Wednesday, September 21, 2011

പെണ്‍കുഞ്ഞേ,നീ പിറക്കാതിരുന്നെങ്കില്‍...

ആതിരേ,
സെപ്റ്റംബര്‍ 24 പെണ്‍കുഞ്ഞുങ്ങള്‍ക്കായുള്ള രാഷ്ട്രാന്തര ദിനം.
പതിവ്‌ ആചാരങ്ങളുടേയും ആഘോഷങ്ങളുടേയും കാപട്യഭൂമികയില്‍ പെണ്‍കുഞ്ഞുങ്ങള്‍ക്കും ഒരിടം..!
വികസിതമെന്നും പരിഷ്കൃതമെന്നും വിശേഷിപ്പിക്കപ്പെടുന്ന സമൂഹങ്ങളുടെ പോലും കരുതലിന്റേയും വാത്സല്യത്തിന്റേയും സുരക്ഷിതത്വ മുറികളില്‍ നിന്ന്‌ ക്രിമിനല്‍ അവഗണനയുടെ ശിശിരങ്ങളിലേയ്ക്ക്‌ ആട്ടിയകറ്റപ്പെടുകയും രതിവിപണന ശിബിരങ്ങളിലേയ്ക്ക്‌ വശീകരിക്കപ്പെടുകയും ചെയ്യുന്ന സ്ത്രൈണ ശൈശവങ്ങള്‍,ബാല്യ-കൗമാരങ്ങള്‍.
"പെണ്ണായിപ്പിറന്നാല്‍ മണ്ണായിത്തീരുവോളം കണ്ണീരുകുടിക്കാന്‍" വിധിക്കപ്പെട്ട ജന്മം എന്ന ചലചിത്രപ്പൈങ്കിളി സങ്കല്‍പ്പങ്ങള്‍ക്കും എത്രയോ അപ്പുറത്തുള്ള സ്തോഭജനകമായ പരിസരങ്ങളിലാണ്‌ പെണ്‍കുഞ്ഞുങ്ങള്‍ വളരുന്നത്‌..!
പെണ്‍കുഞ്ഞുങ്ങളുടെ അതിദയനീയതയിലേയ്ക്ക്‌ വിശ്വജനശ്രദ്ധ ആകര്‍ഷിക്കാനും സ്ത്രൈണശൈശവ-ബാല്യ-കൗമാരങ്ങളുടെ അവസ്ഥ ഭേദപ്പെടുത്താനുമായി കോടികള്‍ ചെലവിട്ട്‌ ലോകമെമ്പാടും 'ഇന്റര്‍നാഷണല്‍ ഡേ ഓഫ്‌ ദ്‌ ഗേള്‍ചെയില്‍ഡ്‌ ' ആചരിക്കുമ്പോഴും ശതകോടിക്കണക്കിന്‌ പെണ്‍കുഞ്ഞുങ്ങളാണ്‌ ആതിരേ ദാരിദ്ര്യത്തിലുംവിദ്യാനിഷേധത്തിലും ലൈംഗീകമുതലെടുപ്പുകളിലും പെട്ടുഴലുന്നത്‌.സ്ത്രീസ്വാതന്ത്ര്യത്തിനും ലിംഗതുല്യതയ്ക്കും വേണ്ടിനടത്തിയ ചരിത്രപോരാട്ടങ്ങളുടെ വിജയഭൂമികയില്‍ തന്നെയാണ്‌ വിവേചനത്തിന്റെ ബീഭത്സ സ്വരൂപങ്ങളായി സ്ത്രീസമൂഹം ലോകമാകെക്കഴിയുന്നത്‌.സാംസ്കാരിക-സാമുഹിക-മതപരനിരോധനങ്ങളുടെ രാവണന്‍കോട്ടയില്‍ തന്നെയാണ്‌ സ്ത്രീത്വം.
രാജനൈതികതയുടേയും ഭരണകൂടസ്ഥാപനങ്ങളുടേയും നീചഹ്രസ്വദൃഷ്ടികളില്‍ പെടുന്നതല്ല,ഇനിപ്പറയുന്ന പൊള്ളുന്ന പെണ്‍വാസ്തവങ്ങള്‍:ഒരുവേള ഭരണ-നീതിന്യായ വ്യവസ്ഥകള്‍ ഈ ദാരുണതകളുടെ പ്രായോജകരും രക്ഷാധികാരികളുമാണ്‌..!
*പ്രതിവര്‍ഷം,ഇന്ത്യയില്‍ 3900000 പെണ്‍കുഞ്ഞുങ്ങളാണ്‌ (സ്ത്രീകള്‍ ഉള്‍പ്പെടെ)ഭ്രൂണഹത്യ,ശിശുമരണം,പ്രാകൃത ഗര്‍ഭഛിദ്രം എന്നിവമൂലം'അപ്രത്യക്ഷരാ'കുന്നത്‌
*പ്രതിവര്‍ഷം, ലോകമെമ്പാടും ( ആഫ്രിക്കയിലും മധ്യ-പൂര്‍വരാജ്യങ്ങളിലും ) 13000000 പെണ്‍കുഞ്ഞുങ്ങളും സ്ത്രീകളുമാണ്‌ ഭഗശിശ്നികാപരിഛേദത്തിന്‌ (ളലാമഹല ഴലിശമേഹ ാ‍ൌ‍ശേഹമശ്ി‍ (എഏങ്ങ)വിധേയരാക്കപ്പെടുന്നത്‌
*പ്രതിവര്‍ഷം,ലോകത്താകെ, 500000 മുതല്‍ 2000000 പെണ്‍കുഞ്ഞുങ്ങളും സ്ത്രീകളും (കൗമാരക്കരായ ആണ്‍കുട്ടികളും)ലൈംഗീക വാണിഭ ' ചരക്കുക'ളാക്കപ്പെടുന്നു
*62000000 മുതല്‍ 11500000 പെണ്‍കുഞ്ഞുങ്ങള്‍ക്കാണ്‌, ലോകത്താകെ, പ്രതിവര്‍ഷം പ്രാഥമികവിദ്യാഭ്യാസം നിഷേധിക്കുന്നത്‌
(Sources: United Nations Development Fund for Women, “Violence Against Women — Facts and Figures”; UNICEF, “Basic Education and Gender Equality )
പുരുഷതുല്യതയുക്കുള്ള പോരാട്ടമല്ല, പെണ്‍കുഞ്ഞുങ്ങളെ ഗര്‍ഭം മുതല്‍ വേട്ടയാടുന്ന ദാരിദ്ര്യത്തിന്റേയും പീഡനത്തിന്റേയും വിദ്യാനിഷേധത്തിന്റേയും ഉത്തരാധുനിക അടിമത്വത്തിന്റേയും കാരിരുമ്പുചങ്ങലക്കെട്ട്‌ പൊട്ടിക്കാനുള്ള പ്രക്ഷോഭപരമ്പരയാണ്‌ ഇന്നിന്റെ അനിവാര്യത എന്നാണ്‌ ക്ഷോഭജനകമായ ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്‌!
അതേ ആതിരേ ആശ്വാസത്തിന്റെ ശാദ്വലതകളിലേയ്ക്കല്ല ആശങ്കയുടെ സ്ഫോടകശൃംഗങ്ങളിലേയ്ക്കാണ്‌ സമകാലിക സ്ത്രൈണവാസ്തവങ്ങള്‍ നമ്മെ നയിക്കുന്നത്‌
പെണ്‍കുഞ്ഞേ,നീ പിറക്കാതിരുന്നെങ്കില്‍...ഈ ലോകം നിനക്കുള്ളതായിരുന്നില്ലല്ലോ, മോളേ...

ഉത്തരാധുനീക കേരളത്തിന്റെ പുനര്‍വായനകളും അടയാളപ്പെടുത്തലുകളും

മമ്മി എനിക്ക്‌ പാട്ട്‌ പാഠവും
ഡാന്‍സ്‌ പാഠവും പഠിപ്പിച്ച്‌ തരും,
അത്‌ പഠിക്കാഞ്ഞാല്‍
മമ്മി കരയും.
എന്തിനാണ്‌ മമ്മി കരയുന്നത്‌..?
ഞാന്‍ റിയാലിറ്റി ഷോയിലെ ഫ്ലാറ്റ്‌ സ്വന്തമാക്കണം,
സീരിയല്‍ നടിയാകണം;സിനിമാ താരമാകണം..
അതിനായി ഏത്‌ അഡ്ജസ്റ്റ്മെന്റിനും മമ്മി തയ്യാറാണ്‌..!
(കണ്ണാ,എത്ര അഡ്ജസ്റ്റ്‌ ചെയ്താലും
മമ്മിക്കൊരു കൊഴപ്പോമില്ല..!
എനിക്കാണെങ്കീ
ഒറക്കോം വരും;ഓക്കാനോം വരും
ബ്ലാ..ബ്ലാ..)
.........
ഇതാ ഡാഡിയും മകളും.
ഡാഡി സോഫയിലിരിക്കും
മകളെ മടിയിലിരുത്തും.
'കാസറ്റ്‌ ലീലകളി 'ല്‍ ട്യൂഷനേകി
'കുട്ടനീമത'* തന്ത്രങ്ങള്‍ പഠിപ്പിച്ച്‌
പണിക്കുറ തീര്‍ത്ത്‌
കൗമാര വാസവദത്തയാക്കി
സെറ്റുകളില്‍ നിന്ന്‌ സെറ്റുകളിലേയ്ക്ക്‌...
പിന്നെ
'പശ്ചിമഘട്ടങ്ങളെ കേറിയും
കടന്നും ചെന്നന്യമാം ദേശങ്ങളി 'ലും
സുഖ വിപണനം.
പിടിക്കപ്പെട്ടാല്‍
മറുകുകളെണ്ണിപ്പറഞ്ഞ്‌,
മണങ്ങള്‍ ഓര്‍ത്തെടുത്തോതി,
മൊബെയിലിലെ ഫോട്ടോകളില്‍ പരതി
നിഷ്ക്കളങ്കയായ്‌
മകള്‍ ഉത്തരാധുനിക താത്രിക്കുട്ടിയാകും.
( എടാ, നീ അയച്ച എംഎംഎസും
ഡാഡീടെ കാസറ്റുകളും കണ്ട്‌
ഇക്കിളി പെരുത്ത എന്നെ
നോവിക്കാതെ രസിപ്പിച്ചവരേം
പിന്നെ പോലിസ്‌ പറഞ്ഞവരേം ഞാന്‍ ചൂണ്ടിക്കാണിച്ചു..
ദോഷം കിട്ടുമോഡാ..?)
.........
'അകക്കണ്ണ്‌ തുറപ്പിക്കാന്‍
ആശാന്‍ ബാല്യത്തിലെത്തണമെ'ന്ന്‌ സുഭാഷിതം.
ബാല്യശൈശവങ്ങളുടെ
ഇളം തുടകള്‍ക്കകം തുരന്ന്‌
ഗുരു തൃഷ്ണയുടെ നാരായമുനയാല്‍
ശ്യാമകാമത്തിന്റെ ഹരിശ്രീ,
രക്തരൂക്ഷിത സേകം;നിര്‍വാണം..!

മാതാപിതാഗുരു
ദൈവമേ....!!
..............
ആങ്ങളമാരില്ലാത്ത
3ജിപൊങ്ങച്ചപ്പെരുക്കത്തില്‍,
റാഡിക്കല്‍ ഫെമിനിസ്റ്റുകളുടെ
വാത്മീക മുറ്റത്ത്‌ ;
ചാനല്‍ ചര്‍ച്ചകളുടെ
സര്‍വാണി കൂടിയാകുമ്പോള്‍
കേരളമെന്ന പേര്‍ കേട്ടാല്‍
ത്രസിക്കും ബീജ സംഭരണികള്‍...


................................
*വേശ്യാവൃത്തിയെയും, ആ തൊഴിലിന്റെ വിജയരഹസ്യങ്ങളെപ്പറ്റിയും സംസ്കൃതത്തില്‍ രചിക്കപ്പെട്ട ശാസ്ത്രീയ ഗ്രന്ഥമാണ്‌ 'കുട്ടനീമതം'.കാശ്മീര്‍ രാജാവായിരുന്ന ജയാപീഢന്റെ (751-782 എഡി ) മന്ത്രിമാരില്‍ ഒരാളായ ദാമോദരഗുപ്തനാണ്‌ കുട്ടനീമതത്തിന്റെ കര്‍ത്താവ്‌.എ ഡി 755-786 കാലഘട്ടത്തിലാണ്‌ ഈ കൃതി രചിക്കപ്പെട്ടത്‌ എന്നു കരുതുന്നു.' കുട്ടനി , എന്നാല്‍ സ്ത്രീപുരുഷ സമാഗമത്തിനുള്ള ഇടനിലക്കാരി (കൂട്ടിക്കൊടുപ്പുകാരി ) എന്നര്‍ത്ഥം. മാലതി എന്നൊരു വേശ്യക്ക്‌ വികരാള എന്നൊരു കുട്ടനി നല്‍കുന്ന ഉപദേശങ്ങളാണ്‌ 1089 പദ്യങ്ങളുള്ള കുട്ടനീമതത്തിന്റെ ഉള്ളടക്കം.

No comments: