഡനങ്ങള്‍ കൂട്ടുക മാത്രമേ ചെയ്യൂ'' ഇങ്ങനെ പോകുന്നു ബിബിസിക്ക് മുകേഷ് സിംഗ് നല്‍കിയ അഭിമുഖത്തിലെ വെല്ലുവിളികള്‍.ആതിരേ,ശ്രദ്ധിക്കുക:ബലാത്സംഗം ചെയ്യുന്ന പുരുഷനെ ശിക്ഷിച്ചാല്‍ മറ്റുള്ളവര്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ച് കൊല്ലുമെന്നൊക്കെ ഇവനെപ്പോലെയുള്ള തെമ്മാടികള്‍ക്ക് ഒരു മാധ്യമത്തിന് മുന്നില്‍ നിന്ന് പ്രഖ്യാപിക്കാന്‍ കഴിയുന്നെങ്കില്‍,ഈ പീഡകസംഘത്തിന് ലഭിക്കുന്ന സംരക്ഷണം എത്രയെന്ന് ഊഹിക്കുക
സ്‌ത്രീ ഒരു ഉപഭോഗവസ്‌തു മാത്രം. ആണിന്റെ സുഖത്തിനു വേണ്ടി മാത്രമുള്ള വസ്‌തു. അവന്റെ എല്ലാ കൊള്ളരുതായ്‌മക്കും കൂട്ടുനില്‍ക്കേണ്ടവള്‍..ഇതാണ് ഇന്നും പുരുഷമേധാവിത്വത്തിന്റെ ഹുങ്ക്.നമ്മുടെ നിയമങ്ങളും നീതിപാലന രീതികളും ഈ മെയ്‌ല്‍ ഷുവനിസ്റ്റുകളെ സംരക്ഷിക്കുന്നത് കൊണ്ട് കൂടിയാണ്,ആതിരേ, തെമ്മാടിത്തത്തിന്റെ ഭാഷയില്‍ ഒരു പരിഷ്‌കൃത സമൂഹത്തെ തന്നെ വെല്ലുവിളിച്ച് മുള്‍മുനയില്‍ നിര്‍ത്താന്‍ സ്‌ത്രീപീഡകര്‍ക്ക് കഴിയുന്നത്. ചെയ്‌ത തെറ്റിന് ന്യായീകരണം കണ്ടെത്തി,പെണ്ണിനെ കുറ്റപ്പെടുത്തി ധാര്‍മികതയേയും നിയമവാഴചയേയും വെല്ലുവിളിക്കുന്ന ഈ കാടന്മാരെ സുഖസൗകര്യങ്ങളോടെ പരിപാലിക്കാനാണ് നീതിപീഠങ്ങളും ഭരണകൂടവും മനുഷ്യാവകാശ പ്രവര്‍ത്തകരും മത്സരിക്കുന്നതെന്ന് പറഞ്ഞേ മതിയാകൂ.
അല്ലെങ്കില്‍ ഡല്‍ഹിയുള്‍പ്പെടെയുള്ള മെട്രോ നഗരങ്ങളില്‍ നിന്ന് ദിനമ്പ്രതി ബലാത്സംഗ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുമായിരുന്നില്ലല്ലോ.2012ലാണ് സിനിമ കഴിഞ്ഞ് സുഹൃത്തിനൊപ്പം ബസ്സ് യാത്രയിലായിരുന്ന `നിര്‍ഭയയെ' കൂട്ടമാനഭംഗത്തിനിരയാക്കി ക്രൂരമായി കൊലപ്പെടുത്തിയത്.ഈ സംഭവത്തില്‍ അതിവേഗ കോടതി 2013 സെപ്‌തംബര്‍ 13ന് പ്രതികള്‍ക്ക് തൂക്കുകയര്‍ വിധിച്ചു. കഴിഞ്ഞ മാര്‍ച്ചില്‍ ഡല്‍ഹി ഹൈക്കോടതി വിധി നടപ്പാക്കുന്നത് തടഞ്ഞു. നിയമ സംവിധാനങ്ങള്‍ ഏറെയുണ്ടെങ്കിലും ശിക്ഷനടപ്പാക്കാതിരിക്കാനാണ് ഈ സംവിധാനങ്ങള്‍ യത്‌നിക്കുന്നത്. പീഡകര്‍ക്ക് രക്ഷപ്പെടാനുള്ള പഴുതുകള്‍ ഒരുക്കുന്ന നമ്മുടെനിയമ സംവിധാനം ബോംബ് വച്ച് തകര്‍ക്കേണ്ടതല്ലേ?
മുകേഷ് സിംഗ് എന്ന പീഡന വീരന്റെ വാക്കുകളില്‍നിന്നും എന്താണ് നമ്മള്‍ മനസ്സിലാക്കേണ്ടത്? പെണ്‍കുട്ടികളെ രാത്രിയില്‍ കാണുമ്പോള്‍ പീഡിപ്പിക്കണം എന്നാണോ ? ഭരണഘടന തുല്ല്യത ഉറപ്പുതരുന്ന രാജ്യത്തില്‍ ആണും പെണ്ണും തുല്ല്യരല്ല എന്നു പറയുന്ന ഇവരുടെ വാക്കാണോ ഇവിടത്തെ നിയമം?
ആതിരേ,സ്‌ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേര്‍ക്കുള്ള അതിക്രമങ്ങള്‍ക്കെതിരേ ജനരോഷം ആളിക്കത്തിയ സംഭവങ്ങള്‍ പലതും ഉണ്ടായെങ്കിലും മാനഭംഗവീരന്മാര്‍ രാജ്യത്ത് എല്ലാ സുഖലോലുപതയോടെയും വിലസുകയാണ്. ഒരു പെണ്‍കുട്ടിയെ കൂട്ടമാനഭംഗം നടത്തുകയും അതിന്റെ ദൃശ്യം ക്യാമറയില്‍ പകര്‍ത്തി യൂ ട്യൂബില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്‌ത നരാധമന്മാരുടെ ആക്രമണത്തിന് ഇരയായ സ്‌ത്രീത്വം, രാജ്യത്തെ നീതിന്യായ വ്യവസ്ഥ എവിടെയെത്തിനില്‍ക്കുന്നുവെന്ന വലിയ ചോദ്യമാണ് ഉയര്‍ത്തുന്നത്.
മുകേഷ് സിംഗിന്റെ ധാര്‍ഷ്ട്യത്തിന്റെ വാക്കുകള്‍ കേട്ടിട്ടും പൊതുസമൂഹം പ്രതികരിക്കാതെ ഒഴിഞ്ഞു പോയത്,ആതിരേ, എന്നെ വല്ലാതെ ഞെട്ടിച്ചു.നവമാധ്യമങ്ങളില്‍ ചില പൊട്ടിത്തെറികളുണ്ടായി എന്നത് മറന്നിട്ടല്ല ഇങ്ങനെ പറയുന്നത്.സ്വന്തം മൊബെയിലില്‍ നിന്നോ ലാപ് ടോപ്പില്‍ നിന്നോ അമര്‍ഷത്തിന്റെ ഒരു പോസ്റ്റ് ഇട്ട്,അല്ലെങ്കില്‍ ആരെങ്കിലും ഇട്ട പോസ്റ്റ് ലൈക്ക് ചെയ്‌തും ഷെയര്‍ ചെയ്‌തും കഴിയുമ്പോള്‍ തങ്ങളുടെ ഉത്തരവാദിത്തം തീര്‍ന്നു എന്നാണ് പുതിയ തലമുറ കരുതുന്നത്.
ഈ നിഷ്‌ക്രിയതയ്‌ക്കിടയിലും അല്‍പം ആശ്വാസമായത് മുകേഷ് സിംഗിന് നിര്‍ഭയയുടെ മാതാപിതാക്കള്‍ നല്‍കിയ ചുട്ട മറുപടിയാണ്.
ആര്‍ക്ക് മുന്നിലും തോല്‍ക്കാനല്ല താന്‍ മകളെ പഠിപ്പിച്ചതെന്നും സ്വന്തം കാലില്‍ നില്‍ക്കാനാണ് പഠിപ്പിച്ചതെന്നുമായിരുന്നു,വേദനകള്‍ക്കിടയിലും അഭിമാനത്തോടെ നിര്‍ഭയയുടെ പിതാവ് പ്രതികരിച്ചത്. ``ആര്‍ക്ക് മുന്നിലും തോല്‍ക്കാനും കീഴടങ്ങാനും മക്കളെ പഠിപ്പിച്ചിട്ടില്ല. അതാണ് ഞങ്ങള്‍ കുട്ടികള്‍ക്ക് നല്‍കിയ പാഠം'' നിര്‍ഭയയുടെ പിതാവ് പറയുന്നു. മുകേഷ് സിങ് നടത്തിയ പരാമര്‍ശത്തെ മുഖവിലയ്‌ക്കെടുക്കുന്നില്ലെന്നും അവഞ്‌ജയോടെ തള്ളുന്നുവെന്നും നിര്‍ഭയയുടെ മാതാവും പറഞ്ഞു.
കൂട്ടബലാത്സംഗത്തെ ന്യായീകരിച്ച പ്രതി നടത്തിയ പരാമര്‍ശങ്ങള്‍ ബിബിസി ചാനലിന്റെ ഒരു ഡോക്യുമെന്ററിയ്‌ക്ക് വേണ്ടി ചിത്രീകരിച്ചതായിരുന്നു. കുറ്റവാളികളെ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതിനും അഭിമുഖങ്ങള്‍ നല്‍കാന്‍ അനുവദിയ്‌ക്കുന്നതും ഭരണകൂടം തന്നെ നിര്‍ഭയയെ പീഡിപ്പിക്കുന്നതിന് തുല്യമാണെന്ന് പറയാന്‍ പോലും നമ്മുടെ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളോ വനിത വിമോചക സംഘടനകളോ തയ്യാറായില്ല. ശരിയായ ശിക്ഷ നല്‍കാത്തതിനാലാണ് ഇത്തരം പ്രതികരണങ്ങള്‍ ഉണ്ടാകുന്നതെന്ന നിര്‍ഭയയുടെ പിതാവിന്റെ നിരീക്ഷണം ആര്‍ക്കാണ് നിരസിക്കാനവുക? ലോക വനിത ദിനത്തോട് അനുബന്ധിച്ച് സംപ്രേക്ഷണം ചെയ്യുന്നതിനാണ് ബിബിസി മുകേഷ് സിങ്ങിന്റെ അഭിമുഖം എടുത്തത്.
കൂട്ടബലാത്സംഗത്തിന് ഇരയാകുമ്പോള്‍ നിര്‍ഭയ സഞ്ചരിച്ച ബസിലെ ഡ്രൈവറയായിരുന്നു മുകേഷ് സിങ്. ആക്രമണത്തില്‍ തനിക്ക് നേരിട്ട് പങ്കില്ലെന്നാണ് അയാള്‍ കോടതിയെ അറിയിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ വാദങ്ങള്‍ കോടതി തള്ളുകയായിരുന്നു. മുകേഷിനെതിരെ ശക്തമായ ഡി.എന്‍.എ തെളിവുകളുണ്ടെന്ന് പറഞ്ഞാണ് കോടതി അദ്ദേഹത്തിന്റെ വാദങ്ങള്‍ തള്ളിയത്.
ഡല്‍ഹി ബലാത്സംഗക്കേസിലെ പ്രതികള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകരും,ആതിരേ, സമാനമായ അഭിപ്രായമാണ് കോടതിയില്‍ ഉന്നയിച്ചത്. രാത്രി ഇറങ്ങി നടന്ന പെണ്‍കുട്ടിയാണ് കുറ്റക്കാരിയെന്നാണ് അവരും വിസേഷിപ്പിക്കുന്നത്.നേരത്തെ അഭിഭാഷകനായ എ.പി സിങ് ഒരു അഭിമുഖത്തില്‍ പറഞ്ഞത് ഇങ്ങനെയാണ് `` വിവാഹത്തിനു മുമ്പ് സ്വയം അപമാനം വരുത്തിവെക്കുന്ന പ്രവൃത്തികളില്‍ ഏര്‍പ്പെട്ട് അഭിമാനം നഷ്ടപ്പെടുത്തിയാല്‍, ഞാന്‍ ഇത്തരം മക്കളെയും സഹോദരിമാരെയും എന്റെ ഫാംഹൗസിനു മുന്നില്‍ കൊണ്ടുവന്ന് എല്ലാ കുടുംബാംഗങ്ങളുടേയും മുന്നില്‍വെച്ച് തലയില്‍ പെട്രോളൊഴിച്ച് തീകൊളുത്തും''എന്നാണ്
മറ്റൊരു അഭിഭാഷകന്‍ പറഞ്ഞത് ഇങ്ങനെയാണ്: ``നമ്മുടെ സമൂഹത്തില്‍ രാത്രി ആറരയ്‌ക്കും ഏഴരയ്‌ക്കും എട്ടരയ്‌ക്കുമൊന്നും പെണ്‍കുട്ടികളെ അപരിചിതകര്‍ക്കൊപ്പം നമ്മള്‍ പുറത്തുവിടാറില്ല.''
വധശിക്ഷയ്‌ക്ക് വിധിച്ചിട്ട് അതു നടപ്പാക്കാത്തതു കൊണ്ടല്ലേ,ആതിരേ, ഇത്തരം തെമ്മാടിത്തം പറയാന്‍ ഇവനൊക്കെ ജീവിച്ചിരിക്കുന്നത്.പ്രതിയും അവന്റെ അഭിഭാഷകരും പറയുന്നത് നിരന്തരം മാധ്യമങ്ങളില്‍ വന്നതോടെ നിര്‍ഭയയല്ലേ കുറ്റക്കാരി എന്ന് പൊതുസമൂഹം ചിന്തിക്കാന്‍ തുടങ്ങിയിരുന്നു.അത് മറ്റൊരു സാമൂഹിക വിപത്തിലേയ്‌ക്കാവും നയിക്കുക.അതു പാടില്ല.നിയമവും കീഴ്‌വഴക്കങ്ങളും നല്‍കുന്ന ഒരു ആനുകൂല്യവും ഈ തെമ്മാടികള്‍ക്ക് കിട്ടാന്‍ പാടില്ല;അവരത് അര്‍ഹിക്കുന്നുമില്ല.അതു കൊണ്ട് സ്‌ത്രീത്വത്തെ അപമാനിച്ച,നിര്‍ഭയയെ വിണ്ടും വിണ്ടും വാക്കുകളാല്‍ ബലാത്സംഗം ചെയ്‌ത മുകേഷ് സിംഗ് ഉള്‍പ്പെടെയുള്ള പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ ഇനി ഒരു നിമിഷം പോലും അമാന്തിക്കാന്‍ പാടില്ല.അല്ലെങ്കില്‍ ഇന്ത്യയിലെ മുഴുവന്‍ സ്‌ത്രീകളെയും യുവതികളെയും കൗമാരക്കാരികളെയും ബാലികമാരേയും ബലാത്സംഗം ചെയ്യാന്‍ കാത്തിരിക്കുന്ന കാമപ്പിശചുക്കള്‍ക്ക് അത് പ്രചോദനമാകും;ആതിരേ, അതു നടക്കാന്‍ പാടില്ല
Subscribe to:
Post Comments (Atom)
No comments:
Post a Comment