Monday, July 5, 2010

കോടതി വിധികള്‍ മാര്‍ക്സിസ്റ്റ്‌ നേതാക്കള്‍ക്ക്‌ ചതുര്‍ത്ഥിയാകുമ്പോള്‍

തങ്ങള്‍ക്കേറ്റ ഈ പ്രഹരത്തില്‍ നിന്ന്‌ രക്ഷപ്പെടാന്‍ മതങ്ങളെ കൂട്ടുപിടിക്കുകയാണ്‌ ഇപ്പോള്‍ മാര്‍ക്സിസ്റ്റ്‌ നേതാക്കള്‍. പൊങ്കാല, തൃശൂര്‍ പൂരം, പെരുന്നാള്‍, ഉത്സവം തുടങ്ങിയവയൊക്കെ ഈ വിധിയിലൂടെ നിയന്ത്രിക്കാനാകുമോ എന്നാണ്‌ ചോദ്യം. വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന ഈ ആചാരങ്ങളല്ല മറിച്ച്‌ നാഴികകയ്ക്ക്‌ നാല്‍പ്പതുവട്ടം നടത്തുന്ന അനാവശ്യ പ്രകടനങ്ങളും പ്രക്ഷോഭങ്ങളുമാണ്‌ പൊതുസമൂഹത്തിന്‌ അസഹ്യമായിട്ടുള്ളത്‌. ഈ അസഹ്യത തിരിച്ചറിഞ്ഞ്‌ ഹൈക്കോടതി നടത്തിയ നിരീക്ഷണത്തെ മതങ്ങളെ കൂട്ടുപിടിച്ച്‌ അട്ടിമറിക്കാമെന്നാണ്‌ സഖാക്കള്‍ കരുതുന്നതെങ്കില്‍ ആ പരിപ്പ്‌ ഇവിടെ വേവാന്‍ പോകുന്നില്ല





ആതിരേ, അസഹിഷ്ണുതകൊണ്ട്‌ പൊരിയുകയാണ്‌ മാര്‍ക്സിസ്റ്റ്‌ നേതാക്കള്‍. അങ്ങാടിയില്‍ തോറ്റാല്‍ അമ്മയുടെ നെഞ്ചത്ത്‌ എന്ന ചൊല്ലിനെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ്‌ പിണറായി അടക്കമുള്ള നേതാക്കളുടെ ഇപ്പോഴത്തെ പല പ്രതികരണങ്ങളും പ്രസ്താവനകളും പ്രഖ്യാപനങ്ങളും.
പൊതുനിരത്തില്‍ പൊതുയോഗങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള കേരള ഹൈക്കോടതിയുടെ വിധി വന്നതോടെ നാക്കിന്‌ യാതൊരു നിയന്ത്രണവുമില്ലാതെയാണ്‌ ഇവരില്‍ പലരും പ്രതികരിച്ചത്‌. ഈ വിധി പ്രഖ്യാപിച്ച ജഡ്ജിമാര്‍ " ശുംഭന്മാരാണ്‌" എന്ന്‌ എം.വി. ജയരാജനും വധിപ്രഖ്യാപിച്ച ജഡ്ജിമാരെയാണ്‌ പ്രോസിക്യൂട്ട്‌ ചെയ്യേണ്ടതെന്ന്‌ ഇ.പി.ജയരാജനും പ്രഖ്യാപിച്ചതിന്‌ പിന്നാലെയാണ്‌ ജഡ്ജിമാരെ "ഉണ്ണാമന്മാരായി " എം.സ്വാരാജ്‌ അധിക്ഷേപിച്ചത്‌.
ജനാധിപത്യരീതിയില്‍ പ്രതിഷേധിക്കാനുള്ള ജനങ്ങളുടെയും സംഘടനകളുടെയും അവകാശത്തിന്മേലാണ്‌ കോടതി കോടാലിവെച്ചതെന്ന്‌ വ്യാഖ്യാനിച്ചാണ്‌ ഇവരുടെ ഈ ആക്ഷേപങ്ങളും അധിക്ഷേപങ്ങളും. ജനാധിപത്യ ഭരണ ക്രമത്തില്‍ പൗരന്മാര്‍ക്കും സംഘടനകള്‍ക്കുമുള്ള അവകാശങ്ങളെക്കുറിച്ച്‌ ശബ്ദമുയര്‍ത്തുന്നവര്‍ ഈ സംവിധാനത്തില്‍ പൗരന്മാരും സംഘടനകളും പാലിക്കേണ്ട മര്യാദകളും മാന്യതകളും പക്ഷെ, വിസ്മരിക്കുകയാണ്‌, ആതിരേ. ഭരണകൂടത്തിന്റെ ജനവിരുദ്ധ നടപടികള്‍ക്ക്‌ എതിരായി പ്രക്ഷോഭം നടത്താന്‍ അവകാശമുള്ളതുപോലെ ജനാധിപത്യ സംവിധാനത്തിലെ അവിഭാജ്യ ഘടകമായ ജുഡിഷ്യറിയെ അംഗീകരിക്കാനും മാനിക്കാനും രാഷ്ട്രീയ നേതാക്കളും പാര്‍ട്ടികളും പൗരന്മാരും മറ്റു സംഘടനകളും ബാദ്ധ്യസ്ഥരാണ്‌. രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ നയങ്ങളും നടപടികളും അനുസരിച്ച്‌ പ്രക്ഷോഭങ്ങളും പ്രകടനങ്ങളും പൊതുയോഗങ്ങളും പൊതുനിരത്തില്‍ നടത്തുമ്പോള്‍ സാധാരണ പൗരന്റെ സഞ്ചരിക്കാനുള്ള അവകാശത്തെ ആണ്‌ പലപ്പോഴും ഹനിക്കുന്നത്‌. ഇതില്‍ അമര്‍ഷമുണ്ടെങ്കിലും അതു പുറത്തു പ്രകടിപ്പിക്കാതെ സൗമ്യരായി വ്യക്തികള്‍ പെരുമാറുന്നതുകൊണ്ട്‌ അസംഘടിതരായ സാധാരണ ജനങ്ങളുടെ മുതുകില്‍ കുതിരകയറാമെന്നാണ്‌ രാഷ്ട്രീയപാര്‍ട്ടികളുടെയും മറ്റു സംഘടനകളുടെയും നിലപാട്‌. ആ നിലപാട്‌ അസ്വീകാര്യവും അപകടകരവുമാണെന്ന്‌ തിരിച്ചറിഞ്ഞിട്ടാണ്‌ കേരള ഹൈക്കോടതിയില്‍ നിന്ന്‌ പൊതുനിരത്തിലെ പൊതുയോഗങ്ങളും പ്രകടനങ്ങളും നിരോധിച്ചുകൊണ്ട്‌ വിധി വന്നത്‌.
ഈ വിധിയോട്‌, ആതിരേ, മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ പോലും ആദ്യം പ്രതികരിച്ചത്‌ തീര്‍ത്തും അവിവേകമായ രീതിയിലായിരുന്നു. വിധി പ്രഖ്യാപിക്കും മുമ്പ്‌ സര്‍ക്കാരിന്റെ ഭാഗം കേട്ടില്ല എന്നാണ്‌ മുഖ്യമന്ത്രിയുടെ പരാതി. അങ്ങനെയാണെങ്കില്‍ നിലവിലിരിക്കുന്ന സംവിധാനം അനുസരിച്ച്‌ ആ വിധിക്കെതിരെ അപ്പീല്‍ നല്‍കുകയായിരുന്നു വേണ്ടിയിരുന്നത്‌. എന്നാല്‍ വിവരക്കേടിന്റെ പര്യായങ്ങളായി പ്രസ്താവനകള്‍ നടത്തിയ മാര്‍ക്സിസ്റ്റ്‌ നേതാക്കള്‍ക്കൊപ്പം ചേരാനാണ്‌ വി.എസ്‌. അച്യുതാനന്ദനും തുടക്കത്തില്‍ തിടുക്കം കാട്ടിയത്‌.
പാര്‍ട്ടിയിലെ നേതാക്കന്മാര്‍ സഭ്യതയും മാന്യതയും പെരുമാറ്റരീതികളും ലംഘിച്ച്‌ പ്രസ്താവനകളും പ്രഖ്യാപനങ്ങളും നടത്തുമ്പോള്‍ അവരെ ശാസിക്കാനും നിയന്ത്രിക്കാനും ഉത്തരവാദിത്തമുള്ളത്‌ അതാത്‌ പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വത്തിനാണ്‌. എന്നാല്‍ കോടതികള്‍ക്കും ജഡ്ജിമാര്‍ക്കും എതിരെ ജയരാജന്മാര്‍ ആക്രോശിച്ചപ്പോള്‍ അവരെ ന്യായീകരിക്കാനാണ്‌ പിണറായി വിജയന്‍ ശ്രമിച്ചത്‌. ശുംഭന്‍ എന്നാല്‍ എല്ലാ കാര്യങ്ങള്‍ക്കും വിഘാതം നില്‍ക്കുന്ന അസുരനാണെന്നും ദുര്‍ഗ്ഗാദേവിയാണ്‌ ആ അസുരനെ നിഗ്രഹിച്ചതെന്നുമുള്ള പുരാണകഥ പറഞ്ഞുകൊണ്ടാണ്‌ എം.വി.ജയരാജനെ പിണറായി ന്യായീകരിച്ചത്‌. മുമ്പൊരിക്കല്‍ വി.എസ്‌. അച്യുതാനന്ദനെ ആക്ഷേപിക്കാന്‍ പേര്‍ഷ്യന്‍ കവിതയില്‍ നിന്ന്‌ (കെ.ടി.ജലിലീന്റെ സഹായത്തോടെ ) ബക്കറ്റ്‌ നിറയെ ഉപമ കോരിക്കക്കൊണ്ടുവന്നതുപോലെയുള്ള അപഹാസ്യതയായിപ്പോയി , ആതിരേ, ഈ വിഷയത്തില്‍ പിണറായി വിജയന്‍ കൈക്കൊണ്ട നിലപാട്‌.
ശരിയാണ്‌. ജനവിരുദ്ധമായ പല വിധികളും ഇന്ത്യയിലെ കോടതികളില്‍ നിന്ന്‌ ഉണ്ടാകാറുണ്ട്‌.ഉണ്ടായിട്ടുമുണ്ട്‌. ഹാജരാക്കപ്പെടുന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ്‌ കോടതികളില്‍ നിന്ന്‌ വധികള്‍ ഉണ്ടാകുന്നത്‌ എന്നാണ്‌ പൊതുവേയുള്ള ധാരണ. എന്നാല്‍ ആഗോളീകരണത്തിന്റെ ഈ നാളുകളില്‍ അഴിമതിയും സ്വജനപക്ഷപാതവും മുന്‍വിധിയുമൊക്കെയുള്ള ഉത്തരവുകള്‍ നിരവധി ഉണ്ടായിട്ടുണ്ട്‌. അന്നൊന്നും കാണാതിരുന്ന ശൗര്യമാണ്‌ ഇപ്പോള്‍ കോടതിവിധികള്‍ക്ക്‌ നേരെ മാര്‍ക്സിസ്റ്റ്‌ നേത്വത്വം പുലര്‍ത്തുന്നത്‌.
കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ സ്വകാര്യ വിദ്യാഭ്യാസ വാണിക്കുകളില്‍ നിന്ന്‌ രക്ഷപ്പെടുത്താന്‍ എന്ന മട്ടില്‍ വിദ്യാഭ്യാസ മന്ത്രി എം.എ. ബേബി 2006-ല്‍ കൊണ്ടുവന്ന സ്വാശ്രയ വിദ്യാഭ്യാസ നിയമം കേരള ഹൈക്കോടതിയും സുപ്രിംകോടതിയും റദ്ദാക്കിയപ്പോള്‍ പിണറായി - ജയരാജന്മാരുടെ രോഷം ആരും അറിഞ്ഞതില്ലല്ലോ, ആതിരേ.... യഥാര്‍ത്ഥത്തില്‍ സ്വകാര്യ വിദ്യാഭ്യാസ കച്ചവടക്കാരെ സഹായിക്കാന്‍ വേണ്ടി ആയിരുന്നു എം.എ. ബേബി അത്തരത്തില്‍ ഒരു നിയമം കൊണ്ടുവന്നത്‌. അതിലെ പല വകുപ്പുകള്‍ക്കും നിയമപ്രാബല്യമില്ല എന്ന്‌ പ്രതിപക്ഷം അന്നേ ചൂണ്ടിക്കാട്ടിയതാണ്‌. എന്നിട്ടും ബില്ല്‌ പാസ്സാക്കാന്‍ ഒപ്പം നിന്ന പ്രതിപക്ഷത്തേയും അതു പാസ്സാക്കിയ നിയമസഭയേയും അവഹേളിക്കുന്ന രീതിയിലാണ്‌ ബില്ല്‌ സംബന്ധിച്ച കേസ്‌ ഹൈക്കോടതിയിലും സുപ്രിംകോടതിയിലുമെത്തിയപ്പോള്‍ കേരള സര്‍ക്കാര്‍ തങ്ങളുടെ ഭാഗം അവതരിപ്പിച്ചത്‌. കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരായ വിദ്യാര്‍ത്ഥികളുടെ ഉപരിവിദ്യാഭ്യാസത്തിനുള്ള അവകാശമാണ്‌ ഇങ്ങനെ ലംഘിക്കപ്പെട്ടത്‌. പക്ഷേ, പിണറായിയോ ജയരാജന്മാരോ ഇതു കണ്ടതായി പോലും ഭാവിച്ചില്ല.
ബഹുരാഷ്ട്ര കുത്തക കമ്പനിയായ കൊക്കക്കോള പ്ലാച്ചിമടയില്‍ നടത്തിയ ജലചൂഷണത്തിലും പരിസരമലിനീകരണത്തിനുമെതിരെ നാട്ടുകാരും പഞ്ചായത്തും പ്രകൃതി സ്നേഹികളും ഒരുപോലെ പ്രക്ഷോഭവവുമായി മുന്നിട്ടിറങ്ങിയപ്പോള്‍ കാഴ്ചക്കാരായി നിന്നവരാണ്‌, ആതിരേ, ഈ നേതാക്കന്മാര്‍. കോടതി പൊതുസമൂഹത്തിന്റെ വികാരം മാനിക്കാതെ ഉത്തരവു പുറപ്പെടുവിപ്പിച്ചപ്പോള്‍ ഒരു സാധാരണ പ്രസ്ഥാവന നല്‍കിപോലും കോടതിവിധിയെ വിമര്‍ശിക്കാന്‍ ഇവരാരും ഉണ്ടായിരുന്നില്ല. നാര്‍ക്കോ അനാലിസിസിനെതിരെ സുപ്രിംകോടതിയില്‍ നിന്ന്‌ വിധി വന്നപ്പോഴും ഈ നേതാക്കന്മാര്‍ ഏതോ കുണ്ടില്‍ ഒളിച്ചിരിക്കുകയായിരൂന്നു. അതായത്‌ സാധാരണ ജനങ്ങളെ ദ്രോഹിക്കുന്നതും എന്നാല്‍ ബഹുരാഷ്ട്രകുത്തകകള്‍ക്കും മൂലധന ചൂഷകര്‍ക്കും അനുകൂലമായി പ്രഖ്യാപിക്കുന്നതുമായ വിധികള്‍ ഉണ്ടാകുമ്പോള്‍ മൗനം പാലിച്ച്‌ ചൂഷകര്‍ക്കൊപ്പം നിന്നവരാണ്‌ ഇപ്പോള്‍ പൗരന്റെ പ്രതിഷേധിക്കാനുള്ള അവകാശത്തിനുവേണ്ടി കോടതികളും ആക്ഷേപിക്കുന്നതും ജഡ്ജിമാരെ അധിക്ഷേപിക്കുന്നതും.
ശരിയാണ്‌,ആതിരേ, ഒരു കോടതിയും വിമര്‍ശനത്തിന്‌ അധീതമല്ല, ഒരു കോടതിവിധിയും അപ്രമാദിത്വമുള്ളതല്ല. വിധികളെ വിമര്‍ശിക്കാന്‍ പൗരന്മാര്‍ക്കും സംഘടനാ നേതാക്കന്മാര്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അതിന്റെ സാരഥികള്‍ക്കുമെല്ലാം അവകാശമുണ്ട്‌. എന്നാല്‍ വിമര്‍ശനങ്ങള്‍ എല്ലാം ക്രിയാത്മകമായിരിക്കണം. അത്‌ കോടതിവിധിയുടെ കാര്യത്തിലായാലും സാഹിത്യത്തിന്റെ കാര്യത്തിലായാലും എല്ലാം ഒരു പോലെയാണ്‌. പൊതുസമൂഹത്തിന്റെ നന്മയും അഭ്യുന്നതിയും ആയിരിക്കണം വിമര്‍ശനത്തിന്റെ ലക്ഷ്യം. അല്ലാതെ പൊതുവായി പ്രതികരിക്കാന്‍ അവകാശമില്ലാത്ത ജഡ്ജിമാരെ അധിക്ഷേപിക്കുന്ന രിതിയിലാവരുത്‌ വിലയിരുത്തലുകളും വിമര്‍ശനങ്ങളും. നിര്‍ഭാഗ്യകരമെന്നു പറയട്ടെ പൊതുനിരത്തിലെ പ്രകടനങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള കേരള ഹൈക്കോടതിയുടെ വിധിയോടെ മാര്‍ക്സിസ്റ്റ്‌ നേതാക്കന്മാര്‍ പ്രതികരിച്ചത്‌ പ്രതിലോമകരമായിത്തന്നെയാണ്‌.
എവിടം മുതലാണ്‌ ഈ നേതാക്കന്മാര്‍ക്ക്‌ കോടതികള്‍ ചതതുര്‍ത്ഥികളായതെന്ന്‌ കേരളത്തിലെ പൊതുസമൂഹത്തിന്‌ നന്നായി അറിയാം. എസ്‌.എന്‍.സി ലാവ്ലിന്‍ അഴിമതി കേസിന്റെ അന്വേഷണം സിബിഐയ്ക്ക്‌ വിട്ടുകൊണ്ട്‌ കേരള ഹൈക്കോടതിയില്‍ നിന്ന്‌ വിധിയുണ്ടായ നിമിഷം മുതലാണ്‌ മാര്‍ക്സിസ്റ്റ്‌ നേതാക്കള്‍ കോടതികള്‍ക്കെതിരെയും ജഡ്ജിമാര്‍ക്ക്‌ എതിരെയും ഇത്തരത്തില്‍ അധിക്ഷേപകരമായ രീതിയില്‍ പ്രതികരിക്കാന്‍ തുടങ്ങിയത്‌. അന്ന്‌ ആ വിധി വന്നപ്പോള്‍, വിധി പ്രഖ്യാപിച്ച കേരള ഹൈക്കോടതി ചീഫ്‌ ജസ്റ്റീസ്‌ വി.കെ. ബാലിയെ പ്രതീകാത്മകമായി നാടുകടത്തിക്കൊണ്ടാണ്‌ നേതാക്കളും അണികളും പിണറായി വിജയനോടുള്ള തങ്ങളുടെ കൂറ്‌ അമാന്യമായരീതിയില്‍ പ്രകടിപ്പിച്ചത്‌.
ഈ നേതാക്കന്മാര്‍ ജനങ്ങള്‍ക്കുവേണ്ടിയെന്ന പേരില്‍ നടത്തുന്ന പൊതു നിരത്തിലെ പ്രകടനങ്ങളും പ്രക്ഷോഭങ്ങളും തികച്ചും ജനവിരുദ്ധമാണ്‌. ഭരണഘടന പൗരന്‌ സംരക്ഷണം നല്‍കിയിട്ടുള്ള സഞ്ചാരസ്വാതന്ത്ര്യമാണ്‌ ഇവിടെ ഹനിക്കപ്പെടുന്നത്‌. കാശുകൊടുത്തും കള്ളുവാങ്ങിക്കൊടുത്തും നടത്തുന്ന പ്രകടനങ്ങളും പ്രക്ഷോഭങ്ങളും ജനകീയമല്ല. ജനങ്ങള്‍ക്കുവേണ്ടിയുള്ളതുമല്ല. ഇത്തരം പ്രക്ഷോഭങ്ങളുടെ പിന്‍ബലത്തില്‍ നേതൃസ്ഥാനത്തിരുന്നുകൊണ്ട്‌ കറതീര്‍ന്ന ജനവഞ്ചനയാണ്‌ ഇന്ന്‌ കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും നടത്തുന്നത്‌. അത്‌ തിരിച്ചറിഞ്ഞിട്ടാണ്‌ കേരള ഹൈക്കോടതി ഇത്തരത്തിലൊരു വിധി പ്രഖ്യാപിച്ചത്‌.
ആതിരേ, തങ്ങള്‍ക്കേറ്റ ഈ പ്രഹരത്തില്‍ നിന്ന്‌ രക്ഷപ്പെടാന്‍ മതങ്ങളെ കൂട്ടുപിടിക്കുകയാണ്‌ ഇപ്പോള്‍ മാര്‍ക്സിസ്റ്റ്‌ നേതാക്കള്‍. പൊങ്കാല, തൃശൂര്‍ പൂരം, പെരുന്നാള്‍, ഉത്സവം തുടങ്ങിയവയൊക്കെ ഈ വിധിയിലൂടെ നിയന്ത്രിക്കാനാകുമോ എന്നാണ്‌ ചോദ്യം. വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന ഈ ആചാരങ്ങളല്ല മറിച്ച്‌ നാഴികകയ്ക്ക്‌ നാല്‍പ്പതുവട്ടം നടത്തുന്ന അനാവശ്യ പ്രകടനങ്ങളും പ്രക്ഷോഭങ്ങളുമാണ്‌ പൊതുസമൂഹത്തിന്‌ അസഹ്യമായിട്ടുള്ളത്‌. ഈ അസഹ്യത തിരിച്ചറിഞ്ഞ്‌ ഹൈക്കോടതി നടത്തിയ നിരീക്ഷണത്തെ മതങ്ങളെ കൂട്ടുപിടിച്ച്‌ അട്ടിമറിക്കാമെന്നാണ്‌ സഖാക്കള്‍ കരുതുന്നതെങ്കില്‍ ആ പരിപ്പ്‌ ഇവിടെ വേവാന്‍ പോകുന്നില്ല. സഞ്ചാര സ്വാതന്ത്ര്യം പോലും ഹനിച്ചുകൊണ്ടുള്ള രാഷ്ട്രീയ പ്രകടനങ്ങളും പൊതുസമ്മേളനങ്ങളും നിരോധിക്കണമെന്നു തന്നെയാണ്‌ പൊതുസമൂഹത്തിന്റെ വികാരം. അതിനെതിരെ അനാവശ്യമായ നിലപാടെടുത്താല്‍ പൊതുസമൂഹവും അസഹിഷ്ണുക്കളാകും. ഒന്നറിയുക ജനമനസ്സില്‍ നിന്ന്‌ തൂത്തെറിയപ്പെട്ടാല്‍ ഒരു നേതാവും ഒന്നുമല്ല. ചരിത്രം ഇതിന്‌ നിരവധി ദൃഷ്ടാന്തങ്ങള്‍ സംഭാവന ചെയ്തിട്ടുണ്ട്‌. അത്‌ തിരിച്ചറിഞ്ഞ്‌ വിവേകികളാവുകയല്ലേ, ആതിരേ, ഇപ്പോള്‍ ഈ നേതാക്കള്‍ ചെയ്യേണ്ടത്‌ ?

No comments: