Friday, February 26, 2010

ആ പശുക്കള്‍ എവിടെപ്പോയി?


പശുവിനെ ആവശ്യമില്ലാത്തവരായിരുന്നു ഇവരില്‍ പലരും. എന്നിട്ടും ഇവര്‍ പശുക്കളെ വാങ്ങിയതായി രേഖയുണ്ടാക്കി. മൃഗസംരക്ഷണ വകുപ്പില്‍ നിന്ന്‌ ആനുകൂല്യ തുക കൈപ്പറ്റുകയായിരുന്നു. ഇതിന്‌ ഒത്താശ നല്‍കുന്ന ഉദ്യോഗസ്ഥര്‍ക്ക്‌ ആവശ്യമായ പടിയും നല്‍കിയിരുന്നു. ഇത്‌ ഒരുകൂട്ടരുടെ രീതി. മറ്റൊരു കൂട്ടരാകട്ടെ പശുവിനെ വാങ്ങി ആനുകൂല്യങ്ങള്‍ കൈപ്പറ്റിയ ശേഷം ദിവസങ്ങള്‍ക്ക്‌ ശേഷം അതിനെ അറവുകാര്‍ക്ക്‌ വിറ്റ്‌ അതിന്റെ പണവും കൈക്കലാക്കും. ഈ തട്ടിപ്പാണ്‌ കഴിഞ്ഞ പതിമൂന്ന്‌ വര്‍ഷമായി ക്ഷീരവികസനത്തിന്റെ പേരില്‍ കേരളത്തില്‍ നടന്നത്‌; നടന്നുകൊണ്ടിരിക്കുന്നത്‌. അരിയില്ലെങ്കില്‍ രണ്ടു കോഴിമുട്ടയും ഒരുഗ്ലാസ്‌ പാലും കുടിച്ചാല്‍ പോരെ എന്നുചോദിച്ച സി. ദിവാകരന്‍ ഭരിക്കുന്ന വകുപ്പിന്റെ കീഴിലാണ്‌ ഈ വലിയ ജനകീയ അട്ടിമറി കഴിഞ്ഞ മൂന്നരവര്‍ഷത്തിലധികം കാലമായി തുടര്‍ന്നുപോന്നത്‌. അതേക്കുറിച്ച്‌ അന്വേഷിക്കാന്‍ പോലും ഭക്ഷ്യമന്ത്രി തയ്യാറായിട്ടില്ല എന്നുപറയുമ്പോള്‍ കബളിപ്പിക്കലും അട്ടിമറിയും മേല്‍ത്തട്ടില്‍ നിന്നുതന്നെ നടക്കുന്നു എന്നാണര്‍ത്ഥം. സംഘടിതമായ രീതയില്‍ ഈ തട്ടിപ്പ്‌ തുടരുമ്പോഴാണ്‌ അര്‍ഹതപ്പെട്ട ക്ഷീരകര്‍ഷകര്‍ ആനുകൂല്യങ്ങള്‍ ലഭിക്കാതെ ബുദ്ധിമുട്ടുന്നത്‌. പശുവിതരണത്തിന്‌ പദ്ധതിയിട്ടപ്പോള്‍, പഞ്ചായത്തുകള്‍ ഗുണഭോക്താക്കളെ തെരഞ്ഞെടുത്തപ്പോള്‍ ഇത്‌ സംബന്ധിച്ച ആനുകൂല്യങ്ങള്‍ അര്‍ഹതപ്പെട്ട കൈകളിലാണ്‌ എത്തുന്നതെന്ന്‌ ഉറപ്പാക്കിയിരുന്നെങ്കില്‍ ഇപ്പോഴത്തെ ക്ഷീരക്ഷാമം ഉണ്ടാകുമായിരുന്നില്ല. ആസൂത്രണത്തിലെ പിഴവായിട്ടൊന്നും ഇതിനെ വിശേഷിപ്പിക്കാനാവുകയില്ല. മറിച്ച്‌ ആസൂത്രിതമായി നടത്തിയ വന്‍ അട്ടിമറിയും അഴിമതിയുമാണിത്‌. ഈ നാട്ടില്‍ പിന്നെങ്ങനെ പശുക്കള്‍ പാല്‌ ചുരത്തും.

ആതിരേ, അതിരൂക്ഷമായ ക്ഷീരക്ഷാമം നേരിടുകയാണ്‌ കേരളം. ഉപഭോക്താക്കള്‍ക്ക്‌ ആവശ്യത്തിനുള്ള പാല്‍ നല്‍കാനാവാതെ പ്രതിസന്ധിയിലായിരിക്കുകയാണ്‌ മില്‍മ.കേരളം കാണികണ്ടുണരുന്നത്‌ ഇപ്പോള്‍ നന്മയല്ല പാലുമായി ബന്ധപ്പെട്ട തിന്മയാണ്‌.അപ്പോഴും മഹാരാഷ്ട്രയില്‍ നിന്ന്‌ കൊണ്ടുവന്ന പാല്‍പ്പൊടി ഉപയോഗിച്ച്‌ പാല്‍ക്ഷാമത്തിന്‌ താല്‍ക്കാലിക പരിഹാരം കണ്ടെത്തിയെന്നാണ്‌ മില്‍മയുടേയും ദിവാകരന്‍ മന്ത്രിയുടേയും അവകാശവാദം
എന്തുകൊണ്ടാണ്‌ കേരളത്തില്‍ ഇത്രയ്ക്ക്‌ പാല്‍ക്ഷാമം ഉണ്ടായത്‌? ഉത്തരങ്ങള്‍ പലതാണ്‌ . കാലിവളര്‍ത്തലില്‍ നിന്ന്‌ കര്‍ഷകര്‍ പിന്മാറിയതാണ്‌ പ്രഥമ കാരണം. കാലിത്തീറ്റയുടെ വില താങ്ങാനാവാത്ത വിധം വര്‍ധിച്ചതും നെല്‍കൃഷി നശിച്ചതോടെ വൈക്കോല്‍ ലഭ്യത കുറഞ്ഞതും പച്ചപ്പുല്ല്‌ അടക്കമുള്ള കാലിത്തീറ്റയ്ക്ക്‌ ദൗര്‍ലഭ്യം നേരിട്ടതുമൊക്കെ കര്‍ഷകരെ കാലിവളര്‍ത്തലില്‍ നിന്ന്‌ പിന്തിരിപ്പിക്കുന്നതിന്‌ പ്രേരകമായ ഘടകങ്ങളാണ്‌.
എന്നാല്‍,ആതിരേ, കേരളത്തിലെ പാലുത്പാദനം വര്‍ധിപ്പിക്കാന്‍ 1996 - 1997 മുതല്‍ കേരളത്തിലെ പഞ്ചായത്തുകള്‍ ജനകീയാസൂത്രണ പദ്ധതി പ്രകാരം സൗജന്യമായി വിതരണം ചെയ്ത എണ്ണമറ്റ പശുക്കള്‍ പാല്‍ ചുരത്തിയിരുന്നെങ്കില്‍ ഇന്നത്തെ പാല്‍ക്ഷാമം ഉണ്ടാകുമായിരുന്നോ എന്ന്‌ ആരും ഗൗരവമായി ചിന്തിച്ചതായി തോന്നുന്നില്ല. ഈ പശുക്കള്‍ പാല്‍ ചുരത്തിയിരുന്നെങ്കില്‍ കേരളം ക്ഷീരസാഗരമായി മാറുമായിരുന്നല്ലൊ. അപ്പോള്‍ എന്തുപറ്റി ഈ പശുക്കള്‍ക്ക്‌?
ആ അന്വേഷണം നമ്മെ കൊണ്ടെത്തിക്കുന്നത്‌ ജനകീയാസൂത്രണത്തിന്റെ മറവില്‍ നടന്ന മറ്റൊരു വലിയ തീവെട്ടക്കൊള്ളയിലേക്കാണ്‌. സര്‍ക്കാര്‍ നല്‍കുന്ന ഏതൊരു ആനുകൂല്യവും അര്‍ഹരായവര്‍ക്ക്‌ നല്‍കാതെ അത്‌ അനര്‍ഹമായ കരങ്ങളിലെത്തിച്ച്‌ അതിന്റെ വിഹിതം പറ്റുന്ന ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും പതിവ്‌ അഴിമതിയുടെ തൊഴുത്തിലാണ്‌ നാം എത്തിച്ചേരുക.
അറിയുക, ജനകീയാസൂത്രണപദ്ധതി ആരംഭിച്ച 1996 - 1997 മുതല്‍ 2010 വരെ കേരളത്തിലെ 999 പഞ്ചായത്തുകളും വാര്‍ഷിക പദ്ധതിയില്‍ ക്ഷീരകര്‍ഷകര്‍ക്ക്‌ പശുക്കളെ സൗജന്യമായി വിതരണം ചെയ്തിട്ടുണ്ട്‌. കൂടാതെ 'പശുവും തൊഴുത്തും' എന്ന പദ്ധതിയില്‍ കിടാരികളെ സൗജന്യമായി നല്‍കുന്ന പദ്ധതിയും നടപ്പിലാക്കിയിട്ടുണ്ട്‌. ഒരു പഞ്ചായത്ത്‌ ശരാശരി അമ്പത്‌ പശുക്കളെ വിതരണം ചെയ്തിട്ടുണ്ടെന്നാണ്‌ കണക്ക്‌. അതായത്‌ ഒരുവര്‍ഷം കേരളത്തിലാകമാനം വിതരണം ചെയ്യപ്പെട്ടത്‌ 4995 പശുക്കളാണ്‌. ഓരോ വര്‍ഷവും ഇതാവര്‍ത്തിക്കുന്നു. അപ്പോള്‍, ജനകീയാസൂത്രണം ആരംഭിച്ച്‌ 13 വര്‍ഷം കഴിയുമ്പോള്‍ വിതരണം ചെയ്യപ്പെട്ടിട്ടുള്ള പശുക്കളുടെ എണ്ണം 64,935 ആണ്‌. ഇതുകൂടാതെയാണ്‌ പശുവും തൊഴുത്തും കിടാരിയും എന്നൊക്കെയുള്ള മറ്റ്‌ പദ്ധതികള്‍. എല്ലാം കൂടിച്ചേരുമ്പോള്‍ ഏറ്റവും കുറഞ്ഞത്‌ ഒരു ലക്ഷത്തിലധികം പശുക്കള്‍ ഈ കാലഘട്ടത്തിനിടയില്‍ വിതരണം ചെയ്യപ്പെട്ടിട്ടുണ്ട്‌. ആ പശുക്കളെല്ലാം പാല്‍ ചുരത്തിയിരുന്നെങ്കില്‍ കേരളം ഇന്ന്‌ അഭിമുഖീകരിക്കുന്ന പാല്‍ക്ഷാമം ഉണ്ടാകുമായിരുന്നില്ല എന്ന്‌ പ്രത്യേകം പറയേണ്ടതുണ്ടോ ആതിരേ..?. അതായത്‌ കഴിഞ്ഞ പതിമൂന്ന്‌ വര്‍ഷമായി കേരളത്തിന്റെ ക്ഷീരകര്‍ഷകര്‍ക്ക്‌ വിതരണം ചെയ്തു എന്നുപറയുന്ന പശുക്കളെല്ലാം ഏട്ടില്‍ ഒതുങ്ങുന്നു എന്ന്‌ സാരം.
രാഷ്ട്രപിതാവായ മഹാത്മജി വിഭാവനം ചെയ്ത ഗ്രാമസ്വരാജ്‌ എന്ന സങ്കല്‍പ്പമാണ്‌ ജനകീയാസൂത്രണമായി കേരളത്തില്‍ പ്രത്യക്ഷപ്പെട്ടതും പ്രചരിപ്പിക്കപ്പെട്ടതും. 1996ല്‍ ഇ.കെ. നായനാല്‍ മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ്‌ സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ ജനകീയ സംരംഭമായി ജനകീയാസൂത്രണം നിലവില്‍ വരുന്നത്‌. വികസനത്തില്‍ ജനപങ്കാളിത്തം, ഗ്രാമസഭകളെന്ന അധികാര കേന്ദ്രം എന്നിവയായിരുന്നു പദ്ധതിയുടെ പ്രമുഖ മുദ്രാവാക്യങ്ങള്‍. എന്നാല്‍, വിഭാവനം ചെയ്തത്‌ എന്താണോ അതൊന്നുമായിരുന്നില്ല പിന്നീട്‌ നടന്നത്‌. ക്ഷീരമുള്ള അകിടിന്‍ ചുവട്ടിലും ചോരമാത്രം കുടിക്കുന്ന കൊതുകിനെ ലജ്ജിപ്പിക്കുന്ന ലാഭമോഹികളായ രാഷ്ട്രീയക്കാര്‍ തങ്ങളുടെ തന്നിഷ്ടങ്ങള്‍ക്ക്‌ ഗ്രാമസഭകളെ വേദിയാക്കുകയായിരുന്നു എല്ലായിടത്തും. ഗ്രാമസഭകളായിരുന്നു ഓരോ സര്‍ക്കാര്‍ പദ്ധതിയിലേയും ഗുണഭോക്താക്കളെ കണ്ടെത്തിയിരുന്നത്‌. എന്നാല്‍, ഗുണഭോക്താക്കളെ കണ്ടെത്താന്‍ ഗ്രാമസഭകള്‍ എടുത്ത തീരുമാനങ്ങളെല്ലാം അട്ടിമറിക്കപ്പെടുകയായിരുന്നു. ഗ്രാമസ്വരാജ്‌ എന്തെന്നോ, സമഗ്രമായ വികസനം എന്താണെന്നോ അറിയാത്ത പഞ്ചായത്ത്‌ പ്രതിനിധികളാകട്ടെ തങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി ആനുകൂല്യങ്ങള്‍ ഇഷ്ടക്കാര്‍ക്ക്‌ വീതിച്ചുനല്‍കി. അര്‍ഹരായവര്‍ തഴയപ്പെട്ടു. ക്ഷീരമേഖലയിലെയ്ക്ക്‌ ആതിരേ, വരള്‍ച്ച ഇറങ്ങിവന്നത്‌ അങ്ങനെയാണ്‌.
വിവിധ ഉദ്യേശ്യങ്ങളോടെയാണ്‌ കര്‍ഷകര്‍ക്ക്‌ സൗജന്യമായി പശുക്കളെ നല്‍കാന്‍ പദ്ധതി തയ്യാറാക്കിയത്‌. ക്ഷീരോത്പാദനം വര്‍ധിപ്പിക്കുക, അതുവഴി തൊഴില്‍ ലഭ്യമാക്കുക, കുടുംബത്തിന്റെ സുരക്ഷ ശക്തമാക്കുക, വളം ലഭ്യത വര്‍ധിപ്പിക്കുക തുടങ്ങിയവയെല്ലാം ലക്ഷ്യങ്ങളിലുണ്ടായിരുന്നു. ഇതൊന്നും നടപ്പിലായില്ല എന്നുമാത്രമല്ല, പൊതുഖജനാവിലെ പണം, ഇത്തരം ക്ഷീര വികസന പദ്ധതികളിലൂടെ ധൂര്‍ത്തടിക്കുകയും ചെയ്തു. അതുതന്നെയാണ്‌ സി. ദിവാകരന്‍ ഭരിക്കുമ്പോഴും അഭംഗുരമായി തുടര്‍ന്ന്‌ പോരുന്നത്‌. പശുവിതരണത്തില്‍ മാത്രമല്ല മറ്റ്‌ എല്ലാ ആനുകൂല്യങ്ങളുടെ പേരിലും തട്ടിപ്പ്‌ അരങ്ങേറിക്കൊണ്ടിരിക്കുകയാണ്‌. സൗജന്യങ്ങള്‍ നേടാന്‍ വേണ്ടി മാത്രം ഒരുവിഭാഗത്തെ വളര്‍ത്തിയെടുത്തു എന്നതാണ്‌ ജനകീയാസൂത്രണം മൂലം ഉണ്ടായിട്ടുള്ള ഏകനേട്ടം.
പാല്‍ക്ഷാമം രൂക്ഷമായിട്ടും കേരളത്തില്‍ കഴിഞ്ഞ 13 വര്‍ഷമായി വിതരണം ചെയ്യപ്പെട്ട പശുക്കള്‍ക്ക്‌ എന്ത്‌ സംഭവിച്ചു എന്ന്‌ ബന്ധപ്പെട്ടവര്‍ അന്വേഷിക്കുന്നില്ല. ഈ ഇനത്തില്‍ കോടികള്‍ ഒഴുകിപ്പോയിട്ടുണ്ട്‌ എന്ന്‌ ബോധ്യപ്പെട്ടിട്ടും ഇപ്പോഴും ആനുകൂല്യ വിതരണം മുടക്കമില്ലാതെ തുടര്‍ന്ന്‌ പോരുന്നു. നടപ്പിലാക്കുന്ന പദ്ധതികള്‍ പ്രയോജനപ്പെട്ടിട്ടുണ്ടോ, ഫലപ്രദമായിട്ടുണ്ടോ എന്നൊക്കെ അന്വേഷിക്കാന്‍ സംവിധാനങ്ങള്‍ ഇല്ലാത്തതുകൊണ്ടല്ല ഇങ്ങനെയൊക്കെ സംഭവിച്ചിട്ടുള്ളത്‌. പശുവിതരണത്തിന്റെ പേരില്‍ നടത്തിയ അട്ടിമറിയുടെ വിഹിതം പറ്റിയവര്‍ തന്നെയാണ്‌ ഇതിനൊക്കെ മേല്‍നോട്ടം വഹിക്കുന്നത്‌. എന്നുമാത്രമല്ല, പാല്‍ അന്വേഷിച്ച്‌ അന്യസംസ്ഥാനങ്ങള്‍ കയറിയിറങ്ങുന്നതിന്‌ ഖജനാവില്‍ നിന്ന്‌ വന്‍തുക അടിച്ചുമാറ്റാന്‍ കഴിയുമെന്ന്‌ ഇവര്‍ക്ക്‌ ബോധ്യവുമുണ്ട്‌. ആ രീതയിലുള്ള പ്രവര്‍ത്തനങ്ങളും മുറതെറ്റാതെ നടന്നുപോരുന്നുണ്ട്‌. അന്യസംസ്ഥാനങ്ങളില്‍ നിന്ന്‌ കേരളത്തില്‍ പാല്‍ എത്തിക്കുമ്പോള്‍ ലഭിക്കുന്ന കമ്മീഷനും ഇവരുടെയൊക്കെ പോക്കറ്റില്‍ തന്നെയാണ്‌ എത്തുന്നത്‌. ഇത്തരത്തില്‍ ഏതൊരു ജനകീയ പദ്ധതിയും അട്ടിമറിച്ച്‌ പോക്കറ്റ്‌ വീര്‍പ്പിക്കുന്ന രാഷ്ട്രീയക്കാര്‍ എല്ലാ പാര്‍ട്ടിയിലുമുണ്ട്‌. മാറിമാറി വരുന്ന ഭരണം മൂലം ഈ കമ്മീഷനുകള്‍ അടിച്ചുമാറ്റാന്‍ എല്ലാ പാര്‍ട്ടിക്കര്‍ക്കും സൗകര്യമൊരുക്കുന്നു. അതുകൊണ്ടുതന്നെ അട്ടിമറിക്കപ്പെട്ട ഈ ക്ഷീര വികസന പദ്ധതിയുടെ വിശദാംശങ്ങള്‍ ഇവരെല്ലാം മറച്ചുപിടിക്കുകയും ചെയ്യുന്നു. ഈ കബളിപ്പിക്കലിന്റെ ബാക്കിപത്രമാണ്‌ കേരളം ഇപ്പോള്‍ അനുഭവിക്കുന്ന ക്ഷീരക്ഷാമം.
ഓരോ സാമ്പത്തിക വര്‍ഷവും പഞ്ചായത്തുകള്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ പരമാവധി ആനുകൂല്യങ്ങള്‍ സ്വന്തം രാഷ്ട്രീയക്കാര്‍ക്കും വേണ്ടപ്പെട്ടവര്‍ക്കും എത്തിച്ചുകൊടുക്കുന്ന ഇടനിലക്കാരായി പഞ്ചായത്ത്‌ അംഗങ്ങള്‍ തരംതാണിടത്തു നിന്നാണ്‌ ആതിരേ, ഈ കബളിപ്പിക്കലിന്റെ, വഞ്ചനയുടെ കൃത്രിമ ബീജസങ്കലനം ആരംഭിച്ചത്‌. വീടും കിണറും കക്കൂസും രാഷ്ട്രീയ ആനുകൂല്യങ്ങളും വിതരണം ചെയ്ത ശേഷവും അവശേഷിച്ച സ്വന്തക്കാരെ തൃപ്തിപ്പെടുത്താനാണ്‌ പശുക്കളെ നല്‍കിയത്‌. പശുവിനെ ആവശ്യമില്ലാത്തവരായിരുന്നു ഇവരില്‍ പലരും. എന്നിട്ടും ഇവര്‍ പശുക്കളെ വാങ്ങിയതായി രേഖയുണ്ടാക്കി. മൃഗസംരക്ഷണ വകുപ്പില്‍ നിന്ന്‌ ആനുകൂല്യം കൈപ്പറ്റുകയായിരുന്നു. ഇതിന്‌ ഒത്താശ നല്‍കുന്ന ഉദ്യോഗസ്ഥര്‍ക്ക്‌ ആവശ്യമായ പടിയും നല്‍കിയിരുന്നു. ഇത്‌ ഒരുകൂട്ടരുടെ രീതി. മറ്റൊരു കൂട്ടരാകട്ടെ പശുവിനെ വാങ്ങി ആനുകൂല്യങ്ങള്‍ കൈപ്പറ്റിയ ശേഷം ദിവസങ്ങള്‍ക്ക്‌ ശേഷം അതിനെ അറവുകാര്‍ക്ക്‌ വിറ്റ്‌ അതിന്റെ പണവും കൈക്കലാക്കി. ഈ തട്ടിപ്പാണ്‌ കഴിഞ്ഞ പതിമൂന്ന്‌ വര്‍ഷമായി ക്ഷീരവികസനത്തിന്റെ പേരില്‍ കേരളത്തില്‍ നടന്നത്‌; നടന്നുകൊണ്ടിരിക്കുന്നത്‌. അരിയില്ലെങ്കില്‍ രണ്ടു കോഴിമുട്ടയും ഒരുഗ്ലാസ്‌ പാലും കുടിച്ചാല്‍ പോരെ എന്നുചോദിച്ച സി. ദിവാകരന്‍ ഭരിക്കുന്ന വകുപ്പിന്റെ കീഴിലാണ്‌ ഈ വലിയ ജനകീയ അട്ടിമറി കഴിഞ്ഞ മൂന്നരവര്‍ഷത്തിലധികം കാലമായി തുടര്‍ന്നുപോരുന്നതെന്നോര്‍ക്കണം. അതേക്കുറിച്ച്‌ അന്വേഷിക്കാന്‍ പോലും ഭക്ഷ്യമന്ത്രി തയ്യാറായിട്ടില്ല എന്നുപറയുമ്പോള്‍ കബളിപ്പിക്കലും അട്ടിമറിയും മേല്‍ത്തട്ടില്‍ നിന്നുതന്നെ നടക്കുന്നു എന്നാണര്‍ത്ഥം.
സംഘടിതമായ രീതയില്‍ ഈ തട്ടിപ്പ്‌ തുടരുമ്പോഴാണ്‌ അര്‍ഹതപ്പെട്ട ക്ഷീരകര്‍ഷകര്‍ ആനുകൂല്യങ്ങള്‍ ലഭിക്കാതെ ബുദ്ധിമുട്ടുന്നത്‌. പശുവിതരണത്തിന്‌ പദ്ധതിയിട്ടപ്പോള്‍, പഞ്ചായത്തുകള്‍ ഗുണഭോക്താക്കളെ തെരഞ്ഞെടുത്തപ്പോള്‍ ഇത്‌ സംബന്ധിച്ച ആനുകൂല്യങ്ങള്‍ അര്‍ഹതപ്പെട്ട കൈകളിലാണ്‌ എത്തുന്നതെന്ന്‌ ഉറപ്പാക്കിയിരുന്നെങ്കില്‍ ഇപ്പോഴത്തെ ക്ഷീരക്ഷാമം ഉണ്ടാകുമായിരുന്നില്ല. ആസൂത്രണത്തിലെ പിഴവായിട്ടൊന്നും ഇതിനെ വിശേഷിപ്പിക്കാനാവുകയില്ല. മറിച്ച്‌ ആസൂത്രിതമായി നടത്തിയ വന്‍ അട്ടിമറിയും അഴിമതിയുമാണിത്‌.
ഈ നാട്ടില്‍, ആതിരേ, പിന്നെങ്ങനെ പശുക്കള്‍ പാല്‌ ചുരത്തും.

Monday, February 22, 2010

മൊബെയില്‍ ഫോണ്‍ കാമകേളികള്‍:കുറ്റക്കാര്‍ മാതാപിതാക്കളും അധ്യാപകരും സര്‍ക്കാരും; ഇവരെ ആര്‌ ശിക്ഷിക്കും


പ്രതികരണങ്ങളും ആരോപണങ്ങളും ഇവിടെ വിഷയമാകുന്നില്ല. കാരണം വിഷലിപ്തമായ മനസ്സിന്‌ അടിമകളായി കഴിഞ്ഞു കേരളത്തിലെ വിദ്യാര്‍ത്ഥി സമൂഹവും യുവതീയുവാക്കളും. ഈ ദുരവസ്ഥയിലേക്ക്‌ അവരെ നയിച്ചത്‌ മൊബെയില്‍ ഫോണുകള്‍ക്കുള്ള പങ്ക്‌ ആര്‍ക്കും നിഷേധിക്കാന്‍ കഴിയുകയില്ല. അതുകൊണ്ടാണ്‌ കേരളത്തിലെ വിദ്യാര്‍ത്ഥിസമൂഹത്തെ ലൈംഗീക വൈകൃതങ്ങളിലേക്ക്‌ നയിച്ചത്‌, അവര്‍ക്ക്‌ മൊബെയില്‍ ഫോണ്‍ വാങ്ങി നല്‍കിയ മാതാപിതാക്കളാണെന്ന്‌ ആദ്യമേ സൂചിപ്പിച്ചത്‌. ഈ വൈകൃതങ്ങള്‍ അരങ്ങേറിയിട്ടും വിദ്യാര്‍ത്ഥികളെ നിയന്ത്രിക്കാത്ത അധ്യാപകരാണ്‌ രണ്ടാമത്തെ പ്രതികള്‍. ഈ സംഭവങ്ങളെല്ലാം അറിഞ്ഞിട്ടും നിയമനിര്‍മ്മാണം നടത്താനോ നിലവിലുള്ള ഉത്തരവ്‌ കര്‍ശനമായി പാലിക്കാനോ തയ്യാറാകാത്ത വിദ്യാഭ്യാസ വകുപ്പും നിയമവകുപ്പും അടങ്ങുന്ന സര്‍ക്കാരാണ്‌ മൂന്നാമത്തെ പ്രതി.
ചോദ്യമിതാണ്‌ ഈ കുറ്റവാളികളെ ആര്‌ ശിക്ഷിക്കും.




മൊബൈല്‍ ഫോണുകളിലും ഇന്റര്‍നെറ്റുകളിലും തന്റേതെന്ന്‌ കരുതുന്ന ചിത്രം പ്രചരിച്ചതിനെ തുടര്‍ന്ന്‌ കണ്ണൂര്‍ തളിപ്പറമ്പ്‌ കുറ്റിക്കോല്‍ വായനശാലയ്ക്ക്‌ സമീപത്തെ പി.ടി പ്രേമരാജന്റെ മകളും ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥിനിയുമായ പ്രബിത (17) ആത്മഹത്യ ചെയ്ത വാര്‍ത്ത എത്ര നിസ്സാരമായിട്ടാണ്‌ ആതിരേ, കേരളത്തിലെ മാതാപിതാക്കളും അധ്യാപകരും മൊബൈല്‍ ഫോണുകളുപയോഗിക്കുന്ന വിദ്യാര്‍ത്ഥികളും യുവാക്കളും വായിച്ചു തള്ളിയത്‌.
കാലഘട്ടത്തിന്റെ ഏറ്റവും പുതിയ വാര്‍ത്താവിനിമയ ഉപകരണമായ മൊബൈല്‍ ഫോണ്‍ ( അതും ക്യാമറയും എംപി 3 യും ഉള്ളത്‌), ഇല്ലാത്ത വ്യക്തികളെ വിഡ്ഢികളായി കണക്കാക്കുന്ന ഒരു സമൂഹത്തിന്റെ കണ്‍മുന്നിലാണ്‌ പ്രബിതയെ പോലുള്ളവര്‍ തൂങ്ങിയാടുന്നത്‌. എന്നിട്ടും കുറ്റബോധമോ ലജ്ജയോ ഇല്ലാതെ മക്കളുടെ മൊബൈല്‍ ഫോണ്‍ കൗതുകങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്‌ വിദ്യാസമ്പന്നരെന്ന്‌ മേനി നടിക്കുന്ന കേരളത്തിലെ മാതാപിതാക്കളും; വിദ്യാര്‍ത്ഥികള്‍ക്ക്‌ നേര്‍വഴി കാട്ടിക്കൊടുക്കേണ്ട അധ്യാപകരും, സമൂഹത്തില്‍ വ്യക്തിയുടെ സ്വകാര്യത സംരക്ഷിക്കാന്‍ ബാധ്യതയുള്ള സര്‍ക്കാരും.
അശ്ലീല ദൃശ്യങ്ങള്‍ മലയാളിയുടെ അടിസ്ഥാന ആവശ്യങ്ങളില്‍ ഒന്നാക്കി മാറ്റി എന്നതാണ്‌ ആതിരെ മൊബൈല്‍ ഫോണ്‍ വിപ്ലവം കേരളത്തില്‍ വരുത്തിവെച്ചിട്ടുള്ള ഏറ്റവും വലിയ വിന. എവിടെയും ഏതിനും എന്തിനും അശ്ലീലം കണ്ടെത്താനുള്ള ത്വര വിദ്യാര്‍ത്ഥികളിലും യുവാക്കളിലും ഊട്ടിയുറപ്പിക്കാനാണ്‌ ഈ കൊച്ചുപകരണം ദുര്‍വിനിയോഗം ചെയ്യപ്പെട്ടിട്ടുള്ളത്‌ (ഇക്കാര്യത്തില്‍ വിദ്യാര്‍ത്ഥിനികളും യുവതികളും വിട്ടമ്മമാരും പിന്നിലല്ല).
ചുരിദാറിന്റെ ഷാള്‍ അല്‍പ്പമൊന്ന്‌ സ്ഥാനം തെറ്റിയാല്‍, സാരിത്തലപ്പ്‌ അങ്ങോട്ടോ ഇങ്ങോട്ടോ ഒന്ന്‌ മാറിയാല്‍, സ്കര്‍ട്ട്‌ അല്‍പ്പമൊന്ന്‌ ഉയര്‍ന്നാല്‍ അവിടേക്ക്‌ മൊബൈല്‍ ഫോണ്‍ ക്യാമറ തിരിക്കുന്ന അശ്ലീല മാനസികാവസ്ഥയിലേക്ക്‌ കേരളത്തിലെ യുവാക്കളും വിദ്യാര്‍ത്ഥികളും അധപതിച്ചു കഴിഞ്ഞിട്ട്‌ നാളുകളായി. യാത്രാ വേളയിലും ക്ലാസ്‌ മുറികളിലും കാണുന്ന ഇത്തരം ദൃശ്യങ്ങള്‍ പകര്‍ത്തി മൊബെയിലുകളില്‍ നിന്ന്‌ മൊബൈലുകളിലേക്ക്‌ വ്യാപിപ്പിച്ചും ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചും ഒരുകൂട്ടം ലൈംഗീക അരാജകവാദികള്‍ സന്തോഷിക്കുമ്പോള്‍, ആതിരേ ബലിയാടാകുന്നത്‌ പ്രബിതയെ പോലെയുള്ള നിരപരാധികളാണ്‌.
ചികിത്സിച്ചാല്‍ മാറ്റാന്‍ കഴിയാത്ത മാനസിക അര്‍ബുധമായി മൊബൈല്‍-ഇന്റര്‍നെറ്റ്‌ അശ്ലീല ഭ്രമം പടര്‍ന്നുപിടിച്ചിരിക്കുകയാണ്‌. അതിന്റെ ഒടുവിലത്തെ ദുരന്തമാണ്‌ ശനിയാഴ്ച കണ്ണൂരില്‍ നിന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്തത്‌. കണ്ണൂരിലെ സംഭവത്തിന്‌ കാരണമായ അശ്ലീല ചിത്രത്തില്‍ ആ കുട്ടിയുടെ സഹപാഠിയുമുണ്ടായിരുന്നു എന്നാണ്‌ പറയപ്പെടുന്നത്‌. ഒഴിവുവേളയില്‍ ക്ലാസിലെ നിര്‍ദോഷ സന്തോഷ പ്രകടനത്തെ അശ്ലീലം തലയ്ക്കുപിടിച്ച മറ്റൊരു സഹപാഠി തന്റെ മൊബെയില്‍ ഫോണില്‍ പകര്‍ത്തി പ്രചരിപ്പിച്ചതാണ്‌ പ്രബിതയുടെ മരണത്തിലേക്ക്‌ നയിച്ചത്‌. പ്രബിതയ്ക്കൊപ്പം കാമുകനായ മറ്റൊരു യുവാവും ആത്മഹത്യ ചെയ്തത്‌ സംഭവത്തിന്റെ ഗൗരവം അല്‍പ്പം കുറച്ചിട്ടുണ്ട്‌ എന്നത്‌ നേരാണ്‌. എങ്കിലും തന്റേതല്ലാത്ത കാരണത്താല്‍ വികൃതമായ അശ്ലീലത നിറഞ്ഞ മനസ്സിന്റെ ഉടമകള്‍ പകര്‍ത്തുന്ന മൊബെയില്‍ ചിത്രങ്ങള്‍ എങ്ങനെയൊക്കെയാണ്‌ കേരളത്തിലെ വിദ്യാര്‍ത്ഥിനികളെയും യുവതികളെയും വീട്ടമ്മമാരെയും പീഡിപ്പിക്കുന്നതെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്‌ പ്രബിത.
ആതിരേ, മുമ്പ്‌ പലവട്ടം ഊന്നിപ്പറഞ്ഞ കാര്യം ആവര്‍ത്തിക്കുകയാണ്‌. വിദ്യാര്‍ത്ഥികളായ മക്കള്‍ക്ക്‌ ഏറ്റവും പുതിയ സാങ്കേതിക സൗകര്യങ്ങളുള്ള മൊബെയില്‍ ഫോണ്‍ വാങ്ങി നല്‍കുന്ന മാതാപിതാക്കളാണ്‌ ഇത്തരം ദുരന്തങ്ങളുടെ പ്രഥമ സ്രഷ്ടാക്കള്‍. സ്നേഹവും സാഹോദര്യവും സഹകരണവും സാദാചാര ചിന്തയും കുട്ടികളില്‍ വളര്‍ത്തിയെടുക്കാന്‍ പ്രാഥമികമായി ബാധ്യതയുള്ള മാതാപിതാക്കളാണ്‌ മൊബെയില്‍ ഫോണ്‍ വാങ്ങിനല്‍കുന്നതിലൂടെ കൗമാരക്കാരായ തങ്ങളുടെ കുഞ്ഞുങ്ങളുടെ മനസ്സിലേക്ക്‌ അശ്ലീല ചിന്തകളുടെ വിത്ത്‌ പാകുന്നതെന്ന്‌ ഇനിയെങ്കിലും തിരിച്ചറിയുക. കൗമാരം കൗതുകങ്ങളുടെ കാലമാണ്‌. ലൈംഗീക താല്‍പ്പര്യങ്ങള്‍ എല്ലാ മനുഷ്യരിലും ഉണരുന്ന കാലം. വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങളിലൂടെ തങ്ങളുടെ ശരീരത്തെ കുറിച്ചും മനസ്സിനെ കുറിച്ചും ഇത്‌ രണ്ടുമുള്‍ക്കൊള്ളുന്ന ലൈംഗീകതയെ കുറിച്ചും കുട്ടികള്‍ക്ക്‌ അവബോധം നല്‍കേണ്ട മാതാപിതാക്കള്‍, ആ ഉത്തരവാദിത്തം നിര്‍വ്വഹിക്കാതെ തങ്ങളുടെ സാമ്പത്തിക സൗകര്യവും അഹന്തയും പ്രകടിപ്പിക്കാന്‍ ഏറ്റവും പുതിയ ജനറേഷനില്‍ പെട്ട മൊബെയില്‍ ഫോണ്‍ വാങ്ങിനല്‍കുന്നതിലൂടെ കൗമാര മനസ്സുകളെ ദുഷിപ്പിക്കുകയാണ്‌. സ്വന്തം മകളുടെ അല്ലെങ്കില്‍ മകന്റെ ഇത്തരം ചിത്രങ്ങള്‍ മൊബെയിലുകളില്‍ വ്യാപിക്കുമ്പോള്‍ അല്ലെങ്കില്‍ പ്രബിതയെ പോലെ തങ്ങളുടെ മകനോ മകളോ ജീവിതം ഒടുക്കുമ്പൊള്‍ മാത്രം ദുഃഖിച്ചതുകൊണ്ട്‌ ഒന്നും ലഭിക്കാനില്ലെന്ന്‌ ഈ മാതാപിതാക്കള്‍ എന്നാണ്‌ ഇനി തിരിച്ചറിയുക.
വിഡ്ഢികളും പൊങ്ങച്ചക്കാരുമായ ഈ മാതാപിതാക്കള്‍ക്കൊപ്പം കൈകോര്‍ത്ത്‌ നില്‍ക്കുകയാണ്‌, ആതിരേ, കേരളത്തിലെ ഒട്ടുമിക്ക സ്കൂളുകളിലെയും അധ്യാപകരും അധ്യാപികമാരും. സ്കൂളുകളില്‍ മൊബെയില്‍ ഫോണ്‍ നിരോധിച്ചിട്ടുണ്ട്‌ എന്ന്‌ വിദ്യാഭ്യാസ വകുപ്പ്‌ പറയുന്നുണ്ടെങ്കിലും അത്‌ എത്ര സ്ഥാപനങ്ങളിള്‍ നടപ്പിലാക്കിയിട്ടുണ്ട്‌? അത്‌ എങ്ങനെ സാധിക്കും. അധ്യാപകനും അധ്യപികയ്ക്കും മൊബെയില്‍ ഫോണില്ലെങ്കില്‍ അതിലൂടെ ചിലരോടെല്ലാം സൊള്ളിയില്ലെങ്കില്‍ ചിലര്‍ക്കെല്ലാം ചൂടന്‍ മെസേജ്‌ അയച്ചില്ലെങ്കില്‍ ചിലരില്‍ നിന്നെല്ലാം അത്തരം മെസേജ്‌ ലഭിച്ചില്ലെങ്കില്‍ ഉറക്കം വരാത്ത അവസ്ഥയാണല്ലോ ഇന്നുള്ളത്‌. ഈ വൈകൃത മനസ്സുകളെ അധ്യാപകരെന്ന്‌ വിളിക്കേണ്ടിവരുന്നതില്‍ കടുത്ത ആത്മനിന്ദയുണ്ട്‌.
കണ്ണൂരിലെ സംഭവത്തില്‍ അധ്യാപകരുടെ ഭാഗത്തുനിന്ന്‌ ഒരുവലിയ വീഴ്ചയുണ്ടായിട്ടുണ്ട്‌. പ്രബിതയുടേതെന്ന്‌ പറയുന്ന ചിത്രങ്ങള്‍ മൊബെയിലിലും ഇന്റര്‍നെറ്റിലും പ്രചരിച്ചു എന്നുകേട്ടപ്പോള്‍ ആ കുട്ടിയെ ശാസിക്കാനും അതിന്റെ പേരില്‍ സ്കൂളില്‍ നിന്ന്‌ പുറത്താക്കാനുമാണ്‌ അധികൃതര്‍ ശ്രമിച്ചത്‌. മറിച്ച്‌ സംഭവത്തിന്റെ യാഥാര്‍ത്ഥ്യം അന്വേഷിക്കുകയും നിരപരാധിയായ ആ കുട്ടിക്ക്‌ മാനസിക പിന്‍ബലം നല്‍കുകയും ചെയ്തിരുന്നെങ്കില്‍ തനിക്കെതിരെ ഉണ്ടായ പീഡനത്തെ ധൈര്യപൂര്‍വ്വം നേരിടാനും കുറ്റവാളികളെ അറസ്റ്റ്‌ ചെയ്യിക്കാനും കഴിയുമായിരുന്നു. പക്ഷെ, അത്തരമൊരു തിരിച്ചറിവ്‌ പ്രബിതയുടെ അധ്യാപകര്‍ക്കില്ലാതെ പോയി. ഇത്‌ പ്രബിതയുടെ അധ്യാപകരുടെ മാത്രം കാര്യമല്ല കേരളത്തിലെ ഭൂരിപക്ഷം അധ്യാപകരുടെയും വീഴ്ചയാണ്‌.
ഇവിടെ ഞെട്ടിക്കുന്ന മറ്റൊരു വാസ്തവം കൂടി ശ്രദ്ധിക്കേണ്ടതുണ്ട്‌ ആതിരേ...എന്തിനാണ്‌ ക്ലാസ്സില്‍ മൊബെയില്‍ ഫോണ്‍ കൊണ്ടുവരുന്നതെന്ന ചോദ്യത്തിന്‌, ടീച്ചര്‍മാര്‍ ക്ലാസ്സില്‍ വരാത്തപ്പോള്‍ പട്ടുകേള്‍ക്കാനും പിന്നെ ചുമ്മാ ചില രസങ്ങള്‍ക്കുമാണെന്നായിരുന്നു പ്രബിതയുടെ സ്കൂളിലെ ചില ആണ്‍കുട്ടികള്‍ മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞത്‌.ഒരു ടീച്ചര്‍ ക്ലാസ്സില്‍ വന്നില്ലെങ്കില്‍ ആ പിരീഡ്‌ മറ്റേതെങ്കിലും അദ്ധ്യാപകര്‍ എത്തി വരാതിരുന്ന ടീച്ചര്‍ പഠിപ്പിച്ചിരുന്ന വിഷയമോ അല്ലെങ്കില്‍ മറ്റേതെങ്കിലും വിഷയമോ പഠിപ്പിക്കുന്ന ഒരു രീതിയായിരുന്നു മുന്‍കാലങ്ങളില്‍ നടപ്പിലുണ്ടായിരുന്നത്‌.എന്നാല്‍ ഇന്ന്‌ ആ ആത്മാര്‍ത്ഥത അദ്ധ്യാപകര്‍ക്കില്ലാതായിരിക്കുന്നു.അതെങ്ങനെ ഉണ്ടാകും? തങ്ങളുടെ മൊബെയിലില്‍ വന്ന ചൂടന്‍ മെയിലുകള്‍ തിരയാനും മറുപടികൊടുക്കാനും അവ ഫോര്‍വേഡ്‌ ചെയ്യാനും പിന്നെ ഇഷ്ടക്കാരോട്‌ സൊള്ളാനും സമയം തികയത്ത അവസ്ഥയിലാണല്ലോ പാവം അദ്ധ്യാപകര്‍.കൂടാതെ ആ കുട്ടികള്‍ മറ്റൊരു സത്യം കൂടി വെളിപ്പെടുത്തി.മിസ്‌ കോളുകള്‍ അയച്ചു കളിക്കാനും ചൂടന്‍ വിഭവങ്ങള്‍ ഫോര്‍വേഡ്‌ ചെയ്യാനും പെണ്‍കുട്ടികളും മിടുക്കികളാണത്രേ..ഇതാണിപ്പോള്‍ കേരളത്തിലെ സ്കൂളുകളിലെ കലാപരിപാടികള്‍....
ആതിരേ, മൊബൈല്‍ ദുരന്തം കേരളത്തില്‍ ഇതാദ്യമല്ല. 2008 നവംബറില്‍ അമ്പലപ്പുഴയില്‍ സഹപാഠികളായ മൂന്നു പെണ്‍കുട്ടികള്‍ ഒരുമിച്ച്‌ ആത്മഹത്യ ചെയ്തത്‌ മലയാള മനസ്സാക്ഷിയെ ഞെട്ടിച്ചിരുന്നു. സഹപാഠിയായ ആണ്‍കുട്ടിയുടെ മൊബെയിലില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ നല്‍കുമെന്നുള്ള ബ്ലാക്ക്‌ മെയിലിങ്ങിലാണ്‌ ഈ പെണ്‍കുട്ടികളുടെ ജീവിതം പൊലിഞ്ഞത്‌.
2009 മാര്‍ച്ചില്‍ തൃശൂര്‍ എരുമപ്പെട്ടിയില്‍ കൃത്രിമമായി നിര്‍മ്മിച്ച അശ്ലീലചിത്രം പ്രചരിപ്പിക്കുമെന്ന ഭീഷണി ഭയന്ന്‌ പെണ്‍കുട്ടി ആത്മഹത്യയ്ക്ക്‌ ശ്രമിച്ചിരുന്നു. സ്കൂളില്‍ വെച്ചായിരുന്നു ഈ പെണ്‍കുട്ടിയുടെ ആത്മഹത്യാശ്രമം. ഇവിടെയും പ്രതിസ്ഥാനത്ത്‌ ചില സഹപാഠികളായിരുന്നു. മോര്‍ഫിങ്‌ നടത്തിയ ചിത്രം പ്രചരിപ്പിക്കുമെന്ന്‌ സഹപാഠികള്‍ ഭീഷണിപ്പെടുത്തിയതാണ്‌ കാരണം. മൊബെയില്‍ ഫോണില്‍ അശ്ലീലചിത്രം കണ്ടതായി ചിലര്‍ പറഞ്ഞതോടെയാണ്‌ പെണ്‍കുട്ടി ആത്മഹത്യയ്ക്ക്‌ ശ്രമിച്ചതത്രേ.
മൊബൈല്‍ ക്യാമറയിലും ഇന്റര്‍നെറ്റിലും ചിത്രം വരുത്തുമെന്ന്‌ പറഞ്ഞ്‌ കുട്ടിയെ മാനസികമായി പീഡിപ്പിക്കുകയും ശാരീരികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നായിരുന്നു പരാതി. ഈ സംഭവത്തില്‍ സ്കൂളിനടുത്ത കടയിലെ ജീവനക്കാരിയുടെ പങ്കിനെക്കുറിച്ച്‌ അന്വേഷിക്കണമെന്നും വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു. ഈ സ്ത്രീയായിരുന്നു അശ്ലീലചിത്രങ്ങള്‍ പ്രചരിക്കുന്നതായി കുട്ടിയോട്‌ പറഞ്ഞത്‌.
പ്രണയവും വിവാഹാഭ്യര്‍ത്ഥനയും നിഷേധിച്ചാല്‍ പെണ്‍കുട്ടിയുടെ അശ്ലീല വെബ്സൈറ്റ്‌ നിര്‍മ്മിക്കുന്ന മലയാളികളുമുണ്ട്‌. 2008 ആദ്യം ബാംഗ്ലൂരിലായിരുന്നു ഇത്തരത്തിലുള്ള കേസ്‌ ഉണ്ടായത്‌. സംസ്ഥാനത്തെ ആദ്യ സൈബര്‍ സ്റ്റാക്കിംഗ്‌ കേസായിരുന്നു ഇത്‌. സംഭവത്തില്‍ പ്രതിസ്ഥാനത്ത്‌ വന്നത്‌ എറണാകുളം സ്വദേശിയായിരുന്ന പ്രിന്‍സ്‌ ജോര്‍ജ്‌ ആണ്‌. 21 വയസ്സ്‌ മാത്രമുണ്ടായിരുന്ന ഇയാള്‍ ബാംഗ്ലൂര്‍ നിവാസിനിയായ വിദ്യാര്‍ഥിനിയോട്‌ വിവാഹാഭ്യര്‍ഥന നടത്തി പരാജയപ്പെട്ടതിനെ തുടര്‍ന്ന്‌ അശ്ലീല വെബ്സൈറ്റ്‌ നിര്‍മിച്ച്‌ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇന്റര്‍നെറ്റിലൂടെ വ്യാപകമായി കുട്ടിയുടെ അശ്ലീലചിത്രങ്ങള്‍ കൈമാറ്റം ചെയ്യുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന്‌ ഇയാളെ പൊലീസ്‌ അറസ്റ്റു ചെയ്തിരുന്നു.
പലപ്പോഴും പെണ്‍കുട്ടികളും ഇത്തരം കേസുകളുടെ പ്രതിസ്ഥാനത്ത്‌ പ്രത്യക്ഷപ്പെടുന്നുണ്ട്‌. ഹോസ്റ്റല്‍ മുറിയില്‍ ഡ്രസ്സ്‌ മാറുന്ന കൂട്ടുകാരിയുടെ രഹസ്യ ഭാഗങ്ങളും മറ്റും ചില തല്‍പര കക്ഷികള്‍ക്കായി(അതു കാമുകനാകാം ബോയ്‌ ഫ്രണ്ട്‌ ആകാം) ഇവര്‍ മൊബെയിലിലേക്ക്‌ പകര്‍ത്തുകയും കൈമാറുകയും ചെയ്യുന്നു. ഇപ്പോള്‍ തന്നെ ഡിലീറ്റ്‌ ചെയ്യാമെടീ എന്ന പ്രസ്താവനയുമായി കൂട്ടുകാരിയെ കെണിയില്‍പ്പെടുത്തുന്ന വമ്പത്തികളുമുണ്ട്‌.
ആണ്‍-പെണ്‍ വ്യത്യാസമില്ലാത്തെ വ്യാപകമായിട്ടുള്ള ഈ കാമവൈകൃതത്തിന്‌ സ്കൂളുകളിലെങ്കിലും തടയിടാന്‍ വിദ്യാഭ്യാസ വകുപ്പ്‌ അധികൃതര്‍ക്ക്‌ ഉത്തരവാദിത്തമില്ലേ..? മാതാപിതാക്കള്‍ക്ക്‌ ഉത്തരവാദിത്തമില്ലേ..? അദ്ധ്യാപകര്‍ക്ക്‌ ഉത്തരവാദിത്തമില്ലേ..?
സ്കൂളുകളില്‍ മൊബെയില്‍ ഫോണ്‍ നിരോധിക്കാന്‍ നിയമനിര്‍മ്മാണം നടത്തുമെന്ന്‌ നിയമമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും പലവട്ടം ആവര്‍ത്തിച്ചിട്ടുണ്ട്‌. ആലപ്പുഴയില്‍ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥിനികളായ മൂന്ന്‌ കൗമാരക്കാരികള്‍ ആത്മഹത്യ ചെയ്യാനുണ്ടായ സംഭവത്തെ തുടര്‍ന്നാണ്‌ ഹയര്‍ സെക്കന്‍ഡറി, കോളജ്‌ എന്നിവിടങ്ങളില്‍ ക്യാമറ ഫോണിന്റെ ദുരുപയോഗം തടയാന്‍ സ്കൂള്‍, കോളജ്‌ ക്യാമ്പസുകളില്‍ ഇവയുടെ നിരോധനം ഏര്‍പ്പെടുത്തി ഉത്തരവിട്ടത്‌. ഈ ഉത്തരവ്‌ വന്നതിന്‌ ശേഷവും സമാനസ്വഭാവമുള്ള നിരവധി ദുരന്തങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുകയുണ്ടായി. എന്നിട്ടും നടപടികള്‍ കര്‍ശനമാക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തുനിന്ന്‌ ഒരു നീക്കവും ഉണ്ടായില്ല. അതിനിടയിലാണ്‌ മുഖം രക്ഷിക്കാനെന്നോണം സ്കൂളുകളിലും കോളജുകളിലും മൊബെയില്‍ ഫോണ്‍ നിരോധനം ഏര്‍പ്പെടുത്തുന്ന നിയമനിര്‍മാണം കൊണ്ടുവരുമെന്ന്‌ വിജയകുമാറും എം.എ ബേബിയും പ്രഖ്യാപിച്ചത്‌. എന്നാല്‍, ഇവരുടെ ഉത്തരവിനോ നിയമനിര്‍മാണമെന്ന ഉറപ്പിനോ ഒന്നും മൊബെയില്‍ ഫോണ്‍ ദുരുപയോത്തെ തടയാന്‍ കഴിഞ്ഞില്ല എന്നതാണ്‌ നിരന്തരം പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്‌.
അതേസമയം ഇത്തരം ആത്മഹത്യകള്‍ക്ക്‌ പൊതുസമൂഹത്തിനും ഉത്തരവാദിത്തമുണ്ട്‌ എന്നാണ്‌ ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ . സിപി ചിത്ര പ്രതികരിച്ചത്‌.
പ്രതികരണങ്ങളും ആരോപണങ്ങളും ഇവിടെ വിഷയമാകുന്നില്ല ആതിരേ. കാരണം വിഷലിപ്തമായ മനസ്സിന്‌ അടിമകളായി കഴിഞ്ഞു കേരളത്തിലെ വിദ്യാര്‍ത്ഥി സമൂഹവും യുവതീയുവാക്കളും. ഈ ദുരവസ്ഥയിലേക്ക്‌ അവരെ നയിച്ചതില്‍ മൊബെയില്‍ ഫോണുകള്‍ക്കുള്ള പങ്ക്‌ ആര്‍ക്കും നിഷേധിക്കാന്‍ കഴിയുകയില്ല. അതുകൊണ്ടാണ്‌ കേരളത്തിലെ വിദ്യാര്‍ത്ഥിസമൂഹത്തെ ലൈംഗീക വൈകൃതങ്ങളിലേക്ക്‌ നയിച്ചത്‌, അവര്‍ക്ക്‌ മൊബെയില്‍ ഫോണ്‍ വാങ്ങി നല്‍കിയ മാതാപിതാക്കളാണെന്ന്‌ ആദ്യമേ സൂചിപ്പിച്ചത്‌. ഈ വൈകൃതങ്ങള്‍ അരങ്ങേറിയിട്ടും വിദ്യാര്‍ത്ഥികളെ നിയന്ത്രിക്കാത്ത അധ്യാപകരാണ്‌ രണ്ടാമത്തെ പ്രതികള്‍. ഈ സംഭവങ്ങളെല്ലാം അറിഞ്ഞിട്ടും നിയമനിര്‍മ്മാണം നടത്താനോ നിലവിലുള്ള ഉത്തരവ്‌ കര്‍ശനമായി പാലിക്കാനോ തയ്യാറാകാത്ത വിദ്യാഭ്യാസ വകുപ്പും നിയമവകുപ്പും അടങ്ങുന്ന സര്‍ക്കാരാണ്‌ മൂന്നാമത്തെ പ്രതി.
അപ്പോള്‍ ചോദ്യമിതാണ്‌ ഈ കുറ്റവാളികളെ ആര്‌ ശിക്ഷിക്കും, ആതിരേ..?.

Saturday, February 13, 2010

വയനാട്‌ കൈയേറ്റവും അശ്ലീല രാഷ്ട്രീയവും



ചെങ്ങറയില്‍ ആദിവാസികള്‍ അടക്കമുള്ള പട്ടികജാതി പട്ടികവര്‍ഗ വിഭാഗം ഹാരിസണ്‍ കമ്പനിയുടെ റബ്ബര്‍ തോട്ടം കൈയേറിയപ്പോള്‍ അവരെ കള്ളന്മാരെന്ന്‌ വിശേഷിപ്പിക്കുകയും ആ സമരത്തെ ആളും അര്‍ത്ഥവും ഭീഷണിയും പോലീസിനെയും ഉപയോഗിച്ച്‌ തകര്‍ക്കുകയും ചെയ്ത ഇടതുപക്ഷ സര്‍ക്കാരാണ്‌ ഇപ്പോള്‍ വയനാട്ടിലെ ആദിവാസികളുടേത്‌ എന്നുപറയുന്ന ഭൂമി കൈയേറ്റ സമരത്തെ ന്യായീകരിക്കുന്നത്‌ എന്നറിയണം . എത്രമാത്രം തത്വദീക്ഷയില്ലാത്ത, രാഷ്ട്രീയ സത്യസന്ധത തൊട്ടുതീണ്ടിയിട്ടില്ലാത്ത നിലപാടാണിതെന്ന്‌ പ്രത്യേകിച്ച്‌ വിശദീകരിക്കേണ്ടതില്ല. മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ വര്‍ഗ വഞ്ചനയുടെയും മൂലധന താല്‍പര്യങ്ങളുടെയും പുതിയ തെളിവുകളാണ്‌ ഈ താന്തോന്നിത്തങ്ങള്‍. ഇതില്‍ അഭിമാനിക്കുകയും വയനാട്‌ കളക്ടറേയും അവിടത്തെ പോലീസ്‌ നടപടിയെയും അധിക്ഷേപിക്കുകയും ചെയ്തപ്പോള്‍ അച്യുതാനന്ദന്‍ സ്വയം അപഹാസ്യനാവുകയായിരുന്നു എന്ന്‌ അദ്ദേഹം തിരിച്ചറിയേണ്ടതായിരുന്നു. ഈ അസംബന്ധ നാടകം, അതേസമയം, വളരെ ഗൗരവമുള്ള ഒരു സത്യം പുറത്തുകൊണ്ടുവന്നിട്ടുണ്ട്‌. കേരളത്തിലെ ആദിവാസികള്‍ അടക്കമുള്ള പട്ടിക വിഭാഗങ്ങള്‍ അവരുടെ ബന്ധുക്കള്‍ മരിച്ചാല്‍ അടുക്കള പൊളിച്ച്‌ ശവസംസ്കാരം നടത്താന്‍ നിര്‍ബന്ധിതമാകുന്ന കേരളത്തിലാണ്‌ ശ്രേയാംസ്‌ കുമാറിനെ പോലെയുള്ളവര്‍ക്ക്‌ വയനാട്ടില്‍ 46 ഏക്കര്‍ സ്ഥലം കൈവശം വെയ്ക്കാന്‍ കഴിയുന്നത്‌. ഇത്‌ ഒരു ശ്രയാംസ്കുമാറിന്റെ മാത്രം കാര്യമല്ല. ഇത്തരം നിരവധിപേര്‍ കേരളത്തിലെ എല്ലാ ജില്ലകളിലുമുണ്ട്‌. അവര്‍ കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലെയും അംഗങ്ങളും നേതാക്കളുമാണ്‌. അവിശുദ്ധ രാഷ്ട്രീയത്തിന്റെ കൂട്ടായ്മയിലാണ്‌ ഈ അനധികൃത കൈയേറ്റങ്ങളെല്ലാം നടക്കുന്നത്‌. ഇവരാണ്‌ ടാറ്റയുടെ കൈയേറ്റം മാത്രം ഫോക്കസ്‌ ചെയ്ത്‌ ഒഴിപ്പിക്കല്‍ നടപടികളും ഭൂമി വീണ്ടെടുക്കല്‍ നടപടികളുമൊക്കെയായി ഞെളിയാന്‍ ശ്രമിക്കുതെന്ന്‌. ഈ വഞ്ചനകള്‍ തുറന്നുകാട്ടാന്‍ ഇടയായി എന്നിടത്താണ്‌ മൂന്നാര്‍ - വയനാട്‌ വിവാദങ്ങള്‍ പ്രസക്തങ്ങളാകുന്നത്‌.
ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു കബളിപ്പിക്കല്‍ കൂടിയുണ്ട്‌. യുഡിഎഫിലെത്തിയതു കൊണ്ട്‌ വീരേന്ദ്രകുമാറിന്റെ മകന്റെ ഭൂമി കൈയ്യേറിയ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയെ ഒരു പാഠം പഠിപ്പിക്കാന്‍ വയനാട്‌ അടക്കമുള്ള സ്ഥലങ്ങളില്‍ മാര്‍ക്സിസ്റ്റ്‌ നേതാക്കള്‍ അനധികൃതമായി കൈവശം വച്ചിട്ടുള്ള ഭൂമി യുഡിഎഫ്‌ കൈയ്യേറണമെന്ന്‌ , കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം ആവശ്യപ്പെട്ടു. എന്നാല്‍ അതൊരിക്കലും ചെയ്യരുതെന്നാണ്‌ ചാണ്ടി-ചെന്നിത്തല-മാണി- കുഞ്ഞാലിക്കുട്ടിമാര്‍ നിഷ്കര്‍ഷിച്ചത്‌.മനസ്സിലായില്ലേ , കളികളുടെ പോക്ക്‌....





"അങ്ങാടിയില്‍ തോറ്റാല്‍ അമ്മയുടെ നെഞ്ചത്ത്‌" കുതിര കയറുന്ന അധാര്‍മികതയുടെയും മുഷ്കിന്റെയും പര്യായമാണ്‌ ആതിരേ, ഇപ്പോള്‍ വയനാട്ടില്‍ നടക്കുന്നത്‌. കൊട്ടിഘോടിച്ചാരംഭിച്ച മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കല്‍ എല്ലാ അര്‍ത്ഥത്തിലും തിരിച്ചടിയും പരാജയവുമാവുകയും അതിനുപിന്നിലെ പാരകള്‍ സിപിഎമ്മിലെ ഔദ്യോഗിക വിഭാഗവും സിപിഐയിലെ മുടിവളര്‍ത്തിയനേതാവും മുടികറുപ്പിച്ച മുന്‍ പട്ടാളക്കാരനുമാണെന്ന്‌ പൊതുസമൂഹം തിരിച്ചറിയുകയും ചെയ്തപ്പോഴാണ്‌ ജനശ്രദ്ധ തിരിക്കാന്‍ വയനാട്ടില്‍ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പുതിയ കൈയേറ്റ നാടകം അരങ്ങേറിയത്‌.
ഭൂരഹിതരായ ആദിവാസികളുടെ പേരില്‍ ' രാഷ്ട്രീയ പകപോക്കല്‍ ' എന്ന അശ്ലീലം നിറഞ്ഞ അജണ്ടയും ആതിരേ, ഈ കൈയേറ്റങ്ങള്‍ക്ക്‌ പിന്നിലുണ്ട്‌ . മുന്‍ ജനതാദള്‍ നേതാവ്‌ എം.പി. വീരേന്ദ്ര കുമാറിന്റെ മകന്‍ ശ്രേയാംസ്‌ കുമാറിന്റെ കൈവശം ഉണ്ടായിരുന്ന കൃഷ്ണ ഗിരി എസ്റ്റേറ്റിലായിരുന്നു ആദ്യം ആദിവാസികളുടെ പേരില്‍, മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി കടന്നുകയറിയതും ചെങ്കൊടി നാട്ടിയതും. തുടര്‍ന്ന്‌ വയനാട്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റും ജനതാദള്‍ നേതാവുമായ ജോര്‍ജ്‌ പോത്തന്റെ ഭൂമിയിലും കൊടി നാട്ടി , അവകാശം സ്ഥാപിച്ചു. എന്നാല്‍, ഈ നടപടി രാഷ്ട്രീയ പകപോക്കലാണെന്ന്‌ ജനം തിരിച്ചറിഞ്ഞപ്പോഴാണ്‌ ഹാരിസണ്‍ മലയാളം കമ്പനിയുടെയും മോഹന്‍ ജോര്‍ജ്‌ ജോണ്‍ അഞ്ചേരിലിന്റെയും ഭൂമിയില്‍ അവകാശം പ്രഖ്യാപിച്ച്‌ കൊടി പാറിച്ചത്‌. അനധികൃതമായ ഭൂമി കൈയേറ്റം എവിടെയുണ്ടെങ്കിലും അതൊഴിപ്പിക്കാനും അത്‌ കൈയ്യടക്കാനുമുള്ള ശക്തിയും ധൈര്യവും കെഎസ്കെടിയുവിനുണ്ട്‌ എന്ന്‌ പ്രഖ്യാപിച്ചായിരുന്നു മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ ഈ പുതിയ 'ഭൂസമരം'.
എന്നാല്‍, കൈയേറ്റങ്ങള്‍ക്കെതിരെ ഹാരിസണ്‍ മലയാളം കമ്പനിയും ശ്രേയാംസ്‌ കുമാറുമടക്കമുള്ളവര്‍ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ വാദം കേള്‍ക്കേ, വയനാട്ടിലെ കൈയേറ്റ നടപടികള്‍ സര്‍ക്കാരിന്‌ നാണക്കേടാണെന്നും അവിടെ ക്രമസമാധാന രംഗത്ത്‌ ഭരണസ്തംഭനമാണെന്നും ജസ്റ്റിസ്‌. കെ.എം. ജോസഫ്‌, ജസ്റ്റിസ്‌ എം.എല്‍ ജോസഫ്‌ ഫ്രാന്‍സിസ്‌ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച്‌ വിലയിരുത്തി. ഇത്‌ സര്‍ക്കാരിനേറ്റ മറ്റൊരു ഇരുട്ടടിയായിരുന്നു.
ശ്രേയാംസ്‌ കുമാറിന്റെ കൃഷ്ണഗിരി എസ്റ്റേറ്റ്‌ കൈയേറിയവരെ പോലീസിനെ ഉപയോഗിച്ച്‌ ഒഴിപ്പിച്ച വയനാട്‌ ജില്ല കളക്ടര്‍ക്കെതിരെ സിപിഎമ്മിന്റെ ജില്ല സെക്രട്ടറി ക്ഷോഭിച്ചതും കളക്ടറുടെ നടപടിയെ മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദന്‍ അധിക്ഷേപിച്ചതുമെല്ലാം കൂട്ടിവായിക്കുമ്പോള്‍ എന്തൊക്കെയോ പാകപ്പിഴകള്‍ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയും ഇടതുപക്ഷ സര്‍ക്കാരും നേരിടുന്നുണ്ട്‌ എന്നാണ്‌ വ്യക്തമാകുന്നത്‌.
മൂന്നാറില്‍ ടാറ്റ കൈവശം വെച്ചിട്ടുള്ള അനധികൃത ഭൂമിയെ ചൊല്ലി ആരംഭിച്ച തര്‍ക്കവും വിവാദവും ഒഴിപ്പിലും , ആതിരേ, ഇപ്പോള്‍ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം കുടത്തില്‍ നിന്ന്‌ തുറന്നുവിട്ട ഭൂതത്തിന്റെ അവസ്ഥയിലാണ്‌. മൂന്നാറിലെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ആരംഭിച്ച ആദ്യ നടപടികള്‍ അട്ടിമരിച്ചത്‌ സിപിഎമ്മിലെ ഔദ്യോഗിക വിഭാഗവും സിപിഐയിലെ മുതിര്‍ന്ന നേതാക്കളുമായിരുന്നു എന്നു സൂചിപ്പിച്ചു. അതുമൂലമുണ്ടായ പരാജയം എങ്ങനെ മറയ്ക്കണമെന്നറിയാതെ ഉഴലുന്നതിനിടയിലാണ്‌ വീണ്ടും മൂന്നാറിലെ ടാറ്റയുടെ കൈയേറ്റ ഭൂമി വിഷയം സജീവമായത്‌. എന്നാല്‍, മൂന്നാറില്‍ ടാറ്റ മാത്രമല്ലെന്നും മറ്റ്‌ വന്‍കിട ഭൂമാഫിയകളും അനധികൃതമായി റവന്യൂഭൂമി കൈയേറിയിട്ടുണ്ടെന്നും മുന്‍ റവന്യൂ മന്ത്രിമാരായ കെ.എം.മാണി, പി.ജെ ജോസഫ്‌, കെ.ഇ ഇസ്മയില്‍ എന്നിവരുമായി അടുത്ത ബന്ധമുള്ളവരും സൗഹൃദമുള്ളവരും റിസോര്‍ട്ടുകളടക്കം മൂന്നാറില്‍ സ്വന്തമാക്കിയിട്ടുണ്ടെന്നും ഇപ്പോള്‍ തെളിഞ്ഞിട്ടുണ്ട്‌. എന്നുമാത്രമല്ല മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെയും സിപിഐയുടെയും നേതാക്കളടക്കമുള്ളവര്‍ മൂന്നാറില്‍ ടാറ്റയുടെ ഔദാര്യം പറ്റിയാണ്‌ തൊഴിലാളി പ്രവര്‍ത്തനം നടത്തുന്നതെന്നും മാധ്യമങ്ങള്‍ തെളിയിച്ചു. ഈ സാഹചര്യത്തില്‍, ഭരണത്തില്‍ നിന്ന്‌ ഇറങ്ങിപ്പോകും മുന്‍പ്‌ മുഖം രക്ഷിക്കാനാരംഭിച്ച മൂന്നാര്‍ ഓപ്പറേഷന്‍ അമ്പേ പാളിയെന്ന്‌ വ്യക്തമായപ്പോഴാണ്‌ വയനാട്ടിലെ കൈയേറ്റനാടകത്തിന്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി രംഗഭാഷ്യം ചമച്ചത്‌. എന്നാല്‍, സിപിഐ ഭരിക്കുന്ന റവന്യൂ വകുപ്പ്‌ നടത്തിയ ഒരു അടിവലിയിലൂടെ ആ നീക്കം പാളുകയും കൂടുതല്‍ അപഹാസ്യമാകുകയും ചെയ്തു. ഈ സാഹചര്യത്തിലാണ്‌ കൈയ്യേറ്റക്കാരെ പോലീസിനെ ഉപയോഗിച്ച്‌ ഒഴിപ്പിക്കാന്‍ കളക്ടര്‍ നിര്‍ബന്ധിതനായത്‌.
ഇതെല്ലാം ചില കുബുദ്ധികളുടെ അപായകരമായ ഭൂതാല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ഉഡായ്പുകളാണെന്ന്‌ ഹൈക്കോടതിക്കു തന്നെ ഇപ്പോള്‍ ബോധ്യമായിട്ടുണ്ട്‌. അറിയുക,ആതിരേ, ശ്രേയാംസ്കുമാറിന്റെ കൈവശമിരിക്കുന്ന കൃഷ്ണഗിരി എസ്റ്റേറ്റ്‌ സംബന്ധിച്ച ഒരു കേസില്‍ കോഴിക്കോട്‌ സബ്കോടതി ശ്രേയാംസ്കുമാറിന്‌ അനുകൂലമായാണ്‌ വിധി പ്രഖ്യാപിച്ചത്‌. അതാകട്ടെ നിലവിലിരിക്കുന്ന ഭൂപരിഷ്കരണ നിയമത്തിന്‌ എതിരുമായിരുന്നു. എന്നിട്ടും അതിനെതിരെ സ്റ്റേ സമ്പാദിക്കാന്‍ അച്യുതാനന്ദന്‍ സര്‍ക്കാര്‍ തയ്യാറായില്ല. കാരണം അന്ന്‌ വീരേന്ദ്ര കുമാര്‍ ഇടതുപക്ഷത്തായിരുന്നു. ഇപ്പോള്‍ എല്‍ഡിഎഫ്‌ വിട്ട്‌ വീരേന്ദ്രകുമാര്‍ യുഡിഎഫില്‍ ചേക്കേറിയതിന്‌ പിന്നാലെയാണ്‌ പകപോക്കന്‍ കൃഷ്ണഗിരി എസ്റ്റേറ്റില്‍ ആദിവാസികളുടെ മറവില്‍ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി ഭൂമി കൈയേറ്റം നടത്തിയത്‌.
അനധികൃത ഭൂമി കൈയേറ്റം സംബന്ധിച്ച പ്രശ്നത്തില്‍ തൊട്ടപ്പോഴെല്ലാം കൈപൊള്ളിയ അനുഭവമാണ്‌ അച്യുതാനന്ദന്‍ സര്‍ക്കാരിന്‌ ഉണ്ടായിട്ടുള്ളത്‌. നിലനില്‍പ്പിനുവേണ്ടി അവര്‍ കണ്ടെത്തുന്ന സമരമാര്‍ഗങ്ങള്‍ അവരുടെ പ്രത്യയശാസ്ത്ര പാപ്പരത്വത്തെയും ജനവഞ്ചനയെയും തെരഞ്ഞെടുപ്പ്‌ പ്രകടന പത്രികയിലെ വാഗ്ദാന ലംഘനങ്ങളുടെയും കഥകളാണ്‌ ആതിരേ, വെളിച്ചത്ത്‌ കൊണ്ടുവരുന്നത്‌. വയനാട്ടില്‍ ആദിവാസികളാണ്‌ ഭൂമി കൈയേറിയതെന്നാണ്‌ അച്യുതാനന്ദന്‍ പോലും പറയുന്നത്‌. ആദിവാസികളുടെ ഭൂമി കൈയേറ്റക്കാരില്‍ നിന്ന്‌ ഒഴിപ്പിച്ച്‌ അവര്‍ക്ക്‌ സ്വന്തമാക്കികൊടുക്കുമെന്ന്‌ വാഗ്ദാനം ചെയ്തവര്‍ അധികാരത്തിലേറി മൂന്നരവര്‍ഷം കഴിഞ്ഞിട്ടും ആദിവാസികള്‍ക്ക്‌ കിടപ്പാടം കിട്ടണമെങ്കില്‍ ഭൂമി കൈയേറ്റസമരം നടത്തേണ്ടിവരുന്നു എന്നുപറയുമ്പോള്‍ അതിന്റെ നാണക്കേട്‌ അച്യുതാനന്ദനും അദ്ദേഹത്തിന്റെ സര്‍ക്കാരിനുമാണ്‌. അച്യുതാനന്ദന്‍ ഭരിക്കുമ്പോള്‍ ഭൂമിക്കുവേണ്ടി ആദിവാസികള്‍ക്ക്‌ കൈയേറ്റ സമരം നടത്തേണ്ടിവരുന്നുവെങ്കില്‍ എന്തിനാണ്‌ ഇങ്ങനെയൊരു മുഖ്യമന്ത്രി എന്ന പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ചാണ്ടിയുടെ മുന വെച്ച ചോദ്യം ഏറെ പ്രസക്തമാണ്‌. എന്നു മാത്രമല്ല മൂന്നാറില്‍ അനധികൃത കൈയ്യേറ്റം ഒഴിപ്പിക്കാന്‍ പ്രതിജ്ഞാബദ്ധരായവരാണ്‌ ആതിരേ വയനാട്ടില്‍ കൈയ്യേറ്റത്തിന്‌ ചുവന്ന കൊടി നല്‍കിയിട്ടുള്ളതും.അതാകട്ടെ പുലിവാല്‍ പിടിച്ച അവസ്ഥയില്‍ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയേയും ഇടതുമുന്നണിയേയും കൊണ്ടെത്തിക്കുകയും ചെയ്തു.സിപിഎമ്മിനു പിന്നാലെ സിപിഎംഎല്‍ കാരും കൈയേറ്റം തുടങ്ങി. വരും ദിവസങ്ങളില്‍ ജാനുവിന്റേയും ഗീതാനന്ദന്റേയും നേതൃത്വത്തിലുള്ള ഗോത്രമഹസഭ പുതിയ കൈയ്യേറ്റത്തിന്‌ കോപ്പുകൂട്ടുകയാണ്‌. മുത്തങ്ങ വെടി വയ്പ്പിന്റെ വാര്‍ഷീക ദിനമായ ഫെബ്രുരി 19 ന്‌ ഇതു സംബന്ധിച്ച തീരുമാനം എടുക്കും എന്നാണവര്‍ പറയുന്നത്‌.ചുമ്മാതിരുന്ന്‌ ശരീരത്തിന്റെ ഏതോഭാഗത്ത്‌ ചുണ്ണാമ്പ്‌ തേച്ചു പൊള്ളിക്കുകയായിരുന്നു വയനാട്ടിലെ കൈയ്യേറ്റത്തിലൂടെ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി. ശ്രദ്ധിച്ചോ , വിഎസ്‌ അല്ലാതെ ഒരു നേതാവും വയനാട്‌ കൈയ്യെറ്റത്തെ കുറിച്ചു പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.മുത്തൂറ്റ്‌ പോള്‍ വധക്കേസില്‍ രണ്ടുവട്ടം പത്രസമ്മേളനം നടത്തിയ പിണറായിയോ അദ്ദേഹത്തിന്റെ ലെഫ്റ്റനന്റ്മാരായ ജയരാജന്മാരോ ആരും ഒരക്ഷരം മിണ്ടിയിട്ടില്ല.
ചെങ്ങറയില്‍ ആദിവാസികള്‍ അടക്കമുള്ള പട്ടികജാതി പട്ടികവര്‍ഗ വിഭാഗം ഹാരിസണ്‍ കമ്പനിയുടെ റബ്ബര്‍ തോട്ടം കൈയേറിയപ്പോള്‍ അവരെ കള്ളന്മാരെന്ന്‌ വിശേഷിപ്പിക്കുകയും ആ സമരത്തെ ആളും അര്‍ത്ഥവും ഭീഷണിയും പോലീസിനെയും ഉപയോഗിച്ച്‌ തകര്‍ക്കുകയും ചെയ്ത ഇടതുപക്ഷ സര്‍ക്കാരാണ്‌ ഇപ്പോള്‍ വയനാട്ടിലെ ആദിവാസികളുടേത്‌ എന്നുപറയുന്ന ഭൂമി കൈയേറ്റ സമരത്തെ ന്യായീകരിക്കുന്നത്‌ എന്നറിയണം , ആതിരേ. എത്രമാത്രം തത്വദീക്ഷയില്ലാത്ത, രാഷ്ട്രീയ സത്യസന്ധത തൊട്ടുതീണ്ടിയിട്ടില്ലാത്ത നിലപാടാണിതെന്ന്‌ പ്രത്യേകിച്ച്‌ വിശദീകരിക്കേണ്ടതില്ല. മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ വര്‍ഗ വഞ്ചനയുടെയും മൂലധന താല്‍പര്യങ്ങളുടെയും പുതിയ തെളിവുകളാണ്‌ ഈ താന്തോന്നിത്തങ്ങള്‍. ഇതില്‍ അഭിമാനിക്കുകയും വയനാട്‌ കളക്ടറേയും അവിടത്തെ പോലീസ്‌ നടപടിയെയും അധിക്ഷേപിക്കുകയും ചെയ്തപ്പോള്‍ അച്യുതാനന്ദന്‍ സ്വയം അപഹാസ്യനാവുകയായിരുന്നു എന്ന്‌ അദ്ദേഹം തിരിച്ചറിയേണ്ടതായിരുന്നു. ഈ അസംബന്ധ നാടകം, അതേസമയം, വളരെ ഗൗരവമുള്ള ഒരു സത്യം പുറത്തുകൊണ്ടുവന്നിട്ടുണ്ട്‌. കേരളത്തിലെ ആദിവാസികള്‍ അടക്കമുള്ള പട്ടിക വിഭാഗങ്ങള്‍ അവരുടെ ബന്ധുക്കള്‍ മരിച്ചാല്‍ അടുക്കള പൊളിച്ച്‌ ശവസംസ്കാരം നടത്താന്‍ നിര്‍ബന്ധിതമാകുന്ന കേരളത്തിലാണ്‌ ശ്രേയാംസ്‌ കുമാറിനെ പോലെയുള്ളവര്‍ക്ക്‌ വയനാട്ടില്‍ 46 ഏക്കര്‍ സ്ഥലം കൈവശം വെയ്ക്കാന്‍ കഴിയുന്നത്‌. ഇത്‌ ഒരു ശ്രയാംസ്കുമാറിന്റെ മാത്രം കാര്യമല്ല. ഇത്തരം നിരവധിപേര്‍ കേരളത്തിലെ എല്ലാ ജില്ലകളിലുമുണ്ട്‌. അവര്‍ കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലെയും അംഗങ്ങളും നേതാക്കളുമാണ്‌. അവിശുദ്ധ രാഷ്ട്രീയത്തിന്റെ കൂട്ടായ്മയിലാണ്‌ ഈ അനധികൃത കൈയേറ്റങ്ങളെല്ലാം നടക്കുന്നത്‌. ഇവരാണ്‌ ടാറ്റയുടെ കൈയേറ്റം മാത്രം ഫോക്കസ്‌ ചെയ്ത്‌ ഒഴിപ്പിക്കല്‍ നടപടികളും ഭൂമി വീണ്ടെടുക്കല്‍ നടപടികളുമൊക്കെയായി ഞെളിയാന്‍ ശ്രമിക്കുതെന്ന്‌. ഈ വഞ്ചനകള്‍ തുറന്നുകാട്ടാന്‍ ഇടയായി എന്നിടത്താണ്‌ മൂന്നാര്‍ - വയനാട്‌ വിവാദങ്ങള്‍ പ്രസക്തങ്ങളാകുന്നത്‌.
ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു കബളിപ്പിക്കല്‍ കൂടിയുണ്ട്‌. യുഡിഎഫിലെത്തിയതു കൊണ്ട്‌ വീരേന്ദ്രകുമാറിന്റെ മകന്റെ ഭൂമി കൈയ്യേറിയ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയെ ഒരു പാഠം പഠിപ്പിക്കാന്‍ വയനാട്‌ അടക്കമുള്ള സ്ഥലങ്ങളില്‍ മാര്‍ക്സിസ്റ്റ്‌ നേതാക്കള്‍ അനധികൃതമായി കൈവശം വച്ചിട്ടുള്ള ഭൂമി യുഡിഎഫ്‌ കൈയ്യേറണമെന്ന്‌ , കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം ആവശ്യപ്പെട്ടു. എന്നാല്‍ അതൊരിക്കലും ചെയ്യരുതെന്നാണ്‌ ചാണ്ടി-ചെന്നിത്തല-മാണി- കുഞ്ഞാലിക്കുട്ടിമാര്‍ നിഷ്കര്‍ഷിച്ചത്‌.മനസ്സിലായില്ലേ , ആതിരേ, കളികളുടെ പോക്ക്‌....
വയനാട്‌ വിഷയത്തില്‍ കോടതിയുടെ വിധി വരാനിരിക്കുന്നതേയുള്ളു. അനധികൃതമായി ഭൂമി കൈയേറിയ മാഫിയകളെ ഒഴിവാക്കാനല്ല അവരെ സംരക്ഷിക്കാണ്‌ ഇടതുപക്ഷ സര്‍ക്കാരും കൊണ്ടുപിടിച്ച്‌ ശ്രമിക്കുന്നതെന്ന്‌ ഒരിക്കല്‍ കൂടി വെളിവാക്കി ഈ വിവാദങ്ങള്‍.വരുംകാലത്തിനുള്ള ഈടുവയ്പ്പണിത്‌.ബൈബിളിലെ വെളിപാട്‌ പുസ്തകത്തില്‍ പറയുന്നത്‌ പോലെ, ആതിരേ, " ചെവിയുള്ളവന്‍ കേള്‍ക്കട്ടെ"

Tuesday, February 9, 2010

തിലകനെ ആര്‍ക്കാണ്‌ മൂലയ്ക്കിരുത്തേണ്ടത്‌

ജാതിക്കും മതത്തിനും സമുദായത്തിനും സൃഷ്ടിക്കാന്‍ കഴിയുന്നതല്ല പണിക്കുറ തീര്‍ന്ന ഒരു അഭിനേതാവിനെ. പക്ഷെ, ആ സത്യം ബോധപൂര്‍വം തമസ്കരിച്ച്‌ ജാതിയുടെയും മതത്തിന്റെയും സമുദായത്തിന്റെയും പ്രദേശത്തിന്റെയും താല്‍പ്പര്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ്‌ പലസിനിമകളിലും അഭിനേതാക്കളെ തെരഞ്ഞെടുക്കുന്നത്‌. ഇത്‌ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. തന്റെ അഭിനയ മികവില്‍ സ്വത്വബോധം പുലര്‍ത്തുന്ന നടനേയും നടിയേയും ഒറ്റപ്പെടുത്തിയ നിരവധി സംഭവങ്ങള്‍ മലയാള സിനിമാ പ്രവര്‍ത്തകര്‍ക്കറിയാം. ഒരുകാലത്തും സൂപ്പര്‍സ്റ്റാറുകളിലൂടെയല്ല ഒരു ഭാഷയിലും സിനിമ മികവ്‌ പുലര്‍ത്തിയിട്ടുള്ളത്‌. തിലകനെ പോലെയുള്ള അഭിനയ പ്രതിഭകളാണ്‌ ഓരോ ഭാഷയിലുമുള്ള സിനിമയുടെ ജീവനും നട്ടെല്ലും. അത്‌ തിരിച്ചറിഞ്ഞ്‌ തിലകനെന്ന അനുപമനായ നടനോട്‌ നീതിപുലര്‍ത്താന്‍ സംവിധായകരും നിര്‍മാതാക്കളും തയ്യാറാകേണ്ടതുണ്ട്‌. സൂപ്പര്‍ താരങ്ങളുടെ ചെരുപ്പ്‌ നക്കികളായ യുവതലമുറയിലെ ചില സംവിധായകരും തിരക്കഥാകൃത്തുക്കളും എന്തെല്ലാം കളികള്‍ കളിച്ചാലും തിലകനെ പോലെയുള്ള ഒരു അഭിനയ പ്രതിഭയെ മലയാള സിനിമാ രംഗത്തുനിന്നും മലയാളികളായ സിനിമാ പ്രേമികളുടെ മനസ്സില്‍ നിന്നും ഉപരോധിക്കാനോ പുറത്താക്കാനോ കഴിയുകയില്ല. അതുകൊണ്ട്‌ അദ്ദേഹത്തോട്‌ മാന്യമായി ഇടപെടാനുള്ള വകതിരിവ്‌ സിബി മലയിലിനെയും ബി. ഉണ്ണികൃഷ്ണനെയും പോലെയുള്ളവരില്‍ നിന്നുണ്ടാവണമെന്നാണ്‌ മലയാള സിനിമാ പ്രേക്ഷകര്‍ ആവശ്യപ്പെടുന്നത്‌.




സമാനതകളില്ലാത്ത അഭിനയ മികവുകൊണ്ട്‌ ദശാബ്ദങ്ങളായി മലയാള സിനിമാ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്ന വേറിട്ട വെള്ളിത്തിര സാന്നിധ്യമാണ്‌ തിലകന്‍. തന്റെ പ്രതിഭയില്‍ ഊറ്റം കൊള്ളുകയും അതിന്റെ നട്ടെല്ലുറപ്പില്‍ ജീവിക്കുകയും ചെയ്യുന്ന അപൂര്‍വ ജാനസില്‍ പെട്ട അഭിനേതാവ്‌ കൂടിയാണ്‌ തിലകന്‍.അതെ, ആതിരേ, മലയാള സിനിമയിലെ പെരുന്തച്ചനാണ്‌ തിലകന്‍. എന്നാല്‍, തിലകിനിപ്പോള്‍ വീണ്ടും വിവാദകേന്ദ്രമായിരിക്കുകയാണ്‌. മലയാള സിനിമയിലെ മറ്റൊരു അഭിനയ പ്രതിഭയായ മമ്മൂട്ടിയെയും സാങ്കേതിക വിദഗ്ധരുടെ സംഘടനയായ ഫെഫ്കയെയും തീക്ഷണമായി വിമര്‍ശിച്ചുകൊണ്ട്‌ തിലകന്‍ രംഗത്തെത്തിയതാണ്‌ പുതിയ വിവാദങ്ങളുടെ തുടക്കം.
'ക്രിസ്ത്യന്‍ ബ്രദേഴ്സ്‌' എന്ന സിനിമയില്‍ നിന്ന്‌ ഫെഫ്കയും മമ്മൂട്ടിയും ചേര്‍ന്ന്‌ തന്നെ ഒഴിവാക്കി എന്നാണ്‌ തിലകന്റെ ആരോപണം. ഒരു നടനെതിരെ ഒരിക്കലും ആശാസ്യമല്ലാത്ത ഉപരോധമാണിത്‌. ഈ ഉപരോധം തുടര്‍ന്നാല്‍ തന്നിലെ നടന്‍ ആത്മഹത്യ ചെയ്യുമെന്നാണ്‌ തിലകന്‍ പറയുന്നത്‌. തിലകനെതിരെ ഉണ്ടായ ഈ ഉപരോധത്തില്‍ പ്രതിഷേധിച്ച്‌ മലയാള വേദിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ശനിയാഴ്ച തൃശൂര്‍ കോര്‍പ്പറേഷന്‍ ഓഫീസിന്‌ മുമ്പില്‍ ധര്‍ണയും നടന്നു. അന്ന്‌ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത്‌ തിലകന്‍ നടത്തിയ പ്രസംഗവും ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.
സൂപ്പര്‍ താരങ്ങളാണ്‌ മലയാള സിനിമയെ ഭരിക്കുന്നത്‌.അവരുടെ താളത്തിനൊത്ത്‌ തുള്ളുന്നവരാണ്‌ ഭൂരിപക്ഷം സംവിധായകരും തിരക്കഥാകൃത്തുക്കളും മറ്റ്‌ സാങ്കേതിക വിദഗ്ധരും നടീനടന്മാരും. മലയാള സിനിമയെ നശിപ്പിക്കുന്നത്‌ ഈ ഉപചാപക സംഘമാണ്‌. ഇവര്‍ക്ക്‌ ഓരോ ചിത്രം കഴിയും തോറും കോടികള്‍ പ്രതിഫലം കിട്ടുമ്പോള്‍ ഇവര്‍ അഭിനയിച്ച പല ചിത്രങ്ങളും ബോക്സോഫീസില്‍ എട്ട്‌ നിലയില്‍ പൊട്ടുകയാണ്‌. ഇതുമൂലം കോടിക്കണക്കിന്‌ രൂപയുടെ നഷ്ടമാണ്‌ മലയാള സിനിമാ വ്യവസായത്തിന്‌ ഉണ്ടായിട്ടുള്ളത്‌. നിരവധി നിര്‍മ്മാതാക്കള്‍ പാപ്പരായി. എന്നിട്ടും ഈ സൂപ്പര്‍ താരങ്ങളുടെ അഹന്ത കുറയുന്നില്ല. എന്നുമാത്രമല്ല, ഇവര്‍ അഭിനയപ്രതിഭയുള്ളവരെ ഉപരോധിക്കുകയും ചെയ്യുന്നു. ഈ വൃത്തികെട്ട പ്രവണത തുടര്‍ന്നുപോയാല്‍ വരും തലമുറ ബ്ലൂഫിലിം കാണേണ്ടിവരും. സിനിമാ സംഘടനകളാണ്‌ പ്രശ്നങ്ങള്‍ക്കെല്ലാം കാരണം. അതുകൊണ്ട്‌ ഈ സംഘടനകളെ അറബിക്കടലില്‍ തള്ളണം എന്നൊക്കെയായിരുന്നു തിലകന്റെ തുറന്നടിക്കല്‍. എന്നുമാത്രമല്ല, മലയാളത്തിലെ ഒരു സൂപ്പര്‍ താരവും പാര്‍ട്ടി ചാനലും തന്നെ ഒഴിവാക്കിയെന്നും ക്രിസ്ത്യന്‍ ബ്രദേഴ്സിന്റെ സെറ്റിലേക്ക്‌ സമരസജ്ജനായി താന്‍ കടന്നുചെല്ലുമെന്നുമൊക്കെ തിലകന്‍ കൂട്ടിചേര്‍ക്കുകയും ചെയ്തു.
തിലകന്റെ ആരോപണങ്ങള്‍ക്കെതിരെ ശക്തമായ പ്രതിരോധവുമായാണ്‌ ഫെഫ്ക ഭാരവാഹികള്‍ രംഗത്തെത്തിയത്‌. സിനിമയെ ജാതിവത്കരിക്കാനും രാഷ്ട്രീയവത്കരിക്കാനുമാണ്‌ തിലകന്റെ ശ്രമം. സിനിമാ സംഘടനകളെ അറബിക്കടലില്‍ തള്ളണമെന്ന അഭിപ്രായപ്രകടനം അരാജകത്വവും വ്യക്തിവാദവുമാണ്‌.ഒരു കമ്മ്യൂണീസ്റ്റ്‌ എന്ന്‌ അഭിമാനിക്കുന്ന തിലകന്‍ ഒരിക്കലും അങ്ങനെ പറയാന്‍ പാടില്ലായിരുന്നു നെടുമുടി വേണുവിനെതിരെ ജാതി പറഞ്ഞ്‌ തര്‍ക്കമുണ്ടാക്കിയത്‌ തിലകനാണ്‌. ഒരു സിനിമയില്‍ നിന്ന്‌ നിശ്ചയിച്ച നടനെ മാറ്റുന്നത്‌ പുതിയ കാര്യമല്ല. ക്രിസ്ത്യന്‍ ബ്രദേഴ്സില്‍ അഭിനയിപ്പിച്ചില്ലെങ്കില്‍ തന്നിലെ നടന്‍ ആത്മഹത്യ ചെയ്യുമെന്നാണ്‌ തിലകന്‍ പറയുന്നത്‌. തിലകന്‍ ചെയ്യണമെന്ന്‌ നിര്‍ബന്ധമില്ലാത്ത വേഷം അദ്ദേഹം നിര്‍ബന്ധപൂര്‍വ്വം ആവശ്യപ്പെടുന്നതിലൂടെ അദ്ദേഹത്തിലെ നടന്‍ ആത്മഹത്യ ചെയ്തുകഴിഞ്ഞിരിക്കുകയാണ്‌. സ്വന്തം ആരോഗ്യം കൂടി കണക്കിലെടുത്തുവേണം തിലകന്‍ സിനിമകള്‍ തെരഞ്ഞെടുക്കാന്‍. അസുഖബാധിതനായ ഭരത്‌ ഗോപി ഈ അന്തസ്‌ കാണിച്ചിരുന്നു. ഫെഫ്ക മാഫിയ സംഘടനയാണെന്ന്‌ തിലകന്റെ ആരോപണം അരാജകത്വം നിറഞ്ഞതാണ്‌. ക്രിസ്ത്യന്‍ ബ്രദേഴ്സിന്റെ സംവിധായകന്‍ ജോഷിയുടെ സിനിമയില്‍ തിലകന്‍ അഭിനയിച്ചിട്ട്‌ 15 വര്‍ഷമായി. ഇത്‌ എന്തുകൊണ്ടാണെന്ന്‌ അന്വേഷിക്കേണ്ടതാണ്‌. തിലകനില്‍ നിന്ന്‌ ദുരനുഭവമുണ്ടായതുകൊണ്ടാണ്‌ ജോഷി അദ്ദേഹത്തെ അഭിനയിപ്പിക്കാത്തത്‌. ഇവിടം സ്വര്‍ഗമാണ്‌ എന്ന ചിത്രത്തിലെ നായകനോടൊപ്പം അഭിനയിച്ചപ്പോഴുണ്ടായ രസതന്ത്രം ദ്രോണയില്‍ അഭിനയിച്ചപ്പോള്‍ ഉണ്ടായിരുന്നില്ലെങ്കില്‍ അത്‌ അദ്ദേഹം ആദ്യം പറയേണ്ടത്‌ ദ്രോണയുടെ സംവിധായകനായ ഷാജി കൈലാസിനോടായിരുന്നു. ഇതേ നടനോടൊപ്പം പഴശിരാജയില്‍ അഭിനയിച്ചപ്പോള്‍ രസതന്ത്രമുണ്ടായിരുന്നില്ലെങ്കില്‍ പിന്നീട്‌ ദ്രോണയില്‍ അഭിനയിച്ചത്‌ എന്തിനാണ്‌? നിലവാരം കുറഞ്ഞ പ്രസ്താവനകളും അടിസ്ഥാന രഹിതമായ ആരോപണങ്ങളുമാണ്‌ മാധ്യമങ്ങളിലൂടെ തിലകന്‍ ഉന്നയിക്കുന്നത്‌- ഇങ്ങനെ പോകുന്ന ഫെഫ്ക പ്രസിഡന്റ്‌ സിബി മലയിലിന്റെയും ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്റെയും വിശദീകരണങ്ങള്‍.
എന്നാല്‍, ഭരത്‌ ഗോപിയുടെ അവസ്ഥയിലല്ല താനെന്നും ഇപ്പോഴും ഏത്‌ കഥാപാത്രത്തെയും അവതരിപ്പിക്കാന്‍ തനിക്ക്‌ കഴിയും എന്നാണ്‌ തിലകന്റെ അവകാശവാദം.
കുറേനാളായി തിലകനുമായി ബന്ധപ്പെട്ട ഇത്തരം വിവാദങ്ങള്‍ ഉണ്ടാകാന്‍ തുടങ്ങിയിട്ട്‌. ജാതി അടിസ്ഥാനത്തില്‍ തന്നെ പുറത്താക്കാന്‍ ശ്രമം നടക്കുന്നു എന്നതായിരുന്നു തിലകന്റെ ആദ്യത്തെ ആരോപണം. മലയാള സിനിമയിലെ നായര്‍ ലോബിയാണ്‌ തനിക്കെതിരെ ഈ നീക്കം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. അതില്‍ പ്രധാനി നെടുമുടി വേണുവാണെന്നും തിലകന്‍ അന്ന്‌ വെളിപ്പെടുത്തിയിരുന്നു.
പ്രശ്നങ്ങള്‍ എന്തായാലും, ആതിരേ, അടുത്തകാലത്തായി തിലകന്‌ മികച്ച കഥാപാത്രങ്ങള്‍ ലഭിക്കുന്നില്ല എന്നത്‌ സത്യമാണ്‌. അപൂര്‍വമായി മികച്ച കഥാപാത്രങ്ങളെ ലഭിക്കുമ്പോള്‍ അദ്ദേഹം അവ അവിസ്മരണീയമാക്കാറുമുണ്ട്‌. ഏകാന്തം എന്ന ചിത്രത്തിലെ അഭിനയത്തിന്‌ തിലകന്‌ ദേശീയ പുരസ്കാരം ലഭിച്ചിട്ട്‌ അധികാനാളായിട്ടില്ല. അന്നും ഫെഫ്ക നേതൃത്വം ആരോപിക്കുന്ന ശാരീരിക വൈഷമ്യങ്ങള്‍ തിലകനുണ്ടായിരുന്നു എന്നത്‌ മറന്നുകൂട.
പെരുന്തച്ചന്‍, മൂന്നാംപക്കം, കിരീടം, സ്ഫടികം, കുടുംബപുരാണം, കുടുംബവിശേഷം, യവനിക, സന്‍മനസ്സുള്ളവര്‍ക്ക്‌ സമാധാനം, നാടോടിക്കാറ്റ്‌, തനിയാവര്‍ത്തനം, അഥര്‍വം, കാട്ടുകുതിര, ദ ട്രൂത്ത്‌, വീണ്ടും ചില വീട്ടുകാര്യങ്ങള്‍ തുടങ്ങി നിരവധി സിനിമകളില്‍ അവിസ്മരണീയമായ കഥാപാത്രങ്ങളെ തിലകന്‍ അവതരിപ്പിച്ചിട്ടുണ്ട്‌. കഥാപാത്രങ്ങളുടെ വ്യത്യസ്ഥതയും ഡെപ്തും മനസ്സിലാക്കി അഭിനയിക്കാന്‍ തിലകനുള്ള കഴിവും മറന്നുകൂട. അതുകൊണ്ടുതന്നെ ഈ നടനെ ഉപരോധിക്കാനോ മൂലക്കിരുത്താനോ പാടുള്ളതല്ല.
എന്നാല്‍, മലയാളസിനിമയില്‍ നടക്കുന്നത്‌ തിലകന്‍ ആരോപിച്ചത്‌ പോലുള്ള പാരവെപ്പുകള്‍ തന്നെയാണ്‌ ആതിരേ..!. നന്ദികേടിന്റെ ലോകമാണ്‌ സിനിമാരംഗം. അവസരവാദികളുടെ കൂത്തരങ്ങാണിത്‌. തന്റെ കാര്യം നേടിയെടുക്കാന്‍ ഏതറ്റം വരെ താഴാനും ഉളുപ്പില്ലാത്തവരാണ്‌ നടീനടന്മാര്‍. എന്നുമാത്രമല്ല, മലയാളസിനിമയിലെ സൂപ്പര്‍ സ്റ്റാറുകളെ ചുറ്റിപ്പറ്റിയാണ്‌ തൊണ്ണൂറ്‌ ശതമാനം സിനിമകള്‍ ഉണ്ടാകുന്നതും സിനിമാപ്രവര്‍ത്തകര്‍ ജീവിക്കുന്നതും. അതിന്റെ പരാജയം ഈ രംഗത്ത്‌ ഉണ്ടുതാനും. കോടികളുടെ ബിസിനസ്‌ നടക്കുന്ന ഈ രംഗത്ത്‌ സൂപ്പര്‍ താരങ്ങള്‍ ചെലുത്തുന്ന അനാശാസ്യമായ സ്വാധീനം മൂലം നഷ്ടങ്ങളുടെ കണക്കുകള്‍ മാത്രമാണ്‌ ഏടുകള്‍ മറിച്ചാല്‍ കാണുക. ഇവിടെയാണ്‌ തിലകനെ പോലെയുള്ള ഒരു നടന്റെ പ്രസക്തി. ജാതിക്കും മതത്തിനും സമുദായത്തിനും സൃഷ്ടിക്കാന്‍ കഴിയുന്നതല്ല പണിക്കുറ തീര്‍ന്ന ഒരു അഭിനേതാവിനെ. പക്ഷെ, ആ സത്യം ബോധപൂര്‍വം തമസ്കരിച്ച്‌ ജാതിയുടെയും മതത്തിന്റെയും സമുദായത്തിന്റെയും പ്രദേശത്തിന്റെയും താല്‍പ്പര്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ്‌ പലസിനിമകളിലും അഭിനേതാക്കളെ തെരഞ്ഞെടുക്കുന്നത്‌. ഇത്‌ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. തന്റെ അഭിനയ മികവില്‍ സ്വത്വബോധം പുലര്‍ത്തുന്ന നടനേയും നടിയേയും ഒറ്റപ്പെടുത്തിയ നിരവധി സംഭവങ്ങള്‍ മലയാള സിനിമാ പ്രവര്‍ത്തകര്‍ക്കറിയാം. ഒരുകാലത്തും സൂപ്പര്‍സ്റ്റാറുകളിലൂടെയല്ല ഒരു ഭാഷയിലും സിനിമ മികവ്‌ പുലര്‍ത്തിയിട്ടുള്ളത്‌. തിലകനെ പോലെയുള്ള അഭിനയ പ്രതിഭകളാണ്‌ ഓരോ ഭാഷയിലുമുള്ള സിനിമയുടെ ജീവനും നട്ടെല്ലും. അത്‌ തിരിച്ചറിഞ്ഞ്‌ തിലകനെന്ന അനുപമനായ നടനോട്‌ നീതിപുലര്‍ത്താന്‍ സംവിധായകരും നിര്‍മാതാക്കളും തയ്യാറാകേണ്ടതുണ്ട്‌. സൂപ്പര്‍ താരങ്ങളുടെ ചെരുപ്പ്‌ നക്കികളായ യുവതലമുറയിലെ ചില സംവിധായകരും തിരക്കഥാകൃത്തുക്കളും എന്തെല്ലാം കളികള്‍ കളിച്ചാലും തിലകനെ പോലെയുള്ള ഒരു അഭിനയ പ്രതിഭയെ മലയാള സിനിമാ രംഗത്തുനിന്നും മലയാളികളായ സിനിമാ പ്രേമികളുടെ മനസ്സില്‍ നിന്നും ഉപരോധിക്കാനൊ പുറത്താക്കാനോ കഴിയുകയില്ല. അതുകൊണ്ട്‌ അദ്ദേഹത്തോണ്‌ മാന്യമായി ഇടപെടാനുള്ള വകതിരിവ്‌ സിബി മലയിലിനെയും ബി. ഉണ്ണികൃഷ്ണനെയും പോലെയുള്ളവരില്‍ നിന്നുണ്ടാവണമെന്നാണ്‌ ആതിരേ മലയാള സിനിമാ പ്രേക്ഷകരാവശ്യപ്പെടുന്നത്‌.

Sunday, February 7, 2010

അച്യുതാനന്ദന്‍, നിങ്ങള്‍ ആരുടെ ഏജന്റ്‌

നിര്‍ദ്ദിഷ്ട ഭൂമി റിസര്‍വ്‌ വനമായി പ്രഖ്യാപിച്ചാല്‍ പിന്നെ അതിലുണ്ടാവുന്ന ഏത്‌ കൈയേറ്റവും കാലപരിധി നോക്കാതെ ഒഴിപ്പിക്കാം. ഇതാണ്‌ വിപ്ലവ വായാടികള്‍ക്ക്‌ ദഹിക്കാത്തത്‌. വനമായി നിലനിര്‍ത്തേണ്ട ഈ 17,922 ഏക്കര്‍ കുറേ കാലത്തേക്കു കൂടി ഇപ്പോഴത്തെ നിലയില്‍ തുടര്‍ന്നാല്‍ അത്‌ എത്തേണ്ട കൈകളില്‍ എത്തുമെന്ന്‌ ഇവര്‍ക്കെല്ലാം നന്നായി അറിയാം. അതിന്റെ കമ്മീഷന്‍ ലക്ഷങ്ങളായി കിട്ടുകയും ചെയ്യും. ഇതു നന്നായി അറിയാവുന്നതുകൊണ്ടാണ്‌ വിജ്ഞാപനം പരമാവധി വൈകിപ്പിക്കാന്‍ സിപിഎമ്മും സിപിഐയും അണിയറയില്‍ ചരടുവലികള്‍ നടത്തുന്നത്‌. നാല്‌ പ്രധാന നദികളുടെ വൃഷ്ടി പ്രദേശത്തില്‍ പെടുന്ന നിര്‍ദിഷ്ട വനഭൂമി ജൈവ വൈവിധ്യത്തിലും മുന്‍ നിരയിലാണ്‌. ഈ യാഥാര്‍ത്ഥ്യത്തില്‍ നിന്ന്‌ പൊതുജനശ്രദ്ധ തിരിക്കാനാണ്‌ ടാറ്റയുടെ തടയണയുടെ ആഴം പരിശോധിക്കാന്‍ കോടിയേരി ബാലകൃഷ്ണന്‍ കോലിട്ടിളക്കിയത്‌. ഉപസമിതികളും ഉന്നത തല സംഘങ്ങളും മലകയറിയത്‌. ടാറ്റയോടുള്ള എതിര്‍പ്പ്‌ ശക്തമാണെങ്കില്‍ ചെയ്യേണ്ടിയിരുന്ന ആദ്യ സംഗതി തോട്ടങ്ങളുടെ പാട്ടത്തുക വര്‍ധിപ്പിക്കുന്ന നിയമത്തിന്‌ ചട്ടം രൂപീകരിക്കലായിരുന്നു. 1980 ല്‍ കൊണ്ടുവന്ന ഗ്രാന്റ്സ്‌ ആന്‍ഡ്‌ ലീസ്‌ മോഡിഫിക്കേഷന്‍ ആക്ട്‌ സര്‍ക്കാര്‍ തന്നെ സ്റ്റേ ചെയ്തത്‌ വെറുതെയല്ലല്ലോ. ഈ കള്ളക്കളിയുടെ തിരക്കഥയാണ്‌ ഇന്നലെ ഹൈക്കോടതിയില്‍ വെളിവായത്‌. ടാറ്റയുടെ തടയണ പൊളിക്കാന്‍ പോകുന്നില്ല. ഇതെല്ലാം കണ്ട്‌ ഊറി ചിരിക്കുകയാണ്‌ സിപിഎമ്മിലെയും സിപിഐയിലെയും കോണ്‍ഗ്രസിലെയും കേരള കോണ്‍ഗ്രസിലെയും മുസ്ലീം ലീഗിലെയും നേതാക്കന്മാര്‍.
പൊതുജനം കോവര്‍ കഴുതകളാണെന്നു കരുതെരുത്‌.അവര്‍ക്കെല്ലാം അറിയാം.അതൊരു പൊട്ടിത്തെറിയാകാന്‍ ഇനി അധികം സമയമൊന്നും വേണ്ട




മുഖവുരയില്ലാതെ ചോദിക്കണം- മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദനും റവന്യൂമന്ത്രി കെ.പി. രാജേന്ദ്രനും വനം മന്ത്രി ബിനോയ്‌ വിശ്വവും ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനും അടക്കമുള്ളവര്‍ ആരുടെ ഏജന്റുമാരാണ്‌? ടാറ്റയുടെയോ അതോ റിയല്‍ എസ്റ്റേറ്റ്‌ മാഫിയകളുടെയോ?
മൂന്നാറിലെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ സത്വരനടപടി സ്വീകരിക്കണമെന്ന കേരളഹൈക്കോടതി ഫെബ്രുവരി ഒന്നാം തീയതി ഉത്തരവിട്ടതിന്‌ ശേഷം നടന്ന ഉഡായിപ്പുകളാണ്‌ മേല്‍ ഉദ്ധരിച്ച ചോദ്യം ഉന്നയിക്കാന്‍ കേരളത്തിലെ പൊതുസമൂഹത്തെ നിര്‍ബന്ധിക്കുന്നത്‌ ആതിരേ....
മൂന്നാറിലെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ പുതിയ ദൗത്യസംഘത്തിന്റെ ആവശ്യമില്ല എന്ന്‌ മന്ത്രിസഭാ യോഗം തീരുമാനിക്കുകയും ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ ഇതിനായി ഉപസമിതി രൂപീകരിക്കുകയും ചെയ്തു. ഉപസമിതി തലവന്റെ നേതൃത്വത്തില്‍ മന്ത്രിമാരും ഉദ്യോഗസ്ഥരുമടങ്ങുന്ന ഒരു സംഘം മൂന്നാറിലേയ്ക്ക്‌ വിനോദയാത്ര പോയതിന്റെയും ചെപ്പുകുളത്ത്‌ ടാറ്റ അനധികൃതമായി നിര്‍മ്മിച്ച തടയണയില്‍ കോലിട്ടിളക്കുന്നതിന്റെയും വാര്‍ത്തയും ചിത്രങ്ങളും കേരളം തല്‍സമയം കണ്ടതുമാണ്‌. അതിന്‌ ശേഷം ആ തടയണ പൊളിക്കാനുള്ള നടപടി സ്വീകരിക്കാന്‍ കളക്ടര്‍ക്ക്‌ ഉത്തരവ്‌ നല്‍കുമെന്ന്‌ കോടിയേരി ബാലകൃഷ്ണന്‍ പ്രഖ്യാപിച്ചതും കേട്ടതാണ്‌. കോടിയേരിക്ക്‌ പിന്നാലെ വൈക്കം വിശ്വനും ഇ.പി ജയരാജനും ഗോവിന്ദന്‍ മാസ്റ്ററും അടങ്ങിയ സിപിഎമ്മിന്റെ ഒരു ഫാക്ട്‌ ഫൈന്റിംഗ്‌ സംഘവും മൂന്നാറില്‍ വിനോദയാത്ര നടത്തി പത്രസമ്മേളനം വിളിച്ചുകൂട്ടി പൊതുസമൂഹത്തിന്റെ കണ്ണില്‍ പൊടിയിട്ടതും കേരളം കണ്ടതാണ്‌. ടാറ്റയുടെ തടയണ പൊളിച്ചില്ലെങ്കില്‍ ലോകം അവസാനിക്കുമെന്ന മട്ടില്‍ വി.എസ്‌ അച്യുതാനന്ദനും കെ.പി രാജേന്ദ്രനും ബിനോയ്‌ വിശ്വവും ആക്രോശിക്കുന്നതും കേരളം കേട്ടു..
എന്നാല്‍ ഇതെല്ലാം,ആതിരേ, പലപ്പോഴും ചൂണ്ടിക്കാണിച്ചിട്ടുള്ളതുപോലെ, കേരളീയരെ വഞ്ചിക്കാനുള്ള കണിശതയാര്‍ന്ന കൗശലങ്ങളായിരുന്നുവെന്ന്‌ ക്ഫെബ്രുവരി 5ന്‌ ഹൈക്കോടതിയില്‍ നടന്ന വാദപ്രതിവാദങ്ങള്‍ ഒന്നുകൂടി വ്യക്തമാക്കി. ടാറ്റയുടെ തടയണ സംബന്ധിച്ച്‌ ജില്ലാ കളക്ടര്‍ നല്‍കിയ വിശദീകരണ നോട്ടീസിന്റെ സാധുത ചോദ്യം ചെയ്ത്‌ ടാറ്റ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയുടെ വാദത്തിനിടയിലാണ്‌ പൂച്ച പുറത്ത്‌ ചാടിയത്‌. തടയണ പൊളിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടില്ല എന്നാണ്‌ അഡ്വ. ജനറല്‍ സി.പി. സുധാകര്‍ പ്രസാദ്‌ അസന്ദിഗ്ധമായി വ്യക്തമാക്കിയത്‌. അനധികൃത നിര്‍മാണങ്ങള്‍ പരിശോധിച്ച്‌ റിപ്പോര്‍ട്ട്‌ നല്‍കാന്‍ മാത്രമാണ്‌ കളക്ടറോട്‌ ആവശ്യപ്പെട്ടത്‌ എന്നാണ്‌ അഡ്വ. ജനറല്‍ വിശദീകരിച്ചത്‌. ഇതിന്റെ അടിസ്ഥാനത്തില്‍ ടാറ്റയുടെ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത്‌ ഒമ്പതാം തീയതി വരെ ജസ്റ്റിസ്‌ വി.ആര്‍. രാമചന്ദ്രന്‍ നായര്‍ നീട്ടിവെച്ചിരിക്കുകയാണ്‌. ഹര്‍ജിയുടെ വാദത്തിനിടയില്‍ കോടതി ചോദിച്ച സാംഗത്യമാര്‍ന്ന ചോദ്യങ്ങള്‍ക്ക്‌ ഉത്തരം നല്‍കാനാവാതെ അഡ്വ. ജനറല്‍ വിയര്‍ക്കുന്നതും കണ്ടു. കോടതി വിധിയെ തുടര്‍ന്ന്‌ അടുത്ത ഒമ്പതാം തീയതി വരെ തത്സ്ഥിതി തുടരും. കോടതി വിധി ടാറ്റയ്ക്ക്‌ അനുകൂലമായാല്‍ പൊളിക്കല്‍ നാടകം പൊളിഞ്ഞ്‌ പാളീസാവുകയും ചെയ്യും. യഥാര്‍ത്ഥത്തില്‍ ഇത്തരമൊരു പരിണാമമാണ്‌ എല്‍ഡിഎഫ്‌ ഭരണകൂടം ആഗ്രഹിക്കുന്നത്‌ ആതിരേ...
ആതിരേ, ഇതുപോലെ നാറിയ ഒരു ജനവഞ്ചന ആരുടെ ഓര്‍മ്മയിലാണുള്ളത്‌. മൂന്നാറില്‍ ടാറ്റയും മറ്റ്‌ റിയല്‍ എസ്റ്റേറ്റ്‌ മാഫിയകളും അനധികൃതമായി കൈവശപ്പെടുത്തിയിട്ടുള്ള വനഭൂമിയില്‍ നിന്ന്‌ അവരെ ഇറക്കിവിടാന്‍ പ്രത്യേക നിയമമൊന്നും നിര്‍മിക്കേണ്ടതില്ല. നിലവിലുള്ള നിയമങ്ങള്‍ അനുസരിച്ച്‌ തന്നെ നടപടിയെടുക്കാവുന്നതേയുള്ളു. ടാറ്റയ്ക്കായി മൂന്നാറില്‍ പ്രത്യേക നിയമമില്ലെന്നും നിയമമുണ്ടാകാന്‍ പാടില്ലെന്നും അഹന്തയോടെ പ്രഖ്യാപിച്ചത്‌ വനം മന്ത്രി ബിനോയ്‌ വിശ്വമാണ്‌. ടാറ്റയുടെ ഹര്‍ജിയില്‍ കോടതിയുടെ താല്‍ക്കാലിക വിധി വരുന്നതിന്‌ അല്‍പം മുമ്പാണ്‌ മാധ്യമപ്രവര്‍ത്തകരോട്‌ ബിനോയ്‌ വിശ്വം ഇങ്ങനെ ഹുങ്ക്‌ കാണിച്ചത്‌.
മുന്‍പ്‌ ചൂണ്ടിക്കാട്ടിയതുപോലെ മൂന്നാറിലെ അനധികൃത കൈയേറ്റങ്ങള്‍ക്ക്‌ എതിരെ മുഖ്യമന്ത്രി അടക്കമുള്ളവര്‍ നടത്തുന്ന പ്രഖ്യാപനങ്ങളും വനം വകുപ്പും റവന്യൂവകുപ്പും സ്വീകരിക്കുന്ന നടപടികളും ടാറ്റ അടക്കമുള്ള റിയല്‍ എസ്റ്റേറ്റ്‌ മാഫിയകള്‍ക്ക്‌ തങ്ങളുടെ നിലപാട്‌ നിയമപരമായി സാധൂകരിച്ചെടുക്കാനുള്ള കുറുക്കുവഴിയൊരുക്കലുകളാണ്‌ പ്രൊഫഷണല്‍ സ്വാശ്രയ നിയമം 2006 കൊണ്ടുവന്ന്‌ വിദ്യാഭ്യാസ വാണിക്കുകള്‍ക്ക്‌ ഈ മേഖലയില്‍ ആധിപത്യം സ്ഥാപിക്കാന്‍ നിയമപരമായ പരിസരം ഒരുക്കിക്കൊടുത്ത അതേ കൗശലവും വഞ്ചനയുമാണ്‌ മൂന്നാര്‍ പ്രശ്നത്തില്‍ ഇടതുമുന്നണിയും സര്‍ക്കാരും സ്വീകരിച്ചിരിക്കുന്നത്‌.
ഒരു വലിയ ഗൂഢാലോചനയുടെ ഭാഗമായാണ്‌, യഥാര്‍ത്ഥത്തില്‍ ടാറ്റയുടെ തടയണ, കളക്ടറുടെ കത്ത്‌ തുടങ്ങിയ വിവാദങ്ങള്‍ . ഇത്‌ ആസൂത്രിതമായ അട്ടിമറിയാണ്‌. ഈ ജനവഞ്ചനയില്‍ മുഖ്യമന്ത്രി അടക്കമുള്ള എല്ലാ മന്ത്രിമാര്‍ക്കും പിണറായി മുതലുള്ള സിപിഎം നേതാക്കള്‍ക്കും വെളിയം ഭാര്‍ഗവന്‍ അടക്കമുള്ള സിപിഐ ശിങ്കങ്ങള്‍ക്കും പങ്കുണ്ട്‌. ഇല്ലെന്ന്‌ നിഷേധിക്കാന്‍ ഇവര്‍ക്കാര്‍ക്കും കഴിയുകയില്ല. അതിന്റെ ഏറ്റവും ദാരുണമായ പ്രകടനമായിരുന്നു ഹൈക്കോടതിയിയില്‍ അഡ്വ. ജനറല്‍ സി.പി. സുധാകര്‍ പ്രസാദ്‌ നടത്തിയത്‌.
തടയണയും കളക്ടറുടെ നോട്ടീസും എന്ന വിവാദം കുത്തിപ്പൊക്കി വനഭൂമി വിജ്ഞാപനം നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമമാണ്‌ അണിയറയില്‍ നടക്കുന്നത്‌. വിജ്ഞാപനം വരും മുമ്പ്‌ ഭൂമി പൂര്‍ണമായി കൈയേറാന്‍ റിയല്‍ എസ്റ്റേറ്റ്‌ മാഫിയകള്‍ക്ക്‌ അവസരമൊരുക്കുകയാണ്‌ ഈ വിപ്ലവ വായാടിത്തങ്ങളുടെ ഗൂഢശ്രമം.
കണ്ണന്‍ ദേവന്‍ കമ്പനിക്ക്‌ പാട്ടത്തിന്‌ നല്‍കിയ ഭൂമിയില്‍ നിന്ന്‌ തിരിച്ചെടുത്തതില്‍ 17,922 ഏക്കര്‍ ഭൂമി വനവത്കരണത്തിനായി വനം വകുപ്പിന്‌ കൈമാറണമെന്ന്‌ ലാന്‍ഡ്‌ ബോര്‍ഡ്‌ 1974 ല്‍ നിര്‍ദേശിച്ചതാണ്‌. 1980ല്‍ ഇത്‌ സംബന്ധിച്ച ഉത്തരവ്‌ ഇറങ്ങുകയും ചെയ്തു. എന്നാല്‍, ഇതുവരെ ഈ ഭൂമി റിസര്‍വ്‌ വനമായി പ്രഖ്യാപിക്കുന്ന വിജ്ഞാപനം പുറത്തുവന്നിട്ടില്ല. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ 2006 നവംബറില്‍ ചേര്‍ന്ന ഉന്നത തല യോഗത്തിലും ഈ ഭൂമി റിസര്‍വ്‌ വനമായി വിജ്ഞാപനം ചെയ്യണമെന്ന്‌ തീരുമാനിച്ചിരുന്നു. റവന്യൂമന്ത്രി കെ. പി. രാജേന്ദ്രനും വനം മന്ത്രി ബിനോയ്‌ വിശ്വവും ഈ യോഗത്തില്‍ സംബന്ധിച്ചിരുന്നു. തീരുന്നില്ല, വ്യാജ പട്ടയങ്ങളെ കുറിച്ച്‌ അന്വേഷിച്ച കമ്മിറ്റിയുടെ ശിപാര്‍ശ പ്രകാരം 2007ല്‍ ഇറക്കിയ ഉത്തരവിലും ഇക്കാര്യം പറഞ്ഞിരുന്നു. എന്നാല്‍, നിര്‍ദ്ദിഷ്ട ഭൂമി വനഭൂമിയായി പ്രഖ്യാപിക്കുന്ന വിജ്ഞാപനം ഇനിയും പുറപ്പെടുവിച്ചിട്ടില്ല. ഭൂമി ഏറ്റെടുക്കുമെന്ന്‌ ബിനോയ്‌ വിശ്വം ആവര്‍ത്തിച്ച്‌ പ്രഖ്യാപിക്കുന്നുണ്ട്‌. മന്ത്രിസഭാ യോഗത്തില്‍ ഇത്‌ ഉന്നയിക്കുകയും ചെയ്തതാണ്‌. എന്നാല്‍ കഴിഞ്ഞ മന്ത്രിസഭാ യോഗത്തിന്റെ തലേദിവസം ഈ നീക്കത്തിനെതിരായി ന്യായങ്ങളുമായി ഇടുക്കി ജില്ലാ കളക്ടര്‍ രംഗത്തെത്തി. കളക്ടര്‍ ഉന്നയിച്ച തടസവാദങ്ങള്‍ കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചയ്ക്ക്‌ വന്നെങ്കിലും ഉന്നതനായ ഒരു സിപിഎം മന്ത്രി ഇടപെട്ട്‌ ചര്‍ച്ച മാറ്റിവെയ്ക്കുകയായിരുന്നു. അന്ന്‌ യോഗത്തിലുണ്ടായിരുന്ന കെ.പി രാജേന്ദ്രനോ ബിനോയ്‌ വിശ്വനോ ഒരക്ഷരം പോലും മറുത്ത്‌ പറഞ്ഞതുമില്ല.
ആതിരേ,നിര്‍ദ്ദിഷ്ട ഭൂമി റിസര്‍വ്‌ വനമായി പ്രഖ്യാപിച്ചാല്‍ പിന്നെ അതിലുണ്ടാവുന്ന ഏത്‌ കൈയേറ്റവും കാലപരിധി നോക്കാതെ ഒഴിപ്പിക്കാം. ഇതാണ്‌ വിപ്ലവ വായാടികള്‍ക്ക്‌ ദഹിക്കാത്തത്‌. വനമായി നിലനിര്‍ത്തേണ്ട ഈ 17,922 ഏക്കര്‍ കുറേ കാലത്തേക്കു കൂടി ഇപ്പോഴത്തെ നിലയില്‍ തുടര്‍ന്നാല്‍ അത്‌ എത്തേണ്ട കൈകളില്‍ എത്തുമെന്ന്‌ ഇവര്‍ക്കെല്ലാം നന്നായി അറിയാം. അതിന്റെ കമ്മീഷന്‍ ലക്ഷങ്ങളായി കിട്ടുകയും ചെയ്യും. ഇതു നന്നായി അറിയാവുന്നതുകൊണ്ടാണ്‌ വിജ്ഞാപനം പരമാവധി വൈകിപ്പിക്കാന്‍ സിപിഎമ്മും സിപിഐയും അണിയറയില്‍ ചരടുവലികള്‍ നടത്തുന്നത്‌. നാല്‌ പ്രധാന നദികളുടെ വൃഷ്ടി പ്രദേശത്തില്‍ പെടുന്ന നിര്‍ദിഷ്ട വനഭൂമി ജൈവ വൈവിധ്യത്തിലും മുന്‍ നിരയിലാണ്‌. ഈ യാഥാര്‍ത്ഥ്യത്തില്‍ നിന്ന്‌ പൊതുജനശ്രദ്ധ തിരിക്കാനാണ്‌ ടാറ്റയുടെ തടയണയുടെ ആഴം പരിശോധിക്കാന്‍ കോടിയേരി ബാലകൃഷ്ണന്‍ കോലിട്ടിളക്കിയത്‌. ഉപസമിതികളും ഉന്നത തല സംഘങ്ങളും മലകയറിയത്‌. ടാറ്റയോടുള്ള എതിര്‍പ്പ്‌ ശക്തമാണെങ്കില്‍ ചെയ്യേണ്ടിയിരുന്ന ആദ്യ സംഗതി തോട്ടങ്ങളുടെ പാട്ടത്തുക വര്‍ധിപ്പിക്കുന്ന നിയമത്തിന്‌ ചട്ടം രൂപീകരിക്കലായിരുന്നു. 1980 ല്‍ കൊണ്ടുവന്ന ഗ്രാന്റ്സ്‌ ആന്‍ഡ്‌ ലീസ്‌ മോഡിഫിക്കേഷന്‍ ആക്ട്‌ സര്‍ക്കാര്‍ തന്നെ സ്റ്റേ ചെയ്തത്‌ വെറുതെയല്ലല്ലോ. ഈ കള്ളക്കളിയുടെ തിരക്കഥയാണ്‌ ഇന്നലെ ഹൈക്കോടതിയില്‍ വെളിവായത്‌. ടാറ്റയുടെ തടയണ പൊളിക്കാന്‍ പോകുന്നില്ല. ഇതെല്ലാം കണ്ട്‌ ഊറി ചിരിക്കുകയാണ്‌ സിപിഎമ്മിലെയും സിപിഐയിലെയും കോണ്‍ഗ്രസിലെയും കേരള കോണ്‍ഗ്രസിലെയും മുസ്ലീം ലീഗിലെയും നേതാക്കന്മാര്‍.
പൊതുജനം കോവര്‍ കഴുതകളാണെന്നു കരുതെരുത്‌.അവര്‍ക്കെല്ലാം അറിയാം.അതൊരു പൊട്ടിത്തെറിയാകാന്‍ ഇനി അധികം സമയമൊന്നും വേണ്ട

Thursday, February 4, 2010

മൂന്നാറിന്റെ മറവില്‍ വൈക്കം വിശ്വന്‍ തമസ്കരിക്കുന്ന ഇടുക്കി

ഇവിടെയാണ്‌ വൈക്കം വിശ്വന്റെ കൗശലപത്രസമ്മേളനം വിശകലന വിഷയമാകുന്നത്‌. ഇടുക്കി ജില്ലയില്‍ ഭൂമി സംബന്ധമായി നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ കണ്ടെത്തുന്നതിനും പരിഹാരം നിര്‍ദേശിക്കുന്നതിനും സിപിഎം സംസ്ഥാന സമിതി വൈക്കം വിശ്വന്റെ നേതൃത്വത്തില്‍ ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു. ആ കമ്മിറ്റി, ജില്ലയുടെ ചരിത്രവുമായി ബന്ധപ്പെട്ട്‌ രാജഭരണ കാലം മുതല്‍ 2008 വരെയുള്ള കാലഘട്ടത്തിലെ മുഴുവന്‍ രേഖയും പഠിച്ച്‌ (?) 2008 മാര്‍ച്ചില്‍ സര്‍ക്കാരിന്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചിരുന്നു. പതിനാറ്‌ നിര്‍ദേശങ്ങളായിരുന്നു അതിലുണ്ടായിരുന്നത്‌. ജില്ലയില്‍ ഇപ്പോഴുള്ള വനഭൂമിയും ഏലക്കാടുകളും മറ്റ്‌ തോട്ടങ്ങളും അതുപോലെ തന്നെ നില നിര്‍ത്തുന്നതിനും ഫലപ്രദമായി സംര്‍ക്ഷിക്കുന്നതിനും നടപടി സ്വീകരിക്കുക എന്നതായിരുന്നു അതില്‍ ഒന്നാമത്തേതും ഏറ്റവും പ്രധാനമായതും. എന്നാല്‍, ഈ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ ഒന്നും ഇതുവരെ നടപ്പിലായിട്ടില്ല. താന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ പോലും നടപ്പിലാക്കാത്ത ഒരു സര്‍ക്കാര്‍ വേണം മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ നടപടിയെടുക്കേണ്ടതെന്ന്‌ വൈക്കം വിശ്വം ആവശ്യപ്പെടുമ്പോള്‍ അദ്ദേഹം ഉള്‍പ്പെടെയുള്ളവര്‍ ഏറിയ നാളത്തെ ഗൃഹപാഠത്തിന്‌ ശേഷം നടപ്പിലാക്കിയ കൗശലങ്ങളുടെ വ്യാപ്തി എത്രയാണെന്ന്‌ ഊഹിക്കുക. എന്നിട്ട്‌ മൂന്നാര്‍ അടക്കമുള്ള ഇടുക്കി ജില്ലയിലെ അനധികൃത കയ്യേറ്റങ്ങള്‍ക്ക്‌ എന്ത്‌ സംഭവിക്കുമെന്ന്‌ വെറുതെ ഒന്ന്‌ ചിന്തിക്കുക.....
ചിരിച്ച്‌ മണ്ണുകപ്പാന്‍ സുരാജ്‌ വെഞ്ഞാറമൂടിന്റെ നമ്പറുകളൊന്നും വേണ്ടെന്ന്‌ ഇപ്പോള്‍ ബോധ്യമാകുന്നില്ലേ?






കൗശല ശാലിയായ രാഷ്ട്രീയക്കാരനാണ്‌ വൈക്കം വിശ്വനെന്ന്‌ പ്രത്യേകിച്ച്‌ പറയേണ്ടതില്ല, ആതിരേ.... പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ജയരാജന്മാരും എം.എ ബേബിയും തോമസ്‌ ഐസക്കും പി.കെ ശ്രീമതിയും എ.കെ. ബാലനും പിന്നെ പി.കെ ഗുരുദാസനുമൊക്കെ അടങ്ങുന്ന സഖാക്കള്‍ക്കിടയില്‍ പിടിച്ചു നില്‍ക്കണമെങ്കില്‍ കുറച്ചൊന്നും കൗശലം പോര, കൈവശം. അങ്ങനെ "കാറ്റുള്ളപ്പോള്‍ തൂറ്റാന്‍" മിടുക്കു കാണിച്ചതുകൊണ്ട്‌ സഖാവ്‌ ഇടതുമുന്നണി കണ്‍വീനറായി. കണ്‍വീനറായതോടെ രൂപത്തിലും ഭാവത്തിലും സംസാരത്തിലുമൊക്കെ ഒരുതരം "അണ്ണൈ" സ്വഭാവം കൈവന്നിട്ടുമുണ്ട്‌. സഗുണാരാധനയ്ക്ക്‌ ഇങ്ങനെയും ചില ഗുണങ്ങളുണ്ടെന്നാണ്‌ ഭാരതത്തിന്റെ ഋഷീവര്യന്മാര്‍ നേരത്തെ പറഞ്ഞുവെച്ചിട്ടുള്ളത്‌.
ആ 'അണ്ണൈ' സ്വഭാവം ഫെബ്രുവരി ഒന്നാം തീയതി മൂന്നാറില്‍ കേരളം കേട്ടു. അതിങ്ങനെയായിരുന്നു : "മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണം. ആദ്യ മൂന്നാര്‍ ദൗത്യത്തില്‍ കയ്യേറ്റം പൂര്‍ണമായി ഒഴിപ്പിക്കുന്നതിനുള്ള ശ്രമം നടന്നിരുന്നെങ്കിലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. വര്‍ഷങ്ങളായി മൂന്നാറില്‍ താമസിക്കുന്ന ചെറുകിടക്കാര്‍ക്ക്‌ ദോഷകരമായ നടപടികള്‍ ഈ സര്‍ക്കാര്‍ സ്വീകരിക്കില്ല...വ്യാജ പട്ടയങ്ങളുടെ പേരില്‍ അര്‍ഹരായ കര്‍ഷകര്‍ക്കും മറ്റും പട്ടയം നല്‍കുന്നത്‌ തടസ്സപ്പെടുത്തുന്ന പ്രവണത ശരിയല്ല. 1971 ന്‌ മുമ്പുള്ള കൈവശഭൂമികള്‍ക്ക്‌ പട്ടയം കൊടുക്കുന്നത്‌ സമയബന്ധിതമായി പൂര്‍ത്തിയാക്കും. ടാറ്റയുടെ തടയണകള്‍ അനധികൃതമായി നിര്‍മ്മിച്ചവ തന്നെയാണ്‌.... വന്‍കിട കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കണം. മൂന്നാര്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട്‌ എല്‍ഡിഎഫിലെ ഘടക കക്ഷികള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ടെന്ന പ്രചാരണങ്ങള്‍ ശരിയല്ല...."
ആതിരേ, ഒന്നാം മൂന്നാര്‍ ദൗത്യം പൊളിച്ച മുടി വളര്‍ത്തിയ സഖാവും മുടി കറുപ്പിച്ച മുന്‍ പട്ടാളക്കാരനും അന്ന്‌ ഇങ്ങനൊക്കെത്തന്നെയാണ്‌ പറഞ്ഞത്‌. ഇപ്പോള്‍ ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം ഒഴിപ്പിക്കല്‍ നടപടി ശക്തമാക്കണമെന്ന്‌ വന്നപ്പോള്‍ മുന്‍ പട്ടാളക്കാരന്‍ കൈവെട്ടുമെന്ന ഭീഷണിയുമായി രംഗത്തെത്തി. മണി മാറ്റര്‍ ആണ്‌ എല്ലാ പ്രത്യയശാസ്ത്രങ്ങളുടെയും അടിസ്ഥാനമെന്ന്‌ അറിയാവുന്ന സിപിഎം ജില്ലാ സെക്രട്ടറിയും പിന്നാലെ മറ്റൊരു മണിമാറ്റര്‍ കാരനായ കെപിസിസി നിര്‍വാഹക സമിതി അംഗവും ടാറ്റയെ ന്യായീകരിച്ച്‌ കൂടിയാട്ടം നടത്തി. ഇത്തരം കൗശലങ്ങളിലൂടെ ജനശ്രദ്ധ തിരിച്ചുവിട്ട്‌ മൂന്നാറിലെ വന്‍കിട കയ്യേറ്റക്കാരെ സംരക്ഷിക്കാനാണ്‌ സഖാക്കളുടെ മുഴുവന്‍ നീക്കമെന്ന്‌ കഴിഞ്ഞ ഏതാനും ദിവസത്തിനുള്ളില്‍ വ്യക്തമായി. ആദ്യ മൂന്നാര്‍ ദൗത്യത്തിലെ മുഖ്യമന്ത്രിയുടെ പൂച്ചകള്‍ക്ക്‌ മണികെട്ടിയവരുടെ 'പൂച്ച്‌' അങ്ങനെ പുറത്തായിക്കൊണ്ടിരിക്കുമ്പോഴാണ്‌ എല്‍ഡിഎഫ്‌ കണ്‍വീനര്‍ വഹ മേല്‍ ഉദ്ധരിച്ച പ്രഖ്യാപനം..!
മൂന്നാര്‍ വീണ്ടും വിവാദവും മാധ്യമശ്രദ്ധാകേന്ദ്രവും പൊതുസമൂഹത്തിന്റെ താല്‍പ്പര്യവുമുള്ള വിഷയവുമാകുമ്പോഴും, ഇതിന്റെയെല്ലാം മറവില്‍ ,വൈക്കം വിശ്വനടക്കമുള്ളവര്‍ തമസ്കരിക്കുന്ന വലിയൊരു സത്യമുണ്ട്‌, ആതിരേ. അത്‌ ഇടുക്കി ജില്ല ഒട്ടാകെ നടക്കുന്ന വന്‍കിട വനം-ഭൂമി കൈയ്യേറ്റമാണ്‌. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം സത്യസന്ധമായി നടപടിയെടുത്താല്‍ മൂന്നാറില്‍ മാത്രമല്ല ചിന്നക്കനാലിലും കുമളിയിലും കല്ലാര്‍കുട്ടിയിലും വാഗമണ്ണിലുമൊക്കെ നടക്കുന്ന/നടന്ന അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കേണ്ടി വരും നിര്‍മ്മിച്ച/നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന റിസോര്‍ട്ടുകള്‍ ഇടിച്ചുനിരത്തേണ്ടിവരും. അതുകൊണ്ട്‌ ഈ ഭാഗത്തേക്ക്‌ മാധ്യമങ്ങളുടെയും പൊതസമൂഹത്തിന്റെയും കോടതിയുടെ പോലും ശ്രദ്ധ തിരിയാതിരിക്കാനുള്ള തരികിടയും ഉഡായ്പുകളുമാണ്‌ വൈക്കം വിശ്വന്‍ ഉള്‍പ്പെടെയുള്ളവര്‍ മൂന്നാര്‍ സന്ദര്‍ശനത്തിലൂടെയും പ്രസ്താവനകളിലൂടെയും തുടര്‍ന്നുപോരുന്നത്‌. നാം കണ്ടതാണ്‌, മൂന്നാറില്‍ ടാറ്റ അനധികൃതമായി നിര്‍മ്മിച്ച തടയണയുടെ ആഴം ഒരു കോലുകൊണ്ട്‌ ഇളക്കി നോക്കുന്ന കോടിയേരി ബാലകൃഷ്ണന്‍ അടങ്ങിയ വിനോദസഞ്ചാര സംഘത്തിന്റെ മറ്റൊരു കൗശലം. മാധ്യമങ്ങള്‍ക്കുവേണ്ടി അച്ചടക്കത്തോടെ ഒരേ നിരയില്‍ മന്ത്രിമാര്‍ അടക്കമുള്ളവര്‍ നിരന്നു നില്‍ക്കുന്നതും നാം കണ്ടു. ഈ തടയണ അനധികൃതമാണെന്നും അതുകൊണ്ട്‌ പൊളിച്ച്‌ നീക്കാന്‍ ടാറ്റയോട്‌ ഉത്തരവിടണമെന്ന്‌ സര്‍ക്കാരിന്‌ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഉപസമിതി തലവനെന്ന ധാര്‍ഷ്ട്യത്തില്‍ കോടിയേരി പറഞ്ഞത്‌ നാം കേട്ടതുമാണ്‌. എന്നാല്‍, ഇന്നുവരെ അതനുസരിച്ചുള്ള ഒരു നടപടിയും ഉണ്ടായിട്ടില്ല. മറിച്ച്‌ മൂന്നാറില്‍ ഒരിഞ്ച്‌ സ്ഥലം പോലും കൈയ്യേറിയിട്ടില്ലെന്നും മൂന്നാറിലെ ചിട്ടിവരയിലും കുണ്ടളയിലും നിര്‍മിച്ച തടയണകള്‍ പൊളിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ജില്ലാ കളക്ടറുടെ നോട്ടീസ്‌ ക്രമരഹിതമാണെന്ന്‌ ഹൈക്കോടതിയില്‍ ബോധിപ്പിക്കാനും ടാറ്റയ്ക്ക്‌ അവസരമൊരുക്കുകയായിരുന്നു ഈ കൗശലരാജക്കന്‍മാരെല്ലാം. ഇങ്ങനെ നിയമനടപടികളിലൂടെ ഹൈക്കോടതിയുടെ തന്നെ ഉത്തരവിന്‌ പാര പണിയാനാണ്‌ വൈക്കം വിശ്വനും ഇ.പി. ജയരാജനും കോടിയേരി ബാലകൃഷ്ണനുമൊക്കെ അടങ്ങുന്ന മുറ്റിയ സഖാക്കളുടെ ലക്ഷ്യം.ആതിരേ, ഇത്‌ ആദ്യം സൂചിപ്പിച്ച ഇടുക്കി ജില്ലയുടെ മറ്റു കൈയ്യേറ്റങ്ങള്‍ തമസ്കരിക്കാനുള്ള ബോധപൂര്‍വമുള്ള ജനവഞ്ചനയാണ്‌.
ഇടുക്കി ജില്ലാ ആസ്ഥാനത്ത്‌ ജില്ലാ ഭരണകൂടത്തിന്റെ കണ്‍മുന്നില്‍ തന്നെ നൂറ്‌ കണക്കിന്‌ ചെറുകിട കയ്യേറ്റങ്ങളാണ്‌ അധികാരം സ്ഥാപിച്ചിട്ടുള്ളത്‌. കുമളിയില്‍ ഫ്ലാറ്റ്‌ സമുച്ചയം നിര്‍മ്മിക്കുന്നത്‌ വനഭൂമി കൈവശപ്പെടുത്തിയാണ്‌. അടിമാലിയില്‍ കുമളി ഗാന്ധിപാര്‍ക്കിന്‌ സമീപം ഇരുപത്‌ സെന്റോളം വനം-റവന്യൂ ഭൂമി കയ്യേറിയാണ്‌ പത്തനംതിട്ട സ്വദേശികള്‍ കെട്ടിടസമുച്ചയം നിര്‍മ്മിക്കുന്നത്‌. പതിനൊന്ന്‌ നിലകളിലായി 113 ഫ്ലാറ്റുകളാണ്‌ ലക്ഷ്യമിട്ടിട്ടുള്ളത്‌.
കല്ലാര്‍കുട്ടിക്കും പനംകുട്ടിക്കുമിടയില്‍ വന്‍ മല ഇടിച്ചു നിരത്തിയാണ്‌ കരമണല്‍ ഖാനനം നടത്തുന്നത്‌. കല്ലാര്‍കുട്ടി ഡാമില്‍ നിന്ന്‌ നൂറ്‌ മീറ്റര്‍ അകലെയാണ്‌ രാത്രിയിലും അവധി ദിവസങ്ങളിലും കരമണല്‍ ഖാനനം തകൃതിയായി നടക്കുന്നത്‌. മലയിടിച്ചില്‍ സാധ്യതയുള്ള മേഖലയിലാണ്‌ ഈ കൊള്ള.
മൂന്ന്‌ വര്‍ഷം മുമ്പ്‌ മുഖ്യമന്ത്രി ചിന്നക്കനാല്‍ സന്ദര്‍ശിക്കുന്നതിനിടെ ഗ്യാപ്‌ റോഡില്‍ ദേശീയപാതയ്ക്ക്‌ സമീപം സര്‍ക്കാര്‍ ഭൂമി കയ്യേറി റോഡ്‌ വെട്ടിയത്‌ തടഞ്ഞതാണ്‌. എന്നാല്‍, കീഴ്ക്കാം തൂക്കായ മലയിടിച്ച്‌ ഇപ്പോള്‍ പണിപൂര്‍ത്തിയാക്കി, കയ്യേറ്റക്കാര്‍ പുതിയ ഷെഡ്ഢും പണിതു.
ചിന്നക്കനാലില്‍ പുതുതായി നിരവധി റിസോര്‍ട്ടുകളാണ്‌ ഉയര്‍ന്നുവന്നിട്ടുള്ളത്‌. പലയിടത്തും തകരഷീറ്റുകൊണ്ടും ഗ്രീന്‍ നെറ്റുകൊണ്ടും മറച്ചും വന്‍ മതിലുകളുടെ സംരക്ഷണത്തിലുമാണ്‌ നിര്‍മാണം. കഴിഞ്ഞ ദൗത്യസംഘം പോയശേഷം പോതമേട്ടിലും കണ്ണന്‍ദേവന്‍ ഹില്‍ റിര്‍വ്‌ ഭൂമിയിലും പുതിയ റിസോര്‍ട്ടുകളും തടയണകളും നിര്‍മ്മിച്ചിട്ടുണ്ട്‌. വാഗമണ്ണില്‍ മലനിരകള്‍ ഇടിച്ചുനിരത്തിക്കൊണ്ടുള്ള നിര്‍മാണം തകൃതിയാണ്‌. മൊട്ടക്കുന്നുകള്‍ തലങ്ങും വിലങ്ങും കീറിയാണ്‌ റോഡ്‌ നിര്‍മിച്ചിട്ടുള്ളത്‌. എറണാകുളം, കോട്ടയം, ചങ്ങനാശേരി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള വന്‍കിട ലോബികളാണ്‌ ഇതിന്‌ പിന്നിലുള്ളത്‌.
ഇതിനിടെ ചിന്നക്കനാല്‍ വില്ലേജില്‍ റവന്യൂ-സര്‍വേ വകുപ്പധികൃതര്‍ നടത്തിയ പരിശോധനയില്‍ നൂറ്‌ കണക്കിന്‌ ഏക്കര്‍ സര്‍ക്കാര്‍ ഭൂമി നഷ്ടപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്‌. സൂര്യനെല്ലി, ചിന്നക്കനാല്‍ വിലക്ക്‌, ചെമ്പകത്തുഴു എന്നിവിടങ്ങളിലാണ്‌ ഈ കയ്യേറ്റം കണ്ടെത്തിയിട്ടുള്ളത്‌. ആദിവാസികള്‍ക്കായി അളന്നിട്ട സ്ഥലങ്ങളുള്‍പ്പെടെ വനഭൂമിയും ഇങ്ങനെ കയ്യടിക്കിയിട്ടുണ്ട്‌. ഇതെല്ലാം ഹിമാനിയുടെ മുകള്‍പരപ്പ്‌ മാത്രമാണ്‌. തേടിപ്പോയാല്‍ ഞെട്ടിപ്പോകുന്ന വനം കയ്യേറ്റ വാസ്തവങ്ങളാണ്‌ ഈ മലനിരകളില്‍ നിന്ന്‌ നമുക്ക്‌ നേരെ കുരച്ച്‌ ചാടുക.
ഇവിടെയാണ്‌ ആതിരേ, വൈക്കം വിശ്വന്റെ കൗശലപത്രസമ്മേളനം വിശകലന വിഷയമാകുന്നത്‌. ഇടുക്കി ജില്ലയില്‍ ഭൂമി സംബന്ധമായി നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ കണ്ടെത്തുന്നതിനും പരിഹാരം നിര്‍ദേശിക്കുന്നതിനും സിപിഎം സംസ്ഥാന സമിതി വൈക്കം വിശ്വന്റെ നേതൃത്വത്തില്‍ ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു. ആ കമ്മിറ്റി, ജില്ലയുടെ ചരിത്രവുമായി ബന്ധപ്പെട്ട്‌ രാജഭരണ കാലം മുതല്‍ 2008 വരെയുള്ള കാലഘട്ടത്തിലെ മുഴുവന്‍ രേഖയും പഠിച്ച്‌ (?) 2008 മാര്‍ച്ചില്‍ സര്‍ക്കാരിന്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചതുമാണ്‌. പതിനാറ്‌ നിര്‍ദേശങ്ങളായിരുന്നു അതിലുണ്ടായിരുന്നത്‌. ജില്ലയില്‍ ഇപ്പോഴുള്ള വനഭൂമിയും ഏലക്കാടുകളും മറ്റ്‌ തോട്ടങ്ങളും അതുപോലെ തന്നെ നില നിര്‍ത്തുന്നതിനും ഫലപ്രദമായി സംരക്ഷിക്കുന്നതിനും നടപടി സ്വീകരിക്കുക എന്നതായിരുന്നു അതില്‍ ഒന്നാമത്തേതും ഏറ്റവും പ്രധാനമായതും. എന്നാല്‍, ഈ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ ഒന്നും ഇതുവരെ നടപ്പിലായിട്ടില്ല. താന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ പോലും നടപ്പിലാക്കാത്ത ഒരു സര്‍ക്കാര്‍ വേണം മൂന്നാറിലെ അനധികൃത കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ നടപടിയെടുക്കേണ്ടതെന്ന്‌ വൈക്കം വിശ്വം ആവശ്യപ്പെടുമ്പോള്‍ അദ്ദേഹം ഉള്‍പ്പെടെയുള്ളവര്‍ ഏറിയ നാളത്തെ ഗൃഹപാഠത്തിന്‌ ശേഷം നടപ്പിലാക്കിയ കൗശലങ്ങളുടെ വ്യാപ്തി എത്രയാണെന്ന്‌ ഊഹിക്കുക. എന്നിട്ട്‌ മൂന്നാര്‍ അടക്കമുള്ള ഇടുക്കി ജില്ലയിലെ അനധികൃത കൈയ്യേറ്റങ്ങള്‍ക്ക്‌ എന്ത്‌ സംഭവിക്കുമെന്ന്‌ വെറുതെ ഒന്ന്‌ ചിന്തിക്കുക.....
ചിരിച്ച്‌ മണ്ണുകപ്പാന്‍ സുരാജ്‌ വെഞ്ഞാറമൂടിന്റെ നമ്പറുകളൊന്നും വേണ്ടെന്ന്‌ ഇപ്പോള്‍ ബോധ്യമാകുന്നില്ലേ, ആതിരേ?

Wednesday, February 3, 2010

ശിവരാമനും പാര്‍ട്ടി വിടുമ്പോള്‍

ഡോ. കെ.എസ്‌ മനോജും ശിവരാമനും പാര്‍ട്ടി വിടുമെന്ന്‌ മുന്‍കൂട്ടി കണ്ടെത്താന്‍ കഴിയാത്ത വിധം ദുര്‍ബലമായിരിക്കുന്നു പാര്‍ട്ടിയുടെ ഇപ്പോഴത്തെ സംഘടനാ രൂപമെന്നും ഈ സംഭവങ്ങള്‍ വ്യക്തമാക്കുന്നു. അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെയും അവമതിക്കപ്പെടുകയും അടിച്ചമര്‍ത്തപ്പെടുകയും ചെയ്യുന്ന സമൂഹത്തിന്റെയും ഉന്നമനം ലക്ഷ്യമാക്കി തൊഴിലാളിവര്‍ഗ സര്‍വാധിപത്യം എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച്‌ പുതിയൊരു സമൂഹസൃഷ്ടിക്ക്‌ ഒരുങ്ങിയ മാര്‍ക്സിസ്റ്റ്‌ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ വര്‍ത്തമാനകാല ദരിദ്രാവസ്ഥയും നേതാക്കന്മാരുടെ ആഢംബരജീവിതരീതിയും പേര്‍ത്തും പേര്‍ത്തും ഓര്‍മ്മിപ്പിക്കുന്നതാണ്‌ ഈ രാജികള്‍. എന്നാലും തെറ്റ്‌ തിരുത്താനും അണികളോടുള്ള പ്രതിബദ്ധത പുതുക്കാനും ധാര്‍ഷ്ട്യത നിറഞ്ഞ സമീപനത്തില്‍ നിന്ന്‌ പിന്‍മാറാനും പിണറായി വിജയന്‍ സെക്രട്ടറിയായിരിക്കുന്ന മാര്‍ക്സിസ്റ്റ്‌ നേതൃത്വം തയ്യാറാവുകയില്ല എന്നതാണ്‌ അണികളെ വ്യസനത്തിലാഴ്ത്തുന്ന മറ്റൊരു വാസ്തവം. യെറ്റ്സിന്റെയും ഗൊര്‍ബച്ചേവിന്റെയും ചൗഷസ്ക്യൂവിന്റെയും പുതിയ പതിപ്പുകള്‍ കേരളത്തിലെ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ അന്ത്യം കണ്ടേ അടങ്ങൂ എന്നതാണ്‌ ഈ പരിണാമങ്ങളെല്ലാം അടിവരയിട്ട്‌ സ്ഥാപിക്കുന്നത്‌.



ആതിരേ, ഒറ്റപ്പാലം മുന്‍ എംപി പി.എസ്‌ ശിവരാമനും സിപിഎമ്മില്‍ നിന്ന്‌ രാജിവെച്ചു. ഡോ. സെബാസ്റ്റ്യന്‍ പോള്‍, അബ്ദുള്ളക്കുട്ടി, ഡോ. കെ.എസ്‌ മനോജ്‌ എന്നിവരുടെ പട്ടികയില്‍ മറ്റൊരു മുന്‍ എംപികൂടി.
ലക്കിടി-പേരൂര്‍ ലോക്കല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന ശിവരാമന്‌, താന്‍ പഠിച്ച്‌ വളര്‍ന്ന തത്വശാസ്ത്രങ്ങളില്‍ നിന്ന്‌ പാര്‍ട്ടി പിന്നോട്ട്‌ പോകുന്നുവെന്ന തിരിച്ചറിവാണ്‌ രാജിക്ക്‌ പ്രേരണയായിട്ടുള്ളത്‌. മതവിശ്വാസപരമായ ഘടകങ്ങള്‍ തന്റെ രാജിയുടെ പിന്നിലില്ലെങ്കിലും നേതാക്കളുടെ ആര്‍ഭാടപൂര്‍വമായ ജീവിതരീതികളും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിക്ക്‌ ചേരാത്ത വിധത്തിലുള്ള ശൈലികളും അംഗീകരിക്കാന്‍ കഴിയില്ല എന്നാണ്‌ രാജി വിവരം വെളിപ്പെടുത്തിയ പത്രസമ്മേളനത്തില്‍ ശിവരാമന്‍ വിശദീകരിച്ചത്‌.
സിപിഎം നേതാക്കള്‍ റിയല്‍ എസ്റ്റേറ്റുകാരുടെ ദല്ലാള്‍മാരാണെന്നും ദളിതരില്‍ നിന്നും തൊഴിലാളികളില്‍ നിന്നും പാര്‍ട്ടി അകന്നുവെന്നും ഒരു ദളിത്‌ നേതാവിനെയും വളര്‍ന്നുവരാന്‍ പാര്‍ട്ടി ഇപ്പോള്‍ സമ്മതിക്കില്ലെന്നും ശിവരാമന്‍ കൂട്ടിച്ചേര്‍ക്കുന്നു. സിപിഎം നേതാക്കളുടെ വാക്കും പ്രവര്‍ത്തിയും രണ്ടാണ്‌. തെറ്റ്‌ തിരുത്തല്‍ പ്രാവര്‍ത്തികമാക്കാന്‍ നേതാക്കള്‍ തയ്യാറാകുന്നില്ല. പാര്‍ട്ടിയില്‍ പിണറായിയുടെയും വി.എസിന്റെയും നിലപാടുകള്‍ ഒരുപോലെയാണെന്നും ശിവരാമന്‍ ആരോപിക്കുന്നു.
ലക്കിടി കുഞ്ചന്‍ നമ്പ്യാര്‍ സ്മാരക ട്രസ്റ്റ്‌ അംഗത്ത്വവും ഖാദിബോര്‍ഡ്‌ അംഗത്വവും ശിവരാമന്‍ രാജിവെച്ചു. ഭാര്യ ഒറ്റപ്പാലം അര്‍ബന്‍ ബാങ്കിലെ ജോലിയും രാജിവെച്ചു.
ആതിരേ, വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തെത്തിയ നേതാവാണ്‌ ശിവരാമന്‍. 1993 മുതല്‍ 1996 വരെ ഒറ്റപ്പാലം മണ്ഡലത്തെ പാര്‍ലമെന്റില്‍ പ്രതിനിധീകരിച്ചു. കെ.ആര്‍. നാരായണന്‍ ഉപരാഷ്ട്രപതിയായതിനെ തുടര്‍ന്ന്‌ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നേടിയാണ്‌ 1993ല്‍ ശിവരാമന്‍ ഒറ്റപ്പാലത്ത്‌ നിന്ന്‌ പാര്‍ലമെന്റിലെത്തിയത്‌. 1,32,674 വോട്ടിന്റെ ഭൂരിപക്ഷമാണ്‌ അന്ന്‌ ശിവരാമന്‌ ലഭിച്ചത്‌. എന്നാല്‍, ജനപ്രതിനിധി എന്ന നിലയില്‍ ശിവരാമന്റെ പ്രവര്‍ത്തനങ്ങള്‍ വിമര്‍ശിക്കപ്പെട്ടതോടെയാണ്‌ അദ്ദേഹത്തിന്‌ രണ്ടാമൂഴം നിഷേധിക്കപ്പെട്ടത്‌. പാര്‍ലമെന്റ്‌ അംഗമായ അഞ്ചുവര്‍ഷം തികയ്ക്കാനായില്ലെങ്കിലും ലക്കിടി - പേരൂര്‍ പഞ്ചായത്ത്‌ പ്രസിഡന്റായും അഞ്ചുവര്‍ഷം ഭരിക്കാന്‍ ശിവരാമന്‌ കഴിഞ്ഞു. ആ ശിവരാമനെ തള്ളി എസ്‌. അജയകുമാറിനെ എംപിയാക്കിയ പാര്‍ട്ടിയെയാണ്‌ ശിവരാമന്‍ ഇപ്പോള്‍ തള്ളിപ്പറഞ്ഞിരിക്കുന്നത്‌.
ഒന്നരവര്‍ഷത്തിനിടയില്‍ മൂന്നാമത്തെ മുന്‍ എംപിയാണ്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയോട്‌ വിടചൊല്ലിയിരിക്കുന്നത്‌. ഡോ. കെ.എസ്‌ മനോജും അബ്ദുള്ളക്കുട്ടിയും മതവിശ്വാസപരമായ കാരണങ്ങളാലാണ്‌ രാജിവെച്ചതെങ്കില്‍ പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രപരമായ അപചയത്തിലും നേതാക്കന്മാരുടെ ആഢംബരജീവിതത്തിലും മനസ്സു നൊന്താണ്‌ ശിവരാമന്റെ രാജി.
പാര്‍ലമെന്ററി ജനാധിപത്യാധികാരം നിലനിര്‍ത്താന്‍ , ആതിരേ, പാര്‍ട്ടിയുടെ നയങ്ങളില്‍ നേതൃത്വം വെള്ളം ചേര്‍ക്കാന്‍ തുടങ്ങിയിട്ട്‌ നാളുകളായി. സോഷ്യല്‍ ഡെമോക്രാറ്റുകളായി പരിണമിച്ച്‌ പ്രത്യയശാസ്ത്ര പ്രതിബദ്ധതയും വര്‍ഗ ബോധവും ബലികഴിച്ച്‌ അഴിമതിയുടെയും ആഢംബരത്തിന്റെയും പ്രതീകങ്ങളായി മാര്‍ക്സിസ്റ്റ്‌ നേതൃത്വം അധഃപതിച്ചത്‌ പുതിയ വാര്‍ത്തയൊന്നുമല്ല. കഴിഞ്ഞ കുറേ നാളുകളായി പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ ഈ വാസ്തവങ്ങള്‍ക്ക്‌ അടിവരയിടുന്നതാണ്‌. എല്ലാ അധോലോക പ്രവര്‍ത്തനങ്ങള്‍ക്കും സംരക്ഷണം നല്‍കി അതിന്റെ കമ്മീഷന്‍ പറ്റി പഞ്ചനക്ഷത്ര പാര്‍ട്ടി ഓഫിസുകളും തീം പാര്‍ക്കുകളും നിര്‍മിക്കുന്നതാണ്‌ നേതൃത്വത്തിന്റെ കടമയെന്നാണ്‌ ഇപ്പോള്‍ അണികളേയും പൊതുസമൂഹത്തേയും ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നത്‌. സാന്തിയാഗോ മാര്‍ട്ടിനും ഫാരിസ്‌ അബൂബക്കറും ലിസ്‌ ചാക്കോയുമൊക്കെയാണ്‌ നേതാക്കന്മാരുടെ അടുത്ത സുഹൃത്തുക്കള്‍. ഇവരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിലാണ്‌ നേതൃത്വവും പാര്‍ട്ടിയും ഇപ്പോള്‍ വ്യാപൃതരായിരിക്കുന്നത്‌. മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയിലെ നേതാക്കളെല്ലാം ഭൂമാഫിയയുടെ ഏജന്റുമാരായി പരിണമിച്ചിരിക്കുന്നു എന്ന ശിവരാമന്റെ ആരോപണം കേരളത്തിലെ പൊതുസമൂഹം വളരെ മുമ്പുതന്നെ മനസ്സിലാക്കിയ മറ്റൊരു വാസ്തവമാണ്‌. മൂന്നാര്‍ അടക്കമുള്ള സ്ഥലങ്ങളിലെ അനധികൃത കയ്യേറ്റം ഒഴിപ്പിക്കാന്‍ കഴിയാത്തതും നേതാക്കന്മാരുടെ ഈ ബന്ധം കൊണ്ടാണെന്നും കേരളം തിരിച്ചറിഞ്ഞിട്ടുണ്ട്‌.
തെറ്റ്‌ തിരുത്തല്‍ രേഖ അവതരിപ്പിച്ചതിന്‌ ശേഷം പോളിറ്റ്‌ ബ്യൂറോ കൂടുന്ന സമയത്ത്‌ തന്നെ തെറ്റ്‌ തിരുത്താന്‍ നേതൃത്വം തയ്യാറല്ല എന്ന ആരോപണം ഉന്നയിച്ച്‌ ശിവരാമന്‍ രാജിവെച്ചതില്‍ ചില കാവ്യനീതിയൊക്കെയുണ്ട്‌ ആതിരേ!. നേതാക്കന്മാരുടെ പാര്‍ലമെന്ററി വ്യാമോഹം മൂലം പാര്‍ട്ടി രോഗാതുരമാണെന്ന പോളിറ്റ്‌ ബ്യൂറോയുടെ കണ്ടെത്തല്‍ നേരത്തെ തന്നെ പുറത്തുവന്നിട്ടുള്ളതാണ്‌. എന്നാല്‍, ഈ തെറ്റുകള്‍ തിരുത്താന്‍ എന്തുകൊണ്ട്‌ വൈകുന്നു എന്ന ചോദ്യത്തിന്‌ അണികള്‍ക്കൊരിക്കലും ഉത്തരം കിട്ടാന്‍ പോകുന്നില്ല. ഒന്നുകില്‍ നേതൃത്വത്തിന്റെ കമ്യൂണിസ്റ്റ്‌ വിരുദ്ധ നിലപാടുകള്‍ അംഗീകരിച്ച്‌ അടിമകളായി കഴിയുക. അല്ലെങ്കില്‍ ഡോ. സെബാസ്റ്റ്യന്‍ പോളിന്റെയും അബ്ദുള്ളക്കുട്ടിയുടെയും ഡോ. കെ.എസ്‌ മനോജിന്റെയും ശിവരാമന്റെയുമൊക്കെ പാത പിന്‍തുടര്‍ന്ന്‌ പാര്‍ട്ടി വിട്ടുപോകുക എന്ന രണ്ട്‌ സാധ്യതകള്‍ മാത്രമേ ഇപ്പോള്‍ അണികളടക്കമുള്ള്‌ നേതാക്കന്മാരുടെ മുന്നിലുള്ളു.
ആതിരേ, ആശയതലത്തില്‍ പാര്‍ട്ടി എത്രമാത്രം വിഘടിച്ചു എന്നും മുന്‍ എംപിമാരടക്കമുള്ളവരെ പാര്‍ട്ടിക്കൊപ്പം നിര്‍ത്തുന്നതില്‍ നേതൃത്വം എത്രപരാജയപ്പെട്ടു എന്നും ഉള്ളതിലെ സൂചികയാണ്‌ ഈ രാജികള്‍. ഒരുകാലത്ത്‌ പാര്‍ട്ടിക്ക്‌ സ്വാധീനമില്ലാത്ത മേഖലകളില്‍ അവിശ്വസനീയമായ തെരഞ്ഞെടുപ്പ്‌ വിജയം ഉണ്ടാക്കി കൊടുത്തവരാണ്‌ നേരത്തെ പേര്‌ സൂചിപ്പിച്ച മുന്‍ എംപിമാര്‍. കോണ്‍ഗ്രസ്‌ സീറ്റുകളായിരുന്ന കണ്ണൂരിലും ഒറ്റപ്പാലത്തും റെക്കോര്‍ഡ്‌ ഭൂരിപക്ഷത്തോടെയാണ്‌ അബ്ദുള്ളക്കുട്ടിയും ശിവരാമനും വിജയിച്ച്‌ കയറിയത്‌. എറണാകുളത്തും ആലപ്പുഴയിലും യഥാക്രമം ഡോ. സെബാസ്റ്റ്യന്‍ പോളും ഡോ. കെഎസ്‌ മനോജും ഇതേ ദൗത്യം തന്നെയാണ്‌ നിര്‍വഹിച്ചത്‌. എന്നാല്‍, ഒരുഘട്ടം കഴിഞ്ഞപ്പോള്‍ ഇവരെ ഒപ്പം നിര്‍ത്താനാവാത്ത വിധം ആശയതലത്തില്‍ പാര്‍ട്ടി അമ്പേ പാപ്പരായി എന്നാണ്‌ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന പരിണാമങ്ങള്‍ വ്യക്തമാക്കുന്നത്‌.
രാജിവെച്ച ശിവരാമനെ, ഡോ. കെ.എസ്‌ മനോജിനെ എന്നപോലെ പുറത്താക്കിക്കൊണ്ട്‌ പാര്‍ട്ടി മുഖം രക്ഷിക്കാനുള്ള കൗശലം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌. മനോജിനെതിരെ പ്രത്യക്ഷത്തില്‍ അഴിമതി ആരോപണം ഒന്നുമുന്നയിക്കാതിരുന്ന പാര്‍ട്ടി ശിവരാമനെതിരെ വലിയൊരു സാമ്പത്തിക ക്രമക്കേടാണ്‌ ആരോപിച്ചിട്ടുള്ളത്‌. ഒറ്റപ്പാലം അര്‍ബന്‍ ബാങ്ക്‌ ജീവനക്കാരിയായ ശിവരാമന്റെ ഭാര്യ 60,000 രൂപയുടെ സാമ്പത്തിക ക്രമക്കേട്‌ നടത്തിയത്‌ കണ്ടെത്തിയതാണ്‌ ശിവരാമനെ ചൊടിപ്പിച്ചത്‌ എന്നാണ്‌ പാലക്കാട്‌ ജില്ല കമ്മിറ്റിയുടെ വിശദീകരണം. രാജിവെക്കാന്‍ ശിവരാമന്‍ മുന്നോട്ടുവെയ്ക്കുന്ന നേതൃത്വത്തിന്റെ അപചയവും ശിവരാമനും ഭാര്യയ്ക്കുമെതിരെ പാലക്കാട്‌ ജില്ലാ കമ്മിറ്റി ഉന്നയിക്കുന്ന ആരോപണവും വെള്ളം തൊടാതെ വിഴുങ്ങാന്‍ കേരളത്തിലെ പൊതുസമൂഹം തയ്യാറല്ല. ലാന്റ്മാഫിയയുടെ ഏജന്റുമാരാണ്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി നേതൃത്വം എന്നത്‌ പുതിയ അറിവൊന്നുമല്ല. അപ്പോള്‍ അക്കാര്യം ചൂണ്ടിക്കാട്ടിയുള്ള ശിവരാമന്റെ രാജിക്ക്‌ പിന്നില്‍ മറ്റുചില താല്‍പ്പര്യങ്ങള്‍ ഉണ്ടായേ തീരു. ശിവരാമന്റെ ഭാര്യയ്ക്കെതിരെ ഇപ്പോള്‍ നേതൃത്വം ഉന്നയിക്കുന്ന ആരോപണം ശിവരാമന്റെ രാജി സൃഷ്ടിച്ച നാണക്കേട്‌ മറയ്ക്കാനാണെന്നും അണികള്‍ക്കുമറിയാം.
ഡോ. കെ.എസ്‌ മനോജും ശിവരാമനും പാര്‍ട്ടി വിടുമെന്ന്‌ മുന്‍കൂട്ടി കണ്ടെത്താന്‍ കഴിയാത്ത വിധം ദുര്‍ബലമായിരിക്കുന്നു പാര്‍ട്ടിയുടെ ഇപ്പോഴത്തെ സംഘടനാ രൂപമെന്നും ഈ സംഭവങ്ങള്‍ വ്യക്തമാക്കുന്നു. അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെയും അവമതിക്കപ്പെടുകയും അടിച്ചമര്‍ത്തപ്പെടുകയും ചെയ്യുന്ന സമൂഹത്തിന്റെയും ഉന്നമനം ലക്ഷ്യമാക്കി തൊഴിലാളിവര്‍ഗ സര്‍വാധിപത്യം എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച്‌ പുതിയൊരു സമൂഹസൃഷ്ടിക്ക്‌ ഒരുങ്ങിയ മാര്‍ക്സിസ്റ്റ്‌ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ വര്‍ത്തമാനകാല ദരിദ്രാവസ്ഥയും നേതാക്കന്മാരുടെ ആഢംബരജീവിതരീതിയും പേര്‍ത്തും പേര്‍ത്തും ഓര്‍മ്മിപ്പിക്കുന്നതാണ്‌ ഈ രാജികള്‍. എന്നാലും തെറ്റ്‌ തിരുത്താനും അണികളോടുള്ള പ്രതിബദ്ധത പുതുക്കാനും ധാര്‍ഷ്ട്യത നിറഞ്ഞ സമീപനത്തില്‍ നിന്ന്‌ പിന്‍മാറാനും പിണറായി വിജയന്‍ സെക്രട്ടറിയായിരിക്കുന്ന മാര്‍ക്സിസ്റ്റ്‌ നേതൃത്വം തയ്യാറാവുകയില്ല എന്നതാണ്‌ അണികളെ വ്യസനത്തിലാഴ്ത്തുന്ന മറ്റൊരു വാസ്തവം. യെറ്റ്സിന്റെയും ഗൊര്‍ബച്ചേവിന്റെയും ചൗഷസ്ക്യൂവിന്റെയും പുതിയ പതിപ്പുകള്‍ കേരളത്തിലെ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ അന്ത്യം കണ്ടേ അടങ്ങൂ എന്നതാണ്‌ ഈ പരിണാമങ്ങളെല്ലാം, ആതിരേ അടിവരയിട്ട്‌ സ്ഥാപിക്കുന്നത്‌.