ഇല്ലിക്കാടുകള്‍ വീണ്ടും പൂത്തത്
അറിഞ്ഞോ ആതിരേ..?
കുട്ടിയുടെ അര്‍ദ്ധശതാബ്ധിപ്പൂക്കള്‍വിരിഞ്ഞുലഞ്ഞത്
അറിഞ്ഞില്ലെന്നോ..?
എങ്ങനെ അറിയും...!
കാളക്കൂറ്റന്മാരും പന്നിക്കുട്ടന്മാരും നിയന്ത്രിക്കുന്ന
ധനാധിവേശത്തിന്റെ ശാപമായ ന്യൂ ജനറേഷന്‍ ബാങ്കിലെ ജോലിയും
മിതശീതോഷ്ണ ജീവിത സാഹചര്യവും
ഡോളര്‍ നിരക്കിലുള്ള ശമ്പളവും
മനസിന്റെ ആര്‍ദ്രഭാവങ്ങളെ ഊഷരമാക്കുമ്പോള്‍
ഒരുകാട്ടുചെടി പുഷ്പിണിയാകുന്നത് എന്തിനറിയണമല്ലേ....
എന്‍ ആര്‍ കെ , എന്‍ ആര്‍ ഐ മലയാളികളില്‍
ഭൂരിപക്ഷത്തേയുംബാധിച്ചിട്ടുള്ള പൊതു സ്വഭാവമാണല്ലോ
ഇത്തരം മുഖംതിരിക്കലുകള്‍
ചൊടിക്കേണ്ട ,
കുറ്റപ്പെടുത്തിയതല്ല..
" ഉദരം നിമിത്തം ബഹുകൃത വേഷം ..' .
സമ്മതിച്ചു..
മലയാളിക്ക് സാഹചര്യമനുസരിച്ച് മാറാം.
മുളകള്‍ക്കങ്ങനെ പറ്റില്ലല്ലോ കുട്ടി..!!
മാറ്റം അനിവാര്യമായിരിക്കാം.എന്നാല്‍ ,
മറവി അപരാധം തന്നെയാണ്..
അതുകൊണ്ട് ഓര്‍മിപ്പിക്കട്ടെ
ഇല്ലിക്കാടുകള്‍ വീണ്ടും പൂത്തു,ആതിരേ...
മുപ്പത്തിയേഴ് കിലോമീറ്റര്‍ കൊടും വനത്തിലൂടെ,
ആനച്ചൂരും കരടിപ്പേടിയും മുള്ളന്‍പന്നിഭീഷണിയും വകഞ്ഞു നടന്ന് നാം ആദിവസിക്കുടിയിലെത്തിയതിന്റേയും
അന്നവിടെ നിന്നുകഴിച്ച മുളയരിക്കഞ്ഞിയുടേയും
ചുട്ടെടുത്ത കാട്ടുകാച്ചിലില്‍ , ചുട്ട തേനൊഴിച്ചുണ്ടാക്കിയ കാട്ടുപലഹാരത്തിന്റേയും
രുചിയോര്‍മ്മകള്‍ ഈ പാതിരാത്രിയിലും
എന്റെ രസമുകുളങ്ങളെ കോരിത്തരിപ്പിക്കുന്നുണ്ടാതിരേ...
അന്ന് ആ ആദിവസിമൂപ്പന്‍ പറഞ്ഞത്
കുട്ടിയിപ്പോള്‍ ഓര്‍മ്മിക്കുന്നുണ്ടാകണം :
" പൂത്തുലയുന്ന ഇല്ലിക്കാടിന്റെ നെറുകയില്‍ നിന്നിറങ്ങി
പട്ടിണിയും പരിവട്ടവും മരണവും, കാട് കടന്ന് കുടികളിലെത്തുന്നു "
അയാള്‍ പിന്നെയും പറഞ്ഞു :
" അന്‍പതാണ്ടുകൂടുമ്പോള്‍ ഇല്ലിക്കാടുകള്‍ കൂട്ടമായി പൂക്കും...
പൂത്തു കഴിഞ്ഞാല്‍ പിന്നെ കൂട്ടത്തോടെ നശിക്കുകയും ചെയ്യും "
അപ്പോള്‍ കുട്ടിയെന്റെ ചെവിയില്‍ മന്ത്രിച്ചു :
" അര്‍ത്ഥശതാബ്ധിപ്പൂക്കള്‍ ...! രസമുണ്ടല്ലേ കേള്‍ക്കാന്‍...?
ദേ , ഈ അര്‍ദ്ധശതാബ്ധിപ്പൂക്കള്‍ അത്രയ്ക്ക് അപരധികളാണെന്ന്
ഞാന്‍ വിശ്വസിക്കാനൊന്നും പോകുന്നില്ല മാഷേ...
ആദിവാസികളുടെ മനസ്സിത്രക്കും തരളമാകാനും പാടില്ല "
ഓര്‍മ്മയുണ്ടോ ആ സന്ധ്യ..?
ആ യാത്ര...?
ആതിരേ , ആ ആദിവാസി മൂപ്പനാണ് അന്നും ഇന്നും ശരിയെന്ന്
മിസോറമില്‍ നിന്നുള്ള വാര്‍ത്തകള്‍ സമര്‍ത്ഥിക്കുന്നു .
അന്‍പതാണ്ടിന് ശേഷം അവിടെ വീണ്ടും ഇല്ലിക്കാടുകള്‍ പൂത്തിരിക്കുന്നു.
ഇല്ലിയരി മനുഷ്യര്‍ക്കെന്ന പോലെ എലികള്‍ക്കും വിശിഷ്ട ഭോജ്യമാണ് .
' പ്രോട്ടിന്‍ റിച്ച് ' ആയ ഇല്ലിയരി എലികളുടെ പ്രജനന ശേഷി
മൂന്നും നാലും ഇരട്ടി വര്‍ദ്ധിപ്പിക്കും.
എലികള്‍ പെറ്റുപെരുകും.
എലിക്കൂട്ടങ്ങളപ്പോള്‍ നെല്ലുള്‍പ്പെടെയുള്ള ഭക്ഷ്യധാന്യങ്ങള്‍ തിന്നുമുടിക്കും...
തന്‍ഗ്ലൂര എന്ന കര്‍ഷകന്‍ പറഞ്ഞത് കേള്‍ക്കുക :
" 150 ക്വിന്റല്‍ നെല്ലുകിട്ടേണ്ട സ്ഥാനത്ത് ഇപ്രാവശ്യം കിട്ടിയത് വെറും 15 കിലോ
"നോക്ക്യേ ആതിരേ ,
പുഷ്പിണിയാകുമ്പോള്‍ പെണ്ണിന് പുത്തന്‍ ജീവിതം ..
മുളങ്കാടുകള്‍ക്ക് ജീവനനാശം ;
ഇല്ലിക്കാടുകള്‍ പൂക്കുമ്പോള്‍ നഗരവാസിയില്‍ പ്രണയാര്‍ദ്രത...
എലികളില്‍ പ്രജനനാസക്തി..;
അപ്പോഴും എപ്പോഴും
ആദിവാസിക്ക് പട്ടിണിയും പരിവട്ടവും
ദുരിതവും മരണവും...!!!
ആതിരേ
ഇല്ലിക്കാടുകള്‍ പൂക്കാതിരുന്നെങ്കില്‍...!!!
2 comments:
ഈ പൂക്കള്‍ മിഴി തുറക്കുന്നത് പ്രകൃതിയുടെ ഒരു സെറ്റ് അപ്പ് അല്ലേ? തുറന്നില്ലേല്‍ ഉണ്ടാകുന്നത് അതിലും വലിയ നാശമാകാം..
nalla kurippu
Post a Comment