Monday, October 17, 2011

കുത്തകകള്‍ക്കെതിരെ ലോകം ഉണരുമ്പോള്‍

ഒബാമയും മറ്റ്‌ വികസിത രാഷ്ട്ര നേതാക്കന്മാരും ഉയരുന്ന കുത്തക വിരുദ്ധ പ്രക്ഷോഭത്തിലും പ്രതിഷേധത്തിലും ആടിയുലയുകയാണെന്ന്‌ ഓര്‍ക്കുക.അവരുമായി തട്ടിച്ചു നോക്കുമ്പോള്‍ മന്‍മോഹന്‍ സിംഗും അലുവാലിയയും ഒക്കെ കീടങ്ങള്‍ മാത്രമാണ്‌. ഇന്ത്യയിലും കുത്തകകള്‍ക്കെതിരായുള്ള ചെറുത്തു നില്‍പ്പിന്റെ അലയൊലികള്‍ ആരംഭിച്ചു കഴിഞ്ഞു. അത്‌ മനസ്സിലാക്കി നയങ്ങള്‍ തിരുത്തിയാല്‍ മന്‍മോഹനും മൊണ്ടേക്ക്‌ സിങ്ങിനും കൊള്ളാം. ഇല്ലെങ്കില്‍...

ആതിരേ,കുത്തകകളുടെ ആധിക്യത്തിനും സാമൂഹിക അസന്തുലിതാവസ്ഥയ്ക്കും സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം വര്‍ദ്ധിക്കുന്നതിനുമെതിരെ സെപ്തംബര്‍ 17-ന്‌ ന്യൂയോര്‍ക്കില്‍ ആരംഭിച്ച 'ഓക്യുപൈ വാള്‍സ്ട്രീറ്റ്‌' പ്രക്ഷോഭം ലോകമാകെ പടരുകയാണ്‌.
ഒരു ശതമാനം വരുന്ന സമ്പന്നര്‍ക്കുവേണ്ടി 99 ശതമാനം വരുന്ന സാമാന്യ ജനത്തെ ദാരിദ്ര്യത്തിലേക്കും തൊഴിലില്ലായ്മയിലേക്കും നയിക്കുന്ന ഭരണകൂട നയങ്ങള്‍ തിരുത്തണം എന്നാവശ്യപ്പെട്ടാണ്‌ ലോകമെങ്ങും സമരം നടക്കുന്നത്‌. ഇത്‌ ചരിത്രത്തിലെ തന്നെ അപൂര്‍വ്വതയാണ്‌.
സാമ്പത്തിക പ്രതിസന്ധികളില്‍ തൊഴിലില്ലായ്മയും ദാരിദ്ര്യവും പെരുകി വരുന്ന അമേരിക്കയില്‍ നിന്ന്‌ ആരംഭിച്ച ഈ പുത്തന്‍ പ്രക്ഷോഭം ചെറുത്തു നില്‍പ്പിന്റെ പുതു ചരിത്രമെഴുതി ആഗോള പ്രക്ഷോഭമാകുകയാണ്‌. 82 രാജ്യങ്ങളിലെ 951 നഗരങ്ങളാണ്‌ ഈ ജനകീയ പ്രക്ഷോഭത്തിന്‌ ഇപ്പോള്‍ കണ്ണികളായിട്ടുള്ളത്‌.
"ഇനി ഒരേ ഒരു വഴി: വിപ്ലവം" "ലോകത്തെ മാറ്റി മറിക്കാന്‍ തെരുവിലിറങ്ങുക", "ലോക ജനത ഉണരുന്നു" തുടങ്ങിയ മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാര്‍ഡുകളും ബാനറുകളുമായാണ്‌ സര്‍ക്കാരുകളുടെ ചെലവ്‌ ചുരുക്കല്‍ നടപടിയില്‍ ജീവിതം വഴി മുട്ടിയ തൊഴിലാളികളും യുവാക്കളും അടുക്കളയിലെ ദാരിദ്ര്യമറിയാവുന്ന വീട്ടമ്മമാരും വിദ്യാഭ്യാസ വായ്പ പെരുകി പഠനം അവസാനിപ്പിക്കേണ്ടി വന്ന വിദ്യാര്‍ത്ഥികളും തെരുവിലേക്ക്‌ ഒഴുകിയത്‌.
അമേരിക്കയിലെ അലാസ്ക മുതല്‍ ന്യൂസിഡലന്‍ഡിലെ ഓക്ലന്റ്‌ വരെ ഉള്ള പ്രദേശങ്ങള്‍ 99 ശതമാനം വരുന്ന സാമാന്യ ജനത്തിനുവേണ്ടിയുള്ള സമരങ്ങളുടെ ഭാഗമായി. ലണ്ടനിലെ സ്റ്റോക്ക്‌ എക്സ്ചേഞ്ചും ഓസ്ട്രേലിയയിലെ സിഡ്നി റിസര്‍വ്‌ ബാങ്കും ജപ്പാനിലെ ടോക്കിയോ നഗരവും പ്രതിഷേധ വേദികളായി. അമേരിക്കയിലെ പ്രധാന സമര കേന്ദ്രമായ ന്യൂയോര്‍ക്കിലെ വാള്‍ സ്ട്രീറ്റ്‌ തെരുവും,ആതിരേ ഇന്നേവരെയുള്ള ഏറ്റവും വലിയ പ്രക്ഷോഭത്തിനാണ്‌ സാക്ഷിയായത്‌.
സാമ്പത്തിക നയങ്ങള്‍ പൊളിച്ചെഴുതണമെന്നാവശ്യപ്പെട്ട്‌ അമേരിക്കയില്‍ ശക്തമാകുന്ന പ്രക്ഷോഭങ്ങളില്‍ നിന്ന്‌ ആവേശം ഉള്‍ക്കൊണ്ടാണ്‌ ലോക നഗരങ്ങള്‍ സമര പാതയില്‍ അണിനിരക്കുന്നത്‌. പ്രക്ഷോഭം ലോകമെങ്ങും വ്യാപിക്കെ സല്‍മാന്‍ റുഷ്ഡി അടക്കം 100-ഓളം പ്രശസ്ത എഴുത്തുകാര്‍ ഓണ്‍ലൈന്‍ വഴി സമരക്കാര്‍ക്ക്‌ പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. പുലിറ്റ്സര്‍ സമ്മാന ജേതാവ്‌ ജെന്നിഫര്‍ ഈഗന്‍, മൈക്കിള്‍ കണ്ണിങ്ങാം തുടങ്ങിയ നോവലസ്റ്റുകള്‍ ഇവരില്‍ ഉള്‍പ്പെടുന്നു. അമേരിക്കയുടെ പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തി കോളിളക്കം സൃഷ്ടിച്ച വിക്കിലിക്സ്‌ വെബ്സൈറ്റ്‌ സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജ്‌ ലണ്ടനിലെത്തി സമരക്കാരെ അഭിസംബോധന ചെയ്ത്‌ സംസാരിക്കുകയും ചെയ്തു.
ലണ്ടനിലെ കത്തീഡ്രലിനു മുന്നില്‍ മൂവായിരത്തോളം പേരാണ്‌ ശനിയാഴ്ച തടിച്ചു കൂടിയത്‌. ഞായറാഴ്ചയും അവര്‍ സമരം തുടരുകയായിരുന്നു. ഇറ്റലിയിലെ റോം അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ ജനരോക്ഷത്തിനാണ്‌ സാക്ഷ്യം വഹിച്ചത്‌. സര്‍ക്കാരിന്റെ ചെലവ്‌ ചുരുക്കല്‍ പദ്ധതക്കെതിരെ മെയ്‌ മുതല്‍ സമരം തുടരുന്ന സ്പെയിന്‍ പ്രതിഷേധത്താല്‍ പ്രകമ്പനം കൊണ്ടു. തലസ്ഥാന നഗരമായ മാര്‍ഡ്രിഗില്‍ പെന്‍ഷന്‍കാരും കുട്ടികളും അടക്കം പതിനായിരങ്ങളാണ്‌ പ്രകടനത്തിന്‌ അണിനിരന്നത്‌. ജപ്പാന്‍, ഫിലിപ്പീന്‍സ്‌, ദക്ഷിണ കൊറിയ തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളും പ്രതിഷേധത്തില്‍ പങ്കാളികളായി.
ആതിരേ,ചെറുത്തു നില്‍പ്പിന്റെയും കുത്തക വിരുദ്ധ പ്രക്ഷോഭത്തിന്റെയും പുതു ചരിത്രമാണ്‌ ലോകരാഷ്ട്രങ്ങളിലെ സാമൂഹിക പ്രതിബദ്ധതയുള്ള പൗരന്മാര്‍ നടത്തുന്നത്‌. കുത്തകകള്‍ അടക്കമുള്ള സമ്പന്ന വര്‍ഗ്ഗത്തിന്റെ നിലനില്‍പ്പ്‌ മാത്രം ലക്ഷ്യമിടുന്ന ഭരണകൂട തോന്ന്യാസങ്ങള്‍ക്കെതിരായുള്ള ജനകീയ ഉയര്‍ത്തെഴുന്നേല്‍പ്പാണിത്‌.
ലോക പോലീസ്‌ ചമഞ്ഞും വിശ്വസാമ്പത്തിക ശക്തിയായി ഭാവിച്ചും അമേരിക്ക തുടര്‍ന്നു പോന്ന അധിനിവേശത്തിന്റെ നയങ്ങള്‍ കുത്തകകള്‍ക്കു മാത്രം ഉതകുന്ന ചൂഷണത്തിന്റെ മാര്‍ഗ്ഗമായിരുന്നു എന്ന്‌ തിരിച്ചറിഞ്ഞാണ്‌ അവിടത്തെ യുവാക്കള്‍ അടക്കമുള്ളവര്‍ പ്രത്യക്ഷ സമര പാതയില്‍ അണിനിരന്നത്‌.
ഇത്‌ വലിയൊരു സൂചികയാണ്‌. ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു മാറ്റത്തിന്റെ കുളമ്പടി ഒച്ചയാണ്‌ ഈ സമരങ്ങളിലെ മുദ്രാ വാക്യങ്ങളില്‍ മുഴങ്ങുന്നത്‌. ലോക രാഷ്ട്രങ്ങള്‍ ആകെ തന്നെ ഈ ജനകീയ മുന്നേറ്റത്തില്‍ ഭയന്ന്‌ വിറച്ച്‌ നില്‍ക്കുകയാണ്‌.
ഇവിടെയാണ്‌ ആതിരേ, അമേരിക്കയുടെ വിശ്വസ്ത ദാസന്മാരായി മന്‍മോഹന്‍സിംഗും മൊണ്ടേക്ക്‌ സിങ്‌ ആലുവാലിയേയും ഇന്ത്യയിലെ മഹാ ഭൂരിപക്ഷത്തെ അവജ്ഞയോടെ കാണുകയും കുത്തകകള്‍ക്ക്‌ അനുഗുണമായ സാമ്പത്തിക നയങ്ങള്‍ രൂപീകരിച്ച്‌ നടപ്പിലാക്കുകയും ചെയ്യുന്നത്‌. പെട്രോള്‍ വര്‍ദ്ധിപ്പിച്ചപ്പോള്‍ അത്‌ ഇന്ത്യയിലെ സാധാരണക്കാര്‍ക്ക്‌ ഉണ്ടാക്കുന്ന പ്രശ്നങ്ങളെ അല്ല മൊണ്ടേക്ക്‌ സിങ്‌ അഭിസംബോധന ചെയ്തത്‌. മറിച്ച്‌ ഈ നടപടി ഇന്ത്യ തുടരുന്ന സാമ്പത്തിക പരിഷ്കരണത്തിന്‌ ആക്കം നല്‍കുന്നതാണെന്ന കപട സത്യം ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കാനാണ്‌ ശ്രമിച്ചത്‌. ഇതിന്റെ ഭാഗമായിട്ടാണ്‌ ക്ഷേമ പദ്ധതികളില്‍ നിന്ന്‌ പിന്‍മാറാനും സബ്സിഡികള്‍ ഒഴിവാക്കാനും കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നയങ്ങളും നടപടികളും. ഓര്‍മ്മയുണ്ടാകും 32 രൂപ ഉണ്ടെങ്കില്‍ നഗരത്തിലും 26 രൂപയുണ്ടെങ്കിലും ഗ്രാമത്തിലും സുഖമായി കഴിയാന്‍ സാധിക്കുമെന്ന സത്യവാങ്മൂലം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്‌.
ഒബാമയും മറ്റ്‌ വികസിത രാഷ്ട്ര നേതാക്കന്മാരും ഉയരുന്ന കുത്തക വിരുദ്ധ പ്രക്ഷോഭത്തിലും പ്രതിഷേധത്തിലും ആടിയുലയുകയാണെന്ന്‌ ഓര്‍ക്കുക. ആതിരേ,അവരുമായി തട്ടിച്ചു നോക്കുമ്പോള്‍ മന്‍മോഹന്‍ സിംഗും അലുവാലിയയും ഒക്കെ കീടങ്ങള്‍ മാത്രമാണ്‌. ഇന്ത്യയിലും കുത്തകകള്‍ക്കെതിരായുള്ള ചെറുത്തു നില്‍പ്പിന്റെ അലയൊലികള്‍ ആരംഭിച്ചു കഴിഞ്ഞു. അത്‌ മനസ്സിലാക്കി നയങ്ങള്‍ തിരുത്തിയാല്‍ മന്‍മോഹനും മൊണ്ടേക്ക്‌ സിങ്ങിനും കൊള്ളാം. ഇല്ലെങ്കില്‍...

No comments: