Saturday, November 16, 2013
സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ ജന്മദിനം ഇന്ത്യന്‍ ക്രിക്കറ്റ് ദിനമായി പ്രഖ്യാപിക്കണം
മില്‍ഖാ സിംഗിനും ധ്യാന്‍ ചന്ദിനും ശേഷം കായികലോകത്തിന് ഇന്ത്യ സംഭാവന ചെയ്‌ത മൂന്നാമത്തെ ഇതിഹാസ പുരുഷനാണ് സച്ചിന്‍.സച്ചിന്റെ റെക്കോര്‍ഡുകള്‍ തിരുത്തുന്ന ഒരു ബാറ്റ്‌സ്‌മാന്‍ ഉയര്‍ന്നു വന്നേക്കാം.പക്ഷെ സച്ചിനെ പോലെ ഒരു സമ്പൂര്‍ണ സമര്‍പ്പണം അത് 21-ാം നൂറ്റാണ്ടില്‍ ഇനിയുണ്ടാകില്ല.അതുകൊണ്ടാണ് സച്ചിനാണ് ക്രിക്കറ്റ് എന്ന് ലോകമെമ്പാടുമുള്ള കളിപ്രേമികളും കളിയെഴുത്തുകാരും ഒരു പോലെ വാഴ്‌ത്തുന്നത്.ഇത്രയധികം ചമത്‌ക്കാരങ്ങളും വാഴ്‌ത്തു മൊഴികളും മറ്റൊരു കായികതാരത്തിന് ലോക മാധ്യമങ്ങള്‍ നല്‍കിയിട്ടുണ്ടോ?അതു കൊണ്ടാണ് കളിക്കളത്തില്‍ നിന്ന് സച്ചിന്‍ വിരമിക്കുമ്പോഴും കളിപ്രേമികളുടെ മനസില്‍ സച്ചിന്‍ നോട്ടൗട്ടായി തുടരുന്നത്.`` സച്ചിന്‍ ഇന്ത്യക്ക് വേണ്ടി കളിക്കുമ്പോള്‍ എപ്പോഴും നോട്ടൗട്ട് ``എന്ന ബൂസ്റ്റിന്റെ പരസ്യവാക്യം സാര്‍ത്ഥകമാകുന്നതും അതു കൊണ്ടാണ്.
ആതിരേ, ആരാധക കോടികളുടെ പ്രതീക്ഷ പൂര്‍ണമായി നിറവേറ്റാനായില്ലെങ്കിലും വിടപറയല്‍ മത്സരത്തിലെ ഒടുവിലത്തെ ബാറ്റിംഗിനും ക്‍ളാസ് ടച്ച് നല്‍കി സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ക്രിക്കറ്റിനോട് വിടപറഞ്ഞു.കാല്‍ നൂറ്റാണ്ട് ദീര്‍ഘിച്ച ഇന്നിംഗ്‌സിന് രാജകീയമായ ഭരതവാക്യം !
ഇതിഹാസ പുരുഷന്മാര്‍ നൂറ്റാണ്ടുകള്‍ക്കിടയിലെ ജന്മം കൊള്ളൂ.ഇന്ത്യന്‍ കായിക ലോകം കണ്ട സമ്പൂര്‍ണമായ ഇതിഹാസ സന്നിദ്ധ്യമായിരുന്നു സചിന്‍.സചിന്‍ ആദ്യമായി പാഡ് അണിഞ്ഞതിനും ഒടുവില്‍ പാഡ് അഴിച്ചതിനുമിടയില്‍ ലോകം എത്രയെത്ര മാറ്റങ്ങളിലൂടെയാണ് കടന്ന് പോയത്!സോവ്യറ്റ് യൂണിയന്റെ തകര്‍ച്ച,ബെര്‍ലിന്‍ മതിലിന്റെ `ഉച്ചാടനം'1997 ലെ ഏഷ്യന്‍ സാമ്പത്തിക മാന്ദ്യം,2008ലെ ആഗോളസാമ്പത്തിക മാന്ദ്യം,ടിയാനന്‍മെന്‍സ്‌ക്വയര്‍ കൂട്ടക്കുരുതി,വര്‍ണവിവേചനത്തിന്റെ അന്ത്യം,അഫ്‌ഗാന്‍-ഇറാക്ക് യുദ്ധങ്ങള്‍,വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം,വേള്‍ഡ് വൈഡ് വെബിന്റെ കണ്ടുപിടുത്തം,മൊബെയില്‍ ഫോണുകളുടെ പ്രചാരം,ജാപ്പനീസ് സുനാമി,എയിഡ്‌സ്,ക്ലോണിംഗിലൂടെ ഡോളിയെന്ന ആട്ടിന്‍കുട്ടിയുടെ ജനനം,അറബ് വസന്തം,ഹ്യൂമന്‍ ജീനോം പ്രോജക്ട്,ആഗോള തപനം,നഗരവത്‌ക്കരണം,പക്ഷിപ്പനിയുടെയും സാര്‍സ്-എച് വണ്‍ എന്‍ വണ്‍ വൈറസുകളുടെ വ്യാപനം, ഉപഭോക്തൃവസ്‌തുക്കളുടെ അമിതമായ വിലക്കയറ്റം തുടങ്ങി ലോകത്തിന്റെ ഗതിയാകെ മാറ്റിമറിച്ച ഒരുപാട് പരിണതികള്‍ .ഇവയ്‌ക്കിടയില്‍, ആതിരേ, മാറ്റമില്ലാതെ നിന്നത് ഒന്നുമാത്രം;ഒരാള്‍ മാത്രം- സച്ചിനും സച്ചിന്റെ ക്രിക്കറ്റ് മികവും!മാറ്റമില്ലാതെ തുടരുന്നത് മാറ്റം മാത്രം എന്ന കാള്‍ മാര്‍ക്സിന്റെ സാര്‍വലൌകീക നിരീക്ഷണത്തിന് ഒരു ഇന്ത്യന്‍ തിരുത്ത് !!
പരിക്കുകളും മോശം ഫോമുമെല്ലാം സച്ചിനേയും അലട്ടിയിരുന്നു.പക്ഷെ അത്മവിശ്വാസത്തിലൂന്നിയ കഠിനപരിശ്രമത്തിലൂടെയുള്ള സച്ചിന്റെ തിരിച്ചു വരവ്, കളിക്കളത്തിലെ എളിമയും മാന്യത,ക്രിക്കറ്റിനോടുള്ള സമര്‍പ്പണം,പ്രശസ്‌തിയില്‍ കണ്ണുമഞ്ഞളിക്കാത്ത മാനസീകാവസ്ഥ,സഹകളിക്കാരോടും പുതുമുഖ താരങ്ങളോടുമുള്ള സഹകരണം-ലോകത്ത് മറ്റൊരു കായികവ്യക്തിത്വത്തിനും അവകാശപ്പെടാനാവാത്ത മാന്യതയുടെ സമാനതയില്ലാത്ത മിന്നലാട്ടങ്ങള്‍ .
മില്‍ഖാ സിംഗിനും ധ്യാന്‍ ചന്ദിനും ശേഷം ,ആതിരേ, കായികലോകത്തിന് ഇന്ത്യ സംഭാവന ചെയ്‌ത മൂന്നാമത്തെ ഇതിഹാസ പുരുഷനാണ് സച്ചിന്‍ .സച്ചിന്റെ റെക്കോര്‍ഡുകള്‍ തിരുത്തുന്ന ഒരു ബാറ്റ്‌സ്‌മാന്‍ ഉയര്‍ന്നു വന്നേക്കാം.എന്നല്ല തീര്‍ച്ചയായും ഉദയം ചെയ്യും. പക്ഷെ സച്ചിനെ പോലെ ഒരു സമ്പൂര്‍ണ സമര്‍പ്പണം അത് 21-ാം നൂറ്റാണ്ടില്‍ ഇനിയുണ്ടാകില്ല.അതുകൊണ്ടാണ് “ സച്ചിനാണ് ക്രിക്കറ്റ് “ എന്ന് ലോകമെമ്പാടുമുള്ള കളിപ്രേമികളും കളിയെഴുത്തുകാരും ഒരു പോലെ വാഴ്‌ത്തുന്നത്.ഇത്രയധികം ചമത്‌ക്കാരങ്ങളും വാഴ്‌ത്തു മൊഴികളും മറ്റൊരു കായികതാരത്തിന് ലോക മാധ്യമങ്ങള്‍ നല്‍കിയിട്ടുണ്ടോ?അതു കൊണ്ടാണ് കളിക്കളത്തില്‍ നിന്ന് സച്ചിന്‍ വിരമിക്കുമ്പോഴും, ആതിരേ, കളിപ്രേമികളുടെ മനസില്‍ സച്ചിന്‍ നോട്ടൗട്ടായി തുടരുന്നത്.`` സച്ചിന്‍ ഇന്ത്യക്ക് വേണ്ടി കളിക്കുമ്പോള്‍ എപ്പോഴും നോട്ടൗട്ട് ``എന്ന ബൂസ്റ്റിന്റെ പരസ്യവാക്യം സാര്‍ത്ഥകമാകുന്നതും അതു കൊണ്ടാണ്.
ഇന്ത്യന്‍ ക്രിക്കറ്റിന് പുതു ജീവന്‍ നല്‍കിയ,ക്രിക്കറ്റ് കളിക്ക് വാസന്ത ചാരുത പകര്‍ന്ന ആ ലിറ്റില്‍ മാസ്റ്റര്‍,മാസ്റ്റര്‍ ബ്ലാസ്റ്റര്‍ രാജ്യത്തിന്റെ സര്‍വകാല ബഹുമതി അര്‍ഹിക്കുന്നു. ഇന്ത്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ‘ഭാരതരത്നം’നല്‍കി ഇന്ത്യാ ഗവണ്മെന്റ് സച്ചിനെ ആദരിച്ചത് നന്ന്.എന്നാല്‍ അതു മതിയോ ആതിരേ? അതു കൊണ്ട് സച്ചിന്റെ ജന്മദിനമായ ഏപ്രില്‍ 24 ഇന്ത്യന്‍ ക്രിക്കറ്റ് ദിനമായി പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറകണമെന്ന് നമുക്ക് കൂട്ടായി ആവശ്യപ്പെടാം.
സച്ചിനെ സ്‌പോര്‍സ് മന്ത്രിയാക്കി രാജ്യത്തെ സ്‌പോര്‍ട്‌സിന് പുതിയ മുഖം നല്‍കണമെന്ന മില്‍ഖാ സിംഗിന്റെ നിര്‍ദേശവും കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കണം.?ധാര്‍മികതയില്‍ അടിയുറച്ച സച്ചിന്റെ സൂപ്പര്‍സ്റ്റാര്‍ പദവിയും ചോദ്യം ചെയ്യാനാകാത്ത സത്യസന്ധതയും തന്നെയാണ് അതിനുള്ള യോഗ്യത.അതു കൊണ്ട് സച്ചിനെ ക്യാബിനറ്റ് റാങ്കുള്ള സ്‌പോര്‍ട്‌സ് മന്ത്രിയാക്കുമ്പോള്‍ ,ആതിരേ, യഥാര്‍ത്ഥത്തില്‍ ബഹുമാനിക്കപ്പെടുക കേന്ദ്രസര്‍ക്കാരായിരിക്കുനെന്ന് കാര്യത്തില്‍ ആര്‍ക്കാണ് സന്ദേഹം?
സച്ചിനെ സ്‌പോര്‍ട്‌സ് മന്ത്രിയാക്കുന്നതിലൂടെ സ്‌പോര്‍ട്‌സ് മന്ത്രാലയത്തിന്റെ അന്തസും വര്‍ധിക്കും. മാത്രമല്ല സ്‌പോര്‍ട്‌സിലെ രാഷ്ട്രീയ രക്ഷാകതര്‍തൃത്വത്തിന്റെ ദുഷ്ടത തകര്‍ക്കപ്പെടുകയും ചെയ്യും.ഇന്ത്യയിലെ സ്‌പോര്‍ട്‌സ് സംഘടനകളും ഫെഡറേഷനുകളും,ആതിരേ, ഗര്‍ഹണീയമായ തലത്തില്‍ രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. ഇതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനെ രാജ്യാന്തര ഒളിമ്പിക് കമ്മറ്റി സസ്‌പെന്‍ഡ് ചെയ്‌തത്. മറ്റു പ്രത്യേക താല്‍പര്യങ്ങളൊന്നുമില്ലാത്തതിനാല്‍ ഇന്ത്യന്‍ സ്‌പോട്‌സിനെ തകര്‍ക്കുന്നതല്ല ,മറിച്ച് പുതിയൊരു തുടക്കമാകും സച്ചിന്റെ വാക്കുകളും ആശയങ്ങളും ഇന്ത്യന്‍ സ്‌പോര്‍ട്‌സിന് നല്‍കുക.
രാജ്യത്തെ രാഷ്ട്രീയവും സ്‌പോര്‍ട്‌സും തമ്മിലുള്ള സമവാക്യംപോലും മൗലികമായി മാറ്റിമറിക്കാന്‍ സ്‌പോട്‌സ് മന്ത്രിയായാല്‍ സച്ചിന് കഴിയും.ഇപ്പോള്‍ സ്‌പോട്‌സ് താരങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പില്‍ ജയിക്കാനുള്ള മറ്റൊരു ഉപാധിമാത്രമാണ്. സച്ചിനേയും ഷാരുഖ് ഖാനേയും വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിറക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നത് അതു കൊണ്ടാണല്ലോ! മുന്‍ സ്‌പോര്‍ട്‌സ് താരങ്ങളെ പ്രയോജനപ്പെടുത്തി രാജ്യത്തെ സ്‌പോര്‍ട്‌സിനെ മെച്ചപ്പെടുത്താനുള്ള അവസരമാണിത്. ഈ മാറ്റത്തിന് നേതൃത്വം നല്‍കാന്‍ സച്ചിന്റെ കഴിവുകള്‍ പ്രയോജനപ്പെടുമെന്ന കാര്യത്തില്‍ വിവേകശാലികള്‍ക്ക് അഭിപ്രായഭിന്നതയില്ല.
കളിക്കളമൊഴിയുന്ന സച്ചിനെന്ന ഇതിഹാസത്തിനൊപ്പം ,ആതിരേ, നമുക്കും നല്ലതാശിക്കാം;നന്മകള്‍ നേരാം.
നമുക്കും പറയാം- നന്ദി സച്ചിന്‍,നന്ദി
Subscribe to:
Post Comments (Atom)
No comments:
Post a Comment