Sunday, August 23, 2009
ഓണമുണ്ണാനുള്ള ഭാഗ്യം നിഷേധിക്കപ്പെട്ട അധ്യാപകരും റവന്യൂ ജീവനക്കാരും
ആതിരേ,സംസ്ഥാന സര്‍ക്കാരിന്റെ കൊള്ളരുതായ്മ മൂലം ശമ്പളം ലഭിക്കാതെ ഈ വര്‍ഷത്തെ ഓണദിവസങ്ങളില്‍ ബുദ്ധിമുട്ടാന്‍ വിധിക്കപ്പെട്ടവര്‍ 3500 അധ്യാപകരും 322 റവന്യൂ ജീവനക്കാരും.
പിടിപ്പുകേടും പ്രതിബദ്ധതയില്ലായ്മയും മൂലം പൊതുവിപണിയിലെ വില അനുനിമിഷം കുതിച്ചുയരുന്നതുകൊണ്ട് കേരളത്തിന് പൊതുവെ ഈ വര്‍ഷത്തെ ഓണം രുചികരമായിരിക്കുകയില്ല. വിലനിയന്ത്രണത്തിന് സര്‍ക്കാര്‍ ഇടപെടുമെന്ന് കരുതിയിരുന്ന സാധാരണക്കാര്‍ അങ്ങനെ നിശേഷം വഞ്ചിക്കപ്പെട്ടിരിക്കുകയാണ്. പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതയാണ് ഇതിന് ഒരുപരിധിവരെ കാരണമായിട്ടുള്ളത്. ധനമന്ത്രാലയം ഭരിക്കുന്ന ഡോ. തോമസ് ഐസക്കും അദ്ദേഹം ഉള്‍പ്പെടുന്ന ഔദ്യോഗിക പക്ഷവും സ്വീകരിച്ചിട്ടുള്ള ധാര്‍ഷ്ട്യവും തന്നിഷ്ടം നിറഞ്ഞതുമായ നിലപാടുകളാണ് ഇത്തവണത്തെ ഓണവിപണിയിലെ വിലക്കയറ്റത്തിന് പ്രധാന കാരണം. സഹകരണമന്ത്രി ജി. സുധാകരനെ ഒതുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി അദ്ദേഹത്തില്‍ നിന്ന് ദേവസ്വം വകുപ്പ് അടര്‍ത്തിയെടുത്ത് കടന്നപ്പള്ളി രാമചന്ദ്രന് നല്‍കിയതിന്റെ തുടര്‍ച്ചയായി സഹകരണവകുപ്പിന്, ഓണച്ചന്തകള്‍ ആരംഭിക്കാന്‍ ആവശ്യപ്പെട്ട പണം നല്‍കാതെ അദ്ദേഹത്തെ പാര്‍ട്ടിക്കുള്ളിലും പൊതുജനമധ്യത്തിലും താറടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതുമൂലം തോമസ് ഐസക്കിനോ പിണറായി വിജയനോ ജയരാജന്മാര്‍ക്കോ അല്ല നഷ്ടമുണ്ടാകുന്നത് മറിച്ച് അവര്‍ക്ക് വോട്ട് ചെയ്തവരും അവരെ നേതാക്കന്മാരായി കൊണ്ടുനടക്കുന്നവരും അടങ്ങുന്ന സാധാരണ ജനങ്ങള്‍ക്കാണ്. ഓണം അങ്ങനെ ഇത്തവണ കൈപ്പേറിയതായി മാറിയതിനിടയിലാണ്,ആതിരെ രണ്ട് വകുപ്പുകളുടെ കൊള്ളരുതായ്മ മൂലം 3750 ഓളം ജീവനക്കാര്‍ ശമ്പളമില്ലാതെ വലയുന്നത്.
അറിയുക,നാല് വര്‍ഷമായി നിയമനഅംഗീകാരമില്ലാതെ ബുദ്ധിമുട്ടുന്നവരാണ് സംസ്ഥാനത്തെ 3500 ല്‍ അധികം അധ്യാപകര്‍. ഇവരില്‍ ഭൂരിപക്ഷവും എയ്ഡഡ് സ്കൂളുകളിലാണ് ജോലി നോക്കുന്നത്. പഠിപ്പിക്കലാണ് ജോലിയെങ്കിലും ശമ്പളം കിട്ടാത്തതുമൂലം ഇവരില്‍ പലരും നിത്യവൃത്തിയ്ക്ക് ആശ്രയിക്കുന്നത് കൂലിപ്പണിയാണെന്ന് പറയുമ്പോള്‍ രണ്ടാം മുണ്ടശേരി ഭരിക്കുന്ന വിദ്യാഭ്യാസ വകുപ്പിന്റെ തെമ്മാടിത്തം ഊഹിക്കാനാകുന്നില്ലെ?
എയ്ഡഡ് ഹൈസ്കൂളുകളിലും യുപി സ്കൂളുകളിലും വിദ്യാര്‍ത്ഥികളുടെ വര്‍ധന മൂലം അധികം വന്ന തസ്തികകളിലേയ്ക്ക് 2006 ജൂണ്‍ മുതല്‍ നിയമിക്കപ്പെട്ട അധ്യാപകരുടെ നിയമന അംഗീകാരമാണ് ഇനിയും തീര്‍ച്ചയില്ലാതെ നീളുന്നത്. 10 ലക്ഷം രൂപവരെ കോഴ നല്‍കി ജോലി നേടിയവര്‍ വരെ ഇക്കൂട്ടത്തിലുണ്ട്. കടം വാങ്ങിയും പണയപ്പെടുത്തിയുമാണ് ഭീമമായ ഈ തുക പലരും സ്വരൂപിച്ചത്. അതുമൂലമുള്ള കടക്കെണിയും ശമ്പളം ലഭിക്കാത്തതുമൂലമുള്ള ഗതികേടും കൊണ്ട് കൂലിപ്പണിയെടുത്തില്ലെങ്കില്‍ വീട്ടില്‍ അടുപ്പെരിയുകയില്ല എന്നതാണ് ഇവരില്‍ പലരുടെയും ദയനീയത. പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കൊല്ലം, തിരുവനന്തപുരം തുടങ്ങിയ ജില്ലകളിലാണ് ഇവര്‍ ഇങ്ങനെ നരകിക്കുന്നത്.
തങ്ങളുടെ ദയനീയാവസ്ഥ ബോധ്യപ്പെടുത്താന്‍ നിവേദനങ്ങളുമായി ഇവര്‍ മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, സിപിഎം സംസ്ഥാന സെക്രട്ടറി എന്നിവരെ പലവട്ടം കണ്ടതാണ്, ആതിരെ. എന്നിട്ടും നടപടിയുണ്ടാകാത്തിനെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂള്‍ കലോത്സവവേദിയിലേയ്ക്ക് പ്രതിഷേധ മാര്‍ച്ചും നടത്തി. കേളന്‍ കുലുങ്ങിയാലും ബേബി കുലുങ്ങുകയില്ലല്ലൊ. . ഇതുമൂലം കഴിഞ്ഞ ഓണത്തിന് സെക്രട്ടേറിയറ്റ് നടയില്‍ പട്ടിണി സദ്യ നടത്തിയും ഇവര്‍ പ്രതിഷേധം അറിയിച്ചതാണ്. അതുകഴിഞ്ഞ് വര്‍ഷമൊന്നുകഴിഞ്ഞു; ഓണവുമെത്തി. അപ്പോഴും വഞ്ചി തിരുനക്കര തന്നെ എന്ന അവസ്ഥയാണ്.
വിദ്യാഭ്യാസ മാനേജ്മെന്റും രണ്ടാം മുണ്ടശേരിയും തമ്മിലുള്ള അവിഹിതവും അനാശാസ്യവുമായ ബന്ധത്തിന് ഇതില്‍ പരം മറ്റൊരു തെളിവ് ഇനി നിരത്താനില്ല.
നിയമനത്തിന് കോഴപ്പണം വാങ്ങാന്‍ അനുവാദം നല്‍കി വിദ്യാഭ്യാസ വാണിക്കുകളെ പോഷിപ്പിച്ചും അവരില്‍ നിന്ന് പാര്‍ട്ടിക്കും മറ്റും കമ്മീഷന്‍ പറ്റിയും ബേബി മന്ത്രിയായി ഓണാഘോഷങ്ങളില്‍ പങ്കെടുത്ത് മൂക്കുമുട്ടെ സദ്യ ഉണ്ണുമ്പോഴാണ് ആതിരെ, 3500ഓളം വരുന്ന അധ്യാപകരും അവരുടെ ആശ്രിതരും ഇത്തവണത്തെ ഓണത്തിന് പട്ടിണി കിടക്കേണ്ട അവസ്ഥയുള്ളത്. ഈ വകുപ്പും അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും പൊളിച്ചടക്കിയശേഷം മാത്രമേ മന്ത്രിസ്ഥാനം ഒഴിയുകയുള്ളു എന്ന രണ്ടാം മുണ്ടശേരിയുടെ അശ്ലീലതയുടെ ബലിയാടുകളാണ് ഇവരെല്ലാം.
സമാനസ്വഭാവമുള്ള ദുരിതമാണ് നാഷണല്‍ ഹൈവേ വികസനത്തിന് രൂപം കൊടുത്ത അക്വിസിഷന്‍ ഓഫീസുകളിലെ 322 ജീവനക്കാര്‍ നേരിടുന്നത്. നാഷണല്‍ ഹൈവേ ഡെവലപ്മെന്റ് അതോറിട്ടി ഇവര്‍ക്കായി അനുവദിച്ച കോടിക്കണക്കിന് രൂപ സര്‍ക്കാര്‍ ഖജനവില്‍ കിടക്കുമ്പോഴാണ് ഈ ഓണത്തിന് ഇവരും പട്ടിണി അനുഭവിക്കേണ്ടി വരുന്നത്.
കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ദേശീയപാതയുടെ വികസനത്തിനായി പൊന്നുംവിലയ്ക്ക് സ്ഥലമെടുക്കാന്‍ ബിഒടി പദ്ധതി പ്രകാരം 16 ലാന്‍ഡ് അക്വിസിഷന്‍ ഓഫീസുകളാണ് സംസ്ഥാന സര്‍ക്കാ ര്‍ ആരംഭിച്ചത്. പ്യൂണ്‍ മുതല്‍ സ്പെഷല്‍ തഹസീല്‍ദാര്‍ ഉള്‍പ്പെടെയുള്ള 322 ജീവനക്കാരെ ഇതിനായി നിയമിക്കുകയും ചെയ്തു. 8 ജില്ലകളിലായിരുന്നു നിയമനം. റവന്യൂ വകുപ്പിലെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്ത ഇവരില്‍ ഭൂരിപക്ഷം പേരെയും, ഏറെ സമ്മര്‍ദ്ദങ്ങളുടെ ഫലമായി രണ്ടുമാസം മുമ്പാണ് നിയമിച്ചത്. ഇവരുടെ ശമ്പളം കേന്ദ്രഫണ്ടില്‍ നിന്നാണ് നല്‍കേണ്ടത്. ജീവനക്കാരുടെ ശമ്പളം അടക്കമുള്ള ചെലവുകള്‍ക്കായി ഓരോ ജില്ലയിലെയും ഡെപ്യൂട്ടി കളക്ടര്‍ക്ക് അമ്പത് ലക്ഷം രൂപവീതം അനുവദിച്ചതുമാണ്.
എന്നാല്‍, ശമ്പളം അടക്കമുള്ള ചെലവുകള്‍ക്കായി പണം ഖജനാവില്‍ നിന്ന് മാറണമെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ ഹെഡ് ഓഫ് അക്കൗണ്ട് അനുവദിച്ച് നല്‍കണം. എങ്കില്‍ മാത്രമേ ഖജനാവില്‍ നിന്ന് പണം പിന്‍വലിക്കാന്‍ അക്കൗണ്ടന്റ് ജനറല്‍ അനുമതി നല്‍കുകയുള്ളു. ഹെഡ് ഓഫ് അക്കൗണ്ട് നല്‍കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ മടി കാണിച്ചതോടെയാണ് ശമ്പള ബില്ലുകള്‍ അടക്കമുള്ള അടിയന്തിര ആവശ്യങ്ങള്‍ക്ക് പണം ലഭിക്കാത്തത്. ഇതുമൂലം ഈ ഓഫീസുകളുടെ പ്രവര്‍ത്തനവും മരവിച്ചിരിക്കുകയാണ്. ഈ വര്‍ഷം ഡിസംബര്‍ 31നകം ദേശീയ പാത വികസനത്തിനുള്ള സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കണം. 2012 വരെയാണ് പദ്ധതിയുടെ സമയം. എന്നാല്‍, സ്ഥലമെടുപ്പ് തുടങ്ങിയിടത്തുതന്നെ നില്‍ക്കുന്നതുകൊണ്ട് ഇപ്പോഴത്തെ നിലയില്‍ ഡിസംബര്‍ 31ന് മുമ്പ് അത് പൂര്‍ത്തിയാക്കാന്‍ കഴിയുകയില്ല. വികസനത്തിന് സ്ഥലമെടുത്ത് നല്‍കുന്നതില്‍ സംസ്ഥാന റവന്യൂ വകുപ്പ് ഗുരുതരമായ വീഴ്ചയാണ് വരുത്തുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ പലവട്ടം ആരോപിച്ചിട്ടുള്ളതാണ്. ആ ആരോപണത്തെ ശക്തിപ്പെടുത്തുന്നതാണ് ഇക്കാര്യത്തിലുള്ള മെല്ലെ പോക്ക്.
ഇത് പൊതുവായ പ്രശ്നം എന്നാല്‍, കയ്യില്‍ പണമുണ്ടായിട്ടും സാങ്കേതികമായ ഒരു നടപടി പൂര്‍ത്തിയാക്കാത്തതു മൂലം 322 ജീവനക്കാര്‍ക്ക് ഓണത്തിന് ശമ്പളമോ ബോണസോ അഡ്വാന്‍സോ ലഭിക്കുകയില്ല.
നോക്കൂ,ഏറെ പ്രതീക്ഷകളോടെ തെരഞ്ഞെടുത്ത ഒരു സര്‍ക്കാര്‍ എങ്ങനെയെല്ലാമാണ് സാധാരണക്കാരായ വോട്ടര്‍മാരെയും നികുതിദായകരെയും വഞ്ചിക്കുന്നത് എന്നതിന്റെ രണ്ട് ഉദാഹരണങ്ങളാണ് ഇവ. പാര്‍ട്ടിക്കുള്ളിലെയും മുന്നണിയ്ക്കുള്ളിലെയും പടലപിണക്കങ്ങള്‍ മൂലം ഭരണം കാര്യക്ഷമമായി കൊണ്ടുപോകാന്‍ കഴിയാത്തതിന്റെ തിരിച്ചടി കൂടിയാണിത്. ഇതുമായ ബന്ധപ്പെട്ട മന്ത്രിമാര്‍ക്കോ വകുപ്പ് തലവന്‍മാര്‍ക്കോ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കോ തിരിച്ചടികളോ നഷ്ടങ്ങളൊ ഉണ്ടാകുന്നില്ല. മറിച്ച് ലാഭം നിരവധിയുണ്ടുതാനും. അപ്പോഴാണ് ശമ്പളം പോലും ലഭിക്കാതെ ഇത്രയും ജീവനക്കാര്‍ ഓണനാളുകളില്‍ പോലും പട്ടിണിയുണ്ണാന്‍ വിധിക്കപ്പെടുന്നത്.
ഇവിടെയാണ് ആതിരെ ഉമ്മന്‍ ചാണ്ടിയും രമേഷ് ചെന്നിത്തലയും കെ.എം. മാണിയും കുഞ്ഞാലിക്കുട്ടിയുമൊക്കെ നേതൃത്വം നല്‍കുന്ന പ്രതിപക്ഷം എവിടെ ചൊറി കുത്തിയിരിക്കുകയാണെന്ന ചോദ്യം ഉയരുന്നത്. ഒരു സര്‍ക്കാര്‍ ഇത്രയ്ക്ക് നഗ്നമായി കേരളത്തിലെ ജനങ്ങളെയും ജീവനക്കാരെയും ഓണനാളുകളില്‍ പോലും വഞ്ചിച്ചിട്ടും ഒരു പ്രതിഷേധ സമരം നടത്താന്‍ പോലും കെല്‍പ്പില്ലാത്ത ഈ രാഷ്ട്രീയ ഷണ്ഡന്മാരാണ് ഭരണകക്ഷിയുടെ അഹന്തയ്ക്കും തോന്ന്യാസത്തിനും തെമ്മാടിത്തരത്തിനും വളം വെച്ച് കൊടുക്കുന്നത്. അതുകൊണ്ട് പ്രതീക്ഷയ്ക്ക് എന്തെങ്കിലും വകയുണ്ടാകണമെങ്കില്‍ ഈ രണ്ട് വഞ്ചക പരിഷക്കൂട്ടങ്ങള്‍ക്കെതിരായുള്ള ജനകീയ മുന്നേറ്റമാണ് ഉണ്ടാകേണ്ടത്. പക്ഷെ, അതിന് കേരളീയര്‍ക്ക് മനസ്സുമില്ല. അപ്പോള്‍ പിന്നെ കിട്ടുന്ന അടിയെല്ലാം വാങ്ങിച്ചു കെട്ടുക എന്നല്ലാതെ മറ്റെന്താണ് പോംവഴിയുള്ളത് ആതിരെ.
Subscribe to:
Post Comments (Atom)
1 comment:
koozha koduthu maashakunnavanokke ithu thanne veenam.aided school niyamanam psc kku vidaan therumaanichathaanallo randaam mndasseri. thhanokke appool evide pooyirunnu.thhanokke pooyi karshaka penshanapeeksha kodu. isac pension koottiyittundu. oonathinathu mathiyaakum.
Post a Comment