Monday, September 26, 2011

ഭിക്ഷക്കാരേയും " തണ്ടിലേറ്റി നടത്തുന്ന " 'മന്‍മോഹനോമിക്സ്‌ '

ജനവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ ഈ ദാര്‍ഷ്ട്യതയ്ക്കെതിരെ പൊള്ളിക്കുന്ന പ്രക്ഷോഭ പരമ്പരകള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. നിര്‍ഭാഗ്യമെന്ന്‌ പറയട്ടെ മന്‍മോഹന്‍സിംഗ്‌ സര്‍ക്കാരന്റെ വികല സാമ്പത്തിക നയങ്ങളെയും ജനവിരുദ്ധ നിലപാടുകളെയും എതിര്‍ത്ത്‌ തോല്‍പിക്കേണ്ട പ്രതിപക്ഷ പാര്‍ട്ടികളായ ബിജെപിയും ഇടതുപക്ഷവും അവരുടെ ആഭ്യന്തര ജീര്‍ണതകളാല്‍, ജനകീയ പ്ര്ശ്നങ്ങള്‍ ഏറ്റെടുക്കാനോ,പ്രക്ഷോഭങ്ങള്‍ നയിക്കാനോ കഴിയാത്ത വിധം പൊതുമണ്ഡലത്തില്‍ അവഹേളിതരായിരിക്കുകയാണ്‌. ഈ പശ്ചാത്തലത്തില്‍ മന്മോഹനോമിക്സിനെ തകര്‍ക്കുന്ന പ്രതിഷേധ- പ്രതിരോധ പോരാട്ടം പൗരസമൂഹം ആരംഭിച്ചെങ്കില്‍ മാത്രമേ പൗരാവകാശങ്ങള്‍ക്ക്‌ മുകളിലുള്ള യുപിഎ സര്‍ക്കാരിന്റെ കുതിര കയറ്റത്തിന്‌ കടിഞ്ഞാണ്‍ ഇടാന്‍ കഴിയുകയുള്ളൂ.




ആതിരേ, "ആടിനെ പട്ടിയാക്കുക... പട്ടിയെ പേപ്പട്ടിയാക്കുക... പേപ്പട്ടിയെ തല്ലിക്കൊല്ലുക..."- പ്രാകൃതവും വന്യവും ബീഭത്സവുമായ ഈ ഉന്മൂലന തന്ത്രമാണ്‌, 200 സീറ്റു നല്‍കി മന്‍മോഹന്‍ സിംഗിനെയും കൂട്ടരെയും അധികാരത്തിലേറ്റിയ സമ്മതിദായകരോടും, ഭരണവര്‍ഗ്ഗത്തെ തീറ്റിപ്പോറ്റുന്ന നികുതി ദായകരോടും യുപിഎ ഭരണകൂടവും പ്ലാനിംഗ്‌ കമ്മീഷനും തുടര്‍ന്നു പോരുന്നത്‌.
അതിന്റെ ഏറ്റവും പുതിയ അശ്ലീലതയാണ്‌ കഴിഞ്ഞ ദിവസം ആസൂത്രണ കമ്മീഷന്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചതും ദാരിദ്ര്യരേഖ നിശ്ചയിക്കാന്‍ സ്വീകരിച്ചതുമായ കണക്കുകള്‍.
ഗ്രാമങ്ങളില്‍ പ്രതിദിനം 26 രൂപയും നഗരങ്ങളില്‍ 32 രൂപയും വരുമാനമുള്ളവരെ ദരിദ്രരായി കണക്കാക്കേണ്ടതില്ലെന്നാണ്‌ ആസൂത്രണ കമ്മീഷന്‍ സുപ്രീംകോടതിയെ അറിയിച്ചത്‌. 2011 ജൂണിലെ വിലനിലവാര പ്രകാരം നഗരങ്ങളില്‍ പ്രതിമാസം 965 രൂപയും ഗ്രാമങ്ങളില്‍ 781 രൂപയും വരുമാനമുള്ളവരെ ദരിദ്രരായി കാണേണ്ടതില്ലെന്നും കമ്മീഷന്‍ നിര്‍ദേശിക്കുന്നു. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി എല്ലാ അടിസ്ഥാന ആവശ്യങ്ങള്‍ക്കുമായി ഇത്രയും വരുമാനം മതിയത്രേ! അഞ്ച്‌ അംഗ കുടുംബത്തിന്‌ നഗരങ്ങളില്‍ പ്രതിമാസം 4824 രൂപയും ഗ്രാമങ്ങളില്‍ 3905 രൂപയും ധാരാളമാണ്‌. ആസൂത്രണ കമ്മീഷന്റെ കണക്ക്‌ പ്രകാരം ഒരുദിവസത്തെ ചെലവ്‌ ഇപ്രകാരമാണ്‌: ഭക്ഷ്യദാന്യങ്ങള്‍ക്ക്‌ അഞ്ച്‌ രൂപ, പരിപ്പ്‌ വര്‍ഗ്ഗങ്ങള്‍ക്ക്‌ ഒരു രൂപ, പച്ചക്കറികള്‍ക്ക്‌ 1.8 രൂപ, പാലിന്‌ 2.3 രൂപ, ഇന്ധനത്തിന്‌ പ്രതിമാസം 112 രൂപ.
പൊതുവിതരണ സംവിധാനത്തിന്‌ കീഴില്‍ ബി.പി.എല്‍ നിരക്കില്‍ ഭക്ഷ്യധാന്യം വിതരണം ചെയ്യുന്നതിന്‌ ഗുണഭോക്താക്കളെ കണ്ടെത്താന്‍ ഗ്രാമങ്ങളില്‍ പ്രതിദിനം 14 രൂപയും നഗരങ്ങളില്‍ 19 രൂപയുമാണ്‌ വരുമാന പരിധി നിശ്ചയിച്ചത്‌. ഇത്‌ ന്യായമാണോ എന്ന്‌ വിശദീകരിച്ച്‌ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സുപ്രീംകോടതി ജസ്റ്റിസ്‌ ദാല്‍വീര്‍ ഭണ്ഡാരിയുടെ നേതൃത്വത്തിലുള്ള ബെഞ്ച്‌ ആസൂത്രണ കമ്മീഷനോട്‌ ആവശ്യപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ്‌,ആതിരേ, പ്രധാനമന്ത്രി കാര്യാലയത്തിന്റെ അംഗീകാരത്തോടെ കഴിഞ്ഞ ദിവസം കമ്മീഷന്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്‌. 2004-2005 വില നിലവാര പ്രകാരം സുരേഷ്‌ ടെണ്ടുല്‍ക്കര്‍ കമ്മിറ്റി തയ്യാറാക്കിയ മാനദണ്ഡങ്ങളോടൊപ്പം 2010-2011 വര്‍ഷത്തിലെ വ്യവസായ തൊഴിലാളികള്‍ക്കുള്ള ഉപഭോക്തൃ വില സൂചിക കൂടി ഉള്‍പ്പെടുത്തിയാണ്‌, ബിപിഎല്‍ ആനുകൂല്യങ്ങള്‍ക്ക്‌ അര്‍ഹരായ ദരിദ്രരരെ കണ്ടെത്താനുള്ള ഈ വിചിത്ര മാനദണ്ഡം കമ്മീഷന്‍ അവതരിപ്പിച്ചത്‌. ഇതിലൂടെ പ്രതിദിനം 25രൂപയിലേറെ വരുമാനമുള്ളവരെ ബിപിഎല്‍ പട്ടികയില്‍ നിന്ന്‌ പുറത്താക്കണമെന്ന ദുശാഠ്യം കമ്മീഷന്‍ ശക്തമാക്കിയിരിക്കുകയാണ്‌. നഗരങ്ങളില്‍ വാടകയ്ക്ക്‌ മാസം 49 രൂപ മുടക്കുന്നവരും ആരോഗ്യ ആവശ്യങ്ങള്‍ക്ക്‌ 39 രൂപ മുടക്കുന്നവരും കമ്മീഷന്റെ കണക്കില്‍ സമ്പന്നരാണ്‌. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക്‌ കമ്മീഷന്‍ പ്രതിമാസം കണക്കാക്കുന്ന തുക 29.60 രൂപയാണ്‌.
ആതിരേ,അങ്ങേയറ്റം അപലപനീയവും അശ്ലീലവുമാണ്‌ മന്‍മോഹനോമിക്സിന്റെ പ്രദര്‍ശനങ്ങള്‍. പണപ്പെരുപ്പം രൂക്ഷമായ ഘട്ടത്തില്‍ (അത്‌ വര്‍ദ്ധിപ്പിക്കാന്‍ കൃത്യമായ ഇടവേളകളില്‍ നശീകരണ സാമ്പത്തിക പരിഷ്കാരങ്ങള്‍ നടപ്പിലാക്കുന്നതില്‍ ബദ്ധശ്രദ്ധമാണ്‌ യുപിഎ സര്‍ക്കാര്‍) അതിന്‌ പരിഹാരം കാണുന്നതിന്‌ പകരം ദരിദ്രരെ വെട്ടിച്ചുരുക്കി കാണക്കില്‍ കളികള്‍ നടത്താനും നിസ്വകോടികളെ വഞ്ചിക്കാനുമാണ്‌ മന്‍മോഹന്റേയും പ്ലാനിംഗ്‌ കമ്മീഷന്റെ ശ്രമം.
ഒരു ചായയ്ക്ക്‌ അഞ്ച്‌ രൂപയും ഒരു പാരസറ്റമോള്‍ ഗുളികയ്ക്ക്‌ രണ്ട്‌ രൂപയും നല്‍കേണ്ടിടത്താണ്‌ ആസൂത്രണ കമ്മീഷന്റെ ഈ കസര്‍ത്ത്‌.സബ്സിഡി നിരക്കിലുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം വര്‍ഷത്തില്‍ ആറായി പരിമിതപ്പെടുത്താന്‍ ഗൂഢനീക്കം നടത്തുന്ന കേന്ദ്രസര്‍ക്കാര്‍, ദരിദ്രന്‌ എന്ത്‌ പാചകം എന്ന ആശയവും 'ഗംഭീരമായി' അവതരിപ്പിച്ചിട്ടുണ്ട്‌ ഈ സത്യവാങ്മൂലത്തില്‍.ഇന്ധനത്തിനായി ഒരാള്‍ക്ക്‌ ഒരു ദിവസം 3.75 രൂപ നീക്കിവച്ചത്‌ അങ്ങനെയാണല്ലോ.
കമ്മീഷന്റെ ഈ നിലപാടിനെതിരെ വ്യാപകമായ പ്രതിഷേധം രാജ്യമെമ്പാടും ഉയര്‍ന്നു കഴിഞ്ഞു. കേന്ദ്രമന്ത്രി ജയറാം രമേശ്‌, സുപ്രീം കോടതി നിയമിച്ച ഭക്ഷ്യ കമ്മീഷണര്‍ എന്‍.സി.സക്സേന, അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകന്‍ ബിരാജ്‌ പട്നായ്ക്‌, സോണിയ നേതൃത്വം നല്‍കുന്ന നാഷണല്‍ അഡ്വൈസറി കൗണ്‍സില്‍ അംഗം അരുണ റോയ്‌ തുടങ്ങി വിവേകമുള്ളവരെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ ഈ ജനദ്രോഹ നിലപാടിനെതിരെ ശബ്ദമുയര്‍ത്തി കഴിഞ്ഞു.
ശ്രദ്ധിക്കുക സുപ്രീം കോടതി ചോദിച്ച ചോദ്യങ്ങള്‍ക്കല്ല ആസൂത്രണ കമ്മീഷന്‍ മറുപടി നല്‍കിയിരിക്കുന്നത്‌. ഭക്ഷ്യധാന്യ വിതരണത്തില്‍ ഗുണഭോക്താക്കളെ കണ്ടെത്താന്‍ സമര്‍പ്പിച്ച മാനദണ്ഡം വിഡ്ഢിത്തം നിറഞ്ഞതാണെന്ന്‌ തിരിച്ചറിഞ്ഞാണ്‌ സുപ്രീം കോടതി വിശദീകരണം ആവശ്യപ്പെട്ടത്‌. അതിന്‌ നല്‍കിയ മറുപടിയാകട്ടെ സത്യവിരുദ്ധവും പൗരവിരുദ്ധവും വികല സാമ്പത്തിക സമീപനത്തിന്റെ നിദര്‍ശനവുമാണ്‌. ജസ്റ്റിസ്‌ ദാല്‍വീര്‍ ഭണ്ഡാരിയുടെ നേതൃത്വത്തിലുള്ള ബെഞ്ച്‌ പോലും ഈ മറുപടിയില്‍ ഒരളുവ്‌ വരെ കുപിതമാണ്‌.ചില്ലു കൂട്ടില്‍ ഇരിക്കുന്ന ആസൂത്രണ വിദഗ്ധന്മാര്‍ക്കും ജനപ്രതിനിധികള്‍ക്കും ഇന്ത്യയുടെ ഭാഗധേയം നിര്‍ണ്ണയിക്കുന്ന ശതകോടി സാധാരണക്കാരുടെ ദയനീയാവസ്ഥ പ്രശ്നമേ അല്ല എന്നാണ്‌ ഈ സമീപനത്തില്‍ നിന്ന്‌ വ്യക്തമാകുന്നത്‌.
ഇവിടെ ,സെപ്റ്റംബര്‍ മധ്യത്തില്‍ പെട്രോള്‍ വില വര്‍ധിപ്പിച്ചതിനെ കേന്ദ്ര സര്‍ക്കരും പ്ലാനിംഗ്‌ കമ്മീഷനും നോക്കിക്കണ്ടത്‌ വിലയിരുത്തുക."ഓയില്‍ കമ്പനികള്‍ പെട്രോള്‍ ലിറ്ററിന്‌ 3.14രൂപ വര്‍ദ്ധിപ്പിച്ചത്‌ സ്വാഗതാര്‍ഹവും ശുഭകരവുമായ നടപടിയാണ്‌.ഇത്‌ ഇന്ത്യയുടെ സാമ്പത്തിക പരിഷ്കരണ നടപടികളുടെ വിശ്വാസ്യത വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്‌.നമ്മുടെ പരിഷ്കരണ നടപടികളുടെ അടിസ്ഥാനതത്വങ്ങളുടെ അംഗീകാരമാണിത്‌.."പ്ലാനിംഗ്‌ കമ്മീഷന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ മൊണ്ടേക്‌ സിംഗ്‌ അഹ്ലുവാലിയയുടേതാണ്‌ ഈ വാക്കുകള്‍.ഇന്ത്യയിലെ സാധാരണക്കരന്റെ ജീവിതാവസ്ഥകള്‍ അസഹ്യവും കഠിനതരവുമാക്കുന്നതാണ്‌ യുപിഎ സര്‍ക്കാരിന്റെ സാമ്പത്തികപരിഷ്കരണ നടപടികളെന്ന്‌ ഹുങ്കിന്റെ ഈ വാക്കുകള്‍ അടിവരയിട്ട്‌ വ്യക്തമാക്കുന്നു.
ആതിരേ, ദരിദ്രരെ കൂടുതല്‍ ദാരിദ്ര്യത്തിലേക്കും സമ്പന്നരെ കൂടുതല്‍ സമ്പന്നതയിലേക്കും നയിക്കുന്ന സാമ്പത്തിക പരിഷ്കറണ സിദ്ധാന്തങ്ങളുടെ അപ്പോസ്തോലന്മാരാണ്‌ മന്‍മോഹന്‍സിംഗും മൊണ്ടേക്‌ സിംഗ്‌ അഹ്ലുവാലിയയും. ആഗോളീകരണത്തിന്റെയും കമ്പോള സമ്പദ്‌ വ്യവസ്ഥയുടെയും നീച താല്‍പര്യങ്ങളാണ്‌ ഈ രണ്ട്‌ സാമ്പത്തിക വിദഗ്ധരേയും നയിക്കുന്നത്‌. കോടീശ്വരന്മാരായ ഇവര്‍ക്കും ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന പാര്‍ലമെന്റ്‌ അംഗങ്ങള്‍ക്കും കേവലം വോട്ടര്‍മാര്‍ മാത്രമാണ്‌ പൗരന്മാര്‍. അവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ എന്തെന്ന്‌ തിരിച്ചറിയാനും പ്രശ്നങ്ങള്‍ പരിഹരിക്കാനും ഇവര്‍ക്ക്‌ താല്‍പര്യവും ആഗ്രഹവുമില്ല. ഭരണഘടന വിഭാവനം ചെയ്യുന്ന ആനുകൂല്യങ്ങളോടെ മാന്യമായി ജീവിക്കാനുള്ള പൗരന്റെ അവകാശത്തെയാണ്‌ ഭരണത്തിന്റെ അഹന്തയില്‍, കോര്‍പ്പറേറ്റുകളോടുള്ള ഉളുപ്പില്ലാത്ത ദാസ്യഭാവത്തോടെ മന്‍മോഹന്‍സിംഗും കൂട്ടരും ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുന്നത്‌.
ജനവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ ഈ ദാര്‍ഷ്ട്യതയ്ക്കെതിരെ പൊള്ളിക്കുന്ന പ്രക്ഷോഭ പരമ്പരകള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. നിര്‍ഭാഗ്യമെന്ന്‌ പറയട്ടെ മന്‍മോഹന്‍സിംഗ്‌ സര്‍ക്കാരന്റെ വികല സാമ്പത്തിക നയങ്ങളെയും ജനവിരുദ്ധ നിലപാടുകളെയും എതിര്‍ത്ത്‌ തോല്‍പിക്കേണ്ട പ്രതിപക്ഷ പാര്‍ട്ടികളായ ബിജെപിയും ഇടതുപക്ഷവും അവരുടെ ആഭ്യന്തര ജീര്‍ണതകളാല്‍, ജനകീയ പ്ര്ശ്നങ്ങള്‍ ഏറ്റെടുക്കാനോ,പ്രക്ഷോഭങ്ങള്‍ നയിക്കാനോ കഴിയാത്ത വിധം പൊതുമണ്ഡലത്തില്‍ അവഹേളിതരായിരിക്കുകയാണ്‌. ഈ പശ്ചാത്തലത്തില്‍ മന്മോഹനോമിക്സിനെ തകര്‍ക്കുന്ന പ്രതിഷേധ- പ്രതിരോധ പോരാട്ടം, ആതിരേ, പൗരസമൂഹം ആരംഭിച്ചെങ്കില്‍ മാത്രമേ പൗരാവകാശങ്ങള്‍ക്ക്‌ മുകളിലുള്ള യുപിഎ സര്‍ക്കാരിന്റെ കുതിര കയറ്റത്തിന്‌ കടിഞ്ഞാണ്‍ ഇടാന്‍ കഴിയുകയുള്ളൂ.

Wednesday, September 21, 2011

പെണ്‍കുഞ്ഞേ,നീ പിറക്കാതിരുന്നെങ്കില്‍...

ആതിരേ,
സെപ്റ്റംബര്‍ 24 പെണ്‍കുഞ്ഞുങ്ങള്‍ക്കായുള്ള രാഷ്ട്രാന്തര ദിനം.
പതിവ്‌ ആചാരങ്ങളുടേയും ആഘോഷങ്ങളുടേയും കാപട്യഭൂമികയില്‍ പെണ്‍കുഞ്ഞുങ്ങള്‍ക്കും ഒരിടം..!
വികസിതമെന്നും പരിഷ്കൃതമെന്നും വിശേഷിപ്പിക്കപ്പെടുന്ന സമൂഹങ്ങളുടെ പോലും കരുതലിന്റേയും വാത്സല്യത്തിന്റേയും സുരക്ഷിതത്വ മുറികളില്‍ നിന്ന്‌ ക്രിമിനല്‍ അവഗണനയുടെ ശിശിരങ്ങളിലേയ്ക്ക്‌ ആട്ടിയകറ്റപ്പെടുകയും രതിവിപണന ശിബിരങ്ങളിലേയ്ക്ക്‌ വശീകരിക്കപ്പെടുകയും ചെയ്യുന്ന സ്ത്രൈണ ശൈശവങ്ങള്‍,ബാല്യ-കൗമാരങ്ങള്‍.
"പെണ്ണായിപ്പിറന്നാല്‍ മണ്ണായിത്തീരുവോളം കണ്ണീരുകുടിക്കാന്‍" വിധിക്കപ്പെട്ട ജന്മം എന്ന ചലചിത്രപ്പൈങ്കിളി സങ്കല്‍പ്പങ്ങള്‍ക്കും എത്രയോ അപ്പുറത്തുള്ള സ്തോഭജനകമായ പരിസരങ്ങളിലാണ്‌ പെണ്‍കുഞ്ഞുങ്ങള്‍ വളരുന്നത്‌..!
പെണ്‍കുഞ്ഞുങ്ങളുടെ അതിദയനീയതയിലേയ്ക്ക്‌ വിശ്വജനശ്രദ്ധ ആകര്‍ഷിക്കാനും സ്ത്രൈണശൈശവ-ബാല്യ-കൗമാരങ്ങളുടെ അവസ്ഥ ഭേദപ്പെടുത്താനുമായി കോടികള്‍ ചെലവിട്ട്‌ ലോകമെമ്പാടും 'ഇന്റര്‍നാഷണല്‍ ഡേ ഓഫ്‌ ദ്‌ ഗേള്‍ചെയില്‍ഡ്‌ ' ആചരിക്കുമ്പോഴും ശതകോടിക്കണക്കിന്‌ പെണ്‍കുഞ്ഞുങ്ങളാണ്‌ ആതിരേ ദാരിദ്ര്യത്തിലുംവിദ്യാനിഷേധത്തിലും ലൈംഗീകമുതലെടുപ്പുകളിലും പെട്ടുഴലുന്നത്‌.സ്ത്രീസ്വാതന്ത്ര്യത്തിനും ലിംഗതുല്യതയ്ക്കും വേണ്ടിനടത്തിയ ചരിത്രപോരാട്ടങ്ങളുടെ വിജയഭൂമികയില്‍ തന്നെയാണ്‌ വിവേചനത്തിന്റെ ബീഭത്സ സ്വരൂപങ്ങളായി സ്ത്രീസമൂഹം ലോകമാകെക്കഴിയുന്നത്‌.സാംസ്കാരിക-സാമുഹിക-മതപരനിരോധനങ്ങളുടെ രാവണന്‍കോട്ടയില്‍ തന്നെയാണ്‌ സ്ത്രീത്വം.
രാജനൈതികതയുടേയും ഭരണകൂടസ്ഥാപനങ്ങളുടേയും നീചഹ്രസ്വദൃഷ്ടികളില്‍ പെടുന്നതല്ല,ഇനിപ്പറയുന്ന പൊള്ളുന്ന പെണ്‍വാസ്തവങ്ങള്‍:ഒരുവേള ഭരണ-നീതിന്യായ വ്യവസ്ഥകള്‍ ഈ ദാരുണതകളുടെ പ്രായോജകരും രക്ഷാധികാരികളുമാണ്‌..!
*പ്രതിവര്‍ഷം,ഇന്ത്യയില്‍ 3900000 പെണ്‍കുഞ്ഞുങ്ങളാണ്‌ (സ്ത്രീകള്‍ ഉള്‍പ്പെടെ)ഭ്രൂണഹത്യ,ശിശുമരണം,പ്രാകൃത ഗര്‍ഭഛിദ്രം എന്നിവമൂലം'അപ്രത്യക്ഷരാ'കുന്നത്‌
*പ്രതിവര്‍ഷം, ലോകമെമ്പാടും ( ആഫ്രിക്കയിലും മധ്യ-പൂര്‍വരാജ്യങ്ങളിലും ) 13000000 പെണ്‍കുഞ്ഞുങ്ങളും സ്ത്രീകളുമാണ്‌ ഭഗശിശ്നികാപരിഛേദത്തിന്‌ (ളലാമഹല ഴലിശമേഹ ാ‍ൌ‍ശേഹമശ്ി‍ (എഏങ്ങ)വിധേയരാക്കപ്പെടുന്നത്‌
*പ്രതിവര്‍ഷം,ലോകത്താകെ, 500000 മുതല്‍ 2000000 പെണ്‍കുഞ്ഞുങ്ങളും സ്ത്രീകളും (കൗമാരക്കരായ ആണ്‍കുട്ടികളും)ലൈംഗീക വാണിഭ ' ചരക്കുക'ളാക്കപ്പെടുന്നു
*62000000 മുതല്‍ 11500000 പെണ്‍കുഞ്ഞുങ്ങള്‍ക്കാണ്‌, ലോകത്താകെ, പ്രതിവര്‍ഷം പ്രാഥമികവിദ്യാഭ്യാസം നിഷേധിക്കുന്നത്‌
(Sources: United Nations Development Fund for Women, “Violence Against Women — Facts and Figures”; UNICEF, “Basic Education and Gender Equality )
പുരുഷതുല്യതയുക്കുള്ള പോരാട്ടമല്ല, പെണ്‍കുഞ്ഞുങ്ങളെ ഗര്‍ഭം മുതല്‍ വേട്ടയാടുന്ന ദാരിദ്ര്യത്തിന്റേയും പീഡനത്തിന്റേയും വിദ്യാനിഷേധത്തിന്റേയും ഉത്തരാധുനിക അടിമത്വത്തിന്റേയും കാരിരുമ്പുചങ്ങലക്കെട്ട്‌ പൊട്ടിക്കാനുള്ള പ്രക്ഷോഭപരമ്പരയാണ്‌ ഇന്നിന്റെ അനിവാര്യത എന്നാണ്‌ ക്ഷോഭജനകമായ ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്‌!
അതേ ആതിരേ ആശ്വാസത്തിന്റെ ശാദ്വലതകളിലേയ്ക്കല്ല ആശങ്കയുടെ സ്ഫോടകശൃംഗങ്ങളിലേയ്ക്കാണ്‌ സമകാലിക സ്ത്രൈണവാസ്തവങ്ങള്‍ നമ്മെ നയിക്കുന്നത്‌
പെണ്‍കുഞ്ഞേ,നീ പിറക്കാതിരുന്നെങ്കില്‍...ഈ ലോകം നിനക്കുള്ളതായിരുന്നില്ലല്ലോ, മോളേ...

ഉത്തരാധുനീക കേരളത്തിന്റെ പുനര്‍വായനകളും അടയാളപ്പെടുത്തലുകളും

മമ്മി എനിക്ക്‌ പാട്ട്‌ പാഠവും
ഡാന്‍സ്‌ പാഠവും പഠിപ്പിച്ച്‌ തരും,
അത്‌ പഠിക്കാഞ്ഞാല്‍
മമ്മി കരയും.
എന്തിനാണ്‌ മമ്മി കരയുന്നത്‌..?
ഞാന്‍ റിയാലിറ്റി ഷോയിലെ ഫ്ലാറ്റ്‌ സ്വന്തമാക്കണം,
സീരിയല്‍ നടിയാകണം;സിനിമാ താരമാകണം..
അതിനായി ഏത്‌ അഡ്ജസ്റ്റ്മെന്റിനും മമ്മി തയ്യാറാണ്‌..!
(കണ്ണാ,എത്ര അഡ്ജസ്റ്റ്‌ ചെയ്താലും
മമ്മിക്കൊരു കൊഴപ്പോമില്ല..!
എനിക്കാണെങ്കീ
ഒറക്കോം വരും;ഓക്കാനോം വരും
ബ്ലാ..ബ്ലാ..)
.........
ഇതാ ഡാഡിയും മകളും.
ഡാഡി സോഫയിലിരിക്കും
മകളെ മടിയിലിരുത്തും.
'കാസറ്റ്‌ ലീലകളി 'ല്‍ ട്യൂഷനേകി
'കുട്ടനീമത'* തന്ത്രങ്ങള്‍ പഠിപ്പിച്ച്‌
പണിക്കുറ തീര്‍ത്ത്‌
കൗമാര വാസവദത്തയാക്കി
സെറ്റുകളില്‍ നിന്ന്‌ സെറ്റുകളിലേയ്ക്ക്‌...
പിന്നെ
'പശ്ചിമഘട്ടങ്ങളെ കേറിയും
കടന്നും ചെന്നന്യമാം ദേശങ്ങളി 'ലും
സുഖ വിപണനം.
പിടിക്കപ്പെട്ടാല്‍
മറുകുകളെണ്ണിപ്പറഞ്ഞ്‌,
മണങ്ങള്‍ ഓര്‍ത്തെടുത്തോതി,
മൊബെയിലിലെ ഫോട്ടോകളില്‍ പരതി
നിഷ്ക്കളങ്കയായ്‌
മകള്‍ ഉത്തരാധുനിക താത്രിക്കുട്ടിയാകും.
( എടാ, നീ അയച്ച എംഎംഎസും
ഡാഡീടെ കാസറ്റുകളും കണ്ട്‌
ഇക്കിളി പെരുത്ത എന്നെ
നോവിക്കാതെ രസിപ്പിച്ചവരേം
പിന്നെ പോലിസ്‌ പറഞ്ഞവരേം ഞാന്‍ ചൂണ്ടിക്കാണിച്ചു..
ദോഷം കിട്ടുമോഡാ..?)
.........
'അകക്കണ്ണ്‌ തുറപ്പിക്കാന്‍
ആശാന്‍ ബാല്യത്തിലെത്തണമെ'ന്ന്‌ സുഭാഷിതം.
ബാല്യശൈശവങ്ങളുടെ
ഇളം തുടകള്‍ക്കകം തുരന്ന്‌
ഗുരു തൃഷ്ണയുടെ നാരായമുനയാല്‍
ശ്യാമകാമത്തിന്റെ ഹരിശ്രീ,
രക്തരൂക്ഷിത സേകം;നിര്‍വാണം..!

മാതാപിതാഗുരു
ദൈവമേ....!!
..............
ആങ്ങളമാരില്ലാത്ത
3ജിപൊങ്ങച്ചപ്പെരുക്കത്തില്‍,
റാഡിക്കല്‍ ഫെമിനിസ്റ്റുകളുടെ
വാത്മീക മുറ്റത്ത്‌ ;
ചാനല്‍ ചര്‍ച്ചകളുടെ
സര്‍വാണി കൂടിയാകുമ്പോള്‍
കേരളമെന്ന പേര്‍ കേട്ടാല്‍
ത്രസിക്കും ബീജ സംഭരണികള്‍...


................................
*വേശ്യാവൃത്തിയെയും, ആ തൊഴിലിന്റെ വിജയരഹസ്യങ്ങളെപ്പറ്റിയും സംസ്കൃതത്തില്‍ രചിക്കപ്പെട്ട ശാസ്ത്രീയ ഗ്രന്ഥമാണ്‌ 'കുട്ടനീമതം'.കാശ്മീര്‍ രാജാവായിരുന്ന ജയാപീഢന്റെ (751-782 എഡി ) മന്ത്രിമാരില്‍ ഒരാളായ ദാമോദരഗുപ്തനാണ്‌ കുട്ടനീമതത്തിന്റെ കര്‍ത്താവ്‌.എ ഡി 755-786 കാലഘട്ടത്തിലാണ്‌ ഈ കൃതി രചിക്കപ്പെട്ടത്‌ എന്നു കരുതുന്നു.' കുട്ടനി , എന്നാല്‍ സ്ത്രീപുരുഷ സമാഗമത്തിനുള്ള ഇടനിലക്കാരി (കൂട്ടിക്കൊടുപ്പുകാരി ) എന്നര്‍ത്ഥം. മാലതി എന്നൊരു വേശ്യക്ക്‌ വികരാള എന്നൊരു കുട്ടനി നല്‍കുന്ന ഉപദേശങ്ങളാണ്‌ 1089 പദ്യങ്ങളുള്ള കുട്ടനീമതത്തിന്റെ ഉള്ളടക്കം.

Friday, September 16, 2011

"വെറുമൊരു മോഷ്ടാവാം ഓയെന്‍വിയെ കള്ളനെന്ന്‌ വിളിക്കാമോ..?"


,'ഭൂമിക്കൊരു ചരമഗീത'ത്തിലെ വരികള്‍ തിരുത്തി
" ഇനിയും മരിക്കാത്ത ഒഎന്‍വി! നിന്‍
മോഷണ മികവില്‍ നിനക്കാത്മശാന്തി!
ഇത്‌ നിന്റെ ചരമശുശ്രൂഷയ്ക്ക്‌
ഹൃദയത്തിലെന്നേ കുറിച്ച കുറിപ്പ്‌" എന്ന്‌ വെട്ടിത്തുറന്ന്‌ പറയണോ
അതോ
"വെറുമൊരു മോഷ്ടാവാം ഓയെന്‍വിയെ
കള്ളനെന്ന്‌ വിളിക്കാമോ..?"
എന്ന്‌ പറഞ്ഞൊഴിയണോ?
അനുവാചകര്‍ തീരുമാനിക്കട്ടെ, അല്ലേ..?




ആതിരേ,മലയാളി ഏറെ പാടി നടന്ന, ജ്ഞാനപീഠം ജേതാവ്‌ ഒ.എന്‍.വി. കുറുപ്പിന്റെ ' ഭൂമിക്കൊരു ചരമഗീതം ' എന്ന പ്രശസ്ത കവിത മോഷണമാണെന്ന്‌ ആരോപിച്ചാല്‍ എത്ര സഹൃദയര്‍ അംഗീകരിക്കും..?
" കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തിലെ അരുണാഭമായ ഒരു കാലഘട്ടത്തില്‍ ഉയര്‍ന്നുവന്ന ആവേശഭരിതമായ തരുണസ്വരങ്ങളിലൊന്നായ " ഒഎന്‍വിക്ക്‌ ,വിപ്ലവാവേശവും, ചുവന്ന പുത്തന്‍ പുലരിയെക്കുറിച്ചുള്ള സ്വപനങ്ങളും,ചൂഷിതരോടും അധ:സ്ഥിതരോടുമുള്ള ഐക്യദാര്‍ഢ്യവും അധ്വാനിക്കുന്ന ജനവിഭാഗങ്ങളോടൂള്ള പ്രതിബദ്ധതയും പരിസ്ഥിതി ബോധവും മാനവജീവിത പ്രതിസന്ധികളും സമഞ്ജസമായി,ലാവണ്യഭംഗിയോടെ കവിതയില്‍ സന്നിവേശിപ്പിച്ച്‌ നാലരപ്പതിറ്റാണ്ടിലേറെ അനുവാചകമനസ്സുകള്‍ കീഴടക്കിയ ഒഎന്‍വിക്ക്‌,ഒരു മോഷണമുതല്‍ തന്റേതെന്ന്‌ അവകാശപ്പെടേണ്ട ഗതികേടുണ്ടോ എന്നാവും പരക്കെയുള്ള,പ്രതിഷേധമിരമ്പുന്ന സന്ദേഹം.
എന്നാല്‍,ജ്ഞാനപീഠം പുരസ്ക്കാര ജേതാവിന്റെ ഏറ്റം ജനകീയമായ രചനകളില്‍ പ്രഥമഗണനീയമായ 'ഭൂമിക്കൊരു ചരമഗീതം' മോഷണമുതല്‍ തന്നെയാണെന്ന്‌ നാം വിശ്വസിക്കേണ്ടിയിരിക്കുന്നു, ആതിരേ!.കാരണം വര്‍ഷങ്ങള്‍ക്കുമുമ്പ്‌ താന്‍ രചിച്ച 'ഒരു ചരമ അറിയിപ്പ്‌' എന്ന കവിതയില്‍ അല്ലറ ചില്ലറ മാറ്റങ്ങള്‍ വരുത്തിയാണ്‌ ഒ.എന്‍.വി. തന്റെ പ്രശസ്ത കവിത രചിച്ചതെന്ന ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്‌ കവി ചുണ്ടയില്‍ പ്രഭാകരനാണ്‌.
തൃശൂരില്‍നിന്നു പ്രസിദ്ധീകരിക്കുന്ന 'സാഹിത്യ വിമര്‍ശം' മാസികയില്‍ എഴുതിയ ലേഖനത്തിലാണു പ്രഭാകരന്‍ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്‌.പ്രഭാകരന്‍ പറയുന്നതിങ്ങനെ:
" കവിതയുടെ കയ്യെഴുത്തു പ്രതി ഒ.എന്‍.വിക്കു വായിക്കാന്‍ കൊടുത്തിരുന്നു.വര്‍ഷങ്ങളായി താന്‍ തുറന്നു പറയാതിരുന്ന ഈ വിഷയം ഇപ്പോള്‍ പറയുന്നത്‌ മാസികയുടെ പത്രാധിപരുടെ നിര്‍ബന്ധപ്രകാരമാണ്‌. 1980കളില്‍ താന്‍ കോഴിക്കോട്‌ താമസിച്ചിരുന്ന കാലത്താണ്‌ പ്രസ്തുത കവിത എഴുതുന്നത്‌ . അക്കാലത്ത്‌ ബ്രണ്ണന്‍ കോളജില്‍ അധ്യാപകനായിരുന്ന ഒഎന്‍വിയുമായി വലിയ അടുപ്പമായിരുന്നു. സന്തതസഹചാരിയായിരുന്ന പ്രശസ്ത എഴുത്തുകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ളയാണ്‌ ഒഎന്‍വിയടക്കമുള്ള എഴുത്തുകാരെ പരിചയപ്പെടുത്തിയത്‌. പല കവിയരങ്ങുകളിലും ഒഎന്‍വി, സുഗതകുമാരി, കടമ്മനിട്ട തുടങ്ങിയവര്‍ക്കൊപ്പം തനിക്ക്‌ കവിത അവതരിപ്പിക്കാന്‍ അവസരം ലഭിച്ചിരുന്നു.
ഒഎന്‍വിയെ ഗുരുവിനെ പോലെയാണ്‌ അന്നു കണ്ടിരുന്നത്‌. എന്നും കണ്ണൂരിലേക്കുള്ള ട്രെയിന്‍യാത്രയില്‍ സഹയാത്രികനായിരുന്നു ഒഎന്‍വി.
ഒഎന്‍വിയുമായുള്ള തന്റെ ബന്ധം കണ്ട്‌ സഹയാത്രികര്‍ അസൂയപ്പെട്ടിരുന്നു. അങ്ങനെയാണ്‌ യാത്രയിലൊരു ദിവസം തന്റെ കവിതയുടെ കയ്യെഴുത്തുകോപ്പി ഒഎന്‍വിക്കു വായിക്കാന്‍ കൊടുത്തത്‌. കാര്യമായ അഭിപ്രായമൊന്നും പറയാതെ പിറ്റേന്ന്‌ ഒഎന്‍വി കവിത തിരിച്ചു തന്നപ്പോള്‍ വിഷമമായി. അധികം താമസിയാതെ ഒഎന്‍വിയെ ട്രെയിനില്‍ കാണാതായി. അതേക്കുറിച്ചന്വേഷിച്ചപ്പോള്‍ അദ്ദേഹം തിരുവനന്തപുരത്തേക്ക്‌ തിരിച്ചുപോയതായറിഞ്ഞു. ഒരു വാക്കുപോലും പറയാതെ ഒഎന്‍വി. പോയതില്‍ വിഷമംതോന്നിയെങ്കിലും ഞെട്ടിയത്‌ അധികം താമസിയാതെ മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച 'ഭൂമിക്കൊരു ചരമഗീതം' എന്ന കവിത വായിച്ചപ്പോഴാണ്‌ . തന്റെ കവിതയില്‍ അദ്ദേഹം വരുത്തിയത്‌ ചില്ലറ മാറ്റങ്ങള്‍ മാത്രം ".
-അതോടെ, ആതിരേ, പ്രഭാകരന്‍ കവിതയെഴുത്തും കവിയരങ്ങുകളും നിര്‍ത്തുകയായിരുന്നു.
പ്രഭാകരന്‍ തുടരുന്നു
" വേദനയോടെയാണെങ്കിലും കവിതയോട്‌ വിടപറഞ്ഞ താന്‍ ഭൂതകാലം മുഴുവന്‍ മറക്കാന്‍ ശ്രമിക്കുകയായിരുന്നു . എങ്കിലും നഷ്ടപ്പെട്ടുപോയ 'പുത്രി'യെക്കുറിച്ചുള്ള വേദന എന്നും ഉള്ളിലുണ്ടായിരുന്നു. സ്വന്തം മനസുകൊണ്ട്‌ ജന്മം നല്‍കിയ കുഞ്ഞിനെ ഇളംപ്രായത്തില്‍ കട്ടുകൊണ്ടുപോയി പ്ലാസ്റ്റിക്‌ സര്‍ജറി നടത്തി വിശ്വസുന്ദരിയാക്കി കിട്ടാവുന്നതെല്ലാം കൈപ്പറ്റി നടക്കുന്ന പോറ്റച്ഛനെ മാലോകരെല്ലാം വാഴ്ത്തുന്നതുകണ്ട്‌ വിതുമ്പലടക്കിപ്പിടിച്ചു നടക്കുന്ന നിസഹായനായ പിതാവിന്റെ ദെണ്ണമാണ്‌ അന്നെനിക്കുണ്ടായിരുന്നത്‌.അതോടൊപ്പം ജ്ഞാനപീഠം ലഭിച്ചപ്പോള്‍ മറവിരോഗമില്ലെങ്കില്‍ ഒ.എന്‍.വി. ലജ്ജ കൊണ്ട്‌ ചൂളിപ്പോയിരിക്കും "
ആതിരേ,പ്രഭാകരനില്‍ നിന്ന്‌ ഒഎന്‍വി കുറുപ്പിലേയ്ക്ക്‌ വരാം.'ഭൂമിക്കൊരു ചരമഗീതം' രചിക്കാനുണ്ടായ സാഹചര്യവും പ്രേരണയും നിര്‍ബന്ധവും അദ്ദേഹം വെളിപ്പെടുത്തുന്നത്‌ ഇങ്ങനെയാണ്‌: " വര്‍ഷങ്ങള്‍ക്കു മുമ്പ്‌ കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തേക്ക്‌ വരും വഴിക്ക്‌ ഹിന്ദുസ്ഥാന്‍ പേപ്പര്‍ മില്ലില്‍ നിന്നുള്ള മാലിന്യങ്ങള്‍ പ്രകൃതിസൗന്ദര്യത്തിന്‌ കോട്ടമേല്‍പ്പിച്ച അവസ്ഥ കാണാനിടയായി. ട്രെയിനിന്റെ താളം കൂടി സമ്മേളിച്ചപ്പോള്‍ ആദ്യവരി, 'ഇനിയും മരിക്കാത്ത ഭൂമി.' മനസ്സില്‍ പിറന്നു. ആ കവിത പൂര്‍ണ്ണമാകാന്‍ പിന്നെയും കാത്തിരിക്കേണ്ടി വന്നു കുറേ നാളുകള്‍. തിരുവനന്തപുരത്ത്‌ പ്രകൃതി സ്നേഹികളായ കവികള്‍ സംഘടിപ്പിച്ച കവി സംഗമത്തില്‍ ആ കവിത ജനിച്ചു.."
എന്നാല്‍, ആതിരേ, ഒഎന്‍വിയുടെ വിശദീകരണത്തില്‍ തുളുമ്പുന്നത്‌ നുണമാത്രമാണെന്ന്‌ ശ്രീജിത്‌ പെരുന്തച്ചന്‍ എഴുതിയ "തോന്ന്യാക്ഷരങ്ങളല്ല, ഭാഗ്യാക്ഷരങ്ങള്‍ "എന്ന കുറിപ്പ്‌ വ്യക്തമാക്കുന്നു.' മനോരമ ഓണ്‍ലൈന്‍ ലിറ്റററി വേള്‍ഡി 'ല്‍ പ്രസിദ്ധീകരിച്ച ആ കുറിപ്പ്‌ ഇങ്ങനെ:" ചിലര്‍ക്ക്‌ കവിത വരുന്നത്‌ കല്യാണാ ലോചന വരുന്നതു പോലെയാണ്‌. നാലുവഴിക്ക്‌ നിന്നും വേണ്ടതും വേണ്ടാത്തതുമായ വരികളുടെ പ്രവാഹമായിരിക്കും. ഒടുവില്‍ പലതും ഉപേക്ഷിക്കും. ചിലതൊക്കെ വെട്ടിക്കളയും. ആലോചനയില്‍ പൊരുത്തം തോന്നിയത്‌ മാത്രം തിരഞ്ഞെടുക്കും. എന്നാല്‍ ഒരു വരി പോലും വെട്ടാതെയോ തിരുത്താതെയോ ആണ്‌ ഒ.എന്‍.വി. കുറുപ്പ്‌ ഭൂമിക്കൊരു ചരമഗീതം എഴുതിയത്‌. കവിതയുടെ പേരും കവിത പോലെ താനറിയാതെ വന്നതാണെന്നു കവി. മറ്റൊരു പേരിനെക്കുറിച്ച്‌ ആലോചിക്കേണ്ടി വന്നതു പോലുമില്ല. പേനയ്ക്ക്‌ ജീവനുണ്ടായിരുന്നെങ്കില്‍ അത്‌ പറഞ്ഞേനെ, എനിക്ക്‌ ഒഎന്‍വിയുടെ കൂടെ ജോലി ചെയ്യുന്നതാണ്‌ ഏറ്റവും ഇഷ്ടമെന്ന്‌. കാരണം മുന്നോട്ടുവച്ച കൈ കവിക്ക്‌ ഒരിക്കല്‍പ്പോലും പിന്നോട്ടെടുക്കേണ്ടി വന്നിട്ടില്ല, ഇതെഴുതുമ്പോള്‍.
ഒരു മരം പോലും ആരും വെട്ടിക്കളയരുത്‌ എന്ന പ്രാര്‍ഥനയോടെ എഴുതിയ കവിതയായതുകൊണ്ടാണോ എന്തോ ഒരക്ഷരം പോലും കവിക്ക്‌ അതില്‍ നിന്ന്‌ വെട്ടിക്കളയേണ്ടി വന്നില്ല. കവിത എഴുതുമ്പോള്‍ തന്നെ അതിന്റെ പേരും മനസ്സിലുണ്ടായിരുന്നു. മൂന്നോ നാലോ പേര്‌ മനസ്സില്‍ തോന്നുക. അതില്‍ നിന്ന്‌ ഒന്ന്‌ തിരഞ്ഞെടുക്കുക തുടങ്ങിയ കാര്യങ്ങളൊന്നും കവിക്ക്‌ ബാധകമായിരുന്നില്ല.
പരിസ്ഥിതിക്ക്‌ പ്രാധാന്യം കൊടുത്തുകൊണ്ടെഴുതിയകവിതകള്‍ മാത്രം ഉള്‍ക്കൊള്ളിച്ച്‌ പ്രകൃതി സംരക്ഷണസമിതി എണ്‍പതുകളുടെ തുടക്കത്തില്‍ തിരുവനന്തപുരത്ത്‌ ഒരു കവിയരങ്ങ്‌ നടത്തി. എന്‍.വി.കൃഷ്ണവാരിയര്‍ പ്രസിഡന്റും സുഗതകുമാരി സെക്രട്ടറിയുമായുള്ള ആ സമിതി നടത്തിയ കവിയരങ്ങില്‍ ചൊല്ലാന്‍ വേണ്ടി എഴുതിയ കവിതയാണത്‌. ഒരു രൂപ ടിക്കറ്റ്‌ വച്ചായിരുന്നു പ്രവേശനം.
റിസര്‍വ്‌ ബാങ്കിന്റെ കണക്കില്‍പ്പെടാതെ രൂപയ്ക്ക്‌ ഏറ്റവും മൂല്യം കൂടിയ ദിവസങ്ങളിലൊന്ന്‌ ഒരുപക്ഷേ അതായിരിക്കും. കവിയരങ്ങി നെത്തിയവരെക്കൊണ്ട്‌ ഹാള്‍ നിറഞ്ഞു കവിഞ്ഞത്‌ കവിയുടെ ഓര്‍മയിലുണ്ട്‌. അങ്ങനെ ഭൂമിക്കൊരു ചരമഗീതം എന്ന്‌ പേരിട്ട കവിത മലയാളകവിതയ്ക്ക്‌ പുത്തനുണര്‍മ്പഞ്ഞിന്റെ ഉദയഗീതമായി.
ചന്ദ്രനെപ്പോലെ ഭൂമി നാളെ വെറും ഒരു ശിലയായി മാറുമോ എന്ന്‌ കവി ചിന്തിച്ചതിന്റെ ഫലം കൂടിയാണ്‌ ആ കവിത. ഒരിക്കല്‍ ചന്ദ്രനില്‍ നിന്നു കൊണ്ടുവന്ന ശിലകളുടെ ഒരു പ്രദര്‍ശനം കവി കണ്ടു. നാളെ ഭൂമിയും ഇതുപോലെ ജീവനില്ലാതെ കുറച്ച്‌ കല്ലുകള്‍ മാത്രം ശേഷിച്ച ഒരു ഗ്രഹമായി മാറുമോ എന്ന ചിന്തയും കവിയെ അതെഴുതാന്‍ പ്രേരിപ്പിച്ചു. നമ്മുടെയൊക്കെ മനസ്സ്‌ എന്തുകണ്ടാലും കരുണ തോന്നാത്ത വിധം കല്ലായി മാറുന്നത്‌ ചിലപ്പോള്‍ അതിന്റെ ആദ്യ സൂചനയാവാം. എന്തായാലും ഒരു വെട്ടോ തിരുത്തോ ഇല്ലാതെ എഴുതിയ ഭൂമിക്കൊരു ചരമഗീതം ഒരു പോറല്‍ പോലുമേല്‍ക്കാതെ കാലം കാത്തുവയ്ക്കേണ്ട നിധിയാണെന്ന്‌ മലയാളം തിരിച്ചറിഞ്ഞു.
കുട്ടിയായിരിക്കെ വീട്ടിലിരുന്ന്‌ ഓരോന്നൊക്കെ കുത്തിക്കുറിക്കുമ്പോള്‍ ?അപ്പൂ , നീ തോന്ന്യാക്ഷരമെഴുതുകയാണോ? എന്ന്‌ അച്ഛന്‍ ചോദിച്ചതിനെക്കുറിച്ച്‌ കവി എഴുതിയിട്ടുണ്ട്‌. അതാണ്‌ തനിക്ക്‌ തോന്ന്യാക്ഷരങ്ങള്‍ എന്ന്‌ പുസ്തകത്തിന്‌ പേരിടാന്‍ നിമിത്തമായതെന്നും. ഏതായാലും അതൊന്നും തോന്ന്യാക്ഷരങ്ങളല്ല മലയാളത്തിന്റെ ഭാഗ്യാക്ഷരങ്ങളാണെന്ന്‌ പില്‍ക്കാലം തെളിയിച്ചു. ഇങ്ങനെയൊരു കവിയെ കിട്ടാന്‍ മലയാളം ഭാഗ്യം ചെയ്യണമെന്നും "
ശ്രദ്ധിച്ചോ " ഒരു വരി പോലും വെട്ടാതെയോ തിരുത്താതെയോ ആണ്‌ ഒ.എന്‍.വി. കുറുപ്പ്‌ ഭൂമിക്കൊരു ചരമഗീതം എഴുതിയതെന്ന്‌. " കവിതയുടെ പേരും കവിത പോലെ താനറിയാതെ വന്നതാണെന്നും മറ്റൊരു പേരിനെക്കുറിച്ച്‌ ആലോചിക്കേണ്ടി വന്നതു പോലുമില്ല" എന്ന ഒഎന്‍വിയുടെ അവകാശവാദം, പ്രഭാകരന്റെ ആരോപണത്തെയല്ലേ സാധൂകരിക്കുന്നത്‌.?
ഇപ്പോള്‍ മനസ്സിലുണരുന്നത്‌,ആതിരേ, കവിയുടെ തന്നെ ഈ വരികളണ്‌:
"ഭൂമികന്യയെ വേള്‍ക്കാന്‍വന്നമോഹമേ നീ, ഇന്ദ്രകാര്‍മുകമെടുത്തു കുലച്ചുതകര്‍ത്തെന്നോ"..!
,'ഭൂമിക്കൊരു ചരമഗീത'ത്തിലെ വരികള്‍ തിരുത്തി
" ഇനിയും മരിക്കാത്ത ഒഎന്‍വി! നിന്‍
മോഷണ മികവില്‍ നിനക്കാത്മശാന്തി!
ഇത്‌ നിന്റെ ചരമശുശ്രൂഷയ്ക്ക്‌
ഹൃദയത്തിലെന്നേ കുറിച്ച കുറിപ്പ്‌" എന്ന്‌ വെട്ടിത്തുറന്ന്‌ പറയണോ
അതോ
"വെറുമൊരു മോഷ്ടാവാം ഓയെന്‍വിയെ
കള്ളനെന്ന്‌ വിളിക്കാമോ..?"
എന്ന്‌ പറഞ്ഞൊഴിയണോ?
അനുവാചകര്‍ തീരുമാനിക്കട്ടെ, അല്ലേ..?




'ഭൂമിക്കൊരു ചരമഗീതം': പ്രതികരിക്കാനില്ലെന്ന്‌ ഒഎന്‍വി.
തന്റെ പ്രശസ്ത കവിത 'ഭൂമിക്കൊരു ചരമഗീതം' വര്‍ഷങ്ങള്‍ക്കുമുമ്പ്‌ കവി ചുണ്ടയില്‍ പ്രഭാകരന്‍ രചിച്ച ഒരു ചരമക്കുറിപ്പ്‌ എന്ന കവിതയുടെ മോഷണമാണെന്ന ആരോപണത്തെക്കുറിച്ച്‌ പ്രതികരിക്കാനില്ലെന്ന്‌ ഒ.എന്‍.വി. കുറുപ്പ്‌. സംഗീത നാടക അക്കാദമി മുന്‍ സെക്രട്ടറിയും സാഹിത്യ അക്കാദമി പബ്ലിക്കേഷന്‍ ഓഫീസറുമായിരുന്ന സി.കെ. ആനന്ദന്‍പിള്ളയുടെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിക്കുന്ന സാഹിത്യ വിമര്‍ശനം മാസികയിലാണ്‌ ചുണ്ടയില്‍ പ്രഭാകരന്‍ ഈ ആരോപണമുന്നയിച്ചത്‌.
അതേസമയം തന്റെ കവിതയുടെ കൈയെഴുത്തുപ്രതി വായിച്ചശേഷമാണ്‌ ഒ.എന്‍.വി. ഭൂമിക്കൊരു ചരമഗീതം രചിച്ചതെന്ന്‌ ചുണ്ടയില്‍ പ്രഭാകരന്‍ ആവര്‍ത്തിച്ചു. സൂര്യഗായത്രി എന്ന തന്റെ കവിതയില്‍നിന്നാണ്‌ ഒ.എന്‍.വി. സൂര്യഗീതം രചിച്ചതെന്നും പ്രഭാകരന്‍ പറയുന്നു. ഇക്കാര്യത്തില്‍ അന്ന്‌ പ്രതികരിച്ചില്ല എന്നത്‌ ശരിയാണ്‌.
ഭൂമിയുടെ ചരമത്തെ ദീര്‍ഘദൃഷ്ടിയോടെ കണ്ടറിഞ്ഞ മഹാപ്രതിഭയ്ക്ക്‌ ജ്ഞാനപീഠം എന്ന്‌ പത്രത്താളുകളില്‍ കണ്ടപ്പോഴാണ്‌ അല്‍പം വിഷമം തോന്നിയത്‌. പിന്നീട്‌ ആനന്ദന്‍പിള്ള ആവശ്യപ്പെട്ടതനുസരിച്ചാണ്‌ ഇക്കാര്യം എഴുതിയതെന്നും പ്രഭാകരന്‍ കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ ആകാശവാണി തൃശൂര്‍ നിലയത്തില്‍ പ്രോഗ്രാം വിഭാഗം തലവനായി പ്രവര്‍ത്തിക്കുന്ന ഡി. പ്രദീപ്കുമാറിന്റെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന ആള്‍ക്കൂട്ടം ലിറ്റില്‍ മാഗസിനിലായിരുന്നു പ്രഭാകരന്റെ ഒരു ചരമക്കുറിപ്പ്‌ പ്രസിദ്ധീകരിച്ചത്‌.
1982ല്‍ത്തന്നെ താനും സുഹൃത്തുക്കളുമടങ്ങിയ സദസില്‍ പ്രഭാകരന്‍ പ്രസ്തുത കവിത ആലപിച്ചിരുന്നതായി പ്രദീപ്കുമാര്‍ ഓര്‍ക്കുന്നു. കവിതയിലെ വരികള്‍ മോഷ്ടിച്ചിട്ടില്ലെങ്കിലും ആശയം ഒ.എന്‍.വി. സ്വീകരിച്ചത്‌ പ്രഭാകരനില്‍നിന്നാണെന്നുതന്നെയാണ്‌ തന്റെ അഭിപ്രായമെന്നും പ്രദീപ്‌ പറഞ്ഞു. സൂര്യഗായത്രിയാകട്ടെ പ്രസിദ്ധീകരിച്ചത്‌ ഭാഷാപോഷിണിയിലായിരുന്നു. അതിനുശേഷമാണ്‌ ഒഎന്‍വിയുടെ സൂര്യഗീതം പുറത്തുവന്നത്‌. അതേസമയം സത്യം ഒരിക്കല്‍ പുറത്തുവരുമെന്ന്‌ കരുതി എഴുതിയതാണെന്നും ഇക്കാര്യത്തില്‍ തനിക്ക്‌ മറ്റു പരാതികളില്ലെന്നും പ്രഭാകരന്‍ വ്യക്തമാക്കി.

Thursday, September 15, 2011

വയലാറിന്റെ മരണം;ഒഎന്‍വിയുടെ 'മോഷണം' :ഇനി വിവാദങ്ങളുടെ ചാകരക്കാലം


തോരാമഴയെ ലജ്ജിപ്പിച്ചാണ്‌ തോല്‍പ്പിച്ചാണ്‌ കേരളത്തില്‍ വിവാദങ്ങളുടെ പെരുമഴക്കാലം.പെട്രോള്‍ വിലവര്‍ദ്ധനയും,പി.സി.ജോര്‍ജും പെണ്‍വാണിഭങ്ങളുമെല്ലാം തകര്‍ത്താടുകയാണ്‌.ഇവയ്ക്കിടയിലേയ്ക്കാണ്‌ സാഹിത്യരംഗത്ത്‌ നിന്ന്‌ പ്രമാദമായ രണ്ട്‌ വിവാദം തുമ്പിക്കൈവണ്ണത്തില്‍ പെയ്തിറങ്ങുന്നത്‌.
മലയാളത്തിന്റെ പ്രിയ കവിയും ഗാനരചിയിതാവുമായ വയലാര്‍ രാമവര്‍മ്മയുടെ മരണകാരണവും കവിയും ജ്ഞാനപീഠ പുരസ്ക്കാര ജേതാവുമായ ഒഎന്‍വി കുറുപ്പിന്റെ കവിതാമോഷണവുമാണ്‌ പ്രക്ഷുബ്ധതയുടെ തിരയേറ്റമുണ്ടാക്കുന്നത്‌.




ആതിരേ,ഇവിടിപ്പോഴും മഴ തിമിര്‍ത്ത്‌ പെയ്തിറങ്ങുകയാണ്‌. "കല്ലുരുക്കുന്ന കന്നി " പിറക്കാന്‍ രണ്ടു ദിവസം മാത്രം ബാക്കിയുള്ളപ്പോഴും കാലവര്‍ഷ ദിനങ്ങളെ തോല്‍പ്പിക്കുന്ന രീതിയിലാണ്‌ മഴയുടെ മുടിയഴിച്ചാട്ടം.സാഗര-സമയസീമകള്‍ക്കകലെ പ്രവാസത്തിന്റെ കൊടും ചൂടുലുരുകുമ്പോള്‍ കേരളത്തിലെ ഈ കുളുര്‍ദിനങ്ങള്‍ നിന്നില്‍ അസൂയയുണര്‍ത്തുന്നില്ലേ..?
ഈ തോരാമഴയെ ലജ്ജിപ്പിച്ചാണ്‌ തോല്‍പ്പിച്ചാണ്‌ കേരളത്തില്‍ വിവാദങ്ങളുടെ പെരുമഴക്കാലം.പെട്രോള്‍ വിലവര്‍ദ്ധനയും,പി.സി.ജോര്‍ജും പെണ്‍വാണിഭങ്ങളുമെല്ലാം തകര്‍ത്താടുകയാണ്‌.ഇവയ്ക്കിടയിലേയ്ക്കാണ്‌ സാഹിത്യരംഗത്ത്‌ നിന്ന്‌ പ്രമാദമായ രണ്ട്‌ വിവാദം തുമ്പിക്കൈവണ്ണത്തില്‍ പെയ്തിറങ്ങുന്നത്‌.
മലയാളത്തിന്റെ പ്രിയ കവിയും ഗാനരചിയിതാവുമായ വയലാര്‍ രാമവര്‍മ്മയുടെ മരണകാരണവും കവിയും ജ്ഞാനപീഠ പുരസ്ക്കാര ജേതാവുമായ ഒഎന്‍വി കുറുപ്പിന്റെ കവിതാമോഷണവുമാണ്‌ പ്രക്ഷുബ്ധതയുടെ തിരയേറ്റമുണ്ടാക്കുന്നത്‌.
നമുക്ക്‌ ആദ്യം വയലാറിലേയ്ക്ക്‌ ചെല്ലാം
വയലാര്‍ രാമവര്‍മ്മയുടെ മരണം ആശുപത്രി അധികൃതരുടെ കൈപ്പിഴ മൂലമാണത്രേ..! തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്കു ശേഷം കൊടുത്ത രണ്ടാമത്തെ കുപ്പി രക്തം രാമവര്‍മ്മയുടെ ഗ്രൂപ്പില്‍പ്പെട്ടതായിരുന്നില്ലെന്ന ഏഴാച്ചേരി രാമചന്ദ്രന്റെ വെളിപ്പെടുത്തലാണ്‌ വിവാദത്തിന്‌ വഴിമരുന്നിട്ടിരിക്കുന്നത്‌.
ചെറുകഥാകൃത്ത്‌ സന്തോഷ്‌ എച്ചിക്കാനത്തിന്‌ പ്രഥമ ഹരിശ്രീ രാധാകൃഷ്ണന്‍ പുരസ്കാരം സമ്മാനിച്ചതിന്‌ ശേഷം നടത്തിയ പ്രസംഗത്തിലാണ്‌ ഏഴാച്ചേരിയുടെ "ഞെട്ടിക്കുന്ന" വെളിപ്പെടുത്തല്‍ .
വയലാര്‍ രാമവര്‍മ്മയുടെ അവസാന നാളുകളിലെ ചികിത്സ തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലായിരുന്നു. ഡോക്ടര്‍ പി.കെ.ആര്‍ വാര്യര്‍ ശസ്ത്രക്രിയ നടത്തി. അതിനു ശേഷം കൊടുത്ത രണ്ടാമത്തെ കുപ്പി രക്തം വയലാറിന്റെ ഗ്രൂപ്പില്‍പ്പെട്ടതായിരുന്നില്ല. ഈ രക്തം സ്വീകരിച്ചയുടന്‍ മരണം സംഭവിച്ചു - ഏഴാച്ചേരി വെളിപ്പെടുത്തി.
ഇക്കാര്യം പുറത്തറിഞ്ഞാല്‍ ഉണ്ടായേക്കാവുന്ന പ്രത്യാഘാതം മനസിലാക്കിയ ഡോക്ടറും ആശുപത്രിയില്‍ ഉണ്ടായിരുന്ന മറ്റുള്ളവരും രക്തഗ്രൂപ്പ്‌ മാറിയ വിവരം രഹസ്യമായി സൂക്ഷിച്ചു. അന്ന്‌ ആശുപത്രിയില്‍ ഉണ്ടായിരുന്ന ഒരു നേതാവില്‍ നിന്നാണ്‌ താന്‍ ഈ വിവരം അറിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു..
ഇതിനെക്കുറിച്ച്‌ ആധികാരികമായി സംസാരിക്കേണ്ട ആരും ഇന്നു ജീവിച്ചിരിപ്പില്ല. എന്നാലും തനിക്കറിയാവുന്ന കാര്യം പങ്കുവെയ്ക്കുകയാണ്‌. 1975 ഒക്ടോബര്‍ ഇരുപത്തിയേഴിന്‌ നാല്‍പത്തിയേഴാമത്തെ വയസിലാണ്‌ വയലാര്‍ അന്തരിച്ചത്‌.ഏഴാച്ചേരി പറഞ്ഞു
ഇത്രയും വാര്‍ത്ത.ഇനിയിത്‌ വിവാദം.കൊഴുക്കട്ടെ.ദുരന്തങ്ങളും വിവാദങ്ങളും ആഘോഷിക്കാന്‍ നമ്മുടെ മാദ്ധ്യമങ്ങള്‍ക്ക്‌ നല്ല ശൗര്യവും കൗശലവുമുണ്ടല്ലോ.പി.സി ജോര്‍ജിനെ വിട്ടിട്ട്‌ ചാടിപ്പിടിക്കാന്‍ പുതിയ ' വഹ'യായി.ചാനല്‍ ചര്‍ച്ചാത്തൊഴിലാളികള്‍ക്കും ചാകര.വിവാദക്കടലിനക്കരെ പോയി വരുന്നവര്‍ എന്തു കൊണ്ടുവരുമെന്ന്‌ കത്തിരിക്കുക
അതിനിടയില്‍ വയലാറിന്റെ അന്ത്യ ദിനങ്ങളെക്കുറിച്ച്‌ അദ്ദേഹത്തിന്റെ ജീവചരിത്രകാരന്‍, ചേലങ്ങാട്ട്‌ ഗോപാലകൃഷണന്‍ എന്താണ്‌ രേഖപ്പെടുത്തിയിട്ടുള്ളതെന്ന്‌ നമുക്കു തെരയാം

വയലാറിന്റെ അവസാന യാത്ര
"1974 അവസാനമായപ്പോഴേക്കും രാമവര്‍മ ശാരീരികമായി ഏറെ പരിക്ഷീണനായിരുന്നു. യാത്രകള്‍ കുറച്ച്‌ വീട്ടിലിരുന്ന്‌ എഴുതിയാലോ എന്ന ആലോചനയിലായിരുന്നു അദ്ദേഹം. പക്ഷേ, റിക്കോര്‍ഡിങ്‌ വേളകളിലും അതിനുമുന്‍പ്‌ ഗാനങ്ങള്‍ ചിട്ടപ്പെടുത്തുമ്പോഴും തന്റെ സാന്നിധ്യം ആവശ്യമായതിനാല്‍ അദ്ദേഹത്തിനതിന്‌ കഴിഞ്ഞില്ല. ചിലനേരങ്ങളില്‍ അടിവയറില്‍ ചെറിയ വേദനയുണ്ടാകുന്നത്‌ അദ്ദേഹം കാര്യമാക്കിയിരുന്നില്ല. അപ്പോഴും ധാരാളം ചിത്രങ്ങള്‍ക്ക്‌ പാട്ടെഴുതാമെന്ന്‌ അദ്ദേഹം സമ്മതിച്ചിരുന്നു. മദ്രാസിനു പകരം ആലുവയോ എറണാകുളമോ ആലപ്പുഴയോ സ്ഥിരം താവളമാക്കിയാലോ എന്നൊരാലോചനയും ഇക്കാലത്ത്‌ അദ്ദേഹത്തിനില്ലാതിരുന്നിട്ടില്ല.
ആയിടെ അദ്ദേഹം കചദേവയാനി എന്ന ചിത്രത്തിന്‌ ഒരു തിരക്കഥയും രചിച്ചു. ഇതിന്റെ രചനാവേളയില്‍ പലപ്പോഴും ഞാനും സന്നിഹിതനായിരുന്നു. തിരക്കഥാരചനയുടെ പ്രാരംഭമായി പ്രഗത്ഭരായ ചില വിദേശ ചലച്ചിത്രകാരന്മാരുടെ തിരക്കഥകളും അദ്ദേഹം വായിച്ചു. ചില പുസ്തകങ്ങള്‍ ഞാനും സംഘടിപ്പിച്ചു കൊടുത്തു. നേരത്തേ ചില തിരക്കഥാരചനകളില്‍ കൂട്ടുചേര്‍ന്നതിനാല്‍ എനിക്ക്‌ ഇക്കാര്യത്തില്‍ അല്‍പം പരിചയവും ഇല്ലാതില്ല. അതിനാലാണ്‌ ഇടയ്ക്കിടെ എന്നെ വിളിച്ചുവരുത്തുന്നത്‌. അദ്ദേഹമെഴുതിയ ആദ്യത്തെതും അവസാനത്തേതുമായ ഈ തിരക്കഥ സിനിമയാക്കുമ്പോള്‍ സംവിധായകനായി എന്‍. ശങ്കരന്‍നായരെയാണു നിശ്ചയിച്ചത്‌.
വര്‍ഷങ്ങള്‍ക്കു മുന്‍പേ ഞാന്‍ ടെലിഫോണ്‍കണക്ഷന്‍ എടുത്തിരുന്നതിനാല്‍ രാമവര്‍മ ഫോണില്‍ വിളിക്കുകയാണു പതിവ്‌. 1975 ഒക്ടോബര്‍ 19ന്‌ രാവിലെ പത്തു മണിയോടെ എനിക്ക്‌ രാമവര്‍മയുടെ ഒരു ഫോണ്‍ കോള്‍ വന്നു. 'ഗോപീ, താനൊന്നിവിടെവരെ വാ. ഒന്നുരണ്ടു കാര്യമുണ്ട്‌, ഊണിവിടെ കഴിക്കാം.' ഞാന്‍ ഉച്ചയോടെ ചെന്നു. നാലുകെട്ടിന്റെ നടുമുറ്റത്ത്‌ ചാരുകസേരയില്‍ ഇരിക്കുകയാണ്‌ രാമവര്‍മ. മുന്നിലെ പലകമേല്‍ കുറച്ചു കടലാസുകളുണ്ട്‌. എന്തോ എഴുതിക്കൊണ്ടിരിക്കുകയാണ്‌. 'നമ്മുടെ ആ തിരക്കഥയില്ലേ, കചദേവയാനി, ആ തിരക്കഥയെഴുതുവാ, എടോ ഈ കളര്‍ കോമ്പിനേഷന്റെ അറേഞ്ച്മെന്റ്‌ വിവരിക്കുന്ന പുസ്തകങ്ങള്‍ വല്ലതും തന്റെ കൈയിലുണ്ടോ. ഉണ്ടെങ്കി ഒന്നു വേണം. പഴയ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്‌ കണ്‍സപ്റ്റ്‌ വെച്ച്‌ കളര്‍പടത്തിന്‌ തിരക്കഥയെഴുതിയാല്‍ ശരിയാവില്ല. തിരക്കഥാരചന എന്ന പുസ്തകമെഴുതിയ തനിക്കിത്തരം പുസ്തകങ്ങളറിയാമല്ലോ? തനിക്കിതിന്റെ ഗുട്ടന്‍സുമറിയാമല്ലോ? അല്ലേ? താനും ഇക്കാര്യത്തില്‍ എന്റെകൂടെ വേണം.' രാമവര്‍മ പറഞ്ഞുനിര്‍ത്തി. അപ്പോള്‍ ഉച്ചയായി. 'എങ്കിലേ ഇനി ഊണുകഴിച്ചിട്ടിരിക്കാം.' ഞങ്ങള്‍ ഊണുകഴിക്കാനിരുന്നു. അപ്പോള്‍ രാമവര്‍മ പറഞ്ഞു: 'ഗോപീ, മറ്റന്നാള്‍ (ഒക്ടോബര്‍ 21) ചങ്ങനാശ്ശേരിക്ക്‌ പോണം. അവിടെ എന്‍.എസ്‌.എസ്‌. കോളേജില്‌ അവരുടെ ആര്‍ട്സ്‌ ക്ലബ്ബിന്റെ ഉദ്ഘാടനത്തിനാ. താനുറപ്പായിട്ടും ഉണ്ടാവണം. ഉച്ചകഴിഞ്ഞാ പരിപാടി.' അന്ന്‌ തെങ്ങിന്‍ചുവട്‌ വളമിട്ട്‌ മൂടാന്‍ പണിക്കാര്‍ വരുമെന്നും എനിക്ക്‌ അസൗകര്യമാണെന്നും ഞാനറിയിച്ചു. 'താനത്‌ എങ്ങനെയെങ്കിലും അഡ്ജസ്റ്റ്‌ ചെയ്ത്‌ വാ.' രാമവര്‍മ നിര്‍ബന്ധിച്ചു. നോക്കട്ടെയെന്നായി ഞാന്‍. പാചകക്കാരന്‍ ബാലന്‍ പണിക്കര്‍ വീണ്ടും ചോറുവിളമ്പിത്തന്നു. 'ഞാന്‍ ആലപ്പുഴ അശോകാഹോട്ടലില്‍ ഉണ്ടാകും. ഒന്നുരണ്ട്‌ പാട്ടെഴുതാനുണ്ട്‌. ഒരു കാര്യം ചെയ്യാം. വര്‍ഗീസിനെ (മാതൃഭൂമി ലേഖകന്‍) വിളിക്കാം. അയാള്‍ക്ക്‌ പറ്റിയില്ലെങ്കി തന്നെ വിളിക്കാം. അയാളില്ലെങ്കി താനുറപ്പായിട്ടും ആലപ്പുഴയില്‍ വരണം. സദാശിവനും (രാമവര്‍മയുടെ ഡ്രൈവര്‍) കാറും അവിടെയുണ്ടാകും.'
'ശരി' എന്നു പറഞ്ഞ്‌ ഞാന്‍ ഊണ്‌ അവസാനിപ്പിച്ചു. കൈകഴുകി. വീണ്ടും നടുമുറ്റത്തിന്റെ മുന്നിലേക്ക്‌. രാമവര്‍മ ചാരുകസേരയില്‍ കിടന്നു. ട്രിപ്പിള്‍ഫൈവ്‌ സിഗരറ്റിന്‌ തീകൊളുത്തി. എതിരേയുള്ള കസേരയില്‍ കാലുനീട്ടി ചാഞ്ഞ്‌ ഞാനുമിരുന്നു. അപ്പോള്‍ വിഷയം ഫിലിംസ്റ്റുഡിയോയെക്കുറിച്ചായി. സ്വന്തമായി ഒരു ഫിലിംസ്റ്റുഡിയോ തുടങ്ങുന്നതിനെക്കുറിച്ച്‌ രാമവര്‍മ കുറച്ചുനാളായി ആലോചിക്കുന്നുണ്ടായിരുന്നു. 'ഗോപീ സ്റ്റുഡിയോയ്ക്ക്‌ സ്കോപ്പ്‌ ഇപ്പോഴും തമിഴ്‌നാട്ടില്‍ത്തന്നാ. മലയാളപടത്തെ മദ്രാസ്‌ വിട്ടുവരാന്‍ അവിടത്തെ എന്റര്‍പ്രണേഴ്സ്‌ സമ്മതിക്കില്ല. അവരും പ്രൊഡ്യൂസര്‍മാരും തമ്മില്‍ ഒരു കയ്യാ.' രാമവര്‍മ പറഞ്ഞു. 'ഫിലിംസ്റ്റുഡിയോ നടത്തി കൈ മാത്രമല്ല ദേഹമാസകലം പൊള്ളിയവനാ ഞാന്‍. എന്നോടു ചോദിച്ചാല്‍ വേണ്ടെന്നേ ഞാന്‍ പറയൂ. തിരുമേനി പറഞ്ഞില്ലേ ആ എന്റര്‍പ്രണര്‍മാര്‍. അവരും നമ്മുടെ ചില മലയാളികളുംകൂടി പാരവെക്കും.' ഞാന്‍ പറഞ്ഞു. 'ആ, വരട്ടെ' എന്റെ മനസ്സില്‍ കിടന്നത്‌ ഞാനൊന്ന്‌ പറഞ്ഞന്നേയുള്ളൂ.' രാമവര്‍മ സ്റ്റുഡിയോ വര്‍ത്തമാനം അവസാനിപ്പിച്ചു. വൈകിട്ട്‌ കാപ്പികുടിയും കഴിഞ്ഞ്‌ ഞാനിറങ്ങി. ഇറങ്ങാന്‍നേരത്തും അദ്ദേഹം പറഞ്ഞു: 'ഞാന്‍ തന്നെ വിളിക്കാം, വര്‍ഗീസില്ലെങ്കി, ഒറപ്പായിട്ടും വരണം.' ശരി എന്നു പറഞ്ഞ്‌ ഞാനിറങ്ങി വീട്ടിലേക്കു നടന്നു.
ഒക്ടോബര്‍ 21 ന്‌ രാവിലെ ഏതാണ്ട്‌ പതിനൊന്നു മണിയായിക്കാണും. ഫോണ്‍ബെല്ലടിച്ചു. ഉദ്ദേശിച്ചപ്പോലെ രാമവര്‍മതന്നെ അങ്ങേത്തലയ്ക്കല്‍.
'ഗോപീ, വര്‍ഗീസിന്‌ വരാന്‍ പറ്റില്ലെടോ. ജോലിത്തിരക്കാ. താനിങ്ങ്‌ പോര്‌. ഞാന്‍ അശോകയിലൊണ്ട്‌.' രാമവര്‍മ.
'എനിക്കിന്ന്‌ പണിക്കാരൊണ്ട്‌. അവരുടെ കൂടെ നിക്കുവാ. കണ്ണ്‌ തെറ്റിയാ അവന്‍മാര്‌ പണിയെടുക്കില്ല. ഞാന്‍ പോന്നാ കാര്യം കുഴപ്പത്തിലാകും. അതുകൊണ്ട്‌...' പറഞ്ഞുനിര്‍ത്തുംമുന്‍പ്‌ രാമവര്‍മ കയറിപ്പറഞ്ഞു:
'എടോ എനിക്ക്‌ ഒരസ്വസ്ഥതയുണ്ട്‌. എന്താണെന്നറിയില്ല. ആരെങ്കിലും കൂടെ വേണം. അതാ തന്നെ നിര്‍ബന്ധിക്കണത്‌.' ഇതു കേട്ടപ്പോള്‍ ഞാനറിയാതെ പറഞ്ഞുപോയി 'ആ വരാം'.
ഞാന്‍ ആലപ്പുഴയ്ക്ക്‌ ബസ്സില്‍ പോയി. അശോകാഹോട്ടലില്‍ ചെന്ന്‌ രാമവര്‍മയുടെ മുറിയിലേക്കു പോയി. അപ്പോള്‍ അവിടെ തകഴിച്ചേട്ടനുണ്ട്‌. എന്നെ കണ്ടപാടെ ചേട്ടന്‍ പറഞ്ഞു: 'നീ വരുമെന്ന്‌ ഇവന്‍ പറഞ്ഞു. വര്‍ഗീസിന്‌ പണി കൂടുതലാ. നിങ്ങള്‌ രണ്ടുംകൂടി ചങ്ങനാശ്ശേരിക്ക്‌ പോകുവല്ലേ.' തകഴിച്ചേട്ടന്‍ എന്നെ 'എടാ' എന്നാണ്‌ വിളിക്കാറ്‌. സ്വന്തം അനുജനെപ്പോലെ എന്നെ സ്നേഹിച്ച തനി ശുദ്ധ കുട്ടനാടന്‍ ഗ്രാമീണനായര്‍. അപ്പോഴേക്കും ഊണ്‌ മുറിയിലെത്തിച്ചു. ഞങ്ങള്‍ മൂവരും ഊണ്‌ കഴിച്ചു. രാമവര്‍മ പതുക്കെയാണ്‌ കഴിക്കുന്നത്‌. ഞങ്ങള്‍ രണ്ടുപേരും കൈകഴുകി. രാമവര്‍മയുടെ ട്രിപ്പിള്‍ഫൈവ്‌ സിഗരറ്റ്‌ കൂടില്‍നിന്ന്‌ തകഴി ഒരെണ്ണമെടുത്ത്‌ കത്തിച്ച്‌ പുറത്തേക്കിറങ്ങി. എന്നെ വിളിച്ചു. ശബ്ദം താഴ്ത്തിപ്പറഞ്ഞു: 'എന്താടാ ഇവന്‌ അസുഖം. നീ വരുംമുന്‍പ്‌ എന്നെ കെട്ടിപ്പിടിച്ചിവന്‍ കരഞ്ഞെടാ. ചേട്ടാ എനിക്കിനി അധികകാലമില്ല, ഞാന്‍ മരിക്കുമെന്നൊക്കെപ്പറഞ്ഞാ കരഞ്ഞേ. നിനക്ക്‌ വല്ലതും അറിയാമോ ഇവന്‌ എന്താ അസുഖോന്ന്‌.'
ഞാനൊന്നും മിണ്ടിയില്ല. മുഖം കുനിച്ചും കൈകള്‍ തമ്മില്‍ത്തിരുമ്മിയും നിന്നു. തകഴിച്ചേട്ടന്റെ വര്‍ത്തമാനം എന്റെ മുഖത്തെ സന്തോഷം കെടുത്തിക്കളഞ്ഞു. പിന്നേയും തകഴിച്ചേട്ടന്‍ പറഞ്ഞു: 'എടാ നമ്മുടെ മാതൃഭൂമി വര്‍ഗീസില്ലേ. അയാള്‍ ഞാന്‍ വരുംമുമ്പ്‌ ഇവിടെ വന്നു. അയാളെയും കെട്ടിപ്പിടിച്ച്‌ കുട്ടന്‍ കരഞ്ഞു. അയാളിറങ്ങാന്‍ നേരത്താ ഞാന്‍ വന്നത്‌. എന്നെ മാറ്റിനിര്‍ത്തിയാ വര്‍ഗീസ്‌ ഇക്കാര്യം പറഞ്ഞേ. എടാ എന്തെങ്കിലുമൊണ്ടെങ്കി നീതന്നെ കുട്ടനോട്‌ ചോദിക്ക്‌. എവിടെയെങ്കിലും കൊണ്ടുപോകണോങ്കിപ്പറ. ഞാനും വരാം. നമ്മുടെ പിടിപാടുകള്‍ ഇതിനൊക്കെയല്ലേടാ ഉപയോഗിക്കേണ്ടേ. ആ, എനിക്ക്‌ ആലപ്പുഴയിലിത്തിരി കാര്യോണ്ട്‌. അതുകഴിഞ്ഞേ ഞാന്‍ തകഴിക്കൊള്ളൂ.'
അപ്പോഴേക്കും രാമവര്‍മ കൈകഴുകി സിഗരറ്റിന്‌ തീ കൊളുത്തി ഞങ്ങളുടെയടുത്തേക്ക്‌ വന്നു. ഏതാനും മിനിട്ടുകള്‍ക്കകം തകഴിച്ചേട്ടന്‍ യാത്രപറഞ്ഞ്‌ ഇറങ്ങി. രണ്ടു മണിയോടെ ഞങ്ങളും കാറില്‍ ചങ്ങനാശ്ശേരിക്ക്‌ യാത്രയായി. മൂന്നു മണിയോടെ ഞങ്ങള്‍ എന്‍.എസ്‌.എസ്‌. കോളേജിലെത്തി. വേദിയിലപ്പോഴുണ്ടായിരുന്ന എല്‍.പി.ആര്‍. വര്‍മയെ കെട്ടിപ്പിടിച്ച്‌ 'ഉദകം, നിനക്ക്‌ അന്ത്യോദകം...' എന്ന പാട്ട്‌ പാടാന്‍ നിര്‍ബന്ധിച്ചു. എല്‍.പി.ആര്‍. പാടി.
പരിപാടി കഴിഞ്ഞ്‌ മടങ്ങിയപ്പോഴേക്കും പടിഞ്ഞാറന്‍ചക്രവാളത്തില്‍നിന്ന്‌ സൂര്യന്‍ മറഞ്ഞിരുന്നു. എടത്വവഴിയാണ്‌ ഞങ്ങള്‍ വന്നത്‌. വരുമ്പോള്‍ രാമവര്‍മയ്ക്ക്‌ വല്ലാത്ത അസ്വസ്ഥത തോന്നി. കാറിന്റെ പിന്‍സീറ്റിന്റെ ഒരു വശത്തേക്ക്‌ ചരിഞ്ഞുകിടന്നു. വയറില്‍ കൈകൊണ്ട്‌ ചെറുതായി ഇടയ്ക്കിടെ അമര്‍ത്തിക്കൊണ്ടിരുന്നു. എന്താണെന്ന്‌ ഞാന്‍ തിരക്കിയപ്പോള്‍ ഛര്‍ദിക്കാന്‍ വരുന്നുണ്ടെന്ന്‌ പറഞ്ഞു. 'ഡോക്ടറെ കാണണോ?' ഞാന്‍ ചോദിച്ചു. 'ഏയ്‌ വേണ്ട. ഉച്ചയ്ക്ക്‌ കഴിച്ച ഊണിന്റെ ആയിരിക്കും.' രാമവര്‍മ പറഞ്ഞു. എങ്കിലും അസ്വസ്ഥത തുടര്‍ന്നു. അപ്പോള്‍ വിയര്‍ക്കുന്നുണ്ടായിരുന്നു. 'എന്തേ വിയര്‍ക്കുന്നത്‌?' ഞാന്‍ തിരക്കി.
'വല്ല പനിയോ വല്ലതും വരാന്‍ പോവായിരിക്കും.' അദ്ദേഹത്തിന്റെ മറുപടി.
കാര്‍ വളരെ പതുക്കെയാണ്‌ സദാശിവന്‍ ഓടിക്കുന്നത്‌. ആലപ്പുഴ പട്ടണത്തിന്‌ തെക്കുവശമുള്ള കളര്‍കോട്ട്‌ കാര്‍ എത്തിയപ്പോള്‍ രാമവര്‍മ ഛര്‍ദിച്ചു. വിയര്‍ത്തുകുളിച്ചു. ഷര്‍ട്ടിന്റെ ബട്ടന്‍സുകളെല്ലാം അഴിച്ചിട്ടു. ഛര്‍ദിയില്‍ അല്‍പം ചുവപ്പ്‌. 'നമുക്ക്‌ ആലപ്പുഴയിലെ ഏതെങ്കിലും ഡോക്ടറെ കണ്ടാലോ?' ഞാന്‍ ചോദിച്ചു. 'വേണ്ട.' രാമവര്‍മ ബുദ്ധിമുട്ടിപ്പറഞ്ഞു. കാര്‍ പതുക്കെ ആലപ്പുഴ പട്ടണത്തിലേക്കു കടക്കുകയാണ്‌. അപ്പോഴേക്കും വിയര്‍ത്തുകുളിച്ച കണക്കെയായി രാമവര്‍മ. ഷര്‍ട്ട്‌ ഊരാന്‍ അദ്ദേഹം ശ്രമിച്ചപ്പോള്‍ ഞാനും സഹായിച്ചു. പോക്കറ്റിലെ ട്രിപ്പിള്‍ഫൈവ്‌ സിഗരറ്റ്‌ പാക്കറ്റ്‌ ഞാനെടുത്ത്‌ എന്റെ പോക്കറ്റിലിട്ടു (ഈ സിഗരറ്റ്‌ പാക്കറ്റ്‌ ഇപ്പോഴും ഞാന്‍ ആ അവസാനയാത്രയുടെ ഓര്‍മയ്ക്കായി സൂക്ഷിക്കുന്നു). വളരെ സൂക്ഷിച്ച്‌ പതുക്കെ വയലാര്‍ ലക്ഷ്യമാക്കി കാര്‍ ഓടിക്കുകയാണ്‌ സദാശിവന്‍. ആലപ്പുഴ കഴിഞ്ഞ്‌ കലവൂര്‍ കഴിഞ്ഞപ്പോള്‍ രാമവര്‍മ പറഞ്ഞു: 'ഛര്‍ദിച്ചപ്പോള്‍ വല്ലാത്ത ആശ്വാസം.' അപ്പോഴും ഞാന്‍ പറഞ്ഞു: 'ഡോക്ടറെ ആരെയെങ്കിലും ഒന്നു കണ്ടാലോ.' 'വേണ്ടെന്നേ, വീട്ടില്‍ പോയി ഒന്നു കിടന്നാമതി. മാറിക്കോളും.' അപ്പോഴും രാമവര്‍മ വിലക്കി. ഛര്‍ദിയില്‍ കണ്ട ചുവപ്പായിരുന്നു എന്റെ ഭയം. കാരണം, അത്‌ രക്തമായിരുന്നു. അദ്ദേഹം ഇത്‌ അറിയുന്നില്ലല്ലോ. ചേര്‍ത്തലയിലെത്തിയപ്പോഴേക്കും വല്ലാത്ത ആശ്വാസം തോന്നി. എന്നെ ചേര്‍ത്തലയില്‍ ഇറക്കി. അപ്പോഴേക്കും സമയം രാത്രി പത്തു മണികഴിഞ്ഞിരുന്നു. നാളെ കാണാമെന്നു പറഞ്ഞ്‌ ഞങ്ങള്‍ പിരിഞ്ഞു.
മാതൃഭൂമി ലേഖകന്‍ എം.എം. വര്‍ഗീസിനെക്കുറിച്ചുകൂടി പറഞ്ഞാലേ ഒരു പൂര്‍ണത വരൂ. ആലപ്പുഴ ബ്യൂറോ ചീഫായിരുന്ന വര്‍ഗീസ്‌ ആലപ്പുഴജില്ലയുടെ ചരിത്രത്തെക്കുറിച്ച്‌ നല്ല അറിവുള്ളയാളായിരുന്നു. അക്കാലത്ത്‌ ആലപ്പുഴയില്‍ വരുന്ന സാഹിത്യസാംസ്കാരിക പ്രമുഖരെല്ലാം വര്‍ഗീസിന്റെ ഓഫീസില്‍ വരുമായിരുന്നു. വയലാര്‍പുന്നപ്ര സമരത്തെക്കുറിച്ച്‌ ആധികാരികമായി ഒരു പുസ്തകം എഴുതിയിട്ടുള്ള വര്‍ഗീസ്‌ വര്‍ഷങ്ങള്‍ നീണ്ട പഠനംതന്നെ ഇതിനുവേണ്ടി നടത്തി. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഇത്‌ പരമ്പരയായി എഴുതിയിരുന്നു. അന്നുവരെയുള്ള വയലാര്‍പുന്നപ്ര പഠനങ്ങളും എഴുത്തുകളും ഒരു പക്ഷം ചേര്‍ന്നുനിന്നുകൊണ്ടുള്ളതായിരുന്നതിനാല്‍ നിഷ്പക്ഷത നഷ്ടപ്പെട്ടിരുന്നു. അതാണ്‌ വര്‍ഗീസിന്റെ പുസ്തകത്തിന്‌ ആധികാരികത കൈവന്നത്‌.
അന്ത്യദിനങ്ങള്‍
പിറ്റേദിവസം (ഒക്ടോബര്‍ 22) രാവിലെ ഞാന്‍ വീട്ടില്‍ വിളിച്ചപ്പോള്‍ രാമവര്‍മ ഉറങ്ങുകയാണെന്ന്‌ അമ്മ പറഞ്ഞു. വിളിക്കണ്ടായെന്ന്‌ ഞാന്‍ പറഞ്ഞു ഫോണ്‍ താഴെവെച്ചു. ഉച്ചയോടെ ഉണര്‍ന്ന്‌ വീട്ടില്‍ വന്ന ഒരു അതിഥിയുമായി സംസാരിച്ചിരിക്കെ പെട്ടെന്ന്‌ ഛര്‍ദിക്കാന്‍ തുടങ്ങി. ഉടന്‍തന്നെ ചേര്‍ത്തല ഗ്രീന്‍ഗാര്‍ഡന്‍സ്‌ ഹോസ്പിറ്റലിലേക്കു കൊണ്ടുപോയി. കൊണ്ടുപോകുമ്പോള്‍ ഡോ. ഗംഗാധരനാണ്‌ രാമവര്‍മയ്ക്കു വേണ്ട പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയത്‌. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും തുടരെത്തുടരെ രക്തം ഛര്‍ദിക്കാന്‍ തുടങ്ങി. ഇതിനിടയില്‍ പ്രമുഖ സര്‍ജനായ ഡോ. സി.പി. പിള്ളയുമെത്തി അദ്ദേഹത്തെ പരിശോധിച്ചു. അപ്പോഴേക്കും അദ്ദേഹത്തിന്റെ ബോധം നശിച്ചിരുന്നു. ഇതിനിടെ രക്തം നല്‍കാന്‍ തുടങ്ങി.
രാമവര്‍മയുടെ നില ഗുരുതരമാണെന്ന വാര്‍ത്ത കാട്ടുതീപോലെ പടര്‍ന്നു. മുഖ്യമന്ത്രിയായിരുന്ന സി. അച്യുതമേനോന്‍ വിദഗ്ധഡോക്ടര്‍മാരടങ്ങിയ ഒരു സംഘത്തെ ചേര്‍ത്തലയ്ക്കയച്ചു. ഈ സമയത്ത്‌ ഞാനും ആശുപത്രിയിലെത്തി. ഡോ. പി.കെ.ആര്‍. വാര്യരും, ഡോ. രാമചന്ദ്രനും അക്കാലത്ത്‌ തിരുവനന്തപുരം മെഡിക്കല്‍കോളേജിലെ പേരെടുത്ത ഡോക്ടര്‍മാരായിരുന്നു. അവരാണ്‌ ചേര്‍ത്തലയ്ക്കു വന്നത്‌. അപ്പോഴും രക്തം പുറത്തേക്ക്‌ ഒഴുകിക്കൊണ്ടിരുന്നു. രാത്രിയോടെ ഡോക്ടര്‍മാരുടെ സംഘമെത്തി. രക്തം വാര്‍ന്നുപോകുന്നത്‌ നിന്നാല്‍ മാത്രമേ തിരുവനന്തപുരം മെഡിക്കല്‍കോളേജിലേക്കു കൊണ്ടുപോകാന്‍ കഴിയൂ എന്ന്‌ അവര്‍ പറഞ്ഞു, രാത്രി അവസാനിച്ച്‌ നേരം പുലരുവോളം ഈ സ്ഥിതിക്ക്‌ മാറ്റമില്ലായിരുന്നു. എന്നു മാത്രമല്ല അര്‍ധരാത്രി രക്തം ഛര്‍ദിച്ചത്‌ ഡോക്ടര്‍മാരെ ആശങ്കാകുലരാക്കി. 23ാ‍ം തീയതി രാവിലെ ആയപ്പോഴേക്കും സ്ഥിതി അല്‍പം മെച്ചപ്പെടാന്‍ തുടങ്ങി. ഇടയ്ക്ക്‌ ബോധം തെളിയുകയും ചെയ്തതോടെ ഡോക്ടര്‍മാര്‍ക്ക്‌ പ്രത്യേകിച്ച്‌ ഡോ. വാര്യര്‍ക്ക്‌ ആത്മവിശ്വാസമായി. സന്ധ്യകഴിഞ്ഞ്‌ തിരുവനന്തപുരത്തേക്ക്‌ ആംബുലന്‍സില്‍ കൊണ്ടുപോകാനും തീരുമാനിച്ചു. ഗ്ലൂക്കോസ്‌ ഡ്രിപ്പും, രക്തവും നല്‍കാനുള്ള സജ്ജീകരണങ്ങളും ആംബുലന്‍സില്‍ പ്രത്യേകം ഒരുക്കി പുറപ്പെട്ടു. പിന്നാലെ ഒരു കാറില്‍ അമ്മയും ഭാര്യാസഹോദരിയും. നല്ല മഴയുണ്ടായിരുന്നതിനാല്‍ പതുക്കെയാണ്‌ ആംബുലന്‍സ്‌ പോയത്‌. ഒക്ടോബര്‍ 24ന്‌ മെഡിക്കല്‍കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അന്നു രാവിലെ ആറിനുള്ള കെ.എസ്‌.ആര്‍.ടി.സി. എക്സ്പ്രസ്‌ ബസ്സില്‍ ഞാന്‍ തിരുവനന്തപുരത്തിന്‌ പുറപ്പെട്ടു. രാമവര്‍മയുടെ 'ലോക്കല്‍ ഗാര്‍ഡിയന്‍മാരായി' അഭിനയിച്ചിരുന്ന പലരും വിവരമറിഞ്ഞിട്ടും പോയില്ല. ഉച്ചയോടെ ഞാന്‍ മെഡിക്കല്‍കോളേജിലെത്തി. ഈ സമയം മുഖ്യമന്ത്രി സി. അച്യുതമേനോനും മന്ത്രി ടി.വി. തോമസും ഒന്നുരണ്ടു തവണ ആശുപത്രിയില്‍ വന്നു പോയിരുന്നു.
അപ്പോഴേക്കും ഭാരതിത്തമ്പുരാട്ടിയെയും തിരുവനന്തപുരത്ത്‌ പഠിക്കുന്ന ശരത്ചന്ദ്രനെയും ഇളയസഹോദരിമാരെയും ആശുപത്രിയില്‍ എത്തിച്ചു.
രാത്രിയോടെ ആരോഗ്യനില വീണ്ടും വഷളായി. ഛര്‍ദി ഒഴിവാക്കാന്‍ കരളില്‍നിന്ന്‌ സ്രവിക്കുന്ന രക്തം ഒരു കുഴലിലൂടെ പുറത്തേക്കൊഴുക്കാന്‍ തുടങ്ങി. അര്‍ധരാത്രിവരെ രക്തം പുറത്തേക്ക്‌ ഒഴുകാതിരുന്നപ്പോള്‍ എല്ലാവര്‍ക്കും ആശ്വാസമായി. എന്നാല്‍, അല്‍പം കഴിഞ്ഞപ്പോള്‍ വീണ്ടും ബ്ലീഡിങ്‌. ഡോക്ടര്‍മാര്‍ ആകെ അസ്വസ്ഥരായി, ഭയപ്പെട്ടു. അവര്‍ തമ്മില്‍ ചര്‍ച്ചയായി. ഒടുവില്‍ ശസ്ത്രക്രിയയ്ക്ക്‌ തീരുമാനിച്ചു. ഈസമയം പി. ഭാസ്കരന്‍, മലയാറ്റൂര്‍, ഒ.എന്‍.വി, ജി. വിവേകാനന്ദന്‍, ഉറൂബ്‌, കെ.എസ്‌. ചന്ദ്രന്‍, പി.സി. സുകുമാരന്‍നായര്‍ തുടങ്ങിയ പ്രമുഖര്‍ ആശുപത്രിയിലെത്തി. അടുത്തദിവസംതന്നെ ശസ്ത്രക്രിയ തീരുമാനിച്ചു. ഉച്ചയ്ക്ക്‌ ഒരു മണിക്ക്‌ ശസ്ത്രക്രിയയ്ക്ക്‌ കൊണ്ടുപോയി. അവിടെയെത്തിയപ്പോള്‍ രാമവര്‍മയ്ക്ക്‌ പനി. ഇതുകാരണം നാലരമണി കഴിഞ്ഞാണ്‌ ശസ്ത്രക്രിയ തുടങ്ങിയത്‌. ഡോ. പി.കെ.ആര്‍. വാര്യര്‍, ഡോ. ബാലകൃഷ്ണന്‍, ഡോ. രാജന്‍, ഡോ. മഹാദേവന്‍, ഡോ. കൃഷ്ണകുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. കരളിലെ രക്തസ്രാവം നിര്‍ത്താനുള്ള ശസ്ത്രക്രിയ നാലരമണിക്കൂറോളം നീണ്ടു. അതിലവര്‍ വിജയിച്ചു. സമാധാനപരമായ കുറെ മണിക്കൂറുകള്‍. ഇടയ്ക്കിടെ ഞാന്‍ ആശുപത്രിയില്‍ വന്നുപോകും. 25ാ‍ം തീയതി അര്‍ധരാത്രിവരെ കുഴപ്പമില്ലാതെ കടന്നുപോയി. എന്നാല്‍ അര്‍ധരാത്രി കഴിഞ്ഞതോടെ രാമവര്‍മയ്ക്ക്‌ ഹൃദ്‌രോഗമുണ്ടായി. ഡോക്ടര്‍മാര്‍ ഇതിനെ വിളിക്കുന്നത്‌ കാര്‍ഡിയാക്‌ അറസ്റ്റ്‌ എന്നാണ്‌. ഏതാനും നിമിഷങ്ങളോളം നിന്നുപോയ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ വീണ്ടെടുക്കുന്നതില്‍ ഡോക്ടര്‍മാര്‍ വിജയിച്ചു. ഇതിനിടയില്‍ കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കാന്‍ തുടങ്ങി. സ്ഥിതി വീണ്ടും ശാന്തമായി. 26ാ‍ം തീയതി ഉച്ചവരെ ഈ ശാന്തത തുടര്‍ന്നു. ഉച്ചകഴിഞ്ഞ്‌ മൂന്നു മണിയോടെ അപ്രതീക്ഷിതമായി എല്ലാം താളംതെറ്റി. രാമവര്‍മയുടെ നില പെട്ടെന്ന്‌ ഗുരുതരമായി. ഡോക്ടര്‍മാര്‍ പഠിച്ച പണിയെല്ലാം പയറ്റാനാരംഭിച്ചു. രാത്രിമുഴുവന്‍ രാമവര്‍മയുടെ ജീവന്‍ രക്ഷിക്കാനുള്ള അന്തിമപോരാട്ടത്തിലായിരുന്നു അവര്‍. ഇതിനിടെ അദ്ദേഹത്തിന്റെ നില വീണ്ടും ഗുരുതരമായതായി താമസിക്കുന്ന ഹോട്ടലില്‍നിന്ന്‌ ഞാന്‍ ആശുപത്രിയിലേക്ക്‌ വിളിച്ചപ്പോള്‍ അറിയാന്‍കഴിഞ്ഞു. അര്‍ധരാത്രിയില്‍ ഞാന്‍ അവിടേക്ക്‌ നടന്നുചെന്നു. അപ്പോഴേക്കും കാര്യങ്ങള്‍ കൈവിടാന്‍ തുടങ്ങിയതായി അറിഞ്ഞു. 27ാ‍ം തീയതി പുലരാന്‍ തുടങ്ങി. സരസ്വതീയാമം പിന്നിട്ടു. കിഴക്ക്‌ വെള്ളകീറലിന്റെ ലക്ഷണങ്ങള്‍. ഇതിനകം കെ.പി.എ.സി.യിലെ കേശവന്‍പോറ്റി സാര്‍ അമ്മയെയും ഭാര്യയെയും മക്കളെയും കൂട്ടിക്കൊണ്ടുവന്ന്‌ രാമവര്‍മയെ കാണിച്ചിരുന്നു.
27ന്‌ നേരം പൂര്‍ണമായി പുലരാനിനി ഒന്നരമണിക്കൂര്‍ മാത്രം. അപ്പോള്‍ സമയം പുലര്‍ച്ചെ നാലര. ഡോ. വാര്യര്‍ ഓപ്പറേഷന്‍ തിയേറ്ററില്‍നിന്ന്‌ പുറത്തേക്ക്‌ വന്നു. ഞാനും അവിടെ കൂടിനിന്നവരും ഓടിച്ചെന്നു. വളരെ വിഷമിച്ച്‌ വേച്ചുവേച്ചു വന്ന അദ്ദേഹം തലതാഴ്ത്തിപ്പറഞ്ഞു: 'പോയി.'
അതെ, വയലാര്‍ രാമവര്‍മ അന്തരിച്ചു. പുലര്‍ച്ചെ നാലരമണി കഴിഞ്ഞ്‌ അഞ്ചുമിനിട്ടുള്ളപ്പോള്‍. ഈ സത്യം ഉള്‍ക്കൊള്ളാന്‍ എനിക്കും അവിടെ കൂടിനിന്നവര്‍ക്കും പിന്നെയും കുറച്ചുസമയം വേണ്ടിവന്നു.
(വയലാര്‍ എന്ന പുസ്തകത്തില്‍ നിന്ന്‌-കടപ്പാട്‌: http://www.mathrubhumi.com/books/story.php?id=1181&cat_id=503)
ആതിരേ,ഒഎന്‍വിയുടെ വിശ്രുത രചനയായ ' ഭൂമിക്കൊരു ചരമഗീതം തന്റെ കവിതയുടെ മോഷണമാണെന്ന കവി ചുണ്ടയില്‍ പ്രഭാകരന്റെ വെളിപ്പെടുത്തലും മറ്റു കാര്യങ്ങളും അടുത്ത പോസ്റ്റില്‍

Friday, September 9, 2011

രാജീവ്‌ വധം: വധശിക്ഷ; രാഷ്ട്രപതി ഭവന്‍ മറുപടി പറയണം

തമിഴ്‌നാട്‌ നിയമസഭാ പ്രമേയത്തിന്റെ ചുവട്‌ പിടിച്ച്‌ പാര്‍ലമെന്റ്‌ ആക്രമണക്കേസില്‍ വധശിക്ഷയ്ക്ക്‌ വിധിക്കപ്പെട്ട അഫ്സല്‍ ഗുരുവിനുവേണ്ടി കാശ്മീര്‍ നിയമസഭ ഒരു പ്രമേയം പാസാക്കിയാല്‍ എന്തായിരിക്കും സ്ഥിതി? രാം ജത്മലാനി വാദിച്ചത്‌ പോലെ പൗരാവകാശ ലംഘനം ചൂണ്ടിക്കാട്ടി, മുംബൈ ഭീകരാക്രമണ കേസിലെ പ്രതി കസബിനുവേണ്ടി പ്രക്ഷോഭം ഉണ്ടായാല്‍ എങ്ങനെ അതിനെ നേരിടും? ഈ നിര്‍ണായക ചോദ്യങ്ങള്‍ക്കും അനുബന്ധിച്ച്‌ ഉയരുന്ന ചോദ്യങ്ങള്‍ക്കുമെല്ലാം ഉത്തരം പറയാന്‍, രാഷ്ട്രപതി ഭവന്‍ ബാദ്ധ്യസ്ഥമാണ്‌,നിര്‍ബന്ധിതമാണ്‌.






ആതിരേ, രാജീവ്‌ വധക്കേസിലെ പ്രതികള്‍, ശ്രീലങ്കന്‍ സ്വദേശികളായ ശാന്തന്‍, മുരുകന്‍; തമിഴ്‌നാട്‌ സ്വദേശി പേരറിവാളന്‍ എന്നിവരെ സെപ്റ്റംബര്‍ ഒന്‍പതിന്‌ തൂക്കിക്കൊല്ലാനുള്ള തീരുമാനത്തിനെതിരെ മദ്രാസ്‌ ഹൈക്കോടതിയും നിയമസഭയും രംഗത്ത്‌ വന്നതോടെ പുതിയ നിയമപ്രശ്നങ്ങള്‍ക്കും പൗരാവകാശ പ്രശ്നങ്ങള്‍ക്കും പ്രസക്തി ഉണ്ടായിരിക്കുകയാണ്‌.
2011 ആഗസ്റ്റ്‌ 26-ാ‍ം തീയതി പ്രതികളുടെ ദയാഹര്‍ജി രാഷ്ട്രപതി പ്രതിഭാ പട്ടീല്‍ തള്ളിയതിനെ തുടര്‍ന്നാണ്‌ സെപ്റ്റംബര്‍ ഒന്‍പതാം തീയതി വധശിക്ഷ നടപ്പിലാക്കാന്‍ തീരുമാനമായത്‌. എന്നാല്‍, എട്ടാഴ്ചത്തേയ്ക്ക്‌ വധശിക്ഷ നടപ്പാക്കുന്നത്‌ മദ്രാസ്‌ ഹൈക്കോടതി സ്റ്റേ ചെയ്യുകയും പ്രതികളുടെ ദയാഹര്‍ജി പുനഃപരിശോധിക്കണമെന്ന്‌ തമിഴ്‌നാട്‌ നിയമസഭ ഏകകണ്ഠമായി പ്രമേയത്തിലൂടെ രാഷ്ട്രപതിയോട്‌ ആവശ്യപ്പെടുകയും ചെയ്തതോടെയാണ്‌ പുതിയ വിവാദം ഉണ്ടായിരിക്കുന്നത്‌.
സുപ്രീംകോടതിയുടെ വിധിക്കെതിരെയുള്ള മദ്രാസ്‌ ഹൈക്കോടതിയുടെ സ്റ്റേയും ദയാഹര്‍ജി പുനഃപരിശോധിക്കാനുള്ള നിയമസഭയുടെ പ്രമേയവും നിയമപരമായി പരിഗണിക്കേണ്ടതില്ലെങ്കിലും ഈ വിഷയം പുതിയ ചര്‍ച്ചകള്‍ക്കാണ്‌ വഴിയൊരുക്കുന്നത്‌.
അതില്‍ പ്രധാനം, ആതിരേ, പ്രതികളുടെ ദയാഹര്‍ജി പരിഗണിക്കാന്‍ രാഷ്ട്രപതി ഭവന്‍ 11 വര്‍ഷവും നാലു മാസവും എടുത്തു എന്നതാണ്‌. ഔദ്യോഗിക വിശദീകരണങ്ങള്‍ എന്തായിരുന്നാലും നിയമപരമായും മനുഷ്യത്വപരമായും ന്യായീകരിക്കാനാവാത്തതാണ്‌ ഈ കാലതാമസം. ഒരര്‍ത്ഥത്തില്‍ ഗൂഢാലോചനയുടെ തലത്തിലോളം വളരുന്നുണ്ട്‌ ഈ കാലവിളംബം. രാജീവിനെ ഉന്മൂലനം ചെയ്യാന്‍ തമിഴ്‌ തീവ്രവാദികള്‍ നടത്തിയ ഗൂഢാലോചന വധശിക്ഷ അര്‍ഹിക്കുന്നതാണെങ്കില്‍ ദയാഹര്‍ജി പരിഗണിക്കുന്നതില്‍ രാഷ്ട്രപതി ഭവന്‍ കാണിച്ച ഈ അവധാനതയ്ക്ക്‌ എന്ത്‌ ശിക്ഷയാണ്‌, ആരാണ്‌ വിധിക്കേണ്ടത്‌?
1991 മെയ്‌ 21-ാ‍ം തീയതി തമിഴ്‌നാട്ടിലെ ശ്രീപെരുംപതൂരില്‍ തെരഞ്ഞെടുപ്പ്‌ പ്രചാരണ യോഗത്തില്‍ പ്രസംഗിക്കാന്‍ എത്തിയപ്പോഴാണ്‌ തമിഴ്‌ പുലികള്‍ രാജീവിനെ വധിക്കുന്നത്‌. ചെന്നൈയിലെ ടാഡാ കോടതി, കേസിലെ 26 പ്രതികള്‍ക്കും വധശിക്ഷ വിധിച്ചെങ്കിലും സുപ്രീംകോടതി നാലുപേരുടെ വധശിക്ഷയാണ്‌ സ്ഥിരപ്പെടുത്തിയത്‌. ഇതില്‍ മുരുകന്റെ ഭാര്യ നളിനിയുടെ അഭ്യര്‍ത്ഥന മാനിച്ച്‌ വധശിക്ഷ ജീവപര്യന്തമാക്കാന്‍ രാജീവിന്റെ വിധവ സോണിയ രാഷ്ട്രപതിയോട്‌ അഭ്യര്‍ത്ഥിക്കുകയും അത്‌ അനുവദിക്കപ്പെടുകയും ചെയ്തു. ബാക്കിയുള്ള മൂന്നു പ്രതികളുടെ വധശിക്ഷയാണ്‌ ഇപ്പോള്‍ വിവാദകേന്ദ്രമായിട്ടുള്ളത്‌.
ചതിക്കുഴികളും ചോരക്കെണികളും നിറഞ്ഞതാണ്‌, ആതിരേ, അധികാര രാഷ്ട്രീയത്തിന്റെ കുമാര്‍ഗ്ഗം. രക്തബന്ധങ്ങളും ധാര്‍മ്മിക മൂല്യങ്ങളും അധികാരദുരയില്‍ പിച്ചിചീന്തപ്പെടുകയും അധര്‍മ്മവും അനീതിയും ദുര്‍മദം നിറഞ്ഞാടുകയും ചെയ്യും. മാനവരാശിയുടെ ചരിത്രത്തുടക്കം മുതല്‍ ഇത്‌ തന്നെയാണ്‌ രാജനൈതികതയുടെ ഗതിയും വിധിയും.
താന്‍ അധികാരത്തില്‍ എത്തിയാല്‍ തമിഴ്‌ പുലികളെ ഉന്മൂലനം ചെയ്യാന്‍ വീണ്ടും ഇന്ത്യന്‍ സൈന്യത്തെ ശ്രീലങ്കയിലേക്ക്‌ അയക്കുമെന്ന്‌ 1990 ആഗസ്റ്റില്‍ ഒരു ആംഗലേയ പത്രത്തിന്‌ രാജീവ്‌ നല്‍കിയ അഭിമുഖമാണ്‌ വേലുപ്പിള്ള പ്രഭാകരനെ ക്രുദ്ധനാക്കിയതും അതിന്റെ പരിണതിയായി രാജീവ്‌ വധിക്കപ്പെട്ടതും.
എന്നാല്‍,ആതിരേ, രാജീവ്‌ വധത്തിന്‌ പിന്നില്‍ വേലുപ്പിള്ള പ്രഭാകരനെ കൂടാതെ ആള്‍ ദൈവമായി രാഷ്ട്രീയക്കാരുടെ ആശ്രയമായി മാറിയ ചന്ദ്രസ്വാമിക്കും കരുണാനിധിക്കും ഡിഎംകെയ്ക്കുമൊക്കെ പങ്കുണ്ടെന്ന്‌ വധസാഹചര്യം അന്വേഷിച്ച ജെയ്ന്‍ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. രാജീവ്‌ ഒരിക്കലും പ്രചാരണത്തിന്‌ എത്തേണ്ട ആവശ്യമില്ലാതിരുന്ന ശ്രീപെരുംപതൂരില്‍ അദ്ദേഹത്തെ കൊണ്ടുപോയ ജയന്തി നടരാജനടക്കമുള്ള കോണ്‍ഗ്രസ്സിലെ ചില നേതാക്കള്‍ക്കും ഈ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന്‌ അന്ന്‌ തന്നെ തെളിവുകള്‍ ലഭിച്ചിരുന്നതാണ്‌. എന്നാല്‍, ഈ കറുത്ത കരങ്ങളെ ഒഴിവാക്കിയാണ്‌ ചാര്‍ജ്‌ ഷീറ്റ്‌ സമര്‍പ്പിക്കപ്പെട്ടതും കോടതി വധശിക്ഷ വിധിച്ചതും. ആ വിധിയാണ്‌ ഇപ്പോള്‍ പുതിയ വിവാദത്തിന്‌ വഴി മരുന്നിട്ടിരിക്കുന്നത്‌.
തൂക്കു മരം മുന്നില്‍ കണ്ട്‌ 20 വര്‍ഷം തടവറയില്‍ കഴിഞ്ഞ പ്രതികള്‍ക്ക്‌ നിഷേധിക്കപ്പെട്ടത്‌ മൗലികാവകാശവും പൗരാവകാശവുമാണെന്ന പ്രതിഭാഗം വക്കീല്‍ രാം ജത്മലാനിയുടെ വാദം അംഗീകരിച്ചുകൊണ്ടാണ്‌ മദ്രാസ്‌ ഹൈക്കോടതി വധശിക്ഷയ്ക്ക്‌ എട്ടാഴ്ചത്തെ സ്റ്റേ പ്രഖ്യാപിച്ചത്‌. വൈകുന്ന നീതി ,നിഷേധിക്കപ്പെടുന്ന നീതി തന്നെയാണ്‌. ആയിരം അപരാധികള്‍ രക്ഷപ്പെട്ട ശേഷം മാത്രമാണ്‌ ഒരു അപരാധി ഇന്ത്യയില്‍ ശിക്ഷിക്കപ്പെടുന്നത്‌. ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെയും നിയമ നടപടികളുടെയും കാലഹരണപ്പെട്ട നിര്‍വ്വഹണ രീതിയാണ്‌ ഇത്‌ വ്യക്തമാക്കുന്നത്‌. രാജീവ്‌ വധത്തിലെ പ്രതികളെ അന്ന്‌ തന്നെ തൂക്കിക്കൊന്നിരുന്നെങ്കില്‍ രാഷ്ട്രം ഒന്നടങ്കം അതിനെ പിന്തുണയ്ക്കുകയും ഇന്ത്യയിലെ ന്യായപാലനത്തിന്റെയും നീതി നിര്‍വ്വഹണത്തിന്റെയും രീതിശാസ്ത്രത്തെ അഭിനന്ദിക്കുകയും ചെയ്യുമായിരുന്നു. എന്നാല്‍, ഇപ്പോള്‍ രാജീവ്‌ വധക്കേസിലെ പ്രതികളുടെ വാദത്തിന്‌ പരക്കെ സ്വീകാര്യത ലഭിക്കുകയാണ്‌.
രാഷ്ട്രപതി ഭവന്റെ ഭാഗത്തു നിന്നുണ്ടായ അക്ഷന്തവ്യമായ നടപടിയാണ്‌ ഇത്തരം ഒരു മാനസ്സികാവസ്ഥയിലേക്ക്‌ പൗരസമൂഹത്തെ കൊണ്ടെത്തിച്ചിരിക്കുന്നത്‌. തമിഴ്‌നാട്‌ നിയമസഭാ പ്രമേയത്തിന്റെ ചുവട്‌ പിടിച്ച്‌ പാര്‍ലമെന്റ്‌ ആക്രമണക്കേസില്‍ വധശിക്ഷയ്ക്ക്‌ വിധിക്കപ്പെട്ട അഫ്സല്‍ ഗുരുവിനുവേണ്ടി കാശ്മീര്‍ നിയമസഭ ഒരു പ്രമേയം പാസാക്കിയാല്‍ എന്തായിരിക്കും സ്ഥിതി? രാം ജത്മലാനി വാദിച്ചത്‌ പോലെ പൗരാവകാശ ലംഘനം ചൂണ്ടിക്കാട്ടി, മുംബൈ ഭീകരാക്രമണ കേസിലെ പ്രതി കസബിനുവേണ്ടി പ്രക്ഷോഭം ഉണ്ടായാല്‍ എങ്ങനെ അതിനെ നേരിടും. ഈ നിര്‍ണായക ചോദ്യങ്ങള്‍ക്കും അനുബന്ധിച്ച്‌ ഉയരുന്ന ചോദ്യങ്ങള്‍ക്കുമെല്ലാം ഉത്തരം പറയാന്‍, ആതിരേ, രാഷ്ട്രപതി ഭവന്‍ ബാദ്ധ്യസ്ഥമാണ്‌,നിര്‍ബന്ധിതമാണ്‌.

Tuesday, September 6, 2011

ഉണ്ടോ,മനസ്സിന്റെ ഇടവഴിയില്‍ ശ്രാവണപ്പൂവിളിയാഹ്ലാദങ്ങള്‍..?

ആതിരേ
നാമെത്രമാറി,
നമ്മുടെ സങ്കല്‍പ്പങ്ങളെ നാം തിരുത്തി
കാല-രീതിശാസ്ത്രങ്ങള്‍ മാറ്റിമറിച്ചു.
സമ്പ്രദായങ്ങളെയും സാമുഹികക്രമങ്ങളേയും
ഹൈടെക്കാക്കി
ഫലമോ..
ചിങ്ങവെയിലിന്റെ പൊന്നൊളിയും,
ആവണിത്തെന്നലും
നാട്ടുപൂക്കളും,
ഓണത്തുമ്പിയും
ഓണക്കിളിയും ഓര്‍മ്മയായി..
കൊയ്ത്തിന്റെ സമൃദ്ധിയിലേക്ക്‌
കണ്ണ്‌ തുറക്കുന്ന
ഓണം അന്യമായി.
ചിങ്ങക്കൊയ്ത്തിന്റെ ചരിത്രവും
ഓര്‍മ്മത്തിരശീലയ്ക്കപ്പുറം മറഞ്ഞു.
ആതിരേ,
തൊടിയില്ല,തണ്ണീര്‍ത്തടങ്ങളില്ല
പച്ചപ്പില്ല,
പൂക്കളില്ല,
പൂവിളിയില്ല,
പൂക്കളങ്ങളുമില്ല..
പൂക്കളങ്ങള്‍ ഇന്ന്‌ മത്സര ഇനം മാത്രം.
മത്സരിക്കണമെങ്കില്‍,പക്ഷേ തോവാളയില്‍ നിന്ന്‌ പൂക്കളെത്തണം....
അത്തച്ചമയം പോലും ആഗോളീകരണത്തിന്റെയും
സാമ്രാജ്യത്വത്തിന്റെയും കരങ്ങളിലമര്‍ന്നു.
ഓണത്തേയും, നാം നാണമില്ലാതെ വിദേശികള്‍ക്ക്‌ വിറ്റു.
അതേ സമയം കുടിച്ചുകൂത്താടാന്‍ പതിവ്‌ പരിപാടികളോടെ,
കലാസാംസ്കാരികസമിതികളും പൗരസമിതികളും
പൂര്‍വാധികം ശക്തിയോടെ രംഗത്തുണ്ട്‌
ചാണകം മെഴുകിയ മുറ്റം -
പൂവിറുക്കുന്ന ബാല്യം -
'പത്തു തട്ട്‌ അത്ത'ം -
അതില്‍ നിറയുന്ന
കാക്കപ്പൂവും
തുമ്പപ്പൂവും
മുക്കുറ്റിയും
മന്ദാരവുമൊക്കെ
വീമ്പുപറച്ചിലിലെ ചേരുവകള്‍....
ഓണവിനോദങ്ങള്‍ പഴമക്കാരുടെ ഓര്‍മ്മകളില്‍ മാത്രം ഊഞ്ഞാലാടുന്നു.
ഗൃഹാതുരത ഉണരുന്ന
പ്രവാസി മലയാളികളുടെ
മനസ്സിന്റെ ഇടവഴിയില്‍ മാത്രമൊതുങ്ങുന്നു,ആതിരേ
ശ്രാവണപ്പൂവിളിയാഹ്ലാദങ്ങള്‍.

Friday, September 2, 2011

വിക്കിലീക്സും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയും മുസ്ലിം ലീഗും

ഐസ്ക്രീം പ്രശ്നത്തില്‍ മന്ത്രിസ്ഥാനവും പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനവും ഒഴിയേണ്ടിവന്നതോടെയാണ്‌ കുഞ്ഞാലിക്കുട്ടി ്‌എന്‍ഡിഎഫുമായി അടുത്തത്‌. പാര്‍ട്ടിയില്‍ പിടിമുറുക്കാന്‍ എന്‍ഡിഎഫിലെ തീവ്രവാദികളെ കുഞ്ഞാലിക്കുട്ടി ഉപയോഗിക്കുകയായിരുന്നു. അക്രമം നടത്താനും സമുദായത്തെ ഒറ്റപ്പെടുത്താനുള്ള ശ്രമം നടക്കുന്നുണ്ടെന്ന വികാരം അണികളിലുണ്ടാക്കാനും എന്‍ഡിഎഫിനെ കുഞ്ഞാലിക്കുട്ടി ഉപയോഗിച്ചു എന്നത്‌ അന്നേ വിമര്‍ശനമുയര്‍ന്നിരുന്നു. കഴിഞ്ഞ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎഫ്‌ പരസ്യമായി യുഡിഎഫിനു പിന്തുണ പ്രഖ്യാപിച്ചതോടെ പഴയ ലീഗുകാരായ ഭൂരിപക്ഷം എന്‍ഡിഎഫ്‌ പ്രവര്‍ത്തകരും ലീഗിനൊപ്പം ചേര്‍ന്നു. എന്‍ഡിഎഫ്‌ പിന്നീട്‌ എസ്ഡിപിഐ ( സോഷ്യലിസ്റ്റ്‌ ഡെമോക്രാറ്റിക്‌ പാര്‍ട്ടി ഓഫ്‌ ഇന്‍ഡ്യ ) എന്ന രാഷ്ര്ടീയ പാര്‍ടി രൂപീകരിച്ചു. ഇവരെ ഉപയോഗിച്ചാണ്‌ മലബാര്‍ ജില്ലകളില്‍ തത്പരകക്ഷികള്‍ അക്രമങ്ങള്‍ സംഘടിപ്പിച്ചത്‌. കുഞ്ഞാലിക്കുട്ടി ഇതിനെല്ലാം പിന്തുണ നൽകി


ആതിരേ,വിവാദമായ വിക്കിലീക്സ്‌ വെളിപ്പെടുത്തലുകള്‍ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയിലും മുസ്ലിം ലീഗിലും സ്ഫോടന പരമ്പരകള്‍ സൃഷ്ടിക്കുകയാണ്‌.മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനങ്ങള്‍ക്ക്‌ മുന്നോടിയായി ആരംഭിച്ച ബ്രാഞ്ച്‌ സമ്മേളനങ്ങളെ ചൂടുപിടിപ്പിക്കുന്നത്‌ വിക്കിലീക്സ്‌ തന്നെയാണ്‌.
മുസ്ലിം ലീഗിലാകട്ടെ ഐസ്ക്രീം കേസ്‌, മാറാട്‌ സിബിഐ അനേഷണത്തിന്റെ അട്ടിമറി, കാസര്‍കോട്‌ വെടിവെയ്പ്‌ അന്വേഷിച്ച ജസ്റ്റിസ്‌ നിസാര്‍ കമ്മീഷനെ പിരിച്ച്‌ വിട്ടത്‌ എന്നിവയുണ്ടാക്കിയ ആഭ്യന്തര സംഘര്‍ഷങ്ങളില്‍നിന്ന്‌ തലയൂരാനും ഒപ്പം എം.കെ. മുനീറിനെതിരായ ആക്രമണത്തില്‍ പുതിയ ആയുധമായി വികസിപ്പിച്ചെടുക്കാനും വിക്കിലീക്സ്‌ സഹായകമാവുകയാണ്‌ .
പ്ലാച്ചിമടയിലെ കൊക്കകോള സമരത്തെ പ്രാദേശിക സമരമായി മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ ഉന്നത നേതാക്കള്‍ വിശേഷിപ്പിച്ചതിനെതിരെയായാണ്‌ പാര്‍ട്ടി സമ്മേളനങ്ങളില്‍ കടുത്ത വിമര്‍ശനം ഉയരുന്നത്‌. അമേരിക്കന്‍ നിക്ഷേപത്തെപ്പറ്റി പറഞ്ഞത്‌ പാര്‍ട്ടിയുടെ പ്രഖ്യാപിത നയത്തിനുള്ളില്‍ നിന്നുകൊണ്ടാണെന്ന്‌ പിണറായിക്കും മറ്റും വാദിക്കാമെങ്കിലും ദേശീയ ശ്രദ്ധ ആകര്‍ഷിച്ച കൊക്കകോള സമരത്തെ തള്ളിപ്പറഞ്ഞതിനെ ന്യായീകരിക്കാന്‍ ഏറെ വിയര്‍ക്കേണ്ടിവരും. സാമ്രാജ്യത്വ വിരുദ്ധ സമരത്തിന്റെ പ്രതീകമായാണ്‌ കൊക്കകോള സമരത്തെ പാര്‍ട്ടി ഉയര്‍ത്തിക്കാട്ടിയിരുന്നത്‌. എന്നാല്‍ അത്‌ പ്രാദേശികമായ പരിസ്ഥിതി പ്രശ്നം മാത്രമാണെന്നും ഡല്‍ഹിയിലെ പരിസ്ഥിതി തീവ്രവാദികള്‍ ഏറ്റെടുത്തപ്പോഴാണ്‌ അത്‌ വഷളായതെന്നും മറ്റുമുള്ള വെളിപ്പെടുത്തലുകള്‍ നേതൃത്വത്തിന്‌ കടുത്ത തലവേദന സൃഷ്ടിച്ച്‌ കഴിഞ്ഞു. പാര്‍ട്ടിയില്‍ ഔദ്യോഗിക പക്ഷത്തെ ആക്രമിക്കാന്‍ ഇത്‌ ആയുധമാക്കാനാണ്‌ വിഎസ്‌ പക്ഷത്തിന്റെ നീക്കം. കൊക്കകോള സമരത്തെക്കുറിച്ച്‌ പാര്‍ട്ടി സെക്രട്ടറി ഇങ്ങനെ പറഞ്ഞിരിക്കാന്‍ ഇടയില്ലെന്ന വി.എസ്‌.അച്യുതാനന്ദന്റെ പ്രതികരണം തന്നെ,ആതിരേ, തുടങ്ങാനിരിക്കുന്ന ആക്രമണങ്ങളുടെ സൂചനയാണ്‌.
ഉപാധികളില്ലാത്ത വിദേശ ഫണ്ട്‌ സ്വീകരിക്കാമെന്ന്‌ പാര്‍ട്ടി നേരത്തേ പ്രഖ്യാപിച്ചിട്ടുള്ളതാണ്‌. ആ നിലയ്ക്ക്‌ അമേരിക്കന്‍ പ്രതിനിധികളെ കണ്ടതിലോ അവിടെ നിന്നുള്ള സ്വകാര്യ നിക്ഷേപം ആവശ്യപ്പെട്ടതിലോ തെറ്റില്ലെന്നു വരുത്താന്‍ കഴിയും.അതേസമയം നാഴികയ്ക്ക്‌ നാല്‍പതുവട്ടം അമേരിക്കയെയും സാമ്രാജ്യത്വത്തെയും കുറ്റം പറയുകയും എന്നാല്‍ രഹസ്യമായി അവരുമായി ചര്‍ച്ച നടത്തുകയും ചെയ്യുന്നതിലെ വൈരുദ്ധ്യം ചൂടേറിയ ചര്‍ച്ചക്ക്‌ വിഷയമായിക്കഴിഞ്ഞു.
ആതിരേ,ജോണ്‍ ബ്രിട്ടാസിനെപ്പോലെ പിണറായിയുടെ പ്രിയങ്കരരായവര്‍ അമേരിക്കന്‍ സംഘത്തോട്‌ പറഞ്ഞ കാര്യങ്ങളും കടുത്ത ക്ഷോഭത്തിന്‌ വഴിവച്ചിട്ടുണ്ട്‌. " മന്ത്രിസഭയിലുള്ളവരെല്ലാം കഴിവുള്ളവരാണെങ്കിലും അവരെ നയിക്കാന്‍ വിഎസിന്‌ കഴിവില്ല. വിഎസ്‌ ഒറ്റയാനാണ്‌. മറ്റ്‌ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കും സാമ്പത്തിക പരിഷ്കാരങ്ങള്‍ക്കും നേതൃത്വം നല്‍കുമ്പോള്‍ വിഎസ്‌ മെല്ലെപ്പോക്ക്‌ നയമാണ്‌ പിന്‍തുടരുന്നത്‌. വിഎസ്‌ വിഭാഗീയതയുടെ കൂടപ്പിറപ്പാണ്‌ " - ഇങ്ങനെ പോകുന്നു യുഎസ്‌ എംബസ്സി ഉദ്യോഗസ്ഥരുമായി ബ്രിട്ടാസ്‌ പങ്കുവച്ച വിഎസ്‌ വിരുദ്ധ പരാമര്‍ശങ്ങള്‍ . എംബസി ഉദ്യോഗസ്ഥനായ ഹൂപ്പറാണ്‌ ഈ വിവരങ്ങളടങ്ങിയ രേഖ വാഷിംഗ്ടണിലേയ്ക്കയച്ചത്‌.
പാര്‍ട്ടിയ്ക്കുള്ളില്‍ കരുത്തന്‍ പിണറായി ആണെന്ന്‌ രേഖ വിലയിരുത്തുന്നു. പിണറായിയ്ക്കും കൂട്ടര്‍ക്കും നിക്ഷേപത്തോട്‌ താത്പര്യമുണ്ടെങ്കിലും ഇവര്‍ വന്‍ അഴിമതിക്കാരാണ്‌. എങ്കിലും പിണറായി വിഭാഗത്തിന്‌ കേരളത്തിലെ കാര്യങ്ങള്‍ കുറച്ചു കൂടി മെച്ചപ്പെടുത്താനാവുമെന്നും നിക്ഷേപകരോട്‌ തുറന്ന മനോഭാവം കാണിയ്ക്കുന്ന പിണയായി പക്ഷത്തെ അംഗമാണ്‌ ബ്രിട്ടാസ്‌ എന്നും രേഖയില്‍ പറയുന്നു.ഇതിനൊക്കെ യുക്തിസഹമായ മറുപടി കണ്ടെത്താന്‍ പിണറായി പക്ഷത്തിന്‌ കഴിയുകയില്ല തന്നെ
പി.കെ.കുഞ്ഞാലിക്കുട്ടി തീവ്രവാദസ്വഭാവമുള്ള എന്‍.ഡി.എഫ്‌ നേതാക്കളെ സ്വന്തം കാര്യലാഭത്തിനായി സംരക്ഷിക്കുന്നു എന്ന ഗുരുതരമായ ആരോപണം എം.കെ.മുനീര്‍ ഉന്നയിച്ചതായാണ്‌ വിക്കിലീക്സ്‌ വെളിപ്പെടുത്തുന്നത്‌. അമേരിക്കക്കാരെ കണ്ടെന്ന്‌ മുനീര്‍ സമ്മതിച്ചു എങ്കിലും ആരോപണം നിഷേധിച്ചിട്ടുണ്ട്‌. ഈ വെളിപ്പെടുത്തലില്‍ കഴമ്പില്ലെന്ന്‌ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. പക്ഷേ പ്രശ്നങ്ങള്‍ അവിടെ തീരുമെന്ന്‌ തോന്നുന്നില്ല. മുനീറിന്റെ നിഷേധം, ആതിരേ കുഞ്ഞാലിക്കുട്ടി പക്ഷം മുഖവിലയ്ക്ക്‌ എടുക്കുകയേയില്ല.
കാരണമുണ്ട്‌.നിയമസഭാ തിരഞ്ഞെടുപ്പിന്‌ തൊട്ടുമുന്‍പ്‌ ഐസ്ക്രീം കേസ്‌ കുത്തിപ്പൊക്കി ലീഗിനെ മാത്രമല്ല യുഡിഎഫിനെയും വെള്ളത്തിലാക്കിയത്‌ മുനീറിന്റെ ഇന്ത്യാവിഷന്‍ ചാനലായിരുന്നു. തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്‌ സീറ്റ്‌ കുറയാന്‍ പ്രധാന കാരണവും അതായിരുന്നു എന്ന്‌ യുഡിഎഫിന്റെ ഉന്നത നേതാക്കള്‍ക്ക്‌ ഇപ്പോഴും അഭിപ്രായമുണ്ട്‌. എങ്കിലും ലീഗിലെ പ്രശ്നങ്ങളില്‍ ഒത്തുതീര്‍പ്പ്‌ എന്ന നിലയ്ക്കാണ്‌ മുനീറിന്‌ മന്ത്രിസ്ഥാനം നല്‍കിയത്‌. മുനീറിനെ അടിക്കാന്‍ കാത്തിരുന്ന മറുപക്ഷത്തിന്‌ ഇപ്പോള്‍ നല്ലൊരു വടി കിട്ടിയിരിക്കുന്നു. അത്‌ അവര്‍ മാരകമായി പ്രയോഗിക്കും,സംശയമില്ല.
അതേസമയം, ആതിരേ, കുഞ്ഞാലിക്കുട്ടി-എന്‍ഡിഎഫ്‌ ബന്ധത്തെക്കുറിച്ച്‌ മുനീര്‍ മുമ്പും ഇതേ ആരോപണം ഉന്നയിച്ചിട്ടുണ്ട്‌.അതും പൊതുവേദിയില്‍.
കാസര്‍കോട്‌ വെടിവയ്പ്‌ നടന്ന്‌ രണ്ടുദിവസം കഴിഞ്ഞ്‌ കാസര്‍കോട്‌ ഗസ്റ്റ്‌ ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു ആക്രമണം.യൂത്ത്ലീഗ്‌ സംസ്ഥാന പ്രസിഡന്റ്‌ കെ എം ഷാജിയും അന്ന്‌ മുനീറിനൊപ്പമുണ്ടായിരുന്നു. എന്‍ഡിഎഫ്‌ തീവ്രവാദികള്‍ ലീഗ്ര്പകടനത്തില്‍ നുഴഞ്ഞുകയറിയതാണ്‌ കുഴപ്പങ്ങള്‍ക്ക്‌ കാരണമെന്നാണ്‌ മുനീര്‍ ആ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്‌. 2010 നവംബര്‍ 19ന്‌ ചേര്‍ന്ന ലീഗ്‌ പ്രവര്‍ത്തകസമിതി യോഗത്തിലും മുനീര്‍ ഈ ആരോപണം ആവര്‍ത്തിച്ചിരുന്നു. എന്‍ഡിഎഫ്‌ നിലവിലില്ലെന്നും, അവര്‍ പോപ്പുലര്‍ഫ്രണ്ട്‌ എന്ന പേരില്‍ പുതിയ പാര്‍ട്ടി ഉണ്ടാക്കിയെന്നും അവരെക്കുറിച്ച്‌ ചര്‍ച്ച വേണ്ടെന്നുമാണ്‌ അന്ന്‌ കുഞ്ഞാലിക്കുട്ടി മറുപടി പറഞ്ഞത്‌.
ആതിരേ,ഐസ്ക്രീം പ്രശ്നത്തില്‍ മന്ത്രിസ്ഥാനവും പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനവും ഒഴിയേണ്ടിവന്നതോടെയാണ്‌ കുഞ്ഞാലിക്കുട്ടി ്‌എന്‍ഡിഎഫുമായി അടുത്തത്‌. പാര്‍ട്ടിയില്‍ പിടിമുറുക്കാന്‍ എന്‍ഡിഎഫിലെ തീവ്രവാദികളെ കുഞ്ഞാലിക്കുട്ടി ഉപയോഗിക്കുകയായിരുന്നു. അക്രമം നടത്താനും സമുദായത്തെ ഒറ്റപ്പെടുത്താനുള്ള ശ്രമം നടക്കുന്നുണ്ടെന്ന വികാരം അണികളിലുണ്ടാക്കാനും എന്‍ഡിഎഫിനെ കുഞ്ഞാലിക്കുട്ടി ഉപയോഗിച്ചു എന്നത്‌ അന്നേ വിമര്‍ശനമുയര്‍ന്നിരുന്നു. കഴിഞ്ഞ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎഫ്‌ പരസ്യമായി യുഡിഎഫിനു പിന്തുണ പ്രഖ്യാപിച്ചതോടെ പഴയ ലീഗുകാരായ ഭൂരിപക്ഷം എന്‍ഡിഎഫ്‌ പ്രവര്‍ത്തകരും ലീഗിനൊപ്പം ചേര്‍ന്നു. എന്‍ഡിഎഫ്‌ പിന്നീട്‌ എസ്ഡിപിഐ ( സോഷ്യലിസ്റ്റ്‌ ഡെമോക്രാറ്റിക്‌ പാര്‍ട്ടി ഓഫ്‌ ഇന്‍ഡ്യ ) എന്ന രാഷ്ര്ടീയ പാര്‍ടി രൂപീകരിച്ചു. ഇവരെ ഉപയോഗിച്ചാണ്‌ മലബാര്‍ ജില്ലകളില്‍ തത്പരകക്ഷികള്‍ അക്രമങ്ങള്‍ സംഘടിപ്പിച്ചത്‌. കുഞ്ഞാലിക്കുട്ടി ഇതിനെല്ലാം പിന്തുണ നല്‍കി.ഈ പാര്‍ട്ടിവിരുദ്ധ നിലപാടിന്റെ ബലത്തില്‍ ലീഗ്‌ നേതാക്കളെപ്പോലും എന്‍ഡിഎഫ്‌ നിയന്ത്രിക്കാന്‍ തുടങ്ങിയതോടെയാണ്‌ മുനീറിനെപ്പോലുള്ള ചില നേതാക്കള്‍ എതിര്‍പ്പ്‌ പ്രകടിപ്പിച്ചത്‌. കാസര്‍കോട്‌ സംഭവത്തിനു തൊട്ടുമുമ്പ്‌ തളിപ്പറമ്പിലും നാദാപുരത്തും കുഴപ്പം ഉണ്ടാക്കിയതും ഇതിന്റെ മറവില്‍ കാസര്‍കോട്‌ കലാപത്തിന്‌ ശ്രമിച്ചതും ലീഗില്‍ കടന്നുകൂടിയ എന്‍ഡിഎഫ്‌ സംഘമാണ്‌. ഇതെല്ലാം തിരിച്ചറിഞ്ഞാണ്‌ കാസര്‍കോട്‌ കലാപത്തില്‍ എന്‍ഡിഎഫിന്റെ പങ്ക്‌ അന്വേഷിക്കണമെന്ന്‌ മുനീര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടത്‌.
കാസര്‍കോട്‌ വെടിവയ്പ്‌ കേസ്‌ അന്വേഷിച്ച നിസാര്‍ കമ്മീഷനെ പിരിച്ചുവിട്ടതിന്റെ പ്രധാന കാരണം അക്രമികളായ എന്‍ഡിഎഫുമായി ലീഗിനുള്ള ബന്ധം പുറത്താവുമെന്ന ഭയം തന്നെയായിരുന്നു, ആതിരേ. കമ്മീഷനു ലഭിച്ച തെളിവുകള്‍ ഇക്കാര്യം അടിവരയിടുന്നു. പൊലീസ്‌ അന്വേഷണത്തിലും ഇക്കാര്യം വ്യക്തമായി. അതുകൊണ്ടാണ്‌ അന്നത്തെ എസ്‌.പിയായിരുന്ന രാംദാസ്‌ പോത്തന്‍ അടക്കമുള്ള വിവിധ പൊലീസ്‌ ഉദ്യോഗസ്ഥര്‍ ഇതിന്റെ തെളിവ്‌ കമ്മീഷനെ അറിയിച്ചത്‌.
ഇങ്ങനെ തീര്‍ത്തും ദുര്‍ബലരായി കുഞ്ഞാലിക്കുട്ടിയും അദ്ദേഹത്തെ കണ്ണുമടച്ച്‌ പിന്തുണയ്ക്കുന്നവരും പരിണമിച്ച പരിതാപകരമായ സാഹചര്യത്തിലാണ്‌ വിക്കിലീക്സിന്റെ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നത്‌."വീക്ക്‌ ലീക്ക"ആണ്‌ സംഭവമെന്ന്‌ വെളിപ്പെടുത്തലിനെ കുഞ്ഞാലിക്കുട്ടി ലഘൂകരിച്ചെങ്കിലും ഇതിലൂടെ മുനീറിനെ ആക്രമിക്കാനും അങ്ങനെ തന്റെ രാഷ്ട്രീയ വ്യക്തിത്വത്തിന്മേല്‍ പതിച്ച ആരോപണകളങ്കങ്ങള്‍ തത്ക്കാലത്തേക്കെങ്കിലും ഒളിച്ചു പിടിക്കാനും വിക്കീലീക്സിനെ കുഞ്ഞാലിക്കുട്ടി ഉപയോഗിക്കുമെന്ന കാര്യത്തില്‍ ആര്‍ക്കണ്‌ സംശയം,ആതിരേ?