Tuesday, January 27, 2015

ഒബാമയേയും മിഷേലിനേയും നിഷ്‌പ്രഭരാക്കി ചിപ്പി കെ ദേവസ്യയും പൂജ താക്കൂറും

പ്രോട്ടോക്കോള്‍ ലംഘിച്ച്‌ നേരിട്ടെത്തി മോദി,ഒബാമയെ സ്വീകരിച്ചത്‌ മാധ്യമങ്ങള്‍ വാഴ്‌ത്തിപ്പാടുന്നത്‌ കണ്ടപ്പോള്‍ പുച്ഛമാണ്‌ തോന്നിയത്‌.മന്‍മോഹന്‍ സിംഗും ഇതു തന്നെയായിരുന്നല്ലോ ചെയ്‌തത്‌.തമ്പ്രാക്കളോടുള്ള ആചാരമര്യാദകളില്‍ കടുകിട മാറ്റം വരുത്താന്‍ ഒരുകാലത്തും കീഴാളര്‍ തയ്യാറായിട്ടില്ലല്ലോ.പിന്നെന്തിനാണ്‌ ഈ സ്‌തുതി വചനങ്ങള്‍ എന്ന്‌ എത്ര ചിന്തിച്ചിട്ടും മനസ്സിലായില്ല.65-ാം റിപ്പബ്ലിക്ക്‌ ദിനത്തിലും വെള്ളക്കാരോടുള്ള ദാസ്യഭാവത്തില്‍ നിന്ന്‌ ഇന്ത്യ സ്വാതന്ത്ര്യം പ്രാപിച്ചിട്ടില്ലെന്നര്‍ത്ഥം. റിപ്പബ്ലിക്ക്‌ ദിന പരേഡിലെ ഇന്ത്യയുടെ സൈനികാഭ്യാസങ്ങള്‍ കണ്ട്‌ കോരിത്തരിക്കാനും ഇന്ത്യയെ പ്രകീര്‍ത്തിക്കാനുമൊന്നുമല്ല ഒബാമ വന്നതെന്ന്‌ പരേഡ്‌ സമയത്തെ ഒബാമയുടെ ചുയിംഗം തീറ്റ ബോദ്ധ്യപ്പെടുത്തി. ഇന്ത്യയോടുള്ള അവജ്ഞയാണ്‌ അലസമായി ഒബാമ കൊറിച്ചു കൊണ്ടിരുന്നത്‌.മോദിഭക്തരായ മുഖ്യധാരാ മാധ്യമങ്ങള്‍ ഇത്‌ കണ്ടില്ലെന്ന്‌ നടിച്ചപ്പോള്‍ ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള നവമാധ്യമങ്ങള്‍ ഒബാമയെ തന്നെ ചുട്ടു കൊറിച്ച്‌ തിരിച്ചടിച്ച്‌ നട്ടെല്ലുറപ്പ്‌ പ്രദര്‍ശിപ്പിച്ചു.
അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്ക്‌ ഒബാമയും ഭാര്യ മിഷേലും ഇത്തവണത്തെ റിപ്പബ്ലിക്ക്‌ അഘോഷങ്ങളില്‍ മുഖ്യാതിഥികളായെത്തിയത്‌ ചരിത്ര സംഭവമാണെന്ന്‌ മോദിയുടെ സ്‌തുതിപാഠകരായ മാധ്യമങ്ങളും നയതന്ത്രജ്ഞരും വിലയിരുത്തുന്നത്‌ കേട്ടില്ലേ,ആതിരേ?.രണ്ടാം വട്ടമാണ്‌ ഒബാമ ഇന്ത്യയിലെത്തുന്നത്‌.മുഖ്യമന്ത്രിയായിരുന്നപ്പോള്‍,ഗുജറാത്ത്‌ കൂട്ടക്കൊലയുടെ പേരില്‍ വീസ നിഷേധിക്കപ്പെട്ട നരേന്ദ്ര മോദിക്കൊപ്പം ഒബാമ രാഷ്ടാന്തര പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്‌തത്‌ നയതന്ത്ര രംഗത്തെ അമേരിക്കന്‍ തരികിടയുടെ നിദര്‍ശനമായിട്ടല്ലേ വിലയിരുത്താന്‍ പറ്റൂ? പ്രോട്ടോക്കോള്‍ ലംഘിച്ച്‌ നേരിട്ടെത്തി മോദി,ഒബാമയെ സ്വീകരിച്ചത്‌ മാധ്യമങ്ങള്‍ വാഴ്‌ത്തിപ്പാടുന്നത്‌ കണ്ടപ്പോള്‍ പുച്ഛമാണ്‌ തോന്നിയത്‌.മന്‍മോഹന്‍ സിംഗും ഇതു തന്നെയായിരുന്നല്ലോ,ആതിരേ, ചെയ്‌തത്‌?തമ്പ്രാക്കളോടുള്ള ആചാരമര്യാദകളില്‍ കടുകിട മാറ്റം വരുത്താന്‍ ഒരുകാലത്തും കീഴാളര്‍ തയ്യാറായിട്ടില്ലല്ലോ.പിന്നെന്തിനാണ്‌ ഈ സ്‌തുതി വചനങ്ങള്‍ ?65-ാം റിപ്പബ്ലിക്ക്‌ ദിനത്തിലും വെള്ളക്കാരോടുള്ള ദാസ്യഭാവത്തില്‍ നിന്ന്‌ ഇന്ത്യ സ്വാതന്ത്ര്യം പ്രാപിച്ചിട്ടില്ലെന്നര്‍ത്ഥം. റിപ്പബ്ലിക്ക്‌ ദിന പരേഡിലെ ഇന്ത്യയുടെ സൈനികാഭ്യാസങ്ങള്‍ കണ്ട്‌ കോരിത്തരിക്കാനും ഇന്ത്യയെ പ്രകീര്‍ത്തിക്കാനുമൊന്നുമല്ല,ആതിരേ, ഒബാമ വന്നതെന്ന്‌ പരേഡ്‌ സമയത്തെ ഒബാമയുടെ ചുയിംഗം തീറ്റ ബോദ്ധ്യപ്പെടുത്തിയില്ലേ?. ഇന്ത്യയോടുള്ള അവജ്ഞയാണ്‌ അലസമായി ഒബാമ കൊറിച്ചു കൊണ്ടിരുന്നത്‌.മോദിഭക്തരായ മുഖ്യധാരാ മാധ്യമങ്ങള്‍ ഇത്‌ കണ്ടില്ലെന്ന്‌ നടിച്ചപ്പോള്‍ ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള നവമാധ്യമങ്ങള്‍ ഒബാമയെ തന്നെ ചുട്ടു കൊറിച്ച്‌ തിരിച്ചടിച്ച്‌ നട്ടെല്ലുറപ്പ്‌ പ്രദര്‍ശിപ്പിച്ചു. എന്തിനായിരുന്നു,ആതിരേ, ഒബാമ ഇപ്പോള്‍ ഇന്ത്യയില്‍ വന്നത്‌?ചൈനയുടെ സാമ്പത്തിക വളര്‍ച്ചയിലെ ആധിയും അമേരിക്കന്‍ സമ്പദ്വ്യവസ്ഥയിലെ മാന്ദ്യം സൃഷ്ടിച്ച ഭീതിയുമായിരുന്നു അതിനു പിന്നില്‍.ചൈനയും ഉറ്റുനോക്കുന്ന ലോകത്തിലെ ഏറ്റവും വലിയ മാര്‍ക്കറ്റായ ഇന്ത്യയെ വരുതിക്കുനിര്‍ത്താനുള്ള സൃഗാല തന്ത്രമായിരുന്നു ഈ വരവെന്നതിന്റെ തെളിവാണ്‌ ചൈനയ്‌ക്കെതിരെ ഇന്ത്യയെകൊണ്ട്‌ പ്രഖ്യാപനം നടത്തിച്ചത്‌.പിന്നെ ആണവ കരാറിലെ കീറാമുട്ടിയയ ആണവ നഷ്ടപരിഹാര ബില്ലിലെ 42-ാം വകുപ്പ്‌ നിര്‍വീര്യമാക്കനും അമേരിക്കന്‍ ഇ-കൊമേഴ്‌സ്‌ സ്ഥാപനങ്ങള്‍ക്ക്‌ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ അര്‍മാദിക്കനുള്ള അവസരം തുറക്കാനുമാണ്‌ ഒബാമ വന്നത്‌.ആ നിലയ്‌ക്ക്‌ അമേരിക്കയെ സംബന്ധിച്ചിടത്തോളം ഈ സന്ദര്‍ശനം ചരിത്രപരം തന്നെ.ഇന്ത്യക്കോ?ഒബാമ വന്നത്‌ കൊണ്ട്‌ സ്വന്തം രാഷ്ട്രത്തിന്റെ തലസ്ഥാന നഗരിയിലെ റിപ്പബ്ലിക്ക്‌ ദിനാചരണം കാണാന്‍ പോലുമുള്ള സ്വാതന്ത്ര്യം സാധാരണ ഇന്ത്യന്‍ പൗരന്‌ നിഷേധിക്കപ്പെടുകയായിരുന്നു.ഇതാണവസ്ഥയെങ്കില്‍ ഇന്ത്യന്‍ റിപ്പബ്ലിക്ക്‌ ദിനാചരണം അങ്ങ്‌ ന്യൂയോര്‍ക്കില്‍ നടത്തിയാല്‍ മതിയായിരുന്നല്ലോ എന്ന്‌ ചോദിച്ചവര്‍ ആയിരക്കണക്കിന്‌ വരും.കളിമണ്‍ പാദങ്ങളും വളഞ്ഞ നട്ടെല്ലുമുള്ള നേതാക്കള്‍ ഭരിക്കുന്ന നാട്ടിലെ പൗരന്മാര്‍ക്ക്‌ അവരുടെ റിപ്പബ്ലിക്ക്‌ ദിനത്തില്‍ പോലും നട്ടെല്ലു നിവര്‍ത്തി നടക്കാന്‍ കഴിയില്ലെന്ന്‌,മന്‍മോഹനെ പോലെ മോദിയും വെളിവാക്കി. അതു കൊണ്ടാണ്‌,ആതിരേ, ഇത്തവണത്തെ റിപ്പബ്ലിക്ക്‌ ദിനത്തിലെ താരങ്ങള്‍ ചിപ്പി കെ.ദേവസ്യയും പൂജ താക്കൂറുമാണെന്ന്‌ ഞാന്‍ വിലയിരുത്തുന്നത്‌.`നാരിശക്തി;പ്രമേയമാക്കിയായിരുന്നു ഇത്തവണ റിപ്പബ്ലിക്ക്‌ ദിനാചരണം സര്‍ക്കാര്‍ തലത്തില്‍ സംഘടിപ്പിച്ചത്‌.ആ പ്രമേയത്തിന്റെ ജീവിക്കുന്ന നിദര്‍ശനങ്ങളായിരുന്നു ചിപ്പിയും പൂജയും. വിധിയെ പഴിച്ച്‌ ജീവിതം പാഴാക്കാനുള്ളതല്ല വൈധവ്യമെന്നും നിശ്ചയദാര്‍ഢ്യവും കഠിനാധ്വാനവും കറയില്ലാത്ത ദേശസ്‌നേഹവുമുണ്ടെങ്കില്‍ ഇന്ത്യയിലെ സ്‌ത്രീകള്‍ക്ക്‌ ഒന്നും അസാധ്യമല്ലെന്നതിന്റെ പര്യായമാണ്‌ കോട്ടയം സ്വദേശിയായ ചിപ്പി കെ.ദേവസ്യ.ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റാകാന്‍ കൊതിച്ച ചിപ്പി, നാവിക സേനയിലെ സബ്‌ ലഫ്‌റ്റനന്റായിട്ടാണ്‌ തന്റെ റെജിമെന്റിന്റെ മികവ്‌ ഒബാമയ്‌ക്ക്‌ മുന്നില്‍ പ്രദര്‍ശിപ്പിച്ചത്‌. നാവിക സേനയിലെ ചേതക്‌ പൈലറ്റ്‌ ആയ ലെഫ്‌റ്റനന്റ്‌ കേഡര്‍ ജോസ്‌ മാത്യൂസുമായുള്ള ചിപ്പിയുടെ വിവാഹം നടന്നത്‌ 2012 ല്‍ . എന്നാല്‍ 2013 ഒക്ടോബര്‍ 8ന്‌ മൗറീഷ്യസില്‍ നടത്തിയ നാവികാഭ്യാസ പ്രകടനങ്ങള്‍ക്കിടയില്‍ സംഭവിച്ച അപകടത്തില്‍ ജോസ്‌ മാത്യൂസ്‌ വീരചരമം അടഞ്ഞു.ആതിരേ, ജീവിതം തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളു ചിപ്പിയും ജോസും.അന്ന്‌ ഒരു ബാങ്ക്‌ ഉദ്യോഗസ്ഥയായിരുന്നു ചിപ്പി. എന്നാല്‍ ജോസിന്റെ മരണത്തോടെ എല്ലാം മാറി. അഞ്ച്‌ ദിവസമാണ്‌ ഭര്‍ത്താവിന്റെ മൃതദേഹത്തിനായി ചിപ്പിക്ക്‌ കാത്തിരിക്കേണ്ടി വന്നത്‌. `` ആ അഞ്ച്‌ ദിവസങ്ങളില്‍ ഞാന്‍ ശക്തി സംഭരിക്കുകയായിരുന്നു. ഭാവിയെ കുറിച്ച്‌ ആലോചിച്ച ദിവസങ്ങള്‍. ജോസ്‌ ഇല്ലാത്ത ജീവിതം ദു:ഖകരമായിരിക്കുമെന്ന്‌ ഉറപ്പാണ്‌. പക്ഷേ ജീവിക്കാതിരിക്കാനാവില്ലല്ലോ. മരണം മുന്നറിയിപ്പുകളില്ലാതെയാണ്‌ വരുന്നത്‌. എനിക്കറിയാമായിരുന്നു, നമുക്ക്‌ മരണത്തെകുറിച്ച്‌ പ്ലാന്‍ ചെയ്യാനാവില്ലെന്ന്‌. എന്നാല്‍ നമുക്ക്‌ ജീവിതത്തെ കുറിച്ച്‌ പ്ലാന്‍ ചെയ്യാനാകും''എന്നണ്‌ ആത്മവിശ്വാസത്തോട്‌ ചിപ്പി ഒരു ന്യൂസ്‌ പോര്‍ട്ടലിന്‌ നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്‌ . എസ്‌എസ്‌ബി തരണം ചെയ്‌താന്‍ നാവിക സേനയില്‍ ചേരാമെന്ന നാവിക സേനയുടെ അറിയിപ്പ്‌ സ്വീകരിക്കാന്‍,രണ്ടാമതൊന്ന്‌ ആലോചിക്കേണ്ടി വന്നില്ല ചിപ്പിക്ക്‌.അതൊരു വെല്ലുവിളിയായി എടുക്കുകയായിരുന്നു ചിപ്പി. ``ഒരു പക്ഷേ ഒരു ബാങ്ക്‌ ഉദ്യോഗസ്ഥയില്‍ നിന്ന്‌ നാവിക സേന ഉദ്യോഗസ്ഥയായി എന്റെ ജീവിതം മാറ്റാന്‍ തന്നെ ആയിരിക്കാം ജോസ്‌ എന്റെ ജീവിതത്തിലേക്ക്‌ വന്നതെന്നാണ്‌`` ചിപ്പിയുടെ വിലയിരുത്തല്‍. ഏഴിമലയിലെ നാവിക അക്കാദമിയില്‍ 2014 ജൂലായില്‍ ചിപ്പി പരിശീലനം തുടങ്ങി. പരിശീലനകാലമാണ്‌ തനിക്ക്‌ ജീവിതത്തില്‍ പുതിയ ഉള്‍ക്കാഴ്‌ചകള്‍ സമ്മാനിച്ചതെന്ന്‌ ചിപ്പി പറയുന്നു. ഐഎന്‍എയിലെ പരിശീലനകാലം കടുത്ത പ്രതിസന്ധികള്‍ നിറഞ്ഞതായിരുന്നു. ഒരു ഘട്ടത്തില്‍ വീട്ടിലേക്ക്‌ മടങ്ങിപ്പോയാലോ എന്ന്‌ പോലും ആലോചിച്ചുട്ടുണ്ട്‌. എങ്കിലും എന്നെ മാറ്റിയത്‌ ആ പരിശീലനകാലമാണ്‌''ചിപ്പി പറയുന്നു. ഉള്‍ക്കരുത്തിന്റെ,ലക്ഷ്യബോധത്തിന്റെ,ദേശസ്‌നേഹത്തിന്റെ മഹാമേരുവായി ചിപ്പി നില്‍ക്കുന്നത്‌ കാണാന്‍ കൂട്ടാക്കതെയാണല്ലോ,ആതിരേ, ഇന്ത്യയിലെ മുഖ്യധാര മാധ്യമങ്ങള്‍ മിഷേല്‍ ധരിച്ച വസ്‌ത്രങ്ങളെക്കുറിച്ച്‌ ചര്‍ച്ച ചെയ്‌ത്‌ നമ്മെയൊക്കെ വിണ്ടും വീണ്ടും വെള്ളക്കാരന്റെ ദാസന്മാരാക്കിയത്‌?! ******
ലോകത്തെ ഏറ്റവും ശക്തമായ രാഷ്ട്രത്തിന്റെ ഭരണാധികാരിക്ക്‌ രണ്ടടി പിന്നിലായി തലയുയര്‍ത്തിപ്പിടിച്ച്‌ അനുഗമിച്ച ഇന്ത്യന്‍ എയര്‍ഫോഴ്‌സിലെ വനിത ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സംസാരവിഷയമാണ്‌. രാജ്യത്തെ എല്ലാ വനിതകള്‍ക്കും അഭിമാനം നല്‍കുന്ന ഒരു മൂഹൂര്‍ത്തമാണിതെന്നാണ്‌ കമന്റുകള്‍ . മൂന്നു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി ഞായറാഴ്‌ച രാവിലെ(ജനുവരി 25,2015) ഡല്‍ഹിയിലെത്തിയ ഒബാമയ്‌ക്ക്‌ രാഷ്ട്രപതിഭവനില്‍ വെച്ചു നല്‍കിയ ഗാര്‍ഡ്‌ ഓണറില്‍ അദ്ദേഹത്തെ അനുഗമിക്കാനുള്ള അപൂര്‍വ അവസരം ലഭിച്ചത്‌ പൂജ താക്കൂര്‍ എന്ന എയര്‍ഫോഴ്‌സ്‌ വിങ്‌ കമാന്‍ഡര്‍ക്കായിരുന്നു. ആതിരേ,ഇതാദ്യമായാണ്‌ രാഷ്ട്രപതി ഭവനില്‍ ഒരു വനിത ഗാര്‍ഡ്‌ ഓഫ്‌ ഓണര്‍ നല്‍കുന്നത്‌. രാജ്യത്തിന്‌ അഭിമാനകരമായ നിമിഷമാണിതെന്ന്‌ ഗുജറാത്ത്‌ മുഖ്യമന്ത്രി അനന്ദിബെന്‍ പട്ടേല്‍ പറഞ്ഞു. തനിക്ക്‌ ലഭിച്ച അപൂര്‍ ഭാഗ്യത്തെക്കുറിച്ച്‌ പൂജ താക്കുറും വാചാലയായി. വര്‍ഷങ്ങള്‍ നീണ്ട കഠിന പ്രയത്‌നത്തിന്റെ ഫലമാണിതെന്ന്‌ അവര്‍ പറഞ്ഞു. രാജ്യത്തെ സ്‌ത്രീകള്‍ക്ക്‌ സൈന്യത്തില്‍ ചേരാന്‍ ഇത്‌ പ്രചോദനമാകുമെന്നും അവര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. റിപ്പബ്ലിക്‌ ദിന പരേഡില്‍ ഇതാദ്യമായി സ്‌ത്രീ സൈനികര്‍ അണിനിരന്ന പ്രത്യേക പരിപാടിയും അരങ്ങേറി. സ്‌ത്രീശാക്തീകരണത്തിന്റെ ഭാഗമായാണ്‌ ഉന്നത പരിപാടികളില്‍ വനിതകളെയും ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്‌. സമര്‍പ്പണത്തിന്റെ,കഠിനാദ്ധ്വാനത്തിന്റെ,സ്‌ത്രൈണക്കരുത്തിന്റെ തലയെടുപ്പാണ്‌ പൂജ താക്കൂര്‍. ചിപ്പി കെ.ദേവസ്യയുടെയും പൂജാ താക്കൂറിന്റേയും മുന്നില്‍ എത്രയോ നിസ്സാരയാണ്‌ ലോകത്തിലെ പ്രഥമവനിത മിഷേല്‍ ഒബാമ എന്ന്‌ തെളിയിച്ചിടത്താണ്‌,ആതിരേ, ന്യൂഡല്‍ഹിയിലെ ഇത്തവണത്തെ റിപ്പബ്ലിക്ക്‌ ദിനാചരണത്തിന്‌ ചരിത്രപ്രാധാന്യം കൈവന്നതെന്ന്‌ ഞാന്‍ വിശ്വസിക്കുന്നു.

No comments: