Friday, July 23, 2010

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമോ ?

സര്‍ക്കാരിന്റെ അലംഭാവം മൂലവും അനുകൂല നിലപാട്‌ മൂലവും പോപ്പുലര്‍ ഫ്രണ്ടിനെ പോലെ ഒരു സംഘടന അതിന്റെ വേരോട്ടം സംസ്ഥാനമൊട്ടാകെ വ്യാപിപ്പിച്ചിട്ടുണ്ടെങ്കില്‍ നിയമപരമായി നിരോധനം കൊണ്ട്‌ എന്ത്‌ ഗുണമാണ്‌ ഉണ്ടാകാന്‍ പോകുന്നത്‌. നിരോധിക്കപ്പെടുന്ന സംഘടന തങ്ങളുടെ സാന്ന്യദ്ധ്യമറിയിക്കാന്‍ നിയമവിരുദ്ധമായ നിലപാടുകള്‍ സ്വീകരിക്കാന്‍ പലപ്പോഴും നിര്‍ബന്ധിതരായിട്ടുണ്ട്‌. കേരളത്തിലെ വര്‍ത്തമാനകാല ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഇത്തരമൊരു നിരോധനം ആശാവഹമായ ഫലമായിരിക്കില്ല. മറിച്ച്‌ ആശങ്കാ ജനകമായ തിരിച്ചടികള്‍ക്കായിരിക്കും അവസരമൊരുക്കുക.



തൊടുപുഴ ന്യൂമാന്‍ കോളജ്‌ അധ്യാപകന്‍ ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടി പ്രതികാരം തീര്‍ത്തതോടെ,ആതിരേ, ഇന്ന്‌, കേരളീയരുടെ പേടിസ്വപ്നമായി മാറിയിരിക്കുകയാണ്‌ പോപ്പുലര്‍ ഫ്രണ്ട്‌. മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ഈ ഭയത്തിന്റെ രൂക്ഷത വര്‍ധിപ്പിക്കുന്നതാണ്‌.
സംഭവത്തിന്‌ ശേഷം ഇത്രയും ദിവസം കഴിഞ്ഞിട്ടും മുഖ്യപ്രതികളെ പിടികൂടാന്‍ കഴിയാത്തതും കഴിഞ്ഞദിവസങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ വിവിധ ഓഫീസുകളിലും കേന്ദ്രങ്ങളിലും നടത്തിയ റെയ്ഡില്‍ പിടികൂടിയ സ്ഫോടക വസ്തുക്കളും സിഡികളും ലഘുലേഖകളുമെല്ലാം ഈ ഭയം ശതഗുണീഭവിപ്പിച്ചിട്ടുമുണ്ട്‌. കണ്ണൂര്‍, കോഴിക്കോട്‌, വയനാട്‌, കാസര്‍ഗോഡ്‌ ജില്ലകളില്‍ നടത്തിയ റെയ്ഡില്‍ ബോംബുകളും വടിവാളുകളുമടക്കം നിരവധി സ്ഫോടകവസ്തുക്കളും മാരകായുധങ്ങളുമാണ്‌ പോലീസ്‌ പിടിച്ചെടുത്തത്‌. കണ്ണൂരില്‍ എടയ്ക്കാട്‌, പാപ്പിനിശേരി, നാറാത്ത്‌, ഇരുട്ടി, പയ്യന്നൂര്‍ എന്നിവിടങ്ങളിലും കോഴിക്കോട്‌ ജില്ലയില്‍ നാദാപുരം, കുറ്റിയാടി, കുന്നമംഗലം തുടങ്ങിയ സ്ഥലങ്ങളില്‍ നടത്തിയ റെയ്ഡുകളില്‍ പോലീസിന്‌ ലഭിച്ചു എന്ന്‌ അവകാശപ്പെടുന്ന തെളിവുകള്‍ തീര്‍ച്ചയായും കേരളീയരെ ഞെട്ടിക്കുന്നതാണ്‌. മാരകപ്രഹരശേഷിയുള്ള സ്ഫോടകവസ്തുക്കളും മറ്റ്‌ ആയുധങ്ങളും രാജ്യവിരുദ്ധത മുറ്റിനില്‍ക്കുന്ന ലഘുലേഖകളും അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള ഭീകര സംഘടനകളുടെ സഹായം വ്യക്തമാക്കുന്ന സിഡികളുമൊക്കെയാണ്‌ ഈ റെയ്ഡുകളില്‍ കണ്ടെത്തിയത്‌.
അടുത്തകാലം വരെ കേരളത്തിലെ സാമൂഹിക ജീവിതത്തില്‍ സക്രിയമായി ഇടപെടുകയും യുഡിഎഫും എല്‍ഡിഎഫും അറച്ചുനിന്ന സാമൂഹിക പ്രശ്നങ്ങളില്‍ തന്റേടത്തോടെ പ്രതികരിക്കുകയും ചെയ്ത സംഘടനയാണ്‌, ആതിരേ പോപ്പുലര്‍ ഫ്രണ്ട്‌. യാഥാസ്ഥിതിക മുസ്ലീം വിഭാഗത്തിനും മുസ്ലീം ലീഗിനും എതിരായ നിലപാടുകളാണ്‌ പല വിഷയങ്ങളിലും ഇവര്‍ സ്വീകരിച്ചിരുന്നത്‌. അതുകൊണ്ടുതന്നെ മുസ്ലീം സമുദായത്തിലെ തീവ്രവാദ വിഭാഗമായി ഇവര്‍ മുദ്രകുത്തപ്പെട്ടിരുന്നു. എങ്കിലും മറ്റ്‌ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സംഘടനകളെ പോലെ പൊതുസമൂഹത്തില്‍ ഇടം നേടുകയും സാമൂഹിക രാഷ്ട്രീയ മാനങ്ങളുള്ള വിഷയങ്ങളില്‍ ഇടപെടുകയും ചെയ്തവരാണ്‌ പോപ്പുലര്‍ ഫ്രണ്ട്‌. എന്നാല്‍, ഇന്ന്‌ കേരളത്തെ ചുട്ടുകരിക്കാനുള്ള സ്ഫോടകശക്തിയാര്‍ന്ന സംവിധാനമായിട്ടാണ്‌ പോലീസിന്റെയും ഭരണകൂടത്തിന്റെയും വിശദീകരണങ്ങളിലും മാധ്യമവാര്‍ത്തകളിലും പോപ്പുലര്‍ ഫ്രണ്ട്‌ നിറഞ്ഞുനില്‍ക്കുന്നത്‌. അതുകൊണ്ടാണ്‌ പോപ്പുലര്‍ ഫ്രണ്ട്‌ അടക്കമുള്ള തീവ്രവാദ സംഘടനകളെ നിരോധിക്കണമെന്ന ഹര്‍ജി കേരള ഹൈക്കോടതിയിലെത്തിയത്‌. ഈ വിഷയത്തില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ വിശദീകരണം തേടിയിരിക്കുകയാണ്‌ ചീഫ്‌ ജസ്റ്റിസ്‌ ചെലമേശ്വര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച്‌.
കേരളത്തില്‍ കഴിഞ്ഞദിവസങ്ങളില്‍ വ്യാപകമായി നടന്ന റെയ്ഡുകളില്‍ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചും അവരുടെ സാമ്പത്തിക ശ്രോതസിനെ കുറിച്ചും നാഷണല്‍ ഇന്‍വെസ്റ്റിഗേറ്റീവ്‌ ഏജന്‍സി അന്വേഷിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്‌. എന്നുമാത്രമല്ല, കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സ്വാതന്ത്ര്യദിനത്തില്‍ പോപ്പുലര്‍ ഫ്രണ്ട്‌ നടത്തിയിരുന്ന ഫ്രീഡം പരേഡ്‌ ഇത്തവണ അനുവദിക്കുകയില്ല എന്നാണ്‌ സര്‍ക്കാരിന്റെ തീരുമാനം. അതായത്‌ കടുത്ത ഭീകരവാദ സംഘടനയായി പോപ്പുലര്‍ ഫ്രണ്ട്‌ ഇപ്പോള്‍ ഭരണകൂടത്തിന്റെയും പൊതുസമൂഹത്തിന്റെയും മനസ്സില്‍ ഭയപ്പെടുത്തുന്ന സംജ്ഞയായി സംവിധാനമായി മാറിയിരിക്കുകയാണ്‌.
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമോ എന്ന വിഷയം കോടതി തീരുമാനിക്കട്ടെ. അതിന്റെ യുക്തി കോടതി വെളിപ്പെടുത്തുമ്പോള്‍ നമുക്ക്‌ ബോധ്യമാകും. എന്നാല്‍, സാമാന്യ യുക്തി അനുസരിച്ച്‌ നമുക്കും ചില ചോദ്യങ്ങള്‍ ഉന്നയിക്കാനും അന്വേഷണങ്ങള്‍ നടത്താനും അനുമാനങ്ങളിലെത്താനും ഈ സാഹചര്യത്തില്‍ പരിസരമൊരുങ്ങുന്നുണ്ട്‌.
ആതിരേ, ഭരണപ്രതിപക്ഷ വ്യത്യാസം കൂടാതെ എല്ലാവരും ഇപ്പോള്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്നും അവര്‍ തീവ്രവാദി സംഘടനയാണെന്ന്‌ വാദിക്കുന്നു. അതിര്‍ത്തിക്കപ്പുറത്തുനിന്നും രാഷ്ട്രാന്തര രംഗത്ത്‌ ഭീതിവിതയ്ക്കുന്ന തീവ്രവാദി സംഘടനകളില്‍ നിന്ന്‌ ഇവര്‍ക്ക്‌ ആളും അര്‍ത്ഥവും ആയുധവും ലഭിക്കുന്നുണ്ടെന്നും ഒക്കെയാണ്‌ ഇപ്പോഴത്തെ പ്രചാരണവും വിശ്വാസവും.
ഇവിടെ ഉന്നയിക്കപ്പെടുന്ന ആദ്യത്തെ ചോദ്യം ഇത്രയും നാള്‍ കേരളത്തിലെ പൊതുസമൂഹത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ സംഘടനയെ കുറിച്ച്‌ നേരത്തെ തന്നെ ചില സംസയങ്ങള്‍ ഉയര്‍ന്നിരുന്നതാണ്‌. അന്ന്‌ അതേ കുറിച്ച്‌ അന്വേഷിക്കുകയും നടപടിയെടുക്കുകയും ചെയ്തിരുന്നെങ്കില്‍ ഇന്ന്‌ ഭരണകൂടവും മറ്റ്‌ രാഷ്ട്രീയ കക്ഷികളും മാധ്യമങ്ങളും ആവര്‍ത്തിക്കുന്ന ഭയാനകമായ അന്തരീക്ഷം സൃഷ്ടിക്കപ്പെടുമായിരുന്നോ എന്നതാണ്‌. അധ്യാപകന്റെ കൈവെട്ടേണ്ടിവന്നു ആഭ്യന്തരവകുപ്പിന്‌ ഉണരാനും റെയ്ഡുകള്‍ നടത്താനും. ആ റെയ്ഡുകളില്‍ ലഭിച്ച തെളിവുകള്‍ ആഭ്യന്തരമന്ത്രിയും ഡിജിപിയും ഉന്നതപോലീസ്‌ ഉദ്യോഗസ്ഥരടക്കമുള്ളവരുടെ ഉറക്കം കെടുത്തിയിരിക്കുകയാണ്‌. കഴിഞ്ഞ നാലുവര്‍ഷം ഭരണത്തിലിരുന്നപ്പോള്‍ ആഭ്യന്തരമന്ത്രിയും ഡിജിപിയും മറ്റ്‌ മുതിര്‍ന്ന പോലീസ്‌ ഉദ്യോഗസ്ഥരും ഈ സംഘടനയുടെ പ്രവര്‍ത്തനത്തെ കുറിച്ച്‌ അറിഞ്ഞിരുന്നില്ല എന്നാണോ കേരളീയര്‍ വിശ്വസിക്കേണ്ടത്‌. അത്രയ്ക്ക്‌ വിഡ്ഢികളാണോ സാക്ഷരകേരളീയര്‍?
അധികാരത്തിനും അതിജീവനത്തിനും വേണ്ടി രാഷ്ട്രീയ കക്ഷികളും അവരുടെ നേതാക്കന്മാരും സ്വീകരിച്ചുപോന്ന ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ നയങ്ങളും നടപടികളുമാണ്‌ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക്‌ കേരളത്തില്‍ വെള്ളവും വളവും നല്‍കിയതെന്ന കാര്യത്തില്‍ ആര്‍ക്കാണ്‌, ആതിരേ സംശയമുള്ളത്‌. ഇപ്പോള്‍ പറയുന്നു, ഇന്റലിജന്‍സ്‌ വിഭാഗം നേരത്തെ നല്‍കിയ മുന്നറിയിപ്പുകള്‍ സംസ്ഥാന സര്‍ക്കാരും ആഭ്യന്തരവകുപ്പും അവഗണിച്ചതുകൊണ്ടാണ്‌ ഇത്തരമൊരു ഭയാനകമായ സാഹചര്യം കേരളത്തില്‍ സൃഷ്ടിക്കപ്പെട്ടതെന്ന്‌. അത്‌ ശരിയാണെങ്കില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഇപ്പോഴത്തെ വളര്‍ച്ചയുടെ ഉത്തരവാദികള്‍ ആ സംഘടനയോ അതിനെ സഹായിക്കുന്ന മറ്റ്‌ സംവിധാനങ്ങളോ അല്ല എന്ന്‌ അനുമാനിക്കേണ്ടി വരും. അപായകരമായ, രാജ്യവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന്‌ സൂചന ലഭിച്ചിട്ടും നടപടിയെടുക്കാതിരുന്ന ആഭ്യന്തരവകുപ്പും പോലീസ്‌ ഉദ്യോഗസ്ഥരുമാണ്‌ ആ അര്‍ത്ഥത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനേക്കാള്‍ ഭയക്കേണ്ടവരെന്നും വരുന്നു. പോപ്പുലര്‍ ഫ്രണ്ടടക്കമുള്ള മൂന്ന്‌ സംഘടനകളെ കുറിച്ച്‌ മൂന്ന്‌ മാസം മുമ്പ്സംസ്ഥാന സര്‍ക്കാരിന്‌ മുന്നറിയിപ്പ്‌ നല്‍കിയതാണെന്ന്‌ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ഇപ്പോള്‍ ആണയിടുന്നു. അതായത്‌ ലഭിച്ച സൂചനകള്‍ക്ക്‌ മുകളില്‍ ഉറക്കം തൂങ്ങുകയായിരുന്നു ഇടതുപക്ഷ ഭരണകൂടവും അതിന്റെ ആഭ്യന്തരവകുപ്പും മന്ത്രിയും ഡിജിപിയും ഉന്നത പോലീസ്‌ ഉദ്യോഗസ്ഥരും എന്ന്‌ സാരം.
കളമശേരി ബസ്‌ കത്തിക്കല്‍ കേസിന്‌ ശേഷം കേരളത്തിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളെ കുറിച്ച്‌ അന്വേഷിക്കാന്‍ ഡിഐജി വിനോദ്‌ കുമാറിന്റെ നേതൃത്വത്തില്‍ ഒരു പ്രത്യേക സംവിധാനം രൂപീകരിച്ചതാണ്‌. എന്നാല്‍, ഈ സംവിധാനത്തെ നോക്കുകുത്തിയാക്കി തീവ്രവാദ പ്രവര്‍ത്തനങ്ങളോട്‌ അതി മൃദു സമീപനാണ്‌ ആഭ്യന്തരവകുപ്പ്‌ സ്വകരിക്കുന്നതെന്ന പരാതി നേരത്തെ ഉയര്‍ന്നതാണ്‌. അന്ന്‌ ഡിഐജി വിനോദ്‌ കുമാറിനെ നേരിട്ട്‌ വിളിച്ചുവരുത്തി മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദന്‍ വിശദീകരണം തേടിയതുമാണ്‌.
ഇതിന്‌ ശേഷമായിരുന്നു തടിയന്റവിട നസീര്‍ പിടിയിലായത്‌. അന്ന്‌ വിനോദ്‌ കുമാറിനെ മറികടന്നാണ്‌ കണ്ണൂര്‍ റെയ്ഞ്ച്‌ ഐജി ടോമിന്‍ ജെ. തച്ചങ്കരി ബാംഗ്ലൂരില്‍ പോയതും തടിയന്റവിട നസീറിനെ ചോദ്യം ചെയ്തതും. അന്നുതന്നെ കേരള സര്‍ക്കാരിന്‌ തീവ്രവാദി ഗ്രൂപ്പുകളോടുള്ള മൃദുസമീപനം വ്യക്തമായതാണ്‌. തുടര്‍ന്ന്‌ ലഭിച്ച വിവരങ്ങളും ഈ സമീപനത്തിലെ അപായം വ്യക്തമാക്കുന്നതായിരുന്നു. ആ നിലപാടാണ്‌ അധ്യാപകന്റെ കൈവെട്ടലിലേയ്ക്കും റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുള്ള ആയുധ സമാഹരണ പ്രവര്‍ത്തനങ്ങളിലേയ്ക്കും പരിവര്‍ത്തനം ചെയ്തതെന്ന കാര്യത്തില്‍ സംശയമില്ല.
ആതിരേ, സര്‍ക്കാരിന്റെ അലംഭാവം മൂലവും അനുകൂല നിലപാട്‌ മൂലവും പോപ്പുലര്‍ ഫ്രണ്ടിനെ പോലെ ഒരു സംഘടന അതിന്റെ വേരോട്ടം സംസ്ഥാനമൊട്ടാകെ വ്യാപിപ്പിച്ചിട്ടുണ്ടെങ്കില്‍ നിയമപരമായ നിരോധനം കൊണ്ട്‌ എന്ത്‌ ഗുണമാണ്‌ ഉണ്ടാകാന്‍ പോകുന്നത്‌? നിരോധിക്കപ്പെടുന്ന സംഘടന തങ്ങളുടെ സാന്ന്യദ്ധ്യമറിയിക്കാന്‍ നിയമവിരുദ്ധമായ നിലപാടുകള്‍ സ്വീകരിക്കാന്‍ പലപ്പോഴും നിര്‍ബന്ധിതരായിട്ടുണ്ട്‌. കേരളത്തിലെ വര്‍ത്തമാനകാല ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഇത്തരമൊരു നിരോധനം ആശാവഹമായ ഫലമായിരിക്കില്ല. മറിച്ച്‌ ആശങ്കാ ജനകമായ തിരിച്ചടികള്‍ക്കായിരിക്കും അവസരമൊരുക്കുക. തങ്ങളുടെ ഓഫീസുകളില്‍ നടത്തുന്ന റെയ്ഡ്‌ പക്ഷപാതിത്വപരമാണെന്നും പിടിച്ചെടുക്കപ്പെട്ടു എന്നുപറയുന്ന ആയുധങ്ങള്‍ തങ്ങളുടേതല്ലെന്നും പോപ്പുലര്‍ ഫ്രണ്ട്‌ നേതാക്കള്‍ പറയുന്നു. പോലീസ്‌ നടത്തുന്ന ഈ റെയ്ഡിനെതിരെ സംസ്ഥാന വ്യാപകമായ പ്രതിഷേധത്തിന്‌ ഒരുങ്ങുകയുമാണ്‌ അവര്‍. ആഭ്യന്തരവകുപ്പിന്റെ ഇപ്പോഴത്തെ നടപടികള്‍ പ്രശ്നം പരിഹരിക്കാനല്ല രൂക്ഷമാക്കാനാണ്‌ സാധ്യതയെന്ന്‌ സൂചിപ്പിക്കുന്നു.
അതായത്‌ പോപ്പുലര്‍ ഫ്രണ്ടല്ല മറിച്ച്‌ കേരളത്തില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക്‌ സാഹചര്യമൊരുക്കിയ ഭരണകൂടവും പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളുമാണ്‌ കുറ്റക്കാര്‍. അതുകൊണ്ട്‌ നിരോധിക്കേണ്ടതും നടപടി എടുക്കേണ്ടതും ഇവരെയും ഇവര്‍ക്കെതിരെയുമാണ്‌. അതല്ലാതെയുള്ള എല്ലാ നീക്കങ്ങളും , ആതിരേ, രോഗമറിയാതെയുള്ള ചികിത്സയായിരിക്കും അതിന്റെ ഫലം മാരകവുമായിരിക്കും.

No comments: