Monday, June 28, 2010

ഹോ..... എന്തൊരു നാറ്റം, ബേബിമന്ത്രി....!

"അടിയന്‍ ലച്ചിപോം" എന്ന്‌ അവകാശപ്പെട്ടാണ്‌ എം.എ. ബേബി വിദ്യാഭ്യാസമന്ത്രിയായി ചാര്‍ജെടുത്തത്‌. ആ നിമിഷം മുതല്‍ കേരളത്തിലെ വിദ്യാഭ്യാസ രംഗത്തിന്റെ സമസ്ത മേഖലകളും പൊളിച്ചടുക്കപ്പെട്ടു എന്നതാണ്‌ വാസ്തവം. അതിന്റെ കൂടെയാണ്‌ ദുര്‍ഗന്ധം വമിക്കുന്ന ഈ ഉത്തരവാദിത്ത രാഹിത്യം ഇപ്പോള്‍ പുറത്തറിഞ്ഞിട്ടുള്ളത്‌. തങ്ങളുടെ കുഞ്ഞുങ്ങള്‍ പഠിക്കുന്ന സ്കൂളുകളില്‍ അവരുടെ അടിസ്ഥാന ആവശ്യമായ കുടിവെള്ളവും ടോയ്‌ലറ്റ്‌ സൗകര്യവും ഇല്ല എന്ന്‌ മനസ്സിലാക്കാനും അതിന്റെ അടിസ്ഥാനത്തില്‍ സ്കൂള്‍ അധികൃതരെ കൊണ്ട്‌ അവ നടത്തിച്ചെടുക്കാനും ഓരോ രക്ഷകര്‍ത്താവിനും ഉത്തരവാദിത്തമുണ്ടായിരുന്നു. അത്‌ ചെയ്യാതെ ഇക്കാര്യത്തില്‍ സര്‍ക്കാരിനെ മാത്രം കുറ്റപ്പെടുത്തുന്നത്‌ അംഗീകരിക്കാന്‍ കഴിയുന്ന നിലപാടുമല്ല. ഇനിയെങ്കിലും തങ്ങളുടെ കുഞ്ഞുങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കാനുള്ള ഉത്തരവാദിത്തം രക്ഷകര്‍ത്താക്കള്‍ ഏറ്റെടുത്താല്‍ ഇത്തരത്തിലുള്ള ദുര്‍ഗന്ധപൂരിതമായ വാസ്തവങ്ങള്‍ ഒരു സ്കൂളിലും ഉണ്ടാവുകയില്ല.


"തൂറിയവനെ പേറിയാല്‍ പേറുന്നവനും നാറും" എന്നത്‌ ദുര്‍ഗന്ധപൂരിതമായ ഒരു പഴമൊഴിയല്ലെന്നും അത്‌ കേരളത്തിലെ വിദ്യാഭ്യാസമന്ത്രി എം.എ. ബേബി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ.പി.എം. മുഹമ്മദ്‌ ഹനീഷ്‌, ആരോഗ്യമന്ത്രി പി.കെ. ശ്രീമതി തുടങ്ങിയവരെ ബന്ധപ്പെടുത്തിയുള്ളതാണെന്നും വിശ്വസിക്കാന്‍ കേരളത്തിലെ പൊതുസമൂഹം നിര്‍ബന്ധിതമായിരിക്കുന്നു, ആതിരേ.
കഴിഞ്ഞദിവസം ഉണ്ടായ ഹൈക്കോടതിയുടെ ഒരു നിരീക്ഷണമാണ്‌ ഇത്രയും നാളും ഇവരൊക്കെ ഒളിപ്പിച്ചുവെച്ച നാറ്റത്തിന്റെ മൂടി തുറന്നത്‌.
ടോയ്‌ലറ്റോ മൂത്രപ്പുരയോ ഇല്ലാതെ ഒട്ടേറെ സ്കൂളുകള്‍ സംസ്ഥാനത്ത്‌ പ്രവര്‍ത്തിക്കുന്നുണ്ട്‌ എന്ന ഞെട്ടിക്കുന്നതും ദുര്‍ഗന്ധം വമിപ്പിക്കുന്നതുമായ വാസ്തവമാണ്‌ ഹൈക്കോടതി നിരീക്ഷണത്തിലൂടെ പുറത്തുവന്നത്‌.
തലസ്ഥാനത്തുപോലും സര്‍ക്കാര്‍ സ്കൂളില്‍ അതും പെണ്‍കുട്ടികള്‍ പഠിക്കുന്നിടത്ത്‌ ടോയ്‌ലറ്റ്‌ സൗകര്യം ഇല്ലെന്ന അറിവ്‌ ഹൈക്കോടതിയെ തന്നെ ഞെട്ടിച്ചു. ഈ ഞെട്ടലോടെ ഹൈക്കോടതി ജസ്റ്റിസുമാരായ തോട്ടത്തില്‍ രാധാകൃഷ്ണനും എസ്‌.എസ്‌ സതീശ്‌ ചന്ദ്രനും ഉള്‍പ്പെടുന്ന ഡിവിഷന്‍ ബഞ്ച്‌ ചോദിച്ചത്‌ ഇങ്ങനെയായിരുന്നു : " നൂറ്‌ ശതമാനം സാക്ഷരതയുടെയും ആരോഗ്യരംഗത്തെ മുന്നേറ്റത്തിന്റെയും പേരില്‍ അഹങ്കരിക്കാന്‍ കേരളത്തിന്‌ എന്തവകാശമാണുള്ളത്‌ ? കുടിവെള്ളവും ടോയ്‌ലറ്റ്‌ സൗകര്യവുമില്ലാത്ത സ്കൂളുകളിലേയ്ക്ക്‌ എത്ര കുട്ടികള്‍ വരേണ്ടിവരുന്നു. സ്കൂള്‍ അധ്യാപകര്‍ കൂടുതലും വനിതകളാണെന്നിരിക്കെ അവര്‍ എങ്ങനെ ഈ സാഹചര്യം കൈകാര്യം ചെയ്യുന്നു....."
തിരുവനന്തപരും റവന്യൂ ജില്ലയില്‍ എട്ട്‌ സര്‍ക്കാര്‍ സ്കൂളുകളില്‍ ടോയ്‌ലറ്റ്‌ സൗകര്യമേ ഇല്ല എന്ന അറിവാണ്‌ മേല്‍ സൂചിപ്പിച്ച പരാമര്‍ശം ഹൈക്കോടതിയില്‍ നിന്ന്‌ ക്ഷണിച്ചുവരുത്തിയത്‌. മറ്റു ജില്ലകളിലെ സ്ഥിതിയും ആശങ്കാ ജനകമാണെന്ന്‌ കോടതി പറഞ്ഞു.
ഹൈക്കോടതിയുടെ ഈ ചോദ്യം കേട്ടിട്ട്‌ കേരളത്തിലെ വൃത്തിബോധമുള്ള ജനങ്ങളെല്ലാം അന്തിച്ചുനില്‍ക്കുമ്പോഴും , ആതിരേ, മന്ത്രി ബേബിക്കോ ശ്രീമതിക്കോ ഒരു കുലുക്കവുമില്ല. അല്‍പ്പം സാമൂഹിക ബോധവും മനുഷ്യപ്പറ്റുമുള്ളതുകൊണ്ടായിരിക്കണം ഹൈക്കോടതിയുടെ ഈ പരാമര്‍ശം വന്നയുടനെ "സ്കൂളുകളില്‍ കുടിവെള്ളം, ടോയ്‌ലറ്റ്‌ തുടങ്ങിയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന്‌ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എ.പിഎം. മുഹമ്മദ്‌ ഹനീഷ്‌ ഉത്തരവിറക്കിയത്‌.
സ്കൂളുകളില്‍ പ്രാഥമിക സൗകര്യം ഏര്‍പ്പെടുത്തണമെന്ന്‌ 2009 മാര്‍ച്ചില്‍ കേരള ഹൈക്കോടതി കര്‍ശനമായ ഉത്തരവിറക്കിയിരുന്നു. എന്നാല്‍, ഈ ഉത്തരവ്‌ മാനിക്കാനോ സ്കൂള്‍ കുട്ടികളുടെ അടിസ്ഥാന മാനുഷീക ആവശ്യങ്ങള്‍ നിറവേറ്റാനുള്ള സൗകര്യമൊരുക്കാനോ വിദ്യാഭ്യാസ മന്ത്രിയും ബന്ധപ്പെട്ടവരും തയ്യാറായില്ല. പകരം തര്‍ക്കുത്തരങ്ങള്‍ നല്‍കി തങ്ങളുടെ കുറ്റം മറച്ചുവെയ്ക്കാനാണ്‌ ബന്ധപ്പെട്ടവര്‍ ശ്രമിച്ചത്‌. ഇതിനെതിരെ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്‌ വടക്കാഞ്ചേരി മേഖലാ സെക്രട്ടറി കെ.പി. ജോയ്സണ്‍ നല്‍കിയ ഹര്‍ജിയുടെ വാദത്തിനിടയിലാണ്‌ കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഭൂരിപക്ഷത്തിലും ടോയ്‌ലറ്റ്‌ സൗകര്യമോ കുടിവെള്ള സൗകര്യമോ ഇല്ല എന്ന വിവരം പുറത്തറിഞ്ഞത്‌. ഹൈക്കോടതി വിധിയുടെ ലംഘനവും വിദ്യാര്‍ത്ഥികളുടെ മനുഷ്യാവകാശ ധ്വംസനവുമാണ്‌ ഇതിലൂടെ ഇത്രയും നാള്‍ സര്‍ക്കാര്‍ പുലര്‍ത്തിയിരുന്നതെന്ന ഞെട്ടിക്കുന്ന വാസ്തവവും ഇപ്പോള്‍ കേരളം അറിയുന്നു.
2009 ലെ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ സ്കൂളുകളില്‍ കുടിവെള്ള - ടോയ്‌ലറ്റ്‌ സൗകര്യം ഒരുക്കേണ്ടതിന്‌ പകരം നടപടി എടുക്കണമെന്ന കോടതി നിര്‍ദേശം പരിഗണിക്കണമെന്നാണ്‌ സര്‍ക്കാരിന്റെ ആവശ്യം. ഈ ആവശ്യം റിവ്യൂ ഹര്‍ജിയായി ഹൈക്കോടതിയുടെ മുമ്പാകെ സമര്‍പ്പിക്കാന്‍ എം.എ ബേബിക്കോ മുഹമ്മദ്‌ ഹനീഷിനോ ലജ്ജ തോന്നിയില്ല എന്നുപറയുമ്പോള്‍ മാന്യന്മാരെന്നവകാശപ്പെടുന്ന ഇവരെയൊക്കെ ആ സ്ഥാനത്ത്‌ ഇരുത്താന്‍ പാടുണ്ടോ ? കോടതി വിധി നടപ്പിലാക്കുന്നതുവരെ ഇവരെയൊക്കെ മൂത്രമൊഴിക്കാന്‍ അനുവദിക്കാനും പാടുണ്ടോയെന്ന്‌ ചിന്തിക്കാന്‍ നാം ബാധ്യസ്ഥരായി തീരുന്നു, ആതിരേ.
തങ്ങളുടെ വൃത്തികെട്ട ഈ നിലപാട്‌ സാധൂകരിക്കാന്‍ സര്‍ക്കാര്‍ നല്‍കിയത്‌ 523 പേജുള്ള വിശദീകരണമാണ്‌. ഈ വിശദീകരണം വായിച്ച്‌ ജസ്റ്റിസുമാര്‍ മൂത്രം മുട്ടി ചാകട്ടെ എന്നാകും ബേബിയടക്കമുള്ളവര്‍ ചിന്തിച്ചതെന്ന്‌ തോന്നുന്നു. വളരെ അടിസ്ഥാനപരമായ ഒരു ആവശ്യം നിറവേറ്റാന്‍ അതും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എല്ലാ സ്കൂളുകളിലും ഏര്‍പ്പെടുത്തണമെന്ന്‌ നേരത്തെ ഉത്തരവിറക്കിയ ഒന്നായിരിക്കേ അത്‌ ചെയ്യാതെ തങ്ങളുടെ ഭാഗം ന്യായീകരിക്കാന്‍ ഇത്രയധികം പേജില്‍ 'ഞായങ്ങള്‍' നിരത്തിയവരുടെ ഉദ്ദേശ്യമെന്താണെന്ന്‌ പ്രത്യേകിച്ച്‌ സൂചിപ്പിക്കേണ്ടതില്ലല്ലോ. ഏതായാലും സര്‍ക്കാരിന്റെയും ബന്ധപ്പെട്ടവരുടെയും ആ വൃത്തികേട്‌ അപ്പാടെ അംഗീകരിക്കാന്‍ കോടതി തയ്യാറായില്ല എന്നത്‌ ആശ്വാസകരമാണ്‌. സത്യവാങ്മൂലമായി സമര്‍പ്പിച്ച ഈ 523 പേജിലെ വിവരങ്ങള്‍ ചുരുക്കി സംക്ഷിപ്തരൂപത്തില്‍ രണ്ടാഴ്ചക്കുള്ളില്‍ സമര്‍പ്പിക്കണമെന്നാണ്‌ ഡിവിഷന്‍ ബഞ്ച്‌ നിര്‍ദേശിച്ചിട്ടുള്ളത്‌.
തിരുവനന്തപുരം റവന്യൂ ജില്ലയില്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ ആകെ 1601 ടോയ്‌ലറ്റുകള്‍ വേണ്ടിടത്ത്‌ നിര്‍മ്മാണത്തിലുള്ളവ കൂടി പരിഗണിച്ചാല്‍ 272 ന്റെ കുറവുണ്ടെന്ന്‌ സര്‍ക്കാര്‍ തന്നെ സത്യവാങ്മൂലത്തില്‍ സമ്മതിക്കുന്നു. എയ്ഡഡ്‌ സ്കൂളുകളില്‍ 1463 ടോയ്‌ലറ്റ്‌ വേണ്ടിടത്ത്‌ 130 ന്റെ കുറവുണ്ട്‌. എയ്ഡഡ്‌ മേഖലയിലെ 12 സ്കൂളുകളില്‍ ടോയ്‌ലറ്റ്‌ സൗകര്യവും 45 സ്കൂളുകളില്‍ മൂത്രപ്പുരയുമില്ല.
പത്തനംതിട്ട റവന്യൂജില്ലയില്‍ 20 എയ്ഡഡ്‌ സ്കൂളുകളില്‍ മൂത്രപ്പുരയില്ല. ആലപ്പുഴ റവന്യൂജില്ലയില്‍ 10 എയ്ഡഡ്‌ സ്കൂളുകളില്‍ കുടിവെള്ള സൗകര്യമില്ല. ഇടുക്കിയില്‍ എല്ലാ സ്കൂളുകളിലും ടോയ്‌ലറ്റ്‌ സൗകര്യമുണ്ടെങ്കിലും 13 സര്‍ക്കാര്‍ സ്കൂളുകളിലും 12 എയ്ഡഡ്‌ സ്കൂളുകളിലും മൂത്രപ്പുരയില്ല.
എറണാകുളം റവന്യൂ ജില്ലയില്‍ ടോയ്‌ലറ്റ്‌ സൗകര്യവും കുടിവെള്ള സൗകര്യവും എല്ലാ സ്കൂളുകളിലുമുണ്ടത്രേ! തൃശൂരില്‍ ഒരു സ്കൂളില്‍ ടോയ്‌ലറ്റ്‌ സൗകര്യവും 8 സ്കൂളില്‍ മൂത്രപ്പുരയുമില്ല.
പാലക്കാട്‌ റവന്യൂ ജില്ലയില്‍ മൂന്ന്‌ സ്കൂളില്‍ കുടിവെള്ള സൗകര്യമില്ല. മലപ്പുറം റവന്യൂ ജില്ലയില്‍ 19 സ്കൂളില്‍ ടോയ്‌ലറ്റ്‌ സൗകര്യമില്ല. കോഴിക്കോട്‌ റവന്യൂജില്ലയില്‍ നാല്‌ സ്കൂളില്‍ കുടിവെള്ളമില്ല. 39 ല്‍ ടോയ്‌ലറ്റില്ല. 38ല്‍ മൂത്രപ്പുരയില്ല. കണ്ണൂര്‍ റവന്യൂജില്ലയില്‍ വേണ്ടയെണ്ണത്തില്‍ നിന്ന്‌ 2184 മൂത്രപ്പുരകളും 407 ടോയ്‌ലറ്റും കുറവുണ്ട്‌. കാസര്‍ഡഗോഡ്‌ 25 സ്കൂളില്‍ മൂത്രപ്പുര ഇല്ല. നാല്‌ സ്കൂളില്‍ ടോയ്‌ലറ്റില്ല. ഇതെല്ലാം സര്‍ക്കാര്‍ നല്‍കിയ 523 പേജുള്ള സത്യവാങ്മൂലത്തിലെ കെട്ടുനാറുന്ന യാഥാര്‍ത്ഥ്യങ്ങള്‍....
പൊതുവിദ്യഭ്യാസ ഡയറക്ടറുടെ ഉത്തരവും അത്‌ പാലിക്കപ്പെടാത്തതുകൊണ്ട്‌ 2009ല്‍ ഹൈക്കോടതി ഉത്തരവുമുണ്ടായിട്ടും സ്കൂള്‍ കുട്ടികള്‍ക്ക്‌ പ്രത്യേകിച്ച്‌ പെണ്‍കുട്ടികള്‍ക്ക്‌ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതിരുന്നതിന്‌ എന്ത്‌ ന്യായം പറഞ്ഞാലും ഇവര്‍ക്കൊന്നും രക്ഷപ്പെടാന്‍ കഴിയുകയില്ല. മൂത്രപ്പുരകളില്‍ സൗകര്യങ്ങള്‍ ഇല്ലാത്തതുകൊണ്ടും വൃത്തിയുള്ള ടോയ്‌ലറ്റുകള്‍ ഇല്ലാത്തതുകൊണ്ടും കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന വിദ്യാര്‍ത്ഥിനികളും പകല്‍ സമയത്ത്‌ വെള്ളം കുടിക്കാറില്ല. വീട്ടില്‍ നിന്നിറങ്ങിയാല്‍ മൂത്രമൊഴിക്കണമെങ്കില്‍ വീട്ടില്‍ തന്നെയെത്തേണ്ട ഗതികേടാണ്‌ ഇവര്‍ക്കുള്ളത്‌. ഇത്രയധികം മണിക്കൂര്‍ മൂത്രം പിടിച്ചുവെക്കുന്നതുകൊണ്ട്‌ പലര്‍ക്കും കടുത്ത മൂത്രാശയ രോഗങ്ങള്‍ ഉണ്ടാകുന്നുമുണ്ട്‌.
മാറിവരുന്ന ജീവിതസാഹചര്യവും ആഹാര രീതികളും പഠനത്തിന്റെയും മറ്റും സമ്മര്‍ദ്ദങ്ങളും മൂലം വളരെ നേരത്തെ തന്നെ കേരളത്തിലെ പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയെത്തുന്നു. അവര്‍ക്ക്‌ ഋതുകാലം ശുചിത്വത്തോടെ നോക്കാനുള്ള ടോയ്‌ലറ്റ്‌ സൗകര്യം കേരളത്തിലെ സ്കൂളുകളില്‍ ഇല്ല എന്ന്‌ പറയുമ്പോള്‍, ആതിരേ, എത്രമാത്രം ഉത്തരവാദിത്തരഹിതമായാണ്‌ വിദ്യാഭ്യാസ വകുപ്പും സ്കൂള്‍ നടത്തിപ്പുകാരും ഈ പ്രശ്നം ഇതുവരെ കൈകാര്യം ചെയ്തതെന്നോര്‍ക്കുക. നിലവിലുള്ള ചട്ടമനുസരിച്ച്‌ 25 പെണ്‍കുട്ടികള്‍ക്ക്‌ ഒരു ടോയ്‌ലറ്റും 40 ആണ്‍കുട്ടികള്‍ക്ക്‌ വേണ്ടതുണ്ട്‌. എന്നാല്‍, അതിന്റെ നാലിലൊന്ന്‌ പോലും കേരളത്തിലെ സ്കൂളുകളില്‍ ഇല്ല എന്ന്‌ പറയുമ്പോള്‍ ആരോഗ്യരംഗത്തെ നമ്മുടെ അഹങ്കാരങ്ങള്‍ എത്രമാത്രം ദുര്‍ഗന്ധപൂരിതമാണെന്ന്‌ തിരിച്ചറിയുക.
"അടിയന്‍ ലച്ചിപോം" എന്ന്‌ അവകാശപ്പെട്ടാണ്‌ എം.എ. ബേബി വിദ്യാഭ്യാസമന്ത്രിയായി ചാര്‍ജെടുത്തത്‌. ആ നിമിഷം മുതല്‍ കേരളത്തിലെ വിദ്യാഭ്യാസ രംഗത്തിന്റെ സമസ്ത മേഖലകളും പൊളിച്ചടുക്കപ്പെട്ടു എന്നതാണ്‌ വാസ്തവം. അതിന്റെ കൂടെയാണ്‌ ദുര്‍ഗന്ധം വമിക്കുന്ന ഈ ഉത്തരവാദിത്ത രാഹിത്യം ഇപ്പോള്‍ പുറത്തറിഞ്ഞിട്ടുള്ളത്‌. അടുത്ത നാലുമാസത്തിനകം കേരളത്തിലെ എല്ലാ സ്കൂളുകളിലും കുടിവെള്ളം എത്തിക്കാനും ടോയ്‌ലറ്റ്‌ സൗകര്യം ഒരുക്കാനും കഴിയും, ശ്രമിക്കും എന്നാണ്‌ ഇപ്പോള്‍ സര്‍ക്കാര്‍ ഹൈക്കോടതിക്ക്‌ നല്‍കിയിട്ടുള്ള ഉറപ്പ്‌. കഴിഞ്ഞ നാല്‌ വര്‍ഷമായി ഒരു ടോയ്‌ലറ്റ്‌ പോലും പണിയാന്‍ കഴിയാതിരുന്നവര്‍ അടുത്ത നാലുമാസം കൊണ്ട്‌ ഇതെല്ലാം ചെയ്യുമെന്ന്‌ വിശ്വസിക്കാന്‍ മാത്രം വിഡ്ഢികളൊന്നുമല്ല കേരളീയര്‍.
അതേസമയം തങ്ങളുടെ കുഞ്ഞുങ്ങള്‍ പഠിക്കുന്ന സ്കൂളുകളില്‍ അവരുടെ അടിസ്ഥാന ആവശ്യമായ കുടിവെള്ളവും ടോയ്‌ലറ്റ്‌ സൗകര്യവും ഇല്ല എന്ന്‌ മനസ്സിലാക്കാനും അതിന്റെ അടിസ്ഥാനത്തില്‍ സ്കൂള്‍ അധികൃതരെ കൊണ്ട്‌ അവ നടത്തിച്ചെടുക്കാനും ഓരോ രക്ഷകര്‍ത്താവിനും ഉത്തരവാദിത്തമുണ്ടായിരുന്നു. അത്‌ ചെയ്യാതെ ഇക്കാര്യത്തില്‍ സര്‍ക്കാരിനെ മാത്രം കുറ്റപ്പെടുത്തുന്നത്‌ അംഗീകരിക്കാന്‍ കഴിയുന്ന നിലപാടുമല്ല. ഇനിയെങ്കിലും തങ്ങളുടെ കുഞ്ഞുങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കാനുള്ള ഉത്തരവാദിത്തം രക്ഷകര്‍ത്താക്കള്‍ ഏറ്റെടുത്താല്‍, ആതിരേ , ഇത്തരത്തിലുള്ള ദുര്‍ഗന്ധപൂരിതമായ വാസ്തവങ്ങള്‍ ഒരു സ്കൂളിലും ഉണ്ടാവുകയില്ല.

1 comment:

-: Neerali :- said...

സുഹൃത്തേ, ശ്രദ്ധേയവും സ്വതന്ത്രവും സത്യസന്ധവുമായ ഈ നിരീക്ഷണങ്ങള്‍ ഏറെ താല്‍പര്യത്തോടെ വായിക്കാറുണ്ട്‌.

ഈ ബൂലോഗത്ത്‌ ഇന്നത്തെ അവസ്ഥയില്‍ ഏറെ വായിക്കപ്പെടേണ്ടതും ശ്രദ്ധിക്കപ്പെടേണ്ടതുമാണ്‌ ഈ എഴുത്തുകള്‍..


എന്നാല്‍ വായനക്ക്‌ ഇച്ചിരി ബുദ്ധിമുട്ടുന്നു. കാരണം ചെറു അക്ഷരങ്ങള്‍, കറുപ്പില്‍ വെളുപ്പ്‌..... ഈ അക്ഷരങ്ങള്‍ വലുതാക്കി, ബ്ലോഗൊന്നു നന്നാക്കാമോ ?