Sunday, December 23, 2007

അലസിപ്പോകുന്ന ഗര്‍ഭം........


രക്ഷകപ്പിറവിയുടെ സ്മരണകള്‍
മദ്യമായും മൃഗമാംസമായും
( വാഹനാപകട) മരണമായും
പതഞ്ഞുയരുന്ന ലഹരിയായി
ആതിരേ ,
ഒരു ക്രിസ്മസ്‌ കൂടി...

മോചനത്തിന്റെ
ക്ഷമയുടെ
സ്നേഹത്തിന്റെ
സൗമ്യതയുടെയൊക്കെ
സുവിശേഷവുമായി
ദൈവപുത്രന്‍
തച്ചന്റെ മകനായി
കാലിത്തൊഴുത്തില്‍ പിറന്ന്‌
വളര്‍ന്ന്‌
കുരിശില്‍ മരിച്ച്‌
മൂന്നാം നാളുയര്‍ത്തെഴുന്നേറ്റിട്ട്‌
എന്തു മാറ്റമാണാതിരേ
ക്രിസ്തുവിശ്വാസികളില്‍ പോലും
കാണാന്‍ കഴിയുന്നത്‌ ?

മാര്‍ക്സ്‌ പറഞ്ഞതാണ്‌ ശരി :
" അലസിപ്പോകുന്ന ഗര്‍ഭം ഒന്നിനും
ജന്മം നല്‍കുന്നില്ല ; അത്‌
മാതാവിന്റെ ശരീരത്തെ
ക്ഷീണിപ്പിക്കുന്നതേയുള്ളു.."

എന്നിട്ടും ക്രിസ്മസ്‌ ആഘോഷിക്കപ്പെടുന്നു.......!

"പുരുഷന്‍ തൊടാതെ കന്യക ഗര്‍ഭിണി "യാകുന്നതിന്റെ
'നോ-ഹൗ 'മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍
ദാമ്പത്യം എന്ന സ്ഥാപനവും
അതിന്റെയുള്ളില്‍ നടക്കുന്ന
സ്ത്രിധന സമ്പ്രദായം ,
സ്ത്രിധനപീഡനം ,
ഇഷ്ടമില്ലാത്ത രതി ,
ഇഷ്ടമില്ലാത്ത ഗര്‍ഭധാരണം ,
അന്യോന്യ വെറുപ്പ്‌, വഴക്ക്‌ ,
വ്യഭിചാരം,അറസ്റ്റ്‌ ,
വീട്ടമ്മയുടെ ആത്മഹത്യ,
വിവാഹിതരുടെ ഒളിച്ചോട്ടം ,
വിഷം കഴിച്ച്‌ കമിതാക്കളുടെ
ലോഡ്ജിലെ മരണം ;
വിവാഹ മോചനം, കോടതിനടപടികള്‍ ,
ജീവനാംശം നല്‍കല്‍,
അനാഥമക്കപ്പെടുന്ന ,
ശൈശവ-ബാല്യ-കൗമാരങ്ങള്‍ ,
അവരില്‍നിന്ന്‌ പരിണതികൊളുന്ന
ക്രിമിനല്‍ സമൂഹം
തുടങ്ങിയ ശാപങ്ങളില്‍ നിന്ന്‌
മനുഷ്യരാശിക്ക്‌ മോചനം
ലഭിക്കുമായിരുന്നില്ലേ, ആതിരേ ?........

തന്നതില്ല,പരനീ,യുപായം
തിരഞ്ഞറിയാന്‍ മന,സ്സീശന്‍...

അതുകൊണ്ട്‌
ഈ ക്രിസ്മസിന്‌
എനിക്ക്‌ പങ്കുവയ്ക്കാനുള്ളത്‌
കവി യെറ്റ്സിന്റെ ആശങ്കയാണ്‌ ആതിരേ

" പിറക്കാന്‍ സമയമടുത്ത
ഏതുപരുക്കന്‍ മൃഗമാണിനി
ബേത്ലഹേമിലേയ്ക്ക്‌ പതുങ്ങിയെത്തുന്നത്‌..."? !!!!!!!

1 comment:

Anonymous said...

good poem. read it first in kantakasani.blogspot