Tuesday, February 9, 2010

തിലകനെ ആര്‍ക്കാണ്‌ മൂലയ്ക്കിരുത്തേണ്ടത്‌

ജാതിക്കും മതത്തിനും സമുദായത്തിനും സൃഷ്ടിക്കാന്‍ കഴിയുന്നതല്ല പണിക്കുറ തീര്‍ന്ന ഒരു അഭിനേതാവിനെ. പക്ഷെ, ആ സത്യം ബോധപൂര്‍വം തമസ്കരിച്ച്‌ ജാതിയുടെയും മതത്തിന്റെയും സമുദായത്തിന്റെയും പ്രദേശത്തിന്റെയും താല്‍പ്പര്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ്‌ പലസിനിമകളിലും അഭിനേതാക്കളെ തെരഞ്ഞെടുക്കുന്നത്‌. ഇത്‌ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. തന്റെ അഭിനയ മികവില്‍ സ്വത്വബോധം പുലര്‍ത്തുന്ന നടനേയും നടിയേയും ഒറ്റപ്പെടുത്തിയ നിരവധി സംഭവങ്ങള്‍ മലയാള സിനിമാ പ്രവര്‍ത്തകര്‍ക്കറിയാം. ഒരുകാലത്തും സൂപ്പര്‍സ്റ്റാറുകളിലൂടെയല്ല ഒരു ഭാഷയിലും സിനിമ മികവ്‌ പുലര്‍ത്തിയിട്ടുള്ളത്‌. തിലകനെ പോലെയുള്ള അഭിനയ പ്രതിഭകളാണ്‌ ഓരോ ഭാഷയിലുമുള്ള സിനിമയുടെ ജീവനും നട്ടെല്ലും. അത്‌ തിരിച്ചറിഞ്ഞ്‌ തിലകനെന്ന അനുപമനായ നടനോട്‌ നീതിപുലര്‍ത്താന്‍ സംവിധായകരും നിര്‍മാതാക്കളും തയ്യാറാകേണ്ടതുണ്ട്‌. സൂപ്പര്‍ താരങ്ങളുടെ ചെരുപ്പ്‌ നക്കികളായ യുവതലമുറയിലെ ചില സംവിധായകരും തിരക്കഥാകൃത്തുക്കളും എന്തെല്ലാം കളികള്‍ കളിച്ചാലും തിലകനെ പോലെയുള്ള ഒരു അഭിനയ പ്രതിഭയെ മലയാള സിനിമാ രംഗത്തുനിന്നും മലയാളികളായ സിനിമാ പ്രേമികളുടെ മനസ്സില്‍ നിന്നും ഉപരോധിക്കാനോ പുറത്താക്കാനോ കഴിയുകയില്ല. അതുകൊണ്ട്‌ അദ്ദേഹത്തോട്‌ മാന്യമായി ഇടപെടാനുള്ള വകതിരിവ്‌ സിബി മലയിലിനെയും ബി. ഉണ്ണികൃഷ്ണനെയും പോലെയുള്ളവരില്‍ നിന്നുണ്ടാവണമെന്നാണ്‌ മലയാള സിനിമാ പ്രേക്ഷകര്‍ ആവശ്യപ്പെടുന്നത്‌.




സമാനതകളില്ലാത്ത അഭിനയ മികവുകൊണ്ട്‌ ദശാബ്ദങ്ങളായി മലയാള സിനിമാ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്ന വേറിട്ട വെള്ളിത്തിര സാന്നിധ്യമാണ്‌ തിലകന്‍. തന്റെ പ്രതിഭയില്‍ ഊറ്റം കൊള്ളുകയും അതിന്റെ നട്ടെല്ലുറപ്പില്‍ ജീവിക്കുകയും ചെയ്യുന്ന അപൂര്‍വ ജാനസില്‍ പെട്ട അഭിനേതാവ്‌ കൂടിയാണ്‌ തിലകന്‍.അതെ, ആതിരേ, മലയാള സിനിമയിലെ പെരുന്തച്ചനാണ്‌ തിലകന്‍. എന്നാല്‍, തിലകിനിപ്പോള്‍ വീണ്ടും വിവാദകേന്ദ്രമായിരിക്കുകയാണ്‌. മലയാള സിനിമയിലെ മറ്റൊരു അഭിനയ പ്രതിഭയായ മമ്മൂട്ടിയെയും സാങ്കേതിക വിദഗ്ധരുടെ സംഘടനയായ ഫെഫ്കയെയും തീക്ഷണമായി വിമര്‍ശിച്ചുകൊണ്ട്‌ തിലകന്‍ രംഗത്തെത്തിയതാണ്‌ പുതിയ വിവാദങ്ങളുടെ തുടക്കം.
'ക്രിസ്ത്യന്‍ ബ്രദേഴ്സ്‌' എന്ന സിനിമയില്‍ നിന്ന്‌ ഫെഫ്കയും മമ്മൂട്ടിയും ചേര്‍ന്ന്‌ തന്നെ ഒഴിവാക്കി എന്നാണ്‌ തിലകന്റെ ആരോപണം. ഒരു നടനെതിരെ ഒരിക്കലും ആശാസ്യമല്ലാത്ത ഉപരോധമാണിത്‌. ഈ ഉപരോധം തുടര്‍ന്നാല്‍ തന്നിലെ നടന്‍ ആത്മഹത്യ ചെയ്യുമെന്നാണ്‌ തിലകന്‍ പറയുന്നത്‌. തിലകനെതിരെ ഉണ്ടായ ഈ ഉപരോധത്തില്‍ പ്രതിഷേധിച്ച്‌ മലയാള വേദിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ശനിയാഴ്ച തൃശൂര്‍ കോര്‍പ്പറേഷന്‍ ഓഫീസിന്‌ മുമ്പില്‍ ധര്‍ണയും നടന്നു. അന്ന്‌ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത്‌ തിലകന്‍ നടത്തിയ പ്രസംഗവും ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.
സൂപ്പര്‍ താരങ്ങളാണ്‌ മലയാള സിനിമയെ ഭരിക്കുന്നത്‌.അവരുടെ താളത്തിനൊത്ത്‌ തുള്ളുന്നവരാണ്‌ ഭൂരിപക്ഷം സംവിധായകരും തിരക്കഥാകൃത്തുക്കളും മറ്റ്‌ സാങ്കേതിക വിദഗ്ധരും നടീനടന്മാരും. മലയാള സിനിമയെ നശിപ്പിക്കുന്നത്‌ ഈ ഉപചാപക സംഘമാണ്‌. ഇവര്‍ക്ക്‌ ഓരോ ചിത്രം കഴിയും തോറും കോടികള്‍ പ്രതിഫലം കിട്ടുമ്പോള്‍ ഇവര്‍ അഭിനയിച്ച പല ചിത്രങ്ങളും ബോക്സോഫീസില്‍ എട്ട്‌ നിലയില്‍ പൊട്ടുകയാണ്‌. ഇതുമൂലം കോടിക്കണക്കിന്‌ രൂപയുടെ നഷ്ടമാണ്‌ മലയാള സിനിമാ വ്യവസായത്തിന്‌ ഉണ്ടായിട്ടുള്ളത്‌. നിരവധി നിര്‍മ്മാതാക്കള്‍ പാപ്പരായി. എന്നിട്ടും ഈ സൂപ്പര്‍ താരങ്ങളുടെ അഹന്ത കുറയുന്നില്ല. എന്നുമാത്രമല്ല, ഇവര്‍ അഭിനയപ്രതിഭയുള്ളവരെ ഉപരോധിക്കുകയും ചെയ്യുന്നു. ഈ വൃത്തികെട്ട പ്രവണത തുടര്‍ന്നുപോയാല്‍ വരും തലമുറ ബ്ലൂഫിലിം കാണേണ്ടിവരും. സിനിമാ സംഘടനകളാണ്‌ പ്രശ്നങ്ങള്‍ക്കെല്ലാം കാരണം. അതുകൊണ്ട്‌ ഈ സംഘടനകളെ അറബിക്കടലില്‍ തള്ളണം എന്നൊക്കെയായിരുന്നു തിലകന്റെ തുറന്നടിക്കല്‍. എന്നുമാത്രമല്ല, മലയാളത്തിലെ ഒരു സൂപ്പര്‍ താരവും പാര്‍ട്ടി ചാനലും തന്നെ ഒഴിവാക്കിയെന്നും ക്രിസ്ത്യന്‍ ബ്രദേഴ്സിന്റെ സെറ്റിലേക്ക്‌ സമരസജ്ജനായി താന്‍ കടന്നുചെല്ലുമെന്നുമൊക്കെ തിലകന്‍ കൂട്ടിചേര്‍ക്കുകയും ചെയ്തു.
തിലകന്റെ ആരോപണങ്ങള്‍ക്കെതിരെ ശക്തമായ പ്രതിരോധവുമായാണ്‌ ഫെഫ്ക ഭാരവാഹികള്‍ രംഗത്തെത്തിയത്‌. സിനിമയെ ജാതിവത്കരിക്കാനും രാഷ്ട്രീയവത്കരിക്കാനുമാണ്‌ തിലകന്റെ ശ്രമം. സിനിമാ സംഘടനകളെ അറബിക്കടലില്‍ തള്ളണമെന്ന അഭിപ്രായപ്രകടനം അരാജകത്വവും വ്യക്തിവാദവുമാണ്‌.ഒരു കമ്മ്യൂണീസ്റ്റ്‌ എന്ന്‌ അഭിമാനിക്കുന്ന തിലകന്‍ ഒരിക്കലും അങ്ങനെ പറയാന്‍ പാടില്ലായിരുന്നു നെടുമുടി വേണുവിനെതിരെ ജാതി പറഞ്ഞ്‌ തര്‍ക്കമുണ്ടാക്കിയത്‌ തിലകനാണ്‌. ഒരു സിനിമയില്‍ നിന്ന്‌ നിശ്ചയിച്ച നടനെ മാറ്റുന്നത്‌ പുതിയ കാര്യമല്ല. ക്രിസ്ത്യന്‍ ബ്രദേഴ്സില്‍ അഭിനയിപ്പിച്ചില്ലെങ്കില്‍ തന്നിലെ നടന്‍ ആത്മഹത്യ ചെയ്യുമെന്നാണ്‌ തിലകന്‍ പറയുന്നത്‌. തിലകന്‍ ചെയ്യണമെന്ന്‌ നിര്‍ബന്ധമില്ലാത്ത വേഷം അദ്ദേഹം നിര്‍ബന്ധപൂര്‍വ്വം ആവശ്യപ്പെടുന്നതിലൂടെ അദ്ദേഹത്തിലെ നടന്‍ ആത്മഹത്യ ചെയ്തുകഴിഞ്ഞിരിക്കുകയാണ്‌. സ്വന്തം ആരോഗ്യം കൂടി കണക്കിലെടുത്തുവേണം തിലകന്‍ സിനിമകള്‍ തെരഞ്ഞെടുക്കാന്‍. അസുഖബാധിതനായ ഭരത്‌ ഗോപി ഈ അന്തസ്‌ കാണിച്ചിരുന്നു. ഫെഫ്ക മാഫിയ സംഘടനയാണെന്ന്‌ തിലകന്റെ ആരോപണം അരാജകത്വം നിറഞ്ഞതാണ്‌. ക്രിസ്ത്യന്‍ ബ്രദേഴ്സിന്റെ സംവിധായകന്‍ ജോഷിയുടെ സിനിമയില്‍ തിലകന്‍ അഭിനയിച്ചിട്ട്‌ 15 വര്‍ഷമായി. ഇത്‌ എന്തുകൊണ്ടാണെന്ന്‌ അന്വേഷിക്കേണ്ടതാണ്‌. തിലകനില്‍ നിന്ന്‌ ദുരനുഭവമുണ്ടായതുകൊണ്ടാണ്‌ ജോഷി അദ്ദേഹത്തെ അഭിനയിപ്പിക്കാത്തത്‌. ഇവിടം സ്വര്‍ഗമാണ്‌ എന്ന ചിത്രത്തിലെ നായകനോടൊപ്പം അഭിനയിച്ചപ്പോഴുണ്ടായ രസതന്ത്രം ദ്രോണയില്‍ അഭിനയിച്ചപ്പോള്‍ ഉണ്ടായിരുന്നില്ലെങ്കില്‍ അത്‌ അദ്ദേഹം ആദ്യം പറയേണ്ടത്‌ ദ്രോണയുടെ സംവിധായകനായ ഷാജി കൈലാസിനോടായിരുന്നു. ഇതേ നടനോടൊപ്പം പഴശിരാജയില്‍ അഭിനയിച്ചപ്പോള്‍ രസതന്ത്രമുണ്ടായിരുന്നില്ലെങ്കില്‍ പിന്നീട്‌ ദ്രോണയില്‍ അഭിനയിച്ചത്‌ എന്തിനാണ്‌? നിലവാരം കുറഞ്ഞ പ്രസ്താവനകളും അടിസ്ഥാന രഹിതമായ ആരോപണങ്ങളുമാണ്‌ മാധ്യമങ്ങളിലൂടെ തിലകന്‍ ഉന്നയിക്കുന്നത്‌- ഇങ്ങനെ പോകുന്ന ഫെഫ്ക പ്രസിഡന്റ്‌ സിബി മലയിലിന്റെയും ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്റെയും വിശദീകരണങ്ങള്‍.
എന്നാല്‍, ഭരത്‌ ഗോപിയുടെ അവസ്ഥയിലല്ല താനെന്നും ഇപ്പോഴും ഏത്‌ കഥാപാത്രത്തെയും അവതരിപ്പിക്കാന്‍ തനിക്ക്‌ കഴിയും എന്നാണ്‌ തിലകന്റെ അവകാശവാദം.
കുറേനാളായി തിലകനുമായി ബന്ധപ്പെട്ട ഇത്തരം വിവാദങ്ങള്‍ ഉണ്ടാകാന്‍ തുടങ്ങിയിട്ട്‌. ജാതി അടിസ്ഥാനത്തില്‍ തന്നെ പുറത്താക്കാന്‍ ശ്രമം നടക്കുന്നു എന്നതായിരുന്നു തിലകന്റെ ആദ്യത്തെ ആരോപണം. മലയാള സിനിമയിലെ നായര്‍ ലോബിയാണ്‌ തനിക്കെതിരെ ഈ നീക്കം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. അതില്‍ പ്രധാനി നെടുമുടി വേണുവാണെന്നും തിലകന്‍ അന്ന്‌ വെളിപ്പെടുത്തിയിരുന്നു.
പ്രശ്നങ്ങള്‍ എന്തായാലും, ആതിരേ, അടുത്തകാലത്തായി തിലകന്‌ മികച്ച കഥാപാത്രങ്ങള്‍ ലഭിക്കുന്നില്ല എന്നത്‌ സത്യമാണ്‌. അപൂര്‍വമായി മികച്ച കഥാപാത്രങ്ങളെ ലഭിക്കുമ്പോള്‍ അദ്ദേഹം അവ അവിസ്മരണീയമാക്കാറുമുണ്ട്‌. ഏകാന്തം എന്ന ചിത്രത്തിലെ അഭിനയത്തിന്‌ തിലകന്‌ ദേശീയ പുരസ്കാരം ലഭിച്ചിട്ട്‌ അധികാനാളായിട്ടില്ല. അന്നും ഫെഫ്ക നേതൃത്വം ആരോപിക്കുന്ന ശാരീരിക വൈഷമ്യങ്ങള്‍ തിലകനുണ്ടായിരുന്നു എന്നത്‌ മറന്നുകൂട.
പെരുന്തച്ചന്‍, മൂന്നാംപക്കം, കിരീടം, സ്ഫടികം, കുടുംബപുരാണം, കുടുംബവിശേഷം, യവനിക, സന്‍മനസ്സുള്ളവര്‍ക്ക്‌ സമാധാനം, നാടോടിക്കാറ്റ്‌, തനിയാവര്‍ത്തനം, അഥര്‍വം, കാട്ടുകുതിര, ദ ട്രൂത്ത്‌, വീണ്ടും ചില വീട്ടുകാര്യങ്ങള്‍ തുടങ്ങി നിരവധി സിനിമകളില്‍ അവിസ്മരണീയമായ കഥാപാത്രങ്ങളെ തിലകന്‍ അവതരിപ്പിച്ചിട്ടുണ്ട്‌. കഥാപാത്രങ്ങളുടെ വ്യത്യസ്ഥതയും ഡെപ്തും മനസ്സിലാക്കി അഭിനയിക്കാന്‍ തിലകനുള്ള കഴിവും മറന്നുകൂട. അതുകൊണ്ടുതന്നെ ഈ നടനെ ഉപരോധിക്കാനോ മൂലക്കിരുത്താനോ പാടുള്ളതല്ല.
എന്നാല്‍, മലയാളസിനിമയില്‍ നടക്കുന്നത്‌ തിലകന്‍ ആരോപിച്ചത്‌ പോലുള്ള പാരവെപ്പുകള്‍ തന്നെയാണ്‌ ആതിരേ..!. നന്ദികേടിന്റെ ലോകമാണ്‌ സിനിമാരംഗം. അവസരവാദികളുടെ കൂത്തരങ്ങാണിത്‌. തന്റെ കാര്യം നേടിയെടുക്കാന്‍ ഏതറ്റം വരെ താഴാനും ഉളുപ്പില്ലാത്തവരാണ്‌ നടീനടന്മാര്‍. എന്നുമാത്രമല്ല, മലയാളസിനിമയിലെ സൂപ്പര്‍ സ്റ്റാറുകളെ ചുറ്റിപ്പറ്റിയാണ്‌ തൊണ്ണൂറ്‌ ശതമാനം സിനിമകള്‍ ഉണ്ടാകുന്നതും സിനിമാപ്രവര്‍ത്തകര്‍ ജീവിക്കുന്നതും. അതിന്റെ പരാജയം ഈ രംഗത്ത്‌ ഉണ്ടുതാനും. കോടികളുടെ ബിസിനസ്‌ നടക്കുന്ന ഈ രംഗത്ത്‌ സൂപ്പര്‍ താരങ്ങള്‍ ചെലുത്തുന്ന അനാശാസ്യമായ സ്വാധീനം മൂലം നഷ്ടങ്ങളുടെ കണക്കുകള്‍ മാത്രമാണ്‌ ഏടുകള്‍ മറിച്ചാല്‍ കാണുക. ഇവിടെയാണ്‌ തിലകനെ പോലെയുള്ള ഒരു നടന്റെ പ്രസക്തി. ജാതിക്കും മതത്തിനും സമുദായത്തിനും സൃഷ്ടിക്കാന്‍ കഴിയുന്നതല്ല പണിക്കുറ തീര്‍ന്ന ഒരു അഭിനേതാവിനെ. പക്ഷെ, ആ സത്യം ബോധപൂര്‍വം തമസ്കരിച്ച്‌ ജാതിയുടെയും മതത്തിന്റെയും സമുദായത്തിന്റെയും പ്രദേശത്തിന്റെയും താല്‍പ്പര്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ്‌ പലസിനിമകളിലും അഭിനേതാക്കളെ തെരഞ്ഞെടുക്കുന്നത്‌. ഇത്‌ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. തന്റെ അഭിനയ മികവില്‍ സ്വത്വബോധം പുലര്‍ത്തുന്ന നടനേയും നടിയേയും ഒറ്റപ്പെടുത്തിയ നിരവധി സംഭവങ്ങള്‍ മലയാള സിനിമാ പ്രവര്‍ത്തകര്‍ക്കറിയാം. ഒരുകാലത്തും സൂപ്പര്‍സ്റ്റാറുകളിലൂടെയല്ല ഒരു ഭാഷയിലും സിനിമ മികവ്‌ പുലര്‍ത്തിയിട്ടുള്ളത്‌. തിലകനെ പോലെയുള്ള അഭിനയ പ്രതിഭകളാണ്‌ ഓരോ ഭാഷയിലുമുള്ള സിനിമയുടെ ജീവനും നട്ടെല്ലും. അത്‌ തിരിച്ചറിഞ്ഞ്‌ തിലകനെന്ന അനുപമനായ നടനോട്‌ നീതിപുലര്‍ത്താന്‍ സംവിധായകരും നിര്‍മാതാക്കളും തയ്യാറാകേണ്ടതുണ്ട്‌. സൂപ്പര്‍ താരങ്ങളുടെ ചെരുപ്പ്‌ നക്കികളായ യുവതലമുറയിലെ ചില സംവിധായകരും തിരക്കഥാകൃത്തുക്കളും എന്തെല്ലാം കളികള്‍ കളിച്ചാലും തിലകനെ പോലെയുള്ള ഒരു അഭിനയ പ്രതിഭയെ മലയാള സിനിമാ രംഗത്തുനിന്നും മലയാളികളായ സിനിമാ പ്രേമികളുടെ മനസ്സില്‍ നിന്നും ഉപരോധിക്കാനൊ പുറത്താക്കാനോ കഴിയുകയില്ല. അതുകൊണ്ട്‌ അദ്ദേഹത്തോണ്‌ മാന്യമായി ഇടപെടാനുള്ള വകതിരിവ്‌ സിബി മലയിലിനെയും ബി. ഉണ്ണികൃഷ്ണനെയും പോലെയുള്ളവരില്‍ നിന്നുണ്ടാവണമെന്നാണ്‌ ആതിരേ മലയാള സിനിമാ പ്രേക്ഷകരാവശ്യപ്പെടുന്നത്‌.

1 comment:

Anonymous said...

Thanniku ottum commensense illennu ippo manasilaayi... thilakane aarrkum moolaykiruthenda aavasyamillaa.. athu aadhyam manasilakanam... pinne thaan ithrayum ezhuthiya sthithiykku oru kaaryam koodi parayaam. mamootiyaanu thilakane othukkunnathu ennu aanu ellavarum paranjirunnathu.. ithu thilakanodu chothichapol thilakan paranjathu njan mammootiye kurichalla paranjathu.. mamootiye kurichaanu paranjathengil Mega Star ennu parayende?? njan Super Star ennaanu paranjathu.... (Jay Hindh Newsil Thilakan paranja vaakukalaanu) ippo thaanenthu parayunnu... avante oru blog ezhuthtu.... onnu nirthi podai.....