Wednesday, January 28, 2009

സേന ശ്രീരാമന്റേത്‌; സമീപനം താലിബാന്റേയും

മംഗലാപുരത്തെ ഒരു പബ്ബില്‍ കഴിഞ്ഞ ഇരുപത്തിയഞ്ചാം തീയതി രാത്രി അതിക്രമിച്ചു കയറി പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ ഓടിച്ചിട്ട്‌ മര്‍ദിച്ച ശ്രീരാമസേനയുടെ നടപടി, ആതിരേ ഏറ്റവും മിതമായി പറഞ്ഞാല്‍ ' ഹൈന്ദവ-താലിബാനിസത്തിന്റെ' അഹന്തയായിരുന്നു..
മദ്യപാനവും അനാശാസ്യപ്രവര്‍ത്തനങ്ങളും നടക്കുന്നു എന്നാരോപിച്ചാണ്‌ നാല്‍പ്പതോളം വരുന്ന ശ്രീരാമ സേനാ സംഘാംഗങ്ങള്‍ പബ്ബ്‌ ആക്രമിച്ചതും പെണ്‍കുട്ടികളെയും പബ്ബ്‌ ജീവനക്കാരെയും മര്‍ദ്ദിച്ചതും.
ആതിരേ സദാചാര പൊലീസ്‌ ചമഞ്ഞ്‌ ആക്രമണം അഴിച്ചു വിട്ടവര്‍ അവകാശപ്പെടുന്നത്‌ ഭാരതീയ സംസ്കാരത്തിന്‌ നിരക്കാത്ത നടപടികളെയാണ്‌ തങ്ങള്‍ എതിര്‍ത്തതെന്നും തങ്ങളുടെ സഹോദരിമാര്‍ ഇങ്ങനെ ചെയ്താലും നിലപാടില്‍ മാറ്റമുണ്ടാവില്ല എന്നുമൊക്കെയാണ്‌ ഭാരതീയ സംസ്കാരത്തിന്റെ മറവില്‍ സവര്‍ണ ഹൈന്ദവാധിപത്യവും സംഘ പരിവാര്‍ സംഘങ്ങളും ഇന്ത്യയില്‍ കുറച്ചൊന്നുമല്ല സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്നത്കുട്ടി!. മതപരവും സാമൂഹികവുമായ ആഘോഷങ്ങളെയും ആചാരങ്ങളെയും പോലും ബ്രോക്കസ്റ്ററുടെ ഈ കട്ടിലില്‍ക്കിടത്തി സംഘട്ടനത്തിനും സംഘര്‍ഷത്തിനും അവസരമൊരുക്കുന്നത്‌ ഇവരുടെ കൗശലമാണ്‌. ഒറീസ്സയില്‍ ഗ്രഹാം സ്റ്റുവര്‍ട്ട്‌ സ്റ്റെയിന്‍സി നെയും കുഞ്ഞുങ്ങളെയും തീയിലിട്ട്‌ ചുട്ടതും അടുത്ത കാലത്ത്‌ കന്യാസ്ത്രീകളേയും ക്രൈസ്തവ ദേവാലയങ്ങള്‍ അടക്കമുള്ള സ്ഥാപനങ്ങളേയും ആക്രമിച്ചതെല്ലാം ഇത്തരത്തില്‍ ഭാരതീയ മൂല്യങ്ങള്‍ സംരക്ഷിക്കാനുള്ള ശ്രമമായിട്ടാണ്‌ ഹിന്ദു സംഘടനകള്‍ അവകാശപ്പെടുന്നതും ഉയര്‍ത്തിക്കാട്ടുന്നതും. നിര്‍ദോഷമായ വാലന്റൈന്‍ ആഘോഷത്തിനു മുകളില്‍ പോലും കാവിക്കൊടി പാറിക്കാനും വാലന്റൈന്‍ ദിനം ആഘോഷിക്കുന്നവര്‍ന്നവരെ തൃശൂലത്തുമ്പില്‍ കൊരുത്തുയര്‍ത്താനും ഈ സംഘടനകള്‍ പ്രദര്‍ശിപ്പിക്കുന്ന മൃഗീയ താല്‍പര്യം നാം വായിച്ചെങ്കിലും അറിഞ്ഞിട്ടുള്ളതാണ്‌,അല്ലേ ആതിരേ?കാവിവത്ക്കരണത്തിന്റെ ദുര്‍ഭൂതങ്ങള്‍ നടത്തുന്ന ദുര്‍മദനൃത്തങ്ങള്‍.വിവേകത്തിന്റെ സൗമ്യതകളെ തച്ചു തകര്‍ത്ത്‌ തങ്ങളുടെ നിലപാടാണ്‍ശരി യെന്ന്‌ ശഠിച്ചുകൊണ്ട്‌ രാഷ്ട്രീയ പിന്തുണയും ഭരണസൗകര്യവും മറയാക്കി രാജ്യത്ത്‌ നിലവിലിരിക്കുന്ന സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും സാഹോദാര്യത്തിന്റെയും അന്തരിക്ഷം തകര്‍ക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ്‌ ഈ ഛിദ്രശക്തികള്‍.
ഈ മാരണത്തിന്റെ മറ്റൊരു രൂപമാണ്‌ മംഗലാപുരത്ത്‌ അരങ്ങേ റിയത്‌. മദ്യപാനവും അനുബന്ധമായ അനാശാസ്യ നടപടികളും സമൂഹ വിരുദ്ധ പ്രവര്‍ത്തികളായി തന്നെയാണ്‌ ആതിരേ . എന്നാല്‍ ഒരു വിഭാഗത്തിന്‌ ഇപ്പറഞ്ഞ സാമൂഹിക വിരുദ്ധത പ്രവര്‍ത്തിക്കാന്‍ എല്ലായ്പ്പോഴും സ്വാതന്ത്ര്യമുണ്ടായിരിക്കുകയും മറ്റൊരുവിഭാഗത്തിന്‌ അത്‌ നിഷേധിക്കപ്പെടൂകയും ചെയ്യുമ്പോഴുമാണ്‌ സമീപനത്തിലെ നിക്ഷിപ്ത താല്‍പ്പര്യങ്ങളും ലക്ഷ്യങ്ങളുടെ ശുഷ്കതയും വ്യക്തമാകുന്നത്‌.
മദ്യപാനത്തിലും അനുബന്ധമായ അനാശാസ്യനടപടികളിലും ഏറ്റവും അധികം വ്യാപരിക്കുന്നത്‌ പുരുഷന്മാരാണ്‌. പുരുഷന്മാര്‍ക്ക്‌ അത്‌ ചെയ്യാമെങ്കില്‍ സ്ത്രീകള്‍ക്കും അതിനുള്ള സ്വാതന്ത്ര്യവും അവകാശവും ഉണ്ട്‌. അത്‌ അംഗീകരിച്ചുകൊടുക്കാതെയുള്ള ഏതൊരു സദാചാര സംരക്ഷണ പ്രവര്‍ത്തനവും നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ക്ക്‌ വേണ്ടിയാണെന്ന്പറഞ്ഞേ തീരൂ ആതിരേ. ഇന്ത്യയില്‍ മദ്യപാനം നിഷിദ്ധമല്ല. അപ്പോള്‍ സ്ത്രീകള്‍ മദ്യപിക്കുന്നതില്‍ എന്തിനാണിത്ര ധാര്‍മീക രോഷം കൊള്ളുന്നത്‌.
മദ്യപാനം സൃഷ്ടിക്കുന്ന സാമ്പത്തികവും സാമൂഹികവും കുടുംബപരവുമായ പ്രശ്നങ്ങള്‍ വിസ്മരിച്ചുകൊണ്ടല്ല ഈ ചോദ്യങ്ങള്‍ ഉന്നയിക്കുന്നത്‌. സമൂഹത്തെ കാര്‍ന്നു തിന്നുന്ന ദോഷങ്ങളിലൊന്നാണ്‌ മദ്യപാനം എന്നും ആവര്‍ത്തിക്കട്ടേ. . എന്നാല്‍, ആതിരേ, ഇന്ത്യയില്‍ നിയമം മൂലം നിരോധിച്ചിട്ടില്ലാത്ത മദ്യപാന സ്വാതന്ത്ര്യം പുരുഷനുള്ളതുപോലെ സ്ത്രീക്കുമുണ്ട്‌ എന്നുതന്നെയാണ്‌ പറഞ്ഞുവെയ്ക്കുന്നത്‌. ഈ സ്വാതന്ത്ര്യം നിഷേധിക്കുമ്പോഴാണ്‌ അതിനെ ചൂഷണമെന്നും അടിച്ചമര്‍ത്തലെന്നും വിശേഷിപ്പിക്കേണ്ടിവരുന്നത്‌.
മദ്യപാനവും അനുബന്ധമായ അനാശാസ്യ നടപടികളും പരസ്യമായി അരങ്ങേറുന്ന സ്ഥലങ്ങളും സ്ഥാപനങ്ങളും ഇന്ത്യയിലെ കുഗ്രാമങ്ങളിലും വന്‍ നഗരങ്ങളിലുമുണ്ട്‌. കൂലിപ്പണിക്കാര്‍ മുതല്‍ ഉന്നത രാഷ്ട്രീയ നേതാക്കന്മാര്‍ വരെ ഇതിലഭിരമിക്കുന്നുമുണ്ട്‌. അപ്പോഴൊന്നും അവരോടൊന്നും തോന്നാത്ത ദേഷ്യവും പ്രതിഷേ ധവും മംഗലാപുരത്തെ ചില പെണ്‍കുട്ടികളോട്‌ പ്രദര്‍ശിപ്പിച്ചത്‌ തീര്‍ച്ച യായും സദുദ്ദേശ്യപരമായിരുന്നില്ല. സ്ത്രീകളെ അടിച്ചമര്‍ത്താനുള്ള പുരുഷന്റെ മൃഗീയസക്തിയുടെ കെട്ടഴിക്കലായിരുന്നു അവിടെ കണ്ടത്‌. ഇതിനെയാണ്‌ താലിബാനൈസേഷന്‍ എന്ന്‌ വിശേഷിപ്പിക്കുന്നത്‌.
എന്തുകൊണ്ടാണ്‌ നമ്മുടെ യുവജനങ്ങള്‍ ഇത്തരം സാമൂഹിക തിന്മകളിലേക്ക്‌ ആകൃഷ്ടരാകുന്നത്‌? എന്തുകൊണ്ടാണ്‌ ലഹരി മാഫിയ സാമൂഹിക ജീവിതത്തില്‍ പിടിമുറുക്കുന്നത്‌? ഈ സമസ്യകളുടെ പൂരണം തിരയുമ്പോഴാണ്‌ ആതിരേ, കുറ്റവാളികള്‍ ഇപ്പോള്‍ പ്രതികളാക്കപ്പെട്ടവരെല്ലന്നും മറിച്ച്‌ സദാചാര - സംസ്കാര സംരക്ഷണത്തിന്‌ ആഹ്വാനം ചെയ്യുന്ന സംഘടനകളും നേതാക്കളുമാണെന്നുമുള്ള തിരിച്ചറിവുണ്ടാകുക.
സമൂഹിക വിരുദ്ധപ്രവര്‍ത്തികളില്‍ നിന്ന്‌ മനുഷ്യനെ തടയാനാണ്‌ മതവും കലയും രാഷ്ട്രീയവും നിയമവും ഉള്ളത്‌. എന്നാല്‍, ഈ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ബഹുമാന്യരായ വ്യക്തികളേയും സംഘടനകളേയും വിശകലനത്തിന്‌ വിധേയരാക്കുമ്പോഴാണ്‌ ഇന്ത്യയിലെ ചെറുപ്പക്കാര്‍ അനുവര്‍ത്തിക്കുന്നതെന്ന്‌ ആരോപിക്ക പ്പെടുന്ന അനാശാസ്യ നടപടികളെ ലജ്ജിപ്പിക്കുന്ന തരത്തിലുള്ള തെളിവുകള്‍ ലഭിക്കുക. ആശ്രമങ്ങളുടെയും ധ്യാനകേന്ദ്രങ്ങളുടെയും ദര്‍ഗകളുടെയും മറവില്‍ മയക്കുമരുന്നു വ്യാപാരവും ആയുധ വ്യാപാരവും പെണ്‍വാണിഭവും നടത്തുന്നവരും അതിന്റെ ലാഭം എണ്ണിവാങ്ങുന്നവരുമാണ്‌ സദാചാരത്തിന്റെ അപ്പോസ്തലന്മാരായും സംരക്ഷകരായും സദാചാര പൊലീസായും രംഗത്തെത്തുന്നത്‌. ഈ കള്ളക്കളിയാണ്‌ ആതിരേ,ആദ്യം അവസാനിപ്പിക്കേണ്ടത്‌. ക്രിസ്തു പറഞ്ഞതു പോലെ സ്വന്തം കണ്ണിലെ കോലെടുത്തിട്ട്‌ മതി അന്യന്റെ കണ്ണിലെ കരടെടുക്കാനുള്ള ശ്രമം.
സ്ത്രീകള്‍ക്കെതിരായുള്ള അതിക്രമവും ചൂഷണവും ലൈംഗീകമുതലെടുപ്പും സമൂഹത്തിന്റെ എല്ലാ തലങ്ങളിലും ഇന്ന്‌ ഭയാനകമായ വിധത്തില്‍ ശക്തമാണ്‌. വീടുകളില്‍ നിന്ന്‌ ,രക്ത ബന്ധങ്ങളില്‍ നിന്നുപോലും ഏല്‍ക്കുന്ന ഈ പീഡന പരമ്പരകളില്‍ നിന്ന്‌ അവര്‍ക്ക്‌ മോചനമില്ല. ലഭിക്കുന്ന അവസരങ്ങളെല്ലാം സ്ത്രീപീഡനത്തിനായി സംവരണം ചെയ്യാന്‍ കൊതിക്കുന്ന പുരുഷമേധാവിത്വത്തിന്റെ പൊട്ടിയൊലിക്കലുകളാണ്‌ ആതിരേ, മംഗലാപുരത്തേതുപോലുള്ള ആക്രമണങ്ങള്‍ക്ക്‌ കാരണം. ഈ ക്രിമിനല്‍ സ്വഭാവത്തില്‍ നിന്ന്‌ പുരുഷവര്‍ഗം മോചിതമാവാതെ ഈ പറയുന്ന ലഹരി ആസക്തിയും അനാശാസ്യ പ്രവണതയൊന്നും മര്‍ദ്ദനം കൊണ്ട്‌ അവസാനിപ്പിക്കാന്‍ കഴിയുകയില്ല. നിയമം കൈയിലെടുക്കാന്‍ ആര്‍ക്കും ഇന്ത്യന്‍ ഭരണഘടന അധികാരം നല്‍കുന്നില്ല. അതേസമയം, ചൂഷണത്തിനും പീഡനത്തിനും വിധേയമാകുന്ന സ്ത്രീസംരക്ഷണത്തിന്‌ നിരവധി പുതിയ നിയമങ്ങള്‍ രൂപം കൊടുത്തിട്ടുമുണ്ട്‌.എന്നാല്‍ അത്‌ നിടപ്പിലാക്കേണ്ട ഉത്തരവാദിത്തവും അത്‌ നടപ്പിലാക്കുന്നതിന്റെ മേല്‍ നോട്ടവും പുരുഷന്മാര്‍ക്കായതു കൊണ്ട്‌ ഈ നിയമങ്ങള്‍ പോലും സ്ത്രീ പീഡനങ്ങള്‍ക്കുവേണ്ടി ദുരുപയോഗം ചെയ്യുന്ന അവസ്ഥയാണ്‌ ഇന്ത്യയിലുള്ളത്‌. എന്തുകൊ ണ്ടാണ്‌ ഈ ഇരുണ്ട മേഖലകളിലേയ്ക്കൊന്നും ശ്രീരാമസേനകളെ പ്പോലെയുള്ള സംസ്കാര-സദാചാര സംരക്ഷകരുടെ നോട്ടം പതിയാത്തത്‌ ആതിരേ? ശ്രദ്ധയെത്താത്തത്കുട്ടി?.
അപ്പോള്‍ ഒരു കാര്യം വ്യക്തം. സ്ത്രീയെ അടിച്ചമര്‍ത്താനുള്ള കൊതിയും സ്ത്രീ പുരുഷനോടൊപ്പം സ്വതന്ത്രയായാലുണ്ടാകാവുന്ന അപകര്‍ഷവുമൊക്കെയാണ്‌ ഇത്തരം സദാചാര-സംസ്കാര സങ്കല്‍പ്പനങ്ങളായി രൂപം കൊള്ളുന്നതും അതിന്റെ മറവില്‍ സ്ത്രീപീഡനം ചങ്ങലക്കെട്ടഴിച്ച്‌ തെരുവിലെത്തുന്നതും.
നിരോധിക്കേണ്ടത്പുരുഷ മൃഗീയതകളെ ശാശ്വതീകരിക്കുന്ന ഇത്തരം സംഘടനകളേയും അവരുടെ പ്രവര്‍ത്തനങ്ങളേയുമാണ്‌ .ആതിരേ ,നിയമപരമായി ഇന്ത്യയില്‍ ഇന്ത്യന്‍ ഭരണഘടന ഇന്ത്യന്‍ പൗരനായ പുരുഷന്‌ അനുവദിച്ചിട്ടുള്ള എല്ലാ സ്വാതന്ത്ര്യവും സ്ത്രീകള്‍ക്കുകൂടി അനുഭവിക്കാനുള്ളതാണെന്ന്‌ ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുന്നു. അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലും മതതീവ്രവാദത്തിന്റെ ദുഷ്ടമുനകളോടെ സ്ത്രീകളെയും സ്ത്രീ സ്വാത ന്ത്ര്യത്തെയും അടിച്ചമര്‍ത്തുന്ന ഇസ്ലാമിക താലിബാനിസം സവര്‍ണ ഹൈന്ദവ ചിന്തകളിലൂടെ ഭാരതത്തിലേക്ക്‌ വ്യാപിക്കുന്നതിന്റെ അപായകരമായ സൂചനയായിട്ടു വേണം ആതിരേ, മംഗലാപുരം സംഭവത്തെ വിലയിരുത്തേണ്ടത്‌.. ജാഗ്രത്തായി ഇരുന്നില്ലെങ്കില്‍ ഇതേ അനുഭവ ങ്ങള്‍ സാക്ഷരകേരളത്തിലും അരങ്ങേറാന്‍ നാളുകള്‍ അധികം വേണ്ടിവരില്ല.

6 comments:

Anonymous said...

അസുര്‍ജി, വാനരസേനക്ക് സംഘപരിവാറുമായി ബന്ധമെന്താണെന്ന് ഒരു സംഘപരിവാരി ചോദിക്കുന്നു. പ്ര്യഗ്യാസിങ്ങിനു സംഘവുമായെന്ത് ബന്ധം എന്ന് ചോദിച്ചവര്‍ തന്നെ. കയ്യോടെ പിടിച്ചാല്‍ കയ്യൊഴിയുന്ന അതേ സംഘചാലകത.

കേരളത്തിലവന്മാരുടെ വേഷം കെട്ട് ചെലവാകില്ല.

അസുരന്‍ said...

You said it

അനില്‍ശ്രീ... said...

ശ്രീരാമന്റെ സേനയിലുണ്ടായിരുന്നത് വാനരന്മാര്‍ തന്നെയെന്ന് ഇവന്മാര്‍ തെളിയിച്ചു. ശാസ്താംകോട്ടയിലെ കുരങ്ങും ചാമുണ്ടി ഹില്ലിലെ കുരങ്ങും തേക്കടിയിലെ കുരങ്ങുമൊന്നും പുരുഷന്മാരെ തന്നെ ആക്രമിക്കുന്നില്ലല്ലോ. അതിനെല്ലാം ഒരുപോലെ തന്നെ. സ്ത്രീകളെ കാണുമ്പോള്‍ കുരങ്ങന്മാര്ക്ക് അല്ലെങ്കിലും ഹാലിളക്കം കൂടുതലാണെന്ന് തോന്നുന്നു.

അസുരന്‍ said...

You too said it,man

Unknown said...

ങേ,എന്താണ് മാഷ് വാദിച്ച് സ്ഥാപിക്കന്‍ ശ്രമിക്കുന്നത്‌?സ്ത്രീയുടെ സ്വത്വം?വ്യക്തിസ്വാതന്ത്ര്യം?പുരുഷനൊപ്പാം എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം?
മണ്ണാങ്കട്ട.അടങിയൊതുങ്ങി വീട്ടിലിരുന്നാല്‍ പോരാരുന്നോ ആ പെണ്‍കുട്ട്യോള്‍ക്ക്?ഷാപ്പില്‍ കേറി ഗുണ്ടകള്‍ ആണുങ്ങളേം തല്ലാറില്ലേ?ഒതിങ്ങിക്കൂടി,എല്ലാ പൂവന്മാരുടേം കൊത്തേല്‍ക്കുന്നതല്ലേ ഭാരത നാരീടെ ഭാവശുദ്ധി?സ്വാതന്ത്ര്യം കാംക്ഷിച്ച് വേശ്യയെന്ന വിളിപ്പേരു സ്വന്തമാക്കുന്നതിലും ബുദ്ധിപരം ഭര്‍ത്താവിന് കീഴടങ്ങി ജാരനെ സ്വീകരിക്കുന്നതല്ലേ?അതാണ് മാഷെ ഐടി നാരീടെ പ്രയോഗബുദ്ധി.വെറുതെ സമയം മെനക്കെടുത്തി

അസുരന്‍ said...

ആത്മനിന്ദയും,ആത്മരോഷവും..ബോധ്യമാകുന്നുണ്ട് ആശാ..