Friday, September 2, 2011

വിക്കിലീക്സും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയും മുസ്ലിം ലീഗും

ഐസ്ക്രീം പ്രശ്നത്തില്‍ മന്ത്രിസ്ഥാനവും പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനവും ഒഴിയേണ്ടിവന്നതോടെയാണ്‌ കുഞ്ഞാലിക്കുട്ടി ്‌എന്‍ഡിഎഫുമായി അടുത്തത്‌. പാര്‍ട്ടിയില്‍ പിടിമുറുക്കാന്‍ എന്‍ഡിഎഫിലെ തീവ്രവാദികളെ കുഞ്ഞാലിക്കുട്ടി ഉപയോഗിക്കുകയായിരുന്നു. അക്രമം നടത്താനും സമുദായത്തെ ഒറ്റപ്പെടുത്താനുള്ള ശ്രമം നടക്കുന്നുണ്ടെന്ന വികാരം അണികളിലുണ്ടാക്കാനും എന്‍ഡിഎഫിനെ കുഞ്ഞാലിക്കുട്ടി ഉപയോഗിച്ചു എന്നത്‌ അന്നേ വിമര്‍ശനമുയര്‍ന്നിരുന്നു. കഴിഞ്ഞ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎഫ്‌ പരസ്യമായി യുഡിഎഫിനു പിന്തുണ പ്രഖ്യാപിച്ചതോടെ പഴയ ലീഗുകാരായ ഭൂരിപക്ഷം എന്‍ഡിഎഫ്‌ പ്രവര്‍ത്തകരും ലീഗിനൊപ്പം ചേര്‍ന്നു. എന്‍ഡിഎഫ്‌ പിന്നീട്‌ എസ്ഡിപിഐ ( സോഷ്യലിസ്റ്റ്‌ ഡെമോക്രാറ്റിക്‌ പാര്‍ട്ടി ഓഫ്‌ ഇന്‍ഡ്യ ) എന്ന രാഷ്ര്ടീയ പാര്‍ടി രൂപീകരിച്ചു. ഇവരെ ഉപയോഗിച്ചാണ്‌ മലബാര്‍ ജില്ലകളില്‍ തത്പരകക്ഷികള്‍ അക്രമങ്ങള്‍ സംഘടിപ്പിച്ചത്‌. കുഞ്ഞാലിക്കുട്ടി ഇതിനെല്ലാം പിന്തുണ നൽകി


ആതിരേ,വിവാദമായ വിക്കിലീക്സ്‌ വെളിപ്പെടുത്തലുകള്‍ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയിലും മുസ്ലിം ലീഗിലും സ്ഫോടന പരമ്പരകള്‍ സൃഷ്ടിക്കുകയാണ്‌.മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനങ്ങള്‍ക്ക്‌ മുന്നോടിയായി ആരംഭിച്ച ബ്രാഞ്ച്‌ സമ്മേളനങ്ങളെ ചൂടുപിടിപ്പിക്കുന്നത്‌ വിക്കിലീക്സ്‌ തന്നെയാണ്‌.
മുസ്ലിം ലീഗിലാകട്ടെ ഐസ്ക്രീം കേസ്‌, മാറാട്‌ സിബിഐ അനേഷണത്തിന്റെ അട്ടിമറി, കാസര്‍കോട്‌ വെടിവെയ്പ്‌ അന്വേഷിച്ച ജസ്റ്റിസ്‌ നിസാര്‍ കമ്മീഷനെ പിരിച്ച്‌ വിട്ടത്‌ എന്നിവയുണ്ടാക്കിയ ആഭ്യന്തര സംഘര്‍ഷങ്ങളില്‍നിന്ന്‌ തലയൂരാനും ഒപ്പം എം.കെ. മുനീറിനെതിരായ ആക്രമണത്തില്‍ പുതിയ ആയുധമായി വികസിപ്പിച്ചെടുക്കാനും വിക്കിലീക്സ്‌ സഹായകമാവുകയാണ്‌ .
പ്ലാച്ചിമടയിലെ കൊക്കകോള സമരത്തെ പ്രാദേശിക സമരമായി മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ ഉന്നത നേതാക്കള്‍ വിശേഷിപ്പിച്ചതിനെതിരെയായാണ്‌ പാര്‍ട്ടി സമ്മേളനങ്ങളില്‍ കടുത്ത വിമര്‍ശനം ഉയരുന്നത്‌. അമേരിക്കന്‍ നിക്ഷേപത്തെപ്പറ്റി പറഞ്ഞത്‌ പാര്‍ട്ടിയുടെ പ്രഖ്യാപിത നയത്തിനുള്ളില്‍ നിന്നുകൊണ്ടാണെന്ന്‌ പിണറായിക്കും മറ്റും വാദിക്കാമെങ്കിലും ദേശീയ ശ്രദ്ധ ആകര്‍ഷിച്ച കൊക്കകോള സമരത്തെ തള്ളിപ്പറഞ്ഞതിനെ ന്യായീകരിക്കാന്‍ ഏറെ വിയര്‍ക്കേണ്ടിവരും. സാമ്രാജ്യത്വ വിരുദ്ധ സമരത്തിന്റെ പ്രതീകമായാണ്‌ കൊക്കകോള സമരത്തെ പാര്‍ട്ടി ഉയര്‍ത്തിക്കാട്ടിയിരുന്നത്‌. എന്നാല്‍ അത്‌ പ്രാദേശികമായ പരിസ്ഥിതി പ്രശ്നം മാത്രമാണെന്നും ഡല്‍ഹിയിലെ പരിസ്ഥിതി തീവ്രവാദികള്‍ ഏറ്റെടുത്തപ്പോഴാണ്‌ അത്‌ വഷളായതെന്നും മറ്റുമുള്ള വെളിപ്പെടുത്തലുകള്‍ നേതൃത്വത്തിന്‌ കടുത്ത തലവേദന സൃഷ്ടിച്ച്‌ കഴിഞ്ഞു. പാര്‍ട്ടിയില്‍ ഔദ്യോഗിക പക്ഷത്തെ ആക്രമിക്കാന്‍ ഇത്‌ ആയുധമാക്കാനാണ്‌ വിഎസ്‌ പക്ഷത്തിന്റെ നീക്കം. കൊക്കകോള സമരത്തെക്കുറിച്ച്‌ പാര്‍ട്ടി സെക്രട്ടറി ഇങ്ങനെ പറഞ്ഞിരിക്കാന്‍ ഇടയില്ലെന്ന വി.എസ്‌.അച്യുതാനന്ദന്റെ പ്രതികരണം തന്നെ,ആതിരേ, തുടങ്ങാനിരിക്കുന്ന ആക്രമണങ്ങളുടെ സൂചനയാണ്‌.
ഉപാധികളില്ലാത്ത വിദേശ ഫണ്ട്‌ സ്വീകരിക്കാമെന്ന്‌ പാര്‍ട്ടി നേരത്തേ പ്രഖ്യാപിച്ചിട്ടുള്ളതാണ്‌. ആ നിലയ്ക്ക്‌ അമേരിക്കന്‍ പ്രതിനിധികളെ കണ്ടതിലോ അവിടെ നിന്നുള്ള സ്വകാര്യ നിക്ഷേപം ആവശ്യപ്പെട്ടതിലോ തെറ്റില്ലെന്നു വരുത്താന്‍ കഴിയും.അതേസമയം നാഴികയ്ക്ക്‌ നാല്‍പതുവട്ടം അമേരിക്കയെയും സാമ്രാജ്യത്വത്തെയും കുറ്റം പറയുകയും എന്നാല്‍ രഹസ്യമായി അവരുമായി ചര്‍ച്ച നടത്തുകയും ചെയ്യുന്നതിലെ വൈരുദ്ധ്യം ചൂടേറിയ ചര്‍ച്ചക്ക്‌ വിഷയമായിക്കഴിഞ്ഞു.
