Friday, September 16, 2011

"വെറുമൊരു മോഷ്ടാവാം ഓയെന്‍വിയെ കള്ളനെന്ന്‌ വിളിക്കാമോ..?"


,'ഭൂമിക്കൊരു ചരമഗീത'ത്തിലെ വരികള്‍ തിരുത്തി
" ഇനിയും മരിക്കാത്ത ഒഎന്‍വി! നിന്‍
മോഷണ മികവില്‍ നിനക്കാത്മശാന്തി!
ഇത്‌ നിന്റെ ചരമശുശ്രൂഷയ്ക്ക്‌
ഹൃദയത്തിലെന്നേ കുറിച്ച കുറിപ്പ്‌" എന്ന്‌ വെട്ടിത്തുറന്ന്‌ പറയണോ
അതോ
"വെറുമൊരു മോഷ്ടാവാം ഓയെന്‍വിയെ
കള്ളനെന്ന്‌ വിളിക്കാമോ..?"
എന്ന്‌ പറഞ്ഞൊഴിയണോ?
അനുവാചകര്‍ തീരുമാനിക്കട്ടെ, അല്ലേ..?
ആതിരേ,മലയാളി ഏറെ പാടി നടന്ന, ജ്ഞാനപീഠം ജേതാവ്‌ ഒ.എന്‍.വി. കുറുപ്പിന്റെ ' ഭൂമിക്കൊരു ചരമഗീതം ' എന്ന പ്രശസ്ത കവിത മോഷണമാണെന്ന്‌ ആരോപിച്ചാല്‍ എത്ര സഹൃദയര്‍ അംഗീകരിക്കും..?
" കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തിലെ അരുണാഭമായ ഒരു കാലഘട്ടത്തില്‍ ഉയര്‍ന്നുവന്ന ആവേശഭരിതമായ തരുണസ്വരങ്ങളിലൊന്നായ " ഒഎന്‍വിക്ക്‌ ,വിപ്ലവാവേശവും, ചുവന്ന പുത്തന്‍ പുലരിയെക്കുറിച്ചുള്ള സ്വപനങ്ങളും,ചൂഷിതരോടും അധ:സ്ഥിതരോടുമുള്ള ഐക്യദാര്‍ഢ്യവും അധ്വാനിക്കുന്ന ജനവിഭാഗങ്ങളോടൂള്ള പ്രതിബദ്ധതയും പരിസ്ഥിതി ബോധവും മാനവജീവിത പ്രതിസന്ധികളും സമഞ്ജസമായി,ലാവണ്യഭംഗിയോടെ കവിതയില്‍ സന്നിവേശിപ്പിച്ച്‌ നാലരപ്പതിറ്റാണ്ടിലേറെ അനുവാചകമനസ്സുകള്‍ കീഴടക്കിയ ഒഎന്‍വിക്ക്‌,ഒരു മോഷണമുതല്‍ തന്റേതെന്ന്‌ അവകാശപ്പെടേണ്ട ഗതികേടുണ്ടോ എന്നാവും പരക്കെയുള്ള,പ്രതിഷേധമിരമ്പുന്ന സന്ദേഹം.
എന്നാല്‍,ജ്ഞാനപീഠം പുരസ്ക്കാര ജേതാവിന്റെ ഏറ്റം ജനകീയമായ രചനകളില്‍ പ്രഥമഗണനീയമായ 'ഭൂമിക്കൊരു ചരമഗീതം' മോഷണമുതല്‍ തന്നെയാണെന്ന്‌ നാം വിശ്വസിക്കേണ്ടിയിരിക്കുന്നു, ആതിരേ!.കാരണം വര്‍ഷങ്ങള്‍ക്കുമുമ്പ്‌ താന്‍ രചിച്ച 'ഒരു ചരമ അറിയിപ്പ്‌' എന്ന കവിതയില്‍ അല്ലറ ചില്ലറ മാറ്റങ്ങള്‍ വരുത്തിയാണ്‌ ഒ.എന്‍.വി. തന്റെ പ്രശസ്ത കവിത രചിച്ചതെന്ന ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്‌ കവി ചുണ്ടയില്‍ പ്രഭാകരനാണ്‌.
തൃശൂരില്‍നിന്നു പ്രസിദ്ധീകരിക്കുന്ന 'സാഹിത്യ വിമര്‍ശം' മാസികയില്‍ എഴുതിയ ലേഖനത്തിലാണു പ്രഭാകരന്‍ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്‌.പ്രഭാകരന്‍ പറയുന്നതിങ്ങനെ:
" കവിതയുടെ കയ്യെഴുത്തു പ്രതി ഒ.എന്‍.വിക്കു വായിക്കാന്‍ കൊടുത്തിരുന്നു.വര്‍ഷങ്ങളായി താന്‍ തുറന്നു പറയാതിരുന്ന ഈ വിഷയം ഇപ്പോള്‍ പറയുന്നത്‌ മാസികയുടെ പത്രാധിപരുടെ നിര്‍ബന്ധപ്രകാരമാണ്‌. 1980കളില്‍ താന്‍ കോഴിക്കോട്‌ താമസിച്ചിരുന്ന കാലത്താണ്‌ പ്രസ്തുത കവിത എഴുതുന്നത്‌ . അക്കാലത്ത്‌ ബ്രണ്ണന്‍ കോളജില്‍ അധ്യാപകനായിരുന്ന ഒഎന്‍വിയുമായി വലിയ അടുപ്പമായിരുന്നു. സന്തതസഹചാരിയായിരുന്ന പ്രശസ്ത എഴുത്തുകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ളയാണ്‌ ഒഎന്‍വിയടക്കമുള്ള എഴുത്തുകാരെ പരിചയപ്പെടുത്തിയത്‌. പല കവിയരങ്ങുകളിലും ഒഎന്‍വി, സുഗതകുമാരി, കടമ്മനിട്ട തുടങ്ങിയവര്‍ക്കൊപ്പം തനിക്ക്‌ കവിത അവതരിപ്പിക്കാന്‍ അവസരം ലഭിച്ചിരുന്നു.
ഒഎന്‍വിയെ ഗുരുവിനെ പോലെയാണ്‌ അന്നു കണ്ടിരുന്നത്‌. എന്നും കണ്ണൂരിലേക്കുള്ള ട്രെയിന്‍യാത്രയില്‍ സഹയാത്രികനായിരുന്നു ഒഎന്‍വി.
ഒഎന്‍വിയുമായുള്ള തന്റെ ബന്ധം കണ്ട്‌ സഹയാത്രികര്‍ അസൂയപ്പെട്ടിരുന്നു. അങ്ങനെയാണ്‌ യാത്രയിലൊരു ദിവസം തന്റെ കവിതയുടെ കയ്യെഴുത്തുകോപ്പി ഒഎന്‍വിക്കു വായിക്കാന്‍ കൊടുത്തത്‌. കാര്യമായ അഭിപ്രായമൊന്നും പറയാതെ പിറ്റേന്ന്‌ ഒഎന്‍വി കവിത തിരിച്ചു തന്നപ്പോള്‍ വിഷമമായി. അധികം താമസിയാതെ ഒഎന്‍വിയെ ട്രെയിനില്‍ കാണാതായി. അതേക്കുറിച്ചന്വേഷിച്ചപ്പോള്‍ അദ്ദേഹം തിരുവനന്തപുരത്തേക്ക്‌ തിരിച്ചുപോയതായറിഞ്ഞു. ഒരു വാക്കുപോലും പറയാതെ ഒഎന്‍വി. പോയതില്‍ വിഷമംതോന്നിയെങ്കിലും ഞെട്ടിയത്‌ അധികം താമസിയാതെ മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച 'ഭൂമിക്കൊരു ചരമഗീതം' എന്ന കവിത വായിച്ചപ്പോഴാണ്‌ . തന്റെ കവിതയില്‍ അദ്ദേഹം വരുത്തിയത്‌ ചില്ലറ മാറ്റങ്ങള്‍ മാത്രം ".
-അതോടെ, ആതിരേ, പ്രഭാകരന്‍ കവിതയെഴുത്തും കവിയരങ്ങുകളും നിര്‍ത്തുകയായിരുന്നു.
പ്രഭാകരന്‍ തുടരുന്നു
" വേദനയോടെയാണെങ്കിലും കവിതയോട്‌ വിടപറഞ്ഞ താന്‍ ഭൂതകാലം മുഴുവന്‍ മറക്കാന്‍ ശ്രമിക്കുകയായിരുന്നു . എങ്കിലും നഷ്ടപ്പെട്ടുപോയ 'പുത്രി'യെക്കുറിച്ചുള്ള വേദന എന്നും ഉള്ളിലുണ്ടായിരുന്നു. സ്വന്തം മനസുകൊണ്ട്‌ ജന്മം നല്‍കിയ കുഞ്ഞിനെ ഇളംപ്രായത്തില്‍ കട്ടുകൊണ്ടുപോയി പ്ലാസ്റ്റിക്‌ സര്‍ജറി നടത്തി വിശ്വസുന്ദരിയാക്കി കിട്ടാവുന്നതെല്ലാം കൈപ്പറ്റി നടക്കുന്ന പോറ്റച്ഛനെ മാലോകരെല്ലാം വാഴ്ത്തുന്നതുകണ്ട്‌ വിതുമ്പലടക്കിപ്പിടിച്ചു നടക്കുന്ന നിസഹായനായ പിതാവിന്റെ ദെണ്ണമാണ്‌ അന്നെനിക്കുണ്ടായിരുന്നത്‌.അതോടൊപ്പം ജ്ഞാനപീഠം ലഭിച്ചപ്പോള്‍ മറവിരോഗമില്ലെങ്കില്‍ ഒ.എന്‍.വി. ലജ്ജ കൊണ്ട്‌ ചൂളിപ്പോയിരിക്കും "
ആതിരേ,പ്രഭാകരനില്‍ നിന്ന്‌ ഒഎന്‍വി കുറുപ്പിലേയ്ക്ക്‌ വരാം.'ഭൂമിക്കൊരു ചരമഗീതം' രചിക്കാനുണ്ടായ സാഹചര്യവും പ്രേരണയും നിര്‍ബന്ധവും അദ്ദേഹം വെളിപ്പെടുത്തുന്നത്‌ ഇങ്ങനെയാണ്‌: " വര്‍ഷങ്ങള്‍ക്കു മുമ്പ്‌ കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തേക്ക്‌ വരും വഴിക്ക്‌ ഹിന്ദുസ്ഥാന്‍ പേപ്പര്‍ മില്ലില്‍ നിന്നുള്ള മാലിന്യങ്ങള്‍ പ്രകൃതിസൗന്ദര്യത്തിന്‌ കോട്ടമേല്‍പ്പിച്ച അവസ്ഥ കാണാനിടയായി. ട്രെയിനിന്റെ താളം കൂടി സമ്മേളിച്ചപ്പോള്‍ ആദ്യവരി, 'ഇനിയും മരിക്കാത്ത ഭൂമി.' മനസ്സില്‍ പിറന്നു. ആ കവിത പൂര്‍ണ്ണമാകാന്‍ പിന്നെയും കാത്തിരിക്കേണ്ടി വന്നു കുറേ നാളുകള്‍. തിരുവനന്തപുരത്ത്‌ പ്രകൃതി സ്നേഹികളായ കവികള്‍ സംഘടിപ്പിച്ച കവി സംഗമത്തില്‍ ആ കവിത ജനിച്ചു.."
എന്നാല്‍, ആതിരേ, ഒഎന്‍വിയുടെ വിശദീകരണത്തില്‍ തുളുമ്പുന്നത്‌ നുണമാത്രമാണെന്ന്‌ ശ്രീജിത്‌ പെരുന്തച്ചന്‍ എഴുതിയ "തോന്ന്യാക്ഷരങ്ങളല്ല, ഭാഗ്യാക്ഷരങ്ങള്‍ "എന്ന കുറിപ്പ്‌ വ്യക്തമാക്കുന്നു.' മനോരമ ഓണ്‍ലൈന്‍ ലിറ്റററി വേള്‍ഡി 'ല്‍ പ്രസിദ്ധീകരിച്ച ആ കുറിപ്പ്‌ ഇങ്ങനെ:" ചിലര്‍ക്ക്‌ കവിത വരുന്നത്‌ കല്യാണാ ലോചന വരുന്നതു പോലെയാണ്‌. നാലുവഴിക്ക്‌ നിന്നും വേണ്ടതും വേണ്ടാത്തതുമായ വരികളുടെ പ്രവാഹമായിരിക്കും. ഒടുവില്‍ പലതും ഉപേക്ഷിക്കും. ചിലതൊക്കെ വെട്ടിക്കളയും. ആലോചനയില്‍ പൊരുത്തം തോന്നിയത്‌ മാത്രം തിരഞ്ഞെടുക്കും. എന്നാല്‍ ഒരു വരി പോലും വെട്ടാതെയോ തിരുത്താതെയോ ആണ്‌ ഒ.എന്‍.വി. കുറുപ്പ്‌ ഭൂമിക്കൊരു ചരമഗീതം എഴുതിയത്‌. കവിതയുടെ പേരും കവിത പോലെ താനറിയാതെ വന്നതാണെന്നു കവി. മറ്റൊരു പേരിനെക്കുറിച്ച്‌ ആലോചിക്കേണ്ടി വന്നതു പോലുമില്ല. പേനയ്ക്ക്‌ ജീവനുണ്ടായിരുന്നെങ്കില്‍ അത്‌ പറഞ്ഞേനെ, എനിക്ക്‌ ഒഎന്‍വിയുടെ കൂടെ ജോലി ചെയ്യുന്നതാണ്‌ ഏറ്റവും ഇഷ്ടമെന്ന്‌. കാരണം മുന്നോട്ടുവച്ച കൈ കവിക്ക്‌ ഒരിക്കല്‍പ്പോലും പിന്നോട്ടെടുക്കേണ്ടി വന്നിട്ടില്ല, ഇതെഴുതുമ്പോള്‍.
ഒരു മരം പോലും ആരും വെട്ടിക്കളയരുത്‌ എന്ന പ്രാര്‍ഥനയോടെ എഴുതിയ കവിതയായതുകൊണ്ടാണോ എന്തോ ഒരക്ഷരം പോലും കവിക്ക്‌ അതില്‍ നിന്ന്‌ വെട്ടിക്കളയേണ്ടി വന്നില്ല. കവിത എഴുതുമ്പോള്‍ തന്നെ അതിന്റെ പേരും മനസ്സിലുണ്ടായിരുന്നു. മൂന്നോ നാലോ പേര്‌ മനസ്സില്‍ തോന്നുക. അതില്‍ നിന്ന്‌ ഒന്ന്‌ തിരഞ്ഞെടുക്കുക തുടങ്ങിയ കാര്യങ്ങളൊന്നും കവിക്ക്‌ ബാധകമായിരുന്നില്ല.
പരിസ്ഥിതിക്ക്‌ പ്രാധാന്യം കൊടുത്തുകൊണ്ടെഴുതിയകവിതകള്‍ മാത്രം ഉള്‍ക്കൊള്ളിച്ച്‌ പ്രകൃതി സംരക്ഷണസമിതി എണ്‍പതുകളുടെ തുടക്കത്തില്‍ തിരുവനന്തപുരത്ത്‌ ഒരു കവിയരങ്ങ്‌ നടത്തി. എന്‍.വി.കൃഷ്ണവാരിയര്‍ പ്രസിഡന്റും സുഗതകുമാരി സെക്രട്ടറിയുമായുള്ള ആ സമിതി നടത്തിയ കവിയരങ്ങില്‍ ചൊല്ലാന്‍ വേണ്ടി എഴുതിയ കവിതയാണത്‌. ഒരു രൂപ ടിക്കറ്റ്‌ വച്ചായിരുന്നു പ്രവേശനം.
റിസര്‍വ്‌ ബാങ്കിന്റെ കണക്കില്‍പ്പെടാതെ രൂപയ്ക്ക്‌ ഏറ്റവും മൂല്യം കൂടിയ ദിവസങ്ങളിലൊന്ന്‌ ഒരുപക്ഷേ അതായിരിക്കും. കവിയരങ്ങി നെത്തിയവരെക്കൊണ്ട്‌ ഹാള്‍ നിറഞ്ഞു കവിഞ്ഞത്‌ കവിയുടെ ഓര്‍മയിലുണ്ട്‌. അങ്ങനെ ഭൂമിക്കൊരു ചരമഗീതം എന്ന്‌ പേരിട്ട കവിത മലയാളകവിതയ്ക്ക്‌ പുത്തനുണര്‍മ്പഞ്ഞിന്റെ ഉദയഗീതമായി.
ചന്ദ്രനെപ്പോലെ ഭൂമി നാളെ വെറും ഒരു ശിലയായി മാറുമോ എന്ന്‌ കവി ചിന്തിച്ചതിന്റെ ഫലം കൂടിയാണ്‌ ആ കവിത. ഒരിക്കല്‍ ചന്ദ്രനില്‍ നിന്നു കൊണ്ടുവന്ന ശിലകളുടെ ഒരു പ്രദര്‍ശനം കവി കണ്ടു. നാളെ ഭൂമിയും ഇതുപോലെ ജീവനില്ലാതെ കുറച്ച്‌ കല്ലുകള്‍ മാത്രം ശേഷിച്ച ഒരു ഗ്രഹമായി മാറുമോ എന്ന ചിന്തയും കവിയെ അതെഴുതാന്‍ പ്രേരിപ്പിച്ചു. നമ്മുടെയൊക്കെ മനസ്സ്‌ എന്തുകണ്ടാലും കരുണ തോന്നാത്ത വിധം കല്ലായി മാറുന്നത്‌ ചിലപ്പോള്‍ അതിന്റെ ആദ്യ സൂചനയാവാം. എന്തായാലും ഒരു വെട്ടോ തിരുത്തോ ഇല്ലാതെ എഴുതിയ ഭൂമിക്കൊരു ചരമഗീതം ഒരു പോറല്‍ പോലുമേല്‍ക്കാതെ കാലം കാത്തുവയ്ക്കേണ്ട നിധിയാണെന്ന്‌ മലയാളം തിരിച്ചറിഞ്ഞു.
കുട്ടിയായിരിക്കെ വീട്ടിലിരുന്ന്‌ ഓരോന്നൊക്കെ കുത്തിക്കുറിക്കുമ്പോള്‍ ?അപ്പൂ , നീ തോന്ന്യാക്ഷരമെഴുതുകയാണോ? എന്ന്‌ അച്ഛന്‍ ചോദിച്ചതിനെക്കുറിച്ച്‌ കവി എഴുതിയിട്ടുണ്ട്‌. അതാണ്‌ തനിക്ക്‌ തോന്ന്യാക്ഷരങ്ങള്‍ എന്ന്‌ പുസ്തകത്തിന്‌ പേരിടാന്‍ നിമിത്തമായതെന്നും. ഏതായാലും അതൊന്നും തോന്ന്യാക്ഷരങ്ങളല്ല മലയാളത്തിന്റെ ഭാഗ്യാക്ഷരങ്ങളാണെന്ന്‌ പില്‍ക്കാലം തെളിയിച്ചു. ഇങ്ങനെയൊരു കവിയെ കിട്ടാന്‍ മലയാളം ഭാഗ്യം ചെയ്യണമെന്നും "
ശ്രദ്ധിച്ചോ " ഒരു വരി പോലും വെട്ടാതെയോ തിരുത്താതെയോ ആണ്‌ ഒ.എന്‍.വി. കുറുപ്പ്‌ ഭൂമിക്കൊരു ചരമഗീതം എഴുതിയതെന്ന്‌. " കവിതയുടെ പേരും കവിത പോലെ താനറിയാതെ വന്നതാണെന്നും മറ്റൊരു പേരിനെക്കുറിച്ച്‌ ആലോചിക്കേണ്ടി വന്നതു പോലുമില്ല" എന്ന ഒഎന്‍വിയുടെ അവകാശവാദം, പ്രഭാകരന്റെ ആരോപണത്തെയല്ലേ സാധൂകരിക്കുന്നത്‌.?
ഇപ്പോള്‍ മനസ്സിലുണരുന്നത്‌,ആതിരേ, കവിയുടെ തന്നെ ഈ വരികളണ്‌:
"ഭൂമികന്യയെ വേള്‍ക്കാന്‍വന്നമോഹമേ നീ, ഇന്ദ്രകാര്‍മുകമെടുത്തു കുലച്ചുതകര്‍ത്തെന്നോ"..!
,'ഭൂമിക്കൊരു ചരമഗീത'ത്തിലെ വരികള്‍ തിരുത്തി
" ഇനിയും മരിക്കാത്ത ഒഎന്‍വി! നിന്‍
മോഷണ മികവില്‍ നിനക്കാത്മശാന്തി!
ഇത്‌ നിന്റെ ചരമശുശ്രൂഷയ്ക്ക്‌
ഹൃദയത്തിലെന്നേ കുറിച്ച കുറിപ്പ്‌" എന്ന്‌ വെട്ടിത്തുറന്ന്‌ പറയണോ
അതോ
"വെറുമൊരു മോഷ്ടാവാം ഓയെന്‍വിയെ
കള്ളനെന്ന്‌ വിളിക്കാമോ..?"
എന്ന്‌ പറഞ്ഞൊഴിയണോ?
അനുവാചകര്‍ തീരുമാനിക്കട്ടെ, അല്ലേ..?
'ഭൂമിക്കൊരു ചരമഗീതം': പ്രതികരിക്കാനില്ലെന്ന്‌ ഒഎന്‍വി.
തന്റെ പ്രശസ്ത കവിത 'ഭൂമിക്കൊരു ചരമഗീതം' വര്‍ഷങ്ങള്‍ക്കുമുമ്പ്‌ കവി ചുണ്ടയില്‍ പ്രഭാകരന്‍ രചിച്ച ഒരു ചരമക്കുറിപ്പ്‌ എന്ന കവിതയുടെ മോഷണമാണെന്ന ആരോപണത്തെക്കുറിച്ച്‌ പ്രതികരിക്കാനില്ലെന്ന്‌ ഒ.എന്‍.വി. കുറുപ്പ്‌. സംഗീത നാടക അക്കാദമി മുന്‍ സെക്രട്ടറിയും സാഹിത്യ അക്കാദമി പബ്ലിക്കേഷന്‍ ഓഫീസറുമായിരുന്ന സി.കെ. ആനന്ദന്‍പിള്ളയുടെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിക്കുന്ന സാഹിത്യ വിമര്‍ശനം മാസികയിലാണ്‌ ചുണ്ടയില്‍ പ്രഭാകരന്‍ ഈ ആരോപണമുന്നയിച്ചത്‌.
അതേസമയം തന്റെ കവിതയുടെ കൈയെഴുത്തുപ്രതി വായിച്ചശേഷമാണ്‌ ഒ.എന്‍.വി. ഭൂമിക്കൊരു ചരമഗീതം രചിച്ചതെന്ന്‌ ചുണ്ടയില്‍ പ്രഭാകരന്‍ ആവര്‍ത്തിച്ചു. സൂര്യഗായത്രി എന്ന തന്റെ കവിതയില്‍നിന്നാണ്‌ ഒ.എന്‍.വി. സൂര്യഗീതം രചിച്ചതെന്നും പ്രഭാകരന്‍ പറയുന്നു. ഇക്കാര്യത്തില്‍ അന്ന്‌ പ്രതികരിച്ചില്ല എന്നത്‌ ശരിയാണ്‌.
ഭൂമിയുടെ ചരമത്തെ ദീര്‍ഘദൃഷ്ടിയോടെ കണ്ടറിഞ്ഞ മഹാപ്രതിഭയ്ക്ക്‌ ജ്ഞാനപീഠം എന്ന്‌ പത്രത്താളുകളില്‍ കണ്ടപ്പോഴാണ്‌ അല്‍പം വിഷമം തോന്നിയത്‌. പിന്നീട്‌ ആനന്ദന്‍പിള്ള ആവശ്യപ്പെട്ടതനുസരിച്ചാണ്‌ ഇക്കാര്യം എഴുതിയതെന്നും പ്രഭാകരന്‍ കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ ആകാശവാണി തൃശൂര്‍ നിലയത്തില്‍ പ്രോഗ്രാം വിഭാഗം തലവനായി പ്രവര്‍ത്തിക്കുന്ന ഡി. പ്രദീപ്കുമാറിന്റെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന ആള്‍ക്കൂട്ടം ലിറ്റില്‍ മാഗസിനിലായിരുന്നു പ്രഭാകരന്റെ ഒരു ചരമക്കുറിപ്പ്‌ പ്രസിദ്ധീകരിച്ചത്‌.
1982ല്‍ത്തന്നെ താനും സുഹൃത്തുക്കളുമടങ്ങിയ സദസില്‍ പ്രഭാകരന്‍ പ്രസ്തുത കവിത ആലപിച്ചിരുന്നതായി പ്രദീപ്കുമാര്‍ ഓര്‍ക്കുന്നു. കവിതയിലെ വരികള്‍ മോഷ്ടിച്ചിട്ടില്ലെങ്കിലും ആശയം ഒ.എന്‍.വി. സ്വീകരിച്ചത്‌ പ്രഭാകരനില്‍നിന്നാണെന്നുതന്നെയാണ്‌ തന്റെ അഭിപ്രായമെന്നും പ്രദീപ്‌ പറഞ്ഞു. സൂര്യഗായത്രിയാകട്ടെ പ്രസിദ്ധീകരിച്ചത്‌ ഭാഷാപോഷിണിയിലായിരുന്നു. അതിനുശേഷമാണ്‌ ഒഎന്‍വിയുടെ സൂര്യഗീതം പുറത്തുവന്നത്‌. അതേസമയം സത്യം ഒരിക്കല്‍ പുറത്തുവരുമെന്ന്‌ കരുതി എഴുതിയതാണെന്നും ഇക്കാര്യത്തില്‍ തനിക്ക്‌ മറ്റു പരാതികളില്ലെന്നും പ്രഭാകരന്‍ വ്യക്തമാക്കി.

No comments: