കുറ്റവാളികളുടെ കാര്യത്തില്‍ പോലും രാഷ്ട്രീയമായ നിലപാടാണ് ഇടതുപക്ഷ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. ഒരിക്കല്‍ പോലും വിശ്വസിക്കാനാകാത്ത രീതിയിലുള്ള അഴിമതിയും പണാര്‍ത്തിയുമാണ് സഖാക്കളെ ഇപ്പോള്‍ ഭരിക്കുന്നത്. ഇതിന്റെ നേട്ടത്തിനുവേണ്ടി എന്ത് തോന്ന്യാസവും കാണിക്കാന്‍ മടിയില്ലാത്തവരായി മാറിക്കഴിഞ്ഞു ഇടതുപക്ഷ മന്ത്രിമാരില്‍ ഭൂരിപക്ഷവും. പ്രത്യേകിച്ച് സിപിഎം മന്ത്രിമാര്‍. ഇവര്‍ ഇത്തരത്തില്‍ പെരുമാറുമ്പോഴും കുറ്റവാളികളെ രക്ഷപ്പെടുത്തുമ്പോഴുമാണ് ജയില്‍ ചാടിയ ജയാനന്ദനെയും റിയാസിനെയും വലിയ കുറ്റവാളികളായി ചിത്രീകരിക്കുന്നത്. ആഭ്യന്തര മന്ത്രിയുടെയും ഡിജിപിയുടെയും ജയില്‍ എഡിജിപിയുടെയും അറിവോടും കൂടി കുറ്റവാളികളെ പണം സ്വീകരിച്ച് വിട്ടയയ്ക്കുന്നതുമായി തട്ടിച്ചുനോക്കുമ്പോള്‍ ജയാനന്ദന്റെയും റിയാസിന്റെയും നടപടികള്‍ താരതമ്യേന ലഘുവായ കുറ്റമായേ കാണാന്‍ കഴിയൂ. അല്ലാ അവര്‍ ചെയ്തത് കഠിനമായ തെറ്റാണെങ്കില്‍ അതിലും കഠിനമായ കുറ്റങ്ങളാണ് ആഭ്യന്തരമന്ത്രിയും ഡിജിപിയും ജയില്‍ എഡിജിബിയും നടത്തുന്നത്. അപ്പോള്‍ ശിക്ഷിക്കപ്പെടേണ്ടത് ഇവരൊക്കെയാണ്.
നാല്‍പ്പത്തിരണ്ടു വര്‍ഷം മുമ്പ് പുറത്തിറങ്ങിയ {ശെറ്റ്റ്റെ Vഒല്‍റ്റ്റ്റെ ശെറ്റ്റ്റെ} എന്ന ഇറ്റാലിയന്‍ ചിത്രത്തെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ നിന്ന് ജീവപര്യന്തം തടവുകാരന്‍ 'റിപ്പര്‍' ജയാനന്ദനും റിമാന്‍ഡ് തടവുകാരന്‍ റിയാസും രക്ഷപ്പെട്ടതിനുപിന്നില്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനും ഡിജിപി ജേക്കബ് പുന്നൂസിനും ജയില്‍ എഡിജിപി അലക്സാണ്ടര്‍ ജേക്കബിനുമുള്ള പങ്ക് പക്ഷെ, ആരും ചര്‍ച്ച ചെയ്ത് കാണുന്നില്ലല്ലോ, ആതിരേ..!.
ജയാനന്ദന്റെയും റിയാസിന്റെയും ജയില്‍ ചാട്ടത്തിന് 'പ്രചോദന'മായത് ഈ മൂവരുടെയും ഭരണമാണെന്ന് ആരോപിച്ചാല്‍ പോലീസിനെ നിയോഗിച്ച് അടിച്ചിരുത്താനും അല്ലെങ്കില്‍ എന്‍ഫോഴ്സമെന്റ് വിഭാഗത്തെ ഉപയോഗിച്ച് റെയ്ഡ് നടത്തി കുടുക്കാനും അതുമല്ലെങ്കില്‍ മാനനഷ്ട കേസ് കൊടുത്ത് കോടതികയറ്റാനും അവര്‍ തയ്യാറായേക്കും. അസുഖകരമായ സത്യം പറയുന്ന ആരെയും ഒതുക്കാന്‍ ഇത്തരം ഫാസിസ്റ്റ് നടപടികള്‍ എല്ലാ ഭരണകര്‍ത്താക്കളുടെയും കുത്തകയായുണ്ട്. എന്നുവെച്ച് രാജാവ് നഗ്നനാണെന്ന് പറയാതിരിക്കുന്നതെങ്ങനെ..
ജയില്‍ സുരക്ഷയ്ക്കുനേരെ ഉയര്‍ന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ഇവരുടെ ജയില്‍ ചാട്ടമെന്നാണ് പോലീസും ജയില്‍ അധികൃതരും സമ്മതിക്കുന്നത്. അപ്പോള്‍ തന്നെ ജയില്‍ ചാടാന്‍ ഇവര്‍ ഉപയോഗിച്ച തന്ത്രങ്ങളെ കുറിച്ചും ജയില്‍ ചാട്ടത്തിന് ഇവര്‍ക്ക് അനുകൂലമായ ഘടകങ്ങളെ കുറിച്ചും വ്യത്യസ്തമായ വിശദീകരണങ്ങളാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടുള്ളത്. എന്തായാലും ജയാനന്ദനെ ഊട്ടിയില്‍ നിന്നും റിയാസിനെ കാസര്‍ഗോഡ് നിന്നും ' പൊക്കി 'യെങ്കിലും ചോദ്യങ്ങള്‍ ഒരുപാട് ബാക്കിയാണ്.അതിനെല്ലാം ഉത്തരം തരേണ്ടത് കോടിയേരിയും, ജേക്കബ് പുന്നൂസും അലക്സാണ്ടര്‍ ജേക്കബുമാണ്.
കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ എന്ന നാഥനില്ലാ കളരിയുടെ തനിനിറം ഈ സംഭവത്തോടെ വ്യക്തമായി , ആതിരേ.. രാഷ്ട്രീയ തടവുകാര്‍ പ്രത്യേകിച്ച് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ പെട്ട തടവുകാര്‍ ഏറ്റവുമധികം ഉള്ളത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. അതുകൊണ്ടുതന്നെ സഖാക്കളുടെ ഒരു സുഖവാസ കേന്ദ്രമായിട്ടാണ് ഇവിടം അറിയപ്പെടുന്നത്. സഖാക്കളെ ഭയന്ന് അനുദിനമുള്ള പരിശോധനകള്‍ പോലും നടത്താന്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയാത്ത അവസ്ഥയാണ് ഇവിടെ ഉണ്ടായിരുന്നത്. സഖാക്കള്‍ക്ക് യഥേഷ്ടം വിഹരിക്കാനും ജയില്‍ നിയമങ്ങള്‍ ലംഘിക്കാനും ഇതുമൂലം സാഹചര്യം ഒരുങ്ങിയിരുന്നു. ഭരണത്തിന്റെ മറവിലാണ് കുറ്റവാളികള്‍ക്ക് ഇവിടെ സുഖവാസ സൗകര്യം ഒരുക്കിയിരുന്നത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ സുരക്ഷാ സംവിധാനങ്ങള്‍ അതീവ ദുര്‍ബലങ്ങളാണെന്നും എന്തും എപ്പോഴും സംഭവിക്കാമെന്നും ഇന്റലിജന്‍സ് വിഭാഗം റിപ്പോര്‍ട്ട് ചെയ്തിരുന്നതാണ്. എന്നാല്‍, ഇക്കാര്യം ബോധപൂര്‍വ്വം മറച്ചുവെച്ച് സഖാക്കളായ കുറ്റവാളികള്‍ക്കും സഹ കുറ്റവാളികള്‍ക്കും ഇഷ്ടപ്രകാരം വിലസാനുള്ള സാഹചര്യങ്ങളാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ സമ്മര്‍ദ്ദം മൂലം ഏര്‍പ്പെടുത്തിയിരുന്നത്. അതിന്റെ തെളിവായിരുന്നു കഴിഞ്ഞദിവസം നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത മൊബെയില്‍ ഫോണ്‍ അടക്കമുള്ള ഉപകരണങ്ങളും മറ്റും. നാലുലോഡ് സാധനങ്ങളും.
കുറ്റവാളികളെ " മാതൃകാപരമായി " (?) ശിക്ഷിച്ച് പാര്‍പ്പിക്കുന്ന കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ പക്ഷെ, പാര്‍ട്ടിയുടെ പോഷക ഘടകമായിട്ടോ പാര്‍ട്ടി ഫ്രാക്ഷനായിട്ടോ ആണ് ഇതുവരെ നിലനിന്നിരുന്നത്. അതുകൊണ്ടാണ് ക്ലോസ്ഡ് സര്‍ക്ക്യൂട്ട് ടിവി പോലും രാത്രികളില്‍ പ്രവര്‍ത്തിക്കാതെ കണ്ണടച്ചത്!. ഈ സാഹചര്യം മുതലെടുത്താണ് ജയാനന്ദനും റിയാസും ജയില്‍ ചാടിയതെന്ന് ഉദ്യോഗസ്ഥര്‍ വിശദീകരിക്കുമ്പോള്‍ വാസ്തവം മറ്റ് എവിടെയോ തടവില്‍ കിടക്കുന്നതായിട്ടല്ലെ കുട്ടി നമുക്കെല്ലാം ബോദ്ധ്യമാകുന്നത്..?
ഇവിടെയാണ്, ആതിരേ, ഈ ജയില്‍ ചാട്ടത്തില്‍ ആഭ്യന്തര മന്ത്രിക്കും ഡിജിപിക്കും ജയില്‍ എഡിജിപിക്കുമുള്ള പങ്ക് തിരിച്ചറിയാന്‍ നാം നിര്‍ബന്ധിതരാകുന്നത്....
ആതിരേ, ഇവിടെ കൂട്ടിവായിക്കേണ്ടത് ഇനിപറയുന്ന വാസ്തവങ്ങളാണ്:
1-സംസ്ഥാനത്തെ ജയിലുകളില്‍ നിന്ന് പത്തുവര്‍ഷം പൂര്‍ത്തിയാക്കിയ ജീവപര്യന്തം തടവുകാരെ പൊതുമാപ്പ് നല്‍കി സര്‍ക്കാര്‍ മോചിപ്പിക്കുന്നതിന്റെ മറവില്‍ വന്‍ പണപ്പിരിവും പക്ഷപാതപരവുമായ നടപടികളുമാണ് നടക്കുന്നത്.
2-ശിക്ഷാ ഇളവ് ഉള്‍പ്പെടെ ആറും ഏഴും വര്‍ഷം മാത്രം ജയില്‍ കിടന്ന പാര്‍ട്ടിക്കാരെ വിട്ടയയ്ക്കാനാണ് നടപടി.
3-ഇത്തരക്കാരെ വിട്ടയയ്ക്കുമ്പോള്‍ പണവും സ്വാധീനവുമില്ലാതെ 22 വര്‍ഷമായി തടവില്‍ കിടക്കുന്നവര്‍ക്ക് പരിഗണന ലഭിക്കുന്നുമില്ല.
4-എന്നുമാത്രമല്ല കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിലെ പ്രതികളായ മണിച്ചനെയും സഹോദരനെയും കണിച്ചുകുളങ്ങര കേസിലെ പ്രതി സജിത്തിനെയും വിട്ടയയ്ക്കാന്‍ ഉദ്യോഗസ്ഥ തലത്തില്‍ തന്നെയാണ് നീക്കങ്ങള്‍ നടക്കുന്നത്.
5-മണിച്ചനെയും സഹോദരനെയും മോചിപ്പിക്കാന്‍ ജയില്‍ ഉദ്യോഗസ്ഥര്‍ തന്നെ വനിതാ പ്രൊബേഷണറി ഓഫീസറെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
മണിച്ചന്‍ പൂജപ്പുരയിലും സഹോദരന്‍ നെട്ടുകാല്‍ത്തേരി തുറന്ന ജയിലുമാണ്. ജില്ലാ പോലീസ് സൂപ്രണ്ടിന്റെയും ജില്ലാ പ്രൊബേഷണറി ഉദ്യോഗസ്ഥന്റെയും അനുകൂല റിപ്പോര്‍ട്ട് ഉണ്ടെങ്കിലേ ജയില്‍ സൂപ്രണ്ടിന് തടവുകാരുടെ പേരുകള്‍ ആഭ്യന്തരവകുപ്പിലേക്ക് ശിപാര്‍ശ ചെയ്യാന്‍ കഴിയൂ. എന്നാല്‍, മണിച്ചനെയും സഹോദരനെയും വിട്ടയയ്ക്കാന്‍ കഴിയില്ലെന്നാണ് ആറ്റിങ്ങലിലെ വനിതാ പ്രൊബേഷണറി ഓഫീസര്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈ റിപ്പോര്‍ട്ട് മണിച്ചന്റെ ബന്ധുക്കള്‍ക്ക് ജയിലില്‍ നിന്നുതന്നെ ചോര്‍ത്തി നല്‍കി. അവര്‍ വനിതാ ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍, വനിതാ ഉദ്യോഗസ്ഥ തന്റെ റിപ്പോര്‍ട്ടില്‍ ഉറച്ചുനിന്നപ്പോള്‍ നെട്ടുകാല്‍ത്തേരി ജയിലിലെ ഉദ്യോഗസ്ഥനാണ് ഇവരെ വിളിച്ച് മണിച്ചനും സഹോദരനും അനുകൂലമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഭീഷണിയുടെ സ്വരത്തില്‍ ആവശ്യപ്പെട്ടത്. ഇതേ കുറിച്ച് വനിതാ ഓഫീസര്‍ സാമൂഹിക ക്ഷേമ ഡയറക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
ഇതിനിടെ ,ആതിരേ, കണിച്ചുകുളങ്ങര കേസിലെ പ്രതി സജിത്തിന് പരോള്‍ നല്‍കാന്‍ സെന്‍ട്രല്‍ ജയിലിലെ ഉദ്യോഗസ്ഥരാണ് വഴിവിട്ട നടപടികള്‍ക്ക് തയ്യാറായത്. നാലു കേസുകളുടെയും വാറണ്ടിന്റെയും കാര്യം മറച്ചുവെച്ച് ജയില്‍ മേധാവിക്ക് പരോള്‍ ശിപാര്‍ശ നല്‍കിയാണ് സജിത്തിനുവേണ്ടി ഉദ്യോഗസ്ഥര്‍ കളിച്ചത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജയില്‍ എഡിജിപി അലക്സാണ്ടര്‍ ജേക്കബ് കഴിഞ്ഞ 31ന് പരോള്‍ അനുവദിച്ചിരുന്നു. അപ്പോഴാണ് മറ്റു ചില കേസുകളിലെ വാറണ്ട് വന്നത്. ഉടനെ പരോള്‍ മരവിപ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ നിര്‍ബന്ധിതരായി. അലക്സാണ്ടര്‍ ജേക്കബിനെ പോലെ ആര്‍ജ്ജവമുള്ള ഉദ്യോഗസ്ഥരെ പോലും ഇത്തരത്തില്‍ കുറ്റവാളികള്‍ക്ക് അനുകൂലമായ നിലപാടെടുക്കാന്‍ നിര്‍ബന്ധിക്കുന്ന രാഷ്ട്രീയ സമ്മര്‍ദ്ദമാണ് നിലവിലുള്ളത്. അപ്പോള്‍ പിന്നെ ജയിലിലെ നടപടിക്രമങ്ങള്‍ എങ്ങനെ നീതി പൂര്‍വ്വകമാകുമെന്നാണ് നാം കരുതേണ്ടത്. വിട്ടയയ്ക്കാനുള്ളവരുടെ പട്ടികയില്‍ പാര്‍ട്ടിക്കുവേണ്ടപ്പെട്ടവരെ തിരുകി കയറ്റിയാണ് റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്. ആഭ്യന്തരമന്ത്രിയുടെ ഓഫീസിലാണ് എല്ലാ ചട്ടങ്ങളെയും മാനദണ്ഡങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് ഈ രാഷ്ട്രീയ നീക്കം നടന്നിട്ടുള്ളത്. പാര്‍ട്ടിക്കാര്‍ക്കൊപ്പം, ആവശ്യപ്പെട്ട പണം നല്‍കിയ മറ്റു കൊടും കുറ്റവാളികളെയും വിട്ടയയ്ക്കേണ്ടവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് അറിവ്.
നോക്ക് ആതിരേ, ഇത്തരത്തില്‍ കുറ്റവാളികളുടെ കാര്യത്തില്‍ പോലും രാഷ്ട്രീയമായ നിലപാടാണ് ഇടതുപക്ഷ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. ഒരിക്കല്‍ പോലും ഊഹിക്കാന്‍ കഴിയാത്ത രീതിയിലുള്ള അഴിമതിക്കൊതിയും പണാര്‍ത്തിയുമാണ് സഖാക്കളെ ഇപ്പോള്‍ ഭരിക്കുന്നത്. ഇതിന്റെ നേട്ടത്തിനുവേണ്ടി എന്ത് തോന്ന്യാസവും കാണിക്കാന്‍ മടിയില്ലാത്തവരായി മാറിക്കഴിഞ്ഞു ഇടതുപക്ഷ മന്ത്രിമാരില്‍ ഭൂരിപക്ഷവും. പ്രത്യേകിച്ച് സിപിഎം മന്ത്രിമാര്‍. ഇവര്‍ ഇത്തരത്തില്‍ പെരുമാറുമ്പോഴും കുറ്റവാളികളെ രക്ഷപ്പെടുത്തുമ്പോഴുമാണ് ജയില്‍ ചാടിയ ജയാനന്ദനെയും റിയാസിനെയും വലിയ കുറ്റവാളികളായി ചിത്രീകരിക്കുന്നത്. ആഭ്യന്തര മന്ത്രിയുടെയും ഡിജിപിയുടെയും ജയില്‍ എഡിജിപിയുടെയും അറിവോടും കൂടി കുറ്റവാളികളെ പണം സ്വീകരിച്ച് വിട്ടയയ്ക്കുന്നതുമായി തട്ടിച്ചുനോക്കുമ്പോള്‍ ജയാനന്ദന്റെയും റിയാസിന്റെയും നടപടികള്‍ താരതമ്യേന ലഘുവായ കുറ്റമായേ നമുക്ക് കാണാന്‍ കഴിയൂ. അല്ലാ ജയാനന്ദനും റിയാസും ചെയ്തത് കഠിനമായ തെറ്റാണെങ്കില്‍ അതിലും കഠിനമായ കുറ്റങ്ങളാണ് ആഭ്യന്തരമന്ത്രിയും ഡിജിപിയും ജയില്‍ എഡിജിപിയും നടത്തുന്നത്. അപ്പോള്‍ ശിക്ഷിക്കപ്പെടേണ്ടത് ഇവരൊക്കെയല്ലേ ആതിരേ..?. എന്നാല്‍, ഭരണകൂടഭീകരതയുടെ ഈ പ്രതീകങ്ങള്‍ ശിക്ഷപ്പെടുകയില്ല മറിച്ച് മാന്യന്മാരും വിശുദ്ധന്മാരും ആത്മാര്‍ത്ഥതയുള്ള ഭരണക്കാരുമായിട്ടാണ് വിശേഷിപ്പിക്കപ്പെടുക. അതേ, കുട്ടി, ഈ മാരണങ്ങള്‍ ഭരണത്തിലിരിക്കുന്ന കാലത്ത് ഇത്തരം ജയില്‍ ചാട്ടങ്ങളും ജയില്‍ നിയമങ്ങളുടെ ലംഘനങ്ങളും നടന്നില്ലെങ്കില്‍ മാത്രം അത്ഭുതപ്പെട്ടാല്‍ മതി.
Subscribe to:
Post Comments (Atom)
No comments:
Post a Comment