Monday, April 30, 2012
ലോകത്തെ ചുവപ്പിച്ചൊരു മെയ് ഫ്ലവറാക്കുന്ന.....
“നിന്നെക്കാണ്‍കെ ഞങ്ങളിലൂടെ ഉയിര്‍ത്തെഴുന്നേല്‍ക്കുകയല്ലോ,
തങ്ങടെ കൈകളിലെ പാഴ്ച്ചങ്ങല പൊട്ടിച്ചെറിയാന്‍ ധീരം പൊരുതി മരിച്ചു ജയിച്ചവരെല്ലാം"
ആതിരേ
ലോകത്തെ ചുവപ്പിച്ചൊരു മെയ്ഫ്ലവറാക്കുന്ന,
അദ്ധ്വാനിക്കുന്നവന്റെ
നവവത്സര ദിനം-
ഇന്ന് മെയ്ദിനം.
80 രാജ്യങ്ങളില്‍ ഔദ്യോഗികമായും
മറ്റു രാജ്യങ്ങളില്‍ അനൗദ്യോഗികമായും
മെയ്ദിനമാചരിക്കുമ്പോള്‍
ഉയര്‍ന്നു പാറുന്ന
ചെന്നിണ പതാകയെ വന്ദിച്ച്
പണിയെടുക്കുന്ന വിശ്വപൗരരൊന്നിച്ച് പാടും
'നിന്നെക്കാണ്‍കെ ഞങ്ങളിലൂടെ ഉയിര്‍ത്തെഴുന്നേല്‍ക്കുകയല്ലോ,
തങ്ങടെ കൈകളിലെ പാഴ്ച്ചങ്ങല പൊട്ടിച്ചെറിയാന്‍ ധീരം പൊരുതി മരിച്ചു ജയിച്ചവരെല്ലാം"
(തിരുനല്ലൂര്‍ കരുണാകരന്‍)
ആതിരേ
ഓര്‍മ്മകളില്‍
വസന്തത്തിന്റെ ഇടിമുഴക്കം പോലെ,
1890 മെയ് നാലിന് ഹൈഡ് പാര്‍ക്കില്‍ നടന്ന
ആദ്യ മെയ്ദിനാചരണ പ്രസംഗത്തിലെ
മാര്‍ക്സിന്റെ മകള്‍ ഇലീനര്‍ മാര്‍ക്സിന്റെ വാക്കുകള്‍:
" സിംഹങ്ങളെപ്പോലെ ഉണര്‍ന്നെണീക്കുക.രാത്രിയില്‍ അവരണിയിച്ച ചങ്ങലകള്‍ മഞ്ഞുതുള്ളിപോലെ കുടഞ്ഞെറിയുക.നിങ്ങള്‍ അനവധി പേരാണ്.അവര്‍ കുറച്ച് പേരും
2011 സെപ്റ്റംബറില്‍ വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കാന്‍ ഒരുങ്ങിയിറങ്ങിയവരുടെ മുദ്രാവാക്യം ഇതായിരുന്നു: "നമ്മള്‍ 99%മാണ് "
ഒരു ശതമാനത്തിന് വേണ്ടി
ഈ 99 ശതമാനത്തിന്റെ
അദ്ധ്വാനം ചൂഷണം ചെയ്യുന്ന
കമ്പോള മൂലധന ശക്തികള്‍ക്കെതിരായ
പ്രതിഷേധത്തിന്റെ
പെരുമ്പറമുഴക്കം
ആതിരേ കേള്‍ക്കുന്നില്ലേ...
" ലാല്‍ സലാം..ഇങ്ക്വിലാബ് സിന്ദാബാദ്.."
അതുകൊണ്ടു നമുക്ക് ചക്കയെക്കുറിച്ച് /മലയാളിയുടെ വിവരക്കേടിനെക്കുറിച്ച് പറയാം
മലയാളിയുടെ രുചിഭേദങ്ങള്‍ മാറിമറിയുകയും പാശ്ചാത്യ വിഭവങ്ങള്‍ കടന്നുവരികയും ചെയ്തപ്പോള്‍ മെനുകാര്‍ഡില്‍ നിന്ന് പുറത്താക്കപ്പെട്ട ഭക്ഷ്യവസ്തുവാണ് ചക്ക. പഞ്ഞമാസത്തിലെ ഇഷ്ട ഭക്ഷണമായിരുന്നു ചക്കയും ചക്കപ്പുഴുക്കും. മുമ്പ് പട്ടിണിമാറ്റാനുള്ള മലയാളിയുടെ സാര്‍വ്വലൗകീകമായ ഭക്ഷണവും ചക്കയായിരുന്നു. ഇന്ന് പ്ലാവിനേയും ചക്കയേയും അവഗണിച്ച് അവയുടെ വ്യാവസായിക സാധ്യതകള്‍ അന്യ സംസ്ഛാനങ്ങള്‍ക്ക് നല്‍കി ചക്കവിഭവങ്ങള്‍ പായ്ക്കറ്റ് ഫുഡായി സ്വീകരിക്കുന്ന ഗതികേടിലാണ് മലയാളി.
ആതിരേ, മാറിയ കാലത്തിന്റെ മലയാളി ,ജീവിതശൈലി രോഗങ്ങളാല്‍ ആതുരനാണെങ്കില്‍ അതിന്റെ ഏകകാരണം അവന്‍ പഴയ ഭക്ഷണശൈലിയും ഭക്ഷ്യ വസ്തുക്കളും ഉപേക്ഷിച്ചതുകൊണ്ടു മാത്രമാണ്. അഞ്ചു പൈസ മുതല്‍മുടക്കില്ലാതെ അദ്ധ്വാനം അല്‍പംപോലും ആവശ്യമില്ലാതെ മലയാളിയുടെ വിശപ്പകറ്റാനും ആരോഗ്യം സംരക്ഷിക്കാനും പ്രകൃതി അതിന്റെ അപാരമായ കനിവിന്റെ കലവറ തുറന്ന് നിരവധി ഭക്ഷണവസ്തുക്കള്‍ സംഭാവന ചെയ്തിരുന്നു. പഞ്ഞമാസങ്ങളെ തരണംചെയ്യാന്‍ പോലും മലയാളിക്ക് കെല്‍പ്പേകിയ ആ ഭക്ഷ്യ വസ്തുക്കളെ ആധുനീക ജീവിത സൗകര്യങ്ങള്‍ക്കുവേണ്ടി ഉപേക്ഷിച്ചതോടെയാണ് മലയാളി ആരോഗ്യ കാര്യത്തില്‍ പിന്നാക്കക്കാരനായി മാറിയത്. ഇന്‍സ്റ്റന്റ് ഫുഡും ടിന്‍ ഫുഡും കൊക്കക്കോളയുമൊക്കെ പുതിയ കാലത്തിന്റെ ഭക്ഷണമായി തീന്‍മേശയില്‍ എത്തിയപ്പോള്‍ ഒപ്പമിരുന്നത് മാരകമായ ജിവീതശൈലി രോഗങ്ങളുമായിരുന്നു. പരിഷ്ക്കാരത്തിനുവേണ്ടി പഴയതെല്ലാം ഉപേക്ഷിക്കുന്ന വിവേകമില്ലായ്മയുടെ തിരിച്ചടികളാണിതെല്ലാം.
മലയാളിയുടെ മെനുവില്‍ സമൃദ്ധമായി നിറഞ്ഞ് നിന്നിരുന്ന ചക്കപ്പഴവും ചക്കപ്പുഴുക്കും ഉപേക്ഷിച്ചതിന്റെ തിരിച്ചടിയാണ് പ്രമേഹവും ഹൈപ്പര്‍ടെന്‍ഷനും ഉദര രോഗങ്ങളും കോളോണ്‍ ക്യാന്‍സറും എന്നൊക്കെപ്പറയുമ്പോള്‍ അംഗീകരിക്കാന്‍ , ആതിരേ, അല്‍പ്പം ബുദ്ധിമുട്ടുണ്ടായേക്കാം. പക്ഷേ സത്യമതാണ്.
ദാരിദ്ര്യവും വിശപ്പും പടികടന്നതോടെ മലയാളി അവന്റെ തനത് ഭക്ഷണ രീതികളും ജീവിതശൈലിയും ഉപേക്ഷിച്ചു.അങ്ങനെ അവന്‍ പരിഷ്കൃതനായപ്പോള്‍ മരുന്നിനുവേണ്ടി വരുമാനത്തിന്റെ വലിയൊരു പങ്ക് നീക്കിവെയ്ക്കാന്‍ നിര്‍ബന്ധിതനായിരിക്കുന്നു. മാത്രമല്ല വിഷം നിറഞ്ഞ ഭക്ഷ്യവസ്തുക്കള്‍ അവന് അനുപേക്ഷണിയവുമായിത്തീര്‍ന്നു. പ്രകൃതിയുടെ കരുതല്‍ കൃപാരഹിതം തള്ളിക്കളഞ്ഞ് രോഗവും അസ്വസ്ഥതയും പണനഷ്ടവും ഭക്ഷണങ്ങളിലൂടെ സ്വീകരിക്കുന്ന തലതിരിഞ്ഞ ജീവിതശൈലിയാണ്, ആതിരേ, ഇന്ന് മലയാളിക്കുള്ളത്.
മലയാളിയുടെ രുചിഭേദങ്ങള്‍ മാറിമറിയുകയും പാശ്ചാത്യ വിഭവങ്ങള്‍ കടന്നുവരികയും ചെയ്തപ്പോള്‍ മെനുകാര്‍ഡില്‍ നിന്ന് പുറത്താക്കപ്പെട്ട ഭക്ഷ്യവസ്തുവാണ് ചക്ക. പഞ്ഞമാസത്തിലെ ഇഷ്ട ഭക്ഷണമായിരുന്നു ചക്കയും ചക്കപ്പുഴുക്കും. മുമ്പ് പട്ടിണിമാറ്റാനുള്ള മലയാളിയുടെ സാര്‍വ്വലൗകീകമായ ഭക്ഷണവും ചക്കയായിരുന്നു. ഇന്ന് പ്ലാവിനേയും ചക്കയേയും അവഗണിച്ച് അവയുടെ വ്യാവസായിക സാധ്യതകള്‍ അന്യ സംസ്ഛാനങ്ങള്‍ക്ക് നല്‍കി ചക്കവിഭവങ്ങള്‍ പായ്ക്കറ്റ് ഫുഡായി സ്വീകരിക്കുന്ന ഗതികേടിലാണ്, ആതിരേ, മലയാളി.
വേനല്‍ കനക്കുമ്പോള്‍ചൂടിനെ പ്രതിരോധിക്കാന്‍ ചക്കവിഭവങ്ങള്‍ക്ക് കഴിഞ്ഞിരുന്നുവെന്ന് പഴമക്കാര്‍ പറയുന്നു. ഇതിനാവശ്യമായ ക്രമീകരണങ്ങള്‍ വരദാനമെന്നപോലെ പ്രകൃതി ഇത്തരം ഫലങ്ങളിലൊരുക്കിയിരുന്നു. വൈറ്റമിനുകളും പോഷകങ്ങളും സമൃദ്ധമായി ഉണ്ടായിരുന്ന സുഗന്ധപൂരിതമായ ചക്കയെ മലയാളി നിഷ്കരുണം ഉപേക്ഷിച്ചു. കാലങ്ങളായി ഇടിഞ്ചക്ക (ഇടിച്ചക്ക) മുതല്‍ കേരളീയരുടെ വിശിഷ്ടാഭോജ്യമായിരുന്നു ചക്ക. പച്ചയും പഴുത്തതും ധാരളമായി ഉപയോഗിച്ചിരുന്ന നിരവധി തലമുറകള്‍ കേരളത്തിലുണ്ടായിരുന്നു. കീടനാശിനി പ്രയോഗമോ രാസവള ഉപയോഗമോ ഇല്ലാതെയായിരുന്നു അന്നും ഇന്നും ചക്കയുടെ ഉല്‍പാദനം . എന്നാല്‍ അന്യസംസ്ഥാനക്കാരന്‍ ചക്കയുടേയും ചക്ക വിഭവങ്ങളുടേയും വ്യാവസായിക സാദ്ധ്യത തരിച്ചറിഞ്ഞ് അത് മുതലെടുത്തുകൊണ്ടിരിക്കുകയാണ്. ചുളു വിലയ്ക്ക് ഇവിടെനിന്നും വാങ്ങുന്ന ചക്ക പായ്ക്കറ്റ് ഫുഡായി ഇവിടെതന്നെ വിറ്റഴിച്ച് അവന്‍ പോക്കറ്റ് വീര്‍പ്പിക്കുന്നു.
വിഭവ സമൃദ്ധമായ സദ്യവട്ടങ്ങളില്‍ ഇടിഞ്ചക്കത്തോരന് പ്രത്യേക സ്ഥാനമുണ്ടായിരുന്നു. ചക്കപ്പുഴുക്ക്, ചക്കപ്പഴം, ചക്ക വരട്ടിയത്, ചക്കത്തിര, ചക്കക്കുരു കൊണ്ടുള്ള വിഭവങ്ങള്‍ ഇവയെല്ലാം ഒരുകാലത്ത് സാധാരണ മലയാളിയുടെ ഇഷ്ട ഭക്ഷണമായിരുന്നു. ചക്കപ്പഴം ധാരളമുള്ളകാലത്ത് മലയാളി വീട്ടമ്മ ഉണ്ടാക്കിയിരുന്ന ചക്കവരട്ടിയും ചക്കത്തിരയും ഏറെ നാളുകള്‍ സൂക്ഷിച്ചിരുന്നു. സ്വാദിഷ്ടമായ വിഭവങ്ങളുമായിരുന്നു അവ. ഒരു പ്ലാവെങ്കിലും ഇല്ലാത്ത വീടുകള്‍ കേരളത്തിലുണ്ടായിരുന്നില്ല. പ്രകൃതി ഒരുക്കിയ ഏറ്റവും വലിയ ഭോജ്യഫലമായിരുന്നു ചക്ക.
അറിയുക,ചക്കച്ചുളയില്‍ പ്രോട്ടീന്‍, കാത്സ്യം, കൊഴുപ്പ്, കാര്‍ബോഹൈഡ്രേറ്റ്, ഫോസ്ഫറസ്, ജലം, ഇരുമ്പ് എന്നിവയും വൈറ്റമിന്‍ എ, സി എന്നിവയും സമൃദ്ധമായി അടങ്ങിയിരിക്കുന്നു. ചക്കക്കുരുവും പോഷകപ്രധമാണ്. പ്രകൃതി ചികിത്സയില്‍ ചക്കയ്ക്ക് പ്രാമാണികമായ സ്ഥാനമുണ്ട്.
രോഗപ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കാനും രക്തത്തിലെ ശ്വേതാണുക്കളുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുവാനും കഴിവുള്ള ചക്കപ്പഴത്തില്‍ പൊട്ടാസ്യം ധാരളമായി ഉള്ളതുകൊണ്ട് രക്ത സമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ കഴിയുന്ന പ്രകൃതിദത്തമായ ഫലമാണ് ചക്ക. നാരുകള്‍ ധാരാളമടങ്ങിയ ഭക്ഷണമായതുകൊണ്ട് ദഹന പ്രക്രിയ സുഗമമാക്കുകയും മലബന്ധം അകറ്റുകയും വന്‍കുടലിലെ അര്‍ബുദത്തിന് കാരണമായേക്കാവുന്ന രാസവസ്തുക്കള്‍ നിര്‍ജ്ജീവമാക്കുകയും ചെയ്യുന്നു ചക്ക! മുന്‍തലമുറയുടെ അരോഗദൃഢഗാത്രതയ്ക്കും ആരോഗ്യകരമായ ജീവിത രീതിയ്ക്കും സഹായകമായത് ,ആതിരേ,ചക്കയും ചക്കവിഭവങ്ങളുമായിരുന്നു.
ചക്കയുടെ ഈ ഔഷധ ഗുണത്തെക്കുറിച്ചുള്ള ഇന്നത്തെ മലയാളിയുടെ അജ്ഞതയാണ് ചക്ക നാടുവിട്ടുപോകാനുള്ള പ്രധാന കാരണം. ഇന്ന് കാലിത്തീറ്റയ്ക്കെന്നപേരില്‍ കേരളത്തില്‍ നിന്നും ശേഖരിക്കുന്ന ചക്ക അന്യസംസ്ഥാനക്കാരന്‍ വ്യാവസായികാടിസ്ഥാനത്തില്‍ വന്‍തോതില്‍ ഉപയോഗിച്ച് മലയാളിയുടെ പോക്കറ്റ് കാലിയാക്കിക്കൊണ്ടിരിക്കുന്നു.. പെട്ടി ഓട്ടോയുമായി എത്തി അഞ്ചുരൂപ മുതല്‍ പത്ത് രൂപവരെ നല്‍കി വാങ്ങുന്ന ചക്ക തമിഴ്‌നാട്ടിലും കര്‍ണ്ണാടകയിലും കൊണ്ടുപോയി ന്യൂഡില്‍സ് പോലെയുള്ളവിഭവങ്ങളാക്കി കേരളത്തില്‍തന്നെ വിറ്റഴിക്കുന്നു. തമിഴ്‌നാട്ടില്‍ പഴുത്ത വരിക്കചക്കയുടെ ഒരു ചുളയ്ക്ക് മൂന്ന് രൂപമുതല്‍ വിലയുണ്ട്!!. കാലിത്തീറ്റയ്ക്കെന്നുപറഞ്ഞ് സംസ്ഥാനം കടത്തുന്ന ചക്ക രൂപമാറ്റം വരുത്തി വിവിധ ആഹാര പദാര്‍ത്ഥങ്ങളാക്കി വര്‍ണ്ണക്കൂട്ടിലെത്തിക്കുമ്പോള്‍ മലയാളി വന്‍ വിലകൊടുത്ത് അത് വാങ്ങി ഉപയോഗിക്കുന്നു. ഔഷധ ഗുണമുള്ളഫലം ചുളുവിലയ്ക്ക് വിറ്റ് രോഗകാരണമായ പായ്ക്കറ്റ് ഫുഡ് അമിത വിലനല്‍കി വാങ്ങി ഭക്ഷിക്കുന്ന സംസ്കാരമാണ് ഇന്ന് മലയാളിക്കുള്ളത്.
പ്രകൃതിയുടെ കനിവിന് നേരേ കണ്ണടച്ച് അമിത വിലകൊടുത്ത് രോഗം വാങ്ങാന്‍ മലയാളി നിര്‍ബന്ധിതനായതിന്റെ ഏക കാരണം ചക്കയോടും ചക്ക വിഭവങ്ങളോടുമുള്ള അവന്റെ അവജ്ഞയാണ്. പരിഷ്ക്കാരത്തിന്റേയും ആധുനിക ജീവിത ശൈലിയുടേയും പേരില്‍ തനത് ഭക്ഷ്യ ഈടുവെയ്പ്പുകള്‍ വിറ്റ് തുലയ്ക്കുന്ന മലയാളിയെ സാക്ഷരനെന്ന്, ആതിരേ, എങ്ങനെ വിശേഷിപ്പിക്കാന്‍ കഴിയും ?.
00000000000000000000000000000000000
അതുകൊണ്ടു നമുക്ക് ചക്കയെക്കുറിച്ച്
(മലയാളിയുടെ വിവരക്കേടിനെക്കുറിച്ച് )പറയാം
മാറിയ കാലത്തിന്റെ മലയാളി ജീവിതശൈലി രോഗങ്ങളാല്‍ ആതുരനാണെങ്കില്‍ അതിന്റെ ഏകകാരണം അവന്‍ പഴയ ഭക്ഷണശൈലിയും ഭക്ഷ്യ വസ്തുക്കളും ഉപേക്ഷിച്ചതുകൊണ്ടു മാത്രമാണ്. അഞ്ചു പൈസ മുതല്‍മുടക്കില്ലാതെ അദ്ധ്വാനം അല്‍പംപോലും ആവശ്യമില്ലാതെ മലയാളിയുടെ വിശപ്പകറ്റാനും ആരോഗ്യം സംരക്ഷിക്കാനും പ്രകൃതി അതിന്റെ അപാരമായ കനിവിന്റെ കലവറ തുറന്ന് നിരവധി ഭക്ഷണ വസ്തുക്കള്‍ സംഭാവന ചെയ്തിരുന്നു. പഞ്ഞമാസങ്ങളെ തരണംചെയ്യാന്‍ പോലും മലയാളിക്ക് കെല്‍പ്പേകിയ ആ ഭക്ഷ്യ വസ്തുക്കളെ ആധുനീക ജീവിത സൗകര്യങ്ങള്‍ക്കുവേണ്ടി ഉപേക്ഷിച്ചതോടെയാണ് മലയാളി ആരോഗ്യ കാര്യത്തില്‍ പിന്നോക്കവിഭാഗക്കാരനായി മാറിയത്. ഇന്‍സ്റ്റന്റ് ഫുഡും ടിന്‍ ഫുഡും കൊക്കക്കോളയുമൊക്കെ പുതിയ കാലത്തിന്റെ ഭക്ഷണമായി തീന്‍മേശയില്‍ എത്തിയപ്പോള്‍ ഒപ്പമിരുന്നത് മാരകമായ ജിവീതശൈലി രോഗങ്ങളുമായിരുന്നു. പരിഷ്ക്കാരത്തിനുവേണ്ടി പഴയതെല്ലാം ഉപേക്ഷിക്കുന്ന വിവേകമില്ലായ്മയുടെ തിരിച്ചടികളാണിതെല്ലാം.
മലയാളിയുടെ മെനുവില്‍ സമൃദ്ധമായി നിറഞ്ഞ് നിന്നിരുന്ന ചക്കപ്പഴവും ചക്കപ്പുഴുക്കും ഉപേക്ഷിച്ചതിന്റെ തിരിച്ചടിയാണ് പ്രമേഹവും ഹൈപ്പര്‍ടെന്‍ഷനും ഉദര രോഗങ്ങളും കോളോണ്‍ ക്യാന്‍സറും എന്നൊക്കെപ്പറയുമ്പോള്‍ അംഗീകരിക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടുണ്ടായേക്കാം. പക്ഷേ സത്യമതാണ്.
ദാരിദ്ര്യവും വിശപ്പും പടികടന്നതോടെ മലയാളി അവന്റെ തനത് ഭക്ഷണ രീതികളും ജീവിതശൈലിയും ഉപേക്ഷിച്ച് പരിഷ്കൃതനായപ്പോള്‍ മരുന്നിനുവേണ്ടി വരുമാനത്തിന്റെ വലിയൊരു പങ്ക് നീക്കിവെയ്ക്കാന്‍ നിര്‍ബന്ധിതനായിരിക്കുന്നു. മാത്രമല്ല വിഷം നിറഞ്ഞ ഭക്ഷ്യവസ്തുക്കള്‍ അവന് അനുപേക്ഷണിയവുമായിത്തീര്‍ന്നു. പ്രകൃതിയുടെ കരുതല്‍ കൃപാരഹിതം തള്ളിക്കളഞ്ഞ് രോഗവും അസ്വസ്ഥതയും പണനഷ്ടവും ഭക്ഷണങ്ങളിലൂടെ സ്വീകരിക്കുന്ന തലതിരിഞ്ഞ ജീവിതശൈലിയാണ് ഇന്ന് മലയാളിക്കുള്ളത്.
മലയാളിയുടെ രുചിഭേദങ്ങള്‍ മാറിമറിയുകയും പാശ്ചാത്യ വിഭവങ്ങള്‍ കടന്നുവരികയും ചെയ്തപ്പോള്‍ മെനുകാര്‍ഡില്‍ നിന്ന് പുറത്താക്കപ്പെട്ട ഭക്ഷ്യവസ്തുവാണ് ചക്ക. പഞ്ഞമാസത്തിലെ ഇഷ്ട ഭക്ഷണമായിരുന്നു ചക്കയും ചക്കപ്പുഴുക്കും. മുമ്പ് പട്ടിണിമാറ്റാനുള്ള മലയാളിയുടെ സാര്‍വ്വ ലൗകീകമായ ഭക്ഷണവും ചക്കയായിരുന്നു. ഇന്ന് പ്ലാവിനേയും ചക്കയേയും അവഗണിച്ച് അവയുടെ വ്യാവസായിക സാധ്യതകള്‍ അന്യ സംസ്ഛാനങ്ങള്‍ക്ക് നല്‍കി ചക്കവിഭവങ്ങള്‍ പായ്ക്കറ്റ് ഫുഡായി സ്വീകരിക്കുന്ന ഗതികേടിലും കൂടിയാണ് മലയാളി.
വേനല്‍ കനക്കുമ്പോള്‍ചൂടിനെ പ്രതിരോധിക്കാന്‍ ചക്കവിഭവങ്ങള്‍ക്ക് കഴിഞ്ഞിരുന്നുവെന്ന് പഴമക്കാര്‍ പറയുന്നു. ഇതിനാവശ്യമായ ക്രമീകരണങ്ങള്‍ വരദാനമെന്നപോലെ പ്രകൃതി ഇത്തരം ഫലങ്ങളിലൊരുക്കിയിരുന്നു. വൈറ്റമിനുകളും പോഷകങ്ങളും സമൃദ്ധമായി ഉണ്ടായിരുന്ന സുഗന്ധപൂരിതമായ ചക്കയെ മലയാളി നിഷ്കരുണം ഉപേക്ഷിച്ചു. കാലങ്ങളായി ചെറുപ്രായത്തിലുള്ള ഇടിഞ്ചക്ക (ഇടിച്ചക്ക) മുതല്‍ കേരളീയരുടെ വിഷിഠ്യഭോജ്യമായിരുന്നു ചക്ക. പച്ചയും പഴുത്തതും ധാരളമായി ഉപയോഗിച്ചിരുന്ന നിരവധി തലമുറകള്‍ കേരളത്തിലുണ്ടായിരുന്നു. കീടനാശിനി പ്രയോഗമോ രാസവള ഉപയോഗമോ ഇല്ലാതെയായിരുന്നു അന്നും ഇന്നും ചക്കയുടെ ഉല്‍പാദനം നടക്കുന്നത്. എന്നാല്‍ അന്യ സംസ്ഥാനക്കാരന്‍ ചക്കയുടേയും ചക്ക വിഭവങ്ങളുടേയും വ്യാവസായിക സാദ്ധ്യത തരിച്ചറിഞ്ഞ് അത് മുതലെടുത്തുകൊണ്ടിരിക്കുകയാണ്. ചുളു വിലയ്ക്ക് ഇവിടെനിന്നും വാങ്ങുന്ന ചക്ക പായ്ക്കറ്റ് ഫുഡായി ഇവിടെതന്നെ വിറ്റഴിച്ച് അവന്‍ പോക്കറ്റ് വീര്‍പ്പിക്കുന്നു.
വിഭവ സമൃദ്ധമായ സദ്യവട്ടങ്ങളില്‍ ഇടിഞ്ചക്കത്തോരനും പ്രത്യേക സ്ഥാനമുണ്ടായിരുന്നു. ചക്കപ്പുഴുക്ക്, ചക്കപ്പഴം, ചക്ക വരട്ടിയത്, ചക്കത്തിര, ചക്കക്കുരു കൊണ്ടുള്ള വിഭവങ്ങള്‍ ഇവയെല്ലാം ഒരുകാലത്ത് സാധാരണ മലയാളിയുടെ ഇഷ്ട ഭക്ഷണമായിരുന്നു. ചക്കപ്പഴം ധാരളമുള്ളകാലത്ത് മലയാളി വീട്ടമ്മ ഉണ്ടാക്കിയിരുന്ന ചക്കവരട്ടിയും ചക്കത്തിരയും ഏറെ നാളുകള്‍ സൂക്ഷിച്ചിരുന്നു. സ്വാദിഷ്ടമായ വിഭവങ്ങളുമായിരുന്നു അവ. ഒരു പ്ലാവെങ്കിലും ഇല്ലാത്ത വീടുകള്‍ കേരളത്തിലുണ്ടായിരുന്നില്ല. പ്രകൃതി ഒരുക്കിയ ഏറ്റവും വലിയ ഭോജ്യഫലമായിരുന്നു ചക്ക.
ചക്കച്ചുളയില്‍ പ്രോട്ടീന്‍, കാത്സ്യം, കൊഴുപ്പ്, കാര്‍ബോഹൈഡ്രേറ്റ്, ഫോസ്ഫറസ്, ജലം, ഇരുമ്പ് എന്നിവയും വൈറ്റമിന്‍ എ, സി എന്നിവയും സമൃദ്ധമായി അടങ്ങിയിരിക്കുന്നു. ചക്കക്കുരുവും പോഷകപ്രധമാണ്. പ്രകൃതി ചികിത്സയില്‍ ചക്കയ്ക്ക് പ്രാമാണികമായ സ്ഥാനമുണ്ട്.
രോഗപ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കാനും രക്തത്തിലെ ശ്വേതാണുക്കളുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുവാനും കഴിവുള്ള ചക്കപ്പഴത്തില്‍ പൊട്ടാസ്യം ധാരളമായി ഉള്ളതുകൊണ്ട് രക്ത സമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ കഴിയുന്ന പ്രകൃതിദത്തമായ ഫലമായിരുന്നു ചക്ക. നാരുകള്‍ ധാരാളമടങ്ങിയ ഭക്ഷണമായതുകൊണ്ട് ദഹന പ്രക്രിയ സുഗമമാക്കുകയും മലബന്ധം അകറ്റുകയും വന്‍കുടലിലെ അര്‍ബുദത്തിന് കാരണമായേക്കാവുന്ന രാസവസ്തുക്കള്‍ നിര്‍ജ്ജീവമാക്കാനും കഴിവുള്ള ഏക ഫലം ചക്ക മാത്രമാണ്. മുന്‍തലമുറയുടെ അരോഗ ദൃഢഗാത്രതയ്ക്കും ആരോഗ്യകരമായ ജീവിത രീതിയ്ക്കും സഹായകമായത് ചക്കയും ചക്കവിഭവങ്ങളുമായിരുന്നു.
ചക്കയുടെ ഈ ഔഷധ ഗുണത്തെക്കുറിച്ചുള്ള ഇന്നത്തെ മലയാളിയുടെ അജ്ഞതയാണ് ചക്ക നാടുവിട്ടുപോകാന്‍ ഏകകാരണം. ഇന്ന് കാലിത്തീറ്റയ്ക്കെന്നപേരില്‍ കേരളത്തില്‍ നിന്നും ശേഖരിക്കുന്ന ചക്ക അന്യസംസ്ഥാനക്കാരന്‍ വ്യാവസായികാടിസ്ഥാനത്തില്‍ വന്‍തോതില്‍ ഉപയോഗിച്ച് മലയാളിയുടെ പോക്കറ്റ് കാലിയാക്കിക്കൊണ്ടിരിക്കുന്ന കാഴ്ചയാണുള്ളത്. പെട്ടി ഓട്ടോയുമായി എത്തി അഞ്ചുരൂപ മുതല്‍ പത്ത് രൂപവരെ വാങ്ങി നല്‍കുന്ന ചക്ക തമിഴ്‌നാട്ടിലും കര്‍ണ്ണാടകയിലും കൊണ്ടുപോയി ന്യൂഡില്‍സ്പോലെയുള്ളവിഭവങ്ങളാക്കി കേരളത്തില്‍തന്നെ വിറ്റഴിക്കുകയാണ്. തമിഴ്‌നാട്ടില്‍ പഴുത്ത വരിക്കചക്കയുടെ ഒരു ചുളയ്ക്ക് മൂന്ന് രൂപമുതല്‍ വിലയുണ്ട!. കാലിത്തീറ്റയ്ക്കെന്നുപറഞ്ഞ് സംസ്ഥാനം കടത്തുന്ന ചക്ക രൂപമാറ്റം വരുത്തി വിവിധ ആഹാര പദാര്‍ത്ഥങ്ങളാക്കിമാറ്റി വര്‍ണ്ണക്കൂട്ട് ലഭിക്കുമ്പോള്‍ മലയാളിതന്നെ അമ്പേ വിലകൊടുത്ത് അത് വാങ്ങി ഉപയോഗിക്കുന്നു. ഔഷധ ഗുണമുള്ളഫലം ചുളുവിലയ്ക്ക് വിറ്റ് രോഗകാരണമായ പായ്ക്കറ്റ് ഫുഡ് അമിത വിലനല്‍കി വാങ്ങി ഭക്ഷിക്കുന്ന സംസ്കാരമാണ് ഇന്ന് മലയാളിക്കുള്ളത്.
പ്രകൃതിയുടെ കനിവിന് നേരേ കണ്ണടച്ച് രോഗം അമിത വിലകൊടുത്ത് വാങ്ങാന്‍ മലയാളി നിര്‍ബന്ധിതനായതിന്റെ ഏക കാരണം ചക്കയോടും ചക്ക വിഭവങ്ങളോടുമുള്ള അവന്റെ അവജ്ഞയാണ്. പരിഷ്ക്കാരത്തിന്റേയും ആധുനിക ജീവിത ശൈലിയുടേയും പേരില്‍ തനത് ഭക്ഷ്യ ഈട് വെയ്പുകള്‍ വിറ്റ് തുലയ്ക്കുന്ന മലയാളിയെ സാക്ഷരനെന്ന് എങ്ങനെ വിശേഷിപ്പിക്കാന്‍ കഴിയും ?.
Thursday, April 26, 2012
'പത്രസമരവും' രാഷ്ട്രീയക്കാരുടെ വഞ്ചനയും
നീതിക്കും ന്യായത്തിനും അടിസ്ഥാന വര്‍ഗങ്ങളുടെ ഉന്നമനത്തിനും ജനാധിപത്യ മൂല്യങ്ങളുടെ സംരക്ഷണത്തിനുമായാണ് നിലകൊള്ളുന്നതെന്ന് അവകാശപ്പെടുന്ന മാധ്യമങ്ങള്‍ പോലും പക്ഷേ അവരെ ജനകീയരാക്കുന്ന പത്ര ഏജന്റുമാരുടേയും പത്ര വിതരണക്കാരുടേയും പ്രശ്നങ്ങള്‍ക്ക് നേരേ കണ്ണടയ്ക്കുകയായിരുന്നു...ശബ്ദമില്ലാത്തവന്റെ ശബ്ദം... നീതി നിഷേധിക്കപ്പെട്ടവന് നീതി ഉറപ്പാക്കുവാനുമുള്ള മാര്‍ഗം.. അസംഘടിത വിഭാഗത്തിന്റെ ആവശ്യങ്ങള്‍ ഭരണകൂടത്തെ ബോധ്യപ്പെടുത്താനുള്ള മാധ്യമം എന്നൊക്കെ കൊട്ടിഘോഷിക്കുന്ന പത്ര മുതലാളിമാരാണ് അവരുടെ നിലനില്‍പിന്റെ ഈ അടിസ്ഥാന ഘടകത്തെ ഇതുവരെ വഞ്ചിച്ചുകൊണ്ടിരുന്നതും ഇപ്പോള്‍ ആ വിഭാഗം നടത്തിയ സമരത്തെ പൊളിച്ചടുക്കിയതും.
ഒന്നും നേടാനാവാതെ, ഓട്ടേറേ നഷ്ടപ്പെടുത്തികൊണ്ട് കേരളത്തിലെ പത്ര ഏജന്റുമാര്‍ 36 ദിവസമായി നടത്തിയ സമരം അവസാനിച്ചു,ആതിരേ, ആതിരേ.... ഹൈക്കോടതിയുടെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചയുടെ ഭാഗമായി സമരം നിറുത്തി എന്നാണ് പറയുന്നതെങ്കിലും പത്ര ഏജന്റുമാരുടെ സമരം മാധ്യമഭീമന്മാരും മുഖ്യധാരാ രാഷ്ട്രീയപ്രസ്ഥാനങ്ങളും ചേര്‍ന്ന് പൊളിക്കുകയായിരുന്നു യഥാര്‍ത്ഥത്തില്‍.
നിസ്വന്‍ എന്നും നിസ്വനായി തുടരണമെന്നും പ്രബലരായ സമ്പന്ന വിഭാഗത്തോട് എതിരിടാന്‍ പാടില്ല എന്നുമുള്ള മുതലാളിത്തത്തിന്റെ കാട്ടുനീതിയാണ് ഈ പരാജയത്തോടെ, എല്ലാ തൊഴിലാളി വര്‍ഗ സമര മുന്നേറ്റ ചരിത്രങ്ങളേയും ലജ്ജിപ്പിച്ചുകൊണ്ട് വിജയിച്ചിരിക്കുന്നത്. സമരം ചെയ്തതിന്റെ പേരില്‍ ഒട്ടേറേ ഏജന്റുമാരെ പിരിച്ചുവിട്ട് പുതിയ ഏജന്‍സി നല്‍കിയിരുന്നു. പിരിച്ചുവിട്ടവരെ തിരിച്ചെടുക്കണം എന്ന ആവശ്യംപോലും അംഗീകരിക്കപ്പെട്ടിട്ടില്ല. നിലവില്‍ ഏജന്‍സി ഉണ്ടെങ്കിലും മാനേജ്മെന്റ് കേസില്‍ കുടുക്കിയവര്‍ക്കും ഇനി ഏജന്‍സി ലഭിക്കില്ല. അതായത് ഈ സമരംകൊണ്ട് ഉന്നയിക്കപ്പെട്ട ആവശ്യങ്ങള്‍ ഒന്നുംതന്നെ നേടിയെടുക്കാന്‍ കഴിഞ്ഞില്ല എന്നുമാത്രമല്ല ഓട്ടേറേപ്പേര്‍ക്ക് ഉപജീവന മാര്‍ഗം നഷ്ടപ്പെടുകയും ചെയ്തു. രാഷ്ട്രീയ പ്രബുദ്ധതയുടേയും തൊഴിലാളി വര്‍ഗസമരാജ്ജയ്യതയുടേയും ചരിത്രമുള്ള കേരളത്തിലാണ് ഒരു വിഭാഗം തൊഴിലാളികള്‍ തങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ നടത്തിയ സമരം ഇങ്ങനെ ചിതറിക്കപ്പെട്ടത്.
തുടങ്ങിയ നാള്‍മുതല്‍ ഇതുവരെ ഒരിക്കലും കൂലിവര്‍ദ്ധനവില്ലാത്ത ഒരു മേഖലയാണ് പത്രവിതരണത്തിന്റേത്. കേരളത്തിലെ ആയിരക്കണക്കിനുവരുന്ന പത്രവിതരണക്കാരുടെ കണ്ണീരിലും പട്ടിണിയിലും തിടംവെച്ചാണ് ഇന്ന് കോടികള്‍ ലാഭമുണ്ടാക്കുന്ന പത്ര ഭീമന്മാര്‍ വളര്‍ന്ന് വലുതായത്. അവര്‍ കോടികള്‍ ലാഭം ഉണ്ടാക്കുമ്പോഴും പട്ടിണികിടക്കുന്ന ഏജന്റുമാരുടെ, വിതരണക്കാരുടെ ജീവിതാവസ്ഥകളില്‍ ആര്‍ക്കും ഒരു ആശങ്കയുമുണ്ടായിരുന്നില്ല. ഇവരുടെ ദയനീയാവസ്ഥയെക്കുറിച്ചും ഇവര്‍ ഉന്നയിച്ച ആവശ്യങ്ങളെക്കുറിച്ചും കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും ട്രേഡ് യൂണിയന്‍ സംഘടനകള്‍ക്കും വ്യക്തമായ ധാരണയുണ്ടായിരുന്നതാണ്. എന്നിട്ടും ഇതുവരെ ഈ വിഭാഗത്തിന്റെ പ്രശ്നങ്ങളും ആവശ്യങ്ങളും ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിലും ചര്‍ച്ചയ്ക്ക് വിധേയമായില്ല : ആരും ഇവരുടെ ആവശ്യങ്ങള്‍ ഏറ്റെടുത്ത് അവയ്ക്ക് പരിഹാരം കണ്ടെത്തിയില്ല. നീതിക്കും ന്യായത്തിനും അടിസ്ഥാന വര്‍ഗങ്ങളുടെ ഉന്നമനത്തിനും ജനാധിപത്യ മൂല്യങ്ങളുടെ സംരക്ഷണത്തിനുമായാണ് നിലകൊള്ളുന്നതെന്ന് അവകാശപ്പെടുന്ന മാധ്യമങ്ങള്‍ പോലും പക്ഷേ അവരെ ജനകീയരാക്കുന്ന പത്ര ഏജന്റുമാരുടേയും പത്ര വിതരണക്കാരുടേയും പ്രശ്നങ്ങള്‍ക്ക് നേരേ കണ്ണടയ്ക്കുകയായിരുന്നു, ആതിരേ..
ശബ്ദമില്ലാത്തവന്റെ ശബ്ദം... നീതി നിഷേധിക്കപ്പെട്ടവന് നീതി ഉറപ്പാക്കുവാനുമുള്ള മാര്‍ഗം.. അസംഘടിത വിഭാഗത്തിന്റെ ആവശ്യങ്ങള്‍ ഭരണകൂടത്തെ ബോധ്യപ്പെടുത്താനുള്ള മാധ്യമം എന്നൊക്കെ കൊട്ടിഘോഷിക്കുന്ന പത്ര മുതലാളിമാരാണ് അവരുടെ നിലനില്‍പിന്റെ ഈ അടിസ്ഥാന ഘടകത്തെ ഇതുവരെ വഞ്ചിച്ചുകൊണ്ടിരുന്നതും ഇപ്പോള്‍ ആ വിഭാഗം നടത്തിയ സമരത്തെ പൊളിച്ചടുക്കിയതും.
ആയിരങ്ങളില്‍ നിന്ന് പതിനായിരങ്ങളിലേയ്ക്ക് മാസംതോറും പരസ്യനിരക്ക് വര്‍ദ്ധിപ്പിക്കുന്ന മാധ്യമ ഭീമന്മാര്‍ ഏജന്റുമാരും പത്രവിതരണക്കാരുമായ അടിസ്ഥാന വിഭാഗത്തിന്റെ പ്രശ്നങ്ങള്‍ക്കെതിരെ പ്രതിലോമ നിലപാട് സ്വീകരിച്ചപ്പോള്‍ അവരെ അതില്‍ നിന്നും പിന്‍തിരിപ്പിക്കാനും ഏജന്റുമാര്‍ ഉന്നയിച്ച ആവശ്യങ്ങളുടെ ന്യായങ്ങള്‍ ബോധ്യപ്പെടുത്തി നിലപാടെടുക്കാനും നിര്‍ബന്ധിക്കേണ്ടിയിരുന്ന മുഖ്യധാരാ രാഷ്ട്രീയ - ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങളും സാമൂഹിക സന്നദ്ധ സംഘങ്ങളും പൗരാവകാശ പ്രവര്‍ത്തകരുമൊക്കെ ഈ വിഭാഗത്തെ ഉളുപ്പില്ലാതെ വഞ്ചിക്കുന്ന നിലപാടാണ്, ആതിരേ, സ്വീകരിച്ചത്. മാധ്യമ ഭീമന്മാരുടെ പിടിവാശി തെറ്റാണെന്ന് പറയാന്‍ പോലുമുള്ള ആര്‍ജ്ജവം ഇവരില്‍ ആരില്‍ നിന്നും ഉണ്ടായില്ല. മറിച്ച് മാധ്യമ മുതലാളിമാരെ പിണക്കി ഏജന്റുമാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടതില്ല എന്ന തൊഴിലാളി വിരുദ്ധവും മുതലാളിത്ത പ്രീണനവും നിറഞ്ഞ നിലപാടാണ് ഇവരെല്ലാം സ്വീകരിച്ചത്. ആവശ്യത്തിനും അനാവശ്യത്തിനും ഇടപെട്ടും പ്രസ്താവനകള്‍ ഇറക്കിയും സമൂഹ മനസിനേയും ബോധങ്ങളേയും കലുഷിതമാക്കാറുള്ള മത സാമുദായികസംഘടനാ നേതാക്കളേയും ഈ സമരവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കാണാനുണ്ടായില്ല. പ്രബലരും സാമ്പത്തികമായി ഉന്നതരുമായ മാധ്യമ ഭീമന്മാരുടെ അടിസ്ഥാന വര്‍ഗ വിരുദ്ധ നിലപാടുകള്‍ക്ക് പച്ചക്കൊടി പിടിച്ച രാഷ്ട്രീയ അശ്ലീലതയുടെ 36 ദിവസങ്ങളാണ് കടന്നുപോയത്. സംഘടിത തൊഴിലാളി വര്‍ഗത്തിന്റെ വിജയ കഥകള്‍ ഏറെ രചിക്കപ്പെട്ട രാഷ്ട്രീയ ഭൂമികയിലാണ് ഇത്തരമൊരു വഞ്ചനയും ചൂഷണവും ഇപ്പോള്‍ കൊടിപാറിക്കുന്നത്. മാധ്യമാ മുതലാളിമാരെ വെല്ലുവിളിച്ചാല്‍ ഇങ്ങനെയൊക്കെയായിരിക്കും സംഭവിക്കുക എന്നാണ് അവര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഇതാകട്ടെ കേരളത്തിലെ അസംഘടിത തൊഴിലാളികളുടെ മുന്നേറ്റങ്ങള്‍ക്കെതിരെയുള്ള ഭീഷണിയുമാണ്.
കേരളാ സ്റ്റേറ്റ് ന്യൂസ് പേപ്പര്‍ ഏജന്റ്സ് അസോസിയേഷന്‍ കോ ഓര്‍ഡിനേഷന്‍ കമ്മറ്റി ഭാരവാഹികളും മലയാള മനോരമ, മാതൃഭൂമി, ഹിന്ദു, പത്ര മാനേജ്മെന്റ് പ്രതിനിധികളും ഹൈക്കോടതി, മീഡിയേഷന്‍ സെല്‍ മുമ്പാകെ നടത്തിയ ചര്‍ച്ചയിലെ ധാരണ പ്രകാരമാണ് 36 ദിവസമായി നടത്തിവന്ന സമരം അവസാനിപ്പിച്ചത്. സമരത്തിനാധാരമായ കാരണങ്ങളും മറ്റു വിഷയങ്ങളും മെയ് 26 ന് വീണ്ടും ചര്‍ച്ച ചെയ്യാമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ടെന്നും ആവശ്യങ്ങള്‍ അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും കോ ഓര്‍ഡിനേഷന്‍ ജോയിന്റ് കണ്‍വീനര്‍ പി.കെ. സത്താര്‍ പറഞ്ഞു. സമരം പിന്‍വലിച്ചാല്‍ ആവശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ചര്‍ച്ച ആകാമെന്ന് മാനേജ്മെന്റ് പ്രതിനിധികളും അറിയിച്ചിട്ടുണ്ട്. കോ ഓര്‍ഡിനേഷന്‍ കമ്മറ്റി സമരത്തില്‍ നിന്ന് പിന്മാറിയ വിവരം അഭിഭാഷകനായ ഡോ. സെബാസ്റ്റ്യന്‍പോള്‍ മുഖേനയാണ് മധ്യസ്ഥരെ അറിയിച്ചത്. അഭിഭാഷകരായ രഘു നന്ദനമേനോന്‍, പി.ടി. ബാബു കുമാര്‍ എന്നിവരാണ് ചര്‍ച്ചയ്ക്ക് മധ്യസ്ഥത വഹിച്ചത്. പത്ര ഏജന്റുമാരുടെ സമരം ഒത്തുതീര്‍പ്പാക്കണം എന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയ അഡ്വ. ബേസില്‍ അട്ടിപ്പേറ്റി പത്ര മാനേജ്മെന്റിന്റെ അഭിഭാഷകര്‍, കോ ഓര്‍ഡിനേഷന്‍ ഭാരവാഹികള്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
കേരളത്തിന്റെ സമര ചരിത്രത്തില്‍ ഇതിഹാസമായി മാറേണ്ടിയിരുന്ന ഒരു മുന്നേറ്റത്തേയാണ് മുഖ്യധാരാ രാഷ്ട്രീയ - ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങളും മാധ്യമ കുത്തകകളും ചേര്‍ന്ന് കഴുത്തുഞ്ഞെരിച്ച് കൊന്നത്. മാധ്യമ മുതലാളിമാരെ പിണക്കി വിതരണക്കാരുടെ പട്ടിണി മാറ്റേണ്ടതില്ല എന്ന് കരുതിയതുകൊണ്ടാകാം കേന്ദ്ര മന്ത്രി മുതല്‍ പ്രാദേശിക നേതാക്കള്‍വരെ പത്ര വിതരണ തൊഴിലാളികളുടെ സമരത്തിനെതിരെ തിരിഞ്ഞത്. ഓര്‍ക്കണം ചെയ്യുന്ന ജോലിക്ക് മാന്യമായ പ്രതിഫലം ലഭിക്കാന്‍ വേണ്ടിയായിരുന്നു ഈ സമരം. അതിനെയാണ് ഇങ്ങനെ ശ്വാസംമുട്ടിച്ച് കൊന്നത്. ഇവരുടെയെല്ലാം തൊഴിലാളി വര്‍ഗ ബോധവും അസംഘടിത തൊഴിലാളി വിഭാഗത്തോടുള്ള സമീപനവും എത്രമാത്രം മനുഷ്യത്വ രഹിതവും മുതലാളിത്ത താത്പര്യങ്ങളെ സംരക്ഷിക്കുന്നതാണെന്നും ഇതോടെ വ്യക്തമായി, ആതിരേ.
Monday, April 23, 2012
അസ്തമിച്ചത് മലയാളസിനിമയുടെ 'നവോദയം'
സിനിമയുടെ വിപണ തന്ത്രങ്ങള്‍ അദ്ദേഹത്തോളം ഹൃദിയസ്ഥമാക്കിയ നിര്‍മ്മാതാക്കള്‍ മലയാളത്തില്‍ വേറേയില്ല. പ്രതിസന്ധികളുടെ തിരയേറ്റങ്ങളെ നിശ്ചയദാര്‍ഢ്യം കൊണ്ട് തടഞ്ഞുനിര്‍ത്തിയ ചങ്കൂറ്റമാണ് ഈ കുട്ടനാട്ടുകാരന്റേത്. ജലനിരപ്പിന് താഴെ കൃഷിചെയ്ത് പ്രകൃതിയെ വെല്ലുവിളിക്കുന്ന കുട്ടനാടിന്റെ നെഞ്ചുറപ്പാണത് . മരണത്തിന് തൊട്ടുമുമ്പ്, 88-ാം വയസിലും സിനിമാരംഗത്ത് കര്‍മ്മനിരതനായിരുന്നു അദ്ദേഹം. താന്‍ നിര്‍മ്മിച്ച ചാണക്യന്‍ എന്ന ചിത്രത്തിന്റെ വ്യാജ സിഡികള്‍ വ്യാപകമാകുന്നതിനെ തടയാന്‍ കഴിയാതെവന്നപ്പോള്‍ കാല്‍ നൂറ്റാണ്ടുമുമ്പ് ഊരിവെച്ച നിര്‍മ്മാതാവിന്റെ കുപ്പായം വീണ്ടും അണിയുന്നതിനെക്കുറിച്ചുള്ള ചിന്തയിലായിരുന്നു അദ്ദേഹം. വാര്‍ദ്ധക്യത്തിന്റെ പരിമിതികളെ കൂസാതെ പ്രവൃത്തി പഥത്തില്‍ സജീവമായിരുന്ന അപ്പച്ചന്‍ ഉത്പതിഷ്ണുക്കള്‍ക്ക്, കഠിനാധ്വാനികള്‍ക്ക് എന്നും ഒരു മാതൃകയായിരുന്നു.
ആതിരേ,ഏഴുപതിറ്റാണ്ടുകാലം മലയാളസിനിമാ നിര്‍മ്മാണരംഗത്തെ ഉത്തുംഗപ്രതിഭയായിരുന്ന നവോദയ അപ്പച്ചന്‍ ഓര്‍മ്മയായി.,!
അന്താരാഷ്ട്ര തലത്തിലുള്ള സാങ്കേതികമികവ് പരിചയപ്പെടുത്തി മലയാള സിനിമക്ക് പുതിയ ദിശാബോധംനല്‍കി ലോകസിനിമയുടെ വേദിയില്‍ ഇരിപ്പിടമൊരുക്കിയ ക്രാന്തദര്‍ശിയായിരുന്നു നവോദയ അപ്പച്ചന്‍ എന്നറിയപ്പെടുന്ന മാളിയംപുരയ്ക്കല്‍ ചാക്കോ പുന്നൂസ്.
മലയാള ചലച്ചിത്ര ഭൂമികയില്‍ വിസ്മയങ്ങളുടെ സ്ഫോടനങ്ങള്‍ സൃഷ്ടിച്ച അദ്ദേഹമാണ് രാജ്യത്തെ ആദ്യ ത്രിഡി സിനിമയും ദക്ഷിണേന്ത്യയിലെ ആദ്യ 70 എംഎം ചിത്രവും സിനിമാസ്കോപ്പ് ചിത്രവും സമ്മാനിച്ചത്. ഓരോ ചിത്രത്തിനും പുതുമയുള്ളത് എന്തെങ്കിലും ഉണ്ടാകണമെന്ന് നിഷ്കര്‍ഷിച്ച് അദ്ദേഹം അതിനായി സാങ്കേതിക മികവിന്റെ ഏതറ്റംവരെ പോകാനും പണം എത്രവേണമെങ്കിലും മുടക്കാനും ഒട്ടും മടി കാണിച്ചിട്ടില്ല.
സിനിമയുടെ വിപണ തന്ത്രങ്ങള്‍ അദ്ദേഹത്തോളം ഹൃദിയസ്ഥമാക്കിയ നിര്‍മ്മാതാക്കള്‍ മലയാളത്തില്‍ വേറേയില്ല. പ്രതിസന്ധികളുടെ തിരയേറ്റങ്ങളെ നിശ്ചയദാര്‍ഢ്യം കൊണ്ട് തടഞ്ഞുനിര്‍ത്തിയ ചങ്കൂറ്റമാണ് ഈ കുട്ടനാട്ടുകാരന്റേത്. ജലനിരപ്പിന് താഴെ കൃഷിചെയ്ത് പ്രകൃതിയെ വെല്ലുവിളിക്കുന്ന കുട്ടനാടിന്റെ നെഞ്ചുറപ്പാണത് . മരണത്തിന് തൊട്ടുമുമ്പ്, 88-ാം വയസിലും സിനിമാരംഗത്ത് കര്‍മ്മനിരതനായിരുന്നു അദ്ദേഹം. താന്‍ നിര്‍മ്മിച്ച ചാണക്യന്‍ എന്ന ചിത്രത്തിന്റെ വ്യാജ സിഡികള്‍ വ്യാപകമാകുന്നതിനെ തടയാന്‍ കഴിയാതെവന്നപ്പോള്‍ കാല്‍ നൂറ്റാണ്ടുമുമ്പ് ഊരിവെച്ച നിര്‍മ്മാതാവിന്റെ കുപ്പായം വീണ്ടും അണിയുന്നതിനെക്കുറിച്ചുള്ള ചിന്തയിലായിരുന്നു അദ്ദേഹം. വാര്‍ദ്ധക്യത്തിന്റെ പരിമിതികളെ കൂസാതെ പ്രവൃത്തി പഥത്തില്‍ സജീവമായിരുന്ന അപ്പച്ചന്‍ ഉത്പതിഷ്ണുക്കള്‍ക്ക്, കഠിനാധ്വാനികള്‍ക്ക് എന്നും ഒരു മാതൃകയായിരുന്നു.
ഏഴു പതിറ്റാണ്ടുമുമ്പ് ജ്യേഷ്ഠ സഹോദരന്‍ കുഞ്ചാക്കോയുടെ കളരിയിലൂടെയായിരുന്നു വെള്ളിത്തിരയിലേയ്ക്ക് അപ്പച്ചന്‍ എന്ന പതിനേഴുംകാരന്റെ കടന്നുവരവ്. ഉദയ സ്റ്റുഡിയോ നിര്‍മ്മിച്ച നല്ലതങ്ക എന്ന ചിത്രത്തോടെ അപ്പച്ചനും മലയാള സിനിമയുടെ അവിഭാജ്യ ഘടകമാകുകയായിരുന്നു.
വടക്കന്‍ പാട്ടുകള്‍ക്ക് ഉദയ സ്റ്റുഡിയോ നല്‍കിയ ചലച്ചിത്രഭാഷ്യം മലയാളിപ്രേക്ഷകര്‍ ഹര്‍ഷാരവത്തോടെ സ്വീകരിച്ചെങ്കിലും അതിനുപിന്നിലെ കഠിനാധ്വാനം ആതിരേ,അധികമാര്‍ക്കുമറിയില്ല. അപ്പച്ചന്റെ വാക്കുകള്‍തന്നെ ഉദ്ധരിക്കാം.'വടക്കന്‍പാട്ടുകള്‍ തേടി ഞങ്ങള്‍ തലശ്ശേരിക്കുപോയി. പക്ഷേ അതേക്കുറിച്ച് ആധികാരികമായി അറിയാവുന്നവര്‍ കുറവ്. ഒടുവില്‍ പാടത്ത് പണിയെടുക്കുകയായിരുന്ന ഒരു സ്ത്രീയെകണ്ടു. അവര്‍ക്ക് വടക്കന്‍പാട്ടുകള്‍ നന്നായി അറിയാമായിരുന്നു. അത് ഞങ്ങള്‍ കുറിച്ചെടുത്തു. പിന്നീട് തിരക്കഥയെഴുതി.......'
കുഞ്ചാക്കോയുടെ നിര്യാണത്തിനുശേഷം 1976 ലാണ് അപ്പച്ചന്‍ കാക്കനാട് ആസ്ഥാനമായി നവോദയ സ്റ്റുഡിയോ ആരംഭിച്ചത്. ഉദയയുടെ ട്രേഡ്മാര്‍ക്കായിരുന്ന വടക്കന്‍പാട്ട് ചിത്രങ്ങളെ നവോദയയും കൈവിട്ടില്ല. കടത്തനാട്ട് മാക്കവും തച്ചോളി അമ്പുവും മലയാളത്തിന് ലഭിച്ചത് അങ്ങനെയാണ്. മലയാളത്തിലെ ആദ്യത്തെ സിനിമാസ്കോപ്പ് ചിത്രമായിരുന്നു തച്ചോളി അമ്പു. അന്ന് പത്തോളം തിയറ്ററില്‍ മാത്രമായിരുന്നു സിനിമാസ്കോപ്പ്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ സംവിധാനം ഉണ്ടായിരുന്നത്. മറ്റ് തിയറ്ററുകള്‍ക്ക് സിനിമാസ്കോപ്പ് സ്ക്രീനും ലെന്‍സും നല്‍കിയാണ് അപ്പച്ചന്‍ കാഴ്ചയുടെ വിപ്ലവത്തിന് അരങ്ങൊരുക്കിയത്. പിന്നീടായിരുന്നു മലയാളത്തിലെ ആദ്യത്തെ 70 എംഎം ചിത്രമായ പടയോട്ടം വെള്ളിത്തിരയിലെത്തിച്ചത്. 1984 - ലെ ഓണക്കാലത്ത് ഇന്ത്യയിലെ ആദ്യത്തെ ത്രിഡി സിനിമ പിറന്നു. മൈഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന ആ ചിത്രം അഖിലേന്ത്യാതലത്തില്‍ ബ്ലോക്ക് ബസ്റ്ററായിരുന്നു.
വ്യത്യസ്ത ചിത്രങ്ങളൊരുക്കി ചലച്ചിത്ര ലോകത്ത് വിസ്മയങ്ങളുടെ പരമ്പര സൃഷ്ടിച്ച അപ്പച്ചന്‍ വൈകാതെ നിര്‍മ്മാണരംഗത്തുനിന്ന് പിന്മാറുന്നതാണ് കണ്ടത്. ചാണക്യന്‍ എന്ന ചിത്രത്തിന് വ്യാജ പകര്‍പ്പുകള്‍ ഇറങ്ങിയപ്പോള്‍ അത് തടയാനാകാതെ മനംനൊന്തായിരുന്നു പിന്മാറ്റം. പിന്നീട് ദൂരദര്‍ശനുവേണ്ടി ബൈബിള്‍ സീരിയല്‍ നിര്‍മ്മിച്ച് ഈ രംഗത്തുനിന്നും പൂര്‍ണ്ണമായി പിന്‍വാങ്ങുകയായിരുന്നു.
1995-ല്‍ ചെന്നെക്ക് സമീപം താംബരത്ത് കോടികള്‍ ചിലവിട്ട് കിഷ്കിന്ധ എന്ന അമ്യൂസ്മെന്റ് പാര്‍ക്ക് നിര്‍മ്മിച്ചപ്പോള്‍ അതും ഒരു വ്യത്യസ്തതയായിരുന്നു. തിരിച്ചടികളും ബാങ്ക് വായ്പാ ബാധ്യതകളും ഞെരുക്കിയപ്പോഴും അദ്ദേഹം തളര്‍ന്നില്ല. ഇരട്ടി ശക്തിയോടെ കര്‍മ്മരംഗത്ത് അപ്പച്ചന്‍ തിരിച്ചെത്തി. നേരത്തേ സൂചിപ്പിച്ച കുട്ടനാടിന്റെ ചങ്കൂറ്റം.
ആതിരേ,മലയാള സിനിമാകണ്ട ഏറ്റവും ക്രിയേറ്റീവ് ആയ നിര്‍മ്മാതാവായിരുന്നു നവോദയ അപ്പച്ചന്‍. കലാകാരന്മാരുടെ സര്‍ഗശേഷിയില്‍ പൂര്‍ണ്ണമായും വിശ്വസിച്ച അദ്ദേഹം സിനിമയുടെ സാങ്കേതികസാധ്യതകളിലും അത്രതന്നെ വിശ്വാസമര്‍പ്പിച്ചു. കഥ തീരുമാനമായിക്കഴിഞ്ഞാല്‍ ആലപ്പുഴക്കാരും കുട്ടനാട്ടുകാരുമായ പല തുറകളില്‍പ്പെട്ട ആളുകളുടെ ഒരു സംഘത്തോട് അത് പറയുന്ന പതിവുണ്ടായിരുന്നു നവോദയയില്‍ എന്ന് സംവിധായകന്‍ രാജീവ് കുമാര്‍ അനുസ്മരിക്കുന്നു. അവരുടെ പ്രതികരണമറിയുകയും അതിനൊത്ത് കഥയിലും സന്ദര്‍ഭങ്ങളിലും ആവശ്യമായ മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു അദ്ദേഹം. സിനിമാ പാട്ടുകളുടെ ഈണത്തിന്റെ കാര്യത്തില്‍ കര്‍ശനമായ നിഷ്കര്‍ഷ അപ്പച്ചന്‍ പുലര്‍ത്തിയിരുന്നു. കേട്ടവര്‍ ഓര്‍ത്തുപാടാത്ത ഈണങ്ങള്‍ വേണ്ടേ വേണ്ട എന്നായിരുന്നു അപ്പച്ചന്റെ നിലപാട്.
മോഹന്‍ലാല്‍, ശങ്കര്‍, പൂര്‍ണിമ, ഊര്‍മ്മിള, ഗീതുമോഹന്‍ദാസ്, ബേബി ശാലിനി തുടങ്ങിയുള്ള അഭിനേതാക്കളും ഫാസില്‍, പ്രിയദര്‍ശന്‍, സിബി മലയില്‍, രഘുനാഥ് പലേരി, മാത്യു പോള്‍, ടി.കെ. രാജീവ് കുമാര്‍ തുടങ്ങിയ സംവിധായകരും ഗുണസിംഗ്, ജെറി അമല്‍ ദേവ്, മോഹന്‍ സിത്താര എന്നീ സംഗീത സംവിധായകരും ജി. വേണുഗോപാല്‍ എന്ന ഗായകനും അപ്പച്ചന്റെ അകമഴിഞ്ഞ പ്രോത്സാഹനത്തിന്റെ നവോദയായുടെ ചിറകില്‍ വെള്ളിത്തിരയിലെത്തിയ പ്രതിഭകളാണ്. ഇവരുള്‍പ്പെടുന്ന മലയാള സിനിമയുടെ കുലപതിയാണ് യാത്രയായത്. അപ്പച്ചന്റെ ദീപ്തസ്മരണയ്ക്കുമുന്നില്‍ എന്റേയും ആദരാഞ്ജലികള്‍.
Thursday, April 19, 2012
പേരറിയാത്തൊരു പെണ്‍കുരുന്നേ നിന്റെ നോവറിയുന്നു ഞാന്‍........
പെണ്‍കുഞ്ഞുങ്ങളെ ശാപമായി കാണുന്ന സ്വഭാവം വര്‍ഗ വര്‍ണ്ണ കുലവ്യത്യാസമില്ലാതെ ഇന്ത്യയില്‍ എമ്പാടുമുണ്ട്. ഈശ്വരന്റെ സൃഷ്ടിയാണ് മനുഷ്യരെന്ന് പറഞ്ഞുതീരുംമുമ്പാണ്‍കാപാലികനായ പിതാവിനാല്‍ കൊലചെയ്യപ്പെടുന്ന ഒരു പെണ്‍കുഞ്ഞിന്റെ അവസാനത്തെ പിടച്ചിലും കരച്ചിലും നമ്മുടെ കാതുകളിലേയ്ക്ക് ആര്‍ത്തലച്ചെത്തുന്നത്.
എങ്ങനെ ഈ ദൈന്യാവസ്ഥയില്‍ നിന്ന് പെണ്‍കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ കഴിയും ?
ഈശ്വരന്‍പോലും നിസഹായനായി നില്‍ക്കുമ്പോള്‍ മനുഷ്യത്വത്തിന് എന്തുചെയ്യാനാണ് കഴിയുക?
അമ്മയുടെ ഗര്‍ഭപാത്രംമുതല്‍ കുഴിമാടംവരെ നിരന്തര ചൂഷണത്തിനും കൊടിയപീഡനങ്ങള്‍ക്കും ഇരയാക്കപ്പെടുന്ന സ്ത്രൈണദൈനതയെക്കുറിച്ച് വായിച്ചും കേട്ടും കണ്ടും മനസ് കലുഷിതമായ അവസ്ഥയിലാണ്, ആതിരേ, മനുഷ്യപറ്റും വിവേകവുമുള്ളവരെല്ലാം. സ്ത്രീയെ ലൈംഗീകോപഭോഗവസ്തുവായി മാത്രം കാണുന്ന ഒരു സമൂഹവും മേധാവിത്വത്തിന്റെ ക്രൗര്യമുനകളാല്‍ പെണ്മയെ കൊരുത്തുവലിക്കുന്ന ആണ്‍വര്‍ഗവും ഈശ്വരന്റെതന്നെ സൃഷ്ടികളാണോ എന്ന് സംശയിക്കുകയും ശങ്കിക്കുകയും ചെയ്യേണ്ടുന്ന അവസ്ഥകളെയാണ് വര്‍ത്തമാനകാലം അഭിമുഖീകരിക്കുന്നത്. ഇതുപക്ഷെ ഈ കാലത്തിന്റെ മാത്രം സവിശേഷതയല്ല.. മനുഷ്യകുലത്തെക്കുറിച്ചുള്ള വാമൊഴികഥനകാലംമുതല്‍തന്നെ ചൂഷണത്തിനും പീഡനത്തിനും വിധേയമാക്കപ്പെട്ട സ്ത്രൈണനിസഹായതയുടെ ഗദ്ഗദങ്ങളല്ലേ ചരിത്രത്തിന്റെ അകത്തളങ്ങളില്‍ നിന്ന് കേള്‍ക്കാനുള്ളൂ!
പെണ്‍കുഞ്ഞുങ്ങളോടുള്ള സമീപനത്തില്‍ ആധുനിക ലോകത്തിന്റെ കാഴ്ചപ്പാട് സംസ്കാര സമ്പന്നമാകുമ്പോഴും ഇന്ത്യയിലേയും ചൈനയിലേയും പെണ്‍കുഞ്ഞുങ്ങളാണ് ഏറ്റവുമധികം ദുഖവും ദുരിതവുമനുഭവിക്കുന്നവര്‍ എന്നാണ് ഈവര്‍ഷം ആദ്യം യുഎന്‍ പുറത്തിറക്കിയ ഒരുപഠനം വ്യക്തമാക്കുന്നത്. പെണ്‍കുരുന്നുകളെ നോവിന്റെ നീറ്റലിലാഴ്ത്തി രസിക്കുന്ന ക്രൂരമാനസങ്ങള്‍ ഇന്ത്യയിലാണെമ്പാടുമുള്ളത്. " യത്രനാര്യസ്തു പൂജ്യന്തേ രമന്തമന്തമന്തമന്തേ തത്രദേവതഃ "( എവിടെ നാരിമാര്‍ ആദരിക്കപ്പെടുന്നോ അവിടെ ദേവതകള്‍ രമിക്കുന്നു ) എന്ന സംസ്കൃതചിത്തം ,സംസ്ക്കരത്തിലകമായി കരുതുന്ന ഇന്ത്യയിലാണ് കുരുന്നു പെണ്‍കുഞ്ഞുങ്ങള്‍ കിരാതമായി വേദനിപ്പിക്കപ്പെടുന്നതെന്ന വാസ്തവം നോവിന്റെ കുഴിബോംബുകള്‍ തന്നെയാണ്, ആതിരേ....
പിറന്നുവീഴുന്ന പെണ്‍കുഞ്ഞുങ്ങളെ മുതല്‍ വൃദ്ധകളെ വരെ ലൈംഗീകദാഹശമനത്തിന് ഉപയോഗിക്കുന്ന ആണ്‍കാമങ്ങളുടെ സ്വന്തം നാടാണ് സാക്ഷരകേരളം പോലുമിന്ന്!. ബാല്യത്തില്‍ സംരക്ഷിക്കേണ്ട പിതാവും ജ്ഞാനം പകര്‍ന്നുകൊടുക്കേണ്ട ഗുരുനാഥനും അടക്കമുള്ള കാമപ്പേക്കൂത്തുകള്‍ക്ക് പിച്ചിച്ചീന്താനുള്ള മാംസസാന്നിദ്ധ്യങ്ങളായി കേരളത്തിലെ പെണ്‍കുഞ്ഞുങ്ങളും മാറിക്കഴിഞ്ഞു. ഇതിന് പുറമെയാണ് പ്രസവിച്ചയുടന്‍ വഴിയിലുപേക്ഷിക്കപ്പെടുന്ന പെണ്‍കുഞ്ഞുങ്ങളുടെ കണ്ണീര്‍ക്കണങ്ങള്‍, ആതിരേ, മാധ്യമങ്ങളില്‍ നിറയുന്നത്. പ്രസവിച്ച ഉടനെ പെണ്‍കുഞ്ഞങ്ങളുടെ നാക്കിലേയ്ക്ക് അമ്മിഞ്ഞപ്പാലിന് പകരം കടലാവണക്കണ്ണിന്റെ കറ ഇറ്റിക്കുന്ന അല്ലെങ്കില്‍ പാലിനായികരയുന്ന ചൊരിവായ്ക്കുള്ളിലേയ്ക്ക് ഒരുപിടി നെല്ല് വാരിയിട്ട് പെണ്‍കുഞ്ഞിനെ കൊല്ലുന്ന തമിഴ്‌നാട്ടിലെ ഉശിലാംപെട്ടിയിലെ അമ്മമാരെ ഞെട്ടിക്കുന്ന രീതിയില്‍ നവജാതശിശുവിനെ ടോയ്‌ലറ്റില്‍ ഫ്ലഷ്ചെയ്യുന്ന മാതൃകഥകളും കേരളത്തിന് ഇന്ന് സ്വന്തം!!
കൊടുംപീഡനത്തിന് ഇരയായി ഒരുമാസത്തോളം ജീവനുവേണ്ടി മല്ലടിക്കേണ്ടിവന്ന ഫലക്ക് എന്ന രണ്ടുവയസുകാരിയുടെ ദുരന്തമുണ്ടാക്കിയ ഞെട്ടലില്‍നിന്ന് ഇനിയും നാം മോചിതരായിട്ടില്ല. എന്നാല്‍ ഫലക്ക് ഒറ്റപ്പെട്ട ദുര്യോഗമല്ലെന്ന് ബംഗലൂരുവില്‍ നിന്നും ഭോപ്പാലില്‍ നിന്നുമുള്ള ശിശുരോദനങ്ങള്‍, ആതിരേ, നമ്മെ ബോധ്യപ്പെടുത്തുന്നു.
നേഹ അഫ്രീന്‍ എന്ന പെണ്‍കുഞ്ഞിന്റെ അനുഭവം ...ഹോ, എത്ര ക്രൂരവും ഹൃദയഭേദകവുമാണ് ! മൂന്‍ന്മാസം തികയാത്ത നേഹയെ പെണ്‍കുഞ്ഞായതിന്റെ പേരില്‍ പിതാവ് ഉമര്‍ ഫറൂക്ക് മര്‍ദ്ദിച്ച് കൊല്ലുകയായിരുന്നല്ലോ!!.
ഭാര്യ രേഷ്മ ഭാനു , നേഹയെ പ്രസവിച്ച നിമിഷം മുതല്‍ പിതാവ് ഉമര്‍ കോപംകൊണ്ട് ഭ്രാന്തനാവുകയായിരുന്നു. പിഞ്ചുകുഞ്ഞാണെന്ന് പോലും കരുതാതെ ഏപ്രില്‍ 5 വ്യാഴാഴ്ച ഉമര്‍ നേഹയെ ഭീകരമായി തല്ലിച്ചതച്ചു. മരണാസന്നയായ ആ കുഞ്ഞിനെ രേഷ്മയും ബന്ധുക്കളും ചേര്‍ന്ന് ബംഗലൂരുവിലെ വാണിവിലാസ് ആശുപത്രയില്‍ എത്തിച്ചപ്പോഴാണ് പുറംലോകം അധമനായ ഒരു പിതാവിന്റെ തനിനിറം മനസിലാക്കിയത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഉമര്‍ ഏപ്രില്‍ 8 ഞായറാഴ്ചയാണ് അറസ്റ്റിലായത്.
ഉമറിന്റെ രണ്ടാം ഭാര്യയാണ് രേഷ്മ. ആണ്‍കുട്ടിയെ പ്രസവിക്കാതിരുന്നതിന്റെപേരില്‍ രേഷ്മയേയും ഇയാള്‍ മര്‍ദ്ദിക്കുമായിരുന്നു. കഴിഞ്ഞയാഴ്ച തന്റെ ബന്ധുക്കളില്‍ ഒരാള്‍ക്ക് ആണ്‍കുട്ടി ജനച്ചതോടെ ഉമറിന്റെ ദേഷ്യം ഇരട്ടിയായി. മദ്യപിച്ചെത്തിയ ഉമര്‍ ഭാര്യയെ മര്‍ദ്ദിച്ചവശയാക്കി. അതിനുശേഷമാണ് കുഞ്ഞിന് നേരേ തിരിഞ്ഞത്. കുഞ്ഞിന്റെ വായില്‍ തുണി തിരുകിയശേഷം വടികൊണ്ട് തല്ലിച്ചതയ്ക്കുകയായിരുന്നു. അടികൊണ്ട് തളര്‍ന്നുപോയ നേഹയ്ക്ക് ബോധം വീണപ്പോഴാണ് കുഞ്ഞിന്റെ മരണവെപ്രാളം ശ്രദ്ധയില്‍പ്പെട്ടത്. ഉമര്‍ അപ്പോള്‍ മദ്യലഹരിയില്‍ ഗാഢനിദ്രയിലായിരുന്നു. ഭര്‍ത്താവിനെ കുലുക്കിവിളിച്ച് ഉണര്‍ത്തിയെങ്കിലും കുഞ്ഞിന്റെ കാര്യത്തില്‍ അയാള്‍ ശ്രദ്ധകാണിച്ചില്ല. പെട്ടെന്ന് നേഹ രക്തം ഛര്‍ദ്ദിച്ചതോടെ ഓടി രക്ഷപെടുകയും ചെയ്തു. അയല്‍വാസിയുടെ സഹായത്തോടെയാണ് രേഷ്മ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത്.
മുമ്പ് രണ്ടുതവണ ഉമര്‍ കുഞ്ഞിനെ വല്ലാതെ ഉപദ്രവിച്ചിട്ടുണ്ടെന്നും ഭര്‍ത്താവിനെ ഭയന്ന് താന്‍ അക്കാര്യം മറച്ചുവെയ്ക്കുകയായിരുന്നെന്നും രേഷ്മ വെളിപ്പെടുത്തി. ഒരിക്കല്‍ കുഞ്ഞിന്റെ നെറ്റിയിലും പുറത്തും സിഗരറ്റ് കൊണ്ടു പോള്ളിക്കുയും ചെയ്തു. ഇപ്പോഴും ഗുരുതരാവസ്ഥയിലാണ് നേഹ. ബന്ധുക്കളുടെ മുഴുവന്‍ പ്രാര്‍ത്ഥന നേഹയ്ക്ക് ചുറ്റും സംരക്ഷണവലയം തീര്‍ത്തെങ്കിലും ഫലക്കിന്റെ വിധിതന്നെയായിരുന്നു നേഹയുടേയും.മര്‍ദ്ദനമേറ്റ് നരകിച്ച് നരകിച്ച് മരിച്ചൊടുങ്ങി, നേഹയും
ആണ്‍കുഞ്ഞിനെ ആഗ്രഹിച്ച നരേന്ദ്ര റാണയെന്ന 40 കാരന്‍ രണ്ടുദിവസം മാത്രം പ്രായമുള്ള തന്റെ കുഞ്ഞിനെ നിക്കോട്ടിന്‍ കൊടുത്തു കൊന്ന കഥയാണ് നേഹയുടെ ദുരന്തത്തിന് പിന്നാലെ ഭോപ്പാലില്‍ നിന്നെത്തിയ കരളുലച്ച മറ്റൊരു വാര്‍ത്ത. ആറുമാസം മുമ്പാണ് അയാള്‍ കുഞ്ഞിനെ കൊന്നത്. ഏപ്രില്‍ 8 ഞായറാഴ്ചയാണ് ആ പുത്രീഘാതകനേയും അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഒക്ടോബര്‍ 17ന് റാണയുടെ ഭാര്യ ഒരു സ്വകാര്യ ആശുപത്രിയില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി. രണ്ടുദിവസത്തിന് ശേഷം കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് നിക്കോട്ടിന്‍ ഉള്ളില്‍ചെന്നാണ് കുഞ്ഞ് മരിച്ചെന്ന ഞെട്ടിക്കുന്ന സത്യം വെളിപ്പെട്ടത്. പെണ്‍കുഞ്ഞ് ജനിച്ചതില്‍ അസ്വസ്ഥനായി താന്‍തന്നെയാണ് കൊലപാതകം ചെയ്തതെന്ന് റാണ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.
പെണ്‍കുഞ്ഞുങ്ങളെ ശാപമായി കാണുന്ന സ്വഭാവം വര്‍ഗ വര്‍ണ്ണ കുലവ്യത്യാസമില്ലാതെ ഇന്ത്യയില്‍ എമ്പാടുമുണ്ട്. ഈശ്വരന്റെ സൃഷ്ടിയാണ് മനുഷ്യരെന്ന് പറഞ്ഞുതീരുംമുമ്പാണ്, ആതിരേ, കാപാലികനായ പിതാവിനാല്‍ കൊലചെയ്യപ്പെടുന്ന ഒരു പെണ്‍കുഞ്ഞിന്റെ അവസാനത്തെ പിടച്ചിലും കരച്ചിലും നമ്മുടെ കാതുകളിലേയ്ക്ക് ആര്‍ത്തലച്ചെത്തുന്നത്.
എങ്ങനെ ഈ ദൈന്യാവസ്ഥയില്‍ നിന്ന് പെണ്‍കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ കഴിയും ?
ഈശ്വരന്‍പോലും നിസഹായനായി നില്‍ക്കുമ്പോള്‍ മനുഷ്യത്വത്തിന് എന്തുചെയ്യാനാണ് ആതിരേ,കഴിയുക?
പേരറിയാത്തൊരു പെണ്‍കുരുന്നേ നിന്റെ നോവറിയുന്നു ഞാന്‍ നീറുന്നു എന്ന് വിലപിക്കാനല്ലാതെ....?!
Monday, April 16, 2012
ഇതുപോലൊരു വര്‍ഗീയ ഭരണം...
ഇപ്പോള്‍ സ്ഥിതിയാകെ കീഴ്മേല്‍ മറിഞ്ഞിരിക്കുന്നു സമൂഹത്തിനും സംസ്കാരമുള്ള ജനതയ്ക്കും അപായകരമായ ജാതി - സാമുദായിക ചിന്ത കഠിനമായ നശീകരണത്വരയോടെ, സ്പര്‍ദ്ധാവിശേഷങ്ങളോടെ തിരിച്ചെത്തിയിരിക്കുകയാണ്. മന്ത്രിസഭയിലെ വകുപ്പ് പുനര്‍നിര്‍ണ്ണയംപോലും ജാതിയുടേയും സമുദായത്തിന്റേയും മതത്തിന്റേയും അടിസ്ഥാനത്തിലാണ് നടന്നത്. മികവിന്റേയും ജനപക്ഷ - മതനിരപേക്ഷ നിലപാടുകളുടേയും അടിസ്ഥാനത്തില്‍ മന്ത്രിമാരെ നിര്‍ണ്ണയിക്കുകയും നിയമിക്കുകയും ചെയ്യേണ്ടിടത്താണ് ജാതിചിന്തയുടെ , സാമൂദായിക വെറിയുടെ ദുഷ്ട് നിറഞ്ഞ് ഇപ്പോള്‍ വിങ്ങല്‍ കൊള്ളുന്നത്. ....!
ആതിരേ,ചരിത്രബോധമില്ലായ്മയാണ് വര്‍ത്തമാനകാല മുഖ്യധാരാ രാഷ്ട്രീയ സംഘടനാസാരഥികളുടെ സമൂഹവിരുദ്ധത. ലോകജനത ഉന്നിദ്രമായ സാംസ്കാരിക സ്വത്വങ്ങളിലേയ്ക്ക് കുതിക്കുമ്പോള്‍ ,വിപ്ലവകരമായ സാമൂഹികമാറ്റങ്ങള്‍ സ്വായത്തമാക്കുമ്പോള്‍ സാക്ഷരരെന്നും രാഷ്ട്രീയപ്രബുദ്ധരെന്നും അവകാശപ്പെടുന്നവരുടെ സ്വന്തം നാടിനെ ചരിത്രബോധമില്ലാത്ത നേതാക്കള്‍ വിവേകഭ്രംശത്തിന്റെ, അപമാനവീകതയുടെ ചതിക്കുഴിയിലേയ്ക്ക് വലിച്ച് താഴ്ത്തുകയാണ്.
ഫ്യൂഡല്‍ വ്യവസ്ഥിതിക്കാലത്തെ മാടമ്പിത്തരങ്ങളും ജാതിചിന്തകളും അതിന്റെ ഉപോല്‍പന്നമായ സാമുദായിക വക്രീകരണങ്ങളും പുനരുജ്ജീവിപ്പിക്കുന്ന നികൃഷ്ടമായ രാഷ്ട്രീയ പ്രവര്‍ത്തനമാണ്, ആതിരേ, കേരളത്തിലിപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. നാടിന്റെ ഭഗധേയം നിര്‍ണയിക്കേണ്ടവര്‍ നിന്ദ്യമായ ഇത്തരം കൗശലങ്ങളില്‍ അഭിരമിക്കുമ്പോള്‍ മതസാമുദായിക ശക്തികള്‍ വിഷലിപ്തമായ തങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനും അത് ഭരണത്തിലും പൊതുസമൂഹത്തിലും അടിച്ചേല്‍പിക്കാനും വ്യഗ്രത കൊള്ളുന്നത് സ്വാഭാവികം മാത്രം.
ആതിരേ,വികൃത ജാതിചിന്തയും അപമാനകരമായ സാമുദായിക സ്പര്‍ദ്ധയും കൊണ്ട് കലുഷിതമായ കിരാതഭൂതകാലം കേരള ചരിത്രത്തിനുണ്ട്. പൊതുനിരത്തില്‍ നായ ഉള്‍പ്പടെയുള്ള മൃഗങ്ങള്‍ക്ക് അനുവദിച്ചിരുന്ന സഞ്ചാരസ്വാതന്ത്ര്യം പോലും അധഃസ്ഥിത വിഭാഗത്തിന് നിഷേധിച്ച്, കീഴാളവര്‍ഗത്തെ തീണ്ടാപ്പാടകലനിര്‍ത്തി ,തത്വമസിയുടേയും അഹംബ്രഹ്മാസ്മിയുടെയും സനാതനാഹ്വാനങ്ങളിലേയ്ക്ക് ശ്രദ്ധതിരിച്ച ശൂദ്രന്റെ കാതില്‍ ഈയം ഉരുക്കിയൊഴിച്ച് ജാതിക്കോയ്മ അര്‍മാദിച്ച ആ കെട്ടകാലഘട്ടത്തിലെ കേരളത്തെയാണ് സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ചത്. ദേശീയ തലത്തിലും ജാതിവ്യവസ്ഥയുടെ സമാനമായ കരാളത കൊടികുത്തി വാഴുന്നുണ്ടായിരുന്നു. അതില്‍നിന്ന് രാഷ്ട്രത്തെ മോചിപ്പിക്കാനാണ് ഗാന്ധിജി അയിത്തോച്ഛാടനവും ജാതിവിരുദ്ധ സമരവും കോണ്‍ഗ്രസിന്റെ നയപരിപാടികളില്‍ ഏറ്റവും പ്രധാനമായിയായി സ്വീകരിച്ചത്. ഗോപാലകൃഷ്ണ ഗോഖലെ മുതലുള്ള സാമൂഹികപരിഷ്കര്‍ത്താക്കള്‍ തുടങ്ങിവെച്ച ജാതി നിര്‍മ്മാര്‍ജ്ജന ദൗത്യത്തിന് ദേശീയതലത്തില്‍ ഗാന്ധിജിയും കേരളത്തില്‍ കെ. കേളപ്പനും എ.കെ. ഗോപാലനും പോലെയുള്ള മനുഷ്യത്വത്തിന്റെ നേര്‍രൂപങ്ങളുംനടത്തിയ ത്യാഗസുരഭിലമായ സമര പരമ്പരകളിലൂടെയാണ് സമൂഹത്തിന്റെ പൂമുഖത്തുനിന്നും ജാതിചിന്തയെ പിന്നാമ്പുറത്തേയ്ക്ക് മാറ്റി വയ്ക്കാനായത്. ശ്രീനാരയണഗുരു അടക്കമുള്ള നവോത്ഥാന നായകന്മാരും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിപോലെയുള്ള പുരോഗമന രാഷ്ട്രീ പ്രസ്ഥാനങ്ങളും അതിജാഗ്രതയോടെ നടത്തിയ പ്രക്ഷോഭങ്ങളും ജാതിചിന്തയെ പൊതുസമൂഹത്തിന്റെ മുഖ്യപരിഗണനയില്‍നിന്ന് ഒഴിവാക്കാന്‍ സഹായിച്ചു.
ആ ഭഗീരഥപ്രയത്നങ്ങളിലൂടെ കേരളം സ്വന്തമാക്കിയ സാമൂഹിക നവോത്ഥാനവും സാമുദായിക വിമലീകരണവും മതനിരപേക്ഷതയുമാണ് ഇപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ ഭരണകാലത്ത് അതിദാരുണമായി ഗളച്ഛേദം ചെയ്യപ്പെട്ടിരിക്കുന്നതും. ആ സ്ഥാനത്ത് ജാതിവെറിയുടെയും മതവൈരത്തിന്റേയും വേതാളങ്ങളെ പുനഃപ്രതിഷ്ഠിച്ചിട്ടുള്ളതും.
സമീപ ഭൂതകാലത്തില്‍ ഉണ്ടായിട്ടില്ലാത്ത ജാതീയമുന്‍വിധികളുടേയും സാമുദായികദുശാഠ്യങ്ങളുടേയും പ്രതീകമായും പര്യായമായും ഉമ്മന്‍ചാണ്ടി മന്ത്രിസഭ അധഃപതിച്ചുകഴിഞ്ഞു. വ്യക്തിപരമായി ഉമ്മന്‍ചാണ്ടിയുടേയും വിശേഷാല്‍ കോണ്‍ഗ്രസിന്റേയും പ്രതിച്ഛായയെ കളങ്കപ്പെടുത്തുന്ന രീതിയിലാണിപ്പോള്‍ മന്ത്രിസഭയുടെ രൂപവും ഭാവവും ്. ജാതിഅടിസ്ഥാനത്തില്‍ മന്ത്രിമാരെ തരംതിരിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന അവസ്ഥയോളം ഈ ഭരണം നാറിയിരിക്കുകയാണ്.
ആതിരേ.മുസ്ലീംലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനം സൃഷ്ടിച്ചത് യഥാര്‍ത്ഥത്തില്‍ രാഷ്ട്രീയ പ്രതിസന്ധിയല്ല, മറിച്ച് പൊതുസമൂഹത്തില്‍ ജാതി ചിന്തയുടെ പുനസ്ഥാപനമാണ്. ഇതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചനും ചാനല്‍ ചര്‍ച്ചകളില്‍ പ്രത്യക്ഷപ്പെട്ട കെപിസിസി ഭാരവാഹികളും കോണ്‍ഗ്രസ് നേതാക്കളും ഏറ്റെടുത്തേ മതിയാകൂ. ലീഗിന്റെ അഹന്തയിലൂന്നിയ അഞ്ചാംമന്ത്രി സ്ഥാനമെന്ന അവകാശ വാദത്തില്‍നിന്ന് അവരെ പിന്തിരിപ്പിക്കാന്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ അവലംഭിച്ച കൗശലമാണിപ്പോള്‍ സാമൂഹികവിപത്തായി പരിണമിച്ചിരിക്കുന്നത്.
ലീഗിന്റെ ഈ അവകാശവാദം ഉയരുന്നതുവരെ ക്രൈസ്തവ വിഭാഗങ്ങളെ മന്ത്രിസ്ഥാനം വിഭജിക്കുന്ന ഘട്ടത്തില്‍ ന്യൂനപക്ഷമായി ഗണിച്ചിരുന്നില്ല. അവര്‍ക്ക് ലഭിച്ചിരുന്ന സ്ഥാനങ്ങള്‍ എത്രകൂടുതലായാലും അത് വിവാദമായി മാറിയിരുന്നുമില്ല. കഴിഞ്ഞ മന്ത്രിസഭയുടെ കാലത്തുപോലും മന്ത്രിമാരുടെ എണ്ണത്തേയും പ്രാതിനിധ്യത്തേയും ഇത്രരൂക്ഷമായ ജാതി - സാമുദായിക പരിഗണനകളാല്‍ വിലയിരുത്തപ്പെട്ടിട്ടുമില്ല.
എന്നാല്‍ ഇപ്പോള്‍ സ്ഥിതിയാകെ കീഴ്മേല്‍ മറിഞ്ഞിരിക്കുന്നു, ആതിരേ ! സമൂഹത്തിനും സംസ്കാരമുള്ള ജനതയ്ക്കും അപായകരമായ ജാതി - സാമുദായിക ചിന്ത കഠിനമായ നശീകരണത്വരയോടെ, സ്പര്‍ദ്ധാവിശേഷങ്ങളോടെ തിരിച്ചെത്തിയിരിക്കുകയാണ്. മന്ത്രിസഭയിലെ വകുപ്പ് പുനര്‍നിര്‍ണ്ണയംപോലും ജാതിയുടേയും സമുദായത്തിന്റേയും മതത്തിന്റേയും അടിസ്ഥാനത്തിലാണ് നടന്നത്. മികവിന്റേയും ജനപക്ഷ - മതനിരപേക്ഷ നിലപാടുകളുടേയും അടിസ്ഥാനത്തില്‍ മന്ത്രിമാരെ നിര്‍ണ്ണയിക്കുകയും നിയമിക്കുകയും ചെയ്യേണ്ടിടത്താണ് ജാതിചിന്തയുടെ , സാമൂദായിക വെറിയുടെ ദുഷ്ട് നിറഞ്ഞ് ഇപ്പോള്‍ വിങ്ങല്‍ കൊള്ളുന്നത്.
മുസ്ലീലീഗിനെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ് കണ്ടെത്തിയ സാമുദായിക സന്തുലനനയം ഭൂരിപക്ഷ - ഹൈന്ദവ വികാരങ്ങളുടെ സമരതീക്ഷ്ണതയ്ക്കും ആ വിഭാഗങ്ങളുടെ ഏകീകരണത്തിനും കാരണമായപ്പോള്‍ അതിനെ മറികടക്കാന്‍ വകുപ്പ് പുനര്‍നിര്‍ണയ പ്രക്രിയയില്‍ ഈ ഘടകങ്ങള്‍ സന്നിവേശിപ്പിച്ചിട്ടും നായരീഴവ, സംഘബോധങ്ങളുടെ ദുഃശാഠ്യത്തെ തൃപ്തിപ്പെടുത്തുന്നതില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസിന്റെ നയരൂപീകരണ വിദഗ്ദ്ധന്മാരും അമ്പേ പരാജയപ്പെടുകയാണുണ്ടായത്. എന്‍എസ്‌എസും എസ്‌എന്‍ഡിപിയും ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനത്തിനെതിരെ വിഷലിപ്തമായ പദപ്രയോഗങ്ങളോടെയും ഭീഷണികളോടെയും രംഗത്തെത്തിയതോടെ ആഭ്യന്തരവകുപ്പ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും റവന്യൂ വകുപ്പ് അടൂര്‍ പ്രകാശിനും നല്‍കിയതില്‍ അര്‍ത്ഥമില്ലാതായിരിക്കുകയാണ്. എന്നുമാത്രമല്ല ക്രിസ്ത്യന്‍വിഭാഗത്തെ ന്യൂനപക്ഷ പട്ടികയില്‍ ചേര്‍ത്തുപറയാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതമാകുകയും ചെയ്തു. ഇതോടെ ക്രൈസ്തവരും യുഡിഎഫ് ഭരണത്തില്‍ അനര്‍ഹമായ സ്ഥാനങ്ങള്‍ കൈയ്യടക്കുന്നു എന്ന ആരോപണവും ശക്തമായി.
ഇത് വരുംകാലങ്ങളില്‍ യുഡിഎഫിന് പൂരണം കണ്ടെത്താനാവാത്ത സമസ്യയായി തീരുമെന്നകാര്യത്തില്‍ സംശയമില്ല. മുമ്പ് ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസില്‍ നേതാക്കള്‍ ചേരിതിരിഞ്ഞതെങ്കില്‍ ഇന്നത് ജാതിയുടേയും സമുദായത്തിന്റേയും കൊടിയടയാളങ്ങളിളകുന്ന സ്ഫോടനാത്മക ഭൂമികയിലാണ് സംഭവിക്കുന്നത്. വിവിധ ജാതികള്‍ക്കും സമുദായങ്ങള്‍ക്കും കണക്കുപറയാനും സമ്മര്‍ദ്ദതന്ത്രങ്ങള്‍ ശക്തമാക്കാനും അവകാശവാദങ്ങള്‍ രൂക്ഷമാക്കാനുമാണ് മുഖ്യമന്ത്രിയുടേയും കോണ്‍ഗ്രസിന്റേയും നിലപാടുകള്‍ സഹായകമായിട്ടുള്ളത്. ഇത് വിപത്താണ്. കുടത്തില്‍നിന്ന് ഭൂതത്തെ തുറന്നുവിട്ട വിഢിത്തമാണ്. ഇതിന് എണ്ണിയെണ്ണി മറുപടി പറയാന്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പി.പി. തങ്കച്ചനും നിര്‍ബന്ധിതരാണ്. അതില്‍ അനുരഞ്ജനത്തിനോ നീക്കുപോക്കിനോ ആതിരേ,അതിവിദൂരമായ സാധ്യതപോലുമില്ല.
Tuesday, April 10, 2012
ആര്‍ക്കാണ് മുസ്ലീംലീഗിനെ പേടി
പ്രതീക്ഷിച്ചതിലും വന്‍ ഭൂരിപക്ഷത്തോടെ പിറവം മണ്ഡലം യുഡിഎഫ് നിലനിര്‍ത്തിയപ്പോള്‍ ലീഗ് നേതൃത്വം അഞ്ചാം മന്ത്രിയെന്ന അവകാശവാദം അശ്ലീലകരമായ രീതിയില്‍ ശക്തമാക്കി. അതുകൊണ്ട് പിറവത്തെ വോട്ടര്‍മാര്‍ക്ക് ഉപതെരഞ്ഞെടുപ്പിന് മുമ്പ് നല്‍കിയ വാഗ്ദാനം പാലിച്ച് അനൂപ് ജേക്കബിനെ മന്ത്രിയാക്കാന്‍ സാധിക്കാതെ നിന്ന് വിയര്‍ക്കേണ്ട ഗതികേട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്കും യുഡിഎഫ് നേതൃത്വത്തിനും ഉണ്ടായി. തങ്ങളുടെ അഞ്ചാം മന്ത്രിയ്ക്കൊപ്പം മാത്രമേ അനൂപ് ജേക്കബ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യൂ എന്ന് ഡിക്റ്റേറ്റ് ചെയ്തുകൊണ്ട് യുഡിഎഫിനേയും പിറവത്തെ സമ്മതിദായകരേയും ലീഗ് ഹൈജാക്ക് ചെയ്യുന്നതാണ് പിന്നെ കണ്ടത്. കഴിഞ്ഞ കുറെ ആഴ്ചകളായി കേരളത്തില്‍ ഭരണം എന്ന ഒരു പ്രക്രിയ ഉണ്ടായിരുന്നില്ല, ആതിരേ. ലീഗിനെ എങ്ങനെ അനുനയിപ്പിക്കും എന്ന ചിന്തയില്‍ കാലുവെന്ത നായ്ക്കളെപ്പോലെ ഓടിനടക്കുകയായിരുന്നു ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും.
ആതിരേ, 'ചത്തകുതിരയെന്ന്' പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു അധിക്ഷേപിച്ച മുസ്ലീം ലീഗിന് മാന്യത നല്‍കി സ്വീകരിച്ച് മുന്നണി രാഷ്ട്രീയത്തിന്റെ ശാപമാക്കിമാറ്റിയത് സാക്ഷാല്‍ ഇ.എം.എസ് നമ്പൂതിരിപ്പാടാണ്. 67-ലെ സപ്തമുന്നണി രാഷ്ട്രീയപരീക്ഷണകാലം മുതല്‍ ഇടുതപക്ഷത്തും വലതുപക്ഷത്തും തരംപോലെ ചേര്‍ന്ന് ജനാധിപത്യമൂല്യങ്ങളേയും മതനിരപേക്ഷ ബോധങ്ങളേയൂം എന്നും ഹൈജാക് ചെയ്തിട്ടുള്ള രാഷ്ട്രീയ പാര്‍ട്ടിയാണ് മുസ്ലീം ലീഗ്.
എന്നുമാത്രമല്ല കയറിപ്പറ്റുന്ന മുന്നണികളില്‍ വിദ്യാഭ്യാസം അടക്കം പൊതു സമൂഹവുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്ന വകുപ്പുകള്‍ സ്വന്തമാക്കി മതന്യൂനപക്ഷമെന്ന അഹങ്കാരത്തില്‍ അവയുടെ ഭരണം സമൂഹത്തിന്റെ പൊതു ധാരയ്ക്ക് വിരുദ്ധമായി പ്രതിഷ്ഠിച്ച് രാഷ്ട്രീയവും സാമ്പത്തികവുമായ നേട്ടങ്ങള്‍ കൊയ്തെടുത്തിട്ടുള്ള അധികാര വഞ്ചനകൂടിയാണ് ഈ സംഘടന. അതിജീവന - അധികാര രാഷ്ട്രീയത്തില്‍ അങ്ങനെ അനിവാര്യഘടകമായി മാറിയ മസ്ലീംലീഗ് യഥാര്‍ത്ഥത്തില്‍ സംസ്ഥാനത്തിന്റെ സാംസ്കാരികവും വിദ്യാഭ്യാസപരവും സാമൂഹികവുമായ പുരോഗതിയ്ക്ക് തടസം നിന്നിട്ടേയുള്ളു.
" ജാത്യാലുള്ളത് തേച്ചാല്‍ പോകില്ല " അതുതന്നെയാണ് ഉമ്മന്‍ചാണ്ടി നേരിടുന്ന പ്രതിസന്ധിയും. കേവലം രണ്ടു സീറ്റിന്റെ ഭൂരിപക്ഷത്തില്‍ പതിമൂന്നാം കേരള നിയമസഭയിലെ ഭരണകക്ഷിയായപ്പോള്‍ യുഡിഎഫിനെ വരച്ചവരയില്‍ നിര്‍ത്തി തങ്ങളുടെ അധാര്‍മ്മിക താത്പര്യങ്ങളെല്ലാം ഭരണതുടക്കത്തില്‍തന്നെ നേടിയെടുക്കാമെന്നാണ് ലീഗിന്റെ അധികാരകേന്ദ്രങ്ങളും രാഷ്ട്രീയദല്ലാളന്മാരും കണക്കുകൂട്ടയത്. അതുകൊണ്ടാണ് ആതിരേ, യുഡിഎഫില്‍ പോലും ചര്‍ച്ച ചെയ്യാതെ മുസ്ലീം ലീഗിന്റെ സംസ്ഥാന അധ്യക്ഷനും മുസ്ലീങ്ങളുടെ ഇപ്പോഴത്തെ ആത്മീയ നേതാവുമായ പാണക്കാട് ഹൈദര്‍ അലി ശിഹാബ് തങ്ങളെക്കൊണ്ട് ലീഗിന് ഈ ഭരണത്തില്‍ ലീഗിന് അഞ്ച് മന്ത്രിമാര്‍ ഉണ്ടാകുമെന്ന് ഔദ്യോഗികമായിതന്നെ പ്രഖ്യാപനം നടത്തിച്ചത്. മന്ത്രിമാരുടെ എണ്ണത്തിനൊപ്പം അവരുടെ പേരുകളും വകുപ്പുകളും പ്രഖ്യാപിച്ചുകൊണ്ട് ഉമ്മന്‍ചാണ്ടിയുടെ മുഖ്യമന്ത്രി എന്നനിലയ്ക്കുള്ള പ്രത്യേക അധികാരങ്ങളെപ്പോലും ലീഗ് വെല്ലുവിളിച്ചത്.
മുന്നണി രാഷ്ട്രീയത്തില്‍ അധികാരവും അതിന്റെ മറവിലുള്ള നേട്ടങ്ങളുമാണ് പ്രാഥമിക ലക്ഷ്യങ്ങളെങ്കിലും കൂട്ടുകക്ഷികള്‍ ചില സാമാന്യ മര്യാദകള്‍ പാലിക്കേണ്ടതുണ്ട്. മുന്നണിയിലെ ഘടക കക്ഷികളുമായി ചര്‍ച്ചചെയ്ത് മന്ത്രിമാരുടെ വകുപ്പുകള്‍ തീരുമാനിക്കുക എന്നതും മുഖ്യമന്ത്രിയുടെ അധികാരം അംഗീകരിച്ചുകൊണ്ട് വകുപ്പുകള്‍ വിഭജിക്കുക എന്നതുമാണത്. കൂട്ടുകക്ഷി ഭരണത്തിന്റെ ഈ പ്രാഥമിക മര്യാദ ലംഘിച്ചുകൊണ്ട് അഹങ്കാരത്തിന്റേയും അധികാരത്തിന്റേയും ധാര്‍ഷ്ട്യമാണ് ലീഗ് പ്രകടിപ്പിച്ചത്.
അന്നുതന്നെ ലീഗിന്റെ ഈ നടപടിയെ ചോദ്യംചെയ്ത് മുഖ്യമന്ത്രിയുടെ പ്രത്യേക അധികാരങ്ങളില്‍ കടന്നുകയറുന്ന ധിക്കാരത്തെ നിയന്ത്രിച്ഛിരുന്നെങ്കില്‍ ,ആതിരേ, കഴിഞ്ഞ ഒരു മാസമായി മുഖ്യമന്ത്രിയും യുഡിഎഫും അനുഭവിച്ചുകൊണ്ടിരിക്കുന്ന ഭരണപരമായ സമ്മര്‍ദ്ദവും സംഘര്‍ഷവും ഒഴിവാക്കാമായിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ ജനവിരുദ്ധ നിലപാടുകളോടുള്ള സമ്മതിദായകരുടെ വിപ്രതിപത്തിയായിരുന്നു ഉമ്മന്‍ചാണ്ടി നേതൃത്വം നല്‍കിയ യുഡിഎഫിന് അനുകൂലമായ മാന്‍ഡേറ്റായത്. സുതാര്യവും ജനപക്ഷനിലപാടുകള്‍ ഉള്ളതുമായ ഭരണം ഉമ്മന്‍ചാണ്ടിയില്‍ നിന്ന് കേരളത്തിലെ സമ്മതിദായകര്‍ പ്രതീക്ഷിച്ചിരുന്നു. നേരിയ ഭൂരിപക്ഷം മാത്രമുള്ളതുകൊണ്ട് ഘടക കക്ഷികളും ജനഹിതത്തിനനുസരിച്ച് ഭരണം നടത്തുമെന്നും സമ്മതിദായകര്‍ വിശ്വസിച്ചു. 100 ദിവസത്തെ കര്‍മ്മ പരിപാടി പ്രഖ്യാപിച്ചുകൊണ്ട് കരുതലിന്റേയും ദീര്‍ഘവീക്ഷണത്തിന്റേയും ഭരണസംസ്കാരമാണ് തങ്ങള്‍ നടപ്പിലാക്കുക എന്ന ധാരണ ജനഹൃദയങ്ങളില്‍ എത്തിക്കുന്നതില്‍ ഉമ്മന്‍ചാണ്ടി വിജയിക്കുകയും ചെയ്തു.
എന്നാല്‍ ഭരണത്തിന്റെ ആറാം മാസംമുതല്‍ അഞ്ചാം മന്ത്രിയെന്ന മുയലിന്റെ മൂന്നാമത്തെ ചെവിയില്‍ ഇറുകെ പിടിച്ചുകൊണ്ട് ലീഗ് തങ്ങളുടെ സ്വതസിദ്ധമായ മുന്നണിവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ സമ്മര്‍ദ്ദ രാഷ്ട്രീയം കളിച്ചുതുടങ്ങി. അതിന്റെ വരുംവരായ്കകള്‍ നന്നായിട്ട് ബോധ്യമുണ്ടായിട്ടും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലോ യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചനോ ലീഗിന്റെ അധികാര കൊതിയ്ക്ക് തടയിടാന്‍ ശ്രമിച്ചില്ല. പകരം അഴകൊഴമ്പന്‍ നയങ്ങളും നിലപാടുകളും സ്വീകരിച്ച് ലീഗിന്റെ അവകാശവാദത്തിന് അനാവശ്യമായ വിലപേശല്‍ കരുത്ത് പകര്‍ന്നുകൊടുക്കുകയും ചെയ്തു.
ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ടി.എം. ജേക്കബിന്റെ മരണത്തെത്തുടര്‍ന്ന് പിറവം ഉപതെരഞ്ഞെടുപ്പ് വന്നപ്പോള്‍ ലീഗിലെ അധികാരക്കോമരങ്ങള്‍ അഞ്ചാം മന്ത്രിയെന്ന കാര്‍ഡ് വിദഗ്ദ്ധമായി കശക്കിയിട്ടു. പിറവത്ത് ജയിക്കേണ്ടത് തന്റേയും മുന്നണിയുടേയും അനിവാര്യതയായതുകൊണ്ട് പതിവ് അനുരഞ്ജന സ്വഭാവം പുലര്‍ത്തിക്കൊണ്ട്, മുഖ്യമന്ത്രി , ഉപതെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിന്റെ കാലുവാരല്‍ സാധ്യത തടഞ്ഞു. പ്രതീക്ഷിച്ചതിലും വന്‍ ഭൂരിപക്ഷത്തോടെ പിറവം മണ്ഡലം യുഡിഎഫ് നിലനിര്‍ത്തിയപ്പോള്‍ ലീഗ് നേതൃത്വം അഞ്ചാം മന്ത്രിയെന്ന അവകാശവാദം അശ്ലീലകരമായ രീതിയില്‍ ശക്തമാക്കി. അതുകൊണ്ട് പിറവത്തെ വോട്ടര്‍മാര്‍ക്ക് ഉപതെരഞ്ഞെടുപ്പിന് മുമ്പ് നല്‍കിയ വാഗ്ദാനം പാലിച്ച് അനൂപ് ജേക്കബിനെ മന്ത്രിയാക്കാന്‍ സാധിക്കാതെ നിന്ന് വിയര്‍ക്കേണ്ട ഗതികേട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്കും യുഡിഎഫ് നേതൃത്വത്തിനും ഉണ്ടായി. തങ്ങളുടെ അഞ്ചാം മന്ത്രിയ്ക്കൊപ്പം മാത്രമേ അനൂപ് ജേക്കബ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യൂ എന്ന് ഡിക്റ്റേറ്റ് ചെയ്തുകൊണ്ട് യുഡിഎഫിനേയും പിറവത്തെ സമ്മതിദായകരേയും ലീഗ് ഹൈജാക്ക് ചെയ്യുന്നതാണ് പിന്നെ കണ്ടത്. കഴിഞ്ഞ കുറെ ആഴ്ചകളായി കേരളത്തില്‍ ഭരണം എന്ന ഒരു പ്രക്രിയ ഉണ്ടായിരുന്നില്ല, ആതിരേ. ലീഗിനെ എങ്ങനെ അനുനയിപ്പിക്കും എന്ന ചിന്തയില്‍ കാലുവെന്ത നായ്ക്കളെപ്പോലെ ഓടിനടക്കുകയായിരുന്നു ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും.
വൈകിയാണെങ്കിലും വിവേകം ഉദിച്ചു. യുഡിഎഫില്‍ അനൗപചാരികമായ ചര്‍ച്ചപോലും നടത്താതെ പാണക്കാട് ഹൈദര്‍ അലി ശിഹാബ് തങ്ങളെ മറയാക്കി ലീഗ് നടത്തിയ സമ്മര്‍ദ്ദതന്ത്രത്തിന് ഇന്നലെ കോണ്‍ഗ്രസ് ഹൈക്കമാന്റ് വിദഗ്ദ്ധമായി തടയിട്ടു. അഞ്ചാം മന്ത്രിയെന്ന പ്രശ്നം ഉദിക്കുന്നില്ല എന്ന് അസന്ദിഗ്ദ്ധമായി ഹൈക്കമാന്റ് വെളിപ്പെടുത്തി. അഞ്ചാം മന്ത്രിയെ തന്നില്ലെങ്കില്‍ ഭരണം അട്ടിമറിക്കും എന്ന നിലയ്ക്കുള്ള ഭീഷണി മുഴക്കിയ മുസ്ലീംലീഗ് നേതാക്കള്‍ ഇപ്പോള്‍ മുഖം രക്ഷിക്കാനുള്ള പാക്കേജ് തേടുകയാണ്. കയ്ച്ചിട്ടിറക്കാനും മധുരിച്ചിട്ട് തുപ്പാനുംവയ്യാത്ത സങ്കീര്‍ണ്ണ സന്ദിഗ്ദ്ധാവസ്ഥയിലാണ് ലീഗ് നേതൃത്വം. മലപോലെ വന്നത് എലിപോലെ പോയി. ലീഗ് അഞ്ചാംമന്ത്രിയെ പ്രഖ്യാപിച്ച അന്നുതന്നെ ഈ ബുദ്ധി ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പി.പി തങ്കച്ചനും പ്രകടിപ്പിച്ചിരുന്നുവെങ്കില്‍ ലീഗിന്റെ അഹന്ത ഇത്രയ്ക്ക് വര്‍ദ്ധിക്കുകയോ വഷളാകുകയോ ചെയ്യുമായിരുന്നില്ല. അനാവശ്യമായ അനുരഞ്ജനം അശ്ലീലമാണെന്ന് ഇപ്പോഴെങ്കിലും ഉമ്മന്‍ചാണ്ടിയ്ക്ക് ബോധ്യമായിട്ടുണ്ടാകണം. നട്ടെല്ല് നിവര്‍ത്തി നില്‍ക്കേണ്ട സമയത്ത് അതിന് തയ്യാറായില്ലെങ്കില്‍ ഇത്തരം ഏടാകൂടങ്ങള്‍ തലയില്‍ കയറുക മാത്രമല്ല സര്‍വ്വതും ദുഷിപ്പിക്കുമെന്ന് ഇനിയെങ്കിലും ഉമ്മന്‍ ചാണ്ടി മനസിലാക്കിയെങ്കില്‍....അതേ ആതിരേ, ചത്തകുതിര തന്നെയാണ് മുസ്ലീം ലീഗ്.
Wednesday, April 4, 2012
കുട്ടാടന്‍ പൂശാരിമാരാകുന്ന കുഞ്ഞൂഞ്ഞും. കുഞ്ഞുമാണിയും കുഞ്ഞാപ്പയും
കാക്കനാട് 246 ഏക്കര്‍ സ്ഥലത്ത് ഐടി പാര്‍ക്കും കെട്ടിട സമുച്ചയങ്ങളും ഉള്‍പ്പെടുന്ന ബൃഹത്തായ പദ്ധതിയാണ് സ്മാര്‍ട്ട് സിറ്റിയിലൂടെ വിഭാവനം ചെയ്യുന്നത്. സ്മാര്‍ട്ട് സിറ്റിയ്ക്ക് സെസ് പദവി ലഭിച്ചിട്ടും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിടത്ത് തന്നെ നില്‍ക്കുന്നു എന്നു പറയുമ്പോള്‍ ഭരണ തുടക്കത്തില്‍ത്തന്നെ ജനവഞ്ചനയുടെ നിഷാദ ചരിതം രചിക്കുകയാണ് ഉമ്മന്‍ചാണ്ടിയെന്ന് നാം തിരിച്ചറിയണം. സ്മാര്‍ട്ട് സിറ്റിയ്ക്കുവേണ്ടി ജനങ്ങളെ കുടിയൊഴുപ്പിച്ച് അക്വയര്‍ ചെയ്ത സ്ഥലത്ത് ചുറ്റുമതില്‍ കെട്ടിയതല്ലാതെ മറ്റ് നിര്‍മ്മാണങ്ങള്‍ ഒന്നും കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ നടന്നിട്ടില്ല. മെട്രോ സിറ്റിയുടെ വികസനത്തിനുവേണ്ടി കിടപ്പാടം നല്‍കി ഒഴിഞ്ഞുപോയ നൂറുകണക്കിന് തദ്ദേശ വാസികളെ ക്രൂരമായ കബളിപ്പിക്കുന്നത് കൂടിയാണ് സര്‍ക്കാരിന്റെ ഈ അനാസ്ഥ. ഇടത് വലത് സര്‍ക്കാരുകള്‍ അഭിമാന സ്തംഭമായി വിശേഷിപ്പിച്ച സ്മാര്‍ട്ട് സിറ്റി പദ്ധതിയാണ് അവഗണിക്കപ്പെട്ടനാഥമായി ഇപ്പോള്‍ വികസന വഴിയോരത്ത് കിടക്കുന്നത്.
ആതിരേ,അലക്കൊഴിഞ്ഞിട്ട് കാശിക്കുപോകാന്‍ നേരമില്ലാത്ത വണ്ണാന്റെ അവസ്ഥയിലാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സഹമന്ത്രിമാരും.
അഭ്യസ്ഥവിദ്യരും അല്ലാത്തവരുമായ തൊഴില്‍രഹിതരടക്കമുള്ള കേരളീയാരോട് കഴിഞ്ഞ സര്‍ക്കാര്‍ അനുവര്‍ത്തിച്ച വാഗ്ദാനവഞ്ചനയ്ക്ക് തിരിച്ചടി നല്‍കി ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ അധികാരത്തിലേറ്റിയപ്പോള്‍ സമ്മതിദായകര്‍ ചില മിനിമം പരിപാടികള്‍ പ്രതിക്ഷിച്ചിരുന്നു. നാടിന്റെ വികസനവും നാട്ടാര്‍ക്ക് തൊഴിലും ഉറപ്പ് വരുത്തുന്ന കാര്യത്തിലെങ്കിലും യുഡിഎഫ് സര്‍ക്കാര്‍ മുന്‍ സര്‍ക്കാരില്‍ നിന്ന് വേറിട്ട നിലപാട് ഉമ്മന്‍ ചാണ്ടി സ്വീകരിക്കുമെന്നായിരുന്നു വോട്ടര്‍മാരുടെ കണക്കുകൂട്ടല്‍. എന്നാല്‍ അധികാരിത്തിന്റെ ഒരുവര്‍ഷം തികയറായിട്ടും ഒരു ബഡ്ജറ്റ് അവതരിപ്പിച്ചിട്ടും ജനങ്ങള്‍ പ്രതീക്ഷിച്ച മിനിമം പരിപാടിയുടെ കാര്യത്തില്‍പ്പോലും പ്രതീക്ഷയ്ക്ക് വകയുള്ള നീക്കങ്ങളല്ല ഉണ്ടായിട്ടുള്ളത്.
അധികാരത്തിന്റെ പങ്ക് സ്വന്തമാക്കാനുള്ള തര്‍ക്കത്തില്‍ സമയം കളയുകയാണ് കോണ്‍ഗ്രസും ഘടക കക്ഷികളും. അനൂപിന്റെ സത്യപ്രതിജ്ഞ, ലീഗിന്റെ അഞ്ചാം മന്ത്രി ,മാണിയുടെ രാജ്യസഭാ സീറ്റ് തുടങ്ങി ജനഹിതങ്ങളല്ലാത്ത വിഷയങ്ങള്‍ക്ക് ചുറ്റും ചക്കുകാളകളായിത്തിരിയുകയാണ് മുഖ്യമന്ത്രിയും സഹമന്ത്രിമാരും.
വികസനക്കുതിപ്പിന് ആക്കമേകുന്നതും ലക്ഷക്കണക്കിന് അഭ്യസ്തവിദ്യര്‍ക്ക് തൊഴില്‍ നല്‍കാന്‍ സാധ്യതയുള്ളതുമായ പദ്ധതികളായിരുന്നു , ആതിരേ,സ്മാര്‍ട്ട് സിറ്റിയും സൈബര്‍ സിറ്റിയും. അവ നടപ്പിലാക്കാതെ യുവജനങ്ങളെ വഞ്ചിച്ചതിന്റെ തിരിച്ചടികൂടിയായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ജനവിധി. ഈ രണ്ടു പദ്ധതികളും നടപ്പിലാക്കുന്ന കാര്യത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ച നയങ്ങളേയും നടപടികളേയും നഖശിഖാന്തം എതിര്‍ത്തവരാണ് ഉമ്മന്‍ചാണ്ടിയും കൂട്ടരും. വികസന വിരോധികളായ കമ്മ്യൂണിസ്റ്റുകാര്‍ സംസ്ഥാനത്തിന് വികസന ഭൂപടത്തില്‍ ആദരണീയ സ്ഥാനം നേടിയെടുക്കാനുതകുന്ന സ്മാര്‍ട്ട് സിറ്റിയും സൈബര്‍ സിറ്റിയും സമയബന്ധിതമായി നടപ്പിലാക്കാന്‍ താത്പര്യം കാണിക്കാതെ സംസ്ഥാനത്തെ ജനങ്ങളെ കബളിപ്പിക്കുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ എന്ന് ആക്ഷേപിച്ചവര്‍ അധികാരത്തിലെത്തിയപ്പോള്‍ ഈ രണ്ടുകാര്യത്തിലെങ്കിലും ആശാവഹമായ നിലപാടും നയങ്ങളും കര്‍മ്മപദ്ധതികളും ആവിഷ്കരിക്കുമെന്ന് കരുതിയവര്‍ പമ്പര വിഢികളായി; ആതിരേ, അധിക്ഷേപാര്‍ഹമായ വിധത്തില്‍ വഞ്ചിക്കപ്പെട്ടു..
ലക്ഷത്തിലേറേ തൊഴിലവസരങ്ങളും കൊച്ചിയുടെ വികസനത്തിന് വന്‍ കുതിപ്പും പ്രഖ്യാപിച്ച് കൊട്ടും കുരവയുമായി തുടക്കമിട്ട സ്മാര്‍ട്ട് സിറ്റിയും സൈബര്‍സിറ്റിയും ആരംഭിച്ചിടത്തുനിന്ന് ഒരുഞ്ചുപോലും മുന്നോട്ട് പോയിട്ടില്ല.മറിച്ച് അതിവേഗം ബഹുദൂരം എന്ന ഉമ്മന്‍ചാണ്ടിയുടെ വികസന മന്ത്രം, ഈ വിഷയത്തില്‍ ജനവഞ്ചനയുടെ ലോഗോ ആയി പരണമിച്ചിരിക്കുകയാണ് ഇപ്പോള്‍.
കാക്കനാട് 246 ഏക്കര്‍ സ്ഥലത്ത് ഐടി പാര്‍ക്കും കെട്ടിട സമുച്ചയങ്ങളും ഉള്‍പ്പെടുന്ന ബൃഹത്തായ പദ്ധതിയാണ് സ്മാര്‍ട്ട് സിറ്റിയിലൂടെ വിഭാവനം ചെയ്യുന്നത്. സ്മാര്‍ട്ട് സിറ്റിയ്ക്ക് സെസ് പദവി ലഭിച്ചിട്ടും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിടത്ത് തന്നെ നില്‍ക്കുന്നു എന്നു പറയുമ്പോള്‍ ഭരണ തുടക്കത്തില്‍ത്തന്നെ ജനവഞ്ചനയുടെ നിഷാദ ചരിതം രചിക്കുകയാണ് ഉമ്മന്‍ചാണ്ടിയെന്ന് നാം തിരിച്ചറിയണം. സ്മാര്‍ട്ട് സിറ്റിയ്ക്കുവേണ്ടി ജനങ്ങളെ കുടിയൊഴുപ്പിച്ച് അക്വയര്‍ ചെയ്ത സ്ഥലത്ത് ചുറ്റുമതില്‍ കെട്ടിയതല്ലാതെ മറ്റ് നിര്‍മ്മാണങ്ങള്‍ ഒന്നും കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ നടന്നിട്ടില്ല. മെട്രോ സിറ്റിയുടെ വികസനത്തിനുവേണ്ടി കിടപ്പാടം നല്‍കി ഒഴിഞ്ഞുപോയ നൂറുകണക്കിന് തദ്ദേശ വാസികളെ ക്രൂരമായ കബളിപ്പിക്കുന്നത് കൂടിയാണ് സര്‍ക്കാരിന്റെ ഈ അനാസ്ഥ. ഇടത് വലത് സര്‍ക്കാരുകള്‍ അഭിമാന സ്തംഭമായി വിശേഷിപ്പിച്ച സ്മാര്‍ട്ട് സിറ്റി പദ്ധതിയാണ് ആതിരേ,അവഗണിക്കപ്പെട്ടനാഥമായി ഇപ്പോള്‍ വികസന വഴിയോരത്ത് കിടക്കുന്നത്.
ദീര്‍ഘനാളത്തെ തടസങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വിരാമമിട്ട് 2011 ഒക്ടോബര്‍ എട്ടിനാണ് സ്മാര്‍ട്ട്സിറ്റി പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. പദ്ധതി പ്രദേശം ഉള്‍പ്പെടുന്ന വടവുകോട് - പുത്തന്‍കുരിശ് പഞ്ചായത്തില്‍ നിര്‍മ്മാണം തുടങ്ങിയ പദ്ധതിയുടെ ഒന്നാംഘട്ടം രണ്ടു വര്‍ഷത്തിനുള്ളിലും 6000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള സ്മാര്‍ട്ട് സിറ്റിയുടെ ഒന്നാംഘട്ടം ഒരുവര്‍ഷം കൊണ്ടും പൂര്‍ത്തിയാക്കുമെന്നായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ടികോം സി ഈ ഒ അബ്ദുള്‍ ലത്തീഫ് അല്‍ മുല്ലയും അന്ന് പ്രഖ്യാപിച്ചത്.
എന്നാല്‍ ' വഞ്ചി തിരുനക്കരെ തന്നെ ' പദ്ധതി പ്രദേശത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി നടന്നിട്ടില്ല. ഇതിനായി ടികോം ചുമതലപ്പെടുത്തിയ കൊച്ചി സ്മാര്‍ട്ട് സിറ്റിയുടെ മാനേജിംഗ് ഡയറക്ടര്‍ ബാബു ജോര്‍ജ് ഇപ്പോള്‍ ദുബായിലാണ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാനില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്തുമെന്നായിരുന്നു യുഡിഎഫ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തത്. ഇതിനായി യുകെയിലെ കാനന്‍ ഡിസൈനിംഗ്സിനെ ചുമതലപ്പെടുത്തുകയും ചെയ്തു. അവിടെ തീര്‍ന്നു നടപടികള്‍. ടികോം തങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്ന് കൗശലപൂര്‍വ്വം ഒഴിഞ്ഞുമാറിയപ്പോള്‍ ഇങ്ങനെയൊരു പദ്ധതി ആരംഭിച്ചിട്ടുണ്ടെന്ന വസ്തുത സൗകര്യപൂര്‍വ്വം വിസ്മരിക്കുകയാണ് ഉമ്മന്‍ചാണ്ടിയും മന്ത്രിസഭയും. പദ്ധതിയ്ക്കായി നല്‍കിയ ഭൂമി 70 ശതമാനം ഐടി അനുബന്ധ വ്യവസായസ്ഥാപനങ്ങള്‍ക്ക് നല്‍കുന്നതിന് അനുമതി നല്‍കിയിട്ടും നടപടികള്‍ ആരംഭിച്ചില്ല എന്നുപറയുമ്പോള്‍, ആതിരേ, വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിക്ക് മന്ത്രിസഭയില്‍ എന്തു പണിയാണെന്ന് ചോദിച്ചേ മതിയാകൂ.
ഇതിനിടെ പദ്ധതിയ്ക്ക് മുമ്പായി ഐടി അനുബന്ധ പരിശീലന കേന്ദ്രം തുടങ്ങുമെന്ന വാഗ്ദാനവും നല്‍കിയിരുന്നു. സംസ്ഥാന സര്‍ക്കാരും സ്മാര്‍ട്ട് സിറ്റി കമ്പനിയും സംയുക്തമായിട്ടാകും ഈ പരിശീലന കേന്ദ്രം തുടങ്ങുംക എന്നായിരുന്നു പ്രഖ്യാപനം. ഇതിന്റെ നടപടികളും കടലാസിലൊതുങ്ങി.അല്ല ഒതുക്കി! സ്മാര്‍ട്ട് സിറ്റിയുടെ ഡയറക്ട് ബോര്‍ഡ് യോഗം ചേര്‍ന്നിട്ട് മാസങ്ങളായി എന്നുപറയുമ്പോള്‍ തൊഴില്‍ രഹിതരായ അഭ്യസ്ഥ വിദ്യരെ അവരുടെ പ്രതീക്ഷകളില്‍ നിന്ന് ബഹുദൂരം അകറ്റി നിര്‍ത്തി അതിവേഗം ജനവഞ്ചന നടപ്പിലാക്കുകയാണ് ഉമ്മന്‍ ചാണ്ടിയെന്നര്‍ത്ഥം..
പൊതുമേഖലാ സ്ഥാപനമായ എച്ചഎംടിയില്‍ നിന്നു വാങ്ങിയ 70 ഏക്കര്‍ സ്ഥലത്താണ് സൈബര്‍സിറ്റി സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ ഈ ലക്ഷ്യം മറയാക്കി ഭൂമി വാങ്ങിയ ബ്ലൂ സ്റ്റാര്‍ റിയല്‍ എസ്റ്റേറ്റ് ഇതുവരെ ഒരു കല്ലുപോലും അവിടെ ഇട്ടിട്ടില്ല. കോടികള്‍ വിലവരുന്ന സര്‍ക്കാര്‍ ഭൂമി ഇപ്പോള്‍ ഇവരുടെ കൈവശമാണ്. ഭൂ മൂഫിയകളുടെ താത്പര്യ സംരക്ഷിക്കാനും സര്‍ക്കാര്‍ ഭൂമി ചുളുവിലയ്ക്ക് നിര്‍മ്മാണ ഭീമന്മാര്‍ക്ക് കൈമാറി കമ്മീഷന്‍ തട്ടാനുള്ള മറയാണ് സൈബര്‍ സിറ്റി എന്ന ആരോപണം സത്യമായിരിക്കുകയാണിപ്പോള്‍. കേരളത്തിലെ തൊഴില്‍രഹിതരായ ചെറുപ്പക്കാരെ സംരക്ഷിക്കാനും മെട്രോ സിറ്റിയുടെ വികസനം ത്വരിതപ്പെടുത്താനും പ്രഖ്യാപിച്ച സ്മാര്‍ട്ട് സിറ്റിയും സൈബര്‍ സിറ്റിയും ആരംഭിക്കാന്‍ സര്‍ക്കാര്‍ തലത്തിലും സമ്മര്‍ദ്ദങ്ങള്‍ ഉണ്ടാകുനില്ല. പൊതുജനം കഴുതയാണെന്ന രാഷ്ട്രീയക്കാരന്റെ വിശ്വാസം സത്യമാണെന്നും സ്ഥാപിക്കപ്പെട്ടിരിക്കുന്നു. പ്രഖ്യാപിച്ച പദ്ധതികള്‍ തുടങ്ങിയ ഇടത്ത് തന്നെ നില്‍ക്കുമ്പോള്‍ പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ച് ജനവഞ്ചനയ്ക്ക് നവീന പരിപ്രേക്ഷ്യം ചമച്ച് തൊഴില്‍രഹിതരെ ,കൊട്ടപ്പാല് കുടിപ്പിച്ച് ഓന്തുകളാക്കി മാരണക്രീയകള്‍ക്കുപയോഗിക്കുന്ന ,' ഖസാക്കിന്റെ ഇതിഹാസത്തിലെ ' കുട്ടാടന്‍ പൂശാരിയാകുകയാണ് , ആതിരേ,കുഞ്ഞൂഞ്ഞും. കുഞ്ഞുമാണിയും കുഞ്ഞാപ്പയും
Sunday, April 1, 2012
അബ്ദു റബ്ബ് തുഗ്ലക്കിന് പഠിക്കുമ്പോള്‍
വിവരക്കേടും ദീര്‍ഘ വീക്ഷണമില്ലായ്മയും വാണിക താത്പര്യങ്ങളുമാണ് കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ കുട്ടിച്ചോറാക്കിയിട്ടുള്ളത്. യുഡിഎഫ് ഭരിക്കുമ്പോള്‍ പരമ്പരാഗത അവകാശമെന്നോണം വിദ്യാഭ്യാസ വകുപ്പ് ന്യൂനപക്ഷങ്ങള്‍ക്ക് ഏല്‍പിച്ചുകൊടുക്കുന്നതിന്റെ തിരിച്ചടിയാണിത്. മുന്‍കാല അനുഭവങ്ങളില്‍ നിന്ന് നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ ഒന്നും പഠിക്കുന്നില്ല എന്നതിന്റെ ഏറ്റവും മാരകമായ ദൃഷ്ടാന്തമാണ് വിദ്യാഭ്യാസ മന്ത്രി അബ്ദു റബ്ബും അദ്ദേഹത്തിന്റേയും ഉപദേഷ്ടാക്കളുടേയും ഈ പുതിയ പരിഷ്ക്കാരവും.
ആതിരേ,യുഡിഎഫിന്റെ ഭരണകാലത്ത് ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട ഘടക കക്ഷികള്‍ക്ക് കൈയ്യിട്ടുവാരാനും തോന്ന്യാസങ്ങള്‍ കാണിക്കാനും ലഭിക്കുന്ന സ്ഥിരം വകുപ്പാണ് വിദ്യാഭ്യാസം. ഒരു നാടിന്റെ ഭാവിയും സംസ്കാരവും സാക്ഷരതയും സംരക്ഷിക്കാനും അവയില്‍ കാലാനുസൃതമായ കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തി വെല്ലുവിളികളെ നേരിടാന്‍ വിദ്യാര്‍ത്ഥിസമൂഹത്തെ പ്രാപ്തമ്രാക്കേണ്ടതിനുപകരം സമുദായ രാഷ്ട്രീയവും വരുമാന രാഷ്ട്രീയവും കളിക്കാനാണ് ഇതുവരെ ഈ വകുപ്പ ഭരിച്ച ന്യൂനപക്ഷ കക്ഷികള്‍ക്കെല്ലാം താത്പര്യം.
അബ്ദുറബ്ബും ഇതിന് അപവാദമാകാന്‍ പാടില്ലല്ലോ!
വിവരക്കേടിന്റെ ആള്‍രൂപമായി തുഗ്ലക്ക് പരിഷ്ക്കാരങ്ങള്‍ ഒന്നൊന്നായി നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ് ആ വിദ്വാന്‍. അവയില്‍ ഏറ്റവും ഒടുവിലത്തേതാണ് സംസ്ഥാനത്തെ വിഎച്ചഎസ്‌ഇ കോഴ്സുകള്‍ ഹയര്‍ സെക്കന്ററിയില്‍ ലയിപ്പിക്കാനുള്ള നീക്കം. അധ്യാപകരടക്കം ആയിരക്കണക്കിന് വിഎച്ചഎസ്‌ഇ ജീവനക്കാര്‍ക്ക് ഇപ്പോഴുള്ള തൊഴില്‍ നഷ്ടപ്പെടുത്താനും ഈ മേഖലയില്‍ നിയമനം പ്രതീക്ഷിച്ച് കാത്തിരിക്കുന്നവരെ കടുത്ത നിരാശതയിലാഴ്ത്താനും അബ്ദു റബ്ബിനോട് അതിരേ,ഇവരെന്തു പാതകമാണ് ചെയ്തത്..?
ബന്ധപ്പെട്ടവരുമായി കൂടിയാലോചിക്കാതെയും വേണ്ടത്ര മുന്നൊരുക്കം നടത്താതെയുമുള്ള ഈ നീക്കം വിദ്യാഭ്യാസ മേഖലയ്ക്ക് മാത്രമല്ല തൊഴില്‍ മേഖലയ്ക്കും ശാപമാകാന്‍ പോകുകയാണ്. നേരത്തേ സൂചിപ്പിച്ചതുപോലെ നിരവധിപ്പേര്‍ക്ക് ജോലി ഇല്ലാതാകുന്നതും നൂറുകണക്കിന് തൊഴിലവസരങ്ങള്‍ നഷ്ടമാകുന്നതും വന്‍ പ്രതിഷേധങ്ങള്‍ ക്ഷണിച്ചു വരുത്തും;സമരപരമ്പരകളിലൂടെ സമാധാന ജീവിതം ഭഞ്ജിക്കപ്പെടും.
വിഎച്ചഎസ്‌ഇ സ്കൂളുകളില്‍ ഇപ്പോള്‍, 2700 നോണ്‍ വൊക്കേഷണല്‍ അധ്യാപകരും 1100 വീതം വൊക്കേഷണല്‍ അധ്യാപകരും ഇന്‍സ്ട്രക്ടര്‍മാരും ലാബ് അസിസ്റ്റന്റുമാരും ഉണ്ട്. തൊഴിലധിഷ്ഠിത വിദ്യാഭ്യാസം കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്ന് കൊടുക്കാനാണ് ,ആതിരേ,വിഎച്ച്‌എസ്‌ഇ ആരംഭിച്ചത്. ഈ കോഴ്സുമൂലം എത്രപേര്‍ക്ക് തൊഴില്‍ ലഭിച്ചു എന്ന ചോദ്യം തല്‍ക്കാലം മാറ്റിവെയ്ക്കാം. വിഎച്ച്‌എസ്‌ഇ ഹയര്‍സെക്കന്ററിയില്‍ ലയിക്കുന്നതോടെ താത്പര്യമുള്ളവര്‍ മാത്രം തൊഴിലധിഷ്ഠിത കോഴ്സ് പഠിച്ചാല്‍ മതിയാകും. അതിനായി ഈ കോഴ്സുകള്‍ ഐച്ഛിക വിഷയങ്ങളാകും. പ്ലസ് ടൂവിന് ഇപ്പോള്‍തന്നെ നിരവധി വിഷയങ്ങള്‍ പഠിക്കാനുള്ളതുകൊണ്ട് അധികവിഷയങ്ങള്‍ സ്വീകരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ താത്പര്യപ്പെടുകയില്ല.
ഈ കോഴ്സുകളുടെ കോ ഓര്‍ഡിനേറ്റര്‍മാരായിട്ടാണ് വിഎച്ച്‌എസ്‌ഇ അധ്യാപകരെ പരിഗണിക്കുന്നത്. പഠിക്കാന്‍ കുട്ടികള്‍ ഇല്ലെങ്കില്‍ വൊക്കേഷണല്‍ അധ്യാപകരുടേയും ഇന്‍സ്ട്രക്ടര്‍മാരുടേയും ആവശ്യമുണ്ടാവില്ല. സ്കൂളുകളില്‍ നിന്ന് സംഗീതം, തയ്യല്‍, ചിത്രരചന തുടങ്ങിയ അധ്യാപക തസ്തികകള്‍ ഇല്ലാതായതുപോലെ ഈ തസ്തികകളും ക്രമേണ ഇല്ലാതെയാകും.
എന്നുമാത്രമല്ല ലാബ് അസിസ്റ്റന്റുമാരെ സംബന്ധിച്ചിടത്തോളം ഹയര്‍ സെക്കന്ററിയിലേയ്ക്കുള്ള മാറ്റം തരംതാഴ്ത്തലുമാകും. വിഎച്ച്‌എസ്‌ഇ ലാബ് അസിസ്റ്റന്റുമാരുടെ ശമ്പള സ്കെയില്‍ 9940 - 16580 രൂപയാണ്. അതേസമയം പ്ലസ് ടൂ ലാബ് അസിസ്റ്റന്റുമാരുടേത് 8960 - 14250 രൂപയും .അതു കൊണ്ടും തീരുന്നില്ല പ്രശ്നം. പ്ലസ് ടൂവില്‍ വേണ്ടത്ര ലാബ് അസിസ്റ്റന്റ്മാര്‍ ഉള്ളതുകൊണ്ട് പുതുതായി ആരേയും നിയമിക്കേണ്ട ആവശ്യമില്ല. അതായത് വിഎച്ചഎസ്‌ഇ ലാബ് അസിസ്റ്റന്റുമാര്‍ക്കെല്ലാം ഈ ലയനത്തോടെ ജോലി നഷ്ടപ്പെടുമെന്ന് സാരം.
സംസ്ഥാനത്ത് 1983 മുതല്‍ സര്‍ക്കാര്‍ സ്കൂളുകളിലും 1991 മുതല്‍ എയ്ഡഡ് സ്കൂളുകളിലും വിഎച്ച്‌എസ്‌ഇ നിലവിലുണ്ട്. അഗ്രികള്‍ച്ചര്‍, ഫിഷറീസ്, ആനിമല്‍ ഹസ്ബന്ററി, ലാബ്ടെക്നീഷ്യന്‍, ഇസിജി ടെക്നീഷ്യന്‍, ട്രാവല്‍ ആന്റ് ടൂറിസം, ഫിസിക്കല്‍ എജ്യോൂക്കേഷന്‍ തുടങ്ങി 42 കോഴ്സുകളാണ് 392 സ്കൂളുകളിലെ വിഎച്ച്‌എസികളിലുള്ളത്. ഈ കോഴ്സുകള്‍ കാലഹരണപ്പെട്ടതുകൊണ്ട് നിര്‍ത്തലാക്കേണ്ടതാണ് എന്ന് അബ്ദുറബും സര്‍ക്കാരും പറയുന്നു. പകരം ടൂറിസം, ഐടി, റീട്ടെയില്‍ മാര്‍ക്കറ്റിംഗ്, ആരോഗ്യം എന്നിവയില്‍ മാത്രമായും കോഴ്സുകള്‍ ചുരുക്കണമെന്നാണ് അബ്ദു റബ്ബിന്റെ വെളിപാട്!.
ഉണ്ടിരിക്കുന്ന നായര്‍ക്ക് വിളിവരുന്നതുപോലെ നടപ്പിലാക്കുന്ന ഇത്തരം പരിഷ്ക്കാരങ്ങള്‍ തീര്‍ച്ചയായും വിദ്യാര്‍ത്ഥികളുടേയും അധ്യാപകരുടേയോ ഭാവി ശോഭനമാക്കാനുള്ള നീക്കമല്ല. മറിച്ച് ചില വ്യവസായ താത്പര്യങ്ങളും പുതിയ കോഴ്സുകള്‍ അനുവദിക്കുന്നതിലൂടെ നേടിയെടുക്കാവുന്ന കമ്മീഷനും കോഴയുമൊക്കെയാണ് അബ്ദു റബ്ബിന്റെയും കൂട്ടരുടേയും ലക്ഷ്യം. അല്ലായിരുന്നവെങ്കില്‍ ഏറെ തൊഴില്‍ സാധ്യതയുള്ള അഗ്രികള്‍ച്ചര്‍, ആനിമല്‍ ഹസ്ബന്ററി തുടങ്ങിയ കോഴ്സുകള്‍ നിര്‍ത്തലാക്കുമായിരുന്നില്ലല്ലോ.
വിഎച്ച്‌എസ്‌ഇ പഠനം കഴിഞ്ഞാല്‍ തൊഴില്‍ ലഭിക്കാനുള്ള സാധ്യത ഏറെയായിരുന്നു. എന്നാല്‍ പ്ലസ് ടൂ പഠനം കഴിഞ്ഞാല്‍ അതേവിഷയങ്ങളില്‍ ഉപരി പഠനം കൂടി കഴിയാതെ ജോലി ലഭിക്കുകയില്ല. കൃഷി, മത്സ്യം - മൃഗസംരക്ഷണം പോലെയുള്ള വകുപ്പുകളില്‍ വിഎച്ച്‌എസ്‌ഇ കഴിഞ്ഞവര്‍ക്ക് ഉടന്‍ ജോലി ലഭിക്കാനുള്ള സാഹചര്യം സംസ്ഥാനത്ത് ഇപ്പോഴും നിലവിലുണ്ട്. എന്നിട്ടാണ്, ആതിരേ, ആ കോഴ്സുകളെല്ലാം കാലഹരണപ്പെട്ടതാണെന്ന് വിധിയെഴുതി ഏറെ മത്സരമുള്ളതും കേരളത്തില്‍ നിന്നുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ സാധ്യത്യില്ലാത്തതുമായ ഐടി ടൂറിസം പോലെയുള്ള കോഴ്സുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. ഇപ്പോള്‍ നിലവിലുള്ള വിഎച്ച്‌എസ്‌ഇ കോഴ്സുകളില്‍ ടൈപ്പ്‌റൈറ്റിംഗ് പഠിപ്പിക്കുന്ന ഓഫീസ് സെക്രട്ടറിഷിപ്പാണ് കാലഹരണപ്പെട്ട ഏക കോഴ്സ്. ടൈപ്പിന് പകരം കമ്പ്യൂട്ടര്‍ പഠനം ഉള്‍പ്പെടുത്തി ഈ കോഴ്സ് കാലാനുസൃതം പരിഷ്ക്കരിക്കാവുന്നതേയുള്ളൂ. ഒപ്പം വിഎച്ച് എസ്‌ഇയിലെ മറ്റ് കോഴ്സുകളുടെ സിലബസ് പരിഷ്കരിക്കുകയും ചെയ്താല്‍ അബ്ദു റബ്ബും ഉപദേശകരും ഇപ്പോള്‍ മുന്നോട്ട് വെയ്ക്കുന്ന കോഴ്സുകളേക്കാള്‍ കൂടുതല്‍ തൊഴില്‍ സാധ്യതയുള്ളതാണ് വിഎച്ച്‌എസ്‌ഇ കോഴ്സുകള്‍. ഈ തൊഴില്‍ സാധ്യതയാണ് വിദ്യാഭ്യാസ പരിഷ്കരണത്തിലൂടെ അബ്ദു റബ്ബ് ഇല്ലാതെയാക്കുന്നത്. മാത്രമല്ല ഇവ നിര്‍ത്തലാക്കുന്നതോടെ ഇപ്പോള്‍ ജോലിയുള്ള ആയിരക്കണക്കിന് അധ്യാപകര്‍ക്കും ലാബ് അസിസ്റ്റന്റ് അടക്കമുള്ള ജീവനക്കാര്‍ക്കും ജോലി നഷ്ടപ്പെടുകയും ചെയ്യും. തീരുന്നില്ല പ്രശ്നം വിഎച്ച്‌എസിയിലെ 42 കോഴ്സുകളുടേയും റാങ്ക് ലിസ്റ്റ് നിലവിലുള്ളതുകൊണ്ട് ജോലി പ്രതീക്ഷിക്കുന്നവരും നിരാശതയുടെ പടുകുഴിയിലേയ്ക്ക് വലിച്ചെറിയപ്പെടും. അബ്ദു റബ്ബിന്റെയും സര്‍ക്കാരിന്റെയും ഈ തലതിരിഞ്ഞ നയം സമരങ്ങളേയും ക്ഷണിച്ച് വരുത്തുകയാണ്. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി ലക്ചറേഴസ് അസോസിയേഷന്‍, വൊക്കേഷണല്‍ ഇന്‍സ്ട്രക്ടേഴ്സ് അസോസിയേഷന്‍, ലാബ് ടെക്നിക്കല്‍ അസിസ്റ്റന്റ് യൂണിയന്‍, എന്നീ സംഘടനകള്‍ ഈമാസം 9 മുതല്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിക്കാന്‍ പോകുകയാണ്.
വിവരക്കേടും ദീര്‍ഘ വീക്ഷണമില്ലായ്മയും വാണിക താത്പര്യങ്ങളുമാണ് ആതിരേ,കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ കുട്ടിച്ചോറാക്കിയിട്ടുള്ളത്. യുഡിഎഫ് ഭരിക്കുമ്പോള്‍ പരമ്പരാഗത അവകാശമെന്നോണം വിദ്യാഭ്യാസ വകുപ്പ് ന്യൂനപക്ഷങ്ങള്‍ക്ക് ഏല്‍പിച്ചുകൊടുക്കുന്നതിന്റെ തിരിച്ചടിയാണിത്. മുന്‍കാല അനുഭവങ്ങളില്‍ നിന്ന് നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ ഒന്നും പഠിക്കുന്നില്ല എന്നതിന്റെ ഏറ്റവും മാരകമായ ദൃഷ്ടാന്തമാണ് വിദ്യാഭ്യാസ മന്ത്രി അബ്ദു റബ്ബും അദ്ദേഹത്തിന്റേയും ഉപദേഷ്ടാക്കളുടേയും ഈ പുതിയ പരിഷ്ക്കാരവും.
Subscribe to:
Posts (Atom)