ജനവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ ഈ ദാര്‍ഷ്ട്യതയ്ക്കെതിരെ പൊള്ളിക്കുന്ന പ്രക്ഷോഭ പരമ്പരകള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. നിര്‍ഭാഗ്യമെന്ന് പറയട്ടെ മന്‍മോഹന്‍സിംഗ് സര്‍ക്കാരന്റെ വികല സാമ്പത്തിക നയങ്ങളെയും ജനവിരുദ്ധ നിലപാടുകളെയും എതിര്‍ത്ത് തോല്‍പിക്കേണ്ട പ്രതിപക്ഷ പാര്‍ട്ടികളായ ബിജെപിയും ഇടതുപക്ഷവും അവരുടെ ആഭ്യന്തര ജീര്‍ണതകളാല്‍, ജനകീയ പ്ര്ശ്നങ്ങള്‍ ഏറ്റെടുക്കാനോ,പ്രക്ഷോഭങ്ങള്‍ നയിക്കാനോ കഴിയാത്ത വിധം പൊതുമണ്ഡലത്തില്‍ അവഹേളിതരായിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ മന്മോഹനോമിക്സിനെ തകര്‍ക്കുന്ന പ്രതിഷേധ- പ്രതിരോധ പോരാട്ടം പൗരസമൂഹം ആരംഭിച്ചെങ്കില്‍ മാത്രമേ പൗരാവകാശങ്ങള്‍ക്ക് മുകളിലുള്ള യുപിഎ സര്‍ക്കാരിന്റെ കുതിര കയറ്റത്തിന് കടിഞ്ഞാണ്‍ ഇടാന്‍ കഴിയുകയുള്ളൂ.
ആതിരേ, "ആടിനെ പട്ടിയാക്കുക... പട്ടിയെ പേപ്പട്ടിയാക്കുക... പേപ്പട്ടിയെ തല്ലിക്കൊല്ലുക..."- പ്രാകൃതവും വന്യവും ബീഭത്സവുമായ ഈ ഉന്മൂലന തന്ത്രമാണ്, 200 സീറ്റു നല്‍കി മന്‍മോഹന്‍ സിംഗിനെയും കൂട്ടരെയും അധികാരത്തിലേറ്റിയ സമ്മതിദായകരോടും, ഭരണവര്‍ഗ്ഗത്തെ തീറ്റിപ്പോറ്റുന്ന നികുതി ദായകരോടും യുപിഎ ഭരണകൂടവും പ്ലാനിംഗ് കമ്മീഷനും തുടര്‍ന്നു പോരുന്നത്.
അതിന്റെ ഏറ്റവും പുതിയ അശ്ലീലതയാണ് കഴിഞ്ഞ ദിവസം ആസൂത്രണ കമ്മീഷന്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചതും ദാരിദ്ര്യരേഖ നിശ്ചയിക്കാന്‍ സ്വീകരിച്ചതുമായ കണക്കുകള്‍.
ഗ്രാമങ്ങളില്‍ പ്രതിദിനം 26 രൂപയും നഗരങ്ങളില്‍ 32 രൂപയും വരുമാനമുള്ളവരെ ദരിദ്രരായി കണക്കാക്കേണ്ടതില്ലെന്നാണ് ആസൂത്രണ കമ്മീഷന്‍ സുപ്രീംകോടതിയെ അറിയിച്ചത്. 2011 ജൂണിലെ വിലനിലവാര പ്രകാരം നഗരങ്ങളില്‍ പ്രതിമാസം 965 രൂപയും ഗ്രാമങ്ങളില്‍ 781 രൂപയും വരുമാനമുള്ളവരെ ദരിദ്രരായി കാണേണ്ടതില്ലെന്നും കമ്മീഷന്‍ നിര്‍ദേശിക്കുന്നു. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി എല്ലാ അടിസ്ഥാന ആവശ്യങ്ങള്‍ക്കുമായി ഇത്രയും വരുമാനം മതിയത്രേ! അഞ്ച് അംഗ കുടുംബത്തിന് നഗരങ്ങളില്‍ പ്രതിമാസം 4824 രൂപയും ഗ്രാമങ്ങളില്‍ 3905 രൂപയും ധാരാളമാണ്. ആസൂത്രണ കമ്മീഷന്റെ കണക്ക് പ്രകാരം ഒരുദിവസത്തെ ചെലവ് ഇപ്രകാരമാണ്: ഭക്ഷ്യദാന്യങ്ങള്‍ക്ക് അഞ്ച് രൂപ, പരിപ്പ് വര്‍ഗ്ഗങ്ങള്‍ക്ക് ഒരു രൂപ, പച്ചക്കറികള്‍ക്ക് 1.8 രൂപ, പാലിന് 2.3 രൂപ, ഇന്ധനത്തിന് പ്രതിമാസം 112 രൂപ.
പൊതുവിതരണ സംവിധാനത്തിന് കീഴില്‍ ബി.പി.എല്‍ നിരക്കില്‍ ഭക്ഷ്യധാന്യം വിതരണം ചെയ്യുന്നതിന് ഗുണഭോക്താക്കളെ കണ്ടെത്താന്‍ ഗ്രാമങ്ങളില്‍ പ്രതിദിനം 14 രൂപയും നഗരങ്ങളില്‍ 19 രൂപയുമാണ് വരുമാന പരിധി നിശ്ചയിച്ചത്. ഇത് ന്യായമാണോ എന്ന് വിശദീകരിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സുപ്രീംകോടതി ജസ്റ്റിസ് ദാല്‍വീര്‍ ഭണ്ഡാരിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ആസൂത്രണ കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ്,ആതിരേ, പ്രധാനമന്ത്രി കാര്യാലയത്തിന്റെ അംഗീകാരത്തോടെ കഴിഞ്ഞ ദിവസം കമ്മീഷന്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. 2004-2005 വില നിലവാര പ്രകാരം സുരേഷ് ടെണ്ടുല്‍ക്കര്‍ കമ്മിറ്റി തയ്യാറാക്കിയ മാനദണ്ഡങ്ങളോടൊപ്പം 2010-2011 വര്‍ഷത്തിലെ വ്യവസായ തൊഴിലാളികള്‍ക്കുള്ള ഉപഭോക്തൃ വില സൂചിക കൂടി ഉള്‍പ്പെടുത്തിയാണ്, ബിപിഎല്‍ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരായ ദരിദ്രരരെ കണ്ടെത്താനുള്ള ഈ വിചിത്ര മാനദണ്ഡം കമ്മീഷന്‍ അവതരിപ്പിച്ചത്. ഇതിലൂടെ പ്രതിദിനം 25രൂപയിലേറെ വരുമാനമുള്ളവരെ ബിപിഎല്‍ പട്ടികയില്‍ നിന്ന് പുറത്താക്കണമെന്ന ദുശാഠ്യം കമ്മീഷന്‍ ശക്തമാക്കിയിരിക്കുകയാണ്. നഗരങ്ങളില്‍ വാടകയ്ക്ക് മാസം 49 രൂപ മുടക്കുന്നവരും ആരോഗ്യ ആവശ്യങ്ങള്‍ക്ക് 39 രൂപ മുടക്കുന്നവരും കമ്മീഷന്റെ കണക്കില്‍ സമ്പന്നരാണ്. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് കമ്മീഷന്‍ പ്രതിമാസം കണക്കാക്കുന്ന തുക 29.60 രൂപയാണ്.
ആതിരേ,അങ്ങേയറ്റം അപലപനീയവും അശ്ലീലവുമാണ് മന്‍മോഹനോമിക്സിന്റെ പ്രദര്‍ശനങ്ങള്‍. പണപ്പെരുപ്പം രൂക്ഷമായ ഘട്ടത്തില്‍ (അത് വര്‍ദ്ധിപ്പിക്കാന്‍ കൃത്യമായ ഇടവേളകളില്‍ നശീകരണ സാമ്പത്തിക പരിഷ്കാരങ്ങള്‍ നടപ്പിലാക്കുന്നതില്‍ ബദ്ധശ്രദ്ധമാണ് യുപിഎ സര്‍ക്കാര്‍) അതിന് പരിഹാരം കാണുന്നതിന് പകരം ദരിദ്രരെ വെട്ടിച്ചുരുക്കി കാണക്കില്‍ കളികള്‍ നടത്താനും നിസ്വകോടികളെ വഞ്ചിക്കാനുമാണ് മന്‍മോഹന്റേയും പ്ലാനിംഗ് കമ്മീഷന്റെ ശ്രമം.
ഒരു ചായയ്ക്ക് അഞ്ച് രൂപയും ഒരു പാരസറ്റമോള്‍ ഗുളികയ്ക്ക് രണ്ട് രൂപയും നല്‍കേണ്ടിടത്താണ് ആസൂത്രണ കമ്മീഷന്റെ ഈ കസര്‍ത്ത്.സബ്സിഡി നിരക്കിലുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം വര്‍ഷത്തില്‍ ആറായി പരിമിതപ്പെടുത്താന്‍ ഗൂഢനീക്കം നടത്തുന്ന കേന്ദ്രസര്‍ക്കാര്‍, ദരിദ്രന് എന്ത് പാചകം എന്ന ആശയവും 'ഗംഭീരമായി' അവതരിപ്പിച്ചിട്ടുണ്ട് ഈ സത്യവാങ്മൂലത്തില്‍.ഇന്ധനത്തിനായി ഒരാള്‍ക്ക് ഒരു ദിവസം 3.75 രൂപ നീക്കിവച്ചത് അങ്ങനെയാണല്ലോ.
കമ്മീഷന്റെ ഈ നിലപാടിനെതിരെ വ്യാപകമായ പ്രതിഷേധം രാജ്യമെമ്പാടും ഉയര്‍ന്നു കഴിഞ്ഞു. കേന്ദ്രമന്ത്രി ജയറാം രമേശ്, സുപ്രീം കോടതി നിയമിച്ച ഭക്ഷ്യ കമ്മീഷണര്‍ എന്‍.സി.സക്സേന, അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകന്‍ ബിരാജ് പട്നായ്ക്, സോണിയ നേതൃത്വം നല്‍കുന്ന നാഷണല്‍ അഡ്വൈസറി കൗണ്‍സില്‍ അംഗം അരുണ റോയ് തുടങ്ങി വിവേകമുള്ളവരെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ ഈ ജനദ്രോഹ നിലപാടിനെതിരെ ശബ്ദമുയര്‍ത്തി കഴിഞ്ഞു.
ശ്രദ്ധിക്കുക സുപ്രീം കോടതി ചോദിച്ച ചോദ്യങ്ങള്‍ക്കല്ല ആസൂത്രണ കമ്മീഷന്‍ മറുപടി നല്‍കിയിരിക്കുന്നത്. ഭക്ഷ്യധാന്യ വിതരണത്തില്‍ ഗുണഭോക്താക്കളെ കണ്ടെത്താന്‍ സമര്‍പ്പിച്ച മാനദണ്ഡം വിഡ്ഢിത്തം നിറഞ്ഞതാണെന്ന് തിരിച്ചറിഞ്ഞാണ് സുപ്രീം കോടതി വിശദീകരണം ആവശ്യപ്പെട്ടത്. അതിന് നല്‍കിയ മറുപടിയാകട്ടെ സത്യവിരുദ്ധവും പൗരവിരുദ്ധവും വികല സാമ്പത്തിക സമീപനത്തിന്റെ നിദര്‍ശനവുമാണ്. ജസ്റ്റിസ് ദാല്‍വീര്‍ ഭണ്ഡാരിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് പോലും ഈ മറുപടിയില്‍ ഒരളുവ് വരെ കുപിതമാണ്.ചില്ലു കൂട്ടില്‍ ഇരിക്കുന്ന ആസൂത്രണ വിദഗ്ധന്മാര്‍ക്കും ജനപ്രതിനിധികള്‍ക്കും ഇന്ത്യയുടെ ഭാഗധേയം നിര്‍ണ്ണയിക്കുന്ന ശതകോടി സാധാരണക്കാരുടെ ദയനീയാവസ്ഥ പ്രശ്നമേ അല്ല എന്നാണ് ഈ സമീപനത്തില്‍ നിന്ന് വ്യക്തമാകുന്നത്.
ഇവിടെ ,സെപ്റ്റംബര്‍ മധ്യത്തില്‍ പെട്രോള്‍ വില വര്‍ധിപ്പിച്ചതിനെ കേന്ദ്ര സര്‍ക്കരും പ്ലാനിംഗ് കമ്മീഷനും നോക്കിക്കണ്ടത് വിലയിരുത്തുക."ഓയില്‍ കമ്പനികള്‍ പെട്രോള്‍ ലിറ്ററിന് 3.14രൂപ വര്‍ദ്ധിപ്പിച്ചത് സ്വാഗതാര്‍ഹവും ശുഭകരവുമായ നടപടിയാണ്.ഇത് ഇന്ത്യയുടെ സാമ്പത്തിക പരിഷ്കരണ നടപടികളുടെ വിശ്വാസ്യത വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്.നമ്മുടെ പരിഷ്കരണ നടപടികളുടെ അടിസ്ഥാനതത്വങ്ങളുടെ അംഗീകാരമാണിത്.."പ്ലാനിംഗ് കമ്മീഷന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ മൊണ്ടേക് സിംഗ് അഹ്ലുവാലിയയുടേതാണ് ഈ വാക്കുകള്‍.ഇന്ത്യയിലെ സാധാരണക്കരന്റെ ജീവിതാവസ്ഥകള്‍ അസഹ്യവും കഠിനതരവുമാക്കുന്നതാണ് യുപിഎ സര്‍ക്കാരിന്റെ സാമ്പത്തികപരിഷ്കരണ നടപടികളെന്ന് ഹുങ്കിന്റെ ഈ വാക്കുകള്‍ അടിവരയിട്ട് വ്യക്തമാക്കുന്നു.
ആതിരേ, ദരിദ്രരെ കൂടുതല്‍ ദാരിദ്ര്യത്തിലേക്കും സമ്പന്നരെ കൂടുതല്‍ സമ്പന്നതയിലേക്കും നയിക്കുന്ന സാമ്പത്തിക പരിഷ്കറണ സിദ്ധാന്തങ്ങളുടെ അപ്പോസ്തോലന്മാരാണ് മന്‍മോഹന്‍സിംഗും മൊണ്ടേക് സിംഗ് അഹ്ലുവാലിയയും. ആഗോളീകരണത്തിന്റെയും കമ്പോള സമ്പദ് വ്യവസ്ഥയുടെയും നീച താല്‍പര്യങ്ങളാണ് ഈ രണ്ട് സാമ്പത്തിക വിദഗ്ധരേയും നയിക്കുന്നത്. കോടീശ്വരന്മാരായ ഇവര്‍ക്കും ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന പാര്‍ലമെന്റ് അംഗങ്ങള്‍ക്കും കേവലം വോട്ടര്‍മാര്‍ മാത്രമാണ് പൗരന്മാര്‍. അവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ എന്തെന്ന് തിരിച്ചറിയാനും പ്രശ്നങ്ങള്‍ പരിഹരിക്കാനും ഇവര്‍ക്ക് താല്‍പര്യവും ആഗ്രഹവുമില്ല. ഭരണഘടന വിഭാവനം ചെയ്യുന്ന ആനുകൂല്യങ്ങളോടെ മാന്യമായി ജീവിക്കാനുള്ള പൗരന്റെ അവകാശത്തെയാണ് ഭരണത്തിന്റെ അഹന്തയില്‍, കോര്‍പ്പറേറ്റുകളോടുള്ള ഉളുപ്പില്ലാത്ത ദാസ്യഭാവത്തോടെ മന്‍മോഹന്‍സിംഗും കൂട്ടരും ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുന്നത്.
ജനവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ ഈ ദാര്‍ഷ്ട്യതയ്ക്കെതിരെ പൊള്ളിക്കുന്ന പ്രക്ഷോഭ പരമ്പരകള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. നിര്‍ഭാഗ്യമെന്ന് പറയട്ടെ മന്‍മോഹന്‍സിംഗ് സര്‍ക്കാരന്റെ വികല സാമ്പത്തിക നയങ്ങളെയും ജനവിരുദ്ധ നിലപാടുകളെയും എതിര്‍ത്ത് തോല്‍പിക്കേണ്ട പ്രതിപക്ഷ പാര്‍ട്ടികളായ ബിജെപിയും ഇടതുപക്ഷവും അവരുടെ ആഭ്യന്തര ജീര്‍ണതകളാല്‍, ജനകീയ പ്ര്ശ്നങ്ങള്‍ ഏറ്റെടുക്കാനോ,പ്രക്ഷോഭങ്ങള്‍ നയിക്കാനോ കഴിയാത്ത വിധം പൊതുമണ്ഡലത്തില്‍ അവഹേളിതരായിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ മന്മോഹനോമിക്സിനെ തകര്‍ക്കുന്ന പ്രതിഷേധ- പ്രതിരോധ പോരാട്ടം, ആതിരേ, പൗരസമൂഹം ആരംഭിച്ചെങ്കില്‍ മാത്രമേ പൗരാവകാശങ്ങള്‍ക്ക് മുകളിലുള്ള യുപിഎ സര്‍ക്കാരിന്റെ കുതിര കയറ്റത്തിന് കടിഞ്ഞാണ്‍ ഇടാന്‍ കഴിയുകയുള്ളൂ.
Subscribe to:
Post Comments (Atom)
No comments:
Post a Comment