Thursday, June 17, 2010

20 വര്‍ഷം കഴിഞ്ഞാലും ഇന്ത്യ ലോകക്കപ്‌ ഫൈനലില്‍ കളിക്കില്ല





ആതിരേ, ഇതൊന്നു കേട്ടേ...
"ഈ നിലയ്ക്ക്‌ പോയാല്‍ 20 വര്‍ഷം കഴിഞ്ഞാലും ഇന്ത്യ ലോക കപ്പിന്റെ ഫൈനല്‍ റൗണ്ടില്‍ എത്തില്ല" ഇന്ത്യയിലെ ആദ്യത്തെ വനിതാ ഫുട്ബോള്‍ റഫറി ബെന്റില ഡിക്കോത്ത 'വിളയാട്ട'ത്തോട്‌ പറഞ്ഞു
20 വര്‍ഷം കഴിഞ്ഞാലേ ഇന്ത്യയ്ക്ക്‌ ലോക കപ്പ്‌ ഫുട്ബോളിന്റെ ഫൈനല്‍ റൗണ്ടില്‍ കളിക്കാന്‍ കഴിയൂ എന്ന ഐഎം വിജയന്റെ അഭിപ്രായത്തോട്‌ പ്രതികരിക്കുകയായിരുന്നു ബെന്റില.
"ജൂണ്‍ 15 ലെ ഡിപിആര്‍ കൊറിയയും ബ്രസീലും തമ്മിലുള്ള മത്സരം കാണേണ്ടതായിരുന്നു. ലോക ചാമ്പ്യന്‍മാരാകുമെന്ന്‌ കരുതുന്ന ബ്രസീലിനെ കടിഞ്ഞാണിട്ട്‌ നിര്‍ത്തുകയായിരുന്നു ഡിപിആര്‍ കൊറിയ. അതാണ്‌ ആ നാടിന്റെയും കളിക്കാരുടെയും സമര്‍പ്പണം ആത്മാര്‍ത്ഥത. അതിന്റെ നാലയല്‍വക്കത്ത്‌ നമ്മളെത്തില്ല. അതുകൊണ്ടാണ്‌ 20 വര്‍ഷം കഴിഞ്ഞാലും ഇന്ത്യ ലോക കപ്പിന്റെ ഫൈനലില്‍ കളിക്കില്ല എന്ന്‌ ഞാന്‍ പറഞ്ഞത്‌". ബെന്റില വിശദീകരിച്ചു.
കൊറിയയില്‍ നടന്ന ഫുട്ബോള്‍ മത്സരം ഒഫീഷ്യേറ്റ്‌ ചെയ്യാന്‍ പോയ അനുഭവവും അവിടെ കണ്ട അവസ്ഥകളും താരതമ്യം ചെയ്ത്‌ സംസാരിക്കുകയായിരുന്നു ബെന്റില.
"സത്യം പറഞ്ഞാല്‍ ആ ഫ്ലൈറ്റില്‍ അവിടെ എത്തുമെന്ന്‌ പോലും ഞാന്‍ കരുതിയതല്ല. അത്രയ്ക്ക്‌ പഴകിയ ഒരു ഫ്ലൈറ്റ്‌. എയര്‍പോര്‍ട്ടില്‍ നമ്മുടെ കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡില്‍ കട്ടപ്പുറത്ത്‌ വച്ചിട്ടുള്ള ബസുപോലെ കുറേ വിമാനങ്ങള്‍. ആഴ്ചയില്‍ രണ്ടു സര്‍വീസാണ്‌ അവിടെ നിന്നുള്ളത്‌. ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ എത്രയോ പിന്നിലാണ്‌ ആ രാജ്യം. എന്നിട്ടും അവര്‍ ലോക കപ്പിന്റെ ഫൈനലില്‍ എത്തുകയും ബ്രസീലിനെ കടിഞ്ഞാണിട്ട്‌ നിര്‍ത്തുകയും ചെയ്തത്‌ അവിടത്തെ കളിക്കാരുടെയും ഗവണ്‍മെന്റിന്റെയും ബന്ധപ്പെട്ടവരുടെയും സമര്‍പ്പണവും നിശ്ചയദാര്‍ഢ്യവുമാണ്‌." ബെന്റില പറഞ്ഞു.
"ഈ ഒരു അവസ്ഥയിലേക്ക്‌ ഇന്ത്യ എത്തുക പ്രതീക്ഷിക്കാന്‍ പോലും കഴിയാത്ത കാര്യമാണ്‌. അച്ചടക്കം, സമര്‍പ്പണം, രാഷ്ട്ര സ്നേഹം, ഉത്തരവാദിത്ത ബോധം, ഇതെല്ലാമാണ്‌ ഡിപിആര്‍ കൊറിയയുടെ വിജയത്തിന്റെ അടിത്തറ. നമുക്കില്ലാത്തതും അതാണ്‌." ബെന്റില ചൂണ്ടിക്കാട്ടി.
ഒരു നല്ല ഫുട്ബോളര്‍ ഉണ്ടാകണമെങ്കില്‍ നിരവധി ഘടകങ്ങള്‍ അനിവാര്യമാണ്‌. നല്ല ഗ്രൗണ്ട്‌, കായിക ശേഷി, നല്ല ഭക്ഷണം, നല്ല ട്രെയിനിംഗ്‌, ശാസ്ത്രീയമായ സമീപനം, കളിക്കാരുടെയും ഓഫീസേഴ്സിന്റെയും സര്‍ക്കാരിന്റെയും സഹകരണം, എന്നിങ്ങനെ പോകുന്നു അവ. ഇതില്‍ സമര്‍പ്പണവും ആത്മാര്‍ത്ഥതയുമുള്ള കളിക്കാര്‍ മാത്രമാണ്‌ നമ്മുടെ നാട്ടിലുള്ളത്‌. ബാക്കിയുള്ള അടിസ്ഥാന ഘടകങ്ങള്‍ ഇവിടെ ഇല്ല. അതൊരുക്കാന്‍ ആര്‍ക്കുമൊട്ട്‌ താല്‍പ്പര്യവുമില്ല. അതുകൊണ്ടാണ്‌ അന്തര്‍ ദേശീയ ഫുട്ബോള്‍ രംഗത്ത്‌ ഇന്ത്യക്ക്‌ എത്തിനോക്കാന്‍ പോലും കഴിയാതെ പോകുന്നത്‌.
ഈ ഘടകങ്ങളെല്ലാം ഒന്നിച്ച്‌ ചേരുമെന്ന പ്രതീക്ഷ എനിക്കില്ല. അടുത്ത ഭാവിയിലും അതിനുള്ള സാധ്യതയില്ല. പ്രസ്താവനകളും പ്രഖ്യാപനങ്ങളും കൊണ്ടൊന്നും കളിനന്നാക്കാനും കളിക്കാരെ വളര്‍ത്താനും കഴിയില്ല." ബെന്റില പറഞ്ഞു നിര്‍ത്തി.
1989 ല്‍ കളമശേരി സെന്റ്‌ പോള്‍സ്‌ കോളജില്‍ പ്രീഡിഗ്രിക്ക്‌ പഠിക്കുമ്പോഴാണ്‌ ബെന്റില ഫുട്ബോള്‍ കളിക്കാരിയായത്‌. മുളവുകാട്‌ ദീപില്‍ നിന്നുള്ള ബെന്റിലക്ക്‌ അന്ന്‌ ആകെ അറിയാവുന്ന കളി ഫുട്ബോളാണ്‌. ബോള്‍ഗാട്ടി ക്ലബ്ബിലെ തോബിയാസായിരുന്നു അന്നത്തെ ഹീറോ.
1989-ല്‍ കളിതുടങ്ങിയ ബെന്റില തൊട്ടടുത്ത വര്‍ഷം ഇന്ത്യക്ക്‌ വേണ്ടി ജൂനിയര്‍ ടീമില്‍ കളിച്ചു. പിന്നീട്‌ വളര്‍ച്ചയുടെ ഘട്ടങ്ങളായിരുന്നു. ഫോര്‍വേര്‍ഡ്‌ പൊസിഷനിലും മിഡ്ഫീല്‍ഡിലും സ്റ്റോപ്പര്‍ ബാക്ക്‌ പൊസിഷനിലും മികവ്‌ തെളിയിച്ച ശേഷമാണ്‌ റഫറിയിങ്ങിലേക്ക്‌ ബെന്റില തിരിഞ്ഞത്‌.
റഫറിമാരുടെ ഇലീറ്റ്‌ പാനലില്‍ അംഗമാണ്‌ ബെന്റില ഇന്ന്‌. രണ്ട്‌ വേള്‍ഡ്‌ കപ്പ്‌, ഒളിമ്പിക്സ്‌, ഏഷ്യാകപ്പ്‌, തുടങ്ങി മുപ്പതിലധികം അന്തര്‍ദേശീയ മത്സരങ്ങളില്‍ കളി നിയന്ത്രിച്ച ഏക മലയാളിയും ഇന്ത്യക്കാരിയുമാണ്‌ ബെന്റില.
എറണാകുളം കളക്ട്രേറ്റില്‍ കൃഷിവകുപ്പില്‍ ജീവനക്കാരി.
ബെന്റിലയുടെ ഇഷ്ട ടീം പോര്‍ച്ചുഗലാണ്‌. എന്നാല്‍, ഇംഗ്ലണ്ട്‌ ഇത്തവണ കപ്പുയര്‍ത്തുമെന്നാണ്‌ ബെന്റിലയുടെ പ്രതീക്ഷ.
ലീഗ്‌ മത്സരങ്ങളില്‍ പ്രതീക്ഷയ്ക്കൊത്തുയര്‍ന്നില്ല എന്ന ഫുട്ബോള്‍ ആരാധകരുടെ പരാതിയില്‍ കഴമ്പുണ്ടെന്ന്‌ ബെന്റില സമ്മതിക്കുന്നു. അതിന്‌ കാരണവുമുണ്ട്‌. ലീഗ്‌ റൗണ്ടില്‍ പതിഞ്ഞമട്ടില്‍ കളിച്ച്‌ മൂന്ന്‌ പോയിന്റ്‌ സ്വന്തമാക്കാനാണ്‌ എല്ലാ ടീമുകളും ശ്രമിക്കുക. നോക്കൗട്ട്‌ മത്സരങ്ങള്‍ വരുമ്പോള്‍ കളി തീപാറുമെന്ന്‌ തന്നെയാണ്‌ ബെന്റിലയുടെ വിലയിരുത്തല്‍

No comments: