Tuesday, September 6, 2011

ഉണ്ടോ,മനസ്സിന്റെ ഇടവഴിയില്‍ ശ്രാവണപ്പൂവിളിയാഹ്ലാദങ്ങള്‍..?

ആതിരേ
നാമെത്രമാറി,
നമ്മുടെ സങ്കല്‍പ്പങ്ങളെ നാം തിരുത്തി
കാല-രീതിശാസ്ത്രങ്ങള്‍ മാറ്റിമറിച്ചു.
സമ്പ്രദായങ്ങളെയും സാമുഹികക്രമങ്ങളേയും
ഹൈടെക്കാക്കി
ഫലമോ..
ചിങ്ങവെയിലിന്റെ പൊന്നൊളിയും,
ആവണിത്തെന്നലും
നാട്ടുപൂക്കളും,
ഓണത്തുമ്പിയും
ഓണക്കിളിയും ഓര്‍മ്മയായി..
കൊയ്ത്തിന്റെ സമൃദ്ധിയിലേക്ക്‌
കണ്ണ്‌ തുറക്കുന്ന
ഓണം അന്യമായി.
ചിങ്ങക്കൊയ്ത്തിന്റെ ചരിത്രവും
ഓര്‍മ്മത്തിരശീലയ്ക്കപ്പുറം മറഞ്ഞു.
ആതിരേ,
തൊടിയില്ല,തണ്ണീര്‍ത്തടങ്ങളില്ല
പച്ചപ്പില്ല,
പൂക്കളില്ല,
പൂവിളിയില്ല,
പൂക്കളങ്ങളുമില്ല..
പൂക്കളങ്ങള്‍ ഇന്ന്‌ മത്സര ഇനം മാത്രം.
മത്സരിക്കണമെങ്കില്‍,പക്ഷേ തോവാളയില്‍ നിന്ന്‌ പൂക്കളെത്തണം....
അത്തച്ചമയം പോലും ആഗോളീകരണത്തിന്റെയും
സാമ്രാജ്യത്വത്തിന്റെയും കരങ്ങളിലമര്‍ന്നു.
ഓണത്തേയും, നാം നാണമില്ലാതെ വിദേശികള്‍ക്ക്‌ വിറ്റു.
അതേ സമയം കുടിച്ചുകൂത്താടാന്‍ പതിവ്‌ പരിപാടികളോടെ,
കലാസാംസ്കാരികസമിതികളും പൗരസമിതികളും
പൂര്‍വാധികം ശക്തിയോടെ രംഗത്തുണ്ട്‌
ചാണകം മെഴുകിയ മുറ്റം -
പൂവിറുക്കുന്ന ബാല്യം -
'പത്തു തട്ട്‌ അത്ത'ം -
അതില്‍ നിറയുന്ന
കാക്കപ്പൂവും
തുമ്പപ്പൂവും
മുക്കുറ്റിയും
മന്ദാരവുമൊക്കെ
വീമ്പുപറച്ചിലിലെ ചേരുവകള്‍....
ഓണവിനോദങ്ങള്‍ പഴമക്കാരുടെ ഓര്‍മ്മകളില്‍ മാത്രം ഊഞ്ഞാലാടുന്നു.
ഗൃഹാതുരത ഉണരുന്ന
പ്രവാസി മലയാളികളുടെ
മനസ്സിന്റെ ഇടവഴിയില്‍ മാത്രമൊതുങ്ങുന്നു,ആതിരേ
ശ്രാവണപ്പൂവിളിയാഹ്ലാദങ്ങള്‍.

No comments: