Wednesday, October 5, 2011

വിദ്യാരംഭം കരിഷ്യാമി...

'അകക്കണ്ണ്‌ തുറപ്പിക്കാന്‍ ബാല്യത്തിലെത്തേണ്ട ' ഗുരുക്കന്മാരുടെ ശ്യാമകാമത്തിനിരായാകുന്ന കുരുന്നുകളുടെ വാര്‍ത്ത വായിക്കുമ്പോള്‍ നമ്മില്‍ അക്ഷരങ്ങളുടെ വിശുദ്ധദര്‍ശനം മാത്രം ഉരുവാക്കിയ ; ഗുരുകടാക്ഷം കൊണ്ടും ഗുരുകൃപ കൊണ്ടും സമ്പന്നരും അനുഗ്രഹീതരുമാക്കിയ സമര്‍പ്പിത ചേതസ്സുകളായിരുന്ന നമ്മുടെ അദ്ധ്യാപകരെ എത്ര ആരാധിച്ചാലാണ്‌ മതിയാവുക..!അവര്‍ നമ്മില്‍ നട്ടു,നനച്ചുവളര്‍ത്തിയെടുത്ത മൂല്യബോധങ്ങള്‍ക്ക്‌ എങ്ങനെയാണ്‌ പകരമാകാന്‍ കഴിയുക..!!' രാജാവ്‌ നഗ്നനാണെന്ന സത്യത്തെ
രാജഭക്തന്മാര്‍ നടുങ്ങുമാറുച്ചത്തില്‍
നാളെ വിളിച്ചു പറയുവാനുണ്ണി നിന്‍
നാവിനുണ്ടാകട്ടെ ശക്തിയും ധൈര്യവും'

എന്ന കവി (ഒഎന്‍വി )വാക്യത്തിലൂടെ ഇന്ന്‌ ആദ്യാക്ഷരം കുറിച്ച/ കുറിക്കുന്ന കുരുന്നുകളെ അഭിവാദ്യം ചെയ്താല്‍, ഞാനെന്റെ 'നാറാണത്ത്‌ നിമിഷങ്ങളി 'ലാണെന്ന്‌ പറയുമായിരിക്കും ,അല്ലേ അമ്മൂ..?
ആകട്ടേ, ഇന്ന്‌ വിദ്യാരംഭം.
തുഞ്ചന്‍ പറമ്പ്‌ മുതല്‍ പത്രസ്ഥാപനങ്ങളുടെ അങ്കണം വരെ ആദ്യാക്ഷരം കുറിക്കാനും കുറിപ്പിക്കാനുമുള്ള വേദികള്‍.ഈ സ്ഥലങ്ങളില്‍ പോയി കുഞ്ഞുങ്ങളെ എഴുത്തിനിരുത്തുന്നത്‌ വര്‍ത്തമാനകേരളത്തിന്റെ മറ്റൊരു ഢംഭായി പരിണമിച്ചിട്ടുണ്ട്‌.എല്ലാ ദുര്‍ഗുണങ്ങളുടേയും വിളനിലങ്ങളായ കലാകരന്മാരടക്കമുള്ളവര്‍ ആദ്യാക്ഷരം കുറിപ്പിക്കുമ്പോള്‍,കടമ്മനിട്ട, അരങ്ങത്ത്‌ മുന്‍നിരയില്‍ മുറുക്കിത്തുപ്പിയും വെറുതെ ചിരിച്ചും കൊണ്ട്യിരിക്കുന്ന നമ്മോട്‌ ചോദിക്കുന്നു"തലയിതിങ്ങനെ,മുറയതെങ്ങനെ നേരെയാകും..?"
ശക്തിസ്വരൂപിണിയെ വിദ്യാദേവതയായി സങ്കല്‍പ്പിച്ചാണ്‌ ഇന്ന്‌ വിദ്യാരംഭച്ചടങ്ങുകള്‍ നടത്തുന്നത്‌.
ശക്തിയുടെ പ്രതീകം ദേവി ; ശക്തിയുടെ ഇരിപ്പിടം പുണ്യനദിയായ സരസ്വതി. 'പ്രാണോ ദേവീ സരസ്വതീ...' എന്ന്‌ തുടങ്ങുന്ന ദേവീസ്തുതി സരസ്വതീ സൂക്തമെന്ന പേരിലും വിശ്രുതം.
ശങ്കരാചാര്യരുടെ കേനോപനിഷത്തിന്റെ ഭാഷ്യത്തിലാണ്‌ സരസ്വതിയെ വിദ്യാരൂപിണിയായി സങ്കല്‍പ്പിച്ച്‌ സ്തുതിക്കുന്നത്‌ . വിദ്യാദേവതയെ സാവിത്രി, സരസ്വതി, ശതരൂപ, ബ്രഹ്മാണി, ഗായത്രി എന്നീ പേരുകളിലും ആരാധിക്കുന്നു..
അമ്മൂ,ജ്ഞാന ചേതനയുടെ രണ്ട്‌ ഭാവങ്ങളാണ്‌ പ്രജ്ഞയും ബുദ്ധിയും. പ്രജ്ഞ ആത്മീയ ഔന്നത്യത്തിനും ബുദ്ധി ഭൗതിക മുന്നേറ്റത്തിനും സഹായിക്കുന്നു. പ്രജ്ഞയുടെ ദേവത ഗായത്രിയും വിദ്യയുടെ ദേവത സരസ്വതിയുമാണ്‌..
വസന്തപഞ്ചമിയിലാണ്‌ സരസ്വതീ ദേവി ആവിര്‍ഭവിച്ചതെന്നാണ്‌ വിശ്വാസം. സരസ്വതിയെ ബ്രഹ്മാവിന്റെ ഭാര്യയായും മകളായും സങ്കല്‍പ്പിക്കുന്നുണ്ട്‌. ബ്രഹ്മാവിന്റെ ഭാര്യമാരായി സാവിത്രി, സരസ്വതി, ഗായത്രി എന്നീ മൂന്നു പേരെ പറയുന്നുണ്ടെങ്കിലും ഇവര്‍ മൂവരും ഒരേ ദേവി തന്നെയാണ്‌ എന്ന്‌ മത്സ്യ പുരാണം പറയുന്നു.
മനുഷ്യ ശരീരത്തില്‍ രണ്ട്‌ ഭാഗത്ത്‌ , ആജ്ഞാ ചക്രത്തിലും സഹസ്രാരപത്മത്തിലും , സൂക്ഷ്മ രൂപത്തിലാണ്‌ സരസ്വതീ ദേവി വസിക്കുന്നത്‌. ബുദ്ധിയെയും ചേതനയേയും നയിക്കുന്ന രണ്ട്‌ സ്ഥാനങ്ങളാണവ. സരസ്വതിയുടെ കൈയിലുള്ള പുസ്തകം അറിവിനെയും വീണ സംഗീതാദി കലകളെയും അക്ഷരമാല ആത്മജ്ഞാനത്തെയും സൂചിപ്പിക്കുന്നു.
ഇന്നലെ ലോക അദ്ധ്യാപക ദിനമായിരുന്നു
ഭാവി തലമുറയുടെ 'അക്ഷര സ്വയംപര്യാപ്ത'തയും സാംസ്കാരിക വിമലീകരണവും നിഷ്ഠാബദ്ധമായ ദൗത്യമായി ഏറ്റെടുത്തിട്ടുള്ള അദ്ധ്യാപകര്‍ക്ക്‌ പിന്തുണയും പ്രചോദനവും നല്‍കാനും അവരോട്‌ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനുമാണ്‌ ഓക്ടോബര്‍ അഞ്ചിന്‌ ലോക അദ്ധ്യാപക ദിനം ആചരിക്കുന്നത്‌.
വിദ്യാര്‍ത്ഥികളില്‍ അവബോധം,തിരിച്ചറിവ്‌,ആസ്വാദനമികവ്‌ എന്നിവ പരിപോഷിപ്പിച്ച്‌ വിദ്യാഭ്യാസവികന മണ്ഡലങ്ങളില്‍ അദ്ധ്യാപകര്‍ നല്‍കുന്ന സവിശേഷസംഭാവനകളെ മാനിക്കാനും,അവരെ അംഗീകരിക്കാനും അഭിനന്ദിക്കാനുമായിട്ടാണ്‌ ലോക അദ്ധ്യാപക ദിനം കൊണ്ടാടുന്നതെന്ന്‌ 'യുനെസ്കൊ'വിശദീകരിക്കുന്നു.
100ലധികം രാജ്യങ്ങളില്‍ ലോക അദ്ധ്യാപക ദിനം ആചരിക്കുന്നു.'ലിംഗപരമായ തുല്യതയ്ക്ക്‌ അദ്ധ്യാപകര്‍ ' എന്നതാണ്‌ ലോക അദ്ധ്യാപക ദിനത്തിന്റെ മുദ്രാവാക്യം.
പക്ഷെ
'അകക്കണ്ണ്‌ തുറപ്പിക്കാന്‍ ബാല്യത്തിലെത്തേണ്ട ' ഗുരുക്കന്മാരുടെ ശ്യാമകാമത്തിനിരായാകുന്ന കുരുന്നുകളുടെ വാര്‍ത്ത വായിക്കുമ്പോള്‍ അമ്മൂ നമ്മില്‍ അക്ഷരങ്ങളുടെ വിശുദ്ധദര്‍ശനം മാത്രം ഉരുവാക്കിയ ; ഗുരുകടാക്ഷം കൊണ്ടും ഗുരുകൃപ കൊണ്ടും സമ്പന്നരും അനുഗ്രഹീതരുമാക്കിയ സമര്‍പ്പിത ചേതസ്സുകളായിരുന്ന നമ്മുടെ അദ്ധ്യാപകരെ എത്ര ആരാധിച്ചാലാണ്‌ മതിയാവുക..!
അവര്‍ നമ്മില്‍ നട്ടു,നനച്ചുവളര്‍ത്തിയെടുത്ത മൂല്യബോധങ്ങള്‍ക്ക്‌ എങ്ങനെയാണ്‌ പകരമാകാന്‍ കഴിയുക..!!

No comments: