Saturday, March 21, 2015

സ്‌പീക്കര്‍ ശക്തന്‍,ഉമ്മന്‍ ചാണ്ടിയുടെ `കുഞ്ഞിരാമനാ'കുന്നത്‌ ക്രമപ്രകാരമാണോ?

സോളാര്‍ കാലത്ത്‌ കണ്ണുരില്‍ മുഖ്യമന്ത്രിക്കേറ്റ കല്ലേറ്‌ തിരുത്തിയ രാഷ്ട്രീയ ചിത്രത്തിന്റെ തിരിച്ചറിവില്‍ മാണിയെ വിട്ട്‌ മറ്റുമാര്‍ഗങ്ങളിലൂടെ ബജറ്റ്‌ അവതരണം തടസ്സപ്പെടുത്താന്‍ പ്രതിപക്ഷം നടത്തിയ നീക്കങ്ങള്‍ക്ക്‌ അതു കൊണ്ടു തന്നെ ഒരു രാഷ്ട്രീയ യുക്തിയുണ്ടായിരുന്നു.ആ യുക്തിയുടെ ആവേശം ശിവന്‍ കുട്ടിയിലും ഇ.പി.ജയരാജനിലും ഹിംസാത്മക രൂപം പൂണ്ടത്‌ അവരുടെ `രാഷ്ട്രീയ വളര്‍ത്തു ദോഷം'കൊണ്ടു തന്നെയായിരുന്നു.അപ്പോഴും ഒരു കൊടിയ അനിതിയെ സര്‍ക്കാര്‍ അതിന്റെ അധികാരഗര്‍വു കൊണ്ടും മര്‍ദ്ദനോപകരണങ്ങള്‍ കൊണ്ടും മറച്ചു പിടിക്കുമ്പോള്‍ ആ മറ തകര്‍ക്കാന്‍ വ്യവസ്ഥാപിതവും സാമ്പ്രദായികവുമായ സമര രീതിയും ചെറുത്തു നില്‍പ്പും പോരാതെ വരും.അതാണ്‌ സ്‌പീക്കറുടെ ഡയസില്‍ കണ്ടത്‌.അതിന്‌ രാഷ്ട്രീയ യുക്തി ഭദ്രതയുമുണ്ട്‌.
ആതിരേ,``ജനാധിപത്യത്തിന്റെ ശ്രീകോവില്‍'',``ഉന്നത ജനാധിപത്യ മൂല്യങ്ങള്‍'' ``നിയമസഭാ സാമാജികരുടെ അവകാശങ്ങള്‍''``സ്‌പീക്കറുടെ നിക്ഷ്‌പക്ഷത'' ``മന്ത്രിമാരുടെ സുതാര്യമായ പൊതുജീവിതം''`` സഭയ്‌ക്കകത്തെ ക്രമപ്രകാരമുള്ള നടപടികള്‍''`` ബിസിനസ്‌ നടത്താനുള്ള ട്രഷറി ബെഞ്ചിന്റെ അവകാശം,അധികാരം''`` പ്രതിപക്ഷത്തിന്റെ ക്രിയാത്മക സഹകരണം'' തുടങ്ങിയ പ്രയോഗങ്ങള്‍ അര്‍ത്ഥരഹിതമായ,വക്കുടഞ്ഞ വാക്കുകളാണിപ്പോള്‍.``ആദരണീയനായ എംഎല്‍എ''എന്ന്‌ ഇനിയാരും പ്രയോഗിക്കുമെന്നും തോന്നുന്നില്ല 13-ാം നിയമസഭയുടെ 13-ാം സമ്മേളനത്തില്‍ ധനമന്ത്രി `കോഴ' മാണിയുടെ 13-ാം ബജറ്റ്‌ അവതരിപ്പിച്ച 2015 മാര്‍ച്ച്‌ 13-ാം തിയതി നിയമസഭയില്‍ കണ്ടത്‌ സിപിഎമ്മിലെ കണ്ണൂര്‍ ലോബിയുടെ ഗുണ്ടാവിളയാട്ടവും യുഡിഎഫിലെ ദുശാസനാര്‍മാദങ്ങളുമായിരുന്നു.സഭയുടെ അന്തസ്സിനും ജനാധിപത്യത്തിന്റെ ഉന്നിദ്രമായ ബോധങ്ങള്‍ക്കും കളങ്കം ചാര്‍ത്തിയ തോന്ന്യാസങ്ങളും അശ്ലീലതകളും സമാന്തരമില്ലാത്തവയായിരുന്നു.ഹെഡ്‌ ലോഡ്‌ വര്‍ക്കേഴ്‌സിനെ പോലെ സ്‌പീക്കറുടെ ഡയസിലും മേശപ്പുറത്തും മുണ്ട്‌ മാടിക്കുത്തി ശിവന്‍ കുട്ടിയുടെ നേതൃത്വത്തില്‍ സിപിഎം എംഎല്‍എമാര്‍ നടത്തിയ വിധ്വംസക പ്രവര്‍ത്തനങ്ങളാണ്‌ ഭൂരിപക്ഷത്തിനും രസിക്കാത്തത്‌.സ്‌പീക്കറെ തടയുന്നതും സ്‌പീക്കറുടെ മേശയിലെ ഉപകരണങ്ങള്‍ നശിപ്പിച്ച്‌ കസേര വലിച്ചിളക്കി എറിഞ്ഞതും ക്രിമിനല്‍ കുറ്റത്തിന്റെ പരിധിക്ക്‌ അപ്പുറമല്ലെന്ന കാര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തലയ്‌ക്കും സ്‌പീക്കര്‍ ശക്തനും എതിര്‍പ്പില്ല.അതു കൊണ്ടാണ്‌ അഞ്ച്‌ എംഎല്‍എ മാരെ സസ്‌പെന്റ്‌ ചെയ്‌തു കൊണ്ട്‌ `ജനാധിപത്യ മൂല്യങ്ങളുടെ സംരക്ഷണം'സ്‌പീക്കര്‍ `ശക്തമായി'നടപ്പിലാക്കിയത്‌. ക്രമപ്രകാരമാണോ സ്‌പീക്കര്‍ ഈ നടപടി കൈക്കൊണ്ടതെന്ന ചോദ്യം തത്‌കാലം മനസ്സില്‍ വയ്‌ക്കുക.പകരം മറ്റുചില ചോദ്യങ്ങളിലൂടെ 13-ാം തിയതിയിലെ അസുഖകരമായ പരിണതികളെ നോക്കിക്കാണുക. ആതിരേ,അഴിമതിയും സാമ്പത്തീക ക്രമക്കേടും ഉമ്മന്‍ ചാണ്ടി മന്ത്രിസഭയുടെ ആപ്‌തവാക്യമാണ്‌.നിയമം നിയമത്തിന്റെ വഴിക്കു പോകുമെന്ന ജുഗുപ്‌സാവഹമായ സാങ്കേതിക`ഞായ'ത്തിന്റെ മറവില്‍ പിതൃശൂന്യമായ രാഷ്ട്രീയാഭാസങ്ങളാണ്‌ ഉമ്മന്‍ ചാണ്ടിയടക്കമുള്ളവര്‍ തുടര്‍ന്ന്‌ പോരുന്നത്‌.ബജറ്റ്‌ വിറ്റ്‌ മാണി പോക്കറ്റ്‌ വീര്‍പ്പിച്ചെന്ന വാസ്‌തവം കൊച്ചു കുട്ടികള്‍ക്ക്‌ വരെ ബോധ്യമുണ്ടെന്നാണ്‌ കോട്ടയം ഡിസിസി ആധ്യക്ഷനടക്കമുള്ളവര്‍ ഇപ്പോള്‍ സമ്മതിക്കുന്നത്‌.മാണി ഇനി കുറച്ചു നാള്‍ വിശ്രമിക്കട്ടേ എന്നാണ്‌ കെപിസിസി വക്താവ്‌ പന്തളം സുധാകരന്റെ ഫേസ്‌ബുക്ക്‌ പോസ്റ്റ്‌.
ഇതു തന്നെയല്ലേ മാണിയെ കൊണ്ട്‌ ബജറ്റ്‌ അവതരിപ്പിക്കരുതെന്ന്‌ ആവശ്യപ്പെട്ട പ്രതിപക്ഷത്തിന്റെ ആരോപണം?ബജറ്റ്‌ മാണി തയ്യാറാക്കരുതെന്നല്ല,കൈക്കൂലി കേസില്‍ സര്‍ക്കാര്‍ എടുത്ത കേസിലെ എഫ്‌ഐആറില്‍ ഒന്നാം പ്രതിയായത്‌ കൊണ്ട്‌ മാണി സഭയില്‍ ബജറ്റ്‌ അവതരിപ്പിക്കരുതെന്നായിരുന്നില്ലേ പ്രതിപക്ഷം ആവശ്യപ്പെട്ടത്‌?മുഖ്യമന്ത്രിയോ മറ്റ്‌ ആരെങ്കിലുമോ ബജറ്റ്‌ അവതരിപ്പിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും പ്രതിപക്ഷം വ്യക്തമാക്കിയതല്ലേ?. പ്രതിപക്ഷത്തെ വിശ്വാസത്തിലെടുത്ത്‌ സഭാനടപടികള്‍ സമാധാനപരവും ജനാധിപത്യപരവുമായി മുന്നോട്ടു കൊണ്ടു പോകേണ്ട മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക്‌ ഈ നിര്‍ദേശം സ്വീകാര്യമല്ലാതിരുന്നത്‌ കൊണ്ട്‌ യുഡിഎഫിനും അത്‌ അഹിതമായി ഭവിക്കുകയായിരുന്നു.എന്തുവന്നാലും മാണി ബജറ്റ്‌ അവതരിപ്പിക്കുമെന്ന്‌ ഈ അഹന്തയല്ലേ ,ആതിരേ,13-ാം തിയതിയിലെ ,നിയമസഭയ്‌ക്കുള്ളിലെ തെമ്മടിത്തരങ്ങള്‍ക്കെല്ലാം കാരണം.
എന്നു തന്നെ പറയണം.അല്ല അതു തന്നെയാണ്‌ കാരണം.കേരള കോണ്‍ഗ്രസുകാരും യുഡിഎഫ്‌ നേതാക്കളും കോണ്‍ഗ്രസിന്റെ വക്താക്കളും അധിക്ഷേപിക്കുന്നതു പോലെ ``ചില കള്ളുകച്ചവടക്കാര്‍'' മാത്രമല്ല മാണിക്കെതിരെ അഴിമതി ആരോപണങ്ങളുതിര്‍ത്തതെന്ന്‌ മറക്കരുത്‌.ആര്‍.ബാലകൃഷ്‌ണ പിള്ളമുതല്‍ കോടതി വരെ അക്കൂട്ടത്തിലുണ്ട്‌.`` അതുക്കും മേലെ'' എന്ന അശ്ലീലാഹങ്കാരത്തില്‍ സമൂഹത്തിന്റെ ഈ പൊതുബോധ്യങ്ങള്‍ക്ക്‌ നേരെയാണ്‌ ഉമ്മന്‍ ചണ്ടിയും സഹപുംഗവന്മാരും കൊഞ്ഞനം കുത്തിക്കൊണ്ട്‌ മാണിയെ ബജറ്റ്‌ അവതരിപ്പിക്കാന്‍ അനുവദിച്ചത്‌.അതിനെതിരെയുള്ള പ്രതിപക്ഷത്തിന്റെ എതിര്‍പ്പ്‌ ഈ രീതിയില്‍ കൊണ്ടെത്തിച്ച്‌ അവരെ പൊതുസമൂഹ മദ്ധ്യേ വെടക്കക്കാന്‍ കഴിയുമെന്ന ബോധ്യത്തിലാണ്‌ ഉമ്മന്‍ ചണ്ടിയിലെ സൃഗാലന്‍ ക്രമം വിട്ട കളികളെല്ലാം ആസൂത്രണം ചെയ്‌തത്‌.അതില്‍ അദ്ദേഹം വിജയിക്കുകയും ചെയ്‌തു. ആതിരേ,സോളാര്‍ കാലത്ത്‌ കണ്ണുരില്‍ മുഖ്യമന്ത്രിക്കേറ്റ കല്ലേറ്‌ തിരുത്തിയ രാഷ്ട്രീയ ചിത്രത്തിന്റെ തിരിച്ചറിവില്‍ മാണിയെ വിട്ട്‌ മറ്റുമാര്‍ഗങ്ങളിലൂടെ ബജറ്റ്‌ അവതരണം തടസ്സപ്പെടുത്താന്‍ പ്രതിപക്ഷം നടത്തിയ നീക്കങ്ങള്‍ക്ക്‌ അതു കൊണ്ടു തന്നെ ഒരു രാഷ്ട്രീയ യുക്തിയുണ്ടായിരുന്നു.ആ യുക്തിയുടെ ആവേശം ശിവന്‍ കുട്ടിയിലും ഇ.പി.ജയരാജനിലും ഹിംസാത്മക രൂപം പൂണ്ടത്‌ അവരുടെ `രാഷ്ട്രീയ വളര്‍ത്തു ദോഷം'കൊണ്ടു തന്നെയായിരുന്നു.അപ്പോഴും ഒരു കൊടിയ അനിതിയെ സര്‍ക്കാര്‍ അതിന്റെ അധികാരഗര്‍വു കൊണ്ടും മര്‍ദ്ദനോപകരണങ്ങള്‍ കൊണ്ടും മറച്ചു പിടിക്കുമ്പോള്‍ ആ മറ തകര്‍ക്കാന്‍ വ്യവസ്ഥാപിതവും സാമ്പ്രദായികവുമായ സമര രീതിയും ചെറുത്തു നില്‍പ്പും പോരാതെ വരും.അതാണ്‌ സ്‌പീക്കറുടെ ഡയസില്‍ കണ്ടത്‌.അതിന്‌ രാഷ്ട്രീയ യുക്തി ഭദ്രതയുമുണ്ട്‌. വാച്ച്‌ ആന്‍ഡ്‌ വാര്‍ഡിന്റെ വലയത്തിനുള്ളില്‍ ഡയസിലെത്തിയ സ്‌പീക്കര്‍ ശക്തന്റെ നടപടികളാണ്‌ സഭയ്‌ക്കകത്തെ നില കൂടുതല്‍ വഷളാക്കിയതും ക്രമങ്ങളെല്ലാം ചിതറിച്ചതും.സഭാനടപടികളുമായി മുന്നോട്ടു പോകാനാകുന്നില്ലെങ്കില്‍ സഭ നിര്‍ത്തി വയ്‌ക്കുക എന്നതാണ്‌ കീഴ്‌വഴക്കം.പക്ഷെ പുത്തനച്ചി കളിക്കാന്‍ സ്‌പീക്കര്‍ ശക്തന്‍ തയ്യറായ നിമിഷം മുതല്‍ അദ്ദേഹം ഉമ്മന്‍ ചാണ്ടിയുടെ വിരല്‍ചലനങ്ങള്‍ക്കൊത്തു തുള്ളുന്ന കുഞ്ഞിരാമനായി പരിണമിക്കുകയായിരുന്നു. അതായിരുന്നു ഡയസ്‌ കൈയ്യേറിയതിലും അവിടുത്തെ ഉപകരണങ്ങള്‍ നശിപ്പിച്ചതിലും ഗൗരവമായ നടപടി ദോഷം.പിന്നീടുണ്ടായ എല്ലാ ക്രമരാഹിത്യങ്ങള്‍ക്കും തുറവിയുണ്ടായതും സ്‌പീക്കറില്‍ നിന്ന്‌ തന്നെ.
ആതിരേ,മാണി ബജറ്റ്‌ വായിച്ചവതരിപ്പിച്ചത്‌ കേരളം കണ്ടതാണ്‌.കീഴ്‌വഴക്കം അനുസരിച്ച്‌ മുഖ്യമന്ത്രിക്ക്‌ അടുത്തുള്ള സീറ്റിലാണ്‌ ധനമന്ത്രി ഇരിക്കേണ്ടതും അവിടെ നിന്നാണ്‌ ബജറ്റ്‌ വായിക്കേണ്ടതും.പക്ഷേ ചാനലുകള്‍ കാണിച്ചത്‌ പിന്‍ നിരയില്‍ നിന്നു കൊണ്ട്‌ മാണി ബജറ്റ്‌ അവതരിപ്പിക്കുന്നതാണ്‌.മുഖ്യമത്രി ഇരുന്നതും ക്രമപ്രകാരമല്ലാതെയുള്ള സീറ്റിലും.ഇതിനെ ശക്തന്‍ (സ്‌പീക്കര്‍)പത്രസമ്മേളനത്തില്‍ ന്യായീകരിച്ചത്‌ നാം കണ്ടു.സീറ്റുമാറ്റം അന്ന്‌ രാവിലെ മുഖ്യമന്ത്രി രേഖാമൂലം ആവശ്യപ്പെട്ടിരുന്നു എന്നതിന്റെ തെളിവായി സ്‌പീക്കര്‍ ഉയര്‍ത്തിക്കാട്ടിയത്‌ വിദ്യാര്‍ത്ഥികളുടെ നോട്ടു ബുക്കില്‍ നിന്ന്‌ ചീന്തിയെടുത്തതെന്നു തോന്നിപ്പിക്കുന്ന ഒരു കടലാസ്‌ കഷ്‌ണം.! മാണിക്ക്‌ മുന്‍പില്‍ ക്രമപ്രകാരമുള്ള മൈക്ക്‌ ഇല്ലായിരുന്നു.ലേപ്പല്‍ ആണ്‌ മണി ഉപയോഗിച്ചത്‌..ഇത്‌ ഏത്‌ നടപടികരമത്തിന്റേ ഭാഗമാണ്‌ അല്ലെങ്കില്‍ കീഴ്‌വഴക്കമാണെന്ന്‌ സ്‌പീക്കര്‍ വിശദീകരിക്കേണ്ടി വരുന്നു.ബജറ്റ്‌ അവതരണശേഷമുള്ള ലഡു വിതരണം,ഹൈബി ഈഡന്റേയും മന്ത്രി അനൂപിന്റേയും കൂക്കുവിളി,ക്രിക്കറ്റ്‌ ആരാധകനേപ്പോലെയുള്ള ചെന്നിത്തലയുടെ ആര്‍പ്പിടല്‍,ജമീലാ പ്രകാശം, കെ.കെ. ലതിക, കെ.എസ്‌. സലീഖ, ഗീതാ ഗോപി, ഇ.എസ്‌. ബിജിമോള്‍ എന്നീ പ്രതിപക്ഷ എംഎല്‍എമാര്‍ക്ക്‌ നേരെയുള്ള കെ. ശിവദാസന്‍ നായര്‍, എം.എ. വാഹിദ്‌, ഡൊമിനിക്ക്‌ പ്രസന്റേഷന്‍, എ.ടി. ജോര്‍ജ്‌, ഷിബു ബേബി ജോണ്‍ തുടങ്ങിയ ദുശാസനന്മാരുടെ കുറുന്താളിപ്പ്‌,തുടങ്ങിയ അശ്ലീലതകളെല്ലാം അരങ്ങേറിയത്‌ സ്‌പീക്കര്‍ ശക്തന്റെ ഉമ്മന്‍ ചാണ്ടി ഭക്തിമൂലമായിരുന്നെന്നും ചാനലുകള്‍ കേരളത്തേയും ലോകത്തേയും കാണിച്ചു കൊടുത്തു. പത്രസമ്മേളനം നടത്തി പ്രതിപക്ഷ എംഎല്‍എ മാരെ ക്രിമിനലുകള്‍ എന്ന്‌ വിശേഷിപ്പിച്ചത്‌,ശാരീരിക പീഡനമുണ്ടായി എന്ന്‌ കാണിച്ച്‌ ജമീല പ്രകാശം നല്‍കിയ പരാതിയില്‍ അഞ്ചു ദിവസം കഴിഞ്ഞിട്ടും നടപടിയെടുക്കാത്തത്‌,ലഡു വിതരണം ചെയ്‌ത/തിന്ന മാണിയടക്കമുള്ളവര്‍ക്ക്‌ എതിരെ നടപടി എടുക്കാതിരുന്നത്‌,തിങ്കളാഴ്‌ച സഭകൂടിയപ്പോള്‍ തന്റെ പരാതിയില്‍ എന്തു നടപടിയെടുത്തു എന്ന്‌ ജമീല പ്രകാശം ആവര്‍ത്തിച്ചാവര്‍ത്തിച്ച്‌ ചോദിച്ചപ്പോഴും അത്‌ ശ്രദ്ധിക്കാതെ മുഖ്യമന്ത്രിയുടെ മുഖത്തുമാത്രം കണ്ണുനട്ടിരുന്നത്‌ തുടങ്ങി ക്രമം വിട്ട നടപടികളുടെ നീണ്ട നിരതന്നെ സ്‌പീക്കറുടെ ഭാഗത്ത്‌ നിന്നുണ്ടായി.
സ്‌പീക്കറായി തെരഞ്ഞെടുക്കപ്പെട്ടാല്‍ രാഷ്ട്രീയ പാര്‍ട്ടി അംഗത്വം രാജി വച്ചിരുന്ന ഉന്നിദ്രമായ രാഷ്ട്രീയ ബോധമൊന്നും ശക്തനില്‍ നിന്ന്‌ പ്രതീക്ഷിക്കേണ്ടതില്ല.എന്നാല്‍ വി.എം.സുധീരന്‍,വിജയകുമാര്‍,ജി കാര്‍ത്തികേയന്‍ തുടങ്ങിയവരുടെ തലത്തിലേയ്‌ക്കെങ്കിലും ശക്തന്‍ ഉയരേണ്ടതുണ്ടായിരുന്നു.അതുണ്ടായില്ലെന്ന്‌ മാത്രമല്ല താന്‍ കോണ്‍ഗ്രസുകാരനും ഏഗ്രൂപ്പുകാരനുമല്ല മറിച്ച്‌ ഉമ്മന്‍ ചാണ്ടിയുടെ കാലുനക്കിയാണെന്ന്‌ വിളംബരം ചെയ്യുന്നതാണ്‌ ശക്തന്റെ നട്ടെല്ലില്ലായ്‌മ. അതു കൊണ്ടാണ്‌ാതിരേ, ചോദിച്ചു പോകുന്നത്‌ സ്‌പീക്കര്‍ ശക്തന്‍,ഉമ്മന്‍ ചാണ്ടിയുടെ `കുഞ്ഞിരാമനാ'കുന്നത്‌ ക്രമപ്രകാരമാണോ,എന്ന്‌!

No comments: