Monday, October 3, 2011

നഗ്ന വാനരന്‍ അര്‍മാദിക്കുമ്പോള്‍

മനുഷ്യന്റെ അശ്ലീലഭരിത സ്വാര്‍ത്ഥതയും ഒടുങ്ങാത്ത ദുരയുമാണ്‌ അന്യജീവജാലങ്ങളുടെ നിലനില്‍പ്പിന്‌ ഭീഷണി. കാട്‌ വെട്ടിത്തെളിച്ച്‌ വന്യമൃഗങ്ങളുടെയും ഇതര ജീവജാലങ്ങളുടെയും ആവാസവ്യവസ്ഥകള്‍ മുച്ചൂടും മുടിക്കുന്നതും വിനോദത്തിനും വാണിജ്യാവശ്യങ്ങള്‍ക്കും ഭക്ഷണത്തിനും വേണ്ടി മൃഗവര്‍ഗങ്ങളെയും പക്ഷിവംശങ്ങളെയും കൊന്നൊടുക്കുന്നതും മനുഷ്യന്‍ തന്നെ.ഇരിക്കുന്ന കൊമ്പാണ്‌ അഹങ്കാരത്തോടെ മുറിക്കുന്നതെന്ന്‌, എന്നാണിനി ഈ 'നഗ്നവാനരന്‍' മനസ്സിലാക്കുക..?!ആതിരേ,
ഇന്ന്‌ ലോക മൃഗസംരക്ഷണദിനം. മൃഗ സംരക്ഷണാവബോധം സൃഷ്ടിക്കാന്‍ 1931 ലാണ്‌ ലോകമൃഗസംരക്ഷണ ദിനാചരണം ആരംഭിച്ചത്‌.
ഫ്ലോറന്‍സിലെ പരിസ്ഥിതി സ്നേഹികളാണ്‌ മൃഗസംരക്ഷണദിനം ആചരിക്കുവാനുള്ള ശ്രമങ്ങള്‍ ആദ്യമായി നടത്തിയത്‌.ദേശ,രാഷ്ട്ര വര്‍ഗങ്ങള്‍ക്‌ക്‍അതീതമായി, .ആനിമല്‍ ഏഷ്യ ഫൗണ്ടേഷന്‍,സിംഗപ്പൂര്‍ സൊസൈറ്റി ഫോര്‍ ദി പ്രൊട്ടക്ഷന്‍ ഓഫ്‌ ആനിമല്‍സ്‌ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ്‌ ലോക മൃഗസംരക്ഷണ ദിനാചരണം.
മനുഷ്യ ജീവിതം എങ്ങനെ മൃഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന്‌ ലോകത്തെ അറിയിക്കുന്ന ഈ ദിനം മൃഗങ്ങളുടെ രക്ഷക ദേവനായ സെന്റ്‌ ഫ്രാന്‍സിസ്‌ അസീസിയുടെ തിരുന്നാള്‍ കൂടിയാണ്‌ . അദ്ദേഹത്തിന്റെ ഓര്‍മ്മ പുതുക്കുന്നതിനു വേണ്ടിയുമാണ്‌ ഈ ദിനാചരണം.
ന്യൂയോര്‍ക്കിലുള്ള സെന്റ്‌ ജോണ്‍സ്‌ പള്ളിയില്‍ മൃഗസംരക്ഷണ ദിനത്തോടനുബന്ധിച്ച്‌ മൃഗങ്ങളെ പങ്കെടുപ്പിച്ച്‌ ഘോഷ യാത്ര സംഘടിപ്പിക്കുന്നുണ്ട്‌. ലോസ്‌ ഏഞ്ചല്‍സിലെ ഓള്‍വാറ തെരുവില്‍ മൃഗങ്ങളെ ആദരിക്കുന്ന ചടങ്ങ്‌ പക്ഷെ മാര്‍ച്ചിലാണ്‌ നടത്തുക.
മൃഗസംരക്ഷണ സന്ദേശം ലോകമെമ്പാടും പരത്തുകയെന്ന ലക്ഷ്യത്തോടെ 2003ല്‍ ഇംഗ്ലണ്ട്‌ ആസ്ഥാനമായിട്ടുള്ള ആനിമല്‍ വെല്‍ഫെയര്‍ ഗ്രൂപ്പായ 'നാച്ചറല്‍ വാച്ച്‌' , വേള്‍ഡ്‌ ആനിമല്‍ ഡേ വെബ്സൈറ്റ്‌ പുറത്തിറക്കിയിട്ടുണ്ട്‌.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥിതി ചെയ്യുന്ന മൃഗ ചാപ്പലുകള്‍ ഈ ദിനത്തില്‍ ചത്തതും അസുഖം ബാധിച്ചതുമായ വളര്‍ത്തു മൃഗങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥന നടത്തും. വളര്‍ത്തു മൃഗങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക്‌ വേണ്ടിയുള്ള കൗണ്‍സിലിങ്ങും ഇവിടങ്ങളിലുണ്ട്‌. ഇതിനു പുറമെ ഭൂമിയിലെ ജീവജാലങ്ങളെ സംരക്ഷിക്കേണ്ടതിന്റെ ആനിവാര്യത വിശദമാക്കുന്ന ആത്മീയമായ പാഠങ്ങളും ഇവിടെ പകര്‍ന്നു നല്‍കുന്നു. ഈ മൃഗ ചാപ്പലുകള്‍ക്ക്‌ അവരുടെ മന്ത്രിമാരും ഭരണഘടനയും ഉണ്ട്‌. മൃഗങ്ങളെ ആശീര്‍വദിക്കാനുള്ള പുരോഹിതനും ഇവിടെയുണ്ട്‌.
മനുഷ്യന്‍ മാത്രം അധിവസിക്കുന്ന ഗോളമല്ല ഭൂമി. ഇവിടെ പക്ഷി മൃഗാദികളും വൃക്ഷലതാദികളും സൂക്ഷ്മ ജീവികളുമുണ്ട്‌.ഈ ജീവജാലങ്ങള്‍ക്കു കൂടി സുഖവും ക്ഷേമവും കാംക്ഷിക്കുന്നതും ഉറപ്പാക്കുന്നതുമാണ്‌ വസുധൈവകുടുംബകം എന്ന ഭാരതീയ ദര്‍ശനം.
ലോകമൊരു കുടുംബമാണ്‌ എന്ന ഉദാത്തമായ സങ്കല്‍പം, പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കുമെല്ലാം ഭൂമുഖത്ത്‌ ജീവിക്കാനുള്ള അവകാശം ഉറപ്പാക്കുന്നുണ്ടെങ്കിലും മൃഗങ്ങള്‍ക്കുള്ള അവകാശങ്ങളെക്കുറിച്ച്‌ കൂടുതല്‍ ബോധവല്‍ക്കരണവും പഠനവും നടക്കേണ്ടിയിരിക്കുന്നു.
ദിവസവും ഭൂമിയില്‍ നിന്ന്‌ നൂറോളം ജീവിവര്‍ഗ്ഗങ്ങള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നു . ഈ ദുരവസ്ഥയിലേയ്ക്ക്‌ മനുഷ്യ ശ്രദ്ധക്ഷണിക്കാന്‍ കൂടിയാണ്‌ ലോക മൃഗക്ഷേമ ദിനം. നവംബര്‍ രണ്ടിന്‌ ലോക മൃഗദിനമായും ആചരിക്കുന്നു.
മനുഷ്യന്റെ അശ്ലീലഭരിത സ്വാര്‍ത്ഥതയും ഒടുങ്ങാത്ത ദുരയുമാണ്‌ അന്യജീവജാലങ്ങളുടെ നിലനില്‍പ്പിന്‌ ഭീഷണി. കാട്‌ വെട്ടിത്തെളിച്ച്‌ വന്യമൃഗങ്ങളുടെയും ഇതര ജീവജാലങ്ങളുടെയും ആവാസവ്യവസ്ഥകള്‍ മുച്ചൂടും മുടിക്കുന്നതും വിനോദത്തിനും വാണിജ്യാവശ്യങ്ങള്‍ക്കും ഭക്ഷണത്തിനും വേണ്ടി മൃഗവര്‍ഗങ്ങളെയും പക്ഷിവംശങ്ങളെയും കൊന്നൊടുക്കുന്നതും മനുഷ്യന്‍ തന്നെ.ഇരിക്കുന്ന കൊമ്പാണ്‌ അഹങ്കാരത്തോടെ മുറിക്കുന്നതെന്ന്‌, ആതിരേ, എന്നാണിനി ഈ 'നഗ്നവാനരന്‍' മനസ്സിലാക്കുക..?!

No comments: