Thursday, April 3, 2008

കവി മറഞ്ഞു, കനലണഞ്ഞു; അനുശോചനപ്പടയണി തുടരുന്നു..!!


ആതിരേ,

സവര്‍ണ ഡംഭിന്റെ മച്ചകങ്ങളില്‍നിന്നും

സംസ്കൃത പാരമ്പര്യ തട്ടകങ്ങളില്‍ നിന്നും പിടിച്ചിറക്കി ,

ഗ്രാമീണതയുടെ സാരള്യവും

ദ്രാവിഡത്തനിമയുടെ കരുത്തും പകര്‍ന്നേകി ;

മലയാള കവിതയെ സാധാരണക്കാരുടെ

കവ്യാസ്വാദനത്തെരുവോരങ്ങളിലെത്തിച്ച

'കടമ്മനിട്ട' സ്മരണയാകുമ്പോള്‍


നിശ്ചലം ,നിശ്ശബ്ദം തേങ്ങി നില്‍ക്കുന്നത്‌

ആ കവിയിലെ പച്ചമനുഷ്യനെ തിരിച്ചറിഞ്ഞ

ജാടകളില്ലാത്ത മനസ്സുകള്‍ മാത്രമാണ്‌.


"ജീവിതം ജീവിക്കാനുള്ളതാണ്‌.ആസ്വദിക്കാനുള്ളതല്ല.തീക്ഷ്ണമായ എത്രമാത്രം അനുഭവങ്ങള്‍ക്ക്‌ വിധേയനാകാന്‍ സാധിക്കുന്നുവോ അത്രമാത്രം ശക്തമാവും നിങ്ങളുടെ ജീവിതം .ഞാനങ്ങനെ ഒത്തിരി അനുഭവിച്ചിട്ടുണ്ട്‌. അനുഭവങ്ങളാണ്‌ ജീവിതത്തെപ്പറ്റി എന്നെ പഠിപ്പിച്ചത്‌.തിരിഞ്ഞു നോക്കുമ്പോള്‍ ജീവിതം ഒരു പരാജയമായിരുന്നില്ല"-

ഇതായിരുന്നു കടമ്മനിട്ട എന്ന കവിയുടെ സ്വത്വം.


ആതിരേ,

നല്ല മനുഷ്യനാകാനുള്ള പ്രവര്‍ത്തനമായിട്ടാണ്‌

കടമ്മനിട്ട , കവിതയെ പുണര്‍ന്നത്‌. ("നല്ല മനുഷ്യനാകനുള്ള പ്രവര്‍ത്തനമാണ്‌ കവിത"-'കടമ്മനിട്ടയുടെ കവിതകള്‍' എന്ന കാവ്യസമാഹാരത്തിന്റെ ആമുഖക്കുറിപ്പില്‍ കടമ്മനിട്ട കുറിച്ചത്‌ )


അതാകട്ടെ സഹകവികള്‍ ( സാഹിത്യകാരും ) സ്വീകരിച്ച,

സാമ്പ്രദായിക ചട്ടവട്ടങ്ങളെയുംചായത്തേപ്പുകളേയും

പുറംകാലുകൊണ്ട്‌ തട്ടിത്തെറിപ്പിച്ചകറ്റി,

പകരം തന്റെ സ്വത്വവും സ്വരൂപവും തിരിച്ചറിഞ്ഞ്‌ ,

ഗോത്രവര്‍ഗ്ഗത്തനിമയില്‍ നിറഞ്ഞുള്ള

ക്ഷോഭത്തിന്റെയും നോവിന്റെയും

പ്രതിഷേധത്തിന്റേയും

കെട്ടുപൊട്ടിക്കലുകളായിരുന്നു.


അതുകൊണ്ടുതന്നെ

കടമ്മനിട്ടക്കവിതകള്‍ ' വെളിച്ചം കണ്ടത്‌ '

സവര്‍ണ സാഹിത്യപ്രസിദ്ധീകരണങ്ങളിലായിരുന്നില്ല.

ആ കവിതകള്‍ ആസ്വദിക്കപ്പെട്ടത്‌

അത്തരം മനസ്സുകളിലുമായിരുന്നില്ല.


പരിസ്ഥിതിക്കും സ്ത്രീക്കും

ദലിതനുംദുര്‍ബലനും

പ്രാന്തവത്ക്കരിക്കപ്പെട്ടവനും വേണ്ടിയുള്ള

ആധിനിറഞ്ഞതും ശമനംകിട്ടാത്ത

സങ്കടങ്ങള്‍തുടിക്കുന്നതുമായ

പൊട്ടിത്തെറിക്കലുകളായിരുന്നു

കടമ്മനിട്ടക്കവിതകള്‍.


അന്ന്‌, ആ ആത്മരോഷങ്ങളെ

പരമപുച്ഛത്തോടെ

തൊടിക്കപ്പുറം നിറുത്തിയ

മാന്യന്മാരും മഹതികളുമാണ്‌

ഇന്ന്‌ ,അനുശോചനത്തിന്റെ തോറ്റം പാടുന്നതും

ചൊല്‍ക്കാഴ്ച്ചകള്‍ നടത്തുന്നതും !


കടമ്മനിട്ടകമ്മ്യൂണിസ്റ്റായിരുന്നു-

'പുകസ' സാരഥിയുമായിരുന്നു.

എന്നാല്‍ , ഉമേഷ്‌ ബാബു ഉയര്‍ത്തിയ'ഭയങ്ങളില്‍'

പാര്‍ട്ടിയുടെ'കണ്ണൂര്‍ക്കോട്ടക'ളാടിയുലഞ്ഞപ്പോള്‍ ;

" ചുങ്കംകൊടുത്തും ചിതം പറഞ്ഞും

അങ്കത്തിനാളുകൂട്ടി"

നാടാകെ പാര്‍ട്ടി നേതൃത്വം

പുലയാട്ടും പുലഭ്യം പറച്ചിലും

കെട്ടുകാഴ്ച്ചയായ്‌ കൊണ്ടാടിയപ്പോഴും

തണ്ടെല്ലുനിവര്‍ത്തി

ഉമേഷ്‌ ബാബുവിനൊപ്പം നിന്ന

നെഞ്ചൂക്കാണീക്കനലുകള്‍...


"എന്നില്‍ത്തന്നെ ബൂര്‍ഷ്വമൂല്യങ്ങളുണ്ടെന്ന്‌ വിശ്വസിക്കുന്ന ആളാണ്‌ ഞാന്‍.അത്‌ നാം ജീവിക്കുന്ന സമൂഹത്തിന്റെ സ്വാധീനഫലമായുണ്ടാവുന്നതാണ്‌.പക്ഷെ ,അത്‌ തിരിച്ചറിഞ്ഞുകൊണ്ടുതന്നെ അതിനു വശംവദരാകാതിരിക്കാനും പ്രതിരോധിക്കാനുമുള്ള പരിശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്‌ വേണ്ടത്‌.ഞാനിപ്പോള്‍ കമ്പോളസംസ്കാരത്തിന്റെ ഇരയായിരിക്കം.എന്റെ അടുക്കളയില്‍ നോക്കിയാലും അതിന്റെ മുദ്രകള്‍ കണ്ടെന്നുവരാം.അത്‌ തിരിച്ചറിഞ്ഞ്‌ കഴിവുള്ളിടത്തോളം അതിനെ പ്രതിരോധിക്കണം"


കേട്ടുവോ ആതിരേ ,

കലര്‍പ്പില്ലാത്ത,കന്മഷമില്ലാത്ത

'കാട്ടാള'ത്തനിമ..!


അതെ ,ആതിരേ

മരണം ദുഃഖകാരണമാണ്‌.

അത്‌ വ്യക്തിയുടെ വേര്‍പാട്‌ സൃഷ്ടിക്കുന്ന നോവുകൊണ്ടല്ല

മറിച്ച്‌ മൃതിഗതനെ സ്മരിച്ച്‌

'വാചകമേളാവിദഗ്ധര്‍' ലജ്ജരഹിതം

കാച്ചിക്കുറുക്കിയെടുത്ത പദാവലികൊണ്ട്‌

സമ്പന്നമാക്കിയ ,അനുശോചനങ്ങള്‍

'ലൈവാ'യി

ഗദ്ഗദമാക്കുന്നത്‌

കേള്‍ക്കേണ്ടിവരുമ്പോഴാണ്‌

ഏറെ ദുഃഖകരമാകുന്നത്‌.


"രംഗബോധമില്ലാത്ത ഇത്തരം കോമാളികളാണ്‌ "

മൃതിയെക്കാള്‍ക്രൂരവും ഭയനകവും..!


കടമനിട്ടയുടെ ദേഹവിയോഗത്തിലും കേട്ടു ,കുട്ടി

അല്‍പ്പത്തം പൊലിഞ്ഞുലഞ്ഞ

ചില ' ചൊല്‍ക്കാഴ്ചകള്‍'


ശ്രദ്ധിക്കുക ;

നാളെ ഉദ്ധരണികളാകാന്‍ ഏറെ സാധ്യതയുള്ള

ചില പൊയ്ച്ചൊല്ലുകള്‍ :


" രുദ്രകീര്‍ത്തനങ്ങള്‍ എന്ന്‌ വിശേഷിപ്പിക്കാവുന്ന ആത്മാലാപനങ്ങളായിരുന്നുകടമ്മനിട്ടയുടേത്‌ "- ഒ എന്‍ വി

"മലയാളകവിതയെ ജനകീയമാക്കിയ കവിയായിരുന്നു കടമ്മനിട്ട "- എം ടി വാസുദേവന്‍ നായര്‍ .

" ഭാരതീയമായ പ്രാഗ്‌ അറിവുകളും സമൂഹിക ബോധവും നിറഞ്ഞതായിരുന്നു കടമ്മനിട്ട കവിതകള്‍ "- കവി സച്ചിതാനന്ദന്‍

"കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്കും തൊഴിലാളികള്‍ക്കും അക്ഷരം അറിയാത്തവര്‍ക്കും പ്രിയപ്പെട്ട സാംസ്കാരിക അനുഭവമായിരുന്നു കടമ്മനിട്ടയുടെ കവിതാലപനങ്ങള്‍. ബുദ്ധിജീവി വൃന്ദങ്ങളില്‍ മാത്രം ഒതുങ്ങി നിന്ന ആധുനിക കവിതയെ ജനകീയമാക്കിയത്‌ കടമ്മനിട്ടയാണ്‌. നാട്ടിന്‍പുറങ്ങളിലേക്കും കുഗ്രാമങ്ങളിലേക്കും മലയാള കവിതയെ കൈ പിടിച്ച്‌ നടത്തിച്ചതും കടമ്മനിട്ടയാണ്‌ "- കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്‌

"പച്ചയായ ജീവിതത്തിന്റെ പ്രതീകമായിരുന്നു കടമ്മനിട്ട . വരണ്ട കണ്ണുനീരും , വരണ്ട നാട്ടിന്‍പുറവും , നിറഞ്ഞപ്രകൃതിയും സ്വന്തം ഭാഷയില്‍ അവതരിപ്പിക്കാന്‍ കടമ്മനിട്ടയ്ക്കായി. ആത്മാര്‍ത്ഥത നിറഞ്ഞ മലയാളത്തിന്റെ നാടന്‍ ശബ്ദമാണ്‌ കടമ്മനിട്ടയില്‍ കേട്ടത്‌. "'- സുഗതകുമാരി

" ഇടശേരിക്ക്‌ ശേഷം മലയാളം കണ്ട ഏറ്റവും വലിയ കവിയായിരുന്നു കടമ്മനിട്ട "- കാക്കനാടന്‍ . "വ്യക്തിപരമായ ഏറ്റവും വലിയ നഷ്ടമാണ്‌ സംഭവിച്ചത്‌. മലയാളത്തില്‍ മറ്റൊരു കവിയും സ്വന്തം ശബ്ദം ഇത്രയേറെ കേള്‍പ്പിച്ചിട്ടില്ല. കവിതയില്‍ പ്രഭാപൂരിതമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ കടമ്മനിട്ടക്ക്‌ കഴിഞ്ഞു."- വിനയചന്ദ്രന്‍

"കേരളീയ സമൂഹത്തിനും സാംസ്കാരിക മണ്ഡലത്തിനും നികത്താനാവാത്ത നഷ്ടമാണ്‌ കടമ്മനിട്ട രാമകൃഷ്ണന്റെ നിര്യാണം . കേരളത്തില്‍ പുരോഗമന സാഹിത്യ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക്‌ അവിസ്മരണീയമാണ്‌. "- മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്‍

"കാവ്യജീവിതം നയിക്കുന്നവര്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ പാടില്ലെന്ന പൊതു വിശ്വാസത്തെ തകര്‍ത്ത വ്യക്തിയാണ്‌ കടമ്മനിട്ട "- മന്ത്രി എം എ ബേബി


ആതിരേ,

മനസ്സ്‌ നിറഞ്ഞില്ലേ..?

എങ്കില്‍കവി

തന്റെ മരണം

മുന്‍കൂട്ടിക്കണ്ട്‌(!) ചോദിച്ചത്‌

ഞാനിപ്പോള്‍തിരിച്ച്‌ ചോദിക്കട്ടേ..?

"ചാക്കാല ചൊല്ലുവാന്‍ വന്നവന്‌

കാപ്പിയും കാശും കൊടുത്തോടി..."

3 comments:

Anonymous said...

good one

Please remove comment verification in comments

ബാജി ഓടംവേലി said...

“പച്ചയായ ജീവിതത്തിന്റെ പ്രതീകമായിരുന്നു കടമ്മനിട്ട . ആത്മാര്‍ത്ഥത നിറഞ്ഞ മലയാളത്തിന്റെ നാടന്‍ ശബ്ദമാണ്‌ കടമ്മനിട്ടയില്‍ കേട്ടത്‌. "
അടിവരയിടുന്നു......

Unknown said...

എന്നും നമ്മില്‍ ജിവിക്കും കടമ്മനിട്ടയെക്കുറിച്ചുള്ള ഓര്‍മ്മകള്‍