Thursday, September 15, 2011
വയലാറിന്റെ മരണം;ഒഎന്‍വിയുടെ 'മോഷണം' :ഇനി വിവാദങ്ങളുടെ ചാകരക്കാലം
തോരാമഴയെ ലജ്ജിപ്പിച്ചാണ് തോല്‍പ്പിച്ചാണ് കേരളത്തില്‍ വിവാദങ്ങളുടെ പെരുമഴക്കാലം.പെട്രോള്‍ വിലവര്‍ദ്ധനയും,പി.സി.ജോര്‍ജും പെണ്‍വാണിഭങ്ങളുമെല്ലാം തകര്‍ത്താടുകയാണ്.ഇവയ്ക്കിടയിലേയ്ക്കാണ് സാഹിത്യരംഗത്ത് നിന്ന് പ്രമാദമായ രണ്ട് വിവാദം തുമ്പിക്കൈവണ്ണത്തില്‍ പെയ്തിറങ്ങുന്നത്.
മലയാളത്തിന്റെ പ്രിയ കവിയും ഗാനരചിയിതാവുമായ വയലാര്‍ രാമവര്‍മ്മയുടെ മരണകാരണവും കവിയും ജ്ഞാനപീഠ പുരസ്ക്കാര ജേതാവുമായ ഒഎന്‍വി കുറുപ്പിന്റെ കവിതാമോഷണവുമാണ് പ്രക്ഷുബ്ധതയുടെ തിരയേറ്റമുണ്ടാക്കുന്നത്.
ആതിരേ,ഇവിടിപ്പോഴും മഴ തിമിര്‍ത്ത് പെയ്തിറങ്ങുകയാണ്. "കല്ലുരുക്കുന്ന കന്നി " പിറക്കാന്‍ രണ്ടു ദിവസം മാത്രം ബാക്കിയുള്ളപ്പോഴും കാലവര്‍ഷ ദിനങ്ങളെ തോല്‍പ്പിക്കുന്ന രീതിയിലാണ് മഴയുടെ മുടിയഴിച്ചാട്ടം.സാഗര-സമയസീമകള്‍ക്കകലെ പ്രവാസത്തിന്റെ കൊടും ചൂടുലുരുകുമ്പോള്‍ കേരളത്തിലെ ഈ കുളുര്‍ദിനങ്ങള്‍ നിന്നില്‍ അസൂയയുണര്‍ത്തുന്നില്ലേ..?
ഈ തോരാമഴയെ ലജ്ജിപ്പിച്ചാണ് തോല്‍പ്പിച്ചാണ് കേരളത്തില്‍ വിവാദങ്ങളുടെ പെരുമഴക്കാലം.പെട്രോള്‍ വിലവര്‍ദ്ധനയും,പി.സി.ജോര്‍ജും പെണ്‍വാണിഭങ്ങളുമെല്ലാം തകര്‍ത്താടുകയാണ്.ഇവയ്ക്കിടയിലേയ്ക്കാണ് സാഹിത്യരംഗത്ത് നിന്ന് പ്രമാദമായ രണ്ട് വിവാദം തുമ്പിക്കൈവണ്ണത്തില്‍ പെയ്തിറങ്ങുന്നത്.
മലയാളത്തിന്റെ പ്രിയ കവിയും ഗാനരചിയിതാവുമായ വയലാര്‍ രാമവര്‍മ്മയുടെ മരണകാരണവും കവിയും ജ്ഞാനപീഠ പുരസ്ക്കാര ജേതാവുമായ ഒഎന്‍വി കുറുപ്പിന്റെ കവിതാമോഷണവുമാണ് പ്രക്ഷുബ്ധതയുടെ തിരയേറ്റമുണ്ടാക്കുന്നത്.
നമുക്ക് ആദ്യം വയലാറിലേയ്ക്ക് ചെല്ലാം
വയലാര്‍ രാമവര്‍മ്മയുടെ മരണം ആശുപത്രി അധികൃതരുടെ കൈപ്പിഴ മൂലമാണത്രേ..! തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്കു ശേഷം കൊടുത്ത രണ്ടാമത്തെ കുപ്പി രക്തം രാമവര്‍മ്മയുടെ ഗ്രൂപ്പില്‍പ്പെട്ടതായിരുന്നില്ലെന്ന ഏഴാച്ചേരി രാമചന്ദ്രന്റെ വെളിപ്പെടുത്തലാണ് വിവാദത്തിന് വഴിമരുന്നിട്ടിരിക്കുന്നത്.
ചെറുകഥാകൃത്ത് സന്തോഷ് എച്ചിക്കാനത്തിന് പ്രഥമ ഹരിശ്രീ രാധാകൃഷ്ണന്‍ പുരസ്കാരം സമ്മാനിച്ചതിന് ശേഷം നടത്തിയ പ്രസംഗത്തിലാണ് ഏഴാച്ചേരിയുടെ "ഞെട്ടിക്കുന്ന" വെളിപ്പെടുത്തല്‍ .
വയലാര്‍ രാമവര്‍മ്മയുടെ അവസാന നാളുകളിലെ ചികിത്സ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു. ഡോക്ടര്‍ പി.കെ.ആര്‍ വാര്യര്‍ ശസ്ത്രക്രിയ നടത്തി. അതിനു ശേഷം കൊടുത്ത രണ്ടാമത്തെ കുപ്പി രക്തം വയലാറിന്റെ ഗ്രൂപ്പില്‍പ്പെട്ടതായിരുന്നില്ല. ഈ രക്തം സ്വീകരിച്ചയുടന്‍ മരണം സംഭവിച്ചു - ഏഴാച്ചേരി വെളിപ്പെടുത്തി.
ഇക്കാര്യം പുറത്തറിഞ്ഞാല്‍ ഉണ്ടായേക്കാവുന്ന പ്രത്യാഘാതം മനസിലാക്കിയ ഡോക്ടറും ആശുപത്രിയില്‍ ഉണ്ടായിരുന്ന മറ്റുള്ളവരും രക്തഗ്രൂപ്പ് മാറിയ വിവരം രഹസ്യമായി സൂക്ഷിച്ചു. അന്ന് ആശുപത്രിയില്‍ ഉണ്ടായിരുന്ന ഒരു നേതാവില്‍ നിന്നാണ് താന്‍ ഈ വിവരം അറിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു..
ഇതിനെക്കുറിച്ച് ആധികാരികമായി സംസാരിക്കേണ്ട ആരും ഇന്നു ജീവിച്ചിരിപ്പില്ല. എന്നാലും തനിക്കറിയാവുന്ന കാര്യം പങ്കുവെയ്ക്കുകയാണ്. 1975 ഒക്ടോബര്‍ ഇരുപത്തിയേഴിന് നാല്‍പത്തിയേഴാമത്തെ വയസിലാണ് വയലാര്‍ അന്തരിച്ചത്.ഏഴാച്ചേരി പറഞ്ഞു
ഇത്രയും വാര്‍ത്ത.ഇനിയിത് വിവാദം.കൊഴുക്കട്ടെ.ദുരന്തങ്ങളും വിവാദങ്ങളും ആഘോഷിക്കാന്‍ നമ്മുടെ മാദ്ധ്യമങ്ങള്‍ക്ക് നല്ല ശൗര്യവും കൗശലവുമുണ്ടല്ലോ.പി.സി ജോര്‍ജിനെ വിട്ടിട്ട് ചാടിപ്പിടിക്കാന്‍ പുതിയ ' വഹ'യായി.ചാനല്‍ ചര്‍ച്ചാത്തൊഴിലാളികള്‍ക്കും ചാകര.വിവാദക്കടലിനക്കരെ പോയി വരുന്നവര്‍ എന്തു കൊണ്ടുവരുമെന്ന് കത്തിരിക്കുക
അതിനിടയില്‍ വയലാറിന്റെ അന്ത്യ ദിനങ്ങളെക്കുറിച്ച് അദ്ദേഹത്തിന്റെ ജീവചരിത്രകാരന്‍, ചേലങ്ങാട്ട് ഗോപാലകൃഷണന്‍ എന്താണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് നമുക്കു തെരയാം
വയലാറിന്റെ അവസാന യാത്ര
"1974 അവസാനമായപ്പോഴേക്കും രാമവര്‍മ ശാരീരികമായി ഏറെ പരിക്ഷീണനായിരുന്നു. യാത്രകള്‍ കുറച്ച് വീട്ടിലിരുന്ന് എഴുതിയാലോ എന്ന ആലോചനയിലായിരുന്നു അദ്ദേഹം. പക്ഷേ, റിക്കോര്‍ഡിങ് വേളകളിലും അതിനുമുന്‍പ് ഗാനങ്ങള്‍ ചിട്ടപ്പെടുത്തുമ്പോഴും തന്റെ സാന്നിധ്യം ആവശ്യമായതിനാല്‍ അദ്ദേഹത്തിനതിന് കഴിഞ്ഞില്ല. ചിലനേരങ്ങളില്‍ അടിവയറില്‍ ചെറിയ വേദനയുണ്ടാകുന്നത് അദ്ദേഹം കാര്യമാക്കിയിരുന്നില്ല. അപ്പോഴും ധാരാളം ചിത്രങ്ങള്‍ക്ക് പാട്ടെഴുതാമെന്ന് അദ്ദേഹം സമ്മതിച്ചിരുന്നു. മദ്രാസിനു പകരം ആലുവയോ എറണാകുളമോ ആലപ്പുഴയോ സ്ഥിരം താവളമാക്കിയാലോ എന്നൊരാലോചനയും ഇക്കാലത്ത് അദ്ദേഹത്തിനില്ലാതിരുന്നിട്ടില്ല.
ആയിടെ അദ്ദേഹം കചദേവയാനി എന്ന ചിത്രത്തിന് ഒരു തിരക്കഥയും രചിച്ചു. ഇതിന്റെ രചനാവേളയില്‍ പലപ്പോഴും ഞാനും സന്നിഹിതനായിരുന്നു. തിരക്കഥാരചനയുടെ പ്രാരംഭമായി പ്രഗത്ഭരായ ചില വിദേശ ചലച്ചിത്രകാരന്മാരുടെ തിരക്കഥകളും അദ്ദേഹം വായിച്ചു. ചില പുസ്തകങ്ങള്‍ ഞാനും സംഘടിപ്പിച്ചു കൊടുത്തു. നേരത്തേ ചില തിരക്കഥാരചനകളില്‍ കൂട്ടുചേര്‍ന്നതിനാല്‍ എനിക്ക് ഇക്കാര്യത്തില്‍ അല്‍പം പരിചയവും ഇല്ലാതില്ല. അതിനാലാണ് ഇടയ്ക്കിടെ എന്നെ വിളിച്ചുവരുത്തുന്നത്. അദ്ദേഹമെഴുതിയ ആദ്യത്തെതും അവസാനത്തേതുമായ ഈ തിരക്കഥ സിനിമയാക്കുമ്പോള്‍ സംവിധായകനായി എന്‍. ശങ്കരന്‍നായരെയാണു നിശ്ചയിച്ചത്.
വര്‍ഷങ്ങള്‍ക്കു മുന്‍പേ ഞാന്‍ ടെലിഫോണ്‍കണക്ഷന്‍ എടുത്തിരുന്നതിനാല്‍ രാമവര്‍മ ഫോണില്‍ വിളിക്കുകയാണു പതിവ്. 1975 ഒക്ടോബര്‍ 19ന് രാവിലെ പത്തു മണിയോടെ എനിക്ക് രാമവര്‍മയുടെ ഒരു ഫോണ്‍ കോള്‍ വന്നു. 'ഗോപീ, താനൊന്നിവിടെവരെ വാ. ഒന്നുരണ്ടു കാര്യമുണ്ട്, ഊണിവിടെ കഴിക്കാം.' ഞാന്‍ ഉച്ചയോടെ ചെന്നു. നാലുകെട്ടിന്റെ നടുമുറ്റത്ത് ചാരുകസേരയില്‍ ഇരിക്കുകയാണ് രാമവര്‍മ. മുന്നിലെ പലകമേല്‍ കുറച്ചു കടലാസുകളുണ്ട്. എന്തോ എഴുതിക്കൊണ്ടിരിക്കുകയാണ്. 'നമ്മുടെ ആ തിരക്കഥയില്ലേ, കചദേവയാനി, ആ തിരക്കഥയെഴുതുവാ, എടോ ഈ കളര്‍ കോമ്പിനേഷന്റെ അറേഞ്ച്മെന്റ് വിവരിക്കുന്ന പുസ്തകങ്ങള്‍ വല്ലതും തന്റെ കൈയിലുണ്ടോ. ഉണ്ടെങ്കി ഒന്നു വേണം. പഴയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് കണ്‍സപ്റ്റ് വെച്ച് കളര്‍പടത്തിന് തിരക്കഥയെഴുതിയാല്‍ ശരിയാവില്ല. തിരക്കഥാരചന എന്ന പുസ്തകമെഴുതിയ തനിക്കിത്തരം പുസ്തകങ്ങളറിയാമല്ലോ? തനിക്കിതിന്റെ ഗുട്ടന്‍സുമറിയാമല്ലോ? അല്ലേ? താനും ഇക്കാര്യത്തില്‍ എന്റെകൂടെ വേണം.' രാമവര്‍മ പറഞ്ഞുനിര്‍ത്തി. അപ്പോള്‍ ഉച്ചയായി. 'എങ്കിലേ ഇനി ഊണുകഴിച്ചിട്ടിരിക്കാം.' ഞങ്ങള്‍ ഊണുകഴിക്കാനിരുന്നു. അപ്പോള്‍ രാമവര്‍മ പറഞ്ഞു: 'ഗോപീ, മറ്റന്നാള്‍ (ഒക്ടോബര്‍ 21) ചങ്ങനാശ്ശേരിക്ക് പോണം. അവിടെ എന്‍.എസ്.എസ്. കോളേജില് അവരുടെ ആര്‍ട്സ് ക്ലബ്ബിന്റെ ഉദ്ഘാടനത്തിനാ. താനുറപ്പായിട്ടും ഉണ്ടാവണം. ഉച്ചകഴിഞ്ഞാ പരിപാടി.' അന്ന് തെങ്ങിന്‍ചുവട് വളമിട്ട് മൂടാന്‍ പണിക്കാര്‍ വരുമെന്നും എനിക്ക് അസൗകര്യമാണെന്നും ഞാനറിയിച്ചു. 'താനത് എങ്ങനെയെങ്കിലും അഡ്ജസ്റ്റ് ചെയ്ത് വാ.' രാമവര്‍മ നിര്‍ബന്ധിച്ചു. നോക്കട്ടെയെന്നായി ഞാന്‍. പാചകക്കാരന്‍ ബാലന്‍ പണിക്കര്‍ വീണ്ടും ചോറുവിളമ്പിത്തന്നു. 'ഞാന്‍ ആലപ്പുഴ അശോകാഹോട്ടലില്‍ ഉണ്ടാകും. ഒന്നുരണ്ട് പാട്ടെഴുതാനുണ്ട്. ഒരു കാര്യം ചെയ്യാം. വര്‍ഗീസിനെ (മാതൃഭൂമി ലേഖകന്‍) വിളിക്കാം. അയാള്‍ക്ക് പറ്റിയില്ലെങ്കി തന്നെ വിളിക്കാം. അയാളില്ലെങ്കി താനുറപ്പായിട്ടും ആലപ്പുഴയില്‍ വരണം. സദാശിവനും (രാമവര്‍മയുടെ ഡ്രൈവര്‍) കാറും അവിടെയുണ്ടാകും.'
'ശരി' എന്നു പറഞ്ഞ് ഞാന്‍ ഊണ് അവസാനിപ്പിച്ചു. കൈകഴുകി. വീണ്ടും നടുമുറ്റത്തിന്റെ മുന്നിലേക്ക്. രാമവര്‍മ ചാരുകസേരയില്‍ കിടന്നു. ട്രിപ്പിള്‍ഫൈവ് സിഗരറ്റിന് തീകൊളുത്തി. എതിരേയുള്ള കസേരയില്‍ കാലുനീട്ടി ചാഞ്ഞ് ഞാനുമിരുന്നു. അപ്പോള്‍ വിഷയം ഫിലിംസ്റ്റുഡിയോയെക്കുറിച്ചായി. സ്വന്തമായി ഒരു ഫിലിംസ്റ്റുഡിയോ തുടങ്ങുന്നതിനെക്കുറിച്ച് രാമവര്‍മ കുറച്ചുനാളായി ആലോചിക്കുന്നുണ്ടായിരുന്നു. 'ഗോപീ സ്റ്റുഡിയോയ്ക്ക് സ്കോപ്പ് ഇപ്പോഴും തമിഴ്‌നാട്ടില്‍ത്തന്നാ. മലയാളപടത്തെ മദ്രാസ് വിട്ടുവരാന്‍ അവിടത്തെ എന്റര്‍പ്രണേഴ്സ് സമ്മതിക്കില്ല. അവരും പ്രൊഡ്യൂസര്‍മാരും തമ്മില്‍ ഒരു കയ്യാ.' രാമവര്‍മ പറഞ്ഞു. 'ഫിലിംസ്റ്റുഡിയോ നടത്തി കൈ മാത്രമല്ല ദേഹമാസകലം പൊള്ളിയവനാ ഞാന്‍. എന്നോടു ചോദിച്ചാല്‍ വേണ്ടെന്നേ ഞാന്‍ പറയൂ. തിരുമേനി പറഞ്ഞില്ലേ ആ എന്റര്‍പ്രണര്‍മാര്‍. അവരും നമ്മുടെ ചില മലയാളികളുംകൂടി പാരവെക്കും.' ഞാന്‍ പറഞ്ഞു. 'ആ, വരട്ടെ' എന്റെ മനസ്സില്‍ കിടന്നത് ഞാനൊന്ന് പറഞ്ഞന്നേയുള്ളൂ.' രാമവര്‍മ സ്റ്റുഡിയോ വര്‍ത്തമാനം അവസാനിപ്പിച്ചു. വൈകിട്ട് കാപ്പികുടിയും കഴിഞ്ഞ് ഞാനിറങ്ങി. ഇറങ്ങാന്‍നേരത്തും അദ്ദേഹം പറഞ്ഞു: 'ഞാന്‍ തന്നെ വിളിക്കാം, വര്‍ഗീസില്ലെങ്കി, ഒറപ്പായിട്ടും വരണം.' ശരി എന്നു പറഞ്ഞ് ഞാനിറങ്ങി വീട്ടിലേക്കു നടന്നു.
ഒക്ടോബര്‍ 21 ന് രാവിലെ ഏതാണ്ട് പതിനൊന്നു മണിയായിക്കാണും. ഫോണ്‍ബെല്ലടിച്ചു. ഉദ്ദേശിച്ചപ്പോലെ രാമവര്‍മതന്നെ അങ്ങേത്തലയ്ക്കല്‍.
'ഗോപീ, വര്‍ഗീസിന് വരാന്‍ പറ്റില്ലെടോ. ജോലിത്തിരക്കാ. താനിങ്ങ് പോര്. ഞാന്‍ അശോകയിലൊണ്ട്.' രാമവര്‍മ.
'എനിക്കിന്ന് പണിക്കാരൊണ്ട്. അവരുടെ കൂടെ നിക്കുവാ. കണ്ണ് തെറ്റിയാ അവന്‍മാര് പണിയെടുക്കില്ല. ഞാന്‍ പോന്നാ കാര്യം കുഴപ്പത്തിലാകും. അതുകൊണ്ട്...' പറഞ്ഞുനിര്‍ത്തുംമുന്‍പ് രാമവര്‍മ കയറിപ്പറഞ്ഞു:
'എടോ എനിക്ക് ഒരസ്വസ്ഥതയുണ്ട്. എന്താണെന്നറിയില്ല. ആരെങ്കിലും കൂടെ വേണം. അതാ തന്നെ നിര്‍ബന്ധിക്കണത്.' ഇതു കേട്ടപ്പോള്‍ ഞാനറിയാതെ പറഞ്ഞുപോയി 'ആ വരാം'.
ഞാന്‍ ആലപ്പുഴയ്ക്ക് ബസ്സില്‍ പോയി. അശോകാഹോട്ടലില്‍ ചെന്ന് രാമവര്‍മയുടെ മുറിയിലേക്കു പോയി. അപ്പോള്‍ അവിടെ തകഴിച്ചേട്ടനുണ്ട്. എന്നെ കണ്ടപാടെ ചേട്ടന്‍ പറഞ്ഞു: 'നീ വരുമെന്ന് ഇവന്‍ പറഞ്ഞു. വര്‍ഗീസിന് പണി കൂടുതലാ. നിങ്ങള് രണ്ടുംകൂടി ചങ്ങനാശ്ശേരിക്ക് പോകുവല്ലേ.' തകഴിച്ചേട്ടന്‍ എന്നെ 'എടാ' എന്നാണ് വിളിക്കാറ്. സ്വന്തം അനുജനെപ്പോലെ എന്നെ സ്നേഹിച്ച തനി ശുദ്ധ കുട്ടനാടന്‍ ഗ്രാമീണനായര്‍. അപ്പോഴേക്കും ഊണ് മുറിയിലെത്തിച്ചു. ഞങ്ങള്‍ മൂവരും ഊണ് കഴിച്ചു. രാമവര്‍മ പതുക്കെയാണ് കഴിക്കുന്നത്. ഞങ്ങള്‍ രണ്ടുപേരും കൈകഴുകി. രാമവര്‍മയുടെ ട്രിപ്പിള്‍ഫൈവ് സിഗരറ്റ് കൂടില്‍നിന്ന് തകഴി ഒരെണ്ണമെടുത്ത് കത്തിച്ച് പുറത്തേക്കിറങ്ങി. എന്നെ വിളിച്ചു. ശബ്ദം താഴ്ത്തിപ്പറഞ്ഞു: 'എന്താടാ ഇവന് അസുഖം. നീ വരുംമുന്‍പ് എന്നെ കെട്ടിപ്പിടിച്ചിവന്‍ കരഞ്ഞെടാ. ചേട്ടാ എനിക്കിനി അധികകാലമില്ല, ഞാന്‍ മരിക്കുമെന്നൊക്കെപ്പറഞ്ഞാ കരഞ്ഞേ. നിനക്ക് വല്ലതും അറിയാമോ ഇവന് എന്താ അസുഖോന്ന്.'
ഞാനൊന്നും മിണ്ടിയില്ല. മുഖം കുനിച്ചും കൈകള്‍ തമ്മില്‍ത്തിരുമ്മിയും നിന്നു. തകഴിച്ചേട്ടന്റെ വര്‍ത്തമാനം എന്റെ മുഖത്തെ സന്തോഷം കെടുത്തിക്കളഞ്ഞു. പിന്നേയും തകഴിച്ചേട്ടന്‍ പറഞ്ഞു: 'എടാ നമ്മുടെ മാതൃഭൂമി വര്‍ഗീസില്ലേ. അയാള്‍ ഞാന്‍ വരുംമുമ്പ് ഇവിടെ വന്നു. അയാളെയും കെട്ടിപ്പിടിച്ച് കുട്ടന്‍ കരഞ്ഞു. അയാളിറങ്ങാന്‍ നേരത്താ ഞാന്‍ വന്നത്. എന്നെ മാറ്റിനിര്‍ത്തിയാ വര്‍ഗീസ് ഇക്കാര്യം പറഞ്ഞേ. എടാ എന്തെങ്കിലുമൊണ്ടെങ്കി നീതന്നെ കുട്ടനോട് ചോദിക്ക്. എവിടെയെങ്കിലും കൊണ്ടുപോകണോങ്കിപ്പറ. ഞാനും വരാം. നമ്മുടെ പിടിപാടുകള്‍ ഇതിനൊക്കെയല്ലേടാ ഉപയോഗിക്കേണ്ടേ. ആ, എനിക്ക് ആലപ്പുഴയിലിത്തിരി കാര്യോണ്ട്. അതുകഴിഞ്ഞേ ഞാന്‍ തകഴിക്കൊള്ളൂ.'
അപ്പോഴേക്കും രാമവര്‍മ കൈകഴുകി സിഗരറ്റിന് തീ കൊളുത്തി ഞങ്ങളുടെയടുത്തേക്ക് വന്നു. ഏതാനും മിനിട്ടുകള്‍ക്കകം തകഴിച്ചേട്ടന്‍ യാത്രപറഞ്ഞ് ഇറങ്ങി. രണ്ടു മണിയോടെ ഞങ്ങളും കാറില്‍ ചങ്ങനാശ്ശേരിക്ക് യാത്രയായി. മൂന്നു മണിയോടെ ഞങ്ങള്‍ എന്‍.എസ്.എസ്. കോളേജിലെത്തി. വേദിയിലപ്പോഴുണ്ടായിരുന്ന എല്‍.പി.ആര്‍. വര്‍മയെ കെട്ടിപ്പിടിച്ച് 'ഉദകം, നിനക്ക് അന്ത്യോദകം...' എന്ന പാട്ട് പാടാന്‍ നിര്‍ബന്ധിച്ചു. എല്‍.പി.ആര്‍. പാടി.
പരിപാടി കഴിഞ്ഞ് മടങ്ങിയപ്പോഴേക്കും പടിഞ്ഞാറന്‍ചക്രവാളത്തില്‍നിന്ന് സൂര്യന്‍ മറഞ്ഞിരുന്നു. എടത്വവഴിയാണ് ഞങ്ങള്‍ വന്നത്. വരുമ്പോള്‍ രാമവര്‍മയ്ക്ക് വല്ലാത്ത അസ്വസ്ഥത തോന്നി. കാറിന്റെ പിന്‍സീറ്റിന്റെ ഒരു വശത്തേക്ക് ചരിഞ്ഞുകിടന്നു. വയറില്‍ കൈകൊണ്ട് ചെറുതായി ഇടയ്ക്കിടെ അമര്‍ത്തിക്കൊണ്ടിരുന്നു. എന്താണെന്ന് ഞാന്‍ തിരക്കിയപ്പോള്‍ ഛര്‍ദിക്കാന്‍ വരുന്നുണ്ടെന്ന് പറഞ്ഞു. 'ഡോക്ടറെ കാണണോ?' ഞാന്‍ ചോദിച്ചു. 'ഏയ് വേണ്ട. ഉച്ചയ്ക്ക് കഴിച്ച ഊണിന്റെ ആയിരിക്കും.' രാമവര്‍മ പറഞ്ഞു. എങ്കിലും അസ്വസ്ഥത തുടര്‍ന്നു. അപ്പോള്‍ വിയര്‍ക്കുന്നുണ്ടായിരുന്നു. 'എന്തേ വിയര്‍ക്കുന്നത്?' ഞാന്‍ തിരക്കി.
'വല്ല പനിയോ വല്ലതും വരാന്‍ പോവായിരിക്കും.' അദ്ദേഹത്തിന്റെ മറുപടി.
കാര്‍ വളരെ പതുക്കെയാണ് സദാശിവന്‍ ഓടിക്കുന്നത്. ആലപ്പുഴ പട്ടണത്തിന് തെക്കുവശമുള്ള കളര്‍കോട്ട് കാര്‍ എത്തിയപ്പോള്‍ രാമവര്‍മ ഛര്‍ദിച്ചു. വിയര്‍ത്തുകുളിച്ചു. ഷര്‍ട്ടിന്റെ ബട്ടന്‍സുകളെല്ലാം അഴിച്ചിട്ടു. ഛര്‍ദിയില്‍ അല്‍പം ചുവപ്പ്. 'നമുക്ക് ആലപ്പുഴയിലെ ഏതെങ്കിലും ഡോക്ടറെ കണ്ടാലോ?' ഞാന്‍ ചോദിച്ചു. 'വേണ്ട.' രാമവര്‍മ ബുദ്ധിമുട്ടിപ്പറഞ്ഞു. കാര്‍ പതുക്കെ ആലപ്പുഴ പട്ടണത്തിലേക്കു കടക്കുകയാണ്. അപ്പോഴേക്കും വിയര്‍ത്തുകുളിച്ച കണക്കെയായി രാമവര്‍മ. ഷര്‍ട്ട് ഊരാന്‍ അദ്ദേഹം ശ്രമിച്ചപ്പോള്‍ ഞാനും സഹായിച്ചു. പോക്കറ്റിലെ ട്രിപ്പിള്‍ഫൈവ് സിഗരറ്റ് പാക്കറ്റ് ഞാനെടുത്ത് എന്റെ പോക്കറ്റിലിട്ടു (ഈ സിഗരറ്റ് പാക്കറ്റ് ഇപ്പോഴും ഞാന്‍ ആ അവസാനയാത്രയുടെ ഓര്‍മയ്ക്കായി സൂക്ഷിക്കുന്നു). വളരെ സൂക്ഷിച്ച് പതുക്കെ വയലാര്‍ ലക്ഷ്യമാക്കി കാര്‍ ഓടിക്കുകയാണ് സദാശിവന്‍. ആലപ്പുഴ കഴിഞ്ഞ് കലവൂര്‍ കഴിഞ്ഞപ്പോള്‍ രാമവര്‍മ പറഞ്ഞു: 'ഛര്‍ദിച്ചപ്പോള്‍ വല്ലാത്ത ആശ്വാസം.' അപ്പോഴും ഞാന്‍ പറഞ്ഞു: 'ഡോക്ടറെ ആരെയെങ്കിലും ഒന്നു കണ്ടാലോ.' 'വേണ്ടെന്നേ, വീട്ടില്‍ പോയി ഒന്നു കിടന്നാമതി. മാറിക്കോളും.' അപ്പോഴും രാമവര്‍മ വിലക്കി. ഛര്‍ദിയില്‍ കണ്ട ചുവപ്പായിരുന്നു എന്റെ ഭയം. കാരണം, അത് രക്തമായിരുന്നു. അദ്ദേഹം ഇത് അറിയുന്നില്ലല്ലോ. ചേര്‍ത്തലയിലെത്തിയപ്പോഴേക്കും വല്ലാത്ത ആശ്വാസം തോന്നി. എന്നെ ചേര്‍ത്തലയില്‍ ഇറക്കി. അപ്പോഴേക്കും സമയം രാത്രി പത്തു മണികഴിഞ്ഞിരുന്നു. നാളെ കാണാമെന്നു പറഞ്ഞ് ഞങ്ങള്‍ പിരിഞ്ഞു.
മാതൃഭൂമി ലേഖകന്‍ എം.എം. വര്‍ഗീസിനെക്കുറിച്ചുകൂടി പറഞ്ഞാലേ ഒരു പൂര്‍ണത വരൂ. ആലപ്പുഴ ബ്യൂറോ ചീഫായിരുന്ന വര്‍ഗീസ് ആലപ്പുഴജില്ലയുടെ ചരിത്രത്തെക്കുറിച്ച് നല്ല അറിവുള്ളയാളായിരുന്നു. അക്കാലത്ത് ആലപ്പുഴയില്‍ വരുന്ന സാഹിത്യസാംസ്കാരിക പ്രമുഖരെല്ലാം വര്‍ഗീസിന്റെ ഓഫീസില്‍ വരുമായിരുന്നു. വയലാര്‍പുന്നപ്ര സമരത്തെക്കുറിച്ച് ആധികാരികമായി ഒരു പുസ്തകം എഴുതിയിട്ടുള്ള വര്‍ഗീസ് വര്‍ഷങ്ങള്‍ നീണ്ട പഠനംതന്നെ ഇതിനുവേണ്ടി നടത്തി. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഇത് പരമ്പരയായി എഴുതിയിരുന്നു. അന്നുവരെയുള്ള വയലാര്‍പുന്നപ്ര പഠനങ്ങളും എഴുത്തുകളും ഒരു പക്ഷം ചേര്‍ന്നുനിന്നുകൊണ്ടുള്ളതായിരുന്നതിനാല്‍ നിഷ്പക്ഷത നഷ്ടപ്പെട്ടിരുന്നു. അതാണ് വര്‍ഗീസിന്റെ പുസ്തകത്തിന് ആധികാരികത കൈവന്നത്.
അന്ത്യദിനങ്ങള്‍
പിറ്റേദിവസം (ഒക്ടോബര്‍ 22) രാവിലെ ഞാന്‍ വീട്ടില്‍ വിളിച്ചപ്പോള്‍ രാമവര്‍മ ഉറങ്ങുകയാണെന്ന് അമ്മ പറഞ്ഞു. വിളിക്കണ്ടായെന്ന് ഞാന്‍ പറഞ്ഞു ഫോണ്‍ താഴെവെച്ചു. ഉച്ചയോടെ ഉണര്‍ന്ന് വീട്ടില്‍ വന്ന ഒരു അതിഥിയുമായി സംസാരിച്ചിരിക്കെ പെട്ടെന്ന് ഛര്‍ദിക്കാന്‍ തുടങ്ങി. ഉടന്‍തന്നെ ചേര്‍ത്തല ഗ്രീന്‍ഗാര്‍ഡന്‍സ് ഹോസ്പിറ്റലിലേക്കു കൊണ്ടുപോയി. കൊണ്ടുപോകുമ്പോള്‍ ഡോ. ഗംഗാധരനാണ് രാമവര്‍മയ്ക്കു വേണ്ട പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയത്. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും തുടരെത്തുടരെ രക്തം ഛര്‍ദിക്കാന്‍ തുടങ്ങി. ഇതിനിടയില്‍ പ്രമുഖ സര്‍ജനായ ഡോ. സി.പി. പിള്ളയുമെത്തി അദ്ദേഹത്തെ പരിശോധിച്ചു. അപ്പോഴേക്കും അദ്ദേഹത്തിന്റെ ബോധം നശിച്ചിരുന്നു. ഇതിനിടെ രക്തം നല്‍കാന്‍ തുടങ്ങി.
രാമവര്‍മയുടെ നില ഗുരുതരമാണെന്ന വാര്‍ത്ത കാട്ടുതീപോലെ പടര്‍ന്നു. മുഖ്യമന്ത്രിയായിരുന്ന സി. അച്യുതമേനോന്‍ വിദഗ്ധഡോക്ടര്‍മാരടങ്ങിയ ഒരു സംഘത്തെ ചേര്‍ത്തലയ്ക്കയച്ചു. ഈ സമയത്ത് ഞാനും ആശുപത്രിയിലെത്തി. ഡോ. പി.കെ.ആര്‍. വാര്യരും, ഡോ. രാമചന്ദ്രനും അക്കാലത്ത് തിരുവനന്തപുരം മെഡിക്കല്‍കോളേജിലെ പേരെടുത്ത ഡോക്ടര്‍മാരായിരുന്നു. അവരാണ് ചേര്‍ത്തലയ്ക്കു വന്നത്. അപ്പോഴും രക്തം പുറത്തേക്ക് ഒഴുകിക്കൊണ്ടിരുന്നു. രാത്രിയോടെ ഡോക്ടര്‍മാരുടെ സംഘമെത്തി. രക്തം വാര്‍ന്നുപോകുന്നത് നിന്നാല്‍ മാത്രമേ തിരുവനന്തപുരം മെഡിക്കല്‍കോളേജിലേക്കു കൊണ്ടുപോകാന്‍ കഴിയൂ എന്ന് അവര്‍ പറഞ്ഞു, രാത്രി അവസാനിച്ച് നേരം പുലരുവോളം ഈ സ്ഥിതിക്ക് മാറ്റമില്ലായിരുന്നു. എന്നു മാത്രമല്ല അര്‍ധരാത്രി രക്തം ഛര്‍ദിച്ചത് ഡോക്ടര്‍മാരെ ആശങ്കാകുലരാക്കി. 23ാം തീയതി രാവിലെ ആയപ്പോഴേക്കും സ്ഥിതി അല്‍പം മെച്ചപ്പെടാന്‍ തുടങ്ങി. ഇടയ്ക്ക് ബോധം തെളിയുകയും ചെയ്തതോടെ ഡോക്ടര്‍മാര്‍ക്ക് പ്രത്യേകിച്ച് ഡോ. വാര്യര്‍ക്ക് ആത്മവിശ്വാസമായി. സന്ധ്യകഴിഞ്ഞ് തിരുവനന്തപുരത്തേക്ക് ആംബുലന്‍സില്‍ കൊണ്ടുപോകാനും തീരുമാനിച്ചു. ഗ്ലൂക്കോസ് ഡ്രിപ്പും, രക്തവും നല്‍കാനുള്ള സജ്ജീകരണങ്ങളും ആംബുലന്‍സില്‍ പ്രത്യേകം ഒരുക്കി പുറപ്പെട്ടു. പിന്നാലെ ഒരു കാറില്‍ അമ്മയും ഭാര്യാസഹോദരിയും. നല്ല മഴയുണ്ടായിരുന്നതിനാല്‍ പതുക്കെയാണ് ആംബുലന്‍സ് പോയത്. ഒക്ടോബര്‍ 24ന് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അന്നു രാവിലെ ആറിനുള്ള കെ.എസ്.ആര്‍.ടി.സി. എക്സ്പ്രസ് ബസ്സില്‍ ഞാന്‍ തിരുവനന്തപുരത്തിന് പുറപ്പെട്ടു. രാമവര്‍മയുടെ 'ലോക്കല്‍ ഗാര്‍ഡിയന്‍മാരായി' അഭിനയിച്ചിരുന്ന പലരും വിവരമറിഞ്ഞിട്ടും പോയില്ല. ഉച്ചയോടെ ഞാന്‍ മെഡിക്കല്‍കോളേജിലെത്തി. ഈ സമയം മുഖ്യമന്ത്രി സി. അച്യുതമേനോനും മന്ത്രി ടി.വി. തോമസും ഒന്നുരണ്ടു തവണ ആശുപത്രിയില്‍ വന്നു പോയിരുന്നു.
അപ്പോഴേക്കും ഭാരതിത്തമ്പുരാട്ടിയെയും തിരുവനന്തപുരത്ത് പഠിക്കുന്ന ശരത്ചന്ദ്രനെയും ഇളയസഹോദരിമാരെയും ആശുപത്രിയില്‍ എത്തിച്ചു.
രാത്രിയോടെ ആരോഗ്യനില വീണ്ടും വഷളായി. ഛര്‍ദി ഒഴിവാക്കാന്‍ കരളില്‍നിന്ന് സ്രവിക്കുന്ന രക്തം ഒരു കുഴലിലൂടെ പുറത്തേക്കൊഴുക്കാന്‍ തുടങ്ങി. അര്‍ധരാത്രിവരെ രക്തം പുറത്തേക്ക് ഒഴുകാതിരുന്നപ്പോള്‍ എല്ലാവര്‍ക്കും ആശ്വാസമായി. എന്നാല്‍, അല്‍പം കഴിഞ്ഞപ്പോള്‍ വീണ്ടും ബ്ലീഡിങ്. ഡോക്ടര്‍മാര്‍ ആകെ അസ്വസ്ഥരായി, ഭയപ്പെട്ടു. അവര്‍ തമ്മില്‍ ചര്‍ച്ചയായി. ഒടുവില്‍ ശസ്ത്രക്രിയയ്ക്ക് തീരുമാനിച്ചു. ഈസമയം പി. ഭാസ്കരന്‍, മലയാറ്റൂര്‍, ഒ.എന്‍.വി, ജി. വിവേകാനന്ദന്‍, ഉറൂബ്, കെ.എസ്. ചന്ദ്രന്‍, പി.സി. സുകുമാരന്‍നായര്‍ തുടങ്ങിയ പ്രമുഖര്‍ ആശുപത്രിയിലെത്തി. അടുത്തദിവസംതന്നെ ശസ്ത്രക്രിയ തീരുമാനിച്ചു. ഉച്ചയ്ക്ക് ഒരു മണിക്ക് ശസ്ത്രക്രിയയ്ക്ക് കൊണ്ടുപോയി. അവിടെയെത്തിയപ്പോള്‍ രാമവര്‍മയ്ക്ക് പനി. ഇതുകാരണം നാലരമണി കഴിഞ്ഞാണ് ശസ്ത്രക്രിയ തുടങ്ങിയത്. ഡോ. പി.കെ.ആര്‍. വാര്യര്‍, ഡോ. ബാലകൃഷ്ണന്‍, ഡോ. രാജന്‍, ഡോ. മഹാദേവന്‍, ഡോ. കൃഷ്ണകുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. കരളിലെ രക്തസ്രാവം നിര്‍ത്താനുള്ള ശസ്ത്രക്രിയ നാലരമണിക്കൂറോളം നീണ്ടു. അതിലവര്‍ വിജയിച്ചു. സമാധാനപരമായ കുറെ മണിക്കൂറുകള്‍. ഇടയ്ക്കിടെ ഞാന്‍ ആശുപത്രിയില്‍ വന്നുപോകും. 25ാം തീയതി അര്‍ധരാത്രിവരെ കുഴപ്പമില്ലാതെ കടന്നുപോയി. എന്നാല്‍ അര്‍ധരാത്രി കഴിഞ്ഞതോടെ രാമവര്‍മയ്ക്ക് ഹൃദ്‌രോഗമുണ്ടായി. ഡോക്ടര്‍മാര്‍ ഇതിനെ വിളിക്കുന്നത് കാര്‍ഡിയാക് അറസ്റ്റ് എന്നാണ്. ഏതാനും നിമിഷങ്ങളോളം നിന്നുപോയ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ വീണ്ടെടുക്കുന്നതില്‍ ഡോക്ടര്‍മാര്‍ വിജയിച്ചു. ഇതിനിടയില്‍ കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കാന്‍ തുടങ്ങി. സ്ഥിതി വീണ്ടും ശാന്തമായി. 26ാം തീയതി ഉച്ചവരെ ഈ ശാന്തത തുടര്‍ന്നു. ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ അപ്രതീക്ഷിതമായി എല്ലാം താളംതെറ്റി. രാമവര്‍മയുടെ നില പെട്ടെന്ന് ഗുരുതരമായി. ഡോക്ടര്‍മാര്‍ പഠിച്ച പണിയെല്ലാം പയറ്റാനാരംഭിച്ചു. രാത്രിമുഴുവന്‍ രാമവര്‍മയുടെ ജീവന്‍ രക്ഷിക്കാനുള്ള അന്തിമപോരാട്ടത്തിലായിരുന്നു അവര്‍. ഇതിനിടെ അദ്ദേഹത്തിന്റെ നില വീണ്ടും ഗുരുതരമായതായി താമസിക്കുന്ന ഹോട്ടലില്‍നിന്ന് ഞാന്‍ ആശുപത്രിയിലേക്ക് വിളിച്ചപ്പോള്‍ അറിയാന്‍കഴിഞ്ഞു. അര്‍ധരാത്രിയില്‍ ഞാന്‍ അവിടേക്ക് നടന്നുചെന്നു. അപ്പോഴേക്കും കാര്യങ്ങള്‍ കൈവിടാന്‍ തുടങ്ങിയതായി അറിഞ്ഞു. 27ാം തീയതി പുലരാന്‍ തുടങ്ങി. സരസ്വതീയാമം പിന്നിട്ടു. കിഴക്ക് വെള്ളകീറലിന്റെ ലക്ഷണങ്ങള്‍. ഇതിനകം കെ.പി.എ.സി.യിലെ കേശവന്‍പോറ്റി സാര്‍ അമ്മയെയും ഭാര്യയെയും മക്കളെയും കൂട്ടിക്കൊണ്ടുവന്ന് രാമവര്‍മയെ കാണിച്ചിരുന്നു.
27ന് നേരം പൂര്‍ണമായി പുലരാനിനി ഒന്നരമണിക്കൂര്‍ മാത്രം. അപ്പോള്‍ സമയം പുലര്‍ച്ചെ നാലര. ഡോ. വാര്യര്‍ ഓപ്പറേഷന്‍ തിയേറ്ററില്‍നിന്ന് പുറത്തേക്ക് വന്നു. ഞാനും അവിടെ കൂടിനിന്നവരും ഓടിച്ചെന്നു. വളരെ വിഷമിച്ച് വേച്ചുവേച്ചു വന്ന അദ്ദേഹം തലതാഴ്ത്തിപ്പറഞ്ഞു: 'പോയി.'
അതെ, വയലാര്‍ രാമവര്‍മ അന്തരിച്ചു. പുലര്‍ച്ചെ നാലരമണി കഴിഞ്ഞ് അഞ്ചുമിനിട്ടുള്ളപ്പോള്‍. ഈ സത്യം ഉള്‍ക്കൊള്ളാന്‍ എനിക്കും അവിടെ കൂടിനിന്നവര്‍ക്കും പിന്നെയും കുറച്ചുസമയം വേണ്ടിവന്നു.
(വയലാര്‍ എന്ന പുസ്തകത്തില്‍ നിന്ന്-കടപ്പാട്: http://www.mathrubhumi.com/books/story.php?id=1181&cat_id=503)
ആതിരേ,ഒഎന്‍വിയുടെ വിശ്രുത രചനയായ ' ഭൂമിക്കൊരു ചരമഗീതം തന്റെ കവിതയുടെ മോഷണമാണെന്ന കവി ചുണ്ടയില്‍ പ്രഭാകരന്റെ വെളിപ്പെടുത്തലും മറ്റു കാര്യങ്ങളും അടുത്ത പോസ്റ്റില്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment