Monday, October 24, 2011

വേണം,പൊറോട്ടയ്ക്കും ഓട്ടോറിക്ഷയ്ക്കുമെതിരേ ജനകീയമുന്നേറ്റം

ജീവിതശൈലീരോഗങ്ങളുടെ മൂലകാരണങ്ങളില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന രണ്ടെണ്ണമാണ്‌ വ്യായാമമില്ലായ്മയും ചിട്ടയില്ലാത്തതും അനാരോഗ്യകരവുമായ ഭക്ഷണക്രമവും. ഈ രണ്ടു കാര്യങ്ങള്‍ക്കും പിന്നിലുള്ള പ്രധാനഘടകങ്ങളാണ്‌ ഓട്ടോറിക്ഷയും പൊറോട്ടയും


"പൊറോട്ടേം എറച്ചീമില്ലെങ്കില്‍ പിന്നെന്തോന്ന്‌ തിന്നാന്‍" എന്നതാണ്‌ ആതിരേ, ഇന്ന്‌ രാവിലെ വരെയുള്ള കേരളീയന്റെ ആഹാര ശാഠ്യം. ഇഡലിയും ദോശയും പുട്ടും പൂരിയും ചപ്പാത്തിയും മലയാളിക്ക്‌ രുചിക്കാതായിട്ട്‌ കാലങ്ങളായി. അതിനും വളരെ മുന്‍പു തന്നെ കപ്പയും കാച്ചിലും ചേമ്പും ചേനയും ചക്കയും അടക്കമുള്ള സ്വദേശി ഭക്ഷണങ്ങളെ നിര്‍ദാക്ഷണ്യം മെനു ലിസ്റ്റില്‍ നിന്ന്‌ വെട്ടി നിരത്തുകയും ചെയ്തു
'പൊറോട്ടയാണ്‌ ഈ വയറിന്റെ ഐശ്വര്യം എന്ന ലേബല്‍' പതിച്ചല്ലേ ആതിരേ, സ്കൂള്‍ കുട്ടികള്‍ മുതല്‍ വയോവൃദ്ധന്മാര്‍ വരെ അര്‍മാദിക്കുന്നത്‌.
കാരണം പൊറോട്ട കേരളത്തിന്റെ ദേശീയ ഭക്ഷണമാകുന്നു.
പൊറോട്ട പോലെ മലയാളിക്ക്‌ ഒഴിച്ചുകൂടാന്‍ കഴിയാത്തതാണ്‌ ഓട്ടോ റിക്ഷ. മൂത്രം ഒഴിക്കാന്‍ പോണോ- ഓട്ടോറിക്ഷ വേണം എന്നാണ്‌ അവസ്ഥ.പത്തു ചുവട്‌ നടക്കുക എന്നു പറഞ്ഞാല്‍ കൊല്ലുന്ന വാശിയാണ്‌ എല്ലാവര്‍ക്കും.
പൊറോട്ടയും ഓട്ടോറിക്ഷയുമാണ്‌ കേരളത്തിന്റെ ആരോഗ്യശാപമെന്ന്‌ നടന്‍ മമ്മൂട്ടി പറഞ്ഞത്‌ വെറുതെയല്ല, ആതിരേ.
പ്രമേഹം അടക്കമുള്ള ജീവിതശൈലീ രോഗങ്ങള്‍ കേരളീയ യുവാക്കളെയുള്‍പ്പടെ ഗ്രസിച്ചതിന്‌ രണ്ടേ രണ്ട്‌ കാരണങ്ങളേ ഉള്ളൂ. പൊറോട്ട തീറ്റിയും ഓട്ടോറിക്ഷ യാത്രയും.
കാര്‍ബോ ഹൈഡ്രേറ്റ്‌ അല്ലാതെ ശരീരത്തിന്‌ കൊള്ളാവുന്ന ഒരു 'വഹയും' മൈടയില്‍ ഇല്ല.ഈ മൈദ ഉപയോഗിച്ച്‌ ഉണ്ടാക്കുന്ന പൊറോട്ട തിന്നാന്‍ ഏറ്റവും മിനിമം ഇറച്ചിക്കറിയെങ്കിലും വേണം. ഈ കോമ്പിനേഷനാണ്‌ രോഗ കാരണമാകുന്നതെന്ന്‌ ഡോക്ടര്‍മാര്‍ പറയുന്നു. പക്ഷേ, ആരു കേള്‍ക്കാന്‍.
വ്യായാമം ഇല്ലാത്തതാണ്‌ മലയാളി നേരിടുന്ന മറ്റൊരു പ്രശ്നം. അഞ്ച്‌ ചുവടു നടക്കാന്‍ ഇന്നത്തെ ചെറുപ്പക്കാര്‍ പോലും തയ്യാറല്ല. സ്വന്തമായി ഒരു ടൂവീലറെങ്കിലും സംഘടിപ്പിച്ചേ ഇവര്‍ അടങ്ങൂ. അതിന്‌ പാങ്ങില്ലാത്തവര്‍ ഓട്ടോറിക്ഷയില്‍ മാത്രമാണ്‌ യാത്ര. ശരീരം അനങ്ങാതെയും ശരീരത്തിന്‌ ദോഷം ചെയ്യുന്ന ഭക്ഷണം കഴിച്ചും കേരളീയര്‍ പ്രമേഹം ഉള്‍പ്പെടെയുള്ള ജീവിത ശൈലി രോഗങ്ങളെ ക്ഷണിച്ചു വരുത്തുകയാണ്‌.
അതുകൊണ്ട്‌ പൊറോട്ടയും ഓട്ടോറിക്ഷയും നിരോധിച്ചേ മതിയാകൂ എന്നതാണ്‌ വര്‍ത്തമാന കേരളാവസ്ഥ..!
അതിന്റെ ആദ്യപടിയായി പൊറോട്ടയ്ക്ക്‌ എതിരായുള്ള നീക്കം മലപ്പുറത്തും പാലക്കാട്ടും ആരംഭിച്ചു കഴിഞ്ഞു.
ജീവിതശൈലീ രോഗങ്ങള്‍ പെരുകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തു മൈടയ്ക്കെതിരേ ജനകീയമുന്നേറ്റം ശക്തമായി. മലയാളികളില്‍ സര്‍വസാധാരണമായ പ്രമേഹം, അമിതരക്തസമ്മര്‍ദം എന്നിവയ്ക്കു പിന്നിലെ പ്രധാന വില്ലന്‍ മൈടയാണെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ പാലക്കാട്ടെയും മലപ്പുറത്തെയും ചില സംഘടനകളുടെ നേതൃത്വത്തിലാണു പ്രചാരണം.
ആതിരേ,ഗോതമ്പുപൊടിയുടെ ഉപോല്‍പ്പന്നമായ മൈടയാണു ജീവിതശൈലീ രോഗങ്ങളിലേക്കു നയിക്കുന്നതെന്ന വസ്തുതയ്ക്കാണു പ്രചാരണത്തില്‍ മുന്‍തൂക്കം. പാലക്കാട്ടെ 'മൈദ വര്‍ജനസമിതി' കഴിഞ്ഞ ഏപ്രില്‍ 18നു തുടക്കമിട്ട പ്രചാരണം മലപ്പുറം ജില്ലയിലും സജീവമായി. വരും ദിവസങ്ങളില്‍ ഇതു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു വ്യാപിപ്പിക്കും. ഉമിയും തവിടും നാരുമുള്ള ഗോതമ്പുപൊടിയുടെ സംസ്കരണമാലിന്യമാണു മൈടയെന്ന പേരില്‍ വിപണിയിലെത്തുന്നത്‌. ഇതു വര്‍ഷങ്ങള്‍ക്കുമുമ്പേ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും നിരോധിച്ചതാണെന്നു ചൂണ്ടിക്കാട്ടിയാണു പ്രചാരണം. ഗോതമ്പു സംസ്കരണത്തില്‍ അവസാനം ലഭിക്കുന്ന തരിയാണു റവയെന്ന പേരില്‍ വിപണിയിലെത്തുന്നത്‌. മിച്ചമുള്ള പൊടി ബെന്‍സോയിക്‌ പെറോക്സൈഡ്‌ എന്ന രാസപദാര്‍ഥം ഉപയോഗിച്ചു ബ്ലീച്ച്‌ ചെയ്തും മറ്റൊരു രാസവസ്തുവായ അലോക്സന്‍ ചേര്‍ത്തു മൃദുവാക്കിയുമാണു മൈടയാക്കുന്നത്‌. പൊറോട്ടയും ബേക്കറി വിഭവങ്ങളുമായി മൈദ മലയാളിയുടെ മെനുവില്‍ പതിവുകാരനായി.
ആതിരേ,മരുന്നു പരീക്ഷണ ലബോറട്ടറികളില്‍ ഗിനിപ്പന്നികളിലും വെള്ള എലികളിലും പ്രമേഹമുണ്ടാകാന്‍ അലോക്സനാണു കുത്തിവയ്ക്കുന്നത്‌. മനുഷ്യരിലും അലോക്സന്‍ അടങ്ങിയ മൈദ അകത്തുചെന്നാല്‍ പ്രമേഹമുണ്ടാകുമെന്നു വിദഗ്ധര്‍ പറയുന്നു. വൃക്ക, ഹൃദയരോഗങ്ങള്‍, കരള്‍വീക്കം എന്നിവയ്ക്കും മൈദ സാധ്യത വര്‍ധിപ്പിക്കുന്നു. അലോക്സന്‍ ഉള്ളില്‍ച്ചെല്ലുന്നതോടെ പാന്‍ക്രിയാസിലെ ബീറ്റാസെല്ലുകള്‍ ഹൈഡ്രോക്സിന്‍ റാഡിക്കല്‍ ഫോര്‍മേഷന്‍ എന്ന പ്രക്രിയയ്ക്കു വിധേയമായി നശിക്കുകയും തന്മൂലം ഇന്‍സുലിന്‍ കുറഞ്ഞു പ്രമേഹവുമാണു ഫലം. പതിവായി മൈദ അകത്താക്കുന്നവരില്‍ കൊളസ്ട്രോള്‍ വര്‍ധിക്കുന്നതായും കണ്ടെത്തി. അലോക്സന്‌ അടിമയാകുന്നതുകൊണ്ടാണത്രേ പൊറോട്ട കഴിക്കുന്നവര്‍ വീണ്ടും വീണ്ടും കഴിക്കാന്‍ പ്രേരിപ്പിക്കപ്പെടുന്നത്‌.
മൈദപോലെ ഫാസ്റ്റ്ഫുഡില്‍ വ്യാപകമായി ഉപയോഗിക്കുന്ന അജിനാമോട്ടോ, ബേക്കറി പലഹാരങ്ങളില്‍ ഉപയോഗിക്കുന്ന കൃത്രിമമധുരം, പ്രിസര്‍വേറ്റീവ്സ്‌ എന്നിവയ്ക്കെതിരേയും പ്രചാരണം വ്യാപിപ്പിക്കും. കൃത്രിമ മധുരമടങ്ങിയ ബേക്കറി പലഹാരങ്ങള്‍ കൂടുതലായി കഴിക്കുന്ന ഗര്‍ഭിണികള്‍ക്കുണ്ടാകുന്ന കുഞ്ഞുങ്ങളില്‍ ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
ബേക്കറി സാധനങ്ങളില്‍ വനസ്പതിയും മൈടയുമാണു കൂടുതലായി ഉപയോഗിക്കുന്നത്‌. മൈടയെ ദഹിപ്പിക്കാനുള്ള ശേഷി മനുഷ്യശരീരത്തിനില്ല. സ്ഥിരമായി പൊറോട്ട കഴിക്കുന്നവരാണത്രേ കുഴഞ്ഞുവീണു മരിക്കുന്നവരില്‍ ഏറെയും. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണു 'മൈടയെ അറിയുക, മൈടയ്ക്കെതിരേ പോരാടുക, പൊറോട്ട നിന്നെയും കുടുംബത്തെയും നശിപ്പിക്കും' എന്നിങ്ങനെയുള്ള പ്രചാരണങ്ങള്‍ക്കു പാലക്കാട്ടെ കൂട്ടായ്മ തുടക്കമിട്ടത്‌. കഴിഞ്ഞ ഏപ്രില്‍ 18നു പാലക്കാട്‌ കലക്ടറേറ്റിനു മുന്നില്‍ ഏകദിന ഉപവാസമായിരുന്നു ആദ്യ പ്രചാരണപരിപാടി.
പിന്നീടു മൈടയേയും ശരീരത്തിനു ദോഷം ചെയ്യുന്ന ഭക്ഷ്യപദാര്‍ഥങ്ങളെയും കുറിച്ചു ലഘുലേഖ അച്ചടിച്ചു വിതരണം ചെയ്തു. സ്കൂള്‍, കോളജ്‌, കുടുംബശ്രീകള്‍ എന്നിവ കേന്ദ്രീകരിച്ചു നാല്‍പ്പതോളം ക്ലാസുകളും പ്രചാരണ പരിപാടികളും സംഘടിപ്പിച്ചു. മലപ്പുറം ജില്ലയില്‍ തിരൂര്‍ കേന്ദ്രീകരിച്ചുള്ള കരുണ കൂട്ടായ്മയാണു മൈദാവിരുദ്ധ പ്രചാരണത്തിനു ചുക്കാന്‍ പിടിക്കുന്നത്‌.
മൂന്നാറിലെ ഹോട്ടലുകളല്ല, പൊറോട്ട വില്‍ക്കുന്ന ഹോട്ടലുകളാണ്‌ ഇടിച്ചുനിരത്തേണ്ടത്‌ എന്ന സാഹിത്യകാരന്‍ ഡോ. പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ വാക്കുകളിലാണു മൈദാവിരുദ്ധ പ്രവര്‍ത്തകരുടെ പ്രചാരണ ലഘുലേഖയുടെ തുടക്കം. പ്രചാരണം തമിഴ്‌നാട്ടിലേക്കും കര്‍ണാടകയിലേക്കും വ്യാപിപ്പിക്കും.
പൊറോട്ട, ഓട്ടോറിക്ഷ പിന്നെ മമ്മൂട്ടിയും
ഓട്ടോറിക്ഷയും പൊറോട്ടയും തമ്മില്‍ എന്താണു ബന്ധം, ആതിരേ? സൂപ്പര്‍താരം മമ്മൂട്ടിയുടെ ഒരു കമന്റ്‌ വായിച്ചപ്പോഴാണ്‌ ഈ ചിന്ത ഉടലെടുത്തത്‌. നമ്മുടെ നാട്ടില്‍ ഓട്ടോറിക്ഷയും പൊറോട്ടയും നിരോധിച്ചാല്‍ മലയാളികളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടും എന്നതായിരുന്നു അദേഹത്തിന്റെ കണ്ടെത്തല്‍.
ആയിരക്കണക്കിനു കുടുംബങ്ങളുടെ അന്നദാതാവായ ഓട്ടോറിക്ഷയെ നിരോധിച്ച്‌ അവരുടെ കഞ്ഞികുടി മുട്ടിക്കണമെന്ന്‌ അദേഹം സ്വപ്നത്തില്‍പ്പോലും ചിന്തിച്ചിട്ട ു‍ണ്ടാവില്ലെന്നുറപ്പ്‌. മലയാളികളുടെ മാറിവരുന്ന ജീവിതശൈലിയെക്കുറിച്ചും അതുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചുമാണ്‌ മമ്മൂട്ടി ലക്ഷ്യം വച്ചതെന്നര്‍ഥം
ജീവിതശൈലീരോഗങ്ങളുടെ മൂലകാരണങ്ങളില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന രണ്ടെണ്ണമാണ്‌ വ്യായാമമില്ലായ്മയും ചിട്ടയില്ലാത്തതും അനാരോഗ്യകരവുമായ ഭക്ഷണക്രമവും. ഈ രണ്ടു കാര്യങ്ങള്‍ക്കും പിന്നിലുള്ള പ്രധാനഘടകങ്ങളാണ്‌ ഓട്ടോറിക്ഷയും പൊറോട്ടയും
ഓട്ടോറിക്ഷ അഡിക്ഷനായി മാറി
ഒരു പത്തുമീറ്റര്‍ തികച്ചു നടക്കാനുള്ള മനോഭാവം ഇന്നു നമുക്കുണ്ടോ ആതിരേ..?. ഉള്ള റോഡുകള്‍ക്കു താങ്ങാവുന്നതിന്റെ എത്രയോ ഇരട്ടി വാഹനങ്ങള്‍ ഇന്നു നിരത്തിലുണ്ട്‌. ദീര്‍ഘദൂര ത്തിന്‌ കാറും ബസ്സും നടന്നു പോകാവുന്ന ദൂരത്തിന്‌ ഓട്ടോറിക്ഷയും ഇതാണ്‌ മലയാളിയുടെ പതിവ്‌. കഴിക്കുന്ന ഭക്ഷണമാകുന്ന ഇന്ധനം പൂര്‍ണമായും കത്തിത്തീര്‍ന്നു ദുര്‍മേദസായി അടിഞ്ഞുകൂടാതെ ശരീരത്തിനു പ്രയോജനപ്പെടാന്‍ വ്യായാമം അത്യാന്താപേക്ഷിതമാണ്‌. ചെലവും ബുദ്ധിമുട്ടു കുറഞ്ഞതും ആര്‍ക്കും എപ്പോഴും ചെയ്യാവുന്നതുമായ വ്യായാമം നടത്തമാണ്‌.
നമ്മുടെ മുന്‍തലമുറ സ്കൂളില്‍ പോയിരുന്നതും ജോലിക്കു പോയിരുന്നതും അഞ്ചും ആറും നാഴിക (അന്ന്‌ കിലോമീറ്ററല്ല)നടന്നായിരുന്നു. വ്യായാമക്കുറവുകൊണ്ടുണ്ടാ കാന്‍ സാധ്യതയുള്ള രോഗങ്ങള്‍ എല്ലാംതന്നെ അവരില്‍ വളരെ ചുരുങ്ങിയ തോതിലേ ഉണ്ടായിരുന്നുള്ളു. (ഉദാ: ഹൃദ്രോഗം, അമിത രക്തസമ്മര്‍ദം, പ്രമേഹം മുതലായവ)നടന്നുപോകാവുന്ന ദൂരത്തേക്കു നടന്നുതന്നെ പോയാല്‍ വ്യായാമക്കുറവുമൂലമുണ്ടാകുന്ന രോഗങ്ങളെ നല്ലയൊരളവുവരെ പ്രതിരോധിക്കാം. നടക്കാനുള്ള നമ്മുടെ മടിക്ക്‌ നല്ല ഒരു കാരണം ഓട്ടോറിക്ഷയാണെന്നാണ്‌ നമ്മുടെ സൂപ്പര്‍താരത്തിന്റെ നിരീക്ഷണം.
ബസും ട്രെയിനും ഉള്‍പ്പെടുന്നപബ്ലിക്‌ ട്രാന്‍സ്പോട്ട്‌ സിസ്റ്റം കഴിഞ്ഞാല്‍ ടാക്സി വിഭാഗത്തില്‍ ഏറ്റവും ചെലവുകുറഞ്ഞത്‌ ഓട്ടോറിക്ഷയാണ്‌. നാലുപേര്‍ കൂടുന്നിടത്തും രണ്ടു പെട്ടിക്കടകള്‍ മാത്രമുള്ള കവലയിലും കുറഞ്ഞതു നാല്‌ ഓട്ടോറിക്ഷ യെങ്കിലും പാര്‍ക്കുചെയ്തിട്ടുണ്ടാകും. ചുരുങ്ങിയ ചെലവില്‍ കിട്ടുന്ന സര്‍വവ്യാപി യായ വാഹനമായതിനാലാണ്‌ മലയാളിക്ക്‌ ഇതിനോടിത്ര അഡിക്ഷന്‍. നമ്മുടെ റോഡുകളുടെ ശോചനീയാവസ്ഥയും ഒട്ടോറിക്ഷയുടെ നിര്‍മാണഘടനയും ഒത്തുചേരുമ്പോള്‍ നടുവേദനയ്ക്കും ഡിസ്ക്കിന്റെ പ്രശ്നങ്ങള്‍ക്കും വേറെ കാരണങ്ങള്‍ വേണ്ട. ഗര്‍ഭിണികള്‍ക്ക്‌ ആദ്യ മൂന്നുമാസവും പ്രസവമടുത്ത അവസാന ആഴ്ചകളിലും ഓട്ടോറിക്ഷായാത്ര അഭികാമ്യമല്ല.

പൊറോട്ട എന്ന ദേശീയ ഭക്ഷണം
ഇന്നു കേരളത്തിന്റെ ദേശീയഭക്ഷണം ഏതെന്നു ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ. പൊറോട്ടയും ബീഫ്ഫ്രൈയും . ചൂടു പൊറോട്ട ഇറച്ചിച്ചാറിലോ മീന്‍കറിയിലോ മുക്കി വായില്‍ വയ്ക്കുന്ന കാര്യമോര്‍ക്കുമ്പോള്‍ തന്നെ വായില്‍ കപ്പലോടിക്കാന്‍ പറ്റും,ല്ലേ ആതിരേ..? . എന്നാല്‍ മൈടയില്‍ തരം താണ എണ്ണകള്‍ ഉപയോഗിച്ചു ചുട്ടെടുക്കുന്ന പൊറോട്ടയും ആവര്‍ത്തിച്ചു ചൂടാക്കപ്പെടുന്ന എണ്ണയില്‍ പൊരിച്ചെടുക്കുന്ന ഇറച്ചിയും ഉയര്‍ത്തുന്ന ആരോഗ്യപ്രശ്നങ്ങളെപ്പറ്റി നാം എത്ര മാത്രം ബോധവന്മാരാണ്‌?
പണ്ട്‌ പോസ്റ്ററൊട്ടിക്കാനുള്ള പശയായി മാത്രം ഉപയോഗിച്ചിരുന്ന മൈടയാണ്‌ വലിച്ചു നീട്ടിപ്പരത്തി ഇന്നു രുചിയോടെ നാം വെട്ടിവിഴുങ്ങുന്നത്‌. റിഫൈന്‍ഡ്‌ ഫ്ലവര്‍ വിഭാഗത്തില്‍പ്പെട്ടതും നാരുകളുടെ അംശം തീരെയില്ലാത്തതുമായ ഒരു ഭക്ഷ്യവിഭവമാണിത്‌. അകത്തു ചെന്നാല്‍ ഇതിന്റെ പശിമയുള്ള സ്വഭാവത്തിനു യാതൊരു മാറ്റവും വരുന്നില്ല. തന്മൂലം ഇതു കുടലിനകത്ത്‌ ഒട്ടിപ്പിടിക്കുന്നു. ഫലമോ, കുടലിന്റെ സ്വഭാവികചലനങ്ങള്‍ മന്ദഗതിയിലാകുന്നു. നാരുകള്‍ കൂടുതലായടങ്ങിയ ഭക്ഷണം കഴിക്കുമ്പോള്‍ കുടലില്‍ നിന്നു പെരിസ്റ്റാല്‍ട്ടിക്‌ ചലനം വഴി വിസര്‍ജ്യവസ്തുക്കള്‍ വളരെ വേഗം പുറംതള്ളപ്പെടുന്ന സ്ഥാനത്ത്‌ അത്തരം ചലനം മന്ദഗതിയിലാകുന്ന തിനാല്‍ പൊറോട്ട കഴിക്കുമ്പോള്‍ മലബന്ധമുണ്ടാകുന്നു. ഇതു കുഴയ്ക്കാനും ചുടാനും ഉപയോഗിക്കുന്ന എണ്ണകളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ തല്‍ക്കാലം മാര്‍ഗങ്ങളൊന്നുമില്ല. മാത്രവുമല്ല, ഇതു സാധാരണയായി ചപ്പാത്തിപോലെ വീട്ടില്‍ ഉണ്ടാക്കാനാകുന്ന വിഭവവുമല്ല. നിര്‍മാണ പക്രിയയിലെ വൃത്തിയുടെ കാര്യം പലപ്പോഴും കഷ്ടിയാണ്‌.
പൊറോട്ട മാത്രമായി സാധാരണ കഴിക്കാറില്ലാത്തിനാല്‍, ആതിരേ, കൂടെ വിളമ്പുന്ന ബീഫ്ഫ്രൈയും മറ്റു സസ്യേതരവിഭവങ്ങളും ആരോഗ്യത്തിനു നേരെ ഉയര്‍ത്തുന്ന ഭീഷണി ഇതിനു പുറമേയാണ്‌. ആവര്‍ത്തിച്ചു ചൂടാക്കുന്ന എണ്ണയില്‍ വരുന്ന രാസമാറ്റങ്ങളും മാട്ടിറച്ചിയുടെ അമിതോപയോഗവും കാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ക്കു കാരണമാകുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളതാണ്‌. കൂടാതെ രുചിയും നിറവും മണവും കൂട്ടാനായി ശരീരത്തിനു ഹാനികരമായ ധാരാളം രാസവസ്തുക്കളും ഇത്തരം ഭക്ഷ്യവിഭവങ്ങളില്‍ ചേര്‍ക്കാറുണ്ട്‌. ആയതിനാല്‍ വര്‍ധിച്ച തോതിലുള്ള ഉപയോഗം പൊണ്ണത്തടിക്കും പ്രമേഹം അമിതരക്തസമ്മര്‍ദം, ഹൃദ്രോഗം, കാന്‍സര്‍ മുതലായ രോഗങ്ങള്‍ക്കും വഴിമരുന്നിടും എന്നതില്‍ തര്‍ക്കമില്ല. എണ്ണ പുരട്ടാതെ ശുദ്ധമായ ഗോതമ്പുപൊടി കൊണ്ടുണ്ടാകുന്ന ചപ്പാത്തിക്ക്‌ ഈ വക ദൂഷ്യഫലങ്ങളൊന്നുമില്ല. തീരെ ഒഴിവാക്കാന്‍ വയ്യെങ്കില്‍ ആഴ്ചയില്‍ ഒരിക്കലോ മറ്റോ പൊറോട്ട കഴിക്കുകയും വറുത്ത മാംസം ഒഴിവാക്കുകയും ചെയ്യുക.

മൂന്നാറിലെ ഹോട്ടലുകളല്ല, പൊറോട്ട വില്‍ക്കുന്ന ഹോട്ടലുകളാണ്‌ ഇടിച്ചുനിരത്തേണ്ടത്‌ : ഡോ. പുനത്തില്‍ കുഞ്ഞബ്ദുള്ള
'കേരളത്തില്‍ ഓട്ടോറിക്ഷയും പൊറോട്ടയും നിരോധിച്ചാല്‍ ആരോഗ്യമുള്ള തലമുറയെ വാര്‍ത്തെടുകാം' മമ്മൂട്ടി

No comments: