Saturday, July 31, 2010

ഉദിക്കും, ആദിവാസികള്‍ക്കായി നിണച്ചൂരുള്ളൊരു പ്രഭാതം

ആദിവാസികളോട്‌ കാണിച്ച ഈ തെമ്മാടിത്തത്തിന്‌ പ്രതികാരം ചെയ്യാന്‍ തീര്‍ച്ചയായും പതിതരുടെ ഒരു തലമുറ നട്ടെല്ല്‌ നിവര്‍ത്തും. അവര്‍ക്ക്‌ നേതൃത്വം നല്‍കാന്‍ വര്‍ഗീസിനെ പോലെ ധീരനായ ഒരു മനുഷ്യസ്നേഹി, കറതീര്‍ന്ന പ്രതിബദ്ധതയുണ്ടാകും. ചൂഷണത്തിന്റെ ഈ കരാളശക്തികളെ ഉന്മൂലനം ചെയ്യുന്ന ഒരു പ്രഭാതം പൊട്ടിവിരിയും. രക്തരൂഷിതമായേക്കാം ആ പ്രഭാതം. എന്നാലും അത്‌ ഇന്നത്തെ വിപ്ലവ നേതാക്കന്മാരുടെ നെഞ്ച്‌ കലക്കുന്ന വാസ്തവംആതിരേ, അട്ടപ്പാടിയില്‍ കാറ്റാടി വൈദ്യുതി കമ്പനിയുടെ ആദിവാസി ഭൂമി തട്ടിപ്പ്‌, ഇടതുപക്ഷ സര്‍ക്കാരിന്റെ ജനവിരുദ്ധതയുടെ മറ്റൊരു കുംഭഗോപുരമായി ഉയര്‍ന്നുനില്‍ക്കുമ്പോഴും വാസ്തവ വിരുദ്ധതകളില്‍ അഭിരമിച്ച്‌ ആദിവാസികളെ വീണ്ടും വീണ്ടും വഞ്ചിക്കാനാണ്‌ സര്‍ക്കാരും ഇടതുപക്ഷ പാര്‍ട്ടികളും പാര്‍ട്ടി മാധ്യമങ്ങളും ശ്രമിച്ചുകൊണ്ടിരിക്കുന്നത്‌. അധഃസ്ഥിതര്‍ക്കുവേണ്ടി നിലകൊള്ളുന്നു എന്ന്‌ നാഴികകയ്ക്ക്‌ നാല്‍പ്പതുവട്ടം വിളിച്ചുകൂവുന്ന, ആദിവാസി ഊരുകളില്‍ വികസനവും വൈദ്യുതിയും എത്തിച്ചത്‌ തങ്ങളാണെന്ന്‌ ഊറ്റം കൊള്ളുന്ന ഇടതുപക്ഷ സര്‍ക്കാരിന്റെ വഞ്ചനയുടെ കാറ്റാടികളാണ്‌ അട്ടപ്പാടി മലനിരകളില്‍ ഇപ്പോള്‍ കറങ്ങിക്കൊണ്ടിരിക്കുന്നത്‌.
നാലുവര്‍ഷത്തെ ഭരണത്തിന്റെ നേട്ടമായി ഉയര്‍ത്തിക്കാട്ടിയ കാറ്റാടി കമ്പനി അട്ടപ്പാടിയില്‍ കൊണ്ടുവരുന്നതിന്‌ വേണ്ടി ഭൂമാഫിയക്കും സ്വകാര്യ മൂലധന ചൂഷകര്‍ക്കുമൊപ്പം വിപ്ലവ വായാടികളും ഇടതുപക്ഷ ഭരണകൂടവും കൈകോര്‍ത്ത്‌ നിന്നതിന്റെ മ്ലേച്ഛതകളാണ്‌ ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്‌. എന്നിട്ടും, ആദിവാസി ഭൂമി ആരെങ്കിലും കൈയേറിട്ടുണ്ടെങ്കില്‍ ആ ശക്തികളുടെ അടിവേര്‌ അറുക്കുമെന്നാണ്‌ എ.കെ. ബാലന്റെ അഹന്ത ഉളുപ്പില്ലാതെ ജല്‍പ്പനങ്ങള്‍ പുലമ്പിക്കൊണ്ടിരിക്കുന്നത്‌.
ആതിരേ, ഒരു തുണ്ട്‌ പുകയിലയും ഒരു കവിള്‍ മദ്യവും നല്‍കി തന്റെ മണ്ണിനെയും പെണ്ണിനെയും കവര്‍ന്നെടുത്ത നാട്ടുവാസിയുടെ ലാഭക്കൊതിക്ക്‌ ഇരയായി കിടക്കപ്പായില്‍ നിന്ന്‌ പോലും ഇറങ്ങിപ്പോകേണ്ടിവന്ന ഗതികെട്ട ആദിവാസിയെയാണ്‌ ഇടതുപക്ഷ സര്‍ക്കാരിന്റെ മെഷിനറി ഉപയോഗിച്ച്‌ വീണ്ടും ലാഭക്കൊതിയുടെ പൈശാചിക ശക്തികള്‍ നിര്‍ദയം വഞ്ചിച്ച്‌ , നേട്ടത്തിന്റെ കാറ്റാടികള്‍ ഇപ്പോള്‍ കറക്കിക്കൊണ്ടിരിക്കുന്നത്‌.
വൈദ്യുതി മിച്ച സംസ്ഥാനം എങ്ങനെ വൈദ്യുതി കമ്മിസംസ്ഥാനമായി മാറിയെന്ന്‌ കണ്ടെത്താനോ ഈ പ്രശ്നം ശാസ്ത്രീയമായി പരിഹരിക്കാനോ മനസ്സുകാണിക്കാതെ ജലവൈദ്യുത പദ്ധതികളുടെയും കാറ്റാടി പദ്ധതികളുടെയും മറവില്‍ വനം കൈയേറ്റത്തിനും ആദിവാസി ഭൂമി തട്ടിപ്പിനും ഭൂമാഫിയ അടക്കമുള്ള തെമ്മാടികള്‍ വട്ടം കൂട്ടിയപ്പോള്‍ അതിന്‌ ഭരണത്തിന്റെ സംരക്ഷണം നല്‍കിയവരാണ്‌ ഇപ്പോള്‍ ആ ശക്തികളുടെ അടിവേര്‌ അറുക്കുമെന്ന്‌ വീമ്പിളക്കുന്നത്‌.
ആതിരേ, ആദിവാസി സംരക്ഷണത്തിന്‌ 1975ലെ ആദിവാസി ഭൂമിനയമവും 1999 ലെ ഭേദഗതിയും ഉള്‍പ്പെടെ 2009ല്‍ സുപ്രീം കോടതി അംഗീകാരം നല്‍കിയ നിയമം നിലവിലിരിക്കേയാണ്‌, കോടതിയലക്ഷ്യം പോലും നടത്തിക്കൊണ്ട്‌ ഈ സ്വകാര്യ സമ്പന്ന വിഭാഗം ആദിവാസികളെ കുടിയിറക്കി ഇങ്ങനെ ലാഭം കൊയ്തുകൊണ്ടിരുന്നത്‌. അതിന്‌ ഒത്താശ ചെയ്ത്‌ കമ്മീഷന്‍ പണം പോക്കറ്റിലും പാര്‍ട്ടി മന്ദിരങ്ങളിലും സമാഹരിച്ചവര്‍ക്ക്‌ എങ്ങനെ ഈ ശക്തികളുടെ നേരെ നില്‍ക്കാനാവുമെന്ന്‌ ബോധ്യമുള്ള ഒരു സമൂഹത്തെയാണ്‌ ബാലന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇങ്ങനെ പ്രഖ്യാപനങ്ങളിലൂടെ കബളിപ്പിക്കാന്‍ ശ്രമിക്കുന്നത്‌. അധഃസ്ഥിതന്‌ എന്നും പാര അവന്റെ തലത്തിലുള്ള മിടുക്കന്മാരാണെന്ന ചൊല്ലിനെ അന്വര്‍ത്ഥമാക്കി മന്ത്രിസ്ഥാനത്ത്‌ ഞെളിഞ്ഞിരിക്കുന്ന എ.കെ. ബാലനടക്കമുള്ളവര്‍ക്കെതിരെ കഠിന നിയമനടപടികള്‍ സ്വീകരിച്ചാല്‍ പോലും ആദിവാസികള്‍ ഇന്നനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക്‌ പകരമാവുകയില്ല. ആനുഷംഗീകമായി പറയട്ടെ ജൂലൈ 30 ന്‌ കേരള ഹൈക്കോടതിയില്‍ നിന്നുണ്ടായ ഒരു പരാമര്‍ശം ഏറെ പ്രസക്തമാണ്‌. ഈ സര്‍ക്കാരിന്റെ കാലത്ത്‌ മാഫിയകള്‍ക്കാണ്‌ നിയമപരിരക്ഷ ലഭിക്കുന്നത്‌. പണമുണ്ടെങ്കില്‍ ഏത്‌ നിയമവും ലംഘിക്കാന്‍ തയ്യാറാകുന്ന ഈ മാഫിയകളെ സംരക്ഷിക്കാന്‍ സര്‍ക്കാരിന്‌ മനഃസാക്ഷിക്കുത്തുമില്ല. അട്ടപ്പാടിയിലെ കാറ്റാടി വൈദ്യുതി പദ്ധതിയുടെ മറവില്‍ നടന്ന അട്ടിമറികള്‍ ഈ വാസ്തവത്തിന്‌ അടിവരയിടുന്നുമുണ്ട്‌.
ആതിരേ, ആദിവാസിയായ ഇ.പി. ചാത്തനും കാളിക്കും മറ്റും, കാറ്റാടി വൈദ്യുതി കമ്പനിക്കുവേണ്ടി അവരുടെ ഭൂമി 'പിടിച്ചെടുത്തതിന്‌' ലക്ഷക്കണക്കിന്‌ രൂപ നല്‍കാനിരിക്കേയാണ്‌ ഇപ്പോള്‍ എ.കെ. ബാലനും പാര്‍ട്ടി പത്രവുമൊക്കെ ചാത്തനെ സിപിഎംകാരനല്ലെന്നും 1985ല്‍ ഭൂമി വിറ്റവനാണെന്നുമുള്ള പച്ചക്കള്ളം പ്രചിപ്പിക്കുന്നത്‌. കേരളം ആരെല്ലാം ഭരിച്ചിരുന്നോ ആ നാളുകളിലെല്ലാം തന്നെ ആദിവാസികളുടെ മണ്ണും പെണ്ണും കവര്‍ന്നെടുക്കപ്പെട്ടതിന്റെ ദാരുണകഥകളാണ്‌ പുറത്തുവന്നിട്ടുള്ളത്‌. ആ നെറികേടിന്റെ പൂര്‍ണതയാണ്‌ ഇപ്പോള്‍ അട്ടപ്പാടിയില്‍ ദൃശ്യമായിട്ടുള്ളത്‌. സര്‍ക്കാരും ഭൂമി മാഫിയയും ആദിവാസികളെ വഞ്ചിച്ച്‌, സര്‍ക്കാരിന്റെ ആവശ്യത്തിനാണ്‌ ഭൂമി ഏറ്റെടുക്കുന്നതെന്ന്‌ അവരെ ധരിപ്പിച്ചാണ്‌ കാറ്റാടി കമ്പനിയുടെ കൊള്ളലാഭ കൊതിക്ക്‌ ചുവപ്പ്‌ പരവതാനി വിരിച്ചത്‌. ഈ പരവതാനിയിലൂടെ നടന്നുചെന്നാണ്‌ ബഹുമാന്യനായ മന്ത്രി അട്ടപ്പാടിയിലെ കാറ്റാടി വൈദ്യുതി കമ്പനിയുടെ ഉദ്ഘാടനം നടത്തിയത്‌. വൈദ്യുതി ക്ഷാമം പരിഹരിക്കാനുള്ള സര്‍ക്കാരിന്റെ പ്രതിജ്ഞാബദ്ധതയുടെ അടയാളമായി ഉയര്‍ത്തിക്കാട്ടിയ ഈ സംരംഭം വലിയൊരു വഞ്ചനയുടെ ബാക്കിപത്രമാണെന്ന്‌ ഇപ്പോള്‍ പൊതുസമൂഹം തിരിച്ചറിയുന്നു. ഈ തിരിച്ചറിവിന്റെ പൊള്ളലില്‍ നിന്ന്‌ രക്ഷപ്പെടാണ്‌ ബാലനും പാര്‍ട്ടി പത്രവും മറ്റും നട്ടാല്‍ കുരുക്കാത്ത കള്ളങ്ങളും കേട്ടല്‍ അറയ്ക്കുന്ന പ്രഖ്യാപനങ്ങളും നടത്തുന്നത്‌.
സര്‍ക്കാര്‍ സ്പോര്‍ണ്‍സേര്‍ഡായ മാഫിയ പ്രവര്‍ത്തനമാണ്‌ അട്ടപ്പാടിയല്‍ നടന്നതെന്നതിന്‌ ഇതില്‍ പരം തെളിവുകള്‍ ആവശ്യമില്ല.
ആതിരേ, അട്ടപ്പാടിയിലെ ആദിവാസി ഭൂമി തട്ടിപ്പ്‌ സംസ്ഥാനത്തെ പിടിച്ചു കുലുക്കുമ്പോഴും ഞങ്ങളൊന്നും ഇതറിഞ്ഞില്ല എന്ന മട്ടില്‍ വഞ്ചനയുടെ മറ്റ്‌ പ്രതീകങ്ങളായി നില്‍ക്കുകയാണ്‌ ആദിവാസി സംഘടനകള്‍. ആദിവാസി ഭൂമി പ്രശ്നത്തിന്റെ പേരില്‍ സംസ്ഥാനത്തിന്റെ പല ഭാഗത്തും പ്രക്ഷോഭ കൊടുങ്കാറ്റുകള്‍ ഉയര്‍ത്തുന്ന സംഘടനകളും അട്ടപ്പാടി പ്രശ്നത്തില്‍ മൗനം പുലര്‍ത്തുകയാണ്‌.
സിപിഎം അനുകൂല ആദിവാസി ക്ഷേമസമിതിയും സിപിഐ നേതൃത്വത്തിലുള്ള ആദിവാസി മഹാസമഭയും കോണ്‍ഗ്രസിന്റെ ആദിവാസി കോണ്‍ഗ്രസുമാണ്‌ അട്ടപ്പാടിയില്‍ വേരോട്ടമുള്ള പ്രധാന ആദിയവാസി സംഘടനകള്‍. അട്ടപ്പാടിയില്‍ കാറ്റാടി വൈദ്യുതി കമ്പനി ആദിവാസി ഭൂമി വ്യാജരേഖകളുടെ പിന്‍ബലത്തില്‍ തട്ടിയെടുത്തതായി വ്യക്തമായിട്ടും ഇവരാരും പ്രതികരിക്കാതിരിക്കുന്നത്‌ ബന്ധപ്പെട്ട സംഘടനകളെ നയിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ നിര്‍ദേശം മൂലമാണെന്ന കാര്യത്തില്‍ സംശയമില്ല. ആദിവാസി മഹാസംഘത്തിന്റെ സംസ്ഥാന സെക്രട്ടറി ഈശ്വരീരേശന്‍, ആദിവാസി ക്ഷേമ സമിതിയുടെ സംസ്ഥാന നേതാവ്‌ പി. രാജന്‍ ആദിവസി കോണ്‍ഗ്രസ്‌ നേതാവ്‌ രംഗസ്വാമി എന്നിവര്‍ അട്ടപ്പാടിക്കാരാണ്‌. എന്നിട്ടും ഇവരെല്ലാം മൗനീബാബകളായി നില്‍ക്കുന്നതിന്റെ പിന്നിലുള്ളത്‌ രാഷ്ട്രീയ കാരണങ്ങളാണെന്ന്‌ വ്യക്തം.
ആതിരേ, ചുവപ്പ്‌ പരവതാനി വിരിച്ച്‌ കാറ്റാടി വൈദ്യുതി കമ്പനിയെ അട്ടപ്പാടിയിലെത്തിച്ചതിന്റെ ക്രെഡിറ്റ്‌ അവകാശപ്പെട്ട സിപിഎമ്മിനും സിപിഐയ്ക്കും എങ്ങനെ വാ തുറക്കാന്‍ കഴിയും? അതുകൊണ്ടാണ്‌ സംസ്ഥാനം കണ്ട ഏറ്റവും വലിയ ആദിവാസി ഭൂമി തട്ടിപ്പാണ്‌ കാറ്റാടി കമ്പനിയുടെ പേരില്‍ നടന്നതെന്ന വാസ്തവം പുറത്തുവന്നപ്പോള്‍ ഇരുപാര്‍ട്ടികളും ഒരുപോലെ പ്രതിരോധത്തിലായത്‌. അഗളി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രവീന്ദ്രദാസ്‌ എന്ന ഇടതുപക്ഷ വഞ്ചകനടക്കമുള്ളവരുടെ പങ്ക്‌ അനിഷേധ്യമായി വെളിപ്പെട്ടിട്ടുണ്ട്‌. അഗളിയില്‍ ആധാരമെഴുത്ത്‌ ഓഫീസ്‌ നടത്തു. രവീന്ദ്ര ദാസാണ്‌ സാര്‍പെന്‍ റിയല്‍ടേഴ്സിനുവേണ്ടി ആധാരങ്ങളെല്ലാം നടത്തിക്കൊടുത്തത്‌ എന്നറിയണം. എന്നുമാത്രമല്ല സിപിഎം ഭരിക്കുന്ന ഷോളയൂര്‍, അഗളി പഞ്ചായത്തുകളിലാണ്‌ കാറ്റാടികളെല്ലാം സ്ഥാപിക്കപ്പെട്ടത്‌. അനുമതി തേടാതെ കാറ്റാടികള്‍ സ്ഥാപിച്ചിട്ടും നടപടിയെടുക്കാതെ കണ്ണടയ്ക്കുകയായിരുന്നു ഈ പഞ്ചായത്തുകള്‍ ചെയ്തത്‌. ഇപ്പോള്‍ സ്റ്റോപ്‌ മെമ്മോ കൊടുത്തിട്ടുണ്ട്‌ എന്നുപറയുന്നതൊക്കെ ആരുടെ കണ്ണില്‍ പൊടിയിടാനാണ്‌ എന്ന്‌ പൊതുസമൂഹത്തിന്‌ നന്നായി അറിയാം.
ആതിരേ, കാറ്റാടി കമ്പനികള്‍ക്ക്‌ സുഗമപാതയൊരുക്കാന്‍ ഉന്നത തലങ്ങളില്‍ നിന്നാണ്‌ നിര്‍ദേശം ഉണ്ടായത്‌. വകുപ്പ്‌ മന്ത്രിക്കും മീതെ പറന്ന പരുന്തുകളായിരുന്നു ഈ ശക്തികളെന്ന്‌ ഇപ്പോള്‍ വ്യക്തമായിട്ടുണ്ട്‌. ഈ വാസ്തവങ്ങള്‍ക്ക്‌ മുമ്പിലാണ്‌ ആദിവാസി ക്ഷേമസമിതിയും ആദിവാസി മഹാസഭയും പഞ്ചപുച്ഛമടക്കി നില്‍ക്കുന്നത്‌. അതുകൊണ്ട്‌ കൂടിയാണ്‌ അട്ടപ്പാടിയിലെ 176 ഊരുകളിലെ മൂപ്പന്മാര്‍ ഉള്‍ക്കൊള്ളുന്ന മൂപ്പന്‍സ്‌ കൗണ്‍സിലും മൗനത്തിലൊളിക്കാന്‍ നിര്‍ബന്ധിതരായത്‌. മുന്‍കാലങ്ങളില്‍ ആദിവാസി പ്രശ്നങ്ങളില്‍ സക്രിയമായി പ്രവര്‍ത്തിച്ചിരുന്ന ഗുരുവ്‌ എന്ന സംഘടനയും ഈ വിഷയത്തില്‍ മൗനികളായത്‌.
ആതിരേ, എം. സുകുമാരന്‍ ചെയര്‍മാനായ അട്ടപ്പാടി സംരക്ഷണ സംഘം ഇല്ലായിരുന്നെങ്കില്‍ കാറ്റാടി കമ്പനിയുടെയും ഭൂമാഫിയയുടെയും ഇടതുപക്ഷ വിപ്ലവം പറയുന്ന പാര്‍ട്ടികളെയും സോഷ്യല്‍ ഡെമോക്രാറ്റുകള്‍ അടങ്ങുന്ന ചൂഷകരുടെയും തനിനിറം പുറത്തുവരുമായിരുന്നില്ല. ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട രേഖകളും തെളിവുകളുമായി സുകുമാരന്‍ നടത്തിയ പോരാട്ടമാണ്‌ ഈ അട്ടിമറി ഇത്രയെങ്കിലും പുറത്തുകൊണ്ടുവന്നത്‌.
ആതിരേ, ആദിവാസികളോട്‌ കാണിച്ച ഈ തെമ്മാടിത്തത്തിന്‌ പ്രതികാരം ചെയ്യാന്‍ തീര്‍ച്ചയായും പതിതരുടെ ഒരു തലമുറ നട്ടെല്ല്‌ നിവര്‍ത്തും. അവര്‍ക്ക്‌ നേതൃത്വം നല്‍കാന്‍ വര്‍ഗീസിനെ പോലെ ധീരനായ, കറതീര്‍ന്ന പ്രതിബദ്ധതയുള്ള ഒരു മനുഷ്യസ്നേഹിയുണ്ടാകും. ചൂഷണത്തിന്റെ ഈ കരാളശക്തികളെ ഉന്മൂലനംചെയ്യുന്ന ഒരു പ്രഭാതം പൊട്ടിവിരിയും. രക്തരൂഷിതമായേക്കാം ആ പ്രഭാതം. എന്നാലും അത്‌ ഇന്നത്തെ വിപ്ലവ നേതാക്കന്മാരുടെ നെഞ്ച്‌ കലക്കുന്ന വാസ്തവം തന്നെയാണ്‌.

No comments: