കുമാരാനാശാന്‍ മുന്നറിയിപ്പ് തന്നതോര്‍ക്കുക. 'നെല്ലിന്‍മൂട്ടില്‍ മുളച്ച കാട്ടുപുല്ലല്ല സാധുപുലയന്‍' ഇവരുള്‍പ്പെടെയുള്ള ദുര്‍ബലവിഭാഗത്തിന്റെയും പ്രാന്തവത്കരിക്കപ്പെടുന്നവരുടെയും ഉന്നമനത്തിനായി ചട്ടങ്ങള്‍ മാറ്റിയിലെങ്കില്‍ ചട്ടങ്ങള്‍ നിര്‍മ്മിച്ചവരെ മാറ്റാനുള്ള കരുത്തുള്ള ജനതയാണിവര്‍. ഇതുപോലുള്ള ജനവിഭാങ്ങളോട് മനുവാദികളും മറ്റു ചൂഷകരും അനുവര്‍ത്തിച്ച മുതലെടുപ്പിന്റെ ക്രൂരതയ്ക്കിരായുള്ള മറുപടികളാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്ഫോടനാത്മകമായിക്കൊണ്ടിരിക്കുന്നത്. അതില്‍ നിന്ന് പാഠമുള്‍ക്കൊള്ളാന്‍ ഇനിയും കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകാതെ ശൂദ്രന്റെ ചെവിയില്‍ ഈയം ഉരുക്കിയൊഴിക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ ആ കൈ മാത്രമല്ല അതിന് തയ്യാറാകുന്ന സംവിധാനം തന്നെ അതിഭീകരമായി, ബീഭത്സമായി തകര്‍ക്കപ്പെടുമെന്ന കാര്യത്തില്‍ സംശമയില്ല. അപ്പോള്‍ നിരപരാധികളുടെ പേരില്‍ ആരും വിലപിക്കാന്‍ തയ്യാറാകാതിരുന്നാല്‍ മതി, ആതിരേ... കാരണം അത്തരം തിരിച്ചടികള്‍ ഭരണത്തിലിരിക്കുന്ന മനുവാദികളുടെ സ്വയം കൃതാനര്‍ത്ഥം മാത്രമായിരിക്കും.
ശൂദ്രന് അക്ഷരം നിഷേധിക്കുന്ന മനുവാദികളാണ് ഇന്നും, ഇന്ത്യയിലും കേരളത്തിലും ഭരണം നടത്തുന്നതെന്ന ഭീകരതയിലേയ്ക്ക് നമ്മെ ഉണര്‍ത്തുകയാണ്, ആതിരേ, അടുത്തദിവസങ്ങളിലുണ്ടായ ചില തീരുമാനങ്ങള്‍. ജനാധിപത്യത്തിന്റെയും സോഷ്യലിസത്തിന്റെയും പേരില്‍ വോട്ടുവാങ്ങി അധികരാത്തിലേറിയ ശേഷം സമൂഹത്തിലെ ഏറ്റവും ദരിദ്രരും പിന്നാക്കം നില്‍ക്കുന്നവരുമായ ജനവിഭാഗത്തെ അവരുടെ അടിസ്ഥാന ആവശ്യങ്ങളില്‍ നിന്ന് ആട്ടിപ്പായിച്ച് ആ ഇടങ്ങളും ബഹുരാഷ്ട്ര കുത്തകകള്‍ക്കും മൂലധന ചൂഷകര്‍ക്കും പതിച്ചുനല്‍കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ അനുവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ജനവിരുദ്ധ, ജനാധിപത്യ വിരുദ്ധ നടപടികളുടെ ഒടുവിലത്തെതാണ് മേല്‍ സൂചിപ്പിച്ചത്.
അധഃ സ്ഥിത മേഖലയില്‍ ജനിക്കാനും വളരാനും വിധിക്കപ്പെടുന്നത് ആരുടെയെങ്കിലും ശാപമല്ല. നമ്മളെല്ലാം ഈശ്വര വിശ്വാസികളാണ്. പ്രപഞ്ചത്തിലെ എല്ലാ സൃഷ്ടികളും ഈശ്വരന്റേതാണ്. അതുകൊണ്ട് കല്ലിലും പുല്ലിലും പൂവിലും തുരുമ്പിലും ഈശ്വരന്റെ സാന്നിധ്യമുണ്ടെന്ന് വായകൊണ്ടെങ്കിലും പറയുന്നവരാണ് നാം. എന്നാല്‍, നമ്മെ പോലെ തന്നെ വിചാരവികാരങ്ങളും ജീവിക്കാനുള്ള അവകാശങ്ങളുമുള്ള ഇന്ത്യന്‍പൗരന്മാരായ അധഃസ്ഥിത മേഖലയില്‍ പെട്ടവരെ വികസനത്തിന്റെ മുഖ്യധാരയില്‍ നിന്ന് ആട്ടിപ്പായിക്കുന്നതു കൂടാതെ ഭരണഘടന ഉറപ്പുനല്‍കിയിട്ടുള്ള മൗലികാവകാശങ്ങള്‍ പോലും ലംഘിച്ച് അവരെ വീണ്ടും ശൂദ്രന്മാരാക്കി മാറ്റാനുള്ള മനുവാദ ഗൂഢാലോചനയാണ് കേന്ദ്രസര്‍ക്കാരില്‍ നിന്നുണ്ടായിട്ടുള്ളത്.നീയിത് അറിഞ്ഞോ ആതിരേ..
രാജ്യത്തെ പതിനാല് വയസ്സിന് താഴെയുള്ള എല്ലാ കുഞ്ഞുങ്ങളുടെയും വിദ്യാഭ്യാസം ഭരണഘടനാപരമായി നിര്‍ബന്ധിതമാക്കിയതിന്റെ പേരില്‍ അഭിമാനിക്കുന്ന ഒരു സര്‍ക്കാരാണ് അധഃസ്ഥിത മേഖലയിലെ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ നിഷേധിച്ചുകൊണ്ട് അവരെ അക്ഷരങ്ങളുടെയും വിജ്ഞാനത്തിന്റെയും ലോകത്തുനിന്ന് കുടിയിറക്കാന്‍ ശ്രമിക്കുന്നത്. ഇത് മന്‍മോഹന്‍ സിംഗിനും സോണിയയ്ക്കും കപില്‍ സിബലിനുമൊക്കെ ഭൂഷണമായിരിക്കാം. കാരണം അവരെല്ലാം വരേണ്യവര്‍ഗത്തിന്റെ പ്രതിനിധികളും വായില്‍ സ്വര്‍ണകരണ്ടിയുമായി ജനിച്ചവരും ഈ അധഃസ്ഥിത വിഭാഗത്തിന്റെ വോട്ട് നേടി അധികാരത്തിലേറിയവരും ഈ അധഃസ്ഥിത വിഭാഗത്തിന്റെ നികുതി പണം കൊണ്ട് സുഖിച്ച് മദിച്ച് വാഴുന്നവരുമാണ്. അതുകൊണ്ടുതന്നെയാണ് ഇവരുടെ ഇത്തരം ചെയ്തികള്‍ക്കെതിരെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ആയുധത്തിന്റെ ഭാഷയില്‍ മറുപടിയുണ്ടാകുന്നത്.
ആതിരേ,പട്ടിണിയായ മനുഷ്യന് പുരോഗതിയിലേയ്ക്കും അഭ്യുന്നതിയിലേയ്ക്കും സമൂഹത്തിന്റെ മുഖ്യധാരയില്‍ തങ്ങളുടെ ഇടം അടയാളപ്പെടുത്താനുള്ള പുത്തന്‍ ആയുധമാണ് പുസ്തകവും അക്ഷരങ്ങളും. ഈ ആയുധമുപയോഗിച്ച് സാമൂഹിക മാറ്റം വരുത്തി പുതിയൊരു ഭരണക്രമവും ചിന്താപദ്ധതിയും നടപ്പിലാക്കിയതുകൊണ്ടാണ് ഇന്ത്യയ്ക്ക് അധഃസ്ഥിത വിഭാഗത്തില്‍ നിന്നുള്ള ഒരു രാഷ്ട്രപതിയും സുപ്രീം കോടതി ചീഫ് ജസ്റ്റിസുമുണ്ടായത്.അറിയുക ആതിരെ , ഈ കുഞ്ഞുങ്ങളെപ്പോലെ ഇവര്‍ക്കും അടിസ്ഥാന വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്നെങ്കില്‍ കെ.ആര്‍. നാരായണനോ കെ.ജി. ബാലകൃഷ്ണനോ ഒന്നും ആ സ്ഥാനങ്ങളില്‍ എത്തുകയില്ലായിരുന്നു. ഇവരെ പോലെ നിരവധി പ്രതിഭകള്‍ രാഷ്ട്രീയ മേഖലയിലും സാമൂഹിക പ്രവര്‍ത്തനങ്ങളിലും രാഷ്ട്ര തന്ത്രജ്ഞതയുടെ രംഗത്തും നിയമ വേദിയിലുമൊക്കെ തിളങ്ങിയതും സമാനതകളില്ലാത്ത നേട്ടങ്ങളുണ്ടാക്കിയതും അവര്‍ക്ക് സിദ്ദിച്ച വിദ്യാഭ്യാസം കൊണ്ടായിരുന്നു. എന്നിട്ടും, അവരൊക്കെ ഉന്നതസ്ഥാനങ്ങളില്‍ വിരാജിക്കുമ്പോഴാണ് ഈ മനുവാദ അട്ടിമറി നടന്നത്
ഈ പശ്ചാത്തലത്തില്‍ വേണം അധഃസ്ഥിത മേഖലയിലെ കുഞ്ഞുങ്ങള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം നല്‍കാനാരംഭിച്ച എസ്‌എസ്‌എ ബദല്‍ വിദ്യാലയങ്ങളുടെ പ്രവര്‍ത്തനം മരവിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടിയെ വിലയിരുത്തേണ്ടത്. ജൂണ്‍ 30 ഓടെയാണ് ഒരു സമൂഹത്തെ മുഴുവന്‍ വഞ്ചിച്ച ഈ തീരുമാനം കേന്ദ്രസര്‍ക്കാരില്‍ നിന്നുണ്ടായത്. ഇതുമൂലം കേരളത്തില്‍ മാത്രം 13000 കുഞ്ഞുങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസമാണ് ഈ മനുവാദികള്‍ അട്ടിമറിച്ചിട്ടുള്ളത്.
ആതിരേ, ഭൂമിശാസ്ത്രപരവും സാമൂഹികവും സാമ്പത്തികവുമായ സാഹചര്യങ്ങളാല്‍ പ്രാഥമിക വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നവര്‍ക്ക്, അത് ഉറപ്പ് വരുത്താനായി കേന്ദ്രസര്‍ക്കാര്‍ സഹായത്തോടെ 2002 മുതലാണ് ബദല്‍ വിദ്യാലയങ്ങള്‍ ആരംഭിച്ചത്. ഒരു അധ്യാപികയുടെ നിയന്ത്രണത്തില്‍ ഒന്നുമുതല്‍ നാലുവരെ ക്ലാസുകളിലെ കുഞ്ഞുങ്ങളെ ഒരുമിച്ച് പഠിപ്പിച്ചിരുന്ന കേന്ദ്രങ്ങളായിരുന്നു ഇവ. അതുകൊണ്ടുതന്നെ ഇവയ്ക്ക് മള്‍ട്ടിഗ്രേഡ് ലേണിംഗ് സെന്റര്‍ എന്ന നാമധേയവും ഉണ്ടായിരുന്നു.
ഷെഡ്യൂള്‍ഡ് കാസ്റ്റ്, ഷെഡ്യൂള്‍ഡ് ട്രൈബ്, മുക്കുവ മേഖല എന്നീ അധഃസ്ഥിത മേഖലയില്‍ നിന്നുള്ള കുഞ്ഞുങ്ങളാണ് 99 ശതമാനവും ബദല്‍ സ്കൂളുകളില്‍ പഠിച്ചിരുന്നത്. കേരളം പോലെയുള്ള, ഉയര്‍ന്ന സാക്ഷരത നിരക്കുള്ള, രാഷ്ട്രീയ പ്രബുദ്ധതയും വികസനവും ഉള്ള (?) സംസ്ഥാനത്ത് പോലും ഈ മേഖലയില്‍ നിന്നുള്ള കുഞ്ഞുങ്ങള്‍ക്ക് മറ്റു വിദ്യാലയങ്ങള്‍ ഇപ്പോഴും അപ്രാപ്യമാണ്. ഈ യാഥാര്‍ത്ഥ്യം നിലനില്‍ക്കെയാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തെ ഒരു വാക്കുകൊണ്ട് പോലും എതിര്‍ത്ത് പറയാതെ വി.എസ് അച്യുതാനന്ദന്റെ സര്‍ക്കാര്‍ അംഗീകരിച്ചതെന്ന് പറയുമ്പോള്‍ എം.എ. ബേബിയെ പോലെയുള്ള വിദ്യാഭ്യാസ മന്ത്രിയും എപിഎം മുഹമദ് ഹനീഷിനെ പോലെയുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറുമൊക്കെ എത്രമാത്രം സമൂഹവിരുദ്ധ നിലപാടുള്ളവരാണെന്ന് നാം വായിച്ചെടുക്കേണ്ടിവരുന്നു.
കേരളത്തില്‍ 478 ബദല്‍ വിദ്യാലയങ്ങളാണുള്ളത്. ഈ വിദ്യാലയങ്ങളില്‍ പഠിക്കുന്ന കുഞ്ഞുങ്ങള്‍ അധഃസ്ഥിത മേഖലയില്‍ നിന്നുള്ളവരെണങ്കിലും കഴിവും മികവും ഏറെയുള്ളവരാണ്. അതിന്റെ തെളിവാണ് കണ്ണൂര്‍ ജില്ലയിലെ പുളിക്കല്‍ ബദല്‍ വിദ്യാലയത്തിലെ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് എല്‍എസ്‌എസ് സ്കോളര്‍ഷിപ്പ് ലഭിച്ചത്. ഇത്തരത്തില്‍ വിദ്യാഭ്യാസ രംഗത്ത് എന്തുകൊണ്ടും മുന്നോട്ട് പോകാന്‍ അര്‍ഹതയുള്ള 13000 കുഞ്ഞുങ്ങളുടെ ചെവിയില്‍ ഈയം ഉരുക്കുയൊഴിക്കുന്നതാണ്, ആതിരേ, കേന്ദ്രസര്‍ക്കാരിന്റെ ഈ തീരുമാനം.
തുടക്കത്തില്‍ പൂര്‍ണമായും കേന്ദ്രഫണ്ട് ഉപയോഗിച്ചായിരുന്നു ഇത്തരം ബദല്‍ വിദ്യാലയങ്ങള്‍ നടത്തിയിരുന്നത്. പിന്നീട് ഇത് 65% കേന്ദ്രഫണ്ടും 35% ഗ്രാമപഞ്ചായത്ത് ഫണ്ടുമായി മാറ്റി. സര്‍വ്വശിക്ഷ അഭ്യാന്‍ മുഖേനയായിരുന്നു ഇത് പ്രാവര്‍ത്തികമാക്കിയത്. അധ്യാപകര്‍ക്കുള്ള പ്രതിമാസ ശമ്പളമായ 3000 രൂപയും പരിശീലനവും പാഠപുസ്തകങ്ങളും സര്‍വ്വശിക്ഷാ അഭിയാന്‍ നല്‍കുമ്പോള്‍ ഉച്ചക്കഞ്ഞി വിദ്യാഭ്യാസ വകുപ്പും യൂണിഫോം ട്രൈബല്‍ വിഭാഗവുമായിരുന്നു നല്‍കിയിരുന്നത്.
നിലവില്‍ സ്കൂള്‍ സൗകര്യം ഇല്ലാത്തിടത്ത് ആരംഭിക്കുന്ന ബദല്‍ വിദ്യാലയങ്ങള്‍ ഭാവിയില്‍ സ്കൂളാക്കി മാറ്റണമെന്ന കേന്ദ്രനിര്‍ദേശം നടപ്പിലാകാത്തതിനാലാണ് ഫണ്ട് നിഷേധിക്കപ്പെട്ടതെന്നാണ് വിശദീകരണം. നിര്‍ദേശങ്ങള്‍ നല്‍കുമ്പോള്‍ അത് നടപ്പിലാക്കാന്‍ സഹായകമായ സാഹചര്യങ്ങള്‍ ഉണ്ടാക്കാനുള്ള ബാധ്യതയും ഉത്തരവാദിത്തവും കേന്ദ്രസര്‍ക്കാരിനുണ്ട്. പ്രത്യേകിച്ച് അധഃസ്ഥിത വിഭാഗത്തിലെ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തിന്റെ വിഷയമാവുമ്പോള്‍. എന്നാല്‍, അതിന് തയ്യാറാകാതെ ചട്ടങ്ങളിലും നിയമങ്ങളിലും തൂങ്ങിനിന്ന് ഈ കുഞ്ഞുങ്ങളെ അജ്ഞതയിലേയ്ക്ക് ചവിട്ടിത്താഴ്ത്താന്‍ ശ്രമിച്ച കേന്ദ്രത്തിലെ പുതിയ മനുമാരോട് പാടില്ല എന്ന് പറയാന്‍ കേരളത്തിലെ സര്‍ക്കാരിന് മനസ്സുണ്ടായില്ല എന്നറിയുമ്പോള്‍ മനസ്സിലാക്കുക ഇവരുടെയൊക്കെ സാധുജന സംരക്ഷണ ത്വര. കേരളത്തിന്റെ പ്രത്യേക സാഹചര്യം ബോധ്യപ്പെടുത്തി ഫണ്ട് പുഃനസ്ഥാപിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. സര്‍ക്കാരിന് മാത്രമല്ല, ഈ അധഃസ്ഥിത വര്‍ഗ വിരുദ്ധ നിലപാടിനെ ചെറുക്കാന്‍ കെ.ജി. ബാലകൃഷ്ണന്‍ അടക്കമുള്ളവര്‍ക്ക് ഉത്തരവാദിത്തമുണ്ട്. വണ്ടികയറി ഒരു തെരുവ് നായ ചത്താല്‍ പ്രസ്താവനകളുമായി എത്തുന്ന സാമൂഹിക പ്രവര്‍ത്തകരും സഹജീവി സ്നേഹികളൊന്നും ഈ വിഷയം അറിഞ്ഞില്ലെന്ന് നടിക്കുകയാണ്. ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍, പി.ആര്‍.ബി ഭാസ്കര്‍, ഡോ. സുകുമാര്‍ അഴീക്കോട്. സുഗതകുമാരി, സി.ആര്‍. നീലകണ്ഠന്‍, കെ.ഇ.എന്‍.കുഞ്ഞഹമ്മദ് തുടങ്ങി കേരളത്തിന്റെ അക്ഷരജിഹ്വകളും സാമൂഹിക പോരാളികളുമൊന്നും ഈ അട്ടിമറി അറിഞ്ഞില്ലെന്ന് പറയുമ്പോള്‍ മനുവാദം എത്ര ആഴത്തിലും അപായനിലയിലുമാണ് സാക്ഷര കേരളത്തിന്റെ മനസ്സില്‍ സ്ഥാനം നേടിയിരിക്കുന്നതെന്ന്, ആതിരേ, തിരിച്ചറിയുക.
കുമാരാനാശാന്‍ മുന്നറിയിപ്പ് തന്നതോര്‍ക്കുക. 'നെല്ലിന്‍മൂട്ടില്‍ മുളച്ച കാട്ടുപുല്ലല്ല സാധുപുലയന്‍' ഇവരുള്‍പ്പെടെയുള്ള ദുര്‍ബലവിഭാഗത്തിന്റെയും പ്രാന്തവത്കരിക്കപ്പെടുന്നവരുടെയും ഉന്നമനത്തിനായി ചട്ടങ്ങള്‍ മാറ്റിയിലെങ്കില്‍ ചട്ടങ്ങള്‍ നിര്‍മ്മിച്ചവരെ മാറ്റാനുള്ള കരുത്തുള്ള ജനതയാണിവര്‍. ഇതുപോലുള്ള ജനവിഭാങ്ങളോട് മനുവാദികളും മറ്റു ചൂഷകരും അനുവര്‍ത്തിച്ച മുതലെടുപ്പിന്റെ ക്രൂരതയ്ക്കിരായുള്ള മറുപടികളാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്ഫോടനാത്മകമായിക്കൊണ്ടിരിക്കുന്നത്. അതില്‍ നിന്ന് പാഠമുള്‍ക്കൊള്ളാന്‍ ഇനിയും കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകാതെ ശൂദ്രന്റെ ചെവിയില്‍ ഈയം ഉരുക്കിയൊഴിക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ ആ കൈ മാത്രമല്ല അതിന് തയ്യാറാകുന്ന സംവിധാനം തന്നെ അതിഭീകരമായി, ബീഭത്സമായി തകര്‍ക്കപ്പെടുമെന്ന കാര്യത്തില്‍ സംശമയില്ല. അപ്പോള്‍ നിരപരാധികളുടെ പേരില്‍ ആരും വിലപിക്കാന്‍ തയ്യാറാകാതിരുന്നാല്‍ മതി, ആതിരേ... കാരണം അത്തരം തിരിച്ചടികള്‍ ഭരണത്തിലിരിക്കുന്ന മനുവാദികളുടെ സ്വയം കൃതാനര്‍ത്ഥം മാത്രമായിരിക്കും.
Subscribe to:
Post Comments (Atom)
No comments:
Post a Comment