Tuesday, August 25, 2009
ജിന്നയും അധ്വാനിയും പിന്നെ ജസ്വന്തും
പാക്കിസ്ഥാന്റെ രാഷ്ട്രപിതാവ് മുഹമ്മദാലി ജിന്നയെ പ്രകീര്‍ത്തിക്കുന്ന പരാമര്‍ശങ്ങളും ഇന്ത്യവിഭജനത്തെ കുറിച്ചുള്ള സ്വകാര്യമായ വീക്ഷണങ്ങളും അടങ്ങുന്ന ജസ്വന്ത് സിംഗിന്റെ 'ജിന്ന-ഇന്ത്യ പാര്‍ട്ടീഷ്യന്‍, ഇന്‍ഡിപെന്റന്‍സ്' പുസ്തകം അദ്ദേഹത്തിനു തന്നെ വിനയായിരിക്കുകയാണ് ആതിരേ. ഈ പുസ്തകത്തിന്റെ പേരില്‍ ബിജെപിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ജസ്വന്ത് സിംഗിനെ പുറത്താക്കുകയും ചെയ്തു.
ഒരു പുസ്തകത്തില്‍, അസുഖകരമായ ചില പരാമര്‍ശങ്ങള്‍ നടത്തി എന്നതല്ല ജസ്വന്ത് സിംഗിനെതിരായ കടുത്ത നടപടിക്ക്കാരണം എന്നറിയുക.. രണ്ട് പൊതു തെരഞ്ഞെടുപ്പുകളില്‍ തോറ്റ് ജനങ്ങളില്‍ നിന്ന് അകന്നുകൊണ്ടിരിക്കുന്ന ഭാരതീയ ജനതാപാര്‍ട്ടിയുടെ നേതൃത്വ നിരയിലുള്ള കിടമത്സരത്തിന്റെയും പടലപിണക്കത്തിന്റെയും ബലിയാടാവുകയായിരുന്നു യഥാര്‍ത്ഥത്തില്‍ ജസ്വന്ത് സിംഗ്. (അതിന്റെ ഏറ്റവും വലിയ തെളിവാണ് ജസ്വന്ത് സിംഗിന്റെ നിലപാടിനെ സമര്‍ത്ഥിച്ച് ആര്‍എസ്‌എസിന്റെ മുന്‍ സര്‍സംഘചാലക് കെ.എസ്. സുദര്‍ശന്‍ ഇപ്പോള്‍ മുന്നോട്ടുവന്നിട്ടുള്ളത്)
ആഭ്യന്തരപ്രശ്നങ്ങളുടെ ചുഴിയില്‍ പെട്ടുഴലുകയാണ് ബിജെപി. ദിവസം കഴിയുംതോറും പ്രശ്നങ്ങള്‍ കൂടുതലായി പൊന്തിവരികയും അവ രൂക്ഷമാവുകയും ചെയ്യുകയാണ്. തലമുതിര്‍ന്ന നേതാവ് മദന്‍ലാല്‍ ഖുറാനയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ട് ഒരു വര്‍ഷമായിട്ടില്ല. അതിനു പിന്നാലെയാണ് ജസ്വന്ത് സിംഗിനെതിരെ നടപടിയുണ്ടായിട്ടുള്ളത്. (വിജയരാജെ സിന്ധ്യയ്ക്കെതിരെ നടപടിക്ക് മുതിര്‍ന്ന് പിന്നെ നേതൃത്വം തല്‍ക്കാലത്തേക്ക് അടങ്ങിയതും ഓര്‍ക്കുക)
ബിജെപിയുടെ സീനിയര്‍ നേതാക്കളില്‍ ഒരാളാണ് ജസ്വന്ത് സിംഗ്. പ്രതിരോധമന്ത്രി, ധനമന്ത്രി, വിദേശകാര്യമന്ത്രി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയാണ്. 2001ല്‍ മികച്ച പാര്‍ലമെന്റ്‌അംഗം എന്ന അംഗീകാരവും ജസ്വന്ത് സിംഗിനെ തേടിയെത്തിയിരുന്നു.
എന്നും വിവാദങ്ങളുടെ സഹയാത്രികനായിരുന്നു, ആതിരേ ജസ്വന്ത് സിംഗ്. വാജ്പേയി മന്ത്രിസഭയില്‍ വിദേശകാര്യം കൈകാര്യം ചെയ്ത നാളുകളിലാണ് അദ്ദേഹം ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇരയായതും ഒരു വേള കുപ്രസിദ്ധനായി തീര്‍ന്നതും. കാണ്ഡഹാറിലേക്ക് തട്ടിക്കൊണ്ടുപോയ വിമാനത്തിലെ യാത്രക്കാരെ മോചിപ്പിക്കാന്‍ മൂന്ന് പാക്കിസ്ഥാന്‍ ഭീകരവാദികളെ വിട്ടുകൊടുത്തതാണ് ആ സംഭവം. 1999 ഡിസംബര്‍ 24 നാണ് വിമാന റാഞ്ചല്‍ നടന്നത്. ബന്ദികളായ യാത്രക്കാരെ വിട്ടയക്കാന്‍ ഇന്ത്യന്‍ ജയിലിലുണ്ടായിരുന്ന പാക് തീവ്രവാദികളായ മൗലാന മസൂദ് അസര്‍, അഹമ്മദ് ഒമാര്‍ സായീദ്, മുഷ്ഠാഖ് അഹമ്മദ് സര്‍ദാര്‍ എന്നീ ഭീകരന്മാരുമായി ജസ്വന്ത് സിംഗിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ വിമാനം കാണ്ഡഹാറിലെത്തുകയും ഡിസംബര്‍ 31ന് വിവാദങ്ങളുടെ ആകാശത്തിലൂടെ യാത്രക്കാരുമായി അദ്ദേഹം ഇന്ത്യയില്‍ തിരിച്ചെത്തുകയും ചെയ്തു.
ജസ്വന്ത് സിംഗിന്റെ നേതൃത്വത്തിലുള്ള നയതന്ത്ര പ്രതിനിധികളുടെ പിടിപ്പുകേടാണ് ഈ കീഴടങ്ങലിന് കാരണമെന്ന് അന്ന് മാധ്യമങ്ങളും പ്രതിപക്ഷവും കഠിനപദങ്ങളില്‍ ആരോപിച്ചിരുന്നു. എന്നാല്‍, നൂറിലധികം യാത്രക്കാരെ തീവ്രവാദികളുടെ തോക്കിന്‍മുനയില്‍ നിന്ന് രക്ഷിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സംതൃപ്തിയുണ്ട് എന്നായിരുന്നു അന്ന് ജസ്വന്ത് സിംഗിന്റെ പ്രതികരണം.
2009ലെ പൊതു തെരഞ്ഞെടുപ്പ് വേളയിലും ജസ്വന്തുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളില്‍ വലിയ വിവാദമുയര്‍ന്നിരുന്നു ആതിരേ. ഡാര്‍ജിലിങ്ങില്‍ പാര്‍ട്ടി നേരത്തെ തീരുമാനിച്ച ഡാവാ ഷെര്‍പ്പയെ മറികടന്ന് അദ്ദേഹം സ്ഥാനാര്‍ത്ഥിയായതായിരുന്നു കാരണം. ബിജെപിയുടെ പോഷകസംഘടനയായ ഗൂര്‍ഖ ജനമുക്തി മോര്‍ച്ചയുടെ അനിഷേധ്യ നേതാവായ ഷെര്‍പ്പയ്ക്കെതിരെ ജസ്വന്ത് സിംഗ് രംഗത്തെത്തിയത് ഏറെ കോളിളക്കം പാര്‍ട്ടിക്കുള്ളില്‍ സൃഷ്ടിച്ചിരുന്നു. ഒടുവില്‍ ജസ്വന്ത് സിംഗ് തന്നെ അവിടെ മത്സരിക്കുകയും തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
ഇങ്ങനെ രാഷ്ട്രീയ ജീവിതത്തിലാകെ വിവാദങ്ങള്‍ മാത്രം സൃഷ്ടിച്ചിട്ടുള്ള ജസ്വന്ത് സിംഗിന്റെ പുതിയ നിലപാടുകളായിരുന്നു ജിന്നയെ കുറിച്ചും ഇന്ത്യ വിഭജനത്തെ കുറിച്ചും തന്റെ പുസ്തകത്തില്‍ അദ്ദേഹം കുറിച്ചത്. ഇന്ത്യ വിഭജനം, ഹിന്ദുമുസ്ലീം ഐക്യത്തിന്റെ പ്രതിനിധി എന്ന നിലയില്‍ നിന്ന് പാക്കിസ്ഥാന്റെ രാഷ്ട്രപിതാവ് എന്ന പദവിയിലേയ്ക്കുള്ള ജിന്നയുടെ പരിണാമം എന്നിവയാണ് ഏറെ കോളിളക്കം ഉണ്ടാക്കിയിട്ടുള്ള പരാമര്‍ശങ്ങള്‍. വിഭജനത്തെ പറ്റി ഒട്ടേറെ ചോദ്യങ്ങളാണ് ആതിരേ, ജസ്വന്ത് സിംഗ് തന്റെ പുസ്തകത്തിലൂടെ ഉന്നയിക്കുന്നത്. നെഹ്‌റുവും പട്ടേലും ഇന്ത്യാവിഭജനം 'സമ്മതിച്ചുകൊടുത്തില്ലാ' യിരുന്നെങ്കില്‍ മുഹമ്മദാലി ജിന്നയ്ക്ക് പാക്കിസ്ഥാന്‍ രൂപീകരിക്കാന്‍ കഴിയുകയില്ലായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍. ബ്രിട്ടീഷുകാര്‍ വിഭജനത്തിന്റെ 'വയറ്റാട്ടികളായി' എന്നും അദ്ദേഹം സമര്‍ത്ഥിക്കുന്നു.
വിഭജനം അതിന്റെ യഥാര്‍ത്ഥ ലക്ഷ്യത്തിന് വിപരീത ഫലമാണ് ഉണ്ടാക്കിയതെന്ന് ജസ്വന്ത് സിംഗ് നിരീക്ഷിക്കുന്നു. മത-സമുദായ വൈരം പരിഹരിക്കുന്നതിന് പകരം മതവിഭജനത്തിലേയ്ക്ക് ജനങ്ങളെ തള്ളിയിടാന്‍ മാത്രമാണ് അതുകൊണ്ട് സാധിച്ചുള്ളു എന്നാണ് ജസ്വന്തിന്റെ പക്ഷം. ജിന്നയും നെഹ്‌റുവും മുസ്ലീങ്ങള്‍ക്ക് പ്രത്യേക പദവി ആവശ്യപ്പെട്ടതായും ജിന്ന നേരിട്ടും നെഹ്‌റു പരോക്ഷമായും ഇതിനെ പിന്താങ്ങയെന്നും ജസ്വന്ത് വിവരിക്കുന്നു.
എന്നു മാത്രമല്ല ഹിന്ദു ഭൂരിപക്ഷ ഇന്ത്യയില്‍ മുസ്ലീങ്ങള്‍ക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യം ഉറപ്പാക്കാനുള്ള വിലപേശല്‍ തന്ത്രമായിരുന്നു ജിന്നയുടെ പാക്കിസ്ഥാന്‍ വാദമെന്നും നെഹ്‌റു ഈ നിലപാടുമായും മുന്നോട്ടുപോയി എന്നും പുസ്തകത്തിലാരോപിക്കുന്നു. മഹാത്മജിയോ രാജാജിയോ ആസാദോ ആയിരുന്നു ഈ തീരുമാനമെടുത്തതെങ്കില്‍ രാജ്യം വിഭജിക്കപ്പെടുമായിരുന്നില്ല. ജിന്ന ഹിന്ദുക്കളെ എതിര്‍ത്തിരുന്നു എന്നത് തെറ്റായ വാദമാണ്. മുസ്ലീങ്ങള്‍ക്ക് ഇന്നത്തെ അവസ്ഥ ഉണ്ടായത് ഇന്ത്യ വിഭജനം മൂലമാണ്. - ഇങ്ങനെ പോകുന്നു ജസ്വന്തിന്റെ നിരീക്ഷണങ്ങള്‍.
പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ ഗുജറാത്തില്‍ ജസ്വന്ത് സിംഗിന്റെ പുസ്തകം മുഖ്യമന്ത്രി നരേന്ദ്രമോഡി നിരോധിച്ചതോടെ പുതിയ വിവാദവും മുളപൊട്ടിയിട്ടുണ്ട്. ഒരു പുസ്തകം നിരോധിക്കുക എന്നാല്‍ ഒരു ആശയത്തെ നിഷേധിക്കുകയാണ് എന്ന് ജസ്വന്ത് തന്നെ തിരിച്ചടിച്ചിട്ടുണ്ട്.
മേല്‍ സൂചിപ്പിച്ച നിരീക്ഷണങ്ങള്‍ അത്രമാത്രം ബിജെപി വിരുദ്ധവും ജിന്നയെ വെള്ളപൂശുന്നതുമാണെന്ന് എനിക്ക് തോന്നുന്നില്ല ആതിരേ. എന്നുമാത്രമല്ല, ജിന്നയെ കുറിച്ച് മുമ്പ് എല്‍കെ അദ്വാനി നടത്തിയ പരാമര്‍ശങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ ജസ്വന്തിന്റെ നിരീക്ഷണങ്ങള്‍ അത്രയേറെ പാര്‍ട്ടിവിരുദ്ധവും ഇന്ത്യാവിരുദ്ധവുമാണെന്ന് പറയാനും കഴിയുകയില്ല. പാക്കിസ്ഥാന്‍ സന്ദര്‍ശനവേളയില്‍ ജിന്നയുടെ ജന്മനാട്ടില്‍ വെച്ചാണ് ജിന്ന മതേതര വാദിയാണെന്ന് അദ്വാനി പ്രഖ്യാപിച്ചതെന്നോര്‍ക്കുക. അത് പാര്‍ട്ടിയില്‍ വലിയ കോലാഹലങ്ങള്‍ സൃഷ്ടിച്ചപ്പോള്‍ പാര്‍ട്ടി പ്രസിഡണ്ട് സ്ഥാനം രാജിവെയ്ക്കാന്‍ അദ്വാനി തയ്യാറായതാണ്. എന്നാല്‍, മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് വിവാദം അവസാനിപ്പിച്ച് അദ്വാനിയെ രക്ഷിക്കുകയായിരുന്നു.
അങ്ങനെ നോക്കുമ്പോള്‍, ആതിരേ, ഏറെ നിരുപദ്രവകാരിയും ഒരു എഴുത്തുകാരന്റെ സ്വകാര്യ വീക്ഷണവുമായ ജിന്ന പരാമര്‍ശങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ അത്രയ്ക്കൊന്നും കോളിളക്കം സൃഷ്ടിക്കാന്‍ പാടില്ലായിരുന്നു. എന്നാല്‍, ജസ്വന്തിനെ പുറത്താക്കിക്കൊണ്ടാണ് പാര്‍ട്ടി ഈ വിഷയത്തോട് പ്രതികരിച്ചിട്ടുള്ളത്. നെഹ്‌റുവിനെയും ആസാദിനെയും രാജാജിയെയും വിമര്‍ശിച്ചതില്‍ ബിജെപി നേതൃത്വത്തിനോ ആര്‍എസ്‌എസിനൊ അത്രയൊന്നും അസ്കിത ഉണ്ടെന്ന് തോന്നുന്നില്ല. എന്നാല്‍, ഗുജറാത്തുകാരുടെ പൂജാ വിഗ്രഹമായ സര്‍ദാര്‍ വല്ലഭായി പട്ടേലിനെ വിമര്‍ശിച്ചത് മോഡിയടക്കമുള്ള നേതാക്കള്‍ക്ക് രസിച്ചിട്ടില്ല.അതാണ് ഒരു കാരണം.
യഥാര്‍ത്ഥത്തില്‍ ഈ പുസ്തകത്തിലെ പരാമര്‍ശങ്ങളൊന്നുമല്ല ജസ്വന്തിന്റെ പുറത്താക്കലിന് കാരണം ആതിരേ. നേരത്തെ സൂചിപ്പിച്ചതുപോലെ രണ്ട് തെരഞ്ഞെ ടുപ്പുകളില്‍ തോറ്റ് നേതൃത്വത്തിനെതിരെയുള്ള കലാപം കൊടുമ്പിരി കൊണ്ടിരിക്കുന്ന ഒരു പാര്‍ട്ടിയില്‍ അതിന്റെ സ്വാഭാവികമോ അല്ലെങ്കില്‍ കരുതിക്കൂട്ടിയുണ്ടാക്കിയ പരിണാമമോ ആണ് ഈ പുറത്താക്കല്‍. നേതൃത്വത്തിനെതിരെ തുടരുന്ന കലാപങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് ആര്‍എസ്‌എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത് ആഹ്വാനം ചെയ്തതിനു പിന്നാലെയാണ് ഈ സംഭവം എന്നും കൂട്ടി വായിക്കണം.
കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ പരാജയത്തെ ജസ്വന്ത് കഠിനപദങ്ങളാലാണ് വിമര്‍ശിച്ചിരുന്നത്. സുഷമാ സ്വരാജിനെ ലോകസഭാ കക്ഷി നേതാവായും അരുണ്‍ ജെയ്റ്റിലിയെ ഉപനേതാവായും തെരഞ്ഞെടുത്തതിനെ മൂര്‍ച്ചയേറിയ വാക്കുകള്‍ക്കൊണ്ടാണ് ജസ്വന്ത് ആക്രമിച്ചത്.ഈ കത്ത് ഷിമ്ലയില്‍ നടക്കുന്ന ചിന്തന്‍ ബൈഠക്കില്‍ ചര്‍ച്ച ചെയ്യാമെന്നായിരുന്നു രാജ്നാഥ് സിംഗും ലാല്‍ കൃഷണ അദ്വാനിയും സമ്മതിച്ചിരുന്നത്.എന്നാല്‍ ഷിമ്ലയിലേയ്ക്കു യാത്രയ്ക്ക് ജസ്വന്ത് സിംഗ് തയ്യാറായപ്പോഴെയ്ക്കും പുറത്താക്കല്‍ നറ്റപടിയുണ്ടാക്കി നേതൃത്വം മുഖം രക്ഷിക്കുകയായിരുന്നു. സുഷമയും ജെയ്റ്റിലിയും ജസ്വന്തും പാര്‍ട്ടിയില്‍ തങ്ങളുടെ ആധിപത്യം ഉറപ്പിക്കാനുള്ള ഒളിഞ്ഞും തെളിഞ്ഞുമുള്ള ശ്രമത്തിലായിരുന്നു ഈ ദിവസങ്ങളത്രയും. അതിന്റേയും ദാരുണ പരിണാമമായിട്ടു മാത്രമേ ഈ പുറത്താക്കലിനെ കാണാന്‍ കഴിയു.
മൂല്യങ്ങള്‍ നഷ്ടപ്പെടുകയും ജനങ്ങളില്‍ നിന്ന് അകലുകയും ചെയ്യുന്ന ഏതൊരു രാഷ്ട്രീയ പ്രസ്ഥാനത്തിനും നേതൃത്വത്തിനും സംഭവിക്കുന്ന ഇടര്‍ച്ച തന്നെയാണ് ഇപ്പോള്‍ ബിജെപിയിലും നടന്നുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ജസ്വന്ത് ബലിയാടാണെങ്കിലും അദ്ദേഹത്തിന് വേണ്ടി കണ്ണീരൊഴുക്കാന്‍ പാര്‍ട്ടി അണികള്‍ പോലും തയ്യാറല്ല. പിന്നെ പറഞ്ഞിട്ടെന്ത് ആതിരേ.
Subscribe to:
Post Comments (Atom)
1 comment:
സുഹ്യത്തെ
ആരാണീ ആതിര.
Post a Comment