ആതിരേ,ജോണ്‍ ബ്രിട്ടാസിനെപ്പോലെ പിണറായിയുടെ പ്രിയങ്കരരായവര്‍ അമേരിക്കന്‍ സംഘത്തോട്‌ പറഞ്ഞ കാര്യങ്ങളും കടുത്ത ക്ഷോഭത്തിന്‌ വഴിവച്ചിട്ടുണ്ട്‌. " മന്ത്രിസഭയിലുള്ളവരെല്ലാം കഴിവുള്ളവരാണെങ്കിലും അവരെ നയിക്കാന്‍ വിഎസിന്‌ കഴിവില്ല. വിഎസ്‌ ഒറ്റയാനാണ്‌. മറ്റ്‌ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കും സാമ്പത്തിക പരിഷ്കാരങ്ങള്‍ക്കും നേതൃത്വം നല്‍കുമ്പോള്‍ വിഎസ്‌ മെല്ലെപ്പോക്ക്‌ നയമാണ്‌ പിന്‍തുടരുന്നത്‌. വിഎസ്‌ വിഭാഗീയതയുടെ കൂടപ്പിറപ്പാണ്‌ " - ഇങ്ങനെ പോകുന്നു യുഎസ്‌ എംബസ്സി ഉദ്യോഗസ്ഥരുമായി ബ്രിട്ടാസ്‌ പങ്കുവച്ച വിഎസ്‌ വിരുദ്ധ പരാമര്‍ശങ്ങള്‍ . എംബസി ഉദ്യോഗസ്ഥനായ ഹൂപ്പറാണ്‌ ഈ വിവരങ്ങളടങ്ങിയ രേഖ വാഷിംഗ്ടണിലേയ്ക്കയച്ചത്‌.
പാര്‍ട്ടിയ്ക്കുള്ളില്‍ കരുത്തന്‍ പിണറായി ആണെന്ന്‌ രേഖ വിലയിരുത്തുന്നു. പിണറായിയ്ക്കും കൂട്ടര്‍ക്കും നിക്ഷേപത്തോട്‌ താത്പര്യമുണ്ടെങ്കിലും ഇവര്‍ വന്‍ അഴിമതിക്കാരാണ്‌. എങ്കിലും പിണറായി വിഭാഗത്തിന്‌ കേരളത്തിലെ കാര്യങ്ങള്‍ കുറച്ചു കൂടി മെച്ചപ്പെടുത്താനാവുമെന്നും നിക്ഷേപകരോട്‌ തുറന്ന മനോഭാവം കാണിയ്ക്കുന്ന പിണയായി പക്ഷത്തെ അംഗമാണ്‌ ബ്രിട്ടാസ്‌ എന്നും രേഖയില്‍ പറയുന്നു.ഇതിനൊക്കെ യുക്തിസഹമായ മറുപടി കണ്ടെത്താന്‍ പിണറായി പക്ഷത്തിന്‌ കഴിയുകയില്ല തന്നെ
പി.കെ.കുഞ്ഞാലിക്കുട്ടി തീവ്രവാദസ്വഭാവമുള്ള എന്‍.ഡി.എഫ്‌ നേതാക്കളെ സ്വന്തം കാര്യലാഭത്തിനായി സംരക്ഷിക്കുന്നു എന്ന ഗുരുതരമായ ആരോപണം എം.കെ.മുനീര്‍ ഉന്നയിച്ചതായാണ്‌ വിക്കിലീക്സ്‌ വെളിപ്പെടുത്തുന്നത്‌. അമേരിക്കക്കാരെ കണ്ടെന്ന്‌ മുനീര്‍ സമ്മതിച്ചു എങ്കിലും ആരോപണം നിഷേധിച്ചിട്ടുണ്ട്‌. ഈ വെളിപ്പെടുത്തലില്‍ കഴമ്പില്ലെന്ന്‌ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. പക്ഷേ പ്രശ്നങ്ങള്‍ അവിടെ തീരുമെന്ന്‌ തോന്നുന്നില്ല. മുനീറിന്റെ നിഷേധം, ആതിരേ കുഞ്ഞാലിക്കുട്ടി പക്ഷം മുഖവിലയ്ക്ക്‌ എടുക്കുകയേയില്ല.
കാരണമുണ്ട്‌.നിയമസഭാ തിരഞ്ഞെടുപ്പിന്‌ തൊട്ടുമുന്‍പ്‌ ഐസ്ക്രീം കേസ്‌ കുത്തിപ്പൊക്കി ലീഗിനെ മാത്രമല്ല യുഡിഎഫിനെയും വെള്ളത്തിലാക്കിയത്‌ മുനീറിന്റെ ഇന്ത്യാവിഷന്‍ ചാനലായിരുന്നു. തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്‌ സീറ്റ്‌ കുറയാന്‍ പ്രധാന കാരണവും അതായിരുന്നു എന്ന്‌ യുഡിഎഫിന്റെ ഉന്നത നേതാക്കള്‍ക്ക്‌ ഇപ്പോഴും അഭിപ്രായമുണ്ട്‌. എങ്കിലും ലീഗിലെ പ്രശ്നങ്ങളില്‍ ഒത്തുതീര്‍പ്പ്‌ എന്ന നിലയ്ക്കാണ്‌ മുനീറിന്‌ മന്ത്രിസ്ഥാനം നല്‍കിയത്‌. മുനീറിനെ അടിക്കാന്‍ കാത്തിരുന്ന മറുപക്ഷത്തിന്‌ ഇപ്പോള്‍ നല്ലൊരു വടി കിട്ടിയിരിക്കുന്നു. അത്‌ അവര്‍ മാരകമായി പ്രയോഗിക്കും,സംശയമില്ല.
അതേസമയം, ആതിരേ, കുഞ്ഞാലിക്കുട്ടി-എന്‍ഡിഎഫ്‌ ബന്ധത്തെക്കുറിച്ച്‌ മുനീര്‍ മുമ്പും ഇതേ ആരോപണം ഉന്നയിച്ചിട്ടുണ്ട്‌.അതും പൊതുവേദിയില്‍.
കാസര്‍കോട്‌ വെടിവയ്പ്‌ നടന്ന്‌ രണ്ടുദിവസം കഴിഞ്ഞ്‌ കാസര്‍കോട്‌ ഗസ്റ്റ്‌ ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു ആക്രമണം.യൂത്ത്ലീഗ്‌ സംസ്ഥാന പ്രസിഡന്റ്‌ കെ എം ഷാജിയും അന്ന്‌ മുനീറിനൊപ്പമുണ്ടായിരുന്നു. എന്‍ഡിഎഫ്‌ തീവ്രവാദികള്‍ ലീഗ്ര്പകടനത്തില്‍ നുഴഞ്ഞുകയറിയതാണ്‌ കുഴപ്പങ്ങള്‍ക്ക്‌ കാരണമെന്നാണ്‌ മുനീര്‍ ആ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്‌. 2010 നവംബര്‍ 19ന്‌ ചേര്‍ന്ന ലീഗ്‌ പ്രവര്‍ത്തകസമിതി യോഗത്തിലും മുനീര്‍ ഈ ആരോപണം ആവര്‍ത്തിച്ചിരുന്നു. എന്‍ഡിഎഫ്‌ നിലവിലില്ലെന്നും, അവര്‍ പോപ്പുലര്‍ഫ്രണ്ട്‌ എന്ന പേരില്‍ പുതിയ പാര്‍ട്ടി ഉണ്ടാക്കിയെന്നും അവരെക്കുറിച്ച്‌ ചര്‍ച്ച വേണ്ടെന്നുമാണ്‌ അന്ന്‌ കുഞ്ഞാലിക്കുട്ടി മറുപടി പറഞ്ഞത്‌.
ആതിരേ,ഐസ്ക്രീം പ്രശ്നത്തില്‍ മന്ത്രിസ്ഥാനവും പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനവും ഒഴിയേണ്ടിവന്നതോടെയാണ്‌ കുഞ്ഞാലിക്കുട്ടി ്‌എന്‍ഡിഎഫുമായി അടുത്തത്‌. പാര്‍ട്ടിയില്‍ പിടിമുറുക്കാന്‍ എന്‍ഡിഎഫിലെ തീവ്രവാദികളെ കുഞ്ഞാലിക്കുട്ടി ഉപയോഗിക്കുകയായിരുന്നു. അക്രമം നടത്താനും സമുദായത്തെ ഒറ്റപ്പെടുത്താനുള്ള ശ്രമം നടക്കുന്നുണ്ടെന്ന വികാരം അണികളിലുണ്ടാക്കാനും എന്‍ഡിഎഫിനെ കുഞ്ഞാലിക്കുട്ടി ഉപയോഗിച്ചു എന്നത്‌ അന്നേ വിമര്‍ശനമുയര്‍ന്നിരുന്നു. കഴിഞ്ഞ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎഫ്‌ പരസ്യമായി യുഡിഎഫിനു പിന്തുണ പ്രഖ്യാപിച്ചതോടെ പഴയ ലീഗുകാരായ ഭൂരിപക്ഷം എന്‍ഡിഎഫ്‌ പ്രവര്‍ത്തകരും ലീഗിനൊപ്പം ചേര്‍ന്നു. എന്‍ഡിഎഫ്‌ പിന്നീട്‌ എസ്ഡിപിഐ ( സോഷ്യലിസ്റ്റ്‌ ഡെമോക്രാറ്റിക്‌ പാര്‍ട്ടി ഓഫ്‌ ഇന്‍ഡ്യ ) എന്ന രാഷ്ര്ടീയ പാര്‍ടി രൂപീകരിച്ചു. ഇവരെ ഉപയോഗിച്ചാണ്‌ മലബാര്‍ ജില്ലകളില്‍ തത്പരകക്ഷികള്‍ അക്രമങ്ങള്‍ സംഘടിപ്പിച്ചത്‌. കുഞ്ഞാലിക്കുട്ടി ഇതിനെല്ലാം പിന്തുണ നല്‍കി.ഈ പാര്‍ട്ടിവിരുദ്ധ നിലപാടിന്റെ ബലത്തില്‍ ലീഗ്‌ നേതാക്കളെപ്പോലും എന്‍ഡിഎഫ്‌ നിയന്ത്രിക്കാന്‍ തുടങ്ങിയതോടെയാണ്‌ മുനീറിനെപ്പോലുള്ള ചില നേതാക്കള്‍ എതിര്‍പ്പ്‌ പ്രകടിപ്പിച്ചത്‌. കാസര്‍കോട്‌ സംഭവത്തിനു തൊട്ടുമുമ്പ്‌ തളിപ്പറമ്പിലും നാദാപുരത്തും കുഴപ്പം ഉണ്ടാക്കിയതും ഇതിന്റെ മറവില്‍ കാസര്‍കോട്‌ കലാപത്തിന്‌ ശ്രമിച്ചതും ലീഗില്‍ കടന്നുകൂടിയ എന്‍ഡിഎഫ്‌ സംഘമാണ്‌. ഇതെല്ലാം തിരിച്ചറിഞ്ഞാണ്‌ കാസര്‍കോട്‌ കലാപത്തില്‍ എന്‍ഡിഎഫിന്റെ പങ്ക്‌ അന്വേഷിക്കണമെന്ന്‌ മുനീര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടത്‌.
കാസര്‍കോട്‌ വെടിവയ്പ്‌ കേസ്‌ അന്വേഷിച്ച നിസാര്‍ കമ്മീഷനെ പിരിച്ചുവിട്ടതിന്റെ പ്രധാന കാരണം അക്രമികളായ എന്‍ഡിഎഫുമായി ലീഗിനുള്ള ബന്ധം പുറത്താവുമെന്ന ഭയം തന്നെയായിരുന്നു, ആതിരേ. കമ്മീഷനു ലഭിച്ച തെളിവുകള്‍ ഇക്കാര്യം അടിവരയിടുന്നു. പൊലീസ്‌ അന്വേഷണത്തിലും ഇക്കാര്യം വ്യക്തമായി. അതുകൊണ്ടാണ്‌ അന്നത്തെ എസ്‌.പിയായിരുന്ന രാംദാസ്‌ പോത്തന്‍ അടക്കമുള്ള വിവിധ പൊലീസ്‌ ഉദ്യോഗസ്ഥര്‍ ഇതിന്റെ തെളിവ്‌ കമ്മീഷനെ അറിയിച്ചത്‌.
ഇങ്ങനെ തീര്‍ത്തും ദുര്‍ബലരായി കുഞ്ഞാലിക്കുട്ടിയും അദ്ദേഹത്തെ കണ്ണുമടച്ച്‌ പിന്തുണയ്ക്കുന്നവരും പരിണമിച്ച പരിതാപകരമായ സാഹചര്യത്തിലാണ്‌ വിക്കിലീക്സിന്റെ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നത്‌."വീക്ക്‌ ലീക്ക"ആണ്‌ സംഭവമെന്ന്‌ വെളിപ്പെടുത്തലിനെ കുഞ്ഞാലിക്കുട്ടി ലഘൂകരിച്ചെങ്കിലും ഇതിലൂടെ മുനീറിനെ ആക്രമിക്കാനും അങ്ങനെ തന്റെ രാഷ്ട്രീയ വ്യക്തിത്വത്തിന്മേല്‍ പതിച്ച ആരോപണകളങ്കങ്ങള്‍ തത്ക്കാലത്തേക്കെങ്കിലും ഒളിച്ചു പിടിക്കാനും വിക്കീലീക്സിനെ കുഞ്ഞാലിക്കുട്ടി ഉപയോഗിക്കുമെന്ന കാര്യത്തില്‍ ആര്‍ക്കണ്‌ സംശയം,ആതിരേ?

No comments: