Friday, July 30, 2010

ചാണ്ടിയും ചെന്നിത്തലയും പോപ്പുലര്‍ ഫ്രണ്ടിന്റെ ഭാഷയില്‍ സംസാരിക്കുമ്പോള്‍

ഇവിടെ ശ്രദ്ധിക്കേണ്ടത്‌ ഇക്കൂട്ടരുടെ അവസരവാദ നിലപാടാണ്‌. പോപ്പുലര്‍ ഫ്രണ്ടിനെയും ജമാ അത്ത്‌ ഇ ഇസ്ലാമിയെയും എന്‍ഡിഎഫിനെയുമൊക്കെ തീവ്രവാദികളായി മുദ്രകുത്തുന്ന ഇവര്‍ തന്നെയാണ്‌ ഇവരുടെ വോട്ടുവേണ്ട എന്ന്‌ പറയാനുള്ള ധിക്കാരമില്ല എന്ന എളിമ കാണിക്കുന്നത്‌. എന്താണ്‌ ഇവരുടെ ഗൂഢ പദ്ധതികള്‍ ? അശ്ലീല നിലപാടുകള്‍? ഈ നില സ്വീകരിക്കുന്നവര്‍ മുസ്ലീം സമുദായത്തിന്റെ സംരക്ഷകരോ അതോ പോപ്പുലര്‍ ഫ്രണ്ടിന്റെ വക്താക്കളോ..?




"കേരളത്തെ മുസ്ലീം രാജ്യമാക്കുകയാണ്‌ പോപ്പുലര്‍ ഫ്രണ്ടിന്റെ ലക്ഷ്യം" എന്ന്‌ മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദന്‍ ന്യൂഡല്‍ഹിയില്‍ നടത്തിയ ഒരു പ്രസ്താവന ഏറ്റുപിടിച്ച്‌ ചാണ്ടിയും ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും ഇ. അഹമ്മദുമെല്ലാം സൃഷ്ടിക്കുന്ന ശബ്ദകോലാഹലം എന്തിന്‌ വേണ്ടിയാണ്‌, ആര്‍ക്ക്‌ വേണ്ടിയാണ്‌ എന്നൊക്കെ തിരിച്ചറിയാന്‍ കെല്‍പ്പുള്ളവരാണ്‌ കേരളത്തിലെ വോട്ടര്‍മാര്‍. എന്നിട്ടും മുസ്ലീം സമുദായത്തിന്റെ രക്ഷകരായി ഇവര്‍ അവതരിക്കുന്നത്‌ ആരെ വഞ്ചിക്കാനാണ്‌ ആതിരേ..?, വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ/നിയമ സഭ തെരഞ്ഞെടുപ്പ്‌ ലക്ഷ്യം വയ്ക്കുന്ന ഈ നീചത്വമാണ്‌ യഥാര്‍ത്ഥത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനേക്കാളും ഭീകരംഎന്ന്‌ ആര്‍ക്കാണ്‌ മനസ്സിലാകാത്തത്‌..?
വി.എസ്‌ അച്യുതാനന്ദന്‍ നടത്തിയ പ്രസ്താവനയ്ക്കെതിരെ ചില മുഖ്യധാരാ മാധ്യമങ്ങളും ചില സാംസ്കാരിക/സാമുദായി നേതാക്കളും ചന്ദ്രഹാസമിളക്കിയിട്ടുണ്ട്‌. കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനുള്ള ഹീന ശ്രമമാണ്‌ വിഎസിന്റേതെന്നും വരുന്ന തെരഞ്ഞെടുപ്പുകളില്‍ സംഘപരിവാറിന്റെ വോട്ട്‌ ഉറപ്പിക്കാനുള്ള ഗൂഢ തന്ത്രമാണ്‌ പിന്നിലുള്ളതെന്നും ഒക്കെയാണ്‌ ഇവരുടെ കണ്ടെത്തലും പ്രചാരണവും.
എന്നാല്‍,ആതിരേ, അധ്യാപകന്റെ കൈവെട്ടിയ കേസുമായി ബന്ധപ്പെട്ട്‌ നടത്തിയ റെയ്ഡില്‍ കണ്ടെത്തിയ രേഖകളില്‍ ജനാധിപത്യ സംവിധാനത്തിന്‌ വിരുദ്ധവും ഈ സംവിധാനത്തെ നിരാകരിക്കുന്നതുമായ പല പ്രസ്താവനകളും ഉള്‍പ്പെട്ടിരുന്നു എന്നത്‌ ആര്‍ക്കാണ്‌ നിഷേധിക്കാന്‍ കഴിയുക? . "ജനാധിപത്യവും ഇസ്ലാമും രണ്ടുവിരുദ്ധ ആദര്‍ശങ്ങളാണ്‌. ഇന്ത്യയില്‍ ഭൂരിപക്ഷവും അമുസ്ലീങ്ങളാണ്‌. ജനാധിപത്യത്തില്‍ ഭൂരിപക്ഷത്തിന്റെ അഭിപ്രായമാണ്‌ മാനിക്കപ്പെടുകയെന്ന്‌ നാം മനസ്സിലാക്കണം. തെരഞ്ഞെടുപ്പില്‍ വിജയിച്ച്‌ പാര്‍ലമെന്റില്‍ മുസ്ലീങ്ങള്‍ക്ക്‌ ഭൂരിപക്ഷത്തോടെ പ്രവേശിക്കാമെന്നത്‌ ഇവിടെ സാധ്യമല്ല. ഇന്ത്യയ്ക്കകത്ത്‌ ഇസ്ലാമിക ഗവണ്‍മെന്റ്‌ വരും; കുറഞ്ഞ കാലത്തിനുള്ളില്‍ തന്നെ. മുസ്ലീം രാഷ്ട്രങ്ങളുടെ ഘടനയും തിരുത്തപ്പെടും. ഇസ്ലാമിന്റെ മേധാവിത്തത്തിന്‌ സ്വന്തം ജീവരക്തം നല്‍കി അതിനെ ശക്തിപ്പെടുത്തുന്ന കര്‍മോത്സുകരെയാണ്‌ വേണ്ടത്‌." എന്നൊക്കെയാണ്‌ ഈ ലഘു ലേഖകളില്‍ പറയുന്നത്‌. ഇതില്‍ നിന്ന്‌ എന്താണ്‌ വായിച്ചെടുക്കാന്‍ കഴിയുന്നത്‌? ഇന്ത്യയ്ക്കകത്ത്‌, ജനാധിപത്യ വിരുദ്ധമായ ഒരു മുസ്ലീം രാഷ്ട്രം സൃഷ്ടിക്കാന്‍ തന്നെയാണ്‌ പോപ്പുലര്‍ ഫ്രണ്ട്‌ അടക്കമുള്ള തീവ്രവാദ ഗ്രൂപ്പുകളുടെ ലക്ഷ്യം, എന്നല്ലേ ?.
ഈ ലക്ഷ്യത്തിന്‌ ഒപ്പം വായിക്കേണ്ടതാണ്‌, ആതിരേ, പോപ്പുലര്‍ ഫ്രണ്ട്‌ കേന്ദ്രങ്ങളില്‍ പോലിസ്‌ നടത്തിയ റെയ്ഡില്‍ പ്രതിഷേധിച്ച്‌ സംഘടിപ്പിച്ച പെരുമ്പാവൂരിലെ യോഗത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ദേശീയ നേതാവ്‌ നടത്തിയ പ്രഖ്യാപനം. "മാധ്യമങ്ങളും പോലീസും ചേര്‍ന്ന്‌ നടത്തുന്ന ഈ കളി പോപ്പുലര്‍ ഫ്രണ്ടിന്‌ എതിരായല്ല മറിച്ച്‌ മുസ്ലീം സമുദായത്തിന്‌ തന്നെ എതിരായിട്ടാണ്‌ എന്ന്‌ ജനം തിരിച്ചറിഞ്ഞു" എന്നായിരുന്നു പ്രകോപനപരമായ ആ പ്രസംഗം.
വസ്തവങ്ങള്‍ ഇതായിരിക്കേ, സംസ്ഥാനത്തിന്റെ ഭരണകര്‍ത്താവെന്ന നിലയില്‍ തനിക്കു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ലക്ഷ്യത്തെ കുറിച്ച്‌ വി.എസ്‌ അച്യുതാനന്ദന്‍ നടത്തിയ അഭിപ്രായപ്രകടനത്തിനെതിരെ ചാണ്ടിയും ചെന്നിത്തലയും കുരച്ച്‌ ചാടിയത്‌ തീര്‍ച്ചയായും ഹീനമായ ചില ലക്ഷ്യത്തോടെ തന്നെയാണ്‌. കേരളത്തിലെ മുസ്ലീങ്ങളെ അപമാനിക്കാനും ആക്ഷേപിക്കാനുമാണ്‌ മുഖ്യമന്ത്രി ശ്രമിച്ചതെന്നും തെരഞ്ഞെടുപ്പ്‌ കാലത്ത്‌ വര്‍ഗീയതയെ മാറിമാറി പ്രോത്സാഹിപ്പിക്കുക എന്നത്‌ ഇടതുമുന്നണി കാലങ്ങളായി പരീക്ഷിച്ചുവരുന്ന തന്ത്രമാണെന്നും ഒക്കെയാണ്‌ ചാണ്ടിയുടെയും ചെന്നിത്തലയുടെയും ആരോപണം. സമുദായങ്ങളെ തമ്മിലടിപ്പിച്ച്‌ രാഷ്ട്രീയ മുതലെടുപ്പ്‌ നടത്താനാണ്‌ വി.എസ്‌ ശ്രമിക്കുന്നതെന്നും തീവ്രവാദത്തിനെതിരായ പോരാട്ടങ്ങളെ ദുര്‍ബലപ്പെടുത്തുന്നതാണ്‌ മുഖ്യമന്ത്രിയുടെ പ്രസ്താവനയെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
ആരോ എവിടെയോ പറഞ്ഞതുകേട്ട്‌ മുസ്ലീം സമുദായത്തെ ആക്ഷേപിക്കുന്ന രീതിയില്‍ വി.എസ്‌ അച്യുതാനന്ദന്‍ നടത്തിയ പ്രസ്താവന അദ്ദേഹത്തിന്റെ പദവിക്ക്‌ ചേരുന്നതല്ല എന്ന്‌ ഇ. അഹമ്മദും മുഖ്യമന്ത്രിയുടെ പ്രസ്താവന നിരുത്തരവാദപരവും അപലപനീയവുമാണെന്നും മതേതരത്വവും ജനാധിപത്യവും സഹവര്‍ത്തിത്ത്വവും നിലനില്‍ക്കുന്ന കേരളസമൂഹത്തിന്റെ കെട്ടുറപ്പ്‌ നശിപ്പിക്കാനെ അത്‌ ഗുണം ചെയ്യുകയുള്ളു എന്നും കുഞ്ഞാലിക്കുട്ടിയും ആക്ഷേപിക്കുന്നു.
ഇവരുടെയെല്ലാം അഭിപ്രായത്തില്‍, ആതിരേ, പോപ്പുലര്‍ ഫ്രണ്ടിന്റെ ലക്ഷ്യങ്ങള്‍ക്കെതിരെ വി.എസ്‌ അച്യുതാനന്ദന്‍ നടത്തിയ പ്രസ്താവന മുസ്ലീം സമുദായത്തെ അടച്ചാക്ഷേപിക്കുന്നതും വര്‍ഗീയതയെ പോഷിപ്പിക്കുന്നതുമാണ്‌. ഇതുതന്നെയാണ്‌ പോപ്പുലര്‍ ഫ്രണ്ട്‌ നേതാക്കളും പറഞ്ഞുവെച്ചത്‌. റെയ്ഡിലൂടെ പോപ്പുലര്‍ ഫ്രണ്ടിനെയല്ല മുസ്ലീം സമുദായത്തെ തന്നെയാണ്‌ സര്‍ക്കാര്‍ അധിക്ഷേപിക്കുന്നതെന്നാണ്‌ അവര്‍ വാദിക്കുന്നത്‌. ഇവരുടെ നിലപാടും ചാണ്ടി ചെന്നിത്തലമാരുടെയും കുഞ്ഞാലിക്കുട്ടി - ഇ. അഹമ്മദുമാരുടെയും നിലപാടും സഹവര്‍ത്തിത്തോടെ നില്‍ക്കുന്നത്‌ കാണുക. അതായത്‌ പോപ്പുലര്‍ ഫ്രണ്ടിന്റെ ഭാഷയില്‍ തന്നെയാണ്‌ ചാണ്ടി ചെന്നിത്തലമാരടക്കമുള്ള യുഡിഎഫ്‌ നേതാക്കള്‍ സംസാരിക്കുന്നത്‌.
ഇവിടെ ആരാണ്‌ തെരഞ്ഞെടുപ്പ്‌ മുന്നില്‍ കണ്ട്‌ വര്‍ഗീയ കാര്‍ഡ്‌ കളിക്കുന്നതെന്ന്‌ ഇനി വ്യക്തമാക്കണം എന്നു തോന്നുന്നില്ല, ആതിരേ..
കേരളത്തില്‍ വര്‍ഗീയ ശക്തികള്‍ അതിശക്തമായ വേരോട്ടമാണ്‌ നേടിയിട്ടുള്ളത്‌. ഇതിന്‌ ഇടതുവലത്‌ കക്ഷികള്‍ ഒരുപോലെ പിന്തുണയും സംരക്ഷണവും നല്‍കിയിട്ടുണ്ട്‌. വോട്ടെടുപ്പില്‍ വിജയിക്കാനും പാര്‍ട്ടിയില്‍ തങ്ങളുടെ സ്ഥാനങ്ങള്‍ നിലനിര്‍ത്താനും ഈ നേതാക്കള്‍ നടത്തിയ അപായകരമായ നീക്കങ്ങളുടെ മറ പിടിച്ചാണ്‌ പോപ്പുലര്‍ ഫ്രണ്ട്‌ അടക്കമുള്ള തീവ്രവാദ സംഘടനകള്‍ കേരളത്തിന്റെ മുക്കിലും മൂലയിലും തഴച്ചുവളര്‍ന്നത്‌. ഇന്ന്‌ പോപ്പുലര്‍ ഫ്രണ്ട്‌ അടക്കമുള്ളവരെ അധിക്ഷേപിക്കുന്ന കുഞ്ഞാലിക്കുട്ടി, വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ റെജീന ചില വെളിപ്പെടുത്തലുകളുമായി പൊതുരംഗത്ത്‌ വന്നപ്പോള്‍ സ്വീകരിച്ച നിലപാട്‌ ചാണ്ടിയും ചെന്നിത്തലയുമൊക്കെ മറന്നിട്ടുണ്ടാകും.എന്നാല്‍, കേരളത്തില്‍ ജാഗ്രത്തായിരിക്കുന്ന സമ്മതിദാന മനസ്സുകള്‍ അതൊന്നും വിസ്മരിച്ചിട്ടില്ല,ആതിരേ.
റെജീനയുടെ വെളിപ്പെടുത്തലുകളെ തുടര്‍ന്ന്‌ സര്‍ക്കാരിലും പാര്‍ട്ടിയിലും തനിക്കുണ്ടായിരുന്ന സ്ഥാനം നഷ്ടപ്പെടുമെന്ന്‌ ഭയപ്പെട്ട്‌ മുസ്ലീം തീവ്രവാദ വിഭാഗങ്ങളെ ഒപ്പം നിര്‍ത്തിയ അദ്ദേഹത്തിന്റെ കരാള കൗശലം എങ്ങനെ മറക്കുമെന്നാണ്‌..?. ഉംറ കഴിഞ്ഞ്‌ കുഞ്ഞാലിക്കുട്ടി തിരിച്ചെത്തിയപ്പോള്‍ അതിന്റെ കാലുഷ്യം കേരളം കാണുകയും ചെയ്തതാണ്‌. ഇതേ നിലപാട്‌ ഏറിയും കുറഞ്ഞും സ്വീകരിച്ചവരാണ്‌ യുഡിഎഫിലും എല്‍ഡിഎഫിലുമുള്ള മുഖ്യ പാര്‍ട്ടികളും അവരുടെ നേതാക്കളും. എന്നിട്ടാണ്‌ ആതിരേ , ഇവര്‍ ഇപ്പോള്‍ വി.എസ്‌ അച്യുതാനന്ദന്റെ ഒരു പ്രസ്താവനയുടെ ചുവട്‌ പിടിച്ച്‌ കാടിളക്കുന്നത്‌.
ഇവിടെ ശ്രദ്ധിക്കേണ്ടത്‌ ഇക്കൂട്ടരുടെ അവസരവാദ നിലപാടാണ്‌. പോപ്പുലര്‍ ഫ്രണ്ടിനെയും ജമാ അത്ത്‌ ഇ ഇസ്ലാമിയെയും എന്‍ഡിഎഫിനെയുമൊക്കെ തീവ്രവാദികളായി മുദ്രകുത്തുന്ന ഇവര്‍ തന്നെയാണ്‌ ഇവരുടെ വോട്ടുവേണ്ട എന്ന്‌ പറയാനുള്ള ധിക്കാരമില്ല എന്ന എളിമ കാണിക്കുന്നത്‌. എന്താണ്‌ ഇവരുടെ ഗൂഢ പദ്ധതികള്‍ ? അശ്ലീല നിലപാടുകള്‍? ഈ നില സ്വീകരിക്കുന്നവര്‍ മുസ്ലീം സമുദായത്തിന്റെ സംരക്ഷകരോ അതോ പോപ്പുലര്‍ ഫ്രണ്ടിന്റെ വക്താക്കളോ..?
അറിയുക ആതിരേ, ഇവരുടെ ഈ കുളംകലക്കല്‍ കാരണം കൈവെട്ട്‌ കേസും അതിന്റെ അന്വേഷണവും പൊതു സമൂഹ ശ്രദ്ധയില്‍ നിന്ന്‌ പിന്നാക്കം പോയി എന്നതാണ്‌ വാസ്തവം. ജൂലൈ നാലാം തീയതി നടന്ന ആ സംഭവത്തിലെ പ്രതികളെ ഇതുവരെ പിടിക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന്‌ പറയുമ്പോള്‍ ഈ ഭരണകൂടവും ഇടതുമുന്നണിയും ആരെയാണ്‌ സംരക്ഷിക്കുന്നതെന്ന്‌ വ്യക്തം. ഈ വാസ്തവം പൊതുസമൂഹമറിഞ്ഞത്‌ മൂലമുണ്ടായ തട്ടുകേടില്‍ നിന്ന്‌ മുഖം രക്ഷിക്കാന്‍ അച്യുതാനന്ദന്‍ നടത്തിയ ഒരു വളയമില്ലാത്ത ചാട്ടമായിരുന്നു. ഡല്‍ഹി പ്രസ്താവന. ആ അര്‍ത്ഥത്തില്‍ അതിനെ വിലയിരുത്താനോ വിശകലനം ചെയ്ത്‌ സര്‍ക്കാരിന്റെ പരാജയം ജനങ്ങളെ ഒരിക്കല്‍ കൂടി ബോധ്യപ്പെടുത്താനോ ബാധ്യസ്ഥരായവരാണ്‌ മറുകണ്ടം ചാടി മുസ്ലീം സംരക്ഷകരായി അവതരിച്ച്‌ പോപ്പുലര്‍ ഫ്രണ്ട്‌ അടക്കമുള്ള തീവ്രവാദ വിഭാഗത്തിന്റെ സംരക്ഷ വേഷം കെട്ടിയത്‌. ഇതുമൂലം ഇടതുമുന്നണിക്കും ഭരണകൂടത്തിനും ആഭ്യന്തരമന്ത്രാലയത്തിനും ഇപ്പോള്‍ ചിരിക്കാനുള്ള വക ലഭിച്ചിരിക്കുകയാണ്‌. പ്രധാനവും ഗൗരവമാര്‍ന്ന പ്രശ്നത്തില്‍ നിന്ന്‌ ജനശ്രദ്ധ തിരിച്ചുവിടാന്‍ പ്രതിപക്ഷമാണ്‌ ഇപ്പോള്‍ മുന്‍കൈ എടുത്തിരിക്കുന്നത്‌. ഇതാണ്‌ അച്യുതാനന്ദന്‍ അടക്കമുള്ളവര്‍ക്കുള്ള ആശ്വാസം.
ഇവിടെയാണ്‌ ചാണ്ടി ചെന്നിത്തലമാരുടെയും അഹമ്മദ്‌ കുഞ്ഞാലിക്കുട്ടിമാരുടെയും അതുപോലെയുള്ള വഞ്ചകരാഷ്ട്രീയ നേതാക്കളുടെയും തനിനിറം തിരിച്ചറിയാന്‍ അവസരം ലഭിക്കുന്നത്‌. ആടുകളെ തമ്മിലിടിപ്പിച്ച്‌ ചോര കുടിക്കാന്‍ കാത്തിരുന്ന കഥയിലെ ചെന്നായ ഇവരേക്കാളൊക്കെ എത്രയോ സൗമ്യനും സാധുവുമാണെന്ന തിരിച്ചറിവും ഇപ്പോള്‍ കേരളത്തിലെ സമ്മതിദായകര്‍ക്ക്‌ ലഭിച്ചിട്ടുണ്ട്‌ എന്നത്‌ ഈ കോലാഹലങ്ങളുടെ ഗുണപരമായ പരിണാമമാണെന്ന്‌ വിശ്വസിക്കാനാണ്‌ എനിക്കിഷ്ടം, ആതിരേ...

No comments: