Tuesday, January 26, 2010

മൂന്നാര്‍ വീണ്ടും ഊരകല്ലാകുമ്പോള്‍

അതേ മൂന്നാര്‍ വീണ്ടും ഇടതുപക്ഷ പാര്‍ട്ടികളുടെയും എല്‍ഡിഎഫ്‌ ഭരണത്തിന്റെയും സത്യസന്ധതയുടെ ഊരകല്ലാവുകയാണ്‌. അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുമ്പോള്‍ സാധാരണ കര്‍ഷകര്‍ക്കും കച്ചവടക്കാര്‍ക്കോ പ്രതികൂലമാവുകയില്ല എന്നാണ്‌ സര്‍ക്കാരിന്റെ വിശദീകരണം. എന്നാല്‍, സാധാരണക്കാരെ വരെ ഇടിച്ചുനിരത്തി ഇറക്കിവിടും എന്ന മട്ടിലുള്ള പ്രചാരണമാണ്‌ സിപിഎം ഔദ്യോഗിക പക്ഷവും ചില മത നേതാക്കളും സംഘടനകളും ഇപ്പോള്‍ നടത്തുന്നത്‌. ആദ്യ ഒഴിപ്പിക്കല്‍ നടപടി അട്ടിമറിച്ചത്‌ റിസോര്‍ട്ട്‌-ഭൂമി മാഫിയ ആയിരുന്നെങ്കില്‍ ഇത്തവണ സാധാരണ കുടിയേറ്റക്കാരെ മുന്നില്‍ നിര്‍ത്തി കളിക്കാനാണ്‌ ഈ സമൂഹവിരുദ്ധരുടെ സഹായികളായ വിപ്ലവാചാരിമാര്‍ പോലും ശ്രമിക്കുന്നത്‌. ഇവിടെ, ഇത്തവണ ആരു ജയിക്കും എന്ന കാര്യത്തില്‍ അത്രയൊന്നും കൗതുകം പൊതുസമൂഹത്തിനില്ലെങ്കിലും റിസോര്‍ട്ട്‌ മാഫിയയ്ക്കും ഭൂമാഫിയയ്ക്കും വനം കയ്യേറ്റക്കാര്‍ക്കും കൂച്ചുവിലങ്ങിടാന്‍ ഈ നടപടികൊണ്ട്‌ സര്‍ക്കാരിന്‌ കഴിയുമോ എന്നറിയാന്‍ ജനങ്ങള്‍ക്ക്‌ താല്‍പര്യമുണ്ട്‌. ഒന്നാം ദൗത്യത്തിലെന്നപോലെ അച്യുതാനന്ദന്‍ കേവലം പ്രഖ്യാപനങ്ങളിലൊതുങ്ങി കേരളീയരെ വഞ്ചിക്കുമോ എന്നറിയാനും പൊതുസമൂഹം മൂന്നാറിലേക്ക്‌ ഉറ്റുനോക്കുകയാണ്‌.

"ഒരുകൂട്ടം കാമാര്‍ത്ഥരുടെ ഇരയായ നിസ്സഹായയ്ക്ക്‌ തുല്ല്യമാണ്‌" മൂന്നാര്‍ എന്ന പരാമര്‍ശത്തോടെ, മൂന്നാറിലെ എല്ലാ അനധികൃത കയ്യേറ്റങ്ങളും ഒഴിവാക്കണമെന്ന കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി വന്നതോടെ, ആതിരേ കേരള രാഷ്ട്രീയത്തില്‍ മറ്റൊരു വിവാദം ഉരുവം കൊണ്ടിരിക്കുകയാണ്‌.
ഇടതുപക്ഷ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്‌ മുമ്പ്‌, മുഖ്യമന്ത്രി അച്യുതാനന്ദന്റെ പ്രത്യേക താല്‍പര്യപ്രകാരം ആരംഭിച്ച മൂന്നാര്‍ ഒഴിപ്പിക്കല്‍ കേരളത്തിലാകെ ഒരു ചലനം സൃഷ്ടിച്ചിരുന്നതു ഓര്‍മ്മയുണ്ടാകണം.. സര്‍ക്കാര്‍ വനഭൂമിയും റവന്യൂഭൂമിയും കയ്യേറി താന്തോന്നിത്തം നടത്തുന്ന റിസോര്‍ട്ട്‌ മാഫിയയ്ക്കും ഭൂമാഫിയ്ക്കുമെതിരായുള്ള ആ പോരാട്ടത്തിന്‌ കേരളത്തിലെ പൊതുസമൂഹത്തില്‍ നിന്ന്‌ രാഷ്ട്രീയത്തിന്‌ അതീതമായ പിന്തുണയാണ്‌ സര്‍ക്കാരിന്‌ ലഭിച്ചത്‌. മൂന്നാറില്‍ പ്രത്യേക ദൗത്യസംഘത്തിന്റെ നേതൃത്വത്തില്‍ നടന്ന ആ ഒഴിപ്പിക്കല്‍ നടപടിയുടെ അനുരണനങ്ങള്‍ കേരളത്തിലെമ്പാടും ദൃശ്യമായിരുന്നു. അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നത്‌ കാണാന്‍ ജോലിയും സിനിമയും ഉപേക്ഷിച്ച്‌ ജനങ്ങള്‍ കാത്തുനിന്നത്‌ മറക്കാനാവാത്ത ദൃശ്യമാണ്‌.
എന്നാല്‍,ആതിരേ, മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയിലെ ഔദ്യോഗിക വിഭാഗവും റവന്യൂ വകുപ്പ്‌ ഭരിക്കുന്ന സിപിഐയുടെ ഉന്നത നേതാക്കളുമടങ്ങിയ ഇടതുമുന്നണി നേതൃത്വത്തിലെ ഒരു വിഭാഗം തന്നെ ഈ നടപടിക്ക്‌ തുരങ്കം വെയ്ക്കുന്ന കാഴ്ചയാണ്‌ പിന്നീട്‌ കണ്ടത്‌. പിണറായി വിജയനും പന്ന്യന്‍ രവീന്ദ്രനുമൊക്കെ ഈ പാരപണിക്ക്‌ കൂട്ടുനില്‍ക്കുന്നത്‌ കണ്ട്‌ കേരളം ഞെട്ടുകയും ചെയ്തു. റിസോര്‍ട്ട്‌ മാഫിയയ്ക്കും ഭൂമാഫിയ്ക്കും കുടിയേറ്റ തെമ്മാടിത്തത്തിനും വിപ്ലവ പാര്‍ട്ടികളുടെ നേതാക്കളുടെ തന്നെ ആശീര്‍വാദമുണ്ടെന്ന്‌ അങ്ങനെ കേരളവും മുഖ്യമന്ത്രി അച്യുതാനന്ദനും അദ്ദേഹത്തിന്റെ പൂച്ചകളും തിരിച്ചറിഞ്ഞു. അപ്പോഴേക്കും പിന്നീട്‌ ഒരടിപോലും മുന്നോട്ട്‌ വെക്കാനാവാത്ത വിധം ഒഴിപ്പിക്കല്‍ നടപടി അട്ടിമറിക്കപ്പെടുകയും ചെയ്തു. മൂന്നാറില്‍ അനധികൃതമായി സ്വന്തമാക്കിയ സ്ഥലത്താണ്‌ സിപിഐയുടെയും സിപിഎമ്മിന്റെയും പാര്‍ട്ടി ഓഫീസുകള്‍ സ്ഥിതി ചെയ്യുന്നതെന്നും അതുകൊണ്ട്‌ അത്‌ ഒഴിയേണ്ടിവരും എന്ന്‌ ബോധ്യമായപ്പോഴാണ്‌ സര്‍ക്കാര്‍ നടപടിക്കെതിരെ ഈ രണ്ട്‌ പാര്‍ട്ടികളുടെ നേതാക്കന്മാരും വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്‌. മൂന്നാര്‍ ഒഴിപ്പിക്കലിന്റെ ക്രെഡിറ്റ്‌ അച്യുതാനന്ദന്‍ തനിയെ പോക്കറ്റിലാക്കുന്നു അത്‌ തടയണം എന്ന മട്ടിലാണ്‌ പിണറായി വിജയന്‍ പ്രഖ്യാപനങ്ങളും പ്രസ്താവനകളുമായി രംഗത്തെത്തിയതെങ്കില്‍ മൂന്നാറിലെ സിപിഐ ഓഫീസിന്റെ ഒരുഭാഗം ദൗത്യസംഘത്തിന്റെ ജെസിബികള്‍ തകര്‍ത്തതോടെയാണ്‌ പന്ന്യന്‍ രവീന്ദ്രന്‍ അടക്കമുള്ളവര്‍ രോഷാകുലരായി, മുഖ്യമന്ത്രിയെ ഭര്‍ത്സിച്ച്‌ രംഗത്തെത്തിയത്‌.ആതിരേ, രണ്ടുകൂട്ടരുടെയും ഉദ്ദേശ്യം ഒന്നുതന്നെയായിരുന്നു. അനധികൃതമായി സമ്പാദിച്ച സ്ഥലത്തെ പാര്‍ട്ടിഓഫീസുകള്‍ സുരക്ഷിതമാക്കുക, മൂന്നാറില്‍ അനധികൃതമായി ഭൂമി സമ്പാദിച്ച പാര്‍ട്ടി നേതാക്കളെയും അണികളെയും രക്ഷിക്കുക. ഇക്കാര്യത്തില്‍ സിപിഎമ്മും സിപിഐയും വിജയിക്കുക തന്നെ ചെയ്തു.
ഒരു സംസ്ഥാന മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം അനധികൃത കയ്യേറ്റം ഒഴിപ്പിക്കാന്‍ തയ്യാറായ മുതിര്‍ന്ന ഉദ്യോഗസ്ഥരെയും കേരള ജനതയെയും ആയിരുന്നു , ആതിരേ, ഇവര്‍ ഈ നടപടികളിലൂടെ വിഡ്ഢികളാക്കിയത്‌. മൂന്നാറില്‍ നിയമപ്രാബല്യമില്ലാത്ത രവീന്ദ്രന്‍ പട്ടയത്തിലൂടെയായിരുന്നു അനീതിക്കെതിരെ പോരാടുന്നു എന്ന്‌ അവകാശപ്പെടുന്ന ഈ രണ്ട്‌ വിപ്ലവ പാര്‍ട്ടികളും അവിടെ പാര്‍ട്ടി ഓഫീസുകള്‍ക്ക്‌ സ്ഥലം കണ്ടെത്തിയത്‌. സമുന്നതനായ പി.കെ. വാസുദേവന്‍ നായരെ കര്‍ഷകനാക്കിയാണ്‌ സിപിഐ പാര്‍ട്ടി ഓഫീസിന്‌ അവിടെ സ്ഥലം സ്വന്തമാക്കിയത്‌. ഈ വാസ്തവങ്ങളെല്ലാം പുറത്തുവന്നിട്ടും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയിലെ ഔദ്യോഗിക വിഭാഗത്തിനോ സിപിഐയില്‍ മുടി വളര്‍ത്തിയ നേതാവിനൊ മുടി കറുപ്പിച്ച മന്ത്രിക്കോ അല്‍പ്പം പോലും ഉളുപ്പുണ്ടായില്ല എന്നതാണ്‌ മലയാളികളെ ഞെട്ടിച്ച മറ്റൊരു വസ്തുത. താന്‍ വിതരണം ചെയ്ത പട്ടയങ്ങള്‍ നിയമപ്രാബല്യം ഉള്ളവയല്ല എന്നും അവ റദ്ദാക്കണമെന്നും രവീന്ദ്രന്‍ തന്നെ ആവശ്യപ്പെട്ടിട്ടും നടപടിയെടുക്കാനാവാത്ത വിധം റിസോര്‍ട്ട്‌ മാഫിയയുടെയും ഭൂമാഫിയയുടെയും വെട്ടിലാവുകയായിരുന്നു അച്യുതാനന്ദന്‍ സര്‍ക്കാര്‍. ഈ നാണക്കേട്‌ ഒഴിവാക്കാന്‍ പിന്നെയും ജുഗുപ്സാവഹങ്ങളായ നടപടികളാണ്‌ സര്‍ക്കാരിന്റെ ഭാഗത്ത്‌ നിന്നുണ്ടായത്‌. പുതിയ ദൗത്യസംഘത്തെ നിയോഗിക്കുകയും അനധികൃത കയ്യേറ്റം ഒഴിപ്പിക്കല്‍ എന്നത്‌ ആദിവാസികള്‍ക്കുള്ള ഭൂമി വിതരണമാക്കി മാറ്റുകയും ചെയ്ത്‌ കേരള ജനങ്ങളെ മുഴുവന്‍ ഈ സര്‍ക്കാര്‍ വിഡ്ഢികളാക്കി.
അതിന്‌ സമാനമായ നടപടികളാണ്‌ റവന്യൂവകുപ്പ്‌ പിന്നീടും തുടര്‍ന്നുപോന്നത്‌. എന്നാല്‍, കേരള ഹൈക്കോടതിയെ കുരങ്ങ്‌ കളിപ്പിക്കാന്‍ ഇതുകൊണ്ടൊന്നും കഴിയാതെ പോയപ്പോഴാണ്‌ കഴിഞ്ഞ ആതിരേ, ആഴ്ച, പോള്‍ ജോര്‍ജ്‌ വധക്കേസ്‌ സിബിഐയ്ക്ക്‌ വിട്ടുകൊണ്ട്‌ വിധി പ്രഖ്യാപിച്ച ദിവസം തന്നെ, മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന ഉത്തരവ്‌ ചീഫ്‌ ജസ്റ്റിസ്‌ എസ്‌. ആര്‍. ബന്നൂര്‍ മഠ്‌, ജസ്റ്റിസ്‌ തോട്ടത്തില്‍ ബി. രാജശേഖരന്‍ എന്നിവരങ്ങിയ ഡിവിഷന്‍ ബഞ്ചില്‍ നിന്നുണ്ടായത്‌.
ഈ ഉത്തരവ്‌ മുഖ്യമന്ത്രി അച്യുതാനന്ദന്‌ പുതിയ ഊര്‍ജ്ജം പകര്‍ന്നിട്ടുണ്ട്‌ എന്നാണ്‌ കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ അദ്ദേഹം നടത്തിയ പ്രസ്താവന വ്യക്തമാക്കുന്നത്‌. ഒരു കയ്യേറ്റക്കാരനെയും വെറുതെ വിടുകയില്ല എന്നുമാത്രമല്ല കയ്യേറ്റക്കാര്‍ക്ക്‌ തുണ നിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകും എന്നാണ്‌ അദ്ദേഹം പ്രഖ്യാപിച്ചത്‌. ഇതാകട്ടെ പാര്‍ട്ടിയുടെ നയത്തില്‍ നിന്നുള്ള വ്യതിയാനമാണ്‌. ഔദ്യോഗിക പക്ഷം മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന കാര്യത്തില്‍ ഇതുവരെ സ്വീകരിച്ചിട്ടുള്ള നയം റിസോര്‍ട്ട്‌ മാഫിയയ്ക്കും ഭൂമാഫിയയ്ക്കും അനുകൂലമായതാണ്‌. ഈ നയം തന്നെയാണ്‌ പാര്‍ട്ടിയും സ്വീകരിച്ചിരിക്കുന്നത്‌. അതുകൊണ്ട്‌ മുഖ്യമന്ത്രിയുടെ തീരുമാനവും പ്രഖ്യാപനവും പാര്‍ട്ടി വിരുദ്ധമാണെന്ന്‌ വ്യാഖ്യാനിച്ച്‌ അദ്ദേഹത്തിനെതിരായുള്ള പടയൊരുക്കത്തിനുള്ള ഗൂഢശ്രമം ആരംഭിച്ചിരക്കുകയാണ്‌. പാര്‍ട്ടിയുടെ ഇടുക്കി ജില്ല സെക്രട്ടറി എംഎം മണിയെ രംഗത്തിറക്കിക്കൊണ്ടാണ്‌ ഔദ്യോഗിക വിഭാഗം മുഖ്യമന്ത്രിക്കെതിരായുള്ള തുറന്ന യുദ്ധത്തിന്‌ പോര്‍മുഖം തുറന്നിരിക്കുന്നത്‌. കയ്യേറ്റമൊഴിപ്പിക്കാന്‍ മൂന്നറിലേക്കിനി വന്നാല്‍ വിവരമറിയുമെന്നാണ്‌ എം.എം മണിയുടെ ഭീഷണി. ഇത്‌ ഔദ്യോഗിക നേതൃത്വത്തിന്റെ അറിവോടുകൂടിയല്ലാതെ ഉണ്ടാകാന്‍ ഇടയില്ല.
എന്നാല്‍,ആതിരേ, മണിയെ രംഗത്തിറക്കുന്നതിന്‌ മുമ്പുതന്നെ സിപിഎമ്മിന്റെ നേതൃത്വത്തിനുള്ള പടയൊരുക്കം ആരംഭിച്ചിരുന്നു. മൂന്നാറിലെയും പരിസരപ്രദേശങ്ങളിലെയും ലോക്കല്‍ കമ്മിറ്റികളുടെ യോഗം അടിയന്തിരമായി വിളിച്ചുചേര്‍ത്താണ്‌, വീണ്ടും മൂന്നാറിലേക്ക്‌ ദൗത്യസംഘത്തെ നിയോഗിച്ചാല്‍ സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ച ചെയ്തതത്‌. ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന്‌ മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്ന എന്ന സൂചന ലഭിച്ചതോടെയാണ്‌ ഈ രഹസ്യയോഗം വിളിച്ചു കൂട്ടിയത്‌. മുതിര്‍ന്ന നേതാക്കളാണ്‌ യോഗത്തില്‍ പങ്കെടുത്തത്‌.
ഇനിയൊരു ദൗത്യസംഘം മൂന്നാറിലെത്തിയാല്‍ അവരുടെ ഇടപെടല്‍ മൂലം ദുരിതത്തിലാകാന്‍ ഇടയുള്ള സാധാരണക്കാരെ മുന്നില്‍ നിര്‍ത്തി ദൗത്യസംഘത്തിന്റെ നടപടികളെ പ്രതിരോധിക്കാനാണ്‌ ഈ യോഗത്തില്‍ തീരുമാനമായത്‌. ഇതിന്റെ അടിസ്ഥാനത്തില്‍, അനധികൃത ഭൂമി ഇടപാടുകളുടെയും നിര്‍മാണപ്രവര്‍ത്തനങ്ങളുടെയും പേരില്‍ റവന്യൂ വകുപ്പില്‍ നിന്ന്‌ കാരണം കാണിക്കല്‍ നോട്ടീസ്‌ ലഭിച്ച സാധാരണക്കാരുടെ ഒട്ടേറെ സംഘത്തെ തന്നെ നിയോഗിച്ചിട്ടുണ്ട്‌. എന്നുമാത്രമല്ല, സിപിഎം പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ സര്‍വ്വകക്ഷി യോഗം വിളിച്ച്‌ പുതിയ ദൗത്യസംഘത്തിനെതിരെ പരസ്യനിലപാടെടുപ്പിക്കാനും ഈ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്‌.
പരിസ്ഥിതി പ്രശ്നങ്ങളോ സര്‍ക്കാരിന്റെ ജനക്ഷേമ നടപടികളോ കോടതിയുടെ പ്രകൃതി സംരക്ഷണത്തിനുള്ള ഇടപെടലുകളോ അനുവദിക്കുകയില്ല എന്ന ശാഠ്യത്തിലാണ്‌ സിപിഎമ്മിലെ ഔദ്യോഗിക വിഭാഗമെന്ന്‌ മേല്‍ സൂചിപ്പിച്ച സംഭവങ്ങള്‍ വ്യക്തമാക്കുന്നു. ഒരു പാര്‍ട്ടിക്കുള്ളിലും ഒരു സര്‍ക്കാരിനുള്ളിലും നിന്നുകൊണ്ട്‌ പാരപണിയുന്ന ഈ വിപ്ലവ വഞ്ചനയ്ക്കാണ്‌ പിണറായി വിജയനടക്കമുള്ളവര്‍ പിന്തുണ നല്‍കുന്നതെന്ന സത്യമറിഞ്ഞ്‌ ലജ്ജിക്കാനെ നമുക്ക്‌ കഴിയുകയുള്ളു.
എന്നാല്‍, ഇവിടെ ഒന്നാം മൂന്നാര്‍ ഒഴിപ്പിക്കല്‍ കാലഘട്ടത്തില്‍ നിന്ന്‌ വ്യത്യസ്ഥമായ നിലപാടാണ്‌ ഇപ്പോള്‍ സിപിഐ സ്വീകരിച്ചിട്ടുള്ളത്‌. ഇത്‌ ശുഭോദര്‍ക്കമായ ലക്ഷണമാണ്‌. മൂന്നാറില്‍ സര്‍ക്കാരില്‍ നിക്ഷിപ്തമായിട്ടുള്ള ഭൂമി മുഴുവന്‍ ഏറ്റെടുക്കാന്‍ വനം വകുപ്പ്‌ തീരുമാനിച്ചിട്ടുണ്ട്‌ എന്നാണ്‌ കഴിഞ്ഞദിവസം വനം മന്ത്രി ബിനോയ്‌ വിശ്വം വിശദീകരിച്ചത്‌. അനധികൃത കയ്യേറ്റങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക്‌ വകുപ്പ്‌ തല നിര്‍ദേശവും ലഭിച്ചിട്ടുണ്ട്‌. മൂന്നാറിലെ ഒരു അനധികൃത കയ്യേറ്റവും അംഗീകരിക്കുന്ന പ്രശ്നമില്ലെന്നും ഒഴിപ്പിക്കല്‍ ശക്തമായിതന്നെ തുടരുമെന്നുമാണ്‌ സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ ഇന്നലെ പ്രസ്താവിച്ചത്‌. എന്തുവന്നാലും ഈ നടപടിയില്‍ നിന്ന്‌ പിന്നോട്ട്‌ പോകുന്ന പ്രശ്നമില്ല എന്ന്‌ അദ്ദേഹം അടിവരയിട്ട്‌ പറയുകയും ചെയ്തു.
അതേ മൂന്നാര്‍ വീണ്ടും ഇടതുപക്ഷ പാര്‍ട്ടികളുടെയും എല്‍ഡിഎഫ്‌ ഭരണത്തിന്റെയും സത്യസന്ധതയുടെ ഊരകല്ലാവുകയാണ്‌ ആതിരേ. അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുമ്പോള്‍ സാധാരണ കര്‍ഷകര്‍ക്കും കച്ചവടക്കാര്‍ക്കോ പ്രതികൂലമാവുകയില്ല എന്നാണ്‌ സര്‍ക്കാരിന്റെ വിശദീകരണം. എന്നാല്‍, സാധാരണക്കാരെ വരെ ഇടിച്ചുനിരത്തി ഇറക്കിവിടും എന്ന മട്ടിലുള്ള പ്രചാരണമാണ്‌ സിപിഎം ഔദ്യോഗിക പക്ഷവും ചില മത നേതാക്കളും സംഘടനകളും ഇപ്പോള്‍ നടത്തുന്നത്‌. ആദ്യ ഒഴിപ്പിക്കല്‍ നടപടി അട്ടിമറിച്ചത്‌ റിസോര്‍ട്ട്‌-ഭൂമി മാഫിയ ആയിരുന്നെങ്കില്‍ ഇത്തവണ സാധാരണ കുടിയേറ്റക്കാരെ മുന്നില്‍ നിര്‍ത്തി കളിക്കാനാണ്‌ ഈ സമൂഹവിരുദ്ധരുടെ സഹായികളായ വിപ്ലവാചാരിമാര്‍ പോലും ശ്രമിക്കുന്നത്‌. ഇവിടെ, ഇത്തവണ ആരു ജയിക്കും എന്ന കാര്യത്തില്‍ അത്രയൊന്നും കൗതുകം പൊതുസമൂഹത്തിനില്ലെങ്കിലും റിസോര്‍ട്ട്‌ മാഫിയയ്ക്കും ഭൂമാഫിയയ്ക്കും വനം കയ്യേറ്റക്കാര്‍ക്കും കൂച്ചുവിലങ്ങിടാന്‍ ഈ നടപടികൊണ്ട്‌ സര്‍ക്കാരിന്‌ കഴിയുമോ എന്നറിയാന്‍ ജനങ്ങള്‍ക്ക്‌ താല്‍പര്യമുണ്ട്‌. ഒന്നാം ദൗത്യത്തിലെന്നപോലെ അച്യുതാനന്ദന്‍ കേവലം പ്രഖ്യാപനങ്ങളിലൊതുങ്ങി കേരളീയരെ വഞ്ചിക്കുമോ എന്നറിയാനും പൊതുസമൂഹം മൂന്നാറിലേക്ക്‌ ഉറ്റുനോക്കുകയാണ്‌.

Thursday, January 21, 2010

ജ്യോതിബസു ഒരു ആഹ്വാനമാകുമ്പോള്‍


സമൂഹം തനിക്ക്‌ എന്ത്‌ നല്‍കുന്നു എന്നതിനുപരി സമൂഹത്തിന്‌ എന്ത്‌ നല്‍കാന്‍ തനിക്കാവും എന്ന്‌ ചിന്തിക്കുന്നിടത്താണ്‌ ഒരു യഥാര്‍ത്ഥ കമ്യൂണിസ്റ്റുകാരന്റെ ഉദയം. ആ അര്‍ത്ഥത്തില്‍ പൂര്‍ണമായും കമ്യൂണിസ്റ്റ്‌ മൂല്യങ്ങള്‍ മരണത്തിലും മുറുകെ പിടിച്ച വ്യക്തിയാണ്‌ ജ്യോതിബസു. തന്റെ ശരീരം മെഡിക്കല്‍ കോളജിന്‌ വിട്ടുകൊടുത്തുകൊണ്ട്‌ അദ്ദേഹം കാണിച്ച മാതൃക കണ്ട്‌ ഇന്ത്യയിലെ മറ്റ്‌ കമ്യൂണിസ്റ്റ്‌ നേതാക്കന്മാര്‍ തീര്‍ച്ചയായും ലജ്ജിക്കും. പാര്‍ട്ടിയെ നവീകരിക്കാനും ഇന്ന്‌ പതിച്ചിട്ടുള്ള ചെളിക്കുണ്ടില്‍ നിന്ന്‌ ഉയര്‍ത്താനും തിരുത്തല്‍ നടപടികളുമായി വന്നിട്ടുള്ളവര്‍ പോലും ജീവിതകാലത്ത്‌ അവരുടെ ഏറ്റവും അടുത്തവരുടെ മതപരമായ ചടങ്ങുകള്‍ക്ക്‌ കൂട്ട്‌ നില്‍ക്കുകയും മരണാനന്തരം ബന്ധുക്കളുടെ ആഗ്രഹപ്രകാരമുള്ള മതപരമായ ചടങ്ങുകള്‍ക്ക്‌ വിധേയരാകുകയും ചെയ്യുന്ന വഞ്ചന നിലനില്‍ക്കുന്ന കമ്യൂണിസ്റ്റ്‌ ലോകത്താണ്‌ സമൂഹത്തോടുള്ള തന്റെ പ്രതിബദ്ധത ബസു അസാധരണമല്ലെങ്കിലും അനുപമമായ നിലയിലൂടെ പ്രകടിപ്പിച്ചത്‌. അതെ, കമ്യൂണിസ്റ്റ്‌ പ്രത്യയശാസ്ത്രത്തിന്റെയും സുതാര്യമായ അതിന്റെ വിവര്‍ത്തനത്തിന്റെയും കലര്‍പ്പില്ലാത്ത മൂല്യബോധത്തിന്റെയും ആ സാന്നിധ്യം ഇനി ഓര്‍മ്മയാകുമ്പോഴും ആഹ്വാനമായി നിലനില്‍ക്കുന്നു എന്നതാണ്‌ ബസുവിന്റെ മഹത്വം.




ബംഗാളിന്റെ ചുവന്ന സൂര്യന്‍ ഭൗതികമായി അസ്തമിച്ചു. എന്നാല്‍, ആ സൂര്യജ്യോതിസ്‌ ഇനിയും ദശാബ്ദങ്ങളോളം ബംഗാളിലെ സാധാരണക്കരുടെ മനസ്സിലും ഇന്ത്യയിലെ കമ്യൂണിസ്റ്റുകാരുടെ ആവേശങ്ങളിലും ചൂടുപടര്‍ത്തി നിലകൊള്ളും , ആതിരേ.
ലോകത്തിന്‌ ഇന്ത്യ സമ്മാനിച്ച വിവേകിയായ കമ്യൂണിസ്റ്റ്‌ നേതാവായിരുന്നു ജ്യോതിബസു. ആഢ്യകുടുംബത്തില്‍ നിന്നുള്ള വിചിത്രമായ വിപ്ലവോദമായിരുന്നു ആ ജീവിതം. അതൊരു ചരിത്രത്തിന്റെ, കാലത്തിന്റെ, ഇന്ത്യയിലെ അധഃസ്ഥിത വിഭാഗത്തിന്റെ ആവശ്യവുമായിരുന്നു. ബംഗാള്‍ ഇന്ന്‌ ചിന്തിക്കുന്നത്‌ നാളെ ഇന്ത്യ ചിന്തിക്കും എന്ന്‌ രാജീവ്ഗാന്ധിയെക്കൊണ്ട്‌ സമ്മതിപ്പിച്ച ഭരണതന്ത്രജ്ഞനായിരുന്നു ജ്യോതിബസു.
മാര്‍ക്സിസ്റ്റ്‌ കമ്യൂണിസ്റ്റു പാര്‍ട്ടിയിലെ ആദ്യത്തെ പോളിറ്റ്ബ്യൂറോയിലെ, അവസാനമായി കാലയവനികക്കുള്ളില്‍ മറഞ്ഞ കമ്യൂണിസ്റ്റ്‌ സത്യസന്ധതയായിരുന്നു ബംഗാളികള്‍ സ്നേഹബഹുമാനത്തോടെ ജ്യോതിദ എന്നുവിളിച്ചിരുന്ന ജ്യോതിബസു.
മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ ആദ്യകാല സമുന്നത വ്യക്തിത്തങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ ആതിരേ, ആശയതലത്തിലോ പാര്‍ട്ടി കെട്ടിപ്പടുക്കുന്ന പ്രവര്‍ത്തനത്തിലോ പറയത്തക്ക സ്ഥാനമൊന്നും ജ്യോതിബസുവിന്‌ ഉണ്ടെന്ന്‌ തോന്നുന്നില്ല. ഇഎംഎസിന്റെയും വി.ടി. രണദിപയുടെയും ബാസവ പുന്നയ്യയുടെയും ആശയപരമായ ഔന്നിത്യമോ പി. സുന്ദരയ്യയേയോ പ്രമോദ്‌ ദാസ്‌ ഗുപ്തയെയോ എ.കെ.ജിയെയോ ഹര്‍ക്കിഷന്‍ സിംഗ്‌ സുര്‍ജിത്തിനെയോ പോലെ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ പങ്കാളിത്തവും ജ്യോതിബസുവിനില്ലായിരുന്നു. ഈ ഇല്ലായ്മകള്‍ക്കിടയിലും മറ്റൊരു കാര്യത്തില്‍ അതി സമ്പന്നനായിരുന്നു ജ്യോതിബസു. സമൂഹത്തിലെ താഴെ തട്ടിലുള്ളവരുമായി സംവദിക്കാനും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാനും ജ്യോതിബസുവിനെ പോലെ മറ്റൊരു കമ്യൂണിസ്റ്റ്‌ നേതാവോ ഭരണാധികാരിയോ ഉണ്ടായിട്ടില്ല. ഈ രണ്ട്‌ അടിസ്ഥാന തലങ്ങളില്‍ പാര്‍ട്ടിയുടെ ആശയവും രാഷ്ട്രീയവും സംഘടനാ തത്വങ്ങളും ഒരുപോലെ സമന്വയിപ്പിക്കാന്‍ കഴിഞ്ഞ അസാധ്യ ക്രാന്തദര്‍ശിയായിരുന്നു അദ്ദേഹം.
വായില്‍ വെള്ളിക്കരണ്ടിയുമായി ജനിക്കുക, വിദേശ വിദ്യാഭ്യാസം നേടുക, അന്നത്തെ കാലത്ത്‌ ഏറ്റവും അഭികാമ്യമായ ബാരിസ്റ്റര്‍ പദവിയില്‍ പ്രശോഭിക്കാനുള്ള എല്ലാ അവസരവും ഉണ്ടായിരിക്കുക - ഇന്ത്യയിലെ സമ്പന്നവിഭാഗത്തിന്‌ മാത്രം അന്ന്‌ 'സംവരണം ചെയ്യപ്പെട്ട' ഭൗതിക ആനുകൂല്യമായിരുന്നു ഇത്‌. എന്നാല്‍, ഈ സുഖം ത്യജിച്ച്‌ ബംഗാളിലെ ഗ്രാമങ്ങളിലും തെരുവോരങ്ങളിലുമുള്ള നിസ്വവര്‍ഗത്തോടൊപ്പം നില്‍ക്കാനും അവരോടൊപ്പം അധ്വാനിക്കാനുമുള്ള സമര്‍പ്പണമായിരുന്നു ജ്യോതിബസുവിന്റെ ജീവിതം. അന്ത്യം വരെ ഈ നിലപാട്‌ തുടരാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞ എന്നതാണ്‌ ഇന്ന്‌ ഇന്ത്യയിലും കേരളത്തിലും ജീവിച്ചിരിക്കുന്ന മാര്‍ക്സിസ്റ്റ്‌ നേതാക്കന്മാരെ ലജ്ജിപ്പിക്കുന്ന വാസ്തവം. ബസുവിന്റെ പേരില്‍ കണ്ണീരൊഴുക്കുകയും അഭിമാനിക്കുകയും ചെയ്യുന്ന ഈ നേതാക്കന്മാരില്‍ എത്രപേര്‍ക്ക്‌ അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രപരമായ ദൃഢതയോടും വര്‍ഗ്ഗ സമീപനത്തോടും ഭരണപരമായ സത്യസന്ധതയോടും ഒപ്പം നില്‍ക്കാന്‍ കഴിയും. ഇല്ല. വിരലിലെണ്ണാന്‍ പോലും നേതാക്കന്മാര്‍ ഉണ്ടാവുകയില്ല, ആതിരേ.
ഇന്ത്യന്‍ രാഷ്ട്രീയത്തിന്‌ കേരളവും പശ്ചിമബംഗാളും നല്‍കിയ സംഭാവനയാണ്‌ കൂട്ടുകക്ഷി ഭരണം. ആ സമ്പ്രദായം ഏറ്റവുമധികം കാലം പിഴവ്‌ കൂടാതെ നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ കഴിഞ്ഞ ഭരണ തന്ത്രജ്ഞത കൂടിയായിരുന്നു ജ്യോതിബസു. ബംഗാളില്‍ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിക്ക്‌ ഒറ്റക്ക്‌ ഭരിക്കാനുള്ള മൃഗീയ ഭൂരിപക്ഷം ഉണ്ടായിരുന്നപ്പോഴും ഘടകക്ഷികളെ ആദരിക്കാനും അംഗീകരിക്കാനും അവര്‍ക്ക്‌ അര്‍ഹമായ സ്ഥാനങ്ങള്‍ നല്‍കി കൂടെ നിര്‍ത്താനും ജ്യോതിബസുവിന്‌ മനസ്സുണ്ടായിരുന്നു. ഇവിടെയാണ്‌ വര്‍ഗീയ പാര്‍ട്ടിയെ ഒപ്പം നിര്‍ത്താന്‍ സഹജീവികളെയും മുന്നണിയിലെ ഘടകക്ഷികളെയും ചവിട്ടിപ്പുറത്താക്കുന്ന ആഢംബരത്തിന്റെ വിപ്ലവ വൈകൃതങ്ങളെ നാം തിരിച്ചറിയേണ്ടത്‌.
കമ്യൂണിസ്റ്റ്‌ പ്രത്യയശാസ്ത്രത്തിന്‌ പ്രായോഗിക രാഷ്ട്രീയത്തിന്റെ പുതിയ മുഖം നല്‍കിയത്‌ ജ്യോതിബസുവായിരുന്നു. അതുകൊണ്ടാണ്‌ ഒന്നിലേറെ തവണ ബിജെപിക്ക്‌ വിരുദ്ധമായ ഭരണം കേന്ദ്രത്തില്‍ സാധിതമാക്കുവാന്‍ കോണ്‍ഗ്രസ്‌ നേതാക്കള്‍ പോലും ജ്യോതിബസുവിന്റെ പേര്‌ ശിപാര്‍ശ ചെയ്തത്‌. എന്നാല്‍, പാര്‍ട്ടിയിലെ ചില ശാഠ്യങ്ങള്‍ മൂലം അത്തരമൊരവസരം സൃഷ്ടിക്കപ്പെട്ടില്ല എന്നത്‌ ചരിത്രപരമായ മണ്ടത്തരമായി ഇന്ത്യന്‍ രാഷ്ട്രീയം എന്നും സ്മരിക്കും. 1977 ജൂണ്‍ 21 മുതല്‍ 2000 നവംബര്‍ 6 വരെ ഇരുപത്തിമൂന്ന്‌ വര്‍ഷവും നാല്‌ മാസവും ഇരുപത്‌ ദിവസവും ബംഗാള്‍ ഭരിച്ച്‌ ചരിത്രമിട്ട ജ്യോതിബസു ബംഗാളിന്റെ വികസനം മുന്നില്‍ കണ്ട്‌ നടപ്പിലാക്കിയ സാമ്പത്തിക നയങ്ങളെക്കുറിച്ച്‌ തര്‍ക്കങ്ങളുണ്ടാവാം. എന്നാല്‍, തന്റെ നാടിന്റെ, താന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച അവിടത്തെ അടിസ്ഥാനവര്‍ഗങ്ങളുടെ സമഗ്രമായ പുരോഗതിക്ക്‌ വേണ്ടി കാലാനുസൃതമായ നയങ്ങളാണ്‌ അദ്ദേഹം നടപ്പിലാക്കിയത്‌. ബസുവിനെ പോലെ ജാഗ്രത്തും ശ്രദ്ധാലുവും ക്രാന്തദര്‍ശിയുമായ ഒരു ഭരണാധികാരിക്ക്‌ മാത്രം സാധിക്കുന്നതാണ്‌ ഈ നയങ്ങളുടെ വിവര്‍ത്തനവും അതിനോട്‌ ഘടകക്ഷികളുടെ സമീപനം കൂട്ടിയോജിപ്പിക്കാനുള്ള കഴിവ്‌. ബസുവിന്‌ ശേഷം ബംഗാളില്‍ അധികാരത്തിലേറിയ ബുദ്ധദേവ്‌ ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധികളും സമസ്യകളും അതാണ്‌ വ്യക്തമാക്കുന്നത്‌.
അധികാരം ഒരിക്കലും ആഢംബര ജീവിതത്തിനോ ഉല്ലാസത്തിനോ വേണ്ടിയുള്ളതല്ലെന്നും അത്‌ മാര്‍ക്സിസ്റ്റ്‌ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ പ്രഖ്യാപിത നയമായ ജനകീയ ജനാധിപത്യത്തിന്റെ സംസ്ഥാപനത്തിലൂടെ അടിസ്ഥാന വര്‍ഗങ്ങളുടെ പുരോഗതിക്കും മോചനത്തിനും വികസനത്തിനുമുള്ള രഥ്യയാണെന്നും തിരിച്ചറിഞ്ഞാണ്‌ ബസു കാലാനുസൃതമായ നയങ്ങള്‍ ഭരണത്തില്‍ കൊണ്ടുവന്നത്‌. എന്നാല്‍, ബസുവിനെ നേതാവായി അംഗീകരിക്കുന്ന മറ്റു മാര്‍ക്സിസ്റ്റ്‌ കമ്യൂണിസ്റ്റ്‌ നേതാക്കളുടെ ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങള്‍ ഇതുമായി തട്ടിച്ച്‌ നോക്കുമ്പോഴാണ്‌ എത്രമാത്രം വര്‍ഗവഞ്ചനയും ജനവഞ്ചനയും സ്വര്‍ത്ഥതയുമാണ്‌ അവരുടെ ഉള്ളിലും പ്രവര്‍ത്തനങ്ങളിലും നയങ്ങളിലുമുള്ളതെന്ന്‌ വ്യക്തമാകുന്നത്‌. അടിസ്ഥാന വര്‍ഗം വിവിധ ആവശ്യനിഷേധങ്ങളില്‍ വീര്‍പ്പുമുട്ടുമ്പോള്‍ കേന്ദ്രീകൃതമായി ശീതികരിച്ച പാര്‍ട്ടി ഓഫീസുകളും പഞ്ചനക്ഷത്ര ഹോട്ടലുകളും സൗകര്യങ്ങളും തീംപാര്‍ക്കുകളും കള്ളുകുടിയും യോഗയുമൊക്കെയാണ്‌ കമ്യൂണിസത്തിന്റെ പ്രായോഗിക ശാസ്ത്രമെന്ന്‌ പ്രചരിപ്പിക്കുന്ന കള്ളനാണയങ്ങളുടെ ലോകത്താണ്‌ ആത്മാര്‍ത്ഥതയും സമര്‍പ്പണവും സത്യസന്ധതയും തൊഴിലാളിവര്‍ഗ പ്രതിബദ്ധതയും മുറുകെ പിടിച്ച്‌ ജ്യോതിബസു ബംഗാളില്‍ ഭരണം നടത്തിയത്‌ ഇന്ത്യക്കാകെ മാതൃകയാണ്‌.
ആതിരേ, സമൂഹം തനിക്ക്‌ എന്ത്‌ നല്‍കുന്നു എന്നതിനുപരി സമൂഹത്തിന്‌ എന്ത്‌ നല്‍കാന്‍ തനിക്കാവും എന്ന്‌ ചിന്തിക്കുന്നിടത്താണ്‌ ഒരു യഥാര്‍ത്ഥ കമ്യൂണിസ്റ്റുകാരന്റെ ഉദയം. ആ അര്‍ത്ഥത്തില്‍ പൂര്‍ണമായും കമ്യൂണിസ്റ്റ്‌ മൂല്യങ്ങള്‍ മരണത്തിലും മുറുകെ പിടിച്ച വ്യക്തിയാണ്‌ ജ്യോതിബസു. തന്റെ ശരീരം മെഡിക്കല്‍ കോളജിന്‌ വിട്ടുകൊടുത്തുകൊണ്ട്‌ അദ്ദേഹം കാണിച്ച മാതൃക കണ്ട്‌ ഇന്ത്യയിലെ മറ്റ്‌ കമ്യൂണിസ്റ്റ്‌ നേതാക്കന്മാര്‍ തീര്‍ച്ചയായും ലജ്ജിക്കും. പാര്‍ട്ടിയെ നവീകരിക്കാനും ഇന്ന്‌ പതിച്ചിട്ടുള്ള ചെളിക്കുണ്ടില്‍ നിന്ന്‌ ഉയര്‍ത്താനും തിരുത്തല്‍ നടപടികളുമായി വന്നിട്ടുള്ളവര്‍ പോലും ജീവിതകാലത്ത്‌ അവരുടെ ഏറ്റവും അടുത്തവരുടെ മതപരമായ ചടങ്ങുകള്‍ക്ക്‌ കൂട്ട്‌ നില്‍ക്കുകയും മരണാനന്തരം ബന്ധുക്കളുടെ ആഗ്രഹപ്രകാരമുള്ള മതപരമായ ചടങ്ങുകള്‍ക്ക്‌ വിധേയരാകുകയും ചെയ്യുന്ന വഞ്ചന നിലനില്‍ക്കുന്ന കമ്യൂണിസ്റ്റ്‌ ലോകത്താണ്‌ സമൂഹത്തോടുള്ള തന്റെ പ്രതിബദ്ധത ബസു അസാധരണമല്ലെങ്കിലും അനുപമമായ നിലയിലൂടെ പ്രകടിപ്പിച്ചത്‌.
അതെ, കമ്യൂണിസ്റ്റ്‌ പ്രത്യയശാസ്ത്രത്തിന്റെയും സുതാര്യമായ അതിന്റെ വിവര്‍ത്തനത്തിന്റെയും കലര്‍പ്പില്ലാത്ത മൂല്യബോധത്തിന്റെയും ആ സാന്നിധ്യം ഇനി ഓര്‍മ്മയാകുമ്പോഴും ആഹ്വാനമായി നിലനില്‍ക്കുന്നു എന്നതാണ്‌ ബസുവിന്റെ മഹത്വം.
ആതിരേ, ഈ മഹതവ്ത്തിനു മുന്നില്‍ നില്‍ക്കുമ്പോള്‍ കോടിയേരിയെ പോലെയുള്ളവര്‍ ദേഹാസ്വസ്ഥ്യത്താല്‍ കുഴഞ്ഞു വീഴും, തീര്‍ച്ച

Monday, January 18, 2010

വേണോ നമുക്ക്‌ ഇത്തരം ഒരു സ്കൂള്‍ യുവജനോത്സവം


ഡാന്‍സ്‌ മത്സരങ്ങള്‍ക്ക്‌ വേഷമൊഴിവാക്കിയും എല്ലാ മത്സരാര്‍ത്ഥികള്‍ക്കും ഒരേ കൃതി തന്നെ മത്സരത്തിന്‌ നല്‍കിയും പ്രതിഭയളക്കാനുള്ള സംവിധാനം ഉണ്ടാകുമെങ്കില്‍ കലാമേളയിലെ പണാധിപത്യത്തിന്റെ സ്വാധീനം കുറക്കാന്‍ കഴിയും. ചുരിദാര്‍ ധരിച്ചുകൊണ്ടാണല്ലോ നൃത്തരൂപങ്ങള്‍ അഭ്യസിപ്പിക്കുന്നത്‌. അതേ വേഷത്തോടെ മത്സരവേദിയിലും നൃത്തരൂപങ്ങള്‍ അവതരിപ്പിക്കണമെന്ന്‌ വന്നാല്‍ എല്ലാ കുട്ടികള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാനുള്ള അവസരം തെളിഞ്ഞുവരും. മത്സരത്തിന്‌ മൂന്ന്‌ മണിക്കൂര്‍ മുമ്പ്‌ അവതരിപ്പിക്കാനുള്ള കൃതി പരിചയപ്പെടുത്തി മത്സരിക്കാന്‍ മത്സരാര്‍ത്ഥികളെ നിര്‍ബന്ധിച്ചാല്‍ പല കള്ളക്കളികളും ഒഴിവാക്കാം. പല കള്ളനാണയങ്ങളെയും വേദിയില്‍ നിന്ന്‌ പുറത്താക്കാം. ഐഎഎസ്‌ പരീക്ഷക്കും ഉന്നത വിദ്യാഭ്യാസ കോഴ്സുകള്‍ക്കുമുള്ള പ്രവേശന പരീക്ഷക്കും യുവജനോത്സവത്തിലെ കഥ, കവിത, പെയിന്റിംഗ്‌, ക്ലേ മോഡലിംഗ്‌ എന്നിവക്കും ഒരേ മാനദണ്ഡത്തിലാണല്ലോ മത്സരവും പരീക്ഷയും നടത്തുന്നത്‌. അതേ രീതിയില്‍ വേഷപ്പകിട്ട്‌ ഏറെ വേണ്ട മത്സര ഇനങ്ങള്‍ക്കും ഒരേ രീതി തന്നെ നിര്‍ണയിച്ചാല്‍ യഥാര്‍ത്ഥ കലാകാരന്മാരെയും കലാകാരികളെയും കണ്ടെത്താന്‍ കഴിയുമെന്ന കാര്യത്തില്‍ സംശയമില്ല.




ആതിരേ, ഏഷ്യയിലെ ഏറ്റവും വലിയ വിദ്യാര്‍ത്ഥി കലാമേളയായ സംസ്ഥാന സ്കൂള്‍ യുവജനോത്സവം അതിന്റെ സുവര്‍ണ ജൂബിലി ആഘോഷിക്കുമ്പോള്‍, വേണോ ഇത്തരം യുവജനോത്സവം എന്ന ചിന്ത വ്യാപകമാകുന്നുണ്ടെങ്കില്‍ കലോത്സവത്തിന്റെ നടത്തിപ്പിലും അതില്‍ പങ്കെടുക്കുന്ന മത്സരാര്‍ത്ഥികളുടെ മാനസീകാവസ്ഥയിലും അവരുടെ രക്ഷകര്‍ത്താക്കളുടെയും പരിശീലകരുടെയും നിലപാടിലുമെല്ലാം വ്യാപകമായ അനാശാസ്യ സമീപനമുണ്ടെന്ന്‌ വ്യക്തം.
സംസ്ഥാന യുവജനോത്സവത്തില്‍ എ ഗ്രേഡ്‌ കിട്ടാന്‍ നടത്തുന്ന ക്വട്ടേഷന്‍ കളികളെ കുറിച്ച്‌ കഴിഞ്ഞദിവസം ഈ പംക്തിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. വിധികര്‍ത്താക്കളും അധ്യാപകരും അധ്യാപകസംഘടനാ പ്രതിനിധികളും പരിശീലകരുമടങ്ങുന്ന ഒരു റാക്കറ്റ്‌ തന്നെ യുവജനോത്സവ വേദിക്ക്‌ പുറത്ത്‌ ശക്തമാണെന്നും ഇവരുടെ ഇടപെടലിലൂടെയാണ്‌ പലര്‍ക്കും മത്സരത്തില്‍ എ ഗ്രേഡ്‌ കിട്ടുന്നതെന്നും ചൂണ്ടിക്കാട്ടിയിരുന്നു. 20,000 രൂപ മുതല്‍ 60,000 രൂപ വരെ കോഴ കൊടുത്താണ്‌ ചില മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികളെ വിജയതിലകമണിയിക്കുന്നതെന്നും കണ്ടു. ഈ കള്ളക്കളിക്ക്‌ ചുക്കാന്‍ പിടിക്കുന്നത്‌ അധ്യാപകരാണെന്ന ഞെട്ടിക്കുന്ന സത്യവും ഇത്തവണത്തെ കലോത്സവം വ്യക്തമാക്കി.
വിദ്യാര്‍ത്ഥികളില്‍ അന്തര്‍ലീനമായിട്ടുള്ള കലാവാസന പരിപോഷിപ്പിക്കാനും കലാസാഹിത്യരംഗത്ത്‌ മികവ്‌ പുലര്‍ത്തുന്നവരെ കണ്ടെത്തി ആദരിക്കാനും അവര്‍ക്ക്‌ ഉന്നത പഠനത്തിന്‌ ഗുണകരമാകുന്ന ഗ്രേസ്‌ മാര്‍ക്ക്‌ നല്‍കാനുമാണ്‌ കലോത്സവങ്ങള്‍ സംഘടിപ്പിക്കുന്നതെന്ന വിദ്യാഭ്യാസ വകുപ്പിന്റെ വാദം പൊള്ളയാണെന്ന്‌ ഇത്തവണത്തെ കലോത്സവത്തിന്റെ പിന്നാമ്പുറ കളികള്‍ വ്യക്തമാക്കിയതാണ്‌. മുമ്പൊക്കെ വേദിക്ക്‌ മുന്നിലായിരുന്നു പണക്കൊഴുപ്പുള്ള മാതാപിതാക്കളുടെയും അവര്‍ വിലക്കെടുത്ത പരിശീലകരുടെയും കയ്യാങ്കളിയെങ്കില്‍ ഇപ്പോഴത്‌ വേദിക്ക്‌ പുറത്ത്‌, എസ്‌എംഎസിലൂടെയും മൊബെയില്‍ഫോണിലൂടെയും ക്വട്ടേഷന്‍ പരിപാടിയായി പരിണമിച്ചിരിക്കുകയാണ്‌.
വസ്തുത ഇതാണെങ്കിലും, ആതിരേ, സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തിലെ മത്സരാര്‍ത്ഥികളെയും അവരുടെ പരിശീലകരെയും അധ്യാപകരെയും മാതാപിതാക്കളെയും അനുമോദിക്കേണ്ടതായ സവിശേഷമായ ഒരു ഘടകമുണ്ട്‌. മറവിത്തിരശീലക്ക്‌ പിറകിലേയ്ക്ക്‌ പോകാമായിരുന്ന കുറേയധികം കലാരൂപങ്ങളെ തേച്ച്‌ മിനുക്കിയെടുത്ത്‌ സജീവമായി നിലനിര്‍ത്തുന്നതില്‍ ഇവര്‍ വഹിക്കുന്ന പങ്ക്‌ മഹനീയമാണ്‌. നടനവേദിയുടെ മലയാളിത്തം മുഴുവന്‍ നിറഞ്ഞ്‌ നില്‍ക്കുന്നതും കഥകളിയില്‍ നിന്ന്‌ പ്രചോദനമുള്‍ക്കൊണ്ട്‌ ഗുരു ഗോപിനാഥ്‌ രൂപം നല്‍കിയ മലയാളനടനം, വടക്കിന്റെ പൂരക്കളി, വള്ളുവനാടിന്റെ പരിചമുട്ട്‌ കളി, അറേബ്യയില്‍ നിന്നെത്തിയ ദഫ്മുട്ട്‌, അറബനമുട്ട്‌, മധ്യതിരുവിതാംകൂറിലെ പള്ളിപ്പെരുന്നാളുകളിലും ക്രിസ്തീയ വിവാഹത്തലേന്നുകളിലും നിറഞ്ഞാടിയിരുന്ന മാര്‍ഗം കളി, കര്‍ണാടകയില്‍ പ്രചാരമുള്ള യക്ഷഗാനം, യുനസ്കോ അംഗീകരിച്ച ഏക ഭാരതീയ കലയായ കൂടിയാട്ടം, യൂറോപ്യന്‍ ഓപ്പറയുടെ മലയാളം പകര്‍പ്പെന്ന്‌ പറയാവുന്ന ചവിട്ട്‌ നാടകം തുടങ്ങിയ കലാരൂപങ്ങള്‍ സ്കൂള്‍ - കോളജ്‌ കലോത്സവങ്ങളില്‍ മാത്രമാണ്‌ ഇന്ന്‌ കാണാന്‍ കഴിയുന്നത്‌.
ഈ ഒരു നേട്ടം മാറ്റിനിര്‍ത്തിയാല്‍ ഇന്നത്തെ സ്കൂള്‍ - കോളജ്‌ കലോത്സവങ്ങള്‍ പണപ്പകിട്ടിന്റെയും സ്വാധീനത്തിന്റെയും ഏറ്റവും പുതിയ നിലപാടായ ക്വട്ടേഷന്‍ പരിപാടിയുടെയും അനാശാസ്യതയായി അധഃപതിച്ച്‌ കഴിഞ്ഞു, ആതിരേ. . ഇപ്പോള്‍ മത്സരാര്‍ത്ഥികള്‍ക്ക്‌ എ ഗ്രേഡ്‌ നല്‍കാനുള്ള ക്വട്ടേഷന്‍ കളിയെ കുറിച്ച്‌ അന്വേഷിച്ച്‌ നടപടിയെടുക്കുമെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെയും വിദ്യാഭ്യാസ മന്ത്രിയുടെയും പ്രഖ്യാപനങ്ങള്‍ സ്വാഗതാര്‍ഹമാണെങ്കില്‍ പോലും അതിന്‌ മാതൃകാപരമായ നടപടിയുണ്ടാകുമെന്ന്‌ പ്രതീക്ഷിക്കാനാവില്ല. കാരണം ഭരണകക്ഷിയുമായി ബന്ധമുള്ള അധ്യാപക സംഘടനാ പ്രവര്‍ത്തകനും കലാരംഗത്തെ ഉന്നതന്മാരും അവരുടെ ഇടനിലക്കാരും അടങ്ങിയതാണ്‌ ഈ ക്വട്ടേഷന്‍ സംഘം. അതുകൊണ്ടുതന്നെ അന്വേഷണം അട്ടിമറിക്കപ്പെടാനും സത്യം തമസ്കരിക്കപ്പെടാനുമാണ്‌ സാധ്യതയേറെ. അപ്പോള്‍ പോലും കഴിഞ്ഞ കുറേ വര്‍ഷങ്ങളായി എ ഗ്രേഡും ഒന്നാം സമ്മാനവും നേടിയവരില്‍ പലരും ഇത്തരം കള്ളനാണയങ്ങളായിരുന്നുവെന്ന്‌ തിരിച്ചറിയാനുള്ള അവസരം ലഭിച്ചുവെന്നത്‌ ആശാവഹമായ വസ്തുതയാണ്‌. സ്കൂള്‍ - കലാലയ കലോത്സവങ്ങള്‍ കഴിയുമ്പോള്‍ കൊഴിഞ്ഞുപോകുന്ന പ്രതിഭകളെ ഓര്‍ത്ത്‌ നാം ദുഃഖിക്കാറുണ്ടെങ്കിലും ആ കൊഴിഞ്ഞുപോക്കിന്റെ അടിസ്ഥാനം ഇത്തരത്തിലുള്ള ചരടുവലികളായിരുന്നുവെന്നും അവരാരും യഥാര്‍ത്ഥ പ്രതിഭകളായിരുന്നില്ലായെന്നും തിരിച്ചറിയാന്‍ ഇത്തവണത്തെ യുവജനോത്സവം വേദിയായി.
കായിക രംഗത്തെന്നപോലെ, ആതിരേ, കലാരംഗത്തും ദരിദ്ര കുടുംബങ്ങളില്‍ നിന്നുള്ള പ്രതിഭകളാണ്‌ കലാകേരളത്തിന്റെ വാഗ്ദാനവും ന്യൂനമില്ലാത്ത പ്രതിഭകളും. എന്നാല്‍, അവര്‍ക്ക്‌ മാറ്റുരയ്ക്കാന്‍ പറ്റാത്ത വിധം പണക്കളിയുടെയും ചരടുവലികളുടെയും കൂത്തരങ്ങായി സ്കൂള്‍ യുവജനോത്സവ വേദി മാറിക്കഴിഞ്ഞു. ഇത്തവണപോലും സമ്മാനം കിട്ടാന്‍ സാധ്യതയുണ്ടായിരുന്ന ഒരു സാധു കലാകാരിയോട്‌ പിന്‍വാങ്ങണമെന്നാവശ്യപ്പെട്ട്‌ ക്വട്ടേഷന്‍ സംഘം വാഗ്ദനാം ചെയ്തത്‌ 75,000 രൂപയായിരുന്നു എന്നോര്‍ക്കണം. ഇത്തരത്തില്‍ എത്രയോ പ്രതിഭകളെ ചവിട്ടിയരച്ച ശേഷമാണ്‌ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഈ രംഗത്ത്‌ കള്ളനാണയങ്ങള്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി കലാകേരളത്തിന്റെ കയ്യടി വാങ്ങിയതെന്നോര്‍ക്കണം.ഇനി തീരുമാനിക്കാം, ലജ്ജിക്കണോ അതോ അഭിമാനിക്കണോ എന്ന്‌..!
അപ്പീലുകളാണ്‌ മറ്റൊരു വൃത്തികെട്ട പ്രവണത. കലോത്സവം നടക്കുന്ന ജില്ലക്ക്‌ കൂടുതല്‍ പോയിന്റ്‌ നേടാന്‍ ജില്ലാ മത്സരത്തിന്‌ ശേഷം അപ്പീലുകളുടെ എണ്ണം കൂട്ടണമെന്ന്‌ നിര്‍ബന്ധിക്കുന്ന വിദ്യാഭ്യാസ വകുപ്പ്‌ ഉന്നതന്മാര്‍ പോലുമുണ്ടെന്ന അറിവ്‌ നമ്മെ വീണ്ടും ഞെട്ടിക്കുന്നതാണ്‌. അപ്പീലിനുള്ള ഫീസ്‌ 5,000 രൂപയായി വര്‍ധിപ്പിച്ചിട്ടും അപ്പീലുകളുടെ എണ്ണം കുറയുന്നില്ല എന്നത്‌ വ്യക്തമാക്കുന്നത്‌ ഈ രംഗത്ത്‌ പണാധിപത്യത്തിനുള്ള സ്വാധീനം തന്നെയാണ്‌. ഇത്തവണ അപ്പീലുകള്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുമെന്നാണ്‌ വിലയിരുത്തല്‍. ഇത്തവണ 540 അപ്പീലുകളാണ്‌ ആകെയുണ്ടായത്‌.ലോകായുക്ത-76,ഉപലോകായുക്ത-12, ഡിഡിഇ-229,ഹൈക്കോടതി-5, കീഴ്ക്കോടതികള്‍-218 എന്നീ വഴികളിലൂടെയാണ്‌ അപ്പീലുകളെത്തിയത്‌ . കോടതികളും ലോകായുക്തയും അനുവദിച്ചതിന്റെ മൂന്നിരട്ടി അപ്പീലുകള്‍ക്കാണ്‌ ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍മാര്‍ പച്ചക്കൊടി കാട്ടിയത്‌. അപ്പീല്‍ എണ്ണത്തില്‍ ഇത്തവണ ഏറ്റവും മുന്നിലുള്ളത്‌ കോഴിക്കോട്‌ ജില്ലയാണ്‌. 64 അപ്പീലുകള്‍ക്കാണ്‌ ഡിഡിഇ അംഗീകാരം നല്‍കിയത്‌. ഇത്‌ വിദ്യാഭ്യഅസ വകുപ്പ്‌ ഉന്നതരില്‍ തന്നെ അമ്പരപ്പുളവാക്കിയിട്ടുണ്ട്‌. കോഴിക്കോടും (114), തിരുവനന്തപുരവും (66) അപ്പീല്‍ സമര്‍പ്പണത്തില്‍ മുന്നില്‍ നിന്നത്‌.
ഇത്തരത്തില്‍ വിവിധ സമ്മര്‍ദ്ദ തന്ത്രം പയറ്റി എ ഗ്രേഡും ഒന്നാംസ്ഥാനവും നേടുന്ന രീതി നിയന്ത്രിക്കാന്‍ കഴിയുകയില്ലേ? കഴിയും. പക്ഷെ അതിന്‌ ഭാവനയും ഇഛ ശക്തിയും വേണം. ഡാന്‍സ്‌ മത്സരങ്ങള്‍ക്ക്‌ വേഷമൊഴിവാക്കിയും എല്ലാ മത്സരാര്‍ത്ഥികള്‍ക്കും ഒരേ കൃതി തന്നെ മത്സരത്തിന്‌ നല്‍കിയും പ്രതിഭയളക്കാനുള്ള സംവിധാനം ഉണ്ടാകുമെങ്കില്‍ കലാമേളയിലെ പണാധിപത്യത്തിന്റെ സ്വാധീനം കുറയ്ക്കാന്‍ കഴിയും. ചുരിദാര്‍ ധരിച്ചുകൊണ്ടാണല്ലോ നൃത്തരൂപങ്ങള്‍ അഭ്യസിപ്പിക്കുന്നത്‌. അതേ വേഷത്തോടെ മത്സരവേദിയിലും നൃത്തരൂപങ്ങള്‍ അവതരിപ്പിക്കണമെന്ന്‌ വന്നാല്‍ എല്ലാ കുട്ടികള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാനുള്ള അവസരം തെളിഞ്ഞുവരും. മത്സരത്തിന്‌ മൂന്ന്‌ മണിക്കൂര്‍ മുമ്പ്‌ അവതരിപ്പിക്കാനുള്ള കൃതി പരിചയപ്പെടുത്തി മത്സരിക്കാന്‍ മത്സരാര്‍ത്ഥികളെ നിര്‍ബന്ധിച്ചാല്‍ പല കള്ളക്കളികളും ഒഴിവാക്കാം. പല കള്ളനാണയങ്ങളെയും വേദിയില്‍ നിന്ന്‌ പുറത്താക്കാം. ഐഎഎസ്‌ പരീക്ഷക്കും ഉന്നത വിദ്യാഭ്യാസ കോഴ്സുകള്‍ക്കുള്ള പ്രവേശന പരീക്ഷക്കും യുവജനോത്സവത്തിലെ കഥ, കവിത, പെയിന്റിംഗ്‌, ക്ലേ മോഡലിംഗ്‌ എന്നിവക്കും ഒരേ മാനദണ്ഡത്തിലാണല്ലോ മത്സരവും പരീക്ഷയും നടത്തുന്നത്‌. അതേ രീതിയില്‍ വേഷപ്പകിട്ട്‌ ഏറെ വേണ്ട മത്സര ഇനങ്ങള്‍ക്കും ഒരേ രീതി തന്നെ നിര്‍ണയിച്ചാല്‍ യഥാര്‍ത്ഥ കലാകാരന്മാരെയും കലാകാരികളെയും കണ്ടെത്താന്‍ കഴിയുമെന്ന കാര്യത്തില്‍ സംശയമില്ല. ആരോപണ വിധേയരായ, ആര്‍ത്തിപ്പണ്ടാരങ്ങളായ വിധികര്‍ത്താക്കളെ മാറ്റി നിര്‍ത്തി സത്യസന്ധരും സമര്‍പ്പണ മനസ്സുമുള്ളവരെ കണ്ടെത്തി വിധി നിര്‍ണയത്തിന്റെ രീതിയും പരിഷ്കരിക്കേണ്ടതുണ്ട്‌. ഇപ്പോഴും ആരോപണവിടേയരായവരാണ്‌ പലയിടത്തും വിധിനിര്‍ണയം നടത്തുന്നത്‌. ഇത്തവണ വിധിനിര്‍ണയത്തെ സ്വാധീനിക്കാതിരിക്കാന്‍ വിധി കര്‍ത്താക്കള്‍ മൊബെയില്‍ ഫോണ്‍ ഉപയോഗിക്കുന്നത്‌ വിലക്കിയിരുന്നെങ്കിലും യക്ഷഗാനമത്സരത്തിന്റെ ഇടയില്‍ മൊബെയില്‍ ഫോണില്‍ സംസാരിക്കുന്ന വിധികര്‍ത്താവിന്റെ ചിത്രം കേരളത്തിലെ പത്രങ്ങളെല്ലാം പ്രസിദ്ധീകരിച്ചതാണ്‌.
ഈ അപാകങ്ങള്‍ പരിഹരിച്ചെങ്കില്‍ മാത്രമേ യുവജനോത്സവ വേദിയുടെ ലക്ഷ്യം സാര്‍ത്ഥകമാവുകയുള്ളു. അപ്പോഴും, ആതിരേ കള്ളത്തരം കാണിക്കാന്‍ രക്ഷകര്‍ത്താക്കളും അധ്യാപകരും പലിശീകരും അവരുടെ ഇടനിലക്കാരും ഉണ്ടാകും.സംശയമില്ല. ഈ സാമദ്രോഹികളെ കൂടി ഒതുക്കിയെങ്കില്‍ മാത്രമേ വിദ്യാര്‍ത്ഥികള്‍ക്ക്‌ അവരുടെ യഥാര്‍ത്ഥ സര്‍ഗശക്തി പ്രദര്‍ശിപ്പിക്കാന്‍ കഴിയുകയുള്ളു. അത്തരത്തിലൊരു സാഹചര്യം സൃഷ്ടിക്കാന്‍ കഴിയില്ലെങ്കില്‍ എന്തിനാണ്‌ ഇത്തരത്തിലുള്ള കപട യുവജനോത്സവങ്ങളെന്ന്‌ ഉറക്കെ ചോദിച്ചേ മതിയാകു.

Thursday, January 14, 2010

സ്കൂള്‍ യുവജനോത്സവം:പണത്തോതളന്ന്‌ ആടുന്ന അധര്‍മ്മം



അതായത്‌ പണമുള്ള മാതാപിതാക്കന്മാരുടെ പൊങ്ങച്ച പ്രകടനത്തിന്റെ വേദിയായി സ്കൂള്‍ യുവജനോത്സവം അധഃപതിച്ച്‌ കഴിഞ്ഞിട്ട്‌ വര്‍ഷങ്ങളായി. കോഴ വാങ്ങി ബാങ്ക്‌ ബാലന്‍സ്‌ കൂട്ടുന്ന രീതിയും കോഴ കൊടുത്ത്‌ നേട്ടങ്ങള്‍ ഉണ്ടാക്കുന്ന സമ്പ്രദായവും ഇന്ന്‌ യുകെജി തലം മുതല്‍ വ്യാപകമാണ്‌. സത്യം പറയണമെന്നും കള്ളം പറയരുതെന്നും നീതി പ്രവര്‍ത്തിക്കണമെന്നും ശിക്ഷകളിലൂടെ മക്കളെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്ന മാതാപിതാക്കളാണ്‌ പരസ്യമായും രഹസ്യമായും എല്ലാ കോഴക്കഥകളിലും നായകനും നായികയും ആവുന്നത്‌. അറസ്റ്റ്‌ ചെയ്യപ്പെട്ട്‌ അവരുടെ ചിത്രം മാധ്യമങ്ങളില്‍ വരുമ്പോഴാണ്‌ അവരെല്ലാം കെട്ടിപ്പൊക്കിയ സുഖസാമ്രാജ്യം ആരുടെയെല്ലാം വിയര്‍പ്പിന്റെയും കണ്ണീരിന്റെയും അടിത്തറയിലാണെന്ന്‌ ബോധ്യമാകുന്നത്‌.അത്തരം കള്ളപ്പണം ഒഴുക്കിയാണ്‌ കഴിഞ്ഞ കുറേ കൊല്ലങ്ങളായി കുരുത്തം കെട്ട ചില മാതാപിതാക്കളും ഗുരുത്വം തൊട്ടുതെറിച്ചിട്ടില്ലാത്ത ചില പരിശീലകരും ഇവരുടെ ഇടനിലക്കാരായ കുറേ അദ്ധ്യാപകരും കലാപ്രതിഭകളെ 'സൃഷ്ടിച്ചെ'ടുത്തിരുന്നത്‌.


"കലാമത്സരങ്ങള്‍ വിലയിരുത്തുന്ന തനിക്ക്‌ പലപ്പോഴും കോഴ വാഗ്ദാനം ചെയ്തു "എന്ന്‌, സബ്ജില്ല, ജില്ലാ കലോത്സവങ്ങളില്‍ പലതവണ വിധികര്‍ത്താവായിരുന്ന നൃത്താധ്യാപിക ഷീല സുധീര്‍ ലാല്‍. കോഴയും മറ്റു ജില്ലകളില്‍ വിധി നിര്‍ണയിക്കാന്‍ അവസരങ്ങളുമാണ്‌ വാഗ്ദാനം ചെയ്തത്‌.... തങ്ങള്‍ പറയുന്ന മത്സരാര്‍ത്ഥിയെ കൂടുതല്‍ മാര്‍ക്ക്‌ നല്‍കി വിജയിപ്പിക്കണമെന്നാണ്‌ ആവശ്യമുന്നയിച്ചത്‌.... സ്വധീനിക്കാനായി പാതിരാത്രി വരെ വിളിച്ച്‌ ശല്യം ചെയ്യുന്നവരുണ്ട്‌. തങ്ങളുടെ കുട്ടിക്ക്‌ മാര്‍ക്കിട്ടാല്‍ മലപ്പുറം, എറണാകുളം ജില്ലകളിലേക്കുള്ള വിധികര്‍ത്താക്കളുടെ പാനലില്‍ ഉള്‍പ്പെടുത്താമെന്നായിരുന്നു ഒരാളുടെ വാഗ്ദാനം. ഇതില്‍ വീണുപോകുന്ന ഒട്ടേറെ പെരുണ്ട്‌. ഒപ്പമിരിക്കുന്ന ജഡ്ജിമാരില്‍ ചിലരിടുന്ന മാര്‍ക്കില്‍ കാര്യമായ വ്യത്യാസമുണ്ടാകാറുണ്ട്‌. അപ്പോഴൊക്കെ സംശയം തോന്നിയിട്ടുണ്ട്‌...." - 12 വര്‍ഷമായി മത്സരങ്ങള്‍ക്ക്‌ വിധിയെഴുതുന്ന വ്യക്തിയാണ്‌ ഷീല.
"ജില്ലയിലെ ജഡ്ജ്മെന്റ്‌ ഒരാള്‍ ഏറ്റെടുക്കും. ആര്‍ക്ക്‌ സമ്മാനം കൊടുക്കണമെന്ന്‌ പറയുന്നത്‌ അവരാണ്‌. ഞാന്‍ രണ്ടുജില്ലകളില്‍ ജഡ്ജ്മെന്റിന്‌ പോയി. ഒരിടത്ത്‌ അവരുടെ കളികണ്ട്‌ ഇഷ്ടപ്പെടാതെ ഞങ്ങള്‍ മൂന്നുപേരും ഇറങ്ങിപ്പോന്നു. അടുത്ത ജില്ലയില്‍ ചെന്നപ്പോള്‍ ഇന്നയാള്‍ക്ക്‌ കൊടുക്കണമെന്ന്‌ പറഞ്ഞ്‌ തര്‍ക്കമായി. ഇനി വിധി നിര്‍ണയത്തിനില്ല"- കലോത്സവ നൃത്തവേദിയിലെ സ്ഥിരം സാന്നിദ്ധ്യമാണ്‌ ഈ നൃത്താധ്യാപകന്‍.
ആതിരേ,ഏഷ്യയിലെ ഏറ്റവും വലിയ വിദ്യാര്‍ത്ഥി കലോത്സവമാണ്‌ കേരളത്തില്‍ നടക്കുന്നത്‌. അതിന്റെ 50-ാ‍ം വര്‍ഷമെത്തിയപ്പോഴുള്ള അണിയറ കഥകളുടെയും കള്ളക്കളികളുടെയും രണ്ട്‌ സത്യവാങ്മൂലമാണ്‌ മുകളില്‍ ഉദ്ദരിച്ചത്‌.
ജില്ലാതലത്തില്‍ എ ഗ്രേഡിന്‌ 20,000 രൂപയും സംസ്ഥാനത്ത്‌ അത്‌ മതിപ്പ്‌ അരലക്ഷം കവിയും എന്നാണ്‌ കഴിഞ്ഞദിവസം മനോരമ ചാനല്‍ വെളിപ്പെടുത്തിയ ഞെട്ടിക്കുന്ന വാസ്തവം. മൂന്ന്‌ ജില്ലകളുടെ കലോത്സവം ക്വട്ടേഷന്‍ പിടിച്ച ഇടനിലക്കാരന്റെ ഏജന്റ്‌ ഒരു എ ഗ്രേഡിന്‌ വിലയിട്ടത്‌ 20,000 രൂപ. മൂന്നിനങ്ങളില്‍ സംസ്ഥാനത്ത്‌ എത്തണമെങ്കില്‍ 60,000 രൂപ ബാങ്ക്‌ അക്കൗണ്ടില്‍ ഇടണം. അവിടെ ജയിക്കണമെങ്കില്‍ തുക വേറെ. ഏജന്റും കലാമത്സരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥിയുടെ അമ്മയുമായി നടന്ന ഫോണ്‍ സന്ദേശം റെക്കോര്‍ഡ്‌ ചെയ്താണ്‌ കഴിഞ്ഞദിവസം മനോരമ ന്യൂസ്‌ ഈ കള്ളക്കളി പുറത്ത്‌ കൊണ്ടുവന്നത്‌.
നടക്കുന്നത്‌ ജൂബിലി കലോത്സവം. ജൂബിലി കലോത്സവ വിധി നിര്‍ണയത്തിന്റെ കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവും വേണ്ട. എല്ലാ മുന്‍കരുതലുകളും വിദ്യാഭ്യാസ വകുപ്പ്‌ സ്വീകരിച്ചിട്ടുണ്ട്‌. അനാവശ്യമായ ആശങ്കകള്‍ മത്സരാര്‍ത്ഥികള്‍ ഒഴിവാക്കണം" പറഞ്ഞത്‌ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ.പി.എം. മുഹമ്മദ്‌ ഹനീഷ്‌.
എന്നാല്‍ ആതിരേ, വാസ്തവമിങ്ങനെ. ആദ്യം സൂചിപ്പിച്ച ഫോണ്‍ സംഭാഷണത്തിലെ പ്രതിയായ കോട്ടയം അതിരമ്പുഴ സെന്റ്‌ അലോഷ്യസ്‌ സ്കൂളിലെ അധ്യാപകന്‍ ബെന്നി പൊന്നാരത്തിനെ സ്കൂള്‍ മാനേജ്മെന്റ്‌ സസ്പെന്‍ഡ്‌ ചെയ്തു. ഇതിനിടയിലാണ്‌ കഴിവുള്ള കുട്ടികളെ കലോത്സവത്തില്‍ നിന്ന്‌ മാറ്റിനിര്‍ത്താന്‍ പരിശീലകര്‍ നടത്തുന്ന കളികളുടെ വാര്‍ത്ത പുറത്ത്‌ വന്നത്‌. 75,000 രൂപവരെ ഇത്തരത്തില്‍ വാഗ്ദാനം ചെയ്തു എന്നാണ്‌ ഒരു മത്സരാര്‍ത്ഥിയുടെ പിതാവ്‌ വെളിപ്പെടുത്തിയത്‌.
കൗമാര സര്‍ഗാത്മകതയുടെ പീലി നിവര്‍ത്തിയാട്ടമായിട്ടാണ്‌ സ്കൂള്‍ കലോത്സവത്തെ വിലയിരുത്തിപ്പോരുന്നത്‌. മുമ്പൊക്കെ സിദ്ധിയും സാധനയുമുള്ള കലാകാരന്മാരും കലാകാരികളുമാണ്‌ സ്കൂള്‍ യുവജനോത്സവത്തില്‍ പുരസ്കാര ജേതാക്കളായിട്ടുള്ളത്‌. ആദ്യത്തെ സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തിലെ വിജയികളാണ്‌ കേരളം നെഞ്ചോട്‌ ചേര്‍ത്ത്‌ അഭിമാനിക്കുന്ന കെ.ജെ യേശുദാസും പി. ജയചന്ദ്രനും. ലളിത ഗാനത്തിനാണ്‌ അന്ന്‌ യേശുദാസിന്‌ ഒന്നാം സമ്മാനം കിട്ടിയത്‌. മൃദംഗവാദനത്തിനാണ്‌ ജയചന്ദ്രന്‍ ഒന്നാമനായത്‌.
അവിടെ നിന്ന്‌ 50 വര്‍ഷം കഴിയുമ്പോള്‍ മലയാളിയുടെ ജീവിതരീതിയും ഒത്തിരിയൊത്തിരി വ്യത്യസ്ഥമായി. എന്തുചെയ്തും പണം നേടണമെന്നും പണം കൊണ്ട്‌ എന്തും നേടാമെന്നുമുള്ള അധോലോക ചിന്തയാണ്‌ ഇന്ന്‌ മലയാളിയെ ഭരിക്കുന്നത്‌. അതിന്റെ ഏറ്റവും വലിയ തെളിവാണ്‌ സിദ്ധിയും സാധനയും മാറ്റുരയ്ക്കേണ്ട കലോത്സവവേദികളില്‍ കാണുന്ന പണക്കൊഴുപ്പിന്റെ പ്രദര്‍ശനവും അഴിമതികളും. ഇപ്പോള്‍ മത്സരം കുട്ടികള്‍ തമ്മിലല്ല. മറിച്ച്‌ മാതാപിതാക്കളും പരിശീലകരും തമ്മിലാണ്‌. മൊബെയില്‍ ഫോണ്‍ സാധാരണമായതോടെ ആതിരേ, ഈ കള്ളക്കളിയുടെ കൗശലം എളുപ്പമായി.
അങ്ങനെയെല്ലാം ആയതുകൊണ്ട്‌. ഇന്ന്‌ പണക്കാര്‍ക്ക്‌ മാത്രമുള്ള കഴിവ്‌ പ്രകാശന ചടങ്ങായി സ്കൂള്‍ യുവജനോത്സവ വേദികള്‍ മാറിക്കഴിഞ്ഞു. ഇക്കാര്യം പലവട്ടം വിവേകശാലികള്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്‌. പക്ഷെ, ആ വാസ്തവങ്ങള്‍ അംഗീകരിക്കാന്‍ ആരും തയ്യാറായിട്ടില്ല. ഏറ്റവും ദൃശ്യപൊലിമയുള്ള അഞ്ച്‌ നൃത്ത രൂപങ്ങള്‍ക്ക്‌ ജൂബിലി വര്‍ഷത്തില്‍ ചെലവായ തുക ഇങ്ങനെയാണ്‌.
1. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി- പുതിയ ഇനം പഠിക്കാന്‍ 10,000-50,000 രൂ. വേഷം : 6,000 - 25,000 രൂ. ആഭരണം : 7,000 - 15,000 രൂ. പാട്ടൊരുക്കല്‍ (റെക്കോര്‍ഡിംഗ്‌) : 8,000 - 20,000 രൂ. ആകെ ചെലവ്‌ = 30,000 - 1 ലക്ഷം രൂപ.
2. മാര്‍ഗം കളി : വേഷം : 1000 രൂപ വീതം. പഠനം : 10000 - 20,000. ആകെ ചെലവ്‌ = 35,000-40,000.
3. തിരുവാതിരകളി : വേഷം : 1500 - 2000 രൂപ വീതം. ആഭരണം : (വാടക 5000 രൂപ) ആകെ ചെലവ്‌ = 40,000 രൂപ.
ചോദ്യമിതാണ്‌ ഇങ്ങനെ ഒരു യുവജനോത്സവം ജില്ലാതലം മുതല്‍ സംസ്ഥാന തലം വരെ നടത്തേണ്ടതുണ്ടോ? യേശുദാസിനെയും പി. ജയചന്ദ്രനെയും, ജി.വേണുഗോപാലിനേയും, മജ്ഞു വാര്യരേയും, കാവ്യാ മാധവനേയും പോലെ വിരലിലെണ്ണാവുന്നവരെ ഒഴിച്ചു നിര്‍ത്തിയാള്‍ സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ മികവ്‌ തെളിയിച്ച എത്രപേര്‍ ഇന്ന്‌ കലാരംഗത്തുണ്ട്‌.മേല്‍ സൂചിപ്പിച്ചവര്‍ സ്കൂള്‍ കലോത്സവങ്ങളില്‍ കള്ളക്കളി നടത്തി അംഗീകാരം നേടിയെടുത്ത മുക്കുപണ്ടങ്ങളല്ലെന്നു മാത്രമല്ല തങ്ങളിലെ സിദ്ധിയെ കടുത്തസാധനയിലൂടേയും കഠിനാദ്ധ്വാനത്തിലൂടേയും കലയുടെ അഭിമാന സ്തംഭങ്ങളായവരുമാണ്‌.
അതായത്‌ പണമുള്ള മാതാപിതാക്കന്മാരുടെ പൊങ്ങച്ച പ്രകടനത്തിന്റെ വേദിയായി സ്കൂള്‍ യുവജനോത്സവം അധഃപതിച്ച്‌ കഴിഞ്ഞിട്ട്‌ വര്‍ഷങ്ങളായി. കോഴ വാങ്ങി ബാങ്ക്‌ ബാലന്‍സ്‌ കൂട്ടുന്ന രീതിയും കോഴ കൊടുത്ത്‌ നേട്ടങ്ങള്‍ ഉണ്ടാക്കുന്ന സമ്പ്രദായവും ഇന്ന്‌ യുകെജി തലം മുതല്‍ വ്യാപകമാണ്‌. സത്യം പറയണമെന്നും കള്ളം പറയരുതെന്നും നീതി പ്രവര്‍ത്തിക്കണമെന്നും ശിക്ഷകളിലൂടെ മക്കളെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്ന മാതാപിതാക്കളാണ്‌ പരസ്യമായും രഹസ്യമായും എല്ലാ കോഴക്കഥകളിലും നായകനും നായികയും ആവുന്നത്‌. അറസ്റ്റ്‌ ചെയ്യപ്പെട്ട്‌ അവരുടെ ചിത്രം മാധ്യമങ്ങളില്‍ വരുമ്പോഴാണ്‌ അവരെല്ലാം കെട്ടിപ്പൊക്കിയ സുഖസാമ്രാജ്യം ആരുടെയെല്ലാം വിയര്‍പ്പിന്റെയും കണ്ണീരിന്റെയും അടിത്തറയിലാണെന്ന്‌ ബോധ്യമാകുന്നത്‌.അത്തരം കള്ളപ്പണം ഒഴുക്കിയാണ്‌ കഴിഞ്ഞ കുറേ കൊല്ലങ്ങളായി കുരുത്തം കെട്ട ചില മാതാപിതാക്കളും ഗുരുത്വം തൊട്ടുതെറിച്ചിട്ടില്ലാത്ത ചില പരിശീലകരും ഇവരുടെ ഇടനിലക്കാരായ കുറേ അദ്ധ്യാപകരും കലാപ്രതിഭകളെ 'സൃഷ്ടിച്ചെ'ടുത്തിരുന്നത്‌.
ഇവിടെയാണ്‌ ആതിരേ പ്രസക്തമായ ഒരു ചോദ്യം ഉയരുന്നത്‌. ഇത്തരം അധോലോക ശക്തികളുടെ കൈകളില്‍ നിന്ന്‌ സ്കൂള്‍ യുവജനോത്സവത്തെ മോചിപ്പിക്കാന്‍ കഴിയുകയില്ലേ? കഴിവുള്ള പ്രതിഭകള്‍ക്ക്‌ പണമില്ലെങ്കില്‍ അംഗീകാരം ലഭിക്കില്ലേ ? ഇടനിലക്കാരായി പണിയെടുക്കുന്ന അധ്യാപകയൂണിയന്‍/ ഭരണകക്ഷി രാഷ്ട്രീയ വേതാളങ്ങളെ മാറ്റി നിര്‍ത്തി ഒരു യുവജനോത്സവം നടത്താന്‍ കഴിയില്ലേ?
കഴിയും എന്നു തന്നെയാണ്‌ അതിന്റെ വലിയ ഉത്തരം.
അത്‌ നമുക്ക്‌ അടുത്ത ലക്കത്തില്‍ ചര്‍ച്ച ചെയ്യാം.

Friday, January 8, 2010

കൃഷിയേയും കര്‍ഷകരേയും നാം അപമാനിക്കുമ്പോള്‍...!


പട്ടിണിയുടെയും പോഷകാഹാരക്കുറവിന്റെയും തോത്‌ പകുതിയാക്കാന്‍ ലക്ഷ്യമിട്ടാണ്‌ 'ഓപ്പറേഷന്‍ - 2015 ആരംഭിച്ചത്‌. എന്നാല്‍, തോത്‌ കുറയുതിന്‌ പകരം വര്‍ധിക്കുകയാണുണ്ടായിട്ടുള്ളത്‌. പോഷകാഹാരക്കുറവ്‌ മൂലമുള്ള "ഒളിഞ്ഞിരിക്കുന്ന പട്ടിണി " രാജ്യത്ത്‌ വ്യാപകമാണെന്ന്‌ പ്രശ്സത ആരോഗ്യ പ്രവര്‍ത്തക ഡോ മാളവിക വിനോദ്‌ കുമാറും ചൂണ്ടിക്കാട്ടുന്നു. പോഷകാഹാരക്കുറവ്‌ മൂലം ഉത്പാദനക്ഷമതയില്‍ പതിനേഴ്‌ ശതമാനത്തിന്റെ കുറവുണ്ട്‌. വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം താഴോട്ട്‌ പോകുന്നു. രാജ്യത്തെ 56.2 ശതമാനം സൃതീകള്‍ക്ക്‌ വിളര്‍ച്ച രോഗം ബാധിച്ചിരിക്കുന്നു. 30 ശതമാനം നവജാത ശിശുക്കളും ശരാശരി ശരീര ഭാരമായ രണ്ടര കിലോയ്ക്ക്‌ താഴെയാണ്‌. 15-49 വയസ്സ്‌ വരെയുള്ള സൃതീകളില്‍ 33 ശതമാനം പേരുടെ ബോഡി മാസ്‌ ഇന്‍ഡക്സ്‌ ശരാശരിക്ക്‌ താഴെയാണ്‌. പുരുഷന്മാരില്‍ ഇത്‌ 28.1 ശതമാനമാണ്‌. കുട്ടികളില്‍ 60 ശതമാനം പേര്‍ക്ക്‌ വിറ്റാമിന്‍ എയുടെ കുറവ്‌ അനുഭവപ്പെടുന്നു.




"ഇന്ത്യയിലെ കര്‍ഷകര്‍ ദുരന്തത്തിന്റെ വക്കിലാണ്‌. കേന്ദ്ര ബജറ്റ്‌ തയ്യാറാക്കും മുമ്പ്‌ കോണ്‍ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യന്‍ ഇന്റസ്റ്ററിയുമായി ധനമന്ത്രി ചര്‍ച്ച നടത്താറുണ്ട്‌. ഏറ്റവും വലിയ സ്വകാര്യ സംരംഭം കൃഷിയാണെങ്കിലും അവരുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്താറില്ല.... എല്ലാ ധനമന്ത്രിമാരും ബജറ്റില്‍ കര്‍ഷകരെ പ്രകീര്‍ത്തിക്കും. എന്നാല്‍, ബജറ്റില്‍ കര്‍ഷകരെ പാടെ അവഗണിക്കും. കൃഷിയേയും കര്‍ഷകരേയും നാം അപമാനിക്കുകയാണോ? ഭക്ഷണം കിട്ടാതാകുമ്പോഴേ ദുരന്തം ബോധ്യമാകൂ. ഭക്ഷ്യധാന്യം കൈവശമുള്ള രാജ്യങ്ങളാകും നിലനില്‍ക്കുക. അല്ലാതെ ആയുധങ്ങള്‍ കൈവശമുള്ളവയല്ല. പണമുണ്ടെങ്കില്‍ ആയുധങ്ങള്‍ വാങ്ങാം. എന്നാല്‍, ഭക്ഷ്യധാന്യങ്ങള്‍ വാങ്ങാന്‍ കിട്ടാത്ത സ്ഥിതി വന്നുകഴിഞ്ഞു...."
ആതിരേ,തിരുവനന്തപുരത്ത്‌ കഴിഞ്ഞദിവസം നടന്ന ഇന്ത്യന്‍ സയന്‍സ്‌ കോണ്‍ഗ്രസില്‍ ഉയര്‍ന്ന്‌ കേട്ട വിവേകത്തിന്റെ ശബ്ദമാണിത്‌. ലോക പ്രശസ്ത കൃഷി ശാസൃതജ്ഞന്‍ ഡോ. എം.എസ്‌ സ്വാമിനാഥനാണ്‌, നമ്മുടെ വികസനത്തിന്റെ വികലമായ കാഴ്ചപ്പാടിലേക്ക്‌, ഇവ്വിധത്തില്‍ ഭയാശങ്കകളോടെ വിരല്‍ ചൂണ്ടിയത്‌.
വികസനമെന്നാല്‍ വ്യാവസായിക വളര്‍ച്ചയാണെന്ന വികല്‍പ്പത്തില്‍ കഴിയുന്ന ഇന്ത്യയിലെയും കേരളത്തിലെയും വിഡ്ഢിക്കുശ്മാണ്ഡങ്ങളായ ധനമന്ത്രിമാര്‍ക്കോ വ്യവസായ മന്ത്രിമാര്‍ക്കോ കൃഷിമന്ത്രിമാര്‍ക്കോ മനസ്സിലാക്കാന്‍ കഴിയാതെ പോയതോ അല്ലെങ്കില്‍ ബോധപൂര്‍വം അവര്‍ തമസ്കരിക്കുന്നതോ ആയ വലിയ സത്യത്തിലേക്കാണ്‌ ഡോ. സ്വാമിനാഥന്‍ നമ്മുടെയെല്ലാം ശ്രദ്ധ ക്ഷണിക്കുന്നത്‌. തെങ്ങിന്റെ മണ്ടയില്‍ വ്യവസായം വരുമോ എന്ന ചോദ്യം ചോദിച്ച്‌ പാരിസ്ഥിതിക പ്രാധാന്യമുള്ള സ്ഥലങ്ങള്‍ പോലും വ്യവസായ ഭീമമന്‍മാര്‍ക്ക്‌ അടിയറവെയ്ക്കാന്‍ വെമ്പല്‍ കൊള്ളുന്ന എളമരം കരീമുമാര്‍ക്കോ കൃഷിഭൂമി ടാറ്റപോലുള്ള കാര്‍ നിര്‍മാണ വ്യവസായികള്‍ക്ക്‌ തീറെഴുതാന്‍ കൊതിക്കുന്ന ബുദ്ധദേവുമാര്‍ക്കോ തിരിച്ചറിയാന്‍ കഴിയാതെ പോകുന്ന മാനവീകതയുടെ വേദനയാണ്‌, ആതിരേ, ഡോ. സ്വാമിനാഥന്റെ സ്വരത്തിലുള്ളത്‌. കൃഷിഭൂമി കര്‍ഷകനെന്ന വിപ്ലവകരമായ ആശയം ഉന്നയിക്കുകയും അതിന്റെ ആവിഷ്കാരത്തിനും സാക്ഷാത്കാരത്തിനുമായി അഭിമാന്വേജ്ജ്വലങ്ങളായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്ത മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയടക്കമുള്ളവര്‍ ഭരണം കൈയ്യാളി കഴിയുമ്പോള്‍ മൂലധന സംരംഭകരുടെയും ചൂഷകരുടെയും കങ്കാണിമാരായി കൃഷിയെയും കര്‍ഷകരെയും അപമാനിക്കുന്ന അപായകരമായ ഭരണരീതിക്ക്‌ നേരെ ഉയരുന്ന പ്രതിഷേധത്തിന്റെ തീക്കനലുകള്‍ കൂടിയാകുന്നു ഡോ. സ്വാമിനാഥന്റെ ഈ ആശങ്കകള്‍. അദ്ദേഹം തുടരുന്നു;
"ചെറുകിട കര്‍ഷകരുടെ ഭൂമി നഷ്ടപ്പെടുത്തിക്കൊണ്ടുള്ള കോര്‍പ്പറേറ്റ്‌ കൃഷി ഇന്ത്യയില്‍ പ്രായോഗികമല്ല. ഭൂമി ഏറ്റെടുക്കാന്‍ ബ്രിട്ടീഷുകാരുടെ കാലത്തുണ്ടാക്കിയ നിയമം റദ്ദാക്കണം. കാലാവസ്ഥാ വ്യതിയാനം, ജൈവ വൈവിധ്യനഷ്ടം, ഭക്ഷ്യ വിളകളിലെ ജൈവ സാങ്കേതിക വിദ്യാ പ്രയോഗം, ഭക്ഷ്യ പ്രതിസന്ധി എന്നിവയാണ്‌ ഈ നൂറ്റാണ്ടില്‍ ശാസൃതം നേരിടുന്ന വെല്ലുവിളികള്‍..... ബിടി വഴുതനങ്ങ പോലുള്ള വിളകള്‍ കൃഷി ചെയ്യാന്‍ അനുവദിക്കും മുമ്പ്‌ പഠനങ്ങള്‍ ആവശ്യമാണ്‌. വിത്ത്‌ കമ്പനികള്‍ നടത്തുന്ന പഠനങ്ങളേ അല്ലാ ആശ്രയിക്കേണ്ടത്‌. പാര്‍ലമെന്റിനോട്‌ ഉത്തരവാദിത്തമുള്ള സമിതിയാണ്‌ അന്തിമ തീരുമാനം എടുക്കേണ്ടത്‌...."
ആതിരേ, നാടിന്റെ തനത്‌ കൃഷിരീതിയെയും അത്‌ അവലംബിച്ച്‌ ഇതുവരെ ജനങ്ങളുടെ വിശപ്പകറ്റുകയും ഖജനാവ്‌ കാലിയാകാതെ സൂക്ഷിക്കുകയും ചെയ്ത കര്‍ഷകരെ വിഡ്ഢികളാക്കി കോര്‍പ്പറേറ്റ്‌ കൃഷി രീതിക്ക്‌ അനുമതി നല്‍കുന്ന ജനവിരുദ്ധന്മാര്‍ക്കെതിരായി പടപ്പുറപ്പാട്‌ ആരംഭിക്കേണ്ടതിന്റെ ആവശ്യകതയും ഊന്നിപ്പറയുകയാണ്‌ ഡോ. സ്വാമിനാഥന്‍. ജനിതക വ്യതിയാനം വരുത്തിയ വിത്തിനിങ്ങളിലൂടെ ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളുടെ തനത്‌ കൃഷിരീതിയും വിത്ത്‌ സംരക്ഷണ രീതിയും നശിപ്പിച്ച്‌ പുതിയൊരു ചൂഷണത്തിന്റെ വീഥി തുറക്കുന്ന കോര്‍പ്പറേറ്റ്‌ കാര്‍ഷിക സംസ്കാരം മാരകമാണെന്ന മുന്നറിയിപ്പ്‌ വിസ്മരിച്ചതിന്റെ തിരിച്ചടികള്‍ ഇന്ത്യയില്‍ വിദര്‍ഭയിലെ കര്‍ഷകരുടെ കൂട്ട ആത്മഹത്യയായി നമ്മുടെ മുന്നിലുണ്ട്‌. ബിടി പരുത്തി കൃഷിചെയ്യാന്‍ പ്രേരിപ്പിച്ച്‌ കര്‍ഷകരെ കടക്കെണിയിലാക്കി ആത്മഹത്യയിലേക്ക്‌ തള്ളിവിട്ടശേഷം വിദര്‍ഭ പാക്കേജ്‌ പോലുള്ള കൗശങ്ങളിലൂടെ പ്രത്യാഘാതങ്ങള്‍ മൂടിവെയ്ക്കാമെന്ന കരുതുന്ന ഭരണ-പ്ലാനിംഗ്‌ മാരണങ്ങള്‍ക്ക്‌ നേരെയുള്ള ആഗ്നേയാസൃതങ്ങള്‍ കൂടിയാകുന്നു ഡോ. സ്വാമിനാഥന്റെ ഈ തിരിച്ചറിവുകള്‍. വിദര്‍ഭ ദുരന്തം കണ്‍മുന്നിലുണ്ടായിട്ടും കേരളത്തിലെ വയനാട്ടിലും മറ്റും ബിടി പരുത്തി കൃഷിചെയ്യാന്‍ വെമ്പല്‍ കൊള്ളുന്ന കാര്‍ഷീക വകുപ്പ്‌ ഉദ്യോഗസ്ഥരെന്ന, കോര്‍പ്പറേറ്റ്‌ കൃഷി ഭൂതങ്ങളുടെ ഇടനിലക്കാര്‍ക്കെതിരായുള്ള മുന്നറിയിപ്പും കൂടിയാണ്‌ ഡോ. സ്വാമിനാഥന്‍.
ലോകത്ത്‌ ശോഷിച്ച്‌ വരുന്ന ഭക്ഷ്യധാന്യത്തെ കുറിച്ച്‌ ബോധമുള്ള വികസിത രാജ്യങ്ങള്‍ അവരുടെ നാടുകളില്‍ വന്‍ സബ്സിഡി നല്‍കി കൃഷിയെ പ്രോത്സാഹിപ്പിക്കുകയും വരും കാലങ്ങളില്‍ ലോകമെമ്പാടുമുള്ള കൃഷിയുടെ കുത്തക സ്വന്തമാക്കാന്‍ ഗവേഷണത്തിലൂടെ ജനിതക വ്യതിയാനം വരുത്തിയ വിത്തുകള്‍ കണ്ടെത്തി പ്രചരിപ്പിക്കുകയും ചെയ്യുമ്പോള്‍ അവരുടെ ഉദ്ദേശ്യവും ലക്ഷ്യവും തിരിച്ചറിഞ്ഞ്‌, ആ അധിനിവേശത്തെ പ്രതിരോധിച്ച്‌ നാട്ടിലെ കര്‍ഷകരെയും അവരുടെ തനത്‌ കൃഷി രീതികളെയും വിത്ത്‌ സംരക്ഷണ രീതികളെയും കാത്തുസൂക്ഷിക്കേണ്ടവര്‍ കോര്‍പ്പറേറ്റ്‌ കൃഷി മേലാളന്മാരുടെ റാന്‍മൂളികളായി മാറുന്ന ഭീതി ജനകമായ സാഹചര്യമാണ്‌ ഇന്ത്യ അടക്കമുള്ള വികസ്വര രാജ്യങ്ങളിലുള്ളത്‌. അധിനിവേശക്കാരനേക്കാള്‍ ഭയക്കേണ്ടതാണ്‌ അവര്‍ക്ക്‌ കടന്നുകയറാനുള്ള അവസരൊമരുക്കി കൊടുക്കുന്ന തദ്ദേശിയരായ ഇത്തരം ചതിയന്മാരെ. ഇവരുടെ വഞ്ചനകളും കൗശലങ്ങളും തിരിച്ചയിഞ്ഞ്‌ തനത്‌ കൃഷി രീതിയിലേയ്ക്ക്‌ മടങ്ങി ഭക്ഷ്യോത്പാദനം വര്‍ധിപ്പിക്കേണ്ടതിന്റെ പൊള്ളുന്ന ആവശ്യകതയണ്‌ ഡോ. സ്വാമിനാഥന്‍ നമ്മുടെ മുന്നിലവതരിപ്പിക്കുന്നത്‌.
ഇതിന്‌ സമാന്തരമായിട്ടുവേണം, ആതിരേ, ഭക്ഷധാന്യങ്ങളുടെ വിലക്കയറ്റം മൂലം സംജാതമായിട്ടുള്ള സവിശേഷ സാഹചര്യങ്ങളെ വിലയിരുത്തേണ്ടതെന്നും ഡോ. സ്വാമിനാഥന്‍ ആവശ്യപ്പെടുന്നുണ്ട്‌. കാരണം ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റം രാജ്യത്ത്‌ പട്ടിണിയും പോഷകാഹാരക്കുറവും വര്‍ധിപ്പിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഭക്ഷ്യവസ്തുക്കളുെ‍ വിലവര്‍ധന, പട്ടിണിയും പോഷകാഹാരകുറവും പരിഹരിക്കുന്നതിനുള്ള 'ഓപ്പറേഷന്‍ - 2015' പദ്ധതിയേയും അവതാളത്തിലാക്കി എന്ന്‌ അദ്ദേഹം ഇന്ത്യന്‍ സയന്‍സ്‌ കോണ്‍ഗ്രസിന്റെ ഭക്ഷ്യ സുരക്ഷയെ കുറിച്ചുന്ന സെമിനാറില്‍ ചൂണ്ടിക്കട്ടിയിരുന്നു. മറ്റേത്‌ രാഷ്ട്രീയ വിഷയങ്ങളേക്കാളും പോഷകാഹാരക്കുറവാണ്‌ രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന്‌ അദ്ദേഹം പറയുന്നു.
പട്ടിണിയുടെയും പോഷകാഹാരക്കുറവിന്റെയും തോത്‌ പകുതിയാക്കാന്‍ ലക്ഷ്യമിട്ടാണ്‌ 'ഓപ്പറേഷന്‍ - 2015 ആരംഭിച്ചത്‌. എന്നാല്‍, തോത്‌ കുറയുതിന്‌ പകരം വര്‍ധിക്കുകയാണുണ്ടായിട്ടുള്ളത്‌. പോഷകാഹാരക്കുറവ്‌ മൂലമുള്ള "ഒളിഞ്ഞിരിക്കുന്ന പട്ടിണി " രാജ്യത്ത്‌ വ്യാപകമാണെന്ന്‌ പ്രശ്സത ആരോഗ്യ പ്രവര്‍ത്തക ഡോ മാളവിക വിനോദ്‌ കുമാറും ചൂണ്ടിക്കാട്ടുന്നു. പോഷകാഹാരക്കുറവ്‌ മൂലം ഉത്പാദനക്ഷമതയില്‍ 17 ശതമാനത്തിന്റെ കുറവുണ്ട്‌. വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം താഴോട്ട്‌ പോകുന്നു. രാജ്യത്തെ 56.2 ശതമാനം സൃതീകള്‍ക്ക്‌ വിളര്‍ച്ച രോഗം ബാധിച്ചിരിക്കുന്നു. 30 ശതമാനം നവജാത ശിശുക്കളും ശരാശരി ശരീരഭാരമായ രണ്ടര കിലോക്ക്‌ താഴെയാണ്‌. 15-49 വയസ്സ്‌ വരെയുള്ള സൃതീകളില്‍ 33 ശതമാനം പേരുടെ ബോഡി മാസ്‌ ഇന്‍ഡക്സ്‌ ശരാശരിക്ക്‌ താഴെയാണ്‌. പുരുഷന്മാരില്‍ ഇത്‌ 28.1 ശതമാനമാണ്‌. കുട്ടികളില്‍ 60 ശതമാനം പേര്‍ക്ക്‌ വിറ്റാമിന്‍ എയുടെ കുറവ്‌ അനുഭവപ്പെടുന്നു.
വിവേകത്തിന്റെ ഈ സ്വരങ്ങള്‍ ആര്‌ ശ്രദ്ധിക്കും, ആതിരേ..? കൃഷി ഭൂമിയെയും കര്‍ഷകരെയും സംരക്ഷിച്ച്‌ രാജ്യത്തെയും വരുംതലമുറയെയും നാശത്തില്‍ നിന്ന്‌ രക്ഷിക്കാന്‍ ബാധ്യതയുള്ള ഭരണക്കാര്‍ പക്ഷെ വികസനത്തിന്റെ പേരില്‍ കൃഷി വിരുദ്ധവും കര്‍ഷകവിരുദ്ധവുമായ നയങ്ങളാണ്‌ ഇപ്പോഴും തുടരുന്നത്‌. ഇനിയെങ്കിലും രാജ്യത്തെ കര്‍ഷകരേയും കൃഷിയേയും കുറിച്ച്‌ ഗൗരവമായി ചിന്തിക്കാനും ഇരുവിഭാഗത്തിന്റെയും ഉന്നമനത്തിന്‌ ഉതകുന്ന പദ്ധതികള്‍ ആവിഷ്കരിക്കാനും ഭരണത്തിലിരിക്കുന്നവര്‍ തയ്യാറാകേണ്ടിയിരിക്കുന്നു. ആതിരേ, വികസനമെന്നാല്‍ വ്യവസായം മാത്രമാണെന്നുള്ള വാദം സര്‍വ നാശത്തിലേക്കുള്ള വിശാലപാതയാണെന്ന്‌ ഇനിയെങ്കിലും ഇവരെല്ലാം തിരിച്ചറിഞ്ഞിരുന്നെങ്കില്‍.

Friday, January 1, 2010

എന്നിട്ടും പിണറായിക്ക്‌ മുറുമുറുപ്പ്‌

. സമുന്നതവും സമര്‍പ്പണസമ്പന്നവുമായ ഒരു ഭൂതകാല രാഷ്ട്രീയ പ്രവര്‍ത്തന ശൈലി ഉണ്ടായിരുന്ന പിണറായി വിജയന്‍ ഇന്ന്‌ സ്വതന്ത്രനായി നടക്കുന്നത്‌ രണ്ടുലക്ഷം രൂപയുടെ സ്വന്തം ജാമ്യത്തിന്റെയും തുല്യ തുകയ്ക്കുള്ള മറ്റുരണ്ടുപേരുടെ ജാമ്യത്തിന്റെയും ബലത്തിലാണ്‌. ഇന്ത്യയില്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ ചരിത്രത്തില്‍ അതിന്റെ ഒരു സമുന്നത നേതാവിന്‌, അഴിമതിയുടെ പേരില്‍ ഇത്തരത്തില്‍ ആരോപിതനായും അവഹേളിതനായും ജീവിക്കേണ്ട അവസ്ഥ ഉണ്ടായിട്ടില്ല. പരിണാമത്തിന്‌ വിധേയമായ പ്രത്യയശാസ്ത്ര നിലപാടുകളും മൂലധന സമാഹരണ ശക്തികളോട്‌ പുലര്‍ത്തുന്ന വഴിവിട്ട വിധേയത്വവും നവ ലിബറല്‍ ജീവിത രീതികളുടെ സ്വാധീനവുമൊക്കെയാണ്‌ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ വര്‍ത്തമാനകാല നേതൃത്വത്തെ നിയമത്തിന്റെ മുന്നിലും അണികളുടെ മുന്നിലും പൊതുസമൂഹത്തിലും ഇത്തരത്തില്‍ പരിഹാസപാത്രങ്ങളാക്കിയത്‌. ഇതിന്റെ ഉത്തരവാദിത്തം തീര്‍ച്ചയായും ഇടതുപക്ഷ മൂല്യങ്ങളില്‍ നിന്ന്‌ വ്യതിചലിച്ച നേതൃത്വത്തിനും നേതാക്കള്‍ക്കും അവരുടെ പാദസേവ നടത്തുന്ന സ്ഥുതിപാഠകര്‍ക്കും മാത്രമാണുള്ളത്‌.



എസ്‌എന്‍സി ലാവലിന്‍ അഴിമതി കേസില്‍ സിബിഐ പ്രതിയാക്കിയ സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി പിണറായി വിജയന്‍ കഴിഞ്ഞദിവസം കോടതിയില്‍ ഹാജരായി ജാമ്യമെടുത്തെങ്കിലും നിയമനടപടികളെ ധൈര്യപൂര്‍വം നേരിടുന്നതിന്‌ പകരം ആതിരേ, നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിച്ച്‌ കേസിന്റെ വിചാരണ നീട്ടിക്കൊണ്ടുപോകാനുള്ള ഗൂഢശ്രമമാണ്‌ നടത്തുന്നത്‌.
അനാവശ്യമായ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ്‌ അദ്ദേഹം നിയമനടപടിയില്‍ നിന്ന്‌ തലയൂരാനുള്ള തന്ത്രം തുടര്‍ന്നുകൊണ്ടിരിക്കുന്നത്‌. എസ്‌എന്‍സി ലാവലിന്‍ അഴിമതി കേസില്‍ മുന്‍ വൈദ്യുതി മന്ത്രിയായ പിണറായി വിജയന്‍ പ്രതിയാകുമെന്ന്‌ ഉറപ്പായ നിമിഷം മുതല്‍ നീതി നിര്‍വഹണത്തിന്റെ നടപടിക്രമങ്ങളെ അട്ടിമറിക്കാനുള്ള ശ്രമമാണ്‌ അദ്ദേഹത്തില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നുമുണ്ടായത്‌. കേസിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന്‌ ദേശീയ നേതൃത്വം വ്യക്തമാക്കിയതിന്‌ ശേഷവും കുറുക്കുവഴികളിലൂടെ നീതി നിര്‍വഹണപ്രക്രിയയുടെ താളം തെറ്റിക്കാനുള്ള ശ്രമങ്ങളാണ്‌ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ തുടര്‍ന്നുപോന്നത്‌. അതിന്റെ ആവര്‍ത്തനമായിട്ടുവേണം ഇപ്പോള്‍ പിണറായി വിജയന്റെ അഭിഭാഷകന്‍ കോടതിയില്‍ ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങളെ വിലയിരുത്തേണ്ടത്‌.
ശരിയാണ്‌. കോടതി പ്രതിയെന്ന്‌ വിധിക്കുന്നത്‌ വരെ ഒരാളും, ഇന്ത്യന്‍ ശിക്ഷാ നിയമം അനുസരിച്ച്‌ കുറ്റവാളിയാകുന്നില്ല. എന്നുമാത്രമല്ല തന്റെ ഭാഗം ന്യായീകരിക്കാന്‍ നിയമപരമായ ഏത്‌ മാര്‍ഗവും അവലംബിക്കാന്‍ കുറ്റവാളിയെന്ന്‌ ആരോപിതനായ വ്യക്തിക്ക്‌ അവകാശവുമുണ്ട്‌. എന്നാല്‍, നിയമം ഒരു പൗരന്‌ അനുവദിച്ചിട്ടുള്ള ഈ ആനുകൂല്യത്തിന്റെ കേവല നടത്തിപ്പാണോ പിണറായി വിജയനില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും ഉണ്ടായിട്ടുള്ളതും ഉണ്ടായിക്കൊണ്ടിരിക്കുന്നതും എന്ന്‌ ചോദിച്ചാല്‍, ആതിരേ, അല്ല എന്ന്‌ പറയാന്‍ രണ്ടാമതൊന്ന്‌ ആലോചിക്കേണ്ടതില്ല.
ഓര്‍ക്കണം അഴിമതിയെ രാജ്യദ്രോഹത്തോളം വെറുക്കുകയും അഴിമതിക്കാരെ ഭീകരവാദികളേക്കാള്‍ ക്രൂരന്മാരായി ചിത്രീകരിക്കുകയും ചെയ്ത കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ സമുന്നതനായ നേതാവും പോളിറ്റ്ബ്യൂറോ അംഗവുമാണ്‌ ഇപ്പോള്‍ കേരളം കണ്ട ഏറ്റവും വലിയ അഴിമതി കേസിലെ പ്രതിസ്ഥാനത്ത്‌ നില്‍ക്കുന്നത്‌. സമുന്നതവും സമര്‍പ്പണസമ്പന്നവുമായ ഒരു ഭൂതകാല രാഷ്ട്രീയ പ്രവര്‍ത്തന ശൈലി ഉണ്ടായിരുന്ന പിണറായി വിജയന്‍ ഇന്ന്‌ സ്വതന്ത്രനായി നടക്കുന്നത്‌ രണ്ടുലക്ഷം രൂപയുടെ സ്വന്തം ജാമ്യത്തിന്റെയും തുല്യ തുകയ്ക്കുള്ള മറ്റുരണ്ടുപേരുടെ ജാമ്യത്തിന്റെയും ബലത്തിലാണ്‌. ഇന്ത്യയില്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ ചരിത്രത്തില്‍ അതിന്റെ ഒരു സമുന്നത നേതാവിന്‌, അഴിമതിയുടെ പേരില്‍ ഇത്തരത്തില്‍ ആരോപിതനായും അവഹേളിതനായും ജീവിക്കേണ്ട അവസ്ഥ ഉണ്ടായിട്ടില്ല. പരിണാമത്തിന്‌ വിധേയമായ പ്രത്യയശാസ്ത്ര നിലപാടുകളും മൂലധന സമാഹരണ ശക്തികളോട്‌ പുലര്‍ത്തുന്ന വഴിവിട്ട വിധേയത്വവും നവ ലിബറല്‍ ജീവിത രീതികളുടെ സ്വാധീനവുമൊക്കെയാണ്‌ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ വര്‍ത്തമാനകാല നേതൃത്വത്തെ നിയമത്തിന്റെ മുന്നിലും അണികളുടെ മുന്നിലും പൊതുസമൂഹത്തിലും ഇത്തരത്തില്‍ പരിഹാസപാത്രങ്ങളാക്കിയത്‌. ഇതിന്റെ ഉത്തരവാദിത്തം തീര്‍ച്ചയായും ഇടതുപക്ഷ മൂല്യങ്ങളില്‍ നിന്ന്‌ വ്യതിചലിച്ച നേതൃത്വത്തിനും നേതാക്കള്‍ക്കും അവരുടെ പാദസേവ നടത്തുന്ന സ്ഥുതിപാഠകര്‍ക്കും മാത്രമാണുള്ളത്‌.
എസ്‌എന്‍സി ലാവലിന്‍ അഴിമതിക്കേസില്‍ ഗത്യന്തരമില്ലാതെ കോടതിയില്‍ ഹാജരായി ജാമ്യമെടുത്തെങ്കിലും കാനഡ കമ്പനിയുമായുള്ള ഇടപാടുകളുടെ ഉത്തരവാദിത്തം മുഴുവന്‍ തനിക്കുമുമ്പ്‌ വിദ്യുച്ഛക്തി മന്ത്രിയായിരുന്ന ജി. കാര്‍ത്തികേയനാണെന്നും അന്നത്തെ നടപടിക്രമങ്ങളെ കുറിച്ച്‌ മുഖ്യമന്ത്രിയായിരുന്ന എ.കെ. ആന്റണിക്ക്‌ അറിവുണ്ടായിരുന്നു എന്നും വാദിച്ച്‌ ഇരുവരെയും ചോദ്യം ചെയ്യണമെന്നാണ്‌ പിണറായിയുടെ അഭിഭാഷകന്‍ പുതിയ ആവശ്യം ഉന്നയിച്ചിരിക്കുന്നത്‌. പുതിയൊരു കീഴ്‌വഴക്കത്തിന്‌ അടിത്തറയിടാനാണ്‌ ഈ ശ്രമമെന്ന കാര്യത്തില്‍, ആതിരേ സംശയമില്ല. ആരോപിതനായ വ്യക്തിക്ക്‌ തന്റെ ഭാഗം ന്യായീകരിക്കാനാവശ്യമായ തെളിവുകള്‍ ഹാജരാക്കാന്‍ സ്വാതന്ത്ര്യവും അവകാശവും ഉണ്ട്‌ എന്ന കേവല ന്യായത്തിന്റെ അടിസ്ഥാനത്തില്‍ താന്‍ ചൂണ്ടിക്കാട്ടുന്നവരെയെല്ലാം തെളിവെടുപ്പിനും വിചാരണക്കും പാത്രമാക്കണമെന്ന വാദം ഏറ്റവും മാന്യമായ ഭാഷയില്‍ പറഞ്ഞാല്‍ കുറ്റബോധത്തില്‍ നിന്ന്‌ ഉയരുന്ന ചെറ്റത്തരമാണ്‌. നേരത്തെ ഈ കേസ്‌ സംബന്ധിച്ച വിവാദങ്ങള്‍ കൊടുമ്പിരി കൊണ്ടപ്പോള്‍ മടിയില്‍ ഘനമുള്ളവര്‍ക്കേ വഴിയില്‍ പേടിക്കേണ്ടതുള്ളു എന്ന ചൊല്ലിന്റെ അടിസ്ഥാനത്തില്‍ നിരപരാധിത്വം അവകാശപ്പെട്ട പിണറായി വിജയനാണ്‌ ഇപ്പോള്‍ നിയമനടപടികളില്‍ നിന്ന്‌ തലയൂരാന്‍ ഇത്തരത്തിലുള്ള കൗശലങ്ങള്‍ ഉപയോഗിക്കുന്നതെന്നോര്‍ക്കണം. ഈ രീതി മാത്രം മതി ആരോപിക്കപ്പെടുന്ന കുറ്റങ്ങളില്‍ അദ്ദേഹത്തിന്‌ പങ്കില്ലെ എന്ന്‌ പൊതു സമൂഹത്തിന്‌ സംശയിക്കാന്‍.
എന്നു മാത്രമല്ല ആതിരേ, ആന്റണിയുടെ ഭരണകാലത്ത്‌ എസ്‌എന്‍സി ലവലിന്‍ കമ്പനിയുമായുള്ള ഗൂഢാലോചന പൂര്‍ത്തിയായിരുന്നു എന്നാണ്‌ പിണറായി വദിക്കുന്നത്‌.മുഖം രക്ഷിക്കാന്‍ നടത്തിയിട്ടുള്ള ഈ പാഴ്ശ്രമം പക്ഷെ പിണറായിയുടെ മറ്റൊരു വലിയ പിഴവിലേയ്ക്കും കുറ്റത്തിലേയ്ക്കുമുള്ള ചൂണ്ടുപലകയാവുകയാണ്‌.അതായത്‌ എസ്‌എന്‍സി ലാവലിനുമായി ക്രമരഹിതമായി ഒരു കരാറില്‍ ആന്റണി സര്‍ക്കാര്‍ ഏര്‍പ്പെട്ടത്‌ കണ്ടെത്തിയിട്ടും എന്തു കൊണ്ട്‌ ആ കരാര്‍ റദ്ദാക്കിയില്ല എന്ന ചോദ്യത്തിന്‌ ആദ്യം ഉത്തരം ലഭിക്കണം.ക്രമക്കേടു നിറഞ്ഞ ഈ കരാറുമായി എന്തിനു മുന്നോട്ടുപോയി എന്നതിനും വിശദീകരണം ലഭിക്കണം.ഈ രണ്ടു ചോദ്യങ്ങള്‍ക്കും ഉക്തിഭദ്രമായ ഉത്തരം നല്‍കാന്‍ പിണറായിക്കു കഴിയത്ത കാലത്തോളം ലാവലിന്‍ അഴിമതിയുടെ മുഴുവന്‍ ഉത്തരവാദിത്തവും അദ്ദേഹത്തില്‍ തന്നെ ആയിരിക്കും.കാരണം മുന്‍ സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിച്ചു ഒരു കരാര്‍ ഉണ്ടാക്കിയിട്ടും അതു റദ്ദാക്കാതെ മുന്നോട്ടുപോയതിനു പിന്നില്‍ പിണറായിക്കും പാര്‍ട്ടിക്കും ഇടനിലക്കാര്‍ക്കും വ്യക്തമായ അജണ്ട ഉണ്ടായിരുന്നു എന്നു തന്നെയാണ്‌ അര്‍ത്ഥം.അപ്പോള്‍ വെളുക്കാന്‍ തേച്ചത്‌ പാണ്ഡായി മാറിയോ എന്നു തിങ്കളാഴ്ച കോടതി വിധി വരുമ്പോള്‍ വ്യകതമാകും.
ഓര്‍മ്മയുണ്ടാകും, എസ്‌എന്‍സി ലാവലിന്‍ അഴിമതിക്കേസുമായി ബന്ധപ്പെട്ട്‌ പിണറായി വിജയന്റെ പേര്‌ പുറത്തുവന്നപ്പോള്‍ മുതല്‍ നീതി നിര്‍വഹണപ്രക്രിയയെ അട്ടിമറിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ ക്രൈം ചീഫ്‌ എഡിറ്റര്‍ ടി.പി നന്ദകുമാര്‍ സമര്‍പ്പിച്ച സ്വകാര്യ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ്‌ കേസന്വേഷണം സിബിഐയ്ക്ക്‌ വിടാന്‍ അന്ന്‌ കേരള ഹൈക്കോടതി ചീഫ്‌ ജസ്റ്റിസ്‌ വി.കെ. ബാലിയും ജസ്റ്റിസ്‌ ജെ.ബി കോശിയും അടങ്ങിയ ഡിവിഷന്‍ ബഞ്ച്‌ ഉത്തവിട്ടത്‌. ഈ സ്വകാര്യ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയ്ക്ക്‌ എത്തിയപ്പോള്‍ കേസ്‌ അന്വേഷണം സിബിഐയെ ഏല്‍പ്പിക്കരുത്‌ എന്ന നിലപാടാണ്‌ പിണറായി വിജയനും പാര്‍ട്ടിയും സ്വീകരിച്ചത്‌. ഈ വിഷയത്തില്‍ ഏത്‌ അന്വേഷണവും നേരിടാന്‍ തന്റേടമുണ്ടെന്ന്‌ വീമ്പിളക്കിയവര്‍ തന്നെയാണ്‌ സിബിഐ അന്വേഷണത്തെ എതിര്‍ത്തതെന്നോര്‍ക്കണം. കോഴി കട്ടവന്‍ തലയില്‍ പൂട തപ്പുന്നതിന്‌ തുല്യമായ നടപടിയായിരുന്നു ഇത്‌.
ഹര്‍ജിയുടെ വാദത്തിനിടയില്‍ കേരള ഹൈക്കോടതിയുടെ മുമ്പാകെ ഹാജരാക്കപ്പെട്ട തെളിവുകളുടെ അടിസ്ഥാനത്തില്‍ എസ്‌എന്‍സി ലാവലിന്‍ ഇടപാടിലെ അഴിമതിയുമായി ബന്ധപ്പെട്ട വന്‍ തിമീംഗിലങ്ങളെ പുറത്തുകൊണ്ടുവരണമെങ്കില്‍ സിബിഐ അന്വേഷണം കൂടിയേ തീരു എന്നാണ്‌ ഹൈക്കോടതി വിധിച്ചത്‌. ഈ വിധി മാനിച്ച്‌ നിയമനടപടികള്‍ക്ക്‌ വിധേയനായിരുന്നെങ്കില്‍ പിണറായി വിജയനോ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയോ ഇന്ന്‌ എത്തി നില്‍ക്കുന്ന നാണം കെട്ട അവസ്ഥ ഒഴിവാക്കാന്‍ കഴിയുമായിരുന്നു. എന്നുമാത്രമല്ല പിണറായിയും പാര്‍ട്ടിയും മുന്നോട്ട്‌ വെയ്ക്കുന്ന വാദം അംഗീകരിക്കേണ്ടതാണെന്നും അടിസ്ഥാനമുള്ളതാണെന്നും പൊതുസമൂഹത്തിനും അണികള്‍ക്കും ബോധ്യമാവുകയും ചെയ്തേനെ. നിയമത്തെ മാനിക്കാനും രാജ്യത്ത്‌ നിലവിലിരിക്കുന്ന നീതിനിര്‍വഹണ പ്രക്രിയക്ക്‌ വിധേയനാകാനും തയ്യാറാകാതെ അതിനെ ധിക്കരിക്കുകയും നിയമത്തിന്റെ പഴുതുകള്‍ തേടി കൗശലങ്ങള്‍ ചമയ്ക്കുകയുമാണ്‌ ഉണ്ടായത്‌. ഡിവൈഎഫ്‌ഐയെ ഉപയോഗിച്ച്‌ ജസ്റ്റിസ്‌ ബാലിക്കെതിരെ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ച്‌ നീതിപീഠത്തെ വെല്ലുവിളിക്കുകയാണുണ്ടായത്‌. എന്നാല്‍, അപ്പീലുകള്‍ തള്ളപ്പെടുകയും പിണറായി വിജയന്‍ എസ്‌എന്‍സി ലാവലിന്‍ അഴിമതിക്കേസില്‍ പ്രതിയാവുകയും ചെയ്തപ്പോഴെങ്കിലും നിയമത്തിന്‌ കീഴടങ്ങാനുള്ള വിനയം കാണിക്കേണ്ടതായിരുന്നു.
അന്നും അതിന്‌ തയ്യാറാകാതെ ഭരണത്തിന്റെ മറവില്‍ മറ്റൊരു അട്ടിമറിക്കാണ്‌ ശ്രമിച്ചത്‌. അതും പരാജയപ്പെട്ടു. പ്രോസിക്യൂഷന്‌ ഗവര്‍ണര്‍ അനുമതി നല്‍കിയ നടപടിയെ അമാന്യമായ രീതിയിലാണ്‌ പിണറായിയുടെ സ്തുതി പാഠകര്‍ പൊതുവേദികളില്‍ വിമര്‍ശിച്ചത്‌."പോടാ പുല്ലേ, സിബിഐ" എന്ന്‌ ഇ.പി.ജയരാജന്‍ ആക്രോശിച്ചത്‌ ആരും മറന്നിട്ടില്ല. എന്നാല്‍, നിമയമം അതിന്റെ വഴിക്ക്‌ പോവുകയും പിണറായിക്ക്‌ കോടതിയില്‍ കീഴടങ്ങി ജാമ്യമെടുത്ത്‌ പുറത്തിറങ്ങേണ്ടിയും വന്നു. ഇത്രയും സംഭവിച്ചിട്ടും നീതിപീഠത്തെയും നാട്ടില്‍ നിലവിലുള്ള നീതി നിര്‍വ്വഹണ പ്രക്രിയയെയും അധിക്ഷേപിക്കുന്നതും അവഹേളിക്കുന്നതുമായ നയങ്ങളും നടപടികളുമാണ്‌ സമുന്നതനെന്ന്‌ അവകാശപ്പെടുന്ന പിണറായി വിജയന്‍ ഇപ്പോഴും തുടരുന്നത്‌. രാജാവ്‌ നഗ്നനാണെന്ന കാര്യം അദ്ദേഹമൊഴിച്ച്‌ രാജ്യവാസികളെല്ലാം തിരിച്ചറിയുന്ന അവസ്ഥയാണ്‌ ഇപ്പോഴുള്ളത്‌. എന്നിട്ടും അയുക്തികവും സാമാന്യ നീതിബോധത്തിന്‌ നിരക്കാത്തതുമായ വാദമുഖങ്ങളുന്നയിച്ച്‌ പിടിച്ച്‌ നില്‍ക്കാനുള്ള ശ്രമമാണ്‌ അദ്ദേഹവും പാര്‍ട്ടിയും നടത്തുന്നത്‌. സാമാന്യ ബോധവും വിവേചന ശക്തിയുമുള്ള ഏതൊരു വ്യക്തിക്കും മനസ്സിലാകും എന്തുകൊണ്ടാണ്‌ ഇങ്ങനെയൊക്കെ ചെയ്യാന്‍ പിണറായി വിജയനും പാര്‍ട്ടിയും നിര്‍ബന്ധിതമായതെന്ന്‌. തങ്ങളുടെ ചെയ്തികളിലൂടെ അനാശാസ്യമല്ലാത്ത സത്യങ്ങളെല്ലാം പുറത്തറിയിച്ച ശേഷം മാന്യത നടിക്കാന്‍ നടത്തുന്ന ഇത്തരം കുത്സിത ശ്രമങ്ങള്‍ പിണറായി വിജയനോടും പാര്‍ട്ടിയോടും അണികള്‍ക്കും പൊതുസമൂഹത്തിനുമുള്ള ബഹുമാനം കുറയ്ക്കാന്‍ മാത്രമേ ഉതകൂ എന്ന്‌ തിരിച്ചറിയാനുള്ള വിവേകം ആതിരേ, ഇനിയെങ്കിലും ഇവര്‍ക്കൊക്കെ ഉണ്ടായിരുന്നെങ്കില്‍.