Thursday, September 23, 2010
പോപ്പിന്റെ തീവ്രവാദത്തിന് കേരളത്തില്‍ സംഘടിതരൂപം
കേരളത്തിലും ക്രൈസ്തവ തീവ്രവാദത്തിന് വേരോട്ടം തേടുകയാണിവര്‍. ക്ഷമയുടെയും സഹനത്തിന്റെയും സമാധാനത്തിന്റെയും സുവിശേഷത്തില്‍ നിന്ന് ഉന്മൂലനത്തിന്റെയും സര്‍വ നാശത്തിന്റെയും വാളുകളാണ് സിഡിയു കണ്ടെടുക്കുന്നത്. ഈ സത്യം തിരിച്ചറിയാനും സമുദായത്തിലും സമൂഹത്തിലും അനഭലഷണീയമായ വിരുദ്ധ വികാരങ്ങള്‍ ഉദ്ദീപിപ്പിക്കുന്ന ളോഹ രൂപങ്ങളെ ചെറുക്കാനും ക്രൈസ്ത സമുദായംഗങ്ങള്‍ തയ്യാറാകണമെന്നാണ് കാലം ആവശ്യപ്പെടുന്ന ധര്‍മ്മം.
ആതിരേ, ബെനഡിക്ട് 16-ാമന്‍ മാര്‍പാപ്പ ഇംഗ്ലണ്ട് സന്ദര്‍ശനത്തിനിടയില്‍ മതേതരത്വത്തിനെതിരെ നടത്തിയ ആഹ്വാനം കേരളത്തില്‍ പ്രഹരശേഷിയുള്ള സംഘടിതരൂപം ആര്‍ജ്ജിക്കുന്നു. കേരളത്തിന്റെ മനസ്സമാധാനം കെടുത്താന്‍, ജീവകോശങ്ങള്‍ തോറും ആശങ്കകളുടെ വെടിമരുന്ന് നിറയ്ക്കാന്‍ ഒരു സംഘടന കൂടി അണിയറയില്‍ ഒരുങ്ങുന്നു.
പോപ്പ് ഇംഗ്ലണ്ടില്‍ തന്റെ നിലപാട് വ്യക്തമാക്കിയതിനു പിന്നാലെ കേരളത്തില്‍ പ്രമുഖ ക്രൈസ്തവ മത വിഭാഗങ്ങള്‍ ചേര്‍ന്ന് പുതിയൊരു പ്രക്ഷോഭ സംഘടനയ്ക്ക് രൂപം കൊടുത്തുകഴിഞ്ഞു. 'ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റിക് യൂണിയന്‍ (സിഡിയു)' എന്ന പേരില്‍ സെപ്റ്റംബര്‍ 19 ഞായറാഴ്ച കോഴിക്കോടാണ് സംഘടനയുടെ പിറവി. സിഎംഐ, സിഎസ്‌ഐ, സിറിയന്‍ കാത്തോലിക്, ഓര്‍ത്തഡോക്സ് സഭകളുടെ പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുത്തത്. ഇന്‍ഫാമിന്റെ ദേശീയ ജനറല്‍ സെക്രട്ടറി ഫാ. ഡോ. ആന്റണി കൊഴുവനാലാണ് യോഗം ഉദ്ഘാടനം ചെയ്തത്.
ന്യൂമാന്‍സ് കോളജ് അധ്യാപകന്‍ പ്രഫ. ടി.ജെ. ജോസഫിന്റെ കൈവെട്ടിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ക്രിസ്തീയ മതവിഭാഗങ്ങളെ ഇങ്ങനെ ഒരു സംഘടന രൂപീകരിക്കാന്‍ പ്രേരിപ്പിച്ചിട്ടുള്ളതെന്ന് അവര്‍ അവകാശപ്പെടുന്നു. "അസംഘടിതരായ കേരളത്തിലെ ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് നേരെ മറ്റ് സംഘടിത മതവിഭാഗങ്ങളില്‍ നിന്ന് ഉണ്ടാകുന്ന ആക്രമണത്തെ ചെറുക്കനാണ്" സിഡിയു രൂപീകരിച്ചതെന്ന്, ആതിരേ, ഇതിന്റെ വക്താക്കള്‍ ന്യായീകരിക്കുന്നു.
മുസ്ലീം തീവ്രവാദികള്‍ ക്രൈസ്തവ യുവാക്കളെ പോലും മസ്തിഷ്ക പ്രക്ഷാളനം നടത്തി കശ്മീരിലേക്കയച്ച് രാജ്യത്തിനെതിരെ യുദ്ധം ചെയ്യാന്‍ പ്രേരിപ്പിക്കുന്നു എന്നും സിഡിയു ആരോപിക്കുന്നു. ഇതുവരെ ആരും പറഞ്ഞ് കേള്‍ക്കാത്തതും ഏറെ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാവുന്നതുമാണ് ഈ നിരീക്ഷണം.അതിരേ,പച്ചക്കള്ളമാണ് പറയുന്നതെന്ന കാര്യത്തില്‍ അവര്‍ക്ക് പോലും സംശയമില്ല. ലഷ്കര്‍ ഇ തയ്ബ ചില മുസ്ലീം യുവാക്കളെ റിക്രൂട്ട് ചെയ്ത് കശ്മീരിലേക്ക് അയച്ചു എന്നത് നേരാണ്. ഇതില്‍ മതം മാറ്റിയ ക്രൈസ്തവരുണ്ടെന്ന വാദം തീര്‍ച്ചയായും അപകടകരമായ സാഹചര്യം സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. കേരള പോലീസ് ഗുണ്ടകളെ ഒതുക്കുന്നതില്‍ ഒരു പരിധിവരെ വിജയിച്ചപ്പോള്‍ 'തൊഴില്‍ രഹിതരായ' ചില ക്വട്ടേഷന്‍ സംഘാംഗങ്ങളാണ് മുസ്ലീം തീവ്രവാദികളുടെ റിക്രൂട്ട്മെന്റില്‍ ഉള്‍പ്പെട്ടത്. ഇവിടെ മുന്‍പ് ക്വട്ടേഷന്‍ പരിപാടിയുമായി നടന്നപ്പോള്‍ അതിലെ അംഗങ്ങളുടെ മതം തിരയാതിരുന്ന ക്രൈസ്തവ മത സംഘടനകള്‍ ഇപ്പോള്‍ മുസ്ലീംങ്ങള്‍ ക്രൈസ്തവരെ മതം മാറ്റി ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നു എന്ന് ആരോപിക്കുന്നത് തീര്‍ച്ചയായും ദുഷ്ടലാക്കോടെയാണ്. ആതിരേ,.പോപ്പ് മുന്നോട്ട് വെച്ച ക്രൈസ്ത തീവ്രവാദത്തിന്റെ മലയാള പതിപ്പാണ് സിഡിയു എന്ന് പൊതുജനങ്ങളെ കൊണ്ട് വിശ്വസിപ്പിക്കുന്നതാണ് ഈ വിലയിരുത്തല്‍. എല്ലാ മത തീവ്രവാദികളും നട്ടാല്‍ കുരുക്കാത്ത കള്ളം പ്രചരിപ്പിച്ചാണ് സമുദായംഗങ്ങള പ്രകോപിപ്പിച്ച് ഒപ്പം നിര്‍ത്തിയിട്ടുള്ളതും നിര്‍ത്തുന്നതും. ആ തന്ത്രമാണ് ഇപ്പോള്‍ സിഡിയു പയറ്റുന്നത്. ഏത് വെല്ലുവിളിയിലും മതസൗഹാര്‍ദ്ദത്തിന് ഉടച്ചില്‍ തട്ടാതെ സൂക്ഷിക്കുന്ന കേരളത്തിന്റെ പ്രബുദ്ധ മനസ്സാക്ഷിയോടുള്ള വെല്ലുവിളിയാണ് സിഡിയുവിന്റെ ഈ പ്രചാരണം.
മാത്രമല്ല, ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കും മത നേതാക്കന്മാര്‍ക്കും സംഘടനാ പ്രവര്‍ത്തകര്‍ക്കുമെതിരെ ഗൂഢമായ നീക്കങ്ങളലൂടെ ഉന്മൂലന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നാണ് സിഡിയുവിന്റെ മറ്റൊരു ആരോപണം. പ്രഫ. ടി.ജെ. ജോസഫ് ബീഭത്സമായി ആക്രമിക്കപ്പെട്ടപ്പോള്‍ കേരളത്തിലെ സാംസ്കാരിക നായകന്മാരും സാമൂഹിക പ്രവര്‍ത്തകരും മൗനം പാലിച്ചത് ഈ അജണ്ടയുടെ ഭാഗമാണെന്നും ഉളുപ്പില്ലാതെ സിഡിയു ആരോപിക്കുന്നു. ഇവിടെ ഒരു ചോദ്യം ഉന്നയിച്ചേ തീരു. പ്രഫ. ജോസഫ് വിവാദ ചോദ്യപേപ്പര്‍ തയ്യാറാക്കിയത് തെറ്റാണെന്ന് തന്നെ അംഗീകരിച്ചുകൊണ്ടാണ് ചോദ്യം ഉന്നയിക്കുന്നത്. ജോസഫിനെതിരെ മുസ്ലീം തീവ്രവാദത്തിന്റെ കരാളക്കൈകളുയര്‍ന്നപ്പോള്‍ സിഎംഐ, സിഎസ്‌ഐ, സിറിയന്‍ കാത്തലിക് സഭ, ഓര്‍ത്തഡോക്സ് സഭ തുടങ്ങിയവയുടെ വൈദീകരും അല്‍മായ സംഘടനാ നേതാക്കളും ഏത് കുണ്ടിലായിരുന്നു ഒളിച്ചിരുന്നത്? ഒരാളെങ്കിലും പ്രഫ. ജോസഫിന് നേരെയുണ്ടായ ആക്രമണത്തെ അപലപിക്കാന്‍ നട്ടെല്ല് നിവര്‍ത്തി നിന്നില്ലല്ലോ. അതെന്തുകൊണ്ടാണ് ? ആ മൗനം എന്തിന്റെ സൂചനയാണ് ? കുറ്റപ്പെടുത്തലിന്റെ ഒരു വിരല്‍ എതിരാളിക്ക് നേരെ ചൂണ്ടുമ്പോള്‍ മൂന്ന് വിരലുകള്‍ തന്റെ നെഞ്ചിലേക്ക് ചൂണ്ടപ്പെടുന്ന വിവരം എന്തുകൊണ്ടാണ് ആരോപണം ഉന്നയിക്കുന്ന മത നേതൃത്വങ്ങള്‍ മറന്നുപോകുന്നത്? ബോധപൂര്‍വ്വം ഭോഷ്ക് പ്രചരിപ്പിച്ച് അരാജകത്വം സൃഷ്ടിക്കാനുള്ള ഗൂഢപദ്ധതിയാണ് സിഡിഎസിന്റേതെന്ന് പറഞ്ഞേ തീരു.
സര്‍ക്കാര്‍ അടക്കമുള്ള സംവിധാനങ്ങളും ഭരണ യന്ത്രങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും എണ്ണത്തില്‍ കൂടുതലുള്ള സമുദായത്തെയാണ് പ്രീണിപ്പിക്കുന്നതെന്ന സ്ഫോടനാത്മകമായ നിരീക്ഷണവും , ആതിരേ, സിഡിയു നടത്തിയിട്ടുണ്ട്. ഇവിടെ ഇവര്‍ ഉദ്ദേശിക്കുന്നത് മുസ്ലീം സമുദായത്തെയാണ്. ജനസംഖ്യയില്‍ മറ്റു സമുദായങ്ങള്‍ കുറഞ്ഞുവരുമ്പോള്‍ മുസ്ലീങ്ങളുടെ എണ്ണം കൂടുന്നു എന്ന കണക്കിലെ കേവലമായ അക്ക സാന്നിധ്യം വെച്ചുകൊണ്ടുള്ള ഈ വിലയിരുത്തല്‍ വന്‍ വിപത്തിനെയായിരിക്കും വിളിച്ചുവരുത്തുക. ശാന്തിയുടെയും സമാധാനത്തിന്റെയും സഹകരണത്തിന്റെയും ക്ഷമയുടെയും പര്യായങ്ങളാകേണ്ട ശുഭ്രവസ്ത്രം ഇത്തരത്തിലുള്ള തീവ്രവാദ ചിന്തകളുടെ നികൃഷ്ടമായ നഗ്നത മറയ്ക്കാനുള്ളതല്ല എന്ന് സിഡിയുവിന് രൂപം കൊടുത്തവര്‍ ഓര്‍ത്തിരിക്കുന്നത് നന്ന്. കേരളത്തിലെ ജനസംഖ്യയില്‍ 1950-ല്‍ 30 ശതമാനമുണ്ടായിരുന്ന ക്രൈസ്തവര്‍ 2010 ആയപ്പോള്‍ 20 ശതമാനമായി കുറഞ്ഞു എന്നാണ് സിഡിയുവിന്റെ വിലയിരുത്തല്‍. ജനസംഖ്യയിലെ ഈ കുറവിന് വിദ്യാഭ്യാസം , സാമൂഹിക ബോധം, സാമ്പത്തിക ലക്ഷ്യം തുടങ്ങിയവയൊക്കെയാണ് കാരണങ്ങള്‍. ജനസംഖ്യയില്‍ കുറവു വന്നെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കമുള്ള നിര്‍ണായക മേഖലകളില്‍ ക്രൈസ്തവ മതങ്ങള്‍ നേടിയിട്ടുള്ള നേതൃത്വപരമായ സ്ഥാനവും മേല്‍കൈയും എന്തുകൊണ്ടാണ്, ആര്‍ക്കുവേണ്ടിയാണ് സിഡിയു തമസ്കരിക്കുന്നത് ? പ്രഫ. ജോസഫിന്റെ പീഡാനുഭവത്തിന്റെ പശ്ചാത്തലത്തില്‍ രൂപം കൊടുത്ത സിഡിയുവിന്റെ വക്താക്കളും നിയന്താക്കുളം കാണാതെ പോയ വാസ്തവമാണ്, യൂണിവേഴ്സിറ്റി നിയമവും ചട്ടവും ലംഘിച്ചുകൊണ്ട് ന്യൂമാന്‍സ് കോളജ് മാനേജ്മെന്റ് പ്രഫ. ജോസഫിനെതിരെ സ്വീകരിച്ച നടപടി. ആതിരേ, ശ്രദ്ധിക്കുക മറ്റ് സമുദായക്കാരല്ല മറിച്ച് ക്രൈസ്തവ സഭയിലെ നിക്ഷപ്തി താല്‍പ്പര്യങ്ങളാണ് സഭാംഗങ്ങള്‍ക്കെതിരെ ഉന്മൂലനത്തിന്റെ തന്ത്രങ്ങള്‍ പയറ്റുന്നത്. ഈ വാസ്തവമെല്ലാം വായിച്ചറിയാന്‍ കഴിയുന്ന പൊതുസമൂഹത്തിന്റെ മുന്നില്‍ നിന്നുകൊണ്ടാണ് സിഡിയു ഭീഷണമായ തീവ്രവാദത്തിന്റെ ജ്വാലകളെരിയുന്ന നിരീക്ഷണങ്ങള്‍ നടത്തുന്നത്. അതെ കേരളത്തിലും ക്രൈസ്തവ തീവ്രവാദത്തിന് വേരോട്ടം തേടുകയാണിവര്‍. ക്ഷമയുടെയും സഹനത്തിന്റെയും സമാധാനത്തിന്റെയും സുവിശേഷത്തില്‍ നിന്ന് ഉന്മൂലനത്തിന്റെയും സര്‍വ നാശത്തിന്റെയും വാളുകളാണ് സിഡിയു കണ്ടെടുക്കുന്നത്. ഈ സത്യം തിരിച്ചറിയാനും സമുദായത്തിലും സമൂഹത്തിലും അനഭലഷണീയമായ വിരുദ്ധ വികാരങ്ങള്‍ ഉദ്ദീപിപ്പിക്കുന്ന ളോഹ രൂപങ്ങളെ ചെറുക്കാനും ക്രൈസ്ത സമുദായംഗങ്ങള്‍ തയ്യാറാകണമെന്നാണ്, ആതിരേ, കാലം ആവശ്യപ്പെടുന്ന ധര്‍മ്മം.
Tuesday, September 21, 2010
ബെനഡിക്ട് പതിനാറാമാന്‍ മാര്‍പാപ്പയുടെ തീവ്രവാദം
ഒരു മതം അല്ലെങ്കില്‍ ഒരു ആശയം മാത്രം മതി എന്നുപറയുന്നതാണല്ലോ അസഹിഷ്ണുത നിറഞ്ഞ തീവ്രവാദ നിലപാട്. മാര്‍പാപ്പയെ പോലെയുള്ള ഒരാളില്‍ നിന്ന് ഇത്തരം ആഹ്വാനം ഉണ്ടാകാന്‍ പാടില്ലായിരുന്നു . ഇത് സമാധാനത്തിനും സൗഹൃദത്തിനും സഹകരണത്തിനും സൗഭ്രാത്രത്തിനും എതിരായുള്ള സങ്കുചിത നിലപാടിന്റെ വെല്ലുവിളികൂടിയാണ്; സംശമയില്ല.
വിശാലമായ ജനാധിപത്യ ബോധങ്ങള്‍ക്കും മതേതര മൂല്യങ്ങള്‍ക്കുമെതിരായി സങ്കുചിതവും ഏകപക്ഷീയവുമായ നിലപാടുകള്‍ പ്രതിഷ്ഠിക്കുമ്പോഴാണല്ലോ, ആതിരേ, അത്തരം ചിന്തകള്‍ തീവ്രവാദങ്ങളായി പരിണമിക്കുന്നത്. തീവ്രവാദത്തിന്റെ മുഖമുദ്ര അസഹിഷ്ണുതയാണ്. മറ്റൊരാളുടെ ചിന്താഗതികളും നിലപാടുകളും അംഗീകരിക്കുകയില്ല എന്നുമാത്രമല്ല, തന്റെ വിശ്വാസങ്ങള്‍ക്കും പ്രമാണങ്ങള്‍ക്കുമെതിരെ നില്‍ക്കുന്നവരെ ഉന്മൂലനം ചെയ്യും എന്നതുമാണ് തീവ്രവാദത്തിന്റെ ഭീഷണമായ ഭൂമിക.
ഈ ഭൂമികയിലാണ് ബനഡിക്ട് 16-മന്‍ മാര്‍പാപ്പ നില്‍ക്കുന്നത് . ലണ്ടനില്‍ നടത്തിയ സന്ദര്‍ശനത്തിനിടയില്‍ അദ്ദേഹത്തില്‍ നിന്ന് വന്ന ഒരു അഭിപ്രായ പ്രകടനം അത്തരത്തിലുള്ളതായിരുന്നു. മതേതരത്വം കൂടിയാല്‍ അത് നിരീശ്വരവാദമായി തീരുമെന്നാണ് പോപ്പ് പറഞ്ഞത്. പെട്ടെന്നുണ്ടായ ഒരു ഉള്‍വിളിയോടെ അല്ല, ആതിരേ, പോപ്പ് ഈ അഭിപ്രായപ്രകടനം നടത്തിയത്. വത്തിക്കാനിലെ ഉപദേശക വൃന്ദത്തിന്റെ കൂടിയാലോചനക്ക് ശേഷം തയ്യാറാക്കിയ പ്രസംഗങ്ങളാണ് ഓരോ നാട്ടിലെയും സന്ദര്‍ശന വേളയില്‍ മാര്‍പാപ്പമാര്‍ വായിക്കുന്നത്. അപ്പോള്‍ നേരത്തെ തന്നെ ആലോചിച്ച് ഉറപ്പിച്ച ഒരു തീരുമാനമാണ് പോപ്പ് പ്രഖ്യാപിച്ചത്.
ആതിരേ, മതത്തിന്റെ പേരിലുള്ള ഹിംസ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. എല്ലാ മതവിശ്വാസികള്‍ക്കും അവരുടേതായ നിലപാടുകളും പ്രമാണങ്ങളും മുന്‍വിധികളും ശാഠ്യങ്ങളുമുണ്ട്. അതുകൊണ്ടാണ് അന്യോന്യം സ്നേഹിക്കേണ്ടിടത്ത് കലഹത്തിന്റെയും ആക്രമണത്തിന്റെയും ഉന്മൂലനത്തിന്റെയും ശക്തികളായി മതവിശ്വാസികള്‍ പരിണമിക്കുന്നത്. നൂറ്റാണ്ടുകളായുള്ള ഈ അനാശാസ്യതയില്‍ നിന്ന് മാനവ വര്‍ഗത്തിനുള്ള മോചനമാണ് മതേതരത്വം.
സാധാരണഗതിയില്‍ മതേതരത്വം എന്നുപറയുമ്പോള്‍ എല്ലാ മതങ്ങള്‍ക്കും തുല്യപ്രധാന്യം എന്നാണര്‍ത്ഥം. ഈ അര്‍ത്ഥ കല്‍പ്പനയാണ്, ആതിരേ, പ്രശ്നങ്ങള്‍ക്ക് കാരണം. ഒരു മതത്തിന്റെ വിശ്വാസവും പ്രമാണങ്ങളും മറ്റൊരു മതത്തിന് പൂര്‍ണമായോ ഭാഗികമായോ സ്വീകാര്യമാവുകയില്ല. ഈ സന്ധിയില്‍ തീര്‍ച്ചയായും രണ്ടുമതങ്ങളെ ബാധിക്കുന്ന ഒരു പ്രശ്നം വരുമ്പോള്‍ സമവായമല്ല, സംഘട്ടനമാണ് ഉണ്ടാവുക. അതുകൊണ്ട് എല്ലാ മതങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന അവസ്ഥയില്‍ നിന്ന് ഒരു മതത്തിനും പ്രാധാന്യം നല്‍കാത്ത മതനിരപേക്ഷതയിലേക്ക് വിശ്വമാനവ ചിന്ത ഉണരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമായിരിക്കുമ്പോഴാണ് വീണ്ടും മതചിന്തയുടെ അഗ്നികുണ്ഡം ആളിക്കത്തിക്കാന്‍ ബനഡിക്ട് 16-ാമന്‍ പോപ്പ് ശ്രമിച്ചിരിക്കുന്നത്.
ഈശ്വരവിശ്വാസികളെ സംബന്ധിച്ചിടത്തോളം നിരീശ്വരവാദികളെന്ന് വിശേഷിപ്പിക്കപ്പെടുന്ന ആസ്തികര്‍ നരകത്തിന് യോഗ്യരായവരാണ്. ഈശ്വരവിശ്വാസികള്‍ക്കാണ് മരണാനന്തരം സ്വര്‍ഗമുള്ളത്. എന്നാല്‍,ആതിരേ, ഭൂമിയിലെ ജീവിത കാലത്ത് യുദ്ധം മുതല്‍ ലൈംഗീക മുതലെടുപ്പ് വരെയുള്ള എല്ലാ സമൂഹവിരുദ്ധവും അനാശാസ്യവുമായ അധോലോക ക്രിയകള്‍ നടത്തുന്നവരില്‍ 99.99 ശതമാനവും ഈശ്വരവിശ്വാസികളാണ്. അവരുടെ മതവിശ്വാസങ്ങള്‍ വ്യത്യസ്ഥമാണെങ്കില്‍ പോലും ഈശ്വരന്റെ അസ്തിത്വത്തില്‍ വിശ്വസിച്ചുകൊണ്ടാണ് മനുഷ്യകുലത്തിന്‍് വിരുദ്ധമായ, മനുഷ്യകുലത്തിന്റെ നിലനില്‍പ്പിന് ഹാനികരമായ ഇത്തരം സമൂഹവിരുദ്ധ രാഷ്ട്രവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഇവര്‍ ഏര്‍പ്പെടുന്നത്. കുരിശുയുദ്ധങ്ങള്‍ മാനവജാതിക്ക് ഏകിയ പരിക്കും വേദനയും മറക്കാറായിട്ടില്ല. ക്രിസ്ത്യാനികളും മുസ്ലീമുകളും രണ്ടുഭാഗത്ത് നിന്നു നടത്തിയ ഈ സ്വാര്‍ത്ഥതയുടെ, യുദ്ധത്തിന്റെ ഒരു ലക്ഷത്തില്‍ ഒരംശം നാശം ലോകത്ത് നിരീശ്വരവാദികള്‍ സൃഷ്ടിച്ചിട്ടുണ്ടാവില്ല, ആതിരേ...
എല്ലാ രാഷ്ട്രങ്ങളിലും സന്ദര്‍ശനം നടത്തുമ്പോള്‍ അതീവ ദുഃഖത്തോടെ ബെനഡിക്ട് 16-ാമന്‍ മാര്‍പാപ്പക്ക് ലോകത്തോട് ക്ഷമ ചോദിക്കേണ്ടിവരുന്നുണ്ട്. മതവിശ്വാസികളും ദൈവവിശ്വാസികളുമായ കത്തോലിക പുരോഹിതന്മാരും കന്യാസ്ത്രീമാരും നൂറ്റാണ്ടുകളായി നടത്തിയ, ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്ന ലൈംഗീക ചൂഷണത്തിന്റെ പേരിലാണ് മാര്‍പാപ്പക്ക് ലോകത്തിന്റെ മുമ്പില്‍ തലകുനിച്ച് നില്‍ക്കേണ്ടിവരുന്നത്. എത്ര നിരീശ്വരവാദികള്‍ ഇതേ കുറ്റം ചെയ്ത് മാനവ സമൂഹത്തെ അധിക്ഷേപിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാന്‍ പോപ്പിന് ധാര്‍മികമായ ഉത്തരവാദിത്തമുണ്ട്. യഥാര്‍ത്ഥത്തില്‍, ആതിരേ, വിശ്വാസത്തിന്റെ പേരില്‍ നടത്തുന്ന മുതലെടുപ്പുകളെയും സ്ഥാപനവത്കൃതമായിട്ടുള്ള കൊള്ളകളെയും നാസ്തികര്‍ എതിര്‍ക്കുന്നതാണ് മതവിശ്വാസികളെ ചൊടിപ്പിക്കുന്നത്.
ശാസ്ത്ര സത്യങ്ങളുടെ പിന്‍ബലത്തോടെ അന്ധവിശ്വാസങ്ങളെയും അബദ്ധജഡിലമായ പ്രമാണങ്ങളെയും അവയുടെ അടിസ്ഥാനത്തിലുള്ള അധിനിവേശ താല്‍പ്പര്യങ്ങളെയും നാസ്തികര്‍ എതിര്‍ക്കുന്നതാണ് മതവിശ്വാസികള്‍ക്കും മതനേതാക്കന്മാര്‍ക്കും സഹിക്കാനാവാത്തത്. എന്നാല്‍, ഇവര്‍ മതത്തിന്റെയും വിശ്വാസത്തിന്റെയും ഈശ്വരന്റെയും മറവില്‍ കാട്ടികൂട്ടുന്ന കൊള്ളരുതായ്മകള്‍ എത്ര ഭീകരങ്ങളാണെന്ന് ലോകം കാണുന്നുണ്ട്, അനുഭവിക്കുന്നുണ്ട്. അവയെ ചോദ്യം ചെയ്യുന്നതാണോ, ആതിരേ, തെറ്റ്? പ്രാകൃതമായ വിശ്വാസങ്ങളും ശുഷ്കമായ കാഴ്ചപ്പാടുകളും സങ്കുചിതമായ നിലപാടുകളും മതത്തിന്റെ പേരിലും വിശ്വാസങ്ങളുടെ പേരിലും അടിച്ചേല്‍പ്പിക്കുമ്പോള്‍ അതിനെ ചെറുത്ത് നില്‍ക്കുന്നതാണോ നാസ്തിക പാപം..? ഓര്‍ക്കണം ഭൂമി സൂര്യന് ചുറ്റും പ്രദക്ഷിണം ചെയ്യുന്ന ഗ്രഹമാണെന്ന ശാസ്ത്ര സത്യം വെളിപ്പെടുത്തിയതിന്റെ പേരില്‍ ഗലീലിയോക്ക് വിഷം കൊടുത്ത വിശ്വാസ സംഹിതയുടെ ലോകനേതാവാണ് ബെനഡിക്ട് 16-ാമന്‍ . ഈ വിശ്വാസത്തിന്റെ മറവില്‍ ലോകമെമ്പാടും നടക്കുന്ന അരാജകത്വങ്ങളും അശ്ലീലതകളും തമസ്കരിച്ചുകൊണ്ടാണ് മതേതരത്തിനെതിരെ ബെനഡിക്ട് 16-ാമന്‍ മാര്‍പാപ്പ ആഹ്വാനം ചെയ്തതെന്നോര്‍ക്കണം.
വര്‍ത്തമാനകാലത്തില്‍ അമേരിക്കയും ഇസ്രയേലും നടത്തുന്ന അത്രയും നരഹത്യ മറ്റേത് രാഷ്ട്രമാണ് നടത്തുന്നത് ? ദൈവവിശ്വാസികളായ ഈ രാഷ്ട്രത്തലവന്മാരെ ന്യായീകരിക്കാനാണ് , ആതിരേ, മതേതരത്തിനെതിരായ നിലപാടിലൂടെ ബെനഡിക്ട് 16-ാമന്‍ മാര്‍പാപ്പ ശ്രമിച്ചിരിക്കുന്നത്. വൈദീകവൃത്തി പോലും അധോലോക പ്രവര്‍ത്തനത്തിനുള്ള ലൈസന്‍സായി എടുത്തിട്ടുള്ളവരെയും പരോക്ഷമായി ന്യായീകരിക്കുകയായിരുന്നു മാര്‍പാപ്പ. ജോണ്‍പോള്‍ ഒന്നാമന്‍ മാര്‍പാപ്പയുടെ ദുരൂഹമരണത്തിന് പിന്നില്‍ വത്തിക്കാനിലെ തന്നെ കര്‍ദിനാള്‍മാരായിരുന്നു എന്ന് ഇന്ന് ലോകം തിരിച്ചറിയുന്നുണ്ട്. ഡേവിഡ് യാലപ് എന്ന ബ്രിട്ടീഷ് പ്രവര്‍ത്തകന്‍ എഴുതിയ 'ഇന്‍ ദ നെയിം ഓഫ് ഗോഡ്' എന്ന പുസ്തകത്തില്‍, ആതിരേ, ഈ കിരാതത്വത്തിന്റെ വിശദാംശങ്ങളുണ്ട്. വസ്തുതകള്‍ ഇതായിരിക്കേ മതത്തിന്റെയും ജാതിയുടെയും കൂച്ചുവിലങ്ങില്‍ നിന്നും മുതലെടുപ്പില്‍ നിന്നും മാനവരാശിയെ മോചിപ്പിക്കേണ്ട ദൗത്യമുള്ള മാര്‍പാപ്പയെ പോലുള്ളവര്‍ മതേതരത്തിനെതിരായി നടത്തുന്ന ആഹ്വാനങ്ങള്‍ സങ്കുചിത മത ബോധത്തിന്റെ മൂശയില്‍ ഉരുത്തിരിയുന്ന തീവ്രവാദം തന്നെയാണ്.
ക്രൈസ്തവ ദര്‍ശനമനുസരിച്ച് യേശുക്രിസ്തുവില്‍ വിശ്വസിക്കാത്ത ഒരാളും രക്ഷപ്പെടുകയില്ല. അത്തരക്കാരല്ലാത്തവരെല്ലാം പാപികളാണ്. മതേതരത്തിന് എതിരായുള്ള മാര്‍പാപ്പയുടെ ആഹ്വാനത്തില്‍ ഒളഞ്ഞിരിക്കുന്നത് ക്രിസ്തുമതത്തെ മാത്രം ഉയര്‍ത്തിക്കാട്ടാനുള്ള ഏകപക്ഷീയമായ വ്യഗ്രതയാണ്. ഒരു മതം അല്ലെങ്കില്‍ ഒരു ആശയം മാത്രം മതി എന്നുപറയുന്നതാണല്ലോ അസഹിഷ്ണുത നിറഞ്ഞ തീവ്രവാദ നിലപാട്. മാര്‍പാപ്പയെ പോലെയുള്ള ഒരാളില്‍ നിന്ന് ഇത്തരം ആഹ്വാനം ഉണ്ടാകാന്‍ പാടില്ലായിരുന്നു . ഇത് സമാധാനത്തിനും സൗഹൃദത്തിനും സഹകരണത്തിനും സൗഭ്രാത്രത്തിനും എതിരായുള്ള സങ്കുചിത നിലപാടിന്റെ വെല്ലുവിളികൂടിയാണ്;ആതിരേ, സംശമയില്ല.
Sunday, September 5, 2010
മോണ്‍സിഞ്ഞോര്‍ തോമസ് മലേക്കുടി, കൈവെട്ടിയവരേക്കാള്‍ നിങ്ങളെത്ര ക്രൂരന്‍
പ്രഫ. ജോസഫിന്റെ കൈവെട്ടിയ സംഭവത്തില്‍ പ്രതികളായി കേരളാപോലീസ് കണ്ടെത്തിയത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെയാണ്. പ്രഫ. ജോസഫിനെ ജോലിയില്‍ നിന്ന് പിരിച്ചുവിടാന്‍ നോട്ടീസ് നല്‍കിയിട്ടും അദ്ദേഹത്തിന്റെ കൈവെട്ടിയ പ്രതികളെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ബീഭത്സമായ ഈ നടപടിയെ വിവിധ മുസ്ലീം സംഘടനകള്‍ അപലപിച്ചപ്പോഴും മോണ്‍സിഞ്ഞോര്‍ തോമസ് മലേക്കുടി അടങ്ങുന്ന ളോഹധാരികള്‍ മൗനം ഭജിക്കുകയായിരുന്നു എന്ന് കേരളത്തിലെ പൊതുസമൂഹത്തിനറിയാം. സാഹചര്യങ്ങളെല്ലാം അനുകൂലമാണെന്ന് ബോധ്യമായപ്പോഴാണ് സഭ പ്രതിഷേധിക്കാന്‍ തയ്യാറായതെന്ന് ക്രൈസ്തവര്‍ക്കുമറിയാം. ക്രിസ്തുവിന്റെ പേരില്‍, ബൈബിളിന്റെ പേരില്‍ നേരത്തെയും സഭ തുടര്‍ന്നുപോന്ന സാമൂഹിക വഞ്ചന ഊനം കൂടാതെ നടപ്പിലാക്കുകയായിരുന്നു, അതിരേ, മോണ്‍സിഞ്ഞോര്‍ തോമസ് മലേക്കുടി.( ഭൂമി സൂര്യന് ചുറ്റുമാണ് പ്രദക്ഷിണം ചെയ്യുന്നതെന്ന് പറഞ്ഞ ഗലീലിയോക്ക് വിഷം കൊടുത്ത നികൃഷ്ടതയെ തോല്‍പ്പിക്കുന്നതായിപ്പോയി മോണ്‍സിഞ്ഞോര്‍ തോമസ് മലേക്കുടി, താങ്കളുടെ എട്ടുപേജുള്ള നോട്ടീസ്.)
വിവാദ ചോദ്യക്കടലാസ് തയ്യാറാക്കിയതിന്റെ പേരില്‍ മതാന്ധര്‍ കൈപ്പത്തി വെട്ടിനുറുക്കിയ പ്രഫ. ടി.ജെ ജോസഫിനെ, മഹത്മാഗാന്ധി സര്‍വകലാശാലാക്ക് കീഴില്‍ ഇനി ജോലി കിട്ടാതിരിക്കത്തക്ക വിധത്തിലുള്ള വകുപ്പുകള്‍ ചുമത്തി പെന്‍ഷനും ആനുകൂല്യങ്ങളും നിഷേധിച്ച് പുറത്താക്കുക വഴി മോണ്‍സിഞ്ഞോര്‍ തോമസ് മലേക്കുടി മാനേജരായിരിക്കുന്ന ന്യൂമാന്‍സ് കോളേജും ആ കോളേജിന്റെ ഉടമസ്ഥാവകാശം ഉള്ള സഭയും, കൈവെട്ടിയവരേക്കാള്‍ ക്രൂരമായ നിലപാടാണെടുത്തതെന്ന് ഞാന്‍ പറയും, ആതിരേ....
25 വര്‍ഷം സര്‍വീസുള്ള പ്രഫ. ജോസഫിന് വിരമിക്കാന്‍ മൂന്ന് വര്‍ഷം മാത്രം ബാക്കിയുള്ളപ്പോഴാണ് വെറുംകൈയോടെ പുറത്താക്കുന്ന നോട്ടീസ് കോളേജ് മാനേജര്‍ മോണ്‍. തോമസ് മലേക്കുടി നല്‍കിയത്. സര്‍വ്വകലാശാലാ നിയമപ്രകാരം ശിക്ഷാനടപടികളിലെ സ്റ്റാറ്റ്യൂട്ട് 73(7)ചാപറ്റര്‍ 45 വകുപ്പില്‍ ഉള്‍പ്പെടുത്തിയാണ് നടപടിയെടുത്തത്.
കോളേജ് മാനേജ്മെന്റിനും ക്രൈസ്തവ വിദ്യാഭ്യാസ മേഖലയ്ക്കും അപരിഹാര്യമായ മാനഹാനി പ്രഫ. ടി.ജെ ജോസഫ് ഉണ്ടാക്കിയെന്നും സമൂഹത്തില്‍ സാമുദായിക സ്പര്‍ധയും ഗുരുതരമായ ക്രമസമാധാന പ്രശ്നങ്ങളും ഉടലെടുത്തു എന്നൊക്കെയുമുള്ള 'ഞായം' നിരത്തിയാണ് പ്രഫ. ടി.ജെ ജോസഫിന് ഇനിയൊരു കോളജിലും ജോലി ചെയ്യാന്‍ അവസരമൊരുക്കാത്ത വിധത്തിലുള്ള പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇപ്പോഴത്തെ അവസ്ഥയില്‍ പ്രഫ. ജോസഫിന് പെന്‍ഷനോ പിരിഞ്ഞു പോകുമ്പോള്‍ ലഭിക്കേണ്ട മറ്റ് ആനുകൂല്യങ്ങളോ ലഭിക്കുകയില്ല. എംജി സര്‍വകലാശാലയുടെ കീഴില്‍ ഒരു കോളജിലും ജോലി ചെയ്യാന്‍ ഇനി സാധിക്കുകയുമില്ല. ഇത്തരത്തില്‍ ക്രൂരമായ നിലപാടെടുക്കാന്‍ മോണ്‍സിഞ്ഞോര്‍ തോമസ് മലേക്കുടി അടങ്ങുന്ന വൈദികര്‍ തയ്യാറായത് യാദൃഛികമല്ല. ക്രിസ്തുവിനെ കുരിശിലേറ്റിയ പുരോഹിത തെമ്മാടിത്തത്തിന്റെ തുടര്‍ച്ചയായിട്ടുവേണം ഇത്തരം നിലപാടുകളെ വിലയിരുത്തേണ്ടത്.ആതിരേ, വെള്ളപൂശിയ ശവക്കല്ലറകളെന്ന് ക്രിസ്തു വിളിച്ചത് ഇത്തരം നിലപാടുകാരെയുമാണ്.
ന്യൂമാന്‍സ് കോളജിലെ ബികോം-വിദ്യാര്‍ത്ഥികളുടെ ഇന്റേണല്‍ പരീക്ഷയ്ക്ക് പ്രഫ. ടി.ജെ ജോസഫ് തയ്യാറാക്കിയ ഒരു ചോദ്യമാണ് ഇപ്പോള്‍ മോണ്‍സിഞ്ഞോര്‍ തോമസ് മലേക്കുടി പ്രതിനിധാനം ചെയ്യുന്ന ന്യൂനപക്ഷ അഹങ്കാരത്തിന് സാമുദായിക സ്പര്‍ധയെന്ന് വ്യാഖ്യാനിക്കാവുന്ന അവസ്ഥയിലെത്തി നില്‍ക്കുന്നത്. ആ ചോദ്യപേപ്പര്‍ അനുസരിച്ചുള്ള പരീക്ഷ നടന്ന് മൂന്നാം ദിവസമാണ് തൊടുപുഴയില്‍ എംഎസ്‌എഫും കെഎസ്‌യുവും പ്രക്ഷോഭം നടത്തിയതും അത് നാടിന്റെ ക്രമസമാധാന നില തകര്‍ക്കുന്ന അവസ്ഥയോളം പരിണമിച്ചതും. കഴിഞ്ഞ മാര്‍ച്ച് 23-ാം തീയതിയായിരുന്നു പരീക്ഷ. 26-ാം തീയതിയാണ് നേരത്തെ സൂചിപ്പിച്ച ക്രമസമാധാന തകര്‍ച്ച ഉണ്ടായത്. ഇപ്പോള്‍ മോണ്‍സിഞ്ഞോര്‍ തോമസ് മലേക്കുടി ഉള്‍പ്പെടുന്ന മാനേജ്മെന്റ്പറയുന്നത് ഇന്റേണല്‍ പരീക്ഷയില്‍ വിവാദ ചോദ്യം ഉള്‍പ്പെടുത്തിയതിന്റെ ഔചിത്യം ഡിടിപി ഓപ്പറേറ്റര്‍ പ്രഫ. ടി.ജെ ജോസഫിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടും അദ്ദേഹം ഗൗരവമായി എടുത്തില്ല എന്നാണ്. വിവാദ ചോദ്യത്തെ കുറിച്ച് ഒരു വിദ്യാര്‍ത്ഥി ഉത്തരക്കടലാസില്‍ തന്നെ ആക്ഷേപം ഉന്നയിച്ചിട്ടും മൂല്യനിര്‍ണയം നടത്തിയ പ്രഫ. ജോസഫ് ഇക്കാര്യം അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയില്ല എന്നൊക്കെയാണ്.
അപ്പോള്‍, ആതിരേ, ചില ചോദ്യങ്ങള്‍ ചോദിച്ചേ തീരു. തൊടുപുഴ ന്യൂമാന്‍സ് കോളേജില്‍ നടത്തുന്ന ഇന്റേണല്‍ എക്സാമിനേഷന്റെ ചോദ്യപേപ്പര്‍ മുതല്‍ മൂല്യനിര്‍ണയം വരെയുള്ള കാര്യത്തില്‍ മോണ്‍സിഞ്ഞോര്‍ തോമസ് മലേക്കുടി വരെയുള്ളവര്‍ക്ക് ഉത്തരവാദിത്തമൊന്നുമില്ലേ? ഏതെങ്കിലും ഒരു അധ്യാപകന് അദ്ദേഹത്തിന്റെ താന്തോന്നിത്തമനുസരിച്ച് ചോദ്യങ്ങള്‍ തയ്യാറാക്കി പരീക്ഷ നടത്താന്‍ തൊടുപുഴ ന്യൂമാന്‍സ് കോളേജില്‍ അവസരമുണ്ട് എന്നാണോ? മോണ്‍സിഞ്ഞോര്‍ തോമസ് മലേക്കുടി ഉള്‍പ്പെടെയുള്ളവര്‍ ഈ ബഹളങ്ങളുടെ മറവില്‍ തമസ്കരിക്കുന്ന ഒരു സത്യമില്ലേ? പ്രഫ. ടി.ജെ ജോസഫ് തയ്യാറാക്കിയ ചോദ്യം സാമുദായിക മൈത്രിക്ക് എതിരാണെന്ന് 'കണ്ടെത്തുകയും പ്രചരിപ്പിക്കുകയും ചെയ്തത് മറ്റൊരു അദ്ധ്യാപകനല്ലേ.? ആ വികൃത മനസ്സ് രണ്ടുനിമിഷം ശാന്തത പുലര്‍ത്തിയിരുന്നെങ്കില്‍ പ്രഫ. ടി.ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റുമായിരുന്നോ ? അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കേരളത്തില്‍ ഉടലെടുക്കുമായിരുന്നോ ? ളോഹ അണിയുന്നത് വെള്ളപൂശിയ ശവക്കല്ലറകള്‍ ആകാനല്ല എന്ന് ഇനിയെങ്കിലും മോണ്‍സിഞ്ഞോര്‍ തോമസ് മലേക്കുടിപോലെയുള്ളവരെങ്കിലും തിരിച്ചറിയേണ്ടതല്ലേ?
പ്രഫ. ജോസഫിന്റെ കൈവെട്ടിയ സംഭവത്തില്‍ പ്രതികളായി കേരളാപോലീസ് കണ്ടെത്തിയത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെയാണ്. പ്രഫ. ജോസഫിനെ ജോലിയില്‍ നിന്ന് പിരിച്ചുവിടാന്‍ നോട്ടീസ് നല്‍കിയിട്ടും അദ്ദേഹത്തിന്റെ കൈവെട്ടിയ പ്രതികളെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ബീഭത്സമായ ഈ നടപടിയെ വിവിധ മുസ്ലീം സംഘടനകള്‍ അപലപിച്ചപ്പോഴും മോണ്‍സിഞ്ഞോര്‍ തോമസ് മലേക്കുടി അടങ്ങുന്ന ളോഹധാരികള്‍ മൗനം ഭജിക്കുകയായിരുന്നു എന്ന് കേരളത്തിലെ പൊതുസമൂഹത്തിനറിയാം. സാഹചര്യങ്ങളെല്ലാം അനുകൂലമാണെന്ന് ബോധ്യമായപ്പോഴാണ് സഭ പ്രതിഷേധിക്കാന്‍ തയ്യാറായതെന്ന് ക്രൈസ്തവര്‍ക്കുമറിയാം. ക്രിസ്തുവിന്റെ പേരില്‍, ബൈബിളിന്റെ പേരില്‍ നേരത്തെയും സഭ തുടര്‍ന്നുപോന്ന സാമൂഹിക വഞ്ചന ഊനം കൂടാതെ നടപ്പിലാക്കുകയായിരുന്നു, അതിരേ, മോണ്‍സിഞ്ഞോര്‍ തോമസ് മലേക്കുടി.( ഭൂമി സൂര്യന് ചുറ്റുമാണ് പ്രദക്ഷിണം ചെയ്യുന്നതെന്ന് പറഞ്ഞ ഗലീലിയോക്ക് വിഷം കൊടുത്ത നികൃഷ്ടതയെ തോല്‍പ്പിക്കുന്നതായിപ്പോയി മോണ്‍സിഞ്ഞോര്‍ തോമസ് മലേക്കുടി, താങ്കളുടെ എട്ടുപേജുള്ള നോട്ടീസ്.)
ആതിരേ, പോപ്പുലര്‍ ഫ്രണ്ട് പ്രഫ. ജോസഫിനോട് കാണിച്ച ക്രൂരതയേക്കാള്‍ നരകസ്വഭാവമുള്ളതാണ് മോണ്‍സിഞ്ഞോര്‍ തോമസ് മലേക്കുടിയുടെ ഈ നിലപാട്. പോപ്പുലര്‍ ഫ്രണ്ട് വെട്ടിക്കളഞ്ഞ കൈപ്പത്തി തുന്നിച്ചേര്‍ക്കാനെങ്കിലും കഴിഞ്ഞു. മോണ്‍സിഞ്ഞോര്‍ തോമസ് മലേക്കുടിയുടെ തീരുമാനം മൂലമുണ്ടാകുന്ന ഛേദിക്കല്‍ എങ്ങനെ കൂട്ടിച്ചേര്‍ക്കുമെന്ന് പറയാന്‍ അദ്ദേഹത്തിന് ബാധ്യതയുണ്ട്. ഒരു കുടുംബം പുലര്‍ത്തുന്ന വ്യക്തിയോട് ദാമ്പത്യത്തെക്കുറിച്ച് , കുടുംബനഥന്റെ ഉത്തരവാദിത്തത്തെക്കുറിച്ച് എബിസിഡി അറിയാന്‍ കഴിയാത്ത വ്യക്തിക്ക് ഇങ്ങനെയൊക്കെ പെരുമാറാന്‍ കഴിയുന്നതാണോ ക്രൈസ്തവ ജീവിത ദര്‍ശനം എന്നും വ്യക്തമാക്കാന്‍ മോണ്‍സിഞ്ഞോര്‍ തോമസ് മലേക്കുടി ബാധ്യസ്ഥനാണ്.
മോണ്‍സിഞ്ഞോര്‍ തോമസ് മലേക്കുടിയുടെ ഈ നിലപാട് കൈവെട്ടിയ പോപ്പുലര്‍ ഫ്രണ്ട്കാരുടെ നിലപാടിനേക്കാള്‍ എത്രയോ ക്രൂരമാണ്,ആതിരേ.. . പ്രഫ. കെ.ജി. ശങ്കരപ്പിള്ള അഭിപ്രായപ്പെട്ടതുപോലെ വര്‍ഗീയ ശക്തികള്‍ കേരളത്തില്‍ റിമോട്ട് കണ്‍ട്രോള്‍ ഭരണം ആരംഭിച്ചതിന്റെ ഉദാഹരണമാണ് മോണ്‍സിഞ്ഞോര്‍ തോമസ് മലേക്കുടിയുടെ തീരുമാനം. ഇത് അനീതിയാണ്. അതിക്രമമാണ്. മുഹമ്മദ് എന്ന പേര് അധ്യാപകര്‍ക്കുണ്ടാവാം മീന്‍കച്ചവടക്കാര്‍ക്കുണ്ടാകാം ഭ്രാന്തന്മാര്‍ക്കുണ്ടാകാം. മുഹമ്മദ് എന്ന പേര് ഒരാള്‍ ഒരു പ്രത്യേക സാഹചര്യത്തില്‍ ഉപയോഗിച്ചാല്‍ അത് രക്ഷകനാണെന്ന് പറയുന്നത് രക്ഷകനെ തന്നെ വെട്ടിച്ചുരുക്കുന്നതിന് തുല്യമാണ്.ഒരു അപ്പോസ്തലന്റെ പേരല്ലേ ന്യൂമാന്‍സ് കോളേജ് മാനേജര്‍ മോണ്‍സിഞ്ഞോറിനുള്ളത്.ആ അപ്പോസ്തലനുമായി തട്ടിച്ചു നോക്കുമ്പോള്‍ അദ്ദേഹത്തിന്റെ പേരു പേറുന്ന മോണ്‍സിഞ്ഞോര്‍ കാട്ടിക്കൂട്ടിയത് അപ്പോസ്തലനെ അധിക്ഷേപിക്കുന്നതണെന്ന് മൊസാദ് പോലുള്ള രാഷ്ട്രാന്തര തീവ്രവാദികള്‍ വ്യഖ്യാനിക്കുകയും പോപ്പുലര്‍ ഫ്രണ്ട്കാരെപ്പോലെ ആയുധത്തിന്റെ ഭാഷയില്‍ സംസരിക്കുകയും ചെയ്താല്‍ മോണ്‍സിഞ്ഞോറിന്റെ കഴുത്തിനു മുകളില്‍ തലയുണ്ടാകുമോ., അതിരേ?മുഹമദ് എന്ന പേരിന്റെ പേരില്‍ മുസ്ലിം തീവ്രവാദ ചിന്ത തൊടുപുഴയില്‍ വര്‍ഗീയമായെങ്കില്‍ അതിന്റെ വെട്ടേറ്റ പ്രഫ. ടി.ജെ.ജോസഫിനെ ജോലിയില്‍ നിന്ന് പിരിച്ചുവിടുക വഴി ആ വര്‍ഗീയ വാദികളെയും ലജ്ജിപ്പിക്കുന്ന നിലപാടാല്ലേ മോണ്‍സിഞ്ഞോര്‍ തോമസ് മലേക്കുടി സ്വീകരിച്ചത്. ഒരു അധ്യാപകനാവാനുള്ള എല്ലാ യോഗ്യതയും പ്രഫ. ടി.ജെ ജോസഫിനുണ്ട്. മോണ്‍സിഞ്ഞോര്‍ തോമസ് മലേക്കുടിയുടെ പിരിച്ചുവിടല്‍ നോട്ടീസിനോടുള്ള പ്രതികരണത്തില്‍ വരെ ആ മാന്യതയും വിശുദ്ധിയുമുണ്ട്. അദ്ദേഹം നല്‍കിയ വിശദീകരണങ്ങളിലും ഈ ആര്‍ജ്ജവവും സത്യസന്ധതയുമുണ്ട്. എന്നിട്ടും അദ്ദേഹത്തെ പിരിച്ചുവിടുക വഴി കേരളത്തിലെ സാമൂഹിക ജീവിതത്തിന് ഭീഷണിയായി മാറിയ ഭീകരവാദത്തോട് അനുരഞ്ജനപ്പെടുകയായിരുന്നു സഭാ നേതൃത്വും മോണ്‍സിഞ്ഞോര്‍ തോമ്മസ് മലേക്കുടിയും.അതിരേ, ഇത് മോണ്‍സിഞ്ഞോര്‍ തോമസ് മലേക്കുടി നേതൃത്വം നല്‍കുന്ന മാനേജ്മെന്റിന്റെ ഭീരുത്വമാണ്, വര്‍ഗീയ പ്രീണനമാണ്..
കേസിന്റെ ആദ്യഘട്ടത്തില്‍ കേരള പോലീസും കേരളസര്‍ക്കാരും പ്രഫ. ടി.ജെ ജോസഫിനോട് നീതി പുലര്‍ത്തിയിരുന്നില്ല. അബ്ദുള്‍ നാസര്‍ മദനിക്കും ഭാര്യ സൂഫി മദനിക്കും ലഭിച്ച മാന്യത പോലും ഇക്കാര്യത്തില്‍ പ്രഫ. ടി.ജെ ജോസഫിന് ലഭിച്ചില്ല. അന്താരാഷ്ട്ര കുറ്റവാളിയെന്ന പോലെയാണ് അദ്ദേഹത്തെയും കുടുബത്തെയും പോലീസ് വേട്ടയാടിയത്. ഇവിടെ സഭയും മോണ്‍സിഞ്ഞോര്‍ തോമസ് മലേക്കുടിയും പാലിച്ച അശ്ലീല നിശബ്ദത കേരളത്തിലെ പൊതുസമൂഹം തിരിച്ചറിഞ്ഞിട്ടുണ്ട്.അതിന്റെ തിരിച്ചടി ഉണ്ടാകുകയും ചെയ്യും.
ഇവിടെ മറ്റൊരുകാര്യം കൂടി സൂചിപ്പിക്കേണ്ടതുണ്ട് ആതിരേ... അവകാശങ്ങള്‍ക്കും നേട്ടങ്ങള്‍ക്കും വേണ്ടി സമരസന്നിഭമായ മാനസീകാവസ്ഥയോടെ, സംഘടിത ശക്തിയോടെ വിലപേശല്‍ നടത്തുന്ന കോളേജ് അധ്യാപക സംഘടനയും മോണ്‍സിഞ്ഞോര്‍ തോമസ് മലേക്കുടിയുടെ വൃത്തികെട്ട നിലപാടുകളുമായി സമരസപ്പെടുകയായിരുന്നു ഇതെഴുതുന്നതുവരെ. അദ്ദേഹത്തിന്റെ ചികിത്സയ്ക്ക് കുറച്ച് പണം നല്‍കി തങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ഏതൊക്കെയോ ളോഹയുടെയും പച്ചതൊപ്പികളുടെയും സംരക്ഷണയിലേക്ക് ഒതുങ്ങുകയായിരുന്നു അവര്‍. ഇത്തരത്തില്‍ സഭയുടേയും അദ്ധ്യാപ സംഘടനകളുടേയും വര്‍ഗീയ പ്രീണനത്തിന്റേയും വഞ്ചനയുടേയും ഇരയാണ് പ്രഫ. ടി.ജെ ജോസഫ്. ക്രിസ്തുവിനെ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ക്രൂശിക്കുന്ന ക്രൈസ്തവ മത മേലധ്യക്ഷന്മാരുടെ പാപ പങ്കിലമായ നിലപാടുകള്‍ക്ക് മറ്റൊരു ഇരകൂടി.
ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവര്‍ അറിയുന്നതുകൊണ്ട് ഇവരോട് ക്ഷമിക്കരുതേ എന്നാണ് ആതിരേ എന്റേയും കേരളത്തിലെ പൊതുസമൂഹത്തിന്റെയും പ്രാര്‍ത്ഥന.
എപിഎല്‍ റേഷന്‍ : ദിവാകരന്‍ മന്ത്രിയുടെ കപട രോഷം
അതേസമയം ആദിവാസി മേഖലയിലും തീരദേശ മേഖലയിലുമുള്ള ബിപിഎല്‍ വിഭാഗത്തിന് അര്‍ഹമായ റേഷന്‍ വിഭവങ്ങള്‍ ഇപ്പോഴും ലഭിക്കുന്നില്ല. പൊതുവിതരണ സമ്പ്രദായത്തിന് ഇന്ത്യയ്ക്ക് മാതൃകയാണെന്ന് അവകാശപ്പെടുന്ന സംസ്ഥാനത്താണ് ഈ പാവങ്ങള്‍ക്ക് അനുവദിച്ച അരിയും ഗോതമ്പും പഞ്ചസാരയും മണ്ണെണ്ണയും റേഷന്‍ കട ഉടമകള്‍ ഉള്‍പ്പെടുന്ന ലോബി മറിച്ചുവിറ്റ് പോക്കറ്റ് വീര്‍പ്പിക്കുന്നത്. ഇക്കാര്യവും ദിവാകരന്‍ മന്ത്രിക്ക് മറ്റാരേക്കാളും നന്നായറിയാം. എന്നാല്‍, ഈ സാമദ്രോഹിക്കെതിരെ നടപടിയെടുക്കാനുള്ള നട്ടെല്ലുറപ്പ് ഇതുവരെ ദിവാകരന്‍ മന്ത്രിക്കുണ്ടായിട്ടില്ല. എന്നുമാത്രമല്ല. റേഷന്‍ ലഭിക്കാതെ ബുദ്ധിമുട്ടുന്ന ഈ ബിപിഎല്‍ വിഭാഗത്തെ കുറിച്ച് ഒരിക്കല്‍ പോലും ദിവാകരന്‍ മന്ത്രി സംസാരിച്ചിട്ടുമില്ല. ഇത്രയ്ക്കധികം കാപട്യം കാണിക്കുകയും റേഷന്‍ മറിച്ചുവിറ്റ് ലക്ഷങ്ങള്‍ സ്വന്തമാക്കുന്ന മാഫിയയുടെ കമ്മീഷന്‍ പറ്റി ഭരിക്കുകയും ചെയ്യുമ്പോള്‍ തീര്‍ച്ചയായും എപിഎല്‍ റേഷന്‍ വെട്ടിക്കുറക്കുമ്പോള്‍ മന്ത്രിയുടെയും പാര്‍ട്ടിയുടെയും കമ്മീഷനില്‍ കുറവു വരും. ഈ കുറവ് ഓര്‍ത്താണ് ദിവാകരന്‍ മന്ത്രി കേന്ദ്രത്തിനെതിരെ കുരച്ചത്.
പൊതുവിതരണ സമ്പ്രദായത്തില്‍ നിന്ന് എപിഎല്‍ വിഭാഗത്തെ ഒഴിവാക്കണമെന്നും സമ്പന്നര്‍ക്ക് സര്‍ക്കാര്‍ ഭക്ഷ്യസബ്സിഡി നല്‍കരുതെന്നും എപിഎല്‍ വിഭാഗത്തിന് റേഷന്‍ നിലനിര്‍ത്തുകയാണെങ്കില്‍ പൊതുവിതരണ സമ്പ്രദായം വഴിയുള്ള ഭക്ഷ്യധാന്യങ്ങള്‍ മൂന്ന് ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ളവര്‍ക്കായി പരിമിതപ്പെടുത്തണമെന്നുമുള്ള പരമോന്നത നീതിപീഠത്തിലെ ജസ്റ്റിസുമാരായ ദല്‍വീര്‍ ഭണ്ഡാരിയും ദീപക് വര്‍മ്മയുമടങ്ങുന്ന ഡിവിഷന്‍ ബഞ്ചിന്റെ വിധി , ആതിരേ, എന്തിനെതിര്‍ക്കണം ?.
വിധി വന്നയുടനെ സംസ്ഥാന സിവില്‍ സപ്ലൈസ് മന്ത്രി, കേരളത്തിലെ ജനങ്ങള്‍ക്കുവേണ്ടി ചാനല്‍ ക്യാമറകള്‍ക്കുമുമ്പില്‍ രോഷാകുലനാകുന്നത് കണ്ടില്ലേ?. കേരളത്തിലെ 70 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകളില്‍ 50 ലക്ഷം പേരും എപിഎല്‍ വിഭാഗത്തില്‍ പെടുന്നവരാണെന്നും സുപ്രീം കോടതിയുടെ ഈ വിധി അരക്കോടിയോളം വരുന്ന ഇവര്‍ക്ക് നീതി നിഷേധിക്കുന്നതാണെന്നും പൊതുവിതരണ സമ്പ്രദായം ഇന്ത്യയില്‍ ആദ്യമായി ആരംഭിച്ച കേരളത്തിലെ സമൂഹരക്ഷാപ്രവര്‍ത്തനത്തെ അട്ടിമറിക്കാനെ ഈ വിധി ഉതകുകയുള്ളു എന്നുമൊക്കെ മന്ത്രി പറയുന്നത് കേട്ടില്ലേ..?.
അരിയില്ലെങ്കില്‍ ഒരു ഗ്ലാസ് പാലും രണ്ടുമുട്ടയും കഴിച്ചാല്‍ പോരെ എന്ന് ചോദിച്ച് കേരളീയരെ അപമാനിച്ച കൊഞ്ഞാണനാണ് ഇപ്പോള്‍ അരക്കോടി റേഷന്‍ കാര്‍ഡ് ഉടമകളുടെ വിശപ്പ് മുഴുവനേറ്റെടുത്ത് നിസ്സഹായനായി നില്‍ക്കുന്നതും പതിവുപോലെ കേന്ദ്രസര്‍ക്കാരിന്റെ സംസ്ഥാന വിരുദ്ധ നിലപാടിനെതിരെ വിപ്ലവാവേശം കലര്‍ന്ന പ്രതിഷേധം പ്രകടിപ്പിക്കുന്നതും.
ഈ കപടവികാര പ്രകടനത്തിലെ കമ്പോള താല്‍പ്പര്യം കേരളത്തിലെ എപിഎല്‍ കാര്‍ഡ് ഉടമകള്‍ക്ക് തിരിച്ചറിയാന്‍ കഴിയുന്നുണ്ട് എന്ന് മനസ്സിലാക്കാന്‍ പോലും കെല്‍പ്പില്ലാത്ത ശുംഭനായി പോയല്ലോ ഈ മന്ത്രി എന്നോര്‍ത്ത് സഹതപിക്കുക
കേരളത്തിനായി കേന്ദ്രം അനുവദിച്ച റേഷന്‍ വിഹിതം മുഴുവനും ഏറ്റെടുക്കാതെ വിഹിതം വെട്ടിക്കുറപ്പിച്ച മാതൃകാ ഭരണകര്‍ത്താക്കളിലൊരാളാണ് ആതിരേ, ദിവാകരന്‍ മന്ത്രി. കേന്ദ്രം അനുവദിച്ച റേഷന്‍ കേരളത്തിലെ ബിപിഎല്‍ എപിഎല്‍ വിഭാഗം നിരാകരിച്ചതുകൊണ്ടാണ് പിന്നീട് വിഹിതം ഏറ്റെടുക്കാതിരുന്നതെന്ന് ന്യായം പറഞ്ഞ് നാണം കെട്ടത് ദിവാകരന്‍ മന്ത്രി മറന്നാലും കേരളത്തിലെ ജനങ്ങള്‍ മറക്കുകയില്ല. വെട്ടിക്കുറച്ച റേഷന്‍ വിഹിതത്തിന്റെ പേരില്‍ ദിവാകരന്‍ മന്ത്രിയടക്കമുള്ള ഇടതുമുന്നണിയിലെ നേതാക്കന്മാര്‍ നടത്തിയ വിടുവായിത്തവും കേരളം ബിപിഎല്‍ എപിഎല്‍ വ്യത്യാസമില്ലാതെ ഓര്‍ത്തിരിക്കുന്നുണ്ട്.
ആ ഓര്‍മ്മകളില്‍ നിന്നുകൊണ്ട് സുപ്രീം കോടതിയുടെ വിധിയിലെ പ്രസക്തഭാഗങ്ങള്‍, ആതിരേ, വിലയിരുത്താം. പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യാനുള്ളതാണ് റേഷന്‍ വിഭവങ്ങള്‍. എന്നാല്‍, എപിഎല്‍ വിഭാഗത്തില്‍ പെടുന്നവര്‍ ഭക്ഷ്യസബ്സിഡിക്ക് അര്‍ഹരല്ല എന്ന് സുപ്രീം കോടതി പറഞ്ഞാലെ ബോധ്യപ്പെടുകയുള്ളു എന്നുണ്ടോ? സുപ്രീം കോടതിയുടെ നിഗമനം വര്‍ത്തമാനകാല അവസ്ഥകള്‍ വിലയിരുത്തിക്കൊണ്ടായിരുന്നു. എപിഎല്‍ വിഭാഗത്തിന് റേഷന്‍ വിഭവങ്ങള്‍ അനുവദിക്കുന്നത് അഴിമതിക്ക് കാരണമാവുന്നുണ്ടെന്നും കോടതി കണ്ടെത്തിയിട്ടുണ്ട്. ഇതൊരു പുതിയ കണ്ടെത്തലൊന്നുമല്ല.
കേരളത്തില്‍ ബിപിഎല്‍ എപിഎല്‍ വിഭാഗത്തില്‍ പെടുന്ന ജനങ്ങളുണ്ടെങ്കിലും ഇവരില്‍ 90 ശതമാനം പേരും റേഷന്‍ വിഭവങ്ങള്‍ വാങ്ങുന്നില്ല. പൊതുവിപണിയില്‍ നിന്നാണ് അരിയും പഞ്ചസാരയും ഗോതമ്പുപൊടിയും അടക്കമുള്ളവ ഈ കൂട്ടര്‍ വാങ്ങുന്നത്.ആതിരേ, നിങ്ങളെ പോലെയുള്ളവര്‍ പ്രവാസികളായി അധ്വാനിച്ച് നാട്ടിലേയ്ക്കയക്കുന്ന പണത്തിന്റെ ഹുങ്കില്‍ സൃഷ്ടിക്കപ്പെട്ട അഹങ്കാരമാണ് റേഷന്‍ വിഭവങ്ങള്‍ ഒഴിവാക്കിക്കൊണ്ട് പൊതുവിപണിയില്‍ നിന്ന് സമാനസ്വഭാവത്തിലുള്ള ഭക്ഷ്യവസ്തുക്കള്‍ വാങ്ങാന്‍ പ്രേരകമാകുന്നത്. (ആതിരേ ഞാനും എന്റെ കുടുംബവും റേഷനരിയാണ് വാങ്ങുന്നത്.9 രൂപയ്ക്ക് നല്ല കുത്തരി കിട്ടും 45 മിനിറ്റു കൊണ്ടത് വെന്തും കിട്ടും. ചുറ്റുവട്ടത്തുള്ള മാന്യന്മാര്‍ റേഷനരി വാങ്ങാത്തതു കൊണ്ട് കൂടുതല്‍ അരിയും കിട്ടും.25 കിലോ അരി ഞങ്ങള്‍ക്ക് ഒരു മാസത്തിന് ധാരാളം.അതിലെ സാമ്പത്തീക ലാഭം കൂടി കേള്‍ക്കുക 326 രൂ )
കണ്‍സ്യൂമര്‍ സംസ്ഥാനമായ കേരളം കമ്പോളത്തിന്റെ താല്‍പ്പര്യസംരക്ഷകരുടെ പരസ്യങ്ങളില്‍ മനസ്സിടറി, അവരുടെ വില്‍പ്പനശാലകളില്‍ നിന്നുലഭിക്കുന്ന വസ്തുക്കളാണ് മികച്ചതെന്ന ധാരണയിലാണ് റേഷന്‍ വിഭവങ്ങള്‍ ഒഴിവാക്കി പൊതുവിപണയില്‍ നിന്ന് ഭക്ഷ്യവസ്തുക്കള്‍ വാങ്ങുന്നത്. അതുകൊണ്ട് ബിപിഎല്‍ എപിഎല്‍ വിഭാഗത്തിന് അനുവദിക്കുന്ന അരിയും ഗോതമ്പും പഞ്ചസാരയും മണ്ണെണ്ണയും അടക്കമുള്ളവ കരിഞ്ചന്തയില്‍ വിറ്റ് കൊള്ളലാഭം എടുക്കുന്ന ഒരു മാഫിയ തന്നെ കേരളത്തിലും തമിഴ്‌നാട്ടിലുമായി തഴച്ചുവളര്‍ന്നിട്ടുണ്ട്.
ആതിരേ, റേഷനരി മൊത്തമായി വാങ്ങി ഗോഡൗണുകളില്‍ കൊണ്ടുപോയി ചില കോസ്മറ്റിക് ചികിത്സയ്ക്ക് വിധേയമാക്കി ബ്രാന്‍ഡഡ് അരിയായി വില്‍ക്കുന്ന അധോലോക പ്രവര്‍ത്തനം ദിവാകരന്‍ മന്ത്രിയുടെ അറിവോടും ആശിര്‍വാദത്തോടുമാണ് നടക്കുന്നതെന്ന് കേരളത്തിലെ പൊതു സമൂഹത്തിന് നന്നായിട്ടറിയാം. റെഡ് ഓക്സൈഡും പാമോയിലും ചേര്‍ത്ത മിശ്രിതത്തില്‍ റേഷനരി തിരുമ്മി ബ്രാന്‍ഡഡ് അരിയാക്കിയാണ് പാക്ക് ചെയ്ത് സൂപ്പര്‍മാര്‍ക്കറ്റുകളിലും മറ്റു വിപണന കേന്ദ്രങ്ങളിലും എത്തിക്കുന്നത്. വലിയൊരു മാഫിയയാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നത്. രണ്ടുരൂപയ്ക്ക് തമിഴ്‌നാട്ടില്‍ ലഭിക്കുന്ന റേഷനരിയും ഇത്തരത്തില്‍ കേരളത്തില്‍ ബ്രാന്‍ഡഡ് അരിയായി വില്‍ക്കുന്ന കാര്യം മറ്റാരേക്കാളും നന്നായി ദിവാകരന്‍ മന്ത്രിക്കറിയാം. ഈ അധോലോകം നല്‍കുന്ന കമ്മീഷന്‍ മന്ത്രിയുടെ പാര്‍ട്ടി അടക്കം ഇടതുമുന്നണിയിലെ പാര്‍ട്ടികളെല്ലാം രണ്ടുകൈയ്യും നീട്ടിയാണ് വാങ്ങുന്നത്. അനുവദിക്കപ്പെട്ട റേഷന്‍ ഗോതമ്പ് മില്ലുടമകള്‍ക്ക് മൊത്തമായി മറിച്ചുനല്‍കി അത് പൊടിച്ച് മാര്‍ക്കറ്റിലെത്തിക്കുന്നതും മന്ത്രിക്കറിയാവുന്നതാണ്. എഫ്സിഐയുടെ ഗോഡൗണുകളില്‍ നിന്ന് മൊത്തമായി റേഷനരിയും ഗോതമ്പും മറ്റും കടത്തിക്കൊണ്ടുപോയത് പലവട്ടം പിടിക്കപ്പെട്ടിട്ടുള്ളതുമാണ്.
അതുകൊണ്ട് എപിഎല്‍ റേഷന്‍ നിര്‍ത്തലാക്കുമ്പോള്‍ ബുദ്ധിമുട്ടുന്നത് കേരളത്തിലെ അരക്കോടിയോളം വരുന്ന കാര്‍ഡുടമകളല്ല. മറിച്ച് അവരുടെ മറവില്‍ കള്ളക്കച്ചവടം നടത്തിയിരുന്ന ലോബിയാണ് ആതിരേ... ഈ ലോബിക്കുവേണ്ടിയാണ് യഥാര്‍ത്ഥത്തില്‍ ദിവാകരന്‍ മന്ത്രി ചാനലുകളുടെ മുമ്പില്‍ രോഷാകുലനായതും. സബ്സിഡിനിരക്കില്‍ കേരളത്തിലെ സ്കൂള്‍ കുട്ടികള്‍ക്ക് ഉച്ചക്കഞ്ഞിക്കനുവദിച്ച വിഭവങ്ങളടക്കമുള്ളവ വിലകൂട്ടി പൊതുവിപണിയില്‍ വിറ്റ് കൊള്ളലാഭമെടുത്ത കോര്‍പ്പറേഷന്റെ തലവന്‍ കൂടിയാണ് ദിവാകരന്‍ മന്ത്രി എന്നോര്‍ക്കണം.. ഇങ്ങനെ കേരളത്തിലെ ജനങ്ങളെയും കേന്ദ്രസര്‍ക്കാരിനെയും ഉളുപ്പില്ലാതെ വഞ്ചിച്ച ഒരു മന്ത്രിയാണ് എപിഎല്‍ റേഷന്‍ നിര്‍ത്തലാക്കാനുള്ള സുപ്രീം കോടതിവിധിക്കെതിരെ ക്ഷോഭിക്കുന്നതെന്നും മനസ്സിലാക്കണം.ക്കാള വാലു പൊക്കുന്നത് എന്തിനാണെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ..?
അതേസമയം ആദിവാസി മേഖലയിലും തീരദേശ മേഖലയിലുമുള്ള ബിപിഎല്‍ വിഭാഗത്തിന് അര്‍ഹമായ റേഷന്‍ വിഭവങ്ങള്‍ ഇപ്പോഴും ലഭിക്കുന്നില്ല, ആതിരേ... പൊതുവിതരണ സമ്പ്രദായത്തിന് ഇന്ത്യയ്ക്ക് മാതൃകയാണെന്ന് അവകാശപ്പെടുന്ന സംസ്ഥാനത്താണ് ഈ പാവങ്ങള്‍ക്ക് അനുവദിച്ച അരിയും ഗോതമ്പും പഞ്ചസാരയും മണ്ണെണ്ണയും റേഷന്‍ കട ഉടമകള്‍ ഉള്‍പ്പെടുന്ന ലോബി മറിച്ചുവിറ്റ് പോക്കറ്റ് വീര്‍പ്പിക്കുന്നത്. ഇക്കാര്യവും ദിവാകരന്‍ മന്ത്രിക്ക് മറ്റാരേക്കാളും നന്നായറിയാം. എന്നാല്‍, ഈ സാമദ്രോഹിക്കെതിരെ നടപടിയെടുക്കാനുള്ള നട്ടെല്ലുറപ്പ് ഇതുവരെ ദിവാകരന്‍ മന്ത്രിക്കുണ്ടായിട്ടില്ല. എന്നുമാത്രമല്ല. റേഷന്‍ ലഭിക്കാതെ ബുദ്ധിമുട്ടുന്ന ഈ ബിപിഎല്‍ വിഭാഗത്തെ കുറിച്ച് ഒരിക്കല്‍ പോലും ദിവാകരന്‍ മന്ത്രി സംസാരിച്ചിട്ടുമില്ല. ഇത്രയ്ക്കധികം കാപട്യം കാണിക്കുകയും റേഷന്‍ മറിച്ചുവിറ്റ് ലക്ഷങ്ങള്‍ സ്വന്തമാക്കുന്ന മാഫിയയുടെ കമ്മീഷന്‍ പറ്റി ഭരിക്കുകയും ചെയ്യുമ്പോള്‍ തീര്‍ച്ചയായും എപിഎല്‍ റേഷന്‍ വെട്ടിക്കുറക്കുമ്പോള്‍ മന്ത്രിയുടെയും പാര്‍ട്ടിയുടെയും കമ്മീഷനില്‍ കുറവു വരും. ഈ കുറവ് ഓര്‍ത്താണ് ദിവാകരന്‍ മന്ത്രി കേന്ദ്രത്തിനെതിരെ കുരച്ചത്.
കേരളത്തിന് മാത്രമായി ഒരു കാര്യത്തിലും പ്രത്യേക നിയമം ഉണ്ടാക്കാന്‍ കഴിയുകയില്ല. ഭക്ഷ്യധാന്യങ്ങള്‍ സംഭരിക്കാന്‍ കഴിയാത്തതുകൊണ്ട് നശിച്ചുപോകുന്ന അവസ്ഥയാണ് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ ഉള്ളത്. മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകേണ്ടതില്ല. കുട്ടനാട്ടിലേക്ക് നോക്കിയാല്‍ ഇക്കാര്യം ബോധ്യമാകുന്നതാണ്. ബിപിഎല്‍ വിഭാഗത്തില്‍ പെട്ടവര്‍ റേഷന്‍ വിഭവങ്ങള്‍ കിട്ടാതെ ബുദ്ധിമുട്ടുമ്പോഴാണ് ഇത്തരത്തില്‍ ഭക്ഷ്യധാന്യങ്ങള്‍ ഭരണതലപ്പത്തിരിക്കുന്നവര്‍ നശിപ്പിക്കുന്നത്. അത് തിരിച്ചറിഞ്ഞാണ് കഴിഞ്ഞ ആഗസ്റ്റ് 12ന് കെട്ടിക്കിടക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ കുറഞ്ഞ വിലയ്ക്കോ സൗജന്യമായോ പാവപ്പെട്ടവര്‍ക്ക് നല്‍കണമെന്ന് ഉത്തരവിട്ടത്.
വസ്തുതകള്‍ ഇതായിരിക്കേയാണ് സുപ്രീം കോടതി വിധിക്കെതിരെ ദിവാകരന്‍ മന്ത്രി ചന്ദ്രഹാസമിളക്കിയെത്തിയത്. ആഴ്ചയില്‍ ഒരു ലോട്ടറിയേ പാടുള്ളു എന്ന് സംസ്ഥാന ഹൈക്കോടതി വിധി വന്നപ്പോള്‍ കേരള ലോട്ടറികള്‍ പിന്‍വലിച്ച് വ്യാജ ലോട്ടറി വില്‍പ്പനക്കാര്‍ക്ക് അവസരമൊരുക്കിയ ഇടതുപക്ഷ വഞ്ചനയുടെ മറ്റൊരു മുഖമാണ് ദിവാകരന്‍ മന്ത്രിയിലൂടെ വ്യക്തമായിരിക്കുന്നത്.ആതിരേ, ജനങ്ങളെ വഞ്ചിച്ച് വിഭവ സമാഹരണം നടത്തുന്ന ഇത്തരം വിപ്ലവ വായാടികളാണ് എപിഎല്‍ ബിപിഎല്‍ വിഭാഗത്തിന്റെ ശാപം. അല്ലാതെ കോടതിവിധികളല്ല.
Thursday, September 2, 2010
മോഹന്‍ലാലും മമ്മൂട്ടിയും ചെറ്റത്തരത്തിന്റെ ബ്രാന്‍ഡ് അംബസഡര്‍മാരോ..?
എത്രയെല്ലാം നേട്ടങ്ങള്‍ അഭിനയരംഗത്ത് ഇവരുണ്ടാക്കിയിട്ടുണ്ടെങ്കിലും ഇത്തരത്തിലുള്ള അനാശാസ്യതകള്‍ തുടരുന്ന കാലത്തോളം സിനിമയെ സ്നേഹിക്കുന്ന നിഷ്പക്ഷ മതികളുടെ മനസ്സില്‍ നിന്ന് മോഹന്‍ലാലും മമ്മൂട്ടിയും ചവുട്ടി പുറത്താക്കപ്പെടും. അതിന്റെ തെളിവുകളാണ് ഈ സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങള്‍ ഇപ്പോള്‍ എട്ടുനിലയില്‍ പൊട്ടുന്നത്. അറിയുക ചിത്രങ്ങളില്ലെങ്കില്‍ ഉപയോഗിച്ചു കഴിഞ്ഞ കോണ്ടത്തിന്റെ വിലപോലും ഈ താരരാജാക്കന്മാര്‍ക്കുണ്ടാവുകയില്ല. അതുകൊണ്ട് കമല്‍ഹാസനോട് ക്ഷമ പറയാനും കലഹിക്കുന്ന ഫാന്‍സ് അസോസിയേഷനുകളെ ശക്തമായി നിയന്ത്രിക്കാനും മോഹന്‍ലാലും മമ്മൂട്ടിയും തയ്യാറായെ തീരു. ചെറ്റത്തരത്തിന് ഒരതിര് വേണം; അതാരുടേതായാലും.
ആതിരേ, മമ്മൂട്ടിയും മോഹന്‍ലാലും (അല്ലെങ്കില്‍ മോഹന്‍ലാലും മമ്മൂട്ടിയും) മലയാളത്തിന്റെ അഭിനയാഭിമാനങ്ങളാണ്. അഖിലേന്ത്യാതലത്തിലെന്നല്ല രാഷ്ട്രാന്തര തലത്തില്‍ തന്നെ ഇരുവരുടെയും അഭിനയമികവിന് അംഗീകാരം ലഭിച്ചിട്ടുള്ളതാണ്. ഇന്ത്യയില്‍ അഭിനേതാക്കള്‍ക്ക് നല്‍കുന്ന പരമോന്നത ബഹുമതി രണ്ടുപേര്‍ക്കും ലഭിച്ചിട്ടുണ്ട്. രണ്ടുപേരും മുഖ്യധാരാ സിനിമയുടെ അനുപേക്ഷണീയമായ ഘടകങ്ങളാണ്.
വ്യത്യസ്തമായ അഭിനയ രീതികളിലൂടെ സിനിമാ പ്രേക്ഷകരുടെ ഹൃദയത്തിലിടം നേടിയ രണ്ടുപേരും അഭിനയത്തിന്റെ രജത ജൂബിലി തികച്ചവരാണ്. മലയാള സിനിമയുടെ ചരിത്രം കുറിക്കുമ്പോള്‍ ഇവര്‍ അവതരിപ്പിച്ച കഥാപാത്രങ്ങളുടെ എണ്ണം വളരെയായിരിക്കും. മുഖ്യധാരാ രംഗത്തും സമാന്തര സിനിമയിലും ഒരുപോലെ തങ്ങളുടെ പ്രതിഭ തെളിയിച്ച് അഭിനയത്തിന്റെ അത്യുന്നത ശൃംഖങ്ങളില്‍ വിരാജിക്കുന്നവരാണ് ഈ രണ്ടു താരങ്ങളും. ഇവരെ ഒഴിവാക്കിക്കൊണ്ട് മലയാളസിനിമയെ കുറിച്ച് ചിന്തിക്കാനാവുകയില്ല. രണ്ടുപേരും ഒട്ടനവധി സ്ഥാപനങ്ങളുടേയും സംരംഭങ്ങളുടേയും ബ്രാന്‍ഡ് അംബസഡര്‍മാരുമാണ്
രണ്ടുപേര്‍ക്കും അവരുടേതായ അനുയായി വൃന്ദവും അവരുടെ അസോസിയേഷനുമുണ്ട്. അഭിനയത്തിന് മത-ജാതി-കാല-ദേശ-പ്രായഭേദങ്ങള്‍ ഇല്ലെങ്കിലും ഈ രണ്ട് നടന്മാരെയും അവരുടെ ഫാന്‍സ് അസോസിയേഷനുകള്‍ ജാതിയുടെയും മതത്തിന്റെയും പ്രതീകങ്ങളായി കൂടി കണ്ടാണ് ആരാധിക്കുന്നത്. അതുകൊണ്ട് വടക്കന്‍ കേരളത്തില്‍ മമ്മൂട്ടിക്കും തെക്കന്‍ കേരളത്തില്‍ മോഹന്‍ലാലിനുമാണ് ഫാന്‍സ് കൂടുതലുള്ളത്. ഈ ഒരു ഘടകം മൂലം ഒരു ചിത്രം എങ്ങനെ അവസാനിപ്പിക്കണമെന്നറിയാതെ കൃതഹസ്തനായ ഒരു സംവിധായകന്‍ വിമ്മിട്ടപ്പെട്ടത് മറക്കാനാവുന്നതെങ്ങനെ? ഹരികൃഷ്ണന്‍സ് എന്ന സിനിമയ്ക്ക് രണ്ടു ക്ലൈമാക്സുകള്‍ ഒരുക്കിയാണ് ഫാസില്‍ ഒരു വിധത്തില്‍ മുഖം രക്ഷിച്ചത്. ഇങ്ങനെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ നിന്ന് ഒരുവിധത്തിലും ഒഴിച്ചുമാറ്റാന്‍ ആവാത്ത വിധം, അവരുടെ സിനിമാ സങ്കല്‍പ്പങ്ങളുമായി ഇഴുകിചേര്‍ന്നിട്ടുള്ള ഈ രണ്ട് മുതിര്‍ന്ന നടന്മാര്‍ ചെറ്റത്തരങ്ങളുടെ ബ്രാന്‍ഡ് അംബസഡര്‍മാരാണെന്ന് പറയേണ്ടിവരുമ്പോള്‍ ആരും മുഖം കോട്ടിയിട്ട് കാര്യമില്ല.
ആതിരേ, എല്ലാ വ്യക്തികളിലും നന്മയും തിന്മയും ഉണ്ടെന്നത് സാര്‍വ്വലൗകീക സത്യമാണ്. ഇതില്‍ ഏത് ഭാവം മുന്നിട്ടു നില്‍ക്കുന്നുവോ അതിന്റെ അടിസ്ഥാനത്തിലായിരിക്കും സമൂഹം വ്യക്തിയെ ബ്രാന്‍ഡ് ചെയ്യുക. വിവേക ശാലിയായ മനുഷ്യന്‍ അതുകൊണ്ടുതന്നെ തന്നിലെ തിന്മയുടെ അംശത്തെ കഴിവിന്റെ പരമാവധി അടിച്ചമര്‍ത്തി നന്മയുടെ വശങ്ങള്‍ പ്രദര്‍ശിപ്പിച്ച് സാമൂഹിക ജീവിതത്തില്‍ സഹകരണത്തിന്റെയും സൗഭ്രാത്രത്തിന്റെയും പരിസരമൊരുക്കാറുണ്ട്. ഇത് സാധാരണക്കാരനായ ഒരു വ്യക്തി തന്റെ നിത്യജീവിതവ്യാപാരങ്ങളില്‍ നിഷ്ഠാബദ്ധമായി പാലിച്ചുപോരുന്നതാണ്. അതുകൊണ്ടാണ് സമൂഹം കെട്ടുപോകാതെ നിലനില്‍ക്കുന്നത്.
എന്നാല്‍, ആതിരേ, ആരാധകര്‍ ഏറെയുള്ളവരും അഭിനയപ്രതിഭകളുമായ ഈ രണ്ടുനടന്മാര്‍ പലപ്പോഴും അവരുടെ ചെയ്തികളിലൂടെ ചെറ്റത്തരങ്ങള്‍ക്ക് വളം വെയ്ക്കുകയും ചെറ്റത്തരങ്ങള്‍ നടപ്പിലാക്കുകയും ചെയ്യുന്ന ദുഷ്ടതകളായി മാറിക്കഴിഞ്ഞിരിക്കുകയാണ്. കലാകാരന് അഹങ്കാരമുണ്ടാകുന്നത് സ്വാഭാവികമാണ്. ഒരു പരിധിവരെ അത് അലങ്കാരവുമാണ്. എന്നാല്‍, ഈ അഹങ്കാരം അതിന്റെ പരിധി വിടുമ്പോള്‍ സമൂഹദ്രോഹമായി മാറും. നിങ്ങള്‍ക്ക് കൈനീട്ടാനുള്ള സ്വാതന്ത്ര്യം എന്റെ മൂക്കിന്റെ തുമ്പ് വരെയുള്ളു എന്ന് തിരിച്ചറിഞ്ഞ് അഹങ്കാരം നിലനിര്‍ത്തുന്നതിനെ ആദരിക്കാനും കഴിയും. എന്നാല്‍, കഴിഞ്ഞ കുറേ ദിവസങ്ങളായി ഈ നടന്മാരില്‍ നിന്നുണ്ടായിട്ടുള്ള പെരുമാറ്റം തികഞ്ഞ അസഹിഷ്ണുതയുടെയും അസൂയയുടെയും നാണംകെട്ട അധമത്വ ബോധത്തിന്റെയുമായിരുന്നു.
കമല്‍ഹാസന്‍ ഇന്ത്യയിലെന്നല്ല ലോക സിനിമയില്‍ തന്നെ മുഖവുര ആവശ്യമില്ലാത്ത അഭിനേതാവാണ്. മലയാളത്തിലും തെന്നിന്ത്യന്‍ സിനിമകളിലുമായി അത്യപൂര്‍വാഭിനയത്തിന്റെ ഹിമാലയങ്ങള്‍ നിരവധി അദ്ദേഹം സൃഷ്ടിച്ചിട്ടുണ്ട്. ഒരുകാലത്ത് മലയാളത്തിലെ മുഖ്യധാരാ സിനിയുടെ ഏറ്റവും വലിയ വിജയഘടകമായിരുന്നു കമല്‍ഹാസന്‍. അഭിനേതാവ് എന്ന നിലയ്ക്ക് തന്റെ കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കുവേണ്ടി ഏത് സീമയോളം പോകാനും അദ്ദേഹത്തിന് മടിയില്ല. അഭിനയത്തിലെന്നപോലെ സംവിധാനരംഗത്തും അനുപമമായ, അന്യാദൃശ്യമായ മികവ് പുലര്‍ത്തിയ പ്രതിഭകൂടിയാണ് കമല്‍ഹാസന്‍.
കേരളസര്‍ക്കാര്‍ കമല്‍ഹാസനെ ആദരിച്ചത് അദ്ദേഹത്തിലെ അഭിനേതാവിന്റെ മികവ് കണക്കിലെടുത്താണ്. എന്നാല്‍, ഈ ചടങ്ങില്‍ പങ്കെടുക്കാതെ മാറിനില്‍ക്കുക വഴി , ആതിരേ, ഏറ്റവും ചെറ്റത്തരം നിറഞ്ഞ, ഏറ്റവും അധമത്ത ബോധങ്ങളുള്ള താരങ്ങളാണ് തങ്ങളെന്ന് തെളിയിക്കുകയായിരുന്നു മമ്മൂട്ടിയും മോഹന്‍ലാലും. അമ്മ എന്ന ഒരു സംഘടന മലയാളസിനിമയിലെ കലാകാരന്മാരുടെ അവകാശസംരക്ഷണത്തിനും അഭിന്ന്യുതിക്കും വേണ്ടിയാണ് രൂപീകരിച്ചതെങ്കിലും അതിന്റെ തലപ്പത്തിരിക്കുന്ന ക്ഷുദ്രജീവികളുടെ അശ്ലീലമനസ്സുകളില്‍ ഉണ്ടാകുന്ന അപകര്‍ഷതാ ബോധങ്ങള്‍ മൂലം കഴിവും പ്രാപ്തിയുമുള്ള നടന്മാരെ ഉന്മൂലനം ചെയ്യാനുള്ള മാരണക്രിയകളാണ് ഈ സംഘടനയില്‍ നിന്ന് ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. തിലകനോട് അമ്മ കാണിച്ച അഹങ്കാരം മലയാളത്തിന് നന്നായറിയാം. അതുകൊണ്ട് അതിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല.
എന്നാല്‍, കമല്‍ഹാസനെ കേരളസര്‍ക്കാര്‍ ആദരിക്കാന്‍ തീരുമാനിച്ചപ്പോള്‍ അതില്‍ പ്രാദേശിക വാദത്തിന്റെ നഞ്ചുകലക്കാനാണ് കെ.ബി ഗണേഷ്കുമാര്‍, ഇന്നസെന്റ്, ഇടവേള ബാബു തുടങ്ങിയവര്‍ ശ്രമിച്ചത്. തമിഴനായ കമല്‍ഹാസനെ കേരളസര്‍ക്കാര്‍ എന്തിന് ആദരിക്കണം എന്നാണ്, ആതിരേ, ഈ കീടങ്ങള്‍ ഉന്നയിച്ച ആദ്യത്തെ ചോദ്യം. തമിഴ്‌നാട് സര്‍ക്കാര്‍ മലയാളതാരങ്ങളെ ആദരിക്കുന്നില്ലല്ലോ എന്നാണ് അതിനവര്‍ കണ്ടെത്തിയ നെറികെട്ട ന്യായം. കമല്‍ഹാസനെന്ന അഭിനേതാവിനെ ചൂഷണം ചെയ്യുന്നതില്‍ മലയാളസിനിമയ്ക്ക് ഉളുപ്പൊട്ടും ഉണ്ടായിരുന്നില്ലല്ലോ. അന്നൊന്നും കമല്‍ഹാസനെ തമിഴനെന്ന് തരം തിരിച്ച് മാറ്റിനിര്‍ത്തിയിരുന്നില്ലല്ലോ. ഇന്ന് നായര്‍ ലോബിയും മുസ്ലീം ലോബിയും നസ്രാണി ലോബിയുമൊക്കെ മലയാള സിനിമയില്‍ പിടിമുറുക്കിയതോടെയാണ് ഇത്തരം ദുഷ്ടതകള്‍ക്ക് വളരാന്‍ വെള്ളവും വളവും വെളിച്ചവും ലഭിച്ചത്. ഈ വൃത്തികേടിനെ ചെറുത്ത് കമല്‍ഹാസനെ ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുത്ത് മാന്യതയും മാതൃകയും കാക്കേണ്ടവരായിരുന്നു മോഹന്‍ലാലും മമ്മൂട്ടിയും. എന്നാല്‍, ഇടവേളബാബുവിന്റെയും കെ.ബി ഗണേഷ്കുമാറിന്റെയുമൊക്കെ നീചമായ പ്രാദേശിക വാദത്തിന് തലയാട്ടുക വഴി ഈ രണ്ടുനടന്മാരും ഏറ്റവും ഭീഷണമായ ഒരു അവസ്ഥ സൃഷ്ടിക്കുകയായിരുന്നു എന്ന് പറയാതെ തരമില്ല. മലയാളിയേക്കാളും സ്വത്വബോധം ഏറെയുള്ളവനാണ് തമിഴന്‍. അവന്‍ ഇടവേളബാബുവിനെ പോലെയും കെ.ബി ഗണേഷ്കുമാറിനെയും ഇന്നസെന്റിനെയുമൊക്കെ പോലെ ചിന്തിക്കാന്‍ തുടങ്ങിയാല്‍ മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ള അഭിനയചക്രവര്‍ത്തിമാര്‍ പലതും അറിയും അനുഭവിക്കുകയും ചെയ്യും. അത്തരമൊരു അവസ്ഥയിലേക്ക് ചിന്തകളുടെ തീഷ്ണതയെ അപായപ്പെടുത്താന്‍ മമ്മൂട്ടിയും മോഹന്‍ലാലും കൂട്ടുനില്‍ക്കരുതായിരുന്നു.
ഈ പൈശാചിക മനസ്സിന്റെ പ്രതിഫലനമാണ്, ആതിരേ, ഇപ്പോള്‍ ഫാന്‍സ് അസോസിയേഷനുകളുടെ രൂപത്തില്‍ തെരുവില്‍ കാണുന്നത്. പ്രാഞ്ചിയേട്ടന്‍ എന്ന രഞ്ജിത്തിന്റെ മമ്മൂട്ടി ചിത്രങ്ങളുടെ പോസ്റ്ററുകളും മോഹന്‍ലാലിന്റെ പുതിയ ചിത്രമായ ശിക്കാറിന്റെ പോസ്റ്ററും വലിച്ചുകീറിയും നശിപ്പിച്ചും കരി ഓയില്‍ ഒഴിച്ച് വികൃതമാക്കിയും ഫാന്‍സ് അസോസിയേഷനുകള്‍ കൈയൂക്ക് കാണിച്ചപ്പോഴും അവരെ നിയന്ത്രിക്കാതെ ആ തമ്മിലടി കണ്ട് ആസ്വദിക്കുകയായിരുന്നു ഈ താരചക്രവര്‍ത്തിമാര്‍. തങ്ങള്‍ നല്ല സുഹൃത്തക്കളാണെന്നും അന്യോന്യം പ്രോത്സാഹിപ്പിക്കുന്നവരുമാണെന്നുമൊക്കെ മാധ്യമങ്ങളിലൂടെ വിളിച്ചുകൂവി അണിയറയില്‍ തമ്മില്‍ പാരവെയ്ക്കുന്നതുകൊണ്ടാണ് ഫാന്‍സ് അസോസിയേഷനുകള്‍ ചാവേറുകളായി തെരുവിലിറങ്ങേണ്ടിവരുന്നത്. എതിര്‍ താരത്തിന്റെ ചിത്രം റിലീസ് ചെയ്യുന്ന ദിവസം അതിനെ കൂകി തോല്‍പ്പിക്കാന്‍ പണം മുടക്കി ആളെ കൂട്ടുന്ന ചെറ്റത്തരത്തിന്, ആതിരേ, അഭിനയ പ്രതിഭയെന്നല്ല അസൂയയെന്നും അസഹിഷ്ണുത എന്നുമൊക്കെയാണ് വിശേഷണം. ഈ താരങ്ങളുടെ പേരില്‍ ഫാന്‍സ് അസോസിയേഷനുകള്‍ ആദ്യമായിട്ടല്ല ഏറ്റുമുട്ടുന്നത്. അന്നും മൗനം പാലിച്ച് ആ വൃത്തികേടിന് പിന്തുണ നല്‍കുകയായിരുന്നു ഇരുവരും. ഇവര്‍ സംയുക്തമായി ഒരു പ്രസ്താവന ഇറക്കിയാല്‍ തീര്‍ക്കാവുന്ന തര്‍ക്കം മാത്രമേ ഫാന്‍സ് അസോസിയേഷനുകള്‍ക്കിടയിലുള്ളു. അത് മറ്റാരേക്കാളും നന്നായി ഈ താരചക്രവര്‍ത്തിമാര്‍ക്കറിയാം. പക്ഷെ, അതിന് തയ്യാറാകാതെ തെരുവിലെ തെണ്ടിത്തരത്തിന് കൂട്ടുനില്‍ക്കുകയാണ് മോഹന്‍ലാലും മമ്മൂട്ടിയും.
എത്രയെല്ലാം നേട്ടങ്ങള്‍ അഭിനയരംഗത്ത് ഇവരുണ്ടാക്കിയിട്ടുണ്ടെങ്കിലും ഇത്തരത്തിലുള്ള അനാശാസ്യതകള്‍ തുടരുന്ന കാലത്തോളം സിനിമയെ സ്നേഹിക്കുന്ന നിഷ്പക്ഷ മതികളുടെ മനസ്സില്‍ നിന്ന് മോഹന്‍ലാലും മമ്മൂട്ടിയും ചവുട്ടി പുറത്താക്കപ്പെടും. അതിന്റെ തെളിവുകളാണ് ഈ സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങള്‍ ഇപ്പോള്‍ എട്ടുനിലയില്‍ പൊട്ടുന്നത്. അറിയുക ചിത്രങ്ങളില്ലെങ്കില്‍ ഉപയോഗിച്ചു കഴിഞ്ഞ കോണ്ടത്തിന്റെ വിലപോലും ഈ താരരാജാക്കന്മാര്‍ക്കുണ്ടാവുകയില്ല. അതുകൊണ്ട് കമല്‍ഹാസനോട് ക്ഷമ പറയാനും കലഹിക്കുന്ന ഫാന്‍സ് അസോസിയേഷനുകളെ ശക്തമായി നിയന്ത്രിക്കാനും മോഹന്‍ലാലും മമ്മൂട്ടിയും തയ്യാറായെ തീരു. ചെറ്റത്തരത്തിന് ഒരതിര് വേണം; അതാരുടേതായാലും.
Subscribe to:
Posts (Atom)