Tuesday, June 29, 2010

കേന്ദ്രവും സംസ്ഥാനവും മത്സരിച്ച്‌ ജനങ്ങളെ ദ്രോഹിക്കുമ്പോള്‍

ഇന്ധനവില വര്‍ധനയുടെ അധികഭാരം ജനങ്ങളില്‍ ഏല്‍ക്കാതിരിക്കാനുള്ള നടപടികളാണ്‌ സര്‍ക്കാരില്‍ നിന്ന്‌ സാധരണക്കാര്‍ പ്രതീക്ഷിക്കുന്നത്‌. ഇന്ധന വില വര്‍ധനയിലൂടെ സര്‍ക്കാരിന്‌ ലഭിക്കുന്ന അധിക നികുതി വേണ്ടന്ന്‌ വെയ്ക്കുക എന്നതാണ്‌ അതിനുള്ള നടപടി. ആ ഒരു നന്മ ചെയ്യാന്‍ പക്ഷെ, ഇടത്‌ സര്‍ക്കാര്‍ തയ്യാറുമല്ല. കഴിഞ്ഞ യുഡിഎഫ്‌ ഭരണകാലത്ത്‌ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കേ ഇന്ധനവില വര്‍ധിച്ചപ്പോള്‍ സര്‍ക്കാരിന്റെ ഈ അധിക നികുതി ഒഴിവാക്കി ജനങ്ങളുടെ ഭാരം കുറച്ച മാതൃകാപരമായ ഒരു നടപടി കീഴ്‌വഴക്കമായുണ്ട്‌.അതിന്‌ തയ്യാറാകാതെ കേന്ദ്ര വിരോധത്തിന്റെ അടിസ്ഥാനത്തില്‍, കേന്ദ്രത്തിന്റെ നയ വൈകല്യത്തിന്റെ പേരില്‍ സംസ്ഥാനത്തെ ജനങ്ങളെ വീണ്ടും ബുദ്ധിമുട്ടിക്കാനാണ്‌ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായത്‌. ഏത്‌ അഥിതി വന്നാലും കോഴിക്കാണ്‌ ഗതികേട്‌ എന്ന്‌ പറഞ്ഞതുപോലെ കേന്ദ്രത്തിന്റേതായാലും സംസ്ഥാനത്തിന്റേതായാലുമുള്ള ഭരണവൈകല്യത്തിന്റെയും ജനദ്രോഹ നിലപാടുകളുടെയും ഭാരം പേറേണ്ടവര്‍ നികുതി നല്‍കുന്ന, വോട്ട്‌ ചെയ്യുന്ന സാധാരണക്കാരാണ്‌. ഇവര്‍ക്കാകട്ടെ പ്രതിരോധിക്കാനും പ്രതിഷേധിക്കാനും കഴിവുമില്ല. പിന്നെന്ത്‌ ചെയ്യും.
അതേ, ചാവേറുകളെ സൃഷ്ടിക്കുകയാണ്‌ കേന്ദ്ര-സംസ്ഥാന ഭര്‍ണകൂടങ്ങള്‍




പാര്‍ലമെന്റിലേയ്ക്ക്‌ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഏറ്റവും അധികം സീറ്റു നല്‍കി കോണ്‍ഗ്രസ്‌ പാര്‍ട്ടിയെ വിജയിപ്പിച്ച സമ്മതിദായകനെ, ആതിരേ, അധികാരമേറ്റ നാള്‍മുതല്‍ അധിക്ഷേപിക്കുന്ന നയങ്ങളും നടപടികളുമാണ്‌ മന്‍മോഹനും സോണിയയും കൂട്ടരും അനുവര്‍ത്തിച്ച്‌ പോരുന്നത്‌. ആ ജനദ്രോഹത്തിന്റെ ഒടുവിലത്തെ ആണിയായിരുന്നു ഇന്ധനവില വര്‍ധന. പെട്രോളിന്‌ ലിറ്ററിന്‌ മൂന്നര രൂപയും ഡീസലിന്‌ രണ്ടുരൂപയും മണ്ണെണ്ണയ്ക്ക്‌ മൂന്ന്‌ രൂപയും പാചകവാതക സിലിണ്ടറിന്‌ 35 രൂപയും വര്‍ധിപ്പിച്ചുകൊണ്ടാണ്‌ കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയിലെ സാധാരണക്കാരുടെ മുതുകത്ത്‌ പുതിയ വിലഭാരം കയറ്റിവെച്ചിരിക്കുന്നത്‌.
കഴിഞ്ഞ ആറുമാസത്തിനിടയില്‍ മൂന്നാം തവണയാണ്‌ പെട്രോള്‍ വില കൂട്ടുന്നത്‌. മണ്ണെണ്ണ വില എട്ട്‌ വര്‍ഷത്തിന്‌ ശേഷം. തീരുന്നില്ല ജനദ്രോഹത്തിന്റെ ചാട്ടവാറടി. പെട്രോളിയം വിപണി വില നിയന്ത്രണത്തില്‍ നിന്ന്‌ പിന്‍മാറിക്കൊണ്ട്‌ എണ്ണക്കമ്പനികള്‍ക്ക്‌ രാജ്യാന്തര വിപണിയിലെ എണ്ണവിലയുടെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ വില പുനര്‍നിര്‍ണയിക്കാനുള്ള അധികാരവും നല്‍കിയിരിക്കുന്നു. ഇനിമുതല്‍ രണ്ടാഴ്ചയിലൊരിക്കല്‍ എണ്ണക്കമ്പനികള്‍ പുനര്‍ നിര്‍ണയിക്കുന്ന വില നല്‍കിവേണം ഇന്ത്യയിലെ സാധാരണക്കാര്‍ക്ക്‌ ഇന്ധനം വാങ്ങേണ്ടിവരിക.
എണ്ണക്കമ്പനികള്‍ വന്‍ നഷ്ടം നേരിടുന്നതുകൊണ്ട്‌ വില വര്‍ധിപ്പിക്കാതെ തരമില്ല എന്നാണ്‌ കേന്ദ്രസര്‍ക്കാരിന്റെ നിലപാട്‌. പെട്രോള്‍, ഡീസല്‍ വില നിയന്ത്രണമൊഴിവാക്കുക. മണ്ണെണ്ണയ്ക്ക്‌ ആറ്‌ രൂപയും പാചകവാതകത്തിന്‌ 100 രൂപയും കൂട്ടുക എന്നായിരുന്നു സര്‍ക്കാര്‍ നിയമിച്ച കിരീത്‌ പരീഖ്‌ കമ്മിറ്റി നല്‍കിയ ശിപാര്‍ശ. ആ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ്‌ ജൂണ്‍ 25 വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ ഇന്ധനവില വര്‍ധന നടപ്പിലാക്കിയത്‌.
എണ്ണക്കമ്പനികള്‍ക്ക്‌ ഇപ്പോള്‍ 74,300 കോടി രൂപയുടെ നഷ്ടമുണ്ടെന്നാണ്‌ സര്‍ക്കാരിന്റെ വാദം. ഇപ്പോഴത്തെ വിലവര്‍ധനയിലൂടെ ഈ നഷ്ടം 53,000 കോടി രൂപയായി കുറയും. ഈ 53,000 രൂപ സര്‍ക്കാര്‍ ഇടപെട്ട്‌ നികത്തുകയും ചെയ്യും. എന്നുമാത്രമല്ല ഇന്ധനവിലവര്‍ധനയിലൂടെ ധനക്കമ്മികുറയ്ക്കാനും കേന്ദ്രസര്‍ക്കാരിന്‌ കഴിയും.
ഇതാണ്‌ പറച്ചിലെങ്കിലും, ആതിരേ, പെട്രോളിയം വിപണന രംഗത്ത്‌ പിടിച്ച്‌ നില്‍ക്കാന്‍ പാടുപെടുന്ന സ്വകാര്യ കമ്പനികളെ സഹായിക്കാനാണ്‌ കേന്ദ്രസര്‍ക്കാര്‍ വിലനിയന്ത്രണം നീക്കിയതെന്നറിയുക. തുടക്കത്തില്‍ വിലകള്‍ തുല്യമാകുമെങ്കിലും ക്രമേണ പൊതുമേഖല എണ്ണക്കമ്പനികളെ അപേക്ഷിച്ച്‌ കുറഞ്ഞ നിരക്കിലായിരിക്കും സ്വകാര്യകമ്പനികളുടെ വില്‍പ്പന. അതായത്‌ പൊതുമേഖലയെ പൊളിച്ചടുക്കാനുള്ള മന്മോഹന്റെയും കൂട്ടരുടേയും ഗൂഢനിക്കത്തിന്‌ ഒരു വിജയം കൂടി..!ഇവിടെ ശ്രദ്ധിക്കേണ്ട ഒരു വസ്തുത രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയ്ക്ക്‌ വീപ്പയ്ക്ക്‌ 147 ഡോളര്‍ വിലയുള്ളപ്പോള്‍ നിശ്ചയിച്ച ഇന്ധനവിലയാണ്‌ നിലവിലുള്ളത്‌. ഇപ്പോള്‍ ക്രൂഡോയിലിന്റെ വില 76 ഡോളറിലേയ്ക്ക്‌ താഴ്‌ന്നിട്ടും ശുദ്ധീകരണ നഷ്ടത്തിന്റെ പേരില്‍ പാചകവാദകത്തിനടക്കം വില കൂട്ടിയത്‌ സാധാരണക്കാരുടെ വയറ്റത്തടിക്കാനല്ലെങ്കില്‍ പിന്നെന്തിനാണ്‌..?
എണ്ണക്കമ്പനികളുടെ നഷ്ടം നികത്തുന്നതാണോ അതോ മന്‍മോഹനെയും കൂട്ടരെയും അധികാരത്തിലേറ്റിയ സാധാരണക്കാരുടെ ജീവിതച്ചിലവ്‌ കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതാണോ കേന്ദ്രസര്‍ക്കാര്‍ പ്രാഥമികമായി ചെയ്യേണ്ടതെന്ന ചോദ്യത്തിനാണ്‌, ആതിരേ, ഇവിടെ ഉത്തരം ലഭിക്കേണ്ടത്‌. എണ്ണക്കമ്പനികളുടെ നഷ്ടം കുറയ്ക്കാനും കേന്ദ്രസര്‍ക്കാരിന്റെ ധനക്കമ്മി കുറയ്ക്കാനും ഏര്‍പ്പെടുത്തിയിട്ടുള്ള ഈ വിലവര്‍ധനമൂലം അവശ്യവസ്തുക്കളുടെ വില ക്രമാധീതമായി ഉയരും. ഇപ്പോള്‍ തന്നെ വിലവര്‍ധനയില്‍ വീര്‍പ്പുമുട്ടുന്ന സാധാരണജനങ്ങളെ വീണ്ടും ദുരിതക്കയത്തിലേയ്ക്ക്‌ വലിച്ചെറിയാനെ ഈ തീരുമാനം ഉതകുകയുള്ളു. സാധാരണക്കാരുടെ ജീവിതം ദുഷ്കരമാകുന്നതുകൊണ്ട്‌ മന്‍മോഹനോ സോണിയ്ക്കോ മറ്റ്‌ കേന്ദ്ര മന്ത്രിമാര്‍ക്കോ തരിമ്പും വിഷമമില്ല എന്നതിന്റെ തെളിവാണ്‌ ഈ വിലവര്‍ധന. എന്നും ഇന്ത്യയിലെ സാധാരണക്കാരെ ദ്രോഹിച്ചും അവരുടെ പോക്കറ്റുകള്‍ ചോര്‍ത്തിയെടുത്തും ബഹുരാഷ്ട്ര കുത്തകകള്‍ക്കും മൂലധന ചൂഷകന്മാര്‍ക്കും തഴച്ച്‌ വളരാനുള്ള പരിസരമൊരുക്കാനാണ്‌ മന്‍മോഹനും കൂട്ടരും ശ്രമിച്ചിട്ടുള്ളത്‌.ആ രാഷ്ട്ര വഞ്ചനയുടെ പുതിയ അദ്ധ്യായമാണ്‌ ഇപ്പോഴത്തെ വിലവര്‍ദ്ധന.
സാമ്പത്തിക പരിഷ്കരണം എന്ന പേരില്‍ മന്‍മോഹന്‍ ധനമന്ത്രിയായിരുന്നപ്പോള്‍ ആരംഭിച്ച ജനവിരുദ്ധ നടപടികളുടെ ശാപമാണ്‌ ഇപ്പോഴത്തെ വിലവര്‍ധനയും അനുബന്ധ പ്രശ്നങ്ങളും. അവ കാലാനുസൃതമായി പരിഹരിക്കേണ്ടതിന്‌ പകരം സാമ്പത്തിക ശക്തികളോ സംഘടിതരോ അല്ലാത്ത സാധാരണക്കാരെ ഞെക്കിപ്പിഴിഞ്ഞ്‌ എണ്ണക്കമ്പനികളുടെയും കേന്ദ്രസര്‍ക്കാരിന്റെയും നഷ്ടവും ധനക്കമ്മിയും നികത്താനെടുത്ത ഈ തീരുമാനം തീര്‍ച്ചയായും, ആതിരേ ബഹുജനപ്രക്ഷോഭങ്ങള്‍ക്ക്‌ വഴിവെയ്ക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഇപ്പോള്‍തന്നെ ഇന്ത്യയിലെ ദരിദ്രരും ദുര്‍ബലരുമടങ്ങുന്ന അടിസ്ഥാന വിഭാഗത്തെ ചൂഷണം ചെയ്യുന്ന ഭരണകൂട നടപടികള്‍ മൂലം ജനങ്ങളുടെ അമര്‍ഷം മുതലെടുത്ത്‌ രാജ്യത്തിന്‌ തന്നെ ഭീഷണിയായി ഭീകര ശക്തികള്‍ വളര്‍ന്നുപന്തലിച്ചിട്ടുണ്ട്‌. ഈ വിഭാഗീയ, വിഘടന വാദികള്‍ ദേശത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയാണെന്ന്‌ വിലയിരുത്തുന്നവര്‍ തന്നെയാണ്‌ തങ്ങളുടെ രാഷ്ട്രവിരുദ്ധ നയങ്ങളിലൂടെ വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ക്ക്‌ പുതിയ വേദികള്‍ സൃഷ്ടിച്ചുനല്‍കുന്നത്‌.
തങ്ങള്‍ നല്‍കിയ വോട്ടും നല്‍കുന്ന നികുതിയും രാജ്യത്തിലെ സമ്പന്ന വിഭാഗങ്ങളുടെയും വ്യവസായ ഭീമന്മാരുടെയും താല്‍പ്പര്യങ്ങളും ലാഭേച്ഛകളും സംരക്ഷിക്കാന്‍ ഒരു ഭരണകൂടം മാറ്റിവെയ്ക്കുമ്പോള്‍ ജനങ്ങള്‍ ഭരണകൂടത്തിനെതിരെ തിരിയുമെന്ന കാര്യത്തില്‍ സംശമില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലഭിച്ച മാന്‍ഡേറ്റിന്റെ അടിസ്ഥാനത്തിലും നിലവിലുള്ള പ്രതിപക്ഷത്തിന്റെ അനൈക്യം മൂലവും അടുത്ത അഞ്ചുവര്‍ഷം, എന്ത്‌ തോന്ന്യാസം നടപ്പിലാക്കിയാലും ഭരിക്കാമെന്ന ഉറപ്പുള്ളതുകൊണ്ടാണ്‌ ഇത്തരത്തിലുള്ള കഠിന ജനദ്രോഹ നടപടികള്‍ മന്‍മോഹനും കൂട്ടരും ഉളുപ്പൊട്ടുമില്ലാതെ സ്വീകരിക്കുന്നത്‌. ഈ നയവും നിലപാടുകളും പക്ഷെ, ചാവേറുകളുടെ വളര്‍ച്ചയ്ക്കാണ്‌ വളമാകുന്നതെന്ന്‌ തിരിച്ചറിയേണ്ടതുണ്ട്‌. അറിയാത്ത പിള്ള ചൊറിയുമ്പോള്‍ അറിയുമെന്ന മലയാളത്തിലെ പഴമൊഴി പോലെ ഉന്മൂലനത്തിന്റെ ശക്തികള്‍ ആഞ്ഞടിച്ച്‌ ഇത്തരം തീരുമാനമെടുക്കുന്ന ഭരണകൂട ഭീകരതകളില്‍ ചിലരെ ഇല്ലാതാക്കുമ്പോഴായിരിക്കും ഇവരൊക്കെ ഞെട്ടുക. അതേസമയം, ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായുള്ള തീവ്ര മറുപടികളുടെ പൊള്ളലേല്‍ക്കാനും അതില്‍ പിടഞ്ഞ്‌ ഇല്ലാതാകാനും വിധിക്കപ്പെടുന്നത്‌ ഇന്നാട്ടിലെ നിരപരാധികളും സാധാരണക്കാരുമാണ്‌. സര്‍ക്കാരിന്റെ ദ്രോഹവും സര്‍ക്കാര്‍ വിരുദ്ധ ശക്തികളുടെ ഉന്മൂലന പ്രക്രിയകള്‍ക്കും ഒരുപോലെ വശംവദരാകാന്‍ വിധിക്കപ്പെട്ടിരിക്കുകയാണ്‌ ആതിരേ, അങ്ങനെ ഇന്ത്യയിലെ സാധാരണക്കാര്‍.
ഇന്ധനവില വര്‍ധന മൂലമുണ്ടാകുന്ന അവശ്യ സാധനങ്ങളുടെ വിലക്കയറ്റത്തിന്റെ രൂക്ഷത ഏറ്റവും ക്രൂരമായി ബാധിക്കുന്നത്‌ കേരളീയരെയാണ്‌. ഉപ്പുതൊട്ട്‌ കര്‍പ്പൂരം വരെയുള്ള വസ്തുക്കള്‍ക്ക്‌ അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളമെന്ന ഉപഭോക്തൃ സംസ്ഥാനത്തിന്റെ നട്ടെല്ലൊടിക്കുന്നതാണ്‌ ഇത്തവണത്തെ ഇന്ധന വിലവര്‍ധന. പെട്രോളിന്റെയും ഡീസലിന്റെയും വില വീണ്ടും ഉയരുമ്പോള്‍ സംസ്ഥാനത്തെ വാഹന ഉടമകളുടെ പ്രതിദിന ഇന്ധന ചെലവില്‍ നേരിടുന്നത്‌ 2.25 കോടിയിലേറെ രൂപയുടെ വര്‍ധനയാണ്‌. മണ്ണെണ്ണയുടെയും പാചകവാതകത്തിന്റെയും വിലകളിലെ വര്‍ധന്‍ കൂടിയാകുമ്പോള്‍ സംസ്ഥാനത്തെ ഉപയോക്താക്കള്‍ക്ക്‌ ദിവസം 56.11 ലക്ഷം രൂപയുടെ കൂടി അധിക ബാധ്യത നേരിടേണ്ടി വരുന്നു. പാചകവാതകത്തിന്റെ വിലവര്‍ധന കുടുംബ ബജറ്റില്‍ സൃഷ്ടിക്കുന്നത്‌ വന്‍തുകയുടെ അധിക ബാധ്യതയാണ്‌. ഈ വിലവര്‍ധനയിലൂടെ ഉപയോക്താക്കളുടെ അധിക ബാധ്യത 44.60 ലക്ഷം രൂപയാണ്‌.
കേന്ദ്രസര്‍ക്കാരിന്റെ ഈ ജനദ്രോഹ നയത്തെ പ്രതിരോധിക്കാനും എതിര്‍ത്ത്‌ തോല്‍പ്പിക്കാനും സംസ്ഥാന സര്‍ക്കാരുകള്‍ക്ക്‌ ഉത്തരവാദിത്തമുണ്ട്‌. ഇതിന്റെ പേരില്‍ പക്ഷെ,ആതിരേ കേരളത്തില്‍ നടന്നത്‌ കറതീര്‍ന്ന തോന്ന്യാസമാണ്‌. ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച്‌ എല്‍ഡിഎഫ്‌ സംസ്ഥാന ഹര്‍ത്താലിനാണ്‌ ആഹ്വാനം ചെയ്തത്‌. ഹര്‍ത്താല്‍ അടക്കമുള്ള സമരപരിപാടികള്‍ ഭരണകൂടത്തിന്റെ ചില ജനവിരുദ്ധ നയങ്ങളെ ചെറുക്കാന്‍ ഗുണകരമാകുമെങ്കിലും ഇന്ധനവില വര്‍ധന പോലെയുള്ള ദ്രോഹങ്ങളെ അത്‌ ഒരിക്കലും ശമിപ്പിക്കുന്നതല്ല. മറിച്ച്‌ പൗരന്റെ ബുദ്ധിമുട്ടുകള്‍ വര്‍ധിപ്പിക്കുക മാത്രമാണ്‌ ചെയ്യുക. വളരെ വൈകിയാണ്‌ എല്‍ഡിഎഫ്‌ ഹര്‍ത്താല്‍ ഫ്രഖ്യാപിച്ചത്‌. തന്മൂലം26-ാ‍ം തിയതി ശനിയാഴ്ച നടക്കാനിരുന്ന പിഎസ്സി പരീക്ഷയ്ക്കായി ദൂരസ്ഥലങ്ങളില്‍ നിന്ന്‌ യാത്ര തിരിച്ച പലര്‍ക്കും ഏറെ ബുദ്ധിമുട്ട്‌ നേരിടേണ്ടി വന്നു. വിവരമറിഞ്ഞ ചിലരെല്ലാം രാത്രി തന്നെ തിരികെ പോയെങ്കിലും ഭൂരിപക്ഷത്തിനും പിറ്റേദിവസത്തെ ഹര്‍ത്താലിന്റെ ദുരന്തം പേറേണ്ട ഗതികേടുണ്ടായി. എന്നുമാത്രമല്ല, അന്ന്‌ നടക്കേണ്ടിയിരുന്ന പിഎസ്സി പരീക്ഷ ഒക്ടോബര്‍ ഒമ്പതിലേയ്ക്ക്‌ മാറ്റിവെച്ചതുകൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ട്‌ വേറെയും ഇനി അനുഭവിക്കണം. കേന്ദ്രത്തിന്റെ നയം മൂലമുണ്ടായ വിലവര്‍ധനയേക്കാള്‍ ദുരിതഭരിതമാണ്‌ അതിനെ എതിര്‍ക്കാന്‍ കേരളത്തിലെ ഇടതുമുന്നണിയും സര്‍ക്കാരും സ്വീകരിച്ച പ്രതിഷേധ മാര്‍ഗം.
അതേസമയം ഇന്ധനവില വര്‍ധനയുടെ അധികഭാരം ജനങ്ങളില്‍ ഏല്‍ക്കാതിരിക്കാനുള്ള നടപടികളാണ്‌ സര്‍ക്കാരില്‍ നിന്ന്‌ സാധരണക്കാര്‍ പ്രതീക്ഷിക്കുന്നത്‌. ഇന്ധന വില വര്‍ധനയിലൂടെ സര്‍ക്കാരിന്‌ ലഭിക്കുന്ന അധിക നികുതി വേണ്ടന്ന്‌ വെയ്ക്കുക എന്നതാണ്‌ അതിനുള്ള നടപടി. ആ ഒരു നന്മ ചെയ്യാന്‍ പക്ഷെ, ഇടത്‌ സര്‍ക്കാര്‍ തയ്യാറുമല്ല. കഴിഞ്ഞ യുഡിഎഫ്‌ ഭരണകാലത്ത്‌ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കേ ഇന്ധനവില വര്‍ധിച്ചപ്പോള്‍ സര്‍ക്കാരിന്റെ ഈ അധിക നികുതി ഒഴിവാക്കി ജനങ്ങളുടെ ഭാരം കുറച്ച മാതൃകാപരമായ ഒരു നടപടി കീഴ്‌വഴക്കമായുണ്ട്‌.അതിന്‌ തയ്യാറാകാതെ കേന്ദ്ര വിരോധത്തിന്റെ അടിസ്ഥാനത്തില്‍, കേന്ദ്രത്തിന്റെ നയ വൈകല്യത്തിന്റെ പേരില്‍ സംസ്ഥാനത്തെ ജനങ്ങളെ വീണ്ടും ബുദ്ധിമുട്ടിക്കാനാണ്‌ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായത്‌. ഏത്‌ അഥിതി വന്നാലും കോഴിക്കാണ്‌ ഗതികേട്‌ എന്ന്‌ പറഞ്ഞതുപോലെ കേന്ദ്രത്തിന്റേതായാലും സംസ്ഥാനത്തിന്റേതായാലുമുള്ള ഭരണവൈകല്യത്തിന്റെയും ജനദ്രോഹ നിലപാടുകളുടെയും ഭാരം പേറേണ്ടവര്‍ നികുതി നല്‍കുന്ന, വോട്ട്‌ ചെയ്യുന്ന സാധാരണക്കാരാണ്‌. ഇവര്‍ക്കാകട്ടെ പ്രതിരോധിക്കാനും പ്രതിഷേധിക്കാനും കഴിവുമില്ല. പിന്നെന്ത്‌ ചെയ്യും.
അതേ, ആതിരേ ചാവേറുകളെ സൃഷ്ടിക്കുകയാണ്‌ കേന്ദ്ര-സംസ്ഥാന ഭര്‍ണകൂടങ്ങള്‍

No comments: