Sunday, June 27, 2010

വിദ്യാഭ്യാസ വായ്പയും 'കൊലപാതകി 'കളായ ബാങ്ക്‌ മാനേജര്‍മാരും

കഴിഞ്ഞ യുഡിഎഫ്‌ ഭരണകാലത്ത്‌ ഒരു സ്വാശ്രയ മാനേജ്മെന്റിന്റെ സാമ്പത്തിക കടുംപിടുത്തം മൂലം ആത്മഹത്യ ചെയ്ത രജനി എസ്‌. ആനന്ദിനെ ഇപ്പോള്‍ ഓര്‍ത്തുപോകുന്നു. ഒപ്പം ആ ആത്മഹത്യയ്ക്ക്‌ ശേഷമുണ്ടായ വിദ്യാര്‍ത്ഥി പ്രക്ഷോഭവും ഓര്‍മ്മയിലെത്തുന്നു. അന്ന്‌ എസ്‌എഫ്‌ഐയും ഡിവൈഎഫ്‌ഐയും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും എത്ര രൂക്ഷമായ പ്രക്ഷോഭമാണ്‌ ഈ വിഷയത്തില്‍ നടത്തിയത്‌. എന്നാല്‍, എല്‍ഡിഎഫ്‌ ഭരണത്തിലെത്തിയതോടെ ഇത്തരം ഇടപെടലുകളില്‍ നിന്ന്‌ ബോധപൂര്‍വ്വം പിന്‍വലിഞ്ഞു നില്‍ക്കുകയാണ്‌ ഈ വിപ്ലവ വായാടികള്‍. അതേസമയം സിഎംഎസ്‌ കോളജ്‌ പോലെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അക്രമം നടത്തി വിപ്ലവ വീര്യം പ്രകടിപ്പിക്കുന്നുമുണ്ട്‌. നീതി നിഷേധിക്കപ്പെടുമ്പോള്‍ ജീവനൊടുക്കി പ്രതിഷേധിക്കുന്നവര്‍ മാത്രമല്ല ചിലപ്പോള്‍ അളമുട്ടിയാല്‍ ചേരയും കടിക്കുമെന്ന ന്യായത്തിന്റെ അടിസ്ഥാനത്തില്‍ ജീവനെടുത്തും പ്രതിഷേധിക്കാനാരെങ്കിലുമൊക്കെ തയ്യാറായാല്‍ അതിന്റെ ഉത്തരവാദിത്തം വഞ്ചകരായ ഈ രാഷ്ട്രീയ നേതാക്കള്‍ക്കും ഇത്തരം ദാരുണ സംഭവങ്ങളുണ്ടായിട്ടും പ്രതികരിക്കാതെ മാന്യന്മാരായി മാറി നില്‍ക്കുന്ന ഞാനും നിങ്ങളും അടങ്ങുന്ന സമൂഹത്തിനുമായിരിക്കും സംശയമില്ല.



എന്തുകൊണ്ടാണ്‌ നമ്മളിങ്ങനെ നിര്‍മ്മമരായി, കാഴ്ചകള്‍ കണ്ടിരിക്കുന്നത്‌? സഹജീവിക്ക്‌ നീതി നിഷേധിക്കപ്പെടുകയും അതുമൂലം ആ വ്യക്തി ജീവിതം അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതനാകുകയും ചെയ്യുമ്പോഴും ആ വ്യക്തിക്കുവേണ്ടി ശബ്ദമുയര്‍ത്താനോ ആ വ്യക്തിക്ക്‌ നീതി നിഷേധിച്ച സംവിധാനത്തോട്‌ പ്രതിഷേധിക്കാനോ എന്തുകൊണ്ടാണ്‌ നമുക്ക്‌ കഴിയാതെ പോകുന്നത്‌? മനസ്സു പിളര്‍ക്കുന്ന ഇത്തരം ദാരുണ സംഭവങ്ങളെ ഒരു കണ്ണീര്‍ സീരിയലിലെ രംഗമായിപ്പോലും കണ്ട്‌ പ്രതികരിക്കാന്‍ കഴിയാത്ത വിധം എങ്ങനെയാണ്‌ നമ്മളുടെയൊക്കെ മനസ്സ്‌ ഇത്ര കല്ലായി തീര്‍ന്നത്‌? എങ്ങനെയാണ്‌ ഇതുപോലെയുള്ള നിമിഷങ്ങളില്‍ നിശബ്ദത പാലിക്കാന്‍ നമുക്ക്‌ കഴിയുന്നത്‌? അത്രയ്ക്ക്‌ സ്വാര്‍ത്ഥരായി തീര്‍ന്നോ നാമൊക്കെ? എവിടെ പോയി മറഞ്ഞു നമ്മിലെ മനുഷ്യത്വം?
ആതിരേ ഈ ചോദ്യങ്ങള്‍ ഉന്നയിക്കുന്നത്‌ കോഴിക്കോട്‌ കോടഞ്ചേരി വേളംകോട്‌ കല്ലംന്തറമേട്‌ ചൊള്ളംപുഴയില്‍ കൂലിപ്പണിക്കാരന്‍ സി.ജെ തോമസും ഭാര്യയും കര്‍ണാടകയില്‍ നഴ്സിംഗ്‌ വിദ്യാര്‍ത്ഥിയായ അവരുടെ മകളുമാണ്‌. ഈ മകളുടെ ഉപരിപഠനത്തിനായി അര്‍ഹതപ്പെട്ട ബാങ്ക്‌ വായ്പയ്ക്ക്‌ ശ്രമിച്ചിട്ടും അത്‌ നല്‍കാതെ എട്ട്‌ മാസത്തോളം തോമസിനെ ബാങ്ക്‌ മാനേജര്‍ ഒ. പ്രഭാകരന്‍, വിവിധ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ്‌ വട്ടം ചുറ്റിച്ച്‌ നിരാശനാക്കിയതുകൊണ്ടാണ്‌, പ്രതീക്ഷ നശിച്ച തോമസ്‌ വിഷം കഴിച്ച്‌ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്‌. തക്കസമയത്ത്‌ തോമസിനെ കോഴിക്കോട്‌ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കാന്‍ കഴിഞ്ഞതുകൊണ്ടും അവിടത്തെ ഡോക്ടര്‍മാര്‍ വിദഗ്ധ ചികിത്സ നല്‍കിയതുകൊണ്ടും മരണത്തില്‍ നിന്ന്‌ തോമസിനെ രക്ഷിക്കാനായി. എന്നാല്‍, മകള്‍ക്ക്‌ അര്‍ഹതപ്പെട്ട ബാങ്ക്‌ വായ്പ നല്‍കാത്ത ബാങ്ക്‌ അധികൃതരുടെ നടപടിയിലുള്ള പ്രതിഷേധവും നിരാശതയും തോമസില്‍ നിന്ന്‌ നീക്കാന്‍ ഇതുവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല.
തോമസിന്റെ ആത്മഹത്യാശ്രമം വിവാദമായതോടെ , ബാങ്ക്‌ മാനേജര്‍ ഒ. പ്രഭാകരനെ തല്‍സ്ഥാനത്ത്‌ നിന്ന്‌ നീക്കം ചെയ്ത്‌ ബാങ്ക്‌ അധികൃതര്‍ താല്‍ക്കാലികമായി മുഖം രക്ഷിച്ചിട്ടുണ്ടെങ്കിലും തോമസിന്റെയും, മക്കളുടെ ഉപരിപഠനത്തിന്‌ അപേക്ഷിച്ച ബാങ്ക്‌ വായ്പ നിഷേധിക്കപ്പെട്ട തോമസിനെ പോലെയുള്ള നിരവധി നിസ്വരായ രക്ഷകര്‍ത്താക്കളുടെയും അവസ്ഥയ്ക്ക്‌ ഇനിയും പരിഹാരമുണ്ടായിട്ടില്ല, ആതിരേ....
ഏഴ്‌ മാസം മുമ്പാണ്‌ മകളുടെ ഉപരിപഠനത്തിനായി കോടഞ്ചേരി എസ്ബിഐ ശാഖയില്‍ തോമസ്‌ അപേക്ഷ നല്‍കിയത്‌. ഒപ്പം അപേക്ഷിച്ച മൂന്ന്‌ കുട്ടികള്‍ക്ക്‌ വായ്പ ലഭിച്ചു. എന്നാല്‍, തോമസിന്റെ മകളുടെ വായ്പയില്‍ തീരുമാനമുണ്ടായില്ല. പല കാരണങ്ങള്‍ പറഞ്ഞ്‌ വായ്പ വൈകിക്കുകയായിരുന്നു.
എന്നാല്‍, അപേക്ഷയില്‍ രണ്ടു കോളജിന്റെ പേര്‌ വന്നതുമൂലമുള്ള സംശയങ്ങളാണ്‌ വായ്പ അനുവദിക്കല്‍ നീണ്ടതിന്‌ കാരണമെന്നും വായ്പ നിഷേധിച്ചിട്ടില്ലെന്നുമാണ്‌ എസ്ബിഐ കോടഞ്ചേരി ശാഖാ മാനേജര്‍ ഒ. പ്രഭാകരന്റെ ന്യായീകരണം.
തോമസിന്റെ മകള്‍ ആദ്യം ചേര്‍ന്ന കോളജില്‍ കുട്ടികള്‍ കുറവായതിനാല്‍ ഇതേ മാനേജ്മെന്റിന്റെ രണ്ടാമത്തെ കോളജിലേയ്ക്ക്‌ കുട്ടിയെ മാറ്റിയിരുന്നു. എന്നാല്‍, ആദ്യം ചേര്‍ന്ന കോളജിന്റെ പേരിലാണ്‌ ലോണിന്‌ അപേക്ഷിച്ചത്‌. പിന്നീട്‌ നല്‍കിയ പേപ്പറുകളില്‍ രണ്ടാമത്തെ കോളജിന്റെ പേരാണ്‌ നല്‍കിയത്‌. കോളജിന്റെ പേരുകളില്‍ വന്ന ഈ വ്യത്യാസം മൂലം വായ്പ അനുവദിച്ചാല്‍ ഇത്‌ സംബന്ധിച്ച ഉന്നത സമിതികളില്‍ നിന്ന്‌ അന്വേഷണം ഉണ്ടാകും എന്ന സാങ്കേതിക ന്യായമാണ്‌ ബാങ്ക്‌ മാനേജര്‍ക്ക്‌ പറയാനുള്ളത്‌. അതേസമയം കോളജ്‌ മാറാനുണ്ടായ സാഹച്യരത്തെ കുറിച്ച്‌ കോളജ്‌ മാനേജ്മെന്റിന്റെ കത്തും മാനേജര്‍ ആവശ്യപ്പെട്ട മറ്റു രേഖകളും തോമസ്‌ ബാങ്കില്‍ നല്‍കിയിരുന്നു. മൂന്ന്‌ ദിവസം മുമ്പ്‌ മാനേജര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന്‌ തോമസ്‌ ബാങ്കിലെത്തുകയും രണ്ടുഫോമുകളില്‍ ഒപ്പിട്ട്‌ നല്‍കുകയും ചെയ്തു. അപേക്ഷ വീണ്ടും അയയ്ക്കണമെന്ന്‌ മാനേജര്‍ ആവശ്യപ്പെടുകയും ചെയ്തു. എട്ട്‌ മാസമായി അനുവദിക്കാതിരുന്ന വായ്പ ഫീസടയ്ക്കാന്‍ ഒരു മാസം മാത്രം ബാക്കിനില്‍ക്കേ വീണ്ടും അപേക്ഷ മുകളിലേയ്ക്കയച്ച്‌ അനുവദിച്ചു കിട്ടുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടതോടെയാണ്‌ തോമസിന്റെ മാനസിക നിയന്ത്രണം തെറ്റിയത്‌. കൂലിപ്പണിയെടുത്ത്‌ കുടുംബം പുലര്‍ത്തുന്ന തോമസ്‌ ബാങ്ക്‌ വായ്പ കിട്ടിയില്ലെങ്കില്‍ മകളുടെ വിദ്യാഭ്യാസം മുടങ്ങുമെന്ന ആശങ്കയില്‍ ഏറെ ദിവസമായി മനോവിഷമത്തിലായിരുന്നു. അതിന്റെ ആഘാതത്തിലാണ്‌ കഴിഞ്ഞ ഞായറാഴ്ച എക്കാലക്സ്‌ കഴിച്ച്‌ ജീവിതം അവസാനിപ്പിക്കാന്‍ തോമസ്‌ തീരുമാനിച്ചത്‌.
ഇത്‌ ഒരു തോമസിന്റെ മാത്രം അവസ്ഥയല്ല, ആതിരേ. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക്‌ ഉപരിപഠനത്തിനുള്ള ബാങ്ക്‌ വായ്പ അനുവദിച്ച്‌ ഉത്തരവിറക്കിയത്‌ കേന്ദ്രസര്‍ക്കാരാണ്‌. ഒരു ഈടുമില്ലാതെ നാലരലക്ഷം രൂപ വരെ വായ്പയായി നല്‍കണമെന്നാണ്‌ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. പഠിക്കുന്ന കുട്ടിക്കാണ്‌ വായ്പ നല്‍കുന്നത്‌. ഈ കുട്ടിക്ക്‌ ജോലി ലഭിച്ച ശേഷമോ അല്ലെങ്കില്‍ പഠനം കഴിഞ്ഞ്‌ ഒരു നിശ്ചിത കാലാവധിക്ക്‌ ശേഷമോ കുട്ടി പണം തിരിച്ചടയ്ക്കണമെന്നാണ്‌ നിയമം. സാങ്കേതിക വിദ്യാഭ്യാസ മേഖലയില്‍ ഉപരിപഠനം നടത്തുന്ന മിടുക്കരായ വിദ്യഅര്‍ത്ഥികള്‍ക്ക്‌ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെയോ പഠനശേഷം അധികം താമസിയാതെയോ തൊഴില്‍ ലഭിക്കുമെന്ന്‌ അറിയാവുന്നതുകൊണ്ടാണ്‌ ഇങ്ങനെ വായ്പ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതും ബാങ്കുകളോട്‌ വായ്പ അനുവദിക്കാന്‍ നിര്‍ദേശിച്ചിട്ടുള്ളതും. എന്നാല്‍, ഉപരിപഠനത്തിന്‌ ബാങ്ക്‌ വായ്പയ്ക്ക്‌ അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കളുടെ സാമ്പത്തിക സ്ഥിതി നോക്കിയാണ്‌ പല ബാങ്ക്‌ മാനേജര്‍മാരും വായ്പ അനുവദിക്കുന്നത്‌. സാമ്പത്തികമായി മെച്ചപ്പെട്ട അവസ്ഥയാണെങ്കില്‍ ആരെങ്കിലും വായ്പ എടുക്കാന്‍ പോകുമോ? വന്‍കിടക്കാരായ ബിസിനസുകാര്‍ അല്ലാതെ. യാഥാര്‍ത്ഥ്യം ഇതായിരിക്കേ നിസ്വരും വിദ്യാഭ്യാസം കുറവുള്ളവരുമായ രക്ഷിതാക്കളെ വട്ടം കറക്കി അവരുടെ മക്കള്‍ക്ക്‌ അര്‍ഹതപ്പെട്ട വിദ്യാഭ്യാസ വായ്പ നിഷേധിക്കുന്നതിലാണ്‌ അഞ്ചക്കശമ്പളക്കാരും നല്ല സാമ്പത്തിക സ്ഥിതിയില്‍ ജീവിക്കുന്നവരുമായ ബാങ്ക്‌ മാനേജര്‍മാര്‍ സാധാരണക്കാരന്റെ പ്രശ്നങ്ങളും അവന്റെ ജീവിത പ്രാരാബ്ദങ്ങളും മക്കളിലൂടെ അതില്‍ നിന്നുള്ള മോചനത്തിനുള്ള അവന്റെ ശ്രമങ്ങളുമൊന്നും ഈ സുഖിമാന്മാര്‍ക്ക്‌ വിഷയമേ അല്ല. അതുകൊണ്ടാണ്‌ മനുഷ്യത്വം തൊട്ടുതെറിച്ചിട്ടില്ലാത്ത രീതിയില്‍ ഇവരൊക്കെ പെരുമാറുന്നത്‌.
അതേസമയം,ആതിരേ സമ്പന്നരെന്ന്‌ പരക്കെ അറിയപ്പെടുന്നവര്‍ക്ക്‌ എത്ര ലക്ഷം രൂപ വേണമെങ്കിലും വായ്പയായി അനുവദിക്കാന്‍ ഈ ബാങ്ക്‌ മാനേജര്‍മാര്‍ക്ക്‌ താല്‍പ്പര്യമേ ഉള്ളു. അനുപേക്ഷണീയങ്ങളായ രേഖകളില്ലാതെയും കൃത്രിമ രേഖകള്‍ സ്വീരിച്ചും കോടിക്കണക്കിന്‌ രൂപയാണ്‌ ഇത്തരത്തില്‍ വിവിധ ബാങ്ക്‌ മാനേജര്‍മാര്‍ വായ്പയായി അനുദിച്ചിട്ടുള്ളത്‌. ഇങ്ങനെ അനുവദിച്ചിട്ട്‌ തിരിച്ചുകിട്ടാത്ത തുക കോടികള്‍ വരും. ഇത്തരത്തില്‍ വായ്പയെടുത്തവര്‍ സമൂത്തിലെ സമ്പന്നരും രാഷ്ട്രീയ പിടിപാടുള്ളവരുമായതുകൊണ്ട്‌ അവര്‍ക്കെതിരെ ജപ്തി നോട്ടീസ്‌ പോലും അയയ്ക്കാന്‍ സാധുക്കളായ വിദ്യാര്‍ത്ഥികള്‍ക്ക്‌ പഠനവായ്പ അനുവദിക്കുന്ന കാര്യത്തില്‍ നിയമം കര്‍ശനമായി പിന്‍തുടരുന്ന ബാങ്ക്‌ മാനേജര്‍മാര്‍ക്ക്‌ ധൈര്യവുമില്ല. ഇത്തരത്തില്‍ കിട്ടാക്കടമായി എഴുതി തള്ളിയിട്ടുള്ളത്‌ ശതകോടികളാണ്‌.
വീടുവായ്പക്കും വാഹനവായ്പക്കുമൊക്കെ എട്ട്‌ ശതമാനം പലിശ ഈടാക്കുമ്പോള്‍ വിദ്യാഭ്യാസ വായ്പക്ക്‌ 11 ശതമാനം പലിശയാണ്‌ ബാങ്കുകള്‍ പിഴിഞ്ഞെടുക്കുന്നത്‌. ഇത്‌ പാടില്ല എന്നും പലിശ കുറയ്ക്കണമെന്നും കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടതാണ്‌. പക്ഷെ, ആ ഉത്തരവ്‌ തങ്ങള്‍ക്ക്‌ ലഭിച്ചിട്ടില്ല എന്ന ന്യായം പറഞ്ഞ്‌ പലിശ കുറയ്ക്കാന്‍ ബാങ്കുകള്‍ തയ്യാറായിട്ടുമില്ല. ഇതാണ്‌ വിദ്യാഭ്യാസ വായ്പയുടെ പേരില്‍ നടക്കുന്ന കള്ളക്കളികള്‍.
ഇക്കാര്യങ്ങളെല്ലാം ഇവിടത്തെ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കും വിദ്യാര്‍ത്ഥിയൂണിയന്‍ സാരഥികള്‍ക്കും നന്നായി അറിവുള്ളതാണ്‌. എന്നിട്ടും ഒ. പ്രഭാകരനെ പോലെയുള്ള മാനേജര്‍മാര്‍ സാധുക്കളായ വിദ്യാര്‍ത്ഥികളെയും അവരുടെ രക്ഷകര്‍ത്താക്കളെയും വട്ടം ചുറ്റിക്കുന്നതിനെതിരെ പ്രതിഷേധിക്കാന്‍ അവരിലൊരാള്‍ പോലും തയ്യാറായിട്ടില്ല. പ്രസ്താവനകളിറക്കിയും പ്രഖ്യാപനങ്ങള്‍ നടത്തിയും നീതി നിഷേധിക്കപ്പെടുന്ന ഇത്തരം സാധുക്കളോട്‌ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനാണ്‌ ഈ നേതൃമ്മന്യന്മാര്‍ക്ക്‌ താല്‍പ്പര്യം.
ആതിരേ..,കഴിഞ്ഞ യുഡിഎഫ്‌ ഭരണകാലത്ത്‌ ഒരു സ്വാശ്രയ മാനേജ്മെന്റിന്റെ സാമ്പത്തിക കടുംപിടുത്തം മൂലം ആത്മഹത്യ ചെയ്ത രജനി എസ്‌. ആനന്ദിനെ ഇപ്പോള്‍ ഓര്‍ത്തുപോകുന്നു. ഒപ്പം ആ ആത്മഹത്യയ്ക്ക്‌ ശേഷമുണ്ടായ വിദ്യാര്‍ത്ഥി പ്രക്ഷോഭവും ഓര്‍മ്മയിലെത്തുന്നു. അന്ന്‌ എസ്‌എഫ്‌ഐയും ഡിവൈഎഫ്‌ഐയും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും എത്ര രൂക്ഷമായ പ്രക്ഷോഭമാണ്‌ ഈ വിഷയത്തില്‍ നടത്തിയത്‌. എന്നാല്‍, എല്‍ഡിഎഫ്‌ ഭരണത്തിലെത്തിയതോടെ ഇത്തരം ഇടപെടലുകളില്‍ നിന്ന്‌ ബോധപൂര്‍വ്വം പിന്‍വലിഞ്ഞു നില്‍ക്കുകയാണ്‌ ഈ വിപ്ലവ വായാടികള്‍. അതേസമയം സിഎംഎസ്‌ കോളജ്‌ പോലെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അക്രമം നടത്തി വിപ്ലവ വീര്യം പ്രകടിപ്പിക്കുന്നുമുണ്ട്‌. പ്രതിപക്ഷത്തിരിക്കുന്ന കെഎസ്‌യുവും യൂത്ത്‌ കോണ്‍ഗ്രസും മറ്റ്‌ വിദ്യാര്‍ത്ഥി യുവജന സംഘടനകളും ഈ വിഷയത്തില്‍ പാലിക്കുന്ന മൗനം ഇതിലും പ്രതിഷേധാര്‍ഹമാണ്‌. കേന്ദ്രസര്‍ക്കാരാണ്‌ ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്ന അഴകൊഴമ്പന്‍ ന്യായം പറഞ്ഞ്‌ തടി രക്ഷിച്ച്‌ നില്‍ക്കാനാണ്‌ ഇപ്പോള്‍ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും വിദ്യാര്‍ത്ഥി യുവജന നേതാക്കള്‍ക്ക്‌ താല്‍പ്പര്യം.
നീതി നിഷേധിക്കപ്പെടുമ്പോള്‍ ജീവനൊടുക്കി പ്രതിഷേധിക്കുന്നവര്‍ മാത്രമല്ല ചിലപ്പോള്‍ അളമുട്ടിയാല്‍ ചേരയും കടിക്കുമെന്ന ന്യായത്തിന്റെ അടിസ്ഥാനത്തില്‍ ജീവനെടുത്തും പ്രതിഷേധിക്കാനാരെങ്കിലുമൊക്കെ തയ്യാറായാല്‍, ആതിരേ, അതിന്റെ ഉത്തരവാദിത്തം വഞ്ചകരായ ഈ രാഷ്ട്രീയ നേതാക്കള്‍ക്കും ഇത്തരം ദാരുണ സംഭവങ്ങളുണ്ടായിട്ടും പ്രതികരിക്കാതെ മാന്യന്മാരായി മാറി നില്‍ക്കുന്ന ഞാനും നിങ്ങളും അടങ്ങുന്ന സമൂഹത്തിനുമായിരിക്കും സംശയമില്ല.

No comments: