Thursday, October 22, 2009

ആത്മഹത്യ:സഭ ക്ഷമചോദിക്കണം


കാലം മാറുന്നതിനനുസരിച്ച്‌ ആചാരങ്ങളും രീതികളും മാറ്റാന്‍ സഭ തയ്യാറാകുന്നത്‌ എല്ലാ അര്‍ത്ഥത്തിലും ശുഭോദര്‍ക്കമായ വാസ്തവമാണ്‌ ആതിരേ....ദൈവവിശ്വാസത്തില്‍ അധിഷ്ഠിതമായ സഭയുടെ പ്രവര്‍ത്തനങ്ങളും അതില്ലാത്ത ഭൗതിക സാഹചര്യങ്ങളും തമ്മിലുള്ള പാരസ്പര്യത്തില്‍ എല്ലായ്പ്പോഴും സഭയുടെ ഭാഗമായിരുന്നു വിശ്വാസികള്‍ അംഗീകരിച്ചിരുന്നത്‌. മരണാനന്തര ജീവിതത്തെ കുറിച്ചുള്ള ഭയവും സാമുദായിക കെട്ടുപാടുകള്‍ പൊട്ടിക്കാനുള്ള വിമുഖതയും ഒക്കെ ചേര്‍ന്നുകൊണ്ടുള്ള ഒരുതരം കീഴടങ്ങലായിരുന്നു ഇത്തരം സന്ദര്‍ഭങ്ങളില്‍ കണ്ടിരുന്നത്‌. തന്മൂലം 21-ാ‍ം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ പോലും സഭ സാമൂഹികവും ഭൗതികവുമായ വളര്‍ച്ചക്ക്‌ വിഘാതം നില്‍ക്കുന്ന അനുഭവമാണുണ്ടായിട്ടുള്ളത്‌. മനുഷ്യനെ സൃഷ്ടിച്ചത്‌ ദൈവമാണെന്നും മനുഷ്യന്‌ വേണ്ടിയാണ്‌ മറ്റു സൃഷ്ടികളെന്നും മനുഷ്യന്‍ പാപിയായപ്പോള്‍ അവനെ രക്ഷിക്കാന്‍ തന്റെ ഏകജാതനായ പുത്രനെ കുരിശില്‍ ബലിയാക്കാന്‍ പിതാവായ ദൈവത്തിന്‌ മനസ്സലിഞ്ഞിരുന്നു എന്നുമൊക്കെ വേദപാഠക്ലാസുകളിലും ആരാധാനാ മധ്യത്തിലും പ്രസംഗിക്കുമായിരുന്നെങ്കിലും മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങള്‍ക്കുവേണ്ടിയുള്ള എല്ലാ പോരാട്ടങ്ങളിലും സഭ പ്രതിലോമകരമായ നിലപാടാണ്‌ സ്വീകരിച്ചിരുന്നത്‌. ദൈവവിശ്വാസത്തിന്റെ പേരിലാണ്‌ ഇത്തരം സന്ദര്‍ഭങ്ങളില്‍ മാനുഷീക മൂല്യങ്ങള്‍ തള്ളിപ്പറഞ്ഞിരുന്നതെന്നാണ്‌ ഏറെ വൈരുധ്യമുള്ള മറ്റൊരു വാസ്തവം ആതിരേ....
വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള പാരസ്പര്യത്തിലും ഇത്തരം ഇടംകോലിടുന്ന നിലപാടാണ്‌ സഭ പുലര്‍ത്തിയിരുന്നത്‌. സാമ്പത്തികമായ നേട്ടങ്ങള്‍ക്കും ഭൗതീക സുഖസൗകര്യങ്ങള്‍ക്കും അവിശ്വാസികളുമായി ഏത്‌ വിധത്തിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനും തയ്യാറാകുന്ന വിശ്വാസികളും സഭയും മനുഷ്യന്റെ സ്വാതന്ത്ര്യം അടക്കമുള്ള അടിസ്ഥാന ആവശ്യങ്ങളുടെ കാര്യം വരുമ്പോള്‍ വിശ്വാസത്തിന്റെ പേരില്‍ തലതിരിച്ച്‌ നില്‍ക്കുകയായിരുന്നു എന്ന്‌ ചരിത്രം ബോധ്യപ്പെടുത്തുന്നു.
ആതിരേ, ശാസ്ത്രീയ വിശകലനത്തിലൂന്നിയ വിലയിരുത്തലും അതിന്റെ അടിസ്ഥാനത്തില്‍ രൂപം കൊടുക്കുന്ന കര്‍മ്മപദ്ധതികളും എന്നും സഭയ്ക്കും വിശ്വാസികള്‍ക്കും സ്വീകാര്യമായിരുന്നില്ല. ശാസ്ത്രം ദൈവനിന്ദാപരമാണെന്ന അശാസ്ത്രീയമായ മുന്‍വിധി വളര്‍ത്തിക്കൊണ്ടും വ്യാപിപ്പിച്ചുകൊണ്ടുമായിരുന്നു സഭ അതിന്റെ ശുഷ്കവും ഹ്രസ്വവുമായ നിലപാടുകളെ സാധൂകരിച്ചിരുന്നത്‌. അന്ധവിശ്വാസങ്ങളില്‍ അടിസ്ഥാനപ്പെടുത്തിയ സഭയുടെ നിലപാടുകളെ ശാസ്ത്രമെന്നും ചോദ്യം ചെയ്തിട്ടുണ്ട്‌. ഈ ചോദ്യം ചെയ്യല്‍ യഥാര്‍ത്ഥത്തില്‍ സഭയെ ആയിരുന്നില്ല മറിച്ച്‌ അതുപുലര്‍ത്തിയിരുന്ന അശാസ്ത്രീയ ചിന്തകളുടെ അടിസ്ഥാനങ്ങളെയായിരുന്നു. എന്നാല്‍, ഇത്തരം ചോദ്യം ചെയ്യലുകള്‍, അന്വേഷണങ്ങള്‍ സഭയുടെ നിലനില്‍പ്പിനെ അട്ടിമറിക്കുമെന്ന്‌ ഭയന്നാണ്‌ ശാസ്ത്രീയമായ വിശകലനങ്ങളെയും അതില്‍ അടിസ്ഥാനപ്പെടുത്തിയ ചിന്താപദ്ധതികളെയും സഭ എതിര്‍ത്തിരുന്നത്‌. സൂര്യനാണ്‌ സൗരയൂഥത്തിന്റെ കേന്ദ്രമെന്ന ശാസ്ത്രീയ സത്യം പറഞ്ഞതിനെ ഗലീലിയൊയോട്‌ സഭ അനുവര്‍ത്തിച്ച അശാസ്ത്രീയവും അമാനവികവുമായ നിലപാട്‌ ഇന്ന്‌ എല്ലാവര്‍ക്കുമറിയാം. പില്‍ക്കാലത്ത്‌ സഭയ്ക്ക്‌ ഈ തെറ്റ്‌ അംഗീകരിക്കേണ്ടി വന്നെങ്കിലും സമാന സ്വഭാവത്തിലുള്ള സമൂഹ വിരുദ്ധ നിലപാടുകള്‍, വിശ്വാസ സംരക്ഷണത്തിന്റെ പേരില്‍ സഭയ്ക്ക്‌ പുലര്‍ത്തേണ്ടിവന്നു. അതുകൊണ്ടുതന്നെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട്‌ പൊതുസമൂഹത്തിന്റെ ധാര്‍മികവും സദാചാരപരവുമായ മൂല്യങ്ങളെ വെല്ലുവിളിക്കാന്‍ സഭയ്ക്കും ഇടയന്മാര്‍ക്കും കഴിഞ്ഞിരുന്നു. നിരന്തരമുണ്ടാകുന്ന ലൈംഗിക ആരോപണങ്ങളും അതിന്റെ പേരില്‍ പോപ്പുമാര്‍ക്ക്‌ ലോകത്തോട്‌ മാപ്പപേക്ഷിക്കേണ്ടി വന്നതുമൊക്കെ ഈ പ്രതിലോമ നിലപാടുകളുടെ തിരിച്ചടികളായിരുന്നു.
പൊതുസമൂഹത്തോടുള്ള പാരസ്പര്യത്തില്‍ മാത്രമല്ല വിശ്വാസികളോടുള്ള നിലപാടിലും ഇതിലും ഹീനമായ സമീപനങ്ങളാണ്‌ പല അടിസ്ഥാന വിഷയങ്ങളിലും ആതിരേ, സഭ സ്വീകരിച്ചു പോന്നിട്ടുള്ളത്‌. ദൈവ വിശ്വാസത്തിന്റെ അടിസ്ഥാന പ്രമാണങ്ങളെ പോലും വെല്ലുവിളിക്കുന്ന അത്തരം പ്രതിലോമ-പ്രതികാര നിലപാടുകളില്‍ നിന്ന്‌ ഇന്നും സഭ മുക്തമായിട്ടില്ല. വിധവയുടെ രണ്ട്‌ വെള്ളിക്കാശിന്റെ മഹത്വത്തെ കുറിച്ച്‌ പുള്‍പിറ്റില്‍ നിന്ന്‌ പ്രസംഗിക്കുന്നവര്‍ പക്ഷെ, സമ്പന്നന്റെ ആഥിത്യം ആസ്വദിക്കുന്ന വൈരുദ്ധ്യവും ഇന്നും നിലനില്‍ക്കുന്നു. ധനവര്‍ഗത്തോടുള്ള സഭയുടെ സമീപനം മൂലം അടിസ്ഥാന വിഭാഗത്തില്‍ നല്ലൊരു ശതമാനം ക്രിസ്തുവിനെ പോലും തള്ളിക്കളഞ്ഞ്‌ മറ്റ്‌ മോചനമാര്‍ഗങ്ങള്‍ അവലംബിക്കേണ്ട അവസ്ഥ വരെ സംജാതമായിട്ടുണ്ട്‌. വേശ്യകളെയും ചുങ്കക്കാരെയും പാപികളെയും തേടി വന്ന ക്രിസ്തുവിന്റെ പേരില്‍ സഭയിലെ ഇത്തരം അടിസ്ഥാന-നിസ്വ വിഭാഗങ്ങളെ അകറ്റി നിര്‍ത്തി സമ്പന്നന്റെ തീന്‍മേശയിലേയ്ക്കോടുന്ന സഭാ നേതൃത്വം ഇന്നും ശക്തമാണ്‌. മരണാനന്തര ഭയമുള്ളതുകൊണ്ട്‌ മാത്രം സഭാ നേതൃത്വത്തിന്റെ ഈ വൃത്തികേടുകള്‍ അംഗീരിച്ചുകൊണ്ട്‌ സഭയില്‍ തുടരാനും കുര്‍ബാന സ്വീകരിക്കാനും നിര്‍ബന്ധിതരാകുകയാണ്‌ 99 ശതമാനം വിശ്വാസികളും.
ജീവിച്ചിരിക്കുമ്പോള്‍ മാത്രമല്ല മരിച്ചാലും ഈ വേര്‍തിരിവ്‌ സഭാ നേതൃത്വത്തിന്റെ ഭാഗത്തുനിന്ന്‌ ഇന്നുമുണ്ടാകുന്നുണ്ട്‌ ആതിരേ. ദരിദ്രനായ ഒരു വിശ്വാസി മരിച്ചാല്‍ അവന്റെ ഭവനത്തില്‍ ശവസംസ്കാര ശുശ്രൂഷയ്ക്കോ ആ വിയോഗം മൂലം ദുഃഖിതരായിരിക്കുന്ന ആശ്രിതരെ സമാശ്വസിപ്പിക്കാനോ ഇന്നും സഭയുടെ ഉന്നതസ്ഥാനമലങ്കരിക്കുന്ന ഒരു വൈദീകനും എത്താറില്ല എന്നത്‌ യാഥാര്‍ത്ഥ്യമാണ്‌. അതേസമയം സമൂഹത്തിലെ എല്ലാ അനാശാസ്യ പ്രവര്‍ത്തികള്‍ക്കും ചുക്കാന്‍ പിടിക്കുന്ന സമ്പന്നന്റെ ശവസംസ്കാര ശുശ്രൂഷകളില്‍ വൈദീക ശ്രേഷ്ഠന്മാരുടെ തിക്കും തിരക്കുമാണ്‌. ലാസറിനെ ഉയര്‍ത്തിക്കുന്നവനാണ്‌ ദൈവമെന്നും ധനവാനെ നരകത്തീക്കാണ്‌ അര്‍ഹനാക്കിയിട്ടുള്ളതെന്നും പ്രസംഗിക്കുന്നവരാണ്‌ ക്രിസ്തുവിനെയും ക്രിസ്തുവചനത്തെയും ഇത്തരത്തില്‍ നിരന്തരം ക്രൂശിച്ചുകൊണ്ടിരിക്കുന്നത്‌. ഈ വൃത്തികേട്‌ സമ്പന്നന്റെയും ദരിദ്രന്റെയും വീട്ടിലെ വിവാഹ ചടങ്ങുകളില്‍ പോലും ഓക്കാനമുണര്‍ത്തുന്ന രീതിയില്‍ ദൃശ്യമാണ്‌. ഇതിനെതിരെ ശബ്ദിക്കുന്നവരെ ഉന്മൂലനം ചെയ്യാന്‍ സഭാതലത്തിലും പുറത്തും എല്ലാവിധ വിപരീത ശക്തികളെയും സഭാ നേതൃത്വം ആശ്രയിക്കുകയും ചെയ്യും.
ഇത്തരത്തില്‍ ക്രിസ്തുവിനെയും ക്രിസ്തുവചനത്തെയും പൊതുസമൂഹമധ്യേ അധിക്ഷേപിച്ച്‌ വെള്ളപൂശിയ ശവക്കല്ലറകളായി സഭാനേതൃത്വം വാഴുമ്പോള്‍ എങ്ങനെയാണ്‌ ആതിരേ, മാറുന്ന കാലത്തിനനുസരിച്ച്‌ വിശ്വാസികളുടെ ആചാരങ്ങളും നടപടിക്രമങ്ങളും വ്യത്യസ്തപ്പെടുക? ആ ദാരുണ നിലപാട്‌ തിരുത്താനാണ്‌ ഇപ്പോള്‍ സീറോ മലബാര്‍ സഭ തയ്യാറായിട്ടുള്ളത്‌. ആത്മഹത്യ ചെയ്യുന്ന വിശ്വാസികള്‍ക്കും ഇനിമുതല്‍ മതപരമായ ചടങ്ങുകളോടെ സംസ്കാരം അനുവദിക്കുന്നു എന്നാണ്‌ പുതിയ തീരുമാനം. ക്രിസ്തുമതാചാരപ്രകാരം ആത്മഹത്യ പാപമാണെന്ന്‌ കണക്കാക്കിയാണ്‌ ഇതുവരെ ആത്മഹത്യ ചെയ്തവര്‍ക്ക്‌ മതപരമായ ചടങ്ങുകള്‍ ഒഴിവാക്കിയിരുന്നത്‌.
മുന്‍പ്‌ ആത്മഹത്യ ചെയ്യുന്നവര്‍ക്ക്‌ ശ്മാശാനത്തിന്റെ കോണിലുള്ള തെമ്മാടിക്കുഴിയിലായിരുന്നു സ്ഥാനം. സഭാ നേതൃത്വത്തെ വെല്ലുവിളിച്ചിട്ടുള്ള വ്യക്തികള്‍ക്കും മുന്‍പ്‌ കമ്യൂണിസ്റ്റുകാരായി മരിച്ചവര്‍ക്കുമൊക്കെ ഈ തെമ്മാടിക്കുഴിയിലായിരുന്നു സംസ്കാരത്തിന്‌ അനുമതി നല്‍കിയിരുന്നത്‌. ഇത്തരക്കാരുടെ മൃതദേഹം ദേവാലയത്തില്‍ പ്രവേശിപ്പിക്കുകയോ വൈദീകര്‍ സംസ്കാര ശുശ്രൂഷ നടത്തുകയോ ചെയ്തിരുന്നില്ല. എന്നാല്‍, കഴിഞ്ഞ കുറേ നാളുകളായി ആത്മഹത്യ ചെയ്യുന്നവരെ ലഘുവായ മത ചടങ്ങുകളോടെ സംസ്കരിച്ചു തുടങ്ങിയിരുന്നു. എന്നാല്‍, ഇനി മുതല്‍ ആത്മഹത്യ ചെയ്തവര്‍ക്കും പൂര്‍ണമായ മതപരമായ ചടങ്ങുകളോടെ സംസ്കാര ശുശ്രൂഷ അനുവദിക്കാനാണ്‌ സീറോ മലബാര്‍ കത്തോലിക്കാ സഭയുടെ തീരുമാനം. മാറുന്ന കാലത്തിനനുസരിച്ചുള്ള നിലപാടാണിതെന്ന്‌ അവകാശപ്പെടുമ്പോഴും ഒരു പൂള്‍ തീരുകാന്‍ നേതൃത്വം മറന്നിട്ടില്ല. അതായത്‌ മതചടങ്ങുകളോടെ സംസ്കരിക്കാന്‍ ആത്മഹത്യ ചെയ്തയാള്‍ യോഗ്യനാണോ എന്നത്‌ സംബന്ധിച്ച്‌ തീരുമാനിക്കാന്‍ പാരിഷ്‌ വികാരിക്കും ചര്‍ച്ച്‌ കൗണ്‍സിലിനുമാണ്‌ അധികാരം നല്‍കിയിരിക്കുന്നത്‌. മുന്‍പ്‌ ഇവര്‍ക്ക്‌ ലഭിച്ചിരുന്ന അധികാരമനുസരിച്ചാണ്‌ സഭയിലെ നിസ്വവര്‍ഗത്തിന്‌ അവകാശപ്പെട്ടിരുന്ന ആനകുല്യങ്ങള്‍ നിരോധിച്ചിരുന്നതും പത്ത്‌ കല്‍പനകള്‍ ലംഘിച്ച്‌ നടന്നാലും ധനവാനാണെങ്കില്‍ എല്ലാ ആനുകൂല്യങ്ങള്‍ വാരിക്കോരി നല്‍കിയിരുന്നതും. ആ നിലപാട്‌ തുടരാതിരിക്കാന്‍ ഇനിയെങ്കിലും പാരിഷ്‌ വികാരിയും ചര്‍ച്ച്‌ കൗണ്‍സിലും മാന്യത കാട്ടുമെന്ന്‌ പ്രതീക്ഷിക്കാം.
ആതിരേ, ജീവിക്കാന്‍ ബുദ്ധിമുട്ടുമ്പോഴാണ്‌ ആത്മഹത്യ ചെയ്യുന്നത്‌. ഇത്തരത്തില്‍ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക്‌ താങ്ങും തണലുമാകാനും രക്ഷകരാകാനുമാണ്‌ സഭയേയും സഭാ നേതൃത്വത്തെയും ക്രിസ്തു ആഹ്വാനം ചെയ്യുന്നത്‌. എന്നാല്‍ ഇവരുടെയൊക്കെ തലതിരിഞ്ഞ നടപടികള്‍ മൂലമാണ്‌ അവസാനത്തെ ആശ്രയം പോലും ദൈവമല്ല എന്ന്‌ കരുതി നിര്‍ഭാഗ്യ ജീവിതങ്ങള്‍ ആത്മഹത്യയില്‍ അഭയം തേടുന്നത്‌. ഇപ്പോഴെങ്കിലും ഈ സത്യം സഭ അംഗീകരിക്കാന്‍ തയ്യാറായതില്‍ സന്തോഷമുണ്ട്‌. ഒപ്പം ഇതുവരെ ആത്മഹത്യ ചെയ്തതുകൊണ്ട്‌ മതപരമായ ചടങ്ങുകള്‍ നിഷേധിക്കപ്പെട്ടവരോട്‌ ്കൂടി തയ്യാറാകുമ്പോള്‍ മാത്രമേ ഈ തീരുമാനത്തിന്‌ വിശുദ്ധി ലഭിക്കു. സ്വവര്‍ഗ്ഗ ലൈംഗീക ആഭാസം നടത്തിയ വൈദീകര്‍ക്ക്‌ വേണ്ടി ജോണ്‍ പോള്‍ സെക്കന്റ്‌, ബെനഡിക്ട്‌ പതിനാറാമന്‍ മാര്‍പ്പാപ്പമാര്‍ ലോകത്തോട്‌ മാപ്പ്‌ ചോദിച്ചതാണല്ലോ അതുകൊണ്ട്‌ ആത്മഹത്യ ചെയ്തവരുടെ ശവസംസ്കാര കാര്യത്തില്‍ ഇതുവരെ തുടര്‍ന്ന ആത്മീയമല്ലാത്ത നിലപാടിന്‌ സഭ മാപ്പ്‌ ചോദിച്ചേ തീരു ,ആതിരേ....