Friday, September 9, 2011

രാജീവ്‌ വധം: വധശിക്ഷ; രാഷ്ട്രപതി ഭവന്‍ മറുപടി പറയണം

തമിഴ്‌നാട്‌ നിയമസഭാ പ്രമേയത്തിന്റെ ചുവട്‌ പിടിച്ച്‌ പാര്‍ലമെന്റ്‌ ആക്രമണക്കേസില്‍ വധശിക്ഷയ്ക്ക്‌ വിധിക്കപ്പെട്ട അഫ്സല്‍ ഗുരുവിനുവേണ്ടി കാശ്മീര്‍ നിയമസഭ ഒരു പ്രമേയം പാസാക്കിയാല്‍ എന്തായിരിക്കും സ്ഥിതി? രാം ജത്മലാനി വാദിച്ചത്‌ പോലെ പൗരാവകാശ ലംഘനം ചൂണ്ടിക്കാട്ടി, മുംബൈ ഭീകരാക്രമണ കേസിലെ പ്രതി കസബിനുവേണ്ടി പ്രക്ഷോഭം ഉണ്ടായാല്‍ എങ്ങനെ അതിനെ നേരിടും? ഈ നിര്‍ണായക ചോദ്യങ്ങള്‍ക്കും അനുബന്ധിച്ച്‌ ഉയരുന്ന ചോദ്യങ്ങള്‍ക്കുമെല്ലാം ഉത്തരം പറയാന്‍, രാഷ്ട്രപതി ഭവന്‍ ബാദ്ധ്യസ്ഥമാണ്‌,നിര്‍ബന്ധിതമാണ്‌.






ആതിരേ, രാജീവ്‌ വധക്കേസിലെ പ്രതികള്‍, ശ്രീലങ്കന്‍ സ്വദേശികളായ ശാന്തന്‍, മുരുകന്‍; തമിഴ്‌നാട്‌ സ്വദേശി പേരറിവാളന്‍ എന്നിവരെ സെപ്റ്റംബര്‍ ഒന്‍പതിന്‌ തൂക്കിക്കൊല്ലാനുള്ള തീരുമാനത്തിനെതിരെ മദ്രാസ്‌ ഹൈക്കോടതിയും നിയമസഭയും രംഗത്ത്‌ വന്നതോടെ പുതിയ നിയമപ്രശ്നങ്ങള്‍ക്കും പൗരാവകാശ പ്രശ്നങ്ങള്‍ക്കും പ്രസക്തി ഉണ്ടായിരിക്കുകയാണ്‌.
2011 ആഗസ്റ്റ്‌ 26-ാ‍ം തീയതി പ്രതികളുടെ ദയാഹര്‍ജി രാഷ്ട്രപതി പ്രതിഭാ പട്ടീല്‍ തള്ളിയതിനെ തുടര്‍ന്നാണ്‌ സെപ്റ്റംബര്‍ ഒന്‍പതാം തീയതി വധശിക്ഷ നടപ്പിലാക്കാന്‍ തീരുമാനമായത്‌. എന്നാല്‍, എട്ടാഴ്ചത്തേയ്ക്ക്‌ വധശിക്ഷ നടപ്പാക്കുന്നത്‌ മദ്രാസ്‌ ഹൈക്കോടതി സ്റ്റേ ചെയ്യുകയും പ്രതികളുടെ ദയാഹര്‍ജി പുനഃപരിശോധിക്കണമെന്ന്‌ തമിഴ്‌നാട്‌ നിയമസഭ ഏകകണ്ഠമായി പ്രമേയത്തിലൂടെ രാഷ്ട്രപതിയോട്‌ ആവശ്യപ്പെടുകയും ചെയ്തതോടെയാണ്‌ പുതിയ വിവാദം ഉണ്ടായിരിക്കുന്നത്‌.
സുപ്രീംകോടതിയുടെ വിധിക്കെതിരെയുള്ള മദ്രാസ്‌ ഹൈക്കോടതിയുടെ സ്റ്റേയും ദയാഹര്‍ജി പുനഃപരിശോധിക്കാനുള്ള നിയമസഭയുടെ പ്രമേയവും നിയമപരമായി പരിഗണിക്കേണ്ടതില്ലെങ്കിലും ഈ വിഷയം പുതിയ ചര്‍ച്ചകള്‍ക്കാണ്‌ വഴിയൊരുക്കുന്നത്‌.
അതില്‍ പ്രധാനം, ആതിരേ, പ്രതികളുടെ ദയാഹര്‍ജി പരിഗണിക്കാന്‍ രാഷ്ട്രപതി ഭവന്‍ 11 വര്‍ഷവും നാലു മാസവും എടുത്തു എന്നതാണ്‌. ഔദ്യോഗിക വിശദീകരണങ്ങള്‍ എന്തായിരുന്നാലും നിയമപരമായും മനുഷ്യത്വപരമായും ന്യായീകരിക്കാനാവാത്തതാണ്‌ ഈ കാലതാമസം. ഒരര്‍ത്ഥത്തില്‍ ഗൂഢാലോചനയുടെ തലത്തിലോളം വളരുന്നുണ്ട്‌ ഈ കാലവിളംബം. രാജീവിനെ ഉന്മൂലനം ചെയ്യാന്‍ തമിഴ്‌ തീവ്രവാദികള്‍ നടത്തിയ ഗൂഢാലോചന വധശിക്ഷ അര്‍ഹിക്കുന്നതാണെങ്കില്‍ ദയാഹര്‍ജി പരിഗണിക്കുന്നതില്‍ രാഷ്ട്രപതി ഭവന്‍ കാണിച്ച ഈ അവധാനതയ്ക്ക്‌ എന്ത്‌ ശിക്ഷയാണ്‌, ആരാണ്‌ വിധിക്കേണ്ടത്‌?
1991 മെയ്‌ 21-ാ‍ം തീയതി തമിഴ്‌നാട്ടിലെ ശ്രീപെരുംപതൂരില്‍ തെരഞ്ഞെടുപ്പ്‌ പ്രചാരണ യോഗത്തില്‍ പ്രസംഗിക്കാന്‍ എത്തിയപ്പോഴാണ്‌ തമിഴ്‌ പുലികള്‍ രാജീവിനെ വധിക്കുന്നത്‌. ചെന്നൈയിലെ ടാഡാ കോടതി, കേസിലെ 26 പ്രതികള്‍ക്കും വധശിക്ഷ വിധിച്ചെങ്കിലും സുപ്രീംകോടതി നാലുപേരുടെ വധശിക്ഷയാണ്‌ സ്ഥിരപ്പെടുത്തിയത്‌. ഇതില്‍ മുരുകന്റെ ഭാര്യ നളിനിയുടെ അഭ്യര്‍ത്ഥന മാനിച്ച്‌ വധശിക്ഷ ജീവപര്യന്തമാക്കാന്‍ രാജീവിന്റെ വിധവ സോണിയ രാഷ്ട്രപതിയോട്‌ അഭ്യര്‍ത്ഥിക്കുകയും അത്‌ അനുവദിക്കപ്പെടുകയും ചെയ്തു. ബാക്കിയുള്ള മൂന്നു പ്രതികളുടെ വധശിക്ഷയാണ്‌ ഇപ്പോള്‍ വിവാദകേന്ദ്രമായിട്ടുള്ളത്‌.
ചതിക്കുഴികളും ചോരക്കെണികളും നിറഞ്ഞതാണ്‌, ആതിരേ, അധികാര രാഷ്ട്രീയത്തിന്റെ കുമാര്‍ഗ്ഗം. രക്തബന്ധങ്ങളും ധാര്‍മ്മിക മൂല്യങ്ങളും അധികാരദുരയില്‍ പിച്ചിചീന്തപ്പെടുകയും അധര്‍മ്മവും അനീതിയും ദുര്‍മദം നിറഞ്ഞാടുകയും ചെയ്യും. മാനവരാശിയുടെ ചരിത്രത്തുടക്കം മുതല്‍ ഇത്‌ തന്നെയാണ്‌ രാജനൈതികതയുടെ ഗതിയും വിധിയും.
താന്‍ അധികാരത്തില്‍ എത്തിയാല്‍ തമിഴ്‌ പുലികളെ ഉന്മൂലനം ചെയ്യാന്‍ വീണ്ടും ഇന്ത്യന്‍ സൈന്യത്തെ ശ്രീലങ്കയിലേക്ക്‌ അയക്കുമെന്ന്‌ 1990 ആഗസ്റ്റില്‍ ഒരു ആംഗലേയ പത്രത്തിന്‌ രാജീവ്‌ നല്‍കിയ അഭിമുഖമാണ്‌ വേലുപ്പിള്ള പ്രഭാകരനെ ക്രുദ്ധനാക്കിയതും അതിന്റെ പരിണതിയായി രാജീവ്‌ വധിക്കപ്പെട്ടതും.
എന്നാല്‍,ആതിരേ, രാജീവ്‌ വധത്തിന്‌ പിന്നില്‍ വേലുപ്പിള്ള പ്രഭാകരനെ കൂടാതെ ആള്‍ ദൈവമായി രാഷ്ട്രീയക്കാരുടെ ആശ്രയമായി മാറിയ ചന്ദ്രസ്വാമിക്കും കരുണാനിധിക്കും ഡിഎംകെയ്ക്കുമൊക്കെ പങ്കുണ്ടെന്ന്‌ വധസാഹചര്യം അന്വേഷിച്ച ജെയ്ന്‍ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. രാജീവ്‌ ഒരിക്കലും പ്രചാരണത്തിന്‌ എത്തേണ്ട ആവശ്യമില്ലാതിരുന്ന ശ്രീപെരുംപതൂരില്‍ അദ്ദേഹത്തെ കൊണ്ടുപോയ ജയന്തി നടരാജനടക്കമുള്ള കോണ്‍ഗ്രസ്സിലെ ചില നേതാക്കള്‍ക്കും ഈ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന്‌ അന്ന്‌ തന്നെ തെളിവുകള്‍ ലഭിച്ചിരുന്നതാണ്‌. എന്നാല്‍, ഈ കറുത്ത കരങ്ങളെ ഒഴിവാക്കിയാണ്‌ ചാര്‍ജ്‌ ഷീറ്റ്‌ സമര്‍പ്പിക്കപ്പെട്ടതും കോടതി വധശിക്ഷ വിധിച്ചതും. ആ വിധിയാണ്‌ ഇപ്പോള്‍ പുതിയ വിവാദത്തിന്‌ വഴി മരുന്നിട്ടിരിക്കുന്നത്‌.
തൂക്കു മരം മുന്നില്‍ കണ്ട്‌ 20 വര്‍ഷം തടവറയില്‍ കഴിഞ്ഞ പ്രതികള്‍ക്ക്‌ നിഷേധിക്കപ്പെട്ടത്‌ മൗലികാവകാശവും പൗരാവകാശവുമാണെന്ന പ്രതിഭാഗം വക്കീല്‍ രാം ജത്മലാനിയുടെ വാദം അംഗീകരിച്ചുകൊണ്ടാണ്‌ മദ്രാസ്‌ ഹൈക്കോടതി വധശിക്ഷയ്ക്ക്‌ എട്ടാഴ്ചത്തെ സ്റ്റേ പ്രഖ്യാപിച്ചത്‌. വൈകുന്ന നീതി ,നിഷേധിക്കപ്പെടുന്ന നീതി തന്നെയാണ്‌. ആയിരം അപരാധികള്‍ രക്ഷപ്പെട്ട ശേഷം മാത്രമാണ്‌ ഒരു അപരാധി ഇന്ത്യയില്‍ ശിക്ഷിക്കപ്പെടുന്നത്‌. ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെയും നിയമ നടപടികളുടെയും കാലഹരണപ്പെട്ട നിര്‍വ്വഹണ രീതിയാണ്‌ ഇത്‌ വ്യക്തമാക്കുന്നത്‌. രാജീവ്‌ വധത്തിലെ പ്രതികളെ അന്ന്‌ തന്നെ തൂക്കിക്കൊന്നിരുന്നെങ്കില്‍ രാഷ്ട്രം ഒന്നടങ്കം അതിനെ പിന്തുണയ്ക്കുകയും ഇന്ത്യയിലെ ന്യായപാലനത്തിന്റെയും നീതി നിര്‍വ്വഹണത്തിന്റെയും രീതിശാസ്ത്രത്തെ അഭിനന്ദിക്കുകയും ചെയ്യുമായിരുന്നു. എന്നാല്‍, ഇപ്പോള്‍ രാജീവ്‌ വധക്കേസിലെ പ്രതികളുടെ വാദത്തിന്‌ പരക്കെ സ്വീകാര്യത ലഭിക്കുകയാണ്‌.
രാഷ്ട്രപതി ഭവന്റെ ഭാഗത്തു നിന്നുണ്ടായ അക്ഷന്തവ്യമായ നടപടിയാണ്‌ ഇത്തരം ഒരു മാനസ്സികാവസ്ഥയിലേക്ക്‌ പൗരസമൂഹത്തെ കൊണ്ടെത്തിച്ചിരിക്കുന്നത്‌. തമിഴ്‌നാട്‌ നിയമസഭാ പ്രമേയത്തിന്റെ ചുവട്‌ പിടിച്ച്‌ പാര്‍ലമെന്റ്‌ ആക്രമണക്കേസില്‍ വധശിക്ഷയ്ക്ക്‌ വിധിക്കപ്പെട്ട അഫ്സല്‍ ഗുരുവിനുവേണ്ടി കാശ്മീര്‍ നിയമസഭ ഒരു പ്രമേയം പാസാക്കിയാല്‍ എന്തായിരിക്കും സ്ഥിതി? രാം ജത്മലാനി വാദിച്ചത്‌ പോലെ പൗരാവകാശ ലംഘനം ചൂണ്ടിക്കാട്ടി, മുംബൈ ഭീകരാക്രമണ കേസിലെ പ്രതി കസബിനുവേണ്ടി പ്രക്ഷോഭം ഉണ്ടായാല്‍ എങ്ങനെ അതിനെ നേരിടും. ഈ നിര്‍ണായക ചോദ്യങ്ങള്‍ക്കും അനുബന്ധിച്ച്‌ ഉയരുന്ന ചോദ്യങ്ങള്‍ക്കുമെല്ലാം ഉത്തരം പറയാന്‍, ആതിരേ, രാഷ്ട്രപതി ഭവന്‍ ബാദ്ധ്യസ്ഥമാണ്‌,നിര്‍ബന്ധിതമാണ്‌.

No comments: