Sunday, October 16, 2011

നിര്‍മ്മല്‍ മാധവ്‌: ഇതാണോ ഉമ്മന്‍ചാണ്ടിയുടെ സുതാര്യത?

പ്രത്യക്ഷത്തില്‍ തന്നെ നിയമങ്ങളുടെയും ചട്ടങ്ങളുടെയും നഗ്നമായ ലംഘനവും അധികാര ദുര്‍വിനിയോഗവുമാണ്‌ നിര്‍മ്മല്‍ മാധവന്റെ പ്രശ്നത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത്‌ നിന്നുണ്ടായത്‌.. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ എസ്‌എഫ്‌ഐ സമരത്തിനൊരുങ്ങിയത്‌. സമരക്കാരെ വെടിവച്ചു കൊല്ലാന്‍ പോലീസും നിലവിലിരിക്കുന്ന നിയമങ്ങള്‍ അധികാരത്തിന്റെ അഹന്തയില്‍ അട്ടിമറിക്കാന്‍ മുഖ്യമന്ത്രിയും തയ്യാറാകുന്ന ഏറ്റവും ദുഷ്ടത നിറഞ്ഞ രാഷ്ട്രീയ സാഹചര്യമാണ്‌ കേരളത്തില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌. ഇതിനെയാണോ, ഉമ്മന്‍ ചാണ്ടിയുടെ സുതാര്യ ഭരണം എന്ന്‌ വിശേഷിപ്പിക്കേണ്ടത്‌?


അനധികൃതമായി വെസ്റ്റ്‌ ഹില്‍ ഗവണ്‍മെന്റ്‌ എഞ്ചിനീയറിംഗ്‌ കോളേജില്‍ പ്രവേശം നേടിയ നിര്‍മ്മല്‍ മാധവ്‌-നെ തുടര്‍ച്ചയായി ന്യായീകരിക്കുക വഴി, ആതിരേ, അധികാരത്തിലിരുന്നുകൊണ്ട്‌ തങ്ങള്‍ എന്തു തോന്ന്യാസം കാണിച്ചാലും അത്‌ ചോദ്യം ചെയ്യാന്‍ പൊതുസമൂഹത്തിനോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ അവകാശമില്ലെന്നും നിയമവും ചട്ടവും ലംഘിച്ച്‌ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ എന്നും വ്യക്തമാക്കുകയായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
കോഴിക്കോട്‌ ലാത്തി ചാര്‍ജിനും ഗ്രനേഡ്‌ പ്രയോഗത്തി നും വെടിവയ്പ്പിനും ഇടയാക്കിയ വിദ്യാര്‍ത്ഥി സമരത്തിന്‌ കാരണക്കാരനായ നിര്‍മ്മല്‍ മാധവ്ന്‌ വെസ്തില്‍ ഗവണ്‍മെന്റ്‌ എഞ്ചിനീയറിംഗ്‌ കോളേജില്‍ അഡ്മിഷന്‍ നല്‍കിയത്‌ താനാണെന്നും അതിന്റെ പേരില്‍ മറ്റാരേയും കുറ്റപ്പെടുത്തേണ്ടതില്ലെന്നും മുഖ്യമന്ത്രി പറയുമ്പോള്‍ കൊട്ടിഘോഷിക്കപ്പെടുന്ന സുതാര്യതയ്ക്കപ്പുറത്തുള്ള രാഷ്ട്രീയ ഗൂഡാലോചനകളും അധികാരത്തിന്റെ അശ്ലീലതകളുമാണ്‌ ഖദര്‍ അണിയാതെ പൊതുസമൂഹമധ്യേ പ്രത്യക്ഷപ്പെടുന്നത്‌.
ഉന്നത വിദ്യാഭ്യാസ മേഖലയെ മലീമസമാക്കി എന്ന്‌ എല്‍ഡിഎഫ്‌ സര്‍ക്കാരിനും അന്നത്തെ വിദ്യാഭ്യാസ മ ന്ത്രി എം.എ.ബേബിക്കും എതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്ന അതേ നാവുകൊണ്ടാണ്‌ മുഖ്യമന്ത്രി, നിര്‍മ്മല്‍ മാധവ്ന്റെ പ്രശ്നത്തില്‍ സ്വീകരിച്ച ജനാധിപത്യ വിരുദ്ധവും വഞ്ചനാത്മകവുമായ നിലപാടിനെ ന്യായീകരിക്കുന്നത്‌.
നിലവിലിരിക്കുന്ന വിദ്യാഭ്യാസ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച്‌ ഏതെങ്കിലും ഒരു ഗവണ്‍മെന്റ്‌ എഞ്ചിനീയറിംഗ്‌ കോളേജില്‍ പ്രവേശനം ലഭിക്കാന്‍ അര്‍ഹതയില്ലാത്ത വ്യക്തിയാണ്‌ നിര്‍മ്മല്‍ മാധവ്‌. വെസ്റ്റ്‌ ഹില്‍ ഗവണ്‍മെന്റ്‌ എഞ്ചിനീയറിംഗ്‌ കോളേജില്‍ നിര്‍മ്മല്‍ മാധവ്ന്‌ പ്രവേശനം അനുവദിച്ചതില്‍ ചട്ടലംഘനം ഉണ്ടായിട്ടുണ്ട്‌ എന്ന്‌ ഇതുസംബന്ധിച്ച പ്രശ്നം പഠിക്കാന്‍ നിയോഗിച്ച ഉന്നത വിദ്യാഭ്യാസ സമിതി ചൂണ്ടിക്കാട്ടിയിട്ടും നിര്‍മ്മല്‍ മാധവ്നെ ന്യായീകരിച്ചുകൊണ്ട്‌ അനീതിയും അഴിമതിയും നടത്തുമെന്ന്‌ നിയമസഭയില്‍ അസന്ദിഗ്ധമായി പ്രഖ്യാപിക്കുകയാണ്‌ ഉമ്മന്‍ചാണ്ടി ചെയ്തത്‌. ഇത്‌ വിദ്യാഭ്യാസ ചട്ടങ്ങളോടുള്ള അനാദരവും കേരളത്തിലെ വിദ്യാര്‍ത്ഥി സമൂഹത്തോടും അവരുടെ രക്ഷിതാക്കളോടുമുള്ള വെല്ലുവിളിയുമാണ്‌. ശുദ്ധന്‍ ദുഷ്ടന്റെ ഫലം ചെയ്യുമെന്ന ചൊല്ല്‌ ആള്‍രൂപം കൊള്ളുകയാണ്‌ , ആതിരേ,ഈ സംഭവത്തിലൂടെ ഉമ്മന്‍ചാണ്ടിയില്‍.
2009-ല്‍ സംസ്ഥാന എഞ്ചിനീയറിംഗ്‌ പ്രവേശന പരീക്ഷയില്‍ 22737-ാ‍ം റാങ്കുകാരനാണ്‌ നിര്‍മ്മല്‍ മാധവ്‌. കാലിക്കട്ട്‌ സര്‍വ്വകലാശാല നടത്തുന്ന ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ എഞ്ചിനീയറിംഗ്‌ ആന്റ്‌ ടെക്നോളജി എന്ന സ്വാശ്രയ കോളേജില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ മാനേജ്മെന്റ്‌ ക്വാ ട്ടയില്‍ പ്രവേശനം നേടിയെങ്കിലും തന്നെ എസ്‌എഫ്‌ഐക്കാര്‍ റാഗ്‌ ചെയ്യുന്നു എന്നാരോപിച്ച്‌ അവിടത്തെ പഠനം മതിയാക്കി രണ്ടാം വര്‍ഷം പുന്നപ്രയില്‍ 'കാപ്‌' നടത്തുന്ന ഐഇഎം സ്വാശ്രയ കോളേജിലേക്ക്‌ മാറി. ഇവിടെ ഒരു മാസം മാത്രമാണ്‌ നിര്‍മ്മല്‍ മാധവ്‌ ക്ലാസില്‍ പോയിട്ടുള്ളൂ.
ഇതിനിടയില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നിലവില്‍ വരികയും തുടര്‍ന്ന്‌ സംസ്ഥാന ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായിരുന്ന ടോം ജോസിന്റെ പ്രത്യേക ഉത്തരവുമായി നിര്‍മ്മല്‍ മാധവ്‌ വെസ്തില്‍ ഗവണ്‍മെന്റ്‌ എഞ്ചിനീയറിംഗ്‌ കോളേജില്‍ പ്രവേശനം നേടുകയും ചെയ്തു.
സംസ്ഥാനത്തെ സ്വാശ്രയ കോളേജുകളില്‍ മാനേജ്മെ ന്റ്‌ ക്വാട്ടയില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥിക്ക്‌ ഗവണ്‍മെന്റ്‌ കോളേജില്‍ പ്രവേശനം നല്‍കാന്‍ പാടില്ല എന്നാണ്‌ നിയമം. ഈ നിയമം അട്ടിമറിക്കാന്‍ കൂട്ടു നിന്നവരെ സംരക്ഷിക്കാനും നിയമസഭയെപ്പോലും വെല്ലുവിളിക്കാനും മുഖ്യമന്ത്രി തയ്യാറാകുമ്പോള്‍ അതിന്‌ പിന്നിലുള്ള താല്‍പര്യം രാഷ്ട്രീയ അശ്ലീലത നിറഞ്ഞതു തന്നെയാണ്‌.സംശയമില്ല.
വളരെ ഉയര്‍ന്ന റാങ്ക്‌ ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക്‌ മാത്രം പ്രവേശനം നല്‍കുന്ന സ്ഥാപനമാണ്‌ വെസ്റ്റ്‌ ഹില്‍ ഗവണ്‍മെന്റ്‌ എഞ്ചിനീയറിംഗ്‌ കോളേജ്‌. അവിടെ തന്നെ നിര്‍മ്മല്‍ മാധവ്നെ പ്രവേശിപ്പിക്കുക വഴി കഷ്ടപ്പെട്ട്‌ പഠിച്ച്‌ റാങ്ക്‌ നേടിയ വിദ്യാര്‍ത്ഥികളുടെ ആത്മാര്‍ത്ഥതയെയാണ്‌ മുഖ്യമന്ത്രി ചവുട്ടി മെതിച്ചത്‌. ഓര്‍ക്കണം നിര്‍മ്മല്‍ മാധവ്‌ മൂന്നും നാലും സെമസ്റ്റര്‍ പരീക്ഷ എഴുതിയിട്ടില്ല. രണ്ട്‌ സെമസ്റ്റര്‍ പരീക്ഷ എഴുതാത്ത വിദ്യാര്‍ത്ഥിക്ക്‌ അടുത്ത വര്‍ഷ ക്ലാസില്‍ പ്രവേശനം നല്‍കാന്‍ പാടില്ല എന്നും നിയമവുമുണ്ട്‌. ഈ നിയമവുമാണ്‌ മുഖ്യമന്ത്രി അട്ടിമറിച്ചിരിക്കുന്നത്‌.
നിര്‍മ്മല്‍ മാധവ്ന്റെ കേസ്‌ പ്രത്യേകം പരിഗണിച്ച്‌ ഈ രണ്ട്‌ സെമസ്റ്റര്‍ പരീക്ഷകളും സപ്ലിമെന്ററി പരീക്ഷയായി കണക്കാക്കി ഇന്റേണല്‍ നടത്തുന്നതിന്‌ നടപടി സ്വീകരിക്കണമെന്ന്‌ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി, കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി വി.സിയുടെ അധിക ചുമതല കൂടി വഹിക്കുന്നസമയത്ത്‌ പ്രത്യേക ഉത്തരവും ഇറക്കി.
പ്രത്യക്ഷത്തില്‍ തന്നെ നിയമങ്ങളുടെയും ചട്ടങ്ങളുടെയും നഗ്നമായ ലംഘനവും അധികാര ദുര്‍വിനിയോഗവുമാണ്‌ നിര്‍മ്മല്‍ മാധവന്റെ പ്രശ്നത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത്‌ നിന്നുണ്ടായത്‌.. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ എസ്‌എഫ്‌ഐ സമരത്തിനൊരുങ്ങിയത്‌. സമരക്കാരെ വെടിവച്ചു കൊല്ലാന്‍ പോലീസും നിലവിലിരിക്കുന്ന നിയമങ്ങള്‍ അധികാരത്തിന്റെ അഹന്തയില്‍ അട്ടിമറിക്കാന്‍ മുഖ്യമന്ത്രിയും തയ്യാറാകുന്ന ഏറ്റവും ദുഷ്ടത നിറഞ്ഞ രാഷ്ട്രീയ സാഹചര്യമാണ്‌ കേരളത്തില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌. ഇതിനെയാണോ, ആതിരേ ഉമ്മന്‍ ചാണ്ടിയുടെ സുതാര്യ ഭരണം എന്ന്‌ വിശേഷിപ്പിക്കേണ്ടത്‌?

No comments: