Sunday, May 27, 2012
ഒ.എന്‍.വി ,സുഗതകുമാരി നിങ്ങളെ ഓര്‍ത്ത് ഞങ്ങള്‍ ലജ്ജിക്കുന്നു
മൂവാറ്റുപുഴയില്‍ ഒരു അദ്ധ്യാപകന്റെ കൈ വെട്ടിയപ്പോള്‍ കടുകു പൊട്ടുന്നതുപോലെയായിരുന്നു ഈ സാംസ്കാരിക സാഹിത്യ നായകന്മാരുടെ പ്രതികരണം. അതിനൊരു കാരണമുണ്ട്. ആ സംഭവത്തില്‍ പ്രതിസ്ഥാനത്തു നിന്നത് മുസ്ലീം തീവ്രവാദികളായിരുന്നു. ഇവിടെ പക്ഷേ, മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ സമുന്നതരായ നേതാക്കളും ഹിന്ദുക്കളുമാണ് പ്രതിസ്ഥാനത്തുള്ളത് എന്നതുകൊണ്ടാണ് ഇവരെല്ലാം ഉളുപ്പില്ലാത്ത മൗനം പാലിച്ചതെന്നു വേണം അനുമാനിക്കേണ്ടത്.. എത്ര വൃത്തികെട്ട,ഹീനമായ വര്‍ഗ്ഗീയ ചിന്തകളാണ് ഈ സാഹിത്യ നായകന്മാരുടെ മനസ്സിലും ചെയ്തികളിലും നിറഞ്ഞു നിന്നതെന്ന് തിരിച്ചറിഞ്ഞ് നാം അന്തം വിട്ടുപോകുമ്പോള്‍ അറിയുക, അധികാരത്തോട് ഒട്ടിനിന്ന് സമൂഹത്തെയും നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങളെയും ഒറ്റിക്കൊടുത്ത യൂദാസുകളുടെ സാന്നിദ്ധ്യം കൂടിയുള്ളതാണ് ചരിത്രം. മാര്‍ക്സ് പറഞ്ഞതുപോലെ ചരിത്രം അതിന്റെ രണ്ടാമത്തെ തലത്തിലെ ആവര്‍ത്തനമാകുകയാണ് ഇവരിലൂടെ കേരളത്തിലിപ്പോള്‍. നീതിക്കും നേരിനും ന്യായത്തിനും വേണ്ടിയുള്ള നിലവിളികളെയും കണ്ണീര് കണങ്ങളെയും വിറ്റ് കാശാക്കുന്ന ഷൈലോക്കുമാരാണ് തങ്ങളെന്ന് നാണവും മാനവും കൂടാതെ സുഗതകുമാരിയും ഒ.എന്‍.വി.കുറുപ്പും എം.ടി.വാസുദേവന്‍ നായരും എം.മുകുന്ദനുമൊക്കെ സമ്മതിക്കുമ്പോള്‍ ഇവരുടെ അക്ഷരങ്ങളിലൂടെ സാഹിത്യത്തെ തിരിച്ചറിഞ്ഞ,മലയാള ഭാഷയെ ഉള്‍ക്കൊണ്ട നിമിഷത്തെ ഞാന്‍ പ്രാകുകയാണ്. ഇവരെയോര്‍ത്ത് ലജ്ജിക്കുകയാണ്.
റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി.ചന്ദ്രശേഖരനെ അതിനീചമായും ബീഭത്സമായും വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കേരളം ഒന്നടങ്കം നടുങ്ങുകയും ആ സംഭവത്തെ ഒരേമനസ്സോടെ അപലപിക്കുകയും ചെയ്തപ്പോള്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും കേരളത്തിലെ ബുദ്ധിജീവികളും ഗര്‍ഹണീയമായ മൗനം പുലര്‍ത്തിയത് എന്തുകൊണ്ടാണ് ആതിരേ?
മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ നീചമായ മൗനത്തിനു പിന്നില്‍ കുറ്റവാളിയുടെ, കൊലപാതകിയുടെ കൗശലപൂര്‍ണമായ പ്രതിരോധമാണുള്ളതെന്ന് ആര്‍ക്കാണറിയാത്തത്?പക്ഷേ നമ്മുടെ ബുദ്ധിജീവികള്ക്കെന്താണ് പറ്റിയത്.?പ്രായത്തിന്റെ അവശതകള്‍ മറന്ന് ബംഗാളില്‍ നിന്ന് ജ്ഞാനപീഠം പുരസ്കാര ജേതാവായ മഹാശ്വേതദേവി ഒഞ്ചിയത്തെത്തിയിട്ടും മലയാളത്തിന്റെ ജ്ഞാനപീഠങ്ങളുടെ നാവ് ആര്‍ക്കാണവര്‍ വാടയ്കയ്ക്ക് കൊടുത്തത്, ആതിരേ..?
"രാജാവ് നഗ്നനാണെന്ന സത്യത്തെ
രാജഭക്തന്മാര് നടുങ്ങുമാറുച്ചത്തില്‍
നാളേവിളിച്ചു പറയുവാനുണ്ണി നിന്
നാവിനുണ്ടാകട്ടെ ശക്തിയും ധൈര്യവും" എന്നു കുറിച്ച ജ്ഞാനപീഠം , പിണറായിഭക്തനായിത്തീര്ന്നതെങ്ങനെ?
ആതിരേ,നമ്മുടെ ബുദ്ധിജീവികള്‍ക്കും ചന്ദ്രശേഖരന് കുലംകുത്തിയായിരുന്നെന്നോ?
ചന്ദ്രശേഖരന്റെ വധത്തില്‍ കേരളത്തിലെ സാഹിത്യകാരന്മാരും സാംസ്കാരിക നായകന്മാരും എന്തുകൊണ്ടാണ് പ്രതികരിക്കാത്തതെന്ന ചോദ്യം ഉന്നയിച്ച് എഴുത്തുകാരനായ സക്കറിയയാണ് ആതിരേ,വിഷയത്തിലേക്ക് പൊതുസമൂഹത്തിന്റെ ശ്രദ്ധ തിരിച്ചത്. ഭയം കൊണ്ടാണ് പ്രതികരിക്കാതിരുന്നതെന്ന് കവി ബാലചന്ദ്രന് ചുള്ളിക്കാട് അപ്പോള്‍ തന്നെ തന്റെ അവസ്ഥ വെളിപ്പെടുത്തിയെങ്കിലും സാഹിത്യത്തിനുള്ള സര്‍ക്കാര്‍-അക്കാദമി പുരസ്കാരങ്ങള്‍ നേടിയ കവികളും നോവലിസ്റ്റുകളുമടങ്ങുന്ന സാഹിത്യകാരന്മാരും മറ്റ് സാംസ്കാരിക നായകന്മാരും മൗനികളായത് ആരേ പേടിച്ചാണ്?.
സക്കറിയ തുടങ്ങിവച്ച വിവാദത്തിന്റെ ചുവട് പിടിച്ച് പത്രലേഖകരും ചാനല്‍ റിപ്പോര്‍ട്ടര്‍മാരും കേരളത്തിലെ സാഹിത്യ നായകന്മാരെയും സാംസ്കാരിക നേതാക്കളെയും സമീപിച്ചപ്പോഴാണ് ഇങ്ങനെ ഒരു ദുരന്തം നടന്നതായി അവര്‍ അറിഞ്ഞതെന്ന ഉദാസീനമട്ടിലായിരുന്നു പ്രതികരണങ്ങള്‍!
ആനന്ദിനേയും സുധീരയേയും പോലുള്ളവര്‍ ചന്ദ്രശേഖരന്റെ വധത്തെ നിശിതമായി വിമര്‍ശിച്ചെങ്കിലും മുകുന്ദനെപ്പോലെ ഉള്ളവര്‍ എങ്ങും തൊടാത്ത നിലപാടെടുത്ത് തങ്ങളുടെ നില സംരക്ഷിക്കുന്ന അതിദയനീയമായ കാഴ്ചയാണ് കേരളം കണ്ടത്.സാംസ്കാരിക അധ:പതനത്തിന്റെയും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയോടുള്ള വിധേയത്വത്തിന്റെയും ഏറ്റു പറച്ചിലുകളാണ് മുഖ്യധാരാ സാഹിത്യ-സാംസ്കാരിക നായകരെന്ന് കരുതുന്നവരില്‍ നിന്നുണ്ടായത്.
തന്റെ ഭര്‍ത്താവ് അതിക്രൂരമായി കൊല ചെയ്യപ്പെട്ടിട്ടും കേരളത്തിലെ ബുദ്ധിജീവികളും എഴുത്തുകാരും പുലര്‍ത്തിയ ലജ്ജാരഹിതമായ മൗനത്തെ കണ്ണീരില്‍ കുതിര്‍ന്ന രോഷത്തോടെയാണ് ചന്ദ്രശേഖരന്റെ വിധവ കെ.കെ.രമ ചോദ്യം ചെയ്തത്. സാധാരണ കാട്ടില്‍ ഒരു ഇല വീണാല്‍പോലും പ്രതികരിക്കാറുള്ള കവയത്രികളാരും എന്തേ ഇക്കാര്യത്തില്‍ പ്രതികരിക്കുന്നില്ല എന്നായിരുന്നു രമയുടെ അന്വേഷണം.
ഇതിന് കവയിത്രി സുഗതകുമാരി നല്കിയ മറുപടി തികഞ്ഞ സ്വാര്‍ത്ഥതയുടെയും പാദസേവയുടെയും അശ്ലീലത നിറഞ്ഞ അഹങ്കാരത്തിന്റേതായിരുന്നു, ആതിരേ.. . " നിങ്ങള്‍ക്ക് മിണ്ടാനുള്ളതുപോലെ മറ്റുള്ളവര്‍ക്ക് മിണ്ടാതിരിക്കാനും അവകാശമുണ്ട് " എന്നായിരുന്നു സുഗതകുമാരിയുടെ പ്രതികരണം. എന്നുമാത്രമല്ല, കഴിഞ്ഞ 30 വര്‍ഷമായി കേരളത്തിലെ വിവിധ രാഷ്ട്രീയ സംഘട്ടനങ്ങള്‍ക്കെതിരെ തങ്ങള്‍ പ്രതികരിച്ചിട്ട് എന്തു സംഭവിച്ചു എന്ന് ചോദിക്കാനുള്ള അഹന്തയും സുഗതകുമാരിക്കുണ്ടായിരുന്നു. ആദരണീയനായ അദ്ധ്യാപകനും കവിയും ജ്ഞാനപീഠ പുരസ്ക്കാര ജേതാവുമായ ഒ.എന്‍.വി.കുറുപ്പിന്റെ പ്രതികരണം ഇതിലും നീചമായ തലത്തില്‍ നിന്നുകൊണ്ടായിരുന്നു. കൊലപാതകങ്ങള്‍ക്ക് സാക്ഷി പറയാന്‍ കവികള്‍ ബാധ്യസ്ഥരല്ലെന്നും വാദിക്കോ പ്രതിക്കോ വേണ്ടി സാക്ഷി പറയുന്നതുപോലെ ഒരു കൊലപാതകത്തില്‍ സാക്ഷി പറയാന്‍ കവിയെ നിര്ബന്ധിക്കാനാവുകയില്ലെന്നുമൊക്കെയായിരുന്നു ഒ.എന്‍.വിയുടെ പ്രതികരണം. ജനനത്തിനും മരണത്തിനും മംഗള കാവ്യങ്ങള്‍ രചിക്കുന്നതുപോലെ ഒരു കൊലപാതകം ഉണ്ടായാല്‍ കവിത എഴുതാനോ പ്രതികരിക്കാനോ കവികളെ കിട്ടുകയില്ല എന്നാണ് ഡി.വിനയചന്ദ്രന് ഒരു ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത്. ഈ ദിവസങ്ങളില്‍ ടി.പി.ചന്ദ്രശേഖരന് വധവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സിപിഎം-ന്റെ സൈദ്ധാന്തിക സംരക്ഷകനായി പ്രത്യക്ഷപ്പെട്ടിട്ടുള്ള ഭാസുരേന്ദ്ര ബാബു പറഞ്ഞത് ഗാന്ധിജിയുടെ വധം രാഷ്ട്രീയമായി കോണ്‍ഗ്രസ് ആഘോഷിച്ചതുപോലെ ഓരോ രക്തസാക്ഷിത്വവും ബന്ധപ്പെട്ട പാര്‍ട്ടികള്‍ രാഷ്ട്രീയ ആഘോഷമാക്കി മാറ്റുന്നു. അവിടെ എഴുത്തുകാരന്റെയോ കവിയുടെയോ സാംസ്കാരിക നായകന്റെയോ പ്രതികരണത്തിന് പ്രത്യേക പ്രസക്തിയില്ലെന്നുമാണ് ചാനല്‍ ചര്‍ച്ചയില്‍ ഭാസുരേന്ദ്ര ബാബു വീറോടെ വാദിച്ചത്.
എഴുത്തുകാരും സാംസ്കാരിക നായകന്മാരും അടങ്ങുന്ന ബുദ്ധിജീവി വര്‍ഗ്ഗം പ്രായേണ ഇടതുപക്ഷ ചായ്വുള്ളവരായിട്ടാണ് കരുതപ്പെടുന്നത്.നന്മയുടേയും മാനവികതയുടേയും പക്ഷമായിട്ടാണ് ഇടത്പക്ഷത്തെ വിശേഷിപ്പിക്കുന്നത്.ചൂഷണത്തിനും ചൂഷകര്‍ക്കും എതിരെ പൊരുതുന്ന,സ്വാതന്ത്ര്യത്തിനും സാഹോദര്യത്തിനും വേണ്ടി പോരാടുന്ന വിവേകത്തിന്റേയും മനുഷ്യത്വത്തിന്റേയും തിരിച്ചറിവാണ് ഇടത്പക്ഷ നിലപാട്.പക്ഷെ കേരളത്തിലെ ഇടത് പക്ഷ ബുദ്ധിജീവികളുടെ ചായവ് അധികാരത്തോടും അത് നല്കുന്ന സൗകര്യങ്ങളോടും അതൊരുക്കിയവരോടുള്ള വിധേയത്വത്തോടുമാണെന്ന് ഇപ്പോള്‍ വ്യക്തമായി.
എ.കെ.ജി സെന്ററില്‍ നിന്നും 'കൃത്യമായ അകല'ങ്ങളില്‍ തങ്ങളുടെ സ്ഥാനം അടയാളപ്പെടുത്തി അധികാരവുമായി ബന്ധപ്പെട്ട പുരസ്കാരങ്ങളും ബഹുമാനങ്ങളും സ്വന്തമാക്കി മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെയും പിണറായി വിജയന്റെയും എം.എ.ബേബിയുടെയുമൊക്കെ വിശ്വസ്ത തൊമ്മിമാരായി സ്വയം അംഗീകരിക്കുന്ന ഷണ്ഡത്വങ്ങളാണ് സുഗതകുമാരി മുതല്‍ ഒ.എന്‍.വി വരെയുള്ളവര്‍ എന്നാണ് ചന്ദ്രശേഖരന്റെ വധത്തോടുള്ള അവരുടെ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്.ചന്ദ്രശേഖരന്റെ കൊലയാളികളെ തേടി ഇതുവരെ നടന്ന അന്വേഷണങ്ങള്‍ ചെന്നെത്തിയിട്ടുള്ളത് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുമായി സംഘടനാ തലത്തില്‍ ബന്ധമുള്ള വ്യക്തികളിലാണ്. അന്വേഷണം ഇതേ നിലയില്‍ മുന്നോട്ടുപോയാല്‍ തീര്‍ച്ചയായും ചന്ദ്രശേഖരന് വധത്തിന് പിന്നിലെ ഗൂഢാലോചനയില്‍ പങ്കെടുത്ത തിമിംഗലങ്ങളെ പുറത്തുകൊണ്ടുവരുമെന്ന കാര്യത്തില്‍ സംശയമില്ല.
ഈ സാധ്യത മുന്നില്‍ കണ്ടുകൊണ്ടാണ് ആതിരേ, സുഗതകുമാരിയും ഒഎന്‍വിയും എം.ടി.വാസുദേവന്‍ നായരുമൊക്കെ അടങ്ങുന്ന ബഹുമാന്യരായ കവികളും നോവലിസ്റ്റുകളും എഴുത്തുകാരും സാംസ്കാരിക നേതാക്കന്മാരും ബുദ്ധിപൂര്‍വ്വകമായ മൗനം അവലംബിച്ചത്. ഇവിടെ ചോദ്യം വാദിയുടെയോ പ്രതിയുടെയോ പക്ഷത്താണോ നിങ്ങള്‍ എന്നല്ല, മറിച്ച് നീതിയുടെ പക്ഷത്ത് നില്ക്കാന് നിങ്ങള്‍ക്ക് മനസ്സും നട്ടെല്ലുറപ്പും ആര്‍ജ്ജവവും ഉണ്ടോ എന്നാണ്. അത് ഇല്ല എന്ന് ഒരു ഉളുപ്പും കൂടാതെ വ്യക്തമാക്കിയിരിക്കുകയാണ് ആദരണീയരെന്ന് നാം ഇന്നലെ വരെ കരുതിയിരുന്ന ഈ സാഹിത്യ-സാംസ്കാരിക നേതാക്കന്മാര്.
ഓര്‍ക്കണം മൂവാറ്റുപുഴയില്‍ ഒരു അദ്ധ്യാപകന്റെ കൈ വെട്ടിയപ്പോള്‍ കടുകു പൊട്ടുന്നതുപോലെയായിരുന്നു ഈ സാംസ്കാരിക സാഹിത്യ നായകന്മാരുടെ പ്രതികരണം. അതിനൊരു കാരണമുണ്ട്. ആ സംഭവത്തില്‍ പ്രതിസ്ഥാനത്തു നിന്നത് മുസ്ലീം തീവ്രവാദികളായിരുന്നു. ഇവിടെ പക്ഷേ, മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ സമുന്നതരായ നേതാക്കളും ഹിന്ദുക്കളുമാണ് പ്രതിസ്ഥാനത്തുള്ളത് എന്നതുകൊണ്ടാണ് ഇവരെല്ലാം ഉളുപ്പില്ലാത്ത മൗനം പാലിച്ചതെന്നു വേണം അനുമാനിക്കേണ്ടത്.. എത്ര വൃത്തികെട്ട,ഹീനമായ വര്‍ഗ്ഗീയ ചിന്തകളാണ് ഈ സാഹിത്യ നായകന്മാരുടെ മനസ്സിലും ചെയ്തികളിലും നിറഞ്ഞു നിന്നതെന്ന് തിരിച്ചറിഞ്ഞ് നാം അന്തം വിട്ടുപോകുമ്പോള്‍ അറിയുക, അധികാരത്തോട് ഒട്ടിനിന്ന് സമൂഹത്തെയും നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങളെയും ഒറ്റിക്കൊടുത്ത യൂദാസുകളുടെ സാന്നിദ്ധ്യം കൂടിയുള്ളതാണ് ചരിത്രം. മാര്‍ക്സ് പറഞ്ഞതുപോലെ ചരിത്രം അതിന്റെ രണ്ടാമത്തെ തലത്തിലെ ആവര്‍ത്തനമാകുകയാണ് ഇവരിലൂടെ കേരളത്തിലിപ്പോള്‍. നീതിക്കും നേരിനും ന്യായത്തിനും വേണ്ടിയുള്ള നിലവിളികളെയും കണ്ണീര് കണങ്ങളെയും വിറ്റ് കാശാക്കുന്ന ഷൈലോക്കുമാരാണ് തങ്ങളെന്ന് നാണവും മാനവും കൂടാതെ സുഗതകുമാരിയും ഒ.എന്‍.വി.കുറുപ്പും എം.ടി.വാസുദേവന്‍ നായരും എം.മുകുന്ദനുമൊക്കെ സമ്മതിക്കുമ്പോള്‍ ഇവരുടെ അക്ഷരങ്ങളിലൂടെ സാഹിത്യത്തെ തിരിച്ചറിഞ്ഞ,മലയാള ഭാഷയെ ഉള്‍ക്കൊണ്ട നിമിഷത്തെ ഞാന്‍ പ്രാകുകയാണ്. ഇവരെയോര്‍ത്ത് ലജ്ജിക്കുകയാണ്.
**************
51 അക്ഷരം
51 വെട്ട്
അമ്മേ ഞാനേതില് നിന്ന് തുടങ്ങണം
Friday, May 18, 2012
കാവ്യ മാധവനും സംവൃത സുനിലിനും എതിരെ കേസെടുക്കണം
കാവ്യാമാധവനെ പോലെയുള്ള കലാകാരന്മാര് പണത്തിനുവേണ്ടി ഏതുവേഷം കെട്ടാനും തയ്യാറാകുന്നതാണ് ഇത്തരം തട്ടിപ്പു കമ്പനികള്‍ക്ക് കോടികള്‍ അടിച്ചു മാറ്റാന്‍ മറയാകുന്നത്. താന്‍ പറയുന്ന കാര്യത്തില്‍ യാതൊരു ഉറപ്പും ഇല്ല എന്ന് അറിഞ്ഞിട്ടും സമൂഹത്തില്‍ റോള്‍ മോഡല്‍ ആകേണ്ട സിനിമാ താരങ്ങള്‍ അടക്കമുള്ളവര്‍ സൗന്ദര്യം സംബന്ധിച്ച് പൊതുജനത്തിനുള്ള അബദ്ധ ധാരണയെ മുതലെടുക്കാനും വഞ്ചിക്കാനും കൂട്ടുനിന്നത് ഒരു വിധത്തിലും ന്യായീകരിക്കാനാവാത്ത കുറ്റമാണ്. ബോധപൂര്‍വ്വം പൊതുസമൂഹത്തെ വഞ്ചിച്ചതിന് ഇവര്‍ക്കെതിരെ നിയമനടപടികള്‍ കൈക്കൊള്ളേണ്ടതാണ്.
ആതിരെ,സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ ധാത്രി ശ്രീധരീയം, ഇന്ദുലേഖ തുടങ്ങിയ കമ്പനികള്‍ മാര്‍ക്കറ്റില്‍ ഇറക്കിയ സൗന്ദര്യ സംവര്‍ദ്ധക വസ്തുക്കള്‍ കറതീര്‍ന്ന തട്ടിപ്പായിരുന്നുവെന്നും കേരളീയര്‍ അടക്കമുള്ളവരുടെ പോക്കറ്റില്‍ നിന്ന് കോടികള്‍ ഈ കമ്പനികള്‍ അടിച്ചു മാറ്റിയെന്നും വൈകിയാണെങ്കിലും വ്യക്തമായിരിക്കുന്നു.
ഡ്രഗ് കണ്ട്രോളര് നടത്തിയ റെയ്ഡിലാണ് ഈ കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍, അവര്‍ അവകാശപ്പെടുന്ന ഗുണം ഒന്നുമില്ലാത്ത തട്ടിപ്പുവസ്തുക്കളാണെന്ന് വ്യക്തമായത്. അതിന്റെ അടിസ്ഥാനത്തില്‍ ഈ മൂന്ന് കമ്പനികളും മാര്‍ക്കറ്റില്‍ ഇറക്കിയ സൗന്ദര്യ സംവര്‍ദ്ധക വസ്തുക്കള്‍ പിടിച്ചെടുക്കുകയും അവയ്ക്ക് നിരോധനം ഏല്പ്പെടുത്തുകയം ചെയ്തിട്ടുണ്ട്. പൊതുജനത്തെ കബളിപ്പിച്ച് ശാസ്ത്രീയ അടിത്തറയില്ലാത്ത വസ്തുക്കള്‍ വിറ്റഴിച്ച് കോടികള്‍ സമ്പാദിച്ച ഇവരുടെ ലൈസന്‍സ് റദ്ദാക്കുമെന്നാണ് കേള്‍ക്കുന്നത്.
ആതിരേ,ഈ തട്ടിപ്പു വസ്തുക്കള്‍ പൊതുജനങ്ങളിലേക്ക് എത്തിച്ചത് കാവ്യമാധവനും സംവൃത സുനിലും സംയുക്ത വര്‍മ്മയും നവ്യ നായരും അനൂപ് മേനോനും ദീപക് ദേവുമൊക്കെയാണ്. ഇവരെയൊക്കെ കോടികള്‍ കൊടുത്ത് ബ്രാന്‍ഡ് അംബാസഡറാക്കി കോടികള്‍ മുടക്കി ജനങ്ങളെ പ്രലോഭിപ്പിക്കുന്ന പരസ്യങ്ങള്‍ ഷൂട്ട് ചെയ്ത് ദൃശ്യമാധ്യമങ്ങളിലും അച്ചടി മാധ്യമങ്ങളിലും നല്‍കിയാണ് വ്യാപകമായ മുതലെടുപ്പ് നടത്തിയത്. കാവ്യാമാധവനെപ്പോലെയും സംവൃത സുനിലിനെപ്പോലെയും ഉള്ളവര്‍ മെയ്ക്കപ്പിട്ട് അതിന് അനുസൃതമായ ലൈറ്റ് അപ്പില്‍ ഫോട്ടോയും വീഡിയോ ഒക്കെ എടുത്ത് തങ്ങളുടെ സൗന്ദര്യത്തിന്റെയും നിറത്തിന്റെയും അടിസ്ഥാനം ഈ സൗന്ദര്യ സംവര്‍ദ്ധക വസ്തുക്കളാണെന്ന് പറയുമ്പോള്‍ അവരെ ആരാധിക്കുന്ന ജനങ്ങള്‍ അത് വിശ്വസിക്കുക സ്വാഭാവികം. വെളുത്ത ത്വക്കിനോടുള്ള ഇന്ത്യക്കാരന്റെ ഇന്ഫീരിയോരിറ്റി കോംപ്ലക്സ് കലര്‍ന്ന ധാരണയാണ് ഈ സുന്ദരികളെയും സുന്ദരന്മാരെയും പരസ്യത്തില്‍ അവതരിപ്പിച്ച് ധാത്രിയും ഇന്ദുലേഖയും ശ്രീധരീയവും മുതലെടുത്തുകൊണ്ടിരുന്നത്.
ആതിരേ,സമൂഹത്തോട് കൂറും പ്രതിപത്തിയും കാണിക്കേണ്ട കലാകാരന്മാരും സിനിമാ പ്രവര്‍ത്തകരും സാഹിത്യ നായകരുമൊക്കെ പണം എന്ന ഒറ്റ ലക്ഷ്യത്തോടെ മുന്നോട്ടു പോകുമ്പോള്‍ അവര്‍ പ്രതിനിധീകരിക്കുന്ന സമൂഹവും അവരെ പിന്തുടര്ന്ന് ചിന്താശൂന്യരായി മാറുമെന്ന് അറിഞ്ഞാണ് ധാത്രി ശ്രീധരീയം, ഇന്ദുലേഖ തുടങ്ങിയ കമ്പനികള്‍ കോടികള്‍ മുടക്കി ഇവരെ ബ്രാന്‍ഡ് അംബാസഡര്മാരാക്കിയതും പരസ്യങ്ങള്‍ തുടര്‍ച്ചയായി മാധ്യമങ്ങളില്‍ നല്കിയതും.
കഴിഞ്ഞയാഴ്ച ഗുണനിലവാര പരിശോധനയുടെ ഭാഗമായി പരസ്യം ചെയ്യുന്ന യാതൊരു ഗുണവും ഇല്ലെന്ന് ആരോപിച്ച് കോടികള്‍ വിലവരുന്ന സൗന്ദര്യ വര്‍ദ്ധക ഉല്പന്നങ്ങള് ഡ്രഗ് കണ്ട്രോളര് പിടിച്ചെടുത്തിരുന്നു. ഇതുസംബന്ധിച്ച വാര്‍ത്ത മുഖ്യധാരാ മാധ്യമങ്ങള്‍ മുക്കി. ന്യൂസ് റിപ്പോര്‍ട്ടര്‍ അടക്കമുള്ള ചില പത്രങ്ങളും ഓണ്‍ലൈന്‍ പോര്‍ട്ടലുകളും മാത്രമാണ് വിവരം റിപ്പോര്‍ട്ട് ചെയ്തത്. കാവ്യാമാധവനെ പോലെയുള്ള കലാകാരന്മാര് പണത്തിനുവേണ്ടി ഏതുവേഷം കെട്ടാനും തയ്യാറാകുന്നതാണ് ഇത്തരം തട്ടിപ്പു കമ്പനികള്‍ക്ക് കോടികള്‍ അടിച്ചു മാറ്റാന്‍ മറയാകുന്നത്. താന്‍ പറയുന്ന കാര്യത്തില്‍ യാതൊരു ഉറപ്പും ഇല്ല എന്ന് അറിഞ്ഞിട്ടും സമൂഹത്തില്‍ റോള്‍ മോഡല്‍ ആകേണ്ട സിനിമാ താരങ്ങള്‍ അടക്കമുള്ളവര്‍ സൗന്ദര്യം സംബന്ധിച്ച് പൊതുജനത്തിനുള്ള അബദ്ധ ധാരണയെ മുതലെടുക്കാനും വഞ്ചിക്കാനും കൂട്ടുനിന്നത് ഒരു വിധത്തിലും ന്യായീകരിക്കാനാവാത്ത കുറ്റമാണ്. ബോധപൂര്‍വ്വം പൊതുസമൂഹത്തെ വഞ്ചിച്ചതിന് ഇവര്‍ക്കെതിരെ നിയമനടപടികള്‍ കൈക്കൊള്ളേണ്ടതാണ്.
അതിന് ഇന്ത്യന്‍ നിയമ വ്യവസ്ഥ അനുവാദം നല്‍കുന്നുണ്ട്. ഉത്പന്നം ഗുണനിലവാരമില്ലാത്തതാണ് എന്ന് തെളിഞ്ഞാല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ആക്ടിലെ അണ്‍ഫെയര്‍ ട്രേഡ് പ്രൊട്ടക്ഷന്‍ വകുപ്പുകളുടെ അടിസ്ഥാനത്തില്‍ പരസ്യം ചെയ്ത സ്ഥാപനം, ഡിസൈന്‍ ചെയ്ത ആര്‍ട്ടിസ്റ്റുകള്‍, അഭിനയിച്ച മോഡലുകള്‍, പ്രസിദ്ധപ്പെടുത്തിയ മാധ്യമങ്ങള്‍ എന്നിവരെല്ലാം കുറ്റക്കാരാണ്. അവര്‍ക്കെതിരെ ശിക്ഷണ നടപടികള്‍ സ്വീകരിക്കാവുന്നതുമാണ്.
ഇങ്ങനെ ഒരു നിയമം ഉണ്ടായിട്ടും വര്‍ഷങ്ങളായി ധാത്രി, ഇന്ദുലേഖ, ശ്രീധരിയം എന്നീ ബ്രാന്‍ഡുകള്‍ ഈ വഞ്ചന ചെയ്തു കൂട്ടിയപ്പോള്‍ അതൊന്നും നമ്മുടെ ഭരണകൂടം അറിഞ്ഞില്ലെന്നു വിശ്വസിക്കാന്‍ മാത്രം വിഡ്ഢികളാണോ മലയാളികള്‍? കോടികളാണ് ഈ കമ്പനികള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ഫണ്ട് പിരിവ് സമയത്ത് നല്‍കിയിട്ടുള്ളത്. അതിന്റെ പ്രതിഫലമായിട്ടാണ് ജനങ്ങളെ വഞ്ചിക്കാനുള്ള നിശബ്ദാനുവാദം ഭരണകൂടം ഇവര്‍ക്ക് നല്കിയതും.
അറിയുക, കാവ്യമാധവന്, സംവൃത സുനില്‍, സംയുക്ത വര്‍മ്മ, നവ്യാ നായര്‍ തുടങ്ങിയവര്‍ സിനിമാ നടികളാകുന്നത് ഇത്തരം വൈറ്റ്വാഷ് വഴിയാണ്. ഈ വൈറ്റ്വാഷ് കഴുകിയാല്‍ ഇവരും നമ്മുടെ നാട്ടിലെ ഒരു സാധാരണ മലയാളി പെണ്കുട്ടിയാകും. വരകളും പാടുകളും മാറ്റി മുഖകാന്തി വര്‍ദ്ധിപ്പിക്കുന്ന ഈ ഉല്പന്നങ്ങളില് മുങ്ങിക്കുളിക്കുന്ന നടിമാരുടെ സൗന്ദര്യം, ഇവയുടെ ഉപയോഗം കൊണ്ട് അല്പമെങ്കിലും വര്‍ദ്ധിക്കേണ്ടതല്ലേ? എന്തുകൊണ്ട് മുഖം കഴുകി കഴിയുമ്പോള്‍ ലോകത്തെ മോഹിപ്പിക്കുന്ന സൗന്ദര്യം നഷ്ടമായി ഇവരൊക്കെ സാധാരണ മലയാളി യുവതികളായി മാറുന്നു?
ആതിരേ,ഈ ചോദ്യത്തിനുള്ള ഉത്തരം അതില്‍ തന്നെയുണ്ട്. അതായത് ഇത്തരം ഉല്‍പ്പന്നങ്ങള്‍ അവര്‍ പറയുന്ന അല്ലെങ്കില്‍ അവകാശപ്പെടുന്ന യാതൊരു ഗുണനിലവാരവും പുലര്‍ത്തുന്നില്ല എന്നു തന്നെ. നന്നായി മെയ്ക്കപ്പിട്ടാല്‍ സിനിമാക്കാരിയാകും. മെയ്ക്കപ്പ് കഴുകി കഴിഞ്ഞാല്‍ സാധാരണക്കാരിയാകും. അത് അറിഞ്ഞുകൊണ്ടാണ് ഇവരെല്ലാം വിവിധ സൗന്ദര്യ സംവര്‍ദ്ധക ഉത്പാദകരുടെ ബ്രാന്‍ഡ് അംബാസഡറന്മാരായത്.
അതുകൊണ്ട് സാക്ഷര കേരളത്തെ, വിദ്യാസമ്പന്നരായ യുവതി യുവാക്കളെ വര്‍ഷങ്ങളായി വഞ്ചിക്കാന്‍ കൂട്ടുനിന്ന കാവ്യാമാധവനും സംവൃത സുനിലിനും സംയുക്ത വര്‍മ്മയ്ക്കും നവ്യാനായര്‍ക്കുമൊക്കെ എതിരെ വഞ്ചനയ്ക്ക് കേസ് എടുത്തേ മതിയാകൂ. ഉപഭോക്തൃ നിയമം അനുസരിച്ച് പരാതി ലഭിച്ചെങ്കില്‍ മാത്രമേ നടപടി ഉണ്ടാകൂ. ഞങ്ങള്‍ ഈ പറയുന്നത് വഞ്ചിക്കപ്പെട്ട പൊതുസമൂഹത്തിന്റെ വികാരമായതുകൊണ്ട് ഇത് പരാതിയായി സ്വീകരിച്ചിട്ടെങ്കിലും ഇവര്‍ക്കെതിരെയും നടപടി എടുത്തെങ്കില്‍ മാത്രമേ ഇനി ഒരാളും ഇത്തരം തന്ത്രങ്ങള്‍ ഉപയോഗിച്ച് പൊതുസമൂഹത്തിന്റെ പോക്കറ്റടിക്കാതിരിക്കുകയുള്ളൂ.
ഈ വിഷയത്തില്‍ കേരളത്തിലെ പത്രങ്ങളും ചാനലുകളും പുലര്‍ത്തിയ ചതിയും കാണാതിരുന്നുകൂട.ധാത്രിയുടേയും ഇന്ദുലേഖയുടേയും സ്രീധരീയത്തിന്റേയും പരസ്യങ്ങളിലൂടെ ഇവരും കോടികള്‍ സ്വന്തമാക്കിയവരാണ്.പരസ്യദാതാക്കള്‍ തങ്ങളുടെ ഉത്പന്നങ്ങളെക്കുറിച്ച് നടത്തുന്ന അവകാശവാദത്തിന്റെ ശാസ്ത്രീയ അടിത്തറ പരീക്ഷിച്ചറിഞ്ഞ ശേഷം പരസ്യം പ്രസിദ്ധീകരിക്കുന്നതും,സംപ്രേക്ഷണം ചെയ്യുന്നതും പ്രായോഗികമല്ല.എന്നാല്‍ പരസ്യദാതാക്കള്‍ ഉപഭോക്താക്കളെ കബളിപ്പിക്കുകയായിരുന്നെന്ന് ബന്ധപ്പെട്ട വകുപ്പ് രേഖാമൂലം അറിയിക്കുമ്പോള്‍ അതംഗീകരിക്കേണ്ടതാണ്.ധാത്രിയുടേയും ഇന്ദുലേഖയുടേയും ശ്രീധരീയത്തിന്റേയും സൗന്ദര്യസംവര്ദ്ധകാത്പന്നങ്ങള് വ്യാജമാണെന്നും റെയ്ഡ് നടത്തി അവ പിടിച്ചെടുത്തെന്നും ഡ്രഗ്സ് കണ്‍ട്രോളറുടെ ഓഫീസില്‍ നിന്ന് ഔദ്യോഗിക അറിയിപ്പ് എല്ലാ പത്രങ്ങള്‍ക്കും ചാനലുകള്‍ക്കും ലഭിച്ചതാണ്.ന്യൂസ് റിപ്പോര്‍ട്ടര്‍,തേജസ്,സിറാജ് എന്നീ മൂന്ന് പത്രങ്ങളും പിന്നെ കുറേ ന്യൂസ് പോര്‍ട്ടലുകളും മാത്രമാണ് ഈ വാര്‍ത്ത് പ്രസിദ്ധീകരിക്കാന്‍ ആര്‍ജവം കാണിച്ചത്.അതേസമയം റെയ്ഡിനെതിരെ ധാത്രി ഉള്‍പ്പെടെയുള്ള കമ്പനികളുടെ വിശദീകരണം പരസ്യരൂപത്തില്‍ ഇവരെല്ലാം പ്രസിദ്ധീകരിക്കുകയും ചെയ്തു.നീതിക്കും സത്യത്തിനും ന്യായത്തിനും വേണ്ടിയാണ് മാധ്യമപ്രവര്‍ത്തനം നടത്തുന്നതെന്ന് അവകാശപ്പെടുന്നവരാണ് വായനക്കാരും പ്രേക്ഷകരും അടങ്ങുന്ന വഞ്ചിതരെ വിസ്മരിച്ച് വഞ്ചകര്‍ക്ക് ഒപ്പം നിന്നത്.ഇതിനെ മാധ്യമാധോലോക പ്രവര്‍ത്തനമായി,ആതിരേ, ഞാന്‍ വിലയിരുത്തുന്നു;സമൂഹിക തിന്മയായി അധിക്ഷേപിക്കുന്നു
Thursday, May 17, 2012
വേലിക്കകത്ത് നിന്ന് അച്യുതാനന്ദന് പുറത്ത് വരണം
പാര്‍ട്ടിയുമായി തന്നെ ബന്ധിപ്പിക്കുന്ന വേലിക്കകത്തു നിന്ന് അദ്ദേഹം പുറത്തു വരണം. എന്നിട്ട് 64-ലേതുപോലെ വിപ്ലവവീര്യത്തിന്റെയും വര്‍ഗ്ഗപ്രതിബദ്ധതയുടെയും പുതിയ സമര സന്നദ്ധതയ്ക്ക് നേതൃത്വം കൊടുത്ത് കമ്യൂണിസ്റ്റ് മൂല്യ ബോധങ്ങളുടെ കൊലയാളികളായ പിണറായി വിജയന് അടക്കമുള്ളവര്‍ക്ക് കാലം ആവശ്യപ്പെടുന്ന പ്രഹരമേല്‍പ്പിക്കുകയും വേണം. ഇത് ഉപരിവിപ്ലവവും വൈകാരികവുമായ സമീപനത്തില്‍ നിന്നുള്ള വിലയിരുത്തലല്ല. മറിച്ച്, കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ അപചയത്തില്‍ മനംനൊന്ത് വിങ്ങി നീറി നില്ക്കുന്ന ലക്ഷക്കണക്കിന് അണികളുടെ ആശയും അഭിലാഷവുമാണ്.
ആതിരേ,ജയരാജ, ജയരാജ, ജയരാജ-വിജയന്മാരോ ഉത്തരദക്ഷിണാ മൂര്‍ത്തികളോ പോളിറ്റ് ബ്യൂറോയിലെ ബേബിമാരോ അവയ്ലബിള് പിബിയിലെ സ്ഥിരം കഥാപാത്രം എസ്.ആര്.പിയോ എന്തിനധികം ദേശീയ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടോ അല്ല സിപിഐ(എം) എന്നും അത് വി.എസ്.അച്യുതാനന്ദന് എന്ന ഒറ്റയാന്റെ വ്യക്തിപ്രഭാവത്താല്‍ അണികള്‍ ഒപ്പം നില്‍ക്കുന്നത് കൊണ്ട് രൂപീകൃതമാകുന്ന പാര്‍ട്ടിയാണെന്ന് തെളിഞ്ഞു കഴിഞ്ഞു.
റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ഒഞ്ചിയത്തെ ടി.പി.ചന്ദ്രശേഖരനെ ബീഭത്സമായി ഉന്മൂലനം നടത്തിയിട്ടും പിണറായി അടക്കമുള്ള ഔദ്യോഗിക പക്ഷ നേതാക്കളുടെ ക്ഷോഭം തീര്‍ന്നിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോഴും അവര്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രസ്താവനകളും പ്രഖ്യാപനങ്ങളും. കുലംകുത്തിയായി മാത്രം ചന്ദ്രശേഖരനെ വിലയിരുത്തുന്ന ധാര്‍ഷ്ട്യവും കുലംകുത്തികള്‍ പാര്‍ട്ടിയുടെ ശത്രുക്കളാണെന്നും അതുകൊണ്ടു തന്നെ ഉന്മൂലനം ചെയ്യപ്പെടേണ്ടവരാണെന്നുള്ള മാടമ്പിത്തെമ്മാടിത്തവുമാണ് പിണറായി അടക്കമുള്ളവരുടെ തലയ്ക്ക് പിടിച്ചിരിക്കുന്നത്. അതിനീചമായി വെട്ടിക്കൊലപ്പെടുത്തിയ ആ നേതാവിന്റെ ദാരുണാന്ത്യത്തില്‍ ഒന്ന് അനുശോചിക്കാന്‍ പോലുമുള്ള മനുഷ്യത്വമില്ലാത്ത അധികാര ദുര്മദത്തിന്റെയും സ്റ്റാലിനിസ്റ്റ്-ഫാസിസ്റ്റ് സംപൂര്ത്തീകരണത്തിന്റെയും വക്താക്കളായി പിണറായി മുതല്‍ ദക്ഷിണാമൂര്ത്തിവരെയുള്ളവര് നില്ക്കുമ്പോള്,ആതിരേ, മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലെ അണികളും കേരളത്തിലെ പൊതുസമൂഹവും പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത് വി.എസ്.അച്യുതാനന്ദനിലേയ്ക്കാണ്.
ടി.പി.രാജശേഖരനും കൂട്ടരും സിപിഎമ്മില്‍ നിന്ന് പുറത്തുപോയതിനെ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 1964-ലെ പിളര്‍പ്പിനോട് സമീകരിച്ച് വി.എസ്.അച്യുതാനന്ദന് പിണറായി അടക്കമുള്ള നേതൃത്വത്തെ വെല്ലുവിളിച്ചപ്പോള്‍ കേരളം യഥാര്‍ത്ഥത്തില്‍ കോരിത്തരിക്കുകയായിരുന്നു. ഔദ്യോഗിക പക്ഷത്തിന്റെ പ്രത്യയശാസ്ത്രപരമായ നെറികേടുകള്‍ക്കും അധോലോക ബന്ധങ്ങള്‍ക്കും ആര്‍ഭാട ജീവിതത്വരകള്ക്കും വര്ഗ്ഗവഞ്ചനയ്ക്കുമെതിരെ പാര്‍ട്ടിക്കുള്ളില്‍ വി.എസ്.അച്യുതാനന്ദന് ഉയര്‍ത്തിയ മൂല്യബോധവിപ്ലവത്തിനൊപ്പം നിന്നവരായിരുന്നു ചന്ദ്രശേഖരനും കൂട്ടരും. ആ ഒറ്റക്കാരണം കൊണ്ടാണ് ചന്ദ്രശേഖരന് അതിക്രൂരമായി പെരുവഴിയില്‍ വെട്ടേറ്റുവീണ് പിടഞ്ഞുപിടഞ്ഞ് ഒടുങ്ങിയത്. ഇത് വി.എസിന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു എന്ന കാര്യം എല്ലാവര്‍ക്കുമറിയാം.
ആ അസഹനീയതയ്ക്കുപരി മനുഷ്യത്വത്തോടുള്ള ഒരു യഥാര്‍ത്ഥ കമ്യൂണിസ്റ്റിന്റെ തന്മയീഭാവവും ഏകീകരണവുമാണ് വി.എസിന്റെ വെല്ലുവിളിയില്‍ ഞാന്‍ കാണുന്നത്. മാനവീകത തൊട്ടു തെറിച്ചിട്ടില്ലാത്ത സ്റ്റാലിനിസത്തിന്റെ കിരാത വേതാളങ്ങളായിമാറി കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉദകക്രിയയ്ക്ക് ഒരുങ്ങുന്നവരാണ് ഔദ്യോഗിക നേതൃത്വമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. തങ്ങള്‍ക്ക് ശേഷം പ്രളയമെന്ന തെമ്മാടിത്തം നിറഞ്ഞ അഹങ്കാരവും കറതീര്‍ന്ന ഗുണ്ടായിസവും ക്വട്ടേഷന്‍ ബന്ധങ്ങളുടെ കരുത്തും അതിന്റെ പണം നല്കുന്ന ആവേശവുമൊക്കെയാണ് ആതിരേ ജയരാജന്മാര്ക്കും പിണറായിക്കും ഇപ്പോഴുള്ളത്.
ആതിരേ,രാജാവ് നഗ്നനാണെന്ന് രാജ്യഭക്തന്മാര്‍ നടുങ്ങുമാറുച്ചത്തില്‍ വിളിച്ചു പറഞ്ഞ ചന്ദ്രശേഖരനെ ഉന്മൂലനം ചെയ്തവരോട് ഇനി ആശയപരമായ അനുരഞ്ജനം സാധ്യമല്ല എന്നിരിക്കെ വി.എസില്‍ നിക്ഷിപ്തമായിരിക്കുന്ന ധര്‍മ്മം ഈ സ്റ്റാലിനിസ്റ്റ് ശക്തികളെ തള്ളിപ്പറഞ്ഞ് പാര്‍ട്ടിക്കു പുറത്തെത്തി കേരളമെമ്പാടും കരുത്താര്‍ജിച്ചു കൊണ്ടിരിക്കുന്ന നീതിക്കുവേണ്ടിയും കമ്യൂണിസ്റ്റ് മൂല്യങ്ങളുടെ സംസ്ഥാപനത്തിനുവേണ്ടിയുമുള്ള മുറവിളികള്‍ ഏറ്റെടുത്ത് സമാന്തരമായ ഒരു സംവിധാനത്തിന് നേതൃത്വം കൊടുക്കുക എന്നതാണ്.
ടി.പി.ചന്ദ്രശേഖരനെ വിശേഷിപ്പിക്കാന്‍ പിണറായി ഉപയോഗിച്ച പദപ്രയോഗം ശ്രദ്ധിക്കണം. സാധാരണ ഗതിയില്‍ ഒരു കമ്യൂണിസ്റ്റ് പ്രവര്‍ത്തകന്റെ നാവില്‍ നിന്ന് പാര്‍ട്ടി വിരുദ്ധരെ വിശേഷിപ്പിക്കാന്‍ വര്‍ഗ്ഗ വഞ്ചകന് എന്ന പദങ്ങളാണ് ഉണ്ടാകേണ്ടിയിരുന്നത്. അതിനുപകരം ഉത്തരമലബാറിലെ മാടമ്പി തെമ്മാടിത്തരത്തിന്റെ ഭാഷാപ്രയോഗം പിണറായി സ്വീകരിച്ചത് പരിണാമം കൊണ്ടിരിക്കുന്ന അദ്ദേഹത്തിന്റെയും അദ്ദേഹത്തിന്റെ ഒപ്പമുള്ളവരുടെയും വര്‍ഗ്ഗവഞ്ചനയുടെ സൂചനയാണ്. ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകത്തെ ബാക്കി എല്ലാവരും രാഷ്ട്രീയത്തിന് അതീതമായി അപലപിക്കുകയും ആ നഷ്ടത്തില്‍ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തിട്ടും അത്തരം ഒരു മാനസികാവസ്ഥയിലേക്ക് തിരിച്ചു വരാന്‍ പിണറായി ഇനിയും തയ്യാറായിട്ടില്ലെന്നോര്‍ക്കണം.ഔദ്യോഗിക പക്ഷവും പാര്‍ട്ടിയും അതെ അഹന്തയിലാണഭിരമിക്കുന്നതും.
അതുകൊണ്ടാണ് ,ആതിരേ, കുലംകുത്തി എന്ന പ്രയോഗം പാര്‍ട്ടിയുടേതല്ലെന്നും വിജയന്റേതുമാത്രമാണെന്നും അച്യുതാനന്ദന് പറഞ്ഞപ്പോള്‍ അതിന് കയ്യടി ലഭിച്ചത്. എന്നാല്‍, പിണറായി പറഞ്ഞതാണ് പാര്‍ട്ടിയുടെ അഭിപ്രായമെന്ന് സ്ഥാപിച്ചുകൊണ്ട് ദക്ഷിണാമൂര്ത്തിയെപ്പോലെയും വിശ്വനാഥ മേനോനെയും പോലെയുള്ള പാര്‍ശ്വവര്‍ത്തികള്‍ രംഗത്തെത്തുമ്പോള്‍ ഞാനാണ് സ്റ്റേറ്റ് എന്ന് അഹങ്കരിച്ച ലൂയി പതിനാലാമനേയും ഇന്ത്യയാണ് ഇന്ദിര ഇന്ദിരയാണ് ഇന്ത്യ എന്ന് പ്രഖ്യാപിച്ച ഡി.കെ.ബറുവയെയുമൊക്കെ ഓര്‍ത്തു പോകുന്നത് സ്വാഭാവികം.
പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയോ സംസ്ഥാന കമ്മിറ്റിയോ അല്ലെങ്കില്‍ അതിന്റെ നയരൂപീകരണ സംവിധാനമോ ആലോചിച്ചെടുത്ത പദപ്രയോഗമല്ല കുലം കുത്തികളെന്നത്. ഏതോ ഒരു ആള്‍ക്കൂട്ടം കണ്ടപ്പോള്‍ ആവേശം കൊണ്ട് പിണറായിയുടെ വായില്‍ നിന്ന് വീണു പോയതാണ് ആ വാക്ക്. അതാണ് പാര്‍ട്ടിയുടെ അഭിപ്രായമെന്ന് ദക്ഷിണാമൂര്‍ത്തിയൊക്കെ പറയുമ്പോള്‍ എം.വി.ജയരാജന്റെ ശുംഭന് എന്ന പ്രയോഗവും പാര്‍ട്ടിയുടെ അഭിപ്രായമാണെന്ന് സമ്മതിക്കേണ്ടി വരും.
ആതിരേ,ഭാഷാ പ്രയോഗത്തില്‍ പോലും സഭ്യത വെടിഞ്ഞ് തെരുവു തെമ്മാടിയുടെ തലത്തിലേക്ക് താഴ്ന്ന് അഴിമതിയിലൂടെയും അധോലോക പ്രവര്‍ത്തകരിലൂടെയും ലഭിച്ച ആസ്തികളില്‍ അഹങ്കരിച്ച് ഔദ്യോഗികവിഭാഗം അണികളെയും പൊതുസമൂഹത്തെയും കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തെയും കുളിപ്പിച്ച് കിടത്തുമ്പോള്‍ തീര്‍ച്ചയായും അവരെ പ്രതിരോധിക്കാനും അവരില്‍ നിന്ന് പാര്‍ട്ടിയെയും അണികളെയും രക്ഷിക്കാനുമുള്ള ചുമതല വി.എസ്.അച്യുതാനന്ദനുണ്ട്.
അച്യുതാനന്ദന് അത്തരം ഒരു ദൗത്യം ഏറ്റെടുത്താല്‍ ഇന്ന് കേരളം ഒറ്റക്കെട്ടായി അദ്ദേഹത്തോടൊപ്പം നില്‍ക്കുമെന്ന കാര്യത്തില്‍ ആരും സന്ദേഹിക്കേണ്ടതില്ല.എന്നാല്‍ ആ ദൗത്യനിര്‍വ്വഹണത്തിന്റെ സൂചനയാണ് 64-ലെ പിളപ്പിനെ അനുസ്മരിപ്പിച്ച പ്രസ്താവനയെന്ന് വിശ്വസിക്കാന്‍ പറ്റാത്ത വൈരുദ്ധ്യമാണ് ഇപ്പോള്‍ അച്യുതാനന്ദനില്‍ കാണുന്നത്. കഴിഞ്ഞദിവസം ഒഞ്ചിയത്തെ പ്രവര്‍ത്തകരെ വീണ്ടും ഒറ്റപ്പെടുത്താന്‍ സ്റ്റേറ്റ് കമ്മിറ്റി കൂടിയപ്പോള്‍ അര്‍ത്ഥഗര്‍ഭമായ മൗനം ദീക്ഷിച്ച അച്യുതാനന്ദന് പലരുടെയും മനസ്സില്‍ സംശയത്തിന്റെ വന്മലയാവുകയാണ്. പാര്‍ട്ടിക്കുള്ളില്‍ തനിക്കുള്ള ഇടം ഉറപ്പിക്കാനുള്ള തന്ത്രം മാത്രമാണോ ഈ പ്രസ്താവനയെന്ന് ചിന്തിക്കാന്‍ തുടങ്ങിയിട്ടുണ്ട് പൊതുസമൂഹവും.
അതേസമയം, സ്റ്റേറ്റ് കമ്മിറ്റി കൂടിയ ദിവസം തന്നെ പാര്‍ട്ടിയുടെ എല്ലാ വിലക്കുകളും ലംഘിച്ച് കോഴിക്കോട് ചന്ദ്രശേഖരനെ അഭിവാദ്യം അര്‍പ്പിക്കാന്‍ കൂടിയത് ആയിരക്കണക്കിന് പ്രവര്‍ത്തകരായിരുന്നു. അമര്‍ഷവും പ്രതിഷേധവും കൊണ്ട് കത്തുന്ന ആ പന്തങ്ങള്‍ പറയുന്നത് പിണറായി നേതൃത്വം നല്കുന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് തീ വയ്ക്കാന്‍ ഞങ്ങള്‍ തയ്യാറാണ് എന്നാണ്. ഇതൊരു പുതിയ സൃഷ്ടിയുടെയും കമ്യൂണിസ്റ്റ് മൂല്യബോധങ്ങളുടെയും മാനവിക സമീപനങ്ങളുടെയും പുനഃസൃഷ്ടിയുടെയും നിമിഷമാവുകയാണ്. കുലംകുത്തികള്‍ എന്ന് വിളിച്ച് ഒഞ്ചിയത്തെ സമര സഖാക്കളെ ആക്ഷേപിച്ച അഹങ്കാരത്തിന്റെ മാടമ്പി രൂപങ്ങള്‍ക്ക് പൊതുസമൂഹവും അണികളും അര്‍ഹിച്ച ശിക്ഷ കൊടുക്കുന്ന നാള് വിദൂരമല്ല എന്ന ചുവരെഴുത്ത് എങ്ങും പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു.
കാലത്തിന്റെ ചരിത്രത്തിന്റെ ചുവരെഴുത്താണിത്. ഇത് ഉള്‍ക്കൊള്ളാന്‍ അച്യുതാനന്ദന് കഴിയണം. പാര്‍ട്ടിയുമായി തന്നെ ബന്ധിപ്പിക്കുന്ന വേലിക്കകത്തു നിന്ന് അദ്ദേഹം പുറത്തു വരണം. എന്നിട്ട് 64-ലേതുപോലെ വിപ്ലവവീര്യത്തിന്റെയും വര്‍ഗ്ഗപ്രതിബദ്ധതയുടെയും പുതിയ സമര സന്നദ്ധതയ്ക്ക് നേതൃത്വം കൊടുത്ത് കമ്യൂണിസ്റ്റ് മൂല്യ ബോധങ്ങളുടെ കൊലയാളികളായ പിണറായി വിജയന് അടക്കമുള്ളവര്‍ക്ക് കാലം ആവശ്യപ്പെടുന്ന പ്രഹരമേല്‍പ്പിക്കുകയും വേണം. ഇത് ഉപരിവിപ്ലവവും വൈകാരികവുമായ സമീപനത്തില്‍ നിന്നുള്ള വിലയിരുത്തലല്ല. മറിച്ച്, കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ അപചയത്തില്‍ മനംനൊന്ത് വിങ്ങി നീറി നില്ക്കുന്ന ലക്ഷക്കണക്കിന് അണികളുടെ ആശയും അഭിലാഷവുമാണ്. അതിന് അച്യുതാനന്ദന് തയ്യാറാകണം. മൗനം ഭഞ്ജിച്ച് വാല്മീകങ്ങളെല്ലാം ഉടച്ച് തകര്‍ത്ത് ആര്‍ക്കും കീഴടക്കാനാവാത്ത പോരാളിയായി അച്യുതാനന്ദന് പുറത്തു വരുന്നതാണ് കേരളത്തിന്റെ സ്വപ്നം. ആ സ്വപ്നത്തിനൊപ്പം നില്‍ക്കാനുള്ള ആര്‍ജവം ആത്മാര്‍ത്ഥത കമ്യൂണിസ്റ്റ് മൂല്യബോധം അച്യുതാനന്ദനുണ്ടോ? അതാണ് ആതിരെ,രാഷ്ട്രീയ കേരളത്തിന് അറിയേണ്ടത്.
Friday, May 11, 2012
കുലംകുത്തികളും' പ്രത്യയശാസ്ത്ര പ്രതിസന്ധിയും
സിപിഎം വിഭാഗീയതയുടെ ആദ്യ രക്തസാക്ഷിയാണ് ടി.പി. ചന്ദ്രശേഖരന്. ഔദ്യോഗിക വിഭാഗത്തിനെതിരെ പോരാടി പുറത്തുപോകേണ്ടിവന്നതും രക്തസാക്ഷി ആകേണ്ടിവന്നതും വി.എസിന്റെ നിലപാടിനൊപ്പം നിന്നതുകൊണ്ടാണ്. അതിന്റെ കുറ്റബോധം വി.എസിന് ഉണ്ടാകുക സ്വാഭാവികം. അതുകൊണ്ടാണ് പാര്‍ട്ടി സെക്രട്ടറിയെ തിരുത്തുന്ന, സംഘടനാപരമായ അച്ചടക്ക ലംഘനത്തിന് വി.എസ്. മുതിര്‍ന്നത്. ഇതുപക്ഷേ പാര്‍ട്ടി അണികളുടെ മൊത്തം വികാരമായി പരിണമിച്ചപ്പോഴാണ്, കടുത്ത എതിര്‍പ്പിന്റെ ഭാഷയും വിമര്‍ശനത്തിന്റെ വാക്കുകളുമായി പിണറായിക്ക് രംഗത്തെത്തേണ്ടിവന്നത്.പ്രത്യശാസ്ത്രപരമായ നിലപാടുകളില്‍ കഴിഞ്ഞ കുറെ കാലങ്ങളായി പാര്‍ട്ടി നേതൃത്വം ബോധപൂര്‍വ്വം വരുത്തിയ വ്യതിയാനങ്ങളുടെ തിരിച്ചടിയാണ് ഈ പരിണാമങ്ങളെല്ലാം. ഇതില്‍നിന്ന് രക്ഷപെടാന്‍ എത്ര ശ്രമിച്ചാലും പിണറായിക്കോ ഔദ്യോഗിക പക്ഷത്തിനോ ഇനി കഴിയുകയില്ല
ആതിരേ,റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകം മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ കടുത്ത പ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണ്. പിണറായി വിജയന് ആവര്‍ത്തിക്കുന്ന കുലംകുത്തി' പ്രയോഗവും അതിന് അച്യുതാനന്ദന് നടത്തിയ തിരുത്തലുമാണ്, അപമ്യത്യൂനടന്ന വീട്ടിലേതുപോലെയുള്ള നിശബ്ദ സാഹചര്യം പാര്‍ട്ടിയില്‍ സൃഷ്ടിച്ചിരിക്കുന്നത്. സംഘടനാപരമായി നോക്കിയാല്‍ പാര്‍ട്ടി സെക്രട്ടറി നടത്തുന്ന പ്രസ്താവനകള്‍ പാര്‍ട്ടിയുടെ ഔദ്യോഗിക അഭിപ്രായമാണെന്നിരിക്കെ ടി.പി.ചന്ദ്രശേഖരന് കുലംകുത്തിയാണെന്നത് വിജയന്റെ മാത്രം അഭിപ്രായമാണെന്ന് വി.എസ്. തുറന്നടിച്ചതാണ് പാര്‍ട്ടിയെ ഇപ്പോള്‍ അനുരഞ്ജനമില്ലാത്ത പ്രതിസന്ധിയില്‍ എത്തിച്ചിരിക്കുന്നത്.
പാര്‍ട്ടിയുടെ സംസ്ഥാനത്തെ മുന്‍നിര നേതാക്കന്മാര്പോലും ഈ വിഷയത്തില്‍ അഭിപ്രായം പറയാന്‍ ശേഷിയില്ലാത്തവിധം തളര്‍ന്നിരിക്കുന്ന കാഴ്ചയാണ് സംസ്ഥാനത്തുള്ളത്. ചന്ദ്രശേഖരന് വധത്തിന്റെ ഗൂഢാലോചനയില്‍ പി.സി. ജോര്‍ജിന് പങ്കുണ്ടെന്ന ദയനീയമായ ഒരു പ്രതികരണം പി. ജയരാജനില്നിന്നുണ്ടായതല്ലാതെ മറ്റുള്ളവരാരും പ്രതികരിക്കാന്‍ തയ്യാറായിട്ടുപോലുമില്ല. ഈ ഗൂഢാലോചനയില്‍ അമേരിക്കന്‍ സാമ്രാജ്യത്വ ശക്തികള്‍ക്കുള്ള പങ്ക് കണ്ടെത്താന്‍ 'സിദ്ധാന്തപരമായ മികവുള്ള' ഇ.പി. ജയരാജന്‍പോലും മൂകനാണിപ്പോള്. കാരട്ടും യച്ചൂരിയും എസ്.രാമചന്ദ്രന് പിള്ളയും വൃന്ദ കാരട്ടുമൊക്കെ അടങ്ങുന്ന അവയ്ലബിള് പോളിറ്റ് ബ്യൂറോയും നിഗൂഢമൗനത്തില്‍..!ചന്ദ്രശേഖരന് വധക്കേസില്‍ പൊതുസമൂഹത്തിന്റെ വികാരം തങ്ങള്‍ക്കെതിരാണെന്ന തിരിച്ചറിവാണ് ഈ നേതാക്കന്മാരെ നിശബ്ദരാക്കിയിരിക്കുന്നത്. പാര്‍ട്ടിയിലെ കണ്ണൂര്‍ ലോബിക്ക്, നടുക്കുന്ന ഈ ഉന്മൂലനത്തിലുള്ള പങ്ക് വക്തമാക്കുന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നസാഹചര്യത്തിലാണ് ആതിരേ,വി.എസിന്റെ പ്രസ്താവന പാര്‍ട്ടിയെ, തലയൂരാനാവാത്ത പുതിയ പ്രതിസന്ധിയില്‍ കൊണ്ടെത്തിച്ചിട്ടുള്ളത്.
കേരളീയ പൊതുസമൂഹം, പൈശാചികമായ ഈ വധത്തില്‍ പാര്‍ട്ടിക്ക് എതിരാണെന്ന തിരിച്ചറിവില്‍ സിപിഎം നേതാക്കളും പ്രവര്‍ത്തകരും തളരാതിരിക്കുന്നതിനുവേണ്ടി സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് നടത്തുന്ന അത്യദ്ധ്വാനത്തിന്റെ മുഖം വെട്ടിക്കീറി വികൃതമാക്കുന്നതായിത്തീര്ന്നു വി.എസിന്റെ പ്രസ്താവന. പാര്‍ട്ടിയണികള്‍ക്ക് ഊര്‍ജം പകരാന്‍വേണ്ടിയാണ് വിവാദപരമായ കുലംകുത്തി പ്രയോഗം പിണറായി വിജയന് വീണ്ടും പൊടിതട്ടിയെടുത്തത്.എന്നാല്‍ അത് ഉഹാതീതമായ പ്രഹരമായിത്തീര്‍ന്നു. കൊലപാതകവുമായി പാര്‍ട്ടിക്ക് ബന്ധമില്ല എന്ന പിണറായിയുടെ അവകാശവാദത്തെ ചിതറിക്കുന്നതായിരുന്നു പ്രതികളെക്കുറിച്ചുള്ള സൂചനകളും ഗൂഢാലോചനയ്ക്ക് പിന്നിലെ സാധ്യതകളും. ഈ സാഹചര്യത്തില്‍ മുഖംരക്ഷിക്കാന്‍ കുലംകുത്തി പ്രയോഗം മാത്രമാണ് പിണറായി വിജയന് അനുകൂലംഘടകമായി വിലയിരുത്തിയത്. അതുകൊണ്ടാണ് ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ ഔദ്യോഗികമായി അനുശോചിക്കാന്‍പോലും മനസുകാട്ടാതെ കുലംകുത്തി പ്രയോഗവുമായി തങ്ങളുടെ നിലപാടാണ് ശരിയെന്ന ശാഠ്യവുമായി പിണറായി വിജയന് മുന്നില്‍ നിന്നത്. ഇത് പക്ഷേ അദ്ദേഹം ചിന്തിച്ചതിനും കണക്കുകൂട്ടിയതിനും വിരുദ്ധമായി കൊലപാതകത്തില്‍ പാര്‍ട്ടിക്കുള്ള പങ്ക് പരോക്ഷമായി സമ്മതിക്കുന്നതിന് തുല്യമായിരുന്നു. വി.എസിന്റെ അഭിപ്രായം പുറത്തുവന്നതോടെ കൊലപാതകികള്‍ മറ്റാരുമല്ലെന്നും അവരെ സംരക്ഷിക്കുന്നത് ഔദ്യോഗിക വിഭഗമാണെന്നുമുളള്ള ധാരണയാണ് പൊതുമനസില്‍ ശക്തമായിട്ടുള്ളത്. ഇത് പാര്‍ട്ടിക്കുള്ളില്‍ സൃഷ്ടിച്ചിട്ടുള്ളത്, ഇതുവരെ അഭിമുഖീകരിക്കാത്ത തരത്തിലുള്ള ആഘാതം തന്നെയാണ്. കോഴിക്കോട് ജില്ലയില്‍ ഈ പ്രക്ഷുബ്ദതയുടെ അനുരണനങ്ങള്‍ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു.പാര്‍ട്ടി അണികളുടെ കൊഴിഞ്ഞു പോക്കും ആരംഭിച്ചിരിക്കുന്നു...!!
ടി.പി. ചന്ദ്രശേഖരന് കുലംകുത്തിയാണെന്ന അഭിപ്രായം പാര്‍ട്ടിക്കില്ലെന്നും അത് വിജയന്റെ മാത്രം അഭിപ്രായമാണെന്നുമാണ് കോഴിക്കോട് വെച്ച് വി.എസ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. " അധോലോക സംസ്കാരം കമ്മ്യൂണിസ്റ്റ് രീതിയല്ലെന്ന സിപിഐയുടെ അഭിപ്രായത്തോട് യോജിക്കുന്നു. പാര്‍ട്ടിവിട്ടവരെ ക്രിയാത്മക ശ്രമങ്ങളിലൂടെയാണ് പാര്‍ട്ടിയില്‍ കൊണ്ടുവരേണ്ടത്. ആശയങ്ങളും നിലപാടുകളും വിശദീകരിച്ച് നല്ലനിലയില്‍ അവരെ പാര്‍ട്ടിയിലേയ്ക്ക് മടക്കിക്കൊണ്ടുവരണം. തിരിച്ചുവന്നില്ലെങ്കില്‍ സ്വതന്ത്രരരായി അവര്‍ പ്രവര്‍ത്തിച്ചോട്ടെ. എം.വി. രാഘവനും കെ.ആര്. ഗൗരിയമ്മയും പാര്‍ട്ടിയില്‍ നിന്നകന്ന് വേറേ പാര്‍ട്ടി ഉണ്ടാക്കിയിട്ടുണ്ടല്ലോ?. അതുപോലെ അവരും പുതിയ പാര്‍ട്ടിയായി പ്രവര്‍ത്തിക്കട്ടെ. വലിയ പാര്‍ട്ടികളെപ്പോലെ ചെറിയ പാര്‍ട്ടികളും ഇടത്തരം പാര്‍ട്ടികളും കേരളത്തിലുണ്ട്. അതില്‍ തെറ്റില്ല " - ഇതായിരുന്നു വി.എസിന്റെ വിവാദമായ വിശദീകരണം.
വി.എസിന്റെ ഈ പരാമര്‍ശങ്ങള്‍ക്ക് ചുട്ട മറുപടിയുമായി പിണറായി രംഗത്തെത്തുന്നതാണ് പിന്നെ കണ്ടത്. "ശത്രുപക്ഷത്തിന് സഹായമായ രീതിയില്‍ സ്വന്തം പാളയത്തിലുള്ളവര്‍ മുന്നോട്ട് വരുന്നതാണ് ഇടതുപക്ഷത്തിന്റെ ദൗര്‍ഭാഗ്യം " എന്നുപറഞ്ഞ പിണറായി പാര്‍ട്ടിയെ ആശയപരമായി പിളര്‍ക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും മുന്നറിയിപ്പ്നല്‍കി. ഒരുവിഭാഗം എല്ലാം നന്മകളുടേയും പ്രതീകവും മറുവിഭാഗം എന്തെല്ലാം തിന്മകളുണ്ടോ അതിന്റെ വിളനിലമാണെന്ന പ്രചാരണവും പാര്‍ട്ടിയെ ആശയപരമായി വിഭജിച്ച് നിര്‍ത്താനുള്ള ബുദ്ധിപൂര്‍വ്വകമായ നീക്കമാണെന്നും പിണറായി വിശദീകരിച്ചു. രണ്ടുതരത്തില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോകാം. നടപടി നേരിട്ട് പുറത്തുപോയവരെപ്പോലെയല്ല ശത്രുപാളയത്തിലെത്തി പാര്‍ട്ടിയെ നശിപ്പിക്കാന്ശ്രമിക്കുന്ന ഒഞ്ചിയത്ത് ഒരുവിഭാഗം കൂടണഞ്ഞത് ശത്രുപക്ഷത്താണ്. ഞങ്ങളുടെ കുലത്തെ നശിപ്പിക്കാന്‍ ശ്രമിച്ചു എന്ന നിലയിലാണ് അവരെ കുലംകുത്തികളെന്ന് വിശേഷിപ്പിച്ചത്. ചന്ദ്രശേഖരന്റെ വധത്തില്‍ സിപിഎമ്മിന് യാതൊരു പങ്കുമില്ലെന്നും ഇപ്പോള്‍ നടക്കുന്ന കോലാഹലങ്ങളില്‍ പ്രവര്‍ത്തകര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും പിണറായി വിശദീകരിക്കുമ്പോള്‍ പാര്‍ട്ടിയും നേതൃത്വവും ഇപ്പോള്‍ എത്തിനില്‍ക്കുന്ന ഗതികേടിന്റെ ആഴം എത്രയെന്ന് വ്യക്തമാകുന്നു, ആതിരേ.
സിപിഎം വിഭാഗീയതയുടെ ആദ്യ രക്തസാക്ഷിയാണ് ടി.പി. ചന്ദ്രശേഖരന്. ഔദ്യോഗിക വിഭാഗത്തിനെതിരെ പോരാടി പുറത്തുപോകേണ്ടിവന്നതും രക്തസാക്ഷി ആകേണ്ടിവന്നതും വി.എസിന്റെ നിലപാടിനൊപ്പം നിന്നതുകൊണ്ടാണ്. അതിന്റെ കുറ്റബോധം വി.എസിന് ഉണ്ടാകുക സ്വാഭാവികം. അതുകൊണ്ടാണ് പാര്‍ട്ടി സെക്രട്ടറിയെ തിരുത്തുന്ന, സംഘടനാപരമായ അച്ചടക്ക ലംഘനത്തിന് വി.എസ്. മുതിര്‍ന്നത്. ഇതുപക്ഷേ പാര്‍ട്ടി അണികളുടെ മൊത്തം വികാരമായി പരിണമിച്ചപ്പോഴാണ്, ആതിരേ കടുത്ത എതിര്‍പ്പിന്റെ ഭാഷയും വിമര്‍ശനത്തിന്റെ വാക്കുകളുമായി പിണറായിക്ക് രംഗത്തെത്തേണ്ടിവന്നത്.
പ്രത്യശാസ്ത്രപരമായ നിലപാടുകളില്‍ കഴിഞ്ഞ കുറെ കാലങ്ങളായി പാര്‍ട്ടി നേതൃത്വം ബോധപൂര്‍വ്വം വരുത്തിയ വ്യതിയാനങ്ങളുടെ തിരിച്ചടിയാണ് ഈ പരിണാമങ്ങളെല്ലാം. ഇതില്‍നിന്ന് ഇനി രക്ഷപെടാന്‍ എത്ര ശ്രമിച്ചാലും പിണറായിക്കോ ഔദ്യോഗിക പക്ഷത്തിനോ കഴിയുകയില്ല. അടിസ്ഥാന വര്‍ഗങ്ങളുടേയും അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളുടേയും താത്പര്യങ്ങളെ കുഴിച്ചുമൂടി നവലിബറല്‍ ആശയങ്ങളിലേയ്ക്ക് ചേക്കേറിയപ്പോള്‍ ഇത്തരം ഒരു പ്രതിസന്ധിയുണ്ടാകുമെന്ന് മുന്കൂട്ടിക്കാണാന് കഴിയാത്തവിധം അദ്ദേഹത്തെ അന്ധനാക്കിയ വര്‍ഗവിരുദ്ധ താത്പര്യങ്ങളുടെ ബലിച്ചോറാണിതെല്ലാം. എല്ലാ ചൂഷണങ്ങളോടും എതിരിട്ട് അടിസ്ഥാന വിഭാഗങ്ങളെ സംരക്ഷിക്കേണ്ട ഒരു പാര്‍ട്ടിക്ക് സംഭവിച്ച പ്രത്യയ ശാസ്ത്രപരമായ ഈ പ്രതിസന്ധി നേതൃത്വത്തിന്റെ സ്വയംകൃതാനര്‍ത്ഥമാണ്. അതില്‍നിന്ന് അവര്‍ക്ക് മോചനമില്ല, ആതിരേ....
Thursday, May 10, 2012
"താടിക്ക് തീപിടിച്ച് " പിണറായിയും കൂട്ടരും
പോലീസ് കൊലയാളികളെ കണ്ടെത്തട്ടെ. പക്ഷേ അണികള്‍ക്കും പൊതു സമൂഹത്തിനും അറിയേണ്ടത് മറ്റുചില വാസ്തവങ്ങളാണ്. ആരാണ് ഈ ക്വട്ടേഷന്‍ സംഘത്തിന് ലക്ഷങ്ങള്‍ നല്‍കിയത്?. അണികള്‍ ബക്കറ്റ് പിരിവിലൂടെയാണോ ഇതിനുവേണ്ട പണം ഉണ്ടാക്കിയത്?. അതോ പാര്‍ട്ടിയുടെ ഫിക്സഡ് ഡിപ്പോസിറ്റില്‍നിന്നാണോ നല്‍കിയത്?. അതുമല്ലെങ്കില്‍ നായനാര്‍ ഫുട്ബോള്‍ നടത്തിപ്പ് നഷ്ടത്തിലായപ്പോള്‍ സഹായിച്ചതുപോലെയുള്ള 'കളങ്കിതരുടെ' പണമാണോ ഉപയോഗിച്ചത്?. ഇതിനെല്ലാം പിണറായി വിജയന് ഉത്തരം പറഞ്ഞേ മതിയാകൂ.....!
റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവും ടി.പി. ചന്ദ്രശേഖരനെ ബീഭത്സമായി വെട്ടിക്കൊലപ്പെടുത്തിയതോടെ അക്ഷരാര്‍ത്ഥത്തില്‍തന്നെ താടിക്ക് തീപിടിച്ച അവസ്ഥയിലാണ് ആതിരേ, സിപിഎം നേതൃത്വം. കൊലപാതകത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് പാര്‍ട്ടി നേതൃത്വത്തിന് ഒരുവിധത്തിലും ഒഴിഞ്ഞുമാറാനാവാത്തവിധം സാഹചര്യത്തെളിവുകള്‍ നെഞ്ചുവരിച്ച് നില്‍ക്കേ അണികള്‍ക്കിടയിലും ഇടുതുമുന്നണിയിലും സിപിഎം ഒറ്റപ്പെട്ടിരിക്കുകയാണിപ്പോള്‍. അതിന്റെ ദൃഷ്ടാന്തമായിരുന്നു ഒഞ്ചിയം സന്തര്‍ശിച്ച എംഎല്‍എ സംഘത്തില്‍നിന്ന് സിപിഐ വിട്ടുനിന്നതും ബിനോയ് വിശ്വത്തിന്റേയും പന്ന്യന്‍ രവീന്ദ്രന്റ്യും കെ.ഇ. ഇസ്മായേലിന്റെയുമൊക്കെ പ്രസ്താവനകളും.
ആതിരേ, രാഷ്ട്രീയ കൊലപാതകങ്ങളുടെപേരില്‍ പാര്‍ട്ടിയും പാര്‍ട്ടിനേതൃത്വവും പരസ്യ വിചാരണയ്ക്ക് വിധേയമാകുന്നത് ആദ്യമല്ല. എന്നാല്‍ ഇപ്പോഴത്തേതുപോലെ അണികളും പൊതുസമൂഹവും പാര്‍ട്ടിയേയും നേതൃത്വത്തേയും കുറ്റപ്പെടുത്തി തള്ളിപ്പറഞ്ഞ അവസ്ഥ മുമ്പുണ്ടായിട്ടില്ല. പിഞ്ചു വിദ്യാര്‍ത്ഥികളുടെ മുന്നിലിട്ട് പഠിപ്പിച്ചുകൊണ്ടിരുന്ന ജയകൃഷ്ണന് മാസ്റ്ററെ വെട്ടിക്കൊലപ്പെടുത്തി ലോകത്തെ ഞെട്ടിച്ചപ്പോഴും പാര്‍ട്ടിയെ ന്യായീകരിക്കാന്‍ എം.എന്‍. വിജയനെപ്പോലെയുള്ള ബുദ്ധിജീവികള്‍ ഉണ്ടായിരുന്നു. സ്വന്തം അമ്മയുടെ മുന്നിലിട്ട് വെട്ടിക്കൊല്ലാമെങ്കില്‍ വിദ്യാര്‍ത്ഥികളുടെ മുന്നിലും അതാകാം എന്നായിരുന്നുഅന്ന് വിജയന് മാഷ് പാര്‍ട്ടിയുടെ രക്ഷയ്ക്ക് നടത്തിയ പ്രസ്താവന. അതില്‍ യുക്തിയുണ്ടായിരുന്നു: ആര്‍എസ്എസ് നടത്തുന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെ കിരാതത്വം ഉണ്ടായിരുന്നു, അതിനെ പ്രതിരോധിക്കുന്ന സിപിഎമ്മിന്റെ രണശൂരത്വവും ഉണ്ടായിരുന്നു.
എന്നാല്‍, ആതിരേ, മുഖംപോലും വികൃതമാക്കി 51 വെട്ടേല്പിച്ച്, ക്വട്ടേഷന്‍ സംഘത്തിന്റെ സഹായത്താല്‍ ടി.പി. ചന്ദ്രശേഖരനെ ഉന്മൂലനം ചെയ്ത രാഷ്ട്രീയ വൈരാഗ്യത്തിന് ന്യായീകരണം നല്കാന് പാര്‍ട്ടി അണികള്‍ തയ്യാറല്ല. കോഴിക്കോട് ജില്ലയില്‍ അണികള്‍ക്കിടയില്‍ രൂക്ഷമായിട്ടുള്ള അമര്‍ഷവും പ്രതിഷേധവും പ്രസ്താവനകള്‍ കൊണ്ടോ ന്യായീകരണംകൊണ്ടോ യുക്തിവാദം കൊണ്ടോ പിണറായി അടക്കമുള്ള നേതൃത്വത്തിന് തണുപ്പിക്കാനോ നിയന്ത്രിക്കാനോ കഴിയുകയില്ല. പാര്‍ട്ടി വന്‍ പ്രതിസന്ധിയിലാണ് ഇപ്പോളെത്തിനില്‍ക്കുന്നത്. കാല്‍ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നത് രോഷത്തോടെ കണ്ടു നില്‍ക്കാനേ നേതൃത്വത്തിന് കഴിയുകയുള്ളൂ.
കമ്മ്യൂണിസ്റ്റ് മൂല്യബോധങ്ങളില്‍നിന്ന് വ്യതിചലിച്ച് വര്‍ഗശത്രുക്കളുമായി ബാന്ധവം സ്ഥാപിച്ച് സോഷ്യല്‍ ഡെമോക്രാറ്റുകളായി രൂപംമാറി പിണറായി അടക്കമുള്ള സിപിഎം നേതൃത്വം നടത്തുന്ന പ്രത്യശാസ്ത്രവിരുദ്ധവും വര്ഗവിരുദ്ധവുമായ നിലപാടുകള്‍ നേരത്തേതന്നെ അണികള്‍ക്കിടയിലും അടക്കാനാകാത്ത രോഷവും പ്രതിഷേധവും സൃഷ്ടിച്ചിരുന്നു. അനിയന്ത്രിതമായ വര്ഗപക്ഷ വ്യതിയാനത്തില്‍ മനംനൊന്തും അടിസ്ഥാനവര്‍ഗം താത്പര്യങ്ങളില്‍നിന്ന് പിണറായി അടക്കുമുള്ളവര്‍ അകന്നുപോകുന്നതില്‍ രോഷംപൂണ്ടുമായിരുന്നു പി.ടി. ചന്ദ്രശേഖരന് അടക്കമുള്ളവര്‍ നേതൃത്വത്തോട് കലഹിച്ച് പുറത്തുപോയത്. എംഎല്‍എ സ്ഥാനമോ എംപി സ്ഥാനമോ ലഭിക്കാത്തതുകൊണ്ടോ, ലഭിച്ച സീറ്റില്‍ വിജയസാധ്യത ഇല്ലാത്തതുകൊണ്ടോ പാര്‍ട്ടിവിട്ടുപോയ അവസരവാദികളെപ്പോലെയായിരുന്നില്ല ചന്ദ്രശേഖരനും കൂട്ടരും. മാര്‍ക്സിസ്റ്റ് മൂല്യബോധങ്ങളില്‍ അടിയുറച്ച് ആര്‍ജവമുള്ള കമ്മ്യൂണിസ്റ്റാകാരായി തുടര്‍ന്ന് കാലം ഏല്പിച്ച തിരുത്തല്‍ദൗത്യം നിര്‍വ്വഹിക്കുകയായിരുന്നു ചന്ദ്രശേഖരന്. യുഡിഎഫ് വെച്ചുനീട്ടിയ എംഎല്‍എ സ്ഥാനവും എംപി സ്ഥാനവും പുറംകാലുകൊണ്ട് തട്ടിത്തെറിപ്പിച്ച് "ധീരനായ കമ്മ്യൂണിസ്റ്റായി" രുന്നു ചന്ദ്രശേഖരന്. അദ്ദേഹത്തൊടൊപ്പം പതിനായിരങ്ങളാണ് പിണിറായിയുടേയും കണ്ണൂര്‍ ലോബിയുടേയും നേതൃത്വപരമായ അവസരവാദത്തോടും വഞ്ചനകളോടും തെറ്റിപ്പിരിഞ്ഞത്. കോഴിക്കോട് ജില്ലയില്‍ ഭൂരിപക്ഷം പ്രദേശങ്ങളിലും ബ്രാഞ്ചുകമ്മറ്റിയടക്കമുള്ള സംഘടനാ സംവിധാനങ്ങള്‍ ചന്ദ്രശേഖരനൊപ്പം നിന്നു. എന്നാല്‍ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചുമാണ് ഇവരില്‍ പലരേയും തിരികെ പാര്‍ട്ടിയില്‍ നേതൃത്വം കൊണ്ടുവന്നത്. ചോറിങ്ങും കൂറെങ്ങും എന്ന അവസ്ഥയിലായിരുന്നു ജില്ലയുടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ എല്ലാവരുംതന്നെ. അതുകൊണ്ടാണ് ചന്ദ്രശേഖരന്റെ ബീഭ്ത്സമായ അന്ത്യത്തില്‍ അവരെല്ലാം പാര്‍ട്ടി നേതൃത്വത്തെ മനസുകൊണ്ട് തള്ളിപ്പറയുന്നത്. പിണറായി അടക്കമുള്ള നേതൃത്വത്തിന് ഈ വാസ്തവം അറിയാം. അതുകൊണ്ടാണ് താടിക്ക് തീപിടിച്ച അവസ്ഥയിലാണ് പാര്‍ട്ടിയെന്ന് സമ്മതിക്കേണ്ട ഗതികേട് പിണറായിക്ക് വന്നത്.
ആതിരേ,സ്റ്റാലിനുമായിതെറ്റി ജിവനില്‍ ഭയന്ന് മെക്സികോയിലേയ്ക്ക് പലായനം ചെയ്ത ട്രോഡ്സ്കിയെ വകവരുത്തിയ അതേ രീതിയിലും രൂപത്തിലുമാണ് ചന്ദ്രശേഖരനേയും ഉന്മൂലനം ചെയ്തത്. മഴുകൊണ്ട് മുഖംവെട്ടിക്കീറിയാണ് സ്റ്റാലിന്റെ ഗുണ്ടകള്‍ ട്രോഡ്സ്കിയെ ഇല്ലാതാക്കിയതെങ്കില്‍ അതേ മോഡസ്ഓപ്പറാണ്ടിയാണ് കൊടി സുനിയുടേയും റഫീക്കിന്റേയും നേതൃത്വത്തിലുള്ള ക്വട്ടേഷന്‍സംഘം സിപിഎം നേതൃത്വത്തിന്റെ നിര്‍ദ്ദേശം നടപ്പിലാക്കിയത്. ഇത് യദൃച്ഛികതയോ, കാവ്യനീതിയോ? കാലം ഉത്തരം തരും.
നവലിബറല്‍ സാമ്പത്തിക നയങ്ങളെപ്പുല്കി കമ്പോള മൂലധന ശക്തികള്‍ക്കൊപ്പം അണിചേര്‍ന്ന് പുതിയമാര്ക്കറ്റിംഗ് തന്ത്രങ്ങളാണ് പാര്‍ട്ടി നടത്തിപ്പില്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള നേതൃത്വം ഇപ്പോള്‍ പയറ്റിക്കൊണ്ടിരിക്കുന്നത്. ഈവന്റ് മാനേജ്മെന്റിന്റെ സഹായത്തോടെ സംസ്ഥാനസമ്മേളനം നടത്തിയവര്‍, മഴു പ്രയോഗത്തിലും, വടിവാള്‍ പ്രയോഗത്തിലും എല്‍ഡിഎഫിനേയും ആര്‍എസ്എസിനേയും നേരിട്ട് മികവ് തെളിയിച്ച സഖാക്കള്‍ പാര്‍ട്ടിയില്‍ ഉണ്ടായിരുന്നിട്ടും അവരെ ഒഴിവാക്കി പ്രഫഷണല്‍ കൊലയാളികള്‍ക്ക് ക്വട്ടേഷന്‍ നല്‍കിയാണ് ചന്ദ്രശേഖരന്റെ ഉന്മൂലനം സാധിച്ചെടുത്തത്. ഇനി പാര്‍ട്ടി പ്രകടനങ്ങള്‍ ഔട്ട്സോഴ്സ് ചെയ്യുന്ന ദിനങ്ങള്‍ വിദൂരത്തിലല്ല.
പോലീസ് കൊലയാളികളെ കണ്ടെത്തട്ടെ. പക്ഷേ അണികള്‍ക്കും പൊതു സമൂഹത്തിനും അറിയേണ്ടത് മറ്റുചില വാസ്തവങ്ങളാണ്. ആരാണ് ഈ ക്വട്ടേഷന്‍ സംഘത്തിന് ലക്ഷങ്ങള്‍ നല്‍കിയത്?. അണികള്‍ ബക്കറ്റ് പിരിവിലൂടെയാണോ ഇതിനുവേണ്ട പണം ഉണ്ടാക്കിയത്?. അതോ പാര്‍ട്ടിയുടെ ഫിക്സഡ് ഡിപ്പോസിറ്റില്‍നിന്നാണോ നല്‍കിയത്?. അതുമല്ലെങ്കില്‍ നായനാര്‍ ഫുട്ബോള്‍ നടത്തിപ്പ് നഷ്ടത്തിലായപ്പോള്‍ സഹായിച്ചതുപോലെയുള്ള 'കളങ്കിതരുടെ' പണമാണോ ഉപയോഗിച്ചത്?. ഇതിനെല്ലാം പിണറായി വിജയന് ഉത്തരം പറഞ്ഞേ മതിയാകൂ, ആതിരേ....!
Friday, May 4, 2012
"ഒഞ്ചിയത്ത് സിപിഎം ഫാസിസം.."
ആതിരേ,സിപിഎമ്മിന്റെ ക്രൂരമായ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഒഞ്ചിയത്തെ വിമത നേതാവ് ടി.പി. ചന്ദ്രശേഖരന് കൊല്ലപ്പെടുന്നതിന് ആഴ്ചകള്‍ക്ക് മുമ്പ് സിപിഎം ഫാസിസത്തിനെതിരെ ലേഖനമെഴുതിയിരുന്നു. സിപിഎം അക്രമ പരമ്പരകളുടെ തെളിവ് നിരത്തി, റവല്യൂഷണറിയുടെ മുഖപത്രമായ ' ഇടതുപക്ഷ 'ത്തില്‍ പ്രസിദ്ധീകരിച്ചതാണ് ഈ ലേഖനം . ചന്ദ്രശേഖരന് ചൂണ്ടിക്കാണിച്ച അതേ തേര്‍വാഴ്ചയ്ക്ക് അദ്ദേഹത്തിനും ഇരയാകേണ്ടിവന്നു എന്നത് യാദൃച്ഛികതയല്ല..
പാര്‍ട്ടിയുടെ ആന്തരിക ഘടനയില്‍നിന്ന് മാര്‍ക്സിസം, ലെനിനിസം കുടിയിറങ്ങിപ്പോകുകയും രൂപഘടനയില്‍ ജനാധിപത്യ കേന്ദ്രീകരണത്തിന്റെ കാര്‍ക്കശ്യം പുലര്‍ത്തുകയും ചെയ്യുമ്പോള്‍ അത് ഫാസിസ്റ്റായിത്തീരുന്നു എന്നതിന്റെ ഏറ്റവും കൃത്യമായ ഉദാഹരണമാണിന്ന് സിപിഐഎം. ചിന്തയിലോ പ്രായോഗിക പദ്ധതിയിലോ അല്പജ്ഞാനം പോലും ഇല്ലാത്ത മാടമ്പികളും സ്വേച്ഛാധിപതികളുമായ ഒരു നേതൃത്വമാണ് കേരളത്തില്‍ ഇന്ന് പാര്‍ട്ടിയിലുള്ളത്. പാര്‍ട്ടിക്കകത്ത് എതിരഭിപ്രായങ്ങളെ അടിച്ചമര്‍ത്തുകയും ഒച്ചയിട്ട് കാര്യങ്ങള്‍ നേടുകയും കീഴ്ഘടകങ്ങളിലെ സഖാക്കളെ അടിമതുല്യമായി പരിഗണിക്കുകയും ചെയ്യുമ്പോള്‍ത്തന്നെ പാര്‍ട്ടിക്ക്പുറത്ത് വ്യാജമായ ഗൗരവവും കൃത്രിമമായ പെരുമാറ്റരീതികളും കൊണ്ട് ജനങ്ങളില്‍നിന്ന് ഒന്നടങ്കം ഒറ്റപ്പെട്ടുപോകുകയും ചെയ്ത കൂട്ടമാണിവര്‍.
ഇത്തരം ഒറ്റപ്പെടല്‍ ഫാസിസ്റ്റ് മുറയിലുള്ള ആക്രമണ രീതികള്‍ കൈയ്യേല്‍ക്കാന്‍ അവരെ പ്രേരിപ്പിക്കുന്നു. കേന്ദ്രീകരിക്കപ്പെട്ട അധികാരങ്ങളും അവിശുദ്ധ ബന്ധങ്ങളിലൂടെ വാരിക്കൂട്ടിയ സമ്പത്തും ജനങ്ങളോടുന്ന പുച്ഛവും യാഥാര്‍ത്ഥ്യങ്ങളെ സമീപിക്കാനുള്ള സഹജമായ ഭയവും മാര്‍ക്സിസ്റ്റ് തത്വശാസ്ത്രത്തിലുള്ള അജ്ഞതകൊണ്ടുള്ള അപഹര്ഷത്ത്വവും അത് അംഗീകരിക്കുന്നതിന് അനുവദിക്കാത്ത ദുരഭിമാനവും പ്രശ്നങ്ങളൊക്കെയും വടിവാള്‍കൊണ്ടും ഗുണ്ടാസംഘത്തെക്കൊണ്ടും പരിഹരിക്കാമെന്ന മൂഢത്വവുമാണ് സിപിഎം എതിരഭിപ്രായങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതിന്റെ പിന്നിലും ഒഞ്ചിയത്ത് കഴിഞ്ഞ നാലുവര്‍ഷമായി സിപിഐഎം നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണ പരമ്പരകള്‍ ഈ നിലയിലുള്ളതാണ്. ഏറ്റവും അവസാനം ഇക്കഴിഞ്ഞ പതിനാറിന് ഒരു പ്രകോപനവുമില്ലാതെ ജില്ലയുടെ പുറത്തുനിന്നുപോലും ക്രിമിനലുകളെ കേന്ദ്രീകരിപ്പിച്ച് റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ വെള്ളിക്കുളങ്ങരയിലെ ഓഫീസും കൊടിതോരണങ്ങളും അടിച്ചുതകര്‍ത്തു.
റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ഏരിയ സമ്മേളനം നടത്താന്‍ അനുവദിക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചുകൊണ്ട് ജില്ലയ്ക്ക അകത്തും പുറത്തുനിന്നുമുള്ള ക്രിമിനലുകളെ കൊണ്ടുവന്ന് ഫാസിസ്റ്റ് നടപടികളാണ് സിപിഐഎം സ്വീകരിക്കുന്നത്. സിപിഎം സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് കോഴിക്കോട് നടത്തുന്ന സാഹചര്യത്തില്‍ ഒഞ്ചിയത്ത് വിമത സംഘടനയുടെ ശക്തി പ്രകടിപ്പിക്കുന്ന ഒരു സമ്മേളനം അനുവദിക്കില്ലെന്ന് ആദ്യം രഹസ്യമായി പ്രകടിപ്പിച്ച സിപിഐഎം പരസ്യമായി പ്രഖ്യാപിച്ചുകൊണ്ടാണ് ഇപ്പോള്‍ തേര്‍വാഴ്ച നടത്തുന്നത്.
തങ്ങള്‍ക്കിഷ്ടമുള്ള രാഷ്ട്രീയ നിലപാട് സ്വീകരിക്കാനും സംഘടന രൂപീകരിക്കാനുമുള്ള ഒരു ജനതയുടെ ജനാധിപത്യ അവകാശം അനുവദിക്കില്ലെന്നത് തനി ഫാസിസമാണ്. ഒഞ്ചിയത്തുള്പ്പടെ പാര്‍ട്ടി അണികളില്‍നിന്നും ജനങ്ങളില്‍നിന്നും ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്ന സിപിഐഎം പിണറായി വിജയന്‍ന്റെ നേതൃത്വത്തില്‍ ഒരു ഫാസിസ്റ്റ് സംവിധാനമായി മാറിയതിന്റെ ഉദാഹരണമാണിത്. ഭീകരവാദികളെപ്പോലും നാണിപ്പിക്കുന്ന തരത്തില്‍ തളിപ്പറമ്പിലെ അറിയില് അബ്ദുള്‍ ഷുക്കൂര്‍ എന്ന ചെറുപ്പക്കാരനെ പരസ്യവിചാരണ നടത്തി ജനക്കൂട്ടത്തിന് മുന്നിലിട്ട് മൃഗീയമായി കൊലപ്പെടുത്തിയത് ഇത്തരം ഫാസിസ്റ്റ് നടപടികളുടെ തെളിവാണ്.
സിപിഐഎമ്മിന്റെ വഴിപിഴച്ച പോക്കിനെതിരെ ഒഞ്ചിയം ഏരിയായില്‍ ബഹുജനമുന്നേറ്റമുണ്ടാകുന്നത് 2008 മുതലാണ്. ആയിരക്കണക്കിന് സാധാരണജനങ്ങള്‍ റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങി. 2008 മുതല്‍ സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെ ഫാസിസ്റ്റുകളെപ്പോലും നാണിപ്പിക്കുന്ന ആക്രമണ പരമ്പരകളാണ് ഒഞ്ചിയത്ത് നടക്കുന്നത്.
അഴിയൂര്‍ പഞ്ചായത്തിലെ അബ്ദുള്‍ ഖാദര്‍ എന്ന 65 കാരനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചുകൊണ്ടാണ് ഇതിന് തുടക്കമിട്ടത്. വടിവാളുകളും ഇരുമ്പ് ദണ്ഡുകളും ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ അദ്ദേഹത്തിന്റെ താടിയെല്ലുകള്‍ തകര്‍ന്നു. റവല്യൂഷണറി യോഗത്തിലേയ്ക്ക് പാഞ്ഞുകയറി ആക്രമണം നടത്തിയ ക്രിമിനലുകള്‍ക്കെതിരെ പോലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ല. 2008 നവംബര്‍ 29 ന് വൈക്കിലശേരിയില്‍ സിപിഐഎം ക്രിമിനലുകളുടെ തേര്‍വാഴ്ചയില്‍ ഓര്‍ക്കാട്ടേരിയിലെ കുളങ്ങര സനീഷിന്റെ ഇടതുകാല് തകര്‍ന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജിലും ബേബിമെമ്മോറിയല്‍ ആശുപത്രിയിലും സിനീഷിന് ശസ്ത്രക്രിയ നടത്തേണ്ടിവന്നു.
2009 നവംബര്‍ ആറ് വെള്ളിയാഴ്ച ഒഞ്ചിയത്തെ ഇപ്പോഴത്തെ പഞ്ചായത്ത് പ്രസിഡന്റ് പി. ജയരാജന് സിപിഐഎം നേതൃത്വം ആസുത്രിതമായി കൊലപ്പെടുത്താന്‍ ശ്രമിച്ചു. ജയരാജിനെ ക്വട്ടേഷന്‍ സംഘം തലങ്ങും വിലങ്ങും വെട്ടി. 16 വെട്ടുകളാണ് ജയരാജിനേറ്റത്. മാസങ്ങള്‍ നീണ്ട ചികിത്സയ്ക്ക് ശേഷമാണ് ജയരാജന് സാധാരണ നിലയിലേയ്ക്ക് തിരിച്ചുവന്നത്. ഈ കേസിലെ പ്രതികളെ ഇതുവരെയും അറസ്ററ് ചെയ്യാനോ കുറ്റപത്രം നല്‍കാനോ പോലീസ് തയ്യാറായിട്ടില്ല. 2010 മാര്‍ച്ച് 16 ന് മൂയിപ്രായില്‍ പടിക്കുതാഴേക്കുനി കേളപ്പന്, അഖിലേഷ് എന്നിവര്‍ ആക്രമിക്കപ്പെട്ടു.
2010 മാര്‍ച്ച് 18 ന് റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി ലോക്കല്‍ കമ്മറ്റി അംഗം എം.പി. ദാമോദരന്റെ സിപിഐഎം ക്രിമിനലുകള്‍ ബോംബ് എറിഞ്ഞും വെട്ടിയും കൊലപ്പെടുത്താന്‍ ശ്രമിച്ചു. മാരകമായ പരിക്കുകളോടെ ദാമോദരന്‍ രക്ഷപെട്ടു. എന്നാല്‍ ഒരുവര്‍ഷം തികയുന്നദിവസം വീണ്ടും ദാമോദരന്‍ ആക്രമിക്കപ്പെട്ടു. മാരകമായി പരിക്കേറ്റ ദാമോദരന്‍ ഇപ്പോഴും ചികിത്സയിലാണ്. 2010 മാര്‍ച്ച് 19 ന് റവല്യൂഷണറി യൂത്തിന്റെ ബ്ലോക്ക് പ്രസിഡന്റ് കെ.കെ. ജയനെ മാരകമായി ആക്രമിച്ചു. കൈകാലുകള്‍ക്കും വാരിയെല്ലിനും ശ്വാസകോശത്തിനും ഗുരുതരമായി പരിക്കേറ്റ ജയന് തലനാരിഴയ്ക്കാണ് രക്ഷപെട്ടത്.
2012 ഫെബ്രുവരി 19 ന് റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ഏരിയാ സമ്മേളന പതാക ജാഥ ആക്രമിക്കപ്പെട്ടു. 50ലേറേ പേര്‍ക്ക് പരിക്കേറ്റു. റവല്യൂഷണറി പ്രവര്ത്തകന് രാജന്റെ കൈ അടിച്ചുതകര്‍ത്തു. നിരവധി വാഹനങ്ങള്‍ തല്ലിത്തകര്‍ത്തു. 2012 ഫെബ്രുവരി 20 ന് കുന്നുമ്മല്കരയയില് ടി.പി. ബാലന്റെ വീട് ആക്രമിച്ച് ബെഡ്റൂമിലിട്ട് വെട്ടി. ഒരു കൈ അറ്റുപോയി. കൈകാലുകള്‍ക്കും തലയിലും ആഴത്തില്‍ മുറിവേറ്റു. അന്നുതന്നെ മൃഗേഷിനെ ബോംബെറിഞ്ഞ് പരിക്കേല്പിച്ചു. ഇത്രയൊക്കെ ആക്രമണം ഉണ്ടായിട്ടും ഒഞ്ചിയത്ത് ഒരൊറ്റ സിപിഎം പ്രവര്‍ത്തകന്‍പോലും ആക്രമിക്കപ്പെട്ടില്ല. എന്നിട്ടും റവല്യൂഷണറിയുടെ 100 കണക്കിന് ആളുകളുടെപേരില്‍ കള്ളക്കേസുകള്‍ എടുത്തു. 52 പേരുടെ പാസ്പോര്ട്ടുകള് കണ്ടുകെട്ടി. ഗള്‍ഫില്‍ നിന്നുംവന്ന പലര്‍ക്കും തിരിച്ചുപോകാനായില്ല. 12 ചെത്ത് തൊഴിലാളികളെ സഹകരണ സംഘത്തില്‍ നിന്നും പിരിച്ചുവിട്ടു.
കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആരംഭകാലത്ത്പോലും നേരിടേണ്ടിവന്നിട്ടില്ലാത്ത അതിക്രൂരമായ ആക്രമണങ്ങളാണ് സിപിഎം നേതൃത്വത്തില്‍ റവല്യൂഷണറി പാര്‍ട്ടിക്കെതിരെ നടത്തുന്നത്. വിപുലമായ ജനകീയ പന്തുണ സമാഹരിച്ച് ഈ ഫാസിസ്റ്റ് വെല്ലുവിളികളെ ജനകീയ പ്രതിരോധത്തിലൂടെ ഞങ്ങള്‍ പരാജയരപ്പെടുത്തും. ഒരു പ്രദേശത്തെ ക്രിമിനല്‍ വാഴ്ച തടയാനും നിയമ വാഴ്ച നടപ്പിലാക്കാനുമുള്ള ഉത്തരവാദിത്തം പോലീസിനും ഗവണ്മെന്റിനുമുണ്ട്. നേരത്തേ പോലീസ് അസോസിയേഷന് ഭാരവാഹികളായി ഇരുന്നിട്ടുള്ള സിപിഎംകാരായ ചില എഎസ്ഐമാര്‍ ഉള്‍പ്പെടെയുള്ളവര്‍ അക്രമികള്‍ക്ക് ഒത്താശ ചെയ്യുകയാണ്. ഇതുകാരണം ഫലപ്രദമായ നടപടി സ്വീകരിക്കാന്‍ പോലീസിന് കഴിയുന്നില്ല. ക്രമസമാധാനവും ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങളും ഉറപ്പാക്കാന്‍ ഗവണ്മെന്റ് അടിയന്തര നടപടികള്‍ സ്വീകരിക്കണം.
Wednesday, May 2, 2012
കറുത്ത സത്യങ്ങളുടെ മൂടുപടം നീക്കാന്‍...
ഈശ്വരന്റെ തെറ്റുകളല്ല; ഭരണകൂട ഭീകരതയും സംഘടിത മതഭീകരതയും റിപ്പോര്‍ട്ട് ചെയ്യാനാണ് ധൈര്യം വേണ്ടതെന്നാണ് ആതിരേ എന്റെ അനുഭവങ്ങള്‍ പറഞ്ഞുതരുന്നത്.
ആതിരേ
ഇന്ന്
മെയ് മൂന്ന്
പത്രസ്വാതന്ത്ര്യത്തിന്റെയും വിവരാവകാശത്തിന്റെയും പ്രാധാന്യം വിളിച്ചറിയിക്കുന്ന ലോക പത്ര സ്വാതന്ത്ര്യ ദിനം.മനുഷ്യാവകാശ സംരക്ഷണ ദൗത്യത്തിന്റെ ഭാഗമാണ് പത്ര സ്വാതന്ത്ര്യം.
പത്രത്തിന്റെ കാഴ്ചപ്പുറങ്ങളില്‍ നിന്ന് ഒന്നും മറച്ചു വയ്ക്കാനാവില്ല. ലോകചലനങ്ങള്‍ പത്രത്തിലൂടെ അറിയുന്ന വായനക്കാരന്റെ അനുഭവ ലോകം വിശാലമാകുന്നു.അതു കൊണ്ട് ലോക പത്രസ്വാതന്ത്ര്യ ദിനത്തില്‍ കറുത്ത സത്യങ്ങളുടെ മൂടുപടം നീക്കാനുള്ള ശ്രമമാണുണ്ടാകേണ്ടത്.
ഇറാഖ്, പലസ്തീന്, നൈജീരിയ, കൊറിയ, കശ്മീര്‍, ഗുജറാത്ത്, മാറാട് .... ഭീകരതയുടെയും ആക്രമണത്തിന്റെയും, ദുരന്തത്തിന്റെയും ബാക്കിപത്രമായ നിലവിളികള്‍ക്ക് കാതോര്‍ക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് അവകാശമുണ്ട്. ആ അവകാശം ലോകജനതയ്ക്ക് നന്മ കാട്ടിക്കൊടുക്കാനുള്ള വ്യഗ്രതയില്‍ നിന്ന്, പ്രാര്‍ത്ഥനയില്‍ നിന്നുരുവം കൊണ്ടതാണ്
പത്രസ്വാതന്ത്ര്യത്തിന്റെ പ്രാധാന്യവും ആവശ്യകതയും തരിച്ചറിയുമ്പോള് തന്നെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന ഉന്മൂലന ശ്രമങ്ങള്‍ കാണാതിരുന്നു കൂടാ. 2003ല്‍ 36 പത്രലേഖകരാണ് അക്രമങ്ങളില്‍ മരിച്ചത്. 2004 ആദ്യത്തെ മൂന്നു മാസത്തിനുള്ളില്‍ 17 ലേഖകര്‍ മരിച്ചു. 2003ല്‍ 136 മാധ്യമപ്രവര്‍ത്തകര്‍ ജയിലില്‍ അടയ്ക്കപ്പെട്ടതും ഒട്ടേറെ പേരെ കാണാതായതും പത്ര സ്വാതന്ത്ര്യത്തിന്റെ പരിധിയിലേയ്ക്കുള്ള ചൂണ്ടുവിരലാണ്.
2004ല്‍ മാത്രം ലോകത്ത് 71 പത്രപ്രവര്‍ത്തകരെ കോന്നിട്ടുണ്ട്. 2003 പത്രപ്രവര്‍ത്തകരുടെ കറുത്ത വര്‍ഷമായിരുന്നു. 42 പേരെ കൊന്നു, 120 പേരെ തടവിലാക്കി, 706 പേരെ അറസ്റ്റുചെയ്തു. 1460 പേരെ ശാരീരികമായി പീഡിപ്പിച്ചു. പോരാത്തതിന് 501 മാധ്യമങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തുകയും ചെയ്തു.
2011ല്‍ 46 പത്രപ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്.പത്രപ്രവര്‍ത്തകരെ ഉന്മൂലനം ചെയ്യുന്നതില്‍ 2010 ലേത് പോലെ 2011ലും പാകിസ്ഥാനായിരുന്നു മുന്നില്‍ .2009ല്‍ ലോകത്താകെ 38 പത്രപ്രവര്‍ത്തകരാണ് ആക്രമണത്തിന് ഇരയായതെങ്കില്‍ 2009ല്‍ അത് 58 ആയി ഉയര്‍ന്നു.എന്നാല്‍ 2011 ഉഗാണ്ടയില്‍ മാത്രം 100 പത്രപ്രവര്‍ത്തകരാണ് ആക്രമിക്കപ്പെട്ടത്.
അതായത് ഈശ്വരന്റെ തെറ്റുകളല്ല; ഭരണകൂട ഭീകരതയും സംഘടിത മതഭീകരതയും റിപ്പോര്‍ട്ട് ചെയ്യാനാണ് ധൈര്യം വേണ്ടതെന്നാണ് ആതിരേ എന്റെ അനുഭവങ്ങള്‍ പറഞ്ഞുതരുന്നത്.
വാര്‍ത്തകള്‍ക്കു കടിഞ്ഞാണിടുന്ന ലോകത്തെ ഏറ്റവും മോശമായ രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാമത് ആഫ്രിക്കന്‍ രാജ്യമായ എറിത്രിയ ആണെന്നു ന്യൂയോര്‍ക്ക് ആസ്ഥാനമായ പത്രലേഖകരുടെ സംരക്ഷണ സമിതി വെളിപ്പെടുത്തി. ഉസ്ബക്കിസ്ഥാന്, ബെലാറസ്, ഇറാന് എന്നിവയാണ് തൊട്ടുപിന്നില്‍
ദൈനംദിന വാര്‍ത്തകള്‍ ജനങ്ങളെ അറിയിക്കുന്നതിനുവേണ്ടിയുള്ള സാഹസിക യത്നത്തില്‍ ജീവന് വെടിഞ്ഞ പത്രപ്രവര്‍ത്തകര്‍ക്കും ജയില്‍വാസം അനുഭവിക്കുന്നവര്‍ക്കും ഇന്ന് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കും.
ലോകജനസംഖ്യയുടെ മൂന്നിലൊരുഭാഗം ഇന്നും ജീവിക്കുന്നത് പത്രസ്വാതന്ത്ര്യമില്ലാത്ത രാജ്യങ്ങളിലാണെന്നത് ഭീഷണമായ വേരൊരു വാസ്തവമാണ്!
Subscribe to:
Posts (Atom